Latest News

കൈരളി ബർമിംഗ്ഹാം സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 8-ാം തീയതി ഞായറാഴ്ച നടക്കും. റെഢിച്ചിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിന് കൊട്ടും കുരവയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, കലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ അനുബന്ധമായി റീൽസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. റീൽസ് മത്സര വിജയികളെ കാത്തിരിക്കുന്നത് 250 പൗണ്ട് ക്യാഷ് പ്രൈസ് ആണ് . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് റീൽസ് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 5-ാം തീയതി ആണ് . മറ്റ് വിവരങ്ങൾ വാർത്തയ്ക്കൊപ്പം നൽകിയിട്ടുള്ള നോട്ടീസിൽ ലഭ്യമാണ്.

ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുതിർന്നവർക്ക് 8 പൗണ്ട് ആണ് എൻട്രി ഫീ . വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. പരിപാടികൾ ഒക്ടോബർ എട്ടാം തീയതി 11:00 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിറ്റൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. “കർണാടക സംഗീതവും ഗസൽ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയിൽ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉൾപ്പെടുത്തി ” ശ്രീ രാഗം 2023″ ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 5:30 ന് പെൻസ്‌ഫോഡ് വില്ലജ് ഹാളിൽ നടക്കും. സംഗീത വിദ്വാൻ ശ്രീ ആർ.എൽ.വി ജോസ് ജെയിംസിന്റെ കർണാടക സംഗീത കച്ചേരിയിൽ വയലിൻ ശ്രീ ശ്യാം ബലമുരളിയും, മൃദംഗം ശ്രീ കൊച്ചിൻ അകാശും വായിക്കും. ഗസൽ, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ ശ്രീ സന്ദീപ് കുമാറും, ശ്രീമതി അനു ചന്ദ്രയും “ശ്രീ രാഗം 2023 “യിൽ പങ്കെടുക്കും.

പരിപാടിയിലേക്ക് പ്രീ രജിസ്ട്രേഷൻ ചെയ്ത് പാസ്സ് വാങ്ങേണ്ടതാണ്. സൗജന്യമായി പാസ്സ് വാങ്ങാൻ കോസ്മോപൊലീറ്റൻ ക്ലബ്ബിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയക്കുക. നിങ്ങളുടെ മുഴുവൻ പേരും എത്ര adult/ child/ infants ടിക്കറ്റുകൾ വേണമെന്ന് ശ്രീരാഗം 2023 ടിക്കറ്റ് എന്ന പേരിൽ 077 54 724 879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക. സ്ഥല പരിമിതി മൂലം വളരെ കുറച്ചു പാസ്സുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന്‌ സംഘാടകർ അറിയിച്ചു.

രാധാകൃഷ്ണൻ മാഞ്ഞൂർ

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, ഇറ്റാലിയൻ , ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലായി ഈ ചിത്രം അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ബേബിച്ചൻ ഏർത്തയിൽ എഴുതി കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നും “വിമല ബുക്സ്” പ്രസിദ്ധീകരിച്ച “പുല്ലുവഴിയിൽ നിന്നും പുണ്യ വഴിയിലേക്ക്”,”ഉദയനഗറിലെ സുകൃത താരകം” എന്നീ ഗ്രന്ഥങ്ങളാണ് ചിത്രത്തിന്റെ പ്രൈം സ്റ്റോറി.

ഉത്തരേന്ത്യയിലെ ബിജ്നോർ , സാത്‌ന , ഇൻഡോർ തുടങ്ങിയ മേഖലകളിലെ വിദൂര ഗ്രാമങ്ങളിൽ തൊഴിലില്ലായ്മയും, പട്ടിണിയും മൂലം ജീവൻ നിലനിർത്താൻ കുടിവെളളം പോലും മോഷ്ടിക്കേണ്ടി വരുന്ന നിരക്ഷരരായ ഗ്രാമീണർ . ബാങ്ക് വായ്പകളും സർക്കാർ ആനുകൂല്യങ്ങളും പണവും , സ്വാധീനവുമുള്ളവർ മാത്രം നേടിയെടുക്കുന്നു.

സ്ത്രീകളും, പെൺകുട്ടികളും മനുഷ്യത്വരഹിതമായി അപമാനിക്കപ്പെടുo. ഇത്തരം അനീതികൾക്കെതിരെ പോരാടാൻ ധീരയായ ഒരു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി രംഗത്തിറങ്ങുന്നു.- സിസ്റ്റർ റാണി മരിയ. ജാതിയും, മതവും അവരുടെ 21 വർഷത്തെ സേവനത്തിന് തടസ്സമായില്ല. എങ്കിലും ആ മനുഷ്യക്കോലങ്ങൾക്കു വേണ്ടി അവൾക്കു സ്വജീവൻ ഹോമിക്കേണ്ടി വന്നു. കേരളത്തിലെ പുല്ലുവഴിയിൽ നിന്നു് പുണ്യ വഴിയിലേക്ക് നിറഞ്ഞ പ്രാർത്ഥനയോടെ ദൈവ വഴിയിലൂടെ യുള്ള വിശുദ്ധ സഞ്ചാരം. യഥാർത്ഥ സംഭവ കഥയുടെ ചലച്ചിത്രാനുഭവം.

മതങ്ങൾക്കുപരി മനുഷ്യസമത്വവും സാഹോദര്യവും ഉയർത്തിപ്പിടിച്ച് പോരാടിയ ഒരു സ്ത്രീ രത്‌നത്തിന്റെ സേവനങ്ങളും സഹനങ്ങളും 120 ൽപ്പരം ഗ്രാമങ്ങളുടെ സമഗ്ര വികസനവും ലക്ഷ്യപ്രാപ്തിയും ഈ മഹത്തായ ചലച്ചിതത്തിൽ അനാവരണം ചെയ്യുന്നു. അതെ സ്ത്രി ശാക്തീകരണത്തിന്റെ ശബ്ദം ഇവിടെ മുഴങ്ങുന്നു. അടിച്ചമർത്തപ്പെട്ട പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലേക് സമാധാനകാംക്ഷികളായ സഹോദരി സഹോദരൻമാർ നടത്തു൬ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും, സമരങ്ങളും വിജയഗാഥകളുമാണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്.

12 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ൽപ്പരം പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രത്തിൽ സിസ്റ്റർ റാണി മരിയയായി 2022 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ് വിൻസി അലോഷ്യസ് എത്തുന്നു.

പ്രൊഫസ്സർ . ഡോ. ഷെയിസൺ .പി. യൗസേപ്പിന്റെ മികച്ച സംവിധാനം 120 ൽപ്പരം സിനിമകളിൽ പ്രവർത്തിച്ച രഞ്ചൻ എബ്രാഹമിന്റെ എഡിറ്റിംഗ് , ദേശീയ അവാർഡ് ജേതാവും പ്രശസ്ത നടൻ ഷാരൂഖ് ഖാൻ സിനിമകളുടെ ക്യാമറാമാനുമായ മഹേഷ് ആനേയുടെ ഫോട്ടോഗ്രാഫി എന്നിവ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.

പ്രൊഡ്യൂസർ: സാന്ദ്ര ഡിസൂസ റാണ . സ്ക്രിപ്റ്റ് – അനന്തൻ ജയ പാൽ, സംഗീതം – അൽഫോൻസ് ജോസഫ് , ഗായകർ :Ks. ചിത്ര. ഹരിഹരൻ , കൈലേഷ്ക്കർ. വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി.

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

മുഴുവന്‍ പേര് മാങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍. 1925 ആഗസ്റ്റ് 7-ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്.

1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി. ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തുടര്‍ച്ച നല്‍കി പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ മികവു തെളിയിച്ചിട്ടുണ്ട്.

കാര്‍ഷിക രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുവാന്‍ ആഗ്രഹിച്ച് മൗലികമായ കാര്‍ഷികശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ടുവച്ച് നടപ്പാക്കിയ കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു എം.എസ് സ്വാമിനാഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഹരിത വിപ്ലവം എന്ന പദം കേള്‍ക്കുമ്പോള്‍ത്തന്നെ അതിന്റെ മുഖ്യശില്‍പി ആയിരുന്ന സ്വാമിനാഥനാണ് ഓര്‍മ്മയിലെത്തുന്നത്. വലിയ തോതില്‍ വിളവ് ഉണ്ടാകുന്നതിനുതക്ക വിധത്തില്‍ വിത്തുകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ കാര്‍ഷിക രംഗത്തെ വന്‍ തോതില്‍ ജനകീയമാക്കുന്നതിന് സഹായകമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ 2023 -2024 വർഷത്തെ പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രവീൺ കുമാർ പ്രസിഡന്റ്, പ്രിൻസ് സേവിയർ, സുനിൽ ജോസഫ് വൈസ്പ്ര സിഡന്റ്‌മാർ. സെക്രട്ടറി ജിക്കു ഫിലിപ്പ്. ജോയിന്റ് സെക്രട്ടറിമാരായി ഇന്ദു എലിസബത്ത് ജോസഫ്, ജെറി ജോർജ്, സ്മിത അഭിലാഷ്, ട്രെഷറർ മാരായി സെബാസ്റ്റ്യൻ തോമസ്, സേവിയർ വിനു, എക്സിക്യൂട്ടീവ് മെബർമാരായി ജെസ്ബിൻ അലക്സാണ്ടർ, അജു ജോസഫ്, ജിജോ ഗണേഷ്, ആൻസി തോമസ്, ആൻസി അച്ചു എബ്രഹാം, ടീനാ എല്യാസ് എന്നിവരും. റെക്സാം കേരളാ കമ്മ്യൂണിറ്റിയുടെ അഡ്വൈസറി ബോഡി മെമ്പർമാരായി ബെന്നി തോമസ്, മനോജ്‌ ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) റെക്സമിലും പരിസര പ്രദേശത്തും വസിക്കുന്ന മലയാളികളുടെ കൂട്ടായ്മ യാണ്. ഇതിൽ ജാതി, മത, രാഷ്ട്രീയ വേർതിരുവുകൾ ഇല്ലാതെ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ഒത്തൊരുമയോടെ അന്യനാട്ടിൽ ആയിരിക്കുമ്പോൾ ഏതൊരു മലയാളിക്കും ഒരു കൈത്താങ്ങായി നിലകൊള്ളും. ഏതൊരു അത്യാവശ്യ സാഹചര്യത്തിലും ആർക്കും റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ സഹായം ചോദിക്കാവുന്നതാണ്. ഈ കമ്മിറ്റി അംഗങ്ങളെ ഈ ഗ്രൂപ്പ്‌ വഴിയോ പേർസണൽ ആയോ ബന്ധപെടാവുന്നതാണ്.

റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, ക്രിസ്മസ്, ന്യൂ ഇയർ, ഈസ്റെർ, വിഷു എന്നിവ സമുക്തമായി ആഘോഷിക്കുന്നതാണ്. എല്ലാവരുടെയും സഹകരണത്തോടെ ഓണം പ്രൗഡ ഗംഭീരം നടത്താൻ കഴിഞ്ഞു. ഇനി നമ്മുടെ പ്രധാന ആഘോഷമായ ക്രിസ്മസ്, ന്യൂ ഇയർ ഡീസബർ 30- തിയതി നടത്തപെടുന്നു. മനസിനും, കാതിനും ആനന്ദവും,ഉല്ലാസവും പകരുന്ന നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ള കുട്ടികളും മുതിർന്നവരും കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതാണ്. എല്ലാവരുടെയും പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നു. നമ്മുടെ ഏവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നമ്മുടെ വിജയത്തിന്റെ രഹസ്യം. ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ രെജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്. നമ്മുടെ ഹാൾ പരിമിതി മൂലം പങ്കെടുക്കുന്നവരുടെ എണ്ണം ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ ക്രമം ആയിരിക്കും.. എല്ലാം വരെയും ക്രിസ്മസ് പുതു വത്സര ആഘോഷത്തിലേക്ക് റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

ജോർജ്‌ മാത്യു

ലെസ്റ്റർ സെന്റ് ജോർജ്‌ ഓർത്തഡോക്സ്‌ ഇടവകയുടെ അഭിമുഖ്യത്തിൽ നടന്ന മെസ്‌തൂസോ സീസൺ -2 ഗാനമത്സരം പ്രൗഢഗംഭീരമായി സമാപിച്ചു.യുകെയിലെ വിവിധ ഇടവകയിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മൽസരം അത്യന്തം വാശിയേറിയ ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരുന്നു.നിലവിളക്കിൽ തിരി തെളിയിച്ചു ലെഫ്‌റോ ബിഷപ്പ് സാജു മുതലാളി (ചർച്ച ഓഫ്‌ ഇംഗ്ലണ്ട് ) മത്സരം ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ: വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.ഫാ: ടോം ജേക്കബ് ,ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോൺസൺ പി. യോഹന്നാൻ ,വിനോദ് കൊച്ചുപറമ്പിൽ ,ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.ഇടവക വികാരി ഫാ:ബിനോയ് ജോഷ്യ സ്വാഗതവും,ട്രസ്റ്റി മെബിൻ മാത്യു നന്ദിയും പറഞ്ഞു.

ഗാനമത്സരത്തിൽ സെന്റ് മേരീസ് ഐഒസി മാൻസ് ഫീൽഡ് ,ഹോളി ഇന്നസെന്റ്സ് ഐഒസി സൗത്ത് വെയിൽസ്‌,സെന്റ് ജോർജ്‌ ഐഒസി മാഞ്ചസ്റ്റർ ,സെന്റ് ജോർജ്‌ ഐഒസി സിറ്റി ഓഫ് ലണ്ടൻ എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്ന് ,നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.ബെസ്ററ് അറ്റയർ അവാർഡ് സെന്റ് തോമസ്‌ ഐഒസി കേംബ്രിഡ്‌ജും,റൈസിംഗ് യൂങ്സ്റ്റേഴ്‌സ് അവാർഡ് സെന്റ് തോമസ്‌ ഐഒസി പൂളും സ്വന്തമാക്കി.സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫനോസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും,ട്രോഫിയും വിതരണം ചെയ്തു.ഇടവകകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും,കൂട്ടായ്മയ്ക്കും ഇത്തരം മൽസര വേദികൾ സഹായകമാകുമെന്ന് തിരുമേനി ചൂണ്ടികാട്ടി.ഫാ:വർഗീസ് ജോൺ,ഫാ:മാത്യു അബ്രഹാം,ഫാ.എൽദോ വർഗീസ് ,റെവ .റിച്ചാർഡ് ട്രെത് വേ (റെക്ടർ സെന്റ് പീറ്റേഴ്സ് ചർച്ച് ) എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.ഇടവക സെക്രട്ടറിയും ,പ്രോഗ്രാം കോഓർഡിനേറ്ററുമായ ജോജി വാത്തിയാട്ട് നന്ദി രേഖപ്പെടുത്തി.

ഈ വരുന്ന ഒക്ടോബർ ഏഴിന് ശെനിയാഴ്ച ലിവർപൂളിൽ ലിമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “Blood stem cell donor registration camp“ ലേക്ക്  ലിവർപൂളിലെ എല്ലാ നല്ലവരായ മലയാളികളെയും സംഘടനാ ഭേദമന്യേ ഞങ്ങൾ ക്ഷണിക്കുകയാണ്.

എന്താണ് “ Blood stem cell donor registration“ കൊണ്ട് ഉദ്ദേശിക്കുന്നത്?.

ഏതെങ്കിലും ക്യാൻസർ രോഗിക്ക് ബ്ളഡിലെ സ്റ്റെം സെൽ ആവശ്യമായി വരുന്ന പക്ഷം അനുയോജ്യമായ ദാദാക്കളെ എത്രയും പെട്ടന്ന് കണ്ടുപിടിക്കുന്നതിനായി നമ്മുടെ വായിൽ നിന്നും സ്വാബ് കളക്റ്റ് ചെയ്ത് റിക്കാഡ് ‌ ചെയ്യുന്നതാണ് ഈ പ്രോസസ്സ്.

ട്രെയിൻഡ് ആയിട്ടുള്ള സന്നദ്ധ പ്രവർത്തകരാണ് ഈ സ്വാബ്‌ ശേഖരിക്കുന്നത്.

യുകെയിലെ DKMC, Delete Cancer തുടങ്ങിയവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന Upahar എന്ന ചാരിറ്റി സംഘടനയുടെ സന്നദ്ധപ്രവർത്തകർ ഇതിനായി ലിവർപൂളിൽ എത്തുന്നതായിരിക്കും.

എത്‌നിക് മൈനോറിറ്റി ഗ്രൂപ്പിലുള്ള നമുക്ക് ഇതേ മൈനോറിറ്റി ഗ്രൂപ്പിൽ ഉള്ളവരുടെ സ്റ്റെം സെൽ മാത്രമേ മാച്ച് ആവുകയുള്ളൂ. അതുതന്നെയാണ് ഇത്തരം ഒരു കാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ പ്രധാന ഉദ്ദേശവും.

ഇവിടെയെത്തിയിട്ടുള്ള പഴയ ആളുകളിൽ ഭൂരിഭാഗവും രെജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പുതുതായി എത്തിയിട്ടുള്ളവർ സാധിക്കുന്ന എല്ലാവരുംതന്നെ വന്ന് സഹകരിക്കണം എന്ന് അപേക്ഷിക്കുകയാണ്.

ഇനിയും രെജിസ്റ്റർ ചെയ്യാത്ത ആർക്കും വന്ന് രെജിസ്റ്റർ ചെയ്യാവുന്നതാണ്.

കൊച്ചി: മുളന്തുരുത്തി ചങ്ങോലപാടം റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപന പാതയുടെ നിര്‍മ്മാണ പുരോഗതിയും, മേല്‍പ്പാല നിര്‍മ്മാണം മൂലം മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ഗതാഗത പ്രശ്‌നങ്ങളും സംബന്ധിച്ച അവലോകന യോഗം എറണാകുളം ജില്ലാ കലക്ടറുടെ ചേമ്പറില്‍ തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ നടന്നു.

ഗതാഗത തിരക്ക് കണക്കിലെടുത്തു മേല്‍പ്പാല സമീപന പാതയുടെ നിര്‍മ്മാണം അടുത്ത മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ വിലയിരുത്തി. ശബരിമല തീര്‍ഥാടന കാലം, മുളന്തുരുത്തി പള്ളി പെരുന്നാള്‍, കാഞ്ഞിരമറ്റം പള്ളിയിലെ ചന്ദനക്കുട മഹോത്സവം എന്നിവ നടക്കാനിരിക്കെ ഉണ്ടാകുന്ന അധിക വാഹന തിരക്ക് കണക്കിലെടുത്തു നിലവിലെ റോഡിലൂടെ ചെറു വാഹനങ്ങള്‍ കടന്നുപോകുന്നതിനായുള്ള സജ്ജീകരങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം എന്ന് എം.പി നിര്‍ദേശിച്ചു.

യോഗത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍, എന്‍.എസ്.കെ ഉമേഷ്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളാ (RBDCK) ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ദുര്‍ഗാപ്രസാദ്, ജോര്‍ജ് ചമ്പമല എന്നിവര്‍ പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ തനത് സാംസ്‌കാരിക ചിത്രകലാരൂപമായ ചുമർ ചിത്രകലയെ ലോക കലാ ശ്രദ്ധയിലേക്ക് പരിചയപ്പെടുത്താൻ സെപ്റ്റംബർ 29 -ന് കോൺഫറൻസ് സംഘടിപ്പിക്കുന്നു.

ലോകത്തിന്റെ എല്ലാ കലാരൂപങ്ങൾക്കും മുൻപ് ഉണ്ടായതു ചിത്രങ്ങൾ ആണ് .ആദിമ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകൾ ആയി നാം കാണുന്ന പ്രാക്തനാ കലാ ഗുഹാ ചിത്രങ്ങൾ തുടങ്ങി ആ സംസ്‍കാരം നമ്മെ ചൂഴ്ന്നു നിൽക്കുന്നു .

സംസാകാരിക നവോഥാനത്തോടെ ചിത്രങ്ങൾ മനുഷ്യന്റെ ജീവിത ഗന്ധിയായ അനുഭവങ്ങൾ കൂടി ചാലിച്ചു ചേർത്ത് സാംസ്‌കാരിക ചൂണ്ടുപലകയുടെ നേർകാഴ്ചയായി മാറുന്നു . പിന്നീട് നാം കാണുന്നത് ആയിരത്താണ്ടു വർഷങ്ങൾകൊണ്ട് ചിത്രകല സംസ്‌കാരം ആകുന്നതും ,ആ സംസ്കാരം ഒരുപാടു അടയാളപ്പെടുത്തലുകൾ ആവുന്നതും നമ്മൾ കണ്ടു .പഠനപരമായ തിരിച്ചറിവുകൾ ഉണ്ടാകുവാൻ ഉദാഹരണം ആകുന്നതും ഈ ചിത്ര ശേഷിപ്പുകളിലൂടെ തന്നെ .

ഗുഹാ ചിത്രങ്ങൾ എന്നാൽ ആദിമ മനുഷ്യന്റെ ജീവിതം എന്നാണ് അർഥം ആക്കേണ്ടത് ,അവിടെനിന്നു പിന്നീട് ഈജിപ്ത്യൻ ചിത്രങ്ങൾ , അതുകഴിഞ്ഞു അജന്താ/എല്ലോറ ചിത്ര ശില്പങ്ങൾ അതുംകഴിഞ്ഞു കേരളത്തിന്റെ തെക്കേയറ്റം തിരുനന്ദിക്കര ഗുഹാ ക്ഷേത്രത്തിലൂടെ ഒരു മഹാ പൈതൃകം കെട്ടിപ്പടുക്കുമ്പോൾ കാലത്തിന്റെ നെറുകയിൽ അതൊരു അടയാളപ്പെടുത്താൽ ആകുമെന്ന് അന്നാരും കരുതിയിരിക്കില്ല .

എന്നാൽ പിന്നീട് ക്ഷേത്രത്തിലും ,കൊട്ടാരങ്ങളിലും , പള്ളികളിലും ചിത്രങ്ങൾ ഒരു കലാപ്രസ്‌ഥാനമായി മാറുമ്പോൾ ഏകദേശം എട്ടാം നൂറ്റാണ്ടുമുതൽ 19 ആം നൂറ്റാണ്ടുവരേയുള്ള കാലഘട്ടത്തെ വളരെ പഠനപരമായ ശ്രദ്ധയോടെ നമുക്ക് നോക്കി കാണേണ്ടി വരുന്നു .

ലോക കലാശ്രദ്ധയെ തന്നെ ഈ കൊച്ചു കേരളത്തിലേക്ക് ആനയിച്ചെടുത്ത കേരളത്തിന്റെ പൈതൃക സമ്പത്തായ ചുമർചിത്രങ്ങൾ മാത്രമായിരുന്നു അതിന്റെ പിന്നിൽ . ചുമര്ചിത്രങ്ങളുടെ ഉത്ഭവം മുതൽ അവസാനം വരെ വളരെ സവിശേഷമായ പ്രത്യേകതകൾ കലാശ്രദ്ധയെ ആകർഷിക്കാറുണ്ട് .നിറങ്ങൾ ,ചുമർ നിർമ്മാണം ,ബ്രഷുകൾ, വിഷയങ്ങൾ, വരയ്ക്കുന്ന ഇടങ്ങൾ ,അങ്ങിനെ പലതും പ്രാധാന്യത്തോടെ നമുക്ക് പഠനവിഷയം ആകുന്നു .

അതുകൊണ്ടുതന്നെ ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമാകുന്ന ഈ കലാശാഖ യിലൂടെ ഒരു അറിവിന്റെ യാത്രക്കു ഒരുങ്ങുന്നു .കേരളത്തിന്റെ ചുമർ ചിത്രങ്ങളിലൂടെ ……….കൂടെ പ്രശസ്ത ചിത്രകാരനും ചുമർചിത്ര കലയിലെ ആദ്യ ഡോക്ടറേറ്റ് നേടിയ ,കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ചുമര്‍ചിത്രകലാ വകുപ്പ് മേധാവി യും ആയ ഡോ. സാജു തുരുത്തിൽ നമ്മോടൊപ്പം ചേരുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഇയാളെന്തു തേങ്ങയാ ഈ പറയുന്നേ ? വിവാഹം കഴിച്ചവർ പ്രണയിക്കുന്നത് സെക്സിനു വേണ്ടി മാത്രമാണോ ?
ഇനി അഥവാ അവർ പ്രണയിച്ചാൽ പോലും രണ്ടുപേർക്കും രണ്ടുപേരുടെയും ലിമിറ്റേഷൻഷ് അറിയില്ലേ …. താൻ കെട്ടിയതാണെന്നും മറ്റവൻ കെട്ടിയതോ കെട്ടാത്തവനോ ആണെന്നും രണ്ടുപേർക്കുമറിയാനുള്ള വകതിരിവൊക്കെ ഇന്നത്തെ ആൺ പെൺ സൗഹൃദങ്ങൾക്കിടയിൽ ഉണ്ടെന്നാണ് ഞാൻ കരുതുന്നത് …..

മാത്രവുമല്ല , ഈ പുള്ളിയുടെ പറച്ചിലിൽ പെണ്ണുങ്ങളോട് മാത്രമാണ് സഹതാപം , താക്കീത് ….പുള്ളിയുടെ അഭിപ്രായത്തിൽ പെണ്ണുങ്ങൾ മാത്രമാണ് ശ്രദ്ദിക്കേണ്ടത് …(കഷായം ഗ്രീഷ്‌മയെയും , സൂപ്പ് ജോളീയേയുമൊക്കെ ഇയാൾക്ക് അറിയില്ലെന്ന് തോന്നണു )

പുള്ളിയുടെ അഭിപ്രായത്തിൽ ആണുങ്ങളെല്ലാം പരിശുദ്ധർ , വീടിനുവേണ്ടി , മക്കൾക്കുവേണ്ടി,ചിട്ടികെട്ടാൻ വേണ്ടി പണിയെടുക്കുന്നവർ….
പെണ്ണുങ്ങൾ, അവരിങ്ങനെ വീട്ടിൽ ചുമ്മാ ഇരുന്നു ചൊറികുത്തുന്നു…

അതിനാൽ ഇങ്ങനത്തെ ഇൻഫോർമേഷൻ വല്യ സംഭവമായി പെയിന്റടിച്ചു കാണിക്കുന്ന ആളോട് ഒരു വാക്ക് ….
ഒരാൾ ഒരാളെ വിവാഹം ചെയ്തുവെന്നതിനർത്ഥം വിവാഹം ചെയ്തു എന്ന് മാത്രമാണ് …അല്ലാതെ അയാൾ മരിച്ചുവെന്നല്ലല്ലോ ?
ജീവനുള്ള ഒരാൾക്കൊരാളോട് എപ്പോൾ വേണമെങ്കിലും ഇഷ്ടം തോന്നാം, ചിലർ അതിനെ കൺട്രോൾ ചെയ്യുന്നു, മറ്റു ചിലർ ത്രിശങ്കു സ്വർഗത്തിൽ പെട്ടപോലെ മറ്റുള്ളവരെ പേടിച്ചു അടങ്ങിയിരിക്കുന്നു , ഇനി മറ്റുചിലർക്ക് അവരുടെ കൺട്രോൾ പോകുന്നു , ഒളിച്ചോടുന്നു ചർച്ച വിഷയമാകുന്നു . ….

അല്ലാതെ ഈ പഹയൻ പറയുന്നത് പോലെ ഒരാണും പെണ്ണും മിണ്ടി നടക്കുമ്പോളേയ് അവൻ സെക്സിനും ഇവൾ തലയിലാകാനും വേണ്ടി നടക്കുന്നവരല്ല….
സേട്ടനെന്നെ പീഡിപ്പിച്ചില്ലേ എന്നെ കെട്ടാമോ ചേട്ടാ എന്നെ കെട്ടാമോ ചേട്ടാ എന്നും പറഞ്ഞു മൂക്കള ഒലിപ്പിച്ചു നടക്കുന്ന പെണ്ണുങ്ങളുടെ കാലമൊക്കെ പോയി …. മാത്രവുമല്ല ഇവർ രണ്ടുപേരുടെയും സ്വകാര്യ സമയങ്ങളിൽ വരുന്ന സംസാരങ്ങൾ, കളിതമാശകൾ,കഥകൾ അവ ഇനി എന്ത് തന്നെയുമായിക്കൊള്ളട്ടെ അത് അവർ രണ്ടുപേരും ഒരേ പോലെ എൻജോയ് ചെയ്യുന്നില്ലേ . പിന്നെ ഒരാൾ മറ്റൊരാളെ ചതിക്കുന്നത് എങ്ങനാണ് ?

ആരും ആർക്കും ജീവഹാനി വരുത്താതെ നമ്മുടെ മൊറാലിറ്റി / ധാർമ്മികത കീപ്പ് ചെയ്തു ജീവിക്കുക …..

 

RECENT POSTS
Copyright © . All rights reserved