ജേക്കബ് പ്ലാക്കൻ
അപ്പത്തിന്റെ നാട് ബെത്ലഹേം ..!സ്വയം
അപ്പമായിതീർന്നവന്റെ
ബെത്ലഹേം..!
സ്നേഹത്തിൻ മധുരാന്നം പൊഴിഞ്ഞനാട് ..!
ത്യാഗത്തിൻ കുഞ്ഞാടാദ്യം ചിരിച്ച വീട് ..!
വിശ്വകർമ്മനായി വളർന്നവൻ
വിശ്വവിളക്കായി തീർന്നു ..!
വിണ്ണിലെ സ്നേഹഗാഥകനായവൻ
മണ്ണിലേക്ക് സ്വർഗവാതിൽ തുറന്നു ..!
ഇടയർക്കുള്ളിൽ പുതുമഴപോലോരീണം നിറഞ്ഞു ..
ആടുകളാലകളിൽ സ്നേഹം ചുരത്തി ..!
പതിതർ സ്വപ്നങ്ങൾ കണ്ടു ..
പുലരികളിൽ പ്രതീക്ഷവിരിഞ്ഞു ..!
കാലം ചരിതത്തെ രണ്ടായി പിളർത്തി ..!
കുരിശ്ശ് സ്നേഹത്തിൻ ശേഷിപ്പായി തീർന്നു ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. 2023 -ലെ മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്
Phone # 00447757683814
വിനോദ് വൈശാഖി
ഓരോ പെണ്ണിലും
ഓരോ സൂര്യോ ദയമുണ്ട്.
പുരികക്കളിയാൽ
ഹൃദയത്തെ ഒടിച്ചു മടക്കി
ഓരോ ആണിനെയും
ചുരുട്ടിയെറിയുന്ന
പുരികങ്ങൾക്കിടയിലെ
സൂര്യോദയം.
രണ്ടു ചുരിക പോലെ
വാൽ കൂർപ്പിച്ച്
നടുവിൽ പരിച പോലെ
പയറ്റുന്ന സൂര്യൻ
പുരിക വില്ലുകളാൽ
എയ്തെയ്ത്
അശോകവും
അരവിന്ദവും ചൂതവും
നവമാലികയും
മേലാകെ
കൊതിച്ചു വിടരാതെ
തടുത്തു
രണ്ടു കുന്നുകൾ പോലെ
പുരികങ്ങൾ
രാത്രിയിലെ മങ്ങലിൽ നിന്നും
പ്രഭാതത്തിലേക്കൊരു
വിടരൽ.
കാർമേഘങ്ങളുടെ
മണം കൊഴിഞ്ഞ
കടലിൽ നിന്നും
ചാടിയെഴുന്നേറ്റ്
സ്ഫടികത്തുള്ളികളാൽ
ഉടലെഴുതി
കാർമേഘക്കുതിരകളെ
ചുരുട്ടിക്കെട്ടി
പുരികക്കുന്നിലേക്ക്
വലം കയ്യാലൊരു
സൂര്യനെ വച്ച്
നെടുനീളത്തിലവൾ
ചുവന്നു
ചോറ്റുപാത്രത്തിലേക്കും
മകൻ കിളിയായ് പറക്കും
പാഠശാലയിലേക്കും
ഊളിയിട്ട്
അവൾ സൂര്യനെ ഉയർത്തി
ഒറ്റപ്പുരികം പോലെ
മേൽക്കൂര
മഴക്കൂരയായ
കലികയറിയ
പ്രഭാതത്തിൽ
പുരികക്കൂനകളിലേക്ക്
പനി പിടിച്ച സൂര്യൻ
ഓരോ പെണ്ണിലും
ഓരോ സൂര്യാസ്തമയമുണ്ട്
അവളുടെ
ജലപ്പൂവുകൾക്കിടയിൽ
സൂര്യൻ
അസ്തമിക്കുന്ന ഒരു ദിവസം
ഉള്ളഴിഞ്ഞ്പടപടാന്ന്
പിഴിഞ്ഞ് ചുവന്ന്
കടലാഴത്തിലേക്കെടുത്തു ചാടി
തണുക്കുന്ന അസ്തമയം
പുരികങ്ങൾക്കിടയിലേക്ക്
ഏന്തി വലിഞ്ഞ്
നാളെയും
ഒന്നുദിക്കണം.
വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ
പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021)
ബാബുരാജ് കളമ്പൂർ
കടലൊരെണ്ണം ഞാൻ കുടിച്ചു തീർത്തിട്ടും
കരളിലെയഗ്നിയണഞ്ഞതേയില്ല..
ഒരു തുലാവർഷം നനഞ്ഞു തീർത്തിട്ടും
ഹൃദയത്തിൻ താപം കുറഞ്ഞതേയില്ല..
കനൽ പുകയുന്ന മൊഴികൾ കേട്ടുകേ-
ട്ടുരുകിപ്പോയൊരെൻ ചെവിപ്പടിക്കൽ നിൻ
നനുത്ത വാക്കുകൾ പിടഞ്ഞു വീണതും..
മരിച്ച മോഹത്തിൻ ചുടലച്ചാമ്പലും
വഹിച്ചൊരു കാറ്റു കിതച്ചണഞ്ഞെന്റെ
മനസ്സിൻ വാതില്ക്കൽ കരഞ്ഞു നിന്നതും…
തുരുമ്പു കേറിയ മണിച്ചിത്രത്താഴു
തുറക്കാനാവാതെ തിരിച്ചു പോയതും..
അറിഞ്ഞതില്ല ഞാൻ.. ഉണർന്നതില്ല ഞാൻ.
കനത്ത ഖേദത്തിലുറഞ്ഞുപോകയാൽ..
കരയുവാൻ പോലുമരുതാതെ മൗന
ച്ചിതല്പുറ്റിന്നുള്ളിലൊളിച്ചിരിക്കുമ്പോൾ..
ഒഴുകിപ്പോയൊരപ്പഴമ്പുഴതന്റെ
സ്മരണകൾ തേടിപ്പറക്കും ഹൃത്തിലെ
ക്കിളികളൊക്കെയുമുറക്കെക്കേഴുമ്പോൾ..
കനവുകൾ വറ്റിക്കവിതയും വറ്റി
പ്പുതിയകാലത്തെപ്പുതിയ രീതിക-
ളറിയാതങ്ങനെ തളർന്നിരിക്കുമ്പോൾ..
മരിക്കും ഹൃത്തിന്റെ മിടിക്കും കോണിൽനി-
ന്നൊരു ചെറുകിളി ചിറകടിക്കുന്നു.
ഇരുണ്ട രാവിലെച്ചെറു മിന്നാമ്മിന്നി
ത്തിളക്കംപോലെ വന്നടുത്തു കൂടുന്നു.
കരൾ കൊത്തിത്തുറന്നകത്തു കേറിയ-
ക്കിളി പ്രതീക്ഷതൻ വചനമോതുന്നു.
ഇരുളു മാ,ഞ്ഞിറ്റു വെളിച്ചം വീശുന്ന
പുതുപ്രഭാതത്തിൻ പടം വരയ്ക്കുന്നു.
അതു കാണാൻ മനം കൊതിച്ചു ഞാനെന്റെ
തെളിയാക്കണ്ണുകൾ തിരുമ്മിനോക്കുന്നു..
അഴലിൻ പാടകൾ വലിച്ചുനീക്കി ഞാൻ
തിമിരം മാറ്റുവാൻ ശ്രമം നടത്തുന്നു..
ബാബുരാജ് കളമ്പൂർ
കവി / നോവലിസ്റ്റ് / പരിഭാഷകൻ.
തമിഴ്, മലയാളം എന്നീ ഭാഷകളിൽ എഴുതുന്നു.
മഹാഭാരതം,വാല്മീകിരാമായണം എന്നിവയുടെ സമ്പൂർണ്ണ പുനരാഖ്യാനങ്ങൾ..
കല്ക്കിയുടെ ശിവകാമിയിൻ ശപഥം, പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ,
തമിഴ്നാട് മുൻ മുഖ്യമന്ത്രി,എം കരുണാനിധിയുടെ തിരുക്കുറൾ വ്യാഖ്യാനം എന്നീ കൃതികളുടെ മലയാള പരിഭാഷ.. വാരണാവതം, തീമഴക്കാലം , പശ്ചിമായനം എന്നീ നോവലുകൾ, ഇവയുൾപ്പടെ ഇരുഭാഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്.
എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂരിൽ താമസം.
ജേക്കബ് പ്ലാക്കൻ
ഓക്ക്മരചില്ലകൾ സന്ധ്യശോഭ ചൂടുന്നപ്രകൃതിയിൽ ..!
ഒക്കെയും ഓക്കിലകൾ പൊന്നിൻ മഞരിക്കൊന്ന പോലാക്കും ഋതുവിൽ ..!
പച്ചപ്പട്ട് വിരിച്ചമണ്ണിലെ സ്വർണ്ണപ്പതക്കങ്ങൾപോലവ നിലംപറ്റും തണുപ്പിന്റെ സായന്തനത്തിൽ ..!
പച്ചമരങ്ങൾ പഴുത്തിലകളാൽ ഭൂമിക്ക് പൂവാടതീർക്കുന്ന ശിശിരഭംഗിയിൽ ..!
പ്രണയ മന്ത്രങ്ങൾ മറന്ന് ശലഭങ്ങൾ പ്രണവധ്യാന പ്രണാളങ്ങളിലാഴവേ ..!
പ്രച്ഛന്നവേഷത്തിൽ ഭൂമിയൊരു പഞ്ചശരനായി പരബ്രഹ്മത്തിലമരവേ .!
നാമ്പ്മുളക്കാത്ത പുല്ലുകൾ വേരറ്റുവീണുപിടയും ശീത വിരിപ്പിന്റെ മേടുകളിൽ ..
നാഭിയിൽ തുടികൊള്ളും ഹേമന്തരാത്രിതൻ പരാഗണയണുവിന്റെ ഉൾപുളകങ്ങളാൽ മേയും ചെമ്മരിയാടിൻ പ്രതീക്ഷപോൽ ..!പ്രഭാതങ്ങളിലുടയാത്ത മഞ്ഞുതുള്ളികളിൽ മിഴിവാർത്തുണരുന്ന വൃശ്ചികവൃതപുണ്യങ്ങളിൽ ..!
ശിശിരനിദ്രയിലമരും ശുഭസ്വപ്‌നങ്ങളുടെ മഞ്ഞുമണി മഞ്ചലിൽ ..!
ശിശുവിനാദ്യനിലവിളിയിൽവിരിയും അമ്മതന്നാനന്ദസ്മിതംപോൽ …
മഞ്ഞിൽ മുളയിട്ടു വിരിയും ട്യൂലിപ്പിൻവാസന്ത മുകരങ്ങൾക്കായി ..
പട്ടുനൂലിന്റെ കോട്ടിനുള്ളിൽ ഞാനുറങ്ങട്ടെയീ ശിശിരകാലമൊക്കയും …
പട്ടുനൂൽപ്പുഴുവിൽ നിന്നൊരു ചിത്ര ചിറകുകളുള്ള ശലഭമായി
ആകാശമാകെ പറന്നുയുരുവാൻ ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ലത മണ്ടോടി
അവൻ ബാഗ് തുറന്നു ഫ്രൂട്ടിയുടെ പാക്കറ്റ് കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി.
ഫ്രൂട്ടി മേംഗോ ഡ്രിങ്ക്….
സിൻസ് 1985
അതിനുള്ളിൽ മാങ്ങയുടെ നല്ല സ്വാദുള്ള ജ്യൂസ് ..കുടിക്കാൻ സൈഡിൽ വെളുത്തു കൊലുങ്ങനെ പറ്റിച്ചേർന്നു കിടക്കുന്ന ഒരു കുഴലും . മാങ്ങയെ കശക്കി പിഴിഞ്ഞ് അതിന്റെ നീരെടുത്ത് നിറച്ചത്. അവനു അതിനു ചോരയുടെ ഗന്ധമാണ് തോന്നിയത്. വീട്ടിനു പുറകിൽ പോയി നിന്ന് ആ പാക്കറ്റ് അവൻ താഴെ ഇട്ട് കാലുകൊണ്ട് ചവിട്ടി അരച്ചു. കല്ലെടുത്തു കീറി മുറിച്ചു. എല്ലാ കീറലിൽ നിന്നും ജ്യൂസ് കിനിഞ്ഞു. കുടിക്കേണ്ട ദ്വാരം ഒരു പൊക്കിൾച്ചുഴിയെപ്പോലെ അവനു തോന്നി. അതിൽ നിന്ന് ശക്തിയോടെ ജ്യൂസ് ചീറ്റിയിരുന്നു. അതിന് രക്‌തചുവപ്പായിരുന്നു.
ആരാണവളെ ഇങ്ങിനെയൊക്കെ ദ്രോഹിച്ചത്…ചുണ്ടൊക്കെ കടിച്ചുമുറിച്ച്… ദേഹം മുഴുവനും കീറിമുറിച്ച്.. നാഭിയിൽ കുത്തിയിറക്കി…..സ്കൂളു വിട്ടു വരുമ്പോൾ സുരേഷിനോട് വാസുവണ്ണൻ പറഞ്ഞതാണവൻ കേട്ടത്.
വീട്ടിന്റെ പുറകിൽ പോയി തലയിൽ കൈവെച്ചവൻ ആർത്തു നിലവിളിച്ചു.ആരും കാണാതെ.
“നിന്റെ ആരാണവൾ?നിനക്കറിഞ്ഞൂടെ….അവൾ എവിടെയാ പോയത്? പോലീസുകാർ ചോദിച്ചപ്പോൾ അവൻ സ്വയം ചോദിച്ചു.. എന്റെ ആരാണവൾ?
എന്റെ മാലാഖ കുട്ടിയാണവൾ. ക്ലാസ്സിലെ ലൂക്കാ പറഞ്ഞപോലെ മനസ്സിന് വിഷമം വരുമ്പോൾ എന്നെ ആശ്വസിപ്പിച്ചിരുന്ന എന്റെ കൊച്ചു മാലാഖ.
“വലിയ വീട്ടിലെ പെൺകുട്ടിയോട് ചങ്ങാത്തം കൂടിയത് എനിക്കിഷ്ടമില്ലായിരുന്നു സാർ. തന്ത ഇട്ടേച്ചു പോയതിനു എന്നോടാ കെറുവ് ഇപ്പോഴും.ഇനിയും വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചാ ഞാൻ…”
അമ്മ പോലീസുകാരോട് കരഞ്ഞു പറഞ്ഞു.അതും കേട്ട് അവന്റെ ബാഗും പരിശോധിച്ചാ അന്നവർ പോയത്. ബാഗിൽ അവന്റെ പുസ്തകവും ഒരു ഫ്രൂട്ടി പാക്കറ്റും മാത്രമേ അവർ കണ്ടുള്ളു.അത് തിരിച്ചു ബാഗിൽതന്നെ വെച്ചവർ പോയി.
അവൾക്കായി വാങ്ങിയ ഫ്രൂട്ടി. അമ്മ അത്യാവശ്യത്തിനു വെച്ച പൈസ കുറച്ച് കുറച്ചായി കട്ടെടുത്തു വാങ്ങിയ ഫ്രൂട്ടി. അവൾ കൂടെ ഇല്ലാത്ത ദിവസം നോക്കിയാ വാങ്ങിയത്. അല്ലെങ്കിൽ അവൾ വാങ്ങാൻ സമ്മതിക്കില്ല.പക്ഷേ അത് അവന് അവൾക്ക് കൊടുക്കാൻ സാധിച്ചില്ല. അന്നവൾ ക്ലാസ്സിൽ വന്നില്ല.അല്ലെങ്കിൽ അന്നുമുതൽ… വന്നില്ല.
അവൻ മുകുന്ദനാണ്. നിഷ്കളങ്കമായി പുഞ്ചിരിച്ചു നിൽക്കുന്ന വലിയ തലയെടുപ്പൊന്നുമില്ലാത്ത നാട്ടുമ്പുറത്തെ ഒരു സാധാരണ യു പി സ്കൂളിലാണവൻ പഠിക്കുന്നത്.ഒരു ദിവസം ബെൽ അടിച്ചതോടെ അവനും അവന്റെ കൂട്ടുകാരും ക്ലാസ്സ്‌മുറികളിലേക്കോടിക്കയറി..തലേ ദിവസത്തെ മഴയിൽ കുതിർന്ന മണ്ണിൽ ചവിട്ടിയ അവരുടെ കൊച്ചുപാദങ്ങളുടെയും ചെരുപ്പുകളുടെയും അടയാളങ്ങൾ ആ സ്കൂൾ വരാന്തയിൽ അവശേഷിച്ചിരുന്നു. അത് മാഞ്ഞു തീരാൻ ഇനിയും ബെല്ലടിക്കണം. ഇനിയും അവർ ഓടണം.തലയിൽ തേച്ച എണ്ണ ഓട്ടത്തിന്റെ വേഗതയിൽ താഴോട്ടിറങ്ങി അവരുടെ മുഖങ്ങളെ മിനുസപ്പെടുത്തിയിരുന്നു.ആരോ പറഞ്ഞപോലെ അവർ എ ബി സി കുട്ടികളേ അല്ല… ക ഖ ഘ കുട്ടികളായിരുന്നു.
നെഞ്ചുവിരിച്ചുനിൽക്കുന്ന കറുത്ത ബോർഡിന്റെ ഒരു മൂലയിൽ സ്റ്റാൻഡേർഡ് അഞ്ച് എ എന്നത് റോമൻ അക്കത്തിൽ കാണാം. ടീച്ചർ തിരിഞ്ഞു ബോർഡ് നോക്കി പിന്നെ ഡസ്റ്റർ എടുത്ത് തുടച്ചു വൃത്തിയാക്കി.
ടീച്ചർ മുകുന്ദൻ തുടച്ചതാണ്.കുട്ടികൾ ആർത്തലച്ചു.
ശരി ശരി…
ഇന്ന് മുതൽ നിങ്ങൾക്ക് ഒരു പുതിയ കൂട്ടുകാരി കൂടിയുണ്ട്.ഇപ്പോൾ വരും. ഇതുവരെ പഠിച്ചതൊക്കെ നിങ്ങൾ അവൾക്ക് പറഞ്ഞുകൊടുക്കില്ലേ.
കൊടുക്കും ടീച്ചർ…
ഉടനെ എല്ലാ കണ്ണുകളും പ്രത്യേകിച്ച് വാതിലൊന്നുമില്ലാത്ത വാതിൽക്കലേക്ക് എത്തി നോക്കി. പുതിയ കൂട്ടുകാരിയെ വരവേൽക്കാൻ.
വെളുത്തു മെലിഞ്ഞു നീലമിഴികൾ ഉള്ള ചെമ്പൻ തലമുടിയുള്ള ഒരു സുന്ദരിക്കുട്ടി ക്ലാസ്സിലേക്ക് കടന്നുവന്നു. അവളെ കണ്ടപ്പോൾ അത്ഭുതവും ആശങ്കയും കുശുമ്പും കുട്ടികളുടെ മുഖത്തു കാണാമായിരുന്നു.അവളുടെ ചുവന്ന ഉടുപ്പും തലയിൽ വെച്ച ചുവന്ന പൂക്കളുള്ള ഹെയർ ബാൻഡും വിരലൊക്കെ മൂടിയ ചുവപ്പ് ഷൂവും അതിനുമുകളിൽ കിലുങ്ങുന്ന പാദസരവും അവർക്ക് കാഴ്ചവസ്തുക്കൾ തന്നെയായിരുന്നു.പെൺകുട്ടികൾ പലരും അവരവരുടെ കാലുകളിലേക്ക് നോക്കി. ഇത്രയും വീതിയുള്ള കൊലുസ് അവര് കണ്ടിട്ടേ ഇല്ല.പോരാത്തതിന് ഒരു മിഠായിറോസ് നിറവും…
“ഇതാണ് നൂർജഹാൻ.. ഇവളും ഇനി നമ്മുടെ കൂടെയുണ്ടാവും.” ടീച്ചർ അവളെ ചേർത്തുപിടിച്ചു പറഞ്ഞു.
“ഹായ് നല്ല പേര്.. “പെൺകുട്ടികൾ പറഞ്ഞപ്പോൾ ആൺകുട്ടികൾ എല്ലാവരും അപ്പോഴും വിസ്മയത്തുമ്പത്തായിരുന്നു.
“ഉമ്മുമ്മ പറയുന്ന കഥകളിലെ ഹൂറിയെ പോലുണ്ട്….”
സബീന അടുത്തിരിക്കുന്ന മണിക്കുട്ടിയോട് പറഞ്ഞത് മുകുന്ദൻ കേട്ടു. ഹൂറി പോലുണ്ട്… അവനും തലകുലുക്കി.
“എന്ത് ഹൂറി.. അയ്യേ ചെമ്പൻ തലമുടി. എണ്ണ തേക്കാതെ തലയൊക്കെ ചെമ്പിച്ച് കൃഷ്ണമണിക്കും നിറല്യാതെ… ശെരിക്കും ഒരു ഭംഗില്യാ എനിക്കിഷ്ടപ്പെട്ടിട്ടില്ല….”മണിക്കുട്ടിയുടെ കമന്റ്.
“ഓ..….ഇതുവരെ നീയാണല്ലോ ഈ ക്ലാസ്സിലെ മുത്ത്. ഇനി ഇവളായിരിക്കും. നോക്കിക്കോ….”സബീന മണിക്കുട്ടിയോട് പറഞ്ഞു.
ബോർഡിൽ കണക്കെഴുതി ടീച്ചർ തിരിഞ്ഞു നോക്കി.
“സബീന..എന്താ അവിടെ ഒരു വർത്തമാനം? ക്ലാസ്സിൽ ശ്രദ്ധിക്കാതെ.”
“ഇവള് നൂർജഹാനെ കുറ്റം പറയാ ടീച്ചർ….”
മണിക്കുട്ടിയ്ക്കു അരിശം തീർക്കാനൊരു വഴി തെളിഞ്ഞു.
“സബീന … അങ്ങിനെയാണോ?
“അല്ല..ടീച്ചർ ഇവള് കള്ളം പറയാ..”
“ഒഴിവു സമയത്ത് എല്ലാവരും അവളോട് കൂട്ടു കൂടണം. അവളും നിങ്ങളെപ്പോലെയൊരു കുട്ടിയല്ലേ….കുറേ ക്ലാസുകൾ കഴിഞ്ഞുപോയി. അതൊക്കെ പഠിച്ചു തീർക്കാൻ അവളെ സഹായിക്കണം….”
ക്ലാസ്സ് വിട്ടപ്പോൾ എല്ലാവരും നൂർജഹാന്റെ ചുറ്റും കൂടി.നൂർജഹാന്റെ നഖങ്ങളുടെ അറ്റത്തുള്ള മൈലാഞ്ചി ചോപ്പ് കണ്ട് ആയിഷു ചോദിച്ചു.
“ജ്ജ് ..ഓത്തുപള്ളീല് പോകാറുണ്ടോ…”
“ഉം….”
അവളൊന്നു മൂളി.
“ഇതെന്താ നിന്റെ കൊലുസ്സിന് റോസ് നിറം….” മണിക്കുട്ടി ചോദിച്ചു.
“ഇത് റോസ് ഗോൾഡാ…”
“ഈ ക്ലാസ്സിലാരാ മുകുന്ദ്…” അവൾക്കതായിരുന്നു അറിയേണ്ടത്.
“ഞാനാ.. ഞാൻ മുകുന്ദനാ…”
“ടീച്ചർ മുകുന്ദ് എല്ലാ സബ്ജെക്ട്സും പഠിപ്പിച്ചുതരും ക്ലാസ്സിൽ ഒന്നാമൻ മുകുന്ദ് ആണെന്ന് പറഞ്ഞു…”
“കുട്ടി ഏതു സ്കൂളിൽ നിന്നാ വന്നത്?” അവൻ അവളോട് ചോദിച്ചു.
“വയനാട് കേട്ടിട്ടുണ്ടോ.. അവിടെ ഒരു വലിയ കോളേജിലാ എന്റെ ഡാഡി പഠിച്ചത്. ഡാഡിയുടെ വീട് യു പി യിലാണ്. അങ്ങ് വടക്കേ ഇന്ത്യയിൽ… വയനാട്ടിൽ പഠിക്കാൻ വന്നതാ… വയനാട്ടിൽ ജോലിയും കിട്ടി. പിന്നെ അവിടെ നിന്ന് എന്റെ മമ്മിയെ കല്യാണവും കഴിച്ചു.ഞാൻ വയനാട്ടിലാ നാലുവരെ പഠിച്ചത്.”
“പിന്നെ ഇവിടെയെങ്ങിനെ എത്തി?”
” അച്ഛന്റെ നാട്ടുകാരൻ ഒരു ഹോട്ടൽ മാനേജർ എറണാകുളത്തുണ്ട്. അയാൾ അച്ഛന് അവരുടെ പുതിയ ഹോട്ടലിന്റെ മാനേജർ ആയി ജോലി കൊടുത്തു. അത് ടൗണിലാണ്. കുറച്ചു കാലമേ ഞാൻ ഇവിടെ ഉണ്ടാവുള്ളു. മമ്മിയുടെ ഒരു കസിൻ ഇവിടെ ഉണ്ട്. അവരുടെ കൂടെയാ ഞങ്ങൾ. ഡാഡി ടൗണിലും. ഹോട്ടലിന്റെ പണി തീർന്നു തിരക്കെല്ലാം കഴിഞ്ഞാൽ ഞങ്ങളെ ടൗണിലേക്ക് കൂട്ടി കൊണ്ടുപോകും. ഹോട്ടലിനോട് ചേർന്ന് ഞങ്ങൾക്ക് താമസിക്കാനുള്ള പ്രത്യേക വീടുമുണ്ട്. അത് പണി തീരും വരെ ഞങ്ങൾ ഇവിടെയാണ്…”
“മുകുന്ദിന്റെ വീട്ടിന്റെ അടുത്താണ് ഞാനും താമസിക്കുന്നത്…. ടീച്ചർ പറഞ്ഞതാണ്. നമുക്കൊരുമിച്ചു പോവും വരുകയും ചെയ്യാം.”
മുകുന്ദൻ സ്തബ്ധിച്ചു നിന്നുപോയി. ആയിരം നാവുള്ളൊരു പെൺകുട്ടി. നല്ല വെളുത്ത നിറം. മാണിക്യകല്ലുപോലെ തിളങ്ങുന്ന കണ്ണുകൾ. ഇളം റോസ് കവിളുകൾ ചെമ്പിച്ച പാറിപറന്ന മുടി.
ഇതായിരിക്കുമൊ മദാമ്മ. അവൻ സംശയിച്ചു..
സിനിമയിലെപ്പോഴോ കണ്ട ഒരോർമയിൽ അവൻ ചോദിച്ചു. “നീ മദാമ്മയാണോ….”
“അയ്യോ മദാമ്മകൾ ഇന്ത്യയ്ക്കു പുറത്തുള്ളവരാണ് മുകുന്ദ്…ഇവിടെയുള്ളവർക്കൊന്നും അറിഞ്ഞൂടെ…”
“എല്ലാം അറിയാമെങ്കിൽ പിന്നെ ഞാൻ നിന്നെ എന്ത് പഠിപ്പിക്കാനാണ്…”
“അയ്യോ പിണങ്ങല്ലേ മുകുന്ദ്..” അവൾ നിന്ന് ചിണുങ്ങി.
“ഒരു ദിവസം അവൾ പറഞ്ഞു. ഞാൻഇന്ന് ക്ലാസ്സ് കഴിഞ്ഞാൽ മുകുന്ദിന്റെ വീട്ടിലേക്കു വരും എനിക്ക് മുകുന്ദിന്റെ അച്ഛനെയും അമ്മയെയും കാണണം. എനിക്ക് എഴുതിയ നോട്സ് എല്ലാം തരണം….”. “സമ്മതല്ലേ… .നല്ലവണ്ണം പഠിക്കുന്ന കുട്ടികളുടെ നോട്ട്സ് മാത്രമേ എഴുതി എടുക്കാവു എന്ന് മമ്മി പറഞ്ഞിട്ടുണ്ട്.”
“നിനക്കവിടെയ്ക്കൊന്നും വരാൻ പറ്റില്ല…”
“അതെന്താ മുകുന്ദ്..”
“അത് പാവങ്ങള് തിങ്ങി പാർക്കുന്ന സ്ഥലമാണ്.പിന്നെ എനിക്കച്ഛനുമില്ല നിനക്ക് കാണാൻ. അച്ഛൻ എന്റെ അമ്മയെയും എന്നെയും ഉപേക്ഷിച്ച് എങ്ങോട്ടോ പോയിട്ടെത്രയോ നാളായി…”
അവളിൽ നിന്നൊന്നു രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന് അവന് തോന്നി.
“ഒരു പൊല്ലാപ്പ്…”
“എന്തൊക്കെയായാലും ഞാൻ വരും.ഒ രു പിടിവാശിക്കാരിയുടെ ഭാവത്തോടെ മുകുന്ദനെ നോക്കി കണ്ണ് ചിമ്മി അവൾ ചിരിച്ചു…”
ക്ലാസ്സ് കഴിഞ്ഞ് അവൻ വീട്ടിലേക്കു നടന്നു. അവന്റെ മുഖത്ത് ഒരു രാജകുമാരി ഇരിക്കുന്ന മഞ്ചൽ തോളിൽ ഏറ്റിയ ഒരു പരിചാരകന്റെ വിഷണ്ണ ഭാവമായിരുന്നു.കൊലുസ്സിന്റെ കിലുകിലുങ്ങനെയുള്ള മനോഹര ശബ്ദം അവനെ പിൻതുടർന്നുകൊണ്ടിരുന്നു.
പൊട്ടിപൊളിഞ്ഞ ഓടുമേഞ്ഞ അടുപ്പുകല്ലുകൂട്ടിയപോലത്തെ കൊച്ചു കൊച്ചു വീടുകൾ.അവയ്ക്ക് മഴപ്പാറൽ വീണു കരിമ്പനടിച്ച ചുമരുകൾ. ഉള്ളിൽ നിന്നും വരുന്ന ശബ്ദകോലാഹലങ്ങളിൽ അസഭ്യവും സഭ്യവും വേർതിരിച്ചെടുക്കാനാവാതെ വിറങ്ങലിച്ചു നിൽക്കുന്നവ. ഈ വീടുകൾക്കിടയിലൂടെ ഒഴുകുന്ന കറുത്ത നിറത്തിലുള്ള അഴുക്കുവെള്ളം കൊണ്ടുള്ള ചെറിയ ചാലുകൾ. അതിൽ ചെങ്കല്ല് നിരത്തി അതിൽ ചവുട്ടി നടക്കുന്ന ഒരു പതുപതുത്ത വെളുത്ത കാല്. ആ കാലു കളിലേക്കെത്തിനോക്കുന്ന കുറേ കൂത്താടികളായിരുന്നു അവന്റെ ചിന്തകൾക്ക് ചുറ്റും.
“എന്താ മുകുന്ദ് ഒന്നും പറയാത്തെ… ഞാൻ കൂടെ വന്നത് ഇഷ്ടപെട്ടില്ലേ.,”
അവൻ ഒന്നും മിണ്ടിയില്ല.
“എടോ…മുകുന്ദാ..ഇതാരാ.?.”
വഴിയിലെ സ്റ്റേഷനറി കടക്കാരൻ വാസു അണ്ണൻ കുശലം ചോദിച്ചു.
ഈ വാസുവണ്ണന്റെ കടയുടെ മുന്നിൽ “ചുറ്റുവട്ടത്തെ എല്ലാ വാർത്തകളും പൊടിപ്പും തൊങ്ങലും വെച്ച് വിൽക്കപ്പെടും “എന്ന് ആരോ ഒരിക്കൽ എഴുതിവെച്ചിരുന്നു.
“എന്റെ ക്ലാസ്സിലെ പുതിയ കുട്ടിയാ… എന്റെ നോട്സ് എഴുതിയെടുക്കാൻ കൂടെ പോന്നതാ…”
“ഇതിനെ ആ ചേരീലേക്കാണോ നീ കൂട്ടിക്കൊണ്ടോവുന്നത്”
സങ്കടവും ദേഷ്യവും കൊണ്ടവന്റെ മുഖം ഒന്നും കൂടി കറുത്തു. അവൻ നൂർജഹാനെ തിരിഞ്ഞൊന്നു നോക്കി. അവൾ കണ്ണുകളടച്ചൊന്നു ചിരിച്ചു.
ഒന്നും പ്രശ്നമല്ല, എന്ന് പറയുന്ന ആ കണ്ണുകളിലെ ചിരി കണ്ടവൻ പറഞ്ഞു.
“വേഗം നടന്നോ.. മഴ വരും. മഴയായാൽ ചളിയാവും നടക്കാൻ പറ്റില്ല…”
പെട്ടെന്നവൾ മൂക്ക് പൊത്തി..”അയ്യോ ഇതെന്താ മുകുന്ദ് ., എന്തൊരു നാറ്റം.ഇതിലെ നടക്കാൻ വയ്യല്ലോ..”
“ആ… ടൗണിലെ ആൾക്കാർ ഇവിടെ വേസ്റ്റ് കൊണ്ട് തള്ളുന്നതാണ്. വീടടുക്കാറായി.പെട്ടെന്ന് നടക്കൂ…” അവൻ പറഞ്ഞു.
“ഇതാണോടാ നിന്റെ നൂർജഹാൻ…” അവന്റെ അമ്മ കണ്ടതും ഊഹിച്ചെടുത്തു. “ഇതിനെ എന്തിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടോ ന്നെ? വെള്ളം കലക്കികൊടുക്കാൻ ഇച്ചിരി പഞ്ചാര കൂടി ഇവിടില്ല.”
ഒന്നും കേൾക്കാത്തമട്ടിൽ ഷൂസ് ഊരിവെച്ചവൾ അകത്തു കയറി അവന്റെ അമ്മയെ കെട്ടിപിടിച്ചു.
“എനിക്കൊന്നും വേണ്ട. ഞാൻ മുകുന്ദിന്റെ നോട്സ് എഴുതിയെടുക്കാൻ വന്നതാണ്. കൂട്ടത്തിൽ അമ്മയെ കാണാനും. പുസ്തകങ്ങളെല്ലാം വാങ്ങി ഞാൻ ഇപ്പോൾ പോവും. രണ്ടു ദിവസം ലീവ് അല്ലെ. മമ്മി എഴുതിത്തരും ബാക്കി….”
അപ്പോൾ മുതലാണ് അവന് അവൾ മാലാഖ കുട്ടി ആയത് ലൂക്ക പറഞ്ഞ മാലാഖ.. എല്ലാവരെയും സന്തോഷിപ്പിക്കാനറിയാവുന്ന വെളുത്ത ചിറകുകളുള്ള ഒരു കൊച്ചു മാലാഖ.
അങ്ങിനെ ആ ചങ്ങാത്തം വളർന്നു. അവൾ പലപ്പോഴും അവളുടെ അച്ഛൻ ഉണ്ടാക്കുന്ന പലഹാരങ്ങൾ പൊതിഞ്ഞു ആരും കാണാതെ അവന് കൊണ്ട് കൊടുക്കും. പകരം കൊടുക്കാനവനൊന്നുമുണ്ടായിരുന്നില്ല.
ഒരിക്കൽ വാസുഅണ്ണന്റെ കട എത്തിയപ്പോൾ അവൾ പറഞ്ഞു.
“മുകുന്ദ് അവിടെ ഫ്രൂട്ടി ഉണ്ട്…. എനിക്ക് അത് വലിയ ഇഷ്ടമാ. പുഴുക്കൾ ഉണ്ടാവുമെന്ന് പറഞ്ഞച്ഛനുമമ്മയും എനിക്കതു വാങ്ങിതരില്ല. നമുക്കൊരു ദിവസം വാങ്ങി കുടിക്കണം…”
“വേണ്ട…അത് നന്നല്ല..”
.”മുകുന്ദ് ഇല്ലാത്ത ഒരു ദിവസം എന്റെ ഡാഡിയെ പോലെ ഹിന്ദി സംസാരിക്കുന്ന ഒരാൾ ഫ്രൂട്ടി വാങ്ങിക്കുടിക്കുന്നുണ്ടായിരുന്നു അയാൾ എന്നെ നോക്കി ചിരിച്ചു. എനിക്ക് അപ്പോൾ നൊണ തോന്നി മുകുന്ദ്… ”
“അയ്യേ… മോശം. അതൊന്നും ശ്രദ്ധിക്കാൻ പോണ്ട നൂർജഹാൻ..”
അങ്ങിനെ പറഞ്ഞുവെങ്കിലും അവൾക്കു ഒരിക്കൽ ഫ്രൂട്ടി വാങ്ങികൊടുക്കണം എന്നവന് തോന്നി. പക്ഷേ കാശില്ല, അവൻ നിസ്സഹായനായിരുന്നു.
” അമ്മാ…എനിക്കൊരു ഫ്രൂട്ടി വാങ്ങിക്കാൻ കാശു തരുമോ. സുരേഷ് ഫ്രൂട്ടി കുടിക്കുന്നത് കണ്ടപ്പോൾ എനിക്കും ഒരു കൊതി … “അവൻ അമ്മയോട് ചോദിച്ചു.
സ്കൂളിന്റെ തൊട്ടടുത്തുള്ള ഹൈസ്കൂളിൽ പഠിക്കുന്ന സുരേഷിന്റെ അച്ഛന് അവന്റെ അമ്മ പണിയെടുക്കുന്ന എസ്റ്റേറ്റിലാ ജോലി.
“അവനെ.. തന്തപോറ്റുന്ന ചെക്കനാ… നീയെ പട്ടിണി ഇല്ലാതെ ജീവിക്കുന്നത് തന്നെ ഭാഗ്യം ന്നു വിചാരിച്ചോ. ആ റൈറ്ററ് ഒരു പണി ആക്കി തന്നോണ്ട് കഴിഞ്ഞുപോവുന്നുണ്ട്. അവന്റെ ഒരു ഫ്രൂട്ടി.. ഈയിടെയായി ശീലങ്ങളൊക്കെ മാറുന്നുണ്ട് നിന്റെ….”
“ഒരു റൈറ്ററ് .. അയാളെ കണ്ടുകൂടാ എനിക്ക്…”
“നിന്നോടെന്തെ അയാള് കാട്ടി… കണ്ടൂടാണ്ടാവാൻ…”
അവന്റെ ചെവിയ്ക്കുള്ളിൽ സുരേഷ് വീണ്ടും..
“എട. മുകുന്ദാ … നിന്റെ ആരാടാ നൂർജഹാൻ.?.. അവൾക്ക് നിന്നോട് പ്രേമാണോ..അല്ല നിനക്കവളോടാണോ പ്രേമം.
നിന്നെയൊന്നും വിശ്വസിച്ചൂടാ…നിന്റെ തള്ളയും ആ റൈറ്ററും പ്രേമത്തിലല്ലേ. അതുപോലെ നീയും തുടങ്ങിയോ..?.”
സുരേഷ് പറഞ്ഞത് ശരിയായിരിക്കുമോ… കയ്യിലുള്ള ഗ്ലാസ് വലിച്ചെറിഞ്ഞവൻ അമ്മയുടെ അടുത്തുനിന്ന് പോയി. അതും അവൻ നൂർജഹാനോട് പറഞ്ഞു.
“ആ സുരേഷ് ചീത്തയാണ് മുകുന്ദ്..നമ്മൾ ചങ്ങാതിമാരല്ലേ..അതുപോലെ മുകുന്ദിന്റെ അമ്മയും റൈറ്ററും ആയിക്കൂടെ. ഈ സിനിമയിലൊക്കെ പറയുന്നത് കേട്ടു പറയാ അവൻ….. വലിയ ചെക്കനല്ലേ… അങ്ങിനെയേ പറയൂ.. സുരേഷിന്റെ കൂടെ നടക്കേണ്ട മുകുന്ദ്.
എന്നിട്ടവൾ കണ്ണടച്ചു കാട്ടി ചിരിച്ചു. മാലാഖകുട്ടി പറഞ്ഞാൽ എന്തും അവൻ വിശ്വസിക്കും. സമാധാനിക്കും..
മനസ്സിലേക്ക് വന്നതൊക്കെ അയവിറക്കി തികട്ടി അരച്ചു അവൻ ആലോചിച്ചു. എന്നിട്ടും എന്തിനെന്റെ മാലാഖ കുട്ടി ആ ഹിന്ദിക്കാരനോട് ഫ്രൂട്ടി വാങ്ങി കുടിച്ചു.
“എന്താ മുകുന്ദാ വീട്ടിന്റെ പിന്നിൽ തന്നെ ഇരിക്കണത് യ്യ്….” അമ്മയുടെ ശബ്ദത്തിൽ ഒരു വാത്സല്യം.
“നേരം മോന്തി ആയില്ലേ.ഒരു വെള്ളവും കുടിക്കാതെ ആ പെണ്ണിനെതന്നെ ആലോചിച്ചിരിക്കാ..വന്ന് എന്തെങ്കിലും കുടിക്ക്.യ്യ് സുരേഷിന്റെ കൂടെയല്ലേ സ്കൂളിൽ നിന്ന് പോന്നത്. കുറച്ചീസം ഓൻ മറ്റേ സ്കൂളിൽ നിന്ന് ഇറങ്ങുന്നതുവരെ കാത്തുനിന്നോ. ഒറ്റയ്ക്കു പോരണ്ട…”
“ന്നാലും അതൊരു നല്ല കുട്ടിയേരുന്ന്. പാവം. അതിന്റെയൊരു വിധി…”
അതിന്റെയൊരു വിധി… മുകുന്ദൻ ഒന്നുകൂടിയതാവർത്തിച്ചു.അവൻ വീണ്ടും ഓർത്തു.
വാസുവണ്ണാ.. കച്ചോടം കൂടീലെ ങ്ങളെ നല്ല കാലം. ചൂടുള്ള വാർത്തകൾ അറിയാൻ ആൾക്കാര് കൂടല്ലേ ഇവിടെ..”
“എന്താ സുരേഷേ യ്യ് പറേണത് .അയ് നാത്രം ഏമാന്മാരും കേറി എറങ്ങല്ലേ…”
“ആ പിന്നെ ഒരു കാര്യണ്ട്.ഓനെ പിടിച്ചു.. പോലീസുകാര്..എല്ലാം പറഞ്ഞു പോലും അല്ല പറയിപ്പിച്ചുപോലും.. ഫ്രൂട്ടീല് മയക്കു മരുന്നിട്ടു കുടിപ്പിച്ചിട്ടാ പാവം..അതിനെ..അയിന്റെ തന്തേം തള്ളേം എങ്ങിനാ സഹിക്കാ…”
ശരിയാ..എന്റെ മാലാഖകുട്ടിക്ക് എത്ര വേദനിച്ചിട്ടുണ്ടാവും. അവളുടെ ചിരി മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അവൾക്കു കരയാൻ അറിയാമായിരുന്നോ. ചാക്കിന്റെ ഉള്ളിൽ നിന്നവൾ ആ വൃത്തികെട്ട ഗന്ധം ശ്വസിച്ചിട്ടുണ്ടാവുമോ. സാധാരണ അവിടെയെത്തിയാൽ അവൾ ഓടാറാണ് പതിവ് . പക്ഷേ ചാക്കിന്റെ ഉള്ളിൽ വരിഞ്ഞുകെട്ടിയ വെട്ടിനുറുക്കിയ നിലയിൽ അവൾ. ആ വൃത്തികെട്ടവൻ..
ഉള്ളിന്റെ ഉള്ളിൽ നീറി കരഞ്ഞു കൊണ്ടിരിക്കുന്ന അവന് മാത്രമേ അവൾ അവനാരായിരുന്നു എന്നറിയുള്ളു. ബാക്കിയുള്ളവരുടെ ഇടയിൽ അവനെന്തു റോൾ. ഒരു മുകുന്ദൻ. ചേരിയിലെ മുകുന്ദൻ. വാസുവണ്ണൻ പറഞ്ഞതും കേട്ട് നിസ്സംഗതയോടെ സുരേഷിന്റെ തോളത്ത് കൈവെച്ചവൻ നടന്നു. ഒരു നടത്തം…
ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.
രാജു കാഞ്ഞിരങ്ങാട്
മനുഷ്യമനസ്സ് ഒരു കടലാണ്
അലതല്ലുന്ന കടൽ
അവിടെ
ക്ഷമയുടെ ഒരു മുക്കുവനാകാൻ
നമുക്കു കഴിയണം
നമ്മടെ ജീവിത വഞ്ചിയും വലയും
അതു വലിച്ചിഴച്ചു കൊണ്ടു
പോയേക്കാം
ആഴക്കടലിൽ മുക്കുവാൻ
ശ്രമിച്ചേക്കാം
എൻ്റെ സങ്കടക്കടലേ !
നിൻ്റെ എല്ലാ പരിശ്രമങ്ങളും
വിഫലമാക്കി
കണ്ണീരുപ്പുകളെ തുടച്ചു മാറ്റി
കവിതയുടെ കാൽപ്പാടുകൾ തേടി
പൂവിൻ്റെ പുഞ്ചിരിയായ് ഞാൻ
നടന്നു കയറും
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ജോസ് ജെ. വെടികാട്ട്
പരസ്പരം നമ്മളവരെ നമ്മളായ് തന്നെ കരുതിയെങ്കിലും, അവരുടെ ദു:ഖത്തിൽ നമ്മൾക്ക് കരച്ചിൽ വന്നെങ്കിലും , നമ്മൾ പുറമേ ചിരീച്ചു നടന്നു! ജീവിതത്തിന്റെ പുറം മോടിക്കായ് നമ്മുടെ കരച്ചിൽ വഴിമാറിയതു പോലെ!
പരസ്പരം മനസ്സിലാക്കാൻ കഴിയുമെന്ന് സാന്ത്വനിച്ച് അനുരഞ്ജന സംഭാഷണങ്ങൾക്ക് നാം മുതിർന്നില്ല!
ഒരു ദു:ഖഗർത്തതിലാണ് അവർ എന്ന കാര്യം നാം വിസ്മരിച്ചു കാരണം നമ്മൾ അതേ പോലൊരു ഗർത്തതിലാണ് കഴിയുന്നത് സ്വയം വിസ്മരിച്ച്!
ഒരു ജീവിതസമവാക്യം അനിവാര്യമായ് രൂപീകരിച്ച് നാം കഴിയുന്നു, ആ സമവാക്യത്തിൽ എത്താൻ നാം സ്വാർത്ഥപരമായ് കൂട്ടിയും കിഴിച്ചും നോക്കുന്നു! ആ മനോഗണിതത്തിനനുസരിച്ച് മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നാം തീരുമാനിക്കുന്നു! നമ്മുടെ സ്നേഹ താത്പര്യങ്ങൾ നാം അളന്നു തൂക്കി അവർക്ക് വില്ക്കുന്നു, ലാഭലോഭങ്ങൾ നോക്കി!
അന്യവത്ക്കരണത്തിൽ നമ്മുടെ ഹൃദയം സ്വാർത്ഥതയുടെ മുള്ളുകളാൽ മുറിഞ്ഞ് നിണമണിയുന്നെങ്കിലും നമ്മൾ അത് ഗൗനിക്കുന്നില്ല!
ഈ ജീവിതസമവാക്യത്തിനു വേണ്ടി നമ്മൾ അസമവാക്യങ്ങളെ അനിവാര്യതയുടെ ഇരുമ്പു കൂട്ടിലടക്കുന്നു , മനസ്സാക്ഷിയെ വഞ്ചിച്ച് അവ മറന്നു കളയുന്നു !
അവർ പരാജയത്തിന്റെ കയ്പു നുണഞ്ഞപ്പോൾ പരാജയത്തിലും സ്വയമവർ ജയിക്കട്ടെ , നിർബന്ധശ്രമമായ് മനസ്സിന്റെ മഥനത്തിൽ മനനമായ് അവരുടെ ജയമുണരട്ടെ എന്ന് നമ്മൾ അവസരവാദം ഘോഷിച്ചു ! ജീവിതവിജയത്തിനായ് ക്ലേശത്തിന്റെ എവറസ്റ്റ് കൊടുമുടി തരണം ചെയ്യേണ്ടി വന്നാലും അവർ പറയണം ജീവിതമെത്ര ശോഭനം മോഹനം എന്ന് നാം ശഠിച്ചു ! അവരെ നമ്മോടു തുല്യരാക്കാൻ അവരുടെ സർഗ്ഗാത്മകതക്കു നേരെ നമ്മൾ കണ്ണടച്ചു , അത് നമ്മുടെ ആവശ്യമാണ് !
യോഗാത്മകമായ് ധ്യാനത്തിൽ നിമഗ്നമായാലേ നമ്മൾക്കീ ജീവിതസമവാക്യം പരസഹായം കൂടാതെ ശരിയാക്കാൻ പറ്റൂ !
എങ്കിലേ ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റൂ ! അല്ലെങ്കിൽ ജീവിതവ്യഥയുടെ കൂർത്ത കൊളുത്തുകളാൽ കൊത്തിവലിക്കപ്പെട്ട് വേദനിച്ചു നീറും !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ജോൺ കുറിഞ്ഞിരപ്പള്ളി
എവ്‌ലിൻ റോസ് എന്ന ഇംഗ്ലണ്ടുകാരി യുവതിയെ എബ്രഹാം ജോസഫ് എന്ന പാലാക്കാരൻ യുവാവ് പരിചയപ്പെടുന്നത് യാദൃശ്ചികമായിട്ടാണ്.
ഏതോ ഒരു പത്രത്തിൽ വന്ന മലകയറ്റത്തെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചപ്പോൾ അബ്രഹാം ജോസഫിന് തോന്നി, ഇത് കൊള്ളാവുന്ന ഒരു പരിപാടിയാണ്, അര കൈയ്യ് നോക്കികളയാം എന്ന്.
അബ്രഹാം ജോസഫ് എന്നാണ് യഥാർത്ഥ പേരെങ്കിലും കൂട്ടുകാർ അവറാച്ചൻ എന്നാണ് വിളിക്കുക.ഡിഗ്രി കഴിഞ്ഞു, ഇനി അടുത്ത പരിപാടി എന്തെന്ന് ആലോചിക്കാൻ അൽപം സമയമുണ്ട്.ആ സമയം വെറുതെ ഇരിക്കാൻ പറ്റില്ല.റിസൾട്ട് വരാൻ ഇനി രണ്ടുമാസമെടുക്കും .
നാട്ടിൽ, സാമൂഹ്യസേവനം,വോളിബോൾ, ക്ലബ്,വായനശാല തുടങ്ങി അവറാച്ചൻ ഇല്ലാത്ത പരിപാടികൾ കുറവാണ്.
പാലാ ടൗണിലുള്ള വോളിബോൾ ക്ലബ്ബിലെ പ്രധാന ഓൾ റൗണ്ടർ .നല്ല ഉയരവും ശാരീരികക്ഷമതയുമുള്ള അവറാച്ചൻ സുഹൃത്തുക്കളുടെ ഇടയിലെ ഹീറോയാണ് .
ഗൂഗിളിൽ തപ്പിയപ്പോൾ മലകയറ്റം എന്ന് പറയുന്ന മൗണ്ടനീറിങ്ങിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടി.
പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള കുന്നുകളും മലകളും പിന്നെ മലയാറ്റൂർ മലയും കയറിയിട്ടുള്ള അവറാച്ചൻ “ഇതൊക്കെ വെറും നിസ്സാരം “,എന്ന് കരുതി.
അങ്ങനെ നേപ്പാളിലുള്ള ഹിമാലയ മൗണ്ടനീറിങ് ഇൻസ്റ്റിട്യൂട്ടിൽ ഒരു മാസത്തെ ഒരു ബേസിക്ക് കോഴ്സിന് അഡ്മിഷൻ തരമാക്കി.
ആ മലകയറ്റമല്ല ഈ മല കയറ്റം, എന്ന് തിരിച്ചറിഞ്ഞപ്പോൾ അവറാച്ചൻ ഞെട്ടിപ്പോയി.
ഇരുപത്തിഒന്നാമത്തെ വയസ്സിൽ ഹിമാലയം കീഴടക്കുന്ന ആദ്യത്തെ പാലാക്കാരൻ എന്ന ബഹുമതി അവറാച്ചൻ സ്വപ്നംകണ്ടു.പക്ഷേ,അപ്പച്ചൻ്റെയും അമ്മച്ചിയുടേയും അനുവാദം കിട്ടില്ല എന്നകാര്യം ഉറപ്പാണ്.
ഇടവകപ്പള്ളിയിലെ വികാരി അച്ചനെ ചാക്കിട്ടു ബിഷപ്പിൻ്റെ റെക്കമൻറേഷനും സംഘടിപ്പിച്ചു, വീട്ടിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ ആർക്കും എതിർപ്പില്ലാതായി.
അനിയത്തി,സിസിലി പറഞ്ഞു,”ചേട്ടൻറെ ഒരു ഫോട്ടോ എടുത്തോട്ടെ?”
“അതെന്താടി നിനക്ക് ഇപ്പോൾ ഒരു പ്രത്യേക സ്നേഹം?”
“ചേട്ടനെ ഇനി ഈ ഷെയ്പ്പിൽ കാണാൻ കഴിയുമോ എന്നാർക്കറിയാം ?”
അമ്മച്ചിക്കും അപ്പച്ചനും ഇതേ അഭിപ്രായം തന്നെ ആയിരിക്കും എന്ന് അവറാച്ചന് ഉത്തമ ബോധ്യമുണ്ട്.
ഒരുമാസത്തെ റബ്ബറുവിറ്റ കാശ് അവനുവേണ്ടി മുടക്കാം, എന്ന് അപ്പച്ചൻ സമ്മതിച്ചത് സാക്ഷാൽ അവറാച്ചന് തന്നെ അത്ഭുതമായിത്തോന്നി.
“അവൻ മലകയറാൻ പോയി എൻ്റെ `റവർ`കട അന്യം നിന്ന് പോകുമോടി”,എന്ന് ഭാര്യ അന്നമ്മയോട് ജോസഫ് അച്ചായൻ സംശയം ചോദിച്ചു.
രാമപുരത്തു് അച്ചായന് ഒരു മലഞ്ചരക്ക് കടയുണ്ട്.അവിടെ പ്രധാനമായും റബ്ബർ കച്ചവടം ആണ് നടക്കുന്നത്.
“നിങ്ങക്ക് എന്നാത്തിൻറെ സൂക്കേടാ മനുഷ്യാ ? അവൻ പോയിട്ട് വരട്ടെ”,എന്ന മറുപടി അയാളെ സമാധാനിപ്പിച്ചു.
അങ്ങനെ പറഞ്ഞെങ്കിലും അന്നമ്മയുടെ മനസ്സിൽ തീ ആളി.´ഈ ചെറുക്കന് എന്നാത്തിൻറെ അസുഖമാ?കയ്യുംകാലും ഓടിക്കാതെ തിരിച്ചുവന്നാൽ മതിയായിരുന്നു എൻ്റെ മാതാവേ´,എന്ന് തന്നത്താൻ പറയുകയും ചെയ്‌തു.
പാലാക്കാരുടേയും സുഹൃത്തുക്കളുടേയും യാത്രയയപ്പും വാങ്ങി അബ്രഹാം ജോസഫ് ഡൽഹിയിൽ നിന്നും കാഠ്‌മണ്ഡുവിലേക്കുള്ള ഫ്ലൈറ്റിൽ കയറി.
ഫോട്ടോകളിൽ കണ്ടു മോഹിച്ച മഞ്ഞും പ്രകൃതി ദൃശ്യങ്ങളുമായിരുന്നു മനസ്സിൽ നിറയെ .
മുൻപിൽ തല ഉയർത്തിനിൽക്കുന്ന ഹിമാലയപർവ്വതം നേരിട്ടുകണ്ടപ്പോൾ ഉള്ളിൽ ഭയം ഉടലെടുത്തു.പർവ്വതക്കൂട്ടങ്ങൾക്കിടയിൽ തല ഉയർത്തിപിടിച്ചുനിൽക്കുന്ന എവറസ്റ് കൊടുമുടിയിലേക്ക് നോക്കാൻ തന്നെ ഭയം തോന്നി.
ഈ കൊടുമുടി ഒരിക്കലും താൻ കയറാൻ പോകുന്നില്ല എന്ന ചിന്ത മനസ്സിൽ കയറി.
ഹിമാലയ താഴ്വാരത്തിലെ മൈനസ് ഡിഗ്രി ടെമ്പറേച്ചറിൽ അവറാച്ചൻ കുഴങ്ങി.ഇനി, ഇത് അഭിമാനത്തിൻ്റെ പ്രശനമാണ്. ഹിമാലയം കയറിയില്ലങ്കിലും എങ്ങനെയുംകോഴ്സ് പൂർത്തിയാക്കണം, അവറാച്ചൻ ഉറച്ച തീരുമാനമെടുത്തു.
നോക്കെത്താ ദൂരം മഞ്ഞു മൂടികിടക്കുന്നു.
തണുപ്പിനെ പ്രതിരോധിക്കാൻ മാർഗ്ഗങ്ങൾ ഉണ്ട്.എന്നാൽ ചില സമയങ്ങളിൽ വീശിയടിക്കുന്ന തണുത്ത കാറ്റ് അപകടകാരിയും സഹിക്കാൻ പറ്റാത്തതും ആയിരുന്നു.
ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സമയമെടുക്കും.
ആദ്യ ദിവസം ഇൻട്രോ കഴിഞ്ഞു ബാച്ചിലെ പതിനഞ്ചുപേരും ഒന്നിച്ചുകൂടി പരിചയപെട്ടു.ഇനി ഒരുമാസം അവർ പതിനഞ്ചു പേരും ഒന്നിച്ചായിരിക്കും.
വിദ്യാർഥികൾ എല്ലാവരും മുപ്പത് വയസ്സിൽ താഴെയുള്ളവരും
പല രാജ്യങ്ങളിൽ നിന്ന് വന്നവരും ആയിരുന്നു.
പത്തുപേർ ഇന്ത്യക്കാർ,ഒരാൾ ഇംഗ്ലണ്ട്, ഒരാൾ ആസ്‌ട്രേലിയ,പിന്നെ സ്വീഡനിൽനിന്നും രണ്ടുപേർ ന്യൂസിലാൻഡിൽ നിന്ന് ഒരാൾ.
വിദ്യാർത്ഥികളിൽ രണ്ടുപേർ യുവതികളാണ്.
അവറാച്ചൻ്റെ അടുത്തുള്ള സീറ്റിൽ ഇരുന്നിരുന്ന യുവതി എവ്‌ലിൻ റോസ്, ഇംഗ്ലണ്ട് കാരിയാണ്.സ്വർണ്ണമുടിയും വെള്ളാരം കണ്ണുകളുമുള്ള ഇരുപതുകാരിയായ എവ്‌ലിനെ ഒറ്റനോട്ടത്തിൽ തന്നെ അവറാച്ചന് ഇഷ്ടമായി. മെലിഞ്ഞ ശരീരപ്രകൃതിയും സാമാന്യം ഉയരവുമുള്ള സുന്ദരിയാണ് എവ്‌ലിൻ.
എങ്ങനെ തുടങ്ങണം സംസാരം എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ട് അവൻ്റെ നേരെ കൈനീട്ടി.എന്നിട്ടു പറഞ്ഞു,”ഐ ആം എവ്‌ലിൻ റോസ്, ഫ്രം യു കെ.”
അവളുടെ മൃദുലമായ കൈയ്യിൽ സ്പർശിച്ചപ്പോൾ അവൻ്റെ ഉളിൽ കുളിരുകോരി.
എവ്‌ലിൻ സുന്ദരിയും വളരെ സംസാരപ്രിയയും ആയിരുന്നു.
പാലായ്ക്ക് വെളിയിൽ അധികം യാത്ര ചെയ്തിട്ടില്ലെങ്കിലും അറിയാവുന്ന ഇംഗ്ലീഷിൽ അവറാച്ചൻ പറഞ്ഞു,” ഐ. ആം അബ്രാഹം ജോസഫ്,ഫ്രം പാലാ.യു നോ ഗോഡ്‌സ് ഓൺ കൺട്രി?”
“വാട്ട്?ഡോഗ്‌സ് ഓൺ കൺട്രി?”
“നോ.നോ ഡോഗ്‌സ് ഓൺ കൺട്രി, ഗോഡ്‌സ് ഓൺ കൺട്രി.”ഇവൾ നാട്ടിലെ പേപ്പട്ടി ബഹളം അറിഞ്ഞിരിക്കുമോ?
ഏയ് അങ്ങനെ വരാൻ സാധ്യത ഇല്ല.
എന്തുകൊണ്ടോ അവറാച്ചന് അവളെ വളരെ ഇഷ്ടപ്പെട്ടു.എവ്ലിനും അവറാച്ചനോട് അടുപ്പം കാണിച്ചു.എവ്‌ലിൻ പറഞ്ഞു,”അബ്രാഹം ജോസഫ്,ഇത് ഒരു നീണ്ട പേരാണ്,വിളിക്കാൻ വിഷമം ആണ്.”
“എന്നെ അടുത്ത സുഹൃത്തുക്കൾ അവറാച്ചൻ എന്നാണ് വിളിക്കുന്നത്.എവ്ലിനും അങ്ങിനെ വിളിക്കാം.”
” ഗുഡ് .അബ്രാച്ചൻ .”
“അബ്രാച്ചൻ അല്ല അവറാച്ചൻ “ആണ് എന്ന് പറഞ്ഞു നോക്കിയെങ്കിലും അവൾക്ക് അത് മനസ്സിലായില്ല.
“ഓക്കേ,ഓക്കേ,അബ്രാച്ചൻ.”അവൾ പറഞ്ഞു.
ആദ്യം ഉണ്ടായിരുന്ന പരിഭ്രമവും ഉത്കണ്ഠയും സാവകാശം മാറി,അവറാച്ചന് ക്‌ളാസിൽ താല്പര്യം തോന്നിത്തുടങ്ങി.എവ്ലിനുമായി ഉണ്ടായ അടുപ്പവും അതിന് ഒരു കാരണമായിരുന്നു.
തിയറിയും പ്രാക്ടിക്കൽ ട്രെയിനിങ്ങുമായി ഒരാഴ്ച കഴിഞ്ഞപ്പോൾ,മലകയറ്റത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായി.റോപ്പ്,ആക്സ്, സ്റ്റിക്‌സ്,മഞ്ഞിൽ ഉപയോഗിക്കുന്ന ഷൂസ് ,സാറ്റലൈറ്റ് ടെലിഫോൺ ഓക്സിജൻ സിലിണ്ടർ നാവിഗേഷൻ സിസ്റ്റം തുടങ്ങിയ ഉപകരണങ്ങൾ അവറാച്ചൻ സമർത്ഥമായി ഉപയോഗിക്കാൻ പഠിച്ചു.
രണ്ടാഴ്ച്ചത്തെ പരിചയവും അടുപ്പവുംകൊണ്ട് എവ്‌ലിൻ അവറാച്ചൻ്റെ സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നു.
അമ്മച്ചിയേപ്പോലെ ചട്ടയും മുണ്ടും കവണിയും ധരിച്ചു് ഇടവകപ്പളളിയിൽ പെരുന്നാളിന് പോകുന്ന എവ്‌ലിൻറെ ചിത്രം മനസ്സിൽ കണ്ടപ്പോൾ അവറാച്ചന് ചിരിവന്നു.
മറ്റുപലരും അവളെ ചുറ്റിപ്പറ്റി നടക്കുന്നത് അവറാച്ചൻ കാണാതിരുന്നില്ല.അവസാനം വരുന്നതുവരട്ടെ എന്ന് വിചാരിച്ചു് കാൻറിനിൽ കാപ്പികുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവറാച്ചൻ മനസ്സിലിരുപ്പ് എവ്‌ലിനോട് തുറന്നു പറയാൻ തീരുമാനിച്ചു.കാത്തിരുന്നാൽ വേറെ വല്ലവരും അവളെ കൊത്തിക്കൊണ്ട് പറന്നുപോയാലോ എന്ന ഭയവും ഉള്ളിലുണ്ട്.
“എവ്‌ലിൻ ,എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.”
“പറയൂ.”
“നമ്മുക്ക് പുറത്തിറങ്ങി അല്പം നടന്നാലോ?”അവൻ ചോദിച്ചു.
“ഓ,അതിനെന്താ?ഇപ്പോൾ ഫ്രീ ടൈമല്ലേ,പോകാം”അവൾ യാതൊരു സങ്കോചവും ഇല്ലാതെ പറഞ്ഞു.ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങുമ്പോൾ സെക്യുരിറ്റിയിൽ നിന്നിരുന്ന ഗൂർഖ ചോദിച്ചു,”വെയർ ഗോയിങ്?”എന്ന് വച്ചാൽ എവിടെ പോകുന്നു എന്ന് .
പുറത്തു നടക്കാൻ പോകുന്നു എന്നുപറഞ്ഞപ്പോൾ അയാൾദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു,”അവിടെ റോപ്പ് വലിച്ചുകെട്ടി അതിർത്തി തിരിച്ചിട്ടുണ്ട്.അതിനപ്പുറം പോകരുത്.”
അവരുടെ ഇൻസ്റ്റിറ്റിയൂട്ടും ഹോസ്റ്റലും ഒരു മലയുടെ മധ്യഭാഗത്തുള്ള നിരപ്പായ സ്ഥലത്താണ്.കോമ്പൗണ്ടിനുപുറത്തു് അതിർത്തി തിരിച്ചിരിക്കുന്നതിനപ്പുറം കുത്തനെയുള്ള ഇറക്കം ആണ്. അബദ്ധത്തിൽ ഒന്ന് കാലുതെറ്റിയാൽ അഗാധമായ കൊക്കയിലേക്ക് വീഴും.
അവരുടെ ഹിമാലയ മൗണ്ടനീറിങ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും വളരെ ദൂരമുണ്ട് മലകയറ്റക്കാർ ഉപയോഗിക്കുന്ന ബെയ്‌സ് ക്യാമ്പിലേക്ക്.
അവർ സാവധാനം മഞ്ഞിലൂടെ നടന്നു.രണ്ടുപേരും ഒന്നും സംസാരിക്കാതെ അവരുടെ ലോകത്തേക്ക് പിൻവാങ്ങിയപോലെ തോന്നുന്നു.
അവൻ പതുക്കെ തോളിൽ കയ്യിട്ടു അവളെ ചേർത്തുപിടിച്ചു.
അവൾ അത് പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു.
അവളുടെ മുഖത്തുനോക്കാൻ അവന് സങ്കോചം തോന്നിയെങ്കിലും വിക്കിവിക്കി പറഞ്ഞു,”എവ്‌ലിൻ……………..,ഐ ലൈക്ക് യു……………,ഐ ലവ് യു.”
അവളുടെ പ്രതികരണം ഒന്നും കേട്ടില്ല.ഇനി താൻ പറഞ്ഞത് കേട്ടിട്ടുണ്ടാകില്ലേ ?
കുറച്ചുസമയം അവൾ നിശ്ശബ്ദയായിരുന്നു.പിന്നെ അവൾ അവൻ്റെ കയ്യിൽ പിടിച്ചു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവറാച്ചൻ താൻ കാണിച്ചത് മണ്ടത്തരം ആയിപ്പോയി എന്ന് സ്വയം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ എവ്‌ലിൻ പറഞ്ഞു,”അബ്രാച്ചൻ എനിക്ക് നിന്നെ ഇഷ്ടമാണ്. വളരെ വളരെ ഇഷ്ടമാണ്. പക്ഷേ,എനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ട്,അല്ലങ്കിൽ ഉണ്ടായിരുന്നു.”
അവറാച്ചൻ ഞെട്ടിപ്പോയി.തൻ്റെ സ്വപ്നങ്ങളെല്ലാം ഒരു നൊടിയിടയിൽ തകർന്നു വീഴുന്നത് അവൻ അറിഞ്ഞു.
“ഐ ആം സോറി എവ്‌ലിൻ ,ഐ ആം റിയലി സോറി….ഞാൻ അങ്ങനെ ചിന്തിച്ചില്ല.സോറി .”
“അവൾ ഇടയ്ക്കു കയറി പറഞ്ഞു,”നീ സോറി പറയണ്ട,എനിക്ക് നിന്നെ ഇഷ്ട്ടമാണ് വളരെ വളരെ.”
അവൻ അവൾ എന്താണ് ഇനി പറയാൻ പോകുന്നത് എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ പറഞ്ഞു,”ആറുമാസം മുൻപ് വില്യം ,എൻ്റെ ബോയ് ഫ്രണ്ട്, ഇവിടെ ഈ സ്ഥാപനത്തിൽ മൗണ്ടനീറിങ് പഠിക്കാൻ ചേർന്നു, ഞങ്ങൾ കോളജിൽ ഒരേ ക്‌ളാസിൽ പഠിക്കുന്നവരായിരുന്നു അവൻ്റെ വലിയ ഒരു ആഗ്രഹമായിരുന്നു,ഹിമാലയം കീഴടക്കുക എന്നത്.എനിക്കാണെങ്കിൽ മലകയറ്റത്തിൽ കാര്യമായ താല്പര്യം ഉണ്ടായിരുന്നില്ല.അവൻ നിർബന്ധിച്ചെങ്കിലും ഞാൻ കോഴ്‌സിന് ചേർന്നില്ല, ഇംഗ്ളണ്ടിൽ തന്നെ തുടർന്നു.”
അവൾ കുറച്ചു സമയം മിണ്ടാതിരുന്നു.
ഉത്കണ്ഠകൊണ്ട് ശ്വാസം മുട്ടി അവറാച്ചൻ .ചോദിച്ചു,”പിന്നെ എന്ത് സംഭവിച്ചു?”
“അതാണ് അറിഞ്ഞുകൂടാത്തത്.കോഴ്സ് കഴിഞ്ഞു, അടുത്ത ദിവസം അവൻ കൂട്ടുകാരോടൊപ്പം മലകയറാൻ പോയി എന്ന് ചിലർ പറയുന്നു.പോയിട്ടില്ല എന്നുമറ്റുചലർ.എന്തുപറ്റി എന്നറിയില്ല ആർക്കും .അവൻ മിസ്സിംഗ് ആണ്?”
“അന്വേഷിച്ചില്ലേ?”
“അന്വേഷണം, പോലീസ് കേസ്സ് എല്ലാം ചടങ്ങുകളായി മാറി.എന്തുകൊണ്ടോ നേപ്പാൾ പൊലീസ് ഈ കാര്യത്തിൽ അധികം താല്പര്യം കാണിച്ചില്ല.അവസാനം ബ്രിട്ടീഷ് കോൺസുലേറ്റിൻ്റെ സ്വാധീനവും സമ്മർദ്ദവും ഉപയോഗിച്ച് ഇൻറർനാഷണൽ സേർച്ച് ടീമിനെ നിയോഗിച്ചു അന്വേഷണം നടത്തി.പക്ഷെ,അവൻ്റെ തിരോധാനം ഒരു ദുരൂഹതയായി തുടരുന്നു.ഇപ്പോൾ അന്വേഷണം നിലച്ചമട്ടാണ്.എന്തെങ്കിലും വിവരം കിട്ടുമോ എന്ന് സ്വന്തം നിലക്ക് അന്വേഷിക്കാം എന്ന തീരുമാനത്തിൽ ഞാൻ ഇവിടെ കോഴ്സിന് ചേർന്നതാണ്.”
“ഇവിടെ സ്വന്തം നിലക്ക് എന്തുചെയ്യാനാണ്?”
“ഈ ഇൻസ്റ്റിറ്റിയൂട്ടിൻ്റെ മറവിൽ വൻതോതിൽ ഡ്രഗ്സ് ഹാൻഡിൽ ചെയ്യുന്നുണ്ട് എന്ന് ചിലർ പറയുന്നുണ്ട്.അതല്ല പഠിയ്ക്കാൻ വരുന്ന വിദ്യാർഥികൾ ഡ്രഗ്‌സ് ഉപയോഗിക്കുന്നതാണ് ,ഇങ്ങനെ ഒരു ചീത്ത പേരിന് കാരണം എന്നും പറയുന്നുണ്ട്.”
“എന്താണെങ്കിലും നിനക്കു ഇവിടെ എന്ത് ചെയ്യാൻ കഴിയും?”
“ശരിയാണ്.മറ്റൊരു രജ്യം നിയമങ്ങൾ,ഭാഷ എല്ലാം വ്യത്യസ്തമാണ്.എനിക്കറിയാം.പക്ഷേ,ഒന്നും ചെയ്യാതിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല.എനിയ്ക്ക് അവനെ അത്ര ഇഷ്ടമായിരുന്നു.”
സംഭവം നടന്നിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു.മാൻ മിസ്സിംഗ് കേസ്സുകൾ ഹിമാലയ മൗണ്ടെനീറിങ് ഇൻസ്റ്റിട്യൂട്ടിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമായിരുന്നില്ല.
“നിനക്ക് വിഷമം ആയോ?”അവൾ ചോദിച്ചു.
അവറാച്ചൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.
തിരിച്ചുള്ള യാത്രയിൽ അവർക്കിടയിൽ മൗനം ഘനീഭവിച്ചു.എങ്കിലും അവൾ അവൻ്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.
തിരിച്ചു് ഹോസ്റ്റലിൽ എത്തിയപ്പോൾ അവൻ പറഞ്ഞു,”നിനക്ക് വിഷമം ആയിക്കാണും,എല്ലാം മറന്നേക്ക്.”
അവൾ ഒന്നും പറഞ്ഞില്ല.
പിന്നെ ,ഒന്നും സംഭവിക്കാത്തതുപോലെ രണ്ടുപേരും അഭിനയിക്കുകയായിരുന്നു.
അവർ അവിടെയുള്ള ജോലിക്കാരിൽ നിന്നും മറ്റുമായി എന്തെങ്കിലും വിവരം കിട്ടുമോ എന്ന് ശ്രമിച്ചുനോക്കാതിരുന്നില്ല.
ചിലർ പറഞ്ഞു,”ട്രെയിനിങ്ങിന് വരുന്നവർ ശാരീരിക അസ്വസ്ഥതകൾ മൂലം ഡ്രഗ്‌സ് ഉപയോഗിക്കാറുണ്ട്,ചിലർക്ക് ഡിപ്രഷൻ അനുഭവപ്പെടാറുണ്ട്,അങ്ങനെ ഡിപ്രഷനായി ആത്മഹത്യ ചെയ്‌ത സംഭവങ്ങളുമുണ്ട്.”
ഒരാൾ മാത്രം പറഞ്ഞു,വില്യമിൻ്റെ ലഗേജിൽ നിന്നും പോലീസ് എൽ എസ് ഡി യുടെ ഒരു പൊതി കണ്ടെടുത്തു,അതുകൊണ്ടാണ് അന്വേഷണത്തിൽ അവർ താല്പര്യം കാണിക്കാതിരുന്നത്,എന്ന്.
അവരുടെ അന്വേഷണം എങ്ങുമെത്തിയില്ല.
ജോലിക്കാരിൽ നിന്നും അറിഞ്ഞ വിവരങ്ങൾ അവരെ ഭയപ്പെടുത്തി.ഹിമാലയത്തിലെ മഞ്ഞിനടിയിൽ കാണാതായ ആയിരക്കണക്കിന് ആളുകളുടെ ശവശരീരങ്ങൾ കിടപ്പുണ്ട്.എന്നാൽ ഔദ്യോഗികമായി ഇരുന്നൂറിൽ താഴെ ആളുകളെ മാത്രമേ കാണാതായിട്ടുള്ളു.
മലകയറ്റക്കാർ പിടിച്ചുകയറാൻ ഉപയോഗിക്കുന്ന തൂണുകൾ പോലെയുള്ള ചില ഭാഗങ്ങൾ മനുഷ്യരുടെ ശവശരീരങ്ങളിൽ മഞ്ഞുവീണ് കട്ടിപിടിച്ചുണ്ടായതാണ് എന്നുകൂടി അവർ പറഞ്ഞപ്പോൾ അവരുടെ ഉള്ളിൽ ഭയത്തിൻറെ നാമ്പ് കിളിർത്തുവന്നു.മലകയറ്റക്കാർ തമ്മിലുള്ള പകയും മത്സരവും സംബന്ധിച്ചു് കേട്ട കഥകൾ അവരെ ഭയപ്പെടുത്തി.
അവരുടെ കോഴ്‌സ് കഴിഞ്ഞു.
അടുത്തദിവസം ക്യാമ്പ് ഫയർ ആയിരുന്നു.എല്ലാവരും യാത്രപറയുന്ന തിരക്കിലാണ്.മറ്റന്നാൾ കാലത്തു് അവരെ കാഠ്‌മണ്ഡു വിമാനത്താവളത്തിൽ എത്തിക്കും .അവിടെ നിന്ന് ഡൽഹി വഴി എല്ലാവരും തിരിച്ചുപോകും..
അവളോട് എങ്ങനെ യാത്ര പറയും എന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു.
അവളുടെ ഉള്ളിലെ ചൂട് മുഖത്തും കാണാനുണ്ട്.മൗനത്തിൻറെ കൂടുകൂട്ടി അവൾ അതിൽ ഒളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അവസാനം അവൻ ചോദിച്ചു,”എവ്‌ലിൻ നമ്മൾക്ക് അല്പം നടന്നാലോ.ഇനി ഒരിക്കൽ അതിന് സാധിക്കുമോ എന്നറിയില്ല. …?”
“വേണ്ട,ബാക്കി പറയേണ്ട………..നമ്മൾക്കു പോകാം.”
.”ശരി “.
” നല്ലതണുപ്പും സാമാന്യം നല്ല കാറ്റും വീശുന്നുണ്ട്”.അവൾ പറഞ്ഞു അവർ രണ്ടുപേരും ഡ്രസ്സുമാറി പുറത്തേക്ക് ഇറങ്ങുമ്പോൾ സെക്യുരിറ്റി ഗാർഡ് പതിവ് ചോദ്യം ചോദിച്ചു.,”കിദർ ജാനാ ,എവിടെ പോകുന്നു?”
അവർ നടന്നു.ശക്തിയായി മഞ്ഞും വീഴാൻ ആരംഭിച്ചിരുന്നു.കൈ കോർത്തുപിടിച്ചു നിശബ്ദരായി അവർ നടന്നു.
സെക്യുരിറ്റിയിലെ ഗാർഡ് പറഞ്ഞ റോപ്പ് വലിച്ചുകെട്ടി അതിർത്തി തിരിച്ചിരിക്കുന്നതൊന്നും അവർ കണ്ടില്ല.
അവർ അടിതെറ്റി താഴേക്ക് വീണു.
വേലികെട്ടിയിരുന്ന റോപ്പ് ഇളകിമാറി താഴേക്ക് തൂങ്ങി കിടന്നിരുന്നു.
ബൈനോക്കുലറിൽക്കൂടി അവർ നടന്നുപോയ ഭാഗത്തേക്ക് നോക്കിയ ഗാർഡ് അവർ പെട്ടന്ന് അപ്രത്യക്ഷരായത് മനസ്സിലാക്കി .
അവർ ഓടിയെത്തുമ്പോൾ എവ്ലിനും അവറാച്ചനും പൊട്ടിയ കയറിൽ പിടിച്ചു ഏതാണ്ട് നൂറ് മീറ്റർ താഴെ തൂങ്ങി കിടക്കുകയായിരുന്നു. താഴേക്കുള്ള വീഴ്ചയിൽ അവർക്ക് തൂങ്ങികിടന്നിരുന്ന കയറിൽ ഭാഗ്യത്തിന്പിടികിട്ടി.
അവരെ പിടിച്ചുകയറ്റാൻ താഴേക്ക് ഇറങ്ങിയ സെക്യുരിറ്റി ഗാർഡുകളിൽ ഒരാൾ അവർ ചവിട്ടിനിൽക്കുന്നത് മഞ്ഞിൽ ഉറഞ്ഞുപോയ ഒരു മനുഷ്യശരീരത്തിലാണ് എന്ന് കണ്ടു.
രക്ഷാപ്രവർത്തകർ എത്തി,ബോഡി പുറത്തെടുത്തു.ഗാർഡുകൾ ആ ശവ ശരീരത്തിൽ നിന്നും കട്ടിപിടിച്ച മഞ്ഞുമാറ്റി വൃത്തിയാക്കാൻ കുറച്ചുസമയമെടുത്തു.
എവ്‌ലിൻ ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിഞ്ഞു.
“വില്യം…………”അവൾ പൊട്ടിക്കരഞ്ഞു.
അവൻ അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ വിഷമിച്ചു.
നേപ്പാൾ പോലീസ് ആ സംഭവത്തിൽ വളരെ ഉദാസീനതയിലായിരുന്നു.ബ്രിട്ടീഷ് കോൺസുലേറ്റ് ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കി.അവർ രണ്ടുപേരും മൂകസാക്ഷികളായി എല്ലാം നോക്കിനിന്നു.
ഇന്ന്….
എവ്‌ലിൻ തിരിച്ചുപോകുകയാണ്.
ഡൽഹി ഇന്ദിരാഗാന്ധി ഇൻറർ നാഷണൽ എയർ പോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിൽ ബോർഡിങ് പാസ്സുമായി അവൾ ഇരുന്നു. യാത്ര അയക്കാനായി അവറാച്ചനും കൂടെയുണ്ട്.
എവ്‌ലിൻ ബ്രിട്ടീഷ് എയർ ലൈൻസിന്റ കാലത്തു് എട്ടുമണിക്കത്തെ ഫ്ലൈറ്റിന് ലണ്ടനിലേക്ക് പോകും.
രണ്ടുപേരും ഘനം തൂങ്ങുന്നമനസ്സുമായി ഒന്നും സംസാരിക്കാനാവാതെ മൗനമായി ഇരുന്നു.
എത്ര സമയം അങ്ങിനെ ഇരുന്നു എന്നറിയില്ല.
സമയം പോയത് അവർ അറിഞ്ഞില്ല.
ബ്രിട്ടീഷ് എയർ ലൈൻസിന്റ അനൗൺസ്‌മെന്റ് ,”ലണ്ടനിലേക്ക് ബോർഡിങ് പാസ്സ് വാങ്ങിയിരിക്കുന്ന എവ്‌ലിൻ റോസ് ഉടൻ റിപ്പോർട് ചെയ്യുക”.
അനൗൺസ്‌മെൻറ് കേട്ടെങ്കിലും എവ്‌ലിൻ അവൻ്റെ തോളിൽ ചാരി ഒരേ ഇരിപ്പ് തുടർന്നു.
അവൻ ഒന്നും പറഞ്ഞില്ല.
അവസാനത്തെ അറിയിപ്പും വന്നു.
This is the final boarding call for passenger, Evlin Rose booked on flight 450A to London. Please proceed to gate 3 immediately.
“ലണ്ടനിലേക്ക് ബോർഡിങ് പാസ്സ് വാങ്ങിയിരിക്കുന്ന എവ്‌ലിൻ റോസ് ഉടൻ റിപ്പോർട് ചെയ്യുക”.
അവൾ എഴുന്നേറ്റു.
അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു..
ജോസ് ജെ. വെടികാട്ട്
ഒരു വീടുചുറ്റുവട്ടത്തിന്റെ പരിധികൾക്കപ്പുറത്തേക്ക് മതിലിനപ്പുറത്തേക്ക്
ചാഞ്ഞിരിക്കുമ്പോളും നിന്നിൽ മധു നിറയുന്നില്ല , ഭ്രമരങ്ങൾ നിന്നെ
പുണരുന്നില്ല എന്ന് ഞാൻ നിനക്കുന്നു !
ഭ്രമരങ്ങൾ നിന്നെ പുണരണമെന്ന് നീ കാംക്ഷിക്കാത്തതിനാലാകാം
മതിലിനപ്പുറത്തേക്ക് ചാഞ്ഞിരിക്കുമ്പോളും നീയൊരു വിരസതയാർന്ന
കടലാസ്സു പുഷ്പം പോലെ മധു നിറയാതെ പൂകാതെ തുടരുന്നതായ് ഞാൻ
നിനക്കുന്നത് ! വിശ്വസിക്കുന്നത് !
വീടുചുറ്റുവട്ടത്തിലെ നിന്റെ കെട്ടുപാടുകൾ, ബന്ധങ്ങളുടെ കടപാടുകളും
ബാധ്യതകളും അവ മറക്കാൻ നീ ഒരുക്കമല്ലാത്തതിനാലാകാം നീയൊരു
കടലാസ്സ് പുഷ്പം പോൽ മധു നിറയാതെ പൂകാതെ തുടരുന്നതായ് ഞാൻ
നിനക്കുന്നത്! വിശ്വസിക്കുന്നത്!
മറ്റു പുഷ്പങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു നീ, എന്നും തനിച്ചാവാൻ
കാംക്ഷിക്കുന്നു !ആരും നിന്നോടടുക്കരുതെന്ന് നിനച്ച് നീയാകും പൂക്കൾക്ക്
ചുറ്റും നീ കൂർത്ത മുള്ളുകൾ പാകുന്നു !
നീയൊരു തൊട്ടാവാടിയാണ് ബോഗൻവില്ല ! അതു കൊണ്ടല്ലേ നീ
എല്ലാവരിൽ നിന്നും അകന്നു നിൽക്കുന്നത് !നിന്റെ സ്വൈര്യം
ഹനിക്കാതിരിക്കാൻ !
പക്ഷേ വീടുചുറ്റുവട്ടത്തിലും മതിലിന് അപ്പുറത്തേക്കും നീ ഒരേ പോലേ
വിരാജിക്കുമ്പോൾ നീ എന്നെയും മതിലിന് പുറത്തുള്ളവരെയും
കബളിപ്പിക്കുകയല്ലേ ബോഗൻവില്ല !
ഓ ബോഗൻവില്ല! നീയൊരു പ്രണയിനിയോ ! ആയതിനാൽ തന്നെ നീയൊരു
വിരഹിണിയോ വിരഹിണിയായതിനാലോ നിന്നിൽ മധുവില്ലെന്ന് ഞാൻ
നിനക്കുന്നത് വിശ്വസിക്കുന്നത് ! അതോ നീയൊരു യോഗിനിയോ ?!
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ഡോ. ഐഷ വി
ചിറക്കര നിന്നും കൊല്ലത്തേയ്ക്കുള്ള യാത്രയിൽ വഴിയരികിലായി ഒരു തടിപ്പെട്ടിയുടെ മുകളിൽ മുളച്ച് രണ്ടോല വന്ന തെങ്ങിൻ തൈകൾ അടുക്കി വച്ചിട്ടുണ്ട്. ഒരറ്റത്ത് പൊതിച്ച് ഉടച്ച തേങ്ങാമുറികൾ ഞൊങ്ങോടെ വച്ചിട്ടുണ്ട്. വില്പന കാരനിരിയ്ക്കാൻ ഒരു പ്ലാസ്റ്റിക് കസേര പിന്നെ നിവർത്തിയ ഒരു കൂട. അടുത്ത് ഒരു കാർഡ് ബോർഡിൽ എഴുതി തൂക്കിയിട്ടുണ്ട് “പൊങ്ങ് വിൽപനയ്ക്ക് ”
.
ഈ കാഴ്ച കണ്ട യാത്രക്കാരിയുടെ ചിന്തകൾ 45 വർഷം പഴക്കമുള്ള ഒരു സംഭവ കഥയിലേയ്ക്ക് പറന്നു.
പടിഞ്ഞാറ്റതിലെ നാത്തൂൻ മക്കളെ അയൽപക്കത്തെ കുട്ടികളോടൊപ്പം കളിക്കാൻ വിട്ട ശേഷം പ്രായമായ അച്ഛനേയും കൂട്ടി ആശുപത്രിയിലേയ്ക്ക് പോയി. പറമ്പിലൊക്കെ അലഞ്ഞ് തിരിഞ്ഞ് കളിച്ചു നടന്ന ശേഷം കുട്ടികൾ നാത്തൂന്റെ വീട്ടു മുറ്റത്തെത്തി. നിര നിരയായും വരിവരിയായും തേങ്ങാ പാകിയത് കിളിർത്തു നിൽക്കുന്നു. അതിൽ മുളയ്ക്കാത്തവ തലേന്ന് നാത്തൂൻ കിളച്ചെടുത്ത് പൊതിച്ചുടച്ച് ഞൊങ്ങു( പൊങ്ങ്) ള്ള വയിൽ നിന്നും ഞൊ ങ്ങെടുത്ത് കുട്ടികൾക്ക്( അയലത്തെ കുട്ടികൾക്കുൾപ്പടെ) തിന്നാനായി നൽകിയിരുന്നു. പൊതിച്ച തേങ്ങകളിൽ അഴുകിയവ കളഞ്ഞ് നല്ലവയും ഞൊങ്ങെടുത്തവയും വൃത്തിയാക്കി ആട്ടാനായി ഉടച്ച് വെയിലത്ത് വച്ച തേങ്ങായോടൊപ്പം ഉണങ്ങാനിട്ടു. ബാക്കി നിൽക്കുന്ന തെങ്ങിൻ തൈകളെ നോക്കി മനസ്സിൽ കണക്കു കൂട്ടി. 10-15 എണ്ണം പത്താമുദയത്തിന് നടാം. ബാക്കി വിൽക്കാം. വട്ടച്ചിലവിനുള്ള കാശാകും,
കളിച്ച് തളർന്ന് വന്ന കുട്ടികളിൽ ഒരുവൾക്ക് ഞൊങ്ങ് തിന്നാനൊരാഗ്രഹം. മറ്റു കുട്ടികൾ ആ ആഗ്രഹം സാധിച്ചു കൊടുത്തു. ഒരാൾ കുന്താലിയെടുത്തു. മറ്റൊരാൾ കോടാലിയും. കുട്ടികൾ മാറി മാറി കിളച്ച് അഞ്ചാറ് തെങ്ങിൻ തൈകൾ എടുത്തു. കുട്ടികളായതിനാലാകണം കൂന്താലി വച്ച് കിളയ്ക്കുന്നത് അവർക്കിത്തിരി ആയാസകരമായിരുന്നു. എന്നാലും ഞൊങ്ങു തിന്നാനുള്ള ആവേശം അവരെ പിന്മാറാൻ അനുവദിച്ചില്ല. പിഴുതെടുത്ത തെങ്ങിൻ തൈകളുടെ ഇലകൾ വെട്ടിക്കളഞ്ഞ് മറ്റുള്ളവർ അത് കോടാലി വച്ച് പൊതിച്ചെടുത്തു. കൊടുവാൾ വച്ച് തേങ്ങയുടച്ച് ഞൊങ്ങ് കുട്ടികൾ പങ്കുവച്ചു. മിച്ചമുള്ള തേങ്ങ പനമ്പിൽ ഉണങ്ങാൻ വച്ചവയ്ക്ക് അരികിലായി വച്ചു.
നാത്തൂൻ തിരികെ വന്നപ്പോൾ ആകെ അലങ്കോലമായി കിടക്കുന്ന മുറ്റവും ” വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിയ്യോ ശിവ ശിവ” എന്ന മട്ടിൽ കിടക്കുന്ന തന്റെ തെങ്ങിൽ തൈയ്യുടെ അവശിഷ്ടങ്ങൾ കണ്ടപ്പോൾ അവർ നെഞ്ചത്തു കൈ വച്ചു. പിന്നെ, അവരുടെ നിരാശയൊക്കെ മനസ്സിലൊതുക്കി പറമ്പിൽ നിൽക്കുന്ന വലിയൊരു തെങ്ങിനെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു: ” ഇതുപോലെ വലിയ തെങ്ങാകേണ്ട തൈകളല്ലേയിത്? ഇങ്ങനെ ചെയ്യാൻ പാടുണ്ടായിരുന്നോ?”
ഈ സംഭവം പതിയെ മറ്റു ബന്ധുക്കളും അറിഞ്ഞു . ഒരു വീട്ടിലെ മുത്തശ്ശിയ്ക്ക് തന്റെ കൊച്ചുമകളുടെ പൊങ്ങിനോടുള്ള ഇഷ്ടം അറിയാമായിരുന്നതിനാൽ അവർ അപ്പോൾ തന്നെ പത്ത് പതിനഞ്ച് ഉണക്ക തേങ്ങകൾ എടുത്തു പാകി. കൊച്ചു മകൾക്ക് അയലത്തെ വീട്ടിൽ പോകാതെ പൊങ്ങ് തിന്നാമല്ലോ?
കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ തേങ്ങയ്ക്ക് വിലയില്ലാതായി. ധാരാളമായി തേങ്ങാ വെട്ടാനുള്ള വീട്ടുമുറ്റത്തും കൊപ്ര പുരയുടെ മുറ്റത്തും മഴ നനഞ്ഞു കിടന്ന തേങ്ങകൾ മുളകൾ വന്നു കിടന്നു. പൊങ്ങ് പച്ചയ്ക്കും കറിവച്ചു കഴിച്ചിട്ടും മിച്ചം വന്നു.
തെങ്ങുകൃഷിയിൽ നിന്നുള്ള വരുമാനം കുറയുകയും കൂലി ചിലവ് കൂടുകയും ചെയ്തപ്പോൾ തെങ്ങുകൃഷി ലാഭകരമല്ലാതായി. കാറ്റു വീഴ്ചയും മണ്ഡരിയും ചെല്ലിയും മൂലം വലഞ്ഞപ്പോൾ പിന്നെ ആരും തെങ്ങു കൃഷി ഗൗനിക്കാതായി.
നാട്ടിൽ തേങ്ങയില്ലാതായപ്പോൾ തേങ്ങയ്ക്ക് വില കൂടി. തെങ്ങു കർഷകർക്ക് ഫലമില്ലെന്ന് മാത്രം. ഇക്കണോമിസ്ററുകൾക്ക് സപ്ലൈയും ഡിമാന്റും തമ്മിലുള്ള ബന്ധം വിവരിക്കാൻ ഒരുദാഹരണം കൂടിയായി.
നാട്ടിൽ തേങ്ങ കിട്ടാക്കനിയായപ്പോൾ തേങ്ങയും കൊപ്രയുമൊക്കെ തമിഴ് നാട്ടിൽ നിന്നും ലക്ഷദ്വീപിൽ നിന്നും കുറ്റ്യാടിയിൽ നിന്നും കൊല്ലത്തേയ്ക്കെത്തി മാർക്കറ്റ് കൈയ്യടക്കി.
വീട്ടമ്മമാർ മനസ്സില്ലാമനസ്സോടെ തേങ്ങ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. എല്ലാ ആഴ്ചയും ചാരമിട്ട് വളർത്തിയെടുത്ത തെങ്ങിലെ തേങ്ങയുടെ ഉൾക്കട്ടി വരവു തേങ്ങയ്ക്കില്ലായിരുന്നു. കയർ വ്യവസായം സ്തംഭിച്ചു
പല സർക്കാർ പദ്ധതികളും വന്നു. തേങ്ങയിൽ നിന്നും പതിനഞ്ചോളം സീറോ വേസ്റ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ കുടുംബശ്രീകാർക്ക് കായംകുളം കെ വി കെയിൽ ട്രെയിനിംഗ് നൽകി. ചിലർ തേങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വ്യവസായം ആരംഭിച്ചു. വളവും തൈകളും പഞ്ചായത്തും കൃഷിഭവനും ചേർന്ന് സൗജന്യ നിരക്കിൽ നൽകി. എന്നാൽ തെങ്ങുകൃഷി മാത്രം അത്ര പച്ച പിടിച്ചില്ല. പതിറ്റാണ്ടുകൾ ആളുകളുടെ മനസ്സിൽ വരുത്തിയ പരിവർത്തനം കാർഷിക സംസ്ക്കാരത്തിൽ നിന്നും അവരെ അകറ്റി കഴിഞ്ഞിരുന്നു. കൃഷി ഒരു തുടർ പ്രക്രിയയാണ്. അത് ഒരു സംസ്കാരമാണ് അത് മുടക്കമില്ലാതെ തുടരണം. എന്നാലേ തേങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നാട്ടിൽ തന്നെ ഉത്പാദിപ്പിക്കാൻ കഴിയുകയുള്ളൂ.
ഡോ.ഐഷ . വി.
പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..