literature

അനുജ.  കെ 

അകലെനിന്നും ചെണ്ടയുടെയും തകിലിന്റെയും ശബ്ദം കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ശബ്ദം അടുത്തടുത്തു വരുന്നതോടെ ഉണ്ണിമായയുടെ വയറ്റിൽനിന്നും ഒരാന്തൽ അനുഭവപ്പെട്ടു. ഭയപ്പാടിൽ നിന്നും രക്ഷപെടാൻ കതകിന്റെ മറവാണ് അവളുടെ അഭയകേന്ദ്രം. കേശുവിനും കുഞ്ഞുകുട്ടനും ഇതൊരു തമാശയാണ്. അവൾ ഒളിച്ച കതകുപാളിക്കു മുന്നിൽ നിന്ന്‌ അവർ മേലോട്ടും കീഴോട്ടും ചാടി നൃത്തം ചെയ്യാൻ തുടങ്ങി. കൂടെ ഹൊയ്. ഹൊയ്.. എന്ന ശബ്ദവുമുണ്ടാക്കി . ഭയപ്പാടിനേക്കാൾ കൂടുതൽ സങ്കടവും ദേഷ്യവുമാണ് അവൾക്കപ്പോൾ തോന്നിയത്.

“എന്തൊരു കഷ്ടമാണ്” എന്ന് പുലമ്പിക്കൊണ്ട് അവൾ കതകിനു മറവിൽ നിന്നും പുറത്തേയ്ക്ക്‌ എത്തിനോക്കി. കുഞ്ഞുകുട്ടനും കേശുവും വീടിനു പുറത്തേക്കു പോയിരിക്കുന്നു. ചെണ്ടമേളസംഘം എത്താറായി എന്ന് തോന്നുന്നു. അവൾ ഒന്നുകൂടി വിളറിവെളുത്തു…
” വല്യച്ഛന്റെ മായക്കുട്ടി എവിടെ ” എന്ന് ചോദിച്ച് വല്യച്ഛനും കൂടെ വല്യമ്മയും എന്നെ അന്വേഷിക്കുന്നുണ്ട്. കതകിനു മറവിൽ നിന്നും എത്തിനോക്കാൻ പോലും ഭയപ്പാടോടെ അവൾ മിണ്ടാതെ നിന്നു.

അച്ഛന്റെയും അമ്മയുടെയും മരണശേഷം വല്യച്ഛന്റെ സംരക്ഷണയിലായിരുന്നു ഉണ്ണിമായ. ഭർത്താവിന്റെ ഇഷ്ടങ്ങൾ മാത്രം അനുസരിച്ചു ജീവിക്കുന്ന വല്യമ്മക്ക് ഉണ്ണിമായയെ ഇഷ്ടപ്പെടാതിരിക്കാൻ പറ്റിയില്ല. അർബുദരോഗത്തിനടിമപ്പെട്ടുള്ള അച്ഛന്റെ അകാലമരണം അമ്മയെ ആകെ തളർത്തിയിരുന്നു.ആ ദുഃഖത്തിൽ നിന്നും അമ്മയെ രക്ഷപ്പെടുത്തിയത് ഒരു ഹൃദയാഘാതം ആയിരുന്നു. അവിടെ തനിച്ചായതു ഉണ്ണിമായയും. വല്യച്ഛൻ നീട്ടിയ കൈകൾ പിടിച്ചു ഈ തറവാടിന്റെ പടികൾ കയറുമ്പോൾ രണ്ടു മുരടന്മാർ അവിടെയുണ്ടാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.അതറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഈ പടികടന്നു വരികയില്ലായിരുന്നു എന്ന് അവൾ പലപ്പോഴും ഓർത്തിട്ടുണ്ട്. കേശുവിന്റെ കുസൃതി അത്രക്കും അവളെ ബുദ്ധിമുട്ടിക്കുന്നു എന്ന് സാരം. കുഞ്ഞുകുട്ടൻ കേശുവിന്റെ ചേട്ടൻ ആണ്. കുസൃതി എങ്കിലും ഉണ്ണിമായയോട് പ്രേത്യേക ഒരു സ്നേഹവായ്പ് അവനുണ്ട്‌. അവളെ സ്കൂളിൽ കൊണ്ടുപോകുന്നതും കൂട്ടികൊണ്ടുവരുന്നതും കുഞ്ഞുകുട്ടനാണ്. കേശു ഇവർ രണ്ടിലും ഇളയവൻ. ഇളയവനായതിനാൽ അവനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നൊരഹംഭാവം അവനിൽ ഉണ്ട്‌.

” വരുന്നുണ്ട്… അവർ വരുന്നുണ്ട് ”
കേശു പാഞ്ഞുവന്നു കതകിനുമുന്നിൽ നിന്നു. കൈകൾ മുകളിലേയ്ക്കു ഉയർത്തി ഒരു ചാട്ടം… പുറത്തേയ്ക്കൊരു ഓട്ടം. എല്ലാം ഒറ്റനിമിഷത്തിൽ.
ചെണ്ടകൊട്ട് അടുത്തു വന്നിട്ടുണ്ട്. ഉണ്ണിമായ വിറച്ചുകൊണ്ട് ഭിത്തിയിൽ മുഖം ചേർത്തു നിന്നു. കടുവാകളി സംഘമാണ്. നാട്ടിൻപുറത്തുള്ള എല്ലാ വീടുകളിലും ഓണനാളിൽ ഉച്ചതിരിഞ്ഞു ഈ സംഘം എത്താറുണ്ട്. സംഘത്തിൽ കുറേ കടുവാവേഷധാരികളും ഒരു കടുവാപിടുത്തക്കാരനും ചെണ്ട,തകിൽ മേളക്കാരും ഉണ്ടാവും.സംഘം വീടിന്റെ മുറ്റത്തെത്തിയിട്ടുണ്ട്. കൂക്കുവിളികളും ചെണ്ട,തകിൽ മേളവും കൊണ്ടു അന്തരീക്ഷം ശബ്ദമുഖരിതമായി.സംഘത്തിലെ കടുവകളെക്കാളും ഉണ്ണിമായയ്ക്ക് പേടി അവരെ വെടിവയ്ക്കാനായി തോക്കുമേന്തി വരുന്ന കപ്പടാമീശക്കാരൻ പട്ടാളവേഷധാരിയെയാണ്.

കതകിന്റെ മറവിൽ നിന്നും ഉണ്ണിമായയെ പിടിച്ചിറക്കി വല്യച്ഛൻ പൂമുഖത്തേക്ക് കൊണ്ടുവന്നു…”എന്തിനാ കുട്ട്യേ പേടിക്കുന്നേ… വല്യച്ഛനില്ലേ കൂടെ… ” എന്ന വാക്കുകളുടെ ബലത്തിൽ കണ്ണുപൊത്തിപിടിച്ചാണ് അവൾ വന്നത്. കേശു ഏറുകണ്ണിട്ടു നോക്കുന്നുണ്ട്. കുഞ്ഞുകുട്ടന് അവൾ വന്നത് വല്യ സന്തോഷമായി.കടുവാക്കുട്ടന്മാരെ കാണാൻ നല്ല ഭംഗി തോന്നി. ദേഹത്തെല്ലാം മഞ്ഞയിൽ കറുത്ത വരകൾ, കടുവയുടെ മുഖംമൂടി വച്ചിട്ടുണ്ട്.അവൾക്കു പേടി തോന്നി… തോക്കുധാരിയെ കാണുന്നില്ലല്ലോ…. ആൽക്കൂട്ടത്തിനിടയിൽ നിന്നും അവൾ അയാളെ കണ്ടുപിടിച്ചു…. അയാൾ കടുവയ്ക്കു നേരെ തോക്ക് ചൂണ്ടി ഉന്നംവയ്ക്കുന്നുണ്ട്… അപ്പോൾ ആരോ ഒരാൾ ഒരു ഓലപടക്കം പൊട്ടിച്ചു.. തോക്കിൽ നിന്നും വെടി പൊട്ടിയതായി ഭാവിച്ച് കടുവകൾ വെപ്രാളപ്പെട്ടു അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. കേശു ഓടി വന്നു വല്യച്ഛനെ കെട്ടിപ്പിടിച്ചു. ഭയപ്പാടോടെ നിന്നിരുന്നുവെങ്കിലും കേശുവിന്റെ ഓട്ടം കണ്ടു ഉണ്ണിമായയ്ക്ക് ചിരിപൊട്ടി.

ഈ വർഷത്തെ കടുവാകളി ഇതോടെ അവസാനിക്കുകയാണ്… വല്യമ്മ ഉപ്പേരിയും പഴവുമൊക്കെ അവിടെ കൂടിയിരുന്നവർക്കു നൽകുന്ന തിരക്കിൽ ആണ്. കുഞ്ഞുകുട്ടൻ കൈനിറയെ ഉപ്പേരിയുമായി ഊഞ്ഞാലിനെ ലക്ഷ്യമാക്കി നടക്കുന്നു…. ധൈര്യവാൻ കേശു വരാന്തയിലിരുന്നു ഉപ്പേരി കഴിക്കുന്നു….. വല്യച്ഛന്റെ സ്നേഹത്തിൽ ഉണ്ണിമായയ്ക്ക് വലിയ സന്തോഷം തോന്നി…. തനിക്കുകിട്ടിയ ഉപ്പേരിയുമായി അവൾ കേശുവിനരികിൽ ചെന്നിരുന്നു…. ഉടനെ അവൻ കൈനീട്ടി അവളുടെ കയ്യിലുള്ള ഉപ്പേരി തട്ടിപ്പറിച്ചു. അവനു വീണ്ടുമൊരു അവസരം കൊടുക്കാതെ അവൾ അകത്തളത്തിലേക്കു നടന്നു.

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

രാധാകൃഷ്ണൻ മാഞ്ഞൂർ

1987 ജൂൺ 31 നു ഗാന്ധിമതി ഫിലിംസ് പുറത്തിറക്കിയ “തൂവാനത്തുമ്പികൾ “എന്ന സിനിമ മുപ്പത്തെട്ട് വർഷം പിന്നിടുമ്പോഴും ഇന്നും ഒരു വിസ്മയമായി നിലനിൽക്കുന്നു . കഥയും, തിരക്കഥയും , സംവിധാനവും എല്ലാം പത്മരാജൻ എന്ന അതുല്യ പ്രതിഭയുടേതായിരുന്നു

ഇതിൽ ഒരുപാട് അഭിനയപ്രതിഭകളുടെ കൈയൊപ്പ്‌ പതിഞ്ഞതാണ്. മോഹൻലാൽ,സുമലത,പാർവതി,ബാബു നമ്പൂതിരി, അശോകൻ ,ശ്രീനാഥ് അങ്ങനെ നിരവധി പേർ. ഇതിൽ പത്മരാജൻ സൃഷിടിച്ച ക്ലാര എന്ന കഥാപാത്രത്തോട് കിടപിടിക്കാൻ പറ്റുന്ന ഒരു നായികാജന്മങ്ങളും ഇക്കാലമത്രയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ആയതിനാൽ ക്ലാരയെ മുൻ നിർത്തി മണ്ണാറത്തൊടി ജയകൃഷ്ണനൊപ്പം അവർ സഞ്ചരിച്ച പ്രണയ പാതകളെ, സ്നേഹനിമിഷങ്ങളെ ,സ്നേഹബുദ്ധ്യാ അസൂയപ്പെടുകയും ,ആദരിക്കുകയും ചെയ്യുന്നു
ഇത് പ്രിയപ്പെട്ട പത്മരാജനുള്ള സ്മരണാഞ്ജലിയായി സമർപ്പിച്ചുകൊള്ളട്ടെ.

“മെല്ലെ തിരിഞ്ഞന്നു നോക്കിയ നീ / മതി
ചില്ലിട്ടു വെയ്ക്കുവാൻ എൻ ജീവ
ഭിത്തിയിൽ…
പ്രണയമില്ലാതെയായ നാൾ
സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു
ഞാൻ “

-റഫീഖ് അഹമ്മദ് –

ഇത് ക്ലാര …പെണ്മയുടെ പ്രണയ വിചാരങ്ങൾക്കു തീ പിടിപ്പിച്ചവൾ …. ഏതൊക്കെയോ നിഗൂഢ സ്ഥലികളിലേക്കു ഒരു വ്യവസ്ഥകളുമില്ലാത്തൊഴുകുന്ന പുഴ പോലൊരുവൾ ……….

ക്ലാരയുടെ പൂർവ ജീവിതത്തെപ്പറ്റി ജയകൃഷ്ണനോട് പറയുന്നത് തങ്ങൾ മാഷാണ് ( ബ്രോക്കർ കുരിക്കൾ ) കടപ്പുറം ദേശത്തു നിന്നും രണ്ടാനമ്മയുടെ പ്രേരണയിൽ പുറത്തു കടന്നവൾ …. ഓർമയുടെ തിരയിളക്കത്തിൽ ഉപ്പു കലർന്നൊരു ഭൂത കാലം ക്ലാര മറന്നു പോകുന്നു . മഠത്തിൽ ചേരാൻ പറഞ്ഞൊരു കത്തെഴുതാൻ തങ്ങൾ മാഷ് ജയകൃഷ്ണനെ ചുമതലയേല്പിക്കുന്നു അയാൾ ക്ലാരക്ക് “മദർ സുപ്പീരിയർ” എന്ന കള്ളപേരിൽ കത്തെഴുതുന്നു. ആ രാത്രിയിൽ മണ്ണാറത്തൊടിയിൽ മഴ പെയ്യുന്നുണ്ട്…..ആർത്തലച്ചു പെയ്യുന്ന മഴയും, ഇടിമിന്നലും എഴുത്തു പേപ്പർ നനക്കുന്നു ,മണ്ണാറത്തൊടിയിൽ പെയ്ത മഴയിൽ ഭൂമി ഉർവ്വരയായി കാത്തു കിടന്നു – ക്ലാരയുടെ വരവിനായി….. പക്ഷെ ക്ലാര ഒരിക്കലും മണ്ണാറത്തൊടിയിലേക്കു വന്നില്ല പകരം തീ പിടിക്കുന്ന സൗന്ദര്യവുമായി അവൾ അയാളിലേക്ക് ലയിച്ചു കഴിഞ്ഞിരുന്നു .
മണ്ണാറത്തൊടി ജയകൃഷ്ണൻ, ഗ്രാമത്തിൽ തനി കർഷകനും പിശുക്കനുമാണ് .പട്ടണത്തിൽ എത്തുമ്പോൾ അസ്സൽ പരിഷ്കാരി ആകുന്നു .രണ്ടു സ്വത്വ ബോധങ്ങൾ…. ,രണ്ടു വേഷ പകർച്ചകൾ …..ഇതുകൊണ്ടാവാം തങ്ങൾ മാഷ് ജയകൃഷ്ണനെക്കൊണ്ട് “മദർ സുപ്പീരിയർ” വേഷം കെട്ടിച്ചത്.

ഒരു പെണ്ണിൻ്റെ ചാരിത്ര്യം താൻ മൂലം തകരാൻ പാടില്ലെന്നു വിശ്വസിച്ചിരുന്ന അയാൾക്ക്ക്ലാരയുടെ കാര്യത്തിൽ അബദ്ധം പിണഞ്ഞു .
നഗരത്തിലെ ഹോട്ടൽ മുറിയിൽ വെച്ച് സംഭവിച്ച തെറ്റിന് അയാൾ തങ്ങൾ മാഷിനോട് മാപ്പിരന്നു ക്ലാരയെ വിവാഹം ചെയ്യുവാൻ താല്പര്യം ഉണ്ടെന്നു അറിയിച്ചു

ചരട് പൊട്ടിയ പട്ടം പോലെ അവൾ അയാളിൽ ആവേശിച്ചു നിന്നു . ക്ലാരയുടെ സർപ്പ സൗന്ദര്യത്തിൽ അയാൾ മുങ്ങി അമർന്നു .വിജനതയുടെ കുന്നുകളിൽ ,നഗരത്തിലെ ഹോട്ടൽ മുറിയിൽ ,കടൽ തീരങ്ങളിൽ,പ്രണയത്തിൻ്റെയും ,രതിയുടെയും ഉടൽപൂരങ്ങൾ അവർ അറിയുന്നു. ഇടക്കെപ്പോഴോ ഉള്ളിലെ മഹാ സങ്കടങ്ങൾ ഒളിപ്പിച്ചുകൊണ്ടു തൻ്റെ മടിയിൽ കിടക്കുന്ന “മദർ സുപ്പീരിയറിനോട്” അവൾ ചോദിക്കുന്നുണ്ട് “ശരിക്കും നീ ആരാ തടികൺട്രാക്‌റ്ററെ…? .” ഉള്ളുലക്കുന്ന ആ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം അയാൾ പതറി പോകുന്നുണ്ട് . തികച്ചും നിർവ്യാജമായ ഒരു ചിരിയിൽ ആ നിമിഷത്തെ അയാൾ മായ്ച്ചുകളഞ്ഞു .

ഒരു രാപ്പൊറുതിയിൽ ജന്മ രഹസ്യങ്ങളുടെ നിശ്ചല സമുദ്രങ്ങൾക്കു മുകളിൽ ക്ലാര അയാളെ ഒരു തൂവൽ പോലെ കൊണ്ടു നടന്നു … അനു നിമിഷം ഭ്രമ കല്പനകളുടെ രാജകുമാരിയായി സ്വയം വാഴുകയായിയിരുന്നു ..
ഏകാന്തതയുടെ മലഞ്ചെരുവിൽ ക്ലാരയുടെ മടിയിൽ ആകാശം നോക്കി കിടക്കുന്ന ഒരു കൊച്ചു കുട്ടിയായി അയാൾ പരിണമിച്ചു ( മലഞ്ചെരുവിലെ ഭ്രാന്തൻ്റെ നിലവിളി ക്ലാരയെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു).

മുറിഞ്ഞ വാക്കുകളുടെ തീരത്തു നിന്നാണ് അവർ വേർപിരിയുന്നത് നമ്മുടേത് മാത്രമെന്ന് വിശ്വസിച്ചു പോയ ഇടങ്ങളിൽ നേരിൻ്റെ ടൈം ആൻഡ് സ്പേസ് അന്യമാകുന്നതൊരു വേദന തന്നെയാണ് .
ആകസ്മികമായി ആരെയും നമ്മൾ കണ്ടുമുട്ടാറില്ല ഒരു പക്ഷെ തങ്ങൾ മാഷ് പറഞ്ഞതുകൊണ്ട് മാത്രമാവാം “മദർ സുപ്പീരിയറിൻ്റെയും തടി തടികൺട്രാക്‌റ്ററിൻ്റെയും” വേഷങ്ങൾ അണിയേണ്ടി വന്നത്. എല്ലാം തികച്ചും യാദൃഛികം എന്ന് മാത്രമേ ജയകൃഷ്ണൻ കരുതുന്നുള്ളു

പ്രണയം എത്ര ക്ഷണികമായിരുന്നുവെന്നു ക്ലാര തിരിച്ചറിയുന്നതിനൊപ്പം, കാല്പനിക ലോകത്തു നിന്നും ജീവിതത്തിൻ്റെ യഥാർത്ഥഭൂമിക തേടികണ്ടെത്താൻ കഴിഞ്ഞു. അതിനായിരുന്നു ജയകൃഷ്ണനിൽ നിന്നും അവൾ ഓടിയൊളിച്ചത് .

രാധ ( ജയകൃഷ്ണൻ്റെ പ്രതിശ്രുത വധു ) നല്ല കുട്ടിയാണെന്നും ആ കുട്ടിയെ സങ്കടപെടുത്തരുതെന്നും പറയുന്നിടത്താണ് ക്ലാരയുടെ മനസിൻ്റെ വിശാലത തിരിച്ചറിയുന്നത്. അയാൾക്കവൾ അറിയുന്തോറും ഒരു പ്രഹേളികയാവുന്നു.

ഒരു ജിബ്രാൻ കവിതയിൽ ( ലെബനൻ കവി) ഇങ്ങനെ കാണുന്നു
” മനുഷ്യർ തമ്മിലുള്ള ഒരു ബന്ധത്തിലും/ ഒരാൾ മറ്റൊരാളെ കൈവശപ്പെടുത്തരുത്/ രണ്ടു മനസുകൾ എപ്പോഴും വ്യത്യസ്തരായിരിക്കും സൗഹൃദത്തിലായാലും പ്രണയത്തിലായാലും”

കാലങ്ങൾക്കു മുൻപേ സഞ്ചരിച്ച ഈ കവിത അവരുടെ ജീവിതത്തിൽ തികച്ചും അന്വർത്ഥമായി .

അന്യരെ ആശ്രയിച്ചു നിൽക്കുന്ന എല്ലാ ആഹ്ളാദങ്ങളും ഇന്നോ നാളെയോ മാഞ്ഞു പോകും.എല്ലാം താല്കാലികമാണ് ….തികച്ചും നൈമിഷികമെന്ന ബുദ്ധിസ്റ് സിദ്ധാന്തത്തിലേക്കു മനസ്സ് പാകപ്പെടുത്തുന്നു

അതെ അയാൾ മാത്രം പ്രതീക്ഷിച്ചു ആ തീവണ്ടിയിൽ അവൾ എത്തുമെന്ന് ………..അവൾ വന്നു “മോനി ജോസഫ് ” എന്ന ധനികൻ്റെ രണ്ടാം ഭാര്യയുടെ വേഷത്തിൽ . നിലവിൽ അവളിപ്പോൾ അയാളുടെ ഭാര്യയാണ് ആദ്യ ഭാര്യയുടെ കൈക്കുഞ്ഞുമായി എത്തിയ “മോനി ജോസഫിനോട്” ” മദർ സുപ്പീരിയർ” എന്ന് പറഞ്ഞാണ് ജയകൃഷ്ണനെ പരിചയപ്പെടുത്തുന്നത്

മോനി ജോസഫിനോട് എല്ലാം തുറന്നു പറഞ്ഞ് ഒരു കുമ്പസാര കൂടിൻ്റെ ഹൃദയ വിശുദ്ധി അവൾ അനുഭവിക്കുന്നുണ്ടെന്ന നിർവൃതിയിലാണ് ജയകൃഷ്ണൻ ആ തീവണ്ടി നിലയത്തിൽ നിന്നത് .ഹൃദയത്തിൽ ,സ്വപ്നങ്ങളിൽ ,ചിന്തകളിൽ ,ഒരു ശ്യാമ ശൈത്യം സമ്മാനിച്ചവൾ ദാ ഇപ്പോൾ കടന്നു പോകുന്നു. തീവണ്ടിയുടെ വാതിൽക്കൽ കൈവീശി ചിരിച്ചവൾ ……… തൻ്റെ ഋതു ഭേദങ്ങളുടെ രാജകുമാരി …..

അയാൾക്കൊന്നുറക്കെ കരയണമെന്നു തോന്നി … സങ്കടം ഉള്ളിലൊതുക്കി… ചിലനിമിഷങ്ങളിൽ മനുഷ്യർ എത്ര നിസ്സഹായരാണ് …എത്ര ആലംബഹീനരാണ് ….

അനന്തരം ജയകൃഷ്ണൻ തീവണ്ടി സ്റ്റേഷനിലെ തിരക്കിൽ തൻ്റെ പ്രതി ശ്രുത വധു രാധയെ കാണുന്നു .
ജീവിതം പോലെ സമാന്തരമായി നീളുന്ന ആ തീവണ്ടിപ്പാളത്തിൽ ജയകൃഷ്ണനും ,രാധയും പരസ്പരം കൈകൾ കോർത്തു നിന്നു

രാധാകൃഷ്ണൻ മാഞ്ഞൂർ : – ഫ്രീലാൻസർ ,കോട്ടയം ജില്ലയിൽ ,വൈക്കം താലൂക്കിൽ ,മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി കെ കൃഷ്ണനാചാരിയുടെയും ഗൗരി കൃഷ്ണൻെയും മകനായി 1968 ലെ ഏപ്രിൽ വേനലിൽ ജനനം. മാഞ്ഞൂർ സൗത്ത് ഗവണ്മെൻ്റ് സ്കൂൾ ,മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് സ്കൂൾ ,കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സമചിന്ത, പിറവി, എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി. അക്ഷരകാഴ്ച മാസികയുടെ ചീഫ് എഡിറ്റർ ,കാഞ്ഞിരപ്പള്ളി സമ ചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .ഇപ്പോൾ ടാഗോർ സ്മാരക സാംസ്കാരിക സദസ്സ് ( കേരളം ) സംസ്ഥാന ജോയിൻ്റ് സെക്രെട്ടറി .

1986 ൽ ഭരതം കഥാ പുരസ്കാരം ,1997 ൽ അസീസ്സി ചെറുകഥാ പുരസ്കാരം ,സാംസ്കാര വേദിയുടെ 2023 ലെ അവാർഡ് എന്നിവ ലഭിച്ചു. രണ്ടു കഥാ പുസ്തകങ്ങൾ :- നിലാവിൻ്റെ ജാലകം ,പരസ്യപ്പലകയിലൊരു കുട്ടി .
രണ്ടു തിരക്കഥകൾ :- മഴ മരങ്ങൾ ,മുടിയേറ്റ്
ഭാര്യ :- ഗിരിജ , മകൾ :- ചന്ദന
ഇ മെയിൽ : [email protected]
മൊബൈൽ നമ്പർ :- 8075491785

രാജേഷ് ജോസഫ് ലെസ്റ്റർ

കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണം, ഒരിക്കൽ ലാളിത്യത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പ്രതീകമായിരുന്നു. എന്നാൽ ഇന്നത്തെ കേരളത്തിൽ ഓണാഘോഷങ്ങൾ ഉപഭോഗാധിഷ്ഠിത വിപണി സംസ്‌കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടന, ഗൾഫ് പ്രവാസികളുടെ റീമിറ്റൻസ്, വ്യാപാര വിപണി, ഉപഭോഗ സംസ്കാരം എന്നിവ ഓണത്തെ വിപണി പ്രാധാന്യമുള്ള ഉത്സവമായി മാറ്റിയിരിക്കുകയാണ്.

മുൻകാലത്തെ ഓണം – ഗ്രാമജീവിതത്തിൻ്റെ ലാളിത്യം

പഴയകാലത്ത്, ഓണം കാർഷിക സമൂഹത്തിൻ്റെ വിളവെടുപ്പ് ആഘോഷമായിരുന്നു. കുടുംബം, അയൽക്കാർ, ഗ്രാമസമൂഹം എന്നിവർ ചേർന്ന് പൂക്കളങ്ങൾ ഒരുക്കുകയും വീട്ടിൽ തയ്യാറാക്കിയ ഓണസദ്യയോടെ ഉത്സവം ആഘോഷിക്കുകയും ചെയ്‌തു. ചെലവുകുറഞ്ഞിരുന്നെങ്കിലും സന്തോഷവും ഐക്യവും നിറഞ്ഞിരുന്നു.

“ഓണം മുൻകാലത്ത് ഒരു കൂട്ടായ്മാ ഉത്സവമായിരുന്നു. ഇന്നത്തെ പോലെ ആഡംബരം ഉണ്ടായിരുന്നില്ല,” എന്നു സംസ്കാര ചരിത്രകാരൻ ഡോ. എ. രാജൻ പറയുന്നു.

ഇന്നത്തെ ഓണം – വിപണിയുടെ ആഘോഷം

കാലത്തിന്റെ ഒഴുക്കിൽ, ഓണത്തിന്റെ ആഘോഷ രീതി വ്യാപാരത്തിന്റെ നിയന്ത്രണത്തിലേക്ക് നീങ്ങി. ഓൺലൈൻ ഷോപ്പിംഗ്, ബ്രാൻഡഡ് വസ്ത്രങ്ങൾ, സ്വർണാഭരണം, കാറ്ററിംഗ് സർവീസുകൾ, ഓണ വായ്പകൾ എന്നിവയാണ് ഇന്നത്തെ ആഘോഷത്തിന്റെ മുഖ്യഘടകങ്ങൾ.
• വസ്ത്ര വിൽപ്പന: കേരളത്തിൽ ഓണകാലത്ത് വസ്ത്രവിൽപ്പന ₹10,000 കോടി കടക്കും.
• സ്വർണവില്പന: ഓണത്തിന് മുമ്പുള്ള ദിവസങ്ങളിൽ സ്വർണാഭരണ വിപണിയിൽ ₹500 കോടി വരെ ഇടപാട്.
• മദ്യവില്പന: KSBC റിപ്പോർട്ട് പ്രകാരം, ഓണം സമയത്ത് ഏകദിന മദ്യവിൽപ്പന ₹818 കോടി വരെ.
• ഓണസദ്യ: പല വീടുകളും ഹോട്ടലുകളും കാറ്ററിംഗും ആശ്രയിക്കുന്നു. വില ₹150 – ₹500 വരെ.

“ഓണം ഇപ്പോൾ വികാരത്തിന്റെയും വിപണിയുടെയും കൂട്ടായ്മയാണ്. ഇത് കേരളത്തിന്റെ consumer economy–യെ മുന്നോട്ട് നയിക്കുന്നു,” എന്ന് സാമ്പത്തിക വിദഗ്ധൻ കെ. ബിജു പറയുന്നു.

ഗൾഫ് റീമിറ്റൻസിന്റെ സ്വാധീനം

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഗൾഫ് റീമിറ്റൻസ് നിർണ്ണായകമാണ്. 2023-ൽ, കേരളത്തിന്റെ സംസ്ഥാന വരുമാനത്തിൽ 23% വിദേശ തൊഴിലാളികളിൽ നിന്നുള്ള വരുമാനമാണ്. ഈ പ്രവാഹം ഓണാഘോഷത്തിൽ വലിയ ചെലവുകൾക്ക് കാരണമാകുന്നു. എന്നാൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു: “ഇത് ഉപഭോഗാധിഷ്ഠിത വളർച്ചയാണ്; ഉൽപാദനത്തെ അപേക്ഷിച്ച് ഉപഭോഗം കൂടുതലാണെന്നതാണ് കേരളത്തിന്റെ വെല്ലുവിളി,” എന്ന് പ്ലാനിങ് ബോർഡ് അംഗം ഡോ. ശിവൻ പറയുന്നു.

സർക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടൽ

ഓണ സമയത്ത് സർക്കാർ ഫ്രീ ഓണം കിറ്റുകൾ, സബ്സിഡി വിൽപ്പന, പെൻഷൻ വിതരണം, അലവൻസ് എന്നിവ നൽകുന്നു. സപ്ലൈകോ 2024-ൽ ₹180 കോടി വരെ ന്യായവില വിൽപ്പന നടത്തി. 6.32 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ കിറ്റ് വിതരണം ചെയ്തു.

“ഓണത്തിന്റെ ആത്മാവായ സമത്വവും സഹവർത്തിത്വവും നിലനിർത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. വിപണി സംസ്കാരത്തിൽ മുങ്ങുന്ന കേരളത്തിന്റെ സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കേണ്ട സമയമാണിത്,” എന്ന് സാമൂഹ്യശാസ്ത്രജ്ഞ ഡോ. ജയശ്രീ അഭിപ്രായപ്പെട്ടു.

ഓണം ഇന്നും കേരളത്തിന്റെ ഐഡന്റിറ്റിയുടെ പ്രതീകമാണ്. പക്ഷേ മഹാബലിയുടെ കാലത്തെ സമത്വത്തിന്റെ സ്വപ്നത്തിൽ നിന്ന്, ഇന്നത്തെ ഉപഭോഗത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് കേരളം മാറിയിരിക്കുന്നു. “ലാളിത്യവും ഐക്യവും” ഓണത്തിന്റെ ആത്മാവാണ് – അതിനെ നഷ്ടപ്പെടുത്താതെ ആധുനിക കാലഘട്ടം സ്വീകരിക്കുന്നതാണ് വെല്ലുവിളി.

രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.

യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.

യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.

സ്നേഹപ്രകാശ്. വി. പി.

ഇനിയൊരു കഥ പറയാം. ഒരു പഴയ കഥ. പാണന്റെ പഴംപാട്ടു പോലെ, പാടിപ്പതിഞ്ഞ ഈരടികൾ പോലെ, പറഞ്ഞു പതം വന്ന കഥ.

പണ്ട് എന്നുവെച്ചാൽ പണ്ടുപണ്ട് ഒരു രാജാവുണ്ടായിരുന്നു. അതാണല്ലോ പഴങ്കഥകളുടെ ഒരു ശൈലി. ഒരു വലിയ മലയും, മലയിലെ വിഭവങ്ങളും, അതിന്റെ താഴ്‌വരയിലെ ജനങ്ങളും രാജാവിന്റേതായിരുന്നു. തികഞ്ഞ രാജഭക്തിയുള്ളവരായിരുന്നു പ്രജകൾ. രാജാവ് മലമുകളിലെ കൊട്ടാരത്തിലിരുന്ന് സസുഖം തന്റെ സാമ്രാജ്യം ഭരിച്ചു പോന്നു.

എന്നാൽ നമ്മുടെ രാജാവിന് ഒരു ദൗർബല്യമുണ്ടായിരുന്നു. രാജാവാണെന്ന് വെച്ച് ദൗർബല്യമില്ലാതാവില്ലല്ലോ. അദ്ദേഹം എലികളെ വളർത്തിയിരുന്നു. മലയിൽ മുഴുവൻ എലികളുടെ മടകളായിരുന്നു. എലികളും രാജാവിനെപ്പോലെത്തന്നെ സുഭിക്ഷതകൊണ്ട് തടിച്ചു കൊഴുത്തിരുന്നു.

കാലം കഴിയവേ കാട്ടിലെ മൂപ്പന് ഒരു സംശയം. ഈയിടെയായി കാട്ടിലെ വിഭവങ്ങൾ കുറഞ്ഞു വരുന്നുണ്ടോ ? എലികളല്ലേ മല നിറയെ. പിന്നെ കാട്ടിലെ വിഭവങ്ങൾ കുറയാതിരിക്കുമോ. മൂപ്പൻ ഈ കാര്യം വളരെ രഹസ്യമായി മൂപ്പത്തിയോട് പറഞ്ഞു. രഹസ്യമായതുകൊണ്ടാവാം മുപ്പത്തി, അത്‌ മറ്റു പെണ്ണുങ്ങളോടും അവർ അവരുടെ ആണാളുകളോടും… അങ്ങനെയങ്ങനെ കാര്യം എല്ലാവരും അറിഞ്ഞു. പെട്ടെന്നുതന്നെ കാട്ടിലെയും നാട്ടിലെയും ജനം സംഘടിച്ച് മൂപ്പന്റെ നേതൃത്വത്തിൽ രാജാവിനോട് പോരിനിറങ്ങി. ഒരു നാടിന്റെ മുഴുവനും പിന്തുണയുണ്ടായിരുന്നതിനാൽ ഒടുവിൽ മൂപ്പൻ രാജാവിനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുത്തു. അണികൾ മൂപ്പനെ തോളിലേറ്റി മൂപ്പനാണ് ഇനി തങ്ങളുടെ രാജാവെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആനന്ദനൃത്തം ചവിട്ടി.

ഇനിയെന്ത് ?

എല്ലാവരും ആലോചിച്ചു.

“എലികളാണ് നമ്മുടെ ശത്രു.. ”

ഒന്നാമൻ പറഞ്ഞു.

“ഈ കാടും, നാടും മുഴുവൻ നശിപ്പിച്ചത് എലികളാ… നമുക്കവയെ നശിപ്പിക്കണം.. ”

ചുണ്ടിലെരിയുന്ന ബീഡി ആഞ്ഞു വലിച്ചുകൊണ്ട് രണ്ടാമൻ പറഞ്ഞു.

“എങ്കിലും അവയെ കൊല്ലണോ..? ”

മൂന്നാമന്റെ ഒരു സംശയം.

“അവയെക്കൊന്ന് നാടിനെ രക്ഷിക്കാമെന്നു പറഞ്ഞിട്ടാ ഞാൻ നിങ്ങളുടെ കൂടെ നിന്നത് .. ”

നാലാമൻ ന്യായം പറഞ്ഞു.

ഇത്രയധികം എലികളെ കൊന്നൊടുക്കുക അത്ര എളുപ്പമാണോ ?
മൂപ്പൻ തല പുകഞ്ഞാലോചിച്ചു. മൂപ്പന്റെ നെറ്റിയിലൂടെ വിയർപ്പു ചാലുകൾ നഗ്നമായ നെഞ്ചിലേക്കിറങ്ങി. മൂപ്പന്റെ അവസ്ഥ കണ്ട് മൂപ്പത്തിയുടെ മനമലിഞ്ഞു. അവർ പറഞ്ഞു.

“നമുക്കീ മല മറിച്ചിടാം… അപ്പോൾപ്പിന്നെ എലികളുടെ പ്രശ്നമില്ലല്ലോ.. ”

മൂപ്പൻ സമ്മതിച്ചു. അങ്ങനെ അവർ എല്ലാവരും കൂടി മല മറിച്ചിടാൻ തയ്യാറായി. മൂപ്പൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടി.

“ഇനി നമുക്ക് മല മറിക്കാം… മല മറിക്കാം കൂട്ടരേ.. ”

ഒരായിരം കണ്ഠങ്ങളിലൂടെ ഒരു വിപ്ലവ ഗാനം പോലെ അവരത് ഏറ്റുപാടി.

” ഇനി നമുക്ക് മല മറിക്കാം, മല മറിക്കാം കൂട്ടരേ…
മല മറിച്ച് മല മറിച്ച് എലികളെ തുരത്തിടാം..
എലികളെന്ന വർഗ്ഗമിനി നാട്ടിൽ വേണ്ട കൂട്ടരേ..
എലിയില്ലാത്ത, മലയില്ലാത്ത ലോകമെത്ര സുന്ദരം…

“അപ്പോൾ എല്ലാ മലയും മറിച്ചിടണോ മൂപ്പാ…? ”

ഒരു ഡൗട്ടിങ്ങ് തോമസ്.

മൂപ്പന്റെ കണ്ണിൽ തീ ആളി. ചോദ്യകർത്താവിനെ ദഹിപ്പിക്കുന്ന പോലെ നോക്കി മൂപ്പൻ ചൊല്ലി.

“ഈ മല, ഈ മല, ഈ മല മാത്രം
ഈ മല, എലിമല, എലിമല മാത്രം
ഈ മല എലിമല, ചതി മല മാത്രം ”

പിന്നീടയാളുടെ നാക്ക് പൊങ്ങിയില്ല. മൂപ്പനും കൂട്ടരും തങ്ങളുടെ കോറസ്സിലേക്ക് തന്നെ മടങ്ങിപ്പോയി.

“എലിയില്ലാത്ത, മലയില്ലാത്ത
ലോകമെത്ര സുന്ദരം..
പങ്കു ചേരുക, പങ്കുചേരുക
പുണ്യമാമീ കർമത്തിൽ… ”

മൂപ്പന്റെ ഉണർത്തുപാട്ട് ഏറ്റുപാടിക്കൊണ്ട് അവർ മലക്കുചുറ്റുമായി കൈകോർത്തു പിടിച്ചു നിന്നു. പിന്നീട് തങ്ങളുടെ ശക്തി മുഴുവൻ സംഭരിച്ചുകൊണ്ട് അവർ മല മറിച്ചിടാൻ ശ്രമിച്ചു. പക്ഷേ മല ഒന്നിളകാൻ പോലും കൂട്ടാക്കിയില്ല. ഈയിടെയായി രാജാവിനെതിരെ സംസാരിക്കുന്നതിൽ കവിഞ്ഞു അവർ ഒന്നും ചെയ്യാറില്ലയിരുന്നു. വേല ചെയ്യാൻ പോലും മറന്നു പോയിരുന്ന അവരുടെ ശരീരത്തിലെ മാംസപേശികളിൽനിന്നും ശക്തി ചോർന്നു പോയിരുന്നു. ഒടുവിൽ തളർന്നു വീണ തന്റെ ആൾക്കാരെ നോക്കി മൂപ്പൻ പറഞ്ഞു.

” ഇതൊരു പാഴ്‌വേലയാ… നമുക്കൊരു കാര്യം ചെയ്യാം…. രാജാവ് മുൻപ് ഉപയോഗിച്ച മലമുകളിലെ കൊട്ടാരത്തിലേക്ക് താമസം മാറ്റാം… ”

“ഇത്രയും കാലം എലികളുണ്ടായിട്ടും നമ്മളിവിടെ താമസിച്ചില്ലേ…? ”

“ശരിയാ … ”

“മൂപ്പൻ കൊട്ടാരത്തിൽ താമസിക്കട്ടെ… ”

തളർന്നു പോയ അവരുടെ തൊണ്ടയിലൂടെ എന്തെല്ലാമോ ശബ്ദങ്ങൾ പൊങ്ങി വന്നു. ഒടുവിൽ എല്ലാവരും ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.

“മൂപ്പൻ കൊട്ടാരത്തിൽ താമസിക്കട്ടെ… ”

അങ്ങനെ മൂപ്പനും, മൂപ്പത്തിയും കൂട്ടരും മല കയറാൻ തുടങ്ങി. കുറെ ദൂരം താണ്ടിയപ്പോൾ പലർക്കും മടുപ്പായി. വീണ്ടും അവരിൽ നിന്നും പല അഭിപ്രായങ്ങളും പൊങ്ങി വന്നു.

“ഇതിലും നല്ലത് രാജാവ് തന്നെയായിരുന്നു.. ”

“ആര് ഭരിച്ചാലും നമുക്ക് ഒരു പോലെത്തന്നെ… ”

“എങ്കിൽ മൂപ്പൻ മാത്രം രാജാവായി മലമുകളിൽ താമസിക്കട്ടെ.. ‘

അങ്ങനെ മലയുടെ പല മടക്കുകളിൽ നിന്നായി പലരും പല വഴിക്ക് പിരിഞ്ഞു. അവർ താഴ്‌വരയിലേക്ക് തിരിച്ചു പോയി. ഒടുവിൽ യാത്രാദുരിതം സഹിക്കവയ്യാതെ എവിടെയോ വെച്ച് മൂപ്പത്തിയും, മൂപ്പനെ കൈവിട്ടു. എന്നാൽ മൂപ്പനും അനുയായികളും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ അവർ പഴയ രാജാവിന്റെ കൊട്ടാരത്തിലെത്തി. സ്വർണം പതിച്ച സിംഹാസനത്തിൽ മൂപ്പൻ ഉപവിഷ്ടനായി. ചെങ്കോലും കൈയിലേന്തി ഭരണം തുടങ്ങി. പഴയ രാജാവിന്റെ ഖജനാവ് കാലിയായിരുന്നില്ല. എല്ലാവിധ സുഖസൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു താനും. മൂപ്പൻ പിന്നീട് താഴ്‌വരയിലേക്ക് നോക്കിയതേയില്ല.

വളരെ പെട്ടെന്ന് തന്നെ അധികാരം തലക്കുപിടിച്ച മൂപ്പന്റെ ദുർഭരണം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടി. ഒരിക്കൽ താഴ്‌വരയിൽ നിന്നും ആൾക്കാർ സങ്കടമുണർത്തിക്കാനായി വന്നു. അവർ മൂപ്പന് നേദിക്കാനായി പനങ്കള്ളും കാട്ടുപെണ്ണിനേയും കൊണ്ടു വന്നിരുന്നു. മൂപ്പൻ അവർക്ക് തന്റെ അരമനയിലെ അപ്സരസ്സുകളെയും, വിദേശ നിർമിതമായ മദ്യശേഖരവും കാണിച്ചു കൊടുത്തു. മേലിൽ കൊട്ടാരത്തിൽ കാലുകുത്തരുതെന്ന താക്കീതോടെ അവരെ ആട്ടിയോടിച്ചു.

കാലചക്രം വീണ്ടും തിരിഞ്ഞു. മൂപ്പന്റെ ദുർഭരണം അതിന്റെ പാരമ്യത്തിലെത്തി. നാടുമുഴുവൻ പട്ടിണിയിലായപ്പോഴും മൂപ്പനും കൂട്ടരും മദോന്മത്തരായി കൊട്ടാരത്തിൽ വസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഉറക്കമുണർന്നപ്പോൾ മൂപ്പന് ആകെ ഒരു വല്ലായ്മ. ഒരു വിധത്തിൽ എഴുന്നേറ്റ് ആൾക്കണ്ണാടിയിൽ നോക്കിയപ്പോൾ ഞെട്ടിപ്പോയി. താൻ ഒരു വലിയ എലിയായി മാറിയിരിക്കുന്നു. പുറത്തു നിന്നും എന്തോ ശബ്ദം കേട്ട് മൂപ്പൻ സിംഹാസനത്തിൽ നിന്നും ചാടിയിറങ്ങി ജാലകത്തിലൂടെ താഴ്‌വരയിലേക്ക് നോക്കി. അവിടെ നിന്നും ഒരു വല്ലാത്ത ആരവം കേൾക്കുന്നുണ്ടായിരുന്നു. താഴ്‌വരയിൽ നിന്നും ചില വെളുത്ത പൊട്ടുകൾ മുകളിലേക്ക് വരുന്നുണ്ടായിരുന്നു. മൂപ്പൻ താഴ്‌വരയിലെ കാഴ്ച്ചകൾ കാണാൻ വേണ്ടി ഒരുക്കിയിരുന്ന ദൂരദർശിനിയിലൂടെ സൂക്ഷിച്ചു നോക്കി. അവ പൂച്ചകളായിരുന്നു. എലികളെ തിന്നൊടുക്കിക്കൊണ്ട് അവ മലമുകളിലേക്ക് വരികയായിരുന്നു. എലികളുടെ രക്തം കവിളുകളിലൂടെ ഒലിച്ചിറങ്ങി പൂച്ചകളുടെ തലകൾ ചുവപ്പു നിറമായിരുന്നു. അവ അതിശീഘ്രം മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയായിരുന്നു. അവയ്ക്ക് ഒരു നേതാവില്ലായിരുന്നു.!

സ്നേഹപ്രകാശ് വി. പി. :- കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയി പ്രവർത്തിച്ചു. വിരമിച്ചതിനുശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കഥകൾ, കവിതകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്.

2008 ൽ ബേപ്പൂർ ശാഖ മാനേജർ ആയിരിക്കെ ബഷീർ ജന്മ ശദാബ്‌ദിയോടാനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിനു വേണ്ടി ശ്രീ. അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്. 2021 ൽ “ഉടലുകൾ” എന്ന പേരിൽ 60 കുറുംകഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

പച്ചപ്പ് നിറഞ്ഞ പ്രകൃതി . ‘വേലിക്കൽ നിൽക്കുന്ന വെളുത്ത തെറ്റി പൂക്കുന്ന മണം കണ്ണൻ ആസ്വദിച്ചു. ചെമ്മൺ പാതയിലൂടെ പഴയ ടയർ കൊണ്ടു രൂപപ്പെടുത്തിയ തൻ്റെ കളിപ്പാട്ട വണ്ടി ഒരു കോലുകൊണ്ട് തട്ടിയുരുട്ടി കളിയ്ക്കുകയാണ് കണ്ണൻ. ഇത് പല പ്രാവശ്യം ആവർത്തിച്ചു കഴിഞ്ഞപ്പോൾ അവൻ അമ്മയുടെ അടുത്തേയ്ക്ക് ഓടി. താത്ക്കാലികമായി പണിഞ്ഞ ആറുകാലിപ്പുരയിൽ അവനും അവൻ്റെ അമ്മ തങ്കവും മാത്രമാണ് താമസം. അതിൻ്റെ മുറ്റത്തായി ഒരടിസ്ഥാനം ഉയർത്തി കെട്ടിയിട്ടുണ്ട്. വീടു പണിയ്ക്കായി അവൻ്റെ അമ്മയ്ക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച ആദ്യഗഡു കൊണ്ട് പൂർത്തിയാക്കിയ തറയാണത്. അവൻ ടയറും കോലും തറയുടെ ഒരറ്റത്ത് ചാരിവച്ച ശേഷം അടിസ്ഥാനത്തിൻ്റെ മുകളിൽ കറയി ചുറ്റുമൊന്നു നോക്കി. ഇപ്പോൾ കുറച്ചധികം കാഴ്ചകൾ അവന് കാണാം. അയൽ പക്കത്ത് അവൻ്റെ കൂട്ടുകാരായ കുട്ടികൾ പൂക്കടയിൽ നിന്നും വാങ്ങിയ പൂക്കൾ കൊണ്ട് പൂക്കളമൊരുക്കുകയാണ്. അവന് അവരുടെ ഒപ്പം കൂടണമെന്നുണ്ടായിരുന്നു. ആത്മാഭിമാനിയായ അവൻ്റെ അമ്മയോടൊപ്പം അവിടെ നിന്ന് തിരുവോണമാഘോഷിക്കുവാൻ അവൻ തീരുമാനിച്ചു. കഞ്ചാവിനടിമയായിരുന്ന അവൻ്റെ അച്ഛൻ അവനേയും അമ്മയേയും കളഞ്ഞിട്ട് പോയതിൽ പിന്നെ അവന് അവൻ്റെ അമ്മയും അമ്മയ്ക്ക് മകനും മാത്രമേയുള്ളൂ കൂട്ട്. വേലിക്കൽ നിൽക്കുന്ന പലയിനം നാടൻ പുക്കൾ കൊണ്ട് അവനും അവൻ്റെ അമ്മയും കൂടി നേരത്തേ തന്നെ ഒരു പൂക്കളം തീർത്തിട്ടുണ്ട്. അവൻ വീടിനകത്തേയ്ക്ക് കയറി. അവൻ്റെ അമ്മ തങ്കം അവരുടെ വരുമാന പരിധിയിൽ നിന്നുകൊണ്ട് ഉച്ചയ്ക്ക് സദ്യയൊരുങ്ങാനുള്ള വട്ടം കൂട്ടുകയാണ്. പപ്പടം പൊള്ളിക്കാനായി വെളിച്ചെണ്ണ കുപ്പിയെടുത്തപ്പോൾ അവൻ ശ്രദ്ധിച്ചു നോക്കി. വെളിച്ചെണ്ണയ്ക്ക് പൊള്ളുന്ന വിലയായതിനാൽ അവൻ്റെ അമ്മ ഇരുന്നറ്റമ്പത് ഗ്രാം വെളിച്ചെണ്ണ മാത്രമേ വാങ്ങിയിരുന്നുള്ളൂ.

വെളിച്ചെണ്ണയെടുത്ത തങ്കം തൻ്റെ കുട്ടിക്കാലം ഓർത്തുപോയി. വിറകും ചുള്ളിയുമൊക്കെ ശേഖരിക്കാനായി പാട വരമ്പത്തുകൂടി നടക്കുമ്പോൾ വട്ടയില കുമ്പിൾ കൂട്ടി തോട്ടു വരമ്പിൽ അതിരിട്ടു നിൽക്കുന്ന കാളപ്പൂവും കളമ്പോട്ടി പൂവും തുമ്പപൂവും കൂടി ശേഖരിക്കും. അവരുടെ കുട്ടിക്കാലത്തെ പൂക്കളത്തിൽ അവകൂടി ഉൾപ്പെടുത്തുമായിരുന്നു. അന്ന് തേങ്ങ വെട്ടി കഴിഞ്ഞ വസ്തുക്കളുടെ ഉടമസ്ഥർ തേങ്ങയും ചൂട്ടും കൊതുമ്പും പെറുക്കി കൊണ്ട് പോയിക്കഴിഞ്ഞാലും ഉടമസ്ഥരുടെ ശ്രദ്ധയിൽ പെടാതെ തോട്ടു വരമ്പിലെ കാട്ടുചെടികളുടെ ഇടയിൽ വീണു കിടക്കുന്ന തേങ്ങകൾ തങ്കവും കൂട്ടരും ശേഖരിക്കും . അങ്ങനെ പലപ്പോഴായി ശേഖരിക്കുന്ന തേങ്ങകൾ അവർക്ക് ആട്ടാനും അരയ്ക്കാനും തികയുമായിരുന്നു. ഇന്ന് കാലം മാറി.

പാചകമെല്ലാം കഴിഞ്ഞ ശേഷം അമ്മയും മകനും കൂടി കുളിച്ചൊരുങ്ങി വന്നു. വിഭവ സമൃദ്ധമല്ലെങ്കിലും അവരുടെ സദ്യ അമ്മയും മകനും കൂടി തൂശനിലയിട്ട് മനസ്സിൽ സമൃദ്ധിയോടെയും സന്തോഷത്തോടെയും ആസ്വദിച്ച് ഉണ്ടു.

ഡോ. ഐഷ വി:- ഐ എച്ച് ആർഡിയുടെ മാവേലിക്കര അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലാണ്. ആനുകാലികങ്ങളിലും മറ്റും രചനകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കർഷകയ്ക്കുളള അവാർഡ്’, ജൈവകൃഷിയ്ക്കുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ പ്രോത്സാഹന സമ്മാനം, റോട്ടറി ക്ലബ്ബ് ഹരിപ്പാടിൻ്റ വിമൺ അച്ചീവ്മെൻ്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃതസഞ്ജീവനി, ജനറേറ്റീവ് എഐ ആൻ്റ് ദി ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ ഇൻ എ നട്ട് ഷെൽ എന്നിവ കൃതികളാണ്.
കൊല്ലം സ്വദേശി. Rtd പ്രിൻസിപ്പൽ, ബി.ശ്യാംലാലാണ് ഭർത്താവ്, മക്കൾ:അക്ഷയ് ലാൽ എസ്, പൗർണ്ണമി എസ് ലാൽ. മാതാ പിതാക്കൾ ‘കെ.വിദ്യാധരൻ ( Late), കെ രാധ.

വിനോദ് വൈശാഖി

വെളുത്ത വീടുകൾ
നിരന്നിരുന്നാൽ
പൂന്തോട്ടം പോലെ

നനഞ്ഞ പാതകൾ
ക്കിരുവശവും
മഴവില്ലുകൾ
ഒടിച്ചു വച്ചതുപോലെ

പയ്യെ നടന്ന്
മഞ്ഞു പോലവൾ

കുഞ്ഞുപൂക്കളുടെ
ബ്രിസ്റ്റൽ

മഴപ്പൂവുകൾ
അവിടെയാണത്രേ
വെയിൽപ്പൂവുകൾക്ക്
തണുപ്പാണ്

പൂവേത് മഞ്ഞേത്
ശലഭമേത്!

ചന്ദ്രനിലെത്തിയ
കുഞ്ഞിനെപ്പോലെ
ടിനിറ്റി ഓടി നടന്നു!

“മ” മമ്മിയിലും
അമ്മയിലുമുണ്ടെന്ന്
പഠിപ്പിച്ച്

അവിടെ
പൂക്കളെ ഗ്ലാസിലൂടെ
നോക്കി ഒരാൾ !

റോസുകളുടെ
രാജകുമാരി

ഇപ്പോൾ ബ്രിസ്റ്റൽ
ഭംഗിയുള്ള
ഉടുപ്പണിയിച്ച്
ട്രിനിറ്റിയെ
കെട്ടിപ്പിടിക്കുന്നു!!

വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ

പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021).

ലിസ മാത്യു

ഒരു ഓണക്കാലം കൂടി നാം ആഘോഷിക്കുകയാണ്…. ഓണമെക്കാലത്തും മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ സ്മരണകൾ നൽകിയാണ് മടങ്ങുക. മനുഷ്യരോടൊപ്പം പ്രകൃതിയും ഓണാഘോഷങ്ങളിൽ പങ്കെടുക്കാനെന്നോണം ഒരോ വർഷവും ഒരുങ്ങും. അതിന്റെ പ്രതിഫലനമാണ് ചിങ്ങമാസത്തിൽ തങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലമായ വിളവുകൾ കൊയ്തെടുക്കുന്ന കർഷകർക്ക് പ്രകൃതി നൽകുന്ന വിളവ്. ഏതൊരു ആഘോഷവും മനുഷ്യരോടൊപ്പം പ്രകൃതിയും ഒന്ന് ചേരുമ്പോഴാണ് പൂർണമാവുക. വിഷുക്കാലമാകുമ്പോൾ വിടരുന്ന കണിക്കൊന്നയും, ഓണക്കാലമാകുമ്പോൾ നിറയുന്ന പൂച്ചെടികളുമെല്ലാം നമ്മെ ഇതാണ് ഓർമിപ്പിക്കുന്നത്.

ആധുനികതയുടെ ഓട്ടപാച്ചിലിൽ ഒരിടക്കാലത്ത് മലയാളിയും ഓണാഘോഷങ്ങളുടെ തനിമയെ മറന്നു എന്നത് വാസ്തവമാണ്. പ്രകൃതിയെ ആഘോഷങ്ങളുടെ ഭാഗമാക്കാതെ, പ്രകൃതിക്ക് ഹാനികരമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ മലയാളികളുടെ ഓണാഘോഷങ്ങളിലും കടന്നുകൂടി. കൂടുതൽ സൗകര്യപ്രദത്തിന് മലയാളിയുടെ സദ്യ പ്ലാസ്റ്റിക് വാഴയിലയിലും, സദ്യക്ക് ശേഷമുള്ള പായസം ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പുകളിലും ആയപ്പോൾ, അവ നമ്മുടെ മണ്ണിനെയും പ്രകൃതിയെയും ദോഷകരമായി ബാധിച്ചു എന്നത് വസ്തുതയാണ്. ഒരു കച്ചവട സംസ്കാരം ഇവിടെയൊക്കെയോ ഓണത്തിന്റെ തനിമയ്ക്ക് മങ്ങലേൽപ്പിച്ചു.

എന്നാൽ ഇന്ന് കേരള സമൂഹം ഒരു മടങ്ങിവരവിലാണ്. ഓണാഘോഷങ്ങളും ശീലങ്ങളും പ്രകൃതിയെ മുറിവേൽപ്പിക്കാതിരിക്കുവാൻ, നമ്മുടെ സ്വത്വം മറക്കാതിരിക്കാൻ നാം പ്രയത്നിക്കുകയാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് കേരള സർക്കാരിന്റെ ഈ വർഷത്തെ ‘ഹരിത ഓണം’ എന്ന തലക്കെട്ടും. നമ്മുടെ ആഘോഷങ്ങൾ പ്രകൃതിക്ക് മുതൽക്കൂട്ടാവുന്ന തരത്തിലുള്ളതാകണമെന്ന ചിന്തയാണ് ഈ ആശയത്തിന് പിന്നിൽ. ‘സസ്റ്റയിനബിലിറ്റി’ അഥവാ സുസ്ഥിരത എന്ന ആശയം ഇന്ന് തങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കുവാൻ മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യരും പ്രയത്നിക്കുകയാണ്. ചാണകം മെഴുകിയ മുറ്റത്ത്, സ്വന്തം വീട്ടിലെയും അയൽ വീടുകളിലെയും, തൊട്ടടുത്ത പറമ്പുകളിലെയും പൂക്കൾ ശേഖരിച്ച് പൂക്കളം ഇടുന്ന, തങ്ങളുടെ മാവേലിത്തമ്പുരാനെ വരവേൽക്കുവാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മലയാളിയാണ് യഥാർത്ഥ ഓണത്തിന്റെ സ്വത്വത്തെ വിളിച്ചോതുന്നത്. അത്തരം ഒരു ഓണക്കാലമാവട്ടെ ഇത്തവണ നമുക്ക് ഓരോരുത്തർക്കും…..

ലിസ മാത്യു :- സ്വദേശം പത്തനംതിട്ട ജില്ലയിലെ നെല്ലാട്. പരേതരായ പി കെ മാത്യുവിന്റെയും ലീലാമ്മ മാത്യുവിന്റെയും മകൾ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ബിരുദവും, ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. മലയാളം യുകെ ഉൾപ്പെടെയുള്ള വേദികളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാബുരാജ് കളമ്പൂർ

ഒന്ന്

ആടിമേഘമകലുന്നു, വിൺവനിയി
ലായിരം തിരികൾ നീട്ടിയി-
ത്താര സുന്ദരികൾ താലമേന്തിയണയുന്നു, ചാന്ദ്രസവിധത്തിലായ്,
മോദമോടു മൃദുഗീതകങ്ങളഴകാർന്നു പാടുമൊരു തെന്നലും
ചാരുവർണ്ണമിയലുന്ന ചിത്രശലഭാഭയും സുകൃത ദായകം

രണ്ട്

ചിങ്ങത്തിൻ്റെ ചിരിക്കിലുക്ക മരികിൽക്കേൾക്കുന്നു, മന്ദസ്മിത
ച്ചന്തം ചാർത്തിയ പൂനിലാവനികളിൽ
ക്കാറ്റിൻ്റെ സംഗീതവും
വർണ്ണംകൊണ്ടു വിരുന്നൊരുക്കിയിവിടെസ്സ്വർഗ്ഗം ചമച്ചീടുവാൻ
വന്നെത്തുന്ന വസന്തമേ,
സ്മൃതികൾ തൻ സൗന്ദര്യമേ സ്വാഗതം

മൂന്ന്

നീറും നെഞ്ചിലൊരാവണി ക്കതിരുമായ്ച്ചാരത്തു വന്നെത്തിയി
ന്നോണപ്പാട്ടുകൾ പാടിടുന്ന കുയിലേ നിൻ നാദമെൻ സാന്ത്വനം
കാലത്തിൻ്റെ മുരൾച്ചകൾക്കിടയിലും കേൾക്കുന്നു ഞാൻ നിൻ്റെയാ
രാഗാലാപനവിസ്മയം, മധുരിതം സൗഭാഗ്യസന്ദായകം

നാല്

ശ്രാവണം മധുര ലാസ്യ ഭാവമൊടു സൂനശയ്യകൾ വിരിക്കവേ..
മോഹ പുഷ്പശരമെയ്തു വർണ്ണരഥ
മേറിയമ്പിളി ചിരിക്കവേ..
മാരകാകളികൾ മൂളി വന്ന കുളിർ കാറ്റിൽ നിന്റെ മൃദുഗന്ധ; മെൻ
മാറിൽ വീണ ചെറു മഞ്ഞുതുള്ളികളി
ലോർമ്മതൻ കടലിരമ്പവും.

അഞ്ച്

കുഞ്ഞിക്കണ്ണു തുറന്നു പുഞ്ചിരി പൊഴിച്ചീടുന്ന പുഷ്പങ്ങളും
മഞ്ഞിൻ കൂട്ടിലിരുന്നു മൗനമണികൾ കോർക്കുന്ന പൂത്തുമ്പിയും
കൊഞ്ചിക്കൊഞ്ചിയണഞ്ഞിടുന്ന പുലരിക്കാറ്റിൻ്റെ താരാട്ടുമെൻ
നെഞ്ചിന്നുള്ളിലുണർത്തിടുന്നു ഗതകാലത്തിൻ്റെ ഹർഷാരവം.

ആറ്

മഞ്ഞിൻ തുള്ളികളിറ്റുവീണു ചിതറും
മുറ്റത്തു സൂര്യൻ കടും
മഞ്ഞപ്പട്ടു വിരിച്ചിടുന്നു .. കിളികൾ
പാടുന്നു ഗീതങ്ങളും
നെഞ്ചിന്നുള്ളിലെയോർമ്മതൻ തളിർമര
ക്കൊമ്പത്തു മാടത്തകൾ
കൊഞ്ചിക്കൊത്തിയെടു;ത്തിടുന്നു
മധുരംമായാ;പ്പഴങ്കായകൾ.

ഏഴ്

അത്തം മുറ്റത്തു വന്നൂ
മിഴികളിൽ നിറയും
കാർമുകിൽ കണ്ണുനീരായ്,
മെത്തിപ്പെയ്തെന്റെ മുന്നിൽ
ഹൃദയവ്യഥകളെ –
ശ്ശാന്തമാക്കുന്നപോലെ.
എത്തുന്നൂ പുഞ്ചിരിപ്പൊൻ
വെയിലു; കുളിരിളം തെന്ന-
ലെന്നെത്തലോടീ,
ചിത്തം പാടുന്നു മോദ-
ത്തളിരുകൾ നുണയും കോകിലാവേശമോടെ.

എട്ട്

ഉത്രാടപ്പുലർകാലമെത്തി,മനസ്സിൽ –
തിങ്ങുന്നൊരാമോദവും,
ഉത്സാഹത്തിര തുള്ളിടുന്നു ജനതയ്ക്കെല്ലാമിതാനന്ദമേ
ഉള്ളിൽ കത്തിയെരിഞ്ഞിടുന്ന കദന –
ത്തീയിൽ ജലം വീഴത്തി നാം,
ഉല്ലാസത്തൊടു നല്ലൊരോണ മണയാ;
നാശംസകൾ നേർന്നിടാം.

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

 

ലാലി രംഗനാഥ് ( ലാലിമ )

വൈകുന്നേരം അഞ്ചു മണിയോടെ ബോംബെ എയർപോർട്ടിലെത്തുന്ന ഭർത്താവിന്റെ അമ്മയെ പിക്ക് ചെയ്യാൻ പോകാനൊഒരുങ്ങുന്നതിനിടയിലാണ് ഡോക്ടർ അസ്മിതയുടെ ഫോണിലേക്ക് ഹോസ്പിറ്റലിൽ നിന്നും കോൾ വന്നത്.

” ഡോക്ടർ ഉടനെ എത്തണം. ധാരാവിയിലെ ഒരു ചേരിയിൽ തീ പിടിച്ചിട്ടുണ്ട്. ധാരാളം കുട്ടികളെ ഹോസ്പിറ്റലിൽ എത്തിച്ചിരിക്കയാണ്.. ” അവൾ പകുതിയെ കേട്ടുള്ളൂ..

” വിക്രം..എനിക്ക് ഉടൻ ഹോസ്പിറ്റലിലെ ത്തണം ചേരിയിൽ ഒരപകടം. ”

” ഇപ്പോഴോ..?ഇന്ന് പോകാൻ പറ്റില്ല.. നീ ഇന്ന് പോകുന്നില്ല. അമ്മ എത്ര നാൾ കൂടി വരുന്നതാണ്. പിക്ക് ചെയ്യാൻ പോവാൻ നീ കൂടി വന്നേ പറ്റൂ.. ”

” വിക്രം.. എന്നെ ഒന്ന് മനസ്സിലാക്കൂ. ഒരു ചേരിയിൽ തീ പിടിച്ചിരിക്കയാണ്. കുട്ടികളാണത്രേ അധികവും.. ”

” ഓ ചേരിയിലെ പിള്ളേരല്ലേ.. ചത്തു പോകേണ്ട ജന്മങ്ങൾ. എന്നെ ദേഷ്യം പിടിപ്പിക്കാതെ വേഗം പുറപ്പെട്ടോ.. ”

” പറ്റില്ല.. ചേരിയിലെ ജീവനുകൾക്കും വിലയുണ്ട് വിക്രം. ഞാനൊരു ഡോക്ടറാണ്.. എല്ലാ ജീവനുകൾക്കും എനിക്ക് വിലയുണ്ട്.. ”

ഉറച്ച ശബ്ദത്തിൽ തന്നെയാണ് അവളത് പറഞ്ഞത്.

അപ്പോഴേക്കും അടുത്തു കിടന്ന് റിമോട്ടെ ടുത്ത് വലിച്ചെറിഞ്ഞ്, ടേബിൾ ലാമ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു അയാൾ
അരിശത്തോടെ അലറി..

” അവൾ ചേരിയിലെ പീറ പിള്ളേരെ രക്ഷിക്കാനിറങ്ങിയിരിക്കുന്നു. സ്റ്റുപ്പിഡ്… എന്റെ അമ്മ എന്തു വിചാരിക്കും? അമ്മ ഇവിടേക്ക് വരുന്നത് നിനക്ക് ഇഷ്ടമല്ലെന്നേ അമ്മ ചിന്തിക്കു.. ”

” മനുഷ്യജീവന് വില കൊടുക്കാത്ത അമ്മ മനസ്സുണ്ടോ വിക്രം? പ്ലീസ് റിലാക്സ്.. എന്നെ ഒന്ന് മനസ്സിലാക്കൂ. ”

” നിന്നെ ഇനി എന്ത് മനസ്സിലാക്കാൻ? മടുത്തു.. എനിക്ക് മടുത്തു.
ഡോക്ടറാണെന്ന അഹങ്കാരമാണ് നിനക്ക്. ഞാൻ വിദ്യാഭ്യാസം കുറഞ്ഞ ബിസിനസുകാരനും.. പുച്ഛം..

സ്വന്തമായിട്ട് ഒരു കുട്ടിയെ തരാൻ നിന്റെ ശാസ്ത്രത്തിന് കഴിഞ്ഞോ ഇതുവരെ? വല്ലവ ന്റെയും കുട്ടികളെ രക്ഷിക്കാൻ നടക്കുന്നു.. മച്ചി പശു..”

അയാൾ അവസാനം പിറുപിറുത്ത വാക്കുകൾ അവളുടെ ഹൃദയത്തിലാണ് പതിച്ചത്. എങ്കിലും മറുപടിയൊന്നും പറയാതെ, വേദനയിൽ പിടയുന്ന കുഞ്ഞു മുഖങ്ങളെ മാത്രം മനസ്സിലോർത്തുകൊണ്ട്, കാറിന്റെ കീയുമെടുത്ത് അവൾ ഹോസ്പിറ്റലിലേക്ക് തിരിച്ചു.

കാഷ്വാലിറ്റിയിൽ നിരത്തിയിട്ടിരിക്കുന്ന ശ്വാസമറ്റ ശരീരങ്ങൾ.. പാതിവെന്ത് വേദന കൊണ്ട് പിടയുന്ന മുഖങ്ങൾ..ഭീകരമായിരുന്നു ആ കാഴ്ചകൾ..
ഒരു നിമിഷവും പാഴാക്കാനില്ലാത്ത ആ സമയം നേരം പുലരും വരെ ഓടിനടന്ന് കർമ്മനിരതരായ ഡോക്ടർമാർക്കും നഴ്സുമാർക്കും കുറേ പേരെയെങ്കിലും ജീവിതത്തിലേക്ക് കൊണ്ടുവരാനായി.

“പെട്ടെന്ന് തന്നെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് വേഗത്തിൽ തീ അണക്കാൻ കഴിഞ്ഞു. അതുകൊണ്ട് മരണസംഖ്യ ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. വൈകുന്നേര സമയമായതുകൊണ്ട് കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുതിർന്നവർ പലരും ജോലി കഴിഞ്ഞ് തിരിച്ചെത്തിയിട്ടില്ലായിരുന്നു…”

വാർത്തകൾ വന്നുകൊണ്ടിരുന്നു..

നെഞ്ചു തകർന്ന കാഴ്ചകളിൽ മനമുരുകി, അസ്മിത കസേരയിൽ ഒന്ന് ചാരിയിരിക്കുക പോലും ചെയ്തത് രാവിലെ ഒൻപത് മണിയായപ്പോഴാണ്.

അപ്പോഴാണ് കണ്ണടച്ച് ചാരി കിടന്നിരുന്ന ഡോക്ടറുടെ മുന്നിലേക്ക് മലയാളിയായ സുപ്രിയ സിസ്റ്റർ ഒരു പത്തു വയസ്സ് പ്രായമുള്ള പെൺകുട്ടിയുമായി കടന്നുവന്നത്.

” ഡോക്ടർ, ഇവളുടെ അച്ഛനും അമ്മയും ഏട്ടനും ഇന്നലെത്തെ അപകടത്തിൽ…
പാതി നിർത്തിയിട്ട്,
തമിഴ്നാട്ടുകാരിയെന്നു തോന്നുന്നു”…..എന്നു കൂട്ടിച്ചേർത്തു.

നിശബ്ദയായി നിന്ന ആ കൊച്ചു പെൺകുട്ടിയുടെ ദൈന്യതയുള്ള മുഖം കണ്ടപ്പോൾ, ഡോക്ടർ അറിയാതെ ഒരു ഒൻപത് വയസ്സുകാരിയെ ഓർത്തുപോയി.

” വേർപെടുന്ന കാറ്റിനു പറയാൻ കാലമരുളിയ സൗഹൃദമുണ്ട്..
കാത്തുനിൽക്കും കനവിനു പകരാൻ
കരുതിവച്ച ഓർമ്മകളുണ്ട്.
തുടികൊട്ടും മനസ്സുകളാലെ,
അതിരറ്റ പ്രതീക്ഷകൾ പൂക്കാൻ,
നാളേക്ക് വെളിച്ചം വീശാൻ
നന്മകൾ നേരുന്നു”. ”

ഈ ആശംസ വചനങ്ങൾ എഴുതി ചേർത്ത, സ്വന്തം അമ്മയുടെ ഫോട്ടോ പതിച്ച ഫലകവും ചേർത്തുപിടിച്ച്, വിമാനത്തെ ഭയന്ന് മുറിക്കുള്ളിൽ ഒളിച്ചിരുന്ന കൊച്ചു സ്മിതയെ…

അഗ്നിക്കിരയായ ഒരു വിമാനയാത്രികയായിരുന്നു അസ്മിതയുടെ അമ്മ. സ്വപ്നങ്ങൾ പൂവണിയിക്കാൻ, ഭൂമിയിലെ മാലാഖയായി, വിദേശത്തേക്ക് പോയ ഒരു യാത്രയിലാണ് അസ്മിതയ്ക്ക് അമ്മയെ നഷ്ടപ്പെട്ടത്. അവളുടെ ഒമ്പത് വയസ്സിൽ.

ലോകത്തെ ഭയന്ന്, മനുഷ്യരെ ഭയന്ന്, വിമാനം കാണാതിരിക്കാൻ മുറിക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന കുഞ്ഞ് അസ്മിത…
ഡോക്ടർ അസ്മിതയായത്,
ലോല എന്ന ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സയും പരിചരണവും ലഭിച്ചത് കൊണ്ടായിരുന്നു.

ആ ഓർമ്മകളിൽ നിന്നൊക്കെ പെട്ടെന്ന് മോചിതയായി Dr. അസ്മിത, മുന്നിൽ നിൽക്കുന്ന കുട്ടിയുടെ ആ കുഞ്ഞു കരങ്ങൾ, സ്വന്തം വീട് അന്യമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചേർത്തു പിടിക്കുമ്പോൾ, അവരുടെ മനസ്സിൽ നിശ്ചയദാർഢ്യമുണ്ടായിരുന്നു..

മച്ചിപ്പശു എന്ന വിളി കേൾക്കാൻ ഇനിയും
തനിക്കാവില്ലയെന്നവൾ മനസ്സിലുറപ്പിച്ചിരുന്നു.

കച്ചവട മനസ്സുകളെ അല്ലെങ്കിലും എന്നേ അവൾ വെറുത്തു തുടങ്ങിയിരുന്നു.

ലാലി രംഗനാഥ് (ലാലിമ) :- തിരുവനന്തപുരം, മണമ്പൂർ സ്വദേശിനിയാണ്.
ആനുകാലികങ്ങളിലും പ്രമുഖ ഓൺലൈൻ പത്രങ്ങളിലും കഥ,കവിത, യാത്രാവിവരണം തുടങ്ങിയവ സ്ഥിരമായി എഴുതാറുണ്ട്. നീലിമ, മോക്ഷം പൂക്കുന്ന താഴ്വര എന്നീ രണ്ട് നോവലുകളും, മൂന്ന് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.ഇപ്പോൾ ലാലിമ എന്ന തൂലികാനാമത്തിൽ എഴുതുന്നു.

 

രാജു കാഞ്ഞിരങ്ങാട്

മഞ്ഞപ്രസാദവും തൊട്ടു കൊണ്ടി
ന്നെന്റെ
മുറ്റത്ത് മഞ്ഞക്കിളികൾ വന്നു
മഞ്ഞിന്റെമുത്തുമണികൾ കൊരു
ത്തുള്ള
മന്ദാരത്തിങ്കൽ പറന്നിരുന്നു
മന്നൻ മഹാബലി നാടുവാണുള്ളാരു
ഗാഥകളീണത്തിൽ പാടിടുന്നു
ആമണിഗീതങ്ങൾ കേൾക്കവേയെൻ
മനം
കുഞ്ഞു പൂത്തുമ്പിയായ് പാറിടുന്നു
മഞ്ഞ നിറമെഴും പുന്നെൽക്കതിരുകൾ
താലോലം കാറ്റിൽ കളിച്ചിടുന്നു.
ചാണകം മുറ്റം മെഴുകി നിൽപ്പൂ
പൊൻമണിക്കറ്റകൾ പാർത്തുവെയ്ക്കാൻ
കിളികൾ നെൽ കതിരുകൾ കൊയ്തെ ടുക്കേ
കലമ്പൽകൂട്ടീടുന്നു കൊയ്ത്തരിവാൾ
കള്ളമില്ലാതൊരു കാലത്തിന്റെ
സന്തതിയാം ഞങ്ങൾ നിങ്ങൾ ചൊല്ലേ
സ്വാഗതം, സ്വാഗതമോതി ക്കൊണ്ടേ
തുമ്പതഞ്ചത്തിൽ തലയാട്ടിടുന്നു
ഓണം നടവരമ്പേറി വന്നു
മഞ്ഞക്കിളികൾ കുരവയിട്ടു

രാജു.കാഞ്ഞിരങ്ങാട് : സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
ടി.എസ്.തിരുമുമ്പ് അവാർഡ് 2019,
ജോമോൻ സ്മാരക സാഹിത്യ പുരസ്കാരം 2020
കർഷക തൊഴിലാളി ദേശീയ സമ്മേളന സംസ്ഥാന തല രചനാ മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം (03. 01.2020)
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU
കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് ) ,കണ്ണൂർ ടാലൻ്റ് പുരസ്കാരം (ഒക്ടോബർ 2021), കേരള വാർത്താപത്രം (നീർമാതളം ) കവിത പ്രത്യേക ജൂറി പുരസ്കാരം (2022),പായൽബുക്സ് പുരസ്കാരം,
കേരള വാട്ടർ അതോറിറ്റി തെളിനീർ ട്രസ്റ്റ് സംസ്ഥാന തല കവിതാ പുരസ്കാരം (2023), മലയാള കാവ്യസാഹിതി ജില്ലാതല പുരസ്കാരം, കേരളം ഗ്രൂപ്പ് (2024) മികച്ച എഴുത്തുകാരനുള്ള കവിത
പുരസ്കാരം കൂടാതെ നിരവധി പുരസ് കാരങ്ങളും ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടുള്ളവിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത് എന്നീ കവി
താ സമാഹാരങ്ങളും
5, ഉമ്പാച്ചി (കഥകൾ)
‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള
രശ്മി മാസികയിലും, അക്ഷരദീപം മാസികയിലും ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു

വിലാസം

രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് പി.ഒ
കരിമ്പം. വഴി
തളിപ്പറമ്പ് – 670 142
കണ്ണൂർ – ജില്ല
കേരള
ഫോൺ :- 9495458138
Email – [email protected]

 

RECENT POSTS
Copyright © . All rights reserved