സോളാർ റേഡിയേഷൻ ഫ്ലൈറ്റ് കൺട്രോൾ ഡാറ്റയെ ബാധിക്കാനിടയുണ്ടെന്ന ആശങ്കയെ തുടർന്ന് എയർബസ് എ320 വിഭാഗത്തിൽപ്പെട്ട നിരവധി വിമാനങ്ങളിൽ അടിയന്തര സോഫ്റ്റ്‌വെയർ മാറ്റങ്ങൾ നിർദ്ദേശിച്ചതായി റിപ്പോർട്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ ഇന്ത്യൻ എയർലൈൻസുകൾ പ്രവർത്തിപ്പിക്കുന്ന 200–250 വിമാനങ്ങൾ വരെ നിലത്തിറക്കേണ്ടതിനാൽ അടുത്ത ദിവസങ്ങളിൽ സർവീസുകൾക്ക് വലിയ തടസ്സം നേരിടാനും വൈകലുകളും റദ്ദാക്കലുകളും ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആഗോളതലത്തിൽ 6000 വിമാനങ്ങൾ വരെ ഈ സാങ്കേതിക നടപടികളിൽ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ.
സോഫ്റ്റ്‌വെയർ അപ്‌ഡേഷനും പരിശോധനയും പൂർത്തിയാകുന്നതുവരെ ഈ വിമാനങ്ങൾ നിശ്ചിതസമയത്തേക്ക് സർവീസിൽ നിന്ന് ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകും. ഇന്ത്യൻ എയർലൈൻസ് ഇതിനകം തന്നെ യാത്രക്കാരെ വൈകിപ്പോക്കലുകൾ സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകി തുടങ്ങുകയും ഷെഡ്യൂളുകളിൽ മാറ്റം വരുത്താനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്തു. എയർബസിന്റെ നിർദേശത്തെ തുടർന്ന് യൂറോപ്യൻ യൂണിയൻ വ്യോമയാന സുരക്ഷാ ഏജൻസി (EASA) അടിയന്തര മാർഗനിർദേശം ഉടൻ പുറപ്പെടുവിക്കും.
ഈ സോഫ്റ്റ്‌വെയർ പരിഷ്കരണം പ്രവാസി മലയാളികളിൽ പലർക്കും യാത്രാതടസം സൃഷ്ടിക്കും എന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളിൽ പലതും എ320 മോഡൽ ഉപയോഗിക്കുന്നതിനാൽ വൈകലുകൾക്ക് സാധ്യത കൂടുതലാണ്. ട്രാൻസിറ്റ് വഴിയുള്ള യാത്രകളും റീ-ഷെഡ്യൂളിംഗ് മൂലം കുഴപ്പത്തിലാകാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുമ്പ് എയർലൈൻസുകളുടെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കാനും ബദൽ പ്ലാനുകൾ ഒരുക്കി കൊടുക്കാനും വിദഗ്ധർ നിർദേശം നൽകുന്നു.
പാലക്കാട് ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒയായിരുന്ന ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പുരോഗതി. ബിനു തോമസ് ആത്മഹത്യയ്ക്കു മുന്‍പ് എഴുതിയ 32 പേജുള്ള കുറിപ്പില്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് അനാശാസ്യകേസിൽ അറസ്റ്റിലായ യുവതി മൊഴി നൽകിയത്. 2014 ഏപ്രിൽ 15-ന് അന്ന് സിഐയായിരുന്ന ഉമേഷ് വീട്ടിലെത്തി പീഡിപ്പിച്ചെന്നതാണ് യുവതിയുടെ മൊഴിമൂലം പുറത്തുവന്ന ഞെട്ടിക്കുന്ന വിവരം. കേസ് പുറത്തുപോകാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതായും കുറിപ്പിൽ പറഞ്ഞിരുന്നതാണ്.
ബിനു തോമസിന്റെ കുറിപ്പിൽ, യുവതിയെ പീഡിപ്പിക്കാൻ തനിക്കുമേൽ സമ്മർദ്ദം ചെലുത്തിയതായും ഉമേഷിനെതിരേ കടുത്ത ആരോപണങ്ങളുമാണ് ഉണ്ടായിരുന്നത്. അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ രാത്രിസമയത്ത് എത്തിയാണ് ഉമേഷ് പീഡനം നടത്തിയതെന്നും കേസ് ഒതുക്കാനായി വഴങ്ങേണ്ടതായി വന്നെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഇതിനിടെ, ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അതേസമയം, ഇപ്പോൾ ഡിവൈഎസ്പിയായ ഉമേഷ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. യുവതിയെ പരിചയമില്ലെന്നും ആത്മഹത്യാക്കുറിപ്പ് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നവംബർ 15-ന് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബിനു തോമസിന്റെ മരണത്തിൽ ജോലിസംബന്ധമായ സമ്മർദ്ദവും കുടുംബപ്രശ്നങ്ങളും കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പുതിയ മൊഴിയെ തുടർന്ന് കേസിൽ കൂടുതൽ അന്വേഷണത്തിന് സ്ഥലം തെളിഞ്ഞിരിക്കുകയാണ്.
നിലമ്പൂർ: മുതുമല ടൈഗർ റിസർവ് (എംടിഐആർ) ബഫർ സോണിൽ ആദിവാസി വയോധികയെ കൊന്നതായി സംശയിക്കുന്ന കടുവയെ പിടികൂടാൻ തമിഴ്നാട് വനംവകുപ്പ് വ്യാപകമായ ശ്രമം തുടങ്ങി. എംടിഐആർടി–37 എന്ന പേരിലുള്ള 12 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണ് സംഭവത്തിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. മാവനള്ളയിൽ നദിക്കരയിൽ ആടുകളെ മേയ്ക്കുന്നതിനിടെ ബി. നാഗിയമ്മാൾ (60) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
കടുവയുടെ ചലനം നിരീക്ഷിക്കാൻ ഒന്നിലധികം ഫീൽഡ് ടീമുകളാണ് പ്രദേശത്ത് ദിനരാത്ര പട്രോളിങ് നടത്തുന്നത്. തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് ട്രാക്കിങ് ശക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ 34 ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിരിക്കുകയാണ്. കടുവ പതിവായി എത്തുന്ന ഭാഗങ്ങളിലും ആക്രമണമുണ്ടായ സ്ഥലത്തും രണ്ട് മുതൽ മൂന്ന് വരെ കെണി കൂടുകൾ സ്ഥാപിക്കാൻ വനംവകുപ്പ് തയ്യാറെടുക്കുന്നു.
കടുവയെ പിടികൂടി സുരക്ഷിതമായ രക്ഷാകേന്ദ്രത്തിലേക്ക് മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. സമീപ ഗ്രാമങ്ങളിൽ ആശങ്ക നിലനിൽക്കുന്നതിനാൽ ജനങ്ങൾക്ക് രാത്രി വീടിനു പുറത്തുപോകുന്നത് വിലക്കി. സ്കൂൾ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വനംവകുപ്പ് പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ വനംവകുപ്പിനെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്; തുടർന്ന് ഉദ്യോഗസ്ഥർ പട്രോളിംഗും വാഹനസഹായവും ഒരുക്കും.
തിരുവന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കേസിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും യാഥാർത്ഥ്യമില്ലാത്തതുമാണെന്നാണ് വാദം. പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യയാണെന്നും, ഫേസ്ബുക്ക് വഴിയാണ് സൗഹൃദം ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും, ഗർഭിണിയാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഹുൽ നിലപാട് വ്യക്തമാക്കുന്നു.
പരാതി നൽകാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് തന്നെ സമ്മർദ്ദം ചെലുത്തിയതായി യുവതി തന്നെ അറിയിച്ചതായും, ഇതിന് തെളിവുകൾ ഉണ്ടെന്നും രാഹുൽ കോടതിയെ അറിയിച്ചു. ഗർഭചിദ്രം നടത്തിയെന്ന ആരോപണം നിലനിൽക്കില്ലെന്നും, അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.
ഇതിനിടെ കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാൻ പൊലീസ് തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മീഷണർ തോമ്സൺ ജോസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. രാഹുൽ ഒളിവിലായതിനാൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. നിർബന്ധിത ഗർഭചിദ്രം, ബലാൽസംഗം, സ്വകാര്യ ദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലണ്ടൻ :- കൈരളി യുകെ യുടെ വാർഷിക ത്രിദിന ക്യാമ്പ് ;ദ്യുതി 2025 റോക്ക് യുകെ ഫ്രോന്റിയർ സെന്ററിൽ ആഘോഷപൂർവ്വം സമാപിച്ചു. നവംബർ 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ യു. കെ യുടെ വിവിധ മേഖലകളിൽ നിന്നുള്ള തൊണ്ണൂറോളം കൈരളി യു കെ അംഗങ്ങൾ നോർത്താംപ്റ്റണിലെ നിർദ്ദിഷ്ട്ട ക്യാമ്പ് സൈറ്റിൽ ഒരുമിച്ചു കൂടി വിവിധ വിജ്ഞാന, വിനോദ പരിപാടികളാണ് ദ്യുതിയിൽ അരങ്ങേറിയത്. കോർബി – ഈസ്റ്റ് നോർത്താംപ്ട്ടൻഷയർ പ്രദേശത്തിൻ്റെ എം.പി ലി ബാരൻ ക്യാംപ് സന്ദർശിക്കുകയും കൈരളി യു.കെ അംഗങ്ങളോട് സംവദിക്കുകയും കുടിയേറ്റ – വിസ നിയമങ്ങളിൽ സർക്കാരിൻ്റെ വരാൻ പോകുന്ന പുതിയ നയങ്ങളെ കുറിച്ചുള്ള ചില സൂചനകൾ അദ്ദേഹം ക്യാമ്പ് അംഗങ്ങളുമായി പങ്കു വെക്കുകയും ചെയ്തു.
കഴിഞ്ഞ മാസങ്ങളിൽ കൈരളി യു.കെ യൂണിറ്റ് തലത്തിലും ദേശീയതലത്തിലും നടത്തിയ പരിപാടികൾ എല്ലാം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കൈരളിയുടെ പ്രഥമ ന്യൂസ് ലെറ്ററിന്‍റെ പ്രകാശനവും പ്രസ്തുത വേദിയിൽ വെച്ച് കൈരളിയുടെ മുൻ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് നിർവഹിക്കുകയുണ്ടായി.

സുസ്ഥിര വികസന ജീവിതശൈലി പരിശീലനത്തെക്കുറിച്ച് ടെഡ്എക്സ് പ്രഭാഷകനും യു.എൻ. യൂത്ത് ക്ലൈമറ്റ് ലീഡറും ആയ സഞ്ചു സോമൻ നയിച്ച ക്ലാസിന് ശേഷം യു.കെ യിലെ നമ്മുടെ ജീവിത സാഹചര്യങ്ങളുടെ പരിധികളിൽ നിന്ന് കൊണ്ട് പ്രസ്തുത ആശയം എങ്ങനെ പ്രാവർത്തികമാക്കാം എന്ന വിഷയം മുൻനിർത്തി ഗ്രൂപ്പ് തിരിഞ്ഞുള്ള ക്രിയാത്മകമായ ചർച്ചകളും ദ്യുതിയുടെ വേദിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ( Sustainability development) സ്റ്റെം സെൽ ദാനത്തിനായുള്ള ബോധവത്കരണത്തിനൊടുവിൽ ക്യാമ്പിലെ ബഹുഭൂരിപക്ഷവും ദാതാക്കളാവാൻ തയ്യാറായി മുന്നോട്ട് വന്നത് വലിയ വിജയമായി കാണുന്നു എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
എല്ലാവരും ഒരുമിച്ചിരുന്നുള്ള ക്രിസ്മസ് കാർഡ് നിർമ്മാണം, ഗ്രൂപ്പ് തിരിഞ്ഞുള്ള വിവിധയിനം മത്സരങ്ങൾ തുടങ്ങിയ പരിപാടികളിൽ ക്യാമ്പ് അംഗങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു. ക്യാമ്പ് സൈറ്റിൽ വച്ച് തന്നെ ഒരു നേരം തയ്യാറാക്കിയ തനി നാടൻ ഭക്ഷണവും, രാത്രിയിലെ ക്യാമ്പ് ഫയറും അതിനോട് ചേർന്ന് നടന്ന മിനി വെടിക്കെട്ടും ശേഷം പ്രായഭേദമന്യെ എല്ലാവരും ഒരുമിച്ച് ചുവടുകൾ വെച്ച ഡിജെ കലാശക്കൊട്ടും പാട്ടു കൂട്ടങ്ങളുമെല്ലാം ക്യാമ്പിന്റെ ആവേശം ഇരട്ടിയാക്കി. ക്യാമ്പിൽ നിന്ന് ലഭിച്ച അനുഭവങ്ങളും പുതിയ സൗഹൃദങ്ങളും എന്നും തങ്ങൾ സ്നേഹത്തോടെ നെഞ്ചോട് ചേർത്തുവെക്കാൻ ശ്രമിക്കുമെന്നും അവസാന ദിവസം യാത്ര പറഞ്ഞ് പിരിയുന്ന വേളയിൽ ഏവരും അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നെടുമങ്ങാട് വലിയമല സ്റ്റേഷനില്‍ ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തി നല്‍കിയ പരാതിയോടൊപ്പം ശബ്ദരേഖയും വാട്സാപ്പ് ചാറ്റുകളുമുള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകളും കൈമാറിയിരുന്നു.
പരാതി ലഭിച്ചതോടെ പൊലീസിന്റെ നടപടി വേഗത്തിലായി. റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തതിന് ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് മുന്നോട്ടുപോയി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കേസ് രാഷ്ട്രീയ തലത്തിലും ചർച്ചയായിരിക്കുകയാണ്. ഇതിനുമുമ്പും രാഹുലിനെതിരെ ശബ്ദരേഖയെ ആസ്പദമാക്കി ആരോപണമുണ്ടായിരുന്നെങ്കിലും പരാതിക്കാരി നേരിട്ട് എത്താതിരുന്നതിനാല്‍ അന്വേഷണം മുന്നോട്ടുപോകാനായിരുന്നില്ല.
ഇതിനിടെ, പരാതിക്ക് പിന്നാലെ പാലക്കാട് എംഎല്‍എ ഓഫീസ് അടച്ചിട്ട നിലയിലാണ്. ഫോണ്‍ ഓഫ് ചെയ്ത് രാഹുല്‍ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ അറസ്റ്റിനുള്ള പൊലീസ് നീക്കം ശക്തമാകുകയാണ്. മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി അറിയുന്നു. സെഷന്‍സ് കോടതിയെ ആദ്യം സമീപിക്കണമെന്ന നിയമനിര്‍ദേശമുണ്ടെങ്കിലും പ്രത്യേക സാഹചര്യമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
ശബരിമല സ്വർണക്കവർച്ച കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീക്കും ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും ഇന്ന് നിർണായക ദിനമാണ്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിശോധിക്കുന്നു. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് നേരത്തെ താൽക്കാലികമായി തടഞ്ഞിരുന്നു.
2019-ൽ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടതാണെന്ന ആരോപണമാണ് ജയശ്രീക്കെതിരെ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പുവെച്ചത് ശ്രീകുമാറാണ്. ഇവരുടെ പങ്ക് പരിശോധിക്കപ്പെടുന്നതിനിടെ കേസിനോടനുബന്ധിച്ച് കൂടുതൽ സാക്ഷ്യങ്ങളും മൊഴികളും ചർച്ചയാകുകയാണ്.
തന്ത്രി കണ്ഠരര്‍ രാജീവിന്റെ പങ്കിനെ കുറിച്ചുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും അന്വേഷണ സംഘത്തിന് നിർണായകമായി. പോറ്റിയുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ തന്ത്രിയും അടുത്ത കൂട്ടാളികളും ഉണ്ടായിരുന്നുവെന്നാണ് പത്മകുമാർ വ്യക്തമാക്കിയത്. ഗോൾഡ് പ്ലേറ്റിംഗ് പ്രവൃത്തികൾ പുറത്തേക്ക് മാറ്റാൻ അനുമതി നൽകിയെങ്കിലും അത് കർശന നിർദ്ദേശങ്ങളോടെയാണെന്നും തൂക്കവും അളവും കൃത്യമായി രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ബിനു ജോർജ്
ലണ്ടൻ: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ ഏഴു സീസണുകളായി നടത്തിവരുന്ന ക്രിസ്‌മസ് കരോൾ ഗാനമത്സരത്തിന്റെ എട്ടാം പതിപ്പ് 2025 ഡിസംബർ 6 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബ്ബിൽ വച്ചു നടക്കും. ഉച്ചകഴിഞ്ഞു 2 മണി മുതൽ നടത്തപെടുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയർ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്റായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായി 500 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായി 250 പൗണ്ടും ട്രോഫിയുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. നാലും അഞ്ചും സ്ഥാനത്തെത്തുന്നവർക്കും ബെസ്റ്റ് അപ്പിയറൻസിനും ട്രോഫികളും സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച ‘ജോയ് ടു ദി വേൾഡ്’ ഏഴാം പതിപ്പിൽ കിരീടം ചൂടിയത് ബിർമിങ്ഹാം സെൻറ് ബെനഡിക്ട് സീറോ മലബാർ മിഷൻ ആയിരുന്നു. ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും, കവൻട്രി സെന്റ് ജോസഫ് സീറോ മലബാർ മിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനായ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോൿസ് ചർച്ച് അർഹരായി.
യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ ഇനിയും പങ്കെടുക്കുവാൻ താല്പര്യം ഉള്ള ഗായക സംഘങ്ങൾ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
Venue Address: Willenhall Social Club, Robin Hood Road, Coventry CV3 3BB
Contact numbers: 07958236786 / 07720260194 / 07828456564

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായി ഉയർന്ന ലൈംഗിക പീഡനാരോപണത്തിൽ നിർണായക വഴിത്തിരിവ് . പീഡനത്തിനിരയായ യുവതി നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ അന്വേഷണത്തിന് പുതിയ മാനം കൈവന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വാതിൽക്കൽ നിൽക്കെ കേസിൽ ഏത് നിമിഷവും അറസ്റ്റുണ്ടായേക്കുമെന്ന സൂചന കോൺഗ്രസിനെ ശക്തമായ പ്രതിരോധത്തിലാക്കി.
ശബ്ദരേഖകളും വാട്‌സാപ്പ് ചാറ്റുകളും അടിസ്ഥാനമാക്കിയുള്ള ആരോപണങ്ങൾ മാസങ്ങളായി ചർച്ചയായിരുന്നുവെങ്കിലും, നേരിട്ടുള്ള പരാതി ഇല്ലാത്തതിനാൽ അന്വേഷണം നീണ്ടു പോയിരുന്നു. ഇപ്പോഴത്തെ പരാതിയോടെ ക്രൈംബ്രാഞ്ച് നടപടികൾ കർശനമാക്കി. രാഹുൽ മുൻകൂർ ജാമ്യത്തിനായുള്ള നീക്കങ്ങൾ നടത്തുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് . യുവതിയുടെ മൊഴിയും മെഡിക്കൽ രേഖകളും ഉൾപ്പെടെ ഒരുകൂട്ടം തെളിവുകൾ കേസിൽ നിർണ്ണായകമാകും.
വിഷയം വർത്തയായതു മുതൽ കോൺഗ്രസിനകത്ത് ഭിന്നതയും അസ്വസ്ഥതയും പ്രകടമായിരുന്നു. ഇത് രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചയാവുകയും സിപിഎം, ബിജെപി തുടങ്ങിയവ കോൺഗ്രസിനെ കഠിനമായി വിമർശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാഹുലിനെതിരായ കേസ് കോൺഗ്രസിന്റെ ജനപിന്തുണയെ നേരിട്ട് ബാധിക്കുമോ എന്ന ആശങ്ക പാർട്ടിക്കകത്ത് ശക്തമാകുകയാണ്.