പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി തള്ളിയത്.
അതേസമയം ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. ഇന്നലെ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായത്. വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് തുടരുക. കേസിലെ നടപടി ക്രമങ്ങള്‍ ഇന്നലെ രഹസ്യമായാണു നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്നുവരെ നീട്ടിയിട്ടുണ്ട്.
ഏപ്രില്‍ 22നാണ് പീഡിപ്പിച്ചുവെന്നാരേപിച്ച് നടി പരാതി നല്‍കിയത്. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.
പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ലൈഗംക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നുമാണ് വിജയ് ബാബു പറയുന്നത്.
പാവോ നൂര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്രംകുറിച്ച സ്വര്‍ണമെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായി മത്സരത്തിനിറങ്ങിയ നീരജ് ചോപ്ര നിരാശപ്പെടുത്തിയില്ല. 89.30 മീറ്റര്‍ ദൂരത്തോടെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജ് വെള്ളിത്തിളക്കം സ്വന്തമാക്കിയത്.
ടോക്കിയോയില്‍ ജാവല്‍ പറത്തിയ 87.58 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് മെച്ചപ്പെടുത്തിയത്. ആദ്യ ഈഴത്തില്‍ 86.92 മീറ്റര്‍ കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിലാണ് ജാവലിന്‍ 89.30 മീറ്റര്‍ദൂരത്തേക്ക് പായിച്ചത്. ജാവലിന്‍ ത്രോയില്‍ ഈവര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പ്രകടനമാണിത്.
തുടര്‍ന്നുള്ള മൂന്ന് അവസരവും ഫൗളായി. ഫിന്‍ലന്‍ഡ് താരം ഒലിവിയര്‍ ഹെലാന്‍ഡര്‍ 89.83 മീറ്റര്‍ ദൂരത്തോടെ ഒന്നാമതെത്തി. 86.60 മീറ്റര്‍ ദൂരംകണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സനാണ് വെങ്കലം. അടുത്തമാസം ലോക ചാംപ്യന്‍ഷിപ്പും പിന്നാലെ കോമണ്‍വെല്‍ത്തും ഗെയിംസും നടക്കാനിരിക്കെ ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പാവോ നൂര്‍മി ഗെയിംസിലെ നീരജിന്റെ പ്രകടനം.
ജൂണ്‍ 22 വരെയാകും നീരജ് ഫിന്‍ലന്‍ഡില്‍ തുടരും. കൂര്‍ട്ടെന്‍ ഗെയിംസ്, സ്റ്റോക്ക് ഹോമിലെ ഡയമണ്ട് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒളിംപിക്സ് നിലവാരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഫിന്‍ലന്‍ഡിലെ കൂര്‍ട്ടെന്‍ ഒളിംപിക് സെന്ററിലുണ്ട്.
സ്പോര്‍ട്സ് അതോറിറ്റിയുടെ ആവശ്യപ്രകാരം നീരജിന് സൗകര്യങ്ങളൊരുക്കാന്‍ ഹെല്‍സിങ്കിയിലെ ഇന്ത്യന്‍ എംബസിക്കും നിര്‍ദേശം നല്‍കി. ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനിടെ ഒളിംപിക്സ് ഉള്‍പ്പെടെ നാലോളം പ്രധാന ഗെയിംസുകളിലാണ് നീരജ് മത്സരിക്കേണ്ടത്.
ഒളിംപിക്സ് അത്ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് ചോപ്ര ടോക്കിയോയില്‍ നേടിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി.
ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുകയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് ധ്യാന്‍ ശ്രീനിവാസനോട് നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചു, ഇതിനു മറുപടിയായി ധ്യാൻ നൽകിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
വിളിച്ചു. പക്ഷെ, ഞാന്‍ പോയില്ല, വേണ്ടെന്ന് വെച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്,ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ കോണ്‍ഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. അന്ത്രിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്.
ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി. പി ടി തോമസിന്റെ ഓര്‍മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നത്. വോട്ടര്‍മാര്‍ക്ക് നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക്് ശേഷം ഈ മാസം 27 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിലും ഉമാതോമസ് പങ്കെടുക്കും.
പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടന്നു. ജോ ജോസഫ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.
തൃക്കാക്കരയില്‍ യുഡിഎഫിന് 2021നെക്കാള്‍ 12,928 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. 2021ല്‍ 59,839 വോട്ടുകളായിരുന്നു പി.ടി തോമസ് നേടിയത്. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47,752 വോട്ട് നേടി. 2021 ല്‍ എല്‍.ഡി.എഫിന് ലഭിച്ചത് 45510 വോട്ടായിരുന്നു. ഇത്തവണ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എ.എന്‍ രാധാകൃഷ്ണന്‍ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി 15483 വോട്ടുകള്‍ നേടിയിരുന്നു.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ജൂൺ 18 ശനിയാഴ്ച ഹൈ വൈകോമ്പില്‍ നടക്കും. ഫുട്ബോള്‍ മത്സരങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പങ്കെടുത്ത് ആസ്വദിക്കാവുന്ന ഫാമിലി ഫണ്‍ ഡേയും അന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് 250 പൗണ്ടിന്റെ ക്യാഷ് അവാർഡ് ആണ്. കൂടാതെ ഫാമിലി ഫൺ ഡേയോട് അനുബന്ധിച്ച് നടത്തുന്ന റാഫിൾ പ്രൈസിലും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ട്. ഇന്ത്യയിലേക്കുള്ള രണ്ടു വിമാന ടിക്കറ്റുകളും രണ്ടു പേർക്ക് രണ്ട് ദിവസത്തെ താമസവുമാണ് റാഫിൾ വിജയികളെ കാത്തിരിക്കുന്നത്.
ഫുട്ബോള്‍ മത്സരത്തിലൂടെയും ഫാമിലി ഫണ്‍ ഡേയിലൂടെയും ലഭ്യമാകുന്ന തുക റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആയിരിക്കും ഉപയോഗിക്കുക. ബ്രെയിന്‍ ട്യൂമര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന റയന്‍ നൈനാന്‍ ക്യാന്‍സര്‍ പ്രൊജക്റ്റിനുമായിരിക്കും ഈ പ്രോഗ്രാം വഴി ലഭിക്കുന്ന തുക നല്‍കുന്നത്. കൂടാതെ ഹെലൻ ആന്റ് ഡഗ്ലസ് ഹൌസ്, പെപ്പർ നഴ്‌സിംഗ് എന്നീ ചാരിറ്റി സംഘടനകളും ഈ പരിപാടിയുടെ ഗുണഭോക്താക്കളാണ്
ഏഴാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി ഈ ലോകത്തോട് യാത്ര പറഞ്ഞ് സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ റയന്‍ നൈനാന്‍ എന്ന കിത്തു മോന്‍റെ ഓര്‍മ്മയ്ക്കായി ആരംഭിച്ചതാണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റി. ഫുട്ബോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചെല്‍സി ടീമിന്‍റെ ആരാധകനായിരുന്ന റയന്‍ നൈനാന്‍ എന്ന കൊച്ചു മിടുക്കന്റെ അകാല വേര്‍പാടിനെ തുടര്‍ന്ന് റയന്‍റെ മാതാപിതാക്കളായ സജി ജോണ്‍ നൈനാനും ആഷ മാത്യുവും ചേര്‍ന്ന് ആണ് റയന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. തങ്ങളുടെ മകന്‍റെ ജീവിതം തട്ടിയെടുത്ത ബ്രെയിന്‍ ട്യൂമര്‍ രോഗത്തിനെതിരെ പോരാടുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിക്കുന്നത്.
കഴിഞ്ഞ നാല് തവണയും നടത്തിയ ഫൈവ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും ഫാമിലി ഫണ്‍ ഡേയും നിരവധി ആളുകളെ ആകര്‍ഷിച്ചിരുന്നു. ഏകദേശം അഞ്ഞൂറോളം ആളുകള്‍ ഓരോ വര്‍ഷവും ഈ പ്രോഗ്രാമിനായി ഒത്ത് കൂടുന്നുണ്ട്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ലേഡീസ് കാറ്റഗറികളില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കായി മറ്റ് നിരവധി വിനോദ പരിപാടികളും അന്ന് തന്നെ സംഘടിപ്പിക്കുന്നതിനാല്‍ ഓരോ വര്‍ഷവും നിരവധി കുട്ടികള്‍ ആണ് ഈ പരിപാടിക്കായി കാത്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഫുഡ് സ്റ്റാള്‍, രുചികരമായ കേക്കുകള്‍, ഫേസ് പെയിന്‍റിംഗ്, മെഹന്ദി, നെക്ക് ആന്‍ഡ് ഷോള്‍ഡര്‍ മസ്സാജ്, നെയില്‍ ആര്‍ട്ട്, തംബോല തുടങ്ങി നിരവധി കാര്യങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച കാലത്ത് ഒന്‍പത് മണി മുതല്‍ ആരംഭിക്കുന്ന ഫുട്ബോള്‍ മത്സരങ്ങളും മറ്റ് വിനോദങ്ങളും വൈകിട്ട് അഞ്ച് മണിയോടെ ആയിരിക്കും സമാപിക്കുന്നത്. എട്ടു വര്‍ഷം കൊണ്ട് അന്‍പതിനായിരം പൌണ്ടോളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെത്തി കഴിഞ്ഞ ആര്‍എന്‍സിസിക്ക് കൂട്ടായി നില്‍ക്കുന്ന സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മികച്ച പിന്തുണയാണ് ഇവര്‍ക്ക് നല്‍കുന്നത്. ആര്‍എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ www.rncc.org.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ https://www.facebook.com/RNCCUK/ എന്ന ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്.
മദ്യപിച്ചെത്തുന്ന പിതാവിന്റെ മർദ്ദനത്തെ ഭയന്ന് റബ്ബർ തോട്ടത്തിൽ അമ്മയും മക്കളും ഒളിച്ചിരിക്കെ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. വീടിനു സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ഒളിച്ചിരിക്കെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. സംഭവത്തിന് മുൻപ് കുട്ടികൾ കണ്ണീരൊഴുക്കി കൊണ്ട് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ കുട്ടയ്ക്കാട്ടിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്.
നിത്യവും രാത്രിയായാൽ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു വരാറുള്ള ഭർത്താവ് സുരേന്ദ്രൻ ദിവസവും ഭാര്യ സിജി മോളെയും മക്കളായ സുഷ്ക മോൾ (4), സുഷിൻ സിജോ (12 ), സുജിലിൻ ജോ (9) എന്നിവരെയും പതിവായി മർദിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ച് എത്തി സുരേന്ദ്രൻ ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും ഭയന്ന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ഓടി ഒളിക്കുകയായിരുന്നു. അവിടെ വെച്ചാണ് നാലു വയസ്സുകാരി സുഷ്ക മോളെ പാമ്പുകടിക്കുന്നത്.
കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് കുട്ടികളെയും കൂട്ടി സിജി സമീപത്തെ വീട്ടിൽ അഭയം തേടി. അപ്പോഴേക്കും കുഞ്ഞ് അബോധസ്ഥയിലായിരുന്നു. കുട്ടിയെ തുടർന്ന് നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെട്ടു കഴിഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് തിരുവട്ടാർ പോലീസ് സുരേന്ദ്രനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞ ആഴ്ചയിൽ സുരേന്ദ്രൻ മദ്യപിച്ചു എത്തി രാത്രി കുട്ടികളെ മർദിക്കുകയും, മക്കൾ മൂവരും കരഞ്ഞു വിഷമങ്ങൾ പറയുന്നതുമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു വരുന്നത്.
സി.പി.എമ്മിന്റെ സമുന്നത നേതാവും എൽ ഡി എഫ് കൺവീനറുമായ ഇ പി ജയരാനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് വരുന്നു. പിണറായിക്കൊപ്പം യാത്ര ചെയ്യവേ ഇൻഡിഗോ വിമാനത്തിൽ വെച്ച് യാത്രക്കാരേ ചവിട്ടി വീഴ്ത്തുകയും കഴുത്തിനു കുത്തി പിടിക്കുകയും ചെയ്ത സംഭവത്തിലാണ് പി ജയരാജൻ അഴിക്കുള്ളിലാകാനുള്ള സാധ്യത തെളിയുന്നത്. കേരള പോലീസിനു ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാം. കാരണം സിവിൽ ഏവിയേഷൻ വകുപ്പുകൾ അനുസരിച്ചും കേസ് അന്വേഷിക്കണം. വിമാനത്തിൽ ആക്രമണം നടത്തി എന്ന് സിവിൽ ഏവിയേഷൻ വകുപ്പ് കണ്ടെത്തിയാൽ ഇ പി ജയരാജനെതിരേ സ്വമേധയാ കേന്ദ്ര വ്യോമയാന വകുപ്പിനും കേസെടുക്കാം എന്നാണ് നിയമ വിദഗർ ചൂണ്ടിക്കാട്ടുന്നത്.
ഒന്നുകിൽ കേരളാ പോലീസ് എഫ് ഐ ആർ ഇട്ട് ഈ സംഭവം കേന്ദ്രത്തിന് റിപോർട്ട് ചെയ്യണം. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് സുരക്ഷാ വീഴ്ച്ച ഉണ്ടായി എന്നും ഇ പി ജയരാജൻ അക്രമാസക്തനായി എന്നും കണ്ടെത്തിയാൽ അദ്ദേഹത്തേ കസ്റ്റഡിയിൽ എടുക്കേണ്ടി വരും. മാത്രമല്ല ഇ പി ജയരാജൻ മേലിൽ ലോകത്തെ ഒരു വിമാനത്തിലും കയറുന്നത് തടഞ്ഞ് കൊണ്ട് യാത്രാ വിലക്കും ഉണ്ടാവും. ഇതോടെ ഇ.പി ജയരാജന്റെ പതിവ് പരിപാടിയായ സർക്കാരിന്റെയും പാർട്ടിയുടേയും ചിലവിലെ കണ്ണൂർ- തിരുവനന്തപുരം ‘ഓസ്’ യാത്രയും എന്നേക്കുമായി അവസാനിക്കും. നിയമം അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ വിവരം തിങ്കളാഴ്ച തന്നെ വിമാനത്താവള അധികൃതർ ബിസിഎഎസിനെയും വ്യോമയാന മന്ത്രാലയ അധികൃതരെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെയും അറിയിക്കണം. സംഭവം ഉണ്ടായി ഒരു മണിക്കൂറിനുള്ളിൽ റിപ്പോർട്ടു നൽകണമെന്നാണ് നിയമം.
നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ആണ്. 1994 ലെ നിയമഭേദഗതി അനുസരിച്ച്, വിചാരണ വേളയിൽ ദേശവിരുദ്ധപ്രവർത്തനങ്ങൾ തെളിഞ്ഞാൽ വിമാനം തട്ടിയെടുക്കുന്നവർക്ക് വധശിക്ഷവരെ ലഭിക്കാം.
ഇ പി ജയരാജനെതിരേ കേസെടുക്കില്ലെന്ന് പോലീസിന് വാശിപിടിക്കാൻ ആവില്ല. കാരണം പോലീസ് നിയമ പ്രകാരം കേരളത്തിലെ വിമാനത്താവളത്തിൽ നടന്ന കാര്യം വ്യോമയാന ഉദ്യോഗസ്ഥർക്ക് റിപോർട്ട് ചെയ്തേ മതിയാകൂ. ഈ കാര്യത്തിൽ അവസാന വാക്കും അന്വേഷണവും കേന്ദ്ര ഏജൻസിയാണ് തീരുമാനിക്കുന്നത്. വീഴ്ച്ച ഉണ്ടായോ എന്ന് നിശ്ചയിക്കുന്നതും അവർ ആയിരിക്കും. അതിനാൽ തന്നെ ഇ പി ജയരാജനെ മുഖ്യമന്ത്രി എത്ര സംരക്ഷിച്ചാലും പണി ഉറപ്പാണ് എന്ന് സാരം.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധം കേരളത്തിൽ രാഷ്ട്രീയ വിവാദമാണെങ്കിൽ, കേന്ദ്ര ഏജൻസികൾ ഏറെ ഗൗരവത്തോടെയാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. നിസാരമായ കേസല്ല ഇതെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യാന്തരതലത്തിൽ രൂപീകരിച്ച നിയമവ്യവസ്ഥകളുണ്ടെന്നും വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് അൺലാഫുൾ ആക്ട്സ് എഗൈൻസ്റ്റ് സേഫ്റ്റി ഓഫ് സിവിൽ ഏവിയേഷൻ ആക്ട് രൂപീകരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളുൾപ്പെടുത്തിയ വാർഷിക റിപ്പോർട്ടുകൾ ഇന്ത്യ ഐസിഎഒയ്ക്കു കൈമാറാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധം നടത്തിയ സംഭവം ക്രൈം ബ്രാഞ്ചിലെ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും.
അതേസമയം, വിമാനത്തിനുള്ളിൽ നടന്ന സംഭവ വികാസങ്ങളിൽ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. ജയരാജന് എതിരെ കേസെടുത്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിട്ടുണ്ട്. ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരു പോലെയാണെന്നും സംസ്ഥാനത്ത് ഭീകരപ്രവർത്തനം നടത്തുന്നത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം തെറ്റാണെന്ന് പറയുന്നവർ പണ്ട് ട്രെയിനിൽ മന്ത്രിയുടെ തലയിൽ കരി ഓയിൽ ഒഴിച്ചിട്ടുണ്ടെന്നും സതീശൻ ഓർമ്മിപ്പിക്കുന്നു.
എന്നാൽ, രാഷ്‌ട്രീയവൈരാഗ്യം കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. വലിയതുറ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകൾക്ക് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാൻ അനിലിനേയും ആക്രമിച്ചതായി എഫ്‌ഐആറിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധവും ഇപി ജയരാജന്റെ പ്രതിരോധവും ചർച്ചയാകുന്നു സമയം, 1978ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമാനം റാഞ്ചിയ സംഭവം ചര്‍ച്ചയാക്കി സൈബര്‍ സിപിഐഎം.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിലില്‍ അടയ്ക്കപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മോചനം ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനം റാഞ്ചിയത്. 1978 ഡിസംബര്‍ ഇരുപതിന് ഉത്തര്‍പ്രദേശ് സ്വദേശികളായ കോണ്‍ഗ്രസ് നേതാക്കളായ ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്ര പാണ്ഡെയുമാണ് വിമാനം റാഞ്ചിയത്. കൊല്‍ക്കത്തയില്‍നിന്ന് ലഖ്നൗവിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് 410 വിമാനമാണ് ഇരുവരും റാഞ്ചിയത്. ഇന്ദിരാ ഗാന്ധിയെ മോചിപ്പിക്കുക, മകന്‍ സഞ്ജയ് ഗാന്ധിക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിമാനറാഞ്ചല്‍.
സംഭവസമയത്ത് 130 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കളിത്തോക്കുകളുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി ബന്ദിക്കളാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം വിമാനം വാരാണസിയില്‍ ഇറക്കി മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇരുവരും കീഴടങ്ങുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന 1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുകയും ഇരുവരും വിജയിച്ച് എംഎല്‍എയാവുകയും ചെയ്തു.
ഈ സംഭവമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിമാനത്തിനുള്ളില്‍ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കുന്നത്. വിമാനത്തിനുള്ളില്‍ അതിക്രമം പണ്ടുമുതലേ കോണ്‍ഗ്രസുകാര്‍ തുടങ്ങിയെന്നാണ് സിപിഐഎം അനുഭാവികള്‍ വിമാനറാഞ്ചല്‍ ചൂണ്ടിക്കാണിച്ച് പറയുന്നത്.
ഗോപി സുന്ദറെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ തന്ത്രപൂര്‍വ്വം നേരിട്ട് അഭയ ഹിരണ്‍മയി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പാട്ട് റോക്കോഡിംഗിന് വേണ്ടിയെത്തിപ്പോഴാണ് അഭയ ഹിരണ്‍മയി മാധ്യങ്ങള്‍ക്ക് മുന്നില്‍പ്പെട്ടത്. പാട്ട് സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ അന്തരീഷം ഗോപി സുന്ദറിലേക്ക് തിരിച്ചത്.
‘മൂഡ് കളയല്ലേ.. പാട്ട് പാടാന്‍ പോകുകയാണ്..’ എന്നായിരുന്നു ഈ ചോദ്യത്തോടുള്ള ഒമറിന്റെ പ്രതികരണം. ‘മൂഡിന്റെ പ്രശ്‌നമൊന്നുമല്ല. കമന്റു ചെയ്യാന്‍ താല്‍പര്യമില്ല. റെക്കോഡിംഗിനാണ് വന്നത്. പാട്ട് പാടട്ടെ ഞാന്‍. കമന്റു പറയുന്നവരെക്കുറിച്ച് ഞാനെന്തു പറയാനാ സഹോദരാ. അവര്‍ കമന്റു ചെയ്യട്ടേ’ എന്നാണ് അഭയ മറുപടി നല്‍കിയത്.
ഒമറിന്റെ സിനിമയ്ക്കായി പാടാനായതില്‍ ഒത്തിരി സന്തോഷം. പല പ്രാവശ്യമായി നമ്മള്‍ കണ്ടിട്ടുണ്ട്. സിദ്ധാര്‍ത്ഥാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. പാട്ടുകേട്ടു,പാട്ടുപാടാനായി വന്നതാണ്. നല്ല സമയമെന്നാണ് സിനിമയുടെ പേര് എല്ലാവര്‍ക്കും നല്ല സമയമുണ്ടാവട്ടെ എന്നും അഭയ പറഞ്ഞു.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നല്ല സമയം’. ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നത് അഭയ ഹിരണ്‍മയിയാണ്.
മധ്യപ്രദേശില്‍ വിചിത്ര ഡൈനോസര്‍ മുട്ടകള്‍ കണ്ടെത്തി ഗവേഷകര്‍. ഥാര്‍ ജില്ലയിലെ ഡൈനോസര്‍ ഫോസില്‍ നാഷണല്‍ പാര്‍ക്കില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് മുട്ടകള്‍ കണ്ടെത്തിയത്. ഒന്ന് മറ്റൊന്നിനുള്ളില്‍ കൂടുണ്ടാക്കിയ നിലയില്‍ അപൂര്‍വ രീതിയിലാണ് മുട്ടകള്‍.
ടൈറ്റനോസോയ്ഡ് വിഭാഗത്തില്‍ പെടുന്ന ഡൈനോസറുകളുടെ ഫോസിലൈസ്ഡ് മുട്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ പക്ഷികളിലും മറ്റുമാണ് ഇത്തരത്തില്‍ ഒരു മുട്ടയ്ക്കുള്ളില്‍ മറ്റൊന്ന് എന്ന നിലയില്‍ മുട്ടകളുണ്ടാവാറുള്ളത്. ഡൈനോസര്‍ മുട്ടകള്‍ ഇതേ രീതിയില്‍ കണ്ടെത്തിയതോടെ ഉരഗങ്ങളുടെയും പക്ഷി വര്‍ഗങ്ങളുടെയും പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇത് പുതിയ തലങ്ങള്‍ നല്‍കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
സോറോപോഡ് ഫാമിലിയിലുള്ള ഡൈനോസര്‍ വിഭാഗമാണ് ടൈറ്റനോസോയ്ഡ്. ഇന്ന് ഇന്ത്യയുള്‍പ്പെടുന്ന പ്രദേശത്തായിരുന്നു ഇവയുടെ വാസം. ഡൈനോസര്‍ വിഭാഗങ്ങളില്‍ ഏറ്റവും വലിപ്പമേറിയ ഇവയുടെ ഫോസിലുകള്‍ ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ നിന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്.
A team of researchers from #DelhiUniversity has discovered an ‘egg-in-egg’ #dinosaur egg from Madhya Pradesh, which is probably the first time in the fossil history, a statement issued by it said.
Read here: https://t.co/PYvdgNTNcw pic.twitter.com/F7UPEt3ehi
— Hindustan Times (@htTweets) June 13, 2022