Latest News

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മിനിമം വേതനം വർധിപ്പിക്കാൻ സർക്കാർ നടപടി തുടങ്ങി. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നേഴ്‌സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും വേതനം വർധിപ്പിക്കുന്ന കരട് വിജ്ഞാപനം ശനിയാഴ്ച പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

നേഴ്‌സുമാരുടെ മിനിമം വേതനം 25,450 മുതൽ 28,000 രൂപവരെ ഉയർത്താനാണ് ശുപാർശ. ഉയർന്ന തസ്തികയിലുള്ള നേഴ്‌സുമാർക്ക് കുറഞ്ഞത് 33,080 രൂപവരെ വേതനം ലഭിക്കുന്ന രീതിയിലായിരിക്കും പരിഷ്കാരം. അറ്റൻഡർ, ഹെൽപ്പർ, സെക്യൂരിറ്റി ജീവനക്കാർ, സ്റ്റോർ കീപ്പർ, സ്വീപ്പർ എന്നിവരുള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുടെ മിനിമം വേതനം 23,650 രൂപയാക്കി വർധിപ്പിക്കാനും കരട് വിജ്ഞാപനത്തിൽ ശുപാർശ ചെയ്യുന്നുണ്ട്.

നിലവിൽ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ അടിസ്ഥാനശമ്പളം 20,000 രൂപയാണ്. 2018ൽ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചുള്ളതാണ് നിലവിലെ വേതനനിരക്ക്. പരമാവധി അഞ്ച് വർഷത്തിനുള്ളിൽ വേതനം പരിഷ്കരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും എട്ടു വർഷമായി വർധന ഉണ്ടായിട്ടില്ല. മിനിമം വേതനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി വിളിച്ച യോഗത്തിൽ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ സർക്കാർ സ്വന്തം അധികാരം ഉപയോഗിച്ചാണ് കരട് വിജ്ഞാപനം പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിജ്ഞാപനത്തിൽ അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്താൻ രണ്ട് മാസത്തെ സമയം അനുവദിക്കും.

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ശക്തമായതോടെ ദുബായിൽ നിന്നുള്ള നിക്ഷേപങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ശ്രമം ശക്തമാകുന്നു. യു.എ.ഇയിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം സിംഗപ്പൂരിലേക്കും ഹോങ്കോങ്ങിലേക്കും മാറ്റാൻ ഇന്ത്യൻ സംരംഭകർ ഉൾപ്പെടെ നിരവധി സമ്പന്നർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ദുബായിൽ താമസിക്കുന്ന രണ്ട് ഇന്ത്യൻ സംരംഭകർ തങ്ങളുടെ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു ലക്ഷം ഡോളറിലേറെ സിംഗപ്പൂർ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാൻ ശ്രമിച്ചതായി വിവരമുണ്ട്.

എന്നാൽ ഇറാൻ ആക്രമണങ്ങളെ തുടർന്നുണ്ടായ സാങ്കേതിക തടസങ്ങൾ കാരണം ആദ്യഘട്ടത്തിൽ പണം മാറ്റാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് ദുബായ് ആസ്ഥാനമായ മറ്റൊരു ബാങ്ക് വഴി പണം സിംഗപ്പൂരിലെ അക്കൗണ്ടിലേക്ക് മാറ്റാൻ കഴിഞ്ഞുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സംരംഭകൻ പറഞ്ഞു. ഗൾഫ് മേഖലയിലെ അനിശ്ചിതാവസ്ഥയാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

നികുതി സൗകര്യവും സ്വകാര്യതയും കണക്കിലെടുത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏഷ്യയിലെ നിരവധി സംരംഭകരും സമ്പന്ന കുടുംബങ്ങളും ദുബായിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിരുന്നു. ഇപ്പോൾ അവയെ മറ്റ് സാമ്പത്തിക കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കമാണ് ശക്തമാകുന്നത്. തന്റെ ഏകദേശം 20 ക്ലയന്റുകൾ ദുബായിൽ നിന്നുള്ള നിക്ഷേപങ്ങൾ സിംഗപ്പൂരിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അഭിഭാഷകൻ റയാൻ ലിൻ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടാൽ കൂടുതൽ നിക്ഷേപകർ ദുബായിൽ നിന്നു പിന്മാറാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: യു കെ യിലെ കലാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 ചാരിറ്റി ഇവന്റിനും , ഓ എൻ വി, എസ് പി വി അനുസ്മരണങ്ങൾക്കും നാളെ ലണ്ടനിലെ ഹോൺചർച്ച് ദി കാമ്പ്യൻ സ്ക്കൂൾ ഓഡിറ്റോറിയം വേദിയാകും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസൺ 9 നു മുഖ്യാതിഥിയായി യുക്മ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യൻ പങ്കെടുക്കും. നിരവധി പ്രഗത്ഭരായ ഗായകരും, നർത്തകരും ചേർന്ന് ഒരുക്കുന്ന സംഗീത-നൃത്ത വിരുന്നിൽ രാവണപ്രഭുവിൽ ബാലതാരം ആയി സിനിമാ ലോകത്തു ചുവടുവെ ക്കുകയും, നിരവധി ഭാഷാ ചിത്രങ്ങളിലൂടെ അഭിനയ മികവിൽ സിനിമാ ലോകം കീഴടക്കുകയും ചെയ്ത സനുഷാ സന്തോഷ് വിശിഷ്‌ടാതിഥിയായി പങ്കുചേരുന്നതാണ്. ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്കാരംഭിക്കുന്ന സംഗീതോത്സവം രാത്രി പത്തുവരെ നീളും.

7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ ഉദ്‌ഘാടന വേദിയിൽ മുഖ്യ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ സ്വാഗതം ആശംസിക്കും. കോർഡിനേറ്റർമാരായ സണ്ണിമോൻ മത്തായി ഉദ്ഘാടന പ്രസംഗം നടത്തുകയും, ഒ.എൻ.വി & എസ്.പി.വി അനുസ്മരണം പ്രശസ്ത എഴുത്തുകാരിയും, അവതാരകയുമായ രശ്മി പ്രകാശും നടത്തും. അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിക്കും.

കോർഡിനേറ്റർമാരായ ഡോ. ശിവകുമാർ, മനോജ് തോമസ്, കെവിൻ കോന്നിക്കൽ, ലൂബി മാത്യൂസ് എന്നിവർ ഉദ്ഘാടന വേദിയിൽ സന്നിഹിതരാവും. 7 ബീറ്റ്‌സ് വേദിയിൽ പ്രമുഖ അതിഥികളായി സുജു കെ ഡാനിയൽ (ഐഒസി പ്രസിഡണ്ട്), അഡ്വ. ഫ്രാൻസിസ് മാത്യു ( ലോ & ലോയേഴ്സ് സോളിസിറ്റേഴ്‌സ് ), 7 ബീറ്റ്‌സ് സംഗീതോത്സവം മുൻവർഷ കോർഡിനേറ്ററും, കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷൻ പ്രതിനിധിയുമായ അബ്രാഹം ലൂക്കോസ്, ജെയ്‌സൺ ജോർജ്ജ് (കലാഭവൻ ലണ്ടൻ, ഡയറക്ടർ), യൂജിൻ തോമസ് (ബെഡ്‌ഫോർഡ് മാർസ്റ്റൺ കേരള അസോസിയേഷൻ പ്രസിഡണ്ട്), ജോബിൻ ജോർജ് (യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡണ്ട്) എന്നിവർ പങ്കുചേരും.

പ്രോഗ്രാം സ്പോൺസേഴ്‌സായ ഷാൻ (ഷാൻ പ്രോപ്പർട്ടീസ്), ഷംജിത് (മലബാർ ഫുഡ്സ് & കേരളാ ഡിലൈറ്റ്സ് ), റെജുലേഷ് (ഗ്ലോബൽ സ്റ്റഡി ലിങ്ക്), നോർഡി ജേക്കബ് (ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി), സജി ചാക്കോ (ഐഡിയൽ സോളിസിറ്റർസ്) എന്നിവർ സംഗീതോത്സവ വേദിയിൽ സാന്നിദ്ധ്യമരുളും.

സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യു കെ യിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. കൂടാതെ നവരുചി റെസ്റ്റോറന്റ് ലണ്ടൻ, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഫ്രണ്ട്‌സ് മൂവേഴ്‌സ്, സാൻവീ പേൾ കളക്ഷൻസ്, ഡിഎസ്ബി ക്രിയേറ്റിവ്‌സ് , സീകോം അക്കൗണ്ടൻസി എന്നിവരും 7 ബീറ്റ്‌സ് ചാരിറ്റി ഇവന്റിൽ പ്രായോജകരാണ്. സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രാഫി, ഫ്രണ്ട്‌സ് ഓഫ് ഈസ്റ്റ് ലണ്ടൻ, വൺ ആർക് യു കെ , റേഡിയോ ലൈം എന്നിവർ സംഗീതോത്സവത്തിന് ഊർജ്ജവും സഹായവുമായി പിന്നണിയിൽ ഉണ്ടാവും.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം ഉപയോഗിച്ചു വരുന്നത്. പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ, ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും ലണ്ടനിലെ കലാസദസ്സിനായി ഹോൺചർച്ചിൽ ഒരുക്കുക.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ഹോൺചർച്ചിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai: 07727993229

Jomon Mammoottil: 07930431445

The Campion School, Wingletye Lane, Hornchurch, London, RM11 3BX

യുകെ സൗത്താംപ്ടൺ മലയാളി രാഹുലിന്റെ പിതാവ് പാലാ തോടനാൽ തോട്ടമറ്റത്തിൽ റ്റി. ജെ മാത്യു (73) നിര്യാതനായി.

സംസ്‌ക്കാരം 07 /03/2026 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോടനാൽ ഇൻഫന്റ് ജീസസ് പള്ളിയില്‍.

മക്കള്‍ രാഖി(പാദുവ, പാലാ), രാഹുൽ (സൗത്താംപ്ടൺ, യുകെ), രേഖ (ബേസിങ്സ്റ്റോക്, യുകെ)

മരുമക്കള്‍: ഷാജൻ, ബിൻമോൾ, ഷിജോ

രാഹുലിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: യു.കെ.യിലെ പ്രമുഖ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിലൊന്നായ ഈസ്റ്റ് ഹാം ശ്രീ മുരുകൻ മഹാക്ഷേത്രത്തിൽ സംഘടിപ്പിച്ച പത്തൊമ്പതാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്‌വർക്ക് (മുൻ ആറ്റുകാൽ സിസ്റ്റേഴ്സ്) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, മുൻ സിവിക് മേയറുമായ ഡോ. ഓമന ഗംഗാധരനും ടീമും പൊങ്കാലക്ക് നേതൃത്വം നൽകി.

രാവിലെ ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ചു. സ്ഥലപരിമിതിയും സുരക്ഷയും കണക്കിലെടുത്ത് പഞ്ചനൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് തയ്യാറാക്കിയത്. പൂജാരി പൊങ്കാല അടുപ്പിലേക്ക് തീ പകരുകയും തുടർന്ന് നിവേദ്യം പാകം ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് ദേവീ പൂജയും, സഹസ്രനാമ അർച്ചനയും നടത്തി. പൊങ്കാല നിവേദ്യം തയ്യാറാക്കിയതിനു ശേഷം ഭക്തജനങ്ങൾക്ക് വിളമ്പി നൽകി. യു കെ യുടെ നന ഭാഗങ്ങളിൽ നിന്നായി ഏകദേശം മുന്നൂറോളം ഭക്തർ നിവേദ്യം സ്വീകരിക്കാൻ എത്തിയിരുന്നു. പൊങ്കാലക്കെത്തിയവർക്കായി മണ്ടപ്പുറ്റ്, തെറളി അപ്പം എന്നിവയും പകുത്തു നൽകുകയുണ്ടായി. ഊണും വിവിധ പച്ചക്കറികൾ ഉൾപ്പെടുത്തിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

പ്രവർത്തിദിനമായിരുന്നെങ്കിലും, വർഷംതോറും പൊങ്കാലയിൽ പങ്കെടുക്കുന്നവരോടൊപ്പം നിരവധി നവാഗതരും പങ്കുചേർന്നത് ശ്രദ്ധേയമായി. കേരളത്തിനു പുറത്തായി ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന വേദികളിലൊന്നായി ലണ്ടനിലെ പൊങ്കാല ശ്രദ്ധേയമാണ്.

ശ്രീ മുരുകൻ ക്ഷേത്ര ട്രസ്റ്റിന്റെ നിസ്സീമമായ സഹകരണമാണ് കഴിഞ്ഞ പത്തൊമ്പതു കൊല്ലങ്ങളിലായി വിജയപ്രദമായി നടത്തുവാൻ സാധ്യമാക്കിയതെന്ന് ഓമന തന്റെ നന്ദി പ്രകാശനത്തിൽ ഓർമ്മിച്ചു. ശ്രീ മുരുകൻ മഹാക്ഷേത്ര ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് ജി രാമദാസ് , ഡോ. ഓമനയെ പൊന്നാട അണിയിച്ചു ആദരിച്ചു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്‌വർക്ക് ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. മുൻ കൗൺസിലർ ജോസ് അലക്‌സാണ്ടർ അടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. സജീവ് ദിവാകരൻ, സജിത് എന്നിവർ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.

ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ആവേശകരമായ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തി. 254 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ഓവര്‍ വരെ പോരാട്ടം നീട്ടിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 48 പന്തില്‍ 105 റണ്‍സുമായി ജേക്കബ് ബെഥേല്‍ നടത്തിയ തകര്‍പ്പന്‍ ഇന്നിങ്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഘട്ടത്തില്‍ ഇന്ത്യ പിടിച്ചുകെട്ടി. അവസാന മൂന്ന് ഓവറില്‍ 45 റണ്‍സ് വേണമെന്നിരുന്ന ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുമ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും സമ്മര്‍ദ്ദത്തിലാക്കി. അവസാന ഓവറില്‍ ബെഥേല്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു.

അതിന് മുമ്പ് ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സിന്റെ വമ്പന്‍ സ്കോറിന് അടിത്തറ പാകിയത് സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ്. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ടീമിന്റെ ടോപ് സ്കോററായി. ശിവം ദുബെ 43, ഇഷാന്‍ കിഷന്‍ 39, ഹാര്‍ദ്ദിക് പാണ്ഡ്യ 27, തിലക് വര്‍മ 21 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയും വീണ്ടും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി വില്‍ ജാക്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഫില്‍ സാള്‍ട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ എന്നിവരെ പുറത്താക്കി ഇന്ത്യ മത്സരത്തില്‍ മുന്‍തൂക്കം നേടി. എന്നാല്‍ ജേക്കബ് ബെഥേലും വില്‍ ജാക്സും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മത്സരം ആവേശകരമാക്കി. ഒടുവില്‍ ജാക്സ് പുറത്തായതും അവസാന ഓവറില്‍ ബെഥേല്‍ റണ്ണൗട്ടായതുമാണ് ഇന്ത്യയ്ക്ക് വിജയം ഉറപ്പാക്കിയത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനായി ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ച് അമേരിക്ക. ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാൻ അനുമതി നൽകുന്ന ലൈസൻസ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കി. മാർച്ച് 5, 2026 മുതൽ കപ്പലുകളിൽ കയറ്റിയ എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഈ ഇളവ് ബാധകമാണ്. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുകിടക്കുന്ന കപ്പലുകളിലെ ചരക്കുകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് അനുമതി. ഏപ്രിൽ 3, 2026 വരെയാണ് ഈ പ്രത്യേക ഇളവ് പ്രാബല്യത്തിൽ ഉണ്ടാകുക.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ വിപണി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമേരിക്കയുടെ തീരുമാനം. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്ന് വ്യക്തമാക്കിയ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്, ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് തുടരാൻ ഈ താത്കാലിക നടപടി സഹായിക്കുമെന്ന് പറഞ്ഞു. ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും അതുകൊണ്ട് റഷ്യയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുമെന്ന പ്രതീക്ഷയും യുഎസ് പങ്കുവെച്ചു.

യുക്രൈനിലെ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്‌ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടെയാണ് ഈ നീക്കം. ഉപരോധങ്ങളെ തുടർന്ന് ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ജനുവരിയിൽ ദിനംപ്രതി ഏകദേശം 1.1 മില്യൺ ബാരലായി കുറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് വീണ്ടും ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഗൾഫ് മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും ആഗോള എണ്ണവിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 83.07 ഡോളറായി ഉയർന്നെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യത കുറവാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ. സുഖോയ്–30 എംകെഐ യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടമായതായി പ്രതിരോധ വകുപ്പ് അറിയിച്ചു. വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ നടപടികൾ ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പിആർഒ അറിയിച്ചു.

ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. അസമിലെ കർബി ആംഗ്ലോങ് മേഖലയ്ക്ക് സമീപമായാണ് വിമാനവുമായി ബന്ധം നഷ്ടമായതെന്ന് വിവരം. പ്രദേശത്ത് വ്യാപകമായ പരിശോധനയും തിരച്ചിലും വ്യോമസേന ആരംഭിച്ചിട്ടുണ്ട്.

വിമാനത്തിന്റെ പൈലറ്റിനെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൈലറ്റിനെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വ്യോമസേന വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.വി. ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തില്‍ നിന്ന് അപ്രതീക്ഷിതമായി രാജിവെച്ചു. ഏകദേശം മൂന്നര വര്‍ഷത്തോളം ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ശേഷമാണ് രാജിക്കത്ത് നല്‍കിയത്. രാജിക്കത്തില്‍ വ്യക്തമായ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നാണ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. 2022 നവംബര്‍ മുതല്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചിരുന്ന ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ്.

ഗവര്‍ണറായിരുന്ന കാലയളവില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി അദ്ദേഹത്തിന് പല വിഷയങ്ങളിലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജിയെന്ന വിലയിരുത്തലുകളും ഉയര്‍ന്നുവരുന്നത്. ഇതേസമയം, ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കി രാജിവെപ്പിച്ചതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആർ. എൻ. രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കേരള സ്വദേശിയായ ആനന്ദബോസ് വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന രാഷ്ട്രീയ ചര്‍ച്ചകളും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടതാകാമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

മനോജ് ജോസഫ്

ലിവർപൂൾ: യു കെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) 2026 – 2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 22-ന് ലിവർപൂളിലെ സെയിന്റ് മാർഗരറ്റ് മേരി ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുയോഗത്തിൽ ഐകകണ്ഠേനയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

സംഘടനയുടെ പ്രസിഡന്റായി ബിജു ജോർജിനെയും സെക്രട്ടറിയായി ബ്ലെസ്സൻ രാജനെയും ട്രഷറർ സ്ഥാനത്തേക്ക് ജോസ് മാത്യുവിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ബിനു വർക്കിയും ജോയിന്റ് സെക്രട്ടറിയായി ആതിര ശ്രീജിത്തും പി.ആർ.ഒ ആയി മനോജ് ജോസഫും പ്രവർത്തിക്കും.

ലിവർപൂളിലെ മലയാളികളുടെ സാംസ്കാരിക തനിമ നിലനിർത്തുന്നതിനായി വിപുലമായ ആർട്സ്, സ്പോർട്സ് കമ്മിറ്റികൾക്കും രൂപം നൽകി. ക്രിസ് ജോർജ്‌ ടോംസ് പ്രധാന ചുമതല വഹിക്കുന്ന ആർട്സ് ക്ലബ് കമ്മറ്റിയിൽ രജിത്ത് രാജൻ,
ജിൻസി മോൾ ചാക്കോ, കല രാജീവ്, സന്തോഷ് ബെന്നി എന്നിവരടങ്ങുന്ന ടീം കലാപരിപാടികൾക്ക് നേതൃത്വം നൽകും. ജോബി ദേവസ്യ പ്രധാന ചുമതല വഹിക്കുന്ന സ്പോർട്സ് കമ്മിറ്റിയിൽ ബിന്ദു ഹരി, ജൂലി ഫിലിപ്പ്, വിഷ്ണു പി. വിജയകുമാർ എന്നിവർ സ്പോർട്സ് ആക്ടിവിറ്റീസിന് നേതൃത്വം നൽകും.

മാത്യു അലക്സാണ്ടർ നേതൃത്വം നൽകുന്ന ഫൈനാൻസ് ടീമിൽ കുര്യാക്കോസ് ഇ. ജെ, ജോയ്മോൻ തോമസ് എന്നിവർ പ്രവർത്തിക്കും. നികുൽ ദിനേഷ്, ജിജോ വർഗീസ് എന്നിവരടങ്ങുന്ന പി.ആർ.ഒ സബ് കമ്മിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ലിമയുടെ പൊതുപ്രവർത്തനങ്ങളും പൊതുജന സമ്പർക്ക പരിപാടികളും ഏകോപിപ്പിക്കുന്നതിനായി ഹരി കുമാർ ഗോപാലൻ നേതൃത്വം നൽകുന്ന ടീമിൽ സെബാസ്റ്റ്യൻ ജോസഫ്, സോജൻ തോമസ്, അനിൽ ഹരി, റ്റിജു ഫിലിപ്പ് എന്നിവരും പ്രവർത്തിക്കും. സംഘടനയുടെ സുതാര്യമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താൻ ഇന്റേണൽ ഓഡിറ്ററായി ജിജോ കുരുവിളയെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും പൊതുയോഗം ഏകകണ്ഠേന അംഗീകരിച്ചു. മെമ്പേഴ്സിന്റെ സർവോന്മുഖമായ വികസനത്തിനുതകുന്ന പരിപാടികൾ ഈ വർഷം ഉൾപെടുത്താൻ യോഗം തീരുമാനിച്ചു. വരും വർഷങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങളും കലാ-കായിക മേളകളും മെംബേർസ് ഫോക്കസ്ഡ് ആയിട്ടുള്ള പരിപാടികളും സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
ലിവർപൂളിലെ ഇന്ത്യൻ സമൂഹത്തിന്റെ സർവ്വതോന്മുഖമായ ഉന്നമനവും സാംസ്കാരിക കൂട്ടായ്മയും ലക്ഷ്യമിട്ടാണ് ലിമ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികൾക്ക് ലിവർപൂളിലെ നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും സംഘടനകളുടെ പ്രതിനിധികളും അഭിനന്ദനങ്ങൾ അർപ്പിച്ചു.

RECENT POSTS
Copyright © . All rights reserved