ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ (എച്ച് ഐ എം എ ) – ൻ്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ അവതരണത്തിന്റെ പുതുമ കൊണ്ടും ഫുഡ് സ്റ്റാളുകളുടെ വൈവിധ്യം കൊണ്ടും യൂണിവേഴ്സിറ്റി സ്റ്റുഡന്റിനു വേണ്ടി ചെയ്ത വിവിധ ഇളവുകൾ കൊണ്ടും ശ്രദ്ധേയമായി.

വൈകുന്നേരം നാലുമണി മുതൽ രാത്രി എട്ടു മണി വരെ നീണ്ട പരിപാടികൾ അവസാനിച്ചപ്പോൾ ജനുവരിയിലെ തണുത്ത രാത്രിയിലും സാമൂഹിക ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും ഊഷ്മളത ഏവരും അനുഭവിച്ചറിഞ്ഞു.

എച്ച് ഐ എം എ കമ്മിറ്റി മെമ്പർ ശോഭിത് ജേക്കബ് സ്വാഗതം പറഞ്ഞു തുടങ്ങിയ ചടങ്ങിൽ കുഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. അമ്മയും മക്കളും, അച്ഛനും മക്കളും ഒക്കെ ഗ്രൂപ്പ് ഡാൻസിനായി വേദിയിലെത്തിയപ്പോൾ കാണികൾക്ക് കൗതുകമായി.

‘വെക്കടാ വെടി ‘ ടീമിൻറെ സ്കിറ്റ് ഏവരെയും ചിരിപ്പിച്ചു. മുണ്ടും ചട്ടയുമൊക്കെയിട്ട് സിനിമാറ്റിക് ഡാൻസ് കളിച്ച് ബാഡ്മിൻ്റോ വില്ലേജ് ഏവരെയും ആസ്വദിപ്പിച്ചു.സെൻറ് എഫ്രം കാറ്റക്കിസം കുട്ടികളുടെ നേറ്റിവിറ്റി പ്ലെയും കരോൾ സിങ്ങിങ്ങും ക്രിസ്തുമസിന്റെ ഓർമ്മകളുണർത്തി.

സർപ്രൈസ് പ്രൈസുകൾ, റാഫിൽ പ്രൈസസ് സ്റ്റുഡൻസ് ലക്കി ഡ്രോ എന്നിങ്ങനെ ധാരാളം സമ്മാനങ്ങൾ പങ്കെടുത്തവരെ കാത്തിരിക്കുകയുണ്ടായി.


റാഫിൾ ഫസ്റ്റ് പ്രൈസ് ആയ എയർ ഫയർ സ്പോൺസർ ചെയ്തത് എസ് ജെ ഫുഡ് ആൻറ് ലിങ്ക് ബ്രോഡ്ബാൻഡ് ആയിരുന്നു.

ബംബർ പ്രൈസ് സ്പോൺസർ ചെയ്തത് എൻഡെൻസ് സീഫുഡ് സപ്ലേഴ്സ് ആയിരുന്നു. കോഫി മെഷീൻ, ഡിന്നർ സെറ്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ പിന്നെയുമുണ്ടായിരുന്നു.


സ്റ്റുഡൻസിനായി ഫ്രീ ഫുഡ് കൂപ്പൺസ്, രജിസ്ട്രേഷൻ ഫീസ് 2 പൗണ്ട് മാത്രം, 5 പേർക്ക് വീതം 20 പൗണ്ട് ക്യാഷ് പ്രൈസ് എന്നിവയും, കമ്മ്യൂണിറ്റിയിലെ സ്പോൺസേഴ്സ് വഴി എച്ച് ഐ എം എ ഒരുക്കിയിരുന്നു.

ഫുഡ് സ്റ്റാളുകളായിരുന്നു ഏറ്റവും വലിയ പ്രത്യേകത. വളരെ തുച്ഛമായ നിരക്കിൽ ഹോം മെയ്ഡ് ഫുഡ് ലഭ്യമാക്കുക എന്നതായിരുന്നു എച്ച് ഐ എം എ യുടെ പദ്ധതി. ആംഗ്ലോ ഇന്ത്യൻ അടുക്കള ,അമ്മിണീസ് കിച്ചൻ ,ബാഡ്മിൻറൺ വില്ലേജ് , കറി ചട്ടി, പൊളിപ്പൻ തട്ടുകട , സ്റ്റുഡൻസ് ഡെസേർട്ട് കോർണർ എന്നീ സ്റ്റാളുകൾ ഐസ്ക്രീം, പാനി പൂരി, മറ്റ് സ്നാക്സ് മുതൽ പൊതിച്ചോർ കപ്പ ബിരിയാണി , ദോശ ബീഫ്, ബിരിയാണി , ഗ്രിൽഡ് ചിക്കൻ കുബൂസ് തുടങ്ങിയവ വിളമ്പി വയറു മാത്രമല്ല മനസ്സും നിറച്ചു.

ഹൾ ആൻ്റ് ഈസ്റ്റ് റൈഡിങ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ തന്നെയിട്ട ഫുഡ് സ്റ്റാളുകൾ ബഡ്ഡിങ് എൻറർപ്രണറിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എച്ച് ഐ എം എ പ്ലാൻ ചെയ്തത്.

” നമ്മളുടെ കമ്മ്യൂണിറ്റിയിൽ ചിലവാകുന്ന കാശ് നമ്മളുടെ കമ്മ്യൂണിറ്റിയിലെ എൻറർപ്രണറിനു തന്നെ ലഭിക്കുക എന്നതും, ഫുഡ് ബിസിനസ് എത്ര വലുതൊ ചെറുതൊ ആയിക്കോട്ടെ , അത് ഒരു ഐഡിയയിൽ നിന്നും യാഥാർത്ഥ്യമാക്കുക എന്നതുമായിരുന്നു ലക്ഷ്യമെന്നും എച്ച്ഐഎംഎയുടെ പ്രസിഡൻറ് വിജോ മാത്യു പറഞ്ഞു .

എച്ച് ഐ എം എ കഴിഞ്ഞ വർഷം ചെയ്ത സർവേയിൽ നിന്നുമുള്ള അഭിപ്രായങ്ങൾ ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് മാർഗരേഖ എന്നും വിജോ മാത്യു പ്രസിഡൻഷ്യൽ അഡ്രസ്സിൽ പറഞ്ഞു.

യുക്മ ഭാരവാഹികളായ ജോസ് തോപ്പിൽ ഡോ. ദീപാ ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു.

എച്ച്ഐ എം എ സെക്രട്ടറി എൽദോസ് സ്കറിയ നന്ദി പ്രസംഗത്തിൽ, ആദ്യമായിട്ടാണ് പ്രോഗ്രാം പാർട്ടിസിപ്പേഷൻ , ഫുഡ് സ്റ്റാൾ സെറ്റപ്പ് ഇൻവിറ്റേഷൻ, രജിസ്ട്രേഷൻ എന്നിവ പറഞ്ഞ ഡേറ്റിനു മുമ്പ് ക്ലോസ് ചെയ്യേണ്ടതായി വന്നതെന്നും, എച്ച് ഐ എം എയുടെ എല്ലാ ഉദ്യമങ്ങളോടും ഹർഷാരവത്തോടെ സ്വീകരിക്കുന്ന ജനങ്ങൾക്ക് നന്ദിയും പറഞ്ഞു.

എച്ച് ഐ എം എ കമ്മിറ്റി മെമ്പേഴ്സ് ട്രഷറർ മാത്യു ജോസഫ് , ജൂലിയ ജോസഫ്, രാജി രാജൻ, സുഷീൽ കുമാർ എന്നിവരും പരിപാടികളുടെ വിജയത്തിനായി ചുക്കാൻ പിടിച്ചു.