Latest News

ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഓസ്ട്രേലിയയില്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽനിന്നുള്ള ഉജ്വല വെമുരു (23) ആണ് മരിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെ ഗോള്‍ഡ് കോസ്റ്റിലെ ലാമിങ്ടണ്‍ നാഷനല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തിലാണു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിങ്ങിനായാണ് ഉജ്വല എത്തിയത്. ചെരുവിലേക്കു വീണ ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനു ഇടയില്‍ 20 മീറ്റര്‍ താഴ്ചയിലെ വെള്ളച്ചാട്ടത്തിലേക്കു വീഴുകയായിരുന്നു. ആറ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഉജ്വലയുടെ മൃതദേഹം പുറത്തെടുത്തത്.

ആന്ധ്രപ്രദേശിൽനിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓസ്ട്രേലിയയിലേക്കു കുടിയേറിയവരാണ് ഉജ്വലയുടെ മാതാപിതാക്കള്‍. 2023ൽ ഗോള്‍ഡ് കോസ്റ്റ് ബോണ്ട് സര്‍വകലാശാലയില്‍നിന്നാണ് ഉജ്വല എംബിബിഎസ് പൂർത്തിയാക്കിയത്.

ഇരട്ടക്കൊലപാതകത്തിൽ ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മോഷണക്കേസിൽ പിടിയിലായ നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ്(രാജേഷ്-31) എന്നിവർ താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിൽ വാടക വീടിന്റെ ഹാളിലെ തറ പൊളിച്ചാണ് മൃതദേഹം കണ്ടെടുത്തത്. കാർഡ്ബോർഡ് പെട്ടിയിൽ മൂന്നായി മടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടിയും അസ്ഥികളുമാണു പരിശോധനയിൽ കണ്ടെത്തിയത്. പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.

കസ്റ്റഡിയിലുള്ള നിതീഷ് ഇന്നലെ കുറ്റം സമ്മതിച്ചതായി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിലൊരാളായ വിഷ്ണുവിന്റെ പിതാവ് വിജയന്റേതാണ് മൃതദേഹം എന്നാണു നിഗമനം. അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചശേഷമേ ഇതു സ്ഥിരീകരിക്കുകയുള്ളു. ഇവർ മുൻപ് താമസിച്ചിരുന്ന കാഞ്ചിയാറിലെ വാടകവീട്ടിലും പൊലീസ് പരിശോധന നടത്തും.

തറയിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തതായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ‘‘നാലടി താഴ്ചയിൽ അഴുകിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് തയാറാക്കും. ഒരു കാർ‌ഡ്ബോർഡ് കൂടിനകത്ത് മൂന്നായി മടങ്ങി പാന്റും ഷർട്ടും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാർഡ്ബോർഡ് സെല്ലോടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അസ്ഥിമാത്രമാണുള്ളത്.’’– അദ്ദേഹം പറഞ്ഞു. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക പൊലീസ് നേരത്തെ കണ്ടെടുത്തിയിരുന്നു.

കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരം പുറംലോകമറിയുന്നത്. വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണു നിതീഷ് പൊലീസിനോടു സമ്മതിച്ചത്.

വിജയന്റെ കൊലപാതകത്തിൽ അയാളുടെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവർക്കും പങ്കുണ്ടെന്നാണു പൊലീസ് പറയുന്നത്. വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭാര്യയുടെയും മകന്റെയും സഹായത്തോടെ പ്രതി നിതീഷ്, മൃതദേഹം വീടിന്റെ തറയിൽ‌ കുഴിച്ചുമൂടിയെന്നാണു റിപ്പോർട്ട്.

2016–ലാണ് വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ ഇവർ കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചുമൂടി.

ന്യൂയോർക്ക് : അമേരിക്കൻ അവാർഡ് ഫെസ്റ്റിവലിൽ ഗ്ലോബൽ അച്ചീവ്മെന്റ് അവാർഡ് ആദ്യമായി ഒരു ഇന്ത്യക്കാരന് ലഭിച്ചു . ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയും യുവ സംവിധായകനും ഛായാഗ്രാഹകനും ആയ അരുൺ രാജിനാണ് അവാർഡ് ലഭിച്ചത്. ലോകമെമ്പാടും നിന്ന് ഒട്ടേറെപ്പേർ പങ്കെടുത്ത ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് അരുൺരാജ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മലയാള സിനിമയിൽ നിലം ഉറപ്പിക്കുന്ന പ്രതിഭയാണ് അരുൺ രാജ്. അദ്ദേഹത്തിൻ്റേതായി ഇപ്പോൾ രണ്ടു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് . അരുൺ രാജിന് ഒക്ടോബർ 10 – ന് ന്യൂയോർക്കിൽ വെച്ച് അവാർഡ് നൽകും .

ഫാ. ഹാപ്പി ജേക്കബ്ബ്

അനന്ത സാധ്യതകൾ പലതും മുൻപിൽ നിൽക്കവെ കാണാത്ത ഭാവത്തിൽ പിൻ കാലിനാൽ വാതിലുകൾ ചവിട്ടി അടച്ച് അവസരങ്ങൾ ഇല്ലാതാക്കുന്ന അനുഭവങ്ങളിൽ കഴിയുന്ന നമുക്കുള്ള പാഠം ആണ് നോമ്പിൻറെ ഈ ദീനചിന്തയിൽ പാതിയിൽ അധികം നോമ്പിൻ ദിനങ്ങൾ പിന്നിട്ട് അനന്തവിജയത്തിന്റെ അസാധ്യ കിരണങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമുക്ക് കൂനിയുടെ സൗഖ്യം പുതിയ വാതായനങ്ങൾ തുറന്നു തരും തീർച്ച. വി. ലൂക്കോസിൻ്റെ സുവിശേഷം 13 -ാം അധ്യായം 10 – 17 വരെയുള്ള വാക്യങ്ങൾ.

കർത്താവ് ദേവാലയത്തിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ധാരാളം ആളുകൾ അവൻറെ വചനം കേൾക്കുവാൻ അടുത്ത് വന്നു. അത് കേവലം ഒരു ദിനം ആയി തോന്നിയെങ്കിലും ഒരു പ്രധാന സംഭവത്തിന് നിദാനമായി. ഒരു കൂനിയായ സ്ത്രീയും അവളുടെ സൗഖ്യവും ആ ദിനത്തെ വ്യത്യസ്തമാക്കി,

1. ബന്ധിതന്റെ അവസ്ഥ

സാധാരണ ഒരു മനുഷ്യ വസ്ഥയിൽ കഴിയേണ്ട സ്ത്രീ , നിവർന്ന് നിൽക്കുവാൻ കഴിയാതെ കഷ്ടപ്പെടുന്നു. അവളുടെ ചുമരിലെ ഭാരം ഭൗതിക വ്യാപാരങ്ങളുടെ ഭാരത്തേക്കാൾ അധികം ആയിരുന്നു എന്ന് വാക്യങ്ങളിലൂടെ മനസ്സിലാക്കാം. പതിനെട്ട് വർഷം ഇവൾ ഇതേ യാതനയിൽ കൂടി കടന്നു പോയി, ആത്മീക തലത്തിൽ ഇത് പാപാധിക്യം മൂലമുള്ള കഠിന ചുമടായിട്ടാണ് കാണേണ്ടത്. ഏതെങ്കിലും കാര്യത്തിന് കീഴ്പെട്ട് ജീവിക്കേണ്ട അവസ്ഥ. അത് ജീവിത ഭാരം ആകാം, ആത്മീക ച്യുതിയാവാം, ശാരീരിക ബലഹീനത ആകാം, ഏതെങ്കിലും കെണിയിൽ വീണതാവാം. എന്ത് തന്നെയായാലും വിടുതൽ ആവശ്യം എങ്കിൽ കർത്തൃസന്നിധിയിൽ എത്തിയേ മതിയാവൂ. ഇന്നത്തെ ജനത എന്തൊക്കെ കാര്യത്തിന് അധികം സമയവും വ്യയവും ചിലവാക്കുന്നുവെങ്കിൽ അതെല്ലാം അവൻറെ ഭാരമായി അവന് ഭവിക്കും. ആധുനിക മാധ്യമങ്ങളും , ചിന്തകളും പലപ്പോഴും അവൻറെ ഭാരത്തിന്മേൽ ദാനമായി ഭവിച്ചേക്കാം. എന്തൊക്കെ നമ്മെ അധീനപ്പെടുത്തിയിരിക്കുന്നുവോ ഈ നോമ്പിൻ ദിനങ്ങളിലൂടെ കർത്താവിൻ്റെ സന്നിധിയിൽ എത്തിപ്പെടുവാനും അടിമ ജകങ്ങളെ ചെറുപ്പാനും നമുക്ക് കഴിയണം.

2. യഥാവസരത്തിലെ കർത്താവിൻറെ കാരുണ്യം

പല അവസരങ്ങളിലും നാം അടിമത്വത്തിൽ നിന്ന് മോചനം നേടുവാൻ ആഗ്രഹിക്കും. പല തീരുമാനങ്ങളും നാം എടുക്കും. എന്നാൽ അവ ഒന്നും പാലിക്കുവാൻ നമുക്ക് കഴിയാതെ പോകും – മാനുഷിക ബലഹീനത ആയി നാം അതിനെ വിലയിരുത്തുന്നു. എന്നാൽ ഓരോന്നും നമുക്ക് ഭവിക്കുമ്പോൾ സ്വയം തീരുമാനങ്ങളെക്കാള്‍്് കർത്താവിന് എന്നിൽ പ്രവർത്തിക്കുവാൻ ഉള്ള അവസരമായി മാറ്റുക. ഈ സ്ത്രീ കർത്താവിൻറെ സന്നിധിയിൽ ആയപ്പോൾ അവളെ അടുത്ത് വിളിച്ച് അവളുടെ ബന്ധനത്തെ അഴിച്ച് നിവരുവാൻ ഇടയായി. പാപം മാറിയപ്പോൾ അവൾ ദൈവാനുഭവം ദർശിച്ചു. നമ്മുടെ അവസ്ഥകൾ കാണുന്ന ദൈവം, നമ്മുടെ മുൻപിൽ അവതരിക്കുമ്പോൾ അവനെ വിധേയപ്പെടുക.

3. യഥാസ്ഥിതിക മാറ്റത്തിന് കാരണമാകുക

ഈ സംഭവം നടന്നത് ശാബതിൽ ആയിരുന്നത് കൊണ്ട് പ്രമാണിമാർ ചോദ്യം ചെയ്യുന്നു. സൗഖ്യപ്പെടുവാൻ അനേകം ദിവസങ്ങൾ ഉണ്ടല്ലോ എന്ന് പറഞ്ഞ് അവളെ പിന്തിരിപ്പിക്കുന്നു. ഇന്ന് ഇത് നമ്മുടെ മധ്യേ നടമാടുന്ന ഒരു ഭാവമാണ്. നമുക്കോ ഒരാളെ കരുതുവാൻ കഴിയുന്നില്ല. എങ്കിലും ഏതെങ്കിലും തരത്തിൽ ലഭിക്കുന്ന അനുഗ്രഹത്തിന് വിഘാതമാകുവാൻ നമ്മുടെ പ്രവർത്തനം ഇടയാക്കുന്നുണ്ട് ! എന്നാൽ വിളിക്കപ്പെട്ട നാം അനേകർക്ക് ആശ്വാസം പകരുവാൻ വിളിക്കപ്പെട്ടവരാണ്. നോമ്പും പ്രാർത്ഥനയും അപ്രകാരം ഉള്ള അനുഭവങ്ങൾക്ക് അനേകരെ ഒരുക്കി സൗഖ്യം നൽകേണ്ടവരാണ്. തുറന്ന വാതിലുകൾ ചവിട്ടി അടയ്ക്കാതെ പ്രത്യാശയോടെ ദൈവ മുൻപാകെ എത്തുക.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ബിനോയ് എം. ജെ.

“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളിലാണ്” എന്ന് റൂസ്സോ പറയുന്നു. തന്റെ ഭാര്യയും, മകനും, പിതാവും രാജകീയ സുഖസൗകര്യങ്ങളും ബന്ധനമായി തോന്നിയതുകൊണ്ടാണ് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടിറങ്ങിയത്. നാമെല്ലാവരും ബന്ധങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. സാമൂഹിക ജീവിയെന്ന നിലയിൽ മനുഷ്യന് ബന്ധങ്ങൾ ഇല്ലാതെ ജീവിക്കുവാനുമാകില്ല. എന്നാൽ ഈ ബന്ധങ്ങൾ എപ്പോഴാണ് ബന്ധനങ്ങളായി മാറുന്നത്? അവയെപ്പോഴാണ് ഒരു ശാപമായി മാറുന്നത്? മനുഷ്യബന്ധങ്ങളെ എങ്ങനെ ആരോഗ്യപ്രദമായി മുന്നോട്ട് കൊണ്ടു പോകുവാനാവും? പരസ്പരസ്നേഹത്തിന്റെ ദിവ്യാനുഭൂതിയിൽ നിന്നും മനുഷ്യബന്ധങ്ങൾ എപ്രകാരമാണ് വിദ്വേഷത്തിന്റെയും പകയുടെയും സ്രോതസ്സായി അധ:പതിക്കുന്നത്. നമുക്ക് പ്രത്യാശയ്ക്ക് എന്തെങ്കിലും വഴിയുണ്ടോ?

മനുഷ്യന്റെ ദു:ഖത്തിന്റെ അടിസ്ഥാനപരമായ കാരണം മുമ്പ് പറഞ്ഞതുപോലെ ബന്ധങ്ങൾ ബന്ധനങ്ങൾ ആയി മാറുന്നതാണ്. സ്നേഹിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സ്നേഹിക്കുവാൻ കഴിയുന്നില്ല. സ്നേഹം പ്രതീക്ഷിക്കുന്നുണ്ട് പക്ഷേ ലഭിക്കുന്നില്ല. ആകെ അസംതൃപ്തി. എവിടെയൊക്കെയോ തെറ്റുകൾ പറ്റിയിട്ടുണ്ട്. എവിടെയാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്? തെറ്റുകൾ തിരുത്തേണ്ടിയിരിക്കുന്നു. കുറ്റാരോപണം നമുക്ക് നേരേ സമൂഹത്തിൽ നിന്നും സദാ വന്നു കൊണ്ടിരിക്കുന്നു. നാമവയെ സ്വീകരിക്കുന്നതിന് പകരം സമൂഹത്തിലേക്ക് തന്നെ തിരിച്ചയക്കുന്നു. സമൂഹമുണ്ടോ തെറ്റുകൾ തിരുത്തുന്നു! നാമോ? നാമും തെറ്റുകൾ തിരുത്തുന്നില്ല. കുറ്റാരോപണം എല്ലാ ദിശകളിലേക്കും പായുന്നു. സാമൂഹിക ജീവിതം ഒരു നരകമായി മാറുന്നു. ആരാണ് തെറ്റുകാർ? ആരാണ് തിരുത്തേണ്ടത്?

ഇത് വിഷമം പിടിച്ച ഒരു ചോദ്യമാണ്. പക്വതയുടെ പ്രാരംഭഘട്ടങ്ങളിൽ നാം നമ്മിലേക്കും സമൂഹത്തിലേക്കും മാറിമാറി കുറ്റാരോപണം നടത്തുന്നു. രണ്ടു പേരുടെയും ഭാഗത്ത് തെറ്റുണ്ട് ( I am not OK; You are not OK). ഇത്തരം ഒരു കാഴ്ചപ്പാടിൽ മനുഷ്യജീവിതം അന്ധകാരാവൃതമാണ്. അല്പം കൂടി പക്വതയുള്ള ആളുകൾ വലിയ ഒരു സത്യം മനസ്സിലാക്കുന്നു. താൻ തന്നെതന്നെ സ്നേഹിക്കുകയും സ്വികരിക്കുകയും ചെയ് തെങ്കിലേ തന്റെ ജീവിതത്തിൽ ശാന്തി ലഭിക്കൂ. അവിടെ മാത്രമേ തന്റെ ജീവിതം അർത്ഥവ്യത്താവൂ. മറ്റുള്ളവർ വേണമെങ്കിൽ തിരുത്തട്ടെ (I am OK; You are not OK). ഇപ്രകാരം സ്വയം സ്വീകരിക്കുന്ന വ്യക്തി ഒരു പ്രതിഭാശാലിയായി രൂപാന്തരപ്പെടുന്നു. ഇക്കൂട്ടർക്ക് അവരോട് തന്നെ വലിയ മതിപ്പാണ്. എന്നിരുന്നാലും സമൂഹത്തെ നന്നാക്കുവാൻ ശ്രമിക്കുന്നത് ഒരു പാഴ്വേല മാത്രമാണെന്ന് വ്യക്തി കാലക്രമേണ മനസ്സിലാക്കുന്നു. സമൂഹം നന്നാവുകയുമില്ല തന്റെ മന:ശ്ശാന്തി നഷ്ടപ്പെടുകയും ചെയ്യുന്നു. പകരം സ്വയം ബഹുമാനിച്ചുകൊണ്ട് തന്നെ സ്വയം മെച്ചപ്പെടുവാനാകുമെന്ന് വ്യക്തി മനസ്സിലാക്കി തുടങ്ങുമ്പോൾ അയാളുടെ ജീവിതത്തിൽ ഗംഭീരമായ പുരോഗതി ആരംഭിക്കുന്നു. ഇവരാണ് ‘സാധന’ ചെയ്യുന്ന ആളുകൾ. അവർ സ്വയം തിരുത്തുകയും സമൂഹത്തെ വെറുതെ വിടുകയും ചെയ്യുന്നു (I am not OK; You are OK). എന്നാൽ ഇപ്രകാരം സ്വയം മെച്ചപ്പെടുന്ന പ്രക്രിയ ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയ ആണെന്ന് വ്യക്തി കാലക്രമേണ മനസ്സിലാക്കുന്നു. പൂർണ്ണത ഒരു മരീചികയായി തന്നെ തുടരുന്നു. ഇവിടെ അയാൾ ആത്മപുരോഗതിയെയും സാധനയെയും വലിച്ചെറിയുന്നു. അവിടെ അയാൾ താനിപ്പോൾതന്നെ പരിപൂർണ്ണനും കുറവുകൾ ഇല്ലാത്തവനും ആണെന്ന് കണ്ടെത്തുകയും തന്നിൽ പ്രകാശിക്കുന്നത് ഈശ്വരൻ തന്നെയാണ് അറിയുകയും ചെയ്യുന്നു. അവിടെ കുറ്റം ആരുടെ ഭാഗത്താണ്? ആരുടെയും ഭാഗത്ത് കുറ്റമില്ല (I am OK; You are OK). കുറ്റം ഉണ്ടെന്നുള്ളത് ഒരു തോന്നൽ മാത്രമായിരുന്നു. അതുവരെ നരകമായി അനുഭവപ്പെട്ടിരുന്ന സാമൂഹിക ജീവിതം അവിടെ തുടങ്ങി ഒരു സ്വർഗ്ഗമായി മാറുന്നു.

അതെ! കുറ്റാരോപണമാണ് സ്വർഗ്ഗത്തെ നരകമാക്കി മാറ്റുന്നത്. കുറ്റങ്ങൾ കാണുന്നത് ഒരു ദുശ്ശീലം മാത്രമാണ്. നമുക്ക് നമ്മിൽ തന്നെ കുറ്റം ആരോപിക്കാം; സമൂഹത്തിലും കുറ്റം ആരോപിക്കാം. ഇപ്രകാരം കുറ്റാരോപണം നടത്തുന്നിടത്തോളം കാലം ആരിൽ കുറ്റം ആരോപിക്കുന്നുവോ അവരിൽ കുറ്റം ഉള്ളതായി നമുക്ക് തോന്നുന്നു. അതൊരു തോന്നൽ മാത്രമാണ്. കുറ്റാരോപണം നിർത്തുന്ന നിമിഷം ആ തോന്നൽ തിരോഭവിക്കുകയും ചെയ്യുന്നു. എന്തെങ്കിലും ഒക്കെ പുരോഗതി ഇല്ലെങ്കിൽ ജീവിതത്തിന് എന്തർത്ഥം എന്ന് നാം ചിന്തിച്ചേക്കാം. പുരോഗതിക്കുവേണ്ടിയുള്ള ഈ ദാഹം – ആഗ്രഹം – ആണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. വാസ്തവത്തിൽ പുരോഗതിയുടെ ആവശ്യം അവിടെയില്ല. ഇപ്പോൾ തന്നെ എല്ലാം പരിപൂർണ്ണമാണ്. ആഗ്രഹങ്ങൾ എല്ലാം അസ്ഥാനത്താണ്. പുരോഗതിയെയും ആഗ്രഹങ്ങളെയും പ്രതി നിങ്ങൾ പൂർണ്ണതയിൽ അപൂർണ്ണത ദർശിക്കുന്നു. നിങ്ങൾ കുറ്റം ആരോപിക്കുന്നു. ഈ പ്രതിഭാസം എപ്പോൾ നിലക്കുന്നുവോ അപ്പോൾ നിങ്ങൾ പൂർണ്ണതയിലേക്ക് ചുവടുവയ്ക്കുന്നു. പ്രശ്നം കിടക്കുന്നത് നിങ്ങളുടെ മനസ്സിലാണ്. പൂണ്ണത ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല. മറിച്ച് ഇപ്പോൾ തന്നെ എല്ലാം പൂർണ്ണമാണ്. അപൂർണ്ണതയാണ് കൃത്രിമം.

നിങ്ങൾ സമൂഹത്തിൽ കുറ്റം ആരോപിച്ചാൽ സമൂഹം തിരിച്ച് നിങ്ങളിലും കുറ്റം ആരോപിക്കും. നിങ്ങൾ സമൂഹത്തെ തിരുത്തുവാൻ ശ്രമിക്കുമ്പോൾ സമൂഹം ബലം പ്രയോഗിച്ച് നിങ്ങളെയും തിരുത്തുന്നു. നിങ്ങൾ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുമ്പോൾ സമൂഹം നിങ്ങളുടെ സ്വാതന്ത്ര്യത്തിലും കൈകടത്തുന്നു. സമൂഹത്തെ നന്നാക്കുവാൻ ഇറങ്ങിത്തിരിക്കുന്ന നിങ്ങളെ സമൂഹം അടിമയായി പിടിക്കുന്നു. അതിനാൽ നിങ്ങൾ സമൂഹത്തെ ആദരിച്ചു തുടങ്ങുവിൻ. നിങ്ങളെ തന്നെയും ആദരിക്കുവിൻ. അപ്പോൾ പിന്നെ ജീവിതം എന്തിനുവേണ്ടിയാണ്? മെച്ചപ്പെടുവാൻ ഒന്നുമില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ അർത്ഥം എന്താണ്? ആസ്വാദനത്തിനു വേണ്ടി! എല്ലാം പരിപൂർണ്ണം! അതിനാൽ തന്നെ ആവോളം ആസ്വദിക്കുവിൻ! നിങ്ങൾ ചെയ്യുന്ന എല്ലാ കർമ്മവും ആസ്വാദനത്തിനു വേണ്ടി മാത്രം ചെയ്യുവിൻ! അപ്പോൾ അവ നിഷ്കാമകർമ്മമായി പരിണമിക്കും. ഇപ്രകാരം പരമാനന്ദത്തിലേക്ക് ചുവടു വയ്ക്കുവിൻ. സമൂഹവുമായുള്ള നിങ്ങളുടെ ബന്ധം ഒരു ബന്ധനമാവാതിരിക്കട്ടെ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

വെള്ളിക്കുളങ്ങര ആനപ്പാന്തം ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍നിന്ന് കാണാതായ രണ്ട് ആണ്‍കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. രാജശേഖരന്റെ മകന്‍ അരുണ്‍കുമാര്‍ (ഒമ്പത്), കുട്ടന്റെ മകന്‍ സജിക്കുട്ടന്‍ (15) എന്നീ കുട്ടികളുടെ മൃതദേഹമാണ് വനാതിര്‍ത്തിയിലെ ഫയര്‍ലൈനിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയോടെ കണ്ടുകിട്ടിയത്.

ആറുദിവസമായി കുട്ടികളെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്നു ബന്ധുവീടുകളിലും കുട്ടികള്‍ പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച വെള്ളിക്കുളങ്ങര പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകളിലെ ഉദ്യോഗസ്ഥരും വെള്ളിക്കുളങ്ങര പോലീസും കാട്ടില്‍ പരിശോധന നടത്തിയിരുന്നു.

ശനിയാഴ്ച വനംവകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് തിരച്ചിലാരംഭിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാട്ടില്‍ വിറക് ശേഖരിക്കുന്നതിനിടെ കോളനിയിലെ ചിലര്‍ കുട്ടികളെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. കുട്ടികളുടെ മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

മാര്‍ച്ച് രണ്ടാം തീയതി മുതല്‍ കുട്ടികളെ കാണാതായിരുന്നുവെങ്കിലും വീട്ടുകാരോ ബന്ധുക്കളോ പരാതി നല്‍കിയിരുന്നില്ല. ബന്ധുവീട്ടുകളിലും സമീപത്തുള്ള സ്ഥലങ്ങളിലുമെല്ലാം പോവുന്നവരാണ് കുട്ടികള്‍. അതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. തിരിച്ചെത്താതെ വന്നതോടെ സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പരാതി നല്‍കിയത്.

നൈജീരിയയിലെ സ്‌കൂളില്‍നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ ഇരുന്നൂറിലേറെ കുട്ടികളെ രക്ഷിക്കാന്‍ സൈന്യം രംഗത്ത്. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ നിര്‍ദേശപ്രകാരമാണ് സൈന്യം കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. എട്ടിനും 15നും ഇടയില്‍ പ്രായമുള്ള 287 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.

നെജീരിയയിലെ കടുന സംസ്ഥാനത്തെ ഒരു പട്ടണമായ കുരിഗയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് കഴിഞ്ഞ ദിവസം പ്രദേശവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്. സ്‌കൂള്‍ അസംബ്ലിക്കായി കുട്ടികള്‍ ഗ്രൗണ്ടില്‍ ഒത്തുകൂടിയപ്പോള്‍ മോട്ടോര്‍ സൈക്കിളുകളില്‍ തോക്കുകളുമായി നിരവധി പേര്‍ ഇരച്ചുകയറുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷമാണ് ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയത്. ആക്രമണത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചതായി പ്രദേശവാസികള്‍ പറയുന്നു.

ജൂനിയര്‍ സ്‌കൂളില്‍ നിന്ന് 187 കുട്ടികളെയും പ്രൈമറി ക്ലാസുകളില്‍ നിന്ന് 100 കുട്ടികളെയുമാണ് അക്രമികള്‍ കൊണ്ടുപോയത്.

ഒരാഴ്ചയ്ക്കുള്ളില്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണ് ഇതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസും സൈന്യവും ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ടെങ്കിലും ദിനം പ്രതിയെന്നോണം തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഒരിക്കലും പരിഹാരമുണ്ടാകാത്തതിന്റെ നിരാശയിലാണ് ഇവിടുത്തെ സാധാരണക്കാര്‍ ജീവിതം തള്ളിനീക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൈജീരിയയില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത് 687 പേരെയാണ്. മാര്‍ച്ച് മൂന്നിന് ബോര്‍ണോ സംസ്ഥാനത്തെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് 400 പേരെയെങ്കിലും ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.

2014-ല്‍ ചിബോക്ക് ഗ്രാമത്തിലെ ഒരു സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയതിന്റെ പത്താം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതിയ സംഭവം ഉണ്ടായത്. അന്ന് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയത്. അവരില്‍ 98 പേര്‍ ഇപ്പോഴും തീവ്രവാദികളുടെ കസ്റ്റഡിയിലാണ്. പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളായിരുന്നു.

2002-ല്‍ സ്ഥാപിതമായ ബോക്കോ ഹറാം എന്ന സംഘടന ആയിരക്കണക്കിന് നൈജീരിയക്കാരുടെ മരണത്തിനും തട്ടിക്കൊണ്ടുപോകലിനും ഉത്തരവാദികളായ ഇസ്ലാമിക തീവ്രവാദ സംഘടനയാണ്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ 50,000-ലധികം ക്രിസ്ത്യാനികളാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടത്. നൈജീരിയയിലെ ജനസംഖ്യയില്‍ ഏകദേശം 48.1% ക്രിസ്ത്യാനികളും 50% മുസ്ലീങ്ങളും ആണ്.

നൈജീരിയയുടെ വടക്ക് പശ്ചിമ മേഖലയില്‍ മാത്രമായി പന്ത്രണ്ടിലധികം സായുധ സംഘങ്ങളാണ് പിടിമുറുക്കിയിട്ടുള്ളത്. വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗ്രാമീണരെ തട്ടിക്കൊണ്ടു പോകുന്നത് ഇവിടെ പതിവാണ്. തട്ടിക്കൊണ്ടു പോകലിന് ഏറെയും ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്.

ബൊക്കോ ഹറാം എന്ന തീവ്രവാദി സംഘടന രൂപം കൊണ്ടതോടെയാണ് നൈജീരിയയിലെ ക്രൈസ്തവ വിരുദ്ധത ശക്തി പ്രാപിച്ചത്. ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ നിരവധി ക്രൈസ്തവരെയാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ കൊന്നെടുക്കുന്നത്. അതിനൊപ്പം ഫുലാനി തീവ്രവാദികളും കൂടി നരഹത്യ തുടര്‍ന്നതോടെ ക്രൈസ്തവരുടെ ദുരിതം പൂര്‍ത്തിയായി. 2015-ല്‍ മാത്രം 7,000-ത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. 14 ദശലക്ഷം പേര്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ, വിറ്റ്ചർച്ച്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിട്ടൻ ക്ലബ്ബിന്റെ ഏഴാം വാർഷികാഘോഷങ്ങൾ മാർച്ച്‌ 9, ശനിയാഴ്ച ബ്രിസ്റ്റളിൽ നടക്കും. സന്നദ്ധ സേവന രംഗത്തും, ഭാരതീയ കലാ സാംസ്‌കാരിക പൈതൃകകലകളെ ഇംഗ്ലണ്ടിൽ അവതരിപ്പിക്കാനും എന്നും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് കോസ്മോപൊലിട്ടൻ ക്ലബ്ബ്‌ ബ്രിസ്റ്റൾ.

വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങ് ആരംഭിക്കുന്നത് പ്രശസ്ത നർത്തകിയും,നൃത്താധ്യാപികയുമായ ശ്രീമതി അപർണ പവിത്രൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തോട് കൂടിയാണ്.

മലയാള ചലച്ചിത്ര ഗാനശാഖക്ക് നിരവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച സംഗീത സംവിധായകൻ ശ്രീ കെ ജെ ജോയിക്ക് ആദരം അർപ്പിച്ച് “നൊസ്റ്റാൾജിയ ”
എന്ന പ്രത്യേക സംഗീത സന്ധ്യയും അരങ്ങേറും.
പ്രശസ്ത ഗായകർ ഈ ചടങ്ങിൽ ഗാനർച്ചന ആലപിക്കും.
ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും ചടങ്ങുകൾക്ക് ശേഷം നടക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് :07754724879(വാട്സ്ആപ്പ് )

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്ച ചേരും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താന്‍ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതായാണ് സൂചന.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുകയാണ്. ഈ സന്ദര്‍ശനം പൂര്‍ത്തിയായാല്‍ ഉടന്‍ കമ്മിഷന്റെ സമ്പൂര്‍ണയോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് ഒരു ഡസനോളം പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ചില വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും അവസാന കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് സി.എ.എ. ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി 3400 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് പത്തിനാണ് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് 2019-ലെ തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. കേരളത്തില്‍, ആദ്യ നാലുഘട്ടങ്ങളില്‍ ഒന്നില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

ഇരട്ടകൊലപാതകം നടത്തിയെന്ന കേസില്‍ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ കിട്ടാൻ സാധ്യത. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

നിലവില്‍ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം തെളിവെടുപ്പ് നടത്തിയേക്കും.

കസ്റ്റഡിയില്‍ കിട്ടിയാല്‍ വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമുടിയെന്ന് സംശയിക്കുന്ന കാഞ്ചിയാറിലെ വീട്ടില്‍ പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതി വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കൊലപാതകം നടന്നോയെന്ന് കണ്ടെത്താൻ വീടിന്റെ തറയടക്കം പൊളിച്ചു പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇടുക്കി കട്ടപ്പനയില്‍ ആണ് ആഭിചാര കൊലയെന്നാണ് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മോഷണ കേസിലെ പ്രതികളെ കുറിച്ചുള്ള അന്വേഷണത്തനിടിയിലാണ് ഇരട്ടക്കൊലപാതകം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.

കട്ടപ്പനയിലെ വർക്ക് ഷോപ്പില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണിപ്പോള്‍ വഴിത്തിവിലെത്തിയിരിക്കുന്നത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസില്‍ അറസ്റ്റിലായത്. മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയില്‍ താമസിക്കുന്ന വിഷ്ണുവിൻറെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഈ സമയത്ത് വിഷ്ണുവിൻറെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരെ മോചിപ്പിച്ച ശേഷം പോലീസ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

വീട്ടിലെ അസ്വാഭാവികമായ സാഹചര്യവും പോലീസില്‍ സംശയം ജനിപ്പിച്ചു. ഈ വീട്ടില്‍ താമസിച്ചിരുന്നു വിഷ്ണുവും നിതീഷും അമ്മയും സഹോദരിയും നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. വിഷ്ണുവിന്റെ സഹോദരിയില്‍ നിന്നാണ് കൊലപാകതം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ആറുമാസം മുമ്ബ് ഇവരുടെ അച്ഛൻ വിജയനും നിതീഷും തമ്മിലുണ്ടായി അടിപിടിയില്‍ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടുവെന്നും മൊഴി നല്‍കിയിട്ടുണ്ട്.

വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തില്‍ 2016 ല്‍ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോള്‍ കഴുത്തുഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്. പരിക്കേറ്റ് വിഷ്ണു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പീരുമേട് സംബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന നിതീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം വീടിനുള്ളില്‍ കുഴിച്ച്‌ പരിശോധിക്കാനാണ് പോലീസിൻറെ തീരുമാനം. നിതീഷ് പൂജാരിയാണ്. നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ഇടുക്കി: ഇരട്ടകൊലപാതകം നടത്തിയെന്ന കേസില്‍ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ കിട്ടാൻ സാധ്യത. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. നിലവില്‍ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയാല്‍ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം തെളിവെടുപ്പ്…

RECENT POSTS
Copyright © . All rights reserved