മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ് ജി. സുധാകരന്‍. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന എന്‍ജിഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് ജി. സുധാകരന്‍ പറഞ്ഞത്.
‘തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15% പേരും വോട്ടുചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല’- അദ്ദേഹം പറഞ്ഞു.
‘എന്‍ജിഒ യൂണിയനില്‍പെട്ടവരെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല, അങ്ങനെ പ്രത്യേകം നിഷ്‌കര്‍ഷകളുമില്ല. രാഷ്ട്രീയമില്ലാത്ത സംഘടനയാണ് എന്‍ജിഒ. ഏത് പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും ഈ സംഘടനയില്‍ ചേരാം. പക്ഷേ, ഒരു തിരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ അത് തുറന്നുപറയണം, ഞാന്‍ ഈ വ്യക്തിക്കാണ് വോട്ട് ചെയ്യുക എന്ന്. അല്ലാതെ, പോസ്റ്റല്‍ ബാലറ്റ് ഒട്ടിച്ചുതന്നാല്‍ നിങ്ങളുടെ തീരുമാനം ആരും അറിയില്ല എന്ന് കരുതരുത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു ദേവദാസ് മത്സരിച്ചത്. യൂണിയനിലെ മിക്കവര്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം ഒരു പ്രവര്‍ത്തി ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പതിനെട്ടായിരം വോട്ടിന് ദേവദാസ് തോറ്റു.
കുടുംബശ്രീക്ക് കീഴില്‍ കേരളത്തില്‍ സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് അവസരം. നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ (NRLM) പദ്ധതിക്ക് കീഴില്‍ ഫിനാന്‍സ് മാനേജര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
താല്‍പര്യമുള്ളവര്‍ മെയ് 28ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
കുടുംബശ്രീ സംസ്ഥാന മിഷന്‍, എന്‍ആര്‍എല്‍എം പദ്ധതിയില്‍ ഫിനാന്‍സ് മാനേജര്‍ റിക്രൂട്ട്‌മെന്റ്. 2026 മാര്‍ച്ച് 31 വരെയാണ് കരാര്‍ കാലാവധി. തിരുവനന്തപുരം ജില്ലയിലാണ് നിയമനം നടക്കുക.
പരമാവധി 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 30.01.1985ന് ശേഷം ജനിച്ചവരായിരിക്കണം.
സിഎ/ സിഎ ഇന്റര്‍മീഡിയേറ്റ്/ എംകോം എന്നിവയില്‍ ഏതെങ്കിലും യോഗ്യത വേണം.
ടാലി സോഫ്റ്റ് വെയറില്‍ പരിജ്ഞാനം ആവശ്യമാണ്.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/ പ്രോജക്ടുകള്‍, അല്ലെങ്കില്‍ കുടുംബശ്രീയില്‍ അക്കൗണ്ടന്റായി കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
എല്ലാ ഉദ്യോഗാര്‍ഥികളും 500 രൂപ അപേക്ഷ ഫീസായി നല്‍കണം. ഓണ്‍ലൈനായി അടയ്ക്കണം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷനില്‍ നിന്ന് എന്‍ആര്‍എല്‍എം വിജ്ഞാപനം കാണുക. ശേഷം അപ്ലൈ ഓണ്‍ലൈന്‍ ബട്ടണ്‍ തിരഞ്ഞെടുത്ത് നേരിട്ട് അപേക്ഷിക്കാം.
പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 യോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഒക്ടോബര്‍ 22-നാണ് പതിയാരം പള്ളിയില്‍ വികാരിയച്ചനായി ലിയോ പുത്തൂർ ചാര്‍ജ്ജെടുത്തത്. ഉച്ചക്ക് പള്ളിമണിയടിക്കുന്നതിനായി കപ്പിയാര്‍ അച്ചനെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് കൈക്കാരനെ വിവരമറിയിച്ചു. തുടർന്ന് പള്ളിയോടു ചേര്‍ന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലേക്ക് ജനലിലൂടെ കൈക്കാരന്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
പള്ളി ജീവനക്കാരും നാട്ടുകാരും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ആറ് വര്‍ഷം മുന്‍പാണ് ഫാദര്‍ ലിയോ പുത്തൂര്‍ പട്ടം സ്വീകരിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
താമരശ്ശേരിയില്‍ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. പനന്തോട്ടത്തില്‍ നൗഷാദിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍തൃപീഡനം, കൊലപാതകശ്രമം, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് നൗഷാദ് ഭാര്യയെയും മകളെയും ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയില്‍ വീടിനകത്തുവെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദിച്ചശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചെന്നായിരുന്നു നൗഷാദിന്റെ ഭാര്യ നസ്ജയുടെ പരാതി.
അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുള്ള മകള്‍ക്കും തന്റെ വല്ല്യുമ്മയ്ക്കും പരിക്കേറ്റതായും നസ്ജയുടെ പരാതിയിലുണ്ട്. ഗത്യന്തരമില്ലാതെ വീടുവിട്ടോടിയ ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്.
വിവാഹം കഴിഞ്ഞതുമുതല്‍ തുടങ്ങിയ ഉപദ്രവമാണെന്ന് യുവതി പറയുന്നു. കൊല്ലുമെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചു. കൊടുവാളുകൊണ്ട് വെട്ടാന്‍ വന്നപ്പോഴാണ് ഓടിയത്. രക്ഷപ്പെടാനായിരുന്നില്ല, വണ്ടിയുടെ മുന്നില്‍ ചാടാനാണ് ഓടിയത്. പക്ഷേ, അത് കണ്ടപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവലിച്ച് കൊണ്ടുപോയി. കല്യാണം കഴിഞ്ഞ അന്ന് തുടങ്ങിയ ഉപദ്രവമാണ്. എല്ലാം ശരിയാകുമെന്ന് കരുതി ക്ഷമിച്ച് നിൽക്കുകയായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു. രാത്രി 10 മണിക്ക് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്.
മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. നസ്ജയും മകളും വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നൗഷാദ് ലഹരിക്കടിമയാണെന്നും വീട്ടില്‍ നിരന്തരം പ്രശ്ങ്ങള്‍ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാര്‍ പറഞ്ഞു.
ജെഗി ജോസഫ്
ആ മൂന്നു കുഞ്ഞുങ്ങളുടെ മുഖം ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന് നല്‍കുന്നത് തീരാ വേദനയാണ്. അമ്മയുടെ വിയോഗത്തിന് പിന്നാലെ അവരുടെ നിസഹായതയും അരക്ഷിതാവസ്ഥയും ഒരു നൊമ്പരമാവുകയാണ്. ഈ കുരുന്നുകളുടെ കൈ പിടിക്കാന്‍ ഗ്ലോസ്റ്റര്‍ മലയാളി സമൂഹം ഒരുമിക്കുകയാണ്. അവര്‍ ഇനി ഗ്ലോസ്റ്ററിന്റെ കൂടി മക്കളാണ്…
ഗ്ലോസ്റ്റര്‍ഷെയറിലെ സ്ട്രൗഡില്‍ താമസിച്ചിരുന്ന വിന്‍സി റിജോയുടെ ആകസ്മികമായ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് നാമോരോരുത്തരും. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്ന് ചെറിയ പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ തനിച്ചാക്കി അവര്‍ യാത്രയായത്. ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധിച്ചിരുന്ന വിന്‍സി അസഹനീയമായ തന്റെ ശാരീരിക വേദനകളെ പ്രതീക്ഷകളോടെയാണ് നേരിട്ടത്.
അസുഖങ്ങളെല്ലാം മാറി,ഒരു സാധാരണ കുടുംബജീവിതം സാധ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു വിന്‍സിയും കുടുംബവും ഏകദേശം രണ്ട് വര്‍ഷം മുമ്പ് മാത്രം യു. കെ യില്‍ എത്തിയ വിന്‍സിയും കുടുംബവും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹവുമായി അടുത്ത ബന്ധമായിരുന്നു പുലര്‍ത്തിപ്പോന്നത്. അവരുടെ മൂന്നുപെണ്‍കുട്ടികള്‍, അന്ന, ഏഞ്ചല്‍, ആഗ്ന
സ്ട്രൗഡിലെ സ്‌കൂളില്‍ 9, 8, 6 ക്ലാസ്സുകളില്‍ പഠിക്കുന്നു, അസുഖം മൂലം ബുദ്ധിമുട്ടിയപ്പോഴും, തന്റെ ശാരീരിക വേദനയേക്കാള്‍ വിന്‍സിയിയെ അലട്ടിയിരുന്നത് കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
യു.കെ യിലേക്ക് വരുന്നതിനു വേണ്ടിയെടുത്ത ബാധ്യതകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഈ കുടുംബം വീണ്ടും പരീക്ഷണത്തിന് ഇരയായത്. ഇതേ തുടര്‍ന്ന് ചികിത്സക്കായും നാട്ടിലേക്കുള്ള അനുബന്ധ യാത്രകള്‍ക്കായും, കടമായും അല്ലാതെയും വലിയൊരു തുക അവര്‍ക്ക് കണ്ടെത്തേണ്ടി വന്നു. വിന്‍സിയെ നഷ്ടപ്പെട്ട തീരാവേദനക്കൊപ്പം തുടര്‍ന്നുള്ള അവരുടെ യുകെ ജീവിതവും ആശങ്കയിലായിരിക്കുന്നു.
വിന്‍സി നമ്മളെയെല്ലാം വിശ്വസിച്ച് ഏല്‍പ്പിച്ച് പോയ മൂന്ന് ചെറിയ പെണ്‍കുട്ടികളടങ്ങുന്ന അവളുടെ കുടുംബത്തെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളായ നമുക്കോരോരുത്തര്‍ക്കും കഴിയുന്ന രീതിയില്‍ ചേര്‍ത്ത് പിടിക്കാം. അവരോടൊപ്പം മാനസികമായി ചേര്‍ന്ന് നില്‍ക്കുന്നതിനൊപ്പം സാമ്പത്തികമായി സഹായിക്കുന്നതും നമ്മുടെയൊക്കെ ധാര്‍മ്മികമായ ബാധ്യതയാണെന്നു തിരിച്ചറിയുന്നു.
ഇതാണ് ഗ്ലോസ്റ്റര്‍ മലയാളി സമൂഹം. ഒരാവശ്യം വന്നപ്പോള്‍ വാശിയോ മത്സരങ്ങളോ ഇല്ലാതെ എല്ലാവരും കുടുംബത്തിനായി ഒരു കുടകീഴിലെത്തി. എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒരേ സ്വരത്തോടെ പിന്തുണയുമായി എത്തുകയായിരുന്നു.
അതനുസരിച്ച് ഗ്ലോസറ്റര്‍ഷെയറിലെ സെന്റ് മേരീസ് ചര്‍ച്ചിനൊപ്പം മറ്റ് മലയാളി സംഘടനകളും ഒരുമിക്കുകയാണ്. വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജിഎംഎ , കെസിഎ, ജിഎംസിഎ, കേരളീയം മാക് ചെല്‍റ്റന്‍ഹാം എന്നിങ്ങനെ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒത്തൊരുമിച്ച് കുടുംബത്തിനായി കൈകോര്‍ക്കുകയാണ്. ചാരിറ്റി പ്രവര്‍്ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവമാണ് സംഘടനകള്‍.
ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മറ്റ് അസോസിയേഷന്‍ ഭാരവാഹികളായ അനിൽ തോമസ് , ബിസ് പോൾ മണവാളൻ , ലിജോ ജെയിംസ് , മനോജ് സെബാസ്റ്റ്യൻ , ഫിലിപ്പ് കണ്ടോത്ത്, ജിജി ജോൺ , വിനോയ് പി.എ , ലോറൻസ് പെല്ലിശ്ശേരി , ആൻ്റണി ജെയിംസ് , ജെഗി ജോസഫ് തുടങ്ങിയവർ ചേർന്ന് ഒരു മീറ്റിംഗ് കൂടുകയുണ്ടായി . തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിന്‍സിയുടെ കുടുംബത്തെ സഹായിക്കുന്നതിനും പ്രത്യേകിച്ച് കുട്ടികളുടെ ഭാവി ഉറപ്പ് വരുത്തുന്നതിനും വേണ്ടി ഗ്ലോസ്റ്റര്‍ഷെയര്‍ കേന്ദ്രീകരിച്ച് ഒരു ഫണ്ട് റേസിങ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഗ്ലോസ്റ്റര്‍ഷെയറിന്റെ സഹോദരി വിന്‍സി ബാക്കി വെച്ച സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍, അവളുടെ കുരുന്നുകള്‍ക്ക് വേണ്ടി ഈ ചാരിറ്റിയുടെ ഭാഗമാകാൻ സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് , ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷൻ (GMA) , കേരള കൾച്ചറൽ അസോസിയേഷൻ (KCA) ,ഗ്ലോസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (GMCA) , കേരളീയം , മലയാളി അസോസിയേഷൻ ഓഫ് ചെൽട്ടൻഹാം (MAC) എന്നിവയുടെ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. .
താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്കും ഈ കുടുംബത്തെ സഹായിക്കാം.
കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍) ജിമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി), നീതു ജിമിന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്‌പോര്‍ട്ട്‌സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന്‍ (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഡിനേറ്റര്‍). കൂടാതെ യുക്മ കോര്‍ഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തിരഞ്ഞെടുത്തു.
വിനോദ യാത്രക്കിടെ സഹപ്രവര്‍ത്തകന്റെ മകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് പഹൽഗാം പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വടകര കോട്ടക്കല്‍ സ്വദേശിയും നാദാപുരം പേരോട് എംഐഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അഷ്‌റഫി(45)നാണ് പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് കഴിഞ്ഞ ദിവസമാണ് അഷ്റഫിനെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ അനന്ത്‌നാഗ് കോടതിയിലാണ് ഹാജരാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കശ്മീര്‍ വിനോദയാത്രക്കിടെ തന്‍റെ സഹപ്രവർത്തകന്‍റെ മകളായ 13കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ അഷ്റഫ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർത്ഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അഷ്‌റഫ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. പിന്നീട് കേസ് പഹല്‍ഗാം പൊലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതു. തുടര്‍ന്നാണ് അവിടെ നിന്നും പൊലീസുകാര്‍ പേരാമ്പ്രയിലുള്ള പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പത്തനംതിട്ട തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ ഒന്നാകെ തീ ആളിപ്പടര്‍ന്നു. വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ആളിപ്പടര്‍ന്നു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു
സംഭവത്തെതുടര്‍ന്ന് തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചു. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടായതിനാൽ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിട്ടു. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.
ഔട്ട്ലെറ്റിന്‍റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത കേട്ടാണ് 2017 ഏപ്രില്‍ 8-ന് തലസ്ഥാനം ഉണരുന്നത്. മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഒരാളുടെ മൃതദേഹം പൊളിത്തീന്‍ കവറിലാക്കി പുതപ്പുകൊണ്ടു പൊതിഞ്ഞ നിലയിലും. നാലുപേരെയും അതിക്രൂരമായി കൊലപ്പെടുത്തിയത് വീട്ടിലെ മൂത്തമകന്‍, കേഡല്‍ ജീന്‍സണ്‍ രാജ. തിരുവനന്തപുരം നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയിന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലെ താമസക്കാരായ ഡോ. ജീന്‍ പദ്മ,ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസറുമായ രാജ തങ്കം,മകള്‍ കാരലിന്‍, ബന്ധുവായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂത്തമകന്‍ കേഡല്‍ ഒളിവിലായിരുന്നു. സംഭവസ്ഥലത്തു നിന്ന് രണ്ടു വെട്ടുകത്തിയും രക്തം പുരണ്ട ഒരു മഴുവും ഒരു കന്നാസ് പെട്രോളും പോലീസ് കണ്ടെത്തി. അതിനൊപ്പം തുണിയും ഇരുമ്പും പ്ലാസ്റ്റിക്കും കൊണ്ടുണ്ടാക്കിയ ഒരു മനുഷ്യരൂപവും.
വീടിന്റെ മുകള്‍നിലയില്‍ നിന്ന് പുകയുയര്‍ന്നതോടെയാണ് അരുംകൊല നാടറിഞ്ഞത്. മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ അവയ്ക്ക് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. കൊല്ലപ്പെട്ട ഡോക്ടര്‍ ജീന്‍ പദ്മയുടെ സഹോദരന്‍ ജോസ് ഇവരുടെ വീടിന്റെ തൊട്ടടുത്താണ് താമസം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേഡലിന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്ന് ജോസ് പോലീസിനോട് പറഞ്ഞു. വീട്ടുജോലിക്കാരിയോട് അച്ഛനും അമ്മയും സഹോദരിയും വിനോദയാത്രയ്ക്ക് പോകുമെന്നും അതിനാല്‍ വീട്ടില്‍ ഭക്ഷണമുണ്ടാക്കാനായി വരേണ്ടെന്നും കേഡല്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു.സംഭവം നടക്കുന്ന എട്ടാം തീയതി രാത്രി പത്തരയോടെ ആരോ തന്റെ വീട്ടുവളപ്പില്‍ കടന്നിരുന്നതായും അയാളുടെ കാലില്‍ പൊളളലേറ്റതിന്റെ അടയാളം കണ്ടിരുന്നു എന്നും ജോസ് പോലീസിന് മൊഴി നല്‍കി. പിന്നാലെ പന്ത്രണ്ടരയോടെയാണ് വീടിന് തീപിടിക്കുന്നത് സമീപവാസികള്‍ കാണുന്നതും പോലീസിനെ വിവരമറിയിക്കുന്നതും. ഇതോടെ കൊലപാതകം നടത്തിയ ശേഷം കേഡല്‍ രക്ഷപ്പെട്ടാതാകാമെന്ന് പോലീസ് ഉറപ്പിച്ചു.
കൊലപാതകത്തിന് ശേഷം കേഡല്‍ ചെന്നൈയിലേക്ക് കടന്നിരുന്നു. തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെിയപ്പോഴാണ് പോലീസ് പിടികൂടുന്നത്. പിടിയിലായ ശേഷം മാനസികരോഗമുള്ളയാളെ പോലെയായിരുന്നു കേഡലിന്റെ പെരുമാറ്റം. പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങള്‍ പറഞ്ഞ് പോലീസിനെ കുഴക്കി. ഒട്ടും കൂസലില്ലാതെ പുഞ്ചിരിച്ചുകൊണ്ടായിരുന്നു കേഡല്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ പദ്ധതി താന്‍ പരീക്ഷിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് ചോദ്യംചെയ്യലിന് പോലീസ് സൈക്യാട്രി ഡോക്ടറായ മോഹന്റോയിയുടെ സഹായംതേടി. ഡോക്ടറോട് പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകസമയത്തും ശേഷവും പ്രതി പെരുമാറിയത് മാനസികാരോഗ്യത്തോടുതന്നെയെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെന്നൈയിലേക്കു കടക്കുമ്പോള്‍ പണം, തിരിച്ചറിയല്‍രേഖകള്‍, വസ്ത്രങ്ങള്‍ തുടങ്ങി രക്ഷപ്പെടുന്നതിനുള്ള സാധനങ്ങളെല്ലാം കൃത്യമായി കൊണ്ടുപോയിരുന്നു.
കൊലപാതകം നടത്തുന്നതിനും തെളിവു നശിപ്പിക്കുന്നതിനും ആസൂത്രിതമായ നീക്കമാണ് പ്രതി നടത്തിയതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മഴു ഓണ്‍ലൈനിലാണ് വാങ്ങിയത്. യുട്യൂബിലൂടെ കൊലപാതകം നടത്തുന്നവിധം പല ആവര്‍ത്തി കണ്ടുപഠിച്ചു. മനുഷ്യശരീരത്തിന്റെ ഡമ്മിയുണ്ടാക്കി അതിലും പരിശീലിച്ചു. ഇതെല്ലാം അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും കോടതിയില്‍ തെളിയിക്കാനായി. കൂടാതെ താന്‍കൂടി മരിച്ചുവെന്നുവരുത്താന്‍ ഡമ്മിയും കത്തിക്കാന്‍ ശ്രമിച്ചു. പിന്നീട് കുടുംബത്തോടുള്ള പകയാണ് കൂട്ടക്കൊലയ്ക്ക് തന്നെ പ്രേരിപ്പിച്ചത് എന്ന് കേഡല്‍ പോലീസിനോട് സമ്മതിച്ചു. കേഡലിനു വീട്ടില്‍നിന്നു നേരിടേണ്ടിവന്ന അവഗണനയും പിതാവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്ന നിരന്തരമായ ശകാരവുമാണ് പ്രതികാരത്തിനു കാരണം.
തിരുവനന്തപുരത്തെ സമ്പന്ന കുടുംബങ്ങളിലൊന്നായിരുന്നു രാജയുടെയും ജീന്‍ പദ്മയുടേതും. വീട്ടിലെല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്വയം വിരമിക്കലെടുത്ത ഡോ ജീന്‍ ഏതാനും വര്‍ഷം വിദേശത്ത് ജോലി ചെയ്തു. പിന്നീട് ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും കുറേക്കാലം ജോലി നോക്കി. മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജ് അധ്യാപകനായിരുന്നു രാജ. ഇളയമകള്‍ കരോലിന്‍ ചൈനയില്‍ നിന്ന് എംബിബിഎശ് ബിരുദം പൂര്‍ത്തിയാക്കി നാട്ടില്‍ വന്നതാണ്. പ്ലസ്ടു കഴിഞ്ഞ് കേഡലും വിദേശത്തേക്ക് ഉപരിപഠനത്തിന് പോയി. ആദ്യം ഓസ്‌ട്രേലിയയില്‍ എംബിബിഎസിന് ചേര്‍ത്തു. എന്നാല്‍ ഇത് പൂര്‍ത്തിയാക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കോഴ്‌സിന് ചേര്‍ന്നു. അതും പകുതി വഴിയില്‍ ഉപേക്ഷിച്ച് തിരിച്ചെത്തി. വീടിന്റെ മുകള്‍ നിലയില്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിലാണ് കേഡല്‍ ചെലവഴിച്ചിരുന്നത്. കൂട്ടുകാരാരും ഉണ്ടായിരുന്നില്ല. തന്നേക്കാളേറെ പരിഗണന വീട്ടില്‍ സഹോദരിക്ക് ലഭിക്കുന്നു എന്ന ചിന്തയും കേഡലിനുണ്ടായിരുന്നു.
ഇതൊക്കെ പ്രൊഫസറായിരുന്ന അച്ഛന്റെ എതിര്‍പ്പിനു കാരണമായി. ഈ വൈരാഗ്യം അച്ഛനെ വകവരുത്തുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചെന്നും കേഡല്‍ സമ്മതിച്ചു. ആദ്യം അച്ഛനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അമ്മ ഡോ. ജീന്‍ പദ്മത്തെയാണ് കേഡല്‍ ആദ്യം കൊലപ്പെടുത്തിയത്. താന്‍ നിര്‍മിച്ച വീഡിയോ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ച് കസേരയില്‍ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കുപുറകില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ചശേഷം ഒന്നും സംഭവിക്കാത്തപോലെ താഴെ എത്തിയ പ്രതി അന്ന് വൈകീട്ടോടെ അച്ഛന്‍ രാജതങ്കത്തെയും സഹോദരി കരോളിനെയും മുകളിലത്തെ നിലയിലെത്തിച്ച് അമ്മയെ കൊന്നപോലെ തലയ്ക്കുപിന്നില്‍ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന ആന്റി ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേര്‍ന്ന് കന്യാകുമാരിക്ക് ടൂര്‍ പോയി എന്നായിരുന്നു മറുപടി.
അടുത്തദിവസം രാത്രിയാണ് കേഡല്‍ ലളിതയെ കൊലപ്പെടുത്തിയത്. അമ്മ ഫോണില്‍ വിളിക്കുന്നുവെന്ന് കള്ളം പറഞ്ഞ് മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകള്‍ക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് തലയ്ക്കുപിന്നില്‍ വെട്ടി കൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒളിപ്പിക്കുകയും ചെയ്തു. അടുത്തദിവസം ജോലിക്കാരി കേഡലിനോട് ലളിതയെക്കുറിച്ച് അന്വേഷിച്ചു. രാത്രി അമ്മയും അച്ഛനും സഹോദരിയും തിരികെ വന്നെന്നും ആന്റിയെക്കൂടി വിളിച്ചുകൊണ്ടു വീണ്ടും ടൂര്‍ പോയിരിക്കുകയാണ് എന്നുമായിരുന്നു മറുപടി. അടുത്ത രണ്ടു ദിവസങ്ങളിലും ഇതേ കള്ളംതന്നെ കേഡല്‍ പറഞ്ഞു. കൊലപാതകവിവരം പുറത്തറിഞ്ഞതുമില്ല.
കൊലകള്‍ നടത്തിയതിന്റെ അടുത്തദിവസം മൃതദേഹങ്ങള്‍ കത്തിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ഇയാള്‍ക്ക് നിസ്സാര പൊള്ളലേറ്റു. അടുത്തദിവസം രാത്രി മൃതദേഹങ്ങള്‍ വീണ്ടും കത്തിക്കാന്‍ ശ്രമിച്ചു. തീ ആളിപ്പടരുന്നതുകണ്ട് അയല്‍ക്കാര്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയും ചെയ്തു. അതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീ നിയന്ത്രണാതീതമായതോടെ കേഡല്‍ ചെന്നൈയിലേക്കുപോയി. ഇവിടെ നിന്ന് തിരിച്ചെത്തുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.
കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം കുറവായിരുന്നു. പലപ്പോഴും മെസേജുകളിലൂടെയാണ് അവര്‍ പരസ്പരം സംസാരിച്ചിരുന്നത്. ഒരുവീട്ടിലായിട്ടും ആഹാരം കഴിച്ചോ എന്നുപോലും മെസേജുകളിലൂടെയാണ് ചോദിച്ചിരുന്നത്. വീട്ടുകാരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായി പ്രതി ഡോക്ടറോട് വെളിപ്പെടുത്തിയതെന്നും കേസിലെ പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ പറയുന്നു.
കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ച കേഡലിന്റെ ജയിലിലെ പെരുമാറ്റവും അടിമുടി വിചിത്രമായിരുന്നു. ജയില്‍വാസത്തിനിടെ കേഡല്‍ സഹതടവുകാരനെ ആക്രമിച്ച സംഭവവുമുണ്ടായി. ഇതോടെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കായിരുന്നു കേഡലിന്റെ വാസം. ഇതിനിടെ, വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതോടെ കൂട്ടക്കൊലക്കേസിലെ വിചാരണ ആരംഭിക്കാനും ഏറെനാള്‍ വൈകിയിരുന്നു.
ജയിലില്‍ കളിയും ചിരിയുമായി കഴിഞ്ഞിരുന്ന കേഡല്‍ ആദ്യനാളുകളില്‍ ജയില്‍ ജീവനക്കാര്‍ക്കും അത്ഭുതമായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ ചെലുത്താറില്ലെന്നതൊഴിച്ച് മറ്റു പ്രശ്നങ്ങളൊന്നും ജയിലില്‍ ഉണ്ടാക്കിയിരുന്നില്ല. ഇതിനിടെ ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി കേഡല്‍ ഗുരുതരാവസ്ഥയിലായി. ഏറെദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ജയിലില്‍വെച്ച് താന്‍ മാതാപിതാക്കളുമായി സംസാരിക്കാറുണ്ടെന്നായിരുന്നു കേഡലിന്റെ അവകാശവാദം. പത്തുവര്‍ഷത്തിലേറെ ആസ്ട്രല്‍ പ്രൊജക്ഷനും സാത്താന്‍സേവയും പരിശീലിച്ച തനിക്ക് ആത്മാക്കളുമായി സംസാരിക്കാന്‍ കഴിയുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പലപ്പോഴും കേഡലിന്റെ വിചിത്രമായ അവകാശവാദങ്ങളും പെരുമാറ്റവും ജയില്‍ജീവനക്കാരെ അമ്പരപ്പിച്ചു. പ്രതി മാനസികാരോഗ്യം വീണ്ടെടുത്തതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതോടെ കഴിഞ്ഞ നവംബറിലാണ് നന്തന്‍കോട് കൂട്ടക്കൊല കേസില്‍ വിചാരണ ആരംഭിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കേഡല്‍ കുറ്റം നിഷേധിച്ചിരുന്നു. തനിക്ക് മാനസികപ്രശ്നമുണ്ടെന്നായിരുന്നു ഇയാള്‍ കോടതിയിലും വാദിച്ചത്. സാഹചര്യത്തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് കേഡല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്‌ലിന്‍ ദാസ് തന്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മര്‍ദിച്ചതെന്നാണു പരാതി. മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷകയ്‌ക്കൊപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പള്ളിച്ചല്‍ പ്രമോദ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നടപടി ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. അഭിഭാഷകയെ ഉപദ്രവിച്ച വിവരമറിഞ്ഞ് അവിടെ പോയി അവരെ കണ്ടുവെന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു. സംഘടന ഒപ്പമുണ്ടെന്ന് അവരോടു പറഞ്ഞു. പൊലീസ് നടപടികള്‍ക്കും അന്വേഷണത്തിനും ചികിത്സയ്ക്കും വേണ്ട സഹായം നല്‍കുമെന്നു അറിയിച്ചുവെന്നും സെക്രട്ടറി വ്യക്തമാക്കി. നടന്ന സംഭവങ്ങളെക്കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യണം.
കോടതി വളപ്പിനുള്ളില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാമിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബെയ്‌ലിന്‍ ദാസിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍നിന്ന് പൊലീസിനെ തടഞ്ഞെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
മറ്റൊരു ജൂനിയറുമായുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു. ‘‘കോടതിയില്‍ എത്തിയപ്പോള്‍ അടുത്തുചെന്ന് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു സീനിയറോട് പറഞ്ഞു. നീ പറയുന്നതൊന്നും എനിക്കു കേള്‍ക്കേണ്ടെന്നാണ് മറുപടി പറഞ്ഞത്. പിന്നാലെ ഇറങ്ങിപോകാൻ തുടങ്ങി. സര്‍ തന്നെ ആ ജൂനിയറിന് മുന്നറിയിപ്പു നല്‍കണം. അല്ലെങ്കില്‍ എനിക്കു ചെയ്യേണ്ടിവരുമെന്നു അപ്പോൾ ഞാൻ പറഞ്ഞു. തുടര്‍ന്ന് എന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ജോലി ചെയ്യാൻ വന്നാൽ അതു ചെയ്താൽ മതിയെന്നും അടുത്തുനിന്ന ജൂനിയറിനോടു ഞാൻ പറഞ്ഞു. അപ്പോള്‍ നീ ഇത് ആരോടാണ് സംസാരിക്കുന്നതെന്നു ചോദിച്ച് അവരുടെ മുന്നില്‍ വച്ച് സർ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണിട്ട് വീണ്ടും അടിച്ചു.’’– ശ്യാമിലി പറഞ്ഞു.