Latest News

അഗസ്റ്റീനിയൻ സന്യാസ സഭയിലെ ഒരു സാധാരണ മിഷനറിയായി ശുശ്രൂഷാ ജീവിതം ആരംഭിച്ച 69 വയസ്സുകാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ഇന്ന് മുതൽ കത്തോലിക്കാ സഭയുടെ അമരക്കാരൻ. മിശിഹായുടെ വികാരിയും, ആഗോള കത്തോലിക്കാ സഭയുടെ തലവനും, റോമൻ കത്തോലിക്കാ രൂപതയുടെ മെത്രാപ്പോലീത്തയും, വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായി അദ്ദേഹം നിയുക്തനായിരിക്കുന്നു.

അമേരിക്കയിലെ ചിക്കാഗോയിൽ ജനിച്ച്വറോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ദീർഘകാലം ലാറ്റിനമേരിക്കയിലെ പെറുവിൽ മിഷൻ പ്രവർത്തനം നടത്തി. അവിടെയുള്ള ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമൊപ്പമുള്ള അദ്ദേഹത്തിൻ്റെ ജീവിതം ആത്മീയതയ്ക്ക് പുതിയ വെളിച്ചം നൽകി. സഭയെ നയിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ഇടപെടലാണ് അദ്ദേഹത്തെ ഈ വലിയ ഉത്തരവാദിത്തത്തിലേക്ക് എത്തിച്ചത് എന്ന് നിസ്സംശയം പറയാം. അതിനാൽ തന്നെ അദ്ദേഹത്തെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല.

1955-ൽ യു.എസ്.എയിലെ ചിക്കാഗോയിൽ ജനിച്ച പ്രീവോസ്റ്റ്, 1982-ൽ അഗസ്റ്റിനിയൻ സന്യാസ സഭയിൽ നിന്ന് വൈദികനായി അഭിഷിക്തനായി. തുടർന്ന് പെറുവിലെ ദരിദ്രരുടെ ഇടയിൽ നടത്തിയ മിഷനറി പ്രവർത്തനം അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾക്ക് ആഴം നൽകി.

പുതിയ പാപ്പ ഏത് രാജ്യക്കാരനോ ഏത് ഭാഷ സംസാരിക്കുന്ന വ്യക്തിയോ ആകട്ടെ, അദ്ദേഹത്തിന് ക്രിസ്തുവിൻ്റെ ഭാഷയിൽ സംസാരിക്കാനും, സഭയുടെ ആധികാരികമായ പഠനങ്ങളെ ഉയർത്തിപ്പിടിക്കാനും കഴിയും. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം അവിടെ തടിച്ചുകൂടിയ വിശ്വാസികളോടും ലോകമെമ്പാടുമുള്ള ജനങ്ങളോടും തൻ്റെ ആദ്യ സന്ദേശം പങ്കുവെച്ചു. ഭയമില്ലാത്ത ജീവിതം, ഐക്യം, സമാധാനം എന്നീ വാക്കുകൾ അദ്ദേഹത്തിൻ്റെ പ്രഥമ സന്ദേശത്തിൽ പ്രധാനമായി കേട്ടു.

“ഭയമില്ലാതെ, ഒന്നിച്ച്, ദൈവത്തോടും പരസ്പരവും കൈകോർത്ത്, നാം മുന്നോട്ട് പോകും. നാം ക്രിസ്തുവിൻ്റെ ശിഷ്യന്മാരാണ്, ക്രിസ്തു നമുക്ക് മുൻപേ പോകുന്നു, ലോകത്തിന് അവൻ്റെ വെളിച്ചം ആവശ്യമുണ്ട്. ദൈവത്തിലേക്കും അവൻ്റെ സ്നേഹത്തിലേക്കും എത്താൻ മനുഷ്യരാശിക്ക് അവനൊരു പാലം പോലെ ആവശ്യമാണ്. സംഭാഷണത്തിലൂടെയും കണ്ടുമുട്ടലിലൂടെയും പാലങ്ങൾ പണിയാൻ നിങ്ങൾ ഞങ്ങളെ സഹായിക്കണം, അങ്ങനെ നമുക്കെല്ലാവർക്കും എപ്പോഴും സമാധാനത്തിൽ ഒരു ജനതയായിരിക്കാൻ കഴിയും,” ലിയോ പതിനാലാമൻ മാർപ്പാപ്പ തൻ്റെ ആദ്യ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

പ്രേഷിത പ്രവർത്തനത്തിൻ്റെയും സാധാരണക്കാരോടുള്ള പ്രതിബദ്ധതയുടെയും കരുത്തുമായി കത്തോലിക്കാ സഭയുടെ അമരത്തേക്ക് എത്തുന്ന പ്രഥമ അമേരിക്കക്കാരനായ ലിയോ പതിനാലാമൻ ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിൻ്റെയും വെളിച്ചം പകരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.

കഴിഞ്ഞ നാല് ദിവസമായി പനിയും ശ്വാസ തടസവും നേരിട്ടതിനെ തുടര്‍ന്നാണ് ഇവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിക്കുന്നത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

കെ. സുധാകരനു പിൻഗാമിയായി കെ.പി.സിസി. പ്രസിഡന്റ് ആയി സണ്ണി ജോസഫ് എം.എൽ.എയെ നിയമിച്ചു. എം.എം. ഹസനു പകരമായി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ്. കൺവീനറായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കെ. സുധാകരന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവാക്കി.

പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരാണ് കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാർ. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും കെ. സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ അടുത്ത അനുയിയായ സണ്ണി ജോസഫിനെ നിയമിച്ചത്.

2011 മുതൽ പേരാവൂർ എംഎൽഎയായ സണ്ണി ജോസഫ് നിലവിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനാണ്. കൊടിക്കുന്നിൽ സുരേഷ്, ടി.എൻ പ്രതാപൻ, ടി.സിദ്ദിഖ് എന്നിവരായിരുന്നു നിലവിൽ വർക്കിങ് പ്രസിഡന്റുമാർ.

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുമുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റിയത്.

ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായത്തിനായിരുന്നു കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ആശയവിനിമയത്തില്‍ മേല്‍ക്കൈ. എ.കെ. ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവ വോട്ടുകള്‍ നേരിയതെങ്കിലും ബിജെപിയിലേക്ക് ചായുന്നെന്ന ചിന്തയുമുണ്ട്.

സുധാകരനെ മാറ്റുമ്പോള്‍ ഈഴവ വിഭാഗത്തില്‍നിന്നുണ്ടാകാവുന്ന എതിര്‍പ്പും കണക്കിലെടുത്തു. അതുകൊണ്ടാണ് ഈഴവ വിഭാഗത്തില്‍നിന്ന് പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശിന് യു.ഡി.എഫ് കൺവീനർ സ്ഥാനം നൽകിയത്.

ഷിബി ചേപ്പനത്ത്

ലണ്ടൻ : പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിന്റെ 2025 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ റെഡ്ഡിച്ചിലുള്ള സെൻറ് ജോസഫ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ 2025 സെപ്റ്റംബർ 27ശനി, 28 ഞായർ ദിവസങ്ങളിൽ മോർ ബസ്സേലിയോസ് ഹാളിൽ വച്ച് (THE NEW BINGLEY HALL, 1 HOCKLEY CURCUS BIRMINGHAM B18 5PP) നടത്തപ്പെടും. ഭദ്രാസനത്തിലെ 47 പരം ഇടവകകളിൽ നിന്നും ആയിരത്തിൽ പരം യാക്കോബായ സഭാ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.

മലങ്കരയുടെ നവാഭിഷിക്ത ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ തിരുമേനി മുഖ്യ അതിഥിയായി എഴുന്നുള്ളി വന്ന് കുടുംബ സംഗമത്തിൻ്റെ ദ്വിദ്വിന പരിപാടികളിൽ സംബന്ധിക്കും.
കൂടാതെ പ്രബുദ്ധരായ മഹനീയ വ്യക്തികൾ നയിക്കുന്ന കുടുംബ ക്ലാസുകളും, കുഞ്ഞുങ്ങൾക്കും, കൗമാരക്കാർക്കും വേർതിരിച്ച് ബൈബിൾ ക്ലാസുകളും വിവിധ തരത്തിലുള്ള കൾച്ചറൽ പ്രോഗ്രാമുകളും സംഗമത്തിന് മാറ്റു കൂട്ടും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ യുകെ ഭദ്രാസന പള്ളിപ്രതിപുരുഷ യോഗം ആണ് കുടുംബ സംഗമത്തിന്റെ വിശദമായ നടത്തിപ്പിന്റെ കാര്യങ്ങൾ തീരുമാനിച്ച് നടപ്പിലാക്കിയത്.

കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ ഭദ്രാസനാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികളും കാലേകൂട്ടി പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് അഭിവന്ദ്യ തിരുമേനി അറിയിക്കുകയും ചെയ്തു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

നോർവിച്ച്: യു കെ യിലെ നോർവിച്ചിൽ നിര്യാതയായ നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസിനു നാളെ മെയ് 9 ന് വെള്ളിയാഴ്ച്ച സ്നേഹോഷ്മളമായ യാത്രാമൊഴിയേകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം നോർവിച്ച് മലയാളി സമൂഹത്തിലും, സെന്റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ ഇടവകയിലും, നീണ്ടൂർ സംഗമത്തിലും സ്നേഹ സാന്നിദ്ധ്യമായിരുന്ന മേരിക്കുട്ടിക്ക് നാളെ (വെള്ളിയാഴ്ച) നോർവിച്ചിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാവും നൽകുക.

പൊതുദർശനം ഉച്ചക്ക് ഒരു മണി മുതൽ മൂന്നുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് അന്ത്യോപചാര തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നതുമായിരിക്കും. നോർവിച്ചിൽ സെന്റ് ജോർജ്ജ് റോമൻ കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദർശനത്തിനും, തിരുക്കർമ്മങ്ങൾക്കും ഉള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഗൾഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യു കെ യിൽ എത്തുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് പരേതനായ നീണ്ടൂർ മണ്ണാർക്കാട്ടിൽ ജെയിംസ്‌ നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരാളായിരുന്നു. പരേതക്ക് 68 വയസ്സ് പ്രായമായിരുന്നു. ഞീഴൂർ പാറയ്ക്കൽ കുടുംബാംഗം ആണ്. സഞ്ചു, സനു, സുബി എന്നിവർ മക്കളും, അനൂജ,സിമി, ഹൃദ്യ എന്നിവർ മരുമക്കളുമാണ്.

നോർവിച്ച് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. മാത്യൂസ് വലിയപുത്തൻപുരയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധബലിയും മരണാനന്തര ശുശ്രുഷകളും അർപ്പിക്കും. സീറോമലബാർ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കൽ, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോൻ പുന്നൂസ് എന്നിവർ സഹകാർമ്മീകത്വം വഹിക്കുന്നതാണ്.

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഒരുക്കിയിരിക്കുന്ന അനുശോചന വേളയിൽ മേരിക്കുട്ടി ജയിംസിന്റെ ജീവിതം അനുസ്മരിക്കുകയും, അനുശോചന സന്ദേശങ്ങൾ നൽകുകയും. തുടർന്ന് ബോഡി തിരിച്ചു മോർച്ചറിയിലേക്ക് കൊണ്ടു പോകുന്നതുമാണ്.

നിയമനടപടികൾ പൂർത്തിയാക്കി ബോഡി നാട്ടിൽ എത്തിക്കുന്നതും, നീണ്ടൂർ വി.മിഖായേൽ ക്നാനായ കത്തോലിക്കാ ദേവാലയ കുടുംബ കല്ലറയിൽ സംസക്കരിക്കുന്നതുമാണ്.

പൊതുദർശനത്തിലും തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് വിടപറഞ്ഞ പ്രിയ സോദരിക്ക് യാത്രാമൊഴിയേകുവാനും, അനുശോചനവും അന്ത്യാഞ്ജലിലും അർപ്പിക്കുന്നതിനും, നിത്യശാന്തി നേരുന്നതിനും ഉള്ള അവസരമാണ് നോർവിച്ച് സെന്റ് ജോർജ്ജ് കത്തോലിക്ക ദേവാലയത്തിൽ ഒരുക്കിയിരിക്കുന്നത്.

ഇതൊരറിയിപ്പായി കണക്കാക്കണമെന്ന് സന്തപ്ത കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്.

Venue :
St. George’s R C Church, Sprowston Road, Norwich, Norfolk,
NR3 4HZ

ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. സൈനിക നടപടിയുടെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പിന്തുണ പ്രതീക്ഷിക്കുന്ന രാജ്യങ്ങളെ വിളിച്ച് ഇന്ത്യ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. സംഘര്‍ഷ സാധ്യത നില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് പാക് സൈന്യം രൂക്ഷമായ ആക്രമണം നടത്തുന്നുണ്ട്. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ ഓരോ യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാക് സൈന്യം ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അടിയന്തര യോഗം ചേര്‍ന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കായി കൂടുതല്‍ ഷെല്‍ട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കരുതണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതിര്‍ത്തി ജില്ലകള്‍ക്ക് അഞ്ച് കോടി രൂപ വീതവും മറ്റ് ജില്ലകള്‍ക്ക് രണ്ട് കോടി രൂപയും അടിയന്തരമായി അനുവദിക്കും. കാശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും അടച്ചിടും.

അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കും. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ, നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും.

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ ഫലം ഉണ്ടായില്ല എന്ന് അറിയിച്ചുകൊണ്ട് സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നു. വോട്ടെടുപ്പ് വ്യാഴാഴ്ച തുടരും. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെടുന്നതുവരെ ചാപ്പലിലെ കര്‍ദ്ദിനാള്‍മാര്‍ക്ക് പുറം ലോകവുമായി യാതൊരു ആശയവിനിമയവും ഉണ്ടാവില്ല.

വെളുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെട്ടതിന്റെയും കറുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെടാത്തതിന്റെയും സൂചനയാണ്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്തത്. 89 വോട്ട് ലഭിക്കുന്നയാള്‍ ആഗോള കത്തോലിക്കാസഭയുടെ ഇടയനാകും.

ആയിരക്കണക്കിനാളുകളാണ് സെന്റ്. പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയത്. ഏതാണ്ട് മൂന്ന് മണിക്കൂറോളമാണ് വിശ്വാസികള്‍ വോട്ടെടുപ്പിന്റെ ഫലം അറിയാനായി കാത്തുനിന്നത്. കര്‍ദിനാള്‍മാര്‍ ബൈബിളില്‍ തൊട്ടു സത്യം ചെയ്ത ശേഷമാണ് വോട്ടെടുപ്പ് നടത്തിയത്. ഇന്ന് ഒരു തവണയേ വോട്ടെടുപ്പ് നടന്നുള്ളു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ മാര്‍പാപ്പ തിരഞ്ഞെടുത്തില്ലെങ്കിലും, ആരൊക്കെയാണ് പരിഗണിക്കപ്പെടുന്നതെന്ന സൂചന കോണ്‍ക്ലേവ് അംഗങ്ങള്‍ക്ക് ലഭിക്കാം. വ്യാഴാവ്ച മുതല്‍ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും മൂന്ന് വീതം ആകെ നാല് തവണ വോട്ടെടുപ്പ് ഉണ്ടാകും. 2013 ല്‍ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യമായി ഇത്തവണയാണ് 120 ല്‍ ഏറെപ്പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. എണ്ണത്തിലെ വര്‍ധന ഒരാള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നത് നീണ്ടുപോകാന്‍ കാരണമാകാം. എന്നാല്‍ കോണ്‍ക്ലേവ് നീണ്ടുപോകുന്നത് സഭയില്‍ ഭിന്നത സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ മൂന്ന് ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. കോണ്‍ക്ലേവിന് മുന്നോടിയായി കര്‍ദിനാള്‍മാര്‍ 12 തവണ യോഗം ചേര്‍ന്നിരുന്നു.

26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറിന്റെ നിഴല്‍ സംഘടനായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടെ നിലവിലെ തലവന്‍ ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് കേരളവുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സജ്ജാദ് ഗുള്‍ ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില്‍ പഠിച്ചിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ വളര്‍ത്തിയെടുത്ത ഭീകരനാണ് സജ്ജാദ് ഗുള്‍.

ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷം സജ്ജാദ് ഗുള്‍ കേരളത്തില്‍ വന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ട് എന്നാണ് പിടിഐ റിപ്പോർട്ടിൽ പറയുന്നത്.. ഇതിന് ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയ ഇയാള്‍ അവിടെ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നത് തുടങ്ങുകയും ചെയ്തു.

ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നതിനിടെ 2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍ഡിഎക്‌സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട സജ്ജാദ് പിന്നീട് 2017ലാണ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ പാകിസ്താനിലേക്ക് പോവുകയും ചെയ്ത ഐഎസ്‌ഐയുടെ ശിക്ഷണത്തിലും ഉപദേശത്തിലും റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടന രൂപീകരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.

ഇന്ത്യയ്ക്ക് പുറത്ത് രൂപീകരിച്ച സംഘടനകള്‍ക്ക് പകരം ഇന്ത്യയ്ക്കകത്ത് ഉള്ളവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുക എന്ന തന്ത്രമാണ് ഐഎസ്‌ഐ നടപ്പിലാക്കിയത്. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇത്തരമൊരു സംവിധാനമൊരുക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. പുല്‍വാമയ്ക്ക് പിന്നാലെ പാകിസ്താന്‍ ഭീകരവാദികളെ സംരക്ഷിക്കുന്നുവെന്ന രീതിയില്‍ ആഗോളതലത്തില്‍ ചര്‍ച്ചകള്‍ വരികയും ചെയ്തിരുന്നു. ഭാവിയില്‍ അത് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ടി.ആര്‍.എഫിലൂടെ ഐഎസ്‌ഐ ലക്ഷ്യമിട്ടത്.

മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ടിആര്‍എഫിന്റെ പ്രവര്‍ത്തനം സജീവമായി. 2020 മുതല്‍ 2024 വരെ നിരവധി ആക്രമണങ്ങള്‍ ഇവര്‍ ജമ്മു കശ്മീരില്‍ നടത്തി. കശ്മീരികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ടി.ആര്‍.എഫിന്റെ സ്വഭാവമായിരുന്നു. നിലവില്‍ 50 വയസുള്ള സജ്ജാദ് ഗൗളിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഈനാമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 2022ല്‍ തന്നെ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

പാകിസ്താൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സേന. ഒൻപത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ മിസൈലാക്രമണ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

കോട്ലിയിലെ അബ്ബാസ് തീവ്രവാദ ക്യാമ്പ്, ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് (ജെഎം) ആസ്ഥാനം, സിയാൽകോട്ട്, മുസാഫറാബാദ്, ഭിംബർ, ചക് അമ്രു, ഗുൽപുർ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പ്, മുരീദ്കെയിലെ അഡീഷണൽ എൽഇടി ക്യാമ്പ് എന്നീ കേന്ദ്രങ്ങൾ തകർക്കുന്ന ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

കോട്ലിയിലെ അബ്ബാസ് ഭീകരവാദ കേന്ദ്രമായിരുന്നു ഇന്ത്യൻ സൈന്യം ആദ്യം ലക്ഷ്യമിട്ടത്. പുലർച്ചെ 1.04 ഓടെയായിരുന്നു ഇവിടെ ഇന്ത്യൻ സേന മിസൈലാക്രമണം നടത്തിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തിൽ സേന ലക്ഷ്യം കാണുകയായിരുന്നു. ഇന്ത്യൻ മിസൈലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായാണ് വിവരം. മസ്ഹൂദ് അസ്ഹറിന്റെ പ്രസ്താവനെയെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ജോലിക്ക് പോയ യുവതി വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. യുവതിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം. യുവതിയുടെ മുൻ സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു കൃഷ്ണന്‍ (36) ആണ് ഇന്നലെ മരിച്ചത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ഇന്നലെ രാവിലെ 9നു ജോലിക്കു പോകുമ്പോള്‍ വെട്ടിക്കാവുങ്കല്‍ – പൂവന്‍പാറപ്പടി റോഡിലാണ് അപകടം.

വാഹനമിടിച്ച് അബോധാവസ്ഥയില്‍ കിടന്ന നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിലൂടെ എത്തിയ വാഹനം ഇടിച്ചുവീഴ്ത്തിയെന്നാണു പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ഒരു കാര്‍ മല്ലപ്പള്ളി ഭാഗത്തേക്കു പോകുന്നതു കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചു.

വാഹനം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് പറഞ്ഞു. യുവതിയുമായി ബന്ധപ്പെട്ടു സമീപകാലത്തു നടന്ന സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നീതുവിന്റെ മക്കള്‍: ലക്ഷ്മി നന്ദ, ദേവനന്ദ. സംസ്‌കാരം പിന്നീട്.

Copyright © . All rights reserved