ഒന്ന്
ജീവിതം എന്നത് സ്വപ്നങ്ങളുടെ ഒരു ചീട്ട് കൊട്ടാരമാണ്.അവിടെ വേണമെങ്കിൽ രാജാവാകാം.അല്ലങ്കിൽ മന്ത്രിയോ സേവകനോ ഭടനോ എന്തുവേണമെങ്കിലും ആകാം. നമ്മളുടെ ഇഷ്ടം പോലെ വേഷങ്ങൾ തിരഞ്ഞെടുക്കാം.ഞാനും ഒരു വേഷം തിരഞ്ഞെടുക്കുന്നു.
എന്നെ ചിലർക്കെങ്കിലും പരിചയം കാണും.അറിഞ്ഞുകൂടാത്തവർക്കുവേണ്ടി ,എൻ്റെ പേര് മത്തായി.
പൊതുവെ മത്തായിമാർ മണ്ടന്മാർ ആയിരിക്കും എന്നൊരു വിശ്വാസം ഉണ്ട്.അത് ശരിയാണോ എന്ന് നിങ്ങൾ തീരുമാനിക്കുക
മുഴുവൻ പേരും പറഞ്ഞില്ല,എം.എ.മാത്യു എം.എ.
രണ്ടാമത്തെ എം.എ.എൻ്റെ ഡിഗ്രിയും ആദ്യത്തെ എം.എ. ഇനിഷ്യലും ആണ്.ഇപ്പോൾ മനസിലായല്ലോ ഞാൻ ഒരു വെറും “മത്തായി” അല്ല എന്ന്.
നാട്ടിൽ ഞങ്ങളുടെ ക്ലബും അതിനോട് ചേർന്ന് അല്പം നാടകവും കലാസാംസ്കാരിക പരിപാടികളുമായി നടക്കുന്ന സമയത്താണ് ബാംഗ്ലൂരിൽ ജോലിയുള്ള ഒരു സുഹൃത്ത് നാട്ടിൽ വരുന്നത്. ബാംഗ്ലൂരിൽ ടാജ് റസിഡൻസി എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ മാനേജർ ആണ് അവൻ.
അങ്ങിനെ ചെത്തിനടക്കുന്നതിനിടയിൽ അവൻ എന്നോട് ഒരു ചോദ്യം.
“മത്തായി ഇങ്ങിനെ നടന്നാൽ മതിയോ?ഒരു ജോലിയൊക്കെ വേണ്ടെ?എൻ്റെ കൂടെ ബാംഗ്ലൂർ ക്ക് പോരെ ജോലി ഞാൻ ശരിയാക്കി തരാം.”
ക്ലബ്ബിൽ കൂട്ടുകാരുടെ മുമ്പിൽ വച്ച് അവൻ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.
“മത്തായി ,ഒന്ന് ശ്രമിച്ചു നോക്കട”,
കൂട്ടുകാരുമായി ചീട്ടും കാരംസും കളിച്ചു സുഖമായി ഞാൻ ജീവിക്കുന്നത് അവന് സഹിക്കുന്നില്ല.
“എനിക്ക് ജോലി വേണ്ട “,എന്ന് പറയാൻ പറ്റില്ലല്ലോ.അതും ഒരു സുഹൃത്ത് ജോലി ശരിയാക്കി തരാം എന്ന് പറയുമ്പോൾ.
അങ്ങിനെ എല്ലാവരുടേയും പ്രോത്സാഹനവും നിർബന്ധവും സഹിക്കവയ്യാതെ ഞാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറി.ഞാൻ തീരുമാനം എടുക്കാൻ താമസിച്ചതുകൊണ്ട് അവൻ നേരത്തെ പോയിക്കഴിഞ്ഞിരുന്നു..
മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുന്നൂറ്റി മുപ്പത്തി മൂന്നാം ബസ്സിൽ കയറി അവൻ പറഞ്ഞതനുസരിച്ച് മാറത്തഹള്ളിയിൽ ഇറങ്ങി.
പക്ഷെ അവൻ എഴുതിത്തന്ന അഡ്രസ്സും വീടും കണ്ടുപിടിക്കുക അത്ര എളുപ്പമായിരുന്നില്ല.രസകരമായ വസ്തുത മൊബൈൽ നാവിഗേറ്ററിലോ മാപ്പിലോ ഒന്നും അവൻ പറഞ്ഞ സ്ഥലമില്ല.ബസ്സ് സ്റ്റോപ്പിന് അടുത്താണു എന്ന് അവൻ പ്രത്യേകം പറഞ്ഞിരുന്നു പക്ഷെ മാറത്തഹളളിയിൽ പല ബസ്സ് സ്റ്റോപ് കൾ ഉണ്ട്.വിളിക്കുമ്പോൾ അവൻ്റെ മൊബൈൽ സ്വിച് ഓഫ്.ഇനി മുൻപിലുള്ള വഴി ആരോടെങ്കിലും ചോദിക്കുക എന്നതാണ്
പലരോടും ചോദിച്ചു. അപ്പോൾ ഒരു കാര്യം വ്യക്തമായി.അവൻ തന്ന പേരിൽ ഒരു റോഡ് മാറത്തഹള്ളി പ്രദേശത്തില്ല.
ഇത്തരം സന്ദർഭങ്ങളിൽ ഞാൻ ഉപയോഗിക്കുന്ന ഒരു ട്രിക് ഉണ്ട്.ചെറിയ പെട്ടിക്കടകൾ,ബാർബർ ഷാപ്പുകൾ മുതലായവയുടെ ബോർഡ്‌കൾ വായിച്ചുനോക്കും.പേരുകൊണ്ട് മനസിലാക്കാം മലയാളികളുടെ കടകൾ.
ഇത്തരം കടകൾ പ്രാദേശിക ഇൻഫർമേഷനുകൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും.
അങ്ങിനെ ബോർഡുകൾ വായിച്ചു നടക്കുമ്പോളാണ് സുപ്രിയ ഹെയർ സലൂൺ എന്ന് മലയാളത്തിൽ എഴുതിയ ഒരു ബോർഡ് കാണുന്നത്.
എൻ്റെ നിഗമനം എത്ര ശരിയായി എന്ന് നോക്കൂ.സദാനന്ദൻ എന്ന വടകരക്കാരൻ ആയിരുന്നു സുപ്രിയ സലൂണിൻ്റെ പ്രൊപ്രൈറ്റർ.
.സദാനന്ദൻ പറഞ്ഞു,”ഇരുപതു വർഷമായി ഞാൻ ഇവിടെ ഈ ഷോപ് തുടങ്ങിയിട്ട്.ഇവിടെ ഇങ്ങിനെ ഒരു റോഡ് ഇല്ല”.
കാര്യങ്ങൾ ഏതാണ്ട് മനസിലായിത്തുടങ്ങി.അവനെ തേടി നടക്കുന്നതുകൊണ്ട് ഇനി വലിയ പ്രയോജനമില്ല.
ഏതായാലും ഇനി അല്പം വിശ്രമിക്കുക തന്നെ എന്ന് തീരുമാനിച്ചു.
വിശന്നിട്ട് കണ്ണുകാണാൻ വയ്യ.മുമ്പിൽ കണ്ട സാമാന്യം വലിയ ഒരു ഹോട്ടലിലേക്ക് കയറി.ഒരു ചായ കുടിക്കണം,വല്ലതും കഴിക്കണം.
എന്നിട്ട് ബാക്കി കാര്യം.
ഹോട്ടലിൽ സാമാന്യം നല്ല തിരക്കുണ്ട്. അരികിലായി ആളൊഴിഞ്ഞ ഒരു വിൻഡോ സീറ്റ് പിടിച്ചു.
ഒരു സപ്ലയർ വന്നു,
“ഏനു ബേക്കു സർ”
“എന്താ..?”
ഒന്നും മനസിലായില്ല.ഞാൻ അയാളുടെ മുഖത്തേക്കു നോക്കി.
ഞാനും അയാളും ഒന്നിച്ചു ഞെട്ടി.
“എടാ,നീയോ?”
“എടാ,മത്തായി..”
“ഇതാണോടാ നിൻ്റെ ടാജ് റെസിഡൻസി”?
“നീ എന്തിനാടാ ഇങ്ങോട്ട് വന്നത്?അന്നു വെറുതെ ഞാൻ ഒന്നു ഷൈൻ ചെയ്യാൻ പറഞ്ഞതല്ലേ………………? നീ ഒരു മത്തായി തന്നെ “.
അപ്പോൾ കുഴപ്പം എൻ്റെത് ആണ്.
“ഫൈവ് സ്റ്റാർ…………മാനേജർ……………….ജോലി മേടിച്ചു തരും…….എന്തെല്ലാം ആയിരുന്നു …?”
“ഏതായാലും നീ ചായ കുടിക്ക് “,
അവൻ ഒരു ചായയും മസാലദോശയും കൊണ്ടുവന്നു എൻ്റെ മുമ്പിൽ വച്ചു.
“നീ എങ്ങിനെ ഈ ഹോട്ടൽ കണ്ടുപിടിച്ചു?”
ഞാൻ വെറുതെ ചിരിച്ചു.
“ഇനി എന്താ നിൻ്റെ പരിപാടി?”
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൻ്റെ ചോദ്യം.
“ഏതായാലും വന്നതല്ലെ?കുറച്ചുദിവസം നിൻ്റെ കൂടെ താമസിച്ചു ബാംഗ്ലൂർ ഒന്ന് കാണണം”.
അവൻ്റെ മുഖത്തെ ദൈന്യത ഞാൻ കണ്ടില്ലന്നു വച്ചു .
“മോനെ നിൻ്റെ വീട്ടിൽ അത്യാവശ്യം ചുറ്റുപാട് ഒക്കെ ഉള്ളതല്ലേ?വല്ല റവറും (റബ്ബർ )വെട്ടിയാണങ്കിലും നിനക്ക് ജീവിക്കാം.എൻ്റെ സ്ഥിതി അതല്ല. അതുകൊണ്ട് തിരിച്ചുപോകാൻ നോക്ക്”.
“അത് വെറുതെ,നീ എന്നെ തിരിച്ചു നാട്ടിലയാക്കാം എന്ന് വിചാരിക്കേണ്ട”.
“മോനെ ഞാൻ പറയുന്നത് ഒന്ന് കേൾക്കു,അല്ല ഞാൻ ഒന്നും പറയുന്നില്ല.എൻ്റെ താമസസ്ഥലം കാണുമ്പൊൾ നിനക്ക് എല്ലാം മനസിലാകും.”
“സുഖമായി നാട്ടിൽ കഴിഞ്ഞ എന്നെ നീ വിളിച്ചുവരുത്തി……………ഇതിൻ്റെ വല്ല ആവശ്യവും നിനക്കുണ്ടായിരുന്നോ?ഏതായാലും വന്നു. നനഞ്ഞിറങ്ങിയാൽ കുളിച്ചുകേറുന്നവനാ ഈ മത്തായി.”
“നീ ആദ്യം ഈ മത്തായി എന്ന് പേരുതന്നെ മാറ്റണം.”.
“എൻ്റെ പേര് മാറ്റണോ?”
“നിൻ്റെ സർട്ടിഫിക്കറ്റിൽ പേര് മാത്യു എന്നല്ലേ? ആ പേര് ഇവിടെ പറഞ്ഞാൽ മതി.മനസിലായൊടാ മത്തായി?.പേര് കേൾക്കുമ്പോൾ ഒരു വെയിറ്റ് ഒക്കെ വേണ്ടേ?”..
ഇന്നുമുതൽ നീ മാത്യു എന്ന് അറിയപ്പെടും എന്ന തിരുവെഴുത്തു അങ്ങിനെ പൂർത്തിയായി.
അവൻ പറഞ്ഞതിലും ദയനീയമായിരുന്നു അവൻ്റെ വാസസ്ഥലം.
ഒരു ഒറ്റമുറി. വെള്ളം ടോയിലറ്റ് മുതലായ കാര്യങ്ങൾ പറയാതിരിക്കുകയാണ് ഭേദം എൻ്റെ വരവോടുകൂടി അവൻ്റെ പ്രസരിപ്പ് നഷ്ട്ടപെട്ടോ എന്ന് എനിക്ക് സംശയമായി.
പതിവുപോലെ കാലത്തേ ഞാൻ എഴുന്നേറ്റു.നോക്കുമ്പോൾ വെള്ളമില്ല.പുറത്തേക്കുനോക്കുമ്പോൾ ഏതാനുംപേർ ബക്കറ്റുകളുമായി ക്യു നിൽക്കുന്നു.ഞാനും ഒരു ബക്കറ്റെടുത്തു പോയി ക്യുവിൽ നിന്നു.
മുൻപിൽ നിന്നിരുന്ന പെൺകുട്ടി എന്നെനോക്കി ചിരിച്ചു. ഞാനും ചിരിച്ചു.
അവൾ ചോദിച്ചു,”വാട് ഈസ് യൂവർ നെയിം?”
“എന്താ?”
“ഓ ഇംഗ്ലീഷ് അറിയില്ല,അല്ലെ?”
“ഉം.”
“എന്താ പേര് എന്ന്”?
“മാത്ത്……………മാത്യു.”
“ചേട്ടൻ എത്ര വരെ പഠിച്ചു ?”
“എട്ടിൽ പൊട്ടി.”
“കഷ്ടം,ഞാൻ എസ്.എസ്.എൽ.സിയാ .പ്രസാദ് ചേട്ടൻ്റെ വീട്ടിൽ വന്നതാ അല്ലെ.”
“ഉം “.
“ഇത് ഞങ്ങൾ സ്ത്രീകളുടെ ക്യു ആണ്.പുരുഷന്മാർ അപ്പുറത്തെ ലൈനിൽ നിൽക്കണം
“എന്തിൻ്റെ ക്യു?”
അവൾ ചിരിച്ചു.”ടോയ്‌ലെറ്റിൽ പോകാൻ”
അവിടെ നിന്നും ഞാൻ രക്ഷപെട്ടു
രണ്ടാം ദിവസം അവൻ പറഞ്ഞു,”മത്തായി നിനക്ക് ഞാൻ ഒരു താമസസ്ഥലം കണ്ടുപിടിച്ചു തരാം”.
ശിവാജിനഗർ ബസ് സ്റ്റാന്റിനടുത്തു മലയാളികൾനടത്തുന്ന ഒരു മെസ്സും ഒരു ലോഡ്‌ജിയും ഉണ്ട്.മലബാർ ലോഡ്ജ് .അവിടെ ഒന്ന് ശ്രമിച്ചുനോക്കാം.
എന്നേക്കാൾ കൂടുതൽ ആവശ്യം അവനായിരുന്നു,ഞാൻ ഒരു നല്ല നിലയിൽ എത്താൻ എന്ന് തോന്നുന്നു. അങ്ങിനെ ഞാൻ മലബാർ ലോഡ്ജിലേ അന്തേവാസിയായി..
ഞാൻ ലോഡ്ജിലേക്ക് മാറുമ്പോൾ അവൻ പറഞ്ഞു,” നീ ഇതെല്ലം നാട്ടിൽ ചെന്ന് പറഞ്ഞേക്കരുത്.എൻ്റെ വിവാഹം ഉറപ്പിച്ചുവച്ചിരിക്കുന്നതാണ്.”
“ആ പെണ്ണിൻറെ കഷ്ടകാലം.ചൊവ്വ ദോഷം കാണും ജാതകത്തിൽ “ഞാൻ പറഞ്ഞൂ.
“എന്താ?”
“ഇല്ല സത്യമായിട്ടും പറയില്ല.”
അവന് ആശ്വാസമായി.
പിന്നീട് ഓർത്തു ചിരിക്കാൻ നല്ലൊരു വിഷയമായി ആ സത്യം ചെയ്യൽ.
ഒരാളോട് “സത്യം ഞാൻ പറയില്ല”, എന്ന് സത്യം ചെയ്യുക.
മലബാർ ലോഡ്ജിലെ താമസത്തിനിടയിലാണ് ഞാൻ ഉണ്ണികൃഷ്ണനെയും ജോൺ സെബാസ്റ്റ്യനേയും പരിചയപ്പെടുന്നത്.
അത് ജീവിതത്തിൽ ഒരു വല്ലാത്ത വഴിത്തിരിവിൽ എന്നെ എത്തിച്ചു.
(തുടരും )
കാരൂർ സോമൻ
ഒരു വരി കൂടിയെഴുതാൻ എന്നുള്ളിൽ
നീരുറവയായി നീ നിറയുന്നു
നിന്നിലലിയാൻ ഞാനൊരു വെളിച്ചമാവുന്നു
ഇരുട്ടിൻ കിരാതമെഴുത്തിൽ
പുകയുന്ന ഹൃദയത്തിൻ ഏഴുതാളങ്ങളിൽ
നീ നിറയുന്നു , നീരുറവയായി
എൻെറ ഹൃദയതന്ത്രികളിൽ ഞാനൊരു
പഴമ്പാട്ടിനുറവ തിരയുമ്പോൾ
നിന്റെ ഹൃദയതന്ത്രികളിൽ ഞാനൊരു
പഴുതാരപ്പടം നിറയ്ക്കുന്നു
രാവെഴുന്നു, പൂനിലാവിൽ നീ നിറയുന്നു
ഞാനെഴുതുന്നു വരികളിൽ
നിന്റെ കദനവും ചെമ്പടപ്പുറപ്പാടിൻ
ചതുരവേഗങ്ങളും കലിയെഴും
കഥ പോലെ നിന്റെ നാവിൻചുവട്ടിൽ
ഞാൻ നിറയുന്നു , നിന്നരുവിയായി
ഒരിക്കലെൻ ചേതനകൾ മറുത്തെറിഞ്ഞില്ലേ
മലർപ്പൊടിയിൽ വേദനകൾ
പൂമുഖപ്പടിയിൽ ഭൂപടമെഴുതിയില്ലേ
നിറനിലാവിൽ കതിരൊളി മറച്ചതറിഞ്ഞില്ലേ
മലർക്കിനാവിൽ മറപിടിച്ചലറിയില്ലേ
നിന്റെ നിലാവുമെൻ കറുപ്പും
കറുപ്പിലഴകായിയെൻ കദനവും
നിൻ മൊഴിയിൽ ഞാനെന്റെ കഥയൊഴുക്കുന്നു
കവിതയിൽ നിനക്കൊരു വൃത്തമൊരുക്കുന്നു
പാട്ടെഴുത്തിൽ പുലരി പൂമ്പാറ്റയാവുന്നു
പലരെഴുത്തിൽ നീയൊരു പനയോലയാവുന്നു
നിന്റെ ചിത്രങ്ങളിലെന്റെ കവിതയിറക്കുന്നു
നിന്റെ ചേദനകളിലെന്റെ കരളിലിറക്കുന്നു
ഇനി -ഒരു ചോദ്യമിവിടെ അവശേഷിക്കുന്നു
ഇനി – ഒരു മറുചോദ്യമിവിടെ മറുനാദമാവുന്നു
അതെന്റെയും നിന്റെയും ഭൂപടത്തിൽ
പിറക്കാതെ പോയൊരു കുഞ്ഞുമാത്രം !!
വിലാസം:
കാരൂര്‍ സോമന്‍
ചാരുംമൂട് പി.ഒ, മാവേലിക്കര, 690 505
E-Mail: [email protected]
കന്നഡ ഭാഷയിലെ പ്രശസ്‌ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനുമായിരുന്ന, ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അന്തരിച്ച ഗിരീഷ് കർണാഡിന്റെ മുഖചിത്രവുമായി ജൂൺ ലക്കം ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകൃതമായി. യുക്മയുടെ പോഷക വിഭാഗമായ യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന “ജ്വാല” ലോക പ്രവാസി മലയാളി സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.
മുൻ ലക്കങ്ങൾ പോലെത്തന്നെ സൗമ്യവും ദീപ്തവുമായ ഒരു വിഷയം എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റെജി നന്തികാട്ട് പരാമർശിക്കുന്നു. പലതരത്തിലുള്ള മലിനീകരണങ്ങൾ നമ്മുടെ ജീവിതത്തെ ദുഃസ്സഹമാക്കികൊണ്ടിരിക്കുകയാണ്. അതിൽ ശബ്ദമലിനീകരണം എത്രമാത്രം ഉച്ചസ്ഥായിയിലാണെന്ന് റെജി കൃത്യമായി പറഞ്ഞു വക്കുന്നു. രാഷ്ട്രീയത്തിലും ആത്മീയതയിലും എല്ലാം ഒച്ചവെച്ചു മനുഷ്യനെ കീഴ്‌പ്പെടുത്തി നേതാക്കൾ ആകുന്ന പ്രവണതയെ ആശങ്കയോടെ കാണേണ്ടതാണ്.
ജീവിതാനുഭവങ്ങളുടെ നേർ ചിത്രങ്ങളും നിരവധി കഥകളും കവിതകളും അടങ്ങുന്ന ഈ ലക്കത്തിൽ ജ്വാല ഇ-മാഗസിന്റെ ചരിത്രത്തിൽ ഇദംപ്രദമമായി കാർട്ടൂൺ പംക്തിയും ആരംഭിക്കുകയാണ്. എഡിറ്റോറിയൽ അംഗം സി ജെ റോയി വരക്കുന്ന “വിദേശവിചാരം” എന്ന കാർട്ടൂൺ പംക്തി ജ്വാല ഇ-മാഗസിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നു. മലയാളത്തിലെ കാർട്ടൂൺ രചനകളുടെ നൂറു വർഷം ആഘോഷിക്കുന്ന വേളയിൽത്തന്നെ ഈ പംക്തി തുടങ്ങുന്നത് കൂടുതൽ ഉചിതമാകുന്നു.
തമിഴിലും മലയാളത്തിലും കൃതികൾ രചിക്കുകയും നിരവധി കൃതികൾ തർജ്ജമ ചെയ്യുകയും ചെയ്തിരുന്ന സാഹിത്യകാരനായിരുന്നു ഈയിടെ അന്തരിച്ച തോപ്പിൽ മുഹമ്മദ് ബീരാൻ. തമിഴ് മലയാളം മൊഴികൾക്കിടെയിലെ പാലമായി നിന്ന തോപ്പിൽ മുഹമ്മദ് ബീരാനെ സ്മരിക്കുന്നു കെ എൻ ഷാജി.
മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടനാണ് അലൻസിയർ. നിരവധി വിവാദപരമായ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേരളം സമൂഹം ശ്രദ്ധയോടെ കേൾക്കുന്നു. അലൻസിയർ തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യകാലത്തെ കുറിച്ചു് രസകരമായി എഴുതിയിരിക്കുന്നു ‘വായനശാല നാടകക്കളരിയാകുന്നു’ എന്ന ലേഖനത്തിൽ.
യുകെയിലെ എഴുത്തുകാരിൽ വളരെ സുപരിചിതയായ ബീനാ റോയ് രചിച്ച ‘സദിർ’ , രാജേഷ് വർമ്മയുടെ ‘പഞ്ഞിമരം ‘ എന്നീ കവിതകൾ വളരെ മനോഹരമായ രചനകളാണ്. കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ ജ്വാല എഡിറ്റോറിയൽ ബോർഡ് അംഗം സി ജെ റോയിയുടെ ‘അപ്പോൾ, എന്ന കഥ ഉന്നത നിലവാരം പുലർത്തുന്നു. സോഷ്യൽ മീഡിയകളിൽ വളരെ സുപരിചിതരായ അനുരാജ് പ്രസാദിന്റെ ‘കണ്ണാടിമാളിക’ സാമുവേൽ ജോർജ്ജിന്റെ ‘ പിക്നിക് ഹട്ട് ‘ എന്നീ കഥകൾ കഥാവിഭാഗത്തെ മനോഹരമാക്കുന്നു.
മലയാള സിനിമാചരിത്രത്തിൽ പ്രഥമഗണനീയമായ ചിത്രമാണ് ‘പെരുന്തച്ചൻ’. ആ ഒറ്റ ചിത്രം മാത്രം സംവിധാനം ചെയ്ത ആളായിരുന്നു ഈയിടെ അന്തരിച്ച അജയൻ. ‘മാണിക്യക്കല്ലിൽ തുടങ്ങി മാണിക്യക്കല്ലിൽ ഒടുങ്ങിയ ചലച്ചിത്ര ജീവിതം’ എന്ന ലേഖനത്തിലൂടെ സി ടി തങ്കച്ചൻ ശ്രീ അജയനെയും മലയാള ചലച്ചിത്ര ലോകത്തെ നെറുകേടുകളെക്കുറിച്ചും ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. അരുൺ വി സജീവ് എഴുതിയ ‘സിന്ധൂ നദീതട സംസ്കാരം’ എന്ന നർമ്മ കഥയും കൂടിയാകുമ്പോൾ ജൂൺ ലക്കം പൂർണമാകുന്നു.
ജ്വാല ഇ-മാഗസിന്റെ ജൂൺ 2019 ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക
ആദില ഹുസൈൻ | മലയാളം കവിത
ഇവിടെയിരുന്നു കൊണ്ട് ഞാൻ വിലപിക്കും
സിറിയ നിന്റെ നൊമ്പരങ്ങൾ എന്നെ
കാർന്നു തിന്നുന്നുവെന്ന്
നിന്റെ മുറിവുകൾ എന്നിൽ നീറ്റലുണ്ടാക്കുന്നുവെന്ന്
നീ എന്റെ വിശപ്പ് കെടുത്തുന്നുവെന്ന്
നിന്റെ ആകാശം ചുവക്കുമ്പോൾ
പക്ഷികൾ ഭയന്ന് നാടുവിടുമ്പോൾ
അനാഥരാക്കപ്പെട്ട കുട്ടികൾ ചേറുണ്ട് വിശപ്പാറ്റുമ്പോൾ
പൊള്ളിയടർന്ന ശരീരങ്ങൾ മോർച്ചറിയിൽ
ആരും സ്വീകരിക്കാനില്ലാതെ കാത്തുകിടക്കുമ്പോൾ
ഞാനിവിടെ മോര് കൂട്ടി വയറുനിറയെ ഉണ്ണും
ചൂടിനെ കുറ്റം പറഞ്ഞ് ഏസി ഓണാക്കി
വെളുവെളുത്ത പതുപതുത്ത കിടക്കയിൽ സുഖമായുറങ്ങും
പെട്ടെന്ന് ഞാനൊരു സ്വപ്നം കാണും
പറക്കുന്ന കഴുകന്മാർ ക്കിടയിലൂടെ
നീലക്കണ്ണുള്ള ഒരു കൊച്ചുസുന്ദരി
അമ്മയെ തിരയുന്നു
ഞെട്ടിയുണർന്ന ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കും
വീണ്ടും കിടന്നുറങ്ങും
എന്നിട്ട് ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടും
‘സിറിയ’ എനിക്ക് ദുഃഖമുണ്ട്
ആദില ഹുസൈൻ , 1996 നവംബർ 28ന് കായംകുളത്ത് ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ
സെന്റ് മേരീസ് ബഥനി പബ്ലിക് സ്കൂൾ, പി. കെ. കുഞ്ഞ് സാഹിബ് മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹോദരി : ആൽഫിയാ ഹുസൈൻ
വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന നാലാമത് കൃതി ജോർജ്ജ് അറങ്ങാശ്ശേരിയുടെ കവിതാ സമാഹാരം ‘നിറഭേദങ്ങളില്ലാത്ത മരണം’ ജൂൺ 28 ന് പ്രകാശനം ചെയ്യുന്നു. ജീവിതത്തിന്റെ ദുഃഖാത്മകതയെ നെഞ്ചോട് ചേർത്ത് പിടിച്ച് ജീവിതത്തിൽ ഊറി വരുന്ന ഭാവങ്ങളുടെ ചിത്രങ്ങളാണ് ജോർജ്ജ് അറങ്ങാശ്ശേരിയുടെ ഓരോ കവിതയും. വിഷാദത്തിന്റെ ഒരു നനുത്ത ആവരണം പൊതിയുന്ന 11 കവിതകൾ അടങ്ങിയ ‘നിറഭേദങ്ങളില്ലാത്ത മരണം ‘ വായനക്കാരന് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുന്നു. റാം മോഹൻ പാലിയത്ത് എഴുതിയ
അവതാരികയും എം. തോമസ് മാത്യു എഴുതിയ ആസ്വാദന കുറിപ്പും പുസ്തകത്തിന്റെ ഉള്ളടക്കത്തെ മികവുറ്റതാക്കുന്നു.
യുകെയിലെ സാഹിത്യ ലോകത്ത് സുപരിചിതനായ ചാലക്കുടി സ്വദേശിയായ ജോർജ്ജ് അറങ്ങാശ്ശേരി സ്കോട്ട്ലാൻഡിൽ അബർഡീനിൽ താമസിക്കുന്നു. മലയാള സാഹിത്യത്തിൽ ബിരുദധാരിയായ ജോർജ്ജ് ‘മുറിവ് ‘ എന്ന പേരിലുള്ള ഇൻലൻഡ് മാസികയുടെ
എഡിറ്ററായിരുന്നു. ചാലക്കുടിയിലെ ദൃശ്യവേദി എന്ന സംഘടനയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചു. മലയാളത്തിലെ ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും എഴുതാറുള്ള ജോർജ്ജ് അറങ്ങാശ്ശേരിയുടെ പ്രഥമ കൃതിയായ ‘ വൃത്തിയാവാത്ത മുറി ‘ എന്ന കഥാ സമാഹാരത്തിന് മലയാളി അസോയ്‌സിയേഷൻ ഓഫ് മെരിലാൻഡ് (അമേരിക്ക )നടത്തിയ സാഹിത്യമത്സരത്തിൽ പ്രഥമ സ്ഥാനം ലഭിച്ചിട്ടുണ്ട്. യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല ഇ മാഗസിന്റെ ‘ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.
പ്രവാസി എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷൻ പ്രമുഖ മലയാള സാഹിത്യകാരന്മാരുടെയും കൃതികൾ പ്രസിദ്ധീകരിക്കുവാൻ
തയ്യാറെടുക്കുകയാണെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രധാന സംഘാടകൻ റജി നന്തികാട്ട് അറിയിച്ചു.
അനുജ.കെ
പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം…. സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു… എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. ‘ഇതെന്താ കാപ്പിപ്പൂവാണോ..’ ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു.
മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ… അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്.
മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും.
ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!
അനുജ.കെ
ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കാരൂര്‍ സോമന്‍
കേരള എക്സ്പ്രസ്സ് ട്രെയിന് പറവകളുടെ ചിറകടി ശബ്ദമുയര്ത്തി കായംകുളത്തു നിന്നും ന്യൂ ഡല്ഹിയിലേക്ക് തിരിച്ചു. സുന്ദരദേശം പിന്നിലാക്കി ട്രെയിനും മിന്നല്ക്കൊടിപോലെ പാഞ്ഞു. ലണ്ടനില് നിന്നെത്തിയ ഡാനി എന്ന വിളിപ്പേരുള്ള ഡാനിയേല്‍ സുകൃത്തു രാജന്പിള്ളയുടെ അടുത്തേക്ക് ഡല്ഹിക്ക് പോകുന്നു. മധ്യഭാഗത്തുള്ള സീറ്റില് നിഴല്വിളക്കുപോലെ പ്രകാശം പരത്തുന്ന മുന്ന് സുന്ദരികുട്ടികള് വന്നിരിന്നു. യൗവനം പുളകമണിഞ്ഞു നില്ക്കുന്ന ശരീര സൗന്ദര്യമുള്ളവര്. ഡല്ഹിയില് ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആകാം. അവരുടെ മുന്നിലിരിക്കുന്നത് ഒരു കുടുംബത്തിലുള്ളവരാണ്. ഡാനിയുടെ മൊബൈല്‍ ശബ്ദിച്ചു. രാജന്റ് ശബ്ദം ഡാനിയുടെ കാതുകളില്‍ മുഴങ്ങി. അവരുടെ സംസാരത്തില് നിറഞ്ഞുനിന്നത് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യരെ മതമെന്ന മലിനജലത്തില് മുങ്ങികുളിപ്പിക്കുന്ന തെരഞ്ഞെടുപ്പാണ്. രാജനും ഡാനിയും ലണ്ടനില് പോകുന്നതിന് മുന്പ് രാഷ്ട്രപതി ഭവനിലെ പ്രത്യേക പോലീസ് വകുപ്പില് ജോലി ചെയ്തവരും, കസ്തുര്ബാഗാന്ധി മാര്ഗ്ഗ് കെട്ടിടത്തില് ഒന്നിച്ചു താമസിച്ചവരുമാണ്. അവരുടെ ഭാര്യമാരും ആള്‍ ഇന്ത്യ മെഡിക്കല് ഇന്സ്ടിട്യൂട്ടില് ഒന്നിച്ചാണ് ജോലി ചെയ്തത്. രാജന് ആ ജോലി ഇന്നും തുടരുന്നു. ഡാനിയും കുടുംബവും കേരളത്തില്‍ വരുന്നതിനേക്കാള് കൂടുതല്‍ യാത്ര ചെയുന്നത് ഡല്ഹിയിലെ ആത്മ സുകൃത്തിന്റ വീട്ടിലേക്കാണ്. അവരും കുട്ടികളുടെ അവധി ദിനങ്ങളില് ലണ്ടനിലേക്കും പോകാറുണ്ട്. രണ്ടുപേരും വിവാഹം കഴിച്ചിരിക്കുന്നത് നഴ്സന്മാരെയാണ്. രാജന് രണ്ടും ഡാനിക് മൂന്ന് കുട്ടികളുമുണ്ട്. രാജന് വിവാഹം കഴിച്ചത് ആന്സി എന്ന ക്രിസ്തിയാനിയെയാണ്. ഡാനിയുടെ സുകൃത്തു രാജനുവേണ്ടി ആന്സിയെ വിവാഹമാലോചിച്ചത് ഓമനയാണ്. ജാതിപോരുത്തത്തെക്കാള് മനസ്സിന്റ പൊരുത്തം നോക്കിയവര്. മനുഷ്യനേക്കാള് വലിയ മതം വേണ്ടെന്ന് തിരുമാനമെടുത്തവര്. ആന്സി ഗര്ഭിണി ആയിരുന്നതിനാല് ഓമനക്കൊപ്പം ലണ്ടനിലേക്കു പോകാന്‍ സാധിച്ചില്ല. അവരുടെ മക്കള് തമ്മിലുള്ള വിവാഹം ഭാവിയില് നടക്കുമെന്നവര് പ്രത്യാശ പുലര്ത്തുന്നു. രണ്ട് ദിവസം ഡല്ഹിയില് താമസിച്ചിട്ട് ഡാനി ലണ്ടനിലേക്ക് മടങ്ങും.
ഡാനി മേഘങ്ങള്ക്കിടയിലൂടെയുള്ള വിമാന യാത്ര ഒഴിവാക്കിയത് ട്രെയിന് യാത്ര ആസ്വദിക്കാന് തന്നെയാണ്. എത്രയോ വര്ഷങ്ങള് ഈ ട്രെയിനില് കേരളത്തിലേക്ക് യാത്ര ചെയ്തതാണ്. ഡാനിയുടെ മുഖത്തു പ്രകാശബിന്ദുക്കള് ഗ്ലാസ്സിലൂടെ കടന്നുവന്നു പ്രസരിച്ചു. അടുത്തുള്ള റോഡിലൂടെ ചുട്ടുപൊള്ളുന്ന ചൂടില് നാടിളക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടക്കുന്നു. ഏതോ ഒരു മഹോല്സവത്തിന്റ പ്രതീതി. എണ്ണിയാല് തീരാത്തവിധം തെല്ലുപോലും യാത്രക്കാര്ക്ക് വഴികൊടുക്കാതെ മോട്ടോര് സൈക്കിളുകള് മുന്നില്‍ പോകുന്ന സ്ഥാനാര്ത്ഥിയുടെ വാഹനത്തിന് പിറകെയുണ്ട്. ഓരോ വാഹനങ്ങളും അലങ്കാരാചാര്ത്തുകളാല് മനോഹരമാണ്. ഏറ്റവും മുന്നിലെ വാഹനത്തില് പോകുന്ന മത്സരാര്ത്ഥി നിറപുഞ്ചിരിയുമായി വഴിയരികില് നില്‍ക്കുന്നവരെ കൈവീശുന്നു. ചിലര്‍ വന്ന് ഹസ്തദാനം നടത്തുന്നു, ഹാരമണിയിക്കുന്നു. പൂച്ചെണ്ടുകള് നല്കുന്നു. യാത്രക്കാരെ വഹിച്ചുകൊണ്ടുപോകുന്ന ബസ്സുകള് മുന്നോട്ടു പോകാന്‍ നിവര്ത്തിയില്ലാതെ ഭാരപ്പെടുന്നു. വാഹനത്തില് പ്രസംഗിക്കുന്ന നേതാവിന്റ വാക്കുകള്‍ വായുവിലൂടെ ഡാനിയുടെ കാതുകളിലേക്ക് ഒഴുകിയെത്തി. അയാളുടെ നാവില്നിന്നുയരുന്ന ഓരൊ വാക്കുകളും രാജ്യം അനുഭവിക്കുന്ന ദുഃഖദുരിതങ്ങളല്ല, ദരിദ്രകോടികളെ സൃഷ്ടിച്ചവരെപറ്റിയല്ല, മനുഷ്യര്‍ അനുഭവിക്കുന്ന അടിസ്ഥാന വിഷയങ്ങളല്ല, വികസന വിഷയങ്ങളല്ല അതിലുപരി ദൈവങ്ങള് അനുഭവിക്കുന്ന വേദനകളാണ്. ഒരമ്മയുടെ മക്കളെപ്പോലെ കഴിഞ്ഞ സ്ഥലത്തു മത-വര്ഗീയത ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്ന പ്രസംഗം. മറ്റൊരു ട്രെയിന് കടന്നു പോകാനായി കുറെ സമയം കാത്തുകിടക്കുമ്പോഴാണ് പ്രസംഗം ശ്രദ്ധിച്ചത്. ആ വാക്കുകള്‍ മനുഷ്യശരീരത്തിലെ ഓരോ അണുവിനെപോലെ അക്ഷരങ്ങള് കൂട്ടക്ഷരങ്ങളായി തലച്ചോറിലേക്ക് പ്രവഹിച്ചു. മനുഷ്യന്റ തലച്ചോറിലേക്ക് തുരന്നു ചെല്ലുന്ന വാക്കുകള്‍ അവര്ക്ക് ശവക്കുഴി തുരക്കുന്നതായി തോന്നി. നേതാവിന്റ വീര്യമുണര്ത്തുന്ന എതിര് സ്ഥാനാര്ത്ഥിയെ കളിയാക്കുന്ന, പരിഹസിക്കുന്ന വാക്കുകള്‍ കേട്ട് കോമാളികള് കൈയ്യടിക്കുന്നു. തുടര്ന്നുള്ള വാക്കുകള്‍ തുരന്നു വന്നത് ഇരുള് നിറഞ്ഞ തുരങ്കത്തിലേക്കാണ്. ട്രെയിനും അതിരുകള് താണ്ടി യാത്ര തുടര്ന്നു. ചെറുപ്പത്തില് തെരഞ്ഞെടുപ്പുകള് ആനന്ദകരമായ ഒരനുഭവമായിരുന്നു. സ്നേഹത്തിന്റ ഊഷ്മളത നിറഞ്ഞ തെരഞ്ഞെടുപ്പുകള്. ഇതിന് മുന്പൊന്നും ഇത്രമാത്രം മത വൈര്യമുണര്ത്തുന്ന പ്രസംഗം കേട്ടിട്ടില്ല.
മനുഷ്യ മനസ്സില്‍ കനലുകള് വാരിയെറിയുന്ന മത സ്പര്ദ്ധ വളര്ത്തുന്ന കൊടുംങ്കാറ്റ് മനസ്സിനെ ആശങ്കപ്പെടുത്തി. ഡാനിയുടെ മനസ്സ് ഏകാന്തതക്ക് വഴി മാറി. പച്ചപ്പില് മുങ്ങിക്കുളിച്ചു നില്ക്കുന്ന കേരളത്തെ മതവര്ഗീയ മരുഭൂമിയാക്കാനുള്ള പ്രസംഗം. ആ വാക്കുകള്‍ പലരുടേയും ഹൃദയം കീഴടക്കുന്നു. കേരളം മതസഹിഷ്ണതയ്ക്കു ഒന്നാം സ്ഥാനത്തു തിളങ്ങി നില്ക്കുപ്പോഴാണ് വടക്കേ ഇന്ത്യയിലെ മതദേവന് കുതിച്ചൊഴുകി കേരളത്തിലെത്തുന്നത്. മതദേവന് തിളച്ചുമറിയുന്ന ചുടുവെള്ളത്തില് ജാതിക്കിഴി തിളപ്പിച്ചെടുത്തു് അതിലെ പ്രസാദം ഭക്തര്ക്കായി വാരി വിതറുന്നു. കാര്യസിദ്ധിക്കുവേണ്ടി വഴിപാടാര്പ്പിച്ച മതദേവന് മതഭക്തരോട് പറഞ്ഞു. ‘മതദേവന് നിങ്ങളെ പട്ടിണിക്കിടില്ല. അന്നമൊരുക്കാന് ഞങ്ങള്‍ എത്തിയിരിക്കുന്നു. നിങ്ങള് എന്റെ കൈയ്യില് സുരക്ഷിതരാണ്. അന്നദാനം കഴിച്ചിട്ടേ പോകാവൂ’. മതദേവന് കൊണ്ടുവന്ന കള്ളപ്പണത്തിലായിരിന്നു എല്ലാവരുടേയും കണ്ണുകള്‍. ശരീരം ശുദ്ധി ചെയ്ത് മുങ്ങിക്കുളിച്ചു വന്നവര് അനുസരണയുള്ള കുട്ടികളെപ്പോലെ വരിവരിയായി വാഴയിലക്ക് മുന്നിലിരുന്നു. മതദേവന്റെ മഹത്വവും വിനയവും ഓര്ത്തുകൊണ്ടവര് വിഭവസമര്ത്ഥമായ ഭക്ഷണം കഴിച്ചു് എഴുന്നേറ്റു. ഓരോരോ തലമുറകളിലേക്ക് വളര്ന്നു പന്തലിച്ച മതത്തെ താലോലിച്ചു വളര്ത്തുന്നവര് ഒരു ഭാഗത്തും അതിനെ തച്ചുടക്കാന് വികസനവാദികള് എന്ന പേരില് ഒരു കൂട്ടര്‍ മറുഭാഗത്തും നിന്ന് പോരടിക്കുന്നു.
മതഭ്രാന്ത് കേരളത്തില്‍ കാണുമ്പൊള് മലയാളികള്‍ക്ക് അമ്പരപ്പാണ് തോന്നുന്നത്. മഹാശിലായുഗം മുതല് കേരളത്തില്‍ ജനവാസമുണ്ട്. കേരളത്തിലെ മനുഷ്യരുടെ വേരുകള് ചെന്ന് നില്കുന്നത് ആദിവാസികളിലാണ്. ഇന്നും പലര്ക്കുമറിയില്ല നമ്മള്‍ ഏത് ആദിവാസി ഗോത്രത്തില് നിന്നുള്ളവരെന്ന്. ഇന്ത്യക്ക് പുറത്തുനിന്ന് ആര്യന്മാരെത്തി. അന്ന് ജാതിമതമില്ല. കാലം മാറി പ്രഭാതത്തിന് പുലരിയെന്നു പേരുകൊടുത്തു. ആദിവാസി ആര്യന്മാര് ഹിന്ദുവായി, ഹിന്ദുവില് നിന്നും ക്രിസ്തിയാനി, മുസ്ലിങ്ങള് ജന്മമെടുത്തു. ഒരമ്മയുടെ മക്കള് ജാതി പറഞ്ഞ്, കൊടിയുടെ നിറം പറഞ്ഞ് തമ്മില് തല്ലുന്നത് കുറെ നാളുകളായി കാണുന്നു. കേരള ചരിത്രത്തില് ഫ്യൂഡല്-ബൂര്ഷ്വ-പൗരോഹിത്യ ശക്തികളെ തുരത്തിയോടിച്ച നാട്ടില്‍ ജാതി-മത ഉല്പാദനത്തിന് വളക്കൂറുള്ള മണ്ണായി മാറുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം നിലനില്ക്കുന്ന നാടിനെ നാറ്റിക്കാന് വികൃതജനാധിപത്യവാദികളായ രാഷ്ട്രീയക്കാര് വോട്ടുപെട്ടി നിറക്കാന്വേണ്ടി വികസിപ്പിച്ചെടുത്ത തന്ത്രമാണ് മതമെന്ന മന്ത്രം. അതിന്റ വായ് തുറന്നുവിട്ടാല് മത വികാരം ആളിക്കത്തിക്കും. ജനാധിപത്യമെന്ന പേരില് മത-പണാധിപത്യം കാഴ്ചവെക്കുന്ന തെരഞ്ഞെടുപ്പുകള്. എല്ലാം മതത്തിലും വര്ഗീയ-മത മൗലികവാദികളെ കാണാനുണ്ട്. പ്രച്ഛന്നവേഷധാരികളായ ഈ സാമുഹ്യ ശത്രുക്കളെ നേരിടാന് ഗുരുദേവന് ഏതാനം വാക്കുകള്‍ മതിയായിരുന്നു. അദ്ദേഹം ട്രെയിന് യാത്ര ചെയ്യുമ്പോള് ഒരു വര്ഗീയ വാദി ചോദിച്ചു. ‘ഏതാ ജാതി’ ആ ചോദ്യം ഗുരുദേവന് ഇഷ്ടപ്പെട്ടില്ല. ‘കണ്ടാല്‍ അറിയില്ലേ’ വര്ഗീയവാദി വീണ്ടും ചൊറിയാന് തുടങ്ങി. ‘മനസ്സിലായില്ല’. ഗുരുദേവന് പറഞ്ഞു. ‘കണ്ടാല്‍ മനസ്സിലാകില്ലെങ്കില് കേട്ടാല് എങ്ങനെ അറിയാനാണ്’. ഇന്നായിരുന്നെങ്കില് അദ്ദേഹം കരണത്ത് ഒന്ന് കൊടുത്തിട്ട് ചോദിക്കുമായിരുന്നു ‘ഇപ്പം മനസ്സിലായോ ‘. ഇന്ന് ഇതുപോലുള്ള വര്ഗീയ വിചിത്ര ജീവികള് ഇറങ്ങിയത് മനുഷ്യനെ കൊള്ളചെയ്യാന് മാത്രമാണ്. ഇവര്‍ മതത്തിന്റ മതില് കെട്ടുംതോറും ജനാധിപത്യത്തെ വിഴുങ്ങുക മാത്രമല്ല ജനത്തെ അരക്ഷിതാവസ്ഥയിലേക്ക് നടത്തുക കുടി ചെയ്യുന്നു. മതത്തിന് ഭ്രാന്ത് പിടിച്ചാല് മനുഷ്യര്‍ കണ്ണില് ചോരയില്ലാത്ത വന്യ ജീവികളായി മാറും. മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് മതമെന്ന പാല്പ്പായസം ഇവര്‍ വിളമ്പുന്നത് ദൈവത്തിന്റ, പാവങ്ങളുടെ വിശപ്പടക്കാനല്ല മറിച്ചു് സ്വന്തം പള്ള വീര്പ്പിക്കാനാണ്. അധികാരം കിട്ടിയാല് എന്തുമാകാമെന്ന ചിന്ത മനുഷ്യരെ കൊള്ള ചെയ്യാന് പ്രേരിപ്പിക്കുന്നു. ജനാധിപത്യത്തിന്റ തണലില് ലഭിച്ച തൊഴില്‍. സൂര്യപ്രഭ ഇലകള്ക്കിടയിലെ നിഴലുകളായി. സന്ധ്യയും ഇരുളും മാറി മറിഞ്ഞു.
മനസ്സില്‍ ജനാധിപത്യം പടുത്തുയര്ത്തിയ കെട്ടിടത്തിന്റ കല്ലുകള് ഓരോന്നായി ഇളകി വീണുകൊണ്ടിരിക്കെ മനസ്സിന്റ ഏകാന്തതയെ തകര്ത്തത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് എന്താണ് ദൈവങ്ങളുടെ പേരില് ക്രൂരമായി, രക്തമായി, മാംസക്കഷണങ്ങളായി, മഹോല്സവമായി മാറുന്നത് ബ്രിട്ടനിലെ തെരഞ്ഞെടുപ്പില് ഇതൊന്നും കാണാറില്ല. വോട്ടു ചെയ്യുന്നവര് തെരെഞ്ഞെടുപ്പില് മത്സരിക്കുന്നവരെ മുക്കിലും മുലയിലും വീട്ടിലും നേരില് പോലും കാണുന്നില്ല. വളരെ അപൂര്വ്വമായി മാത്രമെ കാണാറുള്ളു. അവരുടെ കര്മ്മഫലം വിവേകമുള്ള ജനങ്ങളാണ് തീരുമാനിക്കുന്നത്. തെരഞ്ഞടുപ്പില് പണമദ്യകഞ്ചാവ് കൃഷിക്കാരുടെ ആജ്ഞകള് അനുസരിക്കുന്നവരോ, ദൈവമതങ്ങളുടെ സ്തുതിപാഠകരോ അല്ല. ദുര്ഗന്ധം വമിക്കുന്ന പ്രസംഗം കേള്ക്കാറില്ല. മുക്കിലും മുലയിലും പ്രസംഗിക്കാനും അന്തരീഷ മലിനീകരണം നടത്താനും അനുവാദമില്ല. കൊടിയുടെ നിറത്തേക്കാള്, ദേവന്മാരെക്കാള് മനുഷന് നന്മ ചെയ്യുന്ന ജനപ്രതിനിധികളെ അവര്‍ ആദരിക്കുന്നു. വിജയിപ്പിക്കുന്നു. മാധ്യമങ്ങള് വഴിയാണ് കുടുതലും ഈ കൂട്ടരെപ്പറ്റി ജനമറിയുന്നത്. പോസ്റ്റ് വഴി വീട്ടിലെത്തുന്ന മത്സരാര്ത്ഥികളുടെ പേരും പാര്ട്ടിയും നോക്കി വോട്ടു പേപ്പറില് വോട്ടു രേഖപ്പെടുത്തി പോസ്റ്റ് ചെയ്യുക മാത്രമാണ് ഡാനി ഇന്നുവരെ ചെയ്തിട്ടുള്ളത്. രണ്ട് തെരെഞ്ഞടുപ്പുകളും ആനയും ആടുംപോലുള്ള വിത്യാസം. വിശപ്പില് നിന്നും വിശപ്പിലേക്ക് പോകുന്നവരുടെ തെരഞ്ഞെടുപ്പുകള്.
ട്രെയിനിലെ ജനാല കമ്പികളിലൂടെ മാഞ്ഞുപോകുന്ന കാഴ്ചകള്‍ കണ്ടിരുന്നു. വയല്പറമ്പുകളില് ആടുമാടുകള് പച്ചിലകള് ഭക്ഷിച്ചു വിശപ്പടക്കുന്നതും വിയര്പ്പൊഴുക്കുന്ന കര്ഷകരെയും കണ്ടു. ട്രെയിന് വീണ്ടും മറ്റൊരു ട്രെയിന് പോകാനായി കാത്തു കിടന്നു. അതിനടുത്തൊരു ചെറിയ തടാകത്തില് ധാരാളം പോത്തും എരുമയും മുങ്ങി കുളിക്കുന്നു. അവിടേക്ക് ഏതാനം കുഞ്ഞാടുകള് വന്ന് ദാഹമടക്കാന് ദയനീയമായി നോക്കി നിന്നു. തെരഞ്ഞെടുപ്പ് വിരുന്നുശാലയിലേക് വിശപ്പടക്കാന് വരുന്ന കുഞ്ഞാടുകളെ ഡാനി ദയനീയമായി ഓര്ത്തിരുന്നു.
ഇരുട്ടില് അപരിചിതരായ ഒരാണിനെയും പെണ്ണിനെയും ഒന്നിച്ചുകണ്ടാല് പിന്നെ, കാണുന്ന മലയാളിക്ക് ആകെ ഒരു അസ്വസ്ഥതയാണ്. എന്തൊക്കെയോ സംഭവിക്കാന് പോകുന്നു എന്നൊരു ആധി. അടഞ്ഞവാതിലും ഉടഞ്ഞചെടിച്ചട്ടിയും കാണിച്ച് കഥയുടെ ബാക്കി പ്രേഷകനു പൂരിപ്പിക്കാന് വിട്ടുകൊടുത്ത പല കലകളില് നിന്നായി ഈ ആകാംഷ വളര്ന്നു വന്നു. ഇരുട്ടില് ഒരുമുറിയില് ആണും പെണ്ണും ഒറ്റയ്ക്കായാല് അല്ലെങ്കില്‍ രാത്രിയില് ഒരു പെണ്ണ് ഒറ്റയ്ക്കു പുറത്തിറങ്ങി നടന്നാല് എന്തോ സംഭവിക്കുമെന്നു ഭയന്നിരുന്ന ഒരു സമൂഹത്തിലേയ്ക്കാണ് ഇരുട്ടിലടയുന്ന ആ വാതിലുകളുടെ അകവശം തുറന്നുകാട്ടികൊണ്ട് നളിനി ജമീല എന്ന എഴുത്തുകാരി കടന്നു വരുന്നത്.
ആകാംഷകളിലും സങ്കല്പങ്ങളിലും ഭാവനകളിലുമായി പൊലിപ്പിച്ചു കൂട്ടിവെച്ചിരുന്ന ലൈംഗികതയുടെ പച്ചയായ യാഥാര്ഥ്യമെന്തെന്നു വിളിച്ചു പറയുന്ന എഴുത്തുകളുമായി. ലൈംഗിക തൊഴിലാളികളോടുള്ള സമൂഹത്തിന്റെ സമീപനത്തില് വരെ വന്മാറ്റങ്ങള് സൃഷ്ടിച്ച ‘ഞാന്‍ ലൈംഗിക തൊഴിലാളി’ എന്ന ആത്മകഥയ്ക്കു ശേഷം നളിനി ജമീല എഴുതിയ പുസ്തകമാണ് ‘എന്റെ ആണുങ്ങള്’. ലൈംഗികതൊഴിലാളി എന്നാല്‍ സുഹൃത്തുക്കളോ ഉറ്റവരോ ഇല്ലാത്ത, ഇരുട്ടില് തെരുവില് പ്രത്യക്ഷപ്പെട്ട് എങ്ങോട്ടോ അപ്രത്യക്ഷരാവുന്ന ഒറ്റപ്പെട്ട നികൃഷ്ട ജീവികളാണെന്ന പൊതുധാരണ പൊളിച്ചെഴുതലാണ് ഈ പുസ്തകത്തിനു പിന്നിലെ രാഷ്ട്രീയ പ്രേരണ എന്ന് പുസ്തകത്തിന്റെ ആമുഖ കുറിപ്പില് പറയുന്നുണ്ട്. കേവലം നിഷ്ക്രീയരായ ഇരകള് എന്ന മുന്വിധിയെ മുറിച്ചു കടന്ന് മുഖ്യധാര ഒതുക്കിയ തന്റെ സമുദായത്തിന്റെ സ്വയം മര്യാദയ്ക്കു വേണ്ടി നളിനി ശബ്ദമുയര്ത്തുന്നു. ലൈംഗിക തൊഴിലാളികള് എന്ന ദയനീയരായ ഇരകളും അവരെ സമീപിക്കുന്ന ക്രൂരരും ശക്തരുമായ ആക്രാന്തകാരും എന്ന പൊതുധാരണകളെ പൊളിച്ചെഴുതുന്നുണ്ട് ഈ പുസ്തകം.
എല്ലാവര്ക്കും വഴങ്ങേണ്ടി വരുന്ന, ജീവിതത്തില് എല്ലാം നഷ്ടപ്പെട്ട ഒരു വിഭാഗമാണ് ലൈംഗിക തൊഴിലാളികള് എന്ന ധാരണയും ഇവിടെ തിരുത്തി കുറിക്കപ്പെടുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള, കരയുകയും ചിരിക്കുകയും ചെയ്യുന്ന, പ്രണയവും പ്രണയനഷ്ടങ്ങളും, മോഹവും മോഹഭംഗവുമുള്ള എല്ലാമനുഷ്യരെയും പോലെ സര്വസാധാരണരായ മനുഷ്യരാണ് നളിനി വായനക്കാര്ക്ക് പരിചയപ്പെടുത്തുന്ന ലൈംഗിക തൊഴിലാളികള്. അഭിമാനത്തോടെ തനിക്ക് സാധ്യമായ തൊഴില്‍ ചെയ്തു ജീവിക്കുന്ന, തന്റെ തൊഴിലിനാവശ്യമായ നൈപുണ്യം ആര്ജിച്ചെടുക്കാന് ശ്രമിക്കുന്ന നളിനിയെയും പുസ്തകത്തില് കാണാം. ആണിനെ കുറിച്ച് ഇത്ര വ്യക്തമായി ആര്ക്കു വിളിച്ചുപറയാന് കഴിയും? പല ആണുങ്ങളെ കിടപ്പറയില് കണ്ട ഒരു പെണ്ണിനല്ലാതെ? അതിനാല് തന്നെ വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യേണ്ട പുസ്തകമാണ് നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്’. ആണിനെ വായിച്ചെടുക്കാവുന്ന ഒരു പെണ്പുസ്തകം. മലയാളി ആണുങ്ങളെ കുറിച്ച് നളിനിയുടെ നിരീക്ഷണം ഇങ്ങനെ–
‘ഇക്കാലത്തിനിടയില് ഇടപെട്ട മലയാളി ആണുങ്ങളില് എഴുപത്തഞ്ചു ശതമാനവും സ്ത്രീകളോട് സമഭാവനയില്ലാത്തവരാണ്. സ്ത്രീ ഭയങ്കര മോശമാണെന്ന ധാരണ മലയാളികളുടെ ജന്മവാസനയാണ്.’ ‘തങ്ങള്ക്കാവശ്യമുള്ളപ്പോഴും ഇതെല്ലാം സ്വന്തം ഔദാര്യമാണ് എന്ന പുച്ഛഭാവമാണ് മലയാളി ആണുങ്ങള്ക്ക് ‘വരുന്നോടീ’ ‘നിനക്കെത്രയാടീ’ എന്ന മനോഭാവം’. ‘പുറംനാട്ടില് ജീവിക്കുകയോ മറ്റോ ചെയ്തതിന്റെ പേരിലൊക്കെ വ്യത്യസ്തരായവരാണ് ബാക്കിവരുന്ന ഇരുപത്തഞ്ചു ശതമാനം ആണുങ്ങള്.’ പലതരം ആണുങ്ങള് കടന്നുവരുന്നുണ്ട് നളിനിയുടെ ഈ പുസ്തകത്തില്. അവരിലെല്ലാം സമൂഹത്തിന്റെ പരിഛേദവുമുണ്ട്.
പല തട്ടിലുള്ളവര്, പല തരത്തിലുള്ളവര്, പല സ്വഭാവങ്ങളുള്ളവര്… രാത്രിയും പകലും രണ്ടു മുഖങ്ങളുള്ളവര്, മനസ്സലിവും കാരുണ്യവുമുള്ളവര്, ചിരിച്ചുകൊണ്ട് ചതിക്കുന്നവര്.. ജീവിതം കൊണ്ട് നളിനി ജമീല എന്ന മൂന്നാംക്ലാസ് വിദ്യാഭ്യാസ യോഗ്യതക്കാരി സ്വന്തമാക്കിയ പാഠങ്ങള് സിലബസുകള്ക്കുള്കൊള്ളാന് കഴിയാത്തത്ര ബ്രഹത്താണ്. ആ ജീവിത പാഠങ്ങളാണ് ‘എന്റെ ആണുങ്ങള്’ എന്ന പുസ്തകത്തിന് ആഴവും പരപ്പും നല്കുന്നത്.
നളിനി ജമീല
ഡി സി ബുക്സ്
വില :125 രൂപ
കൊല്ലം: പത്തനാപുരം ഗാന്ധി ഭവനില് ഡോ. പുനലൂര് സോമരാജന്റെ അദ്ധ്യക്ഷതയില് നടന്ന സാഹിത്യ സെമിനാര് വിളക്ക്തെളിയിച്ചുകൊണ്ട് ഡോ. ചേരാവള്ളി ശശി നിര്വഹിച്ചു. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ആത്മകഥ ‘കഥാകാരന്റ കനല് വഴികള്’ നടന് ടി.പി.മാധവന് നല്‍കി ചേരാവള്ളി ശശി പ്രകാശനം ചെയ്തു. കൊടും ശൈത്യത്തിലിരിന്നു നമ്മുടെ മാതൃഭാഷയുടെ അഭിവ്യദ്ധിക്കായി കഷ്ടപ്പെടുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് അധ്യക്ഷ പ്രസംഗത്തില് ഡോ. പുനലൂര് സോമരാജന് ഓര്മിപ്പിച്ചു.
സാഹിത്യ സെമിനാറില് ‘സ്വദേശ-വിദേശ സാഹിത്യം’ എന്ന വിഷയത്തില് ഡോ. ചേരാവള്ളി ശശിയും കാരൂര്‍ സോമനും അവരുടെ ആശങ്കങ്ങള് പങ്കുവെച്ചു. ജാതിയും മതവും രാഷ്ട്രിയവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുപോലെ ഇന്ന് എഴുത്തുകാരെ ഭിന്നിപ്പിക്ക മാത്രമല്ല സ്വാന്തം പേര് നിലനിര്ത്താന് എന്തും വിവാദമാക്കുകയും അര്ഹതയില്ലാത്തവര് അരങ്ങു വാഴുകയം ചെയുന്ന ഒരു കാലത്തിലൂടെയാണ് സാഹിത്യ രംഗം സഞ്ചരിക്കുന്നത്. സ്‌കൂള്‍ പഠന കാലത്തു തന്നെ ഞാനും കാരൂര്‍ സോമനും മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യൂവസാഹിത്യ സഖ്യത്തിന്റ അംഗങ്ങളും പല വേദികളില് പങ്കെടുത്തിട്ടുണ്ട്. അന്നുമുതല് ഇന്നുവരെ അദ്ദേഹം സജീവമായി സാഹിത്യ രംഗത്ത് പ്രവര്ത്തിക്കുന്നു. മാത്രവുമല്ല മാതൃ ഭാഷക്കായ് ഇത്രമാത്രം ലോകമെമ്പാടുമുള്ള മാധ്യമങ്ങളില് എഴുതുന്നവര് ചുരുക്കമെന്നും ഡോ.ചേരാവള്ളി ശശി അഭിപ്രായപ്പെട്ടു.
പ്രസാധകക്കുറുപ്പില് എഴുതിയതുപോലെ ‘കഥാകാരന്റെ കനല് വഴികള്’ എന്ന ആത്മ കഥയില് അനുഭവജ്ഞാനത്തിന്റ കറുപ്പും വെളുപ്പും നിറഞ്ഞ ധാരാളം പാഠങ്ങളുണ്ട്. വിശപ്പും, അപമാനവും, കണ്ണീരും സഹിച്ച ബാല്യം, പോലീസിനെതിരെ നാടകമെഴുതിയതിനു നക്സല് ആയി മുദ്രകുത്തപ്പെട്ട് പോലിസെന്റ് തല്ലു വാങ്ങി നാടുവിടേണ്ടി വന്ന കൗമാരം, ചുവടുറപ്പിക്കും മുന്പേ മറ്റുള്ളവരെ രക്ഷിക്കാനും, സ്വാന്തം കിഡ്നി ദാനമായി നല്‍കി സഹായിക്കാനുള്ള ഹൃതയ വിശാലത, ആര്ക്കുവേണ്ടിയോ അടിപിടി കുടി തെരുവുഗുണ്ടയായത്, പ്രണയത്തിന്റ പ്രണയസാഫല്യമെല്ലാം ഈ കൃതിയില് വായിക്കാം. മാവേലിക്കര താമരക്കുളം ചാരുംമൂട്ടില് നിന്നും ഒളിച്ചോടിയ കാരൂര്‍ സോമന്റെ ജീവിതഗന്ധിയായ കഥ അവസാനിക്കുന്നത് ലണ്ടനിലാണ്.
വിദേശ രാജ്യങ്ങളില്‍ എഴുത്തുകാരുടെ എണ്ണം എങ്ങനെ കൂടിയാലും മലയാള ഭാഷയെ അവര്‍ സജീവമായി നിലനിര്ത്തുന്നുണ്ട്. അതില്‍ വിദേശ ഓണ്ലൈന് മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. വിദേശത്തുള്ള ചില സംഘടനകള് അക്ഷരം സ്പുടതയോടു വായിക്കാനാറിയാത്തവരെ എഴുത്തുകാരായി സല്ക്കരിച്ചു വളര്ത്തുന്നതുപോലെ കേരളത്തിലും ഒരു രാഷ്ട്രീയ പാര്ട്ടിയുടെ ഓരം ചാരി നിന്ന് ഭാഷക്ക് ഒരു സംഭാവനയും നല്കാത്തവരെ ഹാരമണിയിക്കുന്ന പ്രവണത വളരുന്നുണ്ട്. എന്റെ മുപ്പതിലധികം പുസ്തകങ്ങള് പുറത്തു വന്നതിന് ശേഷമാണ് ഞാന്‍ ചില പുസ്തകങ്ങള് പ്രകാശനം ചെയ്യാന് തുടങ്ങിയത്. ഇന്ന് കയ്യിലിരിക്കുന്ന കാശുകൊടുത്തു എന്തോ ഒക്കെ എഴുതി ഒന്നോ ഒന്നിലധികമോ പുസ്തകരൂപത്തിലാക്കിയാല് ഈ രാഷ്ട്രീയ -സാംസ്കാരിക സംഘടന അവരെ എഴുത്തുകാരായി വാഴ്ത്തി പാടുന്ന കാഴ്ചയും കേരളത്തിലുണ്ട്.. അവരുടെ യോഗ്യത പാര്ട്ടിയുടെ അംഗ്വത്തമുണ്ടായിരിക്കണം എന്നതാണ്. അംഗ്വത്തമില്ലാത്ത പ്രതിഭാശാലികള് പടിക്ക് പുറത്തു നില്ക്കുന്ന ദയനീയ കാഴ്ചയാണ് ഇന്നുള്ളത്. ഈ ജീര്ണ്ണിച്ച സംസ്കാരം മാറണം. ഒരു സാഹിത്യകാരനെ, കവിയെ മലയാളത്തനിമയുള്ള മലയാളി തിരിച്ചറിയുന്നത് എഴുത്തു ലോകത്തെ അവരുടെ സംഭാവനകള് മാനിച്ചും, കേരളത്തിലെ പ്രമുഖ മാധ്യമങ്ങള് വഴിയും, പ്രസാധകര് വഴിയുമാണ്. കേരളത്തിലെ ബുദ്ധിമാന്മാരായ സാഹിത്യകാരന്മാര്ക്ക്, കവികള്ക്ക് അതിബുദ്ധിമാന്മാരായ ഈ കൂട്ടരെ കണ്ടിട്ട് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ലെന്ന് കാരൂര്‍ സോമന്‍ കുറ്റപ്പെടുത്തി.
സി.ശിശുപാലന്, ഈ.കെ.മനോജ് ആശംസകള് നേര്ന്ന് സംസാരിച്ചു. ഗാന്ധി ഭവനിലെ ഭക്തിസാന്ദ്രമായ സംഗീത വിരുന്ന് അവിടുത്തെ ദുര്ബല മനസ്സുകള്ക്ക് മാത്രമല്ല സദസ്സില് ഇരുന്നവര്ക്കും ആത്മാവിലെരിയുന്ന ഒരു സ്വാന്തനമായി, പ്രകാശവര്ഷമായി അനുഭവപ്പെട്ടു. ലീലമ്മ നന്ദി പ്രകാശിപ്പിച്ചു.
ജോസ്
നീയും ഞാനും
നമ്മുടെ സ്വപ്നങ്ങളും
ഒരിക്കല് മനസ്സില്‍
നിറഞ്ഞു നിന്നിരുന്ന
നിറയെ സുന്ദരമായ
വര്ണ്ണചിത്രങ്ങള്
പോലെയായിരുന്നു….
എന്നോ എന്റെ മനസിലെ
ആ വര്ണ്ണചിത്രത്തില്
കറുപ്പിന്റെ പേനയില്
ആദ്യാക്ഷരങ്ങളെഴുതി നീ
എന്നെ കൂട്ടാതെ ഞാന്‍
പോകും വഴിക്കെതിരായി
കടന്നു പോയി..
ഇന്ന് നീ പോയ വഴികളില്
ഇരുട്ടിന്റെ കറുത്ത നിറമുള്ള
അന്ധകാരം മാത്രമാണുള്ളത്
നീയെനിക്കു സമ്മാനിച്ച
ആ കറുപ്പാണ് ഇന്നെനിക്കു
നിന്റെ ഓര്മകളില് നിന്നുള്ള രക്ഷ…
എങ്കിലും ആ കറുപ്പിനുള്ളില്
ഒരു ക്ലാവുപിടിച്ച ഓര്മപോലെ
നിന്റെ ഉള്ളിലെ വെളുപ്പ്
ഞാന്‍ കാണുന്നു….
പക്ഷെ കറുപ്പ് കട്ടപിടിച്ച
നിന്റെ ഓര്മകളില്
എത്ര നിറം നല്കിയാലും
അന്നത്തെ പോലെ
പൂര്ണ്ണശോഭയില്
നിന്നിലേക്കെത്തുവാന്
സാധിക്കുന്നില്ലെനിക്കിന്നു….