സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വൻവർധന. രണ്ടരവർഷത്തിനിടയില്‍ ലിഗംമാറ്റം നടത്തിയത് 365 പേർ. സർക്കാർസഹായവും ശസ്ത്രക്രിയാസൗകര്യങ്ങള്‍ കൂടിയതുമാണ് കാരണം.

എറണാകുളത്തെ മൂന്നു സ്വകാര്യ ആശുപത്രികളിലും കോട്ടയം സർക്കാർ മെഡിക്കല്‍ കോളേജിലുമാണ് കൂടുതല്‍ ശസ്ത്രക്രിയ നടന്നത്. കോട്ടയത്ത് രണ്ടുവർഷത്തിടയില്‍ 26 ശസ്ത്രക്രിയ നടന്നു.കൂടുതല്‍പ്പേരും പെണ്‍ലിംഗത്തിലേക്കാണ് മാറിയത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ അടുത്തിടെ ആണ്‍ലിംഗത്തിലേക്കു മാറുന്നവരുടെ എണ്ണം അല്പം കൂടിയെന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. എം. ലക്ഷ്മി പറഞ്ഞു. ലിംഗമാറ്റം നടത്തിയാലും ഇവർ ട്രാൻസ്ജെൻഡർ അല്ലാതാകുന്നില്ല. ഇവർക്ക് ശാരീരികമായ സൗകര്യമൊരുക്കലാണ് ചെയ്തുകൊടുക്കാനാകുകയെന്നും ഡോക്ടർ പറഞ്ഞു.

സംസ്ഥാനസർക്കാർ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപവരെ സഹായം നല്‍കുന്നുണ്ട്. തുടർചികിത്സയ്ക്കും പോഷകാഹാരത്തിനും സഹായം നല്‍കുന്നുണ്ട്. ട്രാൻസ്വുമണാകാനുള്ള ശസ്ത്രക്രിയക്ക് രണ്ടരലക്ഷവും ട്രാൻസ്മെൻ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷവുമാണ് നല്‍കുക.

ശസ്ത്രക്രിയയും ഹോർമോണ്‍ ചികിത്സയും കഴിഞ്ഞവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ 25,000 രൂപയും സർക്കാർ നല്‍കുന്നുണ്ട്. സർക്കാർ ആശുപത്രികളില്‍ ഒ.പി., അത്യാഹിത വിഭാഗങ്ങളില്‍ ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്ക് മുൻഗണന നല്‍കുന്നുണ്ട്.