literature

സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ

ചെരട്ടക്കുഴിയിൽ ഈനാശുവിനെ ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, സന്ദർശകരെ റൂമിലേക്ക് കടത്തിവിട്ടു. അത്യാവശ്യക്കാർ മാത്രം.

ബാത്ത് റൂമിൽ തെന്നിവീണാണ് അബോധ അവസ്ഥയിലായ നിലയിൽ സ്ഥലത്തെ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ ഈനാശുവിനെ പ്രവേശിപ്പിച്ചത് . ഇപ്പോൾ അത്യാവശം സംസാരിക്കാം എന്നായിട്ടുണ്ട്.

മക്കൾ കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിൽ വിഹരിക്കുന്നു. ജോലിയുടെ തിരക്കിലായത് കൊണ്ട് നാട്ടിലേക്ക് ഫോണുകൾ മാത്രം.

ഏറ്റവും ഇളയപുത്രൻ ഐ വി ജോസ് നാട്ടിൽ തന്നെ ബാങ്കിൽ വർക്ക് ചെയ്യുന്നു. ഇപ്പോൾ കൂടെയുള്ളതും ജോസ് മാത്രം. 85 കഴിഞ്ഞ ഈനാശുവിൻറെ ആഗ്രഹപ്രകാരം വികാരിയച്ചൻ മുമ്പിലത്തെ ഒപ്പ്രുശുമാ കൊടുക്കുവാൻ എത്തിച്ചേർന്നു.

“ ഇപ്പോൾ കുഴപ്പമൊന്നും ഇല്ലെങ്കിലും ഒരു മുൻകരുതൽ എന്ന നിലയ്ക്ക് അച്ഛനെ വരുത്തിയുള്ളൂ”….. ഐ വി ജോസ് കൂപ്പുകരങ്ങളോടെ. വിനയപൂർവ്വം അച്ഛനെ തെര്യപ്പെടുത്തി

ഫ്ലാസ്‌കുമായി  അച്ഛന് ചായ വാങ്ങുവാൻ ജോസ് പുറത്തേക്കിറങ്ങിയപ്പോൾ ഈനാശു അച്ഛന് മുൻപിൽ മനസ്സ് തുറന്നു.

“ ഈനാശുവേട്ടന് എന്തെങ്കിലും അഭിലാഷങ്ങൾ അറിയിക്കുവാൻ ഉണ്ടോ” ? അച്ഛൻ … ഉദ്വേഗപൂർവ്വം… ഈനാശുവിനെ നോക്കി

ഉണ്ട് …..ഉണ്ടച്ചോ , റോഡിനോട് ചേർന്നുള്ള വസ്തുവിൽ നിന്നും
അനാഥാലയത്തിലേക്ക് ഒരു 10 സെൻറ്.

ഫ്ലാസ്കിൽ ചായയുമായി കയറിവന്ന ഐ വി ജോസിന് അപ്പൻറെ ഡയലോഗിലെ വശപ്പിശക് മനസ്സിലായി.

ഇടയ്ക്കു കയറി അച്ഛനോട് ആയി അതീവ ഗൗരവത്തിൽ പറഞ്ഞു “പേഷ്യൻസിനോട് അധികം സംസാരിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.

വികാരിയച്ചൻ കുന്തമുനയിൽ അറിയാതെ ഇരുന്നതുപോലെ ചാടി എഴുന്നേറ്റു

സെബാസ്റ്റ്യൻ കിളിരൂർ പറമ്പിൽ:- കോട്ടയം ജില്ലയിൽ പൊൻകുന്നം കിളിരൂർ പറമ്പിൽ അപ്പച്ചൻറെയും ത്രേസ്യാമ്മയുടെയും മകൻ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കറുകച്ചാൽ ഐ പി ആർട്സ് കോളേജിൽ ചിത്രകല പഠനം. 27 വർഷത്തെ അധ്യാപക സേവനത്തിനുശേഷം വിരമിച്ചു. അതിനുശേഷം വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു ഹാസ്യകഥക്കുള്ള ഉത്തരമേഖല കമ്മറ്റി അവാർഡ് അധ്യാപക കലാവേദി പുരസ്കാരം സ്കൂൾ മേളകൾക്ക് ലോഗോകൾ രൂപകല്പന ചെയ്തതിനുള്ള നിരവധി അവാർഡുകൾ ഇവ കരസ്ഥമാക്കി കഥകൾ വിവിധ എഫ് എം റേഡിയോകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട് വരയും എഴുത്തും സജീവമായി നടക്കുന്നു . പരസ്പരം ഓൺലൈൻ കഥ അവതരണത്തിൽ എല്ലാ മാസവും പങ്കെടുക്കുന്നു .
വയ്യാവേലി, പലവക, അന്തോണിചരിതം, ന്യൂജൻ കഥകൾ, എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ഭാര്യ ലിസമ്മ (റിട്ടയർ അധ്യാപിക) മക്കൾ ലിസ്ന (അധ്യാപിക) അജയ് (അധ്യാപകൻ)
ഫോൺ നമ്പർ 8075413963

ശ്രീനാഥ് സദാനന്ദൻ

കാണാതായ ഒരു പുസ്തകം സ്റ്റാഫ് റൂമിൽ അന്വേഷിക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷത്തെ കുട്ടികൾ തിരിച്ചു വാങ്ങാത്ത അസൈൻമെന്റ് പേപ്പറുകൾ ശ്രദ്ധയിൽപ്പെട്ടത്, അതിൽ ഏറ്റവും മുകളിൽ ഇരുന്ന അസൈന്മെന്റിലെ പേര് സുറുമി നസീം. ആ പേര് കണ്ടപ്പോൾ ഉള്ളിൽ ഒരു ഞെട്ടൽ.. കാരണം സുറുമി ഇന്നില്ല. അവൾ ഇന്ന് ഓർമ്മ മാത്രമാണ്.

വെറുമൊരു താളിൽ കുറിക്കുന്ന ഓർമ്മക്കുറിപ്പിന് അപ്പുറം , പലരുടെയും പിടിവാശിക്ക് മുൻപിൽ നിസഹായനായി നിൽക്കേണ്ടി അനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. ഇന്നോ നാളെയോ അടച്ചു പൂട്ടിയേക്കാവുന്ന ഒരു പാരലൽ കോളേജിലെ അദ്ധ്യാപകനാണ് ഞാൻ. എന്റെ കോളേജിൽ, പ്ലസ് ടു രണ്ടാം വർഷമാണ് സുറുമി വന്നുചേർന്നത്, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനി. ഒന്നാം വർഷം പഠിച്ചത് ആലപ്പുഴയിലാണ്. അസാമാന്യ ബുദ്ധിസാമർത്ഥ്യം ഉള്ള കുട്ടി, പുസ്തകങ്ങൾ പലതും വാങ്ങിച്ചിട്ടില്ലെങ്കിലും, അധ്യാപകർ പറയുന്ന കാര്യങ്ങൾ ഒരു തവണ കേട്ടാൽ ഓർത്തുവയ്ക്കാൻ കഴിയും വിധം അവൾ സമർത്ഥയായിരുന്നു. മിടുക്കി എന്ന വിശേഷണം ഏതാനും ദിവസങ്ങൾ കൊണ്ട് അവൾ നേടിയെടുത്തു. എല്ലാ അധ്യാപകർക്കും അവളെ കുറിച്ച് നല്ല അഭിപ്രായം.

പെട്ടെന്നൊരു ദിവസം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു, സുറുമിയുടെ ഉമ്മ കോളേജിൽ വന്ന് ടീച്ചേഴ്സിനെ കണ്ടു. അവൾക്ക് അവരുടെ നാട്ടിൽ ഉള്ള ഒരു പയ്യനുമായി പ്രേമം ഉണ്ട് എന്നും അവനെ ഒഴിവാക്കാൻ വേണ്ടിയാണ് ആലപ്പുഴയിൽ നിന്നും അവർ കോട്ടയത്തേക്ക് മാറി താമസിച്ചത് എന്നും അവർ പറഞ്ഞു. പക്ഷേ അവൻ ഇവിടെയും എത്തി. അവളെന്തെങ്കിലും എടുത്തുചാട്ടം കാട്ടിയേക്കും എന്ന ഭയമായിരുന്നു ആ സ്ത്രീയ്ക്ക്. ആ പയ്യന് പതിനേഴു വയസ്സ്..സുറുമിക്ക് പതിനെട്ടും. മാത്രമല്ല, അവൻ മറ്റൊരു സമുദായത്തിൽ നിന്നുള്ള പയ്യനുമാണ് . പലവിധത്തിലും ഈ ബന്ധം ഇല്ലാതാക്കാൻ അവർ ശ്രമിച്ചു, അനുനയം, ഭീഷണി എല്ലാം പ്രയോഗിച്ചു. പക്ഷേ ആ ബന്ധം ഇപ്പോഴും തുടരുന്നു എന്ന് ഉമ്മ പറഞ്ഞു. കോളേജിൽ നിന്ന് തിരിച്ചു പോകുമ്പോൾ അവൾ അവനെ കാണുന്നുണ്ട്, കഴിഞ്ഞ ദിവസം രണ്ടു മണിക്ക് ക്ലാസ് കഴിഞ്ഞശേഷം അഞ്ചുമണിക്കാണ് അവൾ വീട്ടിലെത്തിയത് എന്നും ഉമ്മ കൂട്ടിച്ചേർത്തു. കോളേജിന് പുറത്ത് കുട്ടികൾ എന്താണ് ചെയ്യുന്നത് എന്ന് തിരക്കാൻ ഞങ്ങൾക്ക് സാധിക്കില്ല എന്ന് പറഞ്ഞ് പ്രിൻസിപ്പൽ കൈയ്യൊഴിഞ്ഞു.

വിദ്യാർത്ഥികൾ കുറവായതു കൊണ്ടും അവരെയൊക്കെ വ്യക്തിപരമായി കൂടുതൽ അടുത്തറിയുന്നതു കൊണ്ടും ടീച്ചേഴ്സ് അവരുടെ കാര്യങ്ങളിൽ കൂടുതൽ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ അടുത്തദിവസം മുതൽ ടീച്ചേഴ്സിന്റെ മനോഭാവം പൂർണമായി മാറി. എന്തോ വലിയ പാപം ചെയ്തവൾ എന്ന രീതിയിൽ അവളെക്കുറിച്ച് സ്റ്റാഫ് റൂമിൽ സംസാരിക്കാൻ തുടങ്ങി. എല്ലാവർക്കും പ്രിയങ്കരനായ പ്യൂൺ അവളെ കുറിച്ച് അശ്ലീല തമാശകൾ പറഞ്ഞു ടീച്ചേഴ്സിനെ ചിരിപ്പിക്കാൻ തുടങ്ങി. എനിക്ക് മാത്രം ഇതിൽ ഒന്നും രസം കണ്ടെത്താനോ അവളെ വെറുക്കാനോ തോന്നിയില്ല. ഞാൻ സോഷ്യോളജി ആണ് പഠിപ്പിക്കുന്നത്. ഒരു നല്ല വിദ്യാർത്ഥി എന്ന നിലയിൽ അവൾ ഞാൻ പഠിപ്പിക്കുന്നത് പഠിക്കുന്നുണ്ട്, ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു കൊണ്ടു വരുന്നുണ്ട്. ഞാൻ അത് മാത്രം ശ്രദ്ധിച്ചു. അതുകൊണ്ട് അവൾ പിന്നീട് എന്നോട് മാത്രം അല്പം കൂടുതൽ അടുപ്പം കാണിച്ചു. പെൻ കളക്ഷൻ അവളുടെ ഹോബിയാണെന്നും, സാർ എഴുതിത്തീർത്ത പേനകൾ തരണമെന്നും അവൾ എന്നോട് പറഞ്ഞു. അവൾ എന്നോട് കൂടുതൽ താല്പര്യം കാണിക്കുന്നു എന്ന പേരിൽ വഷളൻ തമാശകൾ സ്റ്റാഫ് റൂമിൽ ഉയർന്നപ്പോൾ ടീച്ചേഴ്സിനോട് ഞാൻ കലഹിച്ചു.

ഇടയ്ക്ക് വീണ്ടും അവളുടെ ഉമ്മ വന്നു, അവൾ വീട്ടിൽ വഴക്ക് ആണത്രേ, ഉമ്മ വളരെ രഹസ്യമായി അവളെ പിന്തുടരുന്നുണ്ട്. അവൾക്ക് അത് മനസ്സിലായി, അതിന്റെ പേരിൽ ഉമ്മയോടും ബാപ്പയോടും അവൾ മിണ്ടാതിരിക്കുകയാണ്. ഞാൻ പറയുന്നത് പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന രേവതി ടീച്ചറോട് ഞാൻ സംസാരിച്ചു, ടീച്ചർ അവളോട് സംസാരിച്ചു കൊള്ളാം എന്ന് എനിക്ക് ഉറപ്പുനൽകി.

അടുത്ത ദിവസം രാവിലെ സുറുമി വന്നത് ക്ലാസ് തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞപ്പോഴാണ്, ഇക്കാര്യം അറിഞ്ഞ പ്രിൻസിപ്പാൾ ക്ലാസിൽ വന്ന് അവളോട് ദേഷ്യപ്പെട്ടു. ഒരു മണിക്കൂർ മുമ്പ് അവൾ ക്ലാസ്സിൽ വന്നിട്ട് പോയതാണ് എന്ന് കോളേജിലെ ഒരു സ്റ്റാഫ് അവിടെ ആരോടോ പറഞ്ഞതാണ് ഇതിനു കാരണം. ഞാൻ മറ്റു കുട്ടികളോട് കാര്യം ചോദിച്ചു, ആ സമയത്ത് അവൾ വന്നിട്ടില്ലായിരുന്നു എന്ന് ആ കുട്ടികൾ പറഞ്ഞു. വഴിപ്പണി നടക്കുന്നത് കാരണം ബസ്സ്‌ ലേറ്റ് ആകും എന്ന് അവളും അതേ റൂട്ടിൽ വരുന്ന മറ്റു കുട്ടികളും പറഞ്ഞിരുന്ന കാര്യം ടീച്ചേഴ്സ് സൗകര്യപൂർവം മറന്നു കളഞ്ഞു. പ്രിൻസിപ്പാൾ അവളെ ചോദ്യം ചെയ്തപ്പോൾ, ഞാൻ അവൾക്കു വേണ്ടി ശബ്ദിച്ചു, അവളെ പറഞ്ഞു വീട്ടിൽ വിടാൻ തുടങ്ങിയപ്പോൾ, താമസിച്ചു വരുന്ന എല്ലാ കുട്ടികൾക്കും ഈ നിയമം ബാധകമല്ലേ എന്ന് ഞാൻ ചോദിച്ചു, പക്ഷേ പ്രിൻസിപ്പാളിന്റെ ശബ്ദം ജയിച്ചു. അവളെ അന്ന് വീട്ടിൽ പറഞ്ഞുവിട്ടു.

അടുത്ത ദിവസം അവളുടെ ഉമ്മ കോളേജിൽ എത്തി, അവരുടെ മകൾ കോളേജിന് ചീത്തപ്പേര് വരുത്തും ഇനിയും ഇവിടെ തുടരാൻ അനുവദിക്കില്ല എന്ന് പ്രിൻസിപ്പാൾ ഉമ്മയോട് പറഞ്ഞു. ഉമ്മാ കൂടുതലൊന്നും പറഞ്ഞില്ല. അവർ സ്റ്റാഫ് റൂമിൽ വന്നു. സോഷ്യോളജി സാറിന്റെ പുസ്തകം വാങ്ങിക്കണം എന്ന് സുറുമി ഓർമിപ്പിച്ച കാര്യം എന്നോട് പറഞ്ഞു. പുസ്തകം വാങ്ങിച്ചില്ലെങ്കിലും അവൾ പരീക്ഷയിൽ ജയിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. നിസ്സഹായയായ ഉമ്മ നിറകണ്ണുകളോടെ ഇറങ്ങിപ്പോയി. അവളെ തിരുത്താം എന്ന് രേവതി ടീച്ചറിന് ഉറപ്പുണ്ടായിരുന്നു. ഇനി അതിന് സാധിക്കില്ലല്ലോ.

കഴിഞ്ഞ മാർച്ച് മാസം പന്ത്രണ്ടാം തീയതി വൈകുന്നേരം നാലുമണി ആയപ്പോൾ, ടീച്ചേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു ടീച്ചർ മെസ്സേജ് അയച്ചു. നമ്മുടെ കോളേജിൽ പഠിക്കുന്ന സുറുമി എന്ന കുട്ടി മരിച്ചു എന്ന് ഒരു വാർത്ത കേട്ടു, അത് ശരിയാണോ എന്ന്. ഞാനൊന്ന് ഞെട്ടി. അധികം വൈകാതെ തന്നെ മറ്റ് കുട്ടികളിൽ നിന്ന് ആ വാർത്ത സത്യമാണെന്ന് അറിഞ്ഞു. കുറച്ചുദിവസം മുമ്പ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണ്. ഏതാനും ദിവസം ആശുപത്രിയിൽ കിടന്നു. അന്നാണ് മരണം സംഭവിച്ചത്. എനിക്ക് വല്ലാത്ത ഒരു കുറ്റബോധം തോന്നി. അവളെ തിരുത്താമായിരുന്നു. പക്ഷേ പലരുടെയും തിടുക്കം..
തെറ്റായ തീരുമാനം..
സുറുമി യാത്രയായി.

പരസ്യങ്ങളെ കുറിച്ചുള്ള ആ അസൈൻമെന്റ് ഞാൻ കൈയിലെടുത്തു. ഡിഗ്രിക്കാലത്തെ ചങ്ങാതിമാരുടെ കുറിപ്പ് ഉള്ള ഡയറിയിൽ ദേവിക എന്ന കുട്ടി ആശംസ എഴുതിയ പേജിൽ അത് ഞാൻ വെച്ചു. ദേവികയും ഇന്നില്ല. എന്റെ അനിയത്തി കുട്ടിയെ പോലെയായിരുന്നു അവൾ. എന്റെ ജൂനിയർ. അപ്രതീക്ഷിതമായിരുന്നു അവളുടെയും വേർപാട്. ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കുമ്പോൾ അപകടം സംഭവിച്ച് മരിക്കുകയായിരുന്നു.

ഡയറി മടക്കി വച്ച ശേഷം ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു. പലതും ബാക്കിവെച്ച് മടങ്ങിയ രണ്ടുപേരുടെ ഓർമ്മകൾ..ഞാനാ ഡയറി ഷെൽഫിലേക്ക് തിരികെവെച്ചു. കാണാതായ പുസ്തകം വീണ്ടും തിരയാൻ ആരംഭിച്ചു.

ശ്രീനാഥ് സദാനന്ദൻ:- എം ജി യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA, M Phil ബിരുദങ്ങൾ നേടി. കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിലെ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്. ഇപ്പോൾ ഗ്രന്ഥപ്പുര വെബ്സൈറ്റിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

രാജു കാഞ്ഞിരങ്ങാട്

ചിങ്ങക്കാറ്റിൻ ചിറകേറി
ഓണവന്നു ചിരിതൂകി
തുമ്പപ്പൂവും കാക്കപ്പൂവും
പൂത്തു വിടർന്നു പുലർകാലെ.

​പാടത്തല്ലാം പൊന്നു വിളഞ്ഞു
പച്ച പുതച്ചു കാടുകളും
മഞ്ഞിൽ ഓണക്കോടിയുടുത്ത്
ഒരുങ്ങി നിൽപ്പൂ മേടുകളും

​മാബലിമന്നൻ വരുംനാളിൽ
വാനം ചാർത്തി തോരണങ്ങൾ,
തുമ്പികൾ തമ്പുരു മീട്ടുമ്പോൾ
ഉയർന്നു ഹ്ലാദവും പാട്ടുകളും.

​പൂക്കളമെങ്ങും കുരവകളും
മാബലി മന്നൻ വരവായി
സത്യം,സ്നേഹം, സാഹോദര്യം
ഓണം സർവ്വവുമൊന്നാക്കുന്നു

രാജു.കാഞ്ഞിരങ്ങാട് : സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
ടി.എസ്.തിരുമുമ്പ് അവാർഡ് 2019,
ജോമോൻ സ്മാരക സാഹിത്യ പുരസ്കാരം 2020
കർഷക തൊഴിലാളി ദേശീയ സമ്മേളന സംസ്ഥാന തല രചനാ മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം (03. 01.2020)
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU
കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് ) ,കണ്ണൂർ ടാലൻ്റ് പുരസ്കാരം (ഒക്ടോബർ 2021), കേരള വാർത്താപത്രം (നീർമാതളം ) കവിത പ്രത്യേക ജൂറി പുരസ്കാരം (2022),പായൽബുക്സ് പുരസ്കാരം,
കേരള വാട്ടർ അതോറിറ്റി തെളിനീർ ട്രസ്റ്റ് സംസ്ഥാന തല കവിതാ പുരസ്കാരം (2023), മലയാള കാവ്യസാഹിതി ജില്ലാതല പുരസ്കാരം, കേരളം ഗ്രൂപ്പ് (2024) മികച്ച എഴുത്തുകാരനുള്ള കവിത
പുരസ്കാരം കൂടാതെ നിരവധി പുരസ് കാരങ്ങളും ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടുള്ളവിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത് എന്നീ കവി
താ സമാഹാരങ്ങളും
5, ഉമ്പാച്ചി (കഥകൾ)
‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള
രശ്മി മാസികയിലും, അക്ഷരദീപം മാസികയിലും ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു

വിലാസം

രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് പി.ഒ
കരിമ്പം. വഴി
തളിപ്പറമ്പ് – 670 142
കണ്ണൂർ – ജില്ല
കേരള
ഫോൺ :- 9495458138
Email – [email protected]

സുനിൽ മറ്റക്കര

പട നയിച്ചു പട പൊരുതി തലയുയർത്തി നമ്മുടെ വീര നായകർ ധീര നായകർ അഖണ്ഡ ഭാരതം അജയ്യ ഭാരതം അഖണ്ഡ ഭാരതം, അജയ്യ ഭാരതം

വീരരാം പോരാളികൾ അടർക്കളത്തി ലുയിരുനല്കി വരും തലമുറക്കായി കോട്ടകെട്ടി കാത്തു വെച്ചൊരു ഭാരതം അചഞ്ചല മാമീ പുണ്യഭൂമി ഭാരതം അഖണ്ഡ ഭാരതം, അജയ്യ ഭാരതം

മഞ്ഞിലും മഴയിലും ചുട്ടുപൊള്ളുംവെയിലിലും തളരാത്ത പോരാട്ട വീര്യം, പോരാട്ട വീര്യം കരകടലുകളിലുമാകാശ നീലിമയിലും നമ്മളെ കാക്കുവാൻ കാവലുണ്ട്, കാവലുണ്ട് നമ്മളെ കാക്കുവാൻ കാവലുണ്ട്, കാവലുണ്ട് അഖണ്ഡ ഭാരതം, അജയ്യ ഭാരതം

അതിർത്തിയെ കാത്തു വെക്കും ധീരരാമിവർ ഹിമഗിരിനിരകളിൽ പോരടിക്കും രിപുക്കളെ അരാതിഭംഗം വരുത്തി അമിത്ര ജിത്തരാം അഭിമരൻ മാരാം നമ്മുടെ യോദ്ധാക്കൾ അതിർത്തിയെ കാത്തുവെക്കും ധീരരാമിവർ അഖണ്ഡ ഭാരതം, അജയ്യ ഭാരതം

ജാഗരൂകരാം ധീരരാം ജവാന്മാർ, ജവാന്മാർ ശത്രുവെ തടുത്തു നിർത്തും പോരാളികൾ

നിങ്ങൾ ഞങ്ങളാണ് ഞങ്ങളാണ് നിങ്ങൾ

അഖണ്ഡ ഭാരതം,അജയ്യ ഭാരതം,അഖണ്ഡ ഭാരതം

സുനിൽ മറ്റക്കര: – കോട്ടയം ജില്ലയിലെ മറ്റക്കരയിൽ ഉറുമ്പേനിക്കാട്ടു ശ്രീമാൻ രാമചന്ദ്രൻ നായരുടെയും ശ്രീമതി ഓമനാ രാമചന്ദ്രൻ നായരുടെയും മകൻ. രണ്ടു സഹോദരിമാർ, ബിന്ദു ഷാജി, സിന്ധു സുമോദ്, സിവിൽ എഞ്ചിനീയറിംഗ് പഠന ശേഷം സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്തു. ഇപ്പോൾ സ്വന്തമായി നിർമ്മാണ കമ്പനി നടത്തിവരുന്നു. സ്കൂൾ കാലഘട്ടങ്ങളിലെ എഴുതിത്തുടങ്ങിയിരുന്നു, ഇതേവരെ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യ സമാഹാരം ശസ്ത്രഗീതം, രണ്ടാമത്തേത് കാവലാൾ. പ്രഥമ പുസ്തകം ആയ ശസ്ത്ര ഗീതം സാഹിത്യ സ്പർശ് സീസൺ -3 അവാർഡിന് അർഹമായി. രണ്ടു പുസ്തകങ്ങളിലെയും ചില കവിതകൾ വിങ്ങ് വേർഡ് പോയറ്ററി മത്സരത്തിൽ പ്രത്യേക പരിഗണനക്കു പാത്രമാകുകയും അതേപോലെ ആദ്യ പുസ്തകം books,buzz, and brilliance : must read authors of early 2026 ൽ ഇടം പിടിച്ചിട്ടുമുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുവാൻ ഉള്ള തയാറെടുപ്പിൽ ആണ്, ചില കവിതകൾ ഗാന രൂപത്തിൽ ആക്കിയിട്ടുണ്ട്. സുനിൽ മറ്റക്കര എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ദേശ ഭക്തി ഗാനങ്ങൾ എഫ് എം റേഡിയോ വഴി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്, വരുന്ന ഓഗസ്റ്റ് 15- ന് പതാക എന്ന ദേശഭക്തിഗാനം club fm സംപ്രേക്ഷണം ചെയ്യാൻ പോകുന്നുമുണ്ട്. ഭാര്യ ഹരിപ്രിയ, ലീഡ് ആർക്കിടെക്ട് ആയി ബിസിനസ്സിൽ സഹായിക്കുന്നു. കുട്ടികൾ രണ്ടുപേർ ഗൗരിയും ഗൗരവും.

വൃന്ദ പാലാട്ട്

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ‘ചിദംബര സ്മരണ ‘ എന്ന ആത്മകഥാംശമുള്ള പുസ്തകത്തിൽ ഒരു സംഭവമുണ്ട്. പ്രശസ്തിയുടെ ആദ്യകാലങ്ങളിലെ ഒരു ദിവസം ഒരു ഓണനാളിൽ വിശന്നു വലഞ്ഞ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു വീട്ടിലേക്ക് കയറി ചെല്ലുകയും പിച്ചക്കാരനാണെന്ന് കരുതി വീട്ടുകാർ പുറകിൽ കൊണ്ടു പോയി ഇരുത്തി ഊണ് കൊടുക്കുകയും ചെയ്തു. അപ്പോഴാണ് അവിടത്തെ ഒരു പെൺകുട്ടി ചുള്ളിക്കാടിനെ കാണുന്നതും കവിയെ തിരിച്ചറിയുന്നതും . പെൺകുട്ടിയുടെ അത്ഭുതം പുരണ്ട നോട്ടത്തിന് മുന്നിൽ ജാള്യതയോടെ ഉരുട്ടിയ ഉരുള ഇലയിലിട്ട് ചുള്ളക്കാട് ധൃതിയിൽ ഇറങ്ങി പോന്നു .
കാണം വിറ്റും നമ്മൾ ഓണം ആഘോഷിക്കുമ്പോൾ ഓണം പലവിധ കാരണങ്ങളാൽ ആഘോഷിക്കാൻ കഴിയാതെ വരുന്ന കുറെ ആളുകൾ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടാകാം. നമുക്ക് സന്തോഷപൂർവ്വം അവരെയും നമ്മുടെ ആഘോഷങ്ങളിൽ പങ്കു ചേർക്കാം. ” മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാലം ”
എന്ന ഓണപ്പാട്ടിനെ നമുക്ക് ചുറ്റുമുള്ളവരെ കൂടെ കൂട്ടി ആഘോഷിച്ചു പ്രവർത്തികമാക്കാം. ഒരു പക്ഷെ നിങ്ങൾ കൂടെ ഇരുത്തി ഊട്ടുന്നത് വിശന്നിരിക്കുന്ന ഒരു ബാലചന്ദ്രൻ ചുള്ളിക്കാടിനെ ആയിരിക്കാം, അല്ലെങ്കിൽ തെരുവുകൾ തോറും ഭിക്ഷ യാചിച്ചു നടക്കേണ്ടി വന്ന അനുഗൃഹീത ഗായകൻ മെഹബൂബിനെയായിരിക്കാം .

“കാണമെഴുതിയുണ്ണേണം
എന്തോരോണ തിരക്കാണവിടെ
അഞ്ചു വയസ്സു കഴിയാതുള്ള പിഞ്ചു കിടാങ്ങളാണെല്ലാം ”
എന്നൊരു കവിത ചെറുപ്പക്കാലത്ത് ചേച്ചിമാർ പാടി പഠിക്കുന്നത് കണ്ടിട്ടുണ്ട്. കുട്ടികൾ ഓണം ആഘോഷിക്കുന്നതിനെ കുറിച്ചാണ് പി. കുഞ്ഞിരാമൻ നായർ പറഞ്ഞത്. എന്നാൽ കാര്യത്തോട് അടുക്കുമ്പോൾ ചേച്ചിമാരൊക്കെ ഓണക്കാലത്ത് എന്നെ അവഗണിക്കുകയും മുറ്റത്ത് പൂക്കളം ഉണ്ടാക്കുക എന്ന ജോലിയിൽ ഞാൻ ഒതുങ്ങുകയും ചെയ്യും . എവിടെ നിന്നെങ്കിലും ഒക്കെ പൂക്കൾ പൊട്ടിച്ച് കൊണ്ടുവന്ന് എൻ്റേതായ രീതിയിൽ ഒരു പൂക്കളം ഞാൻ നിരത്തും.
കുമാരനാശാൻ ‘ദുരവസ്ഥയിൽ ‘ പാടിയത് പോലെ
” വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം .”
എന്നതാണ് അന്നത്തെ ഞാൻ ഉണ്ടാക്കുന്ന പൂക്കളത്തിൻ്റെ ദുരവസ്ഥ . എങ്കിലും ഒള്ളത് കൊണ്ടോണം പോലെ പൂക്കളങ്ങൾ ഞാനുണ്ടാക്കി !
കാലചക്രം ഉരുണ്ടപ്പോൾ, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഉദ്യോഗം കയ്യിലെത്തിയപ്പോൾ അവിടത്തെ പലവിധ കലാ പരിപാടികളിലും ഞാൻ ജഡ്ജ് ആയി വേഷമിട്ടു . അതിലൊന്നാണ് പൂക്കള മൽസരം ! ഏതായാലും
‘ വിധിവിഹിതമേവനും ലംഘിച്ചു കൂടുമോ ?’
എന്നാശ്വസിച്ചു കൊണ്ട് ആ പൂക്കളങ്ങൾ നോക്കി ഞാൻ മാർക്കിട്ടു , സമ്മാനങ്ങളും കൊടുത്തു . എങ്കിലും ഒന്നു പറയാം , നമ്മളെയൊക്കെ വെല്ലുന്ന കൗമാര കലാബോധത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കേണ്ടി വന്ന അവസരങ്ങളായിരുന്നു , അവയെല്ലാം .

ഓണം പ്രകൃതിക്കും മനുഷ്യനും സന്തോഷം തരുന്ന ഉൽസവമാണ്. കൊയ്ത്തു പാട്ടിൻ്റെ താളം തേടുന്ന വയലേലകളും ജലമർമ്മരം തേടുന്ന വള്ളംകളിയും സൗന്ദര്യ വെളിച്ചത്തിൽ വിരിയുന്ന തുമ്പപൂക്കളും എല്ലാം ഓണത്തിൻ്റെ പ്രത്യേകതയാണ് . അത് പോലെ തന്നെ സമത്വത്തിൻ്റെയും സാമൂഹ്യ പ്രതിബദ്ധതയുടേയും അടയാളം കൂടിയാണ് നമ്മുടെ പൊന്നോണം .
മനുഷ്യരെല്ലാവരും ഒന്നു പോലെ ജീവിച്ച കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മാവേലിക്കാലം ഇനി തിരിച്ചു വരുമോ എന്ന കാര്യം നമുക്ക് തീർച്ചപ്പെടുത്താനാവില്ല . പക്ഷേ അതിനായി നമുക്ക് അവിരാമമായി ആഗ്രഹിക്കാം.
” പൂ വേണം പൂപ്പട വേണം പൂവിളി വേണം ”
എന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള നമ്മുടെ പ്രതീക്ഷ . പക്ഷേ ഇതെല്ലാം ഉണ്ടായാലും ഓണമാവില്ല . പിന്നെയോ മനസ്സിൻ്റെ നന്മ നിറയുന്ന പ്രത്യാശയുടെ കനക കസവിട്ട നിലാവാകണം നമ്മുടെ പൊന്നോണം . ആ നല്ല ഹൈമവതഭൂമിക്കായി കാത്തിരിക്കാം.
” മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു ”
എന്ന വയലാറിൻ്റെ വരികൾ നമ്മളിൽ പുലരണം. മാവേലി മന്നൻ്റെ മാണിക്യ തേരാവണം ഓരോ മലയാളി മനസ്സും .

ഓരോ മലയാളിയുടെ മനസ്സിലും ഓണത്തെ കുറിച്ച് ഒരു പാട് ഓർമ്മകൾ ഉണ്ടാകും.
തന്നിലേക്ക് നോക്കാതെ അപരനിലേക്ക് നോക്കുമ്പോഴാണ് ഓരോ ഓണവും അര്‍ത്ഥവത്താകുന്നത്. കഴിഞ്ഞുപോയ പ്രളയവും, മാരക രോഗങ്ങളും വയനാടൻ ദുരന്തവും നമ്മൾ മലയാളികൾ ഒരുമിച്ച് എതിരിട്ടു , ഭേദങ്ങൾ നോക്കാതെ പരസ്പരം സഹായിച്ചു. നമ്മൾ സാഹോദര്യത്തിൻ്റെ കരുത്ത് നേടി. ഇനി നമുക്ക് ആകുലതകൾ മറന്ന് സന്തോഷത്തോടെ ഓണത്തെ വരവേൽക്കാം .
” ഭ്രമമാണ് പ്രണയം വെറും ഭ്രമം,
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം”
എന്ന് കാട്ടാക്കട പാടുമ്പോൾ നമ്മളലോചിക്കും , പ്രണയത്തെ കുറിച്ച് പറഞ്ഞത് ശരിയല്ലേ എന്ന്. എന്നാലത് ശരിയല്ല , കാരണം പ്രണയം ഒരിക്കൽ നഷ്ടപ്പെട്ടു കഴിയുമ്പോൾ മാത്രമാണ് അതെത്ര മനോഹരമായ അനുഭവമായിരുന്നു എന്ന് മനസ്സിലാക്കുന്നത്. മറ്റൊരു വിധത്തിൽ പറയുയൊണെങ്കിൽ ഭരണാധികാരികൾ ജനങ്ങളെ പ്രണയിച്ചാൽ ജനങ്ങളും തിരിച്ചു പ്രണയിക്കും . വെറും വീൺവാക്കിൻ്റെ വിരുതിനാൽ വാഗ്ദാന സൗധം തീർക്കുന്ന ഇന്നത്തെ ഭരണാധികാരികളെ കാണുമ്പോഴാണ്
“കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളിവചനം ”
എന്ന മാവേലി മന്നൻ്റെ ഭരണം എത്ര സുന്ദരമായിരിക്കും എന്ന് തോന്നി പോവുന്നത് . ഇപ്പോഴത്തെ ഭരണക്കാരെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നതും അപ്പോഴാണ് .
എന്നാലും നമുക്ക് ഹൃദയപൂർവം പ്രത്യാശിക്കാം, എന്നെങ്കിലും മഹാബലിയെ പോലെ നീതിമാനായ ഒരു ഭരണാധികാരിയെ നമുക്ക് കിട്ടുമെന്ന് . മനുഷ്യൻ്റെ സമത്വ ബന്ധുരമായ കാഞ്ചന ഹൃദയങ്ങൾ പരസ്പരം പൂങ്കുയിലായി പാടുമെന്ന് . അതിനായി നമുക്ക് കാത്തിരിക്കാം .
അവസാനമായി ഞാനും എൻ്റെ സ്വന്തം ഒരു നാല് വരി ഓണക്കവിത രചിച്ചു കൊണ്ട് ഓണാശംസകൾ നേരുന്നു ,
” ഓണം വന്നോണം വന്നോണം വന്നു
പൂവണി മാവേലി നാടുണർന്നു
മാനത്തെ മന്ദാര പൂക്കളെല്ലാം
മുറ്റത്ത് പൂത്ത് വിടർന്നു നിന്നു. ”

വൃന്ദ പാലാട്ട് :- വൈപ്പിനിലെ വേമ്പനാട്ടുകായൽ തീരത്ത് ജനിച്ച വൃന്ദ പാലാട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച ശേഷം സാഹിത്യ-സംഗീത രംഗങ്ങളിൽ സജീവമാണ്. ചെറുകഥ, കവിത, ഓർമ്മക്കുറിപ്പ് എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള അവർക്ക് കേരള എൻ.ജി.ഒ യൂണിയൻ ഉൾപ്പെടെ വിവിധ സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യൂദാസിന്റെ കാമുകി, ചക്രവർത്തിനിമാർ യാചിക്കാറില്ല എന്നീ ചെറുകഥാസമാഹാരങ്ങളും പ്രണയം പൊള്ളിച്ച പൂക്കൾ എന്ന കവിതാസമാഹാരവും ചിന്നിച്ചിതറിയ ഓർമ്മകൾ എന്ന ആത്മകഥാംശമുള്ള കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്നിച്ചിതറിയ ഓർമ്മകൾ എന്ന പുസ്തകത്തിന് യു.എ. ഖാദർ പുരസ്‌കാരവും കോവിലൻ പുരസ്‌കാരവും ലഭിച്ചപ്പോൾ നിർമ്മിത ബുദ്ധി എന്ന കഥയ്ക്ക് ഒ.വി. വിജയൻ പുരസ്‌കാരവും നേടി. ഗാനസരണിയിൽ ഒരു സഞ്ചാരി എന്ന ഗാനസ്മരണാപുസ്തകത്തിന്റെ രചയിതാവായ അവർ സ്വന്തമായി രചിച്ച 10 ലളിതഗാനങ്ങൾ യൂട്യൂബ് വീഡിയോകളായി പുറത്തിറക്കിയിട്ടുണ്ട്. വിലാസം: രാഗമാലിക, അഴിക്കൽ, വൈപ്പിൻ – 682508.

സുധ അജിത്

ബസ്സിറങ്ങി നടന്നെത്തിയത് പ്രീയപ്പെട്ട പുഴക്കരയിലേക്കാണ്.ഏതു വേനലിനേയും അതിജീവിക്കാൻ തനിക്ക് കഴിവുണ്ടെന്ന് വിളിച്ചോതുന്നതുപോലെ പുഴ നീണ്ടു നിവർന്നു കിടന്നു.

ബാല്യത്തിൽ സ്വന്തം കൈകളിൽ കിടത്തി നീന്താൻ പഠിപ്പിച്ചത് മുത്തശ്ശനാണ്. പിന്നെ പതഞ്ഞുപൊങ്ങുന്ന ജലപ്രവാഹത്തിൽ ഏതു മഴക്കാലത്തും നീന്തിത്തുടി ക്കാമെന്നായി. ഇന്നിപ്പോൾ ജീവിതത്തിലും താൻ ആ ശ്രമത്തിലാണല്ലോ എന്നോർത്തു.

പുഴയിൽ നിന്നുവരുന്ന കാറ്റിന് വല്ലാത്ത കുളിരനുഭവപ്പെട്ടു തുടങ്ങിയപ്പോൾ പുഴക്കരയിൽ നിന്ന് വീട്ടിലേക്കുള്ള പടികൾ കയറി. മുറ്റത്ത് പൂക്കളം നിറച്ചാർത്തണിഞ്ഞിരിക്കുന്നു.സിറ്റൗട്ടിലെ ചാരുകസേരയിൽ മുത്തച്ഛൻ ചാരിക്കിടക്കുന്നത് കാണാമായിരുന്നു. മുഖത്ത് വിരിയിച്ച ഒരു പുഞ്ചിരിയോടെ മുത്തച്ഛനെ നേരിട്ടു.

“എന്താ കുട്ട്യേ ഇത്ര താമസിച്ചത്? ഞങ്ങൾ എത്ര നേരായി കുട്ട്യേ കാക്കണു ?”

“ബാംഗ്ലൂരിൽ നിന്നുള്ള ബസ് പുറപ്പെടാൻ വൈകി മുത്തഛാ. ”
“ഓ…അതാണോ കാരണം..നിന്നെ കാണാതിരുന്നപ്പോൾ മനസ്സിൽ ആപത് ശങ്കകൾ തോന്നിത്തുടങ്ങിയിരുന്നു. കാലം വല്ലാത്തതാണേ…. ഏതായാലും കുട്ടി വന്നൂ ലോ …..ഇപ്പം സമാധാനായി ഓണക്കാലായിട്ട് നീ വരാതിരുന്നാലൊ എന്നൊരു ശങ്ക ഉണ്ടായിരുന്നു ”

മുത്തഛൻ്റെ മുഖത്ത് കറുപ്പും വെളുപ്പും വികാരങ്ങൾ മാറി മാറി പ്രത്യക്ഷപ്പെടുന്നത് കൗതുകത്തോടെ നോക്കിനിന്നു. കാലത്തിരശീല പുറകോട്ട് നീങ്ങുന്നതായും, താൻ ഒരു കൊച്ചുകുട്ടിയായി മുത്തഛൻ്റെ മടിയിൽ ഇരിക്കുന്നതായും മനസ്സിൽ കണ്ടു.

“എന്തേ കുട്ടീ താമസിച്ചേ? ഇവിടെ മനുഷ്യമ്മാര് ഇത്രേം നേരം തീ തിന്ന്വായിരുന്നൂന്ന് പറഞ്ഞാ മതീല്ലോ?..എന്തൊക്കെ വർത്താനങ്ങളാ ഓരോ ദിനവും കേക്കണത് ?.കല്യാണം കഴിയാത്ത മുതിർന്ന പെൺകുട്ട്യോള് വീട്ടിലെത്താൻ താമസിക്കണ കാണുമ്പോ ഉള്ളില് തീയാണേ…. തീ….”

നെറ്റിയിൽ ഭസ്മക്കുറിയണിഞ്ഞ് വാതിൽക്കലെത്തിയ മുത്തശ്ശിയുടെ കണ്ണുകളിൽ നിഴലിട്ടു നിന്ന ഭയം ,തന്നെ കണ്ടപ്പോൾ സമാശ്വാസത്തിന് വഴിമാറുന്നത് കണ്ടു. ഓടിച്ചെന്ന് ആമാറിൽ വീണ് കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു
“മുത്തശ്ശീടെ ക്ഷേമ മോൾക്ക് ന്തെങ്കിലും ആപത്തു വരുംന്ന് മുത്തശ്ശി കരുതണ് ണ്ടോ?. മുത്തശ്ശി ചെയ്യണ പൂജേടെ ഫലം ഈ മോൾക്കും ഉണ്ടാവൂലേ ….. ”

മുത്തശ്ശി നെറ്റിയിൽ തടവി ചുംബിച്ചു. എന്നിട്ട് മാറോടു ചേർത്ത് പറഞ്ഞു.
“ൻ്റെ കുട്ട്യേ ദൈവങ്ങള് കാത്തോളും. ”
മുത്തശ്ശിയോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ അമ്മയെക്കുറിച്ചന്വേഷിച്ചു. അമ്മ കുളിക്കുകയാണെന്നറിഞ്ഞു.
“അച്ഛനോ …..?”
“അച്ഛൻ എന്തോ അത്യാവശ്യത്തിന് വില്ലേജോഫീസിലേക്ക് പോയതാ കുട്ട്യേ… നിന്നെ നോക്കിയിരുന്ന് കണ്ണുകഴച്ചപ്പഴാ അങ്ങോട്ടിറങ്ങിയത്..”

ബസ്സിറങ്ങിയ ശേഷംതാൻ പുഴക്കരയിൽ നിന്ന് സമയം കളഞ്ഞത് ആരുമറിഞ്ഞില്ലല്ലോ എന്നോർത്തു.

“അല്ലാ മോളെ നീ എപ്പഴേ എത്തീത്. കുളിക്കാൻ അമ്മ ഇത്തിരി താമസിച്ചു . ഏതായാലും നീ വന്നൂലോ. ഞാൻ ഈറൻ മാറി ഇപ്പളെത്താം. എന്നിട്ട് എല്ലാർക്കും ചോറുവിളമ്പാം.”

താൻ വന്ന സന്തോഷത്തിൽ സ്വയം മറന്ന്, തിരക്കിട്ട് കിടക്കമുറിയിലേക്ക് നടക്കുന്ന അമ്മയെ നോക്കി നിന്നപ്പോൾ തോന്നി അമ്മക്കും നല്ലോണം വയസ്സായിത്തുടങ്ങി. മുടിയിൽ മുക്കാൽ ഭാഗവും നരച്ചു. . ചെറുപ്പംമുതൽപച്ചമരുന്നുകളിട്ട് കാച്ചിയ എണ്ണതേക്കുമ്പോൾ അമ്മ പറഞ്ഞിരുന്നത് തല വേഗം നരയ്ക്കില്ലെന്നായിരുന്നു. എന്നാലിപ്പോൾ തന്നെയോർത്തുള്ള മന:പ്രയാസമായിരിക്കും അമ്മയുടെ തലനരക്കു കാരണം . എല്ലാറ്റിനും കാരണക്കാരി താനാണെന്നോർത്തപ്പോൾ മനസ്സിനുള്ളിൽ ഉടലെടുത്ത കുറ്റബോധം, എല്ലാം തുറന്നു പറയാനുള്ള പ്രേരണയുളവാക്കി. എങ്കിലും അതിനുള്ള സമയമായില്ലെന്നു മനസ്സു പറഞ്ഞു. മനസ്സിനെ അല്പം കൂടി ഒരുക്കേണ്ടതുണ്ട്.

ഈറൻ മാറിയുടുത്ത്, കോടി നേര്യതുടുത്ത് ചന്ദനക്കുറിയുമണിഞ്ഞ് എത്തിയ അമ്മ പഴയ സൗന്ദര്യം വീണ്ടെടുത്തിരിക്കുന്നു.

“നമുക്കുണ്ണാം. കുട്ടീടച്ഛൻ വരുമ്പോ ഒരു നേരാകും. ”

അമ്മ ഇലയിൽ വിളമ്പിയ
ചോറിൻ്റെ തുമ്പപ്പൂ നിറം ആസ്വദിച്ച് കഴിക്കുമ്പോൾ മനസ്സ് എന്തിനെന്ന റിയാതെ തേങ്ങി.

പ്രീയപ്പെട്ട ആരുടേയോ അഭാവം മനസ്സിനെ കുത്തി നോവിക്കുന്നതുപോലെ. നിഖിൽ എവിടെയായിരിക്കും ഇപ്പോൾ? നേരത്തേ പ്ലാൻ ചെയ്തതുപോലെ ഇന്നിപ്പോൾ ബാംഗ്ലൂരിലെ ആനന്ദഭവൻ റെസ്റ്റോറൻ്റിൽ ഒന്നിച്ചിരുന്ന് ഓണസദ്യ ഉണ്ണേണ്ടതായിരുന്നു.

എന്നാൽ ഒരു ചെറിയ സൗന്ദര്യപ്പിണക്കം തങ്ങൾക്കിടയിൽ ഉണ്ടാക്കിയ വിടവ് എത്രത്തോളം വലുതായിരുന്നു എന്നു മനസ്സിലായത് അവൻ ദിവസങ്ങളോളം ഫ്ലാറ്റിലേക്ക് മടങ്ങിവരാതിരുന്നപ്പോഴാണ്.

ഒന്നിച്ച് താമസം തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ട അന്ന് തന്നെ അവൻ തന്നോട് പറയാതെ എങ്ങോട്ടോ അപ്രത്യക്ഷനായി.

തൻ്റെഉള്ളിൽവളർന്നുകൊണ്ടിരിക്കുന്ന
കുരുന്നുജീവനെക്കുറിച്ച് അറിഞ്ഞ് അവൻ ആഹ്ളാദാതിരേകത്താൽ തന്നെ കെട്ടിപ്പിടിച്ചു ചുംബിച്ച ശേഷമായിരുന്നു അത്.

ഉടനെ തന്നെ നമുക്ക് പരമ്പരാഗതമായ രീതിയിൽവിവാഹം കഴിക്കണമെന്ന് താൻ പറഞ്ഞതാണോ അവനെ പ്രകോപിപ്പിച്ചത് എന്ന് അറിയില്ല.

എല്ലാക്കാര്യത്തിലും കർക്കശക്കാരനായ അവന് ലീവ് ഇൻ ടുഗതെറിനു മുമ്പായി തങ്ങൾ ഏർപ്പെട്ട ഉടമ്പടി താൻ തെറ്റിച്ചതായി തോന്നിക്കാണും.

ലീവ് ഇൻ ടുഗെതറിൻ്റെ സംരക്ഷിത വലയത്തിൽ സംതൃപ്തരായ രണ്ടിണ ക്കിളികളെപ്പോലെ കഴിയവേയാണല്ലോ അവൻ്റെ തിരോധാനം. ഇന്നിപ്പോൾ ഏകയായ പെൺപക്ഷി യെപ്പോലെ താൻ , മൈലുകൾ താണ്ടി അഭയ സ്ഥാനത്തു തന്നെ മടങ്ങിയെത്തിയിരിക്കുന്നു.

അവൻകൂട്ടുകാരുമൊന്നിച്ച് ബാംഗ്ലൂരിലെ ഏതെങ്കിലും പബ്ബുകളിൽ വിഹരിക്കുക യായിരിക്കും.
“എന്താ കുട്ടീ നീ ഉണ്ണാതെ എന്തോ ഓർത്ത് വിഷമിച്ച് ഇരിക്കണെ . ഓൾക്ക് അല്പം കൂടി നെയ്യ് ഒഴിച്ചു കൊടുക്കൂ പാർവ്വതി .”

മുത്തശ്ശൻ്റെ ചോദ്യവും ആജ്ഞയുംഅവളെ ചിന്തകളിൽ നിന്ന് ഉണർത്തി.കയ്യിലിട്ട് ഞെരിച്ചു കൊണ്ടിരുന്ന ചോറുരുള ആരേയോ ബോധിപ്പിക്കാനെന്നോണം വായിലേക്കിട്ടു. അതുകണ്ട് മുത്തശ്ശി അമ്മയെ നോക്കിപ്പറഞ്ഞു.

“കണ്ടില്ലേ ഈ ഓണത്തിന്ന നമ്മള് നടത്താൻ ആലോചിച്ചകല്യാണം നടക്കാത്തതിൽ ഓൾക്ക് വിഷമംണ്ട്. അതാ ഇങ്ങനെ . നമുക്കാ വാസുദേവക്കണിയാനെക്കൂടി ഒന്നു കാണാം പാർവ്വതി. കുട്ടീടെ ചൊവ്വാ ദോഷത്തിന് പറ്റിയ ജാതകം ചെലപ്പോ അയാടെ കയ്യിലുണ്ടാവും. പിന്നെ ഒരു ഗന്ധർവ്വപൂജേം നടത്തണം . ഗന്ധർവ്വപൂജ നടത്ത്യാ കല്യാണം നിശ്ചയായിട്ടും നടക്കും. ”
മുത്തശ്ശിയുടെ കണ്ണുകളിലെ തെളിച്ചം അമ്മയിലേക്കും പകർന്നതുപോലെ .അമ്മ മിഴികൾ മുകളിലേക്കുയർത്തി പ്രാർത്ഥിച്ചു.

“എൻ്റെ പരദൈവങ്ങളെ… എൻ്റെ കുട്ടീടെ ജാതകദോഷം മാറ്റി കല്യാണം വേഗം നടത്തിത്തരണെ . ”
ഊണുകഴിഞ്ഞ് അറക്കകത്തേക്കു നടക്കുമ്പോൾ അച്ഛൻ ചെളി നിറഞ്ഞ ഉടുമുണ്ടുമായി കേറി വരുന്നത് കണ്ടു.

“പാർവത്യേ ചോറുവിളമ്പിക്കോളൂട്ടോ.പാടത്തെ വെയിലു മുഴുവൻ കൊണ്ടിട്ട് നല്ല വിശപ്പുണ്ട്. ഹോ ഇപ്പഴത്തെക്കാലത്ത് പണിക്കാരെക്കൊണ്ടൊക്കെ പണിയെടുപ്പിക്കാൻ എന്തു പാടാ.”

അങ്ങനെ പറഞ്ഞു കൊണ്ട് അകത്തേക്കു നടന്നുവന്ന അച്ഛൻ തന്നെക്കണ്ട് അമ്പരന്നു നിന്നു.

“എന്തേ, നീ വന്നിട്ട് എന്നെ ഒന്നു വിളിച്ചില്യാലോ. സാധാരണ നീ ബസ്സിറങ്ങിയാ ഉടനെ തന്നെ ഞാൻ നിന്നെ വന്ന് വിളിച്ചോണ്ടു പോരുകയാണല്ലോ പതിവ് ”
” അച്ഛനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി. ഞാനിപ്പോ ചെറിയ കുട്ടിയൊന്നുമല്ലല്ലോ അച്ഛാ…..”
അങ്ങനെ പറയുമ്പോൾ മനസ്സിടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അച്ഛൻ്റെ കൈ പിടിച്ചു നടക്കുന്ന ആ കൊച്ചുകുട്ടിയായിരുന്നാൽ മതിയായിരുന്നു എന്ന് ഒരു നിമിഷം വെറുതെ ചിന്തിച്ചു.

കളങ്കമില്ലാത്ത തൻ്റെ ബാല്യത്തിൻ്റേയും, കാപട്യം നിറഞ്ഞ യൗവ്വനത്തിൻ്റേയും അന്തരത്തേക്കുറിച്ച് അപ്പോൾ ചിന്തിക്കാതിരി ക്കാനായില്ല.

ചില സത്യങ്ങൾ ഒളിപ്പിക്കാനായി, കഴിഞ്ഞ ഒരു കൊല്ലം മുഴുവൻ തനിക്ക് കല്യാണം വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നല്ലോ എന്നോർത്തപ്പോൾ അറിയാതെ ചുണ്ടുകൾ വിതുമ്പി .

“അച്ഛാ… മുത്തഛാ…. മുത്തശ്ശി….. അമ്മേ….മാപ്പ്…. നിങ്ങളുടെ കൈപിടിച്ച് വളർന്ന ഈ ക്ഷേമമോൾ ഇന്ന് ഒരു വലിയ കാപട്യക്കടലാണെന്ന് നിങ്ങൾക്കാർ ക്കുമറിയില്ലല്ലോ “എന്ന് മനസ്സു വേദനിച്ചു.

കിടപ്പുമുറിയുടെ ജനവാതിൽ തുറന്നിട്ട് പുറത്തേക്കുറ്റുനോക്കി. കളപ്പുരമുറ്റത്ത് കുന്നു കൂടി കിടക്കുന്ന കറ്റകൾ. ആരോ വാരിയെറിഞ്ഞ സ്വർണ്ണ മണികൾപോലെ നിറഞ്ഞു പരന്ന ഉതിർമണികൾ. കറ്റമെതിക്കാനായി തയ്യാറെടുക്കുന്ന പണിക്കാരികളുടെ പയ്യാരം പറച്ചിലുകൾ. ഇന്ന് അപൂർവ്വമായി മാത്രം കാണുന്ന ഇത്തരം കാഴ്ചകളിലേക്ക് മനസ്സ് തുറന്നിട്ടു. കൃഷിയിൽ മനസ്സർപ്പിച്ച അച്ഛനെക്കുറിച്ച് മതിപ്പു തോന്നി.

ജനലിനപ്പുറം പ്രകാശരേണുക്കൾ വിതറിക്കൊണ്ട് ചിങ്ങവെയിൽ കത്തി നില്ക്കുന്നു. ആ സൂര്യപ്രകാശം മനസ്സിലേക്ക് കടന്നു വരുന്നതുപോലെ തോന്നി. ഏതോ ശുഭാപ്തിവിശ്വാസ ത്തിൻ്റെ നേർത്ത കുളിരല ഹൃദയത്തിനുള്ളിൽ തണുപ്പു വിതറി.

ഫോണെടുത്ത് നിഖിലിനെ വിളിക്കാനായി തുനിഞ്ഞു. അപ്പുറത്ത് ഫോൺ റിങ്ങ് ചെയ്ത് നിലയ്ക്കുന്ന ശബ്ദം.
പെട്ടെന്ന് വാതിൽ കടന്നെത്തിയ മുത്തശ്ശിയെ കണ്ടു. ഫോൺ ഓഫാക്കി ബാഗിൽ തന്നെ വച്ചു.
“നാളെത്തന്നെ ഗന്ധർവ്വപൂജ നടത്താന്ന് പൂജാരി സമ്മതിച്ചിട്ടുണ്ട്. കുട്ടിക്ക് ഉടനെയൊന്നും പോകണ്ടല്ലോ. തിരുവോണോം ഉണ്ട് ,പൂജേം കഴിഞ്ഞിനി പോയാ .മതി. ഇതോടെ കുട്ടിക്ക് ചേരുന്ന നല്ല ഒരു ആലോചന വരാണ്ടിരിക്കില്ല. കുട്ടീടെ ചൊവ്വാ ദോഷത്തിന് പറ്റിയ നല്ല ഒരു പയ്യൻ.”

ചൊവ്വാദോഷം, അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ഒരു കൊല്ലം തന്നോടൊപ്പം ഒന്നിച്ചു ജീവിച്ച നിഖിൽ ഇതിനുള്ളിൽ മരിക്കുമാ യിരുന്നല്ലോ എന്നോർത്തു.

അല്ലെങ്കിൽ താലിച്ചരടിനാൽ ബന്ധിക്കപ്പെടാതിരുന്നതിനാലായിരിക്കുമോ തൻ്റെ ദോഷം നിഖിലിനെ ബാധിക്കാതിരുന്നത് .എന്തോ അറിയില്ല !

കഴിഞ്ഞ ഒരു കൊല്ലം മുഴുവൻ ഇഴപിരിയാത്ത കണ്ണികളായി തങ്ങൾ ഒന്നു ചേർന്നിരുന്നു. ഒരേ ഐ ടി ഓഫീസിലെ പ്രൊഫഷനലുകൾക്കിടയിൽ ഉടലെടുത്ത പ്രണയം, ഒടുവിൽ ലിവ് ഇൻടുഗതറിൽ പര്യവസാനിക്കുകയായിരുന്നു.പരസ്പരം ഇഴുകിച്ചേർന്നുള്ള ജീവിതത്തിനിടയിൽ എപ്പോഴാണ് താളപ്പിഴകൾ സംഭവിച്ചത് ?.

എപ്പോഴോ കണ്ണികൾ അടർന്നു തുടങ്ങിയത് താനറിഞ്ഞിരുന്നില്ല. എന്നാൽ ആ കണ്ണികളെ വിളക്കിച്ചേർക്കുവാൻ തങ്ങളുടെ കുഞ്ഞിന് കഴിഞ്ഞേക്കും. .

ഒട്ടൊരു ആഹ്ളാദത്തോടെ വയറിനകത്ത് നേരിയ തുടിപ്പുണ്ടോ എന്ന് തൊട്ടു നോക്കി. വയറ്റിലെ ചലനം ഉള്ളിലുണർത്തിയ നിർവൃതിയോടെ ഉറങ്ങാൻ കിടന്നു.

ആവണിപ്പുലരി ജനലഴികളിലൂടെ എത്തി നോക്കും മുമ്പ് കുളി കഴിഞ്ഞെത്തി. പൂമാറ്റച്ചടങ്ങുകൾ നടത്തുന്ന മുത്തശ്ശിക്കൊപ്പം കൂടി. അരിമാവു കൊണ്ട്തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കി ,കുരുത്തോലയും ചെത്തിപ്പൂവും തുമ്പപ്പൂവും അരിഞ്ഞത് പടിക്കൽ വരെവിതറി.
“ഇന്നിപ്പോ ഈ ചടങ്ങൊന്നും ആരും നടത്താറില്ല. അതിനൊക്കെ എല്ലാർക്കും എവിടാ നേരം . എല്ലാരും തിരക്കിലല്ലേ .പിന്നെ കുട്ടിയെപ്പോലെ മക്കൾ പലരും വിദേശത്തും. ഓണത്തിനൊന്നും വന്നെത്താൻ. ആർക്കും നേരണ്ടാവൂല്യാ…”

മുത്തശ്ശി വിഷാദമഗ്‌നയായി പറഞ്ഞു നിർത്തി. താൻ വെറുതെ പുഞ്ചിരിച്ചു. ബന്ധുക്കൾ എല്ലാരും ചേർന്ന് ആഘോഷമായി കൊണ്ടാടിയിരുന്ന ഓണത്തിന്റെ ബാല്യോർമ്മകൾ തന്നെയും വേട്ടയാടിത്തുടങ്ങിയിരുന്നു.

അടുക്കളയിൽ അമ്മ ഓണവിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. അമ്മക്കൊപ്പം ചേർന്നു വിഭവങ്ങൾ തയ്യാറാക്കി. എല്ലാവരും ചേർന്നിരുന്ന് ഊണു കഴിക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സംതൃപ്തി നിറഞ്ഞു നിന്നു. എല്ലാം മറന്ന് പൊട്ടിച്ചിരിച്ച ദിനരാത്രങ്ങൾ!…

വ്രതനിഷ്ഠയോടെ കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾക്കൊടുവിൽ പൂജക്കുള്ള ദിവസം ആഗതമായിരിക്കുന്നു.

“മോളെ ……. ക്ഷേമേ….. ഇന്ന് വൈകുന്നേരം നമുക്ക് ഗന്ധർവ്വ ക്ഷേത്രത്തിൽ പോകണം. സന്ധ്യക്ക് ദീപാരാധനയ്ക്ക് മുമ്പായി റെഡിയായിക്കോളൂ. ”

വാതിൽക്കൽ മുത്തശ്ശി പുഞ്ചിരി വഴിയുന്ന മുഖമോടെ നില്ക്കുന്നു.

ഇഷ്ടമില്ലാതിരുന്നിട്ടുംമുത്തശ്ശിയോടും അമ്മയോടുമൊപ്പം ഗന്ധർവ്വക്ഷേത്ര ത്തിലേക്കു നടന്നു . രാവെത്തുവോളം നീണ്ടുനിന്ന പൂജ, അമ്പലത്തിലെ നിവേദ്യച്ചോറ് ഭക്ഷണം.
“ഈ പൂജ കഴിഞ്ഞാൽ കുട്ടീടെ ജാതക ദോഷോക്കെ മാറും. ഒരു രാജകുമാരൻ തന്നെ കുട്ടിയെ അന്വേഷിച്ചു വരും.”

മുത്തശ്ശിയുടെ വാക്കുകൾ ഉള്ളിൽ സങ്കടമുണർത്തി. ഇത്തരത്തിൽ ഒരു പൂജയുടെ ആവശ്യം തനിക്കിനി ഇല്ല എന്ന് പറഞ്ഞ് എല്ലാം അവരോടു തുറന്നു പറയുവാൻ മനസ്സു വെമ്പി. എന്നാൽ അതിനെത്തുടർന്നുണ്ടാകുന്ന ഭൂകമ്പം ഓർത്തപ്പോൾ മനസ്സ് സ്വയം തടയണകൾ തീർത്തു. .

ഗന്ധർവ്വപ്രതിമക്കു മുന്നിൽ നിരത്തി വച്ചസുഗന്ധധൂമങ്ങളും,പൂജാദ്രവ്യങ്ങളും, പൂക്കളും,പഴങ്ങളും . അവയ്ക്കു മുന്നിൽ ധ്യാനനിരതനായ പൂജാരി . മനസ്സിൽ ഗന്ധർവ്വനെ ധ്യാനിച്ചു. നിഖിൽ എന്ന ഗന്ധർവ്വനെ! അവനെ ആവാഹിച്ചു വരുത്തുവാനുള്ള മന്ത്രങ്ങളാലോചി ക്കുകയായിരുന്നു താനപ്പോൾ.

ധൂപക്കുറ്റിയിൽ നിന്നും ഉയർന്നു പൊങ്ങിയ പുകച്ചുരുളുകൾക്കുള്ളിൽ അവൻ്റെ രൂപം പ്രത്യക്ഷപ്പെട്ടതായി തോന്നി. പെട്ടെന്ന് അവന്റെ മെസേജ് ദൃഷ്ടിയിൽപ്പെട്ടു. “നിന്റെ വീടിനടുത്തുള്ളപുഴക്കരയിൽ ഞാൻ ഉണ്ട്. നീ വേഗം വരിക”

ഉള്ളിലുണർന്ന തുടി കൊട്ടുമായി ഏതോ മയക്കത്തിലെന്നോണം എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പുറകിൽ നിന്നുള്ള മുത്തശ്ശിയുടെ വിളി താനപ്പോൾ കേട്ടില്ല.

“കണ്ടില്ലേ കുട്ടിയിൽ ഗന്ധർവ്വൻ പ്രീതിപ്പെട്ടൂന്ന് തോന്ന്ണു. ആ നടപ്പിൽ ആ ലക്ഷണംണ്ട്….ഇനി ഉടനെ കുട്ടിയെ തേടി ഒരു പുരുഷൻ വരും.”

പൂജാരിയുടെ വാക്കുകൾ ഒരു മയക്കത്തിലെന്നോണം കേട്ടു.

പുഴക്കരയിലെത്തിയത് അറിഞ്ഞില്ല. അവിടെ നിലാവിൽ കുളിച്ച് നിഖിൽ നില്ക്കുന്നത് അതിശയത്തോടെ കണ്ടു. ഓടിച്ചെന്ന്കെട്ടിപ്പിടിച്ച് ചോദിച്ചു.
” എന്തേ നീയിത്ര താമസിച്ചു. ഞാൻകാത്തിരിക്കുകയായിരുന്നു. ”

വലിഞ്ഞു മുറുകുന്ന തൻ്റെ കൈകളെ വേർപെടുത്തി നീരസത്തോടെ അവൻ പറഞ്ഞു.
“നിന്നെ കണ്ട് യാത്ര പറയാനാണ് ഞാൻ വന്നത്. നാളെത്തന്നെ ഞാൻ ഫോറിനിലേക്ക് പോകും. പിന്നെ നമ്മൾ തമ്മിൽ കണ്ടു എന്ന് വരില്ല. നമ്മുടെ കുഞ്ഞ്…..അവനെ നിനക്ക് വേണമെങ്കിൽനശിപ്പിക്കാം. അല്ലെങ്കിൽ ഉപേക്ഷിക്കാം…… . .എനിക്കത്ഒരു പ്രശ്നമേ അല്ല. എന്നിട്ട്നിൻ്റെ ആഗ്രഹം പോലെ , പരമ്പരാഗതമായി നടത്തപ്പെടുന്ന നല്ലൊരു വിവാഹ ബന്ധത്തിലേർപ്പെടാം..”

അങ്ങനെ പറഞ്ഞ് നിഖിൽ നടന്നു മറയുന്ന ത് അസ്തപ്രജ്ഞയായി നോക്കി നിന്നു.
നിരാശയുടെ കയത്തിൽ മുങ്ങിത്താഴുമ്പോൾ പുഴയിലെ വെള്ളത്തിൽ ദൃഷ്ടി പതിഞ്ഞു.അപ്പോൾ കിരീടവും ,നാഗമാലയും അണിഞ്ഞ യഥാർത്ഥ ഗന്ധർവ്വനെ അവിടെതെളിഞ്ഞു കണ്ടു. കയ്യിലെ രത്നവും ,പവിഴവും പതിച്ച താലിമാലയുയർത്തി ഗന്ധർവ്വൻ തന്നെ മാടി വിളിക്കുന്നതുപോലെ. മനസ്സിലെപ്പോഴോ താൻ കൊതിച്ചതു പോലെ ഒരു താലി കെട്ടിന്റെ കേളികൊട്ടുണരുന്നത് കേട്ടുകൊണ്ട് എല്ലാംമറന്ന് അങ്ങോട്ടേക്ക് നടന്നു.

പെട്ടെന്ന് പുഴയിൽ നിന്നും താക്കീതു പോലെ ആ ശബ്ദം ഉയർന്നുവന്നു.

” അരുത്. പുഴയിലിറങ്ങരുത്.എന്നെ നോക്കൂ .ഏതു വേനലിനേയും അതിജീവിക്കാൻ എനിക്ക് കഴിവുണ്ട്. നിനക്കും അതിന് കഴിയും”

“ശരിയാണ്. കേവലം ഒരു ഗന്ധർവ്വനിൽ അലിഞ്ഞുചേരാനുള്ളതല്ല എന്റെ ശരീരവും മനസ്സും . ഈ പുഴ പോലെ ഏതു വേനലിലും വറ്റിവരളാതെ, മുന്നിലെ പ്രതിബന്ധങ്ങളെ തട്ടിത്തകർത്ത് മുന്നോട്ടു നീങ്ങാനുള്ളതാണ്. ”

പുഴയുടെ പാഠം ഉൾക്കൊണ്ട് തിരിഞ്ഞുനടന്നു.

പുഴയുടെ ആഴങ്ങളിൽഗന്ധർവ്വനോടൊപ്പം അലിഞ്ഞുചേരണമെന്ന ഉൾപ്രേരണയെ പെട്ടെന്ന് ഉപേക്ഷിച്ച് പിന്തിരിഞ്ഞു നടക്കുമ്പോൾ നിഖിലിനോടുള്ള വെല്ലുവിളി മാത്രമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്

സുധ അജിത് :- എറണാകുളത്ത് ജനനം. ബിരുദവും,ബിരുദാനന്തര പഠനവും തിരുവനന്തപുരം മാഹാരാജാസ് വിമൻസ് കോളേജിൽ . ആനുകാലികങ്ങളിൽ കഥകളും, കവിതകളും, നോവലുകളും , ലേഖനങ്ങളും എഴുതിവരുന്നു. അഞ്ച് ചെറുകഥാ സമാഹാരങ്ങളും ,നാല് നോവലുകളും , പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2019-ലെ കേരള സാഹിത്യ വേദിയുടെ തകഴി ശിവശങ്കരപ്പിള്ള സാഹിത്യ പുരസ്ക്കാരം , ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് എന്നിവ “മഞ്ഞിനടിയിലെ തീജ്വാല “എന്ന കഥാസമാഹാരത്തിനു ലഭിച്ചിട്ടുണ്ട്.
കൂടാതെ കേരളകാവ്യ സാഹിതിയുടെ ജില്ലാതലത്തിൽ 2019 ലും 22, 23,24 എന്നീ വർഷങ്ങളിൽനടന്ന കഥാ രചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും , 2022-ൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ “മാടമ്പ് കുഞ്ഞിക്കുട്ടൻ  സ്മാരക “കഥാമത്സരത്തിൽ ചെറുകഥക്കും, ഗാർഗി -സ്ത്രീ മാധ്യമക്കൂട്ടായ്മയുടെ 2023 ലെ മാധവിക്കുട്ടി സ്മാരക ചെറുകഥാ മത്സരത്തിൽ സ്പെഷ്യൽ ജൂറി പുരസ്ക്കാരം,   2023 ലെ പരസ്പരം കഥാപുരസ്ക്കാരം കൊളുന്ത് എന്ന കഥാ സമാഹാരത്തിനും , കോലധാരി എന്ന നോവലിന് എഴുത്തുകൂട്ടം കമ്മ്യൂൺ ഓഫ് ലെറ്റേഴ്സിന്റെ 2024 – ലെ മികച്ച നോവൽ പുരസ്ക്കാരം , 2025-ലെ 20-ാമത് തുളുനാട് അവാർഡ് (കോലധാരി എന്ന നോവലിന് ) എന്നിവയും ലഭിച്ചിട്ടുണ്ട്.

സ്മിത എം എൽ

സമകാല ചെറുകഥാ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമാണ് കെ . ആർ . മീര. പെൺമനസിന്റെ ഭാവതലങ്ങൾ കൃത്യതയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരി, അവളെ പൊതിയുന്ന പുരുഷലോകത്തെ ചെറുസ്പന്ദനങ്ങൾ പോലും ചേർത്തെഴുതാനും മറക്കാറില്ല. അതുകൊണ്ടുതന്നെ, പുരുഷാധിപത്യമോ ഫെമിനിസ്റ്റ് ചിന്തകളോ ഇല്ലാതെ സ്വതന്ത്രമായ ആശയങ്ങളും വൈകാരിക മുഹൂർത്തങ്ങളുമുള്ള ധാരാളം കഥകൾ ആ തൂലികയിൽ നിന്നു പിറവിയെടുത്തിട്ടുണ്ട്.അത്തരത്തിൽ വിവാഹ ബന്ധിതനും വിവാഹമോചിതയുമായ രണ്ട് വ്യക്തികളുടെ അടിച്ചമർത്തപ്പെട്ട വികാരവിചാരങ്ങളെ,സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്ന കഥയാണ് മോഹമഞ്ഞ.

വേണ്ട വിധം സ്നേഹിക്കപ്പെടാത്തവർ സ്നേഹത്താൽ ബന്ധിതരായപ്പോൾ സമൂഹത്തിന്റെ വേലിക്കെട്ടുകളെ ഭയന്നില്ല.അവർ വെറും സ്ത്രീയും പുരുഷനും മാത്രമായി. പ്രായവും സ്ഥലകാലങ്ങളും തീർത്തും അപ്രസക്തമായി. മെഡിക്കൽ കോളേജിലെ സാംക്രമിക രോഗ വാർഡിൽ കണ്ടുമുട്ടി, ഒരു ദിവസത്തെ മാത്രം പരിചയമുള്ള അവർ ചിരപരിചിതരെ പോലെ സംസാരിക്കുകയും ഒന്നായിത്തീരുകയും ചെയ്തപ്പോൾ അവളിൽ എന്നോ അണഞ്ഞു പോയ പ്രണയത്തിരി മങ്ങിമങ്ങി തെളിയുവാൻ തുടങ്ങി . കൺസൾട്ടേഷന് കാത്തിരിക്കുമ്പോൾ പരസ്പരം അറിയാതെ കണ്ണുകളുടക്കിയ നേരം അവർ പോലുമറിഞ്ഞിരുന്നില്ല, ആ നവസൗഹൃദത്തിനപ്പുറം അവർ വെറും സ്ത്രീയും പുരുഷനും മാത്രമായി, സദാചാരവേലിക്കെട്ടുകൾ വലിച്ചെറിഞ്ഞ് ഒന്നായി തീരുമെന്ന്.അതുവരെ അവളെ ജീവിക്കാൻ പ്രേരിപ്പിച്ച ഏക ശക്തി മക്കളായിരുന്നു. അതെപ്പോഴും അങ്ങനെ തന്നെയാണല്ലോ? മക്കളിൽ കെട്ടപ്പെട്ടു പോയ ഒരു സ്ത്രീ സ്വയം മറന്നവർക്കുവേണ്ടി ജീവിച്ചാലും, പ്രാപ്തരാകുമ്പോൾ അവർ പറന്നകലും. സ്ത്രീ അപ്പോഴും മാതൃത്വത്തിന്റെ കൂട്ടിൽ അകപ്പെട്ടുരുകി തീരും . ഇതിനിടയ്ക്കവളുടെ പ്രായവും പ്രണയവും വികാരവിചാരങ്ങളും മനസ്സിൽ ജനിച്ച്,അവിടെ തന്നെ മരണപ്പെടും . അടിച്ചമർത്തപ്പെട്ട മനസ്സിന്റെ ഇഷ്ടങ്ങളൊക്കെയും സമൂഹത്തിന്റെ പഴിചാരലുകളെ അവഗണിച്ച് ചേർത്തണയ്ക്കാൻ പലരും അശക്തരാകുമ്പോഴാണ് അവനും അവളും അവരുടെ മാത്രം ശരികളിൽ ആദിവസം അവരുടേതുമാത്രമാക്കി തീർത്തത്.

അന്നു വൈകിട്ട് തിരികെ വീട്ടിലെത്തിയ അവൾക്ക് രോഗം കൂടിയതിനാൽ രാത്രിയിൽ തന്നെ ഹോസ്പിറ്റലിലേക്ക് തിരികെ പോകേണ്ടി വരികയും മഞ്ഞപ്പിത്തമാണ് അസുഖമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രി കിടക്കയിൽ വച്ച് ഉറക്കത്തിലവൾ പലതവണ അയാളെ കണ്ടു. മയക്കത്തിൽ പോലും അയാളെ അവൾ മഞ്ഞ നിറത്തിലാണ് കണ്ടത്. മഞ്ഞ കണ്ണുകൾ,മഞ്ഞ തലമുടി,മഞ്ഞച്ചെവികൾ, മഞ്ഞ ചുണ്ടുകൾ അങ്ങനെയങ്ങനെ..രോഗം ഭേദപ്പെട്ട് വീട്ടിലെത്തി മുറ്റം വൃത്തിയാക്കുമ്പോൾ ചെടിക്കിടയിൽ കിടന്ന ഒരു പത്ര കീറിൽ അവൾ അയാളെ ഒരിക്കൽ കൂടി കണ്ടു. മഞ്ഞപ്പിത്തത്താൽ ഒരു അധ്യാപകൻ കൂടി മരിച്ചെന്നോ മറ്റോ എഴുതിയതായിരുന്നു അത്.

അവളിൽ നിന്ന് പകർന്നതായിരുന്നുവോ ആ രോഗം.അതോ, രോഗം മൂർച്ഛിച്ച അവസ്ഥയിൽ അവളുടെ തോന്നലുകളായിരുന്നുവോ അതെല്ലാം. വായനക്കാരന് ഏതുവിധത്തിലും വായിച്ചെടുക്കുവാനുള്ള പഴുതുകൾ ധാരാളമുണ്ട് ഈ കഥയിൽ.അസുഖം ശരീരത്തെ തളർത്തിയമാത്രയിൽ അതിനെ പ്രതിരോധിക്കുവാനായി മനസ്സ് കണ്ടെത്തിയ വഴികളായിരുന്നിരിക്കാം അയാളും, അവർ ഒരുമിച്ച് ചിലവഴിച്ച ലോഡ്ജ് മുറിയിലെ നിമിഷങ്ങളും നൽകിയ സന്തോഷം. ജീവിതത്തിൽ തീർത്തും ഒറ്റയ്ക്കായി പോയപ്പോൾ അവളുടെ മനസ്സ് ഒരു പുരുഷന്റെ കണ്ണുകൾ തന്നെത്തേടിയെത്തിയിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചിരിക്കാം.തളർന്നു വീഴുമെന്ന് തോന്നുമ്പോഴാണല്ലോ ഒരാശ്രയത്തിനായി മനസ്സ് കൊതിക്കുന്നത്.അങ്ങനെ ഡോക്ടറുടെ വിളിയ്ക്കായി കാത്തിരിക്കുമ്പോൾ, തന്നെ തേടിയെത്തുന്ന കണ്ണുകളുടെ കരുതലിൽ അവൾ സ്വയം മെനഞ്ഞെടുത്ത്, അറിഞ്ഞാസ്വദിച്ച നിമിഷങ്ങളായിരുന്നിരിക്കാം അതൊക്കെയും.ഓരോ വായനയിലും കഥ പിന്നെയും വളരുന്നുവെന്ന് തോന്നും. അതാണ് കെ. ആർ. മീരയുടെ കഥകളുടെ മാന്ത്രികത.

സ്മിത എം. എൽ :- കേരള സർവകലാശാലയുടെ പ്രാദേശിക പഠനകേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കരുവാറ്റ റീജണൽ സെന്ററിൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായും സ്ഥാപനത്തിലെ അക്കാഡമിക് കോർഡിനേറ്റർ ആയും ജോലി ചെയ്യുന്നു. ചെന്നൈയിലെ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം റിസർച്ച് സ്കോളർ ആണ്. വായനയും എഴുത്തുമായും ബന്ധപ്പെട്ട”വിങ്സ് ഓഫ് ബുക്ക്സ്”എന്ന യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയ രംഗത്തും സജീവമാണ്.
https://youtube.com/@wingsofbooksbysmitha?si=Us1Qc69M2xokS5sT

ഗിരിജാവാര്യർ

പോയകാലത്തിന്റെ നനവ് ഓർമ്മകളിലേക്ക് കണ്ണിചേർക്കാനണയുന്ന ഓണമേ, നീ എനിക്ക് പ്രിയപ്പെട്ടതാകുന്നത് എന്തുകൊണ്ടാണ്? വിഷുവിനോ ആതിരയ്ക്കോ അവകാശപ്പെടാനാവാത്ത ഒരു വശ്യത നിന്നിൽ ഞാൻ വിളക്കിച്ചേർക്കുന്നത് എന്തുകൊണ്ടാണ്?

“ ഓർക്കുവാൻ എന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിനവാണിതോണം!”

“ഓർക്കുവാൻ എന്തെങ്കിലുമോ?? “ ഓർമ്മയല്ലേ നിറയെ?ഓരോ ഓണവും അരികിലണയുമ്പോൾ പതഞ്ഞുപൊങ്ങിത്തൂവുന്നതും ആ ഓണഗന്ധങ്ങളല്ലേ?

നറുനെയ്യിൽ കുഴയ്ക്കുന്ന ഇളം ചൂടുള്ള പുഞ്ചനെൽച്ചോറിന്റെ…

ഇളംമഞ്ഞ നിറത്തിൽ ഓട്ടുരുളിയിൽ തിളച്ചുമറിയുന്ന പാൽപ്പായസത്തിന്റെ..

തൃക്കാക്കരയപ്പന് നിവേദിക്കാൻ തുമ്പപ്പൂവിട്ട്, അമ്മയുടെ സ്നേഹമധുരം വിതറി തയ്യാറാക്കുന്ന ഇലയടയുടെ..

അച്ഛന്റെ വിരൽത്തുമ്പിൽനിന്നൊഴുകുന്ന അരിമാവിൽ ചാണകം മെഴുകിയ മുറ്റത്ത് വിരിയുന്ന മാക്കോലങ്ങളുടെ…

അമ്മയുടെ,കൈതോലമണംപേറുന്ന കാൽപ്പെട്ടിയിൽനിന്ന് മോക്ഷംതേടി, ഉത്രാടപ്പുലരിയിൽ കൈവെള്ളയിൽ വന്നുചേരുന്ന കോടിയുടുപ്പുകളുടെ..

മാവേലിമുടിയിൽ അണിയാൻ പച്ചീർക്കിലയിൽ ചേർത്തുകെട്ടുന്ന തുളസിക്കതിരിന്റെ..തെച്ചിയുടെ..

“പതിറ്റടി കഴിഞ്ഞ നേരത്തിനി കുളവരമ്പിലെ തെച്ചിക്കാട്ടില് പോണ്ടാ കുട്ട്യോളേ, മൂർഖൻപാമ്പ് ണ്ടാവും”
കാലത്തിന്റെ മൂടുപടം നീക്കിയെത്തുന്ന നേർത്തശബ്ദത്തിന്റെ അനുരണനങ്ങൾ കാതിൽ. അതിങ്ങനെ ഉള്ളിൽ പതഞ്ഞുതൂവിയപ്പോൾ പച്ചീർക്കിലയിൽ തുളസിയും തെച്ചിയും വച്ച് ചേർത്തുകെട്ടി മാവേലിയ്ക്ക് മുടിപ്പൂവുണ്ടാക്കാൻ തുടങ്ങി. തുളസിനീര് കയ്യിൽ പുരളുമ്പോൾ അമ്മമണം അനുഭവിക്കുന്നതുപോലെ!!

ഗേറ്റിനരികിൽ ചിരിച്ചുനിൽക്കുന്നു വെള്ളമന്ദാരങ്ങൾ! “നൈർമ്മല്യത്തിന്റെ ചിന്തുപാടി നിൽക്കുന്ന ഞങ്ങളെ നീയെന്തേ കണ്ടില്ലാ” എന്ന ചോദ്യം ചുണ്ടിൽ.
കിണറ്റിൻകരയിലെ നന്ത്യാർവട്ടമാവട്ടെ,ചുറ്റിലുമൊരു വെള്ളക്കംബളം നിവർത്തിയിട്ടപോലൊരു പൂമെത്തയൊരുക്കിവച്ചിട്ടുണ്ട്. ആ ചില്ലയിൽ ഒന്ന് പിടിച്ചുകുലുക്കേണ്ട താമസം, “തുരുതുരെ പൂമഴയായി പിന്നെ”
ചെടിച്ചട്ടികൾക്കടുത്ത് പടർത്തിയ വെള്ളശംഖുപുഷ്പവള്ളിയിലുമുണ്ട് നിറയെ പൂക്കൾ !
അത്തക്കളം ‘വെള്ളക്കള’മാകുമോ എന്ന ശങ്കയിൽ കുറച്ച് നിറമുള്ള ഇലകളുടെ സഹായംതേടി. “അരിഞ്ഞിട്ട ഇലകൾക്കൊരാത്മാവില്ല” എന്നു ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടോ? ചെമ്പരത്തിപ്പൂവിന്റെ തുടുതുടുപ്പുള്ള,പേരറിയാത്ത ഒരു ചുവന്ന പൂ, തോട്ടത്തിൽ മന്ദാരത്തൈയിനോട് ചേർന്ന് നിൽപ്പുണ്ട്. “ചെമ്പരത്തിക്കു പകരമാവില്ലെങ്കിലും, എന്നെക്കൂടി പരിഗണിച്ചുകൂടെ” എന്നതു കാതിനോരത്ത് മന്ത്രിക്കുന്നത് കേട്ടാണ് തിരിഞ്ഞുനോക്കിയത്. “ഇനി നീയേ തുണ, നീയെന്റെ വെള്ളക്കളത്തിനു തുടുപ്പേകൂ”
“ഒരു പൂ മതി ഉർവ്വിയ്ക്കു ചൈത്രം രചിക്കുവാൻ ”

മുഴുത്തുരുണ്ട കാഴ്ചക്കുലകൾ മച്ചിലറയിലെ പത്തായത്തിലേക്ക് മാർച്ച് ചെയ്യുന്നു. പുകമണംകൊണ്ടു തപസ്സിരിക്കാൻ! മൂലംനാളിൽ മഞ്ഞനിറത്തിൽ പൊൻകണി വിരിയിച്ച്,കെട്ടിലറയിലെ വളയങ്ങളിൽ ചൂടിക്കയറിൽ ബന്ധിതരായി തൂങ്ങേണ്ടവരല്ലേ?

ചെമ്പരത്തിയിലേക്ക് പടർന്നുകയറിയ മത്തൻവള്ളി പൂക്കൈ പുറത്തുകാണിച്ച് മാടി വിളിക്കുന്നുണ്ട്.

“ ഇളവെയിൽക്കുമ്പിളിൽ തരിമഴ നിറച്ച്
ഇടറുന്ന വഴികളിൽത്തുടുകഴൽപ്പൂക്കളം വിരിയിച്ച്
പുതുവാഴക്കൂമ്പ്പോൽ നീ വന്നുവല്ലോ!
നന്ദി!തിരുവോണമേ നന്ദി!!”
എന്നാൽ, എവിടെ ആ ഇളവെയിൽക്കുമ്പിൾ?
ഇപ്പോഴത്തെ ഈ മഴപ്പെയ്ത്ത് ഉള്ളിലെ ഓണവെയില് മായ്ക്കുന്നു.

നളചരിതത്തിലെ “യാമി യാമി ഭൈമീ കാമിതം “ എന്ന പദം ഓർമ്മയിലെ നിലാവായി വന്നുപൊതിയുന്നു.കരികയറിയ നിലവിളക്കിൻനാളത്തിനുചുറ്റും ചുവടുവയ്ക്കുന്ന പെണ്ണുങ്ങളുടെ പതിഞ്ഞശബ്ദവും വിയർപ്പുഗന്ധവും ഗൃഹാതുരത്വമുണർത്തി ആത്മാവിൽ കിനിഞ്ഞിറങ്ങുമ്പോൾ,ആ നിർവൃതിയിൽ മിഴിയടച്ചു ഇത്തിരിനേരമിരിക്കാം,ശൂന്യമായ മുറിയിൽ, തനിച്ച്..

ഗിരിജാവാര്യർ:- പാലക്കാട്ടു സ്വദേശിയാണ്. പുതുപ്പരിയാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് HSST( Eng )ആയി വിരമിച്ചു. 4 കഥാസമാഹാരങ്ങളും രണ്ട് കവിതാ സമാഹാരങ്ങളുമടക്കം
ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തപസ്യ സാംസ്കാരിക സമിതി അവാർഡുകൾ, അങ്കണം ഷംസുദ്ദീൻ കവിതാ അവാർഡ്, സപര്യ സാംസ്കാരിക സമിതി അവാർഡുകൾ തുടങ്ങിയ ചില അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. തൃശ്ശൂർ റേഡിയോ നിലയത്തിൽ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്.

ജേക്കബ് പ്ലാക്കൻ

ഓർമ്മകളുടെ കൽപ്പടവുകളിൽ
കല്ലുകൊത്തി കളിക്കവെ,
ഓണപ്പൂവിളിയാർപ്പുകൾ
കേൾപ്പൂവെന്നുൾത്താരിലും…!
പൂത്തുമ്പപ്പൂവേണികൾ
പൂങ്കവിതകൾ പാടുമ്പോൾ,
പൂക്കളമിട്ടൊരു പൂമുറ്റത്ത്,
തുമ്പിപെണ്ണിൻ കൈകൊട്ടിക്കളി..!
കൈതോലപ്പൊന്നോലപ്പായകൾ
നീളേ നെയ്തു വിരിപ്പൂ
ചിങ്ങപുലർവെയിലുകൾ!
തെങ്ങോലത്തുമ്പുകൾ
വെൺചാമരം വീശുമ്പോൾ…
പൊന്നോണക്കോടിയുടുത്ത്
കതിരാടുന്നു വയലുകളിൽ…!
ഓണപ്പാട്ടിൻ ഈണത്തിൽ കുസൃതികൾ
ഊഞ്ഞാലാടും മാഞ്ചോട്..!
നടവഴിയിടവഴികളിൽ പൂത്തുലയും
കൊങ്ങിണിപ്പൂക്കൾതൻ കൽക്കയ്യാലകൾ…!
നാട്ടുനന്മകളെന്നും പാടിപ്പറക്കും
കാട്ടുമൈനകൾ കൂടു കൂട്ടും
കൊന്നതെങ്ങുകൾ.
കാട്ടുതേനിന്റെ മണവും മധുരവുമുള്ളൊരു
ഓണക്കാലമിന്ന് ഓർമ്മകളിൽ …!
കച്ചവടക്കാരുടെ കപടമാം
“ഇന്നിന്റെയോണം“
കാത്തിരിപ്പൂ കടകളിൽ മാത്രം…!

ജേക്കബ് പ്ലാക്കൻ :- മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് . ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ബാബുരാജ് കളമ്പൂർ

പാതിരാവ്…
നിലാവിൻ്റെ സാഗരം…
നേർത്തമഞ്ഞിൻ കുളിരിളം തന്ത്രികൾ
മീട്ടിയെത്തുന്ന കാറ്റിൻ്റെ ഗീതികൾ…

പാതയോരത്തു ഭൂതകാലത്തേക്കു
വേരുകൾ നീട്ടി,
യോർമ്മകൾ തേടുന്നൊരാൽമരം,
വിങ്ങി നില്ക്കുന്ന മൂകത…

രാത്രിചാരിയാം കൂമൻ, നിലാവിൻ്റെ
കൂർത്ത വേൽമുന
കുത്തിത്തറച്ചതാൽ
കാഴ്ചമങ്ങിയ കണ്ണുമായങ്ങനെ…

കാടുകത്തിയെരിഞ്ഞ കാലത്തിൻ്റെ
പാട്ടിൽ മിന്നുന്നൊരിത്തിരിത്തീപ്പൊരി
ഊതിയൂതിപ്പെരുപ്പിച്ചു പാതിരാ
ക്കാറ്റു ചാരത്തു വന്നണഞ്ഞീടവേ,
യുദ്ധഭൂമിയിലൊറ്റയ്ക്കു നില്ക്കുന്ന
പിഞ്ചുകുഞ്ഞിൻ്റെ നിസ്സഹാ ത്വമോ –
ടെങ്ങുനിന്നോ വഴിതെറ്റി വന്നൊരു കുഞ്ഞു പക്ഷി ചിറകിട്ടടിക്കുന്നു

വാക്കു പൊള്ളുന്ന കാലത്തു മൗനമാ
ണേറ്റമുത്തമമെന്നോർത്തു ചില്ലയിൽ
ആധിപൂണ്ടു,തളർന്നിരിക്കുന്നുണ്ടു
പാവമാമൊരു രാക്കുയിൽ… പാടാതെ !

ആൽമരച്ചോട്ടിലേകനായ് നില്ക്കുന്നു കാവൽ ദൈവം,
തുറിച്ച നോട്ടംകൊണ്ടു
നാലു ദിക്കിലും വേലികെട്ടുന്നവൻ.

പാതിയിൽ വീണുടഞ്ഞ സ്വപ്നം പോലെ
പാതിരാക്കാഴ്ചകൾ കണ്ടു നില്ക്കവേ
വാനിൽനിന്നൊരു താരകച്ചീളു വന്നെൻ്റെ മുന്നിൽ പറന്നു കളിക്കയായ്

അക്കനകപ്രകാശക്കതിരിൽനി-
ന്നായിരം
കൊച്ചു മിന്നാമിനുങ്ങുകൾ
ഉൾത്തടത്തിൽ ചിറകടിച്ചാർക്കുന്നു, പിന്നെ വാക്കായ്… കവിതയായ് മാറുന്നു.

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

 

Copyright © . All rights reserved
➤