ജോൺ കുറിഞ്ഞിരപ്പള്ളി

ഒരു വലിയ വൃക്ഷം കടപുഴകി വീണതുപോലെ ആയിരുന്നു ശങ്കരൻ നായരുടെ അവസ്ഥ.
ആൻ മരിയയുടെ മരണവും കുഞ്ചുവിൻ്റെ വേർപാടും ശങ്കരൻ നായരെ മാനസ്സികമായി തളർത്തി.നായർ രോഗബാധിതനായി,കിടപ്പിലായി.
ജെയിംസ് ബ്രൈറ്റിൻ്റെ ഓഫിസ് കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു.ബ്രൈറ്റിൻ്റെ വളർച്ചയുടെ പിന്നിൽ നായരുടെ കഴിവും സാമർത്യവും കൂടി ഉണ്ടായിരുന്നു.സത്യസന്ധനും കഠിനാധ്വാനിയും ബുദ്ധിമാനുമായിരുന്നു നായർ.
എങ്ങിനെയും നായരെ കൂടെ നിർത്തണം എന്ന് ബ്രൈറ്റ് ആഗ്രഹിച്ചു.,പക്ഷെ നേരിട്ടു പറയാൻ ദുരഭിമാനം സമ്മതിക്കുന്നുമില്ല
എല്ലാം കുഴഞ്ഞുമറിയുന്നതു ജെയിംസ് ബ്രൈറ്റ് തിരിച്ചറിഞ്ഞു.
“എന്തുപറ്റി ,നായർ?”ബ്രൈറ്റ് നായരെ അന്വേഷിച്ചു് ചെന്നു.
“ഒന്നുമില്ല സർ,നല്ല സുഖം തോന്നുന്നില്ല”പലതും ചോദിക്കണമെന്ന് തോന്നി നായർക്ക്.ഇനി ചോദിച്ചിട്ടു എന്ത് പ്രയോജനം?
.അൽപസമയം ഓഫിസ് കാര്യങ്ങളും അസുഖവിവരങ്ങളും സംസാരിച്ചിട്ട് ബ്രൈറ്റ് പോയി.
നായർ ബ്രൈറ്റിനെ വെറുത്തു.ജോലി ഉപേക്ഷിച്ച് കണ്ണൂരേക്ക് താമസം മാറുവാൻ ശങ്കരൻ നായർ തീരുമാനിച്ചു.
അതേസമയത്താണ് ജെയിംസ് ബ്രൈറ്റിൻ്റെ അസിസ്റ്റൻറ് ആയി ഡാനിയേൽ വൈറ്റ്‌ഫീൽഡ് എന്ന ചെറുപ്പക്കാരൻ വരുന്നത്.ഓഫിസിലെ താളപ്പിഴകളും ജോലികൾ തീരാതെ വരുന്നതും മദ്രാസ്സിൽ റസിഡൻറ് മനസ്സിലാക്കിയിരുന്നു.
ഡാനിയേൽ വൈറ്റ്‌ഫീൽഡ് ജോയിൻ ചെയ്യുന്നതുവരെ ബ്രൈറ്റിന് അങ്ങിനെ ഒരാൾ വരുന്നതിനെക്കുറിച്ചു് യാതൊരു അറിവും ഇല്ലായിരുന്നു.താൻ അറിയാതെ പുതിയ ഒരാളെ നിയമിച്ചത് ബ്രൈറ്റിന് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും അനിഷ്ടം പുറത്തുകാണിച്ചില്ല.
മാന്യനും ഉത്സാഹശാലിയും തൊഴിലാളികളോട് മാന്യമായി പെരുമാറുന്നവനും ആയിരുന്നു ഡാനിയേൽ വൈറ്റ്‌ഫീൽഡ്..
ബ്രൈറ്റിൻ്റെ ജനങ്ങളോടുള്ള പെരുമാറ്റം ആൻ മരിയയുടെ മരണം കുഞ്ചുവിൻ്റെ അപകടമരണം എല്ലാം വിശദമായി റസിഡൻറ് അറിഞ്ഞിരുന്നു.ഇന്ത്യക്കാരായ സാധാരണ ജനങ്ങളെ പ്രകോപിപ്പിക്കാതിരിക്കാൻ ബ്രിട്ടീഷ് കാർ ശ്രദ്ധിച്ചു.അതുകൊണ്ടു പ്രാദേശികമായ പുരോഗതിയിലും ക്രമാസമാധാനം നടപ്പാക്കുന്നതിലും കുറെയൊക്കെ അവർ ശ്രദ്ധ ചെലുത്തി.
എല്ലാം വിശദമായി മനസ്സിലാക്കിയ ഡാനിയേൽ വൈറ്റ്‌ഫീൽഡ് ജോലി രാജി വയ്ക്കരുതെന്ന് നായരെ ഉപദേശിച്ചു
.”അനീതികളോട് പൊരുതുകയാണ് വേണ്ടത് അല്ലാതെ പേടിച്ചു് ഓടുകയല്ല”
.നായർ വീണ്ടും ജോലിയിൽ തുടരാൻ തീരുമാനിച്ചത് ജെയിംസ് ബ്രൈറ്റിനും ആശ്വാസമായി.
മൈസൂർ റെസിഡൻറിൻ്റെ ജോലി ഏറ്റെടുത്തത് എങ്ങും എത്താതെ നിൽക്കുന്നത് ബ്രൈറ്റിന് വല്ലാത്ത മാനസിക സംഘർഷം ഉണ്ടാക്കി.
ഒരു റെയിൽവേ ലൈനും അതിനെ അടിസ്ഥാനമാക്കി ഒരു റോഡും നിർമ്മിക്കാനുള്ള പ്ലാൻ ഉണ്ടാക്കുക എന്നത് അത്ര വലിയ സംഭവം ഒന്നുമല്ല.പക്ഷെ പതിനായിരക്കണക്കിന് ഏക്കർ കൊടും കാട്ടിലൂടെ അതും മനുഷ്യ സഞ്ചാരമില്ലാത്ത വന്യ മൃഗങ്ങളുടെ ആവാസകേന്ദ്രമായ മലമടക്കുകളിലൂടെ ഈ ജോലിചെയ്യുക എന്നത് വിഷമകരം തന്നെ ആണ്.അതും നിലവിൽ ഒരു വഴിപോലുമില്ലാത്ത സ്ഥലവും.ജോലിക്ക് ആളുകളെ കിട്ടുക എന്നത് അതിലും വിഷമം ഉള്ള കാര്യമാണ്.മനുഷ്യവാസം വളരെ കുറഞ്ഞ പ്രദേശങ്ങളാണ് ചുറ്റുപാടും ഉള്ളതും.
ഇപ്പോൾ ശങ്കരൻ നായർക്കും ഈ ജോലി ഏറ്റെടുക്കാൻ താൽപര്യം ഇല്ലാതായി.ആദിവാസികളുടെ സഹായം ഇക്കാര്യത്തിൽ തേടാം എന്ന് വിചാരിച്ചിരുന്നെങ്കിലും മേമനെ പരിചയപ്പെട്ടത് ഒഴിച്ച് കാര്യമായ ശ്രമമൊന്നും നടത്തിയിരുന്നില്ല.
അടുത്തടുത്തുണ്ടായ രണ്ടു മരണങ്ങളുടെ ഇടയിൽ എല്ലാവരും മേമനെയും മറന്നു കഴിഞ്ഞിരുന്നു.
എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നാരായണൻ മേസ്ത്രിയെ അന്വേഷിച്ചു മേമനും അവൻ്റെ നായ” ബൂ “വും തലശ്ശേരിയിൽ വന്നു.മേമനെപ്പോലെയുള്ള ഒരാൾ തലശ്ശേരി പട്ടണത്തിന് അന്യമായിരുന്നു,കൗതുകമായിരുന്നു.
“നാരായണൻ മേസ്ത്രിയുടെ സ്ഥലം എങ്ങിനെ മേമൻ കണ്ടുപിടിച്ചു?”.ജോലിക്കാർ തമ്മിൽ തമ്മിൽ ചോദിച്ചു. മേമൻ വന്നതറിഞ്ഞു ശങ്കരൻ നായർ അവനെ കാണാൻ വന്നു.
നായർ അവനെ സൂക്ഷിച്ചുനോക്കി…
“ഇവനെ ആദിവാസികൾ അവരുടെ കൂട്ടത്തിൽ നിന്നും ഭ്രഷ്ട്ടനാക്കിയത് ആകാനാണ് വഴി”.നായർ പറഞ്ഞു.
“അത് എങ്ങിനെ മനസിലായി?”.നാരായണൻ മേസ്ത്രി ചോദിച്ചു.
“എല്ലാ ആദിവാസികൾക്കും അവരുടേതായ എന്തെങ്കിലും അടയാളങ്ങൾ കാണും.ഇവൻ്റെ ദേഹത്ത് അങ്ങിനെയൊന്നും കാണുന്നില്ല.”
നായർ പറഞ്ഞത് ശരിയാണെന്ന് നാരായണൻ മേസ്ത്രിയും സമ്മതിച്ചു.
“നോക്കൂ,ഇവൻ്റെ ഇടതുകണ്ണിനു കാഴ്ച കുറവാണ്.അവനെ വഴികാണിക്കുന്നതു അവൻ്റെ നായ ബൂ ആണ്.സാധാരണ നായകൾ യജമാനൻ്റെ പുറകിൽ ആണ് നടക്കുക.ഇത് ബൂ എപ്പോഴും അവൻ്റെ മുൻപിൽ ഇടതുവശം ചേർന്നും.ഏതായാലും നമ്മൾക്ക് അത് പ്രയോജനപ്പെട്ടേക്കാം “.
” മേമൻ ഈ സ്ഥലം എങ്ങിനെ കണ്ടുപിടിച്ചു?”നാരായണൻ മേസ്ത്രിയുടെ സംശയം അതാണ്.
“.അവൻ്റെ നായ ബൂ നാരായണൻ മേസ്ത്രിയുടെ ഗന്ധം പിടിച്ചു വന്നതാണ്.മേമൻ നായയെ പിന്തുടർന്നു അത്ര മാത്രം.ഇത്രയും ദൂരം മണം പിടിച്ചുവന്ന ബൂ അസാധാരണ കഴിവുള്ള നായ ആണ്.”
“അങ്ങിനെയെങ്കിൽ മേമനെ മൈസൂർ കൊണ്ടുപോയി വിട്ടാൽ അവൻ അവിടെ എത്തുമല്ലോ?”
നാരായണൻ മേസ്ത്രി പറഞ്ഞു.
“ആ പറഞ്ഞതിൽ അല്പം കാര്യമുണ്ട്.നമുക്ക് ഒന്ന് പരീക്ഷിച്ചുനോക്കാം”ശങ്കരൻ നായർ പറഞ്ഞു.
“തലശ്ശേരിയിൽ നിന്നും മൈസൂർക്ക് എളുപ്പത്തിൽ ഒരു റോഡ് കണ്ടുപിടിക്കൻ മേമനും അവന്റെ നായ ബൂ വും പ്രയോജനപ്പെട്ടേക്കാം”.നായർ കൂട്ടിച്ചേർത്തു.
“അങ്ങിനെ ചെയ്താൽ തീർച്ചയായും മേമനെ തേടി ബൂ അവൻ്റെ അടുത്തെത്താൻ കുറുക്കുവഴികൾ തിരഞ്ഞെടുത്തേക്കാം.നമ്മൾ അത് മാർക്ക് ചെയ്താൽ മതിയല്ലോ”
നായർ പറഞ്ഞത് എന്താണെന്ന് കേട്ടുനിന്നവർക്ക് കാര്യമായി മനസ്സിലായില്ല.പരസ്പരബന്ധമില്ലാതെ എന്താണ് നായർ പറയുന്നത് എന്നായിരുന്നു നാരായണൻ മേസ്ത്രിയുടെയും ചിന്ത.
പിന്നീട് ഒന്നും വിശദീകരിക്കുകയും ചെയ്തില്ല.ശങ്കരൻ നായർ അങ്ങിനെയാണ്,ചിലപ്പോൾ പകുതിക്ക് വച്ച് സംസാരം നിർത്തിക്കളയും.
അവർ മേമന് പതിവുപോലെ രണ്ടു മൂന്ന് കുപ്പി മദ്യവും ഏതാനും ബിസ്‌ക്കറ്റ് പാക്കുകളും കൊടുത്തു തിരിച്ചയച്ചു.
ബ്രൈറ്റിൻ്റെ മദ്യം മേമന് അത്രമാത്രം ഇഷ്ട്ടമായിക്കഴിഞ്ഞിരുന്നു.പക്ഷെ തൻ്റെ ഗോഡൗണിൽനിന്നും ഇങ്ങനെ മദ്യക്കുപ്പികൾ പോകുന്നത് ബ്രൈറ്റിന് ഇഷ്ടപെടുന്നുണ്ടായിരുന്നില്ല,എങ്കിലും മൗനം പാലിച്ചു.
മേമൻ തിരിച്ചു പോയി.
രണ്ടു ദിവസം കഴിഞ്ഞു.
മൈസൂരിൽനിന്നും വീണ്ടും ജോലിയുടെ പുരോഗതിയെക്കുറിച്ചു് അന്വേഷണം വന്നു.സമീപകാല സംഭവങ്ങൾ മൂലം ബ്രൈറ്റിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം കഴിവതും വേഗം കൂർഗിലെ അമൂല്യമായ വനസമ്പത്തുകൾ ഇംഗ്ലണ്ടിലേക്ക് കടത്തുക എന്നതാണ്.അതിന് താമസം വരുന്നത് അവരെ വല്ലാതെ അലോസരപ്പെടുത്തി.
ജെയിംസ് ബ്രൈറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റെടുത്ത ജോലി അഭിമാനത്തിൻ്റെ പ്രശനമാണ്.എങ്ങിനെയെങ്കിലും ഇത് പൂർത്തിയാക്കി തടി തപ്പുകയാണ് നല്ലത്.
ഇനി എളുപ്പ വഴി നായരുടെ സഹായം തേടുക മാത്രമാണ്.
ശങ്കരൻ നായരുടെ നിസ്സംഗത ബ്രൈറ്റിന് മനസ്സിലാകാതിരുന്നില്ല.അതുകൊണ്ടുതന്നെ അപേക്ഷാ സ്വരത്തിലായിരുന്നു ബ്രൈറ്റിൻ്റെ സംസാരം.
“എന്താണ് ആ ആദിവാസി ചെറുപ്പക്കാരൻ്റെ പേര്?”
“മേമൻ:”
“അവനേയും കൂട്ടി ഒന്ന് ശ്രമിച്ചു നോക്കാമോ?.ആവശ്യമുള്ള സാധനങ്ങൾ ഗോഡൗണിൽ നിന്നും എടുത്തോളൂ.സമ്മതിച്ചുപോയതു ഇനി പറ്റില്ല എന്ന് എങ്ങിനെ പറയും?”.
കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കേണ്ട എന്ന തീരുമാനത്തിൽ അവസാനം നായർ ആ ജോലി ഏറ്റെടുത്തു.നായർ നാരായണൻ മേസ്ത്രിയെ വിളിച്ചു ഏതാനും ജോലിക്കാരെ തയ്യാറാക്കിനിർത്തുവാൻ ആവശ്യപ്പെട്ടു.
അവർ രണ്ടുപേരും ചേർന്ന് ഒരു പ്ലാൻ തയ്യാറാക്കി.
“ഒന്ന് ശ്രമിച്ചുനോക്കാം.”നായർ പറഞ്ഞു.
കൂട്ടുപുഴയിലും ഇരിട്ടിയിലും ഓരോ പാലങ്ങൾ പണിയുന്നതിന് സർവേയും മറ്റു പ്രാരംഭ നടപടികളും നടന്നുകൊണ്ടിരിക്കുകയാണ്.
“അതിൻ്റെ കൂടെ ഇതും കൂടി നടത്താം.”നായർ പറഞ്ഞു.
കുറെ ദൂരം കുതിരവണ്ടിയിൽ പോകാം,മാക്കൂട്ടം വരെ കാളവണ്ടിയിലും.പിന്നെ നടക്കുകയെ വഴിയുള്ളു.
നാരായണൻ മേസ്ത്രി അവർക്ക് യാത്ര ചെയ്യാനുള്ള കുതിരവണ്ടി ഏർപ്പാടാക്കി. മാക്കൂട്ടം വരെ കാട്ടുവഴികൾ ഉണ്ട്.പിന്നെ കൊടഗ് ഫോറസ്ററ് ആയി.ഫോറസ്റ്റിൽകൂടിയുള്ള യാത്രയാണ് പ്രശനം.ഇവിടയാണ് കാട്ടിൽ പരിചയമുള്ള ആദിവാസികളുടെയും മറ്റും ആവശ്യം വരുന്നത്.
വാസ്തവത്തിൽ ഒരു മാഗ്നെറ്റിക് കോമ്പസും ഏതാനും ലെവലിങ്ങ് ഇൻസ്ട്രുമെൻറ്സും ഉണ്ടങ്കിൽ കുറഞ്ഞദൂരത്തിൽ ഒരു വഴി കണ്ടുപിടിക്കാൻ വലിയ വിഷമമില്ല.
അധികം മനുഷ്യസ്പർശം ഏൽക്കാത്ത കൊടഗ് വനത്തിലെ അപകടം പിടിച്ച ചുറ്റുപാടുകൾ പക്ഷേ ഒഴിവാക്കാൻ യാതൊരു വഴിയുമില്ല.
ഉയരമുള്ള പ്രദേശങ്ങളിനിന്നും താഴ്വാരത്തുകൂടി പോകുന്ന ജീവികളുടെ മുകളിലേക്ക് പെരുമ്പാമ്പുകൾ വീഴുന്ന സംഭവങ്ങൾ ധാരാളമായിരുന്നു.തേരട്ടകളുടെ ശല്യം അതി ഭയാനകമാണ്.രക്തം കുടിച്ചു വീർത്തു താനെ പൊഴിഞ്ഞുപോകുന്ന തേരട്ടകൾ വനത്തിൽക്കൂടി യാത്രചെയ്യുന്നവരുടെ പേടിസ്വപ്നമാണ്.കടുവകളുടേയും കാട്ടാനകളുടേയും കാര്യത്തിൽ നല്ല ശ്രദ്ധ വേണം.
തോക്കും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കാട്ടിൽ വന്യമൃഗങ്ങളെ നേരിടുന്നതിന് നല്ല പരിചയവും കഴിവും ആവശ്യമാണ്..
വനത്തിൽ പോയി ജോലിചെയ്യാൻ നാട്ടുകാരായ തൊഴിലാളികളെ കിട്ടില്ല.കൊതുക് കടിയേറ്റ് മലമ്പനി പിടിച്ചു് ധാരാളം ആളുകൾ മരിക്കുന്നതുകൊണ്ട് കൂലിക്കാർ പേടിച്ചു് ജോലിക്ക് വരില്ല.ഇടക്ക് വസൂരി പിടിപെട്ട് ആളുകൾ മരിക്കുന്ന സംഭവങ്ങളും ഉണ്ട്.
കാട്ടുമൃഗങ്ങളെ നേരിടാൻ പലപ്പോഴും ആയുധങ്ങളേക്കാൾ പ്രയോജനപ്പെടുക ബുദ്ധിയും സൂത്രങ്ങളുമാണ്.
ഏതാണ്ട് നൂറ്റമ്പതു മൈൽ ദൂരമെങ്കിലും കാണും മൈസൂരിലേക്ക് എന്നായിരുന്നു ശങ്കരൻ നായരുടെ കണക്ക് കൂട്ടൽ.
അതിൽ തലശ്ശേരി മുതൽ കൂട്ടുപുഴ വരെ മുപ്പത് മൈൽ വഴിയുണ്ട്.മൈസൂറിൽ നിന്നും ഇരുപത് മൈൽ റോഡ് വിർരാജ്‌പേട്ടക്ക് നിലവിൽ ഉണ്ട് .
അപ്പോൾ ഏതാണ്ട് നൂറു മൈൽദൂരത്തിൽ കുറവേ വരൂ ഇനി ഒരു മാർഗ്ഗ രേഖ ഉണ്ടാക്കാൻ,എന്നായിരുന്നു നായരുടെ മനസ്സിൽ .
“പോയി തിരിച്ചു വരുന്നതിന് ഒരാഴ്ച എങ്കിലും വേണം.അതുകൊണ്ട് ആ തയ്യാറെടുപ്പിൽ വേണം പോകാൻ.”
ശങ്കരൻ നായർ നിർദ്ദേശം കൊടുത്തു.
ഒരാഴ്ചത്തേക്കുള്ള ഭക്ഷണം,അവർക്കു താമസിക്കാൻ ടെൻറ് ,ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ആയുധങ്ങൾ തുടങ്ങിയവ തയ്യാർ ചെയ്യാൻ നാരായണൻ മേസ്ത്രിയെ ചുമതലപ്പെടുത്തി.
ദീർഘദൂര,യാത്രകൾക്ക് പോകേണ്ടിവരുമ്പോൾ നായരുടെ പ്രധാന പ്രശനം മകൾ ഗീത വീട്ടിൽ ഒറ്റക്കെ ഉള്ളൂ എന്നതായിരുന്നു.മകളുടെ കാര്യങ്ങൾ കഴിഞ്ഞിട്ടേയുള്ളു നായർക്ക് എന്തും.’അമ്മ മരിച്ചതിനു ശേഷം കഴിവതും അവളെ ഒറ്റയ്ക്ക് വിട്ട്‌ നായർ എങ്ങും പോകാതിരിക്കാൻ ശ്രമിക്കും.ആരെയെങ്കിലും മകൾക്ക് കൂട്ടിന് കണ്ടുപിടിക്കണം. അയൽവക്കത്തെ പ്രായമായ ഒരു സ്ത്രീ നായർ തിരിച്ചുവരുന്നതുവരെ വീട്ടിൽ നിൽക്കാം എന്ന് സമ്മതിച്ചു
മേമൻ നാരായണൻ മേസ്ത്രിയെ വീണ്ടും തേടി വന്ന ഒരു ദിവസം ശങ്കരൻ നായർ പറഞ്ഞു,”പോകാം”.
യാത്രക്കിടയിൽ ഏതാനും കുപ്പി മദ്യവുമായി മേമൻ സ്ഥാലം വിട്ടു.
നായർ പറഞ്ഞു.”സാരമില്ല .അവൻ നമ്മളെ തിരക്കി വരും.അത്ര മാത്രമുണ്ട് അവൻ്റെ മദ്യാസക്തി.”
മാക്കൂട്ടം എത്തിക്കഴിഞ്ഞപ്പോൾ വണ്ടിക്കാരെയെല്ലാം പറഞ്ഞുവിട്ടു.ഇനിയുള്ള യാത്ര നടന്നു വേണം പോകാൻ.
സമയം സന്ധ്യയോട് അടുക്കുന്നു.
അവിടെ ഒരു ടെൻറ് കെട്ടി രാത്രി താമസിച്ചിട്ടു കാലത്തു പുറപ്പെടാം എന്ന് തീരുമാനിച്ചു.വഴിപോക്കരെ കൊള്ളയടിക്കുന്ന ചെറുകിട കൊള്ള സംഘംങ്ങളെയും സൂക്ഷിക്കണം.
അവർ പുഴയരികിൽ ഒരു ടെൻറ് ഉണ്ടാക്കി.അവിടെ ഉറങ്ങി.കാട്ടാനക്കൂട്ടങ്ങൾ എപ്പോൾ വേണമെങ്കിലും വിരുന്നുകാരായി എത്തിയേക്കാം എന്ന ഭയത്തിൽ രണ്ടുപേർ വീതം മാറി മാറി ടെൻറിനു കാവൽ നിന്നു.
നേരം വെളുക്കുന്നതേയുള്ളു.പുഴയരികിലെ കാട്ടിൽ നിന്നും ഒരു ശബ്ദം. കാവൽ നിന്നിരുന്ന രണ്ടുപേർ മറ്റുള്ളവർക്ക് സിഗ്നൽ കൊടുത്തു.എല്ലാവരും ജാഗരൂകരായി.
അവർ നോക്കി നിൽക്കുമ്പോൾ മേമനും അവൻ്റെ പെണ്ണും നടന്നു വരുന്നു.
രണ്ടുപേരുടെയും കയ്യിൽ കുറെ സാധനങ്ങൾ കുത്തിനിറച്ച ഓരോ ചാക്കുകെട്ടും ഉണ്ട്.
“നീ എവിടെ പോയി?ഇതെല്ലം എന്താണ്?” നാരായണൻ മേസ്ത്രി ചോദിച്ചു.
“പേട്ട”.
അവർ രണ്ടുപേരും പേട്ടയിൽ പോയിവരികയാണ്.
പേട്ട എന്ന് പറഞ്ഞത് വീർ രാജ്‌പേട്ട എന്നാണ്.മാക്കൂട്ടത്തിനും മൈസൂറിനും ഇടക്കുള്ള സ്ഥലമാണ് വിര രാജ് പേട്ട.
കുടകിലെ ജനങ്ങൾക്കുവേണ്ടി അവസാനത്തെ രാജാവായിരുന്നു,ചിക്ക് വിര രാജ പണികഴിപ്പിച്ച ചന്ത നടക്കുന്ന സ്ഥലമാണ് വിര രാജ്‌പേട്ട.ആ ഭാഗത്തായി കുറേ കാപ്പിത്തോട്ടങ്ങളും കൃഷിസ്ഥലങ്ങളും ഉണ്ട്.അത് കഴിഞ്ഞാൽ വീണ്ടും ഫോറസ്റ്റ് ആയി.
വനത്തിൽ നിന്നും ശേഖരിക്കുന്ന തേൻ പച്ചമരുന്നുകൾ വന അതിർത്തികളിൽ വളരുന്ന കഞ്ചാവ് തുടങ്ങി ഒട്ടേറെ സാധനങ്ങൾ കൈമാറി തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും വാങ്ങിയുള്ള തിരിച്ചുവരവാണ് അവർ കണ്ടത്.
ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ശങ്കരൻ നായർ മേമനോട് ചോദിച്ചു,”എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ വീരരാജ്പേട്ടയിൽ പോകണം നിനക്ക് കൂടെ വരാമോ?”
മേമൻ വനത്തിൽക്കൂടി ഒരു ദിവസംകൊണ്ട് വിർരാജ്‌പേട്ടക്ക് പോയി വന്നിരിക്കുന്നു.എന്നുവച്ചാൽ
എല്ലാവരും വിചാരിക്കുന്നതുപോലെ ദൂരമില്ല വിര രാജ പേട്ടക്ക്.വനത്തിലെ വഴി കണ്ടുപിടിച്ചു് യാത്ര ചെയ്യണം എന്ന് മാത്രം.നായർ കൂടെയുള്ളവരോടായി പറഞ്ഞു.
“മേമനെകൂട്ടി വനത്തിലൂടെ പോകാൻ സാധിച്ചാൽ കാര്യങ്ങൾ എളുപ്പമാകും”
മേമൻ പോരാം എന്ന് തല കുലുക്കി സമ്മതിച്ചു..
ഉടൻ തന്നെ പുറപ്പെടാൻ തയ്യാറാകാൻ നായർ ഓർഡർ കൊടുത്തു.
മേമൻ അവൻ്റെ പെണ്ണിനെ അവരുടെ ഊരിൽ കൊണ്ടുപോയിവിട്ടിട്ടു വന്നു.തിരിച്ചുവന്നപ്പോൾ അവൻ്റെ കയ്യിൽ എന്തോ പച്ചിലകൾ അരച്ചതും ചൂട്ടുകെട്ടുപോലെ ചെറിയ ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കിയ കത്തിക്കാത്ത പന്തങ്ങളും ഉണ്ടായിരുന്നു.
പച്ചില അരച്ചത് ദേഹത്ത് പുരട്ടിയാൽ പാമ്പുകളും തേരട്ടകളും ഉപദ്രവിക്കില്ലത്രെ.കഞ്ചാവിന്റെ മണമാണ് അതിന്. അത് ദേഹത്തു പുരട്ടികൊണ്ടിരിക്കുമ്പോൾ നാരായണൻ മേസ്ത്രി പറഞ്ഞു,”ഇത് കഞ്ചാവ് തന്നെ.കടിക്കാൻ വരുന്ന പാമ്പും തേരട്ടകളും വരെ മയങ്ങിപ്പോകും എന്ന് തോന്നുന്നു.”.
പന്തം കത്തിച്ചാൽ അതിൽ നിന്നും ഒരു വല്ലാത്ത ഗന്ധം ഉയരും. ഈ മണം അടിച്ചാൽ കാട്ടാനകൾ ആ പ്രദേശത്തു വരില്ല.
യാത്ര ആരംഭിച്ചപ്പോൾ ശങ്കരൻ നായർ ജോലിക്കാരോട് പറഞ്ഞു.അവർ പോകുന്ന വഴിയിൽ അടയാളങ്ങൾ സ്ഥാപിക്കാൻ. വഴിയിൽ അടയാളമായി മരങ്ങളിൽ ഷീൽഡുകളും ചുവന്ന കളറിലുള്ള തുണിയും ആണികൊണ്ട് അവർ അടിച്ചുറപ്പിച്ചു.
വനത്തിൽക്കൂടി വിര രാജ പേട്ടക്ക് ആദിവാസികൾ നടന്നുപോകുന്ന ഒരു വഴി പോലെ എന്തോ ഒന്ന് ഉണ്ടായിരുന്നു.മേമൻ കാണിച്ചുകൊടുത്ത വഴിയെ അവർ നടന്നു.അഗാധമായ ഗർത്തങ്ങളെ ഒഴിവാക്കി അവയുടെ അരികിൽക്കൂടിയും കാട്ടരുവികൾ ഒഴുകുന്ന ചാലുകളിൽകൂടിയും ഇടക്ക് കുത്തനെയുള്ള കയറ്റങ്ങൾ കയറിയും മറ്റുമുള്ള യാത്ര അവരെ ശരിക്കും ഭയപ്പെടുത്തി.ഒന്നുരണ്ടവസരങ്ങളിൽ കാട്ടാനക്കൂട്ടങ്ങൾക്ക് അടുത്ത് അവർ എത്തിയെങ്കിലും കുഴപ്പങ്ങൾ ഒന്നുമില്ലാതെ രക്ഷപെട്ടു.
വഴിയരുകിൽ ധാരാളം പാമ്പുകൾ വെറുതെ അലസമായി കിടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാഴ്ച ആയിരുന്നു.എങ്കിലും അവ ഒന്നും അവരെ ഉപദ്രവിക്കുകയുണ്ടായില്ല.
“ഈ വനത്തിൻ്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു.”നായർ പറഞ്ഞു.
“അതെന്താണ്?”നാരായണൻ മേസ്ത്രി ചോദിച്ചു.
“ഏതെങ്കിലും ജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ മറ്റേതോ ജീവികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു എന്നാണ് അർഥം.ഈ മാറ്റം ചിലപ്പോൾ പ്രശനമായി വരാം ”
മേമനും ബൂ വും വളരെ ആവേശത്തിലായിരുന്നു.എല്ലാവരും മേമനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.അവൻ അവരുടെ ഇടയിൽ ആദിവാസികൾ പാടാറുള്ള പാട്ടുകൾ ഉച്ചത്തിൽ പാടി.അതിൻ്റെ അർഥം ഭാഷ അറിയാവുന്ന ഒരാൾ വിശദീകരിച്ചു;
എൻ്റെ കൂരയിൽ മഴ പെയ്തു
മഴക്ക് ഞങ്ങളോട് സ്നേഹം
മഴ ഞങ്ങളെ വിട്ടു പോയില്ല
എൻ്റെ കൂരയിൽ ഇനിയും മഴ പെയ്യും……………………
അവൻ പാടിക്കൊണ്ടിരുന്നു.
മേമൻറെ ഒന്നിച്ചുള്ള യാത്ര ഒരു ഉത്സവം പോലെ അവർ ആഘോഷിച്ചു.മദ്യപാനവും പാട്ടും മേമൻ്റെ സംസാരവും എല്ലാം കൂടി ആയപ്പോൾ അവർ യാത്രാ ക്ലേശം മറന്നു.
എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് അവർ പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ വീരരാജ്പേട്ടയിൽ എത്തിചേർന്നു.
ഇത്രയും എളുപ്പത്തിൽ ഈ കൊടുംകാട്ടിൽ ഇങ്ങനെയൊരു വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല.
ദൂരം ശങ്കരൻ നായർ കണക്കുകൂട്ടി നോക്കി,വെറും നാൽപതു മൈൽ മാത്രം .നായർ വളരെ ആവേശത്തിലായി.പകുതി ജോലി പൂർത്തിയായിരിക്കുന്നു.
ഇന്ന് ഇവിടെ താമസിച്ചിട്ടു നാളെ മൈസൂർക്ക് പോകാം”.നായർ പറഞ്ഞു.
“പക്ഷെ ഇനിയുള്ള വഴി മേമന് അറിയില്ല.എങ്കിലും അവനും നമ്മളുടെ കൂടെ പോരട്ടെ.”
രാത്രിയിൽ ആട്ടും പാട്ടും മദ്യപാനവുമായി എല്ലാവരും താമസിച്ചാണ് ഉറങ്ങിയത്.
എല്ലാവരും ഉറങ്ങി എഴുന്നേൽക്കാനും വൈകി..
.”ഇന്നുകൂടി ഇവിടെ തങ്ങാം,നാളെ മൈസൂർക്ക് യാത്ര തിരിക്കാം”.നായർ പറഞ്ഞു.
മേമൻഎഴുന്നേറ്റു കണ്ണുതുറന്ന ഉടനെ അന്വേഷിച്ചത് അവൻ്റെ നായ ബൂ വിനെയാണ്.അവൻ ചുറ്റുപാടും നോക്കി .
അവൻ്റെ ബൂ നെ കാണാനില്ല.
“ബൂ…………… ബൂ………….” അവൻ ഉറക്കെ വിളിച്ചു.
ബുവിനോടൊപ്പം നായരുടെ ആറേഴു തൊഴിലാളികളും അപ്രത്യക്ഷരായിരിക്കുന്നു.
മേമൻ അലറി “എൻ്റെ ബൂ എവിടെ.?”
ആരും ഒന്നും പറയുന്നില്ല.അവൻ തൻ്റെ മഴു എടുത്തു അതി ശക്തിയായി വട്ടം കറക്കി കൊണ്ടിരുന്നു. ഒന്ന് പിടിവിട്ടാൽ അവിടെ നിൽക്കുന്ന ആരുടെയെങ്കിലും ……………..
മേമൻ്റെ അപായകരമായ ഈ അഭ്യാസം കണ്ടു എല്ലാവരും ഭയന്നു.അവൻ്റെ സമനില തെറ്റിയിരിക്കുന്നു.
“ഇവിടെ എവിടെയെങ്കിലും കാണും നിൻ്റെ ബൂ.”അവർ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അവൻ അതൊന്നും ശ്രദ്ധിക്കാതെ “ബൂ……….ബൂ………”എന്ന് വിളിച്ചുകൊണ്ടിരുന്നു.
തൊട്ട് മുമ്പിൽ കണ്ട ഒരാളുടെ കഴുത്തിന് പിടിച്ചു് മഴു ഓങ്ങി അലറി.
“എന്റെ ബൂ എവിടെ ?നിങ്ങൾ അവനെ എന്ത് ചെയ്തു?”
ശങ്കരൻ നായർ വിചാരിച്ചു, ഇത് അപായകരമായ കളിയാണ്.അവൻ ആരെയെങ്കിലും ഉപദ്രവിച്ചാൽ ?
നായർ മേമൻ്റെ നേരെ കൈ ചൂണ്ടി അലറി “നീർത്തടാ ………..”
ഒരു നിമിഷം മേമൻ നായരെ തുറിച്ചു നോക്കി.ആ ആജ്ഞക്ക് മുൻപിൽ അവൻ കീഴടങ്ങി. കയ്യിൽ ഓങ്ങി പിടിച്ചിരുന്ന മഴു താഴെയിട്ടു.
പൊട്ടിക്കരഞ്ഞു.”ബൂ………..ബു……………”
അവൻ മുളപൊട്ടുന്നതുപോലെ കരയുകയാണ്.ഇടയ്ക്കു അവൻ്റെ പെണ്ണിനേയും വിളിക്കുന്നുണ്ട്. “മിന്നി……….മിന്നി…………..”
നായർ അവനെ തന്നെ നോക്കി നിന്നു അൽപനേരം.
പിന്നെ അടുത്ത് ചെന്നു. “രണ്ടു ദിവസത്തിനകം നിൻറെ ബൂ യാതൊരു കുഴപ്പവും ഇല്ലാതെ ഇവിടെ വരും”.
മേമൻ ദയനീയമായി നായരെ നോക്കി.
അവൻ വീണ്ടും വീണ്ടും കരഞ്ഞുകൊണ്ടിരുന്നു.നായർക്ക് അവൻ്റെ കരച്ചിൽ കണ്ട് സങ്കടം തോന്നി.
ഇടനെഞ്ചുപൊട്ടിപോകുന്നു.അവന് കഷ്ട്ടിച്ചു ഇരുപത്തഞ്ചു വയസ്സുകാണും.പക്ഷെ ഒരു കൊച്ചു കുട്ടിയെപ്പോലെ നിലവിളിക്കുകയാണ്
നിഷ്കളങ്കനായ ഈ പാവത്തിൻ്റെ കരച്ചിൽ കാണാൻ വയ്യ.ഒരു തെറ്റും ചെയ്യാത്ത അവനെ ഇങ്ങനെ വേദനിപ്പിച്ചുകൂട.
നായർ അടുത്ത് ചെന്നു.അവൻ്റെ തോളിൽ കൈ വച്ചു.
അവൻ അപ്പോഴും ഒരു കൊച്ചു കുട്ടിയെപ്പോലെ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.നായർ അവനെ നെഞ്ചോട് ചേർത്തു നിർത്തി പുറത്തു തലോടി.പിന്നെ വാരി പുണർന്നു
.”നിൻ്റെ ബൂ യാതൊരു കുഴപ്പവുമില്ലാതെ തിരിച്ചുവരും”.
അവൻ്റെ കരച്ചിൽ നിന്നു. നായരുടെ നെഞ്ചിൽ മുഖമമർത്തി കരച്ചിലടക്കി അവൻ നിന്നു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ…
ആർത്തലച്ചു് വരുന്ന തിരമാലകൾ കരയെ വിഴുങ്ങും എന്ന് കരുതിയ നിമിഷങ്ങളിൽ പെട്ടന്ന് ശാന്തമായതുപോലെ ആയി മേമൻ .അവൻ്റെ ഹൃദയം തകർന്നുള്ള നിലവിളി കണ്ടു നിന്നവർക്കും സഹിക്കാൻ കഴിയുമായിരുന്നില്ല..
നായരുടെ സ്നേഹപ്രകടനങ്ങൾ അവനെ കീഴടക്കി.അത് വെറും അഭിനയമായിരുന്നില്ല.ശരിക്കും നായർ ഉള്ളിൽ തട്ടിയാണ് അവനെ ആശ്വസിപ്പിച്ചത്.
“നിൻറെ ബൂ നിൻറെ അടുത്തുവരും”,നായർ അവനോട് പറഞ്ഞു.ആ വാക്കുകളിലെ സ്നേഹം അവൻ തിരിച്ചറിഞ്ഞു.
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ നായരുടെ ആശ്ലേഷത്തിൽ ആശ്വസിച്ചു.ശങ്കരൻ നായർക്ക് കുറ്റബോധം തോന്നാതിരുന്നില്ല.നായർ തയ്യാറാക്കിയ പ്ലാൻ അനുസരിച്ചു് നായരുടെ ജോലിക്കാർ ബൂ നേയും കൊണ്ട് മൈസൂർക്ക് പോയിരിക്കുന്നു.
ശങ്കരൻ നായർ ദീർഘ ശ്വാസം വിട്ടു.
പടർന്ന് പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങളുടെ ഇലകൾക്കിടയിലൂടെ പ്രകാശത്തിൻ്റെ പുള്ളിക്കുത്തുകൾ അവരുടെ ദേഹത്ത് പതിച്ചുകൊണ്ടിരുന്നു.
പക്ഷേ ശങ്കരൻ നായർ അടക്കം എല്ലാവരേയും ഭയപ്പെടുത്തിക്കൊണ്ട് മേമൻ ബോധംകെട്ടു വീണു.അവൻ്റെ വായിൽ നിന്നും നുരയും പതയും വന്നുകൊണ്ടിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ അവർ വിഷമിച്ചു.ശക്തിയായി വലിച്ചുകൊണ്ടിരുന്നു അവൻ്റെ ശ്വാസഗതി വളരെ പതുക്കെ ആയി.
അത് ശ്രദ്ധിച്ചുകൊണ്ടിരുന്ന അവർ ഉറക്കെ വിളിച്ചു.”,മേമൻ ……മേമൻ………….”
കുടകിലെ മലകൾ ആ വിളി ആവർത്തിച്ചു ,”മേമൻ ………..മേമൻ …….”

തുടരും)

.

ജോൺ കുറിഞ്ഞിരപ്പള്ളി