Latest News

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി നടന്‍ വിജയ രാഘവനും നടി ഉര്‍വ്വശിയും. പൂക്കാലത്തിലെ അഭിനയത്തിന് വിജയ രാഘവന്‍ മികച്ച സഹ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശി മികച്ച സഹ നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

കഥാപാത്രങ്ങളിലൂടെ സിനിമ ലക്ഷ്യം വയ്ക്കുന്ന ആഴങ്ങളിലേക്കും അര്‍ത്ഥ തലങ്ങളിലേക്കും വളരെ വേഗത്തില്‍ ഇറങ്ങിച്ചെന്ന് ആ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കുന്ന അനിതര സാധാരണമായ അഭിനയ മികവിന്റെ പേരാണ് വിജയ രാഘവന്‍. അത് ഒരുപക്ഷേ പിതാവും നാടകാചാര്യനുമായിരുന്ന എന്‍.എന്‍ പിള്ളയില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാകാം.

നാടക രംഗത്ത് നിന്നുതന്നെയാണ് വിജയ രാഘവന്റെ സിനിമയിലേക്കുള്ള വരവ്. എന്‍.എന്‍ പിള്ളയുടെ വിശ്വ കേരളാ കലാ സമിതിയിലൂടെ ബാല്യത്തില്‍ തന്നെ വിജയ രാഘവന്‍ നാടക രംഗത്ത് സജീവമായി.

എന്‍.എന്‍ പിള്ളയുടെ ‘കാപാലിക’ എന്ന നാടകം ക്രോസ്‌ബെല്‍റ്റ് മണി സിനിമയാക്കിയപ്പോള്‍ അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആറാം വയസില്‍ സിനിമയില്‍ വിജയ രാഘവന്‍ അരങ്ങേറ്റം കുറിച്ചു.

1982 ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ ഇരുപത്തിയൊന്നാം വയസില്‍ നായകനായി. തുടര്‍ന്ന് പി. ചന്ദ്രകുമാര്‍, വിശ്വംഭരന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടര്‍ന്നു.

കാപാലികയുടെ സഹ സംവിധായകനായിരുന്ന ജോഷിയുമായുള്ള അടുപ്പം മൂലം അദേഹത്തിന്റെ ന്യൂഡല്‍ഹി എന്ന ചിത്രത്തില്‍ അവസരം ലഭിച്ചു. 1993 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി.

1995 ല്‍ പുറത്തിറങ്ങിയ ദി കിങ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. വിനയന്‍ സംവിധാനം ചെയ്ത ശിപായി ലഹള എന്ന ചിത്രത്തില്‍ വിജയരാഘവന്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. 2000 ത്തിന് ശേഷം വിജയ രാഘവന്റെ നിരവധി കഥാപാത്രങ്ങളാണ് അഭ്രപാളികളിലെത്തിയത്.

എന്‍.എന്‍ പിള്ളയുടെയും ചിന്നമ്മയുടെയും മകനായ വിജയ രാഘവന്റെ ജനനം മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ്. പിതാവ് അവിടെ എസ്റ്റേറ്റ് മാനേജരായി ജോലി ചെയ്തിരുന്നു. സുലോചന, രേണുക എന്നീ രണ്ട് സഹോദരിമാരുണ്ട്.

അനിതയാണ് ഭാര്യ. രണ്ട് ആണ്‍ മക്കളുണ്ട്. മൂത്ത മകന്‍ ജിനദേവന്‍ ബിസിനസുകാരനാണ്. ഇളയ മകന്‍ ദേവദേവന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ ഒളശയിലാണ് വിജയ രാഘവന്റെ സ്ഥിര താമസം.

മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കവിത മനോരഞ്ജിനി എന്ന ഉര്‍വശി മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ അവതാരക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ നിര്‍മാതാവും ഉര്‍വ്വശിയായിരുന്നു. മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് രണ്ട് തവണ അവര്‍ നേടിയിട്ടുണ്ട്.

പ്രശസ്ത നാടക നടീനടന്മാരായ വിജയ ലക്ഷ്മിയുടെയും ചവറ വി.പി നായരുടെയും മകളായി കൊല്ലം ജില്ലയിലാണ് ഉര്‍വ്വശി ജനിച്ചത്. സിനിമ താരങ്ങളായ കലാരഞ്ജിനിയും കല്‍പ്പനയുമാണ് മൂത്ത സഹോദരിമാര്‍. സഹോദരന്മാരായ കമല്‍ റോയിയും പ്രിന്‍സും ഏതാനും മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നു.

പത്ത് വയസുള്ളപ്പോള്‍ 1979 ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന മലയാള സിനിമയില്‍ ജയഭാരതിയുടെ മകളായി അഭിനയിച്ചാണ് ഉര്‍വ്വശി സിനിമ രംഗത്തെത്തിയത്. 1983 ല്‍ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണൈ മുടിച്ചു എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അവര്‍ അരങ്ങേറ്റം കുറിച്ചത്.

കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും വര്‍ഗീയത പടര്‍ത്താനുള്ള ആയുധമായി സിനിമയെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള പുരസ്‌കാരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്.

സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച സിനിമാമേഖലയിലെ പ്രമുഖരിൽ പലരും ആശുപത്രിയിലെത്തിയിട്ടുണ്ട്. ബന്ധുക്കൾ എത്തിയതിന് ശേഷം മൃതദേഹം കൈമാറുമെന്നാണ് വിവരം.

മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ.

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇം​ഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കി. 23 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്. മറുപടിബാറ്റിങ്ങിൽ ഇം​ഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യൻ ബൗളർമാർ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസിന് പുറത്തായിരുന്നു. കരുൺ നായർ ഒഴികെ ഇന്ത്യൻ ബാറ്റർമാർക്കാർക്കും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുൺ 57 റൺസെടുത്ത് പുറത്തായി. ഇം​ഗ്ലണ്ടിനായി ​ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. പരമ്പരയിൽ 2-1 ന് ഇം​ഗ്ലണ്ട് മുന്നിലായതിനാൽ ​ഗില്ലിനും സംഘത്തിനും അതിനിർണായകമാണ് ഓവൽ ടെസ്റ്റ്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇം​ഗ്ലണ്ട് തുടക്കത്തിൽ അതിവേ​ഗം സ്കോറുയർത്തി. ടീം ഏഴോവറിൽ തന്നെ അമ്പതിലെത്തി. പിന്നാലെ തകർത്തടിച്ച ഓപ്പണർമാരായ സാക് ക്രോളിയും ബെൻ ഡക്കറ്റും ഇം​ഗ്ലണ്ടിനെ നൂറിനടുത്തെത്തിച്ചു. ടീം സ്‌കോര്‍ 92-ല്‍ നില്‍ക്കേയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തില്‍ 43 റണ്‍സെടുത്ത ഡക്കറ്റിനെ ആകാശ് ദീപ് പുറത്താക്കി. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച സാക് ക്രോളിയും പുറത്തായി. 64 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നാലെ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി തിരിച്ചടിച്ചു. ഒല്ലി പോപ്പ്(22), ജോ റൂട്ട്(29), ജേക്കബ് ബെത്തൽ(5) എന്നിവരും പുറത്തായതോടെ ഇം​ഗ്ലണ്ട് 195-5 എന്ന നിലയിലേക്ക് വീണു. പിന്നാലെ ജാമി സ്മിത്തിനെയും(8) ജാമി ഓവർട്ടനെയും(0) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. അതോടെ ആതിഥേയർ 215-7 എന്ന നിലയിലായി. അർധസെഞ്ചുറി തികച്ച ഹാരി ബ്രൂക്കാണ്(53) ഇം​ഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ഗസ് ആറ്റികിൻസൺ 11 റൺസെടുത്ത് പുറത്തായി. 247 റൺസിന് ഇം​ഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു.

ആറുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച സന്ദർശകർക്ക് തുടക്കത്തിൽ തന്നെ കരുൺ നായരെ നഷ്ടമായി. 57 റൺസെടുത്ത കരുൺ നായരെ ജോഷ് ടങ്ക് എൽബിഡബ്യുവിൽ ‍കുരുക്കി. പിന്നാലെ വാഷിങ്ടൺ സുന്ദറും കൂടാരം കയറി. 26 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ടീം 220-8 എന്ന നിലയിലായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഡക്കായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് 224-ൽ അവസാനിച്ചു. ഇം​ഗ്ലണ്ടിനായി ​ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തപ്പോൾ ജോഷ് ടങ്ക് മൂന്ന് വിക്കറ്റെടുത്തു.

ആദ്യദിനം ആതിഥേയർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറി. യശസ്വി ജയ്സ്വാൾ(2), കെ.എൽ.രാഹുൽ(14), സായ് സുദർശൻ(38), ശുഭ്മാൻ ​ഗിൽ(21), രവീന്ദ്ര ജഡേജ(9) ധ്രുവ് ജുറൽ(19) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്.

മത്സരത്തിൽ 11 റണ്‍സ് നേടിയതോടെ ഗില്‍ പുതിയ റെക്കോഡ് കുറിച്ചിരുന്നു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്.

എന്നാൽ 21 റണ്‍സെടുത്ത ഇന്ത്യൻ നായകൻ റണ്ണൗട്ടാകുകയായിരുന്നു. ഗസ് ആറ്റ്കിന്‍സന്റെ പന്തില്‍ സിംഗിളെടുക്കാനുള്ള ശ്രമം പാളി. ഷോര്‍ട്ട് കവറില്‍ പന്തടിച്ച ഗില്‍ ഓടാന്‍ ശ്രമിച്ചെങ്കിലും ഗസ് ആറ്റ്കിന്‍സണ്‍ വേഗത്തില്‍ പന്ത് ഓടിയെടുത്തു. അപകടം തിരിച്ചറിഞ്ഞ ഗില്‍ തിരിച്ചോടിയെങ്കിലും ഫലമുണ്ടായില്ല. ക്രീസിലെത്തുമുന്‍പേ ആറ്റ്കിന്‍സന്റെ ഏറ് കുറ്റിപിഴുതു.

അവസാനമത്സരത്തിൽ തോൽക്കാതിരുന്നാൽ ആൻഡേഴ്‌സൻ-തെണ്ടുൽക്കർ ട്രോഫി ആതിഥേയർക്ക് സ്വന്തമാക്കാം. ഇന്ത്യ ജയിച്ചാൽ 2-2ന് തുല്യതവരും. അപ്പോൾ കിരീടം ആർക്കെന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പരമ്പര സമനിലയായാൽ മുൻവർഷത്തെ ജേതാക്കൾ കിരീടം കൈവശംവെക്കുകയാണ് ചട്ടം. 2021-ൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിലായിരുന്നു. എന്നാൽ, 2019-ൽ ഇംഗ്ലണ്ട് 4-1ന് ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇംഗ്ലണ്ടിനാണ് കിരീടം ലഭിക്കേണ്ടത്. എന്നാലത് പട്ടൗഡി ട്രോഫിയായിരുന്നു. ഇത്തവണമുതൽ പേരുമാറ്റിയാണ് കിരീടം നൽകുന്നത്. അതുകൊണ്ട് ചട്ടം പ്രാവർത്തികമാകുമോയെന്ന് ഉറപ്പില്ല. രണ്ടുടീമുകൾക്കുമായി കിരീടം പങ്കുവെക്കാനാണ് സാധ്യത കൂടുതൽ.

താത്കാലിക വൈസ് ചാൻസലർ നിയമനവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആ‌ർലേക്കർ മുന്നോട്ട്. കെടിയു, ഡിജിറ്റൽ സർവകലാശാല വിസിമാരെ നിയമിച്ച് കൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും ശിവ പ്രസാദിനെ കെടിയു വിസിയായുമാണ് വീണ്ടും നിയമിച്ചത്.

സർക്കാർ പാനൽ തള്ളി കൊണ്ടാണ് ഗവർണർ വിഞാപനം ഇറക്കിയിരിക്കുന്നത്. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ സർക്കാർ രംഗത്തെത്തി. രാജ്ഭവൻ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാമ് സർക്കാർ കുറ്റപ്പെടുത്തുന്നത്. പുനർ നിയമനം സർക്കാരുമായി ആലോചിച്ചാകണം എന്നാണ് വിധി എന്നും സര്‍ക്കാര്‍ വാദിക്കുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യു കെ യിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾക്ക് ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നാളെ തുടക്കമാവും. കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് നേതൃത്വം നൽകുവാൻ കണ്ണൂർ ലത്തീൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതല ലണ്ടനിൽ എത്തിചേർന്നു. കൃപാസനം മരിയൻറിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിൽ ഇന്ന് മാഞ്ചസ്റ്ററിൽ വന്നെത്തും. ബർമിങ്ങാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ദ്വിദിന കൃപാസന ഉടമ്പടി ധ്യാനം നാളെയും, മറ്റന്നാളുമായി (ആഗസ്റ്റ് 2,3 ) നടക്കും.

പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും, അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യു കെ യിൽ ഒരുക്കുന്നത്.

യു.കെ റോമൻ കത്തോലിക്കാ ദേവാലയത്തിന്റെ ചാപ്ലിനും, തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ്ജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ധ്യാന വേദികളിലെ സ്ഥല പരിമിതി കാരണം നേരത്തെ പേരുകൾ രെജിസ്റ്റർ ചെയ്തവർക്കേ കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കു പങ്കുചേരുവാൻ സാധിക്കുകയുള്ളു എന്ന് കാദോഷ് മരിയൻ മിനിസ്റ്ററി അറിയിച്ചു. ബഥേൽ സെന്ററിൽ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകൾക്കു കൂടി അവസരമുണ്ട്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.

ബെർമിങ്ങാമിന്‌ പുറമെ കെന്റിലെ പ്രമുഖ മരിയൻ പുണ്യകേന്ദ്രവും, പരിശുദ്ധ അമ്മ, വി. സൈമൺ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ച തീർത്ഥാടന കേന്ദ്രവുമായ എയ്‌ൽസ്‌ഫോർഡ് മരിയൻ സെന്ററിലും ആഗസ്റ്റ് 6 ,7 തീയതികളിലായി ഉടമ്പടി ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.


രാവിലെ എട്ടരക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.

യു കെ യിലെ സമ്മർദ്ദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ബിജു കുളങ്ങര

ലണ്ടൻ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ ക്രോയിഡോണിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ഐഒസി യുകെ കേരള ചാപ്റ്ററിന്റെ സറെ റീജൻ കമിറ്റിയുടെ നേതൃത്വത്തിൽ ആണ് അനുസ്മരണവും തിരഞ്ഞെടുപ്പും നടത്തിയത്. ക്രോയിഡോണിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്ത അനുസ്മരണ യോഗം ഐഒസി യുകെ കേരള ചാപ്റ്റർ നാഷനൽ കമ്മിറ്റി പ്രസിഡന്റ് സുജു കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസിലെ പകരം വയ്ക്കാനില്ലാത്ത അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അസഹിഷ്ണുതയുടെ കാലത്ത് ഏവരെയും ചേർത്തു പിടിച്ച് മുന്നോട്ട് നയിച്ച ഉമ്മൻ ചാണ്ടിയുടെ നേതൃ പാടവം ഏവർക്കും അനുകരണീയം ആണെന്നും സുജു കെ ഡാനിയേൽ പറഞ്ഞു. സറെ റീജൻ പ്രസിഡന്റ് വിൽ‌സൺ ജോർജ് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി സൂരാജ് കൃഷ്ണൻ, പിആർഒ അജി ജോർജ്, ഒഐസിസി യുകെ മുൻ പ്രസിഡന്റ് കെ കെ മോഹൻദാസ്, നേതാക്കളായ ജോർജ് ജോസഫ്, സാബു ജോർജ്, നന്ദിത നന്ദൻ, നടരാജൻ ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.

നിലവിൽ ഉണ്ടായിരുന്ന ഒഐസിസി കമ്മിറ്റി ഐഒസി യുകെ കേരള ചാപ്റ്റർ കമ്മിറ്റിയായി പുന:ക്രമീകരിച്ച് തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികൾ ചുമതലയേറ്റു. വിൽസൻ ജോർജ് (പ്രസിഡന്റ്), ജെറിൻ ജേക്കബ്, നന്ദിത നന്ദൻ (വൈസ് പ്രസിഡന്റുമാർ), ഗ്ലോബിറ്റ് ഒലിവർ (ജനറൽ സെക്രട്ടറി), സനൽ ജേക്കബ് (ജോയിന്റ് സെക്രട്ടറി), അജി ജോർജ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. ബിജു ഉതുപ്പ്, സുമലാൽ മാധവൻ, അലീന ഒലിവർ, അസ്റുദ്ധീൻ അസീസ്, ലിജോ തോമസ്, അജീഷ് കെ എസ്, മുഹമ്മദ്‌ നൂർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. യുകെയിൽ നടന്ന ഐഒസി, ഒഐസിസി ലയനത്തെ സ്വാഗതം ചെയ്യുന്നതായി പുതുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു.

മധ്യകേരളത്തിലെ വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു.

ഈ വര്‍ഷം ഡിസംബറില്‍ നിര്‍മാണത്തിന് തുടക്കമിട്ട് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ പദ്ധതി.

നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്നുള്ള സോളാര്‍ പാടത്തോട് ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുക. 24 കോച്ചുകളുള്ള ട്രെയിനുകള്‍ നിര്‍ത്താവുന്ന തരത്തില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള സ്റ്റേഷനാണ് നെടുമ്പാശ്ശേരിയില്‍ നിര്‍മിക്കുക.

അത്താണി ജങ്ഷന്‍-എയര്‍പോര്‍ട്ട് റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപത്ത് നിന്നാണ് പ്ലാറ്റ്‌ഫോം ആരംഭിക്കുക. ഹൈലെവല്‍ പ്ലാറ്റ്‌ഫോം, ഫുട്ട് ഓവര്‍ ബ്രിഡ്ജ്, പ്ലാറ്റ്‌ഫോമിലേക്ക് ലിഫ്റ്റ് കണക്ടിവിറ്റി അടക്കം സൗകര്യങ്ങള്‍ ഉണ്ടാകും.

ചൊവ്വര-നെടുവണ്ണൂര്‍ -എയര്‍പോര്‍ട്ട് റോഡിലാവും സ്റ്റേഷന്റെ പ്രധാന കവാടം. ‘കൊച്ചിന്‍ എയര്‍പോര്‍ട്ട്’ എന്ന പേര് ശിപാര്‍ശ ചെയ്തിട്ടുള്ള റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത്, ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാവും. വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രക്കാരെ ഇലക്‌ട്രിക് ബസുകളില്‍ എത്തിക്കും. 19 കോടി രൂപയാണ് നിര്‍മാണചെലവ്.

കൊടി സുനി ഉൾപ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസിന്റെ സാന്നിധ്യത്തിൽ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടർന്ന് മൂന്ന്‌ പോലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ്‌ വിവരം. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് പരാതി.

ഉച്ചയ്ക്ക്‌ കോടതി പിരിഞ്ഞപ്പോൾ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കൾ ഹോട്ടലിലെത്തി മദ്യം നൽകി. പോലീസിന്റെ സാന്നിധ്യത്തിൽ പ്രതികൾ മദ്യം കഴിക്കുകയുംചെയ്തു. സംഭവം പുറത്ത്‌ വന്നതോടെയാണ് അന്വേഷണം നടത്തി പോലീസുകാർക്കെതിരെ നടപടിയെടുത്തത്.

നേരത്തേ കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു. കഴിഞ്ഞ 21 മുതൽ കൊടി സുനി പരോളിലാണ്. ഏഴിന് സെൻട്രൽ ജയിലിൽ തിരിച്ചെത്തണം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാത്തതും മറ്റു പ്രതിസന്ധികൾ തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡോക്‌ടറുടെ വെളിപ്പെടുത്തൽ സർവീസ് ചട്ടലംഘനമാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.കാരണം കാണിക്കൽ നോട്ടീസ് ശിക്ഷാനടപടിയല്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമാണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഡോക്ടറിൽ നിന്ന് വിശദീകരണം തേടും.

വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർനടപടികളിലേയ്ക്ക് കടക്കുമെന്നാണ് വിവരം.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കൽ ആരോഗ്യവകുപ്പിൽ സർജിക്കൽ സ്‌ട്രൈക്കായി മാറിയിരുന്നു.

ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർച്ചയായി ശസ്ത്രക്രിയകൾ മുടങ്ങിയതോടെയായിരുന്നു ജനകീയ ഡോക്ടറുടെ പ്രതിഷേധം. ‘എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സർവീസ് മടുത്തു.’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നവരോട് ഡോക്ടർമാർ കൈമലർത്തുന്നു.

എന്തുചെയ്യണമെന്നറിയാതെ പാവപ്പെട്ട രോഗികളും ബന്ധുക്കളും കഷ്ടപ്പെടുകയാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, ഉപകരണങ്ങളില്ലാത്തതിനാൽ തുടർച്ചയായി ശസ്ത്രക്രിയകൾ മാറ്റിവയ്‌ക്കേണ്ടിവന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഡോക്‌ടറുടെ വെളിപ്പെടുത്തൽ വിവാദമായതോടെ മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചിരുന്നു. പിന്നാലെ മാറ്റിവച്ച ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് വിമാനമാർഗമാണ് ഉപകരണങ്ങൾ എത്തിച്ചത്.

അതേസമയം, ഹാരിസ് സത്യസന്ധനായ ഡോക്‌ടറാണെന്നും കഠിനാധ്വാനം ചെയ്യുന്നയാളാണെന്നും സംവിധാനങ്ങളുടെ പ്രശ്‌‌നമാണെന്നുമാണ് വിഷയത്തിൽ ആരോഗ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി ഡോക്‌ടറെ വിമർശിക്കുകയും ചെയ്തിരുന്നു.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വഴിതെളിയുന്നു. കന്യാസ്ത്രീകള്‍ക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കന്യാസ്ത്രീകള്‍ക്ക് എതിരായ കേസ് എന്‍ഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ കേരളത്തില്‍ നിന്നുള്ള യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരോട് പറഞ്ഞു.

വിചാരണ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് ശ്രമം. അങ്ങനെ ചെയ്താല്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല. കേസ് എന്‍ഐഎയ്ക്ക് വിട്ടത് സെഷന്‍സ് കോടതിയാണ്. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്‍ഐഎ കോടതിയില്‍നിന്ന് കേസ് വിടുതല്‍ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും അമിത് ഷാ എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. ഇന്ന് വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മനുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് എന്‍ഐഎയെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കേസെടുക്കാന്‍ എന്‍ഐഎ ഡയറക്ടര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടണം. ആഭ്യന്തര മന്ത്രാലയമാണ് ഒരു കേസ് എന്‍ഐഎയ്ക്ക് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. തന്റെ മുന്നില്‍ എത്തിയാല്‍ മാത്രമേ അത് നിയമപരമായ നടപടിയാവൂ. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ നിലവില്‍ സെഷന്‍സ് കോടതിയുടെ നടപടി നിയമപരമല്ലാത്തതാണ് എന്നാണ് അമിത് ഷാ സ്വീകരിച്ച നിലപാട്.

പൊതുവെ അനുഭാവപൂര്‍വമായ സമീപനമാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു. അതേസമയം, സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നാണ് എംപിമാര്‍ക്ക് അമിത് ഷാ നല്‍കിയ ഉറപ്പ്. സംസ്ഥാന സര്‍ക്കാരും സിസ്റ്റര്‍മാരും വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും.

ഈ അപ്പീല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷയും നല്‍കാനാണ് നിര്‍ദ്ദേശം. ഇതിനുള്ള നടപടികളെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved