Latest News

സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വൻവർധന. രണ്ടരവർഷത്തിനിടയില്‍ ലിഗംമാറ്റം നടത്തിയത് 365 പേർ. സർക്കാർസഹായവും ശസ്ത്രക്രിയാസൗകര്യങ്ങള്‍ കൂടിയതുമാണ് കാരണം.

എറണാകുളത്തെ മൂന്നു സ്വകാര്യ ആശുപത്രികളിലും കോട്ടയം സർക്കാർ മെഡിക്കല്‍ കോളേജിലുമാണ് കൂടുതല്‍ ശസ്ത്രക്രിയ നടന്നത്. കോട്ടയത്ത് രണ്ടുവർഷത്തിടയില്‍ 26 ശസ്ത്രക്രിയ നടന്നു.കൂടുതല്‍പ്പേരും പെണ്‍ലിംഗത്തിലേക്കാണ് മാറിയത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ അടുത്തിടെ ആണ്‍ലിംഗത്തിലേക്കു മാറുന്നവരുടെ എണ്ണം അല്പം കൂടിയെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എം. ലക്ഷ്മി പറഞ്ഞു. ലിംഗമാറ്റം നടത്തിയാലും ഇവർ ട്രാൻസ്ജെൻഡർ അല്ലാതാകുന്നില്ല. ഇവർക്ക് ശാരീരികമായ സൗകര്യമൊരുക്കലാണ് ചെയ്തുകൊടുക്കാനാകുകയെന്നും ഡോക്ടർ പറഞ്ഞു.

സംസ്ഥാനസർക്കാർ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപവരെ സഹായം നല്‍കുന്നുണ്ട്. തുടർചികിത്സയ്ക്കും പോഷകാഹാരത്തിനും സഹായം നല്‍കുന്നുണ്ട്. ട്രാൻസ്വുമണാകാനുള്ള ശസ്ത്രക്രിയക്ക് രണ്ടരലക്ഷവും ട്രാൻസ്മെൻ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷവുമാണ് നല്‍കുക.

ശസ്ത്രക്രിയയും ഹോർമോണ്‍ ചികിത്സയും കഴിഞ്ഞവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ 25,000 രൂപയും സർക്കാർ നല്‍കുന്നുണ്ട്. സർക്കാർ ആശുപത്രികളില്‍ ഒ.പി., അത്യാഹിത വിഭാഗങ്ങളില്‍ ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്ക് മുൻഗണന നല്‍കുന്നുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ ‘സെലിബ്രറ്റി’ സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍. എല്‍.ഡി.എഫിനെ ചില ഘട്ടങ്ങളില്‍ മാത്രം പിന്തുണച്ച മണ്ഡലമാണ് ചാലക്കുടി. ഈ നിലക്ക് രാഷ്ട്രീയ പ്രവര്‍ത്തകനെന്നതിനപ്പുറത്ത് വിജയസാധ്യതയുള്ള മത്സരാര്‍ഥിയെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കമെന്നാണ് വിലയിരുത്തല്‍. ചാലക്കുടിയില്‍ നടി മഞ്ജു വാര്യരെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതായാണ് വിവരം.

2014-ലെ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമുണ്ടായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഇന്നസെന്റിന്റേത്. അന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. ചാക്കോയെ 13,879 വോട്ടുകള്‍ക്കാണ് ഇന്നസെന്റ് തോല്‍പ്പിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ബെന്നി ബെഹനാന്‍ 1,32,274 വോട്ടുകള്‍ക്ക് ഇന്നസെന്റിനെ തോല്‍പ്പിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ലാത്ത മണ്ഡലമെന്ന നിലയ്ക്ക് ഇന്നസെന്റിനെ പോലെ സെലബ്രറ്റിയെ കളത്തിലിറക്കി ചാലക്കുടി പിടിക്കാനാണ് സാധ്യതയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയസാധ്യതകളെ അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ഥിയെ കളത്തിലിറക്കാനാണ് പാര്‍ട്ടി നീക്കം.

മഞ്ജുവാര്യരെ കൂടാതെ ഡി.വൈ.എഫ്.ഐ. നേതാവ് ജെയ്ക് സി. തോമസ്, മുന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, സി.ഐ.ടി.യു. നേതാവ് യു.പി. ജോസഫ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്നു യു.പി. ജോസഫ്.

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ചാലക്കുടി ലോകസഭാ മണ്ഡലം. പുനര്‍നിര്‍ണ്ണയത്തെ തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ഇല്ലാതായതോടെ 2008 -ലാണ് ചാലക്കുടി മണ്ഡലം രൂപീകരിക്കപ്പെടുന്നത്. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ രണ്ട് തവണയും യു.ഡി.എഫിനൊപ്പമായിരുന്നു മണ്ഡലം.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡനത്തിരയാക്കിയെന്ന് പരാതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 18 പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വിവിധ മേഖലകളിൽ ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ എറണാകുളം സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തു. ഒരു വിസ അപേക്ഷയുമായി ബന്ധപ്പെട്ട് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെത്തുടര്‍ന്ന് ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റാണ് പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് റോയല്‍ അക്കാദമി എന്ന സ്ഥാപനം നടത്തുന്ന ഷാഹിന മോളാണ് അറസ്റ്റിലായത്.

വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കും വേണ്ടി പോകുന്നവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കുന്നത് ഷാനിമോള്‍ പതിവാക്കിയിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കംപ്യൂട്ടറടക്കം വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായ ബിരുദവിദ്യാർഥി അറസ്റ്റിൽ. പെരുമ്പാവൂർ ഐരാപുരത്ത് വാടകവീട്ടിൽ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് അറസ്റ്റിലായത്.

അടിമാലി മേഖലയിലുള്ള പ്ലസ്ടു സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മറ്റാരും ഇല്ലാത്ത ദിവസം കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.‌

പെൺകുട്ടി ഗർഭിണിയായതോടെയാണു വീട്ടുകാർ വിവരം അറിഞ്ഞത്. ബിഹാർ സ്വദേശികളായ മാതാപിതാക്കളുടെ മകനായ ഇയാൾ ഐരാപുരം കോളജിലാണു പഠിക്കുന്നത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ധനമന്ത്രി കെ.എൻ.ബാലഗോപാൽ തിങ്കളാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വരുമാനം കൂട്ടുന്നതിനായിരിക്കും മുഖ്യപരിഗണന. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ സാധ്യമായ മേഖലകളിൽനിന്നെല്ലാം വരുമാനം കണ്ടെത്താനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവും.

ക്ഷേമപെൻഷൻ അഞ്ചുമാസമായി കുടിശ്ശികയാണെങ്കിലും 100 രൂപയെങ്കിലും കൂട്ടാൻ സാധ്യതയുണ്ട്. 2500 രൂപ പെൻഷൻ നൽകുമെന്നായിരുന്നു എൽ.ഡി.എഫ്. പ്രകടനപത്രികയിൽ വാഗ്ദാനംചെയ്തത്. ഇപ്പോൾ 1600 ആണ്.

ഭൂമിയിടപാടുകൾ കുറഞ്ഞതിനാൽ ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നത് ഒഴിവാക്കിയേക്കും. ന്യായവില എല്ലാ വർഷവും അഞ്ചു ശതമാനം കൂട്ടുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യനിക്ഷേപവും ഉത്പാദനവും കാര്യമായി വർധിപ്പിക്കാനുള്ള പരിപാടിയും പ്രഖ്യാപിക്കും.

എല്ലാവരും ചേർന്ന് നാടിന്റെ വരുമാനം വർധിപ്പിച്ചാലേ ക്ഷേമപദ്ധതികളടക്കം മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിനുള്ള മാന്ത്രികവടികളുണ്ടാവും. വൻതോതിൽ നികുതി കൂട്ടാൻ സംസ്ഥാനത്തിനു കഴിയില്ല. ജനങ്ങൾക്കിഷ്ടപ്പെട്ട, കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റാവും അവതരിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചതാണ് മയക്കുവെടി വച്ചു പിടികൂടിയ തണ്ണീർക്കൊമ്പന്റെ മരണകാരണം എന്ന് കർണാടക വനംവകുപ്പ്. ആനയുടെ ഇടത് തുടയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് വെറ്റിനറി സർജൻ വ്യക്തമാക്കി. ബന്ധിപ്പൂർ രാമപുരയിലെ ആന ക്യാമ്പിലായിരുന്നു തണ്ണീർക്കൊമ്പന്റെ പോസ്റ്റ്‌മോർട്ടം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ അറിയിച്ചു.

വയനാട് മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർക്കൊമ്പൻ ഇന്ന് രാവിലെയാണ് ചരി‍ഞ്ഞത്. ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ചായിരുന്നു ആന ചരിഞ്ഞതെന്ന് കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഇന്നലെ 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. 6.20ന് ആദ്യ ബൂസ്റ്റർ നല്‍കി. പിന്നാലെ ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചു. രത്രി 10 മണിയോടെയാണ് തണ്ണീർക്കൊമ്പനെ അനിമൽ ആംബുലസിലേക്ക് കയറ്റി ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലേക്ക് കൊണ്ടുപോയത്.

ചെറിയ ഇടവേളയിൽ രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് ഇരയായ ആനയാണ് തണ്ണീർക്കൊമ്പൻ. ആളും ബഹളവും കൂടിയത് ആനയെ ഭയപ്പെടുത്തിയിരിക്കാമെന്നാണ് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ പറയുന്നത്. ആനയുടെ ശരീരത്തിൽ കണ്ടെത്തിയ പഴക്കമുള്ള മുറിവിൽ നിന്ന് പഴുപ്പ് മട്ടിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു.

ആൾക്കൂട്ടത്തിനിടയിൽ ഏറെ നേരം നിന്നതും, ദൗത്യം നീണ്ടതും ആനയ്ക്ക് സമ്മർദം കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ട് മണിയോടെ രാമപുരത്തെ ക്യാമ്പിൽ എത്തിച്ചപ്പോൾ, ആന കുഴഞ്ഞ് വീഴുകയായിരുന്നു. രാമാപുരത്ത് കേരള – കർണാടക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ആനയുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഒരാഴ്ച്ചയ്ക്കകം പുറത്തുവരും.

അവധി ആഘോഷിക്കാൻ മലയാളി കുടുബം ഒന്നിച്ച് യാത്ര ചെയ്ത വാഹനം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസക്ക് സമീപം മരുഭൂമിയിൽ മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട്‌ ജംഷീര്‍ -റമീസ ദമ്പതികളുടെ മകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം.

വൈകിട്ട് ജംഷീറിൻറ കുടുംബം ദമ്മാമില്‍ നിന്നും സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങള്‍ക്കൊപ്പം അൽഹസയിലേക്ക് പോകുന്നതനിടെയാണ് അപകടം. വാരാന്ത്യ അവധി ആഘോഷിക്കാൻ പോകുകയായിരുന്നു സംഘം. രണ്ട് വാഹനങ്ങളിലായിരുന്നു യാത്ര. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് വെച്ച് മരിച്ച കുട്ടിയടക്കം സഞ്ചരിച്ച ലാന്‍ഡ്‌ ക്രൂയിസര്‍ മറിയുകയായിരുന്നു. പൊലീസ് എത്തി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐറിന്‍ ജാെൻറ ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം അറിവായിട്ടില്ല.

ഐറിന്‍ ജാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റു കുട്ടികളടക്കം ആ വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ദമ്മാമിലെ ദാഇം എക്യുപ്മെൻറ് റെൻറല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിെൻറ മൂത്തമകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു. അൽഹസ ഉംറാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജനസേവന വിഭാഗം ചുമതലയുള്ള സുൽഫിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ഇപ്സ്വിച് മലയാളി അസോസിയേഷന്‍, (ഐ എം എ )യുടെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ബാബു മത്തായി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജിനീഷ് ലൂക്ക റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ട്രെഷറർ ബാബു ടി സി 2023-2024 കാലഘട്ടത്തിലെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

ഐക്യം കൊണ്ടും സംഘാടന മികവുകൊണ്ടും അതിലേറെ ജന പങ്കാളിത്തം കൊണ്ടും മികച്ച ഭരണം കാഴ്ച വെച്ച ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം ഒന്നടങ്കം അഭിനന്ദിച്ചു. പ്രസിഡന്റ്‌ ബാബു മത്തായി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു,കമ്മിറ്റി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. തുടർന്നു ബാബു മങ്കുഴിയിൽ വരണാധികാരിയായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഐ എം എ യുടെ സ്ഥാപക നേതാവും ഏവർക്കും പ്രിയങ്കരനുമായ ജോജോ തോമസ് പേട്രൻ ആയിട്ടുള്ള പുതിയ കമ്മിറ്റി യുടെ നേതൃത്വം സേവനത്തിന്റെ 17വര്‍ഷം പിന്നിടുന്ന ഐ എം എ യുടെ പ്രവർത്തനത്തിന് ആക്കം കൂട്ടും എന്നതില്‍ സംശയമില്ല.

അദ്ദേഹത്തോടൊപ്പം നെവിൻ മാനുവൽ പ്രസിഡന്റ്‌, അരുൺ പൗലോസ് വൈസ് പ്രസിഡന്റ്‌ ഷിബി വൈറ്റസ് സെക്രട്ടറി, അഖില പ്രവീൺ ജോയിന്റ് സെക്രട്ടറി, ബാബു റ്റി സി ട്രഷറര്‍, ബാബു മങ്കുഴിയിൽ പി ആര്‍ ഒ, എന്നിവരെയും , ആർട്സ് കോർഡിനേറ്റർസ് ആയി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്, യഥാക്രമം ജയരാജ്‌ കെ ജി, ധന്യ രാജേഷ്, ആൻസി ജെലിൻ ,ബിനീഷ്,ജിഷ സിബി,എന്നിവരെ തിരഞ്ഞെടുത്തു. സ്പോർസ് കോർഡിനേറ്റർസ് ആയി ജെയിൻ കുര്യാക്കോസിനെയും, ഷെറൂൺ തോമസിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.


ഐ റ്റി കൺസൾട്ടന്റ് ആയി സിനോ തോമസിനെയും, ഓഡിറ്റർ ആയി ജോജോ തോമസിനെയുമാണ് യോഗം തിരഞ്ഞെടുത്തത്. ബിപിൻ അഗസ്‌തി, നിഷ ജെനിഷ്, ജെയിൻ കുര്യാക്കോസ് എന്നിവരെ യുക്മ കോർഡിനേറ്റർസ് ആയി യോഗം നില നിർത്തി.

കൂടാതെ ബാബു മത്തായി, ജിനീഷ് ലൂക്ക, അപ്പു തോമസ്, ജിൻസ് വർഗീസ്, തങ്കച്ചൻ മത്തായി, ജെയ്സൺ സെബാസ്റ്റ്യൻ, രാജേഷ് നായർ, ജയ ജോർജി, സിജോ പള്ളിക്കര, ജോർജ് മുത്തേടൻ, ജയ്മോൻ ജോസ്, ആഷാ ജസ്റ്റിൻ, ജെയിംസ് പാലോടം, ജോമോൻ ജോസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും പുതിയ കമ്മറ്റിയിലേക്ക് തെരഞ്ഞടുത്തു.

ഐ എം എ യുടെ ഈ വര്‍ഷത്തെ ആദ്യ പ്രോഗ്രാം,ഈസ്റ്റര്‍,വിഷു ,ഈദ് ആഘോഷം ഏപ്രില്‍ 6നു ഇപ്സ്വിച്ചിലെ സെന്റ്ആൽബൻസ് ഹൈസ്കൂളിൽ വിവിധ കലാപരിപാടികളോടെ ഗംഭീരമായി നടത്തപ്പെടുമെന്ന് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അറിയിച്ചു.

ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം പരിപാടി ഒരു വൻ വിജയമാക്കി തീർക്കുവാൻ ഏവരുടെയും സാന്നിധ്യ സഹകരണം ഉറപ്പാക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു കൊള്ളുന്നു.

യുഎസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. 19കാരനായ ശ്രേയസ് റെഡ്ഡി ബെനിഗര്‍ ആണ് മരിച്ചത്. ഒഹായോയിലെ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥിയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഈ വര്‍ഷം ഇത് നാലാമത്തെയും ഒരാഴ്ചക്കിടെ മൂന്നാമത്തെയും സംഭവമാണിത്.

ശ്രേയസിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ബെനിഗറിന്റെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.സംഭവത്തില്‍ എന്തെങ്കിലും ദുരൂഹത ഉള്ളതായി കരുതുന്നില്ലെന്ന് അധികൃതര്‍ പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള വിദ്വേഷ സാധ്യത സംശയിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഒഹായോയിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡി ബെനിഗറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ഈ ഘട്ടത്തില്‍, ഏതെങ്കിലും തരത്തിലുള്ള ദുരൂഹത സംശയിക്കുന്നില്ല. കോണ്‍സുലേറ്റ് ശ്രേയസിന്റെ കുടുംബവുമായുള്ള സമ്ബര്‍ക്കം തുടരുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നു,’ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം യുഎസിലെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്ബ്, ജോര്‍ജിയയിലെ ലിത്തോണിയയിലെ ഒരു കടയ്ക്കുള്ളില്‍വെച്ച്‌ അക്രമിയുടെ അടിയേറ്റ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയും കൊല്ലപ്പെട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved