Latest News

ഇംപ്രേഷൻസ് ആന്റ് എക്സ്പ്രഷൻസ് എന്ന പേരിൽ കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ല സംഘടിപ്പിച്ച ചിത്ര പ്രദർശനം, തിരുവനന്തപുരം ഫൈനാർട്ട് സ് കോളേജ് പെയിൻറിംഗ് വിഭാഗം തലവൻ പ്രൊഫ. ഷിജോ ജേക്കബ്ബ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ പ്രശസ്ത കലാകാരൻ മോപ്പസാങ് വാലത്ത് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം കെ എസ് എസ് ആർട്ട്സ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റ്റി. എസ് ശങ്കറും കലാദ്ധ്യാപകൻ വി.എസ്. മധുവും ശ്രീമതി എം. ശിവശങ്കരിയും ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു. കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റ് റോയ് എം. തോട്ടം സ്വാഗതവും സെക്രട്ടറി പുഷ്പ പിള്ള മഠത്തിൽ കൃതജ്ഞതും പറഞ്ഞു. ജില്ലയിൽ നിന്നുള്ള 27 കലാകൃത്തുക്കൾ പങ്കെടുക്കുന്ന ചിത്ര പ്രദർശനം ഫെബ്രുവരി 3 ന് സമാപിക്കും. അക്രലിക്ക്, വാട്ടർ കളർ എന്നീ മാധ്യമങ്ങളിൽ രചിച്ചിട്ടുള്ള ചിത്രങ്ങൾ വാങ്ങുന്നതിനും അവസരമുണ്ടു്.

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നിബന്ധനകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ഇതനുസരിച്ച് പ്രവാസികള്‍ക്ക് ആധാര്‍ എടുക്കാന്‍ ഇനി പ്രത്യേക ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്. സാധുതയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ വിദേശ ഇന്ത്യക്കാരും ആധാറിന് അര്‍ഹരാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇതില്‍ വ്യത്യാസമൊന്നുമില്ല. ഏത് ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ നിന്നും പ്രവാസികള്‍ക്ക് ആധാര്‍ എടുക്കാം. എന്നാല്‍ സാധുതയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മാത്രമാണ് ആധാര്‍ എടുക്കാന്‍ പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖ. 2023 ഒക്ടോബര്‍ ഒന്നിന് ശേഷം ജനിച്ചവ വിദേശ ഇന്ത്യക്കാരും അല്ലാത്തവരും ജനന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

പ്രവാസികള്‍ ആധാര്‍ എടുക്കുമ്പോള്‍ ഇ-മെയില്‍ വിലാസം നല്‍കണം. വിദേശ ഫോണ്‍ നമ്പറുകളിലേക്ക് ആധാര്‍ സേവനങ്ങളുടെ എസ്.എം.എസുകള്‍ ലഭിക്കില്ല. ഇതോടൊപ്പം ആധാര്‍ എന്റോള്‍മെന്റിനും മറ്റ് സേവനങ്ങള്‍ക്കുമായി വിവിധ പ്രായക്കാര്‍ക്ക് ഉപയോഗിക്കേണ്ട ഫോറങ്ങളുടെ വിവരങ്ങളും യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി പുറത്തിറക്കി. അവ ഇപ്രകാരമാണ്.

്18 വയസിന് മുകളില്‍ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത് ഒന്നാം നമ്പര്‍ ഫോറമാണ്.

വിദേശത്തെ വിലാസം നല്‍കുന്ന, 18 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത് രണ്ടാം നമ്പര്‍ ഫോറം ആണ്.

ഫോറം നമ്പര്‍ മൂന്ന് ആണ് അഞ്ച് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത്. ഇന്ത്യയ്ക്ക് പുറത്തുള്ള വിലാസം നല്‍കുന്ന, അഞ്ച് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള പ്രവാസികളായ കുട്ടികള്‍ക്ക് വേണ്ടി ഫോറം നമ്പര്‍ നാല് ആണ് ഉപയോഗിക്കേണ്ടത്.
അഞ്ച് വയസിന് താഴെ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത് ഫോറം നമ്പര്‍ അഞ്ച് ആണ്.

ഫോം നമ്പര്‍ ആറ് ആണ് ഇന്ത്യയ്ക്ക് പുറത്തും വിലാസം നല്‍കുന്ന അഞ്ച് വയസില്‍ താഴെ പ്രായമുള്ള പ്രവാസികളായ കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടത്. 18 വയസിന് മുകളില്‍ പ്രായമുള്ളവരും വിദേശ പാസ്‌പോര്‍ട്ടുള്ള ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്നവരുമായ ആളുകള്‍. ഇവര്‍ വിദേശ പാസ്‌പോര്‍ട്ട്, ഒസിഐ കാര്‍ഡ്, സാധുതയുള്ള ദീര്‍ഘകാല വിസ, ഇന്ത്യന്‍ വിസ, ഇ-മെയില്‍ വിലാസം എന്നിവ നല്‍കണം. ഇവര്‍ ഫോറം നമ്പര്‍ ഏഴ് ആണ് ആധാറിനായി ഉപയോഗിക്കേണ്ടത്.

ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ (എച്ച് ഐ എം എ ) – ൻ്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ അവതരണത്തിന്റെ പുതുമ കൊണ്ടും ഫുഡ് സ്റ്റാളുകളുടെ വൈവിധ്യം കൊണ്ടും യൂണിവേഴ്സിറ്റി സ്റ്റുഡന്റിനു വേണ്ടി ചെയ്ത വിവിധ ഇളവുകൾ കൊണ്ടും ശ്രദ്ധേയമായി.

വൈകുന്നേരം നാലുമണി മുതൽ രാത്രി എട്ടു മണി വരെ നീണ്ട പരിപാടികൾ അവസാനിച്ചപ്പോൾ ജനുവരിയിലെ തണുത്ത രാത്രിയിലും സാമൂഹിക ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും ഊഷ്മളത ഏവരും അനുഭവിച്ചറിഞ്ഞു.

എച്ച് ഐ എം എ കമ്മിറ്റി മെമ്പർ ശോഭിത് ജേക്കബ് സ്വാഗതം പറഞ്ഞു തുടങ്ങിയ ചടങ്ങിൽ കുഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. അമ്മയും മക്കളും, അച്ഛനും മക്കളും ഒക്കെ ഗ്രൂപ്പ് ഡാൻസിനായി വേദിയിലെത്തിയപ്പോൾ കാണികൾക്ക് കൗതുകമായി.

‘വെക്കടാ വെടി ‘ ടീമിൻറെ സ്കിറ്റ് ഏവരെയും ചിരിപ്പിച്ചു. മുണ്ടും ചട്ടയുമൊക്കെയിട്ട് സിനിമാറ്റിക് ഡാൻസ് കളിച്ച് ബാഡ്മിൻ്റോ വില്ലേജ് ഏവരെയും ആസ്വദിപ്പിച്ചു.സെൻറ് എഫ്രം കാറ്റക്കിസം കുട്ടികളുടെ നേറ്റിവിറ്റി പ്ലെയും കരോൾ സിങ്ങിങ്ങും ക്രിസ്തുമസിന്റെ ഓർമ്മകളുണർത്തി.

സർപ്രൈസ് പ്രൈസുകൾ, റാഫിൽ പ്രൈസസ് സ്റ്റുഡൻസ് ലക്കി ഡ്രോ എന്നിങ്ങനെ ധാരാളം സമ്മാനങ്ങൾ പങ്കെടുത്തവരെ കാത്തിരിക്കുകയുണ്ടായി.


റാഫിൾ ഫസ്റ്റ് പ്രൈസ് ആയ എയർ ഫയർ സ്പോൺസർ ചെയ്തത് എസ് ജെ ഫുഡ് ആൻറ് ലിങ്ക് ബ്രോഡ്ബാൻഡ് ആയിരുന്നു.

ബംബർ പ്രൈസ് സ്പോൺസർ ചെയ്തത് എൻഡെൻസ് സീഫുഡ് സപ്ലേഴ്സ് ആയിരുന്നു. കോഫി മെഷീൻ, ഡിന്നർ സെറ്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ പിന്നെയുമുണ്ടായിരുന്നു.


സ്റ്റുഡൻസിനായി ഫ്രീ ഫുഡ് കൂപ്പൺസ്, രജിസ്ട്രേഷൻ ഫീസ് 2 പൗണ്ട് മാത്രം, 5 പേർക്ക് വീതം 20 പൗണ്ട് ക്യാഷ് പ്രൈസ് എന്നിവയും, കമ്മ്യൂണിറ്റിയിലെ സ്പോൺസേഴ്സ് വഴി എച്ച് ഐ എം എ ഒരുക്കിയിരുന്നു.

ഫുഡ് സ്റ്റാളുകളായിരുന്നു ഏറ്റവും വലിയ പ്രത്യേകത. വളരെ തുച്ഛമായ നിരക്കിൽ ഹോം മെയ്ഡ് ഫുഡ് ലഭ്യമാക്കുക എന്നതായിരുന്നു എച്ച് ഐ എം എ യുടെ പദ്ധതി. ആംഗ്ലോ ഇന്ത്യൻ അടുക്കള ,അമ്മിണീസ് കിച്ചൻ ,ബാഡ്മിൻറൺ വില്ലേജ് , കറി ചട്ടി, പൊളിപ്പൻ തട്ടുകട , സ്റ്റുഡൻസ് ഡെസേർട്ട് കോർണർ എന്നീ സ്റ്റാളുകൾ ഐസ്ക്രീം, പാനി പൂരി, മറ്റ് സ്നാക്സ് മുതൽ പൊതിച്ചോർ കപ്പ ബിരിയാണി , ദോശ ബീഫ്, ബിരിയാണി , ഗ്രിൽഡ് ചിക്കൻ കുബൂസ് തുടങ്ങിയവ വിളമ്പി വയറു മാത്രമല്ല മനസ്സും നിറച്ചു.

ഹൾ ആൻ്റ് ഈസ്റ്റ് റൈഡിങ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ തന്നെയിട്ട ഫുഡ് സ്റ്റാളുകൾ ബഡ്ഡിങ് എൻറർപ്രണറിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എച്ച് ഐ എം എ പ്ലാൻ ചെയ്തത്.

” നമ്മളുടെ കമ്മ്യൂണിറ്റിയിൽ ചിലവാകുന്ന കാശ് നമ്മളുടെ കമ്മ്യൂണിറ്റിയിലെ എൻറർപ്രണറിനു തന്നെ ലഭിക്കുക എന്നതും, ഫുഡ് ബിസിനസ് എത്ര വലുതൊ ചെറുതൊ ആയിക്കോട്ടെ , അത് ഒരു ഐഡിയയിൽ നിന്നും യാഥാർത്ഥ്യമാക്കുക എന്നതുമായിരുന്നു ലക്ഷ്യമെന്നും എച്ച്ഐഎംഎയുടെ പ്രസിഡൻറ് വിജോ മാത്യു പറഞ്ഞു .

എച്ച് ഐ എം എ കഴിഞ്ഞ വർഷം ചെയ്ത സർവേയിൽ നിന്നുമുള്ള അഭിപ്രായങ്ങൾ ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് മാർഗരേഖ എന്നും വിജോ മാത്യു പ്രസിഡൻഷ്യൽ അഡ്രസ്സിൽ പറഞ്ഞു.

യുക്മ ഭാരവാഹികളായ ജോസ് തോപ്പിൽ ഡോ. ദീപാ ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു.

എച്ച്ഐ എം എ സെക്രട്ടറി എൽദോസ് സ്കറിയ നന്ദി പ്രസംഗത്തിൽ, ആദ്യമായിട്ടാണ് പ്രോഗ്രാം പാർട്ടിസിപ്പേഷൻ , ഫുഡ് സ്റ്റാൾ സെറ്റപ്പ് ഇൻവിറ്റേഷൻ, രജിസ്ട്രേഷൻ എന്നിവ പറഞ്ഞ ഡേറ്റിനു മുമ്പ് ക്ലോസ് ചെയ്യേണ്ടതായി വന്നതെന്നും, എച്ച് ഐ എം എയുടെ എല്ലാ ഉദ്യമങ്ങളോടും ഹർഷാരവത്തോടെ സ്വീകരിക്കുന്ന ജനങ്ങൾക്ക് നന്ദിയും പറഞ്ഞു.

എച്ച് ഐ എം എ കമ്മിറ്റി മെമ്പേഴ്സ് ട്രഷറർ മാത്യു ജോസഫ് , ജൂലിയ ജോസഫ്, രാജി രാജൻ, സുഷീൽ കുമാർ എന്നിവരും പരിപാടികളുടെ വിജയത്തിനായി ചുക്കാൻ പിടിച്ചു.

ബെംഗളൂരു: ബെംഗളുരുവിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്നുവീണ് നാലു വയസുകാരി മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കിയും മറ്റൊരു ജീവനക്കാരനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ കോട്ടയം സ്വദേശി തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരൻ എന്നിവരെ പ്രതിയാക്കിയാണ് പ്രാഥമിക അനേഷണം ആരംഭിച്ചത്. പ്രിൻസിപ്പൽ കുട്ടി മരിക്കാനിടയാക്കിയ സംഭവത്തിന് ശേഷം ഒളിവിൽ പോയത് സംഭവം കൂടുതൽ ദുരൂഹമാക്കി.

മരണത്തിൽ സ്‌കൂളിലെ ഒരു ആയയ്ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടതിനു പിറകെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇന്നലെ രാത്രിയാണു കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിറ്റോ സ്‌കൂൾ കെട്ടിടത്തട്ടിൽ നിന്നും വീണു മരിച്ചത്. ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫിന്റെയും ബിനീറ്റയുടെയും മകളാണ് മരണമടഞ്ഞ നാല് വയസ്സുകാരി.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീ സ്‌കൂളിൽ കുട്ടിയെ വീണു പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ചുമരിൽ തലയിടിച്ചു വീണെന്നാണ് സ്‌കൂൾ അധികൃതർ ആദ്യം മാതാപിതാക്കളെ അറിയിച്ചത്. മൂന്ന് ആശുപത്രികൾ കയറി ഇറങ്ങിയ ശേഷമാണ് ഹെബ്ബാളിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തുന്നത്. അവിടെയെത്തിയപ്പോഴാണ് ഉയരത്തിൽ നിന്ന് വീണപ്പോഴുള്ള മാരകമായ പരുക്കുകളാണു ദേഹത്തുള്ളതെന്ന് കണ്ടെത്തുന്നത്. വൈകാതെ ബോധം നഷ്ടമായ ജിയന്നയെ വെന്റിലേറ്ററിലേക്ക് മാറ്റി.

അടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടക്കത്തിൽ കൂടെയുണ്ടായിരുന്ന സ്‌കൂൾ പ്രിൻസിപ്പൽ കുട്ടി അബോധാവസ്ഥയിലായതോടെ മുങ്ങിയത് സംശയം ജനിപ്പിച്ചു. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. സ്‌കൂൾ പ്രിൻസിപ്പൽ ചങ്ങനാശേരി സ്വദേശി തോമസിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സ്‌കൂളിലെ ആയമാരിൽ ഒരാൾ കുട്ടിയോടു മോശമായി പെരുമാറിയിരുന്നു. ഇവരും മാതാപിതാക്കളും തമ്മിലുള്ള പ്രശ്‌നത്തിൽ കുട്ടിയോട് പകവീട്ടിയെന്ന സംശയവും മാതാപിതാക്കൾ ഉയർത്തുന്നുണ്ട്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ തോമസ് ചെറിയാൻ നശിപ്പിച്ചതായും മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു പിറകെ ഒളിവിൽ പോയ പ്രിൻസിപ്പലിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ കിട്ടിയാൽ മാത്രമേ കുട്ടി വീഴാൻ ഇടയായ സാഹചര്യം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ചെല്ലക്കര കല്യാൺ നഗറിലെ ഫ്‌ളാറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം ജന്മനാടായ കോട്ടയം മണിമലയിലേക്ക് കൊണ്ടുപോയി. നാളെയാണ് സംസ്‌കാരം.

സ്റ്റീവനേജ് : സ്റ്റീവനേജ് മലയാളികളുടെ കൂട്ടായ്മ്മയായ “സർഗ്ഗം” സംഘടിപ്പിച്ച ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം അവിസ്മരണീയമായി.

തേജിൻ തോമസ് സംവിധാനം ചെയ്‌തൊരുക്കിയ, ക്രിസ്തുമസ് ആഘോഷത്തിലെ ഹൈലൈറ്റായി മാറിയ, ‘തിരുപ്പിറവിയും, രാക്കുളി തിരുന്നാളും’ (‘ക്രിസ്മസ് ആൻഡ് എപിഫനി’) സംഗീത-നൃത്ത ദൃശ്യാവിഷ്‌കാരം, തിങ്ങി നിറഞ്ഞ സദസ്സിൽ നേർക്കാഴ്ചയും ആഹ്‌ളാദവും പകർന്നു.

ബെത്ലെഹെമിലേയ്ക്കുള്ള ജോസഫിന്റെയും മേരിയുടെയും യാത്രയും, തിരുപ്പിറവിക്ക്‌ സങ്കേതമായ ആട്ടിടയന്മാരും, ആടുമാടുകളും നിറഞ്ഞ കാലിത്തൊഴുത്തും, ഉണ്ണിയെ ദർശിക്കാനെത്തിയ പൂജരാജാക്കന്മാരുടെ കാഴ്ച സമർപ്പണവും ബിബിളിക്കൽ തീർത്ഥയാത്രയുടെ അനുഭവം പകർന്നു. എൽ ഈ ഡി സ്‌ക്രീനിന്റെ മാസ്മരികതയിൽ സാൻഡ് ആർട്ടിലൂടെ ദൃശ്യവൽക്കരിച്ച ബെത്ലേഹവും, ശാന്തരാത്രിയും, മലനിരകളും കിഴക്കിന്റെ നക്ഷത്രവും സംഗമിച്ച മനോഹര പശ്ചാത്തലത്തിൽ നടത്തിയ അവതരണം ഏറെ മികവുറ്റതും ആകർഷകവുമായി.

ആടിയും പാടിയും സമ്മാനങ്ങളും മിഠായികളും നൽകി സദസ്സിലൂടെ കടന്നു വന്ന സാന്താക്ളോസ്സ്, സർഗ്ഗം ഭാരവാഹികളോടൊപ്പം കേക്ക് മുറിച്ചു കൊണ്ടു ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം ഉദ്ഘാടനം ചെയ്തു.

സർഗ്ഗം പ്രസിഡണ്ട് ബോസ് ലൂക്കോസ് ഏവർക്കും ഹാർദ്ധവമായ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ കലാവിരുന്നിൽ വൈവിദ്ധ്യമാർന്ന മികവും പ്രൗഢിയും നിറഞ്ഞ സംഗീത-നൃത്ത അവതരണങ്ങൾ ആഘോഷത്തെ വർണ്ണാഭമാക്കി. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ തങ്ങളുടെ സർഗ്ഗ കലാ വൈഭവങ്ങൾ ഒന്നൊന്നായി ആവണിയിൽ നിന്നും പുറത്തെടുത്ത് സർഗ്ഗം ആഘോഷ രാവിനു ഉത്സവഛായ പകർന്നു.

സർഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച പുൽക്കൂട്, ഡെക്കറേഷൻ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്തു. പുൽക്കൂട് മത്സരത്തിൽ അപ്പച്ചൻ കണ്ണഞ്ചിറ കുടുംബവും ഡക്കറേഷൻ മത്സരത്തിൽ അലക്സ്- ജിഷ കുടുംബവും ജേതാക്കളായി. വിഭവ സമൃദ്ധമായ ക്രിസ്തുമസ് സ്റ്റാർട്ടറും, ന്യൂ ഇയർ ഡിന്നറും ഏറെ ആസ്വാദ്യമായി. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് സർഗ്ഗം മലയാളി അസ്സോസിയേഷന്റെ 2024-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി മെംബേഴ്സിനെ തെരഞ്ഞെടുത്തു.

സർഗ്ഗം ഭാരവാഹികളായ ബോസ് ലൂക്കോസ്, ആദിർശ് പീതാംബരൻ, തേജിൻ തോമസ്, ബിന്ദു ജിസ്റ്റിൻ, ടെസ്സി ജെയിംസ്, ടിന്റു മെൽവിൻ, ജോസ് ചാക്കോ, ഷാജി ഫിലിഫ്, ബിബിൻ കെ ബി, ബോബൻ സെബാസ്റ്റ്യൻ, ജിന്റോ മാവറ, ജിന്റു ജിമ്മി, ലൈജോൺ ഇട്ടീര, ജോജി സഖറിയാസ്, ഷിജി കുര്യക്കോട് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

ടെസ്സി ജെയിംസ് നന്ദി പ്രകാശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കരോളും ചാരിറ്റിയും സംഘടിപ്പിച്ചിരുന്നു.

കേരള ചിത്രകലാ പരിഷത്ത് കോട്ടയം DC. കിഴക്കേ മുറിഇടത്തിൽ സംഘടിപ്പിക്കുന്ന ചിത്ര പ്രദർശനം ജനുവരി 26 മുതൽ . ഫെബുവരി 3 വരെ .കേരളത്തിലെ പ്രശസ്ത ചിത്രകാരൻമാരായ മോപ്പസാങ്ങ്K വാലത്ത്, സ്‌റ്റീഫൻ Kജോസഫ് , ആനന്ദ് രാജ് തുടങ്ങി മുപ്പതോളം കലാകാരൻമാർ പങ്കെടുക്കുന്നു.

ബെംഗളൂരു: ബെംഗളൂരുവിലെ ഡൽഹി പബ്ലിക് സ്‌കൂളിന്റെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ നാല് വയസുകാരിക്ക് അന്ത്യം. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോ ആണ് മരിച്ചത്. ചെല്ലഗരെയിൽ ഉള്ള ഡിപിഎസ്‌സിന്റെ പ്രീ സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. കുഞ്ഞിന് അപകടം പറ്റിയത് എങ്ങനെയാണ് എന്നതിൽ ദുരൂഹത തുടരുകയാണ്. സ്‌കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ കുഞ്ഞ് കളിക്കുന്നതിനിടെ വീണു എന്നാണ് ആദ്യം സ്‌കൂൾ അധികൃതർ പറഞ്ഞത്. പിന്നെ സ്‌കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണെന്ന് സ്‌കൂളുകാർ മാറ്റി പറഞ്ഞു. ആദ്യം കൃത്യമായ ചികിത്സ നൽകാനോ മികച്ച ആശുപത്രിയിൽ കൊണ്ടുപോകാനോ സ്‌കൂൾ അധികൃതർ തയ്യാറായില്ലെന്നാണ് അച്ഛനമ്മമാർ ആരോപിക്കുന്നത്. പിന്നീട് മാതാപിതാക്കൾ എത്തിയാണ് ബംഗ്ലൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും കുഞ്ഞിന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.

കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിൽ എത്തിയതെന്നാണ് കുടുംബം ഉന്നയിക്കുന്ന സംശയം. കുട്ടിയെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്നും അച്ഛനമ്മമാർ ആരോപിക്കുന്നുണ്ട്. അവർ കുഞ്ഞിനെ അപകടപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ പറയുന്നു.

ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസിലെത്തി എന്നതും അവിടെ നിന്ന് എങ്ങനെ താഴേയ്ക്ക് വീണതെന്നതും ദുരൂഹമാണ്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛനമ്മമാർ ആരോപിക്കുന്നു. സംഭവത്തിൽ ചെല്ലഗരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നാലെ മലയാളിയായ പ്രധാനാധ്യാപകൻ തോമസ് ചെറിയാൻ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ശേഷം പ്രിൻസിപ്പൽ മുങ്ങി.

കോഴിക്കോട്∙ സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ മുടങ്ങുന്നത് കാരണം പാവപ്പെട്ട ജനങ്ങൾ ആത്മഹത്യ ചെയ്യുന്ന സംഭവം പതിവായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഞ്ചു മാസത്തിനിടെ മൂന്നു പേരാണ് സർക്കാരിന്റെ അനാസ്ഥ കാരണം ആത്മഹത്യ ചെയ്തത്. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരൻ ജോസഫിന്റെ മൃതദേഹം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

പിണറായി വിജയൻ പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറി. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ല. ക്ഷേമപെൻഷനുകൾ ലഭിക്കാതെയും തൊഴിലുറപ്പ് കൂലി ലഭിക്കാതെയും പതിനായിരങ്ങളാണ് കേരളത്തിൽ കഷ്ടപ്പെടുന്നത്. കേന്ദ്രസർക്കാർ കൊടുക്കുന്ന പണം അർഹർക്ക് എത്തിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെടുന്നതാണ് ഇവിടുത്തെ പ്രശ്നം. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസർക്കാർ കൃത്യമായി പണം കൊടുക്കുന്നുണ്ട്. എന്നാൽ സംസ്ഥാനം വിഹിതം കൊടുക്കുന്നില്ല. പാവപ്പെട്ടവന് ക്ഷേമപെൻഷൻ കൊടുക്കാൻ പണമില്ലാത്ത സർക്കാർ ധൂർത്തും കൊള്ളയും അവസാനിപ്പിക്കുന്നില്ല.

ആലപ്പുഴ നെൽ കർഷകൻ ആത്മഹത്യ ചെയ്തത് നെല്ലിന്റെ സംസ്ഥാന വിഹിതം കിട്ടാത്തത് കൊണ്ടാണ്. 75 ശതമാനം വിഹിതം കേന്ദ്രം കൊടുത്തിട്ടും കേരളം വിഹിതം നീക്കിവയ്ക്കാത്തതു കാരണം കർഷകർക്ക് കേന്ദ്രവിഹിതം പോലും നിഷേധിക്കപ്പെടുകയായിരുന്നു. കണ്ണൂരിലെ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തത് ക്ഷീരകർഷകർക്കുള്ള സംസ്ഥാന വിഹിതം കിട്ടാത്തതു കൊണ്ടാണ്. ജോസഫിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണം. ആത്മഹത്യകുറിപ്പിൽ അധികൃതരുടെ അനാസ്ഥ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ടോണ്ടൻ: ടോണ്ടൻ കേന്ദ്രീകരിച്ച് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മ്മയായ ടോണ്ടൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്തുമസ്-നവവത്സര ആഘോഷം പ്രൗഢ ഗംഭീരമായി. ക്രിസ്തുമസ് ആഘോഷത്തിനു വേദിയൊരുങ്ങിയ ടോണ്ടൻ ട്രോക്കോപ്പ് ടാബ്ള ഹാളിൽ വൈസ് പ്രസിഡണ്ട് ജിജി ജോർജ്ജ് ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ഉദ്ഘാടന ചടങ്ങിൽ ടി എം എ പ്രസിഡണ്ട് ജിതേഷ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ടോണ്ടൻ ടൗൺ കൗൺസിൽ മേയർ നിക്ക് ഓ ഡോന്നേൽ മുഖ്യാതിഥിയായി പങ്കു ചേർന്ന് സംസാരിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. രാജേഷ് എബ്രഹാം ആഘോഷത്തിൽ പങ്കുചേരുകയും ക്രിസ്തുമസ്സ് സന്ദേശം നൽകുകയും ചെയ്തു.

ടി എം എ യുടെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന കലാസന്ധ്യ വേദിയിൽ ആവേശത്തിരയിളക്കിയ ദൃശ്യ-ശ്രവണ-നൃത്ത വിരുന്നാണ് സമ്മാനിച്ചത്. ലണ്ടനിൽ നിന്നുള്ള പ്രമുഖ ഡാൻസ് ട്രൂപ്പ് ‘ഏഞ്ചൽസ്’ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ ആഘോഷത്തിന് കൊഴുപ്പേകി. ഇൻസ്ട്രമെന്റ് മ്യൂസിക്കിൽ വയലിൻ ഉപയോഗിച്ച് നടത്തിയ ഗാനവും ഏറെ ആകർഷകമായി.

തുടർന്ന് നടന്ന സംഗീതമാസ്മരികലോകം വേദിക്കു സമ്മാനിച്ച സംഗീതനിശ ആഘോഷത്തിലെ ഹൈലൈറ്റായി. ആഘോഷ രാവിനെ കോരിത്തരിപ്പിച്ച ഡീജെ, സദസ്സിനെ ഒന്നാകെ നൃത്തസാന്ദ്രതയിൽ ആറാടിച്ചു. വിഭവ സമൃദ്ധമായ ന്യൂ ഇയർ ഗ്രാൻഡ് ഡിന്നർ ഏവരും ഏറെ ആസ്വദിച്ചു.

ടോണ്ടൻ മലയാളികൾക്ക് മണിക്കൂറുകളോളം ആവേശവും ആഹ്‌ളാദവും പകർന്ന അവിസ്മരണീയമായ ആഘോഷോത്സവത്തിനു വിനു വിശ്വനാഥൻ നായർ (സെക്രട്ടറി ), ബിജു ഇളംതുരുത്തിൽ (ജോയിന്റ് സെക്രട്ടറി), അരുൺ ധനപാലൻ ( ട്രഷറർ ), കമ്മറ്റി മെമ്പർമാരായ
ഡെന്നിസ് വി ജോസ്, ജയേഷ് നെല്ലൂർ, അജി തോമസ് മാങ്ങാലി,ദീപക് കുമാർ, സജിൻ ജോർജ് തോമസ് എന്നിവർ നേതൃത്വം വഹിച്ചു. നന്ദി പ്രകാശനത്തോടെ ആഘോഷത്തിന് സമാപനമായി.

ലിവർപൂൾ-ബിർക്കൻ ഹെഡ്-: 2024 ജനുവരി നാലാം തീയതി നടന്ന വിറാലിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്സ് ഓഫ് വിറാലിന്‍റെ പ്രഥമ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഫ്രണ്ട്സ് ഓഫ് വിറാൽ പ്രസിഡണ്ട് ശ്രീ ബാബു മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ സീറോ മലബാർ സെൻറ് ജോസഫ് മിഷൻ വികാരി ശ്രീ ഫെബിൻ കന്യാകോണിൽ വിശിഷ്ടാതിഥിയായി. പരമ്പരാഗതമായ ക്രിസ്മസ് കേക്കിനോടൊപ്പം പുതിയ വെളിച്ചം തെളിച്ചു പുതുവർഷത്തെ വരവേറ്റ ചടങ്ങിൽ ആകർഷകമായ ചേരുവകൾ സംഘാടകർ കരുതിവെച്ചു. രണ്ട് വ്യത്യസ്ത തലമുറകളുടെ പ്രതിനിധികളായി എത്തിയ അവതാരകർ കൗതുകമുണർത്തി.

ശ്രീ ആൻ്റോ ജോസിന്റെ നേതൃത്വത്തിൽ സംഘടനാ അംഗങ്ങൾ തന്നെ ഭക്ഷണം തയ്യാറാക്കിയപ്പോൾ മികവറ്റ കലാപ്രകടനങ്ങളുമായി വിറാലുകാർ ഒപ്പംനിന്നു. വാദ്യോപകരണ പ്രകടനങ്ങൾ, മധുര ഗാനാലാപനങ്ങൾ, ക്ലാസിക്കൽ സിനിമാറ്റിക് നൃത്തപ്രകടനങ്ങൾ എന്നിവയോടൊപ്പം പ്രേക്ഷകരിൽ ചിരിപടർത്തിയ ആക്ഷേപഹാസ്യ അവതരണവും. യുകെയിലെ തന്നെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ക്രിസ്മസ് ആഘോഷത്തെ വിജയകരമാക്കുവാൻ പ്രയത്നിച്ച എല്ലാ സംഘാടകർക്കും, ഉദാരമായ സംഭാവനകൾ നൽകിയ ബിസിനസ് സംരംഭകർക്കും, ഒരു ദിവസം മാറ്റിവെച്ച് പൂർണ്ണ മനസ്സോടെ ഈ ആഘോഷത്തിൽ പങ്കാളികളായ എല്ലാ നാട്ടുകാർക്കും ഫ്രണ്ട്സ് ഓഫ് വിറാൽ സെക്രട്ടറി ശ്രീ ഷിബു മാത്യു നന്ദി പറഞ്ഞു. ചെറുപ്പക്കാരും മധ്യവയസ്കരും ഒരുപോലെ ആസ്വദിച്ച ഡിജെ നൃത്തചുവടുകളോടെ ആഘോഷങ്ങൾ സമാപിച്ചു.

RECENT POSTS
Copyright © . All rights reserved