literature

ഷെറിൻ യോഹന്നാൻ

“നീയൊക്കെ എത്രനാൾ ഞങ്ങളെ പറ്റിച്ചു നടക്കുമെടാ?” ആ ശബ്ദം കേട്ട് രണ്ട് പേരുമൊന്ന് ഞെട്ടി. തിരിഞ്ഞുനോക്കും മുന്നേ ഇടതും വലതുമായി കാക്കി പാന്റ്സിട്ട കാലുകൾ നിരന്നുകഴിഞ്ഞു. കൂട്ടത്തിൽ നീളമുള്ളവന്റെ തോളിൽ ഇട്ടിരുന്ന ബാഗിലും പിടിവീണു. ഒന്ന് കുതറിയെങ്കിലും ഓടാൻ കഴിഞ്ഞില്ല. കാരണം ആ കൈകൾ വല്ലാതെ പിടിമുറുക്കിയിരുന്നു. കഴുത്ത് ഞെരിഞ്ഞമർന്നു. രക്തയോട്ടത്തിന്റെ വേഗത കുറയുന്നതായി അവനു തോന്നി. വലത്തോട്ട് കണ്ണ് വെട്ടിച്ചു നോക്കിയപ്പോൾ കൂടെയുണ്ടായിരുന്നവന്റെ കൈകൾ പുറകിൽ കെട്ടിവെച്ച അവസ്ഥയിൽ. ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല. അതിരാവിലെ ആണെങ്കിലും ഇരുവരും വിയർത്തു പോയി. ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വന്നു. “മോഷണക്കേസിലെ രണ്ട് പ്രതികളെയും പിടിച്ചു സർ.”

2
ഒരാഴ്ച മുമ്പ്

“ഹലോ.. സാറെ, മെമ്പർ രമേശനാണെ… ഇത് എന്ത് പരിപാടിയാ സാറെ.. ഈ മാസം ഇത് നാലാമത്തെ വീടാ. ഇങ്ങനാണേൽ നാട്ടുകാർ സ്വസ്ഥമായിട്ട് എങ്ങനെ കിടന്നുറങ്ങും. ഇപ്പോ അവൻ ആളില്ലാത്ത വീട്ടി കേറി കക്കുന്നു. നാളെ ഉറങ്ങുന്നോന്റെ തല തല്ലിപൊളിച്ച് കട്ടോണ്ട് പോയാലോ… സാറുമാർക്ക് വരാൻ പറ്റുവെങ്കി വന്ന് അന്വേഷിക്ക്.” മറുപടിക്ക് കാത്തുനിൽക്കാതെ ഫോൺ കട്ട് ചെയ്ത മെമ്പറുടെ ധാർഷ്ട്യത്തിലുള്ള അമർഷം മനസ്സിൽ കടിച്ചമർത്തികൊണ്ട് നൂറനാട് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം അയച്ചു. നാലാമത്തെ വീടും മോഷ്ടിക്കപ്പെട്ടുവെന്ന് അറിഞ്ഞതോടെ കേസിന് പുറകെ ഉണ്ടായിരുന്ന ഏമാൻമാർ ജീപ്പെടുത്ത് ഇറങ്ങി.

3
നൂറനാടിന് സമീപം പടനിലം. ഇരുനില കെട്ടിടമാണ്. വീട്ടിൽ ആളില്ല. രണ്ട് ദിവസം മുമ്പ് ബന്ധുക്കാരുടെ ആരുടെയോ കല്യാണത്തിന് പോയതാണെന്ന് മെമ്പർ പറഞ്ഞു. മോഷണം നടന്നതറിഞ്ഞിട്ടും അധികം ആളുകൾ കൂടിയിട്ടില്ല. പുതിയൊരു കാര്യം അല്ലാത്തതിനാൽ ആവാം മെമ്പറും പത്രക്കാരനും വീട്ടുമുറ്റം തൂത്തിടാൻ എത്തിയ സ്ത്രീയും വോളിബോൾ കളിക്കാൻ പോയ കുറച്ചു പിള്ളേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളില്ലെങ്കിലും മുറ്റം തൂത്തിടാൻ പതിവ് പോലെ സ്ത്രീ എത്തും. ഗേറ്റിന്റെ താക്കോൽ ഇപ്പോൾ അവരുടെ കൈവശം മാത്രമേ ഉള്ളൂ. ഇന്നലെ രാത്രിയിലെ മഴയ്ക്ക് റോഡിലേക്ക് ചാഞ്ഞ ബോഗയിൻവില്ല നേരെ പിടിച്ചു കെട്ടിവയ്ക്കുന്നതിനിടയിലാണ് മതിലിൽ കാൽപാടുകൾ ശ്രദ്ധിച്ചത്. ചെളി ചവിട്ടിയ ചെരുപ്പിന്റെ പാടുകൾ മതിൽ കയറി പോയിരിക്കുന്നു.വീടിനുള്ളിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. എന്തെങ്കിലുമൊരു തെളിവ് തേടി വീടും പരിസരവും ചികയുന്നതിനിടയിലാണ് കടിച്ചുമുറിച്ച രീതിയിൽ ഒരു ബസ് ടിക്കറ്റ് വീടിന്റെ പടിയോട് ചേർന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. രാത്രിയിലെ മഴ നനയാത്ത ടിക്കറ്റ്. മഴ രാത്രി 11 മണി വരെ ഉണ്ടായിരുന്നു. രാവിലെ ഇവിടെ നിൽക്കുന്ന ആരും ബസിൽ കയറി വന്നിട്ടുമില്ല. രാത്രി 11 കഴിഞ്ഞ് ഇവിടെ എത്തിയ ആരുടെയോ കയ്യിൽ ഉണ്ടായിരുന്ന ടിക്കറ്റ്. രാജൻ സാറിന് ആവേശമായി. ഒന്നിൽ പിഴച്ചാൽ മൂന്ന്… അല്ല നാല്. ഇതെങ്കിലും ഒത്തുവരണേ… ടിക്കറ്റും കൈയിൽ പിടിച്ച് രാജൻ സാർ മനസിലോർത്തു.

4
മുറിഞ്ഞ ടിക്കറ്റ് കഷ്ണങ്ങൾ കൂട്ടിവെച്ച് നോക്കി. കെഎസ്ആർടിസി ബസ് ടിക്കറ്റ് ആണ്. പലയിടത്തേയും മഷി മാഞ്ഞുപോയിട്ടുണ്ട്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ടിക്കറ്റാണെന്നു മനസിലാക്കാൻ ഉള്ള വിവരം അതിൽ ഉണ്ടായിരുന്നു. കൊല്ലം ഡിപ്പോയിലേക്ക് അന്വേഷണം നീണ്ടു. ഫെയർ സ്റ്റേജ് നോക്കി ബസിന്റെ റൂട്ടറിഞ്ഞു. രാത്രി വൈകിയുള്ള ബസ് ആണ്. ചിറ്റുമലയിൽ നിന്നുള്ള ഫെയർ സ്റ്റേജ് നിരക്കാണ് ടിക്കറ്റിലെന്ന് അറിഞ്ഞതോടെ രാത്രി യാത്രക്കാരനായ ആനവണ്ടിയുടെ കണ്ടക്ടറെ തേടി പോലീസ് എത്തി. “ചിറ്റുമലേന്ന് മൂന്നു ദിവസം മുമ്പ് രണ്ടുപേര് കേറിയാരുന്നു സാറേ.. തൊപ്പി വെച്ച ഒരാളും തലേലൂടെ തോർത്തിട്ട നീളവൊള്ള ഒരാളും. അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തെങ്കിലും ഛർദിക്കാൻ വരുന്നെന്ന് പറഞ്ഞ് പടനിലത്ത് ഇറങ്ങി.”

5
ചിറ്റുമല ബസ് സ്റ്റോപ്പിന്റെ എതിർവശത്തെ കടയിൽ റോഡിലേക്ക് നോക്കി നിൽക്കുന്ന ഒരു സിസിടിവി ക്യാമറ ഉണ്ട്. ദൃശ്യങ്ങൾ തിരഞ്ഞപ്പോൾ രാത്രി 12:30ന് തൊപ്പിവെച്ചവനും തോർത്തിട്ടവനും ബസ് കയറിപോകുന്നത് കണ്ടു. തിരികെ എത്തിയത് രാവിലെ 6:15 ന്റെ ബസിൽ. ചിറ്റുമലയ്ക്ക് അടുത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന രണ്ട് പേരാണ് അതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബാഗും തോളിൽ ഇട്ട് രാവിലെ ബസ് ഇറങ്ങി നടന്നുവരുന്ന രണ്ടുപേരെ മീൻക്കാരൻ അന്ത്രപ്പൻ ചേട്ടനും കണ്ടിട്ടുണ്ട്. തന്നെയും മീൻവണ്ടിയെയും സിസിടിവിയിൽ കണ്ടത് അന്ത്രപ്പൻ ചേട്ടനങ്ങ് ഇഷ്ടപ്പെട്ടു.

6
കുമ്പളം രാജീവിന്റെ ഉടമസ്ഥയിലുള്ള വീട്ടിലാണ് ചെറുപ്പക്കാർ രണ്ടും കഴിഞ്ഞിരുന്നത്. രാജീവിന്റെ മകൻ സനലിനെ ഈ ചെറുപ്പക്കാരോടൊപ്പം കണ്ടവരുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് കഞ്ചാവ് കേസിൽ സനൽ അകത്തു കിടന്നതാണെന്ന് അറിഞ്ഞതോടെ അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ മുറിയെടുത്ത് ചിറ്റുമലയിൽ താമസമാക്കി. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഒന്നാം ഭാഗത്തിലെ കാര്യങ്ങൾ നടന്നത്. പാരിപ്പള്ളിയിൽ നിന്ന് ഓപ്പറേഷൻ കഴിഞ്ഞെത്തിയ ചെറുപ്പക്കാരെ ചിറ്റുമല ബസ്സ്റ്റോപ്പിൽ നിലയുറപ്പിച്ച സാറുമ്മാർ പിടികൂടി.
“മോഷണക്കേസിലെ രണ്ട് പ്രതികളെയും പിടിച്ചു സർ.” ആലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് വിളിയെത്തി. ആഗസ്ത് മാസത്തിലെ പ്രഭാതത്തിൽ വിയർത്തുപോയ ചെറുപ്പക്കാരുടെ കയ്യിൽ വിലങ്ങുവച്ച് രാജൻ സാറും സുഹൃത്തും ജീപ്പിനായി കാത്തുനിന്നു. “അടിച്ചുമാറ്റൽ ഒക്കെ കഴിഞ്ഞ് ഇത്രേം നേരം എവിടായിരുന്നെടാ?” രാജൻ സാറിന്റെ ചോദ്യത്തിന് തൊപ്പിക്കാരനാണ് അല്പം മടിച്ചു മടിച്ചു മറുപടി പറഞ്ഞത്. “ക്ഷീണം കാണത്തില്ലേ സാറേ… വണ്ടിയുടെ സൈഡ് സീറ്റിലിരുന്ന് തണുപ്പുമടിച്ച് പറ്റിയ വീട് നോക്കി ഇറങ്ങി പണി നടത്തുന്നതല്ലേ.. അവിടെ തന്നെ കിടന്ന് ഒന്ന് മയങ്ങും. രാവിലെ വേറെ സ്റ്റോപ്പീന്ന് ബസ് കേറി ഇങ്ങ് പോരും.” ചിരി വന്നെങ്കിലും രാജൻ സാർ ചിരിച്ചില്ല. തൊപ്പിക്കാരനെ ഒന്നുകൂടി മുറുക്കെ പിടിച്ചു.

ആഹ്.. അന്വേഷണ സംഘത്തിനും അവരുടെ ചികഞ്ഞെടുപ്പിനും ഒരു പേര് കൂടി ഉണ്ട്; ‘ഓപ്പറേഷൻ നൈറ്റ്‌ റൈഡർ’

Based on True Events

ഷെറിൻ പി യോഹന്നാൻ : പത്തനംതിട്ട മല്ലപ്പള്ളി മുക്കൂർ സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസം ഡിപ്ലോമ പൂർത്തിയാക്കി. ഇപ്പോൾ കേരള കൗമുദി ദിനപത്രത്തിൽ ലേഖകൻ. നാല് വർഷമായി ഫിലിം റിവ്യൂ എഴുതുന്നു.

ശ്രീലത മധു പയ്യന്നൂർ

ഓണം കേരളത്തിന്റെ ദേശീയോത്സവം. തിരുവോണം ഒരു നക്ഷത്രമാണ്. പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന നന്മയുടെ നക്ഷത്രം. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് എന്തൊക്കെ കാര്യങ്ങൾ കടന്നുവരുന്നുണ്ട് എല്ലാവരും ജാതി – മത – വർഗ്ഗ ഭേദമന്യേ ഒരുമയോടെ ആഘോഷിക്കുന്ന ഓണം ഒരു കാലത്ത് വീടിന്റെ നാടിന്റെ സമൃദ്ധിയായിരുന്നു.
“മാവേലി നാടു വാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ ”
അഴിമതിരഹിതമായ ഒരു കാലം. ഇന്ന് കള്ളവും ,ചതിയും , പൊളിവചനങ്ങളും കൊണ്ട് സമത്വ സുന്ദരത നഷ്ടപ്പെട്ട് ഒരു ഓണക്കാലം. കർക്കടകവറുതിയിൽ നിന്നും ചിങ്ങമാസ പുലരിയിൽ സമൃദ്ധിയും, ഐശ്വര്യവും ആഹ്ളാദവും അന്ന് . പക്ഷെ കർക്കടക മാസം കഴിഞ്ഞു കാർമേഘജാലങ്ങൾ പോകാൻ മടിച്ച് കലപില കൂട്ടുന്ന അന്തരീക്ഷം. അതുപോലെ തന്നെ ദാരിദ്ര്യം ചിലയിടങ്ങളിൽ കുറവു കാണാമെങ്കിലും രോഗങ്ങൾ കൂടുതലാണ്.
എന്തിരുന്നാലും പൊന്നിൻ ചിങ്ങമാസം ഒരു കാർഷിക സംസ്കൃതിയുടെ സ്മരണ നമ്മളിൽ ഉണർത്തുന്നു.
അന്നൊക്കെ ഓണ പൂക്കളത്തിനു വേണ്ട പൂക്കൾ തൊടിയിൽ തന്നെ ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് അന്യ സംസ്ഥാനങ്ങളെ പൂക്കൾക്കുവേണ്ടി ആശ്രയിക്കുന്ന ഒരു കാഴ്ച നമുക്കു കാണാം. പണ്ട് കർഷകരുടെ മനസ്സും പത്തായവും അറയും ഒക്കെ നിറയുമായിരുന്നു. ഇന്ന് എല്ലാം ഓർമ്മകളിൽ മാത്രം. ഭക്ഷണത്തിനു പോലും വിപണിയിൽ വൻ തിരക്ക് ഏതു തരത്തിലുള്ള ഭക്ഷണവും ലഭിക്കും. എന്തൊക്കെ ഓണക്കളികളാണ് പണ്ട് കൈക്കൊട്ടിക്കളി, തുമ്പി തുള്ളൽ , വള്ളംകളി, ഊഞ്ഞാലാട്ടം, ഓണത്തല്ല് തുടങ്ങി നീണ്ടു പോകുന്നു ആഘോഷങ്ങൾ . ഇന്ന് കുട്ടികളും മുതിർന്നവരും ചാനലുകളിലും, സ്മാർട്ട് ഫോണിലുമായി ഒതുങ്ങിക്കൂടുന്നു.
നമ്മുടെ സ്വപ്നങ്ങളിലുള്ള ഒരു നല്ല നാളെയാണ് ഓണം പ്രതിനിധാനം ചെയ്യുന്നത്.
ഓണമോർമ്മയിൽ നാലു വരി കുറിക്കട്ടെ,

ഓർമ്മയിലോടിയെത്തുന്നു
നിറം മങ്ങാത്തൊരോണ ദിനങ്ങൾ
കാറു മറഞ്ഞൊരാകാശം
പൂർണ്ണ ചന്ദ്രൻ ചിരിക്കുമാകാശം
എല്ലാരെയുമൊന്നുപോലെ കണ്ടു –
മാവേലി മന്നൻ വരുമ്പോൾ
പൊന്നരിയിട്ടെതിരേൽക്കാൻ
ഞാനുമണി നിരക്കുന്നു.

എന്തു മനോഹരമാണ് ആ ഓർമ്മകൾ . ഓരോ മലയാളിയും നാടിന്റെ ഓരോ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നു പോലും കുടുംബത്തിനൊപ്പം ഒത്തുചേർന്ന് ഓണം ആഘോഷിക്കുന്നു.
ദാരിദ്ര്യവും വിശപ്പും നിരാശയും രോഗങ്ങളും നമുക്ക് മറികടക്കണം. നന്മയെ ചവിട്ടിതാഴ്ത്തി തിന്മ വാഴാൻ ഒരിക്കലും നാം അനുവദിക്കരുത്. അതുകൊണ്ടു തന്നെ ഈ തിരുവോണനാളിൽ നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ഒരു കൊറോണയ്ക്കും ഒരു പ്രളയത്തിനും നമ്മുടെ പ്രതീക്ഷയെ തകർക്കാൻ പറ്റില്ല. മുറ്റത്ത് പൂക്കളമൊരുക്കുന്നതോടൊപ്പം മനസ്സിലും പൂക്കളമൊരുക്കാം. തോളോടു തോൾ ചേർന്ന് സൗഹാർദ്ദ മനസ്സോടെ സമൃദ്ധിയുടെ തണലിൽ ഒത്തു ച്ചേർന്ന് സ്നേഹത്തിന്റെ ഊഞ്ഞാലാട്ടം നടത്താം. എല്ലാവർക്കും പൊൻതിരുവോണാശംസകൾ

ശ്രീലത മധു

1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്

ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര

ശുഭ

എൻ മനസ്സിന്റെ കോണിൽ
പൂവിടാത്ത കനവുകളൊക്കെയും
ഏതോ ചില്ലകൾ തേടി യാത്രയായ് .
എൻ കനവുകൾ എങ്ങോ പോയ് മറഞ്ഞു.
എൻ മൂകമാം രാവുകൾ
പ്രണയത്തിരമാലകൾ ഏല്ക്കാതെ,
ജനിമൃതിയുടെ ആഴങ്ങളറിയാതെ
എൻ മിഴികളിൽ നിറഞ്ഞ കടലിൻ
ആഴങ്ങളിൽ നിദ്രയിലാണ്ടു പോയി.
പാൽപുഞ്ചിരിതൂകുന്ന നിൻ ചൊടികളും,
പൂക്കളം തീർക്കുന്ന കുരുന്നു കൈകളും ,
എൻ മടിത്തടിൽ ഉറങ്ങുന്ന നിൻ വദനവും
വെറും പാഴ്ക്കിനാവായി കൊഴിഞ്ഞിടുമ്പോൾ,
പോകുന്നു ഞാൻ എന്നിൽ പൂവിടാത്ത,
കനവിന്റെ ചില്ലകൾ തേടി …
പോകുന്നു ഞാൻ …
നിറവോടെ

ശുഭ : കേരള ഹൈക്കോടതിയിൽ ഐ.ടി സെക്ഷനിൽ സോഫ്റ്റ്‌വെയർ ടെക്നിക്കൽ ലീഡ് ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുകെയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി,നിറക്കൂട്ട്

ഭർത്താവ് – അജേഷ്

 

രാജു കാഞ്ഞിരങ്ങാട്

കോടക്കാറെല്ലാ,മൊഴിഞ്ഞുപോയി
കോടിയുടുത്തു വെൺമേഘമെത്തി
ചിന്നിച്ചിരിയാലെ ചിങ്ങമെത്തി
ചിത്രപദംഗങ്ങൾ കൂടെയെത്തി

ഒരുതുമ്പവന്നെൻ്റെ കാതിൽച്ചൊല്ലി
ഒരുതുമ്പിവന്നെൻ്റെ കാതിൽ മൂളി
വന്നുപോയ് വന്നുപോയ് ചിങ്ങമാസം
വന്നുപോയ് വന്നുപോയ് ഓണനാള്

അല്ലിയും മല്ലിയും കാത്തുനിന്നു
മുല്ലമലർ പല്ലുകാട്ടിനിന്നു
പിച്ചിയും, തെച്ചിയും, ചിറ്റാടയും
ചെമ്പകപ്പൂവും കുശലം ചൊല്ലി

മുക്കുറ്റി മഞ്ഞയുടുപ്പണിഞ്ഞു
കാക്കപ്പു കണ്ണെഴുതാനിരുന്നു
കിലുകിലേ കാശിത്തുമ്പ ചിരിച്ചു
നീൾമിഴി ശംഖുപുഷ്പമുണർന്നു

പൊന്നിൻകതിർക്കുല താളമിട്ടു
പച്ചപ്പനന്തത്ത പാട്ടു പാടി
വന്നുപോയ് വന്നുപോയ് ചിങ്ങമാസം
വന്നുപോയ് വന്നുപോയ് ഓണനാള്

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

മെട്രിസ് ഫിലിപ്പ്

പൂക്കാലം വന്നു പൂക്കാലം, തേനുണ്ടോ തുള്ളി തേനുണ്ടോ…

പൂക്കാലം വരവായ്. ചിങ്ങം പിറന്നു കഴിഞ്ഞു. മലയാള മക്കൾ ഓണത്തിനെ വരവേൽകാൻ ഒരുങ്ങി കഴിഞ്ഞു. ഓണക്കോടിയും, പൂക്കളവും, ഓണസദ്യക്കുള്ള ഒരുക്കങ്ങളും തുടങ്ങികഴിഞ്ഞു. ആർപ്പോ, ഇറോ എന്നുള്ള വിളികൾ ഉയർന്നു തുടങ്ങി. വള്ളം കളിയും, ഓണപാട്ടുകളും മൂളി തുടങ്ങി. ഓരോ ഓണവും, ഓരോ ഓർമ്മകൾ ആകുവാൻ നമ്മൾ ശ്രമിക്കുന്നുണ്ട്. കൊറോണ കാലവും മാറികഴിഞ്ഞു. നാടെങ്ങും ഓണം ആഘോഷിക്കാൻ ഒരുങ്ങികഴിഞ്ഞു.

ഓണത്തിന്റെ ഏറ്റവും മാറ്റ് കൂട്ടുന്നത്, അത്തപൂക്കളമാണ്. “പൂ പറിക്കാൻ പോരുമോ പോരുമോ” എന്നു ചോദിച്ചു കൊണ്ട്, “കുടമുല്ല പൂക്കളും മലയാളി പെണ്ണിനും” എന്ന് മൂളിപാട്ടുമായി മലയാളി മങ്കമാർ പൂക്കുടയുമായി ഇറങ്ങി കഴിഞ്ഞു.

ഓരോ മനുഷ്യന്റെയും മനസ്സിൽ സ്നേഹം എന്ന വികാരം ഏറ്റവുമധികമായി ഉണ്ട്. മനുഷ്യർ പരസ്പ്പരം സ്നേഹിക്കുന്നു. സസ്യലതാതികളും പരസ്പരം സ്നേഹം പങ്കു വെക്കുന്നുണ്ട്. എന്നാൽ, പൂമ്പാറ്റയുടെ സ്നേഹം അവർണ്ണനീയമാണ്. “നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം” എന്ന് പറഞ്ഞപോലെ, പൂമ്പാറ്റയുടെ, പൂവിനോടുള്ള സ്നേഹം തേൻ നുകരുന്നതിനേക്കാൾ കൂടുതൽ, ആ പൂവിനോടുള്ള സ്നേഹം കൂടി പങ്ക് വെക്കുകാ എന്നതും ഉണ്ട്. പൂമ്പാറ്റ ഒരു പൂവിൽ തേൻ നുകരാൻ ചുണ്ട് അമർത്തുമ്പോൾ അവിടെ ഒരു പരാഗണത്തിന്റെ വിത്ത് കൂടി നൽകിയിട്ടാണ് പോകുന്നത്. പരപരാഗണം എന്ന വിത്തുവിതക്കൽ. പൂമ്പാറ്റെയെ കാത്തിരിക്കുന്നത് പൂവുകൾ ആണ്.

ഒരു പൂന്തോട്ടത്തിലെ ചെടികൾ വ്യത്യസ്തമായിരിക്കും. വിവിധ തരത്തിൽ, വർണങ്ങളിൽ, ആകൃതിയിൽ, വലുപ്പത്തിൽ ഉള്ള പൂവുകൾ. കുഞ്ഞി ചെടികൾ മുതൽ വലിയ ചെടികൾ വരെ ഉണ്ടാകും. എന്നാൽ പൂമ്പാറ്റകൾക്കു ചെറുതൊന്നോ വലുതെന്നോ വ്യത്യാസമില്ല. അവ പാറിപറന്നുല്ലസിക്കുന്നു. ഇന്ന് തേൻ കുടിച്ച പൂക്കളെ തേടി പിറ്റേന്ന് അവ എത്തണമെന്നില്ല. പുതിയവ തേടി പോക്കൊണ്ടേയിരിക്കും. പൂക്കളെ പോലെ തന്നെ മനോഹരമാണല്ലോ, പൂമ്പാറ്റകളും. എന്ത് ഭംഗിയാണ് അവയുടെ പറക്കൽ കാണുവാൻ. മനുഷ്യ മനസ്സിന് ഏറ്റവും അധികം ശാന്തത നൽകുന്നത് പൂമ്പാറ്റയുടെ പറക്കലും അക്യുറിയത്തിലെ ഗോൾഡ്‌ഫിഷ്ന്റെ നീന്തലുകളും കാണുമ്പോൾ ആണെന്ന് പറയാം.

മനുഷ്യരും ഇത് പോലെയൊക്കെ തന്നെയാണ്. നമ്മൾ സ്നേഹിച്ചവർ നാളെയും നമ്മളെയൊക്കെ ഓർമ്മിക്കും എന്ന് ആർക്കും ഉറപ്പില്ല. പുതിയവ തേടി പോകുന്ന ആധുനിക ജനറേഷൻ ആണ് ഇപ്പോൾ ഉള്ളത്. ചെടികൾ ഉണങ്ങി പോകുന്നപോലെ, നമ്മളൊക്കെയും ഇല്ലാതാകും. ഭൂമിയിലെ ലഭ്യമാകുന്ന എല്ലാ സുഖങ്ങളും അനുഭവിക്കുന്നതോടൊപ്പം, അവശത അനുഭവിക്കുന്നവരെ കൂടി സ്നേഹംകൊണ്ട് ചേർത്തുപിടിക്കാം. ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ ഇല്ലാത്തവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് മനസിലാക്കാം. അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കാം. കൊറോണ കൊണ്ട് ദുരിതം അനുഭവിക്കുന്നവർ ഒട്ടേറെപ്പേരുണ്ട്.

2022 ഓണം, സ്നേഹവും സന്തോഷവും സമാധാനവും സമ്പൽസമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

ഉദയ ശിവ്ദാസ്

ഓണം കതിരോണം നിറവോണം തിരുവോണം
ഓണമതിന്നൊളിമങ്ങാ –
ത്തോർമ്മയതെന്നോണം.
മനതാരിൽ മാമ്പൂക്കൾ തിരിയിട്ടൊരുകാലം
മലരോണപ്പാട്ടിൽ –
തുടികൊട്ടിയിരുന്നുള്ളം.

ഓണനിലാപ്പുടവയുടുത്തെത്തുംപൊൻചിങ്ങം
ഓർമ്മകളിൽ കൈതപ്പൂവിതൾ വിരിയും ഗന്ധം .
മണ്ണിൽ പൂക്കളമെഴുതാൻ പൂമുറ്റമൊരുങ്ങും
വിണ്ണും താരകമലരാൽ പൂവട്ട നിറയ്ക്കും

ഓണം വരവായെന്നൊരു മണിനാദം കേൾക്കാം
മലർവാകക്കൊമ്പിൽ പൂങ്കുയിലാളുടെ പാട്ടിൽ
കനവാകെ പുതുരാഗം ശ്രുതി ചേരുന്നീണം
മനസ്സാകെയൊരാനന്ദ തിരതല്ലലിനോളം

കണ്ണാന്തളി, തിരുതാളി , ചെത്തി, ചെമ്പനിനീർ
താമരമലർ, മന്ദാരം, തുമ്പപ്പൂ, തുളസി,
പൊന്നുരുകി യലിഞ്ഞല്ലീ ചെണ്ടുമല്ലിപ്പൂവും ,
മഴവില്ലിൻചേലിൽ പൂക്കളമെഴുതുന്നെങ്ങും

വിരിയും പുത്തരിയോണം നെൽക്കതിരിൻചുണ്ടിൽ
അറയെല്ലാം നിറയും നൽപ്പൊലിയാൽ നേരോണം
മാവേലിത്തമ്പ്രാനുടെ പുകൾപേറുമതോണം
മലനാടിൻമംഗല്യത്തിരി തെളിയും ഘോഷം.

പനിനീരും കൊണ്ടുവരും കാർമുകിലിന്നോണം ,
പൂങ്കവിളിൻ നനവൊപ്പും
പൊൻവെയിലിനുമോണം.
ഓണവെയിലിലൂളിയിടും പൂത്തുമ്പിക്കോണം
മലയാളക്കര നീളെ കാറ്റിലുമുണ്ടോണം .

പുത്തരിവച്ചമ്മ തരും തിരുവോണസ്സദ്യ
മായാത്തൊരു രുചി തന്നെയതെന്നെന്നും നാവിൽ .
ഇല്ലായ്മകൾ, വല്ലായ്മകൾ തീണ്ടാമനസ്സൊന്നായ് –
കൊണ്ടാടിയിരുന്നോണം പുഞ്ചിരിതൻ നിറവിൽ .

കൈകൊട്ടിക്കളിയുണ്ട് , തിരുവാതിരചുവടും ,
പുലികളിയും, വള്ളംകളി യൂഞ്ഞാലിലാട്ടം
ആരവമതു തീർക്കുന്നു ആർപ്പുവിളിയ്ക്കൊപ്പം
സംഘം ചേർന്നെവിടേയും കേളികളുടെ മേളം

പെരുമകൾതൻ കഥയെഴുതും സഹ്യന്റെ മണ്ണിൽ
കഥകളിയും,കുമ്മാട്ടി,തെയ്യം,തിറയാട്ടം ,
തുഴയില്ലാതൊഴുകുന്ന തിരുവോണത്തോണി !
പൈതൃകമത് തേടുന്നു ഹൃദയങ്ങളിലൂടെ!!

കാലം പോയ് കഥ മാറി ജീവിതവും വഴിയായ് ,
നേരം തികയാറില്ലതു നേരത്തിനു പോലും .
കാശുണ്ടേൽ തിരുവോണം കടകളിലും ലഭ്യം
മാളോർക്കതു മതിയോണം
വഴിപാടിന് മാത്രം.

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. ബാംഗ്ലൂർ ക്രൈസ്റ്റിൽ MBA യ്ക്കു പഠിക്കുന്നു.

ശ്രീനാഥ് സദാനന്ദൻ

പണ്ട് തിയറി പഠിപ്പിച്ചിരുന്ന കുര്യാക്കോസ് മാഷിനെ കളിയാക്കാൻ വേണ്ടി സീനിയേഴ്സ് ഉണ്ടാക്കിയ ഒരു കഥയുണ്ട് . പിള്ളേർ ഇക്കോ ഫെമിനിസം എന്താണെന്ന് ചോദിക്കുമ്പോൾ , അത് അറിയാൻ വയ്യാത്ത സാർ ക്ലാസ്സിലെ ജനലരികിൽ ഇരുന്ന ചോറും പാത്രം എടുത്ത് തുറന്നിട്ട് അതിൽ എക്കോ കേൾക്കുന്ന പോലെ ഫെമിനിസം ഫെമിനിസം ഫെമിനിസം എന്ന് പറയും ..എന്നിട്ട് അന്തം വിട്ടിരിക്കുന്ന പിള്ളേരോട് സാർ പറയും ഇതാണ് കുഞ്ഞുങ്ങളേ എക്കോ ഫെമിനിസം ..

കൃത്യമായി ഇക്കോ ഫെമിനിസം എന്താണെന്ന് എനിക്കും അറിയില്ല , പക്ഷേ പ്രകൃതിബന്ധത്തിന്റെ പേരിൽ പലപ്പോഴും ക്രൂശിക്കപ്പെടുമ്പോഴും ആദ്യം ഞാൻ ഓർക്കുന്നത് ഈ കഥയാണ് .

അശോകുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തുടങ്ങിയിട്ട് ഏറെയായി .ഇപ്പോൾ ഞങ്ങൾ മഞ്ഞുരുകലിന്റെ പാഠങ്ങൾ പഠിക്കുകയാണ് . മൂന്നാമത്തെ സിറ്റിംഗിലും സൈക്കോളജിസ്റ്റിന്റെ മുമ്പിൽ അശോക് നിരത്തിയത് എന്റെ കുറ്റങ്ങളാണ് . നമ്മളെ ബാധിക്കാത്ത കാര്യങ്ങളിൽ ഞാൻ ഓവർ റിയാക്റ്റ് ചെയ്യുന്നു എന്നതാണ് ആദ്യ പരാതി . എന്നെ ബാധിക്കാത്ത ആ കാര്യം ഏതാണ് ? ആ കൃത്രിമ വനം വെട്ടി നിരത്തി ഒരു ബഹുനിലക്കെട്ടിടം ഒരുക്കിയതോ ? അശോക് പിഴുതെറിഞ്ഞ മരങ്ങളിൽ കൂട് കൂട്ടിയ പക്ഷികൾ അന്ന് ചേക്കേറാൻ വന്നപ്പോൾ അവരുടെ കൂട് അവിടെ ഉണ്ടായിരുന്നില്ല . വെട്ടിയിട്ട മരങ്ങൾക്ക് ചുറ്റും കൂട് തേടി പറക്കുന്ന പക്ഷികളുടെ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറൽ ആയതും പത്രത്തിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആ വീഡിയോ കണ്ടതും മറക്കാൻ എനിക്കാവില്ല .

ഇനിയുമുണ്ട് എനിക്ക് കുറ്റങ്ങൾ .. ഞാൻ മഴ നനയുന്നത് അശോകിന് ഇഷ്ടമല്ല . എന്റെ ശരീരത്തെക്കുറിച്ചുള്ള ആശങ്കയാണ് അയാൾക്ക് ഉള്ളത് . ഓർക്കണം , എന്റെ ശരീരത്തെക്കുറിച്ച് എന്നേക്കാൾ ബോധ്യം മറ്റൊരാൾക്ക് ഉണ്ടാവുന്നത് എത്ര ഭീകരമായ അവസ്ഥയാണ് .

ബസിൽ സീറ്റ് ഒഴിവ് വന്നപ്പോൾ ഒരു പുരുഷന്റെ ഒപ്പം ഇരുന്നതും മഹാപരാധമായി . പുരുഷന്മാരെല്ലാം വഷളന്മാരാണത്രെ , അശോക് ഒന്നു ചോദിച്ചോട്ടെ , സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും അവിടെ ഇരിക്കാതെ നിൽക്കാൻ തന്നെ തീരുമാനിക്കുമ്പോഴല്ലേ ആ സീറ്റിൽ ഇരിക്കുന്നയാൾക്ക് ഞാൻ മറ്റൊരു സ്ത്രീ ആകുന്നത് . ഒപ്പം ചെന്നിരുന്നാൽ അയാളുടെ പെങ്ങളെപ്പോലെ ഭാര്യയെപ്പോലെ ഏറെ പരിചിതമായ മറ്റൊരു സ്ത്രീ ശരീരമായി ഞാൻ മാറില്ലേ ?

വിട്ടുകൊടുക്കാൻ ഇന്നും അയാൾ തയ്യാറല്ല , ആരോപണങ്ങൾ കൊണ്ട് അയാൾ എന്നെ പൊതിയുമ്പോൾ എനിക്ക് ഒരു ആശ്വാസമാകുന്നത് ശ്വേതച്ചേച്ചിയാണ് . ചേച്ചി അനുഭവിക്കുന്ന സന്തോഷം എന്നെ എന്നും മോഹിപ്പിക്കാറുണ്ട് . പക്ഷേ ഒരു കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നത് പോലെ എനിക്ക് എപ്പോഴും തോന്നും . സ്വന്തം ലായത്തെ സ്നേഹിക്കുന്ന കുതിരയാണത്രേ ഓരോ പെണ്ണും . സൂസൻ ഗ്രിഫിന്റെ ഈ തിയറിയും പറഞ്ഞു വരുന്ന ശ്വേത ചേച്ചിയെ ഞാൻ ഓടിക്കാറുണ്ട് . പക്ഷേ ഇപ്പോഴും ഒരു പെരുമഴയത്ത് ഓടിക്കയറാനുള്ള കൂര ശ്വേത ചേച്ചിയുടെ വീട് തന്നെയാണ് .

അശോക് പലതിനും മറുപടികൾ ആഗ്രഹിക്കുന്നുണ്ട് , എന്റെ പ്രകൃതി ബന്ധത്തിന്റെ വേര് എവിടെയാണെന്ന് സൈക്കോളജിസ്റ്റും ചോദിച്ചു . അതേ , കൂടെ പഠിച്ച കൂട്ടുകാർക്ക് പോലും അറിയാത്ത ഒരു പ്രകൃതി ബന്ധം എനിക്കുണ്ട് .

38 വർഷം മുൻപത്തെ ഒരു രാത്രി മുഴുവൻ ഡമ്പിങ് യാർഡിൽ ആ ചോരക്കുഞ്ഞിന്റെ ജീവൻ പിടിച്ചു നിർത്തിയത് പ്രകൃതിയാണ്. അവളെ ആ ചവറു കൂനയിൽ നിന്നു കണ്ടെടുത്തത് പ്ലാസ്റ്റിക്ക് പെറുക്കുന്ന ഗോവിന്ദനാണ് . ആ പാവത്തിന് നാലാമതൊരു കുഞ്ഞിനെ പോറ്റാനുള്ള കെൽപ്പ് ഇല്ലാരുന്നു . എങ്കിലും ആ അനാഥ പെൺകുഞ്ഞിന് അയാൾ ഒരു മേൽ വിലാസം ഒരുക്കിക്കൊടുത്തു . ജീവൻ പകർന്നു നൽകിയ പ്രകൃതിയോട് നന്ദി പറഞ്ഞു തീർക്കുകയല്ലാതെ അവൾ പിന്നെ എന്താണ് ചെയ്യേണ്ടത് ? ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ വന്ന മന്ത്രിയോട് അവൾ ഒരു ചോദ്യം ചോദിച്ചു . നമുക്ക് വനം ഉണ്ടാക്കിയെടുക്കാൻ കഴിയില്ലേ എന്ന് .. അതൊരു വിപ്ലവത്തിന്റെ തുടക്കം ആയിരുന്നു . അവിടെ ഒരു വനം ഉയർന്നു വന്നു .അതിലാണ് അശോക് കോടാലി വച്ചത് . എങ്ങനെ പ്രതികരിക്കണം? എറിഞ്ഞുടച്ചു സർവ്വതും .

അച്ഛനും അമ്മയും ഉണ്ടായത്തിന് ശേഷമുള്ള എന്നെ മാത്രമേ അശോകിന് അറിയൂ . അതിനു മുൻപും ഞാൻ ഇവിടെ ഉണ്ടായിരുന്നു . അത് അശോക് അറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നുമില്ല .

അശോക് ഇതാണ് ഞാൻ . ഇങ്ങനെ എന്നെ ഉൾക്കൊളളുവാൻ കഴിയുമെങ്കിൽ മാത്രം ഇനിയും ഒരുമിച്ച് നടക്കാൻ ക്ഷണിക്കുന്നതാണ് നല്ലത് . കടപ്പാട് ഇനിയും ബാക്കിയുണ്ട് . ജീവൻ പകരുന്ന പ്രകൃതിയോട് .. ഇനിയും അതിനൊപ്പം സഞ്ചരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് ..

In every walk with nature …one receives far more than he seeks ..

ഞാൻ ഭുവന ..

പറയാനുള്ളത് , പ്രകൃതിപക്ഷം .

ശ്രീനാഥ് സദാനന്ദൻ

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.

സ്നേഹപ്രകാശ്. വി. പി.

ഒരു കള്ളകർക്കിടക മാസത്തിലായിരുന്നു എന്റെ ജനനം. തോരാതെ പെയ്യുന്ന മഴ. ജോലിയും കൂലിയുമില്ലാതെ ആൾക്കാരെല്ലാം വീട്ടിൽ അടച്ചു പൂട്ടിയിരിക്കുന്ന പഞ്ഞമാസം. കുറേക്കാലം ജനിച്ച വീട്ടിൽതന്നെ കഴിഞ്ഞു. കൂട്ടുകാരോടൊത്ത് പുറമെ തകർത്തു പെയ്യുന്ന മഴ ആസ്വദിച്ചുകൊണ്ട്. മഴക്കാലം കഴിഞ്ഞതോടെ പലരും പല വണ്ടികളിലായി, പല വഴിക്കായ് പിരിഞ്ഞു പോയി. പല നാടുകളിലേക്ക്. ഒടുവിൽ ഈ വലിയ വീട്ടിലെ വേലക്കാരനാണ് ഒരു ഷോപ്പിൽ തെരുവിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്ന എന്നെ ഇവിടയെത്തിച്ചത്.

വന്നു കയറിയ ദിവസം ഇപ്പോഴും ഓർമയുണ്ട്. ഗൃഹനാഥ ചുവന്ന കല്ലുവെച്ച മൂക്കുത്തിയിട്ട ഒരു കറുത്തു തടിച്ച സ്ത്രീയാണ്. നല്ല പൊക്കവും. രാക്കമ്മ എന്നാണ് പേര്. മുഖം കണ്ടാൽത്തന്നെ പേടിയാവും. ശരിക്കും രാത്രിയുടെ അമ്മ തന്നെ. എന്നെ അവർ തിരിച്ചും മറിച്ചും നോക്കി എന്നിട്ട് പറഞ്ഞു.

“കൊള്ളാമല്ലോ… നല്ല പതുപതുപ്പുണ്ട്… മുന്പിലെ വാതിലിനടുത്ത് തന്നെ ഇടാം… കാണാനും നന്ന് …. ഇടപാടുകാർക്ക് ഇഷ്ടപ്പെടും…

എന്നെയും എടുത്ത് അവർ പ്രധാന കവാടത്തിലേക്ക് നടന്നു. അവരുടെ ബലിഷ്ഠമായ കൈകളിൽ ഞാൻ ഞെരിയുന്നതുപോലെ തോന്നി. രണ്ടടി വെച്ചതും ഞാൻ അവരുടെ കൈകളിൽ നിന്നും ഊർന്നു താഴേക്ക് വീണു. കുനിയാൻ ബുദ്ധിമുട്ടുള്ളതിനാലാവാം അവർ, എന്നെ കാലുകൊണ്ട് തന്നെ വലിച്ചിഴച്ച് വാതിലിനടുത്തേക്ക് നീങ്ങി. അതുവരെ ആരുടെയും കാലുകളുടെ സ്പർശമേല്ക്കേണ്ടി വന്നിട്ടില്ലാത്തതിനാലായിരിക്കാം ഞാൻ ആകെ തളർന്നു പോയി. ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാം ഒരു തമാശ പോലെ തോന്നുന്നു. കാരണം പിന്നീട് ഞാൻ കാൽ സ്പർശങ്ങൾ മാത്രമാണല്ലോ ഏറ്റത്. എന്നെ അവിടെയിട്ട് അവർ അകത്തേക്ക് തിരിഞ്ഞതേയുള്ളു അവരുടെ കാവൽ നായ എന്നെ അവന്റെ മെത്തയാക്കി. ഒരു നാടൻ നായയായിരുന്നു അത്. അടുത്തേക്ക് വരുമ്പോൾ തന്നെ സഹിക്കാൻ പറ്റാത്ത ദുർഗന്ധവും. എനിക്ക് ഛർദ്ദിക്കാൻ തോന്നി. എന്തു ചെയ്യാം സഹിച്ചല്ലേ പറ്റൂ.

ഇനി ഈ വീടിനെപ്പറ്റി പറയാം. പകൽ മുഴുവൻ ഉറങ്ങിക്കിടക്കുന്ന ഒരു വീടാണിത്. വീട്ടുടമസ്ഥ രാക്കമ്മ കോലായിൽ വെറ്റിലയും മുറുക്കി ഇരിക്കുന്നുണ്ടാവും. കൈയിൽ എപ്പോഴും മൊബൈലുമുണ്ടാവും. ആജ്ഞകൾ മുഴുവൻ ഫോണിലൂടെയാണ്. ഇടയ്ക്ക് ഇടിമുഴക്കം പോലെ പൊട്ടിച്ചിരിക്കും. ചിലപ്പോൾ ആരെയെല്ലാമോ ശകാരിക്കുന്നതും കേൾക്കാം. ഞാൻ ഇതെല്ലാം കേട്ട് ആരുടെയെല്ലാമോ ചവിട്ടേറ്റ ദേഹവുമായി പുറത്തേക്ക് നോക്കിയിരിക്കും. പലപ്പോഴും എന്റെ പുറത്ത് ആ നായയുമുണ്ടാവും. സ്ഥിരമായി ദുർഗന്ധം സഹിച്ചു, സഹിച്ച് ഇപ്പോൾ ഗന്ധങ്ങൾ വേർതിരിച്ചറിയതായിരിക്കുന്നു.

രാത്രിയാവുമ്പോഴാണ് ഈ വീടുണരുന്നത്. സന്ധ്യ മയങ്ങുന്നതോടെ ഞാൻ ചവിട്ടുകൊള്ളാൻ തയ്യാറെടുക്കും. സ്ഥിരമായി വരുന്നവരുടെ കാലുകൾ ഇപ്പോൾ എനിക്ക് തിരിച്ചറിയാം. ഞാൻ ആ കാലുകളോട് പുഞ്ചിരിക്കും. അവർ എന്നെ ശ്രദ്ധിക്കാറില്ലെങ്കിലും. ദോഷം പറയരുതല്ലോ സ്ത്രീകളാരും തന്നെ എന്നെ ചവിട്ടാൻ വരാറില്ല. ഏതെങ്കിലും ഒരു സുന്ദരിയുടെയെങ്കിലും പാദസ്പർശമേറ്റിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടെങ്കിലും. ജീവിതത്തിന്റെ എല്ലാ മേഖലകളിൽ പെട്ടവരുടെയും ചവിട്ടുകൾ എനിക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ. ഖദറിട്ടവനും, വിപ്ലവകാരിയും, ഇടതുപക്ഷക്കാരനും, വലതുപക്ഷക്കാരനും, ഒരു പക്ഷവും പിടിക്കാത്ത അരാഷ്ട്രീയക്കാരനും, വിശ്വാസിയും, അവിശ്വാസിയും എല്ലാം എന്നെ ചവിട്ടി കടന്നു പോവാറുണ്ട്.

പലരും ഉള്ളിലേക്ക് കടന്നു പോവുമ്പോൾ എന്നെ കാണാറില്ല എന്നു തോന്നാറുണ്ട്. വളരെ പതുങ്ങിയാണ് പലരും ഉള്ളിലേക്ക് കടക്കാറുള്ളത്. ചുറ്റുപാടുകൾ ശ്രദ്ധിച്ചുകൊണ്ട്. ചിലർ എന്നെ ചവിട്ടാൻ മറന്ന് കാൽ എനിക്ക് മുകളിലൂടെ എടുത്തു വെക്കും. ഇനി ചവിട്ടുന്നുണ്ടെങ്കിലും അത് വളരെ മൃദുവായ ഒരു സ്പർശം മാത്രമായിരിക്കും. എന്നാൽ തിരിച്ചു പോവുമ്പോൾ വളരെ ദേഷ്യത്തിൽ എന്നെ ചവിട്ടിയരച്ചാണ് കടന്നു പോവുക. എന്തെല്ലാമോ നഷ്ടപ്പെട്ടവനെപ്പോലെ. രാത്രി വളരെ വൈകിയും ഈ മർദനങ്ങളേറ്റ് കഴിയാനായിരിക്കാം എന്റെ വിധി എന്നു തോന്നാറുണ്ട്.

ചില ദിവസങ്ങളിൽ പോലീസുകാരുടെ വണ്ടി വരും. ബൂട്ടിട്ട കാലുകളുമായി അവർ അകത്തേക്ക് ഒരു ഓട്ടമാണ് എന്നെ ചവിട്ടി മെതിച്ചു കൊണ്ട്. പിന്നെ അകത്തു നിന്ന് സ്ത്രീകളുടെ കരച്ചിൽ കേൾക്കാം. ഒപ്പം രാക്കമ്മയുടെ ഉറക്കെയുറക്കെയുള്ള ആക്രോശങ്ങളും. പിന്നെ ഏതെല്ലാമോ സ്ത്രീകളുമായി അവർ സ്ഥലം വിടും. അപ്പോഴാണ് ഞാൻ സ്ത്രീകളുടെ പാദസ്പർശമേല്ക്കുന്ന അപൂർവ്വാവസരം. എന്നാൽ അത് ആസ്വദിക്കാൻ പറ്റാറില്ല. അപ്പോഴേക്കും രാക്കമ്മ വീടിനു വെളിയിൽ എത്തിയിരിക്കും. പിന്നെ ഉമ്മറത്തെ കസേരയിലിരുന്ന് അവർ പുലരുവോളം ആരെയെല്ലാമോ പ്രാകിക്കൊണ്ടിരിക്കും. ഈ സമയമത്രയും നായ നിർത്താതെ ഗേറ്റിലേക്ക് നോക്കി കുരച്ചു കൊണ്ടേയിരിക്കും.

ഒന്നോ രണ്ടോ മാസങ്ങൾ കൂടുമ്പോൾ നഗരത്തിലെ പ്രശസ്തനായ ഡോക്ടറും സംഘവും വരും. ഉള്ളിലുള്ളവരെ മുഴുവൻ പരിശോധിക്കും. എല്ലാവരുടെയും രക്തത്തിന്റെയും, മൂത്രത്തിന്റെയും സാമ്പിളുകളുമായി അവർ ഇരുട്ടുന്നതിനുമുൻപ് സ്ഥലം വിടും. രണ്ടു ദിവസങ്ങൾ കഴിഞ്ഞാലാണ് ഇതിന്റെ റിസൾട്ടുമായി ഒരാൾ വരിക. അയാൾ വരുന്നത് വരെ എല്ലാവരും ആകാംക്ഷയിൽ ആയിരിക്കും. ആരുടേയും ശബ്ദം പോലും പുറത്ത് കേൾക്കില്ല. റിസൾട്ടുകൾ വന്നാൽ പിന്നെ പൊട്ടിച്ചിരികൾ കേൾക്കാം. എന്നാൽ ചിലപ്പോൾ ആ ദിവസങ്ങളിൽ ചിലരെ പറഞ്ഞു വിടുന്നതും കാണാം. ഇങ്ങനെയുള്ള ദിവസങ്ങളിൽ ഉള്ളിൽ നിന്നുമുള്ള നെടുവീർപ്പുകൾ കേൾക്കാം. എന്നാൽ പോകുന്നവരെ യാത്രയാക്കൻ ആർക്കും പുറത്തേക്ക് വരാൻ അനുവാദമില്ല. ആരെങ്കിലും കോലായയിലേക്ക് വരികയോ ഉറക്കെ കരയുകയോ ചെയ്‌താൽ ഉടൻ രാക്കമ്മയുടെ ശബ്ദമുയരും.

” എന്താടീ… നീയും കൂടി പോകുന്നോ ഇവളുടെ കൂടെ… കൂത്തിച്ചി …”

പിന്നെ തെറിയഭിഷേകമാണ്. അതോടെ ഉറക്കെ കരഞ്ഞവർ പെട്ടെന്ന് നിശബ്ദരായി ഉള്ളിലേക്ക് വലിയും.

ഇന്നലെ രാത്രിയിലാണ് പെട്ടെന്ന് ജീപ്പിന്റെ ശബ്ദം കേട്ടത്. പുതിയതായി സ്റ്റേഷനിൽ ചാർജ് എടുത്ത ഇൻസ്‌പെക്ടർ ആണ്. ഇന്നിനി ഉറങ്ങാൻ പറ്റില്ല എന്നു മനസ്സിലായി. സാധാരണ പോലീസുകാർ കൂട്ടമായിട്ടാണ് വരാറുള്ളത്. ഇയാൾ ഒറ്റക്കാണ് വന്നത്. ഒരു കൊടുങ്കാറ്റുപോലെ ഉള്ളിലേക്ക് പോയപ്പോൾ പതിവുപോലെയുള്ള കരച്ചിലുകൾ പ്രതീക്ഷിച്ചെങ്കിലും കേട്ടില്ല. അകത്തു സോഡാക്കുപ്പികൾ തുറക്കുന്നതിന്റെ ശബ്ദം. പിന്നെ നിർത്താതെയുള്ള പൊട്ടിച്ചിരികൾ. വ്യക്തമാവാത്ത സംഭാഷണങ്ങൾ.

പാതിരാത്രിയിലെപ്പോഴോ അയാൾ നിറഞ്ഞ മടിശീലയുമായി, രാക്കമ്മക്ക് ശുഭരാത്രി നേർന്ന് പുറത്തേക്കിറങ്ങുമ്പോൾ സിഗററ്റുകുറ്റി എന്റെ നെഞ്ചിലേക്ക് വലിച്ചെറിഞ്ഞു. പുറത്തേക്ക് നീട്ടിത്തുപ്പി ജീപ്പോടിച്ച് അയാൾ ഇരുട്ടിലേക്ക് മറഞ്ഞു. അസഹ്യമായ നീറ്റലോടെ ഞാൻ കണ്ണീർ വാർക്കുമ്പോൾ ആ നായ വന്ന് ആ സിഗരറ്റു കുറ്റി തട്ടിക്കളഞ്ഞു. സിഗരറ്റു കുറ്റി കൊണ്ട് കരിഞ്ഞ ഇടങ്ങളിലെല്ലാം നക്കിത്തുടച്ചു. തുടർന്ന് അവൻ എന്റെ നെഞ്ചിൽ കയറിക്കിടന്നു. ആദ്യമായി അവന്റെ ശരീരത്തിന്റെ സുഗന്ധം ഞാൻ അറിഞ്ഞു. ഞാനും അവനും പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ “ഉടലുകൾ” എന്ന പേരിൽ എന്റെ 60 കുറുംകഥകളുടെ ഒരു സമാഹാരത്തിന്റെ ജോലി നടക്കുന്നു.

ഡോ. ഐഷ വി

വഴിയരികിലെ കയ്യാലയിൽ പഴയ ഒരു കുറ്റിചൂലിന്റെയും കീറി പറിഞ്ഞ ഒരു വട്ടിയുടേയും അവശിഷ്ടം ഇരിയ്ക്കുന്നത് കണ്ടപ്പോൾ കൂട്ടുകാർ പറഞ്ഞു തന്നു. അമ്പും ചിമ്പും കളഞ്ഞിരിയ്ക്കുകയാണ് ( ആടി കളയുക). കൊല്ലം ജില്ലയിൽ പഴമക്കാരുടെ ഇടയിൽ അങ്ങനെ ഒരു രീതിയുണ്ട്. വീടെല്ലാം വലയടിച്ച്‌ , പൊടി തുടച്ച്, ഓട്ടുപാത്രങ്ങൾ തേച്ചുമിനുക്കി, ചാണകം മെഴുകേണ്ട തറ മെഴുകി , കുപ്പികളും പാത്രങ്ങളും കഴുകിയുണക്കി, പലവ്യജ്ഞനങ്ങൾ കർക്കിടക വെറിയിൽ ഉണക്കി പൊടിച്ച്, തേങ്ങ ഉണക്കി ആട്ടി വച്ച് , മുറ്റം പുല്ല് കളഞ്ഞ് വൃത്തിയാക്കി , നിലം കൃഷിയുള്ളവർ നിലം തല്ലി വച്ച് മുറ്റം അടിച്ചുറപ്പിച്ച് ചാണകം മെഴുകി പറമ്പ് വൃത്തിയാക്കി , കീറി പറിഞ്ഞ വസ്ത്രങ്ങളുണ്ടെങ്കിൽ കളഞ്ഞ്, പുതു വസ്ത്രം വാങ്ങാൻ കാശുണ്ടെങ്കിൽ വാങ്ങി, പൊന്നിൻ ചിങ്ങമാസത്തെയും ഓണക്കാലത്തെയും വരവേൽക്കാൻ തയ്യാറാകും.

കർക്കിടകത്തിലെ അവസാന ആഴ്ചയോ അവസാന ദിവസമോ ഈ പ്രക്രിയ പൂർത്തിയാക്കിയിരിയ്ക്കും. ചിലർ പഴയ സാധനങ്ങൾ ഉപേക്ഷിയ്ക്കുമ്പോൾ ഒരു ആചാരമെന്ന പോലെ ഇങ്ങനെ പറയും , ” അമ്പും ചിമ്പും പുറത്തേ പോ.., ആവണി മാസം അകത്തേ വാ..” കർക്കിടകത്തിന്റെ വറുതിയിൽ നിന്ന് ആവണിയിലെത്തുകയെന്നാൽ പുതുവർഷത്തിന്റേയും ഓണക്കാലത്തിന്റേ സൂദ്ധിയിലേയ്ക്കു പ്രതീക്ഷയോടെയുള്ള ചുവടുവയ്പ്. കർക്കിടകം തീരുമ്പോഴേയ്ക്കും വൃത്തിയാക്കലും ഒരു വിധമൊതുങ്ങും.. പിന്നെ വിളവെടുപ്പും ഓണത്തപ്പനെ വരവേൽക്കലുമാകും. ചിലർ വറുതിക്കാലന്മായ കർക്കടകത്തിൽ ശുഭ കാര്യങ്ങൾ നടത്താതെ ചിങ്ങത്തിലേയ്ക്ക് മാറ്റിവയ്ക്കും. സമൃദ്ധിയുടെ കാലത്ത് നന്നായി നടത്താനായി.

അത്തം മുതൽ തുമ്പയും തുളസിയും കാള പൂവും കളമ്പോട്ടിയും(അതിരാണി) ഒക്കെ ചേർന്ന പൂക്കളം മുറ്റത്തിനലങ്കാരമാകും. സദ്യ വട്ടങ്ങളോടെ ഉത്രാടം മുതൽ തുടങ്ങുന്ന ഓണാഘോഷം ചില സ്ഥലങ്ങളിൽ 28 ദിവസം വരെ നീണ്ടു. ഇല്ലാത്തവർ കാണം വിറ്റും ഓണമുണ്ടു.

പരിപ്പ്, പപ്പടം, പച്ചടി, കിച്ചടി, സാമ്പാർ , തോരൻ, മെഴുക്കുപുരട്ടി, കാളൻ, ഓലൻ , അവിയൽ , തീയൽ , ഇഞ്ചിക്കറി, നാരങ്ങ അച്ചാർ, കായ വറുത്തത് പഴം, പ്രഥമൻ, പായസം മുതലായവ ചേർന്ന സദ്യ പോഷക സമൃദ്ധമാണ്. ഓണമുണ്ടാൽ ഉണ്ണി വളരുമെന്നാണ് ചൊല്ല്. പോഷക സമൃദ്ധമായ സദ്യയുണ്ണുന്ന ഉണ്ണി വളരാതെ തരമില്ലല്ലോ,

ഓണ സദ്യ കഴിഞ്ഞ് മടിപിടിച്ചിരയ്ക്കുകയല്ല ചെയ്യുന്നത്. ആ ബാലവൃദ്ധ ജനങ്ങളും വിവിധ കളികളിൽ വ്യാപൃതരാവും. ഇത് മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും ഉണർവിനും വ്യായാമത്തിനും വഴി വയ്ക്കും, അങ്ങനെ ഓണം വൃത്തിയുടേയും ആരോഗ്യത്തിന്റേയും ഉത്സവമായി മാറുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

സുരേഷ് നാരായണൻ

“ഒന്നടങ്ങിക്കെടക്ക്!”

കയ്യിലിരുന്ന് വിറച്ചു കൊണ്ടിരുന്ന പ്രേമലേഖനത്തോടു ഞാൻ പറഞ്ഞു.

ഞാൻ അവളുടെ അടുത്തേക്ക് നടക്കുകയായിരുന്നു

‘ഇങ്ങോട്ട് വരണ്ട. വേറെ ആളുണ്ടെനിക്ക്!’
മുഖം തരാതെ അവൾ പറഞ്ഞു.

‘എനിക്കറിയാം !ഏകാന്തതയല്ലേ?’

അവൾ തല വെട്ടിച്ച് എന്നെ നോക്കി.

കൊറ്റികൾ പറന്നകന്നു പോയ കുളം;
അത് കരകവിഞ്ഞൊഴുകാൻ തുടങ്ങി.

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.

RECENT POSTS
Copyright © . All rights reserved