ബിജെപി സംസ്ഥാന അധ്യക്ഷനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. നാമനിര്‍ദേശ പത്രിക ഞായറാഴ്ച സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ് എന്നത് വെറും സാങ്കേതികത മാത്രമാണെന്നും സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ച് കഴിഞ്ഞുവെന്നുമാണ് സൂചന.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടത്തേണ്ടതിനാല്‍ സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ കെ.സുരേന്ദ്രന്‍ തുടരുമോ, പുതിയ അധ്യക്ഷന്‍ വരുമോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റു നോക്കുന്നത്.
ഈ വര്‍ഷം അവസാനം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും 2026 മെയില്‍ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാതെ കെ.സുരേന്ദ്രന്റെ കാലാലധി നീട്ടി നല്‍കാനും സാധ്യതയുണ്ട്.
അതേസമയം പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുകയാണെങ്കില്‍ എം.ടി രമേശിനാണ് കൂടുതല്‍ സാധ്യത. വി.മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും പരിഗണനാ പട്ടികയിലുണ്ട്.
കെ. സുരേന്ദ്രന് പുറമെ ഗുജറാത്തില്‍ സി.ആര്‍. പാട്ടീല്‍, മധ്യപ്രദേശില്‍ വി.ഡി.ശര്‍മ, മിസോറമില്‍ വന്‍ലാല്‍ മുവാക്ക എന്നിവരാണ് അഞ്ച് വര്‍ഷത്തിലേറെയായി സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടരുന്നത്.
കോട്ടയത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പട്ടിത്താനത്ത് താമസിക്കുന്ന എസ് ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഗണേഷ് കുമാറിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു.
എന്നാല്‍ ഗണേഷ് കുമാര്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് എഎംവിഐ ആയ ഗണേഷ് അടൂര്‍ സ്വദേശിയാണ്. ഏറ്റുമാനൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായത്. എന്നാൽ, ഇയാൾ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, താമരശ്ശേരിയിൽ നിന്ന് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു.
താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ യുവാവ് ഷാനിദ് ആണ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. അമിതമായി രാസലഹരി ഉള്ളിലെത്തിയത് കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചതെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ.
അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റില്‍ ഒമ്പത് ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു. ലഹരിമരുന്ന് വിഴുങ്ങിയതിന് പിന്നാലെ പൊലീസ് ഷാനിദിനെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയില്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചിരുന്നു.
പാക്കറ്റുകള്‍ ശസ്ത്രക്രിയ ചെയ്ത ശേഷം മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഷാനിദ് സമ്മതപത്രത്തില്‍ ഒപ്പു വെച്ചു നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീടാണ് സ്ഥിതി ഗുരുതരമായതും മരണത്തിന് കീഴടങ്ങിയതും.
കൈരളി യൂ കെ യുടെ സതാംപ്ടൺ പോർട്സ് മൗത് യൂണിറ്റിന്റെ മൂന്നാമത് സംഗീത നൃത്തസന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സതാംപ്ടൺ വിക്ക്ഹാം (Wickham Community Center)കമ്യൂണിറ്റി സെന്റർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടി കൈരളി യു കെ യുടെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് ഉദ്ഘാടനം ചെയ്യും പ്രസ്തുത ചടങ്ങിൽ മുഖ്യ അതിഥി ആയി ആർ.സി.എൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ പങ്കെടുക്കും. യു കെ യുടെ വിവിധ മേഖലകളിൽ നിന്ന് മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 200 ൽ പരം കലാ പ്രതിഭകൾ അണിയിച്ചൊരുക്കുന്ന ദൃശ്യ വിസ്മയങ്ങൾ ആണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. വൈകുന്നേരം 2 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികൾ ഗാനസന്ധ്യയോടെ രാത്രി 10 മണിക്ക് അവസാനിക്കും. പരിപാടിയിൽ യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. ഈ മനോഹരമായ കലാ വിരുന്ന് ആസ്വദിക്കുന്നതിന് യു കെ യിലെ മുഴുവൻ കലാ ആസ്വാദകരേയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
പൂൾ: മലയാളികളുടെ ഭാവഗായകനും, വിവിധ ഭാഷകളിലായി പതിനാറായിരത്തിൽപരം ഗാനങ്ങൾ ആലപിക്കുകയും ചെയ്ത അനശ്വര ഗായകൻ പി ജയചന്ദ്രൻ സാറിന് പൂളിൽ ‘മഴവിൽ സംഗീതം’ അനുചിതമായ സംഗീതാർച്ചന നടത്തി. യു കെ യിലെ ജയചന്ദ്രൻസാറിന്റെ ആരാധകരും സംഗീതപ്രേമികളുമായ വലിയ ജനാവലിക്ക് അവിസ്മരണീയവും സംഗീത സാന്ദ്രവുമായ ഒരു കലാ നിശയാണ് പൂളിൽ സമ്മാനിക്കപ്പെട്ടത്.
വൈകുന്നേരം 6:30-ന് ആരംഭിച്ച ‘ഭാവഗീതം’ 11:00 മണിക്ക് സമാപിക്കുമ്പോളും തിങ്ങി നിറഞ്ഞ സദസ്സ് സംഗീതനൃത്ത ലഹരിയിൽ ആറാടുകയായിരുന്നു. മലയാള ഹൃദയങ്ങളിൽ കോറിയിട്ട “നീലഗിരിയുടെ സഖികളെ” എന്ന ഗാനം, കലാഭവൻ ബിനുവിന്റെ മനോഹരമായ ആലാപനത്തോടെ ആരംഭം കുറിച്ച ഭാവഗീതം സംഗീത നിശ ഏവരും ആവോളം ആസ്വദിച്ചു. ജയചന്ദ്രൻസാറിന്റെ പ്രശസ്ത ഗാനങ്ങളിലൂടെ ആദ്ദേഹത്തിന്റെ പാവന സ്മരണക്കുമുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുവാൻ നിരവധിയായ പ്രശസ്ത ഗായകർ അണിനിരന്നു.
സംഗീതരാവിന്റെ ആഹ്ളാദം നുകരുവാനും, മാസ്‌മരികത അനുഭവേദ്യമാക്കുവാനും സുവർണ്ണാവസരമൊരുക്കിയ മഴവിൽ സംഗീതം മലയാളികൾക്ക് മറക്കാനാവാത്ത ഒരു സംഗീത വിരുന്നാണ് ഒരുക്കിയത്. ഇതര സംസ്ഥാനങ്ങളിലെ ശ്രദ്ധേയരായ ഗായകരും ഭാവഗായകൻ തങ്ങളുടെ ഭാഷകളിൽ ജീവൻ കൊടുത്ത ഗാനങ്ങളുമായി വേദി പങ്കിട്ടപ്പോൾ ജയചന്ദ്രൻ സാറിന് നൽകാവുന്ന ഏറ്റവും ഉദാത്തമായ സംഗീതലോക ചക്രവർത്തിയുടെ പരിവേഷമാണ് ആസ്വാദക ലോകം കണ്ടത്. സംഗീത നിശയിൽ പ്രഗത്ഭരായ കാലാകാർ അവതരിപ്പിച്ച നൃത്ത വിരുന്നും, മിമിക്സ് പരേഡും അടക്കം കലാവിഭവങ്ങൾ സമന്വയിച്ച ‘ഭാവ ഗീതം ഫ്‌ളാഷ് മ്യൂസിക് നൈറ്റ്’ പ്രൗഢ ഗംഭീരമായി.
മഴവിൽ സംഗീതം വർഷം തോറും സംഘടിപ്പിക്കുന്നതും, യുകെയിലെ കലാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതും ജൂൺ 14 ന് നടത്താനിരിക്കുന്നതുമായ വാർഷിക ആഘോഷ സംഗീത സദസ്സിന് ആമുഖമായി ടീസർ ഔദ്യോഗികമായി റിലീസ് ചെയ്യുകയുണ്ടായി. നൃത്തം, കലാരൂപങ്ങൾ, ഗാനങ്ങൾ എന്നിവയുടെ വർണ്ണ സമന്വയം മാസ്മരികത വിരിയിക്കുന്ന ഒരു പ്രചാരണ രൂപത്തിലായിരുന്നു ടീസറിന്റെ പ്രദർശനം.
പി ജയചന്ദ്രൻ സാറിന്റെ സ്മരണയിൽ മഴവിൽ സംഗീതം ഭാവഗീത പുരസ്‌കാരം ഗ്രേസ് മെലോഡീസിന്റെ ശ്രീ ഉണ്ണികൃഷ്ണനു മുഖ്യ കോർഡിനേറ്റർ അനീഷ് ജോർജ്ജ് സമ്മാനിച്ചു. ‘ഗ്രേസ് മെലഡീസ്സ് ഹാംപ്ഷയർ ഒരുക്കിയ എൽ ഈ ഡി, ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ഭാവഗീതം സംഗീതരാവിനെ വർണ്ണാഭമാക്കി. പ്രോഗ്രാമിന്റെ വിജയത്തിൽ കലാകാർക്കും, സ്പോൺസേഴ്‌സിനും, സദസ്സിനും മഴവിൽ സംഗീതത്തിന് വേണ്ടി അനീഷ് ജോർജ്ജിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.
ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിനിൽ വൻ സ്ഫോടനം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . എന്താണ് കാരണം എന്ന് അറിവായിട്ടില്ല
ഇതിനെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ പറഞ്ഞു. യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്കു വരരുതെന്നും കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി. വൈദ്യൂതി എപ്പോൾ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയർ എൻജിനുകളും 70 അഗ്നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.
ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അർധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്’’ – വിമാനത്താവള അധികൃതർ എക്സിൽ അറിയിച്ചു.
കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നിർമ്മാണത്തിലിരുന്ന വീട്ടിൽ വെച്ചായിരുന്നു സംഭവം. പ്രതി പെരുമ്പടവം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
വെടിയൊച്ച കേട്ട് പ്രദേശവാസികൾ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്ത് നിന്ന് സന്തോഷിനെ കണ്ടെത്തുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ പ്രവൃത്തി ഉൾപ്പെടെ ഏറ്റെടുത്ത് നടത്തിയത് സന്തോഷ് ആണെന്നാണ് ലഭിക്കുന്ന വിവരം.
രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ലൈസൻസ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രദേശത്ത് കർഷകരക്ഷാ സേന എന്ന സേന രൂപീകരിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതിൽ തോക്കിന് ലൈസൻസുള്ളവരും ഇല്ലാത്തവരും ഉണ്ട്. സന്തോഷിന് തോക്ക് ലൈസൻസ് ഇല്ല എന്നാണ് കൂടെ ഉള്ളവരിൽ നിന്ന് വ്യക്തമാകുന്നത്.
വൈകിട്ട് 4.23ന് സന്തോഷ് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ കൊല നടത്തിയതെന്നാണ് ലഭിക്കുന്നവിവരം.
വൈകിട്ട് 7:27ന് മറ്റൊരു പോസ്റ്റും കൂടി ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.
രാവിലെ 9:52ന് മറ്റൊരു പോസ്റ്റും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ‘ചില തീരുമാനം ചിലപ്പോൾ മനസ്സിൽ ഉറപ്പിച്ചിട്ടായിരിക്കും. നമ്മൾ അത് മനസിലാക്കാൻ വൈകി പോകും. അവസാന ഘട്ടത്തിൽ പോലും മനസിലാകാതെ വന്നാൽ കൈവിട്ടു പോകും. നമ്മുടെ നില നമ്മൾ തന്നെ മനസ്സിലാക്കണം. അത് മനസിലാക്കാതെ വന്നാൽ ചിലപ്പോൾ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും. ആരെയും ഒറ്റപ്പെടുത്താതിരിക്കുക കൂടെ നിർത്തുക പറ്റുന്നിടത്തോളം. ചുരുങ്ങിയ ജീവിതത്തിൽ ആർക്കും ശല്യം ആകാതെ ഇരിക്കുക. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവർക്ക് മുന്നിൽ പോകരുത് അവർ നമ്മളെ ഒരിക്കലും കാണരുത്’- എന്നായിരുന്നു പോസ്റ്റ്.
വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്നത്. നിലവിൽ പ്രതി പരിയാരം പോലീസ് സ്റ്റേഷനിലാണ്. തോക്കിന്റെ ചില ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പിടികൂടിയതിന് ശേഷം ‘എല്ലാം പറയാം’ എന്ന് പറഞ്ഞിരുന്നതായി പ്രദേശവാസികൾ പറയുന്നു.
വയാഗ്ര ഗുളികകള്‍ ചേര്‍ത്ത മുറുക്കാന്‍ വില്‍പന നടത്തിയ ബിഹാര്‍ സ്വദേശി പിടിയില്‍. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്. കരിമണ്ണൂര്‍ ബീവറേജിന് സമീപം മുറുക്കാന്‍ കടയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ വയാഗ്ര ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തി.
കരിമണ്ണൂര്‍ ബീവറേജിന് സമീപം വയാഗ്ര ഗുളികള്‍ പൊടിച്ച് ചേര്‍ത്താണ് മുറുക്കാന്‍ വില്‍ക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മുറുക്കാന് പുറമെ നിരവധി നിരോധിത ലഹരി വസ്തുക്കളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
ബിഹാറിലെ പട്‌നയില്‍ നിന്നും 40 വര്‍ഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ കോട്ടയം പാലാ കരൂറിലാണ് താമസിക്കുന്നത്. കരിമണ്ണൂര്‍ എസ്എച്ച്ഒ വി.സി വിഷ്ണു കുമാര്‍, എസ്‌ഐ ബിജു ജേക്കബ്, എസ്‌സിപിഒമാരായ അനോഷ്, നജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടികളുടെ അമ്മയുടെ സുഹൃത്ത് കൂടിയായ പ്രതി ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായ വിവരം പുറത്തുവന്നു. കൂട്ടുകാരിയെ കൂട്ടുക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി കൂട്ടുകാരിക്ക് അയച്ച കത്ത് പുറത്തായതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പീഡന വിവരങ്ങള്‍ അറിയാമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടികളെ ധനേഷ് പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛന്‍ ചികിത്സയിലായിരിക്കുന്ന സമയത്താണ് അമ്മ ധനേഷുമായി അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷ് കുമാറിന്റെ ടാക്‌സിയിലാണ്. ഈ ഘട്ടത്തില്‍ ധനേഷുമായി പെണ്‍കുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛന്‍ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവര്‍ക്കൊപ്പം താമസമാക്കി. കുറുപ്പംപടിയില്‍ ഒരു വാടക വീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്കെത്താറുണ്ടായിരുന്നുവെന്നാണ് വിവരം. 2023 മുതല്‍ ഇയാള്‍ പെണ്‍കുട്ടികളെ ശാരീരികമായി ഉപയോഗിച്ചതായും പറയപ്പെടുന്നു.
ഇതിനിടെ സോഷ്യല്‍മീഡിയയില്‍ കണ്ട പെണ്‍കുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവെച്ചു. മൂത്ത പെണ്‍കുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രണ്ടാനച്ഛന്‍ എന്ന നിലയിലായിരുന്നു പെണ്‍കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്.
ധനേഷിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് സ്‌കൂളിലെ അധ്യാപിക കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ധനേഷ് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത വിവരങ്ങള്‍ പുറത്തുവരുന്നത്.
അതേസമയം പെണ്‍കുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താന്‍ ഇവരെ പീഡിപ്പിച്ചതെന്നാണ് ധനേഷ് പോലീസിന് നല്‍കിയ മൊഴി.
കെ.ഇ. ഇസ്മയിലിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. പി. രാജുവിന്റെ മരണത്തിൽ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തിയതിലാണ് നടപടി ഉണ്ടാകുക. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
സിപിഐ എറണാകുളം മുൻ സെക്രട്ടറിയായിരുന്ന പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐയ്ക്കെതിരേ കടുത്ത വിമർശനം കുടുംബം ഉന്നയിച്ചിരുന്നു. പിന്നിൽ നിന്ന് കുത്തിയവരുള്ള പാർട്ടിയാണ് സിപിഐ, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കേണ്ട ആവശ്യമില്ല എന്ന തുറന്ന നിലപാടെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവർത്തർക്ക് മുമ്പിൽ വന്ന് മുതിർന്നനേതാവായ കെ ഇസ്മയിൽപാർട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് പരസ്യപ്രതികരണം നടത്തിയത്. തുടർന്ന് ഇസ്മയിലിനെതിരേ നടപടി വേണമെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിലടക്കം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് പാർട്ടിവിശദീകരണം ആവശ്യപ്പെട്ടിരുന്നു.
നിലവിൽ പാലക്കാട് ജില്ലാ കൗൺസിലിലെ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം. ഇതിന്റെ കാര്യത്തിൽ എന്ത് നടപടി ഉണ്ടാകും എന്ന കാര്യം വ്യക്തതിയല്ല.