അനുജ സജീവ്
ജനലഴികളിൽ കൂടി പാറിപ്പറന്നെത്തുന്ന മഴത്തുളളികൾ ……. രാവിലെ തന്നെ മഴകനക്കുകയാണ്. തണുപ്പുമുണ്ട്. അനുപമ അച്ഛൻ കൊടുത്ത കമ്പിളി ഷാളിനുളളിലേക്കു തിരക്കുപിടിച്ചു കയറി. അപ്പോളാണ് ജനൽപ്പടിയിലിരിക്കുന്ന രുദ്രാക്ഷങ്ങൾ ശ്രദ്ധയിൽപെടുന്നത്. നേപ്പാളിലെ ഏതോ വീട്ടുമുറ്റത്തെ രുദ്രാക്ഷമരത്തിൽ നിന്നും വീണ രുദ്രാക്ഷങ്ങൾ എന്റെ ജനൽപടിയിൽ മഴത്തുളളികളുടെ നനവേറ്റ് വിറുങ്ങലിച്ചു കിടക്കുന്നു. അനുപമ കുറ്റബോധത്തോടെ ജനലിനടുത്തേക്കു നടന്നു. ഉണങ്ങാനായി വച്ച രുദ്രാക്ഷളാണ്. അദ്ദേഹം അവസാനമായി തന്ന മറക്കാൻ പറ്റാത്ത സമ്മാനം. ഫ്ളാറ്റിൽ ജോലിക്കുവരുന്ന ഏതോ ഒരു നേപ്പാളി പയ്യൻ കൊടുത്തതാണ്. അവന്റെ വീട്ടിലെ രുദ്രാക്ഷമരത്തിൽ നിന്നും കിട്ടിയതാണ് ഇൗ കണ്ണുനീർ മുത്തുകൾ. “മാലക്കൊരുക്കാം …..” എന്നൊരു അഭിപ്രായവും കേട്ടു.
ആർക്കുമാലകൊരുക്കാൻ…. ? എന്നൊരുചോദ്യം അനുപമയുടെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ട് രുദ്രാക്ഷം എടുത്ത് ഒരുപാത്രത്തിലാക്കി അവൾ അടച്ചുവച്ചു. വർഷങ്ങൾക്കുശേഷം അലമാരിയിൽ എന്തോ തിരക്കി ചെന്നപ്പോളാണ് പാത്രം വീണ്ടും ശ്രദ്ധയിൽ പെട്ടത്. പാത്രം തുറന്നപ്പോൾ രുദ്രാക്ഷങ്ങൾ മുഴുവൻ വെളുത്ത പൂപ്പലുകൾ പിടിച്ചിരിക്കുന്നു. അതെടുത്ത് കഴുകി വൃത്തിയാക്കി ഉണങ്ങാൻ വച്ചതാണ് ജനൽപ്പടിയിൽ. പിന്നീട് അക്കാര്യമേ മറന്നു… മഴത്തുള്ളികൾ വീണ രുദ്രാക്ഷങ്ങൾ സാരിത്തലപ്പുകൊണ്ട് തുടയ്ക്കുമ്പോൾ കണ്ണിൽ നിന്നും പെയ്യുന്ന വെളുത്തമുത്തുകൾക്ക് അവസാനമില്ലാതാകുന്നു… നെറ്റിയിൽ തൊട്ട ചന്ദനക്കുറി നോക്കി “നീയെന്താ സന്യാസിനിയാവുകയാണോ…. ? ” എന്ന ചോദ്യത്തിന് ഇൗ രുദ്രാക്ഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ ?
കാവി വസ്ത്രവും രുദ്രാക്ഷവും ജടപിടിച്ച മുടിയുമുള്ള ഞാൻ…അനുപമ ഞെട്ടലോടെ സ്വപ്നത്തിൽനിന്നുണർന്നു. ശിവഭഗവാന്റെ കണ്ണുനീരിന് മറ്റൊരാളുടെ കണ്ണുനനയ്ക്കാനൊക്കുമോ…അനുപമ വീണ്ടും ചിന്തയിലാണ്ടു. ആരൊക്കെയോ ചെലുത്തുന്ന ബലാബലങ്ങൾക്കു താൻ അടിമപ്പെടണമെന്നാണോ… കയ്യിലിരിക്കുന്ന രുദ്രാക്ഷങ്ങൾ ഒന്നൊന്നായി താഴേയ്ക്ക് വീണു കൊണ്ടിരുന്നു…
അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ഡോ.ഉഷാറാണി.പി.
പ്രശാന്തമായ പകൽ. വെയിൽ, ഇനി ഉറയ്ക്കുകയേയുള്ളൂ. നിർവ്വേദത്തിൽനിന്നു സർവ്വശക്തയായ ദേവി പെട്ടെന്നുഞെട്ടിയുണർന്നു.
ശ്രീകോവിലകം! കുന്തിരിക്കത്തിൻ്റെയും ചന്ദനത്തിരിയുടെയും അഭൗമഗന്ധം.എല്ലായിടവും പൂക്കൾ. കർപ്പൂരമെരിയുന്നതു ശ്വസിക്കാൻതന്നെ എന്തുസുഖം. ഓട്ടുമണികൾ കിലുങ്ങുന്ന ആനന്ദകരമായ ശബ്ദമുണ്ട്.നിലവിളക്കുകളിലെ തിരിനാളങ്ങളുടെ ജ്വാലകൾക്കു തെല്ലും മങ്ങലില്ല.
പോറ്റിയും പരിചാരകരുമുണ്ട്. ഭക്തജനങ്ങളുമുണ്ട്. ഭൂമിയിലാണെങ്കിലും സ്വർഗീയമായ ഈ അന്തരീക്ഷത്തിൽ താൻ വല്ലാതെ ഞെട്ടിത്തെറിക്കാനുണ്ടായ കാരണം മഹാമായയുടെ മനോമുകുരത്തിലപ്പോൾ തെളിഞ്ഞു.
തൻ്റെ ഒരു ചിലമ്പ് കാലിലില്ല. മറ്റേച്ചിലമ്പ് മാത്രമേ ഇപ്പോഴുള്ളൂ!
“അമ്മേ…” എന്ന് ഉള്ളുനിറഞ്ഞ് തന്നെ വിളിച്ച് കൈകൾ രണ്ടും മുന്നോട്ടുനീട്ടിയവളെ ഓർമ്മവരുന്നു. അവളും ദേവിയായിരുന്നു. ഒരു ഹൃദയക്ഷേത്രത്തിലെ ദേവി.
ആ സമയം തന്നിലർപ്പിതമായ അവളുടെ മനസു വായിച്ചറിഞ്ഞു.വരദായിനിയല്ലേ താൻ. പിന്നെ ഒന്നുമോർത്തില്ല. അഭയംയാചിച്ച ആ കൈകളിലേക്ക് തൻ്റെയൊരു പൊൻചിലമ്പ് കാരുണ്യത്തോടെ വച്ചുകൊടുത്തു.
അതീവഭക്തിയോടെ അവളുടെ മനസുനിറയുന്നതു താൻ കണ്ടു. അതിലേറെ ഭക്തിയോടെ ആ ചിലമ്പ് രണ്ടു കണ്ണുകളിലും അവൾ ചേർത്തു. കണ്ണടയണിഞ്ഞവൾ. എന്നിട്ടും എത്ര പവിത്രമായാണ് ആ ചിലമ്പിനെ അവൾ കണ്ണുകളിൽ ചേർത്തത്.പാത്രമറിഞ്ഞുള്ള ദാനംതന്നെ.
പിന്നെയൊന്നും ഓർമ്മയില്ല. താൻ നിർവ്വേദത്തിലാണ്ടു. അപ്പോൾ ,അവൾ തൻ്റെ ചിലമ്പും കൊണ്ടുപോയിരിക്കും. ഭഗവതിയൊന്നു ഞെട്ടി.അവളെ പിന്തുടർന്നേപറ്റൂ.
അകക്കണ്ണു തുറന്നു. ഒന്നും കാണാൻ പറ്റുന്നില്ല. ജഗദംബിക വീണ്ടും ഞെട്ടി. സർവ്വചരാചരങ്ങളുടെയുംമേൽ നിയന്ത്രണാധികാരമുള്ള തന്നെ ഏതൊന്നാണു നിയന്ത്രിക്കുന്നത്?
“ഭഗവാനേ, ” അറിയാതെ ദേവി വിളിച്ചുപോയി. “എന്തൊരു പരീക്ഷണമാണിത്!പരമേശ്വരിയായ താൻ വെറുമൊരു നാരിയാൽ പരാജയമറിയുകയോ. ഉം… ” അവിടുന്ന് അമർത്തിമൂളി.
തിരക്കിയിറങ്ങുകതന്നെ.ചിലമ്പ് തിരികെക്കിട്ടിയേതീരൂ. ചെയ്തുപോയ ബുദ്ധിശൂന്യത തിരുത്തണം.
ദേവി, വിഗ്രഹത്തിൽ നിന്നുമിറങ്ങാൻ തുനിഞ്ഞു. അപ്പോഴാണ് കണ്ടത്, ശ്രീകോവിലിൻ്റെ വാതിലുകൾ അടച്ചിരിക്കുന്നു. ദീപാരാധനയ്ക്കായി നടയടച്ചതാണ്. താൻ ബോധത്തിലേക്കുണർന്നു ചിന്തകളിൽ മുഴുകിയപ്പോൾ പൂജാരി ശ്രീകോവിൽനട അടച്ചതാണ്. പുറത്തു ഭക്തർ വാതിൽ തുറക്കുന്നതും കാത്തുനിൽക്കുകയാവും. ദീപാരാധനകഴിഞ്ഞാലും നടയടയ്ക്കാൻ വളരെനേരം കഴിയും. അവശേഷിക്കുന്ന ഭക്തരുടെ ഇടയിലൂടെ തനിക്കു പുറത്തിറങ്ങാൻ കഴിയില്ല. ദീപാരാധന കഴിയുമ്പോൾ സ്വസ്ഥമായി പ്രാർത്ഥനചെയ്യാൻ കാത്തുനിൽക്കുന്നവരുമുണ്ടാകും. വിളിച്ചാൽ വിളിപ്പുറത്തെത്തേണ്ടവളാണു താൻ.
ഉടനെയൊന്നും ക്ഷേത്രനട താണ്ടാൻപറ്റില്ലെന്ന് ദേവിക്കുറപ്പായി. മനസിൽ നിരാശനിറഞ്ഞു. അതിനെക്കാളേറെ ആകാംക്ഷയായിരുന്നു, തൻ്റെ ചിലമ്പെവിടെയെന്ന്.
സമയം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആദ്യമായിത്തോന്നി. സമയചക്രത്തെ തിരിക്കുന്നവളുടെ നിസ്സഹായത !
യുഗങ്ങൾതന്നെ കഴിഞ്ഞുവെന്നു തോന്നി. ശ്രീകോവിൽനട മലർക്കെ തുറക്കപ്പെട്ടു.
പ്രധാനമണി ഉച്ചത്തിലടിക്കുന്നു. പോറ്റി തൻ്റെ കയ്യിലെ ചെറുമണികിലുക്കുന്നു. മറുകയ്യാലെ ദീപങ്ങൾകൊണ്ടു തന്നെ ഉഴിയുന്നു. ചന്ദനത്തിരികളും കർപ്പൂരവും ഉയർത്തുന്ന ഗന്ധവും ധൂമവും നിറഞ്ഞുകവിയുന്നു.എന്തൊരു പുകച്ചിലാണു തനിക്കിപ്പോളനുഭവപ്പെടുന്നത്. ശ്വാസംമുട്ടുന്നു. കണ്ണുകൾ പുകയുന്നു.പുറത്തിറങ്ങി ഓടാൻതോന്നുന്നു.
ശ്രീകോവിലിനു പുറവും മുഖരിതമാണ്. കുരവയിടൽ ശബ്ദം കാതുകളെ തുളച്ചുകയറുന്നു. ഭാഗ്യം, പ്രധാനമണി മുഴക്കിക്കൊണ്ടിരുന്നതു നിർത്തി.അത്രയും കർണങ്ങൾക്കാശ്വാസമെന്നു കരുതി. പോറ്റിയുടെ കൈമണികിലുക്കലും നിർത്തി.
” ദേവീ അംബികേ, മഹാമായേ ,ഭഗവതീ, അമ്മേ…” എന്നൊക്കെയുള്ള വിളികൾ ഇപ്പോൾ വ്യക്തമായിക്കേൾക്കാം. അമ്മേ എന്നുള്ള വിളി വല്ലാതെ അസഹനീയമായി. കാതുകൾ ഇറുകെപ്പൊത്തി.
“ഭഗവാനേ ഇനിയും ഞാൻ എത്രനേരം കാക്കണം.” ദേവി ഞെളിപിരികൊണ്ടു. ഭക്തവത്സലയായ ഭഗവതിക്കൊടുവിൽ ആശ്വാസത്തിൻ്റെ മുഹൂർത്തമണഞ്ഞു. ദേവീപ്രതിഷ്ഠയിൽനിന്നു താൽക്കാലികമോചനം.എന്നാൽ അന്വേഷണത്തിൻ്റെ ബന്ധനവും.
ക്ഷേത്രനടയും പ്രധാനവാതിലും പിന്നിട്ടു റോഡിലിറങ്ങി .ഏതു ദിക്കിലേക്കാണവൾ പോയത്. മനസ്സിലേക്ക് ആ ചിത്രംതെളിഞ്ഞുവന്നു.പടിഞ്ഞാറേക്കുനടന്നു. പാദുകങ്ങളണിഞ്ഞിരുന്നതാണെങ്കിലും അവളുടെ കാലടികൾ തിരിച്ചറിഞ്ഞു.
റോഡിനിരുവശവുമുള്ള ഭവനങ്ങൾതാണ്ടി. ചെറിയ മുക്കവലയും അതിനെക്കാൾ ചെറിയ നാൽക്കവലയും പിന്നിട്ടു. എന്നാൽ തുടർന്ന് കാലുകൾ മുന്നോട്ടു നീങ്ങുന്നില്ലെന്ന് അതിശയത്തോടെ ദേവി മനസിലാക്കി.
ഇടതു വശത്തുള്ള ഇരുനിലക്കെട്ടിടത്തിലേക്ക് തൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. അവളുടെ വീട് ഇതല്ല. പക്ഷേ അവൾ ഈ വീട്ടിൽ കയറിയിരിക്കുന്നു.
വിവരങ്ങളെല്ലാം മനസിൽത്തെളിഞ്ഞു. ഇതവളുടെ സഹപാഠിയുടെ വീടാണ്. അവളവിടെ കയറാനുണ്ടായ വസ്തുതതയും ദേവിയുടെ ബോധത്തിലേക്കു കടന്നുവന്നു. അവൻ്റെ പ്രായമായ അമ്മ മരണപ്പെട്ടിട്ടിന്നു രണ്ടാം ദിവസം. മരണത്തിൽ അനുശോചനമറിയിക്കാനാണ് നാട്ടാചാരപ്രകാരം അവളവിടെക്കയറിയത്.മറ്റൊന്നുകൂടി ദേവിയുടെ ബോധത്തിൽ ആഞ്ഞടിച്ചു.അവൾ തൻ്റെ ചിലമ്പ് അവിടെ മറന്നുവച്ചിട്ടാണു തിരികെപ്പോയത്!
എന്തൊരു പരീക്ഷണമാണിത്.
താനെങ്ങനെ ആ വീട്ടിൽക്കയറും, തൻ്റെ കാലുകൾ മുന്നോട്ടു ചലിക്കാത്തതും മറ്റൊന്നും കൊണ്ടല്ല, മരണവീട്ടിലോ പരിസരത്തോ പതിനാറു ദിവസം ദേവിയായ തനിക്കു പ്രവേശനമില്ല!
മടങ്ങുകയേ നിവൃത്തിയുള്ളൂ. തൻ്റെ ചിലമ്പ്, അതൊന്നു കാണുകയെങ്കിലും ചെയ്യാൻ ജ്ഞാനദൃഷ്ടിയിലൂടെ ദേവി ഉദ്യമിച്ചു. നടക്കുന്നില്ല. പുലയുള്ള വീട്ടിലെ കാഴ്ചകൾപോലും ദേവിമാർക്ക് പ്രാപ്യമല്ലല്ലോ.
ഒരു സാധാരണ മനുഷ്യസ്ത്രീയെപ്പോലെ തനിക്ക് വല്ലാതെ തലകറങ്ങുന്നതായി ഈശ്വരിക്കനുഭവപ്പെട്ടു. വിയർക്കുന്നുണ്ടോ? ഇല്ല. വിയർക്കില്ല. ദൈവങ്ങൾക്കു വിയർപ്പില്ല.
ക്ഷേത്രത്തിനകത്ത് വിഗ്രഹത്തിൽ തിരികെക്കയറിയിരുന്നു ദേവി. “ഭഗവാനേ….. ” എന്നു മാത്രം മനസു കേണു. പതിനാറു ദിവസം നീണ്ടുനിൽക്കുന്ന പുലയാചാരം.മരണവീട്ടിലെ ദു:ഖം പങ്കുവയ്ക്കാനെത്തുന്ന അസംഖ്യം ബന്ധുമിത്രാദികൾ,അഞ്ചാം നാളിലെ സഞ്ചയനം. ഇതിനിടയിൽ ആ പൊൻചിലമ്പിൻ്റെ സുരക്ഷിതത്വം എങ്ങനെയായിരിക്കും?
സുദേവൻ എന്ന അവളുടെ കൂട്ടുകാരൻ സ്വന്തം ഭവനത്തിൽനടന്ന ഇക്കാര്യം അറിഞ്ഞിട്ടേയില്ല. ഇടയ്ക്കിടെ അവനുമായി ഫോൺസന്ദേശങ്ങൾ കൈമാറുന്ന അവൾ ഇതുവരെ അവനെ അറിയിച്ചതുമില്ല.
അവളുടെ വീടും ചലനങ്ങളും തൻ്റെ കൺമുമ്പിലുണ്ട്.എന്തുകൊണ്ടാണവൾ തൻ്റെ മറവിയാൽ കൈമോശംവന്ന ഈ വലിയ സംഗതി അവനെ അറിയിക്കാതിരിക്കുന്നത്?
അവൾക്ക് ഇതിത്ര നിസ്സാരകാര്യമാണോ? അതോ മറ്റുവല്ല ഉദ്ദേശ്യവുമാണോ?
കാത്തിരിക്കുകതന്നെ.
കാത്തിരിപ്പിൻ്റെ പതിനാലു ദിവസങ്ങൾ കഴിഞ്ഞു ;പതിനാലു യുഗങ്ങളെപ്പോലെ. നിർണ്ണായകമായവ.
ഇന്ന് സുദേവൻ്റെ അമ്മയുടെ മരണാനന്തര പതിനാറാംദിനചടങ്ങുനടക്കുകയാണ്. അടുത്ത ബന്ധുക്കൾമാത്രം പങ്കെടുക്കുന്ന ആചാരം. എന്നാൽ ഉറ്റകൂട്ടുകാരിയായ അവളെയും അവൻ ക്ഷണിച്ചിരിക്കുന്നു. സസന്തോഷം ആ ക്ഷണം അവൾ കൈപ്പറ്റി.
നല്ല സൗഹൃദങ്ങൾ നിലനിൽക്കട്ടെ ; അവയിലെ സഹകരണവും വിശ്വാസവും.അതുകൊണ്ടാണല്ലോ അവൻ തൻ്റെ ജീവിതത്തിലെ നിലയില്ലാക്കയങ്ങൾ അവളെ തുറന്നുകാണിച്ചത്.
ഇടയ്ക്കിടെ കൈമാറിയിരുന്ന തമാശകൾ നിറഞ്ഞ ഫോൺസന്ദേശങ്ങൾ സുദേവൻ്റെ അമ്മയുടെ മരണത്തോടെ അവളൊന്നുനിർത്തി. അവളുടെ ചിന്തകളിൽ താൻ അവൻ്റെ വീട്ടിൽ മറന്നുവച്ച പൊൻചിലമ്പു കടന്നുവന്നതു പിന്നെയും വൈകിയാണ്.
” പ്രായമായിത്തുടങ്ങി ” എന്ന് മാത്രമാണ് ഈയിടെ സാധാരണമായ തൻ്റെ മറവിക്കു കാരണമായി അവൾ പറയാറുള്ളത്.
തനിക്കു ചിലമ്പിൻ്റെ രൂപത്തിൽക്കിട്ടിയ ഭഗവതീകടാക്ഷം സുദേവൻ്റെ വീട്ടിൽ കൈമോശം വന്നുവെന്നോർത്ത നിമിഷം അവൾ ഞെട്ടിത്തെറിച്ചു. അക്ഷന്തവ്യമായപാപം.
തന്നോടു പൊറുക്കാൻ വിളിച്ചപേക്ഷിച്ചു മഹാമായയോട്. താൻ സ്വപ്നത്തിലാണോ യാഥാർത്ഥ്യത്തിലാണോ ആ ചിലമ്പ് കൈപ്പറ്റിയതെന്നവൾ ശങ്കിച്ചു. ഉത്തരം നൽകാൻ ദേവിയോടു കേണു.
ഒടുവിൽ സുദേവനു തൻ്റെ വിരൽ കൊണ്ടെഴുതി, അതു സന്ദേശമാക്കി ഫോണിലൂടെ അയച്ചു. സാമ്പത്തികമായുള്ള തൻ്റെ പരാധീനതകൾ സുദേവൻ അവളോടു തുറന്നുപറയാൻ തുടങ്ങിയതായിടയ്ക്കാണ്. രാത്രികളിൽ ചിലമ്പിനെക്കുറിച്ചുമാത്രം സന്ദേശങ്ങളിലൂടെ അവൾ ചോദിച്ചുകൊണ്ടേയിരുന്നു. അവൻ്റെ വീട്ടിലെ പതിനാറുകഴിയാൻ അവളും കാത്തിരുന്നു.
രണ്ടു ദേവിമാർ, ഇഹത്തിലെയും പരത്തിലെയും. ഇരുവരും ഒരുമിച്ചാണന്ന് സുദേവൻ്റെ ഗേറ്റിങ്കൽച്ചെന്നത്. താൻ ഒറ്റയ്ക്കാണെന്നേ അവൾക്കറിയാവൂ.ദൃഢനിശ്ചയം ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.
അപ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നു. കണ്ണുകൾകൊണ്ടുമാത്രം സുദേവനും അവളും സംസാരിച്ചു.സുദേവൻ്റെ ഭാര്യ അവളെക്കണ്ട് വന്നുകൂട്ടിക്കൊണ്ടുപോയി. ഗേറ്റിനു പുറത്തുനിന്നിരുന്ന സർവ്വാഭരണവിഭൂഷിതയായ സാക്ഷാൽ ഭഗവതിയെ ആരും കണ്ടില്ല.അതിനാൽ ദേവി ക്ഷണിക്കപ്പെട്ടതുമില്ല.
ഇപ്പോഴും കാര്യങ്ങൾ തനിക്കു വ്യക്തമായിക്കാണാൻ തുടങ്ങിയില്ലെന്നു ദേവിക്കു ബോധ്യമായി.തൻ്റെ വ്യഗ്രത. ഇന്നു ഗേറ്റു വരെ എത്താൻ തനിക്കു കഴിഞ്ഞല്ലോ.
പുകപടലം ക്രമേണ നീങ്ങുന്ന അന്തരീക്ഷം; തൻ്റെ ദൃഷ്ടിപഥംപോലെ. ഇനിയും തീ കെട്ടുതീരാത്ത താൽക്കാലിക അടുപ്പിലെ കൊതുമ്പിൻ്റെ കനലുകൾ തിളങ്ങുന്നു ;തൻ്റെ ചിന്തകൾപോലെ.ഇക്കഴിഞ്ഞ പതിനാലു ദിവസവും ഉച്ചയ്ക്കു ക്ഷേത്രനടയടച്ചു കഴിയുമ്പോൾ ഈ വീടിൻ്റെ കണ്ണെത്തുംദൂരെവരെ താൻ മറ്റൊരനുഷ്ഠാനംപോലെ വരുമായിരുന്നല്ലോ.
ഇനി രാത്രിയിലെയൊരു ചടങ്ങു കൂടിയുണ്ട്.പരേതാത്മാവിന് ഇഷ്ടഭോജനങ്ങളെല്ലാമുണ്ടാക്കി വച്ചുകൊടുക്കൽ ചടങ്ങ്. ഏറ്റവുമടുത്ത ബന്ധുക്കൾമാത്രം സന്ധിക്കുന്നത്.
തൻ്റെ മുന്നിലൂടെ ഭക്ഷണവും കഴിഞ്ഞ് ഇറങ്ങിപ്പോകുന്നവരിൽ ഒടുവിൽ അവളുമുൾപ്പെട്ടു. പടിവരെ അവളെ അനുഗമിച്ച സുദേവനെ ഗേറ്റിൽനിന്ന് അവസാനമെന്നതുപോലെ അവൾ നോക്കി.ഗേറ്റിനു പുറത്ത് റോഡിലിറങ്ങി.
അവളുടെ മനസിലെ വിങ്ങലുകൾ ഭഗവതി വായിച്ചെടുത്തു.ദേവി അനുഗ്രഹമായിത്തന്ന പൊൻചിലമ്പിൻ്റെ കൈമോശം വരുത്തിവച്ച നൊമ്പരമായിരുന്നു അവൾക്ക്. പ്രായവും പാരമ്പര്യവും തനിക്കു കനിഞ്ഞുതന്ന രണ്ടു വൈകല്യങ്ങളെ അവൾ മനസാ ശപിക്കുന്നതും കേട്ടു .
ഓർമ്മക്കേടും കേൾവിക്കുറവും.
സുദേവനധികം ഒച്ചയെടുത്തില്ലെങ്കിലും ഇപ്പോൾ തൻ്റെയടുത്തുനിന്നു പറഞ്ഞതുപോലും തനിക്കു കേൾക്കാൻപറ്റാതെപോയതവളോർമ്മിച്ചു.
ആദ്യമായാണ് പൈതൃകമായിക്കിട്ടിയ ഈ സ്വഭാവവിശേഷങ്ങളെ താൻ ശപിക്കുന്നത്. അച്ഛനും അപ്പച്ചിമാർക്കും കൊച്ചച്ഛനും ചേച്ചിക്കും ഇപ്പോൾ തനിക്കും. അനുഗ്രഹമായേ ഇതുവരെ കരുതിയിട്ടുള്ളൂ, അച്ഛനെ ഇടയ്ക്കിടയ്ക്കോർമ്മിക്കാൻ അച്ഛൻ തന്ന സൗഭാഗ്യങ്ങൾക്കിടയിൽ ഇതൊരു കുറവേയല്ലായിരുന്നുതാനും.
ഇപ്പോൾ അവൻ പറഞ്ഞ ഒരുകാര്യംമാത്രം വ്യക്തമായി. സാമ്പത്തികപരാധീനത.അതിനാൽ അവൻ്റെ വീട്ടിലെവിടെയോ താൻ മറന്നുവച്ച ചിലമ്പു കണ്ടുപിടിക്കാനായെങ്കിൽ, എന്നും.
“സുദേവാ ….” എന്ന് താൻ ഒച്ചയില്ലാതെ അലറി. “ഈശ്വരാ….” ഇപ്പോഴവൾ നെടുവീർപ്പിട്ടു.
രാത്രിയിലെ ചടങ്ങിനും പ്രിയകൂട്ടുകാരൻ വിളിച്ചിട്ടുണ്ട്. താൻ പോകില്ല. ചടങ്ങുകളെല്ലാം കഴിയുമ്പോൾ അവൻ ഫോണിൽ സന്ദേശമയയ്ക്കും.ഉറപ്പ്. കാത്തിരുന്നതുപോലെ രാത്രി ഒരുപാട് വൈകിയപ്പോൾ അവൻ്റെ സന്ദേശംവന്നു. ഒരു കടമ നിർവ്വഹിച്ചുകഴിഞ്ഞ ആശ്വാസം അവൻ പങ്കുവച്ചിരിക്കുന്നു. ഒപ്പം തൻ്റെ വീട്ടിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ചിലമ്പു കണ്ടെത്തിക്കഴിഞ്ഞാലുണ്ടാവുന്ന നേട്ടവും ആവർത്തിച്ചിരിക്കുന്നു.
തൻ്റെ അസ്വസ്ഥകൾക്കറുതിയില്ലെന്നവൾ തീർച്ചപ്പെടുത്തി; തുടങ്ങിയതേയുളളുവല്ലോ.ഒന്നു കൂടെ നെഞ്ചുരുകി വിളിച്ചു “ഭഗവാനേ…. ”
ഉറക്കത്തിലാണെങ്കിലും താൻ ഉണർവ്വിലാണെന്നവൾ ഉറച്ചു വിശ്വസിച്ചു. ഒഴുകുകയാണ്, സാക്ഷാൽ മഹാമായയോടൊപ്പം .ദേവിയെ കണ്ണിമചിമ്മാതെ നോക്കി. ജ്വലിക്കുന്ന സൗന്ദര്യമെന്നെല്ലാം വായിച്ചിട്ടുള്ളത് നേരിൽക്കണ്ടു. എന്തൊക്കെ ആഭരണങ്ങളാണ് അവിടുന്നണിഞ്ഞിരിക്കുന്നത്.
ചുറ്റും ധൂമം പൊങ്ങുന്നു.ചലച്ചിത്രങ്ങളിൽ കാണുന്നതുപോലെ. എന്തൊരു സുഗന്ധമാണതിന്.ദേവിയെ തൊടാൻ പറ്റുന്നില്ല. രാത്രിയോ പകലോ എന്നു തിരിച്ചറിയാനും വയ്യ. പെട്ടെന്ന് യാത്ര അവസാനിച്ചു.
സുദേവൻ്റെ വീട്ടിലാണ് എത്തിയിരിക്കുന്നത്. അല്പംപോലും സംശയമില്ലാതെ നിൽക്കുകയാണവൻ.
“സുദേവാ, ഇവളെക്കൂട്ടിക്കൊണ്ടുവന്ന് നേരിട്ടു ബോധ്യപ്പെടുത്തിയില്ലെങ്കിൽ വിശ്വസിക്കില്ലിവൾ .എന്നും നീറിനീറിക്കഴിയും. ” ദേവിയുടെ ശബ്ദംകേട്ട് മുത്തുമണികൾ പൊഴിയുന്നതാണോ എന്നവൾ സംശയിച്ചു.
സുദേവൻ ചിരിച്ചു. അവളോടായി പറഞ്ഞു. ” കല ടെൻഷനടിക്കണ്ട. ചിലമ്പിൻ്റെ കാര്യം സോൾവു ചെയ്തു.”
ഭൂഗോളമൊന്നു കുലുങ്ങിയോയെന്ന് ചിന്തിച്ചതേയുള്ളൂ.സുദേവൻ്റെ ശബ്ദം ഓങ്കാരംപോലെ മുഴങ്ങുന്നതായവൾക്കു തോന്നി. “എടേയ്, ആ ചിലമ്പ് ഈ വീട്ടിലുണ്ട്. കണ്ടെത്തി ഞാൻ സ്വന്തമാവശ്യങ്ങൾക്കുപയോഗിച്ചുകൊള്ളാൻ ദേവിതന്നെ സമ്മതിച്ചു. എൻ്റെ അമ്മയുടെ അനുഗ്രഹം.” അവസാനത്തെ വാചകം പറഞ്ഞപ്പോൾ സുദേവൻ്റെ സ്വരം ഇടറിയെന്നവൾക്കു വ്യക്തമായി .
ദേവിയുടെ പുഞ്ചിരി അവിടെയെല്ലാം പ്രഭപരത്തി. അവൾ നിലവിളിച്ചു.” അമ്മേ, എൻ്റെ അമ്മേ, സർവ്വാപരാധങ്ങളും പൊറുക്കണേ. ” കുങ്കുമ വർണ്ണമുള്ള ഭഗവതിയുടെ തൃപ്പാദങ്ങളിൽ അവൾ മുഖംചേർത്തു കണ്ണടച്ചു.
ശ്രീകോവിലിനുള്ളിലെ ദേവീവിഗ്രഹം അന്ന് പാതിരാത്രികഴിഞ്ഞനേരത്ത് കെടാവിളക്കിൻ്റെ മങ്ങിയപ്രഭയിൽ നിർവ്വേദത്തിലാണ്ടു ;കല തൻ്റെ കിടക്കയിലും.
രണ്ടു ദേവിമാർ!
ഡോ.ഉഷാറാണി .പി
തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959
ഡോ. മായാഗോപിനാഥ്
തികച്ചും അവിചാരിതമായിട്ടാണ് പ്രൊഫസർ ശാരദാമണിയെ സുമിത്ര പരിചയപ്പെട്ടത്.
അമ്മയുടെ കാലുവേദനയ്ക്ക് ചികിൽസിക്കുന്ന ഡോക്ടർ രമേശിന്റെ പരിശോധന മുറിയ്ക്കു പുറത്തെ ടീപോയിൽ കിടന്ന കഥാ പുസ്തകത്തിന്റെ പുറം ചട്ടയിലെ കട്ടികണ്ണടവച്ച നരകയറിയ മുടിയുള്ള സൗമ്യമായ മുഖത്തെ പാതിവിടർന്ന ചിരിയിലും കണ്ണടയ്ക്കിടയിലൂടെ വലിയ കണ്ണുകളിൽ കുടിയിരുന്ന വിഷാദം നീരണിഞ്ഞു കിടന്ന പോലെ.
പുറംചട്ട തിരിച്ച് അവസാനത്തെ കഥ വായിച്ചു. ശയ്യാവലംബിയായ ഭർത്താവ് ഒരു ദിവസം ഭാര്യയോട് നീയിങ്ങനെ കോലം തിരിഞ്ഞു പോയല്ലോ മണീ. നല്ലൊരു സാരിയുടുത്തു മുടി ഒതുക്കി നെറ്റിയിൽ സിന്ദൂരം തൊട്ട് നീയെന്റെ അരികെയിരുന്ന് കഞ്ഞി തരുമോ? എനിക്ക് നിന്നെ നെറ്റിയിലെ സിന്ദൂരം മായാതെ കാണണം ആരെന്തു പറഞ്ഞാലും വേണ്ടില്ല ഞാൻ ഇല്ലെങ്കിലും നീ കുങ്കുമം തൊടണം. നിറമുള്ള പുടവ ചുറ്റണം.. അതാ എനിക്കിഷ്ടം..
നിറഞ്ഞ കണ്ണുകൾ തുളുമ്പാതെ മനസ്സ് വിങ്ങി അണിഞ്ഞൊരുങ്ങി അദ്ദേഹത്തിന്റെ അടുത്തിരുന്നു കഞ്ഞി കൊടുത്ത് കൊണ്ടിരിക്കുന്നതിനിടെ നെഞ്ച് വേദന വന്ന് ഒരു നിമിഷം കൊണ്ടു പ്രാണൻ വിട്ട് പോയതും..
ആ കഥ വായിച്ച് സുമിയുടെ കണ്ണുകളും നിറഞ്ഞു പോയി..
വീണ്ടും കവർ പേജിലെ ചിത്രത്തിൽ നോക്കി. ഇളം പച്ച കരയുള്ള സെറ്റ് സാരി. നെറ്റിയിൽ ചന്ദനക്കുറിക്കുള്ളിൽ നിന്ന് ഒരു സിന്ദൂരചുവപ്പ് എത്തിനോക്കുന്നത് കണ്ടു…
ശാരദാമണിയമ്മേ നിങ്ങളെന്റെ ഹൃദയത്തിലേക്കു കടന്ന് കയറിയത് ഞൊടിയിടയിലാണ്.. സുമിത്ര ആ പുസ്തകവുമായി കൗണ്ടറിൽ എത്തി. അവിടെ ഇരുന്ന പെൺകുട്ടിയോട് ആ കഥ എഴുതിയ അമ്മ ഇവിടുത്തെ പേഷ്യന്റ് ആണോ എന്ന് തിരക്കി.
അവരോടു ആയമ്മയുടെ ഫോൺ നമ്പർ ചോദിച്ചു വാങ്ങി.
അമ്മയെ ഫോൺ വിളിച്ച് സംസാരിച്ച് നേരിട്ട് കാണാൻ തീരുമാനിച്ച് അഡ്രെസ്സ് വാങ്ങി.
അമ്മ പറഞ്ഞ അടയാളങ്ങൾ വച്ച് കിള്ളിയാറിന് കുറുകെയുള്ള പാലത്തിലൂടെ കടന്ന് വന്ന് മൂന്ന് പടുകൂട്ടൻ കെട്ടിടങ്ങളുടെ മുന്നിലെത്തി. നടുവിലത്തെ ഓറഞ്ച് നിറം ബിൽഡിംഗ്. അമ്മ പറഞ്ഞത് ഓർത്തു.
11B. അമ്മയെ ഫോണിൽ വിളിച്ചു താൻ താഴെ എത്തിയ വിവരം പറഞ്ഞു.
ലോബിയിൽ കുറച്ച് കുട്ടികൾ ഏതോ കളിതമാശകളിൽ മുഴുകി നിന്നിരുന്നു. വിശാലമായ ഒരു സോഫയിൽ ഇരുന്ന് പത്രം വായിക്കുന്ന ഒരു മുത്തശ്ശിയെ കണ്ടു.
സുമിത്ര എലെവറ്റോറിൽ കയറി 11 പ്രെസ്സ് ചെയ്തു.
കൂടെ ഏഴാം നിലയിൽ ഇറങ്ങാനുള്ള ഒരു കുട്ടിയുണ്ടായിരുന്നു.
ജീൻസും ടോപ്പുമിട്ട ഒരു ചുരുണ്ടമുടിക്കാരി.
ബാല്യത്തിന്റെ കൗതുകമോ കുറുമ്പോ ഒന്നും അവളുടെ കണ്ണിൽ ഉണ്ടായിരുന്നില്ല. അവൾ ഇടയ്ക്കിടെ മൊബൈലിൽ അക്ഷമയോടെ നോക്കി കൊണ്ടേയിരുന്നു.
കുട്ടി ഇറങ്ങി പോയപ്പോൾ സുമിത്ര എലെവറ്ററിൽ ഒറ്റയ്ക്കായി.
പതിനൊന്നാം നിലയിലെത്തി.11. B കണ്ടുപിടിക്കാൻ തീരെ ബുദ്ധിമുട്ടുണ്ടായില്ല. അമ്മ പുറത്ത് തന്നെ നിന്നിരുന്നു.
അമ്മയ്ക്ക് താൻ കരുതിയതിലും കൂടുതൽ നര പടർന്ന മുടിയും പരീക്ഷീണതയും തോന്നി.എങ്കിലും നെറ്റിയിൽ ചന്ദന വരയ്ക്കുള്ളിൽ ഒരു സിന്ദൂര ചുവപ്പ് അപ്പോഴും തുടുത്തു നിന്നു. സംതൃപ്തവും സൗഭാഗ്യപ്രദവും ആയ ഒരു ദാമ്പത്യത്തിന്റെ പ്രതീകമായി അത് തെളിഞ്ഞു നിന്നു.
സുമി വരൂ. ആദ്യ കാഴ്ചയിലെ അമ്മ തന്നെ വല്ലാതെ ആകർഷിച്ചു. വെളുവെളുത്ത തറയും ചുമരുകളും ഉള്ള വിശാലമായ സ്വീകരണ മുറിയിലെ പതുപതുത്ത സോഫയിൽ ഇരുന്ന് ചുറ്റും നോക്കി.
ഇതാണെന്റെ ഒരേയൊരു മകൻ. ഇംഗ്ലണ്ടിൽ ഡോക്ടറാണ്. വലിയ ഒരു ഫോട്ടോ ചൂണ്ടി അമ്മ പറഞ്ഞു. നിറയെ പൂവിട്ട വാകമരച്ചുവട്ടിൽ ഇരുന്ന അമ്മയെ പിന്നിൽ നിന്നു കഴുത്തിൽ ചുറ്റിപ്പിടിച്ചു ചിരി തൂകുന്ന ചിത്രം. അമ്മയുടെ കണ്ണുകൾ പുത്രസ്നേഹത്താൽ ദീപ്തമായ ചിത്രം
അതിനടുത്ത് ഉടൽ മൂടുന്ന വസ്ത്രങ്ങളും കമ്പിളി തൊപ്പിയും സ്കാർഫും കെട്ടി രണ്ട് പെൺകുട്ടികൾ ചിരിച്ചു കൊണ്ടു നിൽക്കുന്ന ഫോട്ടോ.ഇതാണ് മിനിയും സിനിയും. ചെറുമക്കൾ. ഇതവരുടെ അമ്മ.
മരുമകളുടെ ചിത്രം ചൂണ്ടി അമ്മ പറഞ്ഞു.
പക്ഷെ ഹാളിൽ ഒരിടത്തും അമ്മയുടെ ഭർത്താവിന്റെ ചിത്രങ്ങൾ കണ്ടില്ല.
സുമിത്രയ്ക്ക് കുടിക്കാൻ അമ്മ ചായ കൊണ്ടു വന്നു.
ചായ മൊത്തി കുടിക്കെ അമ്മ ഓരോരോ വിശേഷങ്ങൾ പറഞ്ഞു.
ഇവിടെ ഈ ഫ്ലാറ്റിൽ ഞാൻ ഒറ്റയ്ക്കാണെന്നു എനിക്ക് തോന്നാത്തത് എന്താണെന്നറിയുമോ സുമിയ്ക്ക്?”വരൂ
ഞാൻ കാണിച്ചു തരാം.” സുമിത്രയെ അമ്മ ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ശക്തമായ കാറ്റു വീശുന്നുണ്ടായിരുന്നു അവിടെ.
ബാൽക്കണിൽ അമ്മ ഒരു തുളസിത്തറ വച്ചിരുന്നു.
തഴച്ചു വളർന്ന തുളസിചെടി ഒരു വലിയ ചതുര തിട്ടയ്ക്കുള്ളിൽ ആയിരുന്നു വച്ചിരുന്നത്.ഞാൻ മോനോട്
പ്രത്യേകം പറഞ്ഞു ചെയിച്ചതാ ഇത്. അമ്മ ദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു. കണ്ടോ എന്റെ സർവസ്വവും ഞാനിപ്പോൾ അർപ്പിച്ചിരിക്കുന്നത് അവിടെയാ.
കിള്ളിയാറിനപ്പുറം ചെറുതും വലുതുമായ അനേകം കെട്ടിടങ്ങൾക്ക് ഇടയിൽ ശിവക്ഷേത്രത്തിന്റെ ചുറ്റമ്പലവും കൊടിമരവുമെല്ലാം വ്യക്തമായി കാണാമായിരുന്നു
ഭഗവാന്റെ നിർമ്മാല്യത്തിന്റെ മണിയൊച്ച കേട്ടാണ് പുലർച്ചെ ഞാൻ ഉണരുക. പക്ഷെ കഴിഞ്ഞ അഞ്ച് കൊല്ലമായി ഭഗവാനെ കണ്ടു തൊഴുതിട്ട്…
ഇവിടെ നിന്നെങ്കിലും കാണാനാവുന്നത് മഹാഭാഗ്യം..
അമ്മ അമ്പലത്തിനു നേർക്ക് നോക്കി തൊഴുതപ്പോൾ സുമിത്രയും കൂടെ തൊഴുതു.
തുളസി ചെടിയെ തഴുകി വന്ന കാറ്റിൽ അമ്മ അപ്പോൾ ഇറുത്തെടുത്ത ഒരു തുളസിക്കതിരിന്റെ സുഗന്ധം അവിടമാകെ നിറഞ്ഞ വിശുദ്ധി പരത്തി.
സുമിക്ക് മറ്റൊരൂട്ടം ഞാൻ കാണിച്ചു തരാം. അമ്മ സുമിത്രയെ അപ്പാർട്മെന്റിന്റെ മറുവശത്തേക്ക് കൂട്ടികൊണ്ട് പോയി.
ദീർഘകാലമായി ഒറ്റയ്ക്ക് താമസിക്കുന്നൊരാൾക്ക് മിണ്ടാനും പറയാനും ഒരാൾ ഉണ്ടായാലത്തെ സന്തോഷത്തോടെ അമ്മ നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു.
അമ്മ ആ വശത്തെ നീളൻ ജനാല തുറന്നപ്പോൾ നഗരത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിന്ന അനേകം കെട്ടിടങ്ങൾക്കപ്പുറം സഹ്യപർവത നിരകളുടെ നീലനിറം. ഇടയ്ക്ക് കണ്ട രണ്ട് ശൃംഗങ്ങൾ ചൂണ്ടി അമ്മ പറഞ്ഞു ഏറ്റവും പൊക്കമുള്ളത് അഗസ്ത്യമലയാണ്. അതിനൊക്കെ ഇങ്ങിപ്പുറം ചെത്തി മുറിച്ച പോലെ കാണുന്നത് എന്റെ മൂക്കുന്നി മലയാണ്.
എന്റെ കുടുംബ വീട് മലയിൻകീഴാണ്. പേര് പോലെ തന്നെ മലകളുടെ നാട്.മാങ്കുന്നു മല,എള്ളുമല, മൂക്കുന്നി മല ഇവ എല്ലാം ഞങ്ങൾക്ക് ഹിമാലയം പോലെ പവിത്രമായിരുന്നു.
പണ്ട് കാലത്ത് എള്ളു ചെടികൾ സമൃദ്ധമായി പൂത്തു കിടന്ന കാടാണ് എള്ളുമല.
അവിടെ ഒരു ഭൂതത്താൻ കാവുണ്ട്…
മൂക്കുന്നി മലയെ കുറിച്ച് താൻ കേട്ടിരുന്നു.
പണ്ട് രാമ രാവണ യുദ്ധകാലത്തു ഹനുമാൻ ഹിമാലയത്തിൽ നിന്നടർത്തി കൊണ്ടു വന്ന മലയുടെ ഒരു ഭാഗം ഹനുമാന്റെ മൂക്കു തട്ടി അടർന്നു വീണതാണത്രേ മൂക്കുന്നി.
പക്ഷെ എള്ള് മലയെ കുറിച്ച് കേട്ടിരുന്നില്ല.
സുമി പോയി കാണണം.
അങ്ങോട്ടുള്ള വഴി നിറയെ അനേകം കാട്ടുചെടികളും മരങ്ങളുമുണ്ട്. മഴ പെയ്തൊഴിഞ്ഞാലും വിട്ടുമാറാത്ത ഈർപ്പം ഒളിച്ചിരിക്കുന്ന വഴി.
അവിടേ കുത്തനെ ചരിഞ്ഞ ഒരു കരിമ്പാറയുണ്ട്.. അതിൽ വലിയ ചാരുകസാല പോലെ ഒരു കുഴിയും ഭീമസേനന്റെ കസേര എന്നാണ് നാട്ടുകാര് അതിനിട്ട പേര്..ഏതോ കാലത്തെ നീരൊഴുക്കിന്റെ അടയാളമായ ചില പാടുകളുമുണ്ട് അവിടേ.
ഭീമന്റെ കസാലയുടെ മേലറ്റത്തു നിന്നാൽ പാറയിടുക്കിലൂടെ ഭൂതത്താന്റെ അമ്പലം കാണാം. ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്.
അമ്മ അത് പറഞ്ഞ് ചിരിച്ചു.
മഹാകവി മലയിൻകീഴു മാധവ പണിക്കർ ഭഗവത് ഗീത
328 പാട്ടുകളായി കാച്ചി കുറുക്കി ഭാഗവാന് അർപ്പിച്ച നാടാണത്. സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യം നിറഞ്ഞയിടം അറിയുമോ?
പിന്നീട് അമ്മ സുമിയെ തന്റെ കിടപ്പു മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. അവിടെ കട്ടിലിൽ കിടന്നാൽ കാണും വിധം അമ്മയുടെ ഭർത്താവിന്റെ ഒരു പൂർണകായ ചിത്രം തൂക്കിയിരുന്നു.
ഇതാണെന്റെ പ്രാണനായിരുന്നയാൾ…
എന്റെ ജീവിതത്തിലെ സത്യത്തിന്റെ സ്പന്ദനം.
സത്യത്തെക്കാൾ വിലപിടിപ്പുള്ളതായി മറ്റെന്താണുള്ളത്…
..ആ വിരൽ തുമ്പ് പിടിച്ചതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സുരക്ഷിതത്വവും.
അദ്ദേഹം എന്നും പറയുമായിരുന്നു. മണിയുടെ കണ്ണ് നിറയുന്നത് സഹിക്കാനാവില്ലെന്നു…അതുകൊണ്ട് ഒരു കടലോളം കണ്ണീർ ഉള്ളിൽ നിറഞ്ഞാലും ഞാനതു ഒഴുക്കാറില്ല സുമി.. ഏത് ലോകത്തായാലും അദ്ദേഹത്തിന്നത് വേദനയാവും..
പോയിട്ടിപ്പോൾ അഞ്ച് കൊല്ലം കഴിഞ്ഞു..
കണ്ണടച്ചാൽ ഇപ്പോഴും കൂടെയുള്ള പോലെ തോന്നും..ഇടയ്ക്കിടെ മണി എന്ന് വിളിക്കുന്നത് എനിക്ക് കേൾക്കാം…
സത്യ സ്പന്ദനങ്ങൾ ഒരിക്കലും നിലയ്ക്കില്ലല്ലോ കുട്ടി… അതിന്റെ രൂപ ഭാവങ്ങൾക്കല്ലേ മാറ്റമുണ്ടാവുകയുള്ളു…
നിശബ്ദമായ രാത്രികളിൽ ഞാനീ ജാലകവിരി മാറ്റി ആകാശത്തെ എണ്ണമറ്റ നക്ഷത്രങ്ങളെ നോക്കി കിടക്കും…
അമ്മ തനിക്കേറ്റവും പ്രിയമുള്ള ഒരു ബന്ധുവിനോടെന്ന പോലെ സുമിത്രയോട് തന്റെ ഹൃദയം തുറക്കുകയായിരുന്നു.
ഇപ്പോൾ മുട്ടുവേദനയാണ് ഏറ്റവും വലിയ പ്രശ്നം..
തേയ്മാനം ഉണ്ട്. ഓപ്പറേഷൻ വേണ്ടി വരുമെന്നാണ് ഡോക്ടർ രമേശ് പറഞ്ഞത്.
എന്റെ ഓർമ്മകൾക്ക് കൂടി തേയ്മാനം വന്നുപോയാൽ പിന്നെ എന്താവും അവസ്ഥ എന്നൊരു ചിന്ത വല്ലാതെ അലട്ടുന്നുണ്ട് ഇടയ്ക്കിടെ..
ഒറ്റയ്ക്കായാൽ വാർദ്ധക്യം നമ്മെ വല്ലാതെ ഭയപ്പെടുത്തും കുട്ടി….
ഒന്ന് കിടന്നു പോയാൽ മോനി ക്ക് വന്ന് നിൽക്കാൻ ആവുമോ?
അവനും അവന്റെ ഭാര്യക്കും മക്കൾക്കുമെല്ലാം OCI കാർഡ് ഉണ്ട്. പക്ഷെ അവരൊക്കെ ഇംഗ്ലീഷ് പൗരന്മാരയല്ലേ ജീവിക്കുന്നത്.
അവിടെ പോയി നിൽക്കാൻ മോനി നിർബന്ധിക്കുമെങ്കിലും എനിക്ക് നാട് വിട്ട് പോകാൻ താല്പര്യമില്ല കുട്ടി.
ഇവിടെ ഈ അപാർട്മെന്റിലാവുമ്പോൾ അവശ്യ സാധനങ്ങളും ഒക്കെ വാങ്ങി തരാനും, മറ്റ് എന്തേലും ആവശ്യം വന്നാലൊക്കെ ആരെങ്കിലും ഉണ്ടാവുമല്ലോ സഹായത്തിന്… വേറെ ഒന്നും പേടിക്കേണ്ടല്ലോ ആ ഒരൊറ്റ കാരണത്താലാണ്
ഇവിടെ മകൻ വാങ്ങിയ ഫ്ലാറ്റിൽ താമസിക്കാൻ ഞാൻ തയ്യാറായത്. ഇപ്പോൾ ഞാനീ വീടിനെയും വല്ലാതെ സ്നേഹിക്കുന്നു…
പരിചിതത്വമാണ് എന്റെ പ്രശ്നം..
അടുത്താൽ പരിചിതമായാൽ പിന്നെ എന്തും വിട്ടകലാൻ ഒരു വേദനയാണ്..
ആദ്യമൊക്കെ ഈ ഫ്ലാറ്റും അപരിചിതത്വത്താൽ എന്നെ ശ്വാസം മുട്ടിച്ചിരുന്നു…
മോനി അവന്റെ അച്ഛനെ പോലെതന്നെയാണ്.. ഭാര്യയെ ജീവനാണവനും. അവനവളെ പിരിഞ്ഞിരിക്കാനും വയ്യ. എന്നെ ഒറ്റയ്ക്കാക്കാനും വയ്യ. പാവം കുട്ടി. എന്ത് നീറ്റലാവും അവന്റെ ഉള്ളു നിറയെ…
അമ്മയുടെ വാക്കുകളിൽ ഒറ്റപ്പെടലിന്റെ നൊമ്പരവും മകന്റെ തിരക്കിൽ അവർക്കു താൻ ഒരു ബുദ്ധിമുട്ടുണ്ടാവരുത് എന്ന ചിന്തയും തന്റെ ഭയവും വിഹ്വലതകളും എല്ലാം ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്നു.
തന്റെ അന്ത: സംഘർഷങ്ങൾ പറഞ്ഞ് തീർക്കാൻ ഒരാൾ അവർക്കു വേണ്ടിയിരുന്നു എന്ന് സുമിത്ര തിരിച്ചറിഞ്ഞു.
അമ്മയുടെ കുടുംബവീട് മകൻ ഭാര്യയുടെ സഹോദരിക്ക് കൈമാറ്റം ചെയ്തത്തിലുള്ള പരിഭവത്തെ അമ്മ പരാതിയായല്ലെങ്കിലും വേദനയോടെയാണ് പറഞ്ഞത്..
വളരെ ചുരുങ്ങിയ നേരം കൊണ്ടു തന്റെ ജീവിതത്തിന്റെ കലർപ്പില്ലാത്ത ഒരു ചിത്രം അമ്മ സുമിത്രയ്ക്ക് നല്കി.
ഇടയ്ക്ക് അമ്മയുടെ നീര് വച്ച മുട്ടുകാൽ കണ്ടു അവിടെ മേശമേലിരുന്ന കൊട്ടംചുക്കാദി കുഴമ്പ് മുട്ടിനു മേൽ പുരട്ടി തടവി കൊടുത്തു സുമിത്ര.
കൂടാതെ അമ്മയോടൊപ്പം അടുക്കളയിൽ കയറി രാത്രി ഭക്ഷണത്തിനുള്ള ചപ്പാത്തി പരത്താനും സുമിത്ര സഹായിച്ചു.
പെട്ടെന്നാണ് അമ്മ അടുത്ത് വന്നതും സുമിയുടെ താടിയിൽ പിടിച്ചുയർത്തി പറഞ്ഞതും…
നിന്നെ പോലെ ഒരു മകളെ ഭഗവാൻ എനിക്ക് തന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോയി മോളേ.
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..കയ്യിലെ
മാവ് പൊടി തട്ടി കളഞ്ഞ് അമ്മയെ കെട്ടിപിടിച്ചു സുമിത്ര പറഞ്ഞു..
സ്വന്തം മകളാണെന്ന് തന്നെ കരുതിക്കോളൂ അമ്മേ…
അടുത്ത ശനിയാഴ്ച താൻ വന്ന് അമ്മയെ ശിവന്റെ കോവിലിൽ കൊണ്ടു പോകാം എന്ന് ഉറപ്പ് പറഞ്ഞു വൈകുന്നേരം തിരികെ ഇറങ്ങുമ്പോൾ അമ്മ സുമിത്രയ്ക്ക് സ്വന്തം കൈയ്യൊപ്പിട്ടു ഒരു പുസ്തകം നല്കി
എന്നെ അമ്മയായി കണ്ട എന്റെ മകൾ സുമിത്രയ്ക്ക് സ്നേഹപൂർവ്വം….
ശാരദാമണിയമ്മ.
അമ്മയുടെ മുഖത്തിന്നപ്പോൾ കൂടുതൽ ചൈതന്യം കൈവന്ന പോലെ തോന്നി.
അന്നേരം അമ്മ തനിക്ക് വന്ന മകന്റെ ഇമെയിൽ തുറന്ന് വായിച്ചിരുന്നില്ല.
ഭാര്യയുടെ സഹോദരനും കുടുംബത്തിനും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ആയെന്നും അവരുടെ മക്കളുടെ പഠന സൗകര്യം അനുസരിച്ചു അവർക്ക് ഫ്ലാറ്റിൽ താമസിക്കുന്നതാണ് നല്ലതെന്നും അമ്മയ്ക്ക് താമസിക്കാൻ മകൻ നെറ്റിലൂടെ തൊട്ടടുത്തു ഒരു ഷെയെറിങ് അക്കൊമോടെഷൻ തയ്യാറാക്കിയിട്ടുണ്ടെന്നും അങ്ങോട്ട് താമസം മാറാൻ അമ്മയ്ക്ക് സഹായത്തിനും നെറ്റിലൂടെ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഒക്കെ എഴുതിയ മെസ്സേജ് കാണാതെ അമ്മ ഭഗവാൻ തന്ന മകൾക്കൊപ്പം ശനിയാഴ്ചകളിൽ ശിവന്റെ കോവിലിൽ തൊഴുന്നത് ഓർത്തു അപ്പോൾ നിറഞ്ഞ മനസ്സോടെ ചിരിക്കുകയായിരുന്നു.
ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജേക്കബ് പ്ലാക്കൻ
പിറക്കട്ടെ പുതുവർഷ വീചികളെങ്ങും
വിരിയട്ടെ നന്മതൻ നറുമലർ തുമ്പകളായിരം
വീശട്ടെ മണ്ണിൽ മല്ലിപൂ പ്രേമസൗരഭ്യം
പുണരട്ടെ പാരിൽ വിശ്വസ്നേഹ പ്രകാശം …!
ചിറകുകൾവിടർത്തി പറക്കൂ പുതു-
പിറവികളെ ….നിങ്ങൾ
ചക്രവാള സീമകൾ കടക്കൂ ….!
ചാരു ചന്ദ്രിക നീന്തും നഭസ്സിലെ
താരങ്ങളായി മിന്നി തിളങ്ങൂ …!
കാലപ്രവാഹത്തിൽ നിന്നൊരു കുമ്പിൾ
കോരി മാനത്തെ മേഘത്തിൽ ചേർക്കൂ
മഴയായി പുഴയായി മണ്ണിനെ വീണ്ടു
തഴുകി ഋതുമനോഹരിയാക്കൂ …!
കാലമെ …കനിവാർന്നു കേൾക്കൂ …!
നിൻ ഹൃദയാന്തരാളങ്ങളിൽ നിന്നും
ഞാനടർത്തിയ മണി പ്രവാളങ്ങൾ
തിരികെ വയ്ക്കുവാനിത്തിരി മാത്ര കൂടി
തരുമോ തീരുമെൻ ജീവപ്രവാഹത്തിൽ …!
ഓർക്കുമ്പോളമൃതപാലാഴിയായി
മാറുന്നു മാറിൽ കൊഴിഞ്ഞ സംവത്സരങ്ങൾ ..!
നുകരുവാനായില്ലാവോളം പ്രകൃതിയെനിക്കായി
കരുതിവെച്ച കുരുക്കുത്തി മുല്ലപൂ സൗരഭ്യവും
തുഞ്ചാണിയുലയും നിശബദ്ധസംഗീതവും ..
തോട്ടു ചാലിലെ പരൽമീൻ തഞ്ചങ്ങളും
കുന്നിക്കൊരു കുന്നിലെ കുയിൽപാട്ടും …!
കാലപ്രവാഹത്തിൻ പിന്നിലേക്കു പായും
മാന്ത്രിക കുതിരപ്പുറംമേറുവനായി യേതു
തന്ത്രവിജ്ഞാനപുസ്‌തകം കാക്കണം
ഞാനിനി….?
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. 2023 -ലെ മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്
Phone # 00447757683814
ജോസ് ജെ. വെടികാട്ട്
പുറംമോടികളാൽ അവനോടുള്ള പ്രണയത്തെ നീ മൂടി വെച്ചു,
നീയാകും തളിർമുന്തിരിയെ വിളവെടുപ്പിനു ശേഷം മാത്രം അവൻ നുകർന്നാൽ
മതിയെന്ന് ,മുകർന്നാൽ മതിയെന്ന് നീ ശഠിച്ചു!
പരസ്പരം പങ്കുവക്കാനുള്ള ഉചിതമായ അവസരം വിളവെടുപ്പിന് ശേഷമാണെന്ന
വിശ്വാസസത്യത്തെ നീ മുറുകെ പിടിക്കുന്നു,
യൗവനത്തിന്റെ വിളവെടുപ്പ് കാലത്തിനു ശേഷം നീയും അവനും
കുടുംബചുറ്റുവട്ടത്തിൽ ഒതുങ്ങണം.
കർമ്മമണ്ഡലത്തിലെ അവന്റെ സന്ദർഭോചിതമായ ആവശ്യങ്ങൾക്കനുസരിച്ച് സ്വയം മാറാനും പൊരുത്തപ്പെടാനും നിനക്ക് കഴിഞ്ഞു.
പക്ഷേ നിന്റെ ചെറിയ പിടിവാശികൾ അവന്റെ ആവശ്യങ്ങളോട് നീ പൊരുത്തപ്പെട്ടാലും അവന്റെ പ്രണയനിഷേധത്തിലേക്ക് വഴി തെളിക്കാം, കാരണം നിന്റെ പൊരുത്തപ്പെടൽ യാന്ത്രികമാകാം !
പ്രണയത്തിന്റെ പരമാണു നിന്റെ മാത്രം സ്വന്തമെന്ന് നീ തെറ്റിദ്ധരിക്കുന്നു ,
അവനു മുമ്പിൽ നീയൊരു കാണാക്കിനാവിന്റെ രാജ്ഞിയാകുന്നു!
മറ്റൊരു സ്ത്രീയേ അംഗീകരിക്കാൻ നിനക്ക് വിഷമം, അവനെ വശീകരിക്കാൻ നിനക്കതൊരു തന്ത്രം !
എല്ലാ പുരുഷന്മാരിലൂം സ്ത്രീകളിലും പ്രണയസത്ത കുടികൊള്ളുന്നു എന്ന വെളിച്ചം
നെഞ്ചിലിറ്റിയാൽ ആ വെളിപാടാൽ നിറഞ്ഞാൽ പ്രണയമെത്ര ലളിതം !
രതിബന്ധം കർമ്മമണ്ഡലത്തിലെ അനിവാര്യതക്ക് അനുസൃതമാകാം, പക്ഷേ അത് യഥാർത്ഥ പ്രണയത്തിന്റെ തോൽവിയായ് തീരും.
സംഗമഭൂവിലെത്താൻ വളഞ്ഞു മൂക്കു പിടിക്കുന്നതു പോലെയാണ് കമിതാക്കൾ
പെരുമാറുന്നത്, പ്രണയത്തിൽ വളഞ്ഞ വഴികൾ ധാരാളമല്ലോ !
റോസാപുഷ്പമായ് വിരിഞ്ഞപ്പോൾ നീ സമീപം മുള്ളുകൾ പാകി !
കൂർമ്മമായ് പുനർജനിച്ചപ്പോൾ നീ പുറംതോടിന് ഉള്ളിൽ ഒളിച്ചു!
പ്രണയത്തെ എളുതാക്കാനല്ല മറിച്ച് പ്രയാസകരമാക്കാൻ നീ സദാ തുനിഞ്ഞു !
ഒളിക്കാൻ പുറംതോട് ഉണ്ടാകുന്നത് പ്രണയത്തിലെ പുനർജനിയുടെ പ്രത്യേകതയാണ്.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഈയിടെയാണ് ഒരു യുകെ മാന്യനെന്ന് സ്വന്തമായി അവകാശപ്പെടുന്ന ഒരാൾ എന്തൊക്കെയോ ഒരാവേശത്തിന് എന്നെ പറ്റി വിളമ്പി കൂട്ടുന്നത് കണ്ടത് .
എഴുത്തുകാർക്ക് അയാൾ വച്ചിരിക്കുന്ന പോളിസി ആൻഡ് പ്രൊസീജ്യൂഴ്‌സ് പലവിധമാണ് . എഴുത്തു കാർ അങ്ങനെ ആയിരിക്കണം ഇങ്ങനെ ആയിരിക്കണം .
യുകെയിൽ ഇന്നലെ വന്ന് പെട്ട ഒരു യുവതി ലണ്ടൺ സിറ്റിയുടെ ആശ്ചര്യങ്ങളെ കുറിച്ച് കണ്ണ് തള്ളി എഴുതിയതാണ് അയാൾക്ക് പിടിക്കാതെ പോയത് ……..
ഒരു എഴുത്തു കാരിയെ സംബന്ധിച്ചിടത്തോളം ലണ്ടന്റെ മാസ്മരികത ഒന്നോ രണ്ടോ എഴുത്തിൽ തീരുന്നവയല്ല.
പിന്നെ ഞാനിന്ന് യുകെയിൽ വന്ന് ഏകദേശം 15 വർഷത്തിലേറെയായി . വന്ന നാൾ മുതൽ ഇന്ന് ദേ ഈ എഴുത്തു എഴതി തീർക്കുന്ന ഈ സമയം പോലും ലണ്ടനിലിരുന്നാണ് . പിന്നെ കണ്ട ലണ്ടൻ കാഴ്ചകളെക്കുറിച്ചു ഈ പതിനഞ്ചു വർഷത്തിന് ശേഷം എഴുതാൻ കാര്യം . ഇവിടെ വന്നിറങ്ങിയ നാളുകളിലൊന്നും ഈ നഗരത്തിലെ കാഴ്ചകൾ ഞാൻ കണ്ടിരുന്നില്ല എന്നതാണ് സത്യം . കാഴ്ചകൾക്ക് മുകളിൽ ബാധ്യതകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായിരുന്നു . ആ കൂമ്പാരം എന്റെ കാഴച്ചകളെ അത്ര എളുപ്പമാക്കി തന്നിരുന്നില്ല .
ചിലരുടെ ജീവിതം അങ്ങനെ ഒക്കെ ആണ് . വെറും 200 പൗണ്ട് കൊണ്ട് യുകെ യിൽ ഒറ്റക്ക് വന്നിറങ്ങിയ ഒരാളാണ് ഞാൻ . കയ്യിലുള്ളത് തീർന്നാൽ വീട്ടിൽ ചോദിച്ചാൽ അവരുടെ കയ്യിൽ തരാനില്ല എന്ന തിരിച്ചറിവ് ഞാൻ പണ്ടേ നേടിയിരുന്നു . ആ പച്ചയായ സത്യം അറിയാവുന്ന ഞാൻ അന്നത്തെ കാലത്തു ഒരു ക്വിൽട് മേടിക്കാൻ പത്തു പൗണ്ട് കൊടുത്താൽ ബാക്കി 190 പാണ്ടല്ലേ കയ്യിലുള്ളു എന്നോർത്തു തറയിൽ തണുപ്പിൽ പലനാൾ ചുരുണ്ടു കൂടിയിട്ടുണ്ട് .
കാരണം അന്നൊക്കെ സൗത്തെന്റിൽ നിന്ന് ലണ്ടനിലേക്ക് പഠിക്കാനായി എന്നും യാത്ര ചെയ്യാൻ ഒരു ദിവസം കുറഞ്ഞത് പതിനാറു പൗണ്ട് വേണം . ജോലിയില്ല , ജോലി തപ്പി പിടിക്കണം .
അങ്ങനെ ജോലിയില്ലാത്ത ഞാൻ , കയ്യിലുള്ള ഓരോ പൗണ്ടും താഴെ വീഴുന്ന ഒച്ച നന്നായി കേട്ടിരുന്നു. കയ്യിലുള്ള ഓരോ പൗണ്ടും ഓരോ വജ്രങ്ങൾ പോലെ എനിക്കന്ന് എനിക്കനുഭവപെട്ടിരുന്നു .
അന്നൊക്കെ ഒരു പൗണ്ടിന് ഒരു ബൗൾ നിറച്ചു പഴം കിട്ടും . 80 പെൻസിനു ഒന്നേകാൽ ലിറ്റർ പാൽ കിട്ടും . 60 പെൻസിനു ഒരു പാക്കറ്റ് ബ്രെഡ് കിട്ടും . ഒരു പൗണ്ടിന് 6 മുട്ട കിട്ടും. അപ്പൊ പറഞ്ഞു വന്നത് അന്നത്തെ കാലത്തു ഒരാഴ്ച വയറു നിറച്ചിരുന്നത് ഏകദേശം രണ്ടര പൗണ്ട് കൊണ്ടായിരുവെന്നാണ് . ഒരിച്ചിരി അരിയോ കറിവെക്കാനോ മേടിക്കാൻ അന്നത്തെ പേഴ്‌സ് എന്നെ അനുവദിച്ചിരുന്നില്ല . ഞാനൊട്ട് വീട്ടുകാരേ അറിയിച്ചിരുന്നുമില്ല. എന്റെ കൂടെ എന്നെ കൂടാതെ ആറു കുട്ടികൾ കൂടെ താമസിച്ചിരുന്നു. അവരുടെ അവസ്ഥ എന്നെക്കാളും മെച്ചപ്പെട്ടതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.
അന്നത്തെ വിസാ വാഗ്ദാനക്കാരുടെ പ്രോമിസനുസരിച്ചു യുകെയിൽ വന്നിറങ്ങിയാൽ ഉടനെ ജോലിയാണ് . ആ വിശ്വാസത്തിൽ നാട്ടിൽ നിന്ന് വണ്ടി കയറിയ എന്റെ മനസ് മുഴുവൻ യുകെയിൽ വന്ന് ഫ്ലൈറ്റിറങ്ങിയ ഉടനെ ആ ക്ഷീണം വച്ച് അന്ന് തന്നെ എങ്ങനെ ജോലിക്കു പോകുമെനന്നായിരുന്നു. അത് ചിന്തിച്ചു വന്നിറങ്ങിയ എനിക്ക് ഏകദേശം മൂന്നു മാസങ്ങൾ കഴിഞ്ഞു ചെറിയ ഒരു ജോലി കിട്ടാൻ .
ജോലിയില്ലാത്ത ആ നാളുകളിൽ എങ്ങനെയെങ്കിലും ഒരു ജോലി കിട്ടുക എന്നതായിരുന്നു ജീവിത ലക്‌ഷ്യം . അത് ലക്ഷങ്ങൾ ഉണ്ടാക്കാനുള്ള കോരിത്തരിപ്പ് കാരണമല്ല . മറിച്ചു നന്നായൊന്നു വയറു നിറക്കാൻ , മൂടിപ്പുതച്ചൊരു രാത്രിയേലും നന്നായി ഒന്ന് ഉറങ്ങാൻ . കെട്ടിയവനേം കൊച്ചിനേം ഒന്ന് കൂടെ കൊണ്ട് വരാൻ …
അങ്ങനെ ജോലി തപ്പി ജോലി തപ്പി മടുത്തു . (അതിന്റെ കഥ ഒന്നൊ രണ്ടോ എഴുത്തിൽ തീരുന്നവ അല്ല അത് പിന്നെ പറയാം. )അവസാനം തണുപ്പിന്റെ ആഘാതം സഹിക്കവയ്യാതെ എന്തും സഹിച്ചു ഒരു ക്വിൽട് വാങ്ങാൻ പ്രിമാർക്കിൽ പോയി . അന്നത്തെ കാലത്തു ഏറ്റവും ചീപ്പായി തുണികിട്ടുന്ന കട വേറെ ഇല്ലായിരുന്നു . പ്രിമാർക്കിൽ ഞങ്ങൾ അഞ്ചു പേരും കൂടിയാണ് പോയത് . ഞങ്ങളിൽ ആർക്കും തന്നെ ജോലി ആയിരുന്നില്ല . എന്തോ ഒരു ധൈര്യത്തിന് ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ചൈനീസിനോട് ഒരു ജോലി തരപ്പെടുത്തി തരാമോ എന്ന് ചോദിച്ചു . കേട്ട പാതി കേൾക്കാത്ത പാതി പുള്ളി ആപ്ലിക്കേഷൻ ഫിൽ ചെയ്യിപ്പിച്ചു , CRB അയച്ചു , രണ്ടാഴ്ചക്കുള്ളിൽ ജോലിയിൽ പ്രേവേശിച്ചോളു എന്ന് പറഞ്ഞു . ജോലി വേറൊന്നുമല്ല പ്രിമാർക്ക് ക്ളീനിങ് ആണ് . കട തുറക്കുന്നതിന് മുമ്പേ കട ക്ളീൻ ചെയ്യാൻ സഹായിക്കണം . മണിക്കൂറിന് അഞ്ചു പൗണ്ട് കിട്ടും . പേഴ്‌സിന്റെ കനം നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ അതിന് സമ്മതിച്ചു .അങ്ങനെ ആ ജോലി കിട്ടുന്നതിന് മുമ്പുള്ള രാത്രി ഞാൻ ഉറങ്ങിയില്ല …..കട ക്ളീൻ ചെയ്യുന്നതായിരുന്ന മനസ് മുഴുവൻ . ..
ആ രാത്രിയിൽ ഞാൻ എന്നെ പത്തു വയസായിട്ടും ഒക്കത്തുന്നു താഴെ വെക്കാതെ വളർത്തിയ അമ്മച്ചിയെ ഓർത്തു …..
മുമ്പിലുള്ള ചെറിയ കല്ലുപോലും കാലുകൊണ്ട് തട്ടി മാറ്റി വീഴാതെ നടത്തിയ അപ്പച്ചനെ ഓർത്തു ….
ഒരു കടയിൽ പോലും ഇതുവരെ വിടാത്ത , പച്ചക്കറി അരിഞ്ഞാൽ പോലും കൈമുറിയുമെന്ന് പറഞ്ഞു കത്തി തട്ടി മേടിച്ചു അരിഞ്ഞു തരുന്ന കെട്ടിയോനെ ഓര്ത്തു …….മാതാവേ ആ ജോലിക്കെന്നെ കൊണ്ടുപോകരുതേ എന്ന് അറിയാതെയേലും ഞാൻ പ്രാർത്ഥിച്ചു.
അത്ഭുതകരമെന്ന് പറയട്ടെ , പിറ്റേദിവസം തന്നെ , കട ക്ലീനിങ്ങിനു പോകുന്നതിന് മുമ്പേ തന്നെ നല്ല ഒരു പോഷ് ഇഗ്ളീഷ് നേഴ്‌സിങ് ഹോമിൽ ജോലികിട്ടി . അവിടെ കൊണ്ട് സന്തോഷം തുടങ്ങിയോ എന്ന് ചോദിച്ചാൽ ഇല്ല …….
ലണ്ടനിൽ പോക്ക് പിന്നേം തുടർന്നു …..
ഡിഗ്രികളുടെ സർട്ടിഫിക്കറ്റുകളുടെ എണ്ണവും കനവും കൂടി കൂടി വന്നു ….
അച്ചായനും മൂത്ത കോച്ചും കൂട്ട് വന്നു ….
മക്ഡൊണാള്സ് ഹ്യൂമൻ റിസോർസ് മാനേജ്‌മന്റ് ഉൾപ്പെടെയുള്ള നല്ല നല്ല ജോലി വാഗ്നനങ്ങൾ തേടി വന്നെങ്കിലും വിസ ഒരു വില്ലനായി തളർത്തി ….
കഷ്ടപ്പെട്ട് കയ്യിൽ വന്ന് ചേർന്ന 25 ലക്ഷങ്ങൾ ഒരു രാത്രികൊണ്ട് ചോർത്തിയെടുത്തു വർക്ക് പെർമിറ്റുകൾ ജീവനെടുക്കുന്ന വിനകളായി ….
ഇനി എന്ത് ചെയ്യുമെന്നോർത്തു ഉറങ്ങാത്ത രാത്രികൾ ….
പിന്നെയും തപ്പി പിടിച്ച ജോലികൾ, തപ്പി പിടിച്ച വർക്ക് പെർമിറ്റുകൾ അങ്ങനെ പലതും തട്ടി തെറിപ്പിക്കാൻ കോട്ടിട്ട പല മലയാളികൾ പ്രേമുഖരും തന്നെ മുന്നണിയിൽ നിന്നിരുന്ന നാളുകൾ
….
കാലം പിന്നെയും വ്യത്യസ്ത കാഴ്ചകൾ ഒരുക്കി …
കെയർ ഹോം മാനേജർ ആയി ….
ന്യൂട്രീഷനിസ്റ്റായി …..
ഡിസ്ചാർജ് കോ ഓർഡിനേറ്റർ ആയി ….
രെജിസ്റ്റഡ് നേഴ്‌സായി …..
വീടായി …..
വണ്ടികളായി ….
അവാര്ഡുകളായി …..
പഠിച്ച യൂണിവേഴ്സിറ്റിയിൽ തന്നെ വാൾ ഓഫ് ദി ഫെയിം ആയി ….
ഇന്നൊന്നുമെന്നെ മാനസീകമായി തളർത്തുന്നതൊ…അതിശയിപ്പിക്കുന്നോ ഇല്ല ….
ജീവിതമെന്നേ മാനസികമായും ചിന്താപരമായുമൊക്കെ ഉരുക്കി വാർത്തു …. ഇന്ന് ഞാൻ എന്നെതന്നെ പോളിഷ് ചെയ്യുന്ന തിരക്കിലാണ് ….
ഇന്നെനിക്ക് തൊടിയിൽ ഒരു പൂവിരിഞ്ഞാൽ കൂടി സന്തോഷമാണ്
അതിനിടയിൽ ഇമ്മാതിരി കീടങ്ങളുടെ പുകഴ്ത്തലുകളോ …..
ചോറോച്ചിലുകളോ എന്നെ തെല്ലും മാന്താൻ പ്രേരിപ്പിക്കുന്നില്ല …..
അപ്പോൾ ഞാൻ അയാളോടായ് പറഞ്ഞു വന്നത് ഇന്ന് ഞാൻ ഇത് എഴുതി തീർക്കുന്നതും ലണ്ടൻ സിറ്റിയിൽ തന്നെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ ലണ്ടൻ ഐ യും ബിഗ്ബെന്നും പാർലമെന്റും കണ്ടോണ്ട് ജോലി സ്ഥലത്തിരുന്നാണെന്ന് ആണ് …..
(ഈ കഥയെല്ലാം ജീവിതത്തിന്റെ ആട്ടും കാട്ടത്തിന് സമാനമായ ഒരു ചെറിയ ഭാഗം മാത്രം
ജേക്കബ് പ്ലാക്കൻ
അപ്പത്തിന്റെ നാട് ബെത്‌ലഹേം ..!സ്വയം
അപ്പമായിതീർന്നവന്റെ
ബെത്‌ലഹേം..!
സ്നേഹത്തിൻ മധുരാന്നം പൊഴിഞ്ഞനാട് ..!
ത്യാഗത്തിൻ കുഞ്ഞാടാദ്യം ചിരിച്ച വീട് ..!
വിശ്വകർമ്മനായി വളർന്നവൻ
വിശ്വവിളക്കായി തീർന്നു ..!
വിണ്ണിലെ സ്നേഹഗാഥകനായവൻ
മണ്ണിലേക്ക് സ്വർഗവാതിൽ തുറന്നു ..!
ഇടയർക്കുള്ളിൽ പുതുമഴപോലോരീണം നിറഞ്ഞു ..
ആടുകളാലകളിൽ സ്നേഹം ചുരത്തി ..!
പതിതർ സ്വപ്‍നങ്ങൾ കണ്ടു ..
പുലരികളിൽ പ്രതീക്ഷവിരിഞ്ഞു ..!
കാലം ചരിതത്തെ രണ്ടായി പിളർത്തി ..!
കുരിശ്ശ് സ്നേഹത്തിൻ ശേഷിപ്പായി തീർന്നു ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. 2023 -ലെ മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്
Phone # 00447757683814
വിനോദ് വൈശാഖി
ഓരോ പെണ്ണിലും
ഓരോ സൂര്യോ ദയമുണ്ട്.
പുരികക്കളിയാൽ
ഹൃദയത്തെ ഒടിച്ചു മടക്കി
ഓരോ ആണിനെയും
ചുരുട്ടിയെറിയുന്ന
പുരികങ്ങൾക്കിടയിലെ
സൂര്യോദയം.
രണ്ടു ചുരിക പോലെ
വാൽ കൂർപ്പിച്ച്
നടുവിൽ പരിച പോലെ
പയറ്റുന്ന സൂര്യൻ
പുരിക വില്ലുകളാൽ
എയ്തെയ്ത്
അശോകവും
അരവിന്ദവും ചൂതവും
നവമാലികയും
മേലാകെ
കൊതിച്ചു വിടരാതെ
തടുത്തു
രണ്ടു കുന്നുകൾ പോലെ
പുരികങ്ങൾ
രാത്രിയിലെ മങ്ങലിൽ നിന്നും
പ്രഭാതത്തിലേക്കൊരു
വിടരൽ.
കാർമേഘങ്ങളുടെ
മണം കൊഴിഞ്ഞ
കടലിൽ നിന്നും
ചാടിയെഴുന്നേറ്റ്
സ്ഫടികത്തുള്ളികളാൽ
ഉടലെഴുതി
കാർമേഘക്കുതിരകളെ
ചുരുട്ടിക്കെട്ടി
പുരികക്കുന്നിലേക്ക്
വലം കയ്യാലൊരു
സൂര്യനെ വച്ച്
നെടുനീളത്തിലവൾ
ചുവന്നു
ചോറ്റുപാത്രത്തിലേക്കും
മകൻ കിളിയായ് പറക്കും
പാഠശാലയിലേക്കും
ഊളിയിട്ട്
അവൾ സൂര്യനെ ഉയർത്തി
ഒറ്റപ്പുരികം പോലെ
മേൽക്കൂര
മഴക്കൂരയായ
കലികയറിയ
പ്രഭാതത്തിൽ
പുരികക്കൂനകളിലേക്ക്
പനി പിടിച്ച സൂര്യൻ
ഓരോ പെണ്ണിലും
ഓരോ സൂര്യാസ്തമയമുണ്ട്
അവളുടെ
ജലപ്പൂവുകൾക്കിടയിൽ
സൂര്യൻ
അസ്തമിക്കുന്ന ഒരു ദിവസം
ഉള്ളഴിഞ്ഞ്പടപടാന്ന്
പിഴിഞ്ഞ് ചുവന്ന്
കടലാഴത്തിലേക്കെടുത്തു ചാടി
തണുക്കുന്ന അസ്തമയം
പുരികങ്ങൾക്കിടയിലേക്ക്
ഏന്തി വലിഞ്ഞ്
നാളെയും
ഒന്നുദിക്കണം.
വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ
പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021)
ബാബുരാജ് കളമ്പൂർ
കടലൊരെണ്ണം ഞാൻ കുടിച്ചു തീർത്തിട്ടും
കരളിലെയഗ്നിയണഞ്ഞതേയില്ല..
ഒരു തുലാവർഷം നനഞ്ഞു തീർത്തിട്ടും
ഹൃദയത്തിൻ താപം കുറഞ്ഞതേയില്ല..
കനൽ പുകയുന്ന മൊഴികൾ കേട്ടുകേ-
ട്ടുരുകിപ്പോയൊരെൻ ചെവിപ്പടിക്കൽ നിൻ
നനുത്ത വാക്കുകൾ പിടഞ്ഞു വീണതും..
മരിച്ച മോഹത്തിൻ ചുടലച്ചാമ്പലും
വഹിച്ചൊരു കാറ്റു കിതച്ചണഞ്ഞെന്റെ
മനസ്സിൻ വാതില്ക്കൽ കരഞ്ഞു നിന്നതും…
തുരുമ്പു കേറിയ മണിച്ചിത്രത്താഴു
തുറക്കാനാവാതെ തിരിച്ചു പോയതും..
അറിഞ്ഞതില്ല ഞാൻ.. ഉണർന്നതില്ല ഞാൻ.
കനത്ത ഖേദത്തിലുറഞ്ഞുപോകയാൽ..
കരയുവാൻ പോലുമരുതാതെ മൗന
ച്ചിതല്പുറ്റിന്നുള്ളിലൊളിച്ചിരിക്കുമ്പോൾ..
ഒഴുകിപ്പോയൊരപ്പഴമ്പുഴതന്റെ
സ്മരണകൾ തേടിപ്പറക്കും ഹൃത്തിലെ
ക്കിളികളൊക്കെയുമുറക്കെക്കേഴുമ്പോൾ..
കനവുകൾ വറ്റിക്കവിതയും വറ്റി
പ്പുതിയകാലത്തെപ്പുതിയ രീതിക-
ളറിയാതങ്ങനെ തളർന്നിരിക്കുമ്പോൾ..
മരിക്കും ഹൃത്തിന്റെ മിടിക്കും കോണിൽനി-
ന്നൊരു ചെറുകിളി ചിറകടിക്കുന്നു.
ഇരുണ്ട രാവിലെച്ചെറു മിന്നാമ്മിന്നി
ത്തിളക്കംപോലെ വന്നടുത്തു കൂടുന്നു.
കരൾ കൊത്തിത്തുറന്നകത്തു കേറിയ-
ക്കിളി പ്രതീക്ഷതൻ വചനമോതുന്നു.
ഇരുളു മാ,ഞ്ഞിറ്റു വെളിച്ചം വീശുന്ന
പുതുപ്രഭാതത്തിൻ പടം വരയ്ക്കുന്നു.
അതു കാണാൻ മനം കൊതിച്ചു ഞാനെന്റെ
തെളിയാക്കണ്ണുകൾ തിരുമ്മിനോക്കുന്നു..
അഴലിൻ പാടകൾ വലിച്ചുനീക്കി ഞാൻ
തിമിരം മാറ്റുവാൻ ശ്രമം നടത്തുന്നു..
ബാബുരാജ് കളമ്പൂർ
കവി / നോവലിസ്റ്റ് / പരിഭാഷകൻ.
തമിഴ്, മലയാളം എന്നീ ഭാഷകളിൽ എഴുതുന്നു.
മഹാഭാരതം,വാല്മീകിരാമായണം എന്നിവയുടെ സമ്പൂർണ്ണ പുനരാഖ്യാനങ്ങൾ..
കല്ക്കിയുടെ ശിവകാമിയിൻ ശപഥം, പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ,
തമിഴ്നാട് മുൻ മുഖ്യമന്ത്രി,എം കരുണാനിധിയുടെ തിരുക്കുറൾ വ്യാഖ്യാനം എന്നീ കൃതികളുടെ മലയാള പരിഭാഷ.. വാരണാവതം, തീമഴക്കാലം , പശ്ചിമായനം എന്നീ നോവലുകൾ, ഇവയുൾപ്പടെ ഇരുഭാഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്.
എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂരിൽ താമസം.
ജേക്കബ് പ്ലാക്കൻ
ഓക്ക്മരചില്ലകൾ സന്ധ്യശോഭ ചൂടുന്നപ്രകൃതിയിൽ ..!
ഒക്കെയും ഓക്കിലകൾ പൊന്നിൻ മഞരിക്കൊന്ന പോലാക്കും ഋതുവിൽ ..!
പച്ചപ്പട്ട് വിരിച്ചമണ്ണിലെ സ്വർണ്ണപ്പതക്കങ്ങൾപോലവ നിലംപറ്റും തണുപ്പിന്റെ സായന്തനത്തിൽ ..!
പച്ചമരങ്ങൾ പഴുത്തിലകളാൽ ഭൂമിക്ക് പൂവാടതീർക്കുന്ന ശിശിരഭംഗിയിൽ ..!
പ്രണയ മന്ത്രങ്ങൾ മറന്ന് ശലഭങ്ങൾ പ്രണവധ്യാന പ്രണാളങ്ങളിലാഴവേ ..!
പ്രച്ഛന്നവേഷത്തിൽ ഭൂമിയൊരു പഞ്ചശരനായി പരബ്രഹ്മത്തിലമരവേ .!
നാമ്പ്മുളക്കാത്ത പുല്ലുകൾ വേരറ്റുവീണുപിടയും ശീത വിരിപ്പിന്റെ മേടുകളിൽ ..
നാഭിയിൽ തുടികൊള്ളും ഹേമന്തരാത്രിതൻ പരാഗണയണുവിന്റെ ഉൾപുളകങ്ങളാൽ മേയും ചെമ്മരിയാടിൻ പ്രതീക്ഷപോൽ ..!പ്രഭാതങ്ങളിലുടയാത്ത മഞ്ഞുതുള്ളികളിൽ മിഴിവാർത്തുണരുന്ന വൃശ്ചികവൃതപുണ്യങ്ങളിൽ ..!
ശിശിരനിദ്രയിലമരും ശുഭസ്വപ്‌നങ്ങളുടെ മഞ്ഞുമണി മഞ്ചലിൽ ..!
ശിശുവിനാദ്യനിലവിളിയിൽവിരിയും അമ്മതന്നാനന്ദസ്മിതംപോൽ …
മഞ്ഞിൽ മുളയിട്ടു വിരിയും ട്യൂലിപ്പിൻവാസന്ത മുകരങ്ങൾക്കായി ..
പട്ടുനൂലിന്റെ കോട്ടിനുള്ളിൽ ഞാനുറങ്ങട്ടെയീ ശിശിരകാലമൊക്കയും …
പട്ടുനൂൽപ്പുഴുവിൽ നിന്നൊരു ചിത്ര ചിറകുകളുള്ള ശലഭമായി
ആകാശമാകെ പറന്നുയുരുവാൻ ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814