literature

അധ്യായം 29
സി. എം.സി യിലെ നീതിയും അനീതിയും

നാട്ടിലേയ്ക്ക് പോകുമ്പോള്‍ മനസു നിറയെ ഭാരമായിരുന്നു.ആശങ്ക മുഴുവന്‍ മാതാപിതാക്കളുടെ സമീപനം എന്തായിരിക്കും എന്നായിരുന്നു. ഭാഗ്യവശാല്‍ രണ്ടു വീട്ടുകാരില്‍ നിന്നും യാതൊരു വിദ്വേഷമോ പ്രകോപനമോ ഉണ്ടായില്ല. എല്ലാ ഭാരവും മാറിയിരിക്കുന്നു. പ്രത്യേകിച്ചും ഓമനയുടെ മാതാപിതാക്കള്‍ കേട്ട കഥകള്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ നിശേഷം തുടച്ചുമാറ്റാന്‍ കഴിഞ്ഞു. എനിക്ക് ഒരിക്കല്‍ കൂടി എന്റെ ജന്മനാടിന്റെ മനോഹാരിതയും, പ്രിയപ്പെട്ട കൂട്ടുകാരേയും കാണാന്‍ കഴിഞ്ഞു. ഓമന എന്റെ ഭാര്യയായി വന്നതിനു ശേഷം എന്നിലെ കോപവും വാശിയും കുറെ കുറഞ്ഞു. ജീവിതത്തെ കുറച്ചു കൂടി സ്‌നേഹിക്കാന്‍ കഴിഞ്ഞു. സ്‌നേഹവും ദൈവഭയവുമുള്ള സ്ത്രീകളെങ്കില്‍ ഒരു സന്തുഷ്ട കുടുംബത്തിന്റെ തണലുണ്ടായിരിക്കും. ഭര്‍ത്താവ് കുടുംബത്തിന്റെ കിരീടമെങ്കില്‍ ഭാര്യ കുടുംബത്തിനു വെളിച്ചമാണ്. ദൈവം പണിയുന്ന ഭവനം എന്നും നിലനില്‍ക്കുമെന്നും പണക്കൊഴുപ്പിന്റെ,സൗന്ദര്യത്തിന്റെ പൂമെത്തകളുടെ ഭവനത്തിന് ഒരു സന്തുഷ്ട കുടുംബം പടുത്തുയര്‍ത്താന്‍ കഴിയില്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പെങ്ങളുടെ മകള്‍ ജോളി ഒപ്പമുള്ളതു മൂലം എന്നോട് കൂടുതല്‍ സംസാരിക്കാതെ അവളുമായിട്ടാണ് ചങ്ങാത്തം. എന്തൊക്കെയോ പറഞ്ഞവര്‍ ചിരിക്കുന്നുണ്ട്.

സ്റ്റേഷനുളളിലും ട്രെയിനിലും യാചകരെ ധാരാളമായി കണ്ടു. ഇവര്‍ക്കായി ഒരു പണക്കിഴി കരുതണമെന്നു തോന്നി. ഒടുവില്‍ ഞാനവരെ ശ്രദ്ധിക്കതെയായി. ഈ പാവങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരല്ലേ അല്ലാതെ വഴിയാത്രക്കാരല്ലല്ലോ. പാവങ്ങളോടു കരുണയില്ലാത്ത ഭരണകൂടങ്ങള്‍. ജോളി ഒരു സ്വപ്‌നത്തിലെന്നപോലെ പുറത്തെ കാഴ്ച്ചകള്‍ കണ്ടും ഓമന വായനയിലും മുഴുകിയിരുന്നു. ഞാന്‍ രണ്ടു രാത്രിയിലും ശരിക്ക് ഉറങ്ങിയില്ല. കാരണം ട്രെയിനില്‍ യാത്രക്കാര്‍ മാത്രമല്ല അജ്ഞാതരായി വരുന്ന കളളന്മാരുമുണ്ടായിരുന്നു. അതിനാല്‍ കണ്ണടച്ചൊന്നുറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കൊപ്പമുളളവര്‍ സുഖമായുറങ്ങി. ഉറക്കമില്ലായ്മ കാരണം കണ്‍പോളകള്‍ക്ക് ക്ഷീണമുണ്ടായിരുന്നു. ഞങ്ങള്‍ ലുധിയാനയില്‍ എത്തിച്ചേര്‍ന്നു.

അടുത്ത ദിവസം തന്നെ ജോളി ജോലി ആരംഭിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ ജോലിയുളള ചിലര്‍ക്ക് വല്ലാത്തൊരു മനോവിഷമമുണ്ടായി. അവരൊക്കെ ഇതിനു മുന്‍പെങ്ങോ അവരുടെ ഏതോ ബന്ധുക്കള്‍ക്ക് ജോലിക്ക് പലവട്ടം അപേക്ഷിച്ചിട്ടും കിട്ടിയില്ല. അതിനാല്‍ അവര്‍ക്ക് വിജയ് ഉമ്മനോട് നീരസ്സമുണ്ടത്രെ. പര്‍ചേസ് വകുപ്പിലെ നടേശന്‍ രഹസ്യഭാവത്തില്‍ എന്നോടിതു പറഞ്ഞപ്പോള്‍ ഞാന്‍ മറുപടി കൊടുത്തത്, അത് വിജയ് ഉമ്മന്റെ കുറ്റമല്ല നടേശാ അങ്ങേര് ആരുടേയും സ്വാധീനത്തിനു വഴങ്ങുന്ന ആളല്ലെന്നെല്ലാവര്‍ക്കുമറിയാം. ഒന്നുകില്‍ ശുപാര്‍ശയുമായി ചെന്നു കാണും, അല്ലെങ്കില്‍ വന്ന വ്യക്തി ആ ഇന്റര്‍വ്യൂവില്‍ തോറ്റു കാണും.

മലയാളിയല്ലേ വായില്‍ തേനും അകത്തല്പം വിഷവും കാണും. നടേശനെ ഉദ്ദേശിച്ചാണ് ഞാനതു പറഞ്ഞത്. നടേശന്‍ യാത്ര പറഞ്ഞുപോയപ്പോള്‍ തോന്നിയതും ഇത്രയും പറഞ്ഞില്ലെങ്കില്‍ അങ്ങേര്‍ക്ക് ഉറക്കം വരികയില്ലായിരിക്കും. ഇതിനല്ലേ പരദൂഷണം എന്നൊക്കെ പറയുന്നത്. എന്നെ വലിയ ഇഷ്ടമാണ് എന്നിട്ടും ഇതല്പം തന്നിട്ടു പോകാമെന്നു കരുതിക്കാണും. മറ്റുളള സ്ഥലങ്ങളില്‍ കണ്ടത് മലയാളികള്‍ പരസ്പരം സഹായിക്കുന്നതാണ്. എവിടെയായാലും വഷളന്മാര്‍ക്ക് വളരാന്‍ വളമൊന്നും വേണ്ടട്ടോ.
ഒരു ഞായറാഴച്ച രാവിലെ സി. എം. സി യുടെ ഉദ്യാനങ്ങളും കൃഷിസ്ഥലങ്ങളും കോണ്‍ട്രാക്റ്റ് ലഭിച്ച പഞ്ചാബി ക്രിസ്ത്യന്‍ റോബര്‍ട്ടാ എന്റെയടുക്കല്‍ നീലിഗ എന്നു വിളിക്കുന്ന ഒരു കാട്ടു മൃഗത്തിന്റെ മൂന്നു നാലു കിലോ ഭാരമുളള ഇറച്ചിയുമായി വന്നിട്ടു പറഞ്ഞു, ഞങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ കാട്ടില്‍ മൃഗങ്ങളെ വേട്ടയാടാന്‍ പോയിരുന്നു. നീലിഗ എന്ന മൃഗത്തിന്റെ ഇറച്ചിയാണ് എല്ലാ ഇറച്ചികളില്‍ വച്ചും ഔഷധഗുണമുളളത്. ഞാന്‍ ആ മൃഗത്തെപ്പറ്റി ചോദിച്ചറിഞ്ഞു. ഒരു കാട്ടുപോത്തിനേക്കാള്‍ വലിപ്പമുണ്ട്. അതിന്റെ നിറം കറുപ്പും ചുവപ്പുമാണ്. വല്ലപ്പോഴൊക്കെ കാട്ടില്‍ ഇതിനെ വെടിവെച്ചിടാന്‍ ഞങ്ങള്‍ പോകാറുണ്ട്.

എത്ര രൂപയെന്നു ചോദിച്ചപ്പോള്‍, ഇതു സാബിനു എന്റെ വകയായി തരാന്‍ കൊണ്ടു വന്നതാണ് കാശൊന്നും വേണ്ട എന്നു പറഞ്ഞു. പുതുതായി ലഭിച്ച കോണ്‍ട്രാക്റ്റിനുളള ഒരു സമ്മാനം. ഇനിയും പോകുമ്പോഴും കൊണ്ടു വരാം. പുതിയ കരാര്‍ ഒപ്പിട്ട് പലരും പോയിട്ടുണ്ട്. അതിനൊരു സമ്മാനം ഇവിടുത്തെ രീതിയാണോ എന്ന് തോന്നി.ഇതിനു മുമ്പ് ഒരാള്‍ സൈക്കിള്‍ തന്നു. മറ്റൊരാള്‍ എന്താവശ്യപ്പെട്ടാലും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു. ഈ സമ്മാനമാണോ അധികാരത്തിലുളളവര്‍ കൈക്കൂലിയായി വാങ്ങുന്നതെന്നു തോന്നിയ നിമിഷങ്ങള്‍. സന്തോഷത്തോടെ മുന്നില്‍ നിന്ന റോബര്‍ട്ടിനോടു പറഞ്ഞു, ഇനിയും കാശുവാങ്ങാത്ത സമ്മാനം കൊണ്ടുവന്ന് എന്നെ സഹായിക്കരുത്. ഇതു സ്വീകരിക്കുന്നു. അതിന് ഒത്തിരി നന്ദി. മാസങ്ങള്‍ കഴിഞ്ഞും റോബര്‍ട്ട് ഈ ഇറച്ചി കൊണ്ടുവന്നിട്ടുണ്ട്. കൊടുക്കുന്ന കാശു വാങ്ങി അയാള്‍ മടങ്ങും. എനിക്ക് തോന്നിയത് ഇതും ഇയാളുടെ കച്ചവടമായിരിക്കുമെന്നാണ്. ഓമനയുടെ പരാതി മറ്റൊന്നാണ്, എത്ര കഴുകിയാലും രക്തമില്ലാതാകുന്നില്ല. പത്തു വട്ടം കഴുകിയാലും രക്തമുണ്ട്. ഇങ്ങനെയും മൃഗങ്ങളുണ്ടോ?.

മഞ്ഞുകാലം തുടങ്ങി. അസ്സോസ്സിയേഷന്റെ പല പരിപാടികളില്‍ നിന്ന് മാത്രമല്ല ട്രഷറര്‍ ചുമതലയില്‍ നിന്ന് മാറി എഴുത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. ജോളിയും നോവല്‍ പകര്‍ത്തിയെഴുതുന്നതില്‍ എന്നെ സഹായിച്ചു. ഗവേണിംഗ് ബോഡി മീറ്റിംഗ് തുടങ്ങാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. അതോടെ ജോലി ഭാരമേറി. മെഡിക്കല്‍ സൂപ്രണ്ടിന്റെ ഒഫീസിലെ സെക്രട്ടറി ലാസറാണ് എന്റെ സഹായിയായി വരുന്നത്. ഞാന്‍ അവധിക്ക് പോവുമ്പോഴൊക്കെ ലാസറാണ് എന്റെ ജോലികള്‍ ഏറ്റെടുക്കുന്നത്. ഇതിനിടയില്‍ മലയാളി സമാജത്തിന്റെ ഓണപ്പരിപാടിയില്‍ ഒരു പ്രസംഗകനായി എന്നെയവര്‍ ക്ഷണിച്ചു. അതു ശനിയാഴ്ചയായതിനാല്‍ വെളളിയാഴ്ച്ച വൈകിട്ട് ലുധിയാനയില്‍ നിന്നു ബസ്സിനു ഡല്‍ഹിയിലെത്തി രാമേട്ടനോടൊപ്പം താമസ്സിച്ചിട്ട് ഞായറാഴ്ച്ച അവിടുന്ന് തിരിച്ചു. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ രാമേട്ടനടുത്തുളള പലരും ഡല്‍ഹിക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. ഇവിടെയും അവിടെയും കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളെ അഭിമാനപൂര്‍വ്വമാണ് ഞാന്‍ കണ്ടത്. ഡല്‍ഹി എന്റെ മനസില്‍ തങ്ങിനിന്ന ഒരു വികാരമായിരുന്നു. ഗവേണിംഗ് ബോഡിമീറ്റിംഗ് കഴിഞ്ഞതോടെ ജി. എസ് അവധിക്കു പോയി. അദ്ദേഹം മടങ്ങി വന്നിട്ട് വേണം എനിക്കും അവധിക്ക് പോകാന്‍. എല്ലാ ആഴ്ച്ചകളായിട്ടും നടന്നു കൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രി മീറ്റിംഗുകള്‍ക്ക് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ട്രഷറര്‍ ചുക്കാന്‍ പിടിക്കും. അതിന്റെയെല്ലാം മിനിറ്റ്‌സ് തയാറാക്കി അയക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ജി. എസ് ഉളളപ്പോള്‍ എനിക്ക് കൂടുതല്‍ സഹായകരമായിരുന്നു. അദ്ദേഹമില്ലാത്തതിന്റെ ക്ഷീണം ഞാനിപ്പോള്‍ മനസിലാക്കി.
ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതും അകത്തേക്ക് വരുന്നതുമായ സാധനങ്ങളും ഗേറ്റിലുളള സെക്യൂരിറ്റി പരിശോധിച്ച് ഗേറ്റ് പാസ്സില്‍ അതെഴുതി വിടാറുണ്ട്. സെക്യൂരിറ്റിയിലുളളത് പഞ്ചാബികളാണ്. ദൈനം ദിനം നടക്കുന്ന എല്ലാ പാസുകളും ജി. എസിന്റെ ഓഫീസിലാണ് എത്തിക്കുന്നത്. ഞാന്‍ ചെക്ക് ചെയ്ത് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജി. എസിനെ അറിയിക്കും. നിത്യവും രാവിലെ പ്രാര്‍ത്ഥന കഴിഞ്ഞ് ജോലിക്കു പോകുന്നവരെ ഞാന്‍ സംശയിച്ചിരുന്നില്ല. അതിനാല്‍ ഗേറ്റു പാസുകള്‍ ഞാനധികം സൂഷ്മമായി പരിശോധിക്കാറില്ല. ജി. എസ് അവധിക്കു പോയപ്പോഴാണ് ഞാനതില്‍ ശ്രദ്ധിച്ചത്. ജി. എസിന്റെ ഇല്ലായ്മയില്‍ എന്തെങ്കിലും അതിക്രമം ആരെങ്കിലും കാണിച്ചാല്‍ ഞാന്‍ ഉത്തരം പറയണം.

ചില ഗേറ്റ് പാസ്സുകള്‍ പരിശോധിച്ചപ്പോള്‍ സ്‌റ്റോറില്‍ നിന്നും വിലപിടിപ്പുളള കസേര, മേശ, ഫ്രിഡ്ജ് തുടങ്ങിയ ധാരാളം സാധനങ്ങള്‍ പുറത്തേക്കു പോയിട്ടുണ്ട്. എന്റെ സാമാന്യ ബുദ്ധിയില്‍ അതുള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. എന്റെ മുന്നില്‍ ഇതാവശ്യപ്പെട്ടുളള ഒരു അപേക്ഷയും കണ്ടതായി അറിവില്ല. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സര്‍ദാരുമായി ഈ വിഷയം സംസാരിച്ചു. അയാള്‍ എന്റെ മുന്നില്‍ കൈമലര്‍ത്തി കാണിച്ചിട്ടു പറഞ്ഞു.സ്റ്റോര്‍ സൂപ്പര്‍വൈസര്‍ക്കും അധികാരമുളളതു കൊണ്ടല്ലേ സാധനങ്ങള്‍ പുറത്തേക്കു വിടുന്നത്. ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും. ഇതൊക്കെ എങ്ങോട്ടു പോയി എന്ന് അയാള്‍ക്ക് അറിയില്ല. അതൊരു കൊളളയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിജയ് ഉമ്മന്റെ മുന്നില്‍ വിഷയം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു, തീര്‍ച്ചയായും അറിയണം ഇതെങ്ങോട്ടു പോയി എന്ന്. ഡോ.ബാബു പോളിന്റെ മുന്നില്‍ കാര്യം പറയുക. അതു വരെ ഇതു മറ്റാരുമറിയേണ്ട.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞാന്‍ നിശബ്ദനായി ബാബു പോളിന്റെ വരവും കാത്തിരുന്നു.അതില്‍നിന്നും ഞാന്‍ മനസിലാക്കിയത് സ്റ്റോര്‍ സൂപ്പര്‍വൈസറായ അബ്രഹാമിനെ അന്ധമായി വിശ്വസിച്ചു. മലയാളികള്‍ കളളത്തിനും ചതിക്കും കൂട്ടു നില്‍ക്കുന്നവരല്ല. അതാണ് എന്റെ അനുഭവം. എന്റെ മുന്നില്‍ സ്‌നേഹബഹുമാനത്തോടെ ചിരിച്ചു കളിച്ചു നടന്നവര്‍ സ്വന്തം തൊഴിലില്‍ കളളം കാട്ടുമെന്നോ. ഒരു കളളന്റെ മൂടുപടമണിഞ്ഞ് ഇങ്ങനെയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുമോ എന്നുളളതായിരുന്നു. ഈ കാര്യത്തല്‍ ഒരു ദയയോ, കരുണയോ ഈ മനുഷ്യന് കൊടുക്കാന്‍ പാടില്ല. വിശ്വാസ വഞ്ചനയാണ് കാട്ടിയത്. ധാരാളം ഇതുപോലെ കടത്തിക്കാണും.അതിന് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണമെന്ന ആഗ്രഹത്തോടെ ജി. എസ് വന്നപ്പോള്‍ ഇതവതരിപ്പിച്ചു. അബ്രഹാമിനെ വിളിപ്പിച്ചു. അവര്‍ അകത്തെ മുറിയില്‍ അരമണിക്കൂറോളം നിശബ്ദമായി സംസാരിച്ചു. സൂപ്പര്‍വൈസര്‍ എന്നെ രൂക്ഷമായി നോക്കിയിട്ടു മടങ്ങിപ്പോയി. ജി. എസ് ഫാര്‍മസിയിലേക്ക് പോകാനിറങ്ങുമ്പോള്‍ എന്നോടു പറഞ്ഞു .ഇതു ഞാന്‍ ഡീല്‍ ചെയ്‌തോളാം. ആ മുഖത്ത് ഗൂഢമായ ഒരു മന്ദഹാസം ഞാന്‍ കണ്ടു. ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ ജി. എസിനെ ഞാന്‍ നിശബ്ദം നോക്കിയിരുന്നു. തെറ്റു ചെയ്തവനെ ന്യായികരിച്ചാണോ വിട്ടത്, അതോ ഇതില്‍ പങ്കാളിയാകാനുളള ശ്രമമോ?.

ആഴ്ചകള്‍ മാസങ്ങളായി മാറി എന്റെ പരാതിയില്‍ ഒരനക്കവുമില്ല. ജി. എസിനോടു ചോദിച്ചു ഒട്ടും താല്പര്യമില്ലാതെയാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌നേഹനിധിയായവന്റെ രഹസ്യം പരസ്യമാക്കാന്‍ താല്പര്യമില്ലെന്നു ഞാന്‍ മനസ്സിലാക്കി. എനിക്ക് എന്നോടു തന്നേ വെറുപ്പു തോന്നി. ഒരു കുറ്റവാളിയെ രക്ഷിക്കന്‍ ഇദ്ദേഹമെന്തിനു ശ്രമിക്കണം. മലയാളി ആയതു കൊണ്ടോ, സ്വന്തം ജാതി ആയതു കൊണ്ടോ, അതോ തന്റെ വകുപ്പുകളില്‍ ഇങ്ങനെയുളള അനീതികള്‍ നടക്കുന്നത് മറ്റുളളവര്‍ അറിയുമോ എന്ന ഭീതിയോ. അതിനേക്കാള്‍ ഞാന്‍ പ്രകോപിതനായത് ഞാന്‍ കൊടുത്ത പരാതിയില്‍ എന്നെ എഴുതി തളളിയതാണ്. അങ്ങനെയെങ്കില്‍ ഈ ജോലി ഇവിടെ തുടരുന്നതില്‍ എന്തര്‍ത്ഥം. ഇവര്‍ എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും ഞാനതു പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും.
ജി. എസ് ഫാര്‍മസിയില്‍ ഡോക്ടറേറ്റുളളയാളാണ്. വിവിധ വകുപ്പുകളുടെ പരമാധികാരിയുമാണ്. അതുകൊണ്ട് അനീതി ചെയ്യുന്നവരെ സംരക്ഷിക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ എനിക്കാവില്ല. നിത്യവും നടത്തുന്ന പ്രാര്‍ത്ഥനയുടെ പരിശുദ്ധിയെ വരെ അശുദ്ധമാക്കിയില്ലെ. എന്നെ കാണുമ്പോഴൊക്കെ സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍ ഗൗരവം നടിച്ചു. ജി. എസ് ഈ വിഷയം മാന്യമായും സത്യമായും അന്വേഷിച്ചില്ലെങ്കില്‍ ഞാനത് ധൈര്യപൂര്‍വ്വം ഏറ്റെടുക്കുക തന്നെ ചെയ്യും. ഈ ജോലി നഷ്ടപ്പെടുമോ എന്ന ഭയവുമില്ല.
ജീവിതകാലം മുഴുവന്‍ ഈ ജോലി ചെയ്യാമെന്ന് ഞാനാരുമായും കരാര്‍ ചെയ്തിട്ടുമില്ല. ഞാനിതു വെറുതെ ആരോപിച്ച ഒരു കാര്യമല്ല. ഒരു ഭരണാധികാരി എന്നനില്ക്ക് ഒരന്വേഷണമെങ്കിലും നടത്തേണ്ടതല്ലേ. കുറ്റം ചെയ്തവന്‍ സന്തോഷത്തോടെ ആ കസേരയിലിരിക്കുന്നു. ഇിതിനെക്കുറിച്ച് ഒരു ഉത്കണ്ഠയുമില്ല. ജി. എസിന്റെ സ്വാധീനവും അധികാരവും കണ്ടാണവന്‍ ഈ കളളവും വിശ്വാസവഞ്ചനയും നടത്തുന്നതെന്ന് ഞാന്‍ മനസിലാക്കി. ഞാനീവിഷയം എന്നെ ഏറെ ഇഷ്ടപ്പെടുന്ന മെഡിക്കല്‍ സൂപ്രണ്ടായ ഈ. ആര്‍. ചന്ദറിന്റെ മുന്നില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചോദ്യം എന്തുകൊണ്ട് ജി. എസ് നടപടി എടുക്കുന്നില്ല. ഇതില്‍ നിന്നു വഴുതി മാറുന്നു. ഈ സ്ഥാപനത്തില്‍ ഇത്തരക്കാരെ സംരക്ഷിക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അഡ്മിന്‍ കമ്മിറ്റി മുമ്പാകെ പരാതി കൊടുക്കണം. അഡ്മിന്‍ കമ്മിറ്റി മുമ്പാകെ ജി. എസ് വിചാരണ നേരിടുമെന്ന് എനിക്കറിയാമായിരുന്നു. അതേ ആഴ്ച്ച തന്നെ മൂന്നു ദിവസത്തേ അവധിയെടുത്ത് ഞാന്‍ ഡല്‍ഹിക്ക് പോയി.

എന്റെ പരാതി ജി. എസിന്റെ ആത്മാഭിമാനത്തിന് അപമാനമായി മാറിയാല്‍ പിന്നീട് ഞാനിവിടെ തുടരുന്നതും ഒട്ടും ശുഭകരമല്ല. അനീതിക്ക് കൂട്ടുനിന്നു കൊണ്ട് അവിടെ തുടരുന്നതിന് എന്റെ മനസാക്ഷി അനുവദിക്കില്ലെന്ന് എനിക്കറിയാം. എന്റെ തീരുമാനങ്ങള്‍ ഞാന്‍ ഓമനയുമായി പങ്കുവച്ചു. ഡല്‍ഹിക്കു പോകാന്‍ അവള്‍ക്കു താത്പര്യമായിരുന്നു. ഡല്‍ഹിയില്‍ ചെന്ന് ആദ്യം പോയത് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. ഓമനയ്ക്കു വേണ്ടി അവിടെ ആപ്‌ളിക്കേഷന്‍ കൊടുത്തു. അതിനു ശേഷം ഹോട്ടല്‍ ഒബ്‌റോയിയുടെ ഉടമസ്ഥന്‍ എം. എസ്. ഒബ്‌റോയിയുടെ കൊച്ചുമകന്‍ രാജീവ് ഖന്നയെ കാണാനാണ് പോയത്. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാറോട്ടക്കാരനാണ്. ഹിമാലയന്‍ കാര്‍ റാലി, കെനിയന്‍ കാര്‍ റാലി അങ്ങനെ കാര്‍ റാലികളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. പല കാറോട്ട മത്സരങ്ങളില്ല വിജയം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാറോട്ട മത്സരം ഞാന്‍ പത്രത്തില്‍ ജോലിയുളളപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എനിക്കൊരു ജോലി വേണമെന്ന് അറിയിച്ചപ്പോള്‍ അതിനദ്ദേഹം ശ്രമിക്കാമെന്ന് ഉറപ്പു നല്‍കി. ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തി അഡ്മിന്‍ കമ്മിറ്റിക്ക് പരാതി കൊടുത്തിട്ട് ഞാന്‍ അവധിയില്‍ പ്രവേശിച്ചു.

അദ്ധ്യായം – 28
കേരളത്തിലെ അനുഭവങ്ങള്‍

നാടകകൃത്തും സിനിമ ഗാനരചയിതാവുമായ വിജയന്‍ അല്പസമയം എന്റെ വിശേഷങ്ങള്‍ തിരക്കിയിട്ട് ഏതാനും പുസ്തകങ്ങള്‍ തന്നു. എന്നിട്ട് ഞാന്‍ ഏല്‍പിച്ച നാടകത്തിലേക്ക് കണ്ണോടിച്ചു. ഞാന്‍ പുസ്തകങ്ങള്‍ ഓരോന്നായി നോക്കി. അതില്‍ എന്റെ അടുത്തു വള്ളികുന്നം പഞ്ചായത്തിലെ തോപ്പില്‍ ഭാസിയുടെ ”പുതിയ ആകാശം പുതിയ ഭൂമി”യുമുണ്ടായിരുന്നു. എന്റെ മൂത്ത പെങ്ങള്‍ സലോമിയെ അതിനടുത്താണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. അളിയന്‍ ജോര്‍ജില്‍ നിന്ന് ഞാനറിഞ്ഞത് തോപ്പില്‍ ഭാസി വളരെ അപൂര്‍വ്വമായിട്ടേ കുടുംബത്ത് വരാറുളള എന്നാണ്. അതിനാലാണ് ശ്രീമൂല നഗരം വിജയനെ കത്തിലൂടെ ബന്ധപ്പെട്ടത്. നാടകത്തെപ്പറ്റിയുളള ഒരു ചെറുവിവരണവും അതിന്റെ വ്യക്തതകള്‍ക്ക് വേണ്ടി ആദ്യത്തെ രംഗവും തപാല്‍ വഴി അയച്ചു കൊടുത്തിരുന്നു.

കടല്‍ക്കര എന്ന നാടകത്തില്‍ നടക്കുന്നതും നടക്കാനിരിക്കുന്നതും വ്യക്തമായി അദ്ദേഹം മനസ്സിലാക്കി കാണുമെന്നാണ് എന്റെ വിശ്വാസം. ഞങ്ങള്‍ രണ്ടും വായനയില്‍ മുഴുകിയിരിക്കുമ്പോഴാണ് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചത്. ഭക്ഷണം കഴിച്ചിട്ട് വീണ്ടും വായനയില്‍ മുഴുകി നാടകത്തില്‍ മറ്റ് മൂന്നു രംഗങ്ങളും അതിലെ ഗാനങ്ങളും വായിച്ചതിനു ശേഷം നാടകത്തെപ്പറ്റി എഴുതി. അവതാരികയിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്. നാലുമണിപ്പൂ സുന്ദരിയാണ്. അല്‍പായുസ്സുകാരിയും ദുര്‍ബലയെങ്കിലും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ അതിശക്തയാണ്. ഈ പ്രപഞ്ചസത്യം കണ്ടെത്തുന്ന കരുത്തനായ അന്വേഷകനാണ് കവി. കാണുന്നതെല്ലാം ഉള്‍ക്കൊളളണമെന്നില്ല, കുറിക്കുന്നതെല്ലാം കവിതയാകണമെന്നുമില്ല. ആയിരം ചിപ്പികള്‍ ചികഞ്ഞാലും അപൂര്‍വ്വമായിട്ടല്ലേ മുത്തു നേടാന്‍ കഴിയൂ. വൈവിധ്യമാര്‍ന്ന കടല്‍ക്കരയിലെ തീഷ്ണഭാവങ്ങള്‍ക്ക് നിറം പകര്‍ന്ന മത്സ്യത്തൊഴിലാളികളുടെ സംഘര്‍ഷാത്മകമായ ജീവിതം കാരൂര്‍ ഡാനി ഇവിടെ നാടകരൂപത്തിലാക്കിയിരിക്കുന്നു. എല്ലാ ആശിസ്സുകളും നാടകകൃത്തിന് അര്‍പ്പിക്കുന്നു. ഈ നാടകം പുറത്തിറങ്ങിയതിനു ശേഷമാണ് എന്റെ പേര് വിളിപ്പേരായ സോമനായത്. അദ്ദേഹവുമായി കുറച്ചു നേരം വീണ്ടും സംസാരിച്ചിരുന്നു. അതില്‍ പറഞ്ഞത് നാടകകൃത്ത് കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊടുക്കുമ്പോള്‍ അതിന്റെ പൂര്‍ണ്ണരൂപത്തിലും ഭാവത്തിലും അഭിനയിച്ചില്ലെങ്കില്‍ നാടകം പരാജയപ്പെടുമെന്നാണ്. നാടകകൃത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഥാപാത്ര സൃഷ്ടി നടത്തുമ്പോള്‍ അതിലൊരു ആസ്വാദനതലമുണ്ടാകണം. ഈ നാടകത്തില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് പാവങ്ങളുടെ നൊമ്പരങ്ങള്‍ സത്യസന്ധമായി എത്തിക്കുന്നു എന്നുളളതാണ്. എഴുത്ത് മുടക്കാതെ തീവ്രമായി തുടരുക. അതിനിടയില്‍ ഞാന്‍ പറഞ്ഞു ”അങ്ങെഴുതിയ എന്റെ ഗ്രാമം എന്ന സിനിമയിലെ യേശുദാസ് പാടിയ ഗാനം എനിക്കേറെ ഇഷ്ടമുളളതാണ്.” ഗുരുദക്ഷിണ കൊടുത്തിട്ട് ഞാന്‍ അവിടെ നിന്ന് ഇറങ്ങി നടന്നു.

എറണാകുളത്ത് നിന്ന് ബസ്സില്‍ വന്നിറങ്ങിയത് കോട്ടയത്താണ്. അവിടെ നിന്നു ബേക്കര്‍ ജംഗ്ഷനിലുളള വിദ്യാര്‍ത്ഥി മിത്രം ഓഫിസിലെത്തി ഈ നാടകം കൈമാറി. അത് വായിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞ് അതിന്റെ ആദ്യത്തെ പേജില്‍ ലുധിയാനയിലെ വിലാസം എഴുതിക്കൊടുത്തു. അവിടെ നിന്ന് ഏതാനും പുസ്തകങ്ങള്‍ വാങ്ങിയിട്ട് സാഹിത്യ സഹകരണ പ്രസ്ഥാനത്തിന്റെ വിതരണവിഭാഗമായ എന്‍.ബി. എസ്സിന്റെ പുസ്തകക്കട ചോദിച്ചറിഞ്ഞ് അവിടേക്കു പോയി. മലയാള മനോരമക്കടുത്തുളള പുസ്തക കടയില്‍ നിന്നു കൈ നിറയെ പുസ്തകങ്ങള്‍ വാങ്ങി. ഓമന നോവല്‍ വായനക്കാരിയായതിനാല്‍ അതില്‍ കൂടുതലും നോവലുകളായിരുന്നു. കായംകുളത്ത് ബസ്സ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു. അവിടെ നിന്ന് പുനലൂരിലേക്കുളള അവസാനത്തേ ബസ്സില്‍ കയറി ചാരുംമൂട്ടിലിറങ്ങി വീട്ടിലേക്ക് നടന്നു. വീടിനു മുന്നിലെത്തിയപ്പോള്‍ വീട്ടിലെ നായ കുരച്ചു കൊണ്ടുവന്നിട്ട് വാലാട്ടി നിന്നു. തൂക്കി പിടിച്ചു വന്ന പുസ്തകങ്ങള്‍ കൈക്കു നല്ല വേദന തന്നു. അത് വരാന്തയിലെ മേശപ്പുറത്തു വച്ചപ്പോഴാണ് ഒരാശ്വസമായത്.

അച്ഛനും അമ്മയും ആ പൊതിയെ കണ്ടത് വീട്ടിലേക്ക് എന്തോ മേടിച്ചു കൊണ്ടു വന്നതായിട്ടാണ്. അടുക്കളയിലെ ജനാലയിലൂടെ പൊന്നമ്മ ഒളിഞ്ഞു നോക്കുന്നു. കൊണ്ടു വന്നത് എന്തെങ്കിലും മധുര പലഹാരങ്ങളാണോ എന്ന സംശയം. വീര്‍ത്തുന്തിയ പൊതി കണ്ടിട്ട് അമ്മ ചോദിച്ചു, എന്താട് ഇത്. അതിനുളളില്‍ എന്താണെന്നറിയാനുള്ള ആഗ്രഹമാണ്. ആ അന്വേഷണത്തില്‍ ഭാര്യവീട്ടില്‍ നിന്ന് എന്തെങ്കിലുമാണോ എന്നതും സംശയിക്കാം. എന്റെയുള്ളില്‍ ചിരിയൂറി. ഇതു കുറെ പുസ്തകങ്ങളാണ്.
അച്ഛന്‍ പറഞ്ഞത് പണ്ട് നീ കുഷ്ഠരോഗാശുപത്രിയില്‍ പോയി പുസ്തകമെടുത്തു കൊണ്ട് വരുന്നതിന് തല്ല് കിട്ടിയത് ഓര്‍മ്മയുണ്ടോ. ഞാന്‍ ആഹ്ലാദപൂര്‍വ്വം അതിനു മറുപടി കൊടുത്തു. ആ സുന്ദര നിമിഷങ്ങള്‍ എനിക്ക് മറക്കാന്‍ പറ്റുമോ. ഒരു നാടകത്തിന്റെ പേരിലാണല്ലോ എനിക്കിവിടുന്ന് പോകേണ്ടി വന്നത്. ഇപ്പോഴും നാടകം എഴുതുന്നുണ്ട്. അമ്മ ഇടപെട്ടു പറഞ്ഞത് നീ എഴുതണം ബുദ്ധിയുള്ളവരല്ലേ എഴുതുന്നത്. എല്ലാവര്‍ക്കും പറ്റുന്ന കാര്യമാണോ. അച്ഛന് എന്നെ തല്ലിയതില്‍ ഒരു കുറ്റബോധം തോന്നുന്നു. മനുഷ്യന്റെ സ്വഭാവം അങ്ങനെയാണ് പലതും തിരിച്ചറിയാന്‍ കാലങ്ങളെടുക്കും.

അടുത്ത ദിവസങ്ങളില്‍ തകഴി, തിരുനെല്ലൂര്‍ കരുണാകരന്‍, പാറപ്പുറത്ത്, കാക്കനാടന്‍, നൂറനാട് പോള്‍ തുടങ്ങിയവരെ കാണാന്‍ പോയിരുന്നു. എന്നെ കണ്ടയുടനെ തകഴിച്ചേട്ടന്റെ ശ്രദ്ധ തിരിഞ്ഞത് എവിടെ നീ എഴുതിയ നോവല്‍ എന്നായിരുന്നു. ഈ പ്രാവശ്യം ഒരു നാടകമാണ് എഴുതിക്കൊണ്ടു വന്നത്. അടുത്ത വരവില്‍ നോവല്‍ കൊണ്ടുവന്നു കാണിക്കാമെന്ന് ഉറപ്പു കൊടുത്തിട്ടാണ് ഉച്ചയ്ക്കുളള ഭക്ഷണം കഴിച്ചിട്ടിറങ്ങിയത്. മലയാള മനോരമയുടെ കേരള യുവ സാഹിത്യ സഖ്യ സിംബോസിയങ്ങളില്‍ കെ.പി.കേശവമേനോനെപ്പോലുള്ള പ്രതിഭാശാലികളായ എഴുത്തുകാരെ പരിചയപ്പെട്ടിരുന്നത് എന്റെ ഓരോ യാത്രയിലും ഓര്‍മ്മിക്കുമായിരുന്നു.

പ്രശസ്ത കവി തിരുനല്ലൂര്‍ കരുണാകരനൊപ്പം കാരൂര്‍ സോമന്‍

ഇപ്പോഴും എല്ലാവരില്‍ നിന്നും ലഭിച്ചത് സാഹിത്യത്തെ സൗന്ദര്യപൂര്‍ണമാക്കാന്‍ എങ്ങനെ കഴിയുമെന്നുളളതാണ്. ഇവരുടെ ഓരോ വാക്കുകളും സാഹിത്യം എന്തെന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുരു ഉപദേശങ്ങളാണ്. എല്ലാവരും പറഞ്ഞു കൂടുതലായി വായിച്ചു വളരണം. അത് സര്‍ഗ്ഗാത്മക രചനകളുടെ ആവശ്യത്തിനു മാത്രമല്ല ജീവിത വിജയത്തിനും പ്രയോജനപ്പെടും. എല്ലാവരേയും കണ്ടു മടങ്ങുമ്പോള്‍ മനസ്സിന് ഉന്മേഷവും ആത്മവിശ്വാസവുമാണുണ്ടായത്. നാട്ടിലുണ്ടായിരുന്നെങ്കില്‍ ഇവരില്‍ നിന്നെല്ലാം അറിവും പ്രോത്സാഹനവും ലഭിക്കുമായിരുന്നു. ഒരു പകല്‍ മുഴുവനായി ലെപ്രസ്സി സാനിറ്റോറിയത്തിലെ എന്റെ സുഹൃത്തുക്കളായ റഹിം, രാമചന്ദ്രനു വേണ്ടിയായിരുന്നു. രണ്ടു പേരും കുടുംബത്തില്‍ പരാധീനതകള്‍ ഉള്ളവരായിരുന്നു. മിക്ക മാസങ്ങളിലും അവരുടെ സാമ്പത്തിക ക്ലേശമകറ്റാന്‍ ഞാനും താല്പര്യം കാണിച്ചിരുന്നു. ലുധിയാന തുണിക്കടയില്‍ നിന്ന് ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് തുണിയെടുത്ത കൂട്ടത്തില്‍ ഇവര്‍ക്കും ഓരോ ഉടുപ്പു വാങ്ങിയിരുന്നു. ചെറുപ്പത്തില്‍ അവര്‍ എന്നോടു കാട്ടിയിരുന്ന നിര്‍വ്യാജമായ സ്‌നേഹം എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളു. ഞാനിവിടെ വന്ന് കുഷ്ഠരോഗികളുമായി ബന്ധപ്പെട്ടതിന് അച്ഛനില്‍ നിന്ന് അടി കിട്ടിയതും, ഭക്ഷണം തരാതിരുന്നതുമൊക്കെ അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ ഓര്‍ത്തു.

എതിര്‍പ്പുകളെ നേരിടുമ്പോഴാണ് ഒരു വ്യക്തിയില്‍ ധൈര്യവും വിജയവും കണ്ടെത്തുന്നതെന്ന് അന്നു ഞാന്‍ പഠിച്ചപാഠമാണ്. അവര്‍ക്കൊപ്പം ലൈബ്രറി കാണാനും പുതിയ പുസ്തകങ്ങള്‍ മറിച്ചു നോക്കാനും കഴിഞ്ഞുവെന്നല്ലാതെ ഒന്നും കൂടെ കൊണ്ടുവന്നില്ല. അതിന്റെ പ്രധാന കാരണം. തിരക്കിനിടയില്‍ വായിക്കാന്‍ സമയമില്ല. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ കണ്ട സന്തോഷം അലയടിച്ചു നിന്നു. എന്റെ മടക്ക യാത്രയില്‍ എനിക്കൊപ്പം ഗേറ്റു വരെ വന്നു. ചെയ്ത സഹായത്തിന് വീണ്ടും നന്ദി അറിയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. റഹീമിന്റെ സഹോദരിയെ പഠിപ്പിക്കുന്നതിനോ, രാമചന്ദ്രന്‍ ചേട്ടന്റെ അമ്മയുടെ ചികിത്സക്കോ എന്നാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളു. എന്നെ അറിയിക്കുന്ന കാര്യത്തില്‍ പിശുക്കു കാണിക്കാതിരിക്കുക. ഈ സ്‌നേഹം അനുകമ്പ എന്നൊക്കെ പറയുന്നത് വിനോദത്തിനു വേണ്ടിയുളളതല്ല. അതു മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. എനിക്ക് ഇതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളാണ്. പിന്നെ ജീവിതത്തില്‍ സുഖങ്ങള്‍ മാത്രം കണ്ടെത്തി അതിനെ താലോലിക്കുന്ന ഒരാളല്ല ഞാനെന്ന് നിങ്ങള്‍ക്കറിയാമല്ലോ. നമ്മള്‍ ഇന്നുവരെ സഹോദരങ്ങളെ പോലെയാണ് ജീവിച്ചത്. മരണം വരെ അങ്ങനെ തുടരുന്നതില്‍ നിങ്ങള്‍ക്ക് എതിര്‍പ്പുണ്ടോ. അവര്‍ കുതിര്‍ന്ന കണ്ണുകളോടെ എന്നെ നോക്കിയപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു. അവരെ സമാധാനിപ്പിച്ചു ഞാന്‍ മടങ്ങി.

അവിടെ നിന്ന് പടിഞ്ഞാറോട്ട് നടന്ന് തെക്കു ഭാഗത്തുള്ള വയലോരത്തു കൂടി എത്തിയത് ചെറപ്പത്തില്‍ നീന്തിത്തുടിച്ച കുളക്കരയിലാണ്. അല്പനേരം കുളത്തില്‍ നോക്കി നിന്നിട്ട് അതിനുത്തുള്ള വടക്കേ അറ്റത്തേ വീട്ടിലേക്ക് സുഹൃത്ത് രാമചന്ദ്രനെ കാണാന്‍ പോയി. അവന്റെ അമ്മയ്ക്ക് കടമറ്റത്തു കത്തനാരുടെ സേവയുളള ആളാണ്. ഒരു പൂജാമുറിയില്‍ പല ദൈവങ്ങളുടെ പടമുണ്ട്. ചെറുപ്പത്തില്‍ കണ്ടത് ധാരാളം പേര്‍ അവിടെ പല വിഷയങ്ങളറിയാന്‍ വന്നതാണ്. അന്നൊരു രാത്രിയില്‍ പൂജാമുറിയില്‍ കയറിയിരുന്ന് ഞാനെന്തോ തര്‍ക്കുത്തരം പറഞ്ഞതിന് അടുത്തുള്ള വലിയൊരു ചൂരല്‍ വടിയുമായി ഭദ്രകാളിയെ പോലെ എന്റെ നേരേ ചീറി വന്നതും ഞാനിറങ്ങി ജീവനും കൊണ്ട് ഓടിയതും ഓര്‍മ്മയിലുണ്ട്. അതിനു ശേഷം ഞാനവിടെ പോയിട്ടില്ല. അന്നത് അവന്റെ അമ്മയുടെ ദുരാത്മാവിന് മുറിവേല്‍പിച്ച് ഒരു കാര്യമായിരുന്നു. ഞാന്‍ ചോദിച്ചത് എന്റെയൊരു സംശയമായിരുന്നു. അമ്മേ ഇതൊക്കെ പിശാചിന്റെ സേവയല്ലേ, അതൊക്കെ തട്ടിപ്പാണെന്നാണ് ഓരോരുത്തര്‍ പറയുന്നത്. മെഴുകുതിരി കത്തിച്ചു കൊണ്ടു നിന്ന അമ്മ ഒരു വന്യമൃഗത്തിന്റെ ശൗര്യത്തോടെ എന്നെ നോക്കി. അഴിഞ്ഞുലഞ്ഞ മുടിയും കണ്ണുകളിലെ രോഷവും കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു വിറച്ചു. എപ്പോഴും സ്‌നേഹത്തോടെ എന്നെ നോക്കിയിരുന്ന വ്യക്തി ഇപ്പോള്‍ പകയോടെ നിന്നെ നിര്‍മൂലനം ചെയ്യുമെന്ന ഭാവത്തില്‍ അവിടെ പൂജാമുറിയിലിരുന്ന വലിയൊരു ചൂരല്‍ എടുക്കുന്നതു കണ്ട ഞാനിറങ്ങിയോടി. അമ്മയും എന്റെ പിറകെയുണ്ടായിരുന്നു. രാമചന്ദ്രനും അവന്റെ അച്ഛനും ആശ്ചര്യത്തോടെ അതു കണ്ടു നിന്നു. ഭയമാര്‍ന്ന കണ്ണുകളോടെ കൂറേ ദൂരം ഓടിയിട്ട് അതിദ്രുതമിടിക്കുന്ന ഹൃദയത്തോടെ തിരിഞ്ഞു നോക്കി. അമ്മയെ കണ്ടില്ല. കഴിഞ്ഞു പോയ സംഭവമെങ്കിലും എന്റെ മാനസികാവസ്ഥ ഇന്നും മറക്കാനാകുന്നില്ല. അതിനു ശേഷം സ്‌കൂളില്‍ രാമചന്ദ്രന്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഞാനത് വിസ്തരിച്ചു.

അവന്‍ നിമിഷങ്ങള്‍ നിസഹായനായി നോക്കിയിട്ട് പറഞ്ഞു അമ്മയ്ക്ക് ഇഷ്ടപ്പെടാത്തത് പറഞ്ഞാല്‍ അടിക്കും. എനിക്ക് ഒരു ദിവസം അടി കിട്ടി. രാമചന്ദ്രന്‍ പുരോഗമന വാദി മാത്രമല്ല ആത്മീയബോധമുള്ള വ്യക്തികൂടിയാണ്. അച്ഛനായാലും തെറ്റു പറഞ്ഞാല്‍ അവന്‍ അംഗീകരിക്കില്ല. മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതും ശിരസാ വഹിക്കാത്ത ആളായതു കൊണ്ടാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായത്. ഞനപ്പോള്‍ അവനോട് പറഞ്ഞത് ഈ കടമറ്റത്തു കത്തനാര് ഇത്ര ദേഷ്യക്കാരനായിരുന്നോ. അവന്റെ വീട്ടിലെത്തി രാമചന്ദ്രനേയും അമ്മയേയും മറ്റുളളവരേയും കണ്ട് സന്തോഷത്തോടെ മടങ്ങി. രാമചന്ദ്രന്‍ എനിക്കൊപ്പം കുളക്കരയിലേക്ക് വന്നു. വളരെ ആകാംക്ഷയോടെയാണ് എന്റെ വിശേഷങ്ങള്‍ അന്വേഷിച്ചത്. അന്നു രാത്രി എന്റെ സുഹൃത്തുക്കളായ കുഷ്ഠരോഗികളുമായുളള വേര്‍പെടുത്താനാകാത്ത സ്‌നേഹത്തെപ്പറ്റി ഒരു കവിതയെഴുതി. ജീവിതത്തിന്റെ അടി വേരുകളാണ് സ്‌നേഹം. ആ സ്‌നേഹത്തില്‍ വിരിയുന്നത് മധുര ഫലങ്ങളാണ്. അത് ഭക്ഷിക്കുന്നവര്‍ ആരോഗ്യമുള്ള മനസ്സുള്ളവരാണ്. അതിന്റെ ചൈതന്യം പവിത്ര സംഗീതമായി കാറ്റിലാടും ആ വെളിപ്പെടുത്തലുകളാണ് എന്റെ കുഷ്ഠരോഗിക്കൊരു കൂട്ടുകാരന്‍ എന്ന കവിതയില്‍ പ്രതിപാദിക്കുന്നത്. സ്‌നേഹം ചിരിച്ചു തള്ളി കളയാനുളള ഒരു വികാരമല്ലെന്ന് നീണ്ട വര്‍ഷങ്ങള്‍ പ്രണയത്തെ അനശ്വരമാക്കിയപ്പോള്‍ കണ്ടതാണ്. സ്‌നേഹവും പ്രണയവുമെല്ലാം ഒരു സമര്‍പ്പണമാണ്. ഈ മണ്ണില്‍ പുതുജീവന്‍ പ്രാപിക്കുന്നതെന്തും സ്‌നേഹത്തില്‍ നിന്നാണ്.

ഓരോ ജീവനും ഒരമ്മയുണ്ട്. ആ അമ്മ ചൊരിയുന്ന വാത്സല്യത്തില്‍ വളരുന്നതാണ് ഈ പ്രപഞ്ചം. അവിടെ ജീവിക്കുന്ന മനുഷ്യന് ഒരു ലക്ഷ്യബോധമുണ്ട് സമൂഹത്തോട് ഒരു കടപ്പാടുണ്ട്. എല്ലാം പ്രപഞ്ചം തന്നിരിക്കുന്ന സൗഭാഗ്യങ്ങളാണ്. അതിലെ സൗന്ദര്യാംശങ്ങള്‍ മനുഷ്യനെ അനുഗ്രഹ- അനുഭൂതിയിലേക്ക് നയിക്കുന്നവരാണ് സര്‍ഗ്ഗധനരായ എഴുത്തുകാര്‍. അവര്‍ ഈ പ്രപഞ്ചത്തെ ഗാഢമായി സ്‌നേഹിക്കുന്നവരും നിരീക്ഷിക്കുന്നവരുമാണ്. പിന്നീട് എന്റെ കാവ്യ മുകുരത്തില്‍ വിരിഞ്ഞു വന്ന കവിത പ്രകൃതി ദേവിയായ അമ്മയെപ്പറ്റിയായിരുന്നു. ഈ പ്രപഞ്ചത്തിലെ സമസ്ഥജീവജാലങ്ങളിലും അമ്മയുണ്ട്. എഴുതി കൊണ്ടിരുന്ന എന്റെ കണ്ണുകള്‍ ഉറക്കത്തിലാണ്ടത് പെട്ടെന്നായിരുന്നു. നേരം പുലര്‍ന്നത് ഞാനറിഞ്ഞില്ല. അമ്മയാണ് വിളിച്ചുണര്‍ത്തിയത്. നീ ഇന്നു പത്തനാപുരത്തിന് പോകുന്നില്ലേ. ആ വാക്കുകള്‍ മനസ്സിന് ഉന്മേഷം വര്‍ദ്ധിപ്പച്ചു.

ഇന്നു ചെല്ലാമെന്നാണ് ഓമനയോട് പറഞ്ഞിട്ടുളളത്. ഒരാഴ്ച്ച മാതാപിതാക്കള്‍ക്കൊപ്പം കഴിയുമെന്ന് മുമ്പെടുത്ത തീരുമാനമാണ്. കഴിഞ്ഞയാഴ്ച്ച പോയതാണ്. അടുത്ത ശനിയാഴ്ച്ച വരുമെന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. ഇനിയും എത്രയോ ബന്ധു വീടുകളില്‍ പോകാന്‍ കിടക്കുന്നു. രാവിലെ പത്തനാപുരത്തേക്കു തിരിച്ചു. പത്തനാപുരത്തിറങ്ങി അവിടുത്തെ ചന്തയില്‍ നിന്ന് വലിയൊരു നെയ്യ് മീനും കുറെ പഴങ്ങളുമായിട്ടാണ് ഭാര്യയുടെ വീട്ടിലെത്തിയത്. ഓമന എന്നെ കാത്തു നില്‍ക്കുകയായിരുന്നു. നെയ്യ് മീന്‍ കണ്ടപ്പോള്‍ അവള്‍ കളിയാക്കി ചോദിച്ചു, എന്റെ അമ്മയെ വളയ്ക്കാനാ ഈ വലിയ മീന്‍ വാങ്ങിയേ. ഞനൊന്നു പുഞ്ചിരിച്ചിട്ട് പറഞ്ഞു, ങാ മനസ്സിലായി എന്റെ അമ്മെ നീ വളച്ചെടുത്തത് എങ്ങനെയെന്ന് ചോദിച്ചതിന്റെ പ്രതികാരം. ഇവിടെ പൂര്‍ണമായി നിനക്ക് തെറ്റി. സ്വന്തം സുഖത്തിനായി ആരേയും വശീകരിച്ചു സ്വന്തമാക്കാന്‍ ഒരിക്കലും ഞാന്‍ ശ്രമിച്ചിട്ടില്ല. ഇത് തികച്ചും ഒരു മകന്‍ ചെയ്യുന്ന കാര്യമാണ്. എന്താ മരുമക്കള്‍ ഒന്നും വാങ്ങാന്‍ പാടില്ലേ. ഈ മരുമകനെ ഇതിലെങ്കിലും ഒന്നഭിനന്ദിച്ചു കൂടെ. അവളുടെ അഴകാര്‍ന്ന മിഴികളില്‍ ആഹ്ലാദവും പുഞ്ചിരിയും കണ്ടു.

അടുക്കളയില്‍ നെയ്യ് മീന്‍ കണ്ട അമ്മച്ചിക്ക് എന്റെ പ്രവൃത്തി ഏറെ ഇഷ്ടപ്പെട്ടു നന്ദിയും പറഞ്ഞു. അമ്മച്ചിക്ക് ഏറെ ഇഷ്ടമുളളതാണ് നെയ്യ്മീന്‍. ഞാന്‍ ഓമനയുടെ മിഴികളിലേക്കു നോക്കി പറഞ്ഞു, കണ്ടു പഠിക്കെടീ…. ഞാനകത്തേക്കു പോയി തുണി മാറി വന്നിട്ട് തീന്‍ മേശക്ക് മുന്നിലിരുന്നു. ഓമന വന്നിരുന്നിട്ട് പറഞ്ഞു, അപ്പച്ചന്‍ ചന്തയില്‍ പോകുന്ന ദിവസമേ മീന്‍ വാങ്ങാറുളളൂ. ഞാന്‍ ചോദിച്ചു, അച്ചന്‍ വരുമ്പോള്‍ ഒന്നും വാങ്ങി വരാറില്ലേ. അതിന് അടുക്കളയില്‍ നിന്ന് അമ്മച്ചി മറുപടി പറഞ്ഞു. അച്ചന്‍ വരുന്നത് കയ്യും വീശിയാ തിരിച്ചു പോകുമ്പോള്‍ കൈനിറച്ച് ഞങ്ങളാ കൊടുത്തു വിടുന്നേ. അന്നേരം കൈക്കു നല്ല ബലമാ. അതു കേട്ട് ഞങ്ങള്‍ ചിരിച്ചു. അമ്മച്ചി മനസ്സില്‍ ഒന്നും ഒളിപ്പിച്ചു വയ്ക്കുന്ന ആളല്ലെന്ന് എനിക്കു തോന്നി. അമ്മച്ചിയുടെ രണ്ട് ആണ്‍മക്കളായ കുഞ്ഞുമോനും ജോണും മുംബൈയിലും, ജോര്‍ജുകുട്ടിയും മകള്‍ അന്നമ്മയും ന്യൂയോര്‍ക്കിലും, തങ്കമ്മ റാഞ്ചിയിലും, കുഞ്ഞുമോള്‍ ബാഗ്ലൂരിലുമാണ്. ഇതില്‍ തങ്കമ്മയുടെ തനിനിറം മാത്രമാണ് പുറത്തു വന്നിട്ടുളളത്. അവരുടെ ഒരു സുഹൃത്തിന്റെ ബന്ധുവിനെ ഓമനയുമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത് പൂര്‍ണമായി ഓമന തള്ളിക്കളഞ്ഞതു കൊണ്ടാണ് വിനാശകരമായ കഥകള്‍ അവര്‍ എനിക്കെതിരെ മെനഞ്ഞുകൊണ്ടിരുന്നത്.

അടുത്ത ദിവസം ഞങ്ങള്‍ എന്റ വീട്ടിലേക് വന്നു. ഒരാഴ്ചയില്‍ കൂടുതല്‍ ബന്ധുമിത്രാതികളായ കടമ്പനാട് നെടിയവിള വല്യമ്മാവന്‍ ഉമ്മന്‍ മുതലാളി, കൊച്ചമ്മാവന്‍ ഡാനികുട്ടിയുടെ വീടുകളില്‍ പോയി. കൊച്ചമ്മാവന്‍ ബൈബിളിലും സാഹിത്യത്തിലും അഗാതമായ അറിവുള്ള ആളാണ്. ഞങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടാറുണ്ട്. അദ്ദേഹത്തിന്റ മകന്‍ ജോയ് കുട്ടി സുവിശഷകനും കൊച്ചുമകന്‍ ജോണ്‍ നോസ് മാര്‍ത്തോമ്മ സഭയിലെ പുരോഹിതനുമാണ്. ഒരു ദിവസം ഓമനയുടെ മൂത്ത സഹോദരന്‍ റ്റി.എം. വര്‍ഗീസ് അച്ചന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റ ഭാര്യ ജോയ് കൊച്ചമ്മ കോട്ടയം മാര്‍ത്തോമ്മാ സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പളും മകള്‍ സുമോള്‍ അവിടുത്തെ അധ്യാപികയാണ്. ഭര്‍ത്താവ് സുനില്‍. അവര്‍ക്ക് രണ്ടു പെണ്മക്കള്‍. കല്ലട കൊച്ചമ്മയുടെ വീട്ടില്‍ പോയപ്പോഴാണ് ഓമന ആദ്യമായി വള്ളത്തില്‍ കയറിയത്. അതിന കൂട്ടു വന്നത് കൊട്ടാരക്കര കൊച്ചമ്മയുടെ മകന്‍ ശാമുവേലാണ്. കൊച്ചമ്മയുടെ മകന്‍ അവിടുത്തെ സഹകരണ സംഘത്തിന്റെ സെക്രട്ടറിയായ ജോര്‍ജ്ജ് ഞങ്ങള്‍ക്കായി പ്രത്യേകം ആറ്റുമീന്‍ വാങ്ങി ഭക്ഷണമൊരുക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റ മകന്‍ ഷിബുവാണ് സെക്രട്ടറി, ഭാര്യ ജിജി ഹൈസ്‌കൂള്‍ അധ്യാപികയാണ്. പുഴയുടെ ഇരു ഭാഗങ്ങളിലും തെങ്ങുകള്‍ പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്നു.

ഞങ്ങള്‍ ഒരു രാത്രി മാവേലിക്കരയില്‍ ഓമനയുടെ കൊച്ചമ്മയുടെ വീട്ടില്‍ താമസിച്ചു.
അടുത്ത ദിവസം രാവിലെ കുറത്തികാട് മുക്കിലേക്ക് ബസ്സിനായി ചെല്ലുമ്പോള്‍ അവിടെയാകെ പോലീസാണ്. ആരേയും അവിടേക്ക് കടത്തി വിടുന്നില്ല. ദൂരെ നിന്ന് എന്റെ മാമിയുടെ മകന്‍ തങ്കച്ചായന്‍, കളരിയാശാന്റെ മകന്‍, എന്റെയടുത്തു വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവമറിയുന്നത്. അവിടുത്തെ ഒരു പാര്‍ട്ടി നേതാവ് റ്റൈറ്റസ് സാറിനെ ആരോ രാത്രിയില്‍ കൊലപ്പെടുത്തി. അതിനാല്‍ ബസ്സുകളൊന്നും കിട്ടില്ല. ഞങ്ങളെ കുറ്റാനം വരെ പോലീസ് ജീപ്പിലെത്തിച്ചു. അദ്ദേഹം മാവേലിക്കര എസ്. ഐ യാണെന്ന് എനിക്കറിയില്ലായിരുന്നു. ഇങ്ങനെ ധാരാളം വീടുകളില്‍ കയറിയിറങ്ങി. ഇവരില്‍ ചിലരൊക്കെ തെറ്റിധരിച്ചിരുന്നത് ഞാനൊരു നക്‌സലായി വനാന്തരങ്ങളില്‍ പാര്‍ക്കുന്നു എന്നായിരുന്നു. ഇവരുടെ വീടുകളില്‍ എന്റെ കത്ത് കിട്ടുമ്പോഴാണ് അസംതൃപ്തരായവര്‍ തൃപ്തരായത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നാടകം, പോലീസ് തിരച്ചില്‍, ഒളിച്ചോട്ടം എല്ലാമറിഞ്ഞപ്പോള്‍ ഏതോ ഒളിത്താവളത്തില്‍ എന്നവര്‍ തെറ്റിധരിച്ചു. ജീവിതത്തില്‍ തിന്മകളും വഞ്ചനയും ദാരിദ്ര്യവും അരാജകത്വവും നിലനിര്‍ത്തുന്ന അധികാര വര്‍ഗ്ഗത്തെ ഉള്‍ക്കൊള്ളാന്‍ എനിക്ക് ഒട്ടും കഴിഞ്ഞിട്ടില്ല. ഞാന്‍ ജന്മദേശത്ത് ഇല്ലാത്തതിനാല്‍ വിലങ്ങുവയ്ക്കാനോ, വടിവച്ചു കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ല. ദൈവം കരുതിക്കാണും ഇവന്‍ രക്തസാക്ഷിയായി സ്വര്‍ഗ്ഗ രാജ്യത്തില്‍ വരേണ്ട, ഈ നരകത്തില്‍ കിടക്കട്ടെയെന്ന്. സമൂഹത്തില്‍ സ്പര്‍ദ്ധ ആളി കത്തിക്കുന്നവര്‍, ആരാണ് അതു കണ്ടിട്ട് കാണാതിരിക്കുന്നവര്‍. ഞങ്ങളുടെ അവധിക്കാലം തീര്‍ന്നു. ഈ യാത്രയില്‍ എല്ലാവരുടേയും ഹൃദയം ഓമന കവര്‍ന്നെടുത്തു. മടക്കയാത്രയില്‍ ഞങ്ങക്കൊപ്പം പെങ്ങളുടെ മകള്‍ ജോളിയുമുണ്ടായിരുന്നു.

അദ്ധ്യായം – 27
കേരളത്തിലേക്ക് ഞങ്ങളുടെ ആദ്യയാത്ര

ഞങ്ങള്‍ ലുധിയാന റയില്‍വേ സ്‌റ്റേഷനില്‍ നിന്ന്, കേരളത്തിലേക്ക് തിരിച്ചു. പ്രിയതമയുടെ മുഖം നവോന്മേഷത്താല്‍ മുഖരിതമാണ്. മാതാപിതാക്കളെ കാണാനുളള ഉത്കടമായ ആഗ്രഹം അവളുടെ വാക്കുകളിലും നിഴലിച്ചിരുന്നു. അതിനെ അത്യധികം നിര്‍മലമായി ഞാനും കണ്ടു. അപ്പോഴൊന്നും എന്റെ ഹൃദയവ്യഥ ഞാന്‍ വെളിപ്പെടുത്തിയില്ല. 1973ല്‍ നാടുവിട്ട ഞാന്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടിലേക്ക് പോകുന്നത്. എന്റെ ജ്യേഷ്ഠന്മാര്‍ ഓണത്തിനും ക്രിസ്മസ്സിനും എല്ലാ വര്‍ഷവും നാട്ടില്‍ വന്നുപോകുന്നത് എന്റെ ഓര്‍മ്മകളില്‍ നിറയും. ചെറുപ്പത്തില്‍ അതൊക്കെ മനസ്സിനെ ആകര്‍ഷിക്കുന്ന കാര്യങ്ങളായിരുന്നു. അനാഥനും അവഗണിക്കപ്പെട്ടവനുമായ ഞാന്‍ ആരെ കാണാനാണ് പോകുന്നത്. ഒരിക്കലും എന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞിട്ടില്ല, ഒന്നു വന്നൂടെയെന്ന്. എത്ര വര്‍ഷങ്ങളായി നിന്നേ ഒന്നു കണ്ടിട്ട്. നിനക്കെന്താ ഞങ്ങളോട് പിണക്കമാണോ എന്ന്. എത്രമാത്രം ദുഖം എന്റെ ഹൃദയത്തില്‍ അലയടിക്കുമ്പോഴും എന്റെ മനസ്സില്‍ എന്റെ ജന്മനാട് കടന്നുവരും.
ജന്മനാടിന്റെ കാന്തി മറ്റെന്തിനേക്കാളും മനോഹരമാണ്. ചാരുംമൂട് പലവിധ ഫലവൃക്ഷങ്ങളാല്‍ അനുഗ്രഹീതമാണ്. എന്റെ വിശപ്പടക്കിയ ചക്ക നിറഞ്ഞ പ്ലാവുകള്‍, കശുമാവുകള്‍, വിവിധതരത്തിലുളള മാവുകള്‍, കരിമ്പിന്‍ പാടങ്ങള്‍, കുളങ്ങള്‍, വയലുകള്‍, കാറ്റിലാലോലമിട്ടാടുന്ന തെങ്ങോലകള്‍, വാഴക്കൂട്ടങ്ങള്‍, വര്‍ണ്ണവൈവിധ്യമാര്‍ന്ന, സുഗന്ധം പേറുന്ന പൂക്കള്‍, കുത്തിയോലിച്ചു തകര്‍ത്ത് പെയ്യുന്ന മഴയും കാറ്റും, കടലോരങ്ങള്‍. കാടുകള്‍, വിവിധ മതവിശ്വാസങ്ങളില്‍ ജീവിക്കുന്നവരുടെ സൗഹൃദം ഇതെല്ലാം എന്റെ ജന്മനാടിനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നു. അവിടേക്ക് യാത്രചെയ്യുമ്പോള്‍ എന്റെ മനസ്സ് എന്താണ് കാറും കോളും കൊണ്ടു നിറയുന്നത്. ഭൂതകാലത്തില്‍ മുങ്ങിക്കിടക്കുന്നതൊക്കെ വര്‍ത്തമാന കാലത്ത് പൊങ്ങി-പൊങ്ങി വരിക മനസ്സിന്റെ നിസഹായാവസ്ഥയാണ്. അത് ആത്മനൊമ്പരങ്ങളുടെ കഥയായി ഇതള്‍ വിരിയും.

അതല്ലെങ്കില്‍ തീവ്രമായി ന്യായീകരിക്കാന്‍ കഴിയാത്ത നിലപാടിലേക്ക് തിരിയും. ഇങ്ങനെയുളളവര്‍ക്ക് നന്മയുടെ മുഖം നഷ്ടപ്പെടും. എല്ലാം മറക്കണം പൊറുക്കണം എന്നൊക്കെ പറയുമ്പോഴും സത്യം ഉള്ളിന്റെ ഉള്ളില്‍ അന്തര്‍ലീനമായി കിടക്കും. തണുപ്പില്‍ അമര്‍ന്നുപോയ വടക്കേ ഇന്ത്യയില്‍ നിന്ന് തെക്കേ ഇന്ത്യയിലേക്ക് വരുമ്പോള്‍ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. നീണ്ട മണിക്കൂറുകള്‍ നിശബ്ദനായി മിന്നി മാറുന്ന ട്രെയിന്‍ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെ എന്റെ മുഖത്തു നിന്ന് ഓമന എന്തോ വായിച്ചെടുത്തു. ആ യാത്ര അവളെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരമെങ്കില്‍ എന്റെ മുഖത്ത് നിരാശ കണ്ട് ചോദിച്ചു. എന്താണ് ഒരു മൗനം. എന്റെ മനസ്സപ്പോള്‍ ഒരു കുറ്റവാളിയുടേതാണ്. ഞാന്‍ എന്തോക്കെ കുറ്റങ്ങള്‍ ചെയ്തു എന്നതിന്റെ തെളിവ് ശേഖരണമാണ് അവള്‍ നടത്തുന്നത്. അവളുടെ ഹൃദയത്തില്‍ സന്തോഷം നിറഞ്ഞു നില്‍ക്കമ്പോള്‍ ഞാനതിനെ തല്ലിക്കെടുത്താന്‍ പാടില്ല. സത്യം തുറന്നു പറഞ്ഞു. എന്റെ കണ്ണുകളിലെ മങ്ങിയ പ്രകാശം മാറ്റിയെടുക്കാന്‍ അവള്‍ ശ്രമിച്ചു.
ചെറുപ്പത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതാനുഭവങ്ങള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയെ നന്നായി ബാധിക്കും. വളരും തോറും ആ ഉത്കണ്ഠ അവരില്‍ വളര്‍ന്നു കൊണ്ടിരിക്കും. മാതാപിതാക്കള്‍ക്ക് അറിവില്ലാത്തവരെങ്കില്‍ അവരെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്. കുട്ടികളുടെ ബാല്യകാലം അവര്‍ക്ക് പന്തു കളിച്ചു രസിക്കാനുളളതാണ്. അല്ലാതെ മാതാപിതാക്കള്‍ക്ക് പന്തു തട്ടി കളിക്കാനുളളതല്ല. കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ അവരെ ഭയപ്പെടുത്തും വിധം സംസാരിക്കരുത്. അതവരില്‍ അമ്പരപ്പാണുണ്ടാക്കുക. മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ സുരക്ഷിതരായി വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഓമന പറഞ്ഞത് സത്യമെന്ന് എനിക്കും തോന്നി. ചെറുപ്പത്തിലെ ചില അനുഭവങ്ങള്‍ ഞാനും മനസ്സില്‍ വച്ച് പൂജ നടത്തുകയല്ലേ.
തെക്കോട്ടുളള ട്രയിനുകളെല്ലാം പ്രധാനമായും നിറുത്തിയിരുന്നത് എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ്. ഞങ്ങള്‍ക്ക് അടുത്തുളള സ്റ്റേഷനുകള്‍ മാവേലിക്കരയും, കായംകുളവുമാണ്. ചെങ്ങന്നൂരില്‍ നിന്ന് ഒരു ടാക്‌സിയിലാണ് ചാരുംമൂട്ടിലെ വീട്ടിലെത്തിയത്. അമ്മ മരുമകളെ ആലിംഗനം ചെയ്ത് നെറുകയില്‍ ചുംബിച്ചു സ്വീകരിച്ചു. അത് നയനാനന്ദകരമായ കാഴ്ച്ചയായിരുന്നു. അമ്മയുടെയുളളില്‍ സന്തോഷം നിറഞ്ഞുതുളുമ്പുന്നുണ്ടെങ്കിലും നഷ്ടപ്പെട്ടു പോയ ഒരു മകന്‍ തിരിച്ചു വന്നതിന്റെ പരിഭ്രമം ആ മുഖത്തുണ്ടായിരുന്നു. അമ്മയുടെ കത്തിന് മറുപടി കൊടുത്തിരുന്നതും ഈ മകനെയോര്‍ത്ത് ആരും സങ്കടപ്പെടേണ്ടതില്ല എന്നാണ്. എന്നാലും അമ്മ എന്നെയോര്‍ത്ത് വിഷണ്ണയായി കഴിയുമെന്ന് എനിക്കറിയാമായിരുന്നു. അമ്മ മരുമകളെ കൂട്ടി അകത്തേക്കു പോയി. ഞാന്‍ പെട്ടികള്‍ എടുത്തി ഒരു മുറിയില്‍ വച്ചു. ആ സമയം അച്ഛന്‍ ജോലിക്കാര്‍ക്കൊപ്പം പറമ്പിലായിരുന്നു.

അനുജന്റെ ഭാര്യ പൊന്നമ്മ ഞങ്ങള്‍ക്കു ചായയും ഭക്ഷണവും തന്നു. അച്ഛന്റെ വരവിനായി ഞാന്‍ കാത്തിരുന്നു. അമ്മയും മരുമകളുമായി അടുക്കളയുടെ അടുത്തുളള വരാന്തയിലിരുന്ന് കുശലങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഞാന്‍ പുറത്തിറങ്ങി വീടിന്റെ പല ഭാഗത്തേക്കും നോക്കി. അങ്ങകലെ ഞാന്‍ വെളളം കോരി നനച്ച രണ്ടു തെങ്ങിന്‍ തൈകള്‍ വളര്‍ന്നിരിക്കുന്നു. വീടിനു ചുറ്റും വളര്‍ന്നു നില്‍ക്കുന്ന മരങ്ങളിന്‍ അണ്ണാറക്കണ്ണന്മാരും വിവിധ നിറത്തിലും രൂപത്തിലുമുളള കിളികളും കാക്കകളും ശബ്ദമുണ്ടാക്കുന്നുണ്ട്. പ്രകൃതി രമണീയതയില്‍ മുഴുകി നില്‍ക്കുമ്പോഴാണ് ഓമനയടെ വിളി കാതില്‍ പതിച്ചത്. യാത്രാക്ഷീണമുണ്ട്, രണ്ടു ദിവസമായി കുളിച്ചിട്ട്, എവിടെ കുളിമുറി. ഞങ്ങള്‍ തുണി മാറി കിണറ്റിന്‍ കരയിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, എങ്ങനെയുണ്ട് അമ്മായിയമ്മ, നിന്നെ ഇഷ്ടപ്പെട്ടോ. പ്രകാശം പരന്നിരിക്കുന്ന ആ മുഖത്തേക്ക് ഞാന്‍ നോക്കി.

മന്ദഹാസം പൊഴിച്ചു കൊണ്ടറിയിച്ചു, എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടു, എന്നെയും അമ്മയ്ക്ക് ഇഷ്ടപ്പെട്ടു. അവളുടെ പ്രേമാര്‍ദ്രമായ മിഴികളില്‍ നോക്കിയിട്ട് ഞാന്‍ പറഞ്ഞു. നീ പറഞ്ഞില്ലെങ്കിലും എന്റെ അമ്മ നല്ലതെന്ന് എനിക്കറിയാം, അല്ലെങ്കിലും നീ എന്നെ വളച്ചതുപോലെ എന്റമ്മയേയും വളച്ചെടുക്കുമെന്ന് എനിക്കറിയില്ലേ. അവള്‍ കളിയാക്കി പറഞ്ഞു. പിന്നെ പിന്നെ വളയ്ക്കാന്‍ പറ്റുന്ന ഒരു സാധനം. ഞാന്‍ കിണറ്റില്‍ നിന്നു വെള്ളം കോരിയെടുത്തു കുളിക്കാന്‍ കൊടുത്തിട്ട് മാടനാപൊയ്കയിലേക്ക് ആകാംക്ഷയോടെ നോക്കി. മുമ്പ് കണ്ട വന്‍ മരങ്ങള്‍ അവിടെ കാണുന്നില്ല. കിണറിന്റെ അടുത്തുളള മാവില്‍ ഏതാനും മാങ്ങ വിളഞ്ഞും പഴുത്തും കിടക്കുന്നു. അതില്‍ കയറിയപ്പോള്‍ ഒരു കിളി പറന്നു പോയി. രണ്ടെണ്ണം പറിച്ചെടുത്തു. താഴെയിറങ്ങി.
ചെറുപ്പത്തില്‍ ഇതില്‍ നിന്ന് ധാരാളം മാമ്പഴം കഴിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ പല കമ്പുകളും ഒടിഞ്ഞു പോയിരിക്കുന്നു. മാങ്ങയുടേയും ചക്കയുടേയും സമയം കഴിഞ്ഞുകൊണ്ടിരിക്കുന്നു. ധാരാളം ഫലവൃക്ഷങ്ങള്‍ സുലഭമായി ചെറുപ്പത്തില്‍ കണ്ടിരുന്നു. ഇപ്പോള്‍ പലതും കാണുന്നില്ല. ദൂരെ നിന്ന് അച്ഛന്‍ വീട്ടിലേക്ക് നടന്നു ചെല്ലുന്നതു ഞാന്‍ കണ്ടു. അച്ഛന്റെ ജീവിതം കൃഷിക്കായി ഉഴിഞ്ഞുവച്ചതാണ്. നല്ല കര്‍ഷകര്‍ എന്നും മണ്ണിനായി സമര്‍പ്പണം ചെയ്തവരാണ്. മണ്ണിനെക്കുറിച്ച് അറിവുളളവര്‍ക്കേ നല്ലൊരു കര്‍ഷകനാകാന്‍ കഴിയു. സത്യത്തില്‍ ഈ കര്‍ഷകരല്ലേ ഒരു രാജ്യത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പൂത്തുലഞ്ഞു കിടക്കുന്ന നെല്പാടങ്ങള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നു. ദൈവത്തിന്റെ സ്പര്‍ശനമറിയുന്നവര്‍ ആത്മാവില്‍ ആരാധിക്കുന്നതു പോലെ മണ്ണിനെ ആരാധിക്കുന്നവരാണ് കര്‍ഷകര്‍. അവര്‍ മണ്ണിന്റെ ജീവാത്മാവിനെയാണ് ആരാധിക്കുന്നതെന്ന് എനിക്കു തോന്നി. വീട്ടിലേക്ക് കണ്ണും നട്ടിരുന്ന എന്റെ അടുക്കലേക്ക് ഓമന കുളികഴിഞ്ഞു വന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട പഴുത്ത മാങ്ങ കൊടുത്തിട്ട് ഞാന്‍ കുളിക്കാന്‍ പോയി.

കുളികഴിഞ്ഞെത്തിയ ഞങ്ങളെ എതിരേറ്റത് തൊഴുത്തിലെ പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന അച്ഛനാണ്. ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് സ്‌നേഹപൂര്‍വ്വം ഞങ്ങളോടു സംസാരിച്ചു. ആദ്യം ഞാന്‍ കരുതിയത് വെറുപ്പു കാണിക്കുമോ എന്നായിരുന്നു. ധിക്കാരിയായ മകന്‍ ഒരു പെണ്ണിനേയും കൊണ്ട് വീട്ടില്‍ കയറി വന്നാല്‍ മധുരമുളള പുഞ്ചിരിക്കു പകരം ആട്ടിപ്പുറത്താക്കാന്‍ എന്റെ അച്ഛന്‍ മടിക്കയില്ല. ഭാഗ്യത്തിന് കൂടുതല്‍ ചോദ്യം ചെയ്യലൊന്നുമുണ്ടായില്ല. മണ്ണിനെ പ്രണയിക്കുന്ന അച്ഛന് മകന്‍ ഒരു പെണ്ണിനെ പ്രണയിച്ച് വിവാഹം ചെയ്തത് ഒരു മഹാപാതകമായി തോന്നിക്കാണില്ല. അതൊക്കെ വിശദീകരിച്ച് അമ്മയുടെ പേരില്‍ കത്തയച്ചിട്ടുളളതാണ്. എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും അച്ഛന്‍ നടത്തിയില്ല. അച്ഛന്റെ കണ്ണുകളില്‍ നിഴലിച്ച ഭാവം ഞാന്‍ മനസ്സിലാക്കി. എന്റെ അനുമതിയില്ലാതെ നടത്തിയ വിവാഹത്തെപ്പറ്റി ഞാനെന്തു പറയാനാണ്. പണ്ടും ഞാനവന്റെ കാര്യം ശ്രദ്ധിച്ചിരുന്നില്ല ഇപ്പോഴും അതിന് വലിയ മാറ്റമൊന്നുമില്ല.

പുതുപ്പെണ്ണിനെപ്പറ്റി കൂടുതലറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. അത്താഴം കഴിഞ്ഞ് ഞങ്ങളുടെ സംസാരം തുടര്‍ന്നു. എല്ലാം അവര്‍ ക്ഷമയോടെ കേട്ടിരുന്നു. ഞങ്ങളുടെ ബന്ധം അവരിലും സംപ്തൃപ്തിയാണുണ്ടാക്കിയതെന്ന് ഞാന്‍ മനസ്സിലാക്കി. വാഗ്ദാനം നല്‍കി മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ വിവാഹം കഴിച്ചതില്‍ ഞങ്ങള്‍ സംതൃപ്തരാണെന്ന് അച്ഛന്‍ പറയുമെന്ന് കരുതിയെങ്കിലും ഒന്നും പറഞ്ഞില്ല. കുറഞ്ഞപക്ഷം മറ്റ് തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാത്തത് നന്നായി. അവസാനമായി അച്ഛന്‍ പറഞ്ഞത് ആദ്യം കേട്ടപ്പോള്‍ അവിശ്വസനീയമായി തോന്നി. ഇവളെ കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു. ഓമനയുടെ മുഖത്ത് ഒരു പ്രഭ കണ്ടു. അമ്മയുടെ അഭിപ്രായം മറ്റൊന്നായിരുന്നു, നീ ഇവന്റെ കൂടെ എങ്ങനെ കഴിയുന്നു, തലവേദന തരുന്നുണ്ടോ. എന്റെ മുഖം മ്ലാനമാകുന്നത് കണ്ടവള്‍ പുഞ്ചിരിച്ചു.
വഴക്കാളിയാണെങ്കിലും അമ്മ പറഞ്ഞത് ശരിയല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ഓമന ഒരു ശ്രമം നടത്തി. ഇതുവരെ കുഴപ്പമൊന്നുമില്ല. അവള്‍ അങ്ങനെയല്ലേ പറയൂ എന്നായിരുന്നു അച്ഛന്റെ മുഖഭാവം. വീട്ടിലെ നായ വീടിന്റെ വടക്ക് ഭാഗത്തുനിന്നു കുരയ്ക്കുന്നതു കേട്ടു. ഓമനയുടെ ഉറക്കക്ഷീണം കണ്ടിട്ട് അമ്മ പറഞ്ഞു, നിങ്ങള്‍ പോയി കിടക്ക്. അവള്‍ എഴുന്നേറ്റ് അടുക്കളയിലുളള പൊന്നമ്മയുടെ അടുത്തേക്കു പോയി. അമ്മ അച്ഛന്റെ അടുത്തിരുന്ന് മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് വെറ്റിലയെടുത്ത് ചുണ്ണാമ്പു പുരട്ടുന്നതു കണ്ട് ഞാനും ഉറക്കക്ഷീണത്താല്‍ കട്ടിലില്‍ അഭയം പ്രാപിച്ചു.

അച്ഛന്‍ ബീഡിവലിക്ക് മുമ്പിലെങ്കില്‍ അമ്മ മുറുക്കുന്നതില്‍ മുന്‍ പന്തിയിലാണ്. ചെറുപ്പത്തില്‍ ചാരുംമൂട്ടിലെ ചെല്ലപ്പന്‍ പിളളയുടെ കടയില്‍ നിന്ന് വലിയ പുകയിലകള്‍ ഞാന്‍ വാങ്ങി വന്നിട്ടുണ്ട്. അമ്മയുടെ ചിട്ടിയില്‍ നീലകണ്ഠപ്പിളളയും അംഗമായിരുന്നു. വടക്കേ അറ്റത്തുളള അരകല്ലിനടുത്ത് ഒരു പടിയിലായിരുന്നു അന്ന് മുറുക്ക്. ഇപ്പോള്‍ അകത്ത് പ്രവേശിച്ചിരിക്കുന്നു. എന്നോടുളള സമീപനത്തില്‍ അച്ഛനൊരു പരിവര്‍ത്തനം വന്നിരിക്കുന്നതായി തോന്നി. അത്യധികം സ്‌നേഹത്തോടെയാണ് പെരുമാറ്റം. ഈ സ്‌നേഹമൊന്നനുഭവിക്കാന്‍ ചെറുപ്പത്തില്‍ ഞാനെത്രമാത്രം കൊതിച്ചിരുന്നു. നിന്ദാ പാത്രമായി വീട്ടില്‍ നിന്ന് നാടുകടത്തിയ അച്ഛന്റെ മനസ്സ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. പ്രായം കൂടുന്തോറും വിവേകവും കൂടുമെന്നറിയാം അതായിരിക്കാം ഈ സ്‌നേഹ പ്രകടനം. മുറിക്കുളളിലേക്കു വന്ന ഓമനയെ മിഴികളുയര്‍ത്തി നോക്കി. അവളുടെ നോട്ടത്തില്‍ സന്തോഷവും സൗന്ദര്യവും നിറഞ്ഞു നിന്നു. മുറിയിലെ ലൈറ്റണച്ചു എന്റെയൊപ്പം കിടന്നു. പൂര്‍ണ്ണചന്ദ്രന്‍ ഞങ്ങളെപോലെ ഭൂമിയെ കെട്ടി പുണര്‍ന്നുകൊണ്ടിരുന്നു.

നാടും വീടും ഉണരൂ എന്ന ദൂതുമായി പൂവന്‍കോഴി നീട്ടി കൂവി. മണ്ണിലെ എല്ലാ ജീവികള്‍ക്കും ഒരു സംസ്‌കാരമുണ്ട്. പൂവന്‍ കോഴി ഉറങ്ങിക്കിടക്കുന്ന മനുഷ്യരെ വിളിച്ചുണര്‍ത്തുന്നു. സുഖനിദ്രയിലാണ്ടു പോയവരെല്ലാം എഴുന്നേറ്റു തുടങ്ങി. ഞങ്ങളും എഴുന്നേറ്റു. അതി രാവിലെ തന്നെ ഓമനയുടെ വീടായ പത്തനാപുരം ചാച്ചിപ്പുന്നയിലേക്ക് യാത്രതിരിക്കണം. കുളിര്‍കാറ്റില്‍ കിണറ്റിന്‍ കരയിലേക്കു നടന്നു. പ്രഭാത സൂര്യന്റെ തലോടലും കുളിരിളം കാറ്റും എനിക്ക് നല്‍കിയത് ചെറപ്പത്തിലെ കുളിര്‍മയാണ്.
മനുഷ്യരെപ്പോലെ പ്രകൃതിയും പുളകമണിയുന്നതും പുതിയ മുളകള്‍ പൊട്ടി മുളയ്ക്കുന്നതുമെല്ലാം ഉദയരശ്മികള്‍ പതിക്കുമ്പോഴാണ്. വെളളത്തിനു നല്ല തണുപ്പായിരുന്നു. കുളിയും കഴിഞ്ഞെത്തിയപ്പോള്‍ നല്ല ഉന്മേഷം തോന്നി. അച്ഛന്‍ വരിക്കോലി മുക്കില്‍ പണ്ട് കണ്ടതു പോലെ ചായ കുടിക്കാന്‍ പോയിരുന്നു. അമ്മ ഞങ്ങള്‍ക്ക് ചായ തന്നു. പ്രഭാത ഭക്ഷണം കഴിക്കാതെ തന്നെ വീട്ടില്‍ നിന്ന് ചാരുംമൂട്ടിലേക്ക് നടന്നു. കായംകുളം പുനല്ലൂര്‍ ബസ്സില്‍ കയറി അടൂര്‍ വഴി പത്തനാപുരത്തിറങ്ങി അടുത്തുളള ഒരു ചായക്കടയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിട്ട് ഒരു ജീപ്പില്‍ കയറി തീയാട്ടുകുന്നേല്‍ വീട്ടിലെത്തി.

എന്റെ വീട്ടിലേതുപോലെ തന്നെ സ്‌നേഹാദരങ്ങളും ചുംബനങ്ങളും മാതാപിതാക്കളുമായി ഓമന പങ്കിട്ടു. ആ ദിനം ഓമനയ്ക്ക് ഒരു ഉത്സവദിനം പോലെയായിരുന്നു. ലാളിച്ചു വളര്‍ത്തിയ മകള്‍ സര്‍വ്വരേയും മറന്ന് പ്രണയമെന്ന ആവേശത്തിനടിമപ്പെട്ട് ഭര്‍ത്താവിനെ കണ്ടെത്തിയാല്‍ അത് തെറ്റും ശരിയും തിരിച്ചറിയാനുളള അറിവില്ലാത്തതു കൊണ്ടെന്നു പറയും. അതില്‍ അതിയായ ഉത്കണ്ഠയും ദുഖവും രേഖപ്പെടുത്തിയപ്പോഴും നിനക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത് നിനക്കും യോഗ്യനായ ഒരു പുരുഷനെ ലഭിക്കണമെന്നാണ്. തങ്കമ്മ പലരേയും തെറ്റിധരിപ്പിച്ചു എന്നു പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്. ”ദൈവകൃപയില്‍ വളര്‍ത്തിയ മകള്‍ ചതിയില്‍പെടില്ലെന്ന് ഞങ്ങള്‍ക്കും വിശ്വാസമുണ്ടായിരുന്നു.”എല്ലാറ്റിനും ഓമന മാപ്പപേക്ഷിച്ചത് അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായി എനിക്കു തോന്നി. അമ്മയും മകളുമായുളള സംസാരം അപ്പച്ചന്‍ ചാരുകസേരയിലിരുന്ന് കേട്ടതല്ലാതെ ഒന്നിനും പറഞ്ഞില്ല. ഉച്ചക്കുളള ഭക്ഷണസമയത്ത് മാത്രം ആശുപത്രി ജീവിതത്തെപ്പറ്റി ചോദിക്കുന്നതിനിടയില്‍ പറഞ്ഞു, വിവാഹമൊക്കെ പഴയതു പോലെ മക്കളുടെമേല്‍ നിര്‍ബന്ധം ചെലുത്തി നടത്താന്‍ കഴിയുന്ന കാര്യമല്ലെന്ന് എനിക്കറിയാം. അമേരിക്കയില്‍ നിന്നും ഇവിടുന്നുമൊക്കെ ചില ആലോചനകള്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് അവളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് നമ്മളല്ല അവളാണെന്നാണ്. അതല്ലേ ഇപ്പോള്‍ കണ്ടത്.
പ്രണയിക്കുന്നവര്‍ പ്രണയത്യാഗം ചെയ്യുന്നത് ഒരു കുറ്റമല്ല. എന്നാലും ഇതല്പം കൂടിപ്പോയി എന്ന് എനിക്കും തോന്നി. ദുഖത്തോടെ ആ വാക്കുകള്‍ കേട്ടതല്ലാതെ ഉചിതമായ ഒരു മറുപടി പറയാന്‍ ഞങ്ങള്‍ക്കില്ലായിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കള്‍ അവരുടെ സ്‌നേഹം, കാരുണ്യം, ദയ ഇതൊക്കെ സ്വന്തം സുഖത്തിനു വേണ്ടി ത്യജിക്കുമ്പോള്‍ അവരുടെ സങ്കടം എത്രമാത്രമെന്ന് ഞാനപ്പോള്‍ മനസ്സിലാക്കി. അത് അസഹ്യമായ വേദന തന്നെയാണ്. എന്റെ ലക്ഷ്യം ഓമനയെ വിവാഹം കഴിക്കുക എന്നതായിരുന്നു. ഞങ്ങളുമായുളള ബന്ധങ്ങളുടെ സാഹചര്യം ഓമന വിവരിച്ചത് അവരെ കുറച്ചെങ്കിലും ആശ്വസിപ്പിച്ചു കാണുമെന്ന് ഞാന്‍ മനസ്സിലാക്കി. അടുത്ത ദിവസം തന്നെ ഞാന്‍ വീട്ടിലേക്കു തിരിച്ചു. ഓമന മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു.

ചാരുംമൂട്ടിലെത്തിയതിന്റെ അടുത്ത ദിവസം സാഹിത്യലോകത്തേക്ക് എന്നെ വഴി നടത്തിയ പണ്ഡിത കവി കെ.കെ പണിക്കര്‍ സാറിനെ കാണണമെന്ന് തീരുമാനിച്ചു. 1962 മുതല്‍ 1978 വരെ ഗുരുമന്ദിരത്തിലെ ഓലപ്പുരയില്‍ മലയാളം വിദ്വാന്‍ പഠിപ്പിച്ചുകെണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ അതു നിര്‍ത്തലാക്കിയത്. അദ്ദേഹം ഇപ്പോള്‍ കരുനാഗപ്പള്ളി വവ്വാക്കാവില്‍ മൂത്ത മകളായ വാസന്തിയുടെ വീട്ടിലെന്ന് കത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. രാവിലെതന്നെ യാത്ര തിരിച്ചു. വീടു ചോദിച്ചറിഞ്ഞ് അവിടെയെത്തി. എന്നെ കണ്ടയുടനെ എഴുന്നേറ്റ് വന്ന് തന്റെ ഹൃദയത്തില്‍ തങ്ങി നിന്ന സ്‌നേഹദരത്താല്‍ കെട്ടിപ്പിടിച്ച് നെഞ്ചോടമര്‍ത്തി. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ലക്ഷ്മിയമ്മയും ആ കാഴ്ച്ചകണ്ട് ആനന്ദിച്ചു.
കൈക്കുളളില്‍ കരുതിയ പഴവര്‍ഗ്ഗങ്ങളും കസവു മുണ്ടും കൊടുത്തു. എന്നോട് ഇരിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം ഇരുന്നു. മുമ്പ് ആരോഗ്യമുളള ശരീരമായിരുന്നു. ഇപ്പോള്‍ മൊത്തം അസുഖങ്ങളാണ്. രോഗങ്ങള്‍ മനുഷ്യന് ഒരു ബുദ്ധിമുട്ടു തന്നെയാണ്. തുടര്‍ന്ന് എന്റെ വിശേഷങ്ങള്‍ അന്വേഷിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ടെന്നും ഒരു നാടകം തയ്യാറാക്കിക്കൊണ്ട് വന്നിട്ടുണ്ടെന്ന്. അത് വിദ്യാര്‍ത്ഥി മിത്രത്തിനു കൊടുക്കണം. എന്നും പറഞ്ഞു ലക്ഷമിയമ്മ എനിക്ക് ചായ തന്നു. നീയിപ്പോള്‍ കവിതയൊന്നും എഴുതുന്നില്ലേ. ഞാനപ്പോള്‍ ദീപികയില്‍ വന്ന ഒരു കവിതയെപ്പറ്റി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു, വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് തൂലിക. എന്തെഴുതിയാലും അതില്‍ ജീവിതവും പുതുമയും ഉണ്ടായിരിക്കണം. ആ പുതുമയാണ് അറിവ്. ആ അറിവിനുളളിലെ സൗന്ദ്യര്യം വാരിപ്പുണരാന്‍ കഴിവുളളവരാണ് സര്‍ഗ്ഗ പ്രതിഭകള്‍. നല്ല പ്രതിഭയുളളവര്‍ എന്തെഴുതിയാലും അതില്‍ അറിവും ആനന്ദവും സൗന്ദര്യവുമുണ്ടാകും. അത് സാധ്യമാകുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്.
ഞാന്‍ ഒരു സാഹിത്യ സൃഷ്ടിയെപ്പറ്റി ചോദിച്ചു. സാഹിത്യ സൃഷ്ടി ഒരു നാട്യകലപോലെയോ ഒരു ദൃശ്യകലപോലെയോ അല്ല. അത് കണ്ണുകൊണ്ട് കണ്ടിരുന്നു രസിക്കാം. ഒരു നാട്യക്കാരനു പോലും ചില നിയമങ്ങളുണ്ട്. അത് ആംഗികം, ആഹാര്യം. സ്വാത്തികം, വാചികം, ഹാസ്യം, രൂപകം, അങ്ങനെ ധാരാളമുണ്ട്. എന്നാല്‍ ഒരു സര്‍ഗ്ഗധനനില്‍ ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങള്‍ ഈ പ്രപഞ്ചത്തിലുളള എല്ലാ വസ്തുക്കളേയും കുറിച്ചുളള വിജ്ഞാനമാണ്. അതു കൊണ്ടാണ് ഒരു പ്രതിഭയെ ജ്ഞാനിയെന്നും ബുദ്ധിജീവിയെന്നും വിളിക്കുന്നത്. അക്ഷരം വായ്ക്കാത്തവര്‍ക്ക് അറിവു മാത്രമല്ല തിരിച്ചറിവുമില്ല. അവരിലാണ് ഏറ്റവും കൂടുതല്‍ തിന്മകള്‍ നമ്മള്‍ കാണുന്നത്. ഈ തിന്മപ്രവൃര്‍ത്തി ചെയ്യുന്നവര്‍ക്ക് നന്മ പറഞ്ഞു കൊടുക്കുന്നത് വായിച്ച് അറിവു നേടിയവരാണ്. ആ പരിജ്ഞാനം മറ്റുളളവര്‍ക്ക് പകരുമ്പോള്‍ ജീവിതം അവര്‍ക്കൊരു വഴികാട്ടിയാകുന്നു. അത് വ്യക്തിയില്‍ മാത്രമല്ല ഒരു സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കും. ഏതു വിഷയമെഴുതിയാലും അതിലിറങ്ങി അറിവുണ്ടാക്കിയിരിക്കണം. സാഹിത്യമെന്നും സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒരു പടവാളായി നില്‍ക്കുന്നത് കൊണ്ടാണ് നമുക്ക് നല്ലൊരു സംസാകാരവും ആരോഗ്യമുളള ഒരു ജീവിതവും നയിക്കാന്‍ കഴിയുന്നത്.

മറ്റൊരു പ്രധാന ഘടകമാണ് അനുഭവങ്ങള്‍. അതാണ് ചില സാഹിത്യസൃഷ്ടികള്‍ സൗന്ദര്യാവിഷ്‌കാരമായി കാലത്തിന്റെ കരുത്തായി നിലനില്‍ക്കുന്നത്. അതില്‍ കുടിലുമുതല്‍ കൊട്ടാരങ്ങള്‍ വരെ കടന്നു വരും. അങ്ങനെ ഒരു വായനക്കാരന്റെ മുന്നിലെത്തുന്ന കൃതിക്ക് ജീവനും ശക്തിയുമുണ്ട്. നീ ധാരാളമായി സഞ്ചരിക്കുകയും പഠിക്കുകയും പരിശ്രമിക്കുകയും മനസ്സിന്റെ ഏകാഗ്രതയൊക്കെ നഷ്ടപ്പെടുത്താതെ പോയാല്‍ സാഹിത്യം നിന്നെ തേടി വരും. നീ സാഹിത്യത്തേ തിരക്കി പോകേണ്ട. പ്രതിഭയുളളവനെയാണ് സാഹിത്യകാരന്‍ എന്നു വിളിക്കുന്നത്. എനിക്ക് പഴയതു പോലെ ആരോഗ്യം പോരാ, ഓര്‍മ്മക്കുറവുണ്ട്. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട് കൂടുതല്‍ സംസാരിക്കരുതെന്ന്. ലക്ഷ്മിയമ്മ ഉടനടി പറഞ്ഞു, ഞാനത് മോനോടു പറയാന്‍ തുടങ്ങുകയായിരുന്നു. സാഹിത്യത്തിന്റെ ആദ്യപാഠം ചെറുപ്പത്തില്‍ പഠിപ്പിച്ചു തന്ന ഗുരുവിന് ദക്ഷിണ കൊടുത്തിട്ട് കാലില്‍ തൊട്ടു വണങ്ങി പോകാനൊരുങ്ങിയപ്പോള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് ലക്ഷമിയമ്മ നിര്‍ബന്ധിച്ചപ്പോള്‍ ഇനിയൊരിക്കലാകട്ടെ എന്നു പറഞ്ഞു. അദ്ദേഹം എന്നെ സ്‌നേഹവാത്സല്യത്തോടെ യാത്രയാക്കി. ബസ്സില്‍ ചാരുംമൂട്ടിലേക്ക് വരുമ്പോള്‍ മനസ്സു നിറയെ പണിക്കര്‍സാറിനെ കണ്ടതിലുളള സന്തോഷമായിരുന്നു. അദ്ദേഹം പഠിപ്പിച്ച എത്രയോ വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ക്കിടയില്‍ വാത്സല്യശിഷ്യനായിരിക്കുന്നത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അപാരമായിരുന്നു.

അടുത്ത ദിവസം പോയത് എറണാകുളത്തേക്കായിരുന്നു. കാരണം നാടകത്തില്‍ എന്നെ സ്വാധീനിച്ചിരുന്ന നാടകകൃത്തായിരുന്നു ശ്രീമൂലനഗരം വിജയന്‍. എന്റെ നാടകം കടല്‍ക്കരയ്ക്ക് ഒരു അവതാരിക വേണമെന്നും നാടകത്തില്‍ കഥാതന്തു എന്തെന്നുമൊക്കെ മുമ്പുളള കത്തുകളില്‍ ഞാന്‍ വിശദമാക്കിയിരിന്നു. നാടകവുമായി എത്തുവാന്‍ എന്നോടു ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് ഈ യാത്ര. രാവിലെ പത്തു മണിക്ക് മുമ്പു തന്നെ ബസ്സില്‍ എറണാകുളത്ത് എത്തി. അവിടെ നിന്ന് ഏതാനം ബസ്സുകള്‍ കയറിയിറങ്ങിയാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചൈതന്യം തുളുമ്പുന്ന സ്‌നേഹത്തോടെ എന്നെ അദ്ദേഹം സ്വീകരിച്ചു.

അദ്ധ്യായം -26
ഞങ്ങള്‍ വിവാഹിതരായി

ഓമനയും ജ്യേഷ്ഠത്തി തങ്കമ്മയും ഹസാരിബാഗില്‍ നേര്‍ക്കുനേര്‍ സംസാരിച്ചു. തങ്കമ്മയുടെ തൊണ്ടവരണ്ടു പോയതല്ലാതെ മുന്നോട്ടുവച്ചതൊന്നും ശിരസ്സാവഹിക്കാന്‍ ഓമന തയ്യാറായില്ല. തങ്കമ്മ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നിമിഷങ്ങള്‍. അവസാനമായി പറഞ്ഞിട്ടു പോയത്, നീ നരകത്തിലേക്കുളള വഴിയാണ് കണ്ടെത്തിയിരിക്കുന്നത് എന്നായിരുന്നു. ഞാനതിനു മറുപടി കൊടുത്തത് സ്വര്‍ഗ്ഗത്തിന്റേയും നരകത്തിന്റേയും ഉപദേഷ്ടാവായി നിന്റെ ജ്യേഷ്ഠത്തിയെ നിയമിച്ചത് ഞാനറിഞ്ഞില്ല എന്നാണ്. ഇവര്‍ പഠിച്ചത് ആതുര സേവനമാണോ അതോ പരമ്പരാഗത അന്ധവിശ്വാസികള്‍ നടത്തുന്ന ആഭിചാരക്രിയകളോ. ഇവര്‍ ശകുനം നോക്കാനും കണ്ണുകളില്‍ നോക്കി ഫലം പറയാനും മിടുക്കിയായിരിക്കും. എന്തായാലും ആ മന്ത്ര-തന്ത്രങ്ങളൊന്നും നീ പഠിക്കല്ലേ. അതു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതാണ്.

എന്റെ മനസ്സില്‍ വന്നത് തങ്കമ്മ കാഷായ വസ്ത്രം ധരിച്ച് കഴുത്തില്‍ രുദ്രക്ഷമാലയുമണിഞ്ഞ് മന്ത്രച്ചരടുകള്‍ രണ്ടു കൈയ്യിലും കെട്ടിയ ഒരു സന്യസിനിയായിട്ടാണ്. എന്റെ പേരു കേള്‍ക്കുമ്പോള്‍ ഇത്ര അസഹിഷിണുതയും ഈര്‍ഷ്യയും എന്തിനാണ്?. സ്‌നേഹത്തെ കണ്ണുതുറന്നു കാണാത്തവര്‍ ഇതു പോലെ ഈ മണ്ണില്‍ ധാരാളമുണ്ട്. മറ്റുളളവരില്‍ ആശങ്കയും ഭീതിയും വളര്‍ത്തുന്നത് ചിലര്‍ക്കൊരു സുഖമാണ്. സ്‌നേഹത്തിന്റെ തിളക്കവും പരിശുദ്ധിയും കളങ്കപ്പെടുത്തുന്നവരെയായിരിക്കാം ഇവര്‍ കണ്ടുവളര്‍ന്നത്. ഞങ്ങള്‍ സ്വപ്‌നത്തിലും ജീവിതത്തിലും താലോലിച്ചു വളര്‍ത്തിയ പ്രണയമെന്ന മരം ഇന്ന് ആകാശത്തോളം വളര്‍ന്നിരിക്കുന്നു. അതിനെ വെട്ടിമാറ്റാന്‍ ആര്‍ക്കും കഴിയില്ല.
മനുഷ്യന്‍ അത്യാര്‍ത്തിയോടെ വിവാഹത്തിനു മുമ്പ് ഉറപ്പിക്കുന്ന കച്ചവടമാണല്ലോ സ്ത്രീധനം, സ്വര്‍ണം, മറ്റു പലതും. ഞാന്‍ ഓമനയെ കച്ചവടം നടത്തി വാങ്ങാന്‍ ഒരുക്കമല്ല. ഒരു പെണ്‍കുട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അവളെ മലിനപ്പെടുത്തുന്നതിന് തുല്യമാണ്. അറേബ്യന്‍ നാടുകളില്‍ പുരുഷനാണ് സ്ത്രീധനം കൊടുക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഇതുപോലുളള കച്ചവടമില്ല. ഇന്ത്യയില്‍ കാളച്ചന്തയിലെ മൃഗങ്ങളെ പോലെയാണ് പെണ്‍കുട്ടികള്‍ക്ക് വില പേശുന്നത്. ദരിദ്രരാജ്യങ്ങളായ ആഫ്രിക്കയില്‍ പോലും ഒരു പശുവിനെയോ ആടിനെയോ ആണ് സ്ത്രീധനമായി കൊടുക്കുന്നത്. ഭൂതങ്ങള്‍ ബാധിച്ചിരിക്കുന്ന മനുഷ്യരില്‍ ഇതുപോലുളള ധാരാളം അന്ധമായ ആചാരങ്ങള്‍ ഉണ്ട്. എന്റെയുളളിലെ കഠിനമായ എതിര്‍പ്പ് കത്തില്‍ എഴുതി തീര്‍ന്നപ്പോഴാണ് മനസ്സ് ഒന്നു ശാന്തമായത്. എനിക്ക് കിട്ടുന്ന ശമ്പളം പോലും മറ്റുളളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഞാനുപയോഗിക്കുന്നത്. അവളുടെ ബോണ്ടിനുളള പണം അയച്ചതും സ്വന്തം അദ്ധ്വാനത്തില്‍ നിന്നാണ്.
മാതാപിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മക്കള്‍ക്ക് കൊടുക്കാം . അത് അവകാശമാക്കരുത്. എന്തായാലും സ്ത്രീധനം മടിയിലും സ്വര്‍ണ്ണത്തെ കഴുത്തിലും ചാര്‍ത്തി ഒരു ഭര്‍ത്താവിന്റെ മേലങ്കിയണിയാന്‍ ഞാനാഗ്രഹിക്കുന്നില്ല. എല്ലാ കാര്യത്തിലും ഞാനവള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു. ഞങ്ങള്‍ കണ്ടനാള്‍ മുതല്‍ ഓരോ അഭിപ്രായങ്ങളും പരസ്പരം ബോധ്യപ്പെടുന്നതും ഇഷ്ടമുളളതുമായിരുന്നു. ഇപ്പോള്‍ വന്ന കത്തിലെഴുതിയത് ജീവിതം സ്വന്തം വരുമാനത്തില്‍ പടുത്തുയര്‍ത്തണമെന്നാണ്. മറ്റുളളവരെ ആശ്രയിച്ചല്ല ജീവിക്കേണ്ടത്. തെളിഞ്ഞ പുഞ്ചിരിയോടെയാണ് ഞാനതിനെ കണ്ടത്.

എല്ലാ മനുഷ്യരും ഈ മണ്ണില്‍ ജനിക്കുന്നു, വളരുന്നു. ജീവിതത്തെ താലോലിച്ചു വളര്‍ത്തുന്നവര്‍ക്ക് അത് തളിര്‍ക്കും, പൂക്കും, ഫലങ്ങള്‍ തരികയും ചെയ്യും. ആ രാത്രി സ്‌നേഹത്തെപ്പറ്റിയാണ് ഞാനവള്‍ക്കെഴുതിയത്. എന്റെ വാക്കില്‍ നിന്ന്, ലക്ഷ്യയത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ല. ഭൂമിയില്‍ ദീര്‍ഘായുസ്സുളളത് സ്‌നേഹത്തിനും പ്രണയത്തിനുമാണ്. നമ്മള്‍ മരിക്കുമ്പോള്‍ അടുത്ത തലമുറ സ്‌നേഹത്തെ പുനര്‍ജീവിപ്പിക്കുന്നു.ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ ആഴങ്ങള്‍ മനുഷ്യര്‍ മനസ്സിലാക്കാത്തതു കൊണ്ടാണ് കുറ്റബോധത്തിലും ദുഖത്തിലും കഴിയുന്നത്. ഹൃദയത്തില്‍ രക്തം ശുദ്ധി ചെയ്യുന്നതു പോലെ സ്‌നേഹത്തെ ശുദ്ധി ചെയ്‌തെടുത്താല്‍ അതിന്റെ ഫലങ്ങളുണ്ടാകും. ഇവിടെയാണ് സ്‌നേഹം ഹൃദയസ്പര്‍ശിയാകുന്നത്. വിശുദ്ധിയുളള സ്‌നേഹത്തിനും പ്രണയത്തിനും ശത്രുവായി വരുന്നത് സ്വന്തം സുഖങ്ങളും ലാഭങ്ങളുമാണ്.

കമിതാക്കളില്‍ നല്ലൊരു പങ്കും ശാരീരിക സുഖത്തിലാണ് പ്രണയത്തെ കാണുന്നത്. ആ പ്രണയം ദുഖമാണ് നല്‍കുക, സന്തോഷമല്ല, അതു ക്ഷണികവുമാണ്. നമ്മള്‍ ഈ സ്‌നേഹത്തെ അനശ്വരമാക്കിയവരാണ്. അതിനാല്‍ ഒരാപത്തും ഇതുവരെയുണ്ടായിട്ടില്ല. സ്‌നേഹത്തിന്റെ ദിവ്യത്ത്വമറിയാത്തവര്‍ക്ക് നമ്മളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. സ്‌നേഹത്തിന്റെ ഉറവിടമായ ദൈവത്തെ സ്‌നേഹത്തിന്റെ പരിശുദ്ധിയറിയാത്തവര്‍ ആരാധിച്ചിട്ട് വല്ല കാര്യവുമുണ്ടോ. ഇവരുടെ പ്രാര്‍ത്ഥനയും സ്‌തോത്രഗാനങ്ങളും അര്‍ത്ഥശൂന്യമാണ്. ഇവര്‍ ബൈബിള്‍, ഭഗവത്ഗീത, ഖുറാന്‍ പാരായണം ചെയ്തിട്ട് ഒരു കാര്യവുമില്ല.

സി.എം.സി.ക്ക് കുറച്ചകലെയായി ഒരു അബ്രഹാം യേശുവിന്റെ നാമത്തില്‍ വിദേശത്തു നിന്ന് ഗായകരെ വരുത്തി സി.എം.സി.യിലുളളവരെ സംഗീതവിരുന്നിനു ക്ഷണിക്കുക പതിവാണ്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നുമൊക്കെ മ്യൂസിക് ഗ്രൂപ്പുകളെത്തി ഗാനങ്ങള്‍ ആലപിക്കുന്നതിന് ഞാനും പോയിട്ടുണ്ട്. ആ ഗാനങ്ങളെല്ലാം ആത്മാവിന്റെ അഗാധതലങ്ങളിലേക്ക് ശ്രോധാക്കളെ കൊണ്ടുപോകും. ഇദ്ദേഹം സുന്ദരമായ ഒരു മിനിബസ്സ് സി.എം.സി.യിലേക്കയ്ക്കും അതില്‍ പാശ്ചാത്യരും പൗരസ്ത്യരുമായവര്‍ കയറിയിരിക്കും. യാത്ര സൗജന്യമാണ്. തുടരെ വന്നുകൊണ്ടിരുന്ന വിദേശികളുടെ മ്യൂസിക്ക് ആകര്‍ഷകമായിരുന്നെങ്കിലും അബ്രഹാമിന്റെ ലക്ഷ്യം ജീവിത നേട്ടങ്ങള്‍ തന്നെയായിരുന്നു.
യേശുവിന്റെ നാമത്തില്‍ അവിടെയൊരു സ്‌കൂള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും യേശുവിന്റെ നാമത്തില്‍ കൊണ്ടുവരുന്നവരുടെ ഗൂഢലക്ഷ്യം എത്രമാത്രം സമ്പത്ത് ഉണ്ടാക്കാം എന്നതാണ്. ലുധിയാനയിലെ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ വന്ന ഒരു പാസ്റ്ററുടെ പ്രസംഗം കേള്‍ക്കാന്‍ ഞാനും ജോസുമായി പോയി. അപ്പോള്‍ ജോസ് എന്നോടുപറഞ്ഞു ഇദ്ദേഹമാണ് ഉണക്കകപ്പ ഇംഗ്ലണ്ടില്‍ കൊണ്ടുപോയി സായിപ്പന്മാരോടു കഴിക്കാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ വായിലിട്ടപ്പോള്‍ ചോദിച്ചു, ഇതെന്താണ്, കടിച്ചിട്ട് കല്ലു പോലെയിരിക്കുന്നു. പാസ്റ്റര്‍ സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു, ഇതാണ് പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ കഴിക്കുന്നത്, നല്ല ഭക്ഷണമില്ല, നല്ല വസ്ത്രങ്ങളില്ല, പാര്‍പ്പിടമില്ല. പാവങ്ങള്‍ ദുരിതത്തിലാണ്. സായിപ്പിനറിയില്ലല്ലോ അതു വേവിച്ചെടുത്താല്‍ കല്ലല്ല കിഴങ്ങാണെന്ന്. ആദ്ധ്യാത്മികതയില്‍ ഇതു പോലെ കണ്ടുപിടുത്തങ്ങള്‍ നടത്തി കാശുണ്ടാക്കി മധുരം നുകരുന്നവന്‍ എല്ലാ സഭകളിലും ധാരാളമുണ്ട്. ശിക്ഷാവിധിയുടെ നാള്‍ അവര്‍ അറിയുന്നില്ല.

മലയാളി അസ്സോസ്സിയേഷന് വേണ്ടി എന്റെ കടല്‍ക്കര എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ സഖറിയയുടെ വീട്ടില്‍ ആരംഭിച്ചു. ഇതിനകം ദീപികയിലും എന്റെ കവിത അച്ചടിച്ചുവന്നു. എനിക്ക് തപാല്‍ മാര്‍ഗം അവര്‍ കോപ്പി അയച്ചുതന്നു. ജലന്തറിലെ ഒരു മലയാളി കൂട്ടായ്മയുടെ ഓണം ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തു. നാടകം ആവശ്യപ്പെട്ടുകൊണ്ട് ബോംബെ മലയാളി സമാജത്തിന്റെ കത്തും ലഭിച്ചു. സി.എം.സി.വഴി എന്റെ സാഹിത്യസൃഷ്ടികളുടെ പല കോപ്പികളും എടുക്കാന്‍ കഴിഞ്ഞു. നാട്ടില്‍ പോയിട്ടില്ലെങ്കിലും തകഴി, ടി.എന്‍.ഗോപിനാഥന്‍ നായര്‍, പണിക്കര്‍ സാര്‍, കാക്കനാടന്‍, തിരുനെല്ലൂര്‍ കരുണാകരന്‍, പാല കെ.എം.മാത്യു തുടങ്ങി ധാരാളം പ്രമുഖരുമായി എനിക്ക് കത്തിടപാടുകളുണ്ടായിരുന്നു. തകഴിച്ചേട്ടന്‍ പ്രത്യേകം ചോദിക്കുമായിരുന്നു നോവല്‍ എഴുത്ത് എവിടെവരെയായി. അതിനു മറുപടി കൊടുക്കുന്നത് എഴുതികൊണ്ടിരിക്കുന്നുവെന്നാണ്. എതാനും അദ്ധ്യായങ്ങള്‍ ഞാനെഴുതി വച്ചിട്ടുണ്ട്. നാടകത്തിന്റെ റിഹേഴ്‌സലിനിടയില്‍ നോവലെഴുത്ത് നടക്കില്ലെന്ന് എനിക്കറിയാം.

ഇതിനിടയില്‍ വര്‍ത്തമാന്‍ തുണിമില്ലില്‍ നിന്ന് അവിടുത്തെ ഏതാനം തൊഴിലാളികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സമരം നടന്നു. ഞാനും ഒരു ദിവസം അവധിയെടുത്ത് അവര്‍ക്കൊപ്പം ചേര്‍ന്നു മുദ്രാവാക്യം വിളിച്ചു. അതിന്റെ പ്രധാന കാരണം അതില്‍ ഞാന്‍ ജോലി വാങ്ങിക്കൊടുത്ത പാലക്കാട്ടുകാരന്‍ താമരാക്ഷനുമുണ്ടായിരുന്നു. ആ ജോലി കിട്ടാന്‍ കാരണം ഈ കമ്പനിയുടെ മുതലാളി ഏതാനം ദിവസം ആശുപത്രിയില്‍ കിടന്നു. എഴുപതു വയസ്സില്‍ കൂടുതല്‍ കാണും. ഇദ്ദേഹത്തെ വിളിക്കുന്നത് ലാലാജി എന്നാണ്. ഡോ.ചന്ദറിനൊപ്പമായിരുന്നു ഞാനൊരിക്കല്‍ ഇദ്ദേഹത്തെ കാണാന്‍ പോയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലാലാജി സഹായിക്കാറുണ്ട്.
ലാലാജിയുടെ സെക്രട്ടറി ഒരു ജോണ്‍ ആണ്. ജോണിന്റെ ഭാര്യ സി.എം.സി. കോളജിലാണ് ജോലി ചെയ്യുന്നത്. കോളജ് ക്വാര്‍ട്ടറിലാണ് താമസം. സി.എം.സി. യുടെ ക്വര്‍ട്ടറുകളില്‍ മലയാളികളുമുണ്ട്. ലാലാജിക്ക് സുഖം പ്രാപിച്ചപ്പോഴാണ് ഞാനദ്ദേഹത്തോട് ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജോലിക്കായി ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ ഒരു കത്തെഴുതി തന്നിട്ട് ഫൈനാന്‍സ് അഡ്മിന്‍ മാനേജരെ കാണിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് കഴിഞ്ഞ പത്തു മാസമായി താമരാക്ഷന്‍ അവിടെ ജോലി ചെയ്യുന്നത്. പഞ്ചാബിലെ പ്രമുഖ കമ്പിളി ടെക്‌സ്റ്റൈല്‍സാണ് ഓസ്വാള്‍, വര്‍ത്തമാന്‍ മില്‍സ്, ഇന്ത്യയിലെ എല്ലായിടത്തേക്കും ഇവിടുന്ന് വസ്ത്രങ്ങള്‍ അയക്കാറുണ്ട്. തൊഴിലാളികളും യൂണിയനുകളും ഒന്നിച്ചപ്പോഴാണ് സമരം ഒത്തുതീര്‍പ്പിലായി അവസാനിപ്പിച്ചത്.

ഞങ്ങളുടെ വിവാഹം ചിലരുടെ എതിര്‍പ്പോടെ ചിലരുടെ ആശീര്‍വാദത്തോടെ എയര്‍ഫോഴ്‌സുകാരന്‍ പാപ്പച്ചന്റെ നേതൃത്വത്തില്‍ ഹരിയാനയിലെ കര്‍നാല്‍ കത്തോലിക്ക പളളിയില്‍ ഫാദര്‍ ക്രുൂസുബഹറ്റിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. ജ്യേഷ്ഠന്‍ ഈ പളളിയിലെ അംഗമായതിനാലാണ് അവിടെ വെച്ച് നടന്നത്. ഇല്ലെങ്കില്‍ ബോംബെയില്‍ വച്ച് നടത്താനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ദീര്‍ഘനാളായി സമാഹരിക്കപ്പെട്ടിരുന്ന പ്രണയം. മധുരഗീതം പൊഴിക്കാന്‍ തുടങ്ങി. ഞാന്‍ അവളുടെ കഴുത്തിലണിഞ്ഞ മിന്ന് പൂര്‍വ്വാധികം ശോഭിച്ചു തന്നെ കിടന്നു. മറ്റുളളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി വിവാഹധൂര്‍ത്ത് പാടില്ലെന്ന് ഞങ്ങള്‍ മുമ്പു തന്നെ തീരുമാനിച്ചിരുന്നു. പളളിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് വന്നത് സൈക്കിള്‍ റിക്ഷയിലാണ്. ഞങ്ങള്‍ ധരിച്ചിരുന്ന വിവാഹ വസ്ത്രങ്ങള്‍ വിലപിടിപ്പില്ലാത്തതായിരുന്നെങ്കിലും സൂര്യപ്രഭയുടെ സുന്ദരമായ ഭംഗിയുളളതായിരുന്നു. ഇരുന്നു രസിക്കാന്‍ ആകര്‍ഷകങ്ങളായ ഇരിപ്പിടങ്ങളോ മറ്റു സ്ത്രീകളില്‍ കാണുന്നതു പോലെ ഒന്നു പ്രദര്‍ശിപ്പിക്കാന്‍ തിളങ്ങിനില്‍ക്കുന്ന വളകളോ, മാലകളോ ഇല്ലായിരുന്നു. പരിശുദ്ധിയുളള പ്രണയത്തിന് ഇതൊക്കെ അകമ്പടി സേവിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചുറച്ചതാണ്. ആഭരണ പ്രഭയില്‍ ഇളകി നടക്കുന്നത് ഇഷ്ടമല്ലെന്നവള്‍ പറയുമായിരുന്നു. ഞങ്ങളുടെ ജീവിതം താളം തെറ്റുമെന്ന് തങ്കമ്മയെപ്പോലുളളവര്‍ തെറ്റിധരിച്ചു.

ഒരിക്കല്‍ തങ്കമ്മ എന്നെ വെല്ലുവിളിച്ചു പറഞ്ഞു ഓമനയെ കെട്ടാനുളള മോഹമുണ്ടെങ്കില്‍ ആ വെളളമങ്ങ് വാങ്ങിവച്ചേക്ക് എന്ന്. അന്നു മുതല്‍ ആ വെളളം മനസ്സില്‍ തിളച്ചു കൊണ്ടിരുന്നതാണ്. ഇന്നാണ് ആ ജലം കുടിച്ച് എന്റെ ദാഹമകറ്റിയത്. ആ വാക്കുകള്‍ എന്നെ നശിപ്പിക്കാനായിരുന്നില്ല ജനിപ്പിക്കാനായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. കാലത്തിന്റെ സമയം എങ്ങോട്ടെന്നറിയാന്‍ ആര്‍ക്കുമാവില്ല. കാലത്തിനൊപ്പം എങ്ങോട്ടു സഞ്ചരിച്ചാലും ഞങ്ങള്‍ക്ക് മനസ്സിലായത് സ്‌നേഹമാണ്. അതില്‍ അടിയുറച്ചു വിശ്വസിച്ചു. ആ വിശ്വാസം രക്ഷിക്കപ്പെട്ടിരിക്കുന്നു. ഇരുള്‍ പടര്‍ന്നിരുന്ന ഞങ്ങളുടെ ജീവിതത്തില്‍ നിലാവും നക്ഷത്രങ്ങളും തെളിഞ്ഞു വന്നു.
ഒരു മാസം കഴിഞ്ഞപ്പോള്‍ അവളുടെ ആഗ്രഹപ്രകാരം സി.എം.സി.യിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ജോലി വാങ്ങിക്കൊടുത്തു. ഫിറോസ്പുര്‍ ആശുപത്രയില്‍ നിന്ന് പഠിച്ചിറങ്ങിയ മറ്റൊരു പെണ്‍കുട്ടിക്ക് ഇവര്‍ വഴി ജോലി വാങ്ങിക്കൊടുത്തിട്ടുണ്ട്. എല്ലാ നഴ്‌സിംഗ് അഡ്മിഷന്‍ സമയത്തും മാതാപിതാക്കള്‍ ഇന്ത്യയുടെ പല ഭാഗത്തു നിന്നും ടെസ്റ്റ് എഴുതിക്കാന്‍ കുട്ടികളുമായി വരാറുണ്ട്. വരുന്ന കുട്ടികള്‍ കൊടുക്കുന്ന ടെസ്റ്റില്‍ ജയിക്കുമോ ഇല്ലയോ എന്നത് അവരില്‍ ആശങ്ക പരത്തിയിരുന്നു. അതില്‍ ചില മലയാളികള്‍ എന്നെ സമീപിച്ചിട്ട് ആദരവോടെ പറയും മകള്‍ എഴുതുന്നു. ആരെങ്കിലും എന്തെങ്കിലും വഴി സ്വാധീനം ചെലുത്താന്‍ കഴിയുമോ. എന്തു വേണമെങ്കിലും ചെയ്യാം.

ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങളിലും കൈക്കൂലി എന്ന വിത്ത് പാകിയിട്ടുണ്ട്. ആ വിത്ത് ഇവിടെ മുളക്കില്ലെന്ന് വരുന്നവര്‍ക്കറിയില്ല. സി.എം.സി.യുടെ പ്രധാന ഓഫിസുകളിലൊന്നിലും മലയാളികള്‍ ജോലി ചെയ്യുന്നില്ല. ആകെയുളളത് ജി.എസിന്റെ ഓഫിസാണ്. എനിക്കല്പം സാമൂഹിക പ്രവര്‍ത്തനവും, രക്തം കൊടുക്കലും, നാടകവും, ജോലിയില്ലാത്തവര്‍ക്ക് ജോലി തെണ്ടലുമൊക്കെയുളളതു കൊണ്ട് മലയാളികള്‍ പറഞ്ഞു വിടുക എന്റെ അടുക്കലാണ്. എന്നിട്ട് പറഞ്ഞു വിടുന്നവരോടു പറയും എന്റെ പേര് പറയരുതെന്ന്. അവര്‍ക്ക് അങ്ങനെയൊരു ഗുണമുണ്ടായിരുന്നു. ടെസ്റ്റ് കഴിഞ്ഞു നില്‍ക്കുന്ന കുട്ടികള്‍ക്ക് കിട്ടുമോ ഇല്ലയോ എന്നത് മാതാപിതാക്കളെ സംബദ്ധിച്ച് സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ്. ഞാനവരെ ധൈര്യപ്പെടുത്തി പറയും. ഇവിടെ ആരുടെ സ്വാധീനവും നടക്കില്ല. എല്ലാം മെറിറ്റിലാണ്. ഞാനുറപ്പു പറയും മകള്‍ക്ക് കിട്ടാതിരിക്കില്ല, ധൈര്യമായിരിക്ക്. എന്നിട്ട് അവരെ യാത്രയാക്കും. അങ്ങനെ മിഥ്യാബോധവുമായി എന്റെ അടുക്കല്‍ വന്നിട്ടുളളവരുടെ മക്കള്‍ക്ക് അവിടെ പ്രവേശനം കിട്ടുമ്പോള്‍ ഞാന്‍ ആശ്ചര്യപ്പെടാറുണ്ട് പറഞ്ഞത് ഫലിച്ചല്ലോ എന്ന്. മഞ്ഞുകാലം വന്നതോടെ മഞ്ഞ് റോഡിലെങ്ങും തടസങ്ങളുണ്ടാക്കി. നേരം പുലര്‍ന്നാല്‍ മഞ്ഞിന്റെ പുകപടലങ്ങള്‍ മണ്ണിലെങ്ങും ആധിപത്യമുറപ്പിക്കും.

മാസങ്ങള്‍ പലതു കഴിഞ്ഞു. ഓമന പത്തുമണിക്ക് എന്റെ ഓഫിസിലാണ് ചായ കുടിക്കാന്‍ വരുന്നത്. അര മണിക്കൂറിനുള്ളില്‍ പ്യൂണിനെ വിട്ട് കാന്റിനില്‍ നിന്ന് ചായക്കൊപ്പം കഴിക്കാനും വാങ്ങിപ്പിക്കും. അതില്‍ പ്യൂണായ സ്ത്രീയും പങ്കുചേരും. അവരുടെ ഭര്‍ത്താവ് സാനിറ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട്. ഒരു ദിവസം എന്റെ അയല്‍ക്കാരനായ വേടരപ്ലാവിലെ കിണറുവിള മുക്കിലെ റയില്‍വേയില്‍ ജോലിയുളള മുരളി ഓഫീസില്‍ വന്നു. അവന്റെ ഭാര്യ ശൂരനാട്ടുകാരിയാണ്. തുടര്‍ന്ന് അവര്‍ എന്റെ വീട്ടില്‍ വരികയും ഞങ്ങള്‍ അവരുടെ വീട്ടില്‍ പോവുകയും ചെയ്തു. അവന്റെ വീട്ടില്‍ പോയി സൈക്കിളില്‍ ഓമനയെ പിറകിലിരുത്തി മടങ്ങി വരുമ്പോള്‍ ഒരു ചെറുക്കന്‍ കുറുകെ ചാടി ഞങ്ങള്‍ രണ്ടു പേരും റോഡില്‍ വീണു. അതിനുശേഷം ഓമന പിന്നെ എന്റെ സൈക്കിളില്‍ കയറാറില്ല. അന്ന് വീണതിന്റെ പേടി മനസ്സിലുളളതു കൊണ്ടാണത്. അതിന്റെ പേരില്‍ നിരപരാധിയായ എന്നെ കളിയാക്കുമ്പോള്‍ ഞാന്‍ പറയും പിന്നെ ലോകചരിത്രത്തില്‍ ആദ്യമായിട്ടല്ലേ രണ്ടുപേര്‍ സൈക്കിളില്‍ നിന്ന് വീണത്. അതു കേട്ട് അവളുടെ മിഴികളില്‍ സന്തോഷം വിടരും. നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ പലവട്ടം കത്തെഴുതി ഒന്നു വന്നിട്ടുപോകാന്‍ വീട്ടിലെ ഏറ്റവും ഇളയ പുത്രിയായതിനാല്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം നടത്തിയിട്ടും അവളോട് അത്യധികം സ്‌നേഹമായിരുന്നു. ഇനിയും അവരെ വേദനിപ്പിക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. നാട്ടിലേക്ക് പോകാനുളള ശ്രമങ്ങള്‍ തുടര്‍ന്നു. ഉള്ളിലെ ഹൃദയഭാരമകറ്റി ഞങ്ങള്‍ നാട്ടിലേക്ക് യാത്രതിരിച്ചു.

കഥ:- ശിവകുമാര്‍, മെല്‍ബണ്‍, ഓസ്ട്രേലിയ

‘അമ്മേ’..രാജേഷ് അമ്മയെ അകത്തേക്ക് നോക്കി വിളിച്ചു. നാരായണിയമ്മ തീരെ വയ്യാതെ ഉമ്മറത്തേക്ക് വന്നു.’അമ്മേ ഇതെന്തൊരു മഴയാണ്? ”മഴ നില്‍ക്കുന്നേയില്ലല്ലോ ലീവിന് നാട്ടില്‍ വന്നിട്ട് എല്ലാം വെള്ളത്തിലായല്ലോ രാജേഷ് താടിക്ക് കയ്യും കൊടുത്ത് നിരാശയോടെ പറഞ്ഞുകൊണ്ടേയിരുന്നു മഴ തുടങ്ങിയാല്‍ നാരായണിയമ്മക്ക് ആസ്ത്മയാണ്. ശ്വാസം കിട്ടാത്ത അവസ്ഥയാണ് എന്നിരുന്നാലും മോന്റെ അരികിലായി ചേര്‍ന്ന് നിന്നുകൊണ്ട് പുറത്ത് മഴ നോക്കികൊണ്ടേയിരുന്നു. ‘മുറ്റം നിറയാന്‍ തുടങ്ങിയിരിക്കുന്നു ഇങ്ങനെ പെയ്താല്‍ അകത്തേക്ക് വെള്ളം കയറും തീര്‍ച്ച’ നാരായണിയമ്മ പറഞ്ഞു.! തൊട്ടടുത്ത സിദ്ധീഖിന്റെ വീട്ടിലും സണ്ണിയുടെ വീട്ടിലും ഏകദേശം വെള്ളം കയറി തുടങ്ങി. സിദ്ധിഖും സണ്ണിയും ലീവിന് നാട്ടില്‍ വന്നിട്ടുണ്ട്. പക്ഷെ അവിടെയാരെയും കാണാനില്ല, കണ്ടിട്ടും കാര്യമില്ല കാരണം മൂന്നുപേരും പിന്നെ വീട്ടുകാരുമിപ്പോള്‍ ശത്രുതയിലാണ്. ശത്രുത കണ്ടാല്‍ പോലും മിണ്ടില്ല, അതിപ്പോള്‍ കാലം കുറെയായി. ആ വേദനയെന്നും നാരായണിയമ്മ പറയാറുണ്ട്. ‘അവരൊക്കെ അവിടെയുണ്ടോ ആവോ’? ‘ ആരേയും കാണാനില്ലല്ലോ’ നാരായണിയമ്മ മെല്ലെ അകത്തേക്ക് പോയി ‘ശ്വാസം കിട്ടാതെ വിഷമിക്കുന്നുണ്ടെങ്കിലും പറഞ്ഞുകൊണ്ടേയിരുന്നു’.

‘നിങ്ങള്‍ മൂന്നുപേരും കാരണം ഞങ്ങള്‍ അമ്മമാര്‍ക്കും പരസ്പരം മിണ്ടാന്‍ പറ്റാത്ത അവസ്ഥയായി ”എത്രമാത്രം സ്‌നേഹം നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു ‘ എല്ലാം നിങ്ങളുടെ മത രാഷ്ട്രീയം ഇവ കാരണം മനസ്സിനെ വേര്‍തിരിച്ചു ‘നിങ്ങള്‍ ഓരോ മനസ്സിനുള്ളിലെ മതിലുകള്‍ തീര്‍ത്തു. അതിലിരുന്നുകൊണ്ട് ഇപ്പോള്‍ ചുറ്റും കാണുന്നു. ‘കഷ്ടം’ നാരായണിയമ്മ പറഞ്ഞു പറഞ്ഞു ചുമയും തുടങ്ങി. ‘അമ്മെ ഞാന്‍ എന്തുചെയ്തൂന്ന’.! രാജേഷിന് ദേഷ്യം വന്നു അമ്മയെ നോക്കികൊണ്ട് രാജേഷ് എന്തൊക്കെയോ പറഞ്ഞു. ‘അവരല്ലേ നമ്മളെ ഒറ്റപ്പെടുത്തിയത്’ ”അവരല്ലേ മിണ്ടാതിരിക്കുന്നത്’ ‘എനിക്കാരോടും ദേഷ്യമില്ല” കാരണം അവര്‍ രണ്ടു പേരും എന്റെ ജീവനായിരുന്നു ഒരിക്കല്‍..”രാജേഷ് പതിയെ അകത്തേക്ക് കയറി ‘രാജേഷിന്റെ മനസ്സ് വല്ലാതായി. ഒടുവില്‍ അകത്തെ സോഫയില്‍ ഇരുന്ന് പുറത്തേക്ക് നോക്കിയിരുന്നു….. മനസ്സ് മെല്ലെ കുഞ്ഞുപ്രായത്തിലേക്ക് യാത്രയായി!

രാജേഷ്, സിദ്ദീക്ക്, സണ്ണി. പിരിഞ്ഞിരിക്കാന്‍ പറ്റാത്ത കൂട്ടുകാരായിരുന്നു മൂന്നുപേരും. ജാതി മത വേര്‍തിരിവില്ലാതെ ഒറ്റക്കെട്ട്: എല്ലാത്തിനും ഒന്നിച്ചായിരുന്നു… ഒരു പാത്രത്തില്‍ ഭക്ഷണം, ഒരേ ചിന്തകള്‍, ഒരേ മനസ്സുകള്‍, ഒരു പായയില്‍ കെട്ടിപ്പിടിച്ചു ഒരു വീട്ടില്‍ ഉറങ്ങുന്നവര്‍, വീട്ടുകാരും നാട്ടുകാരുപോലും ഇവരുടെ കൂട്ടുകെട്ടിനെ കളിയാക്കുമായിരുന്നു……’ വലുതായാല്‍ ഒരുപെണ്ണിനെയാണോടാ നിങ്ങള്‍ മൂന്നുപേരും കെട്ടുക’ എന്നുപോലും ചോദിച്ചവരുണ്ട്. കാലം കടന്നുപോകുംതോറും കൂട്ടുകെട്ടും കൂടിക്കൊണ്ടേയിരുന്നു ഒരേ സ്‌കൂള്‍ ഒരേ ക്ലാസ്സ് ഒരേ ബെഞ്ച്, പിന്നീട് ഒരേ കോളേജില്‍ ആര്‍ക്കും പിരിക്കാന്‍ പറ്റാത്ത… നെഞ്ചോട് ചേര്‍ത്ത് കെട്ടിയ പോലെ ജീവിക്കുന്നവര്‍…. പക്ഷെ കാലം അതിനെല്ലാം മതിലുകള്‍ ഒരുക്കി…. അതോ ആരൊക്കെയോ… അവരുടെ തല ചൊറിഞ്ഞുള്ളുകില്‍ മൂളികൊണ്ടേയിരുന്നു….. ആ മൂന്ന് മനസ്സുകളെ മൂന്നു വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കിവെക്കാന്‍ ശ്രമിച്ചവരൊക്കെ സന്തോഷിച്ചു രാഷ്ട്രീയം, മതം മൂന്നുപേരുടെയും തലക്കുലേലത്തില്‍ അഗ്‌നി ജ്വാലപോലെ കത്തിയെരിഞ്ഞു…. ഒടുവില്‍ തമ്മിലടിയായി’ മൂന്നുപേരും എന്നെന്നേക്കുമായി അകന്നു’….അതോടൊപ്പം അച്ഛനും ബാപ്പയും അപ്പച്ചനും ശത്രുക്കളായി. അഥവാ ശത്രുക്കളാക്കി… അമ്മമാര്‍ക്ക് പരസ്പരം മിണ്ടാന്‍ പറ്റാത്ത അവസ്ഥായിലാക്കി.!

കാലം എല്ലാം കണ്ടുകൊണ്ടേയിരുന്നു… കാലത്തിനു പോലും ഉരിയാടാന്‍ രാഷ്ട്രീയ-മതവാദികളോട് ചോദിക്കേണ്ടടുന്ന അവസ്ഥപോലെയായി… മൂന്നുപേരും ജോലിക്കായി നാടുവിട്ടു. തന്റെ സമ്പാദ്യങ്ങള്‍ കാണിക്കാന്‍ പരസ്പരം വാശിയിലായി. വലിയ വീടുവെച്ചു കാറുവാങ്ങി. നാട്ടില്‍ വന്നാല്‍ ഇഷ്ടം പോലെ പണം ഒഴുക്കി… ധൂര്‍ത്തടിച്ചു… എല്ലാത്തിനും മൂക സാക്ഷിയായി അമ്മമാരും….. അവരുടെ നെഞ്ചില്‍ തേങ്ങലുകള്‍ മാത്രമായി. പരസ്പരം കണ്ടിട്ടും മിണ്ടാതെ, ആരെങ്കിലും കണ്ടാലോ എന്ന ഭയം മൂന്നുപേരെയും മൗനികളാക്കി.അവര്‍ പേടിച്ചു പേടിച്ചു ജീവിച്ചു. ഒരുപാടുകാലത്തിന് ശേഷമാണ് മൂന്നുപേരും ഒന്നിച്ചു നാട്ടില്‍ വരുന്നത്: ഒന്ന് കാണണം എന്ന പലപ്പോഴും തോന്നിയിട്ടുണ്ട് മൂന്നുപേര്‍ക്കും. പക്ഷെ വരമ്പുകള്‍ മറികടന്ന് പോകാന്‍ ആരും ധൈര്യം കാട്ടിയില്ല. മഴവെള്ളം അകത്തേക്ക് കടന്നപ്പോഴാണ് താന്‍ ഈ ലോകത്തല്ലല്ലോ എന്ന രാജേഷ് അറിയുന്നത്. പെട്ടന്ന് തന്നെ അമ്മയെയും കൊണ്ട് പുറത്തേക്ക് പോകണം എന്ന വിചാരിച്ചെങ്കിലും മുറ്റം നിറയെ വെള്ളം കണ്ടു. ഒടുവില്‍ ആരൊക്കെയോ ഒരു ചെറിയ തോണിയില്‍ അവിടെയെത്തി രാജേഷിനെയും നാരായണിയമ്മയെയും കയറ്റി തൊട്ടടുത്ത സ്‌ക്കൂളിലേക്ക് കൊണ്ടുപോയി. ‘അപ്പോഴും നാരായണിയമ്മ ശ്വാസം കിട്ടാതെ വിഷമിക്കുകയായിരുന്നു. താന്‍ പഠിച്ച സ്‌കൂള്‍ ഇപ്പോള്‍ അഭയാര്‍ത്ഥി കേന്ദ്രമാണ്.നിറയെ ആളുകള്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍.

വിശപ്പിന്റെ രോദനം. ഹെലികോപ്ടറിന്റെ ശബ്ദം. രാജേഷ് അമ്മയെ അവിടെയാക്കി ഡോക്ടറിനെ അന്വേഷിച്ചു മറ്റുള്ളവരോടൊപ്പം പുറത്തുപോയി. അപ്പോഴും മഴ ആരോടൊക്കയെ പ്രതികാരം ചെയ്യുമ്പോലെ ചെയ്തുകൊണ്ടേയിരുന്നു…. നിര്‍ത്താതെ അല്പം കഴിഞ്ഞു നനഞ്ഞു കൊണ്ട് തന്നെ രാജേഷ് സ്‌കൂളില്‍ തിരികെയെത്തി ‘ഡോക്ടര്‍ വരാന്‍ വൈകും ‘ കാരണം ഡോക്ടര്‍ മാര്‍ എല്ലാവരും വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് പോലും ‘സങ്കടത്തോടെ കൂടെയുള്ളവരോട് രാജേഷ് പറഞ്ഞു. രാജേഷ് മെല്ലെ അമ്മയെ കാണാന്‍ അകത്തേക്ക് കയറി….ചുറ്റും വല്ലാത്ത ഒരു അവസ്ഥയായിരുന്നു…. ഓരോ മുഖങ്ങളിലും നിസ്സഹായാവസ്ഥ…. പണക്കാരനും പാവപ്പെട്ടവനും താഴന്ന ജാതിയിലുള്ളവനും ഉയര്‍ന്നവനും പാര്‍ട്ടി വിശ്വാസികളും എല്ലാവരും ഒരേയൊരു മുഖഭാവത്തോടെ ഒന്നും ഉരിയാടുവാനില്ലാതെ എന്തൊക്കെയോ ഓര്‍ത്തുകൊണ്ടേയിരിക്കുന്നു…..ഇവിടെ പാര്‍ട്ടിയില്ല മതമില്ല രാഷ്ട്രീയ വര്‍ത്തമാനങ്ങളില്ല ജീവന് വേണ്ടിയുള്ള പിടച്ചില്‍ വിശപ്പിന്റെ രോദനം….മഴയൊന്നുനില്‍ക്കണേയെന്ന് കൈ കൂപ്പുന്നവര്‍.ദൈവത്തെ വിളിക്കാത്തവര്‍ പോലും ദൈവം എന്ന സത്യം അറിഞ്ഞത് പോലെ വീട്ടിനുള്ളില്‍ നിന്നും രക്ഷിക്കാന്‍ ദൈവങ്ങളെ പോലെ എത്തിയവര്‍ പ്രപഞ്ചത്തിന് ശക്തിയുണ്ടെന്നും ഒരു ഈശ്വര ചൈതന്യമുണ്ടെന്നും മനസ്സിലാക്കിയവര്‍.നമുക്ക് ചുറ്റും നമ്മുടെ ഉള്ളിലും ചൈതന്യമുണ്ടെന്ന തോന്നലുണ്ടായവര്‍.നിരീശ്വരവാദികള്‍ പോലും മിണ്ടാതെയിരിക്കുന്നു.ഒരു തുള്ളി വെള്ളം കിട്ടാന്‍ ആശിക്കുന്നവര്‍ കയ്യില്‍ കിട്ടിയ ഭക്ഷണത്തിന് വീട്ടില്‍ നിന്നും ഉണ്ടാക്കി കിട്ടുന്നതിനേക്കാള്‍ രുചിയുണ്ടെന്നറിഞ്ഞവര്‍…ഭക്ഷണം വെറുതെ കളയുന്നവര്‍ പോലും കിട്ടിയ പൊതിച്ചോര്‍ കഴിച്ച തൃപ്തി അടയുന്നവര്‍…എല്ലാം ഒന്ന് കണ്ണോടിച്ചുകൊണ്ട് രാജേഷ് അമ്മയുടെ അടുക്കലേക്ക് നടന്നുനീങ്ങിയപ്പോള്‍ പെട്ടന്ന് ചലനം നഷ്ടപെട്ടപോലെ അവിടെ നിന്നുപോയി അവിടെ കണ്ട കാഴ്ച നെഞ്ചില്‍ ഒരു പോറല്‍ ഉണ്ടാക്കി തന്റെ ‘അമ്മ സിദ്ധീക്കിന്റെ ഉമ്മ ആമിനയുമ്മയുടെ നെഞ്ചില്‍ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നു ഉമ്മ അമ്മയുടെ നെഞ്ച് തടവിക്കൊണ്ട് ഇരിക്കുന്നു മറു കാരത്തില്‍ സണ്ണിയും.മിഴി നിറഞ്ഞു പോയി രാജേഷിന് ആ കാഴ്ച കണ്ടിട്ട്.രാജേഷ് ഓടി അമ്മയുടെ അരികിലെത്തി.

‘അമ്മേ ‘രാജേഷ് കരഞ്ഞുപോയി അപ്പോള്‍….തൊണ്ട ഇടറിക്കൊണ്ട് രാജേഷ് അമ്മയെ വിളിച്ചു.’ഉമ്മാ ‘ ‘അമ്മച്ചി ‘ ‘എടാ സിദ്ധീക്കെ,,,,……. സണ്ണീ,,,, രാജേഷ് നിറമിഴിയോടെ എല്ലാരേയും വിളിച്ചു, ,,,എല്ലാരേയും ചേര്‍ത്തുപിടിച്ചു രാജേഷ്….അപ്പോഴും രാജേഷിന്റെ മിഴി നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു ‘ മോനെ ‘ ‘അമ്മ രാജേഷിനെ വിളിച്ചു ‘മോനെ എനിക്ക് നല്ല സുഖമുണ്ട് മനം നിറഞ്ഞു ഇപ്പോള്‍ മരിച്ചാലും സാരമില്ല, ,….ദേ ഇവരെല്ലാം എന്റെ അരികിലുണ്ട്…എനിക്കിവരെ തിരികെ കിട്ടി…ഇനിയെന്തുവേണം ‘ ഈശ്വരന്‍ എനിക്ക് ഇവരെ തിരികെ തന്നു അതിന് ഈയൊരു മഴ പെയ്യേണ്ടി വന്നു നാരായണിയമ്മ കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു കരയേണ്ട നാരായണീഇനി നമ്മളെ ആര്‍ക്കും വേര്‍പിരിക്കാന്‍ കഴിയില്ല ആമിനാമ്മ തന്റെ തട്ടം കൊണ്ട് നാരായണിയമ്മയുടെ മുഖം മെല്ലെ തുടച്ചു….. കണ്ണുനീരൊപ്പി…. നല്ലൊരു മഴ വന്നാല്‍ എങ്ങോട്ടോ ഒലിച്ചു പോകുന്ന ജന്മമാണ് നീ നാമെന്ന മറക്കരുത് ‘ ആമിനാമ്മ തുടര്‍ന്നു…പെറ്റമ്മയേയും മറന്ന് നെഞ്ച് പൊട്ടും വരെ പണിയെടുത്തു സ്വന്തം ജീവിതം ബാലികഴിപ്പിച്ച നിനക്കൊക്കെ തന്ന ദാനമാണ് ആ ഇരിക്കുന്ന നിങ്ങളുടെ ഓരോ അച്ഛന്റെയും ജീവിതം ‘അത് മറക്കരുത്.. അവരെക്കാള്‍ നിനക്കൊക്കെ വലുത് ആദര്‍ശങ്ങളും, മത മൗലിക വാദികളും, രാഷ്ട്രീയ നേതാക്കളും കുറെ കുട്ടി സഖാക്കളും സ്വന്തം അച്ഛനെയും അമ്മയെയും വേദനിപ്പിച്ച ആരും തന്നെ ഈ ഭൂമിയില്‍ സ്വസ്ഥതയോടെ ജീവിച്ചിട്ടില്ലെന്ന കാര്യം നിങ്ങള്‍ മറക്കരുത്.മറ്റുള്ളവന്റെ മുന്നില്‍ ആളാവാന്‍ വേണ്ടി നീയൊക്കെ എന്തും ചെയ്യും കൊല്ലാനും മടിക്കാത്തവന്മാര്‍, ,,…നാളെ നീയൊക്കെ പണത്തിന് വേണ്ടി ഞങ്ങളെയും കൊല്ലുകില്ലേ, ,,,സണ്ണിയെ നോക്കി ത്രേസിയാമ്മച്ചി വിലപിച്ചു…ആമിനാമ്മ കലിയിളകിയപോലെ… വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവെച്ചിരുന്ന തന്റെ വേദന പറഞ്ഞുകൊണ്ടേയിരുന്നു..പണം…….പണം………..പണം…….. ഓട്ടമാണ് എല്ലാവരും…സ്‌നേഹിക്കാന്‍ അറിയാത്ത കുറേ ജന്മങ്ങള്‍…..’

നിന്റെയൊക്കെ പത്രാസെല്ലാം ഇന്നെവിടെ ? എവിടെയെല്ലാം….. എല്ലാം മഴകൊണ്ടുപോയില്ലേ..നിന്റെയൊക്കെ വല്യ ആദര്‍ശം… ആര്‍ക്കും മനസ്സിലാകാത്ത കുറേകടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍…. നിന്റെയൊക്കെ ആദര്‍ശവും അഹങ്കഹാരവുമൊക്കെ എവിടെ മഴയത്ത് ഒളിച്ചുപോയോ ?എന്തേ മൂന്നുപേരും തലയും തായ്ത്തി ഇരിക്കണേ ? നിങ്ങളുടെ കുട്ടിക്കാലാം ഓര്‍ക്കുന്നുണ്ടോ ?നിങ്ങളെ പോലെ തന്നെ ഞങ്ങള്‍ മൂന്നുപേരും ഒരേ മനസ്സോടെ കഴിഞ്ഞതായിരുന്നു…. അതാ കുറെ അവന്‍മാര്‍പുറത്തിരിക്കുന്നു, ,, നിന്നെയൊക്കെ കൊലക്കു കൊടുക്കാന്‍ നടക്കുന്നവന്മാര്‍ കൂട്ടത്തിലിരിക്കുന്ന ഒരുത്തനും പഠിച്ചിട്ടില്ല പക്ഷെ ബുദ്ധിയുണ്ട്…നീയൊക്കെ പത്രാസിന് പഠിച്ചിട്ടുണ്ട് ‘….. പക്ഷെ ബുദ്ധിയില്ല ‘…കഷ്ടം….’ആമിനാമ്മ പറഞ്ഞുകൊണ്ടേയിരുന്നു. ”മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടെന്താ പഠിച്ചതിന്റെ ബുദ്ധി വേണ്ടേ…”ആമിനാമ്മ കടലിനേക്കാള്‍ കലിയിളകിയപോലെയായി മനസ്സില്‍ അടക്കിവെച്ചിരുന്ന തന്റെ വേദന പറഞ്ഞുകൊണ്ടേയിരുന്നു.”ഇനിയെങ്കിലും മൂന്നുപേരും മനസിലാക്കുക” എന്താണ് സ്‌നേഹം എന്ന്. മരിക്കും വരെ എങ്ങനെ ഒരേ മനസോടെ സന്തോഷത്തോടെ ജീവിക്കുമെന്ന്.ത്രേസ്യാമ്മയും പറയാന്‍ തുടങ്ങി.

”എത്ര പണം കൊടുത്താലും കിട്ടാത്ത ചിലതുണ്ട് ഈ ഭൂമിയില്‍”. നീയൊക്കെ ഒന്നും കൊണ്ടുപോകില്ല ഇവിടെ നിന്നും. അത് മറക്കരുത്.”മറ്റുള്ളവന്റെ വാക്ക് കേട്ട് ദ്രോഹിക്കാനും, കൊല്ലാനും, കൊലവിളിക്കാനും നിനക്കൊക്കെ കഴിയുമെങ്കില്‍ നീയൊക്കെ ഓര്‍ക്കണം നിന്നെ കൊല്ലാനും ദൈവം ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ടാവുമെന്ന്. അതോര്‍ക്കണം എന്നും” ഇനിയെങ്കിലും പഴയ വൈരാഗ്യം ഒക്കെ മറന്ന് എല്ലാവരും ഒന്നാകാന്‍ നോക്ക്. ഇനിയും നിങ്ങള്‍ക്ക് ഇത് കഴിയില്ലെങ്കില്‍ ഞങ്ങളെ പിരിക്കാന്‍ ഇനി നോക്കേണ്ട. ഈ ജന്മം തീരും വരെ ഞങ്ങള്‍ മൂന്ന് പേരും ഒന്നിച്ചുണ്ടാവും. ഇതും പറഞ്ഞു ഒരുത്തനും വീട്ടിലേക്ക് വരരുത്”.ആമിനാമ്മ മനസിലുള്ളതെല്ലാം പറഞ്ഞു കൊണ്ടേയിരുന്നു…..”പോ എന്റെ മുന്നീന്” ആമിനാമ്മ പരിസരം പോലും മറന്നു പോയിരിക്കുന്നു. കിതക്കുന്നുമുണ്ട്.എല്ലാവരും കേട്ട് കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ നിറയെ ആളുകള്‍.എല്ലാവര്‍ക്കും അറിയാം ഈ മൂന്ന് കുടുംബങ്ങളും അത്രയ്ക്കും സ്‌നേഹത്തോടെ ജീവിച്ചതും പിന്നെ പിരിഞ്ഞതും.മൂന്നുപേരും അവിടെ നിന്നും പതിയെ എഴുന്നേറ്റു, കണ്ണ് നിറഞ്ഞിരിക്കുന്നു മൂന്ന് പേരുടേയും. ഹൃദയത്തിന്‍ താളം നിലച്ചതുപോലെ, പരസ്പരം ഉരിയാടാനാവാത്ത പോലെ കണ്ണോട് കണ്ണോരം നോക്കി നില്‍ക്കെ മൂന്ന് പേരും കെട്ടിപിടിച്ചു.ഇത് കണ്ട് മൂന്ന് അമ്മമാരും കൂടെയുള്ളവരുടെയും മിഴികളില്‍ ആനന്ദാശ്രൂക്കള്‍ നിറഞ്ഞു.”ഇനി നമ്മളെ ഒരുത്തനും വേര്‍പിരിക്കില്ല”. സിദ്ധിക്കാണ് ആദ്യം പറഞ്ഞത്. ” അതേടാ നമ്മുടെ മനസിനെ മുറിച്ചവര്‍ക്ക് മുന്നിലൂടെ നമ്മള്‍ ഇനി മുന്നോട്ട് പോകും” സണ്ണി കൂട്ടിച്ചേര്‍ത്തു.” അതെ ഓര്‍മകാലം തൊട്ടേ നമ്മള്‍ നെയ്‌തെടുത്ത സ്വപ്നങ്ങളെല്ലാം ഈ സ്‌കൂളില്‍ നിന്നായിരുന്നു. ഈ സ്‌കൂള്‍ ആണ് നമ്മുടെ ആരധനാലയം, ഇവിടമാണ് സ്വര്‍ഗം” ഇനി നമ്മള്‍ ഒന്നാണ് മരണം വരെ.രാജേഷ് മിഴി തുടച്ചുകൊണ്ടു പറഞ്ഞു.മൂന്ന് അമ്മമാര്‍ക്കും സന്തോഷത്താല്‍ മനം നിറഞ്ഞു.ഈ മഴ ഒരുപാട് നാശങ്ങള്‍ തന്നതാണേലും മൂന്ന് മനസുകളെ യോജിപ്പിക്കാന്‍ കഴിഞ്ഞു. പുറത്തു പെയ്‌തൊഴുകുന്ന മഴ ഇതൊന്നുമറിയാതെ പെയ്തുകൊണ്ടേയിരുന്നു.

രാജേഷും, സിദ്ധിക്കും സണ്ണിയും കൈകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് പുറത്തേക്കു ഇറങ്ങി. സ്‌കൂള്‍ വരാന്തയുടെ ഒരു കോണില്‍ അച്ഛനും, ബാപ്പയും, അപ്പച്ചനും ഒന്നിച്ചിരിക്കുന്നത് കണ്ടപ്പോള്‍ അതിശയപ്പെട്ടുപോയി. മനസ് സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. മൂന്നു പേരെയും നോക്കി അവര്‍ ചിരിച്ചു.ഇതെല്ലാം നോക്കികൊണ്ട് വരാന്തയുടെ മറ്റൊരറ്റത്തു മത – മൗലിക നേതാക്കന്മാരും താടിക്കു കയ്യും കൊടുത്തു തല താഴ്ത്തിയിരിക്കുന്നുണ്ടായിരുന്നു. ”ഇനിയെങ്ങനെ ഇവന്മാരെ തമ്മിലടിപ്പിക്കും എന്ന് ചിന്തിക്കും പോലെ”നഷ്ടപ്പെട്ടുപോയ നല്ല കാലങ്ങള്‍ തിരികെ ലഭിക്കില്ലേലും ഇനിയുള്ള കാലം ജാതിയും മതവും രാഷ്ട്രിയവും മറന്ന് ഒരു ചങ്ക് പോലെ നമ്മള്‍ കഴിയുമെന്ന് മനസിലുറപ്പിച്ചു ലുങ്കി മടക്കിക്കുത്തി മൂന്നുപേരും മഴയത്തേക്കു ഇറങ്ങിനടന്നു.പണ്ട് സ്‌കൂളിലും, വീട്ടിലും വഴിയോരത്തും നനഞ്ഞതുപോലെ കൈകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് മറ്റുള്ളവരോടൊപ്പം സജീവ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നോട്ട് നടന്നു.പുതിയ ഉണര്‍വോടെ പുതിയ മനസോടെ പുതിയ ഭാവത്തോടെ ചങ്കുറപ്പോടെ..!മഴ പെയ്ത് തീരും മുമ്പേ മൂന്നു മനസുകള്‍ ഒന്നിച്ചു. മൂന്നു വീട്ടുകാര്‍ ഒന്നിച്ചുമതവും രാഷ്ട്രീയവും അല്ല, പകരം ഒരേ മനസും ഒത്തൊരുമയും സ്‌നേഹവുമാണ് മനുഷ്യന് എല്ലാമെന്ന്
മനസിലാക്കികൊടുക്കാന്‍ മഴ പെയ്യേണ്ടി വന്നു. ഇപ്പോഴും പെയ്തുകൊണ്ടേയിരിക്കുന്നു. നിര്‍ത്താതെ എല്ലാവരും മഴപെയ്യുന്നതും നോക്കികൊണ്ടേയിരിക്കുന്നു.

പ്രിയപ്പെട്ടവരേ ഇനിയെങ്കിലും നമ്മുടെ സ്വന്തം മണ്ണില്‍ നമ്മളെല്ലാം ഒരുപോലെ ഒരു മനസായി രാഷ്ട്രീയവും, കൊലപാതകവും, തീവ്രവാദവും മതഭ്രാന്തും മാറ്റിവച്ചു ഒരു മതമായി ഒരു രക്തമായി ഇനിയും പ്രകൃതിയില്‍ ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഒന്നിച്ചു പ്രകൃതിയോട് പ്രാര്‍ത്ഥിച്ചു കൂടെ.എത്രയോ ജന്മങ്ങളില്‍ പുഴുവായ്, പ്രാണിയായ്, മരമായ്, മൃഗമായ് അലഞ്ഞ നമ്മള്‍ക്ക് ഇന്ന് ഒരു മനുഷ്യ ജന്മം തന്ന ആ പരമാത്മാവിനോട്, ആ പരമാത്മാവ് നമ്മുടെ ഓരോ മനസിനുള്ളിലും ചൈതന്യമായി നിറഞ്ഞൊഴുകുന്നുണ്ടെന്നു മനസിലാക്കി സ്വയം ബഹുമാനിച്ചും മറ്റുള്ളവരെ ബഹുമാനിച്ചും ഈ ജീവിത യാത്ര എവിടെ അവസാനിക്കും എന്നറിയാതെ, പോയ ജന്മങ്ങളില്‍ ആരിലോ ഉണ്ടായ കഴിവുകള്‍ ഇന്നീ ശരീരത്തിലൂടെ കടന്നുപോകുമ്പോള്‍ അറിയുക. പഞ്ചഭൂതത്തിലൂടെ വന്നത് പഞ്ചഭൂതത്തില്‍ അലിഞ്ഞു ചേരുമെന്നും, നമ്മുടെ ഉള്ളിലുള്ള ആത്മാവ് ചൈതന്യത്തില്‍ ലയിക്കുമെന്നും അത് നമ്മള്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളില്‍ കൂടി മാത്രമേ സാധ്യമാവുകയുള്ളൂ എന്നും.മഴയില്‍ തളര്‍ന്നു പോയവരും, തകര്‍ന്നു പോയവരും, നമ്മെ വിട്ടകന്നവരും എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിച്ചു കൊണ്ട് പുതിയൊരു ജന്മമേകിയ കേരള മണ്ണില്‍ ”മാനുഷ്യരെല്ലാരും ഒന്നുപോലെ” എന്ന് നമ്മെ പഠിപ്പിച്ച ‘മഹാബലി തമ്പുരാനെ’ തൊഴുതുകൊണ്ടും കഴിയുന്നത്ര സഹായം ചെയ്യാന്‍ ഒപ്പമുണ്ടാവുമെന്നോര്‍മിച്ചു കൊണ്ടും.

അദ്ധ്യായം – 25
ഇന്ദിരാഗാന്ധിക്കയച്ച കളള കത്ത്

ഒരു ഞായറാഴ്ച്ച ലുധിയാനയുടെ വിജനമായ ഒരു മൈതാനത്ത് ഇന്ത്യയുടെ അഭിമാനമായ ഗുസ്തിവീരന്‍ ദാരാസിംഗും പാക്കിസ്ഥാനിലെ പേരെടുത്ത മുഹമ്മദും തമ്മില്‍ നടന്ന മല്‍പ്പിടുത്തം എന്തെന്നില്ലാത്ത സുഖാനുഭൂതിയോടെ ഞാന്‍ കണ്ടു. ആ സായാഹ്നത്തില്‍ ഗുസ്തി കാണാന്‍ നൂറുകണക്കിനാള്‍ക്കാരാണ് വന്നത്. തുറന്ന പ്രദേശത്തുളള ഗുസ്തിയായതിനാല്‍ ടിക്കറ്റ് ആവശ്യമില്ലായിരുന്നു. ആര്‍ക്കും വരാം. അവര്‍ ഏറ്റുമുട്ടി മറിയുന്നതും എഴുന്നേല്‍ക്കുന്നതും കാണികള്‍ക്ക് വികാരമുണര്‍ത്തുന്നതായിരുന്നു. ചിലരുടെ മുഖത്ത് തെളിഞ്ഞു കണ്ടത് അങ്കലാപ്പായിരുന്നു. ദാരാസിംഗിനെ തോല്‍പിക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ അസാമാന്യ ധീരത തെളിയിക്കുന്നുണ്ട്. പലവട്ടം എതിരാളിയെ അദ്ദേഹം നിലം പരിശാക്കി. തുറിച്ചു നോക്കി നിന്നവര്‍ക്ക് ആശ്വാസമായി. ഇന്ത്യയുടെ മാനം ദാരാസിംഗ് രക്ഷിച്ചു. ദാരാസിംഗിനെ വിജയിയായി പ്രഖ്യാപിച്ചു. തറയില്‍ മലര്‍ന്നടിച്ച് വീണ എതിരാളി എഴുന്നേറ്റു വന്ന് ദാരാസിംഗിനെ കെട്ടിപ്പുണര്‍ന്നു.

സി.എം.സി.യില്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എല്ലാവരുമായി നല്ല ബന്ധമുണ്ടായി. ആ കൂട്ടത്തില്‍ ഡോ. മേരിയുടെ സെക്രട്ടറി വല്‍സമ്മയ്ക്ക് എന്നോടു ചെറിയ പ്രേമം തോന്നിയിരുന്നു. എനിക്ക് ഹൃദയം കൊണ്ട് കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. സുന്ദരികളായ ധാരാളം പെണ്‍കുട്ടികള്‍ എം.ബി.ബി.എസിന് ഇന്ത്യയുടെ പല ഭാഗത്തു നിന്ന് അവിടെ പഠിക്കുന്നുണ്ട്. മലയാളികളായ ധാരാളം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഒക്കെ ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ച് പുറത്തു വന്നിട്ടുണ്ട്. സി.എം.സിയില്‍ പഠിച്ചവര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വലിയൊരു മതിപ്പാണ്.
എന്റെ ജേഷ്ഠന്‍ ജോണിന്റെ മകന്‍ ബേബിയെ നാട്ടില്‍ നിന്ന് വരുത്തി ഞാന്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന എന്‍ജീനിയറിംഗ് കമ്പനിയില്‍ ജോലിക്കു ചേര്‍ത്തു. ലെയ്ത്തടക്കമുളള ധാരാളം മെഷീനുകള്‍ അവിടെ നിര്‍മ്മിക്കുന്നുണ്ട്. മറ്റൊരു ബന്ധുവായ ചിറ്റാറിലുളള ജോസ്, അസ്സോസ്സിയേഷനില്‍ പരിചയമുളള വാസുവിന്റെ ബന്ധു എന്നിവര്‍ക്കും ഞാനിവിടെ ജോലി വാങ്ങിക്കൊടുത്തു. ജോഗീന്ദര്‍ പാല്‍ പാണ്ഡെ മന്ത്രിയായതു കൊണ്ട് ധാരാളം ഓര്‍ഡറുകളാണ് കമ്പനിക്ക് കിട്ടുന്നത്. അധികാരത്തിലായാല്‍ ഇങ്ങനെയും ചില ഗുണങ്ങളുകണ്ടെന്ന് അന്നാണ് മനസ്സിലാക്കിയത്. മറ്റൊന്ന് ഇദ്ദേഹത്തെ മന്ത്രിയാക്കണമെന്നുളള ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരെഴുതി ഒപ്പിട്ട അപേക്ഷ ഇന്ദിരാഗാന്ധിക്കയച്ചത് ഞാനായിരന്നു. നൂറിലധികം പേരുകള്‍ അതില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന പഞ്ചാബിന്റെ പല ഭാഗത്തു നിന്നുളളവരുണ്ട്. ഈ അയയ്ക്കുന്ന അപേക്ഷയിലുളള പേരുകള്‍ ആരും തന്നെ അറിഞ്ഞ കാര്യമല്ല. ഈ പേരുകള്‍ എല്ലാം ടൈപ്പു ചെയ്ത് അതിനൊരു കത്തുമുണ്ടാക്കി പല പേരുകളുടേയും സ്ഥാനത്ത് പല പേനകള്‍ കൊണ്ട് കളള ഒപ്പിട്ടത് ഞാനാണ്. അത് റജിസ്റ്റേഡ് പോസ്റ്റില്‍ അയച്ചു.

രാഷ്ട്രീയത്തില്‍ അധികാരം കിട്ടാന്‍ വേണ്ടി ധാരാളം കളളക്കളികള്‍, അടിയൊഴുക്കുകള്‍ ഉണ്ടെന്നുളളത് അന്നാണറിഞ്ഞത്. അദ്ദേഹം മന്ത്രിയായത് ഈ കത്തിന്റെ വെളിച്ചത്തില്‍ മാത്രമായിരിക്കില്ല. നമ്മുടെ ജനാധിപത്യം എത്രമാത്രം അപകടത്തിലൂടെയാണ് ഇതു പോലുളള മഹാന്മാരാല്‍ നയിക്കുക. സത്യത്തെ അഗാധഗര്‍ത്തത്തിലേക്ക് വലിച്ചെറിയുന്നവര്‍. ഈ വ്യവസ്ഥിതി ഇങ്ങനെ പോയാല്‍ പട്ടിണിയും ദാരിദ്യവും അന്യായങ്ങളും പെറ്റു പെരുകും. അധികാരത്തില്‍ വരുന്നവന്‍ ശക്തന്മാരും പാവം ജനങ്ങള്‍ ദുര്‍ബലന്മാരുമാകുന്ന ഒരവസ്ഥ, ദുരവസ്ഥ തന്നെയാണ്. സി. എം.സി.യുടെ ഗവേണിംഗ് ബോഡി മീറ്റിംഗ് വരുമ്പോഴേക്കും എനിക്ക് ജോലി ഭാരം ഏറി വന്നു. എല്ലാ ആഴ്ചയിലും മീറ്റിംഗുകള്‍ നടക്കാറുണ്ട്. അതിന്റെ മിനിറ്റ്‌സ് തയ്യാറാക്കി എല്ലാ വകുപ്പു മേധാവികള്‍ക്കും കൊടുക്കേണ്ടത് ജി.എസിന്റെ ഓഫിസാണ്. അതിനിടയിലാണ് എല്ലാ വര്‍ഷവും കൂടുന്ന ഗവേണിംഗ് ബോഡി. അതിന്റെ ചുമതലയും ജി. എസിന്റെ ഓഫിസിനാണ്. അമേരിക്ക, ബ്രിട്ടണ്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരും വെല്ലൂരിലെ സി.എം.സി. ഡയറക്ടര്‍ അടക്കമുളള ധാരാളം മഹത് വ്യക്തികളും പങ്കെടുക്കും. ഇരുപത്തഞ്ചോളം വരുന്ന അതിഥികള്‍ക്ക് യാത്ര, പാര്‍പ്പിടം, ഭക്ഷണം, കത്തിടപാടുകള്‍ അങ്ങനെ ധാരാളം ജോലികള്‍ കുന്നുകൂടുമ്പോള്‍ തലവേദനയും കൂടിവരും. എനിക്കൊപ്പം സഹായിയായി നിന്നത് ഡയറക്ടറുടെ പി.എ ഫ്രഡറിക്കാണ്. ആ ഓഫിസിലും എനിക്കുളളത്ര തിരക്കുണ്ട്. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മീറ്റിംഗുകള്‍ തീരുമ്പോഴാണ് ആശ്വാസമുളളത്.

ഇവിടെ ജോലി ലഭിച്ച കാര്യം ഡോ.ചന്ദറിനെ, മെഡിക്കല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ചെന്ന് ധരിപ്പിച്ചിരുന്നു. ഈ ഓഫിസിലെ അദ്ദേഹത്തിന്റെ പി.എ. വിക്ടര്‍, സെക്രട്ടറി ലാസര്‍, ഡയറക്ടറുടെ ഓഫിസിലെ ഫ്രെഡറിക്ക് എല്ലാവരുമായി കൂടുതല്‍ ബന്ധപ്പെടാന്‍ സഹായിച്ചത് ഈ ഓഫിസില്‍ നിന്ന് ആരെങ്കിലും അവധിക്ക് പോയാല്‍ അയാള്‍ വരുന്നതുവരെ ഞങ്ങളില്‍ ഒരാള്‍ അവിടെ ജോലി ചെയ്യും. അങ്ങനെ ഡയറക്ടര്‍ ഡോ. നമ്പൂതിരിപ്പാടിനൊപ്പവും ഡോ. ചന്ദറിനൊപ്പവും ഓഫിസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു കത്തില്‍ ഒപ്പിടാന്‍ അദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ക്കല്‍ എത്തി. കതകിന്റെ മുകളിലെ ഗ്ലാസിലൂടെ ഞാന്‍ കണ്ടത് ഇദ്ദേഹം ഭ്രന്തനെപ്പോലെ കൈകാലുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും സംസാരിക്കുന്നതാണ്. ഞനല്പ നേരം വിസ്മയത്തോടെ നോക്കി നിന്നിട്ട് അദ്ദേഹത്തിന്റെ അടുത്തുളള അതിഥി മുറിയില്‍ പോയിരുന്നു ആ നാടകീയ വിക്രിയകളെപ്പറ്റി ചിന്തിച്ചു. ഞാനൊരു തീരുമാനത്തിലെത്തിയത് ഇങ്ങനെയാണ്. ഈ മാനസിക രോഗികളെ നോക്കുന്ന ഡോക്ടര്‍മാരും മാനസിക രോഗികളായി മാറുമോ. ഇതു പലവട്ടം കണ്ടിട്ടുണ്ട്.

ഡോ.നമ്പൂതിരിപ്പാടിലും ഡോ.ചന്ദറിലും കണ്ട മറ്റൊരു പ്രത്യേകത അല്പം സമയം ലഭിച്ചാല്‍ ഇവര്‍ നല്ലതു പോലെ വായിക്കുമെന്നുളളതാണ്. രണ്ടു പേരുടെ കയ്യില്‍ പുസ്തകങ്ങളും കണ്ടിട്ടുണ്ട്. ഡോ. നമ്പൂതിരി ഇംഗ്ലണ്ടില്‍ പഠിച്ചതുകൊണ്ടാകണം. പുസ്തകങ്ങളും വായനയും ഇഷ്ടപ്പെടുന്നതെന്ന് തോന്നി. അദ്ദേഹം ന്യൂറോസര്‍ജറിയില്‍ ഇന്ത്യയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ്. പല സംസ്ഥാനങ്ങളില്‍ നിന്നും രോഗികള്‍ അദ്ദേഹത്തെ തേടി വരാറുണ്ട്. രണ്ടു പേരുടെ പ്രസംഗങ്ങളും അറിവ് പകരുന്നതാണ്. ഇവരുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും മുഖത്തു നോക്കിയാല്‍ വളരെ ഗൗരവമുളളവരാണ്. ഇവരുമായി അടുത്തിടപെടുമ്പോഴാണ് എത്രയോ നല്ല മനസ്സിനുടമകളെന്ന് മനസ്സിലാക്കുക. പരുക്കന്‍ സ്വഭാവമുളളവരില്‍ കാണുന്ന പ്രത്യേകതയാണിത്. ഡോ. നമ്പൂതിരിയുടെ ഓഫിസില്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ചോദിച്ചു, സാറ് മലയാളം സിനിമയൊന്നും കാണാറില്ലേ?. ഒന്നു പുഞ്ചിരിച്ചിട്ട് സരസഭാവത്തില്‍ പറഞ്ഞു. മായം കലര്‍ത്തിയ ഭക്ഷണം ആരെങ്കിലും കഴിക്കുമോ. ആ സമയം അവര്‍ കഥയാക്കിയ നോവല്‍ വായിക്കുന്നതല്ലേ നല്ലത്. ജീവിതത്തിന്റെ ഉപരിതലത്തില്‍ രസിച്ചിരിക്കാന്‍ ഇങ്ങനെ പലതുമുണ്ട്.
പിന്നീടുളള എന്റെ ചിന്ത സിനിമയെപ്പറ്റി ആഴത്തില്‍ പഠിക്കണമെന്നായിരുന്നു. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് സിനിമകള്‍ കണ്ടിട്ടിണ്ട്. അന്ന് അറിവില്ലായിരിന്നു. കേരളം വിട്ടതിനു ശേഷം റാഞ്ചിയിലെ രത്തന്‍ തിയറ്ററിലാണ് ബ്രൂസ്‌ലിയുടെ ഇംഗ്ലീഷ് പടം എന്റര്‍ ദ് ഡ്രാഗണ്‍ കണ്ടത്. അവിടെ നിന്നും മടങ്ങി വരുമ്പോള്‍ കിട്ടിയ വാള്‍ കൊണ്ടുളള വെട്ട് ഇന്നും മനസ്സിലുണ്ട്. പിന്നീട് കണ്ടത് ബറ്റാളയില്‍ ആണ്. ഹിന്ദി പടമായ ഷോലെ അമൃത്‌സറിലെ രണ്ടു നിലയുളള തീയേറ്ററില്‍ കണ്ടത് അമര്‍ അക്ബര്‍ അന്തോണിയാണ്. സിനിമകള്‍ പട്ടിണിക്കാരുടെ ഇടയില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുമ്പോള്‍ അതിന്റെ മൂല്യങ്ങളെപ്പറ്റി അവര്‍ക്ക് വിലയിരുത്താനാകില്ല. ഡോക്ടര്‍ പറഞ്ഞത് എത്രയോ സത്യമെന്ന് എനിക്ക് മനസ്സിലായി. കച്ചവടം നടത്തി ലാഭമുണ്ടാക്കാന്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കിന്നതുപോലെ കലയെ കശാപ്പു ചെയ്ത് ലാഭമുണ്ടാക്കുന്നവര്‍. മനുഷ്യരെ തിന്മയിലേക്ക് നയിക്കുന്ന ധാരാളം ദൃശ്യങ്ങള്‍ ദുര്‍ബല വികാരങ്ങള്‍ക്ക് അടിമപ്പെടുത്തും. ഇവിടേയും മനുഷ്യമനസ്സിന് ബോധവല്‍ക്കരണം ആവശ്യമായി തോന്നി.

സി.എം.സി.യില്‍ പാവപ്പെട്ട ധാരാളം രോഗികള്‍ക്ക് പ്രതിഫലം വാങ്ങാതെ ചികിത്സ നല്‍കാറുണ്ട്. ഒരു ദിവസം സ്റ്റോര്‍ കാണാന്‍ പോയപ്പോള്‍ പാവപ്പെട്ടവര്‍ക്കായി കരുതിവച്ചിരിക്കുന്ന ധാരാളം വസ്ത്രങ്ങള്‍ വലിയൊരു ഹാളില്‍ കണ്ടു. അതെല്ലാം പാവപ്പെട്ട മനുഷ്യര്‍ക്ക് ഗ്രാമങ്ങളിലും മറ്റും കൊടുക്കാനുളളതാണ്. ഇത്രമാത്രം വിലപിടിപ്പുളള വിവിധ നിറത്തിലുളള തുണികള്‍ ആദ്യമായിട്ടാണ് കണ്ടത്. ഇതെല്ലാം വന്നിരിക്കുന്നത് ബ്രിട്ടണ്‍, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. അതിനൊപ്പം പാവപ്പെട്ട രോഗികള്‍ക്കളള വീല്‍ ചെയറുകളും, ഊന്നു വടികളും മറ്റ് പേരറിയാത്ത പലതും അതില്‍ കണ്ടു. വികസിത രാജ്യങ്ങളെ അഭിമാനത്തോടെ ഓര്‍ത്തുനിന്ന നിമിഷങ്ങള്‍. അവിടെ നിന്നുളള സി.എം.സി.യിലെ ജോലിക്കാരായ ചിലരില്‍ നിന്നും കുറച്ചൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. അവിടുത്തേ സമ്പന്നരായ മനുഷ്യര്‍, ഏതു രംഗത്തു നിന്നുളളവരായാലും,അവര്‍ക്ക് ലഭിക്കുന്നതിന്റെ ഒരു വിഹിതം ജീവകാരുണ്യപ്രവൃര്‍ത്തിക്കായി സര്‍ക്കാരിന്റെയോ, സഭയുടേയോ പൊതു ഖജനാവില്‍ നിക്ഷേപിക്കും.
ഇന്ത്യയില്‍ കാണുന്നതു പോലെ സമ്പന്നര്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് കളളപ്പണമോ, കൈക്കൂലിയോ കൊടുക്കാറില്ല. എങ്ങനെയും പണം കിട്ടാനുളള പദ്ധതികളാണ് ഇന്ത്യയിലുളളത്. അവിടെയത് കുറ്റകരമാണ്. അങ്ങനെ ക്രയവിക്രയങ്ങള്‍ നടത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാണ്. അങ്ങനെയുളള ഭരണാധിപന്മാരെ രാജ്യസ്‌നേഹികളായിട്ടല്ല, മറിച്ച് രാജ്യദ്രോഹികളായിട്ടാണ് അവിടെ കാണുന്നത്. അവര്‍ക്ക് കിട്ടുന്ന സമ്പത്തിന്റെ ഏറിയ പങ്കും പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വീതിച്ചു കൊടുക്കാറുണ്ട്. ആ തുകയില്‍ നിന്ന് സര്‍ക്കാരുകളോ, സഭകളോ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ എന്നറിയത്തില്ല. എന്റെ മനസ്സില്‍ കടന്നുവന്നത് ഇവരെല്ലാം അതില്‍ നിന്നും അടിച്ചുമാറ്റുന്നുണ്ട്. ഈ അടിച്ചു മാറ്റല്‍ കച്ചവടം പല രംഗങ്ങളിലും കാണാം. കാരൂര്‍ പളളിക്ക് വടക്ക് വശമുളള മൂന്നു-നാലു ഏക്കര്‍ വസ്തു എന്റെ മുത്തച്ഛനായ കാരൂര്‍ കൊച്ചുകുഞ്ഞില്‍ നിന്ന് ചവറയില്‍ വികാരിയായിരുന്ന എന്റെ വീടിനടുത്തുളള ഒരച്ചന്‍ 1940 നു മുമ്പ് 370 രൂപ കൊടുത്ത് എങ്ങനെ വാങ്ങി എന്നത് ആരിലും സംശയമുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ മരണശേഷം അത് ബന്ധുക്കള്‍ക്ക് കൈമാറി. നാടു ഭരിക്കുന്നവരും മതങ്ങളും ധാരാളമായി ഇതുപോലെ കാലാകാലങ്ങളായി സമ്പാദിക്കുന്നുണ്ട്. അതു കൊണ്ടാണവര്‍ ജനം കഴുതകള്‍ ആണെന്നു പറയുന്നത.്
ഈ കളളവും കൈക്കൂലിയുമൊക്കെ മറ്റുളളവരെപ്പറ്റി ആണയിട്ടു പറയുമ്പോഴും ഞാനും കൈക്കൂലിക്കാരന്‍ എന്നു വേണമെങ്കില്‍ പറയാം.

ജി.എസിന്റ മേല്‍നോട്ടത്തിലാണ് എല്ലാ വാര്‍ഷിക ഉടമ്പടികളും നടപ്പാക്കുന്നത്. അതില്‍ കെട്ടിടങ്ങളും, കൃഷി ചെയ്യാനുളള സ്ഥലങ്ങളും, കാന്റീനുകളും, വാഹന സംരക്ഷണ സ്ഥലങ്ങളുമുണ്ട്. ഓരോന്നിനും ഓരോ വര്‍ഷവും കിട്ടേണ്ട വാടക എത്രയെന്ന് ഓഫിസില്‍ നിന്ന് സര്‍ക്കുലര്‍ ആയി എല്ലാം കോണ്‍ടാക്ടര്‍മാര്‍ക്ക് അയക്കും. അതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതുന്നവര്‍ക്ക് ആ കരാര്‍ കിട്ടും. അവസാന തീയതിക്കുളളില്‍ അവര്‍ തരുന്ന ഒട്ടിച്ച കവര്‍ ജി.എസിനെ ഏല്‍പ്പിക്കുന്ന ജോലിയാണ് എനിക്കുളളത്. ആ കവറുകള്‍ ഡപ്യൂട്ടി ജി.എസുമായി ചര്‍ച്ച ചെയ്ത് ആരൊക്കെ അവസാന പട്ടികയില്‍ കടന്നുവന്നിരിക്കുന്നുവെന്ന് എന്നെ അറിയിക്കും. ആര്‍ക്കാണ് കോണ്‍ട്രാക്ട് കൊടുക്കേണ്ടതെന്ന് എഴുതിയിരിക്കും. അത് ഞാന്‍ കോണ്‍ട്രാക്ടറെ അറിയിക്കണം. ആ വര്‍ഷം വാഹന പാര്‍ക്കിംഗ് കരാര്‍ കിട്ടിയത് കഴിഞ്ഞ വര്‍ഷങ്ങളായി അവിടെ സേവനം ചെയ്യുന്ന സര്‍ദാര്‍ജി ഹര്‍ഭജന്‍ സിംഗിനാണ്. ആശുപത്രിയിലേക്ക് പോകുന്നതിന്റെ വലത്ത് ഭാഗത്തായിട്ടാണ് വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ആശുപത്രി ജോലിക്കാരും അവിടെയാണ് സൈക്കിള്‍ സൂക്ഷിക്കുന്നത്. നിരനിരയായി സൈക്കിള്‍ കാണാന്‍ നല്ല ഭംഗിയാണ്. കാര്‍ പാര്‍ക്കിംഗിന് സ്ഥലമില്ല, കാരണം ആര്‍ക്കും കാര്‍ ഇല്ല. ആശുപത്രി ആബുലന്‍സ് ഇടുന്നത് മറ്റൊരു ഭാഗത്താണ്. ഉന്നതരായ ഡോക്ടര്‍മാര്‍ പോലും സൈക്കിളിലാണ് വരുന്നത്. അതില്‍ ഡോ. നമ്പൂതിരിപ്പാടും ഡോ. ബാബു പോള്‍ ജേക്കബുമുണ്ട്. ഡോ. ബാബു പോളിന്റെ സൈക്കിളിനേക്കാള്‍ മോശപ്പെട്ടതാണ് ഡോ. നമ്പൂതിരിപ്പാടിന്റെ സൈക്കിള്‍.

ആ വര്‍ഷത്തെ കോണ്‍ട്രാക്ട് എല്ലാവര്‍ക്കും ഞാന്‍ വിതരണം ചെയ്തു. അതില്‍ സൈക്കിള്‍ സ്റ്റാന്‍ഡിന്റെ കോണ്‍ട്രാക്ടര്‍ ഹര്‍ഭജന്‍ സിംഗ് ഓഫിസില്‍ വന്ന് പുതിയൊരു സൈക്കളിന്റെ താക്കോല്‍ മേശപ്പുറത്തു വച്ചിട്ടു പറഞ്ഞു, ദയവായി എന്റെയീ പാരിതോഷികം സാബ് സ്വീകരിക്കണം. ഇതു കൈക്കൂലിയല്ല, എന്റെയൊരു സ്‌നേഹോപഹാരമാണ്. എനിക്ക് കോണ്‍ട്രാക്ട് കിട്ടുമ്പോഴൊക്കെ എന്നെ സഹായിച്ചവര്‍ക്ക് എന്തെങ്കിലും സമ്മാനമായി ഞാന്‍ കൊടുക്കാറുണ്ട്. ആദ്യം ഞാനത് നിരസിച്ചെങ്കിലും ഉളളിന്റെയുളളില്‍ അയാള്‍ താക്കോല്‍ എടുത്തുകൊണ്ട് പോകല്ലേ എന്നായിരുന്നു ആഗ്രഹം. ഹീറോയുടെ സൈക്കിള്‍ കമ്പനി ലുധിയാനയിലാണെങ്കിലും അത് വാങ്ങാനുളള സാമ്പത്തിക ശേഷി എന്നെപ്പോലുളളവര്‍ക്കില്ല.
കാര്‍ പാര്‍ക്കിങ്ങില്‍ അദ്ദേഹത്തിന് രണ്ടു ജോലിക്കാരുണ്ട് ആരിലും താല്പര്യമുണര്‍ത്തുന്ന നിര്‍മ്മലമായ പുഞ്ചിരിയും സ്‌നേഹവും വിനീതമായ പെരുമാറ്റവുമാണ് സര്‍ദാറിനുളളത്. ആ നര ബാധിച്ച താടിക്കും മുടിക്കുമുണ്ട് ഒരു ഐശ്വര്യം. താടിക്കു കൊടുക്കുന്ന തലോടലിനു പോലും തുളുമ്പുന്ന സ്‌നേഹമുണ്ട്. അവിടുത്തെ വിദ്യാസമ്പന്നരായ ആത്മീയ ജ്ഞാനമുളള ഡോക്ടര്‍മാരുടെ സ്വഭാവഗുണങ്ങള്‍ കണ്ടും കേട്ടും പഠിച്ചതായിരിക്കണം. എന്റെ മുന്നില്‍ എന്തോ അനുമതിക്കായി കാത്തു നില്‍ക്കുന്നവനെ പോലെ തന്റെ സ്‌നേഹവും പുഞ്ചിരിയും കാട്ടിക്കൊണ്ടയാള്‍ നിന്നു. ഞാനത് നിരസിക്കുമോ സ്വീകരിക്കുമോ അതായിരുന്നു ആ കണ്ണുകളില്‍ കണ്ടത്. ഞാന്‍ താക്കോലെടുത്തിട്ട് പറഞ്ഞു, സര്‍ദാര്‍ജി കൊണ്ടുവന്ന ഈ ഉപഹാരം ഞാന്‍ നിരസിക്കുന്നില്ല. ഇനിയും ഇങ്ങനെ കൊണ്ടുവന്ന് എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ മറുപടി കേട്ട് സന്തോഷവാനായി മടങ്ങി. ഞാനങ്ങനെ ഒരു സൈക്കിളിനുടമയായി. വൈകിട്ട് സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ സര്‍ദാര്‍ജി ഇല്ലായിരുന്നു. ജോലിക്കാരന്‍ എനിക്ക് സൈക്കിള്‍ ചൂണ്ടിക്കാണിച്ചു. അതിന്റെ താക്കോല്‍ തുറന്ന് സൈക്കിള്‍ എടുത്ത് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ഥലമായ കിതുവായി നഗറിലേക്ക് യാത്രതിരിച്ചു. പുതിയൊരു സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ എന്റെ മനസ്സിനെ വ്യാകുലപ്പെടുത്തിയത് എന്തിനു നീ ഈ സൈക്കിള്‍ വാങ്ങി എന്നുളളതാണ്. ഞാന്‍ പെട്ടെന്ന് സൈക്കിളില്‍ നിന്ന് താഴെയിറങ്ങി ചിന്താകുലനായി സൈക്കിളുമായി മുന്നോട്ടു നടന്നു.

ഇനിയും ഇത് തിരിച്ചു കൊടുക്കുക എളുപ്പമുളള കാര്യമല്ല. മനസ്സിനെ കൂടുതല്‍ ആശങ്കയിലാക്കാന്‍ ഞാനാഗ്രഹിച്ചില്ല. കാരണം ഞാനിത് ചോദിച്ചു വാങ്ങിയതല്ല. ഒരാള്‍ സമ്മാനമായി തന്നതാണ്. അത് നിരസിക്കരുത്. ഒടുവില്‍ എന്റെ മനസ്സ് എന്നെ ഉപദേശിച്ചു. മേലില്‍ ഇതു പോലുളള സമ്മാനങ്ങള്‍ വാങ്ങരുത്. സ്വന്തം അദ്ധ്വനത്തില്‍ വളര്‍ന്ന നീ എന്തിന് മറ്റൊരാളുടെ സാധനം ദാനമായി വാങ്ങണം. അത് കളളന്മാരും കൊളളക്കാരും വാങ്ങുകയും കൊടുക്കുകയും ചെയ്യട്ടെ. എന്റെ മനസ്സിനെ നിയന്ത്രിച്ചത് ഈ വാക്കുകളാണ്. ഭൂതങ്ങളുടെ നാടകമെഴുതിയവന്‍ ഭൂതങ്ങളുടെ പിടിയിലായോ, അതായിരുന്നു പിന്നീടുളള ചിന്ത. സൂര്യബിംബം പടിഞ്ഞാറെ കടലിന് മുകളില്‍ ചുവന്നു വന്നു. സൈക്കിളിലേക്ക് ഒരിക്കല്‍ കൂടി ഞാന്‍ സൂക്ഷിച്ചി നോക്കി.

ഓമനയുടെ കത്ത് കിട്ടി. അതില്‍ മധുരമായ ചില വരികളുണ്ടായിരിന്നു. പരീക്ഷകള്‍ പാസ്സായി ഇനിയും രണ്ടു വര്‍ഷം ബോണ്ട് ചെയ്താലേ പുറത്ത് പോകാന്‍ കഴിയു. എന്റെ കണ്ണുകള്‍ ആ വരികളിലേക്ക് നോക്കിയിരുന്നു. ഞങ്ങളുടെ അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ഒരന്ത്യം വന്നിരിക്കുന്നു. ഇനിയും കാര്യങ്ങള്‍ മറ്റുളളവരോട് തുറന്നു പറയുക തന്നെ വേണം. നീണ്ട വര്‍ഷങ്ങളായി തളിരണിഞ്ഞു നിന്ന ഞങ്ങളുടെ പ്രണയ രഹസ്യം കൂടുതല്‍ ശക്തമാകുവാന്‍ പോകുന്നു.
അവളുടെ ദുരഭിമാനിയായ ജ്യേഷ്ഠത്തി ഇതറിഞ്ഞാല്‍ പകയും വിദ്വേഷവും വിതയ്ക്കുക തന്നെ ചെയ്യും. അവരുടെ സമീപനം മുമ്പു തന്നെ ഓമന തളളിക്കളഞ്ഞതാണ്. എന്തുണ്ടായാലും അഭിമുഖീകരിക്കണം. ആ രാത്രി തന്നെ മറുപടിയെഴുതി. രണ്ടു വര്‍ഷത്തേക്ക് ബോണ്ടിനു പകരം അവള്‍ക്കാവശ്യം രണ്ടായിരം രൂപയാണ്. അതു ഞാന്‍ അയച്ചു തരാം. ഇത്രയും നാള്‍ പ്രണയം ഒരു നിഴലായ് നമുക്കൊപ്പം സഞ്ചരിച്ചു. ഇനിയും അത് ഒരു വിളക്കായി കത്തണം. അതിന് തിരിയും എണ്ണയും കൊടുക്കേണ്ടത് നമ്മളാണ്. വീട്ടുകാരെ വിവാഹ വിഷയം അറിയിക്കുന്നതാണ് ഉചിതം. നിന്റെ വാക്കുകള്‍ അവര്‍ ചെവി കൊളളുന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കാം. തീവ്രമായി പ്രണയിക്കുന്നവര്‍ക്കുളള മോക്ഷപ്രാപ്തിയാണ് വിവാഹം. അത് പരമാനന്ദമാകുകയും ചെയ്യും. അതിന്റെ കുളിര്‍മ സുഗന്ധം പൊഴിക്കുന്ന പൂമ്പൊടി പോലെയാണ്.

എന്നോടുളള വീട്ടുകാരുടെ താല്പര്യം, തങ്കമ്മ അനുവദിക്കില്ല. ഞാനുമായുളള ബന്ധം അറിഞ്ഞാല്‍ ആ സ്ത്രീയുടെ ഹൃദയം ഇളകി മറിയും. അവരില്‍ കുടികൊണ്ടിരിക്കുന്നത് സ്‌നേഹത്തേക്കാള്‍ പകയും വൈരാഗ്യവുമാണ്. നാട്ടില്‍ ഭഗവത്ഗീത വായിച്ചപ്പോള്‍ ഇതുപോലുളള മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. ഈ ലോകത്തില്‍ ഇന്ദ്രീയ സുഖങ്ങളില്‍ മൂക്കറ്റം മുങ്ങിക്കിടന്നവരുടെ മനസ്സിന് മാറ്റം വരുത്താന്‍ പ്രയാസമാണ്. സഹോദരന്‍ റ്റി.എം.വര്‍ഗ്ഗീസ് ഒരു പുരോഹിതനായിരുന്നിട്ടുക്കൂടി ദൈവത്തിന്റെ ഗുണങ്ങള്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരിക്കയാണോ എന്നൊരു തോന്നല്‍. എന്തായാലും തങ്കമ്മ മനസമാധാനത്തോടെ ഇനിയും ഉറങ്ങില്ല. സ്വന്തം അനുജത്തി ഇത്രയും നാള്‍ തന്നെ വഞ്ചിക്കുകയായിരുന്നോ എന്നു ചിന്തിക്കുവാന്‍ ഇടയുണ്ട്. ഓമനയുടെ മറുപടി കിട്ടി. ഞങ്ങള്‍ ചിന്തിച്ചതു പോലെ തന്നെ സംഭവിച്ചു. ഇതറിഞ്ഞ തങ്കമ്മയുടെ മനസ്സും ഹൃദയവും മരവിച്ചു. അതില്‍ അനുജത്തിയോടുളള സ്‌നേഹക്കുറവല്ല അതിലുപരി ഒരു തെരുവു ഗുണ്ടയെ വിവാഹം കഴിക്കുന്നതിലുളള എതിര്‍പ്പും അമര്‍ഷവുമായിരിന്നു. നിരാശ നിറഞ്ഞ മനസുമായി ബോംബെയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുളള സഹോദരീസഹോദരന്മാര്‍ റാഞ്ചിയിലും ഹസാരിബാഗിലും പാഞ്ഞെത്തി. എന്നെ പിരിഞ്ഞു ജീവിക്കാന്‍ കഴിയില്ലെന്ന് ഓമന തുറന്നുപറഞ്ഞു. ഈ ബന്ധം പെട്ടെന്നുണ്ടായതല്ല. അഞ്ചു വര്‍ഷമായി ഹൃദയത്തില്‍ സൂക്ഷിക്കുന്നതാണ്. കാണാന്‍ വരുന്നവരൊക്കെ പരിഭവവും വിഷാദവുമൊക്കെ അവളുടെ മുന്നില്‍ അവതരിച്ചപ്പോള്‍ സഹോദരിയില്‍ കണ്ട സാഹസിക തീരുമാനമാണ് അവരെ അത്ഭുതപ്പെടുത്തിയത്. പ്രണയിക്കാത്തവര്‍ക്ക് യഥാര്‍ത്ഥ പ്രണയത്തെപ്പറ്റി മനസ്സിലാകാത്തത് അവളുടെ കുറ്റമല്ല. പാവനമായ പ്രണയം അവളില്‍ നിറഞ്ഞിരുന്നു. പ്രണയത്തേക്കാള്‍ ഈ മണ്ണില്‍ മഹത്തരമായി മറ്റൊന്നുമില്ലെന്ന് അവള്‍ വന്നവരെ ധരിപ്പിച്ചു മടക്കിയയച്ചു.

അദ്ധ്യായം – 24
മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍

ആ വാക്കുകള്‍ മനസ്സിന് ഒരു നവോന്മേഷം നല്കി. എന്നെയും കുട്ടി പഴ്‌സണല്‍ മാനേജരും ഡെപ്പ്യൂട്ടി സൂപ്രണ്ടുമായ വിജയ് ഉമ്മന്റെ മുറിയിലെത്തി പരിചയപ്പെടുത്തിയിട്ട് മടങ്ങിപ്പോയി. കണ്ണട ധരിച്ച വിജയ് പ്രസന്നഭാവത്തോടെ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു, കുറേ ചോദ്യങ്ങള്‍ ചോദിച്ചു. തികച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളപ്പറ്റിയുളള ചോദ്യങ്ങള്‍. സ്വന്തം തൊഴിലില്‍ ആത്മാര്‍ത്ഥത കാണിക്കുക, മറ്റുളളവരുടെ ഹൃദയങ്ങളില്‍ ജീവിക്കാന്‍ കഴിയുക തുടങ്ങിയ വാക്കുകള്‍ എന്റെ ഹൃദയത്തിലും ഒരു സ്പന്ദനമുണര്‍ത്തി. ഇദ്ദേഹം പേരു കൊണ്ട് മലയാളിയെങ്കിലും നമ്മുടെ സാംസ്‌കാരിക പൈതൃകം ഇദ്ദേഹവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കേരളത്തിനു പുറത്തെന്ന് ഞാന്‍ മനസ്സിലാക്കി.
മുമ്പ് വന്ന മുടന്തുള്ള ആള്‍ ഇദ്ദേഹത്തെ ചില പേപ്പറുകള്‍ ഏല്‍പിച്ചു. അദ്ദേഹം അതു വായിക്കുന്നത് ഞാന്‍ കൗതുകപൂര്‍വ്വം നോക്കിയിരുന്നു. അതില്‍ ഒപ്പു വച്ചിട്ട് എന്റെ പേര്‍ക്കു നീട്ടിയിട്ടു പറഞ്ഞു. ഇതു നിങ്ങളെ നിയമിച്ചു കൊണ്ടുളള കത്താണ്. മറ്റുളളതൊക്കെ ഇദ്ദേഹം പറയും. എനിക്ക് വിജയാശംസകള്‍ നേര്‍ന്നിട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് പുറത്തേക്ക് വേഗത്തില്‍ നടന്നു. ഞാന്‍ അകത്തേ മുറിയിലേക്കു നടന്നു. ഓഫിസില്‍ നിന്നുളള നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും ചെയ്തിട്ട് അവരുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന് നന്ദി പറഞ്ഞു പുറത്തിറങ്ങി.

ആശുപത്രിക്കടുത്തുള്ള പടുത്തുയര്‍ത്തിയിരിക്കുന്ന മെഡിക്കല്‍ കോളജ് ബ്രട്ടീഷുകാരുടെ ഭരണ കാലത്ത് തീര്‍ത്തതാണ്. പ്രകൃതി പോലെ ആ കെട്ടിടങ്ങളും സുന്ദരമായി കാണപ്പെട്ടു. ഗുരുദാസ്പൂരിലേക്ക് ലുധിയാനയില്‍ നിന്നുളള ബസ്സ് യാത്രക്കിടയില്‍ പച്ചപ്പോടെ കിടക്കുന്ന നെല്ല്, ഗോതമ്പ് പാടങ്ങള്‍, കരിമ്പിന്‍ തോട്ടങ്ങള്‍, വാഴക്കൂട്ടങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ കണ്ണുകള്‍ക്കു വിരുന്നു നല്‍കുന്ന കാഴ്ച്ചകളായിരുന്നു. എനിക്കറിയാത്ത ഏതോ തോടുകളില്‍ താറാവിന്‍ കൂട്ടങ്ങളെ കണ്ടു. സമൃദ്ധമായ പാടങ്ങള്‍ കണ്ടപ്പേള്‍ പഞ്ചാബികള്‍ കഠിനാദ്ധ്വാനികള്‍ ആണ് എന്നു മനസ്സിലാക്കി. കരിമ്പിന്‍ പാഠങ്ങള്‍ കാണുമ്പോഴൊക്കെ ചെറുപ്പത്തില്‍ കരിമ്പൊടിച്ചതും, ലോറിയില്‍ കരിമ്പ് നിറച്ചു പോകുമ്പോള്‍ അതിന്റെ പിറകെയോടി കരിമ്പ് വലിച്ചെടുത്തതും ശര്‍ക്കരയും, കരിപ്പെട്ടിയുമൊക്കെ മനസ്സില്‍ തെളിഞ്ഞുവന്നു. പെങ്ങളുടെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചിട്ട് ഞാന്‍ പോയത് ഫാദര്‍ ഗിടോയുടെ അടുക്കലാണ്. മലയാളത്തനിമയുളള ആ പുരോഹിതന്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. എന്റെ തൊഴില്‍ അപേക്ഷയില്‍ ഫാ. ഗിടോയുടെ പേരാണ് കൊടുക്കാറുളളത്. കാരണം പഞ്ചാബില്‍ മറ്റാരേയും എനിക്കറിയില്ല. പട്ടാളക്കാരുടെ വിവരങ്ങള്‍ കൊടുക്കാനും പറ്റില്ല. എന്റെ പുതിയ ജോലി വിവരമറിഞ്ഞ് എന്നെ അഭിനന്ദിക്കുന്നതിനൊപ്പം പറഞ്ഞത് ബറ്റാലയിലെ ബാറിംഗ് യൂണിയന്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിന്റെ പി. എ.യായി ഒരു മാസം കഴിഞ്ഞ് എടുക്കുമെന്നാണ്.

സത്യസന്ധനും, ഭക്തനുമായ ആ പുരോഹിതന്‍ ഞാനറിയാതെ എന്നെ പിന്‍തുടരുകയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ഇംഗ്ലീഷിലുളള അദ്ദേഹത്തിന്റെ പ്രസംഗം ആരേയും ആകര്‍ഷിക്കുന്ന, മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാത്തതായിരുന്നു. മറ്റൊന്ന് വിദേശ രാജ്യങ്ങളില്‍ പഠിച്ചിട്ടും കേരളത്തില്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം മലയാള ഭാഷയോടും സാഹിത്യത്തോടും കാട്ടുന്ന അടങ്ങാത്ത ആവേശമാണ്. മുമ്പ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലെ അലമാരയില്‍ നിന്ന് എനിക്കും ആശാന്റെ വീണപൂവും എം. പി. പോളിന്റെ ചെറുകഥാ പ്രസ്ഥാനവും വായിക്കാന്‍ തന്നിരുന്നു. ഞാനതു വായിച്ചിട്ട് മടക്കിക്കൊടുക്കുകയും ചെയ്തു. അന്ന് തന്നെ ഡല്‍ഹിക്ക് എന്റെ രാജിക്കത്ത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റാന്‍ഡിലെ പോസ്റ്റ് ബോക്‌സിലിട്ടു. ഞാനും ഫാദര്‍ ഗിടോയും ബാറിംഗ് കോളജിലേക്ക് അവിടെ നടക്കുന്ന ഷേക്‌സ്പിയറുടെ നാടകം കാണാന്‍ ബസ്സില്‍ യാത്ര തിരിച്ചു. ഗുരുദാസ്പുരില്‍ നിന്ന് ദാരിവാളിലെത്തിയപ്പോള്‍ ഫാദര്‍ പറഞ്ഞു, സിലോണ്‍ പെന്തക്കോസ്തിന്റെ പ്രധാന കേന്ദമാണിത്. പലരുടേയും രോഗങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മാറുന്നു എന്നാണ് കേട്ടിട്ടുളളത്. ബറ്റാല കഴിഞ്ഞല്‍ പ്രധാന സ്ഥലം അമൃത്‌സര്‍ ആണ്. ബറ്റാലയില്‍ ബസ്സിലിറങ്ങി ഞങ്ങള്‍ കോളജിലേക്ക് നടന്നു. ഇതിനു മുമ്പ് ഞാനും ഫാദര്‍ തിമോത്തിയും കൂടി പ്രായാധിക്യത്തില്‍ കഴിയുന്ന ഒരു കത്തോലിക്ക പുരോഹിതനെ ഇതിനടുത്ത് കാണാന്‍ വന്നിട്ടുണ്ട്. ആ പുരോഹിതനായിരുന്നു കേരളത്തില്‍ നിന്ന് ആദ്യമായി ഇവിടെ വന്നത്. ഞങ്ങള്‍ കോളജില്‍ എത്തി. മനോഹരങ്ങളായ പുരാതന കെട്ടിടങ്ങള്‍, പല ഭാഗങ്ങളിലും ഉദ്യാനങ്ങള്‍, ചെറുതും വലിതുമായ വൃക്ഷങ്ങള്‍, ആ ശീതളച്ഛായയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ധാരാളമായിരിപ്പുണ്ട്. അവരൊക്കെ ഗൗരവമായി എന്തോ ഒക്കെ ചര്‍ച്ച ചെയ്യുന്നു. ചിലര്‍ വായിക്കുന്നു. വൃക്ഷക്കൊമ്പുകളില്‍ കാറ്റ് താളമേളമിട്ടകലുന്നു.

ഈ കോളജ് ആരാണ് നടത്തുന്നതെന്ന് ഞാന്‍ ഫാദറിനോട് ചോദിച്ചു. ഇതു നടത്തുന്നത് സി. എം.ഐ അമേരിക്ക-കാനഡയിലുളള മെതോസിസ്റ്റ്, പ്രസ്ബ്‌റ്റേരിയന്‍ ചര്‍ച്ചുകളാണ്. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക കരസ്ഥമാക്കിയ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബാറിംഗ് എന്നു പേരുളള വിദേശ മിഷിനറി സ്‌കൂളായി ആരംഭിച്ചതാണ് ഇന്നത്തെ കോളജ്. ബ്രട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിമകളെപ്പോലെ കണ്ടപ്പോഴും അവരുടെ കാലത്ത് മിഷിനറിമാര്‍ ധാരാളം നന്മകള്‍ ഇന്ത്യയിലെങ്ങും ചെയ്തത് ഇന്ത്യയുടെ പലഭാഗങ്ങളിലും സഞ്ചരിച്ച എന്റെ മനസ്സിലേക്ക് ഓടിയെത്തി. കേരളത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂളായ സി. എം. എസ് കോളജ്-സ്‌കൂള്‍, ബെന്‍ജമിന്‍ ബെയ്‌ലി സ്ഥാപിച്ച സി.എം.എസ് പ്രസ്സ്, ആദ്യ മലയാള ഗ്രാമര്‍ എഴുതിയ ജര്‍മ്മന്‍കാരനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് അങ്ങനെ എത്രയോ പേര്‍.
ഞങ്ങള്‍ നടന്നു ചെന്നത് കോളജിന്റെ ക്വാര്‍ട്ടേഴ്‌സിലേക്കാണ്. പൗരാണികത ഓര്‍മിപ്പിച്ചാണ് അവിടുത്തെ വീടുകളും. ഒരാള്‍ പുറത്തേക്കു വന്നു. അത് അവിടെ പഠിപ്പിക്കുന്ന പ്രഫസര്‍ കുര്യാക്കോസ്സാണ്. മലയാളത്തില്‍ ഫാദറിനോട് സംസാരിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇവിടേയും മലയാളിയുണ്ടോ?. നാടകകൃത്തെന്ന് എന്നെ പരിചയപ്പെടുത്തി. പ്രൊഫ. കുര്യാക്കോസ് കലാ-സാഹിത്യ വിഭാഗത്തിന്റെ കണ്‍വീനറാണ്. അതിനാല്‍ കോളജില്‍ എന്തു നടന്നാലും ഫാദര്‍ ഗിടോയെ അറിയിക്കാറുണ്ട്. ഫാദര്‍ ഇവിടെ പ്രസംഗിക്കാനും വന്നിട്ടുണ്ടെന്ന് പ്രൊഫസര്‍ പറഞ്ഞു. ഇവിടെ മലയാളികള്‍ ഇനിയുമുണ്ടോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരാള്‍ കൂടി അദ്ധ്യാപകനായിട്ടുണ്ടെന്ന് മറുപടി കിട്ടി. കേരളത്തിനു പുറത്തുളള മലയാളികള്‍ പരസ്പരം സ്‌നേഹവുമുളളവരെന്ന് റാഞ്ചിയില്‍ വച്ചുതന്നെ ഞാന്‍ കണ്ടതാണ്. അവിടുന്ന് കാപ്പി കുടിച്ച് ഞങ്ങള്‍ ഒന്നിച്ച് തീയേറ്റര്‍ ഹാളിലെത്തി.
ഹാള്‍ നിറയെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ്. ആദ്യമായിട്ടാണ് ഞാനൊരു ഇംഗ്ലീഷ് നാടകം കാണുന്നത് വില്യം ഷേക്‌സ്പിയറുടെ ഒഥല്ലോ. എല്ലാവരും അഗാധമായ താല്‍പര്യത്തിലാണ്. പഞ്ചാബി നാടകങ്ങളും അരങ്ങേറുമായിരിക്കുമെന്ന് എനിക്കു തോന്നി. സ്വന്തം മാതൃഭാഷയെ സംരക്ഷിക്കാതെ മറ്റൊരു ഭാഷയെ സംരക്ഷിക്കാന്‍ ദേശസ്‌നേഹികള്‍ ശ്രമിക്കില്ല. പ്രൊഫസര്‍ അടുത്തില്ലാത്തതിനാല്‍ അതൊന്നു ചോദിക്കാന്‍ കഴിഞ്ഞില്ല.

നാടകം കണ്ടിട്ട് സന്ധ്യക്കു തന്നെ ഞങ്ങള്‍ ഗുരുദാസ്പുരില്‍ മടങ്ങിയെത്തി. ഞാന്‍ പെങ്ങള്‍ക്കൊപ്പം താമസ്സിച്ചു. ആ രാത്രിയില്‍ തന്നെ പെങ്ങളില്‍ നിന്ന് ഒരു ഇന്‍ലന്‍ഡ് വാങ്ങി ഓമനയ്ക്ക് എഴുതി. പുതിയ അഡ്രസ്സ് സി.എം.സിയുടേത് അയച്ചു തരാം. പഴയ അഡ്രസ്സില്‍ എഴുതരുത്. അടുത്ത ദിവസം രാവിലെ ഗുരുദാസ്പുര്‍ ബസ്സ് സ്റ്റോപ്പിലുളള പോസ്റ്റ് ബോക്‌സില്‍ കത്ത് ഇട്ടിട്ട് അമൃത്‌സറിലേക്ക് ബസ്സില്‍ കയറി.
അമൃത്‌സറില്‍ ബസ്സിറങ്ങി സൈക്കിള്‍ റിക്ഷയിലാണ് ഗോള്‍ഡന്‍ ടെമ്പിളിലേക്ക് പോയത്. അവിടെയും സെക്യൂരിറ്റിയുണ്ട്. അതിനുളളിലായപ്പോള്‍ ഏതോ പുണ്യവീഥിയിലൂടെ നടക്കുന്ന അനുഭവം. സര്‍ദാരുടെ വിവിധ നിറത്തിലുളള വസ്ത്രധാരണവും, തൊപ്പി പോലെ മുടികെട്ടിയ തലയും എന്നില്‍ കൗതുകമുണര്‍ത്തി. പഞ്ചാബിന്റെ മാത്രമല്ല ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുളളവര്‍ അവിടെ വരുന്നുണ്ട്. അതിനുളളിലെ നീന്തല്‍ക്കുളം പോലെ വിസ്തൃതിയില്‍ കിടക്കുന്ന വെളളത്തില്‍ ആരും കുളിക്കുന്നതായി കണ്ടില്ല. സര്‍ദാറിന് അതൊരു പുണ്യതീര്‍ത്ഥമാണ്. അതിനുളളിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാന്‍ നടന്നു.

അതിന്റെ ഒരു ഭാഗത്ത് നീണ്ട വെളളത്താടിയുളള പൂജാരികള്‍ കുഞ്ചിരോമങ്ങള്‍ പോലുളള സുന്ദരമായ വിശറികള്‍ വീശികൊണ്ട് ഭക്തഗീതങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അവിടെ നിന്നു പ്രസരിക്കുന്ന പ്രകാശ കിരണങ്ങള്‍ പോലും മനുഷ്യമനസ്സിന് കുളിര്‍മ പകരുന്നതാണ്. അവരുടെ ഗുരുപൂജയുടെ പൂമണം അതു തെളിയിക്കുന്നു. ഞാന്‍ അവിടെ നിന്നു മടങ്ങുമ്പോള്‍ ആ സ്തുതിഗീതങ്ങള്‍ എന്റെ കാതുകളെ തഴുകിക്കൊണ്ടിരുന്നു. തുടര്‍ന്നുളള ദിവസങ്ങളില്‍ ലുധിയാനയില്‍ ഒരു വാടകമുറി കണ്ടെത്താനുളള ശ്രമത്തിലായിരുന്നു. ഞാന്‍ ജലന്തറില്‍ പരിചയപ്പെട്ട തോമസ് എനിക്കു സഹായിയായി വന്നു. തോമസ്സിന് ഞാനാണ് മദ്രാസ് ഫൈനാന്‍സ് കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തത്. ഞാനീ സ്ഥാപനത്തിലെ ഒരു ഉപദേശകനായിരുന്നു. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ഇടപെട്ടിരുന്നു. ഈ കമ്പനിയുടെ ബ്രാഞ്ചുകള്‍ പഞ്ചാബ്, ഹരിയാന, ജമ്മു എത്തിവിങ്ങളിലുണ്ട്. ഇതിന്റെ ജനറല്‍ മാനേജര്‍ കോഴിക്കോട്ടുകാരനായ കൃഷ്ണകുമാര്‍, ഫൈനാന്‍സ് മാനേജരായ പട്ടാമ്പിക്കാരന്‍ സുരേന്ദ്രന്‍ ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. അതിനാല്‍ പലര്‍ക്കും ജോലി വാങ്ങിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു തിങ്കളാഴ്ച്ച സി.എം.സിയില്‍ ജനറല്‍ സൂപ്രണ്ടിന്റെ പി.എ യായി തൊഴിലില്‍ പ്രവേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്നവരാണ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട്, ജനറല്‍ സൂപ്രണ്ട് തുടങ്ങിയവര്‍ ഈ രണ്ടു സ്ഥാപനങ്ങളുടേയും ദൈനം ദിന കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്നത് ജനറല്‍ സൂപ്രണ്ടിനാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ പര്‍ച്ചേയ്‌സ്, സ്റ്റോര്‍, മെയ്ന്റനന്‍സ്, സെക്യൂരിറ്റി, കേറ്ററിംഗ്, സാനിറ്റേഷന്‍ അങ്ങനെ പല വകുപ്പുകളുണ്ട്. ഞാന്‍ ഓഫിസ്സില്‍ ചെല്ലുമ്പോള്‍ ജി. എമ്മിന്റെ പി.എ ആയിരുന്നത് ചങ്ങനാശേരിക്കാരന്‍ ചാക്കോയായിരുന്നു. ജി.എസ്.ഒ. ബാബു പോള്‍ ജേക്കബ്, മലയാളിയാണ്. ഇദ്ദേഹത്തിന് ഫാര്‍മസ്സിയിലും ഡോക്ടറേറ്റുളളതിനാല്‍ ഫാര്‍മസ്സിയുടെ തലവന്‍ കൂടിയാണ്. ചാക്കോ ജോലിയില്‍ നിന്നു വിരമിക്കുന്നതിനാലാണ് ആ സ്ഥാനത്തേക്ക് ഒരാളെ പെട്ടെന്നവര്‍ കണ്ടെത്തിയത്. ചാക്കോ കാനഡയില്‍ ജോലിചെയ്യുന്ന ഭാര്യയുടെ അടുത്തേക്കു പോകുന്നു. അദ്ദേഹത്തിനൊപ്പം കുറച്ചു ദിവസമിരുന്ന് ജോലികളുടെ സ്വഭാവം മനസ്സിലാക്കി.

പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുളള അനുഭവമുണ്ടായിരുന്നതിനാല്‍ ജോലികള്‍ അത്ര ക്ലേശകരമായി തോന്നിയില്ല. ഇതു പോലുളള ഓഫിസ്സുകളില്‍ ജോലി ചെയ്യാന്‍ കുറച്ചു കൂടി മനോധൈര്യം ആവശ്യമുളളതായി തോന്നി. എനിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടി. മറ്റെങ്ങും കാണാത്ത പ്രത്യേകത ഞാനിവിടെ കണ്ടത് എല്ലാ വകുപ്പിലേയും തൊഴിലാളികള്‍ ഓഫിസിനു മുന്നിലെ വരാന്തയില്‍ ജോലിക്കു കയറുന്നതിനു മുമ്പ് ഒന്നിക്കും. അത് പ്രാര്‍ത്ഥിക്കാനാണ്. എല്ലാ മതക്കാരുമുണ്ട്. പത്തു മിനിറ്റ് പ്രാര്‍ത്ഥനയ്ക്കായി മാറ്റി വയ്ക്കും. മിക്ക ദിവസവും പ്രാര്‍ത്ഥിക്കുന്നതും അതിനു നേതൃത്വം കൊടുക്കുന്നതും പര്‍ച്ചെയിസ് വിഭാഗത്തിന്റെ തലവനായ സര്‍ദാര്‍ ജസ്വന്ത് സിംഗാണ്. അദ്ദേഹത്തിന്റെ കീഴിലും പല ഉപ വകുപ്പുകളുണ്ട്. ഒരു ക്രിസ്തീയ സ്ഥാപനത്തില്‍ സര്‍ദാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത് ഒരു മതത്തിനു വേണ്ടിയല്ല; മനുഷ്യ നന്മക്കു വേണ്ടിയാണ്. എല്ലാവരും ഈശ്വരന് വിധേയമായി പ്രാര്‍ത്ഥിക്കണം, അന്ധമായ പ്രത്യയശാസ്ത്രങ്ങളില്‍ ആരും അകപ്പെടരുത്, ആരിലും വെറുപ്പും പകയും ഉണ്ടാകുന്ന അവസരമുണ്ടാക്കരുത്, ആരോടും മാന്യമായി പെരുമാറണം തുടങ്ങി മനുഷ്യന് പ്രതീക്ഷകള്‍ നല്കുന്ന പ്രാര്‍ത്ഥനയായിരുന്നു.

ഇതര മതസ്ഥരായ സ്ത്രീപുരുഷന്മാരൊക്കെ പ്രാര്‍ത്ഥിച്ചത് ഹൃദയസ്പര്‍ശിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സ്‌നേഹവും കാരുണ്യവും നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷമാണ് മുഖ്യമായിട്ടും കണ്ടത്. മലയാളികളായിട്ടുളളവര്‍ അവിടെ ജോലി ചെയ്യുന്നു, ഡോക്ടേഴ്‌സ്, നഴ്‌സസ് വിദ്യാര്‍ത്ഥികളും സര്‍ജിക്കല്‍ വകുപ്പ് തലവനായ ബ്രിട്ടീഷുകാര്‍ ഡോ. എഫ്.സി. എന്‍ഗല്‍സ്സിന്റെ അസിസ്റ്റന്റായി ഒപ്പം നടക്കുന്ന ഡോ. വര്‍ഗ്ഗീസ്, കുട്ടികളുടെ വിഭാഗത്തിലെ ഡോ. തോമസ്സ,് മെഡിക്കല്‍ വിഭാഗത്തിലെ ഡോ. മേരി, അനസ്തീഷ്യ വിഭാഗത്തിന്റെ ബ്രട്ടീഷുകാരനായ തലവന്‍ ഡോ. പ്രയറിന്റെ കീഴിലെ ജയരാജ് തുടങ്ങി ധാരാളം പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അവിടെ ജോലി തുടങ്ങിയ നാള്‍ മുതല്‍ ശനി- ഞായര്‍ ദിനങ്ങളില്‍ പഞ്ചാബികളുടെ സാമൂഹികസേവന സംഘടനയായ കര്‍മ്മയോഗിയിലും ക്രസ്തീയ സേവനങ്ങളിലും പ്രവര്‍ത്തിച്ചു. രാവിലെ എട്ടു മണിക്ക് ജോലിക്കു പോയാല്‍ മടങ്ങുന്നത് രാത്രി ഒന്‍പതരയ്ക്കു ശേഷമാണ്.

ഞാന്‍ പാര്‍ട്ട് ടൈം ചെയ്യുന്ന സ്ഥാപനങ്ങളാണ് ബ്രിട്ടീഷ് പെയിന്റ് ഓഫിസ്, ഭാരത് മെക്കനിക്കല്‍ എന്‍ജിനീയറിംഗ് കമ്പനി, ഇത് സി.എം.സിക്കടുത്താണ്. അവിടുത്തെ മന്ത്രിയായ യോഗിന്ദര്‍ പാള്‍ പാണ്ഡയുടെ കമ്പനിയാണ് ഭാരത് മെക്കാനിക്കല്‍. പലപ്പോഴും ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമായിരുന്നു മറ്റുളളവര്‍ എട്ടുമണിക്കൂറിലധികം ജോലി ചെയ്യുമ്പോള്‍ ഞാനെന്തിനു പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്യണം.

ചെറുപ്പം മുതലേ കഠിനാദ്ധ്വാനത്തിലൂടെ വളര്‍ന്നു. അതെനിക്ക് ഗുണം ചെയ്യുന്നു. യ്യൗവനകാലമെന്നാല്‍ ഒരു വിളക്കിലെ തിരിനാളം പോലെയാണ്. അതിങ്ങനെ കത്തിക്കൊണ്ടിരിക്കും. സിനിമയ്ക്കു പോലും ഞാന്‍ സമയം കളഞ്ഞിട്ടില്ല. എല്ലാ യൗവ്വനക്കാരിലും ധാരാളം നന്മ-തിന്മകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതില്‍ പ്രാധാന്യമര്‍ഹിക്കുന്നത് നന്മ തന്നെയാണ്. ആ നന്മയെ തെരഞ്ഞെടുത്താല്‍ ചുറ്റുപാടുമുളള അശരണരും ആവശ്യക്കാരുമായ പലരെയും സഹായിക്കാന്‍ കഴിയും. അതിനാവശ്യം ത്യാഗമാണ്, ഇച്ഛാശക്തിയാണ്. ശമ്പളം കിട്ടിയ നാള്‍ മുതല്‍ ഇപ്പോള്‍ കിട്ടുന്ന 900 രൂപയില്‍ നിന്നു വരെ നാട്ടില്‍നിന്ന് വരുന്ന ആവശ്യക്കാരുടെ സാമ്പത്തിക ഭാരം ഞാന്‍ കുറച്ചുകൊടുക്കാറുണ്ട്. മണിയോര്‍ഡര്‍ കിട്ടിയെന്നുളള മറുപടി വരുമ്പോള്‍അതില്‍ കാണുന്ന ആവരുടെ നിര്‍വ്യാജമായ സ്‌നേഹം എന്നെ കൂടുതല്‍ കര്‍മ്മനിരതനാക്കുകയാണ് ചെയ്തിട്ടുളളത്. എനിക്ക് ഇതിനൊക്കെ പിന്‍തുണ തരുന്നത് ഓമനയാണ്. വീട്ടുകാരെ ഞാനിതൊന്നും അറിയിക്കാറില്ല. അത്രമാത്രം കടപ്പാടുകളൊന്നും എനിക്ക് അവരോടില്ല. അഥവാ അറിയിച്ചാലും അതിലവര്‍ എന്നെപ്പോലെ ആനന്ദം കാണുകയുമില്ല. കിട്ടുന്നതിന്റെ വിഹിതം അവര്‍ക്ക് അയയ്ക്കാറുണ്ട്.

സി.എം.സിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എന്നില്‍ സാഹിത്യത്തിന്റെ മൊട്ടുകള്‍ വിടര്‍ന്നു കൊണ്ടിരുന്നു. ആയിടയ്ക്ക് മലയാള മനോരമയില്‍ എന്റെ ഒരു ലേഖനം വന്നു. സി.എം.സിയില്‍ ജോലിയുളള സഖറിയയാണ് നാട്ടില്‍ അവധിക്കു പോയി വന്നപ്പോള്‍ ആ പേജ് മാത്രം കൊണ്ടുവന്നു കാണിച്ചത്. ആ ലേഖനം കന്യാസ്ത്രീകള്‍ വിളനിലങ്ങളിള്‍ ഇറങ്ങുന്നതു സംബന്ധിച്ചായിരുന്നു. സഖറിയ വെറുമൊരു സഹൃദയന്‍ മാത്രമല്ല, റാഞ്ചിയില്‍ കണ്ടതു പോലെ ഭാഷയ്ക്കായി എന്തും ചെയ്യാന്‍ മനസ്സുളളവനാണ്. ഇദ്ദേഹം ലുധിയാന മലയാളി അസ്സോസ്സിയേഷന്റെ ഭാരവാഹിയാണ്. നല്ലൊരു സംഘാടകന്‍ കൂടിയായ സഖറിയ എന്നെയും അസ്സോസ്സിയേഷനില്‍ അംഗമാക്കി. അവിടെ നടക്കുന്ന കലാ സാഹിത്യ ചര്‍ച്ചകളിലും പരിപാടികളിലും മറ്റും പങ്കാളിയാക്കി. ആ കൂട്ടത്തില്‍ എന്നയവര്‍ അസ്സോസ്സിയേഷന്‍ ട്രഷറര്‍ ആയി തിരഞ്ഞെടുത്തു. പ്രസിഡന്റ് സി.എം.സിയില്‍ അക്കൗണ്ടന്റായ മാത്യവും സെക്രട്ടറി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ രവീന്ദ്രനും ആയിരുന്നു എന്നാണ് ഓര്‍മ്മ.
1978-ല്‍ മലയാളി അസ്സോസ്സിയേഷന്റെ വാര്‍ഷികത്തില്‍ എന്റെ നാടകം കാര്‍മേഘം അവതരിപ്പിച്ചു.അതില്‍ ഞാനും അഭിനയിച്ചു. ഇതു കേരളത്തില്‍ റേഡിയോ നാടകമായി വന്നത് കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് അവതരിപ്പിച്ചത്. എടുത്ത ഫോട്ടോയില്‍ എന്നോടൊപ്പം അഭിനയിക്കുന്നത് സി.എം.സിയില്‍ കാന്റീന്‍ നടത്തുന്ന പൊറിഞ്ചു എന്നു വിളിപ്പേരുളള ആളാണ്. നീണ്ട നാളുകളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അതിന്റെ കാരണം ഇയാള്‍ക്ക അഭിനയത്തോട് ഭയങ്കര കമ്പമാണ്. പലരില്‍ നിന്നും പലിശയ്ക്കു പണം മേടിച്ചാണ് കാന്റീന്‍ നടത്തുന്നത് ഞാനൊരിക്കല്‍ പറഞ്ഞു, താന്‍ പണം പലിശക്ക് എടുക്കേണ്ട, ഞാന്‍ കുറച്ചു കാശു തരാം പലിശയൊന്നും വേണ്ട. തന്നത് തിരിച്ചു തന്നാല്‍ മതി. അതു പൊറിഞ്ചുവിന് ആശ്വാസമായി. എന്റെ ഒപ്പം അഭിനയിക്കുന്ന പൊറിഞ്ചുവിന്റെ പ്രയാസങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു, സുഹൃത്തുക്കളായാല്‍ പ്രയാസങ്ങളില്‍ സഹായിക്കേണ്ടവരല്ലെ.

സ്വന്തം നാടകം ലുധിയാന മലയാളി അസോസിയേഷന്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ കാരൂര്‍ സോമന്‍ അഭിനയിക്കുന്ന ചിത്രം

ആഴ്ചകള്‍ കഴിഞ്ഞ് ഈ ഉറ്റസുഹൃത്ത് കുടുംബത്തോടെ ഒളിച്ചോടി എന്ന വാര്‍ത്തയാണു കേട്ടത്.എന്റെ മനസ്സിന്റെ നൊമ്പരം എന്റെ അഞ്ഞൂറു രൂപ കൊണ്ടുപോയതിനേക്കാള്‍ സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാന്‍ ഇയാള്‍ സ്വന്തം ആത്മാഭിമാനം കുരുതി കൊടുത്തതിലായിരുന്നു. കോളജ് ഹോസ്പിറ്റലിനടുത്തുളള മറ്റു മലയാളികളോടും പണം വാങ്ങിയതായി പിന്നീട് അറിഞ്ഞു. മറ്റൊരു സംഭവം നാടകത്തിന്റെ റിഹേഴ്‌സല്‍ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു. സഖറിയയ്‌യിക്ക് ഒപ്പം ജോലി ചെയ്യുന്ന ജോസ് ഓടിക്കിതച്ച് വന്നു പറഞ്ഞു ഒരു മലയാളി സ്ത്രീ ഗുരുതരാവസ്ഥയിലാണ്. അവര്‍ക്ക് രക്തം ധാരാളമായി ആവശ്യമുണ്ട്. പറ്റുമെങ്കില്‍ സഹായിക്ക് അവര്‍ ജലന്ദറില്‍ നിന്നു വന്നതാണ്. അതു കേട്ടയുടനെ ഞാനും സഖറിയയും രക്തം കൊടുത്തു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാനൊരാള്‍ക്ക് രക്തം കൊടുക്കുന്നത്. അത് ആത്മ സംതൃപ്തി നല്‍കിയ കാര്യമായിരുന്നു.

അന്ന് ഡോക്ടറുടെ ഭാഗത്തു നിന്ന് രക്തം കൊടുത്താല്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നുളള വിശദീകരണം കേട്ടപ്പോള്‍ എന്റെ വിളറിയ മുഖം പ്രകാശിച്ചു. അതിനു ശേഷം പലവട്ടം ഞാന്‍ രക്തം ദാനം ചെയ്തു. ആശുപത്രിയിലുളള ചില വദ്വാന്മാര്‍ എന്നെ അറിയിക്കാതെ രോഗികളുടെ ബന്ധുക്കളെ എന്റെ അടുക്കല്‍ പറഞ്ഞു വിടും. എന്നാല്‍ വാതോരാതെ വാചകമടിക്കുന്ന ഈ വിദ്വാന്മാര്‍ ഒരു തുളളി രക്തം കൊടുക്കുകയുമില്ല. ശരീരത്തിലുളള രക്തം, മറ്റ് അവയവങ്ങള്‍ ദാനം ചെയ്യുക എന്നത് മനുഷ്യനെ സംബന്ധിച്ച് മഹനീയ സേവനമെന്ന് മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
അവിടെ ജോലി ചെയ്യ്തുകൊണ്ടിരിക്കേ ഒരു ദിവസം ഉച്ചകഴിഞ്ഞ് മദര്‍ തെരേസ അവിടുത്തെ ചാപ്പലില്‍ വന്നിരുന്നു. മദറിനെ ചാപ്പലിലേക്ക് കൊണ്ടുവന്നത് ആശുപത്രിയുടെ ഡയറക്ടര്‍ ഡോ.കെ.എന്‍. നമ്പൂതിരിയാണ്. ഡോ.നമ്പൂതിരി മതം മാറിയ ക്രിസ്ത്യാനിയും, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മറ്റുളളവരേപ്പോലെ വളരെ മുന്നിലുമാണ്. അവിടുത്തെ ന്യൂറോ സര്‍ജിക്കല്‍ വിഭാഗത്തിന്റെ തലവന്‍ കൂടിയാണ്. പല പ്രാവശ്യം ചാപ്പലില്‍ ബൈബിള്‍ പ്രസംഗം അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടുണ്ട്. മദര്‍ തെരേസയുടെ പ്രസംഗത്തില്‍ നിഴലിച്ചു നിന്നത് നിരാശ്രയരും നിരാലംബരുമായ പാവങ്ങള്‍ക്കായി നിസ്തുലമായ സേവനങ്ങള്‍ ചെയ്യണം എന്നായിരുന്നു. അന്ധകാരം മാറി ഒരു പുതിയ യുഗം നടപ്പില്‍ വരുത്തുവാന്‍ ആദ്യം ചെയ്യേണ്ടത് പാവങ്ങളോടുളള പ്രതിബദ്ധതയാണ്. അത് നിര്‍വ്വഹിക്കേണ്ടത് പുണ്യകര്‍മ്മങ്ങളിലൂടെയാണ്. അനീതിക്കും അസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നവന്‍ അനാഥരായ മനുഷ്യര്‍ അടിമകളായി കഴിയുന്നത് മറക്കരുത്. അവശ വിഭാഗങ്ങളുടെ വാത്സല്യഭാജനമായ മദര്‍ തെരേസയുടെ വാക്കുകള്‍ ചാപ്പലിനുളളില്‍ തടിച്ചുകൂടി വരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇതര വിഭാഗങ്ങളിലുളളവര്‍ തുടങ്ങിയവര്‍ക്കും മനോധൈര്യം പകരുന്നതായിരുന്നു. ആശുപത്രികളിലെ ഏതാനം രോഗികളെ കണ്ട് ആശ്വസിപ്പിച്ചാണു മദര്‍ മടങ്ങിയത്. ആ സന്ദര്‍ശന വേളയില്‍ ഞാന്‍ പിറകിലുണ്ടായിരുന്നു.

അദ്ധ്യായം – 23
പഞ്ചാബിലെ കന്യാസ്ത്രീകള്‍

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നുളള താല്ക്കാലിക നിയമനമാണ്. ഞാനാകെ ചിന്താക്കുഴപ്പത്താലായി. ഓഫിസ് ജോലി മാത്രമല്ല ആവശ്യം വേണ്ടിവന്നാല്‍ പത്രലേഖകനൊപ്പം സഞ്ചരിക്കുകയും വേണം. ഞാനെന്നും ഹൃദയത്തില്‍ സൂക്ഷിച്ചുവച്ച ഒന്നാണ് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണമെന്നത്. വായിച്ചു നേടുന്ന അറിവുകള്‍ പോലെയല്ല നേരില്‍ കാര്യങ്ങള്‍ അനുഭവിക്കുന്നത്. നിത്യവും പത്രങ്ങള്‍ പല വാര്‍ത്തകളും ഊതിപെരുപ്പിച്ചു കാണിക്കുമ്പോഴും എന്റെ ഹൃദയാന്തരങ്ങളില്‍ നിന്നൊരു ചോദ്യമുയരുന്നത്, ഇവര്‍ ഈ എഴുതി വിടുന്നതില്‍ എത്രമാത്രം സത്യമുണ്ട്. അങ്ങനെയുളള വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കുറെ യാഥാര്‍ത്ഥ്യങ്ങള്‍ പി.ടി.ഐയില്‍ ചേര്‍ന്നാല്‍ കുറച്ചു കൂടി നിരീക്ഷിക്കാന്‍ കഴിയും എന്ന് എനിക്കു തോന്നി.

സമൂഹത്തില്‍ കാണുന്ന പല പകല്‍ മാന്യന്മാരുടേയും മുഖംമൂടികള്‍ വലിച്ചു കീറാന്‍ ചില മാധ്യമങ്ങളെങ്കിലും ശ്രമിക്കാറുണ്ട്. അവരുമായിട്ടുളള ഏറ്റുമുട്ടല്‍ പൂര്‍വ്വാധികം ശക്തിയോടെ നടത്താന്‍ എത്ര പത്രക്കാര്‍ക്ക് കഴിയാറുണ്ട്. എന്തായാലും ജനങ്ങളുടെ കണ്ണില്‍ പൊടിവാരിയിടുന്ന വാര്‍ത്തകളൊന്നും പി.ടി.ഐ.നടത്താറില്ല. ഈ സ്ഥാപനത്തില്‍ താല്‍ക്കാലികമായെങ്കിലും ജോലി ലഭിച്ചാല്‍ അത് ഭാവിയില്‍ ഗുണം ചെയ്യുമെന്നുളള രാമേട്ടന്റെ വാക്കുകള്‍ എനിക്ക് ആശ്വാസമായി. ഒരു ഒന്നാം തീയതി ഞാനവിടെ ജോലിക്കു കയറി. അവിടെ ഇരിക്കുമ്പോഴാണ് കോളജ് പഠനം പൂര്‍ത്തിയാക്കാന്‍ ശ്രമം തുടര്‍ന്നത്. പഞ്ചാബി യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റികളില്‍ അന്ന് കറസ്‌പോണ്ടന്റ്‌സ് കോഴ്‌സുണ്ടായിരുന്നു. അതിനാല്‍ തുടര്‍ പഠനത്തിന് എനിക്ക് തടസ്സങ്ങളൊന്നുമില്ല. റാഞ്ചി കോളജില്‍ നിന്ന് അതിനുളള പേപ്പറുകള്‍ തപാല്‍ വഴി വരുത്തി. പഠനംതുടങ്ങി.
ഞാന്‍ പഠിച്ച ഷോര്‍ട്ട് ഹാന്‍ഡ് പി.ടി.ഐ. യില്‍ വളരെ ഗുണം ചെയ്യ്തു. എല്ലാവരും അക്ഷരങ്ങള്‍ പെറുക്കി പൂര്‍ത്തികരിക്കുമ്പോള്‍ വളരെ വേഗത്തില്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞു. മുതിര്‍ന്ന സാഹസ്സിക പത്രപ്രവര്‍ത്തകനായ പാനിപ്പട്ട്കാരന്‍ അശോക് ചോപ്രയ്‌ക്കൊപ്പം എനിക്ക് ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിക്കാന്‍ കഴിഞ്ഞു, ഫോട്ടോ എടുക്കാനും എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പത്ര ശൈലി വളരെ സത്യസന്ധമായിരുന്നു. ആരേയും അനാവശ്യമായി അക്രമിക്കുകയില്ല. എന്നാല്‍ ചൂഷകരേയും കുറ്റവാളേയും അദ്ദേഹം വെറുതെ വിട്ടില്ല. ചോപ്രക്കൊപ്പം സഞ്ചരിച്ചപ്പോഴാണ് നല്ല പത്രങ്ങള്‍, നല്ല വാര്‍ത്തകള്‍ ജനങ്ങളുടെ സംരക്ഷകരെന്നു ഞാന്‍ പഠിച്ചത്. മാത്രവുമല്ല അദ്ദേഹം ഒരു ഈശ്വരഭക്തന്‍ കൂടിയായിരുന്നു. മത്സ്യമാംസങ്ങള്‍ കഴിക്കില്ല. ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഇദ്ദേഹം കഴിക്കുക പൂരിയും തൈരുമാണ്, ചായ പോലും കുടിക്കില്ല. തെരുവീഥികളില്‍ പ്രായമുളള അംഗവൈകല്യമുളളവര്‍ ഭിക്ഷാപാത്രവുമായി വന്നാല്‍ ചോപ്ര പണം കൊടുക്കും. ആരേയും നിരാശരായി വിടില്ല. ഞാനൊരിക്കല്‍ ചോദിച്ചു, ചോപ്രസാബ് എന്താണ് ദേവാലയത്തില്‍ പോകാത്തത്. അതിനുളള മറുപടി ”എന്റെ ഹൃദയം ഒരു ദേവാലയമാണ്. ഈശ്വരനെ ആരാധിക്കാന്‍ എനിക്കൊരു ദേവാലയം വേണ്ട. അതുകൊണ്ട് ഞാന്‍ ദേവാലയത്തില്‍ പോകാത്ത വ്യക്തി എന്നല്ല, എന്റെ മാതാപിതാക്കളുടെയടുക്കല്‍ പോകുമ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം പോകാറുണ്ട്. അതുകൊണ്ട് അവര്‍ ചെയ്യുന്നതു പോലെ ഞാന്‍ ചെയ്യാറില്ല.”

അവിടെ എന്തെല്ലാമാണ് പണക്കാര്‍ കൊടുക്കുന്നത്. എല്ലാ തിന്മയും നടത്തിയുണ്ടാക്കുന്ന കളളപ്പണവും ഭക്തിയും സ്വീകരിച്ച് നമ്മുടെ ഈശ്വരന്മാരുടെ ഹൃദയം വെന്തുരുകുകയല്ലേ. മതത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവന്റെ, കളളകച്ചവടക്കാരന്റെ സമ്പത്തു വാങ്ങാനിരിക്കുന്നവനല്ല ഈശ്വരന്‍. മനുഷ്യന് നന്മ ചെയ്യാത്ത മതങ്ങള്‍ കളളക്കച്ചവടമാണ് നടത്തുന്നത്. ഈ കളള ഭക്തന്മാര്‍ ഏതെങ്കിലും പാവത്തിന് ഒരു നേരത്തെ ആഹാരത്തിനുളള പണം കൊടുക്കുമോ?. ഒരുത്തനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ ഇവര്‍ക്കു കഴിയുമോ?. സ്‌നേഹം കൊടുത്താല്‍ നമുക്കത് തിരിച്ചുകിട്ടും. പണം കൊടുത്താല്‍ തിരിച്ചു കിട്ടത്തില്ല. ഞാനൊരു യാചകനോ പാവപ്പെട്ടവനോ ഒരണ കൊടുത്താല്‍ ആ സ്‌നേഹം അവര്‍ തരുന്നുണ്ട്. സല്‍പ്രവൃത്തി ചെയ്യുന്നവനൊപ്പമാണ് ഈശ്വരന്‍. മറ്റുളളതൊക്കെ വെറും കപടഭക്ത വേഷധാരികള്‍.

എന്റെ കല്‍ക്കട്ട യാത്രയില്‍ അവിടുത്തെ മലയാളി സമാജത്തില്‍ എന്റെ നാടകം അവതരിപ്പിച്ച കൃഷ്ണന്‍ കുട്ടിയെ ഞാന്‍ ഫോണിലൂടെ ബന്ധപ്പെട്ടു. രാമേട്ടന്‍ വിവാഹിതനാകാന്‍ നാട്ടില്‍ പോയതുകൊണ്ട് തിരിച്ചു വരുമ്പോള്‍ ആ വീട്ടില്‍ നിന്ന് മാറി കൊടുക്കണം. സാകേതിനടുത്ത് ഒരു മുറി വാടകയ്‌ക്കെടുത്തു. ഞാന്‍ താജ്മഹല്‍ കാണാന്‍ പോയപ്പോളാണ് ആഗ്ര മലയാളി സമാജം സെക്രട്ടറി ശശികുമാറിനെ കണ്ടത്. അദ്ദേഹം ജോലി ചെയ്തിരുന്നത് ക്ഷയരോഗികളുടെ ആശുപത്രിയിലാണ്. ആശുപത്രി കാണാനും എന്നെ കൊണ്ടുപോയി. ക്ഷയരോഗികളുടെ മദ്ധ്യത്തിലൂടെ നടക്കുമ്പോള്‍ ഉളളിലൊരു പേടിയുണ്ടായിരുന്നു. ഇതു പകരുമോ, ഭയക്കേണ്ടെന്ന് ശശി പറഞ്ഞു. എന്റെ നാടകം അവര്‍ അവതരിപ്പിക്കാമെന്നു സമ്മതിച്ചു. ശശികുമാറാണ് ആഗ്ര സരോജനി നായിഡു മെഡിക്കല്‍കോളജ് എന്നെ കണിക്കാന്‍ കൊണ്ടുപോയത്. അദ്ദേഹത്തിന്റെ ഭാര്യ അവിടുത്തെ നഴ്‌സാണ്.

ഡല്‍ഹിയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മകളിലും കേന്ദ്ര സാഹിത്യ അക്കാദമി മണ്ടിഹൗസില്‍ നടത്തിയ പല മലയാള കലാപരിപാടികളിലും ഞാന്‍ പങ്കെടുത്തു. അവിടെവച്ചാണ് ഒ.വി. വിജയനെ പരിചയപ്പെട്ടത്. എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പുറകില്‍ പത്തു നിലയോളം പൊക്കമുളള ന്യൂഡല്‍ഹി ഹൗസില്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമായിരുന്നു. ഡല്‍ഹിയിലുളളപ്പോഴൊക്കെ ഡല്‍ഹിയുടെ പല ഭാഗത്തും സഞ്ചരിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മുഗള്‍ ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ച പഴയ ഡല്‍ഹിയിലെ ചെങ്കോട്ട. ഈ കോട്ടയും ആഗ്ര കോട്ടയും തമ്മില്‍ സാമ്യമുണ്ടെങ്കിലും ഡല്‍ഹി കോട്ടയ്ക്ക് ആഗ്ര കോട്ടയ്ക്കുളള പൊക്കമോ, താഴെ വട്ടത്തിലുളള ജലാശയങ്ങളോ ഇല്ല. കുത്തബ് മിനാര്‍, ഇന്ത്യാഗേറ്റ്, രാഷ്ട്രപതി ഭവന്‍ എല്ലാം നല്ല കാഴ്ച്ചകളാണ്.

ഒരു വര്‍ഷത്തിനുളളില്‍ തന്നെ എനിക്ക് പഞ്ചാബിലേക്ക് സ്ഥലം മാറ്റം കിട്ടി. പഞ്ചാബിന്റേയും ഹരിയാനയുടേയും തലസ്ഥാനമായിരുന്ന ചണ്ഡീഗഡ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതൊരു യൂണിയന്‍ ടെറിട്ടറി ആയതു കൊണ്ടാകാം റോസ്സ് ഗര്‍ഡനും മറ്റും സുന്ദരമായി തോന്നിയത്. ഒരു നഗരം എങ്ങനെ മലിനമാകാതെ സൂക്ഷിക്കണമെന്നുളളതിന് ഉദാഹരണമാണ് ചണ്ഡീഗഡ്. ജമ്മു കശ്മീരിന്റെ പല ഭാഗങ്ങളിലുമുള്ള വര്‍ണ്ണഹരിതയാര്‍ന്ന കാഴ്ച്ചകള്‍ മനുഷ്യര്‍ പ്രകൃതിയോടു കാട്ടുന്ന ആരാധനയായിട്ടാണ് കണ്ടത്. കശ്മീരിന്റെ പ്രകൃതി ഭംഗിയും, തടാകങ്ങളും, തോടുകളും, വിരിഞ്ഞു നില്‍ക്കുന്ന ആമ്പലുകളും, പൂക്കളും, ആകാശത്തെ മുട്ടിയുരുമ്മി നില്‍ക്കുന്ന പര്‍വ്വത നിരകളുമെല്ലാം കശ്മീരിന്റെ ഐശ്വര്യപ്പൊലിമകള്‍ തന്നെയാണ്. മഞ്ഞു കാലം വരുമ്പോള്‍ ഇന്നു കാണുന്ന, കാറ്റിലുലയുന്ന, പൂത്തുലഞ്ഞ പൂക്കളോന്നും കാണാന്‍ കഴിയില്ല. അവിടെ കാണാന്‍ കഴിയുക, മഞ്ഞില്‍ പൊതിഞ്ഞ പൂപ്പന്തലും, കൊട്ടാരങ്ങളും കുടിലുകളുമാണ്.

ജമ്മുവിലെ മലമുകളില്‍ നില്ക്കുന്ന ലക്ഷ്മീദേവീ മന്ദിറിനു മുന്നില്‍ നിന്നപ്പോള്‍ അനുഭവപ്പെട്ടത് ചൂടീനേക്കാള്‍ കുളിര്‍മ്മ നല്‍കിയ കാറ്റായിരുന്നു. ആത്മാവില്‍ ആകാശത്തേക്കു ഉയര്‍ന്നു നില്‍ക്കുന്ന ഹൃദയകാരിയായ പര്‍വ്വതത്തില്‍ നില്‍ക്കുന്ന അനുഭവം. ജമ്മു കശ്മീരിലെ മതങ്ങള്‍ രണ്ടാണെങ്കിലും അവര്‍ പരസ്പര സ്‌നേഹത്തില്‍ ജീവിക്കുന്നവരാണ്. സ്‌നേഹമുളള മനുഷ്യര്‍ക്കിടയില്‍ ഇന്ത്യന്‍ ഭരണകൂടവും പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരും എന്തെല്ലാം സാഹസങ്ങള്‍ കാട്ടാനിരിക്കുന്നു എന്ന് കാത്തിരുന്നു കാണാന്‍ കഴിയും. രണ്ടു കൂട്ടരും അധികാരമുറപ്പിക്കാന്‍ സ്‌നേഹത്തിന്റെ പൂങ്കാവനത്തിന് പകരം ശത്രുതയുടെ കോട്ടകളായിരിക്കും തീര്‍ക്കുക. ഇവിടെ ജാതി-മതങ്ങളുടെ ചീട്ട് ഇറക്കി മാത്രമേ ഇവര്‍ കളിക്കൂ. മന്ദബുദ്ധികളായ ഭരണാധിപന്മാര്‍ ഈ മണ്ണില്‍ നിന്ന് മുളപ്പിച്ചെടുക്കാന്‍ പോകുന്നത് സന്നദ്ധ സേവകരെ ആയിരിക്കില്ല. സന്നദ്ധന്മാരായി നില്‍ക്കുന്ന ഭീകരരെയായിരിക്കുമെന്നാണ് അവിടെ നിന്നു മടങ്ങുമ്പോള്‍ എനിക്ക് തോന്നിയത്.

ഒരു ശനിയാഴ്ച്ച ഞാന്‍ അളിയന്‍ ലിനോസ് ജോലി ചെയ്യുന്ന ഗുരുദാസ്പുരിലുളള പട്ടാള ക്യാമ്പിലേക്ക് തിരിച്ചു. അതിന്റെ അടുത്ത സ്ഥലമാണ് പത്താന്‍കോട്ട്. ഞങ്ങള്‍ റാഞ്ചിയിലെ രംഗാര്‍ഡിലേക്ക് ഇതിനു മുമ്പും കണ്ടിരുന്നു. ഗുരുദാസ്പുര്‍ റയില്‍വേ സ്റ്റേഷനടുത്താണ് ഈ പട്ടാളത്താവളം. അതിനടുത്താണ് പട്ടാളക്കാരുടെ കുടുംബം പാര്‍ക്കുന്നത്. അളിയന്‍ തന്നെ എന്നെ പെങ്ങള്‍ പൊന്നമ്മയുടെ അടുക്കലെത്തിച്ചു. അതിനു ശേഷം പലപ്പോഴായി ഞാനവിടെ പോകുകയും വരികയും ചെയ്തിട്ടുണ്ട്. അവിടെ കത്തോലിക്ക സഭ നടത്തുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളുണ്ട്, ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്. മലയാളിയാണ് പ്രന്‍സിപ്പല്‍ പേര് ഫാദര്‍ ഗിട്ടോ. ഈ സ്‌കൂള്‍ ജലന്ദര്‍ ഡയോസിസിന്റെ കീഴിലാണ്. അളിയന്‍ കത്തോലിക്കനായിരുന്നതിനാല്‍ ഇവിടുത്തെ ആരാധനകള്‍ക്ക് പോകുകയും അവിടുത്തെ അച്ചനുമായി നല്ല ബന്ധത്തിലുമാണ്. ഇദ്ദേഹം ഉപരി പഠനം നടത്തിയത് റോമിലാണ്. എന്നെയൊരു നാടകകൃത്തായിട്ടാണ് അളിയന്‍ അച്ചനു പരിചയപ്പെടുത്തിയത്. അവിടുത്തെ ഫാ. തിമോത്തി, സിസ്റ്റര്‍ സൂസ്സി ഇവര്‍ക്കൊപ്പം അവധി ദിവസങ്ങളില്‍ ഞാനും ഗ്രാമവാസികളുടെ ഇടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പോയിട്ടുണ്ട്. അന്ന് സൈക്കിളിലാണ് യാത്ര. ഫാദര്‍ തിമോത്തി സിസ്റ്റര്‍ മറിയത്തിനെ സൈക്കിളിന്റെ പുറകിലിരുത്തി ചവിട്ടുമ്പോള്‍ എന്റെ സൈക്കിളിന്റെ പിറകിലിരുന്നത് സിസ്റ്റര്‍ സൂസ്സിയാണ്. പഞ്ചാബിന്റെ പല ഭാഗങ്ങളിലും കത്തോലിക്ക സഭ വിവിധ രംഗങ്ങളില്‍ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ഇവിടുത്തെ ക്രിസ്തീയ മിഷിനറിമാര്‍ മനുഷ്യന്റെ വളര്‍ച്ചക്കുവേണ്ടി കഷ്ടപ്പെടുന്നു. ഞങ്ങളുടെ സൈക്കിളിന്റെ പിറകില്‍ ഇരുന്നവര്‍ ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്‌സുമാണ്.
ഗ്രാമങ്ങള്‍ തോറും പാവങ്ങളായ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കുന്നു. അവര്‍ക്ക് ഒരു ഡോക്ടറെ കാണണമെങ്കില്‍ മൈലുകള്‍ താണ്ടി പാട വരമ്പിലൂടെ കഴുത വലിക്കുന്ന വണ്ടിയില്‍ വേണം വരാന്‍. കഴുതയില്ലാത്തവരുടെ കാര്യം ദയനീയമാണ്. അവിടുത്തെ പ്രധാന ആശുപത്രി സ്ഥിതി ചെയ്യുന്നത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റേഷനടുത്താണ്. ഇതു പോലുളള പലരേയും ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചിട്ടാണെന്ന് ഞാന്‍ മനസ്സിലാക്കി. ഇവരുടെ പല പ്രവര്‍ത്തികളും എന്റെ മനസ്സിനേയും മാറ്റിമറിച്ചു.

ആഴ്ച്ചയില്‍ ഏഴു ദിവസം ജോലി ചെയ്യുന്നവര്‍ ശനിയോ ഞായറോ പ്രതിഫലം വാങ്ങാതെ കഷ്ടവും രോഗവും സഹിക്കുന്നവര്‍ക്കു വേണ്ടി മാറ്റിവച്ചാല്‍ അതൊരു പുണ്യ പ്രവൃര്‍ത്തിയാണ്. അത് ആത്മാവിലേക്കുളള യാത്രയാണ്. ബ്രിട്ടനില്‍ നിന്നുളള സന്നദ്ധസേവകരും അത് തെളിയിക്കുന്നു. വെറും മത വിശ്വാസികള്‍ക്ക് ഇതിന് കഴിയുമോയെന്നറിയില്ല. ഒന്നറിയാം; ആത്മാവിലും അറിവിലും സഞ്ചരിക്കുന്നവര്‍ക്ക് ഇതൊരു ശുഭയാത്രയാണ്. സ്വന്തം അജ്ഞതയും അന്ധവിശ്വാസവും പോറ്റി വളര്‍ത്തുന്നവര്‍ക്ക് മറ്റൊരാളുടെ ശുശ്രൂഷകനായിരിക്കാന്‍ സാദ്ധ്യമല്ല. ഇവിടുത്തെ ഭരണ കര്‍ത്താക്കളും കര്‍മ്മയോഗികളാകണം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരോട് ഒരു പുച്ഛഭാവം നാട്ടിലെ പ്രമാണിമാരില്‍ ഞാന്‍ കണ്ടു. ആ വീട്ടില്‍ അസുഖമായി ഒരാള്‍കിടന്നാല്‍ കുതിര വണ്ടിയില്‍ വളരെ വേഗത്തില്‍ ആശുപത്രയിലെത്തിക്കും. ഒരു കഴുതയെ പോലും പോറ്റി വളര്‍ത്താന്‍ നിവൃത്തിയില്ലാത്തവന്‍ കേരളത്തിലെ ആദിവാസികളെപ്പോലെ ഇവിടേയും ദുരിതമനുഭവിക്കുന്നുണ്ട്. എനിക്ക് ഇവിടുത്തെ പാവങ്ങളായ ഗ്രാമവാസികളുടെ കണ്ണീരണിഞ്ഞ ജീവിതം കണ്ടപ്പോള്‍ മനസ്സിലായത് കേരളത്തിലുണ്ടായിരുന്ന ജന്മി- കുടിയാന്‍ ജീവിതമാണ്. മനുഷ്യരെ അടിമകളാക്കി അവരുടെ കളപ്പുര നിറക്കാന്‍ വിലയ്‌ക്കെടുത്ത പ്രമാണിമാര്‍. അവരുടെയിടയിലേക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിച്ചമായി ആരെങ്കിലും വന്നാല്‍ മേലാളന്മാര്‍ക്ക് ഇഷ്ടപ്പെടില്ല. പാവങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ പട്ടിണിയുമായി കഴിയുന്നതൊന്നും അവരുടെ വിഷമങ്ങളല്ല.
ഈ ശ്മശാന മണ്ണിലേക്ക് വിളക്കും എണ്ണയും തിരിയുമായി വരുന്നവരാണ് ഇവിടുത്തെ കന്യാസ്ത്രീകള്‍ . അവര്‍ മൂലം എത്രയോ രോഗികള്‍ രക്ഷപ്പെടുന്നു. കന്യാസ്ത്രികളുടെ മുറിവുണക്കല്‍ പദ്ധതി സമ്പന്നരുടെ മനസ്സിനെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. നിത്യവും ദുരിതവുമായി ജീവിക്കുന്ന ഒരു ജനതയ്ക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കേണ്ടവന്‍ അതു കൊടുക്കാതെ വരുമ്പോള്‍ അവരുടെ മധ്യത്തിലേക്ക് കാരുണ്യത്തിന്റെകരവുമായി ആരെങ്കിലും വന്നാല്‍ സൗഭാഗ്യങ്ങളില്‍ ജീവിക്കുന്നവര്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്. അവരുടെ പട്ടിണി, ദാരിദ്ര്യം, രോഗം, വിദ്യാഭ്യാസം ഇവയ്ക്ക് മുക്തി നല്‍കാന്‍ ഇവര്‍ക്കാകുന്നുണ്ടോ?.

രാജവാഴ്ച്ചയും നാടുവാഴിത്തവും മാറിയിട്ടും ഇവര്‍ സ്വതന്ത്രരല്ല. ഇവര്‍ എനിക്കൊരു സാക്ഷിപത്രവും ഞാന്‍ ഇവര്‍ക്ക് ഒരു ദൃക്‌സാക്ഷിയുമായി. ഓരോ ഗ്രാമങ്ങളിലും സിസ്‌റ്റേഴ്‌സുമായി ചെല്ലുമ്പോള്‍ അവിടുത്തെ പൊളിഞ്ഞു വീഴാറായ കൂരകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ജനങ്ങള്‍ക്ക് പൊളള വാഗ്ദാനങ്ങള്‍ നല്കി സര്‍വ്വാധികാരികളായി വാഴുന്നവര്‍ ഇതൊന്നും കാണുന്നില്ല. നാട്ടിലെ പ്രമാണിമാര്‍ നെല്ലും, ഗോതമ്പും സംഭരിക്കുന്നതു പോലെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അവര് സംഭരിച്ച് അവരുടെ ജീവിതം പടുത്തുയര്‍ത്തുന്നു. ഒരു വ്യവസ്ഥിതിയുടെ സൗഭാഗ്യവും ദൗര്‍ഭാഗ്യവുമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. കന്യാസ്ത്രീകള്‍ ഓരോ വീടുകളിലും കയറിയിറങ്ങി രോഗികളെ പരിശോധിച്ച് മരുന്നുകള്‍ കൊടുക്കുക മാത്രമല്ല, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് ബോധവല്‍ക്കരണവും നടത്തിക്കൊണ്ടിരിക്കുന്നു. എന്റെ ചെറുപ്പത്തില്‍ ഞാന്‍ മൈലുകള്‍ നടന്നതു പോലെ നടന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാം. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നത് പണക്കാരുടെ മക്കളാണ്.
ഗുരുദാസ്പുരിലെ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലായതിനാല്‍ കന്യാസ്ത്രീകള്‍ക്ക് നേരെ അധികം അതിക്രമങ്ങള്‍ നടത്താന്‍ സമ്പന്നര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയുണ്ടായാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചെവിയില്‍ എത്തുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ സ്‌കൂളിലെ കുട്ടികളും അടുത്തുളള പട്ടാള ക്യാമ്പിലെ പോലെ തികഞ്ഞ അച്ചടക്കവും അനുസരണയുമുളളവരായിട്ടാണ് കണ്ടത്.
ഗുരുദാസ്പൂരില്‍ മാത്രമല്ല ജലന്തര്‍, ലുധിയാന, അമൃത്‌സര്‍, ഫിറോസ്പുര്‍, ഹോസിയാര്‍പുര്‍ അങ്ങനെ ധാരാളം ജില്ലകളിലെ ഗ്രാമങ്ങളില്‍ കന്യാസ്ത്രീകള്‍ കുടുംബ ആരോഗ്യം എന്ന പേരില്‍ ധാരാളം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി രോഗികള്‍ക്ക് സൗജന്യ ചികിത്സ കൊടുത്തു. ആ ക്യമ്പിലേക്ക് കടന്നു വരുന്നത് പ്രധാനമായും ലുധിയാന സി.എം.സി.യില്‍ നിന്നുമുളള ഡോക്ടര്‍മാരാണ് സി.എം.സി വെല്ലൂരിലുളള സി.എം.സി. പോലെ വടക്കേ ഇന്ത്യയിലെ പ്രമുഖ ആശുപത്രിയും മെഡിക്കല്‍ കോളജുമാണ്. അവിടെ ധാരാളം മലയാളികള്‍ പഠിക്കുന്നും ജോലി ചെയ്യുന്നുമുണ്ട്. അതിനൊപ്പം ബ്രട്ടീഷുകാരായിട്ടുളള ഡോക്ടര്‍മാരും ജീവകാരുണ്യ പ്രവര്‍ത്തനത്തുന്റെ പേരില്‍ ജോലി ചെയ്യുന്നുണ്ട്.
ഈ മെഡിക്കല്‍ ക്യമ്പുകളില്‍ വച്ചാണ് ആതുരസേവന രംഗത്ത് വളരെ മുന്നില്‍ നില്‍ക്കുന്ന ഹിമാചല്‍ പ്രദേശുകാരനും, സി.എം.സി മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. ഏണസ്റ്റ് ആര്‍ ചന്ദറിനെ പരിചയപ്പെടുന്നത്. അദ്ദേഹം മാനസിക രോഗവകുപ്പിന്റെ തലവന്‍ കൂടിയാണ്. ഏതെങ്കിലും രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കില്‍ അതിന്റെ തലവനായ ഡോ. ഫോറസ്റ്റ് സി. എഗല്‍സ്റ്റനാണ് അവസാന തീരുമാനമെടുക്കന്നത്. അതുപോലെ തന്നെ മെഡിക്കല്‍ വകുപ്പിന്റെ തലവന്‍ മലയാളിയായ ഡോ. അലക്‌സ് സഖറിയയാണ്. സത്യത്തില്‍ ഇതുപോലുളള ആതുര സേവനങ്ങളില്‍ എന്റെ മനസ്സ് വളര്‍ന്നുകൊണ്ടിരുന്നു. ഡോക്ര്‍മാര്‍ക്ക് മറ്റൊരു ആശുപത്രിയില്‍ പോയാല്‍ ഇവിടെ കിട്ടുന്നതിന്റെ പത്തിരട്ടി ശമ്പളം കിട്ടും. ഇവരിലാണ് ഈശ്വരസാന്നിദ്ധ്യമെന്ന് ഞാന്‍ കണ്ടു. അവരെ തൊഴാനാണ് എന്റെ മനസ്സ് മന്ത്രിച്ചത്.

മറ്റുളളവര്‍ക്കു വേണ്ടി; പ്രത്യേകിച്ചു രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവര്‍ എന്തുകൊണ്ട് സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്നതും വലിയൊരു ചോദ്യമാണ്. ഗുരുദാസ്പുരില്‍ നടന്ന ഒരു പ്രമുഖ ക്യാമ്പില്‍ വച്ചാണ് ചണ്ടിഗഢിലുളള ട്രിബ്യുണ്‍ ഇംഗ്ലീഷ് പത്രത്തിലെ പ്രമുഖനായ വര്‍ഗ്ഗീസിനേയും ജലന്ദറിലുളള പഞ്ചാബി പത്രം, പഞ്ചാബ് കേസരിയുടെ ലാലാജിയേയും പരിചയപ്പെട്ടത്. ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയില്‍ എനിക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. സി.എം.സി പോലുളള ഒരാശുപത്രിയില്‍ ജോലി ചെയ്യണമെന്ന് ഞാനാഗ്രഹിച്ചു. മനസ്സ് മാറിമാറി വരുന്ന കാലത്തിനനുസരിച്ചുളള ഒരു യന്ത്രമെന്നു തോന്നി. എന്റെ കടമകള്‍ എന്തെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ഒരു മനം മാറ്റമാണുണ്ടായത്.

ഒരാള്‍ വലുതായി കാണുന്ന വിഷയങ്ങളെ എത്രയോ പേര്‍ നിസ്സാരമായി കാണുന്നു. അങ്ങനെയുളളവര്‍ക്ക് മാത്രമേ ജീവിതത്തെ കരുത്തുളളതാക്കി മാറ്റാന്‍ കഴിയൂ. അതില്‍ വരാനിരിക്കുന്ന അനര്‍ത്ഥങ്ങളും ക്ലേശങ്ങളും ജീവിതത്തെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാദ്ധ്യമല്ല. ജലന്ദറില്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പില്‍ എന്റെ താല്പര്യം ഡോ. ചന്ദറിനോട് അറിയിച്ചു. അധികം ചിരിക്കാത്ത പ്രകൃതമുളള അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. ആ കറുത്ത നിറത്തിന് ഈ പുഞ്ചിരി ഒരഴകായി എനിക്കു തോന്നി. ഒരു തുണ്ടു കടലാസില്‍ അവിടുത്തെ പഴ്‌സണല്‍ മാനേജരുടെ പേരും അഡ്രസ്സും തന്നിട്ടു പറഞ്ഞു, ഈ അഡ്രസ്സില്‍ ഒരു ആപ്ലിക്കേഷന്‍ അയയ്ക്കുക. വേക്കന്‍സി ഉണ്ടെങ്കില്‍ അവര്‍ വിളിക്കും. വളരെ സംതൃപ്തിയോടെയാണ് ഞാനന്ന് മടങ്ങിയത്.

ഡോക്ടര്‍ തന്ന അഡ്രസ്സില്‍ ജോലിക്കുളള അപേക്ഷ അയച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇന്റര്‍വ്യൂവിനുളള കത്ത് കിട്ടി. മതില്‍ക്കെട്ടിനുളളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പുരാതന കെട്ടിടങ്ങള്‍. അതിനു മുന്നില്‍ പൂര്‍ണ്ണശോഭയോടെ വിരിഞ്ഞു നില്‍ക്കുന്ന വിവിധയിനം പൂക്കള്‍, മരങ്ങള്‍. എങ്ങും നിശബ്ദത തുടിച്ചു നില്‍ക്കുന്നു. പലതും ബ്രട്ടീഷ് നിര്‍മ്മിതികളെന്നു തോന്നി. അതു കാടിന്റെ നടുവിലായാലും അവര്‍ മനോഹരമാക്കും. ഗേറ്റിലും അകത്തും സെക്യൂരിറ്റിയുണ്ട്. സെക്യൂരിറ്റിയെ കത്തു കാണിച്ച് അകത്തേക്കു നടന്നു. ഓരോ വിഭാഗത്തിന്റേയും ബോര്‍ഡുകള്‍ മുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു. വളഞ്ഞു പുളഞ്ഞു നടന്ന് ഹ്യൂമന്‍ റിസോഴ്‌സ് ഓഫിസ്സിലെത്തി ഇന്റര്‍വ്യൂ കാര്‍ഡ് കൈമാറി. ഇന്റര്‍വ്യൂ മുറിയിലേക്ക് മാനേജരുടെ സെക്രട്ടറി എന്നെ കൊണ്ടു പോയി ഇരുത്തിയിട്ട് വിനയപൂര്‍വ്വം മടങ്ങി. അവിടുത്തെ പ്യൂണ്‍ എനിക്ക് ചായ തന്നു. മുടന്തുള്ള ഒരാള്‍ അകത്തേക്കു വന്നിട്ട് അടുത്തിരുന്ന ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലും തന്നിട്ട് ഏതോ ഇംഗ്ലീഷ് മാഗസിനിലെ കുറെ ഭാഗങ്ങള്‍ വായിച്ചു. ഞാന്‍ എഴുതി. അതു ടൈപ്പ് ചെയ്തു കൊടുക്കാന്‍ പറഞ്ഞിട്ട് മടങ്ങി പോയി. പത്തു മിനിട്ടു കഴിഞ്ഞ് മടങ്ങി വന്നിട്ട് ടൈപ്പു ചെയ്ത പേപ്പര്‍ വാങ്ങി. ഇരുപതു മിനിട്ട് കഴിഞ്ഞു വന്നിട്ട് എന്നെ താല്പര്യപൂര്‍വ്വം നോക്കിയിട്ട് അറിയിച്ചു. ”ഈ ടെസ്റ്റില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.”

അദ്ധ്യായം – 22
പോലീസ്സിനെ ഭയന്ന് ഡല്‍ഹിയിലേക്ക്

ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിച്ചു. ഓമന വിടര്‍ന്ന കണ്ണുകളുമായി വരാന്തയിലേക്ക് ഇറങ്ങി വന്നു. ഇമ വെട്ടാതെ പുഞ്ചിരി തൂകി നോക്കി നിന്നിട്ട് പറഞ്ഞു കാണാനുളള ആഗ്രഹം മനസ്സില്‍ തോന്നിയപ്പോള്‍ ആളിതാ മുന്നില്‍ . എന്താ കിടന്നിട്ട് ഉറക്കം വരുന്നില്ലേ?. ഞങ്ങളുടെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു. ഞാന്‍ മറുപടിയായി പറഞ്ഞു, രണ്ടു പേരുടേയും ആഗ്രഹം സഫലമായില്ലേ.വരണമെന്ന് പലവട്ടം ആഗ്രഹിച്ചതാണ്. ഇപ്പോള്‍ വന്നത് വളരെ പ്രാധാന്യമുളള ഒരു കാര്യം പറയാനാണ്. എന്റെ മുഖത്തേക്ക് ഗൗരവത്തോടെ നോക്കിനില്‍ക്കേ കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചത് തുറന്നു പറഞ്ഞു. ഇടയ്ക്കവള്‍ വാര്‍ഡിലേക്ക് നോക്കുന്നുണ്ടായിരുന്നു. അതു കേട്ട് പുഞ്ചിരി പൊഴിച്ചുകൊണ്ടവള്‍ പറഞ്ഞു. എന്റേയും ആഗ്രഹം റാഞ്ചിയില്‍ നിന്നു പോകണമെന്നു തന്നെയാണ്. ഇപ്പോള്‍ അതിനുളള അവസരം വന്നിരിക്കുന്നു. എനിക്ക് ജയാശംസകള്‍ നേര്‍ന്നപ്പോള്‍ ഹൃദയം നിറയെ ആനന്ദമാണുണ്ടായത്. അവള്‍ പ്രണയ ലഹരിയില്‍ വിശാലമായ ഒരു ലോകത്തേക്കു പോകാനാണ് ആവശ്യപ്പെടുന്നത്. വെയില്‍ നാളങ്ങളെപ്പോലെ ആ കണ്ണുകള്‍ തിളങ്ങി നിന്നു.

സ്വന്തം ജീവിതം എന്തായിത്തീരും എന്നവള്‍ ചിന്തിക്കുന്നില്ല. എന്തായിരിക്കും സമീപനമെന്നറിയാതെ ഇളകിയാടുന്ന മനസ്സുമായിട്ടാണ് വന്നത്. പക്വമായ മറുപടിയാണ് ലഭിച്ചത്. ഇവിടെ ഏറെ നേരം നില്‍ക്കാന്‍ പറ്റില്ലെന്ന് അവള്‍ മുന്നറിയിപ്പു തന്നു. സിസ്റ്റര്‍ കാപ്പി കുടിക്കാന്‍ പോയിരിക്കുകയാണ്. സ്റ്റുഡന്റസ് എന്തെങ്കിലും തെറ്റു കാണിച്ചാല്‍ അതങ്ങു മുകളിലെത്തും. ആ കൂട്ടത്തിലറിയിച്ചു, എങ്ങോട്ടുപോയാലും ചെന്നാലുടന്‍ കത്തയയ്ക്കണം. അങ്ങനെയെങ്കിലും ഈ വഴക്കാളി ഒന്നു നന്നാകട്ടെ. കണ്ണൊന്നു തുറന്നു നോക്കിയാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകും. ഒന്നും ഓര്‍ത്ത് വിഷമിക്കേണ്ട. ഞാനും പ്രാര്‍ത്ഥിക്കാം. വരാന്തയിലൂടെ വാര്‍ഡ് സിസ്റ്റര്‍ വരുന്നത് കണ്ട് എന്നോട് ”സിസ്റ്റര്‍ വരുന്നുണ്ട് സന്തോഷമായിരിക്ക്” പറഞ്ഞിട്ടവള്‍ പോയി. ഞാന്‍ വേഗത്തില്‍ നടന്നകന്നു. എന്റെ യാത്രയ്ക്ക് സാഫല്യമുണ്ടായതായി തോന്നി. റാഞ്ചിയില്‍ എത്തുന്നതുവരെ എന്റെ മനസ്സ് നക്ഷത്രങ്ങളെപ്പോലെ തിളങ്ങി നിന്നു. ബസ്സില്‍ നിന്നിറങ്ങി ആദ്യം പോയത് ബസ്സസ്‌റ്റേഷനിലെ പബ്ലിക്ക് ടെലിഫോണ്‍ ബൂത്തിലേക്കാണ്. പത്തു പൈസ അതിലിട്ട് ശശിയുടെ ഓഫീസ്സിലേക്ക് വിളിച്ചിട്ട് പറഞ്ഞു, എത്രയും വേഗം മുരളീധരന്റെ മുറിയിലേക്ക് ജ്യേഷ്ഠന്റെ അഡ്ഡ്രസ്സുമായി വരണം. ബാക്കി നേരില്‍ പറയാം.

ഫോണ്‍ വച്ചിട്ട് റയില്‍വേ സ്‌റ്റേഷനിലേക്കു നടന്നു. ന്യൂഡല്‍ഹിക്കുളള ട്രയിനിന്റെ സമയമറിയാനാണ് പോയത്. അവിടെച്ചെന്ന് എന്‍ക്വയറിയില്‍ ട്രെയിനിന്റെ സമയ വിവരങ്ങള്‍ തിരക്കി. രാത്രി ഏഴുമണിക്കുളള ഒരു ടിക്കറ്റ് എടുത്തിട്ട് വാച്ചിലേക്ക് നോക്കി. അഞ്ചുമണിയാകാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിയുണ്ട്. വേഗത്തിലെത്തി മുറി തുറന്ന് ശശിയെ കാത്തിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് ചുറ്റുപാടും കണ്ണുകളോടിച്ച് ശശി മുറിക്കു മുന്നിലെത്തി. ജനാലയിലൂടെ ശശി വരുന്നത് കണ്ട് പെട്ടെന്ന് കതകു തുറന്ന് അകത്തു കയറ്റി കതകടച്ചു. ആകാംക്ഷയോടെ പറഞ്ഞു കഴിഞ്ഞ രാത്രിയിലും ഇന്നത്തെ പകലും നടന്നതൊന്നും ഞാനറിഞ്ഞില്ല.

ശശി ജ്യേഷ്ഠന്‍ രാമകൃഷ്ണന്റെ അഡ്രസ്സ് തന്നിട്ടു പറഞ്ഞു, സോമന്‍ ജ്യേഷ്ഠന്റെ ഒപ്പമെന്ന് മറ്റാരും അറിയരുത്. കഴിഞ്ഞ രാത്രിയില്‍ പോലീസ് വന്നിരുന്നു. കേസ്സിലെ ഒന്നാം പ്രതി സോമനാണ്. ഞങ്ങള്‍ പറഞ്ഞു അയാള്‍ നിരപരാധിയാണ്, എവിടെപ്പോയി എന്നറിയില്ല. ഉടനെ പോലീസ് ഞങ്ങളോട് കയര്‍ത്തിട്ടു പറഞ്ഞു, ഒരുത്തനെ കൊല്ലാക്കൊല ചെയ്തിട്ട് നീയൊക്കെ അവന്റെ വക്കാലത്ത് പറയുന്നോ. എല്ലാ തെളിവും ഞങ്ങളുടെ കയ്യിലുണ്ട്. അവന്‍ എവിടെ ഒളിച്ചാലും ഞങ്ങള്‍ അവനെ പൊക്കും. ഇവിടെ വന്നാലുടന്‍ പോലീസ് സ്‌റ്റേഷനില്‍ വരാന്‍ പറയണം. ഞങ്ങളുടെ മൊഴിയും ദൃക്‌സാക്ഷികളുടെ മൊഴിയും അവര്‍ എഴുതിയെടുത്തിട്ടുണ്ട്. പിന്നീടുളള എന്റെ ചോദ്യം ഐ.സി.യുവിലുളള ഗൗരവിനെപ്പറ്റിയാണ്. ദുഖം കലര്‍ന്ന സ്വരത്തില്‍ ശശി പറഞ്ഞു, രാവിലെ അടുത്ത വീട്ടിലെ ശ്രീവാസ്തവയോടു ഞാന്‍ തിരക്കിയപ്പോള്‍ പറഞ്ഞത് അയാള്‍ ജീവിക്കുമോ മരിക്കുമോ ഒന്നും പറയാന്‍ പറ്റില്ലെന്നാണ്. അതാണ് ഞാന്‍ പറഞ്ഞത് ഇവിടെ നിന്നും രക്ഷപ്പെടണം ഒരു കുഞ്ഞു പോലും അറിയരുത്. അറിഞ്ഞാല്‍ ഞാനടക്കം അകത്താകും.

ജ്യേഷ്ഠനോടു പറഞ്ഞപ്പോള്‍ അയാള്‍ ഗുരുതരാവസ്ഥയിലെങ്കില്‍ സോമന്‍ ഇവിടെ നില്‍ക്കാന്‍ പാടില്ലെന്നാണ് പറഞ്ഞത്. ഇനിയും കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. നമ്മള്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ഡല്‍ഹിക്കു പോകുന്നത് നമ്മള്‍ക്ക് രണ്ടു പേര്‍ക്കു മാത്രമേ അറിയൂ. അബ്ദുളിനോടും പറഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചു അബ്ദുളിനെങ്ങിനെയുണ്ട്. ശശി വിഷമത്തോടെ പറഞ്ഞു ആ പാവത്തിന് തീരെ വയ്യ. ശരീരമെല്ലാം നല്ല വേദനയാണ്. ഇടി കൊണ്ടതല്ലേ വേദനിക്കാതിരിക്കുമോ. സത്യത്തില്‍ സോമന്‍ വന്നത് ഞങ്ങളുടെ ഭാഗ്യമായിട്ടാണ് കണ്ടത്. അവന്മാരോടു നേരിടാന്‍ ഞങ്ങള്‍ക്ക് പറ്റുമോ. തല്ലിക്കൊല്ലാനല്ലേ വന്നത്. മറ്റൊന്ന് അവിടെ പോയിട്ട് ഇങ്ങോട്ട് ആര്‍ക്കും കത്തയക്കരുത്. പോലീസ് വെല്ലുവിളിച്ചിട്ടല്ലേ പോയിരിക്കുന്നത്, ഉടനെ പൊക്കുമെന്ന്; അവരുടെ പൊക്കല്, സോമന്‍ ധൈര്യമായി പൊയ്‌ക്കോ. പൈസ വേണോ. പോക്കറ്റില്‍ നിന്നു പേഴ്‌സ് എടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പോള്‍ വേണ്ട. ആവശ്യമെങ്കില്‍ ജ്യേഷ്ഠന്‍ വഴി അറിയിക്കാം. ഞാനിപ്പോള്‍ ടിക്കറ്റ് എടുത്തിട്ടാണ് വന്നത്. ട്രെയിന്‍ ഏഴുമണിക്കു തിരിക്കും. അതുകൂടി ജ്യേഷ്ഠനെ അറിയിക്കണം. ശശി തലയാട്ടി സമ്മതിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് യാത്രാമംഗളങ്ങളും നേര്‍ന്നിട്ട് ശശി മുറി തുറന്നു പുറത്തേക്ക് പോയി. ഞാന്‍ കതകടച്ചിട്ട് പെട്ടി തുറന്ന് ഡയറിയില്‍ രാമകൃഷ്ണന്റെ അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയിട്ടു. മനസ്സിലെ ഏക പ്രാര്‍ത്ഥന ഗൗരവിന് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു. അയാള്‍ ജീവനോടെ ഉണ്ടെങ്കില്‍ മാത്രമേ എനിക്ക് ഈ മണ്ണില്‍ കാലു കുത്താന്‍ കഴിയൂ.

യൗവ്വനം ഒരിക്കലും രോഷാഗ്നിയില്‍ ആളിക്കത്തിക്കാന്‍ പാടില്ല. അതു കുറ്റവാളികളെ മാത്രമേ സൃഷ്ടിക്കൂ എന്ന് എനിക്കറിയാം. ഞാനെന്ന കുറ്റവാളിയെ ഇതിലേക്ക് വലിച്ചിഴച്ചത് ആരാണ്. ഇനിയും അതൊന്നും ചിന്തിച്ചിട്ട് ഫലമില്ല. മുരളി വരുന്നതിനു മുമ്പു തന്നെ പോകണം. സന്ധ്യ മയങ്ങിയിട്ടു വേണം പുറത്തേക്കു പോകാന്‍. ഞാന്‍ കുളിമുറിയില്‍ കയറി കുളിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ സന്ധ്യ ഭൂമിയെ തലോടിത്തുടങ്ങി. പോലീസ്സുകാര്‍ എന്നെത്തേടി നടക്കുന്നുണ്ടോ. എന്റെ മുഖം പോലീസ്സിനറിയില്ല. അറിയണമെങ്കില്‍ ആരെങ്കിലും ഒറ്റികൊടുക്കണം. സാമര്‍ത്ഥ്യമുളള പോലീസ്സുകാരന്‍കുറ്റവാളിയെ പിടിക്കുന്നത് മുഖം നോക്കി മാത്രമല്ല, ലക്ഷണം കണ്ടുമാണ്. പുറത്തേക്ക് ജനാലയിലൂടെ നോക്കിയിട്ട് പെട്ടിയുമായി പുറത്തിറങ്ങി കതകടച്ചു താക്കോല്‍ മുറിക്കുളളിലിട്ട് അല്പം ഭയത്തോടെ സ്‌റ്റേഷനിലേക്കു നടന്നു. എന്റെ ഓരോ കാല്‍പ്പാടുകളിലും ഭീതി അമര്‍ന്നിരുന്നു. സ്റ്റേഷനിലെത്തിയ നിമിഷം തെല്ല് അമ്പരപ്പോടെ ഒന്നിലധികം പോലീസ്സുകാരെ കണ്ടു. സാധാരണ ഒന്നോ രണ്ടോ പോലീസ്സുകാര്‍ മാത്രമേ ഇവിടെ കാണാറുളളൂ. യാത്രക്കാരുടെ ഇടയിലൂടെ അവര്‍ നടക്കുകയും നോക്കുകയും ചെയ്യുന്നു. മനസ്സില്‍ ആശങ്കകള്‍ ഉണര്‍ന്നു. ഇവര്‍ എന്നെയാണോ തിരയുന്നത്. ഉടനടി ഞാന്‍ പുറത്തേക്കിറങ്ങി ഒരു ഭാഗത്തായി മാറി നിന്നു. മനസ്സിന്റ ഭാരം ഏറി. കണ്ണുകളില്‍ ഭീതിയും നിറഞ്ഞു. ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇനിയും എങ്ങനെ ട്രെയിനില്‍ കയറും. പ്ലാറ്റ് ഫോമില്‍ ചെന്നാല്‍ അവര്‍ പിടികൂടും. അപകടമാണ്, മറ്റൊന്ന് എന്നെ ഭയപ്പെടുത്തിയത് ഗൗരവ് മരണപ്പെട്ടോ എന്നാണ്. ഊര്‍ജ്ജിതമായ അന്വേഷണം അതിന്റെ പേരിലാണോ. എന്തായാലും മനോധൈര്യം നഷ്ടപ്പെടുത്താന്‍ പാടില്ല. ശ്രദ്ധാപൂര്‍വ്വം പോലീസ് പുറത്തേക്കു വരുന്നതും നോക്കി നിന്നു.

അല്പ സമയത്തിനുള്ളില്‍ ഒരു ട്രെയിന്‍ വന്നു. വാച്ചിലേക്കു നോക്കി. ആറര കഴിഞ്ഞിരിക്കുന്നു. ഇത് ഡല്‍ഹിക്കുളള ട്രെയിനാകാനാണ് സാധ്യത. പെട്ടെന്ന് പോയി അതില്‍ കയറിയാല്‍ പോലീസ് ശ്രദ്ധിക്കും അതു പാടില്ല, അബദ്ധമാണ്. മനസ്സു പതറി നിന്ന നിമിഷങ്ങളില്‍ ഒരു കുടുംബത്തിലെ പലപ്രായത്തിലുളള സ്ത്രീപുരുഷന്മാരായ നാലു പേര്‍ അകത്തേക്ക് നടന്നുവന്നു. ആ നിമിഷം ഞാനും അവര്‍ക്കൊപ്പം എങ്ങും നോക്കാതെ ആ കുടുംബത്തിലെ ഒരംഗമായി അവര്‍ കയറിയ ബോഗിയിലേക്കു കയറി. അടുത്തുകൂടി നടക്കുന്നവരെ കാണാന്‍ പോലും എനിക്ക് കണ്ണില്ലായിരുന്നു. എന്നിലെ ദീര്‍ഘ നിശ്വാസം കുറഞ്ഞുവന്നു. ട്രെയിനില്‍ നിന്ന ഒരാളോട് ചോദിച്ച് ഇത് ന്യൂഡല്‍ഹിക്കളള ട്രെയിന്‍ എന്ന് ഉറപ്പു വരുത്തി. എന്റെ ഭയവും സങ്കടവുമെല്ലാം സന്തോഷത്തിനു വഴി മാറി. ട്രെയിനില്‍ നിന്ന് പുറത്തേക്ക് നോക്കി. പോലീസ് ഏതോ കുറ്റവാളിയെ തിരയുകയാണെന്ന് എനിക്കു മനസ്സിലായി. പല ഭാഗത്തും അവര്‍ പലരേയും തുറിച്ചുനോക്കുന്നുണ്ട്.

എന്റെ നിറം കറുപ്പായതു കൊണ്ട് ആ നിറത്തിലുളളവരെയാണോ നോക്കുന്നത്. മദ്രാസ്സി കൂടിയാകുമ്പോള്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. അവിടെ കറുത്ത നിറമുളളവരുണ്ടെങ്കിലും അവരുടെ രൂപസാദൃശ്യം മദ്രാസ്സിയുടെ പോലല്ല. ചില പോലീസ്സുകാര്‍ ട്രെയിനിലുളളവരേയും നോക്കിനടക്കുന്നുണ്ട്. അന്വേഷണം റെയില്‍വേ സ്‌റ്റേഷനിലേക്കും ബസ്സ് സ്റ്റാന്‍ഡിലേക്കും വ്യാപിച്ചതാണോ. ട്രയിനിന്റെ മുന്നിലെ എന്‍ജിന്‍ ഇരക്കുന്നതു പോലെ എന്റെ ഹൃദയവും ദൃതഗതിയില്‍ ഇടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് കാതില്‍ തുളച്ചു കയറുന്ന സൈറണ്‍ വീണ്ടും മുഴക്കി ട്രെയിന്‍ മുന്നോട്ടു നിങ്ങി. തളര്‍ന്നിരുന്ന ശരീരത്തിന് പുറത്തു നിന്നടിച്ച കുളിരിളം കാറ്റ് ഒരാശ്വാസ്മായി. അതു നെറ്റിയിലെ വിയര്‍പ്പ് തുടച്ചു മാറ്റി. ട്രയിന്‍ റാഞ്ചയില്‍നിന്ന് അപ്രത്യക്ഷമായപ്പോഴാണ് ഉളളില്‍ തിളച്ചുമറിഞ്ഞ ഭയാശങ്കകള്‍ മാറിയത്.
അനാഥമായി കിടന്ന ട്രെയിന്‍ പാളങ്ങളെ വിറപ്പിച്ചു കൊണ്ട് ട്രെയിന്‍ അടുത്തൊരു സ്റ്റേഷനില്‍ നിന്നു. പെട്ടെന്ന് പെട്ടിയെടുത്ത് പുറത്തേക്കിറങ്ങി. ഏറ്റവും പുറകിലേക്ക് ഓടി. അവിടെയാണ് റിസര്‍വേഷന്‍ ഇല്ലാത്തത്. ഓടുന്നതിനിടയില്‍ ട്രെയിനില്‍ നിന്നിറങ്ങിയ ഒരാളുടെ പൂട്ടില്ലാത്ത പെട്ടിയില്‍ നിന്നു പുറത്തേക്ക് എന്തോ ഒക്കെ ചിന്നിച്ചിതറി വീഴുന്നതു കണ്ടു. ഞാന്‍ ഓടിക്കയറിയതും ട്രെയിന്‍ മുന്നോട്ടു പോയതും ഒന്നിച്ചായിരുന്നു. സംശയത്തോടെ ഒരിരിപ്പിടം നോക്കി നടന്നു. മദ്രാസ്സിയായ എന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്റെ കാഴ്ച്ച ശക്തി അല്പം കുറഞ്ഞു. അതില്‍ ഒരാള്‍ ഒരല്പം ഒതുങ്ങിയിരുന്നിട്ട് ഇവിടെ ഇരിക്കാന്‍ പറഞ്ഞു. അയാള്‍ക്ക് നന്ദി പറഞ്ഞ് പെട്ടി അടിയില്‍ വെച്ചിട്ട് ഞാനിരുന്നു. യാത്രചെയ്യുന്നവര്‍ ഒരിക്കലും മറ്റു യാത്രക്കാരെ ശല്യപ്പെടുത്താന്‍ പാടില്ല.

റിസര്‍വേഷന്‍ കംമ്പാര്‍ട്ടുമെന്റില്‍ ഇരുന്നാല്‍ ടിക്കറ്റ് ചെക്കര്‍ക്ക് കൈക്കൂലി കൊടുക്കാതെ ഇരിക്കാന്‍ പറ്റില്ല. എന്റെ കയ്യില്‍ അനാവശ്യമായി ചെലവഴിക്കാന്‍ കാശുമില്ല. കുറച്ചു ബുദ്ധിമുട്ടിയാലും ഈ ട്രെയിന്‍ എന്നെ എത്തേണ്ടിടത്ത് എത്തിക്കും. എന്നെപ്പോലുളള എത്ര കുറ്റവാളികളെ ശിക്ഷിക്കാതെ രക്ഷപെടുത്തുന്നു ട്രയിനുകള്‍. ഇതില്‍ കയറുന്നവര്‍ ആരായാലും ട്രെയിന്‍ എന്തിനു നോക്കണം. ഒരു ഉത്തരവാദിത്വമേയുളളു, യാത്രക്കാരെ അതതു സ്ഥാനങ്ങളില്‍ ഒരാപത്തും കൂടാതെ എത്തിക്കുക. അവരെ പരിചരിക്കുക. ഇരുളില്‍ ഒഴുകിക്കൊണ്ടിരുന്ന ട്രയിനിനുളളില്‍ ഇപ്പോള്‍ ഭീതിയോ, വിഷാദമോ ഒന്നുമില്ല. ആരേയും ഭയന്നിറങ്ങി ഓടേണ്ടതുമില്ല. അടുത്തിരുന്ന ചിലരൊക്കെ ഉറക്കം തൂങ്ങുന്നുമുണ്ട്. ഏതാനും സ്‌റ്റേഷനുകള്‍ കഴിഞ്ഞപ്പോള്‍ ഞാനൊരു സ്‌റ്റേഷനിലിറങ്ങി പ്ലാറ്റ്‌ഫോമിലെ കച്ചവടക്കാരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചു. ഇരുളിനെ കീറിമുറിച്ച് പ്രകാശം പരത്തിക്കൊണ്ട് ട്രെയിന്‍ ഓടികൊണ്ടിരുന്നു. ഉറക്കം തൂങ്ങി കണ്ണു തുറക്കുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. ഇടയ്‌ക്കൊരു ചായ കുടിച്ചു. ട്രെയിനിന്റെ ജനല്‍പാളികളിലൂടെ ഞാന്‍ നോക്കിയിരുന്നു. വലിയ സ്‌റ്റേഷനുകളില്‍ എത്തുമ്പോഴാണ്. ആളുകളുടെ തിരക്ക് കണ്ടത്. അവരുടെയിടയില്‍ ആഭരണങ്ങള്‍ ധരിച്ച സുന്ദരിമാരായ സ്ത്രീകളും ഉണ്ടായിരുന്നു. സിനിമ നടിമാരെ പോലെ മുഖത്ത് ചായം പൂശിനില്‍ക്കുന്നതു കണ്ടാല്‍ സ്റ്റേഷനില്‍ ആരേയെങ്കിലും പ്രതീക്ഷിച്ചു നില്‍ക്കുകയാണോ എന്നു തോന്നും.

ചൂടുളള കാറ്റില്‍ ഗംഗാ നദിയിടെ മുകളിലൂടെ ട്രെയിന്‍ പൊയ്‌ക്കൊണ്ടിരിക്കെ എന്റെയടുത്തിരുന്ന രണ്ടു പേര്‍ അതിലേക്ക് നാണയത്തുട്ടുകള്‍ എറിയുന്നതു കണ്ടു. എന്റെ പുരികക്കൊടികള്‍ ആശ്ചര്യത്തോടെ നോക്കി. എന്റെ അടുത്തിരുന്നയാളും എഴുന്നേറ്റു ചെന്ന് നാണയത്തുട്ട് എറിഞ്ഞു. കുറച്ചകലെയായി വിശാലമായൊഴുകുന്ന നദിയുടെ തീരത്ത് ആളുകള്‍ കുളിക്കുകയും തുണികള്‍ കഴുകുകയും ചെയ്യുന്നു. മറ്റൊരിടത്ത് പോത്തുകള്‍ മുങ്ങിക്കിടക്കുന്നു. അതിനടുത്തായി പശുക്കള്‍ പുല്ലു മേയുന്നു. നദിയിലൂടെ തടിക്കഷണമോ മൃഗങ്ങളുടെ അവയവമോ ജലപ്പരപ്പിലൂടെ ഒഴുകുന്നു. എന്റെ അടുത്തിരുന്ന ആളിനോടു ചോദിച്ചു, എന്തിനാ വെളളത്തില്‍ പൈസ എറിയുന്നത്. അയാള്‍ ഒട്ടും കൂസ്സാതെ പറഞ്ഞു ഗംഗാ ദേവിയെ പ്രസാദിപ്പിക്കാനാണ്. അമ്പലവും പള്ളിയും ശ്രീകോവലുമൊക്കെ മനസ്സിലേക്ക് വന്നു. നാട്ടിലെ ദേവീ,ദേവന്മാരുടെ കഴുത്തില്‍ പൂമാല അണിഞ്ഞു കിടക്കുന്നതു കണ്ടിട്ടുണ്ട്. ഇവിടെ ജലത്തില്‍ പ്രതിമകള്‍ തീര്‍ക്കാന്‍ കഴിയില്ല. അതിനാലാണ് ആകാശഗംഗ പോലെ കിടക്കുന്ന ദേവിക്ക് പ്രണാമം അര്‍പ്പിക്കാനായി പണം എറിഞ്ഞു കൊടുക്കുന്നത്. ഒരാള്‍ വെളളികൊണ്ടുളള അരഞ്ഞാണവും എറിയുന്നതു കണ്ടു. അതു കുട്ടികള്‍ക്കു നന്മ വരാനായിരിക്കും. ദേവീ ഭക്തര്‍ക്ക് ഗംഗ പുണ്യജലമാണ്. ഹിമാലയത്തില്‍ നിന്ന് ഒഴുകിയെത്തുന്ന ജലത്തില്‍ കുളിച്ചാല്‍ ശുദ്ധി വരുമെന്നാണ് വിശ്വാസം. എന്നാലും എന്നില്‍ കൗതുകമുണര്‍ത്തിയത് സ്‌നേഹപാരവശ്യത്തോടെ മനുഷ്യനെ താലോലിച്ചൊഴുകുന്ന ഗംഗയ്ക്ക് ഈ പണത്തിന്റെ ഔദാര്യം ആവശ്യമുണ്ടോ. ആ പണം ഏതെങ്കിലും ദരിദ്രര്‍ക്ക് കൊടുത്തുകൂടെ. വെളളത്തിലെറിഞ്ഞാല്‍ എന്തെങ്കിലും ഗുണമുണ്ടോ?. ഈ മനുഷ്യര്‍ ഇങ്ങനെ പോയാല്‍ അരാജകത്വവും, പട്ടിണിയും, ദാരിദ്ര്യവും കൂടുക തന്നെ ചെയ്യും.

ട്രെയിന്‍ ന്യൂഡല്‍ഹിയിലെത്തി. തളര്‍ന്ന മനസ്സുമായി ഞാന്‍ പുറത്തിറങ്ങി. ചുറ്റും നോക്കി എങ്ങും തിരക്കാണ്. അടുത്തൊരു ട്രെയിനും കിടപ്പുണ്ട്. പുറത്തിറങ്ങി എങ്ങനെയെങ്കിലും ഈ വിലാസത്തിലെത്തണം. ഞാന്‍ മുന്നോട്ടു നടക്കുമ്പോള്‍ എന്റെ മുന്നില്‍ നിന്ന് ഒരാള്‍ എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ചോദിച്ചു, ”സോമനാണോ?”. അതെയെന്ന് ഞാന്‍ മറുപടി കൊടുത്തു. അതു ശശിയുടെ ജ്യേഷ്ഠന്‍ രാമകൃഷ്ണനായിരുന്നു. അദ്ദേഹമെന്നെ സ്വീകരിച്ചു. പുറത്തിറങ്ങി കുതിര റിക്ഷയില്‍ മാളവ്യനഗരത്തിലേക്ക് തിരിച്ചു. ബസ്സുകള്‍ അങ്ങോട്ടു പോകുന്നുണ്ട്, പക്ഷേ യാത്രക്കാരുടെ സൗകര്യത്തിനല്ല പോകുന്നത് എന്നു മാത്രം. ആ യാത്രയില്‍ റാഞ്ചിയിലുണ്ടായ കാര്യങ്ങള്‍ ഞാന്‍ വിവരിച്ചു.

ശശിയെപ്പോലെ തന്നെ ജ്യേഷ്ഠനും സ്‌നേഹവും ആത്മാര്‍ത്ഥതയും ഉളളവനെന്ന് മനസ്സിലായി.റാഞ്ചിയിലുണ്ടായ മാനസ്സിക സംഘര്‍ഷങ്ങള്‍ ഇപ്പോഴാണ് മാറിക്കിട്ടിയത്. എന്നാലും ഗൗരവ് മരിച്ചോ ഇല്ലയോ എന്നത് മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഞാന്‍ ആ കാര്യം രാമേട്ടനുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, സോമന്‍ അതോര്‍ത്ത് വിഷമിക്കേണ്ട അഥവാ അവന്‍ ചത്താലും തൂക്കിലേറ്റാനൊന്നും പോകില്ല. അതുപോലുളള മത ഭ്രാന്തന്മാരെ വെടിവച്ചു കൊല്ലണം. ഒരുത്തന്റെ വീട്ടില്‍ കയറി അതിക്രമം കാണിച്ചാല്‍ സ്വയരക്ഷക്ക് ചിലപ്പോള്‍ കൊല്ലേണ്ടിവരും. ഒരു കോടതിക്കും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ആ വാക്കുകള്‍ എനിക്ക് ധൈര്യംപകര്‍ന്നു.
എന്നെയും ചിന്തിപ്പിച്ചത് ആ വഴിക്കാണ്. മറ്റുളളവരുടെ സ്വകാര്യതയില്‍ തലയിടുന്നവര്‍ക്ക് പലതും അനുഭവിക്കേണ്ടി വരും. അവര്‍ക്ക് ഒരു കോടതിയും ഒരാനുകൂല്യങ്ങളും നല്‍കില്ല. മാനസ്സിക രോഗികളായ മതവാദികളെ ബിഹാറിലാണ് കണ്ടത്. കേരളത്തില്‍ എല്ലാ മതക്കാരുമുണ്ട്. ഇന്നുവരെ ആരും കലഹിക്കന്നതായി ഞാന്‍ കണ്ടിട്ടില്ല. നല്ലൊരു സമസ്‌കാരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഒരിക്കല്‍ പോലും കാണാത്ത ദൈവങ്ങളെ പറ്റി കെട്ടുകഥകളുണ്ടാക്കി ആരാധിക്കാന്‍ പറഞ്ഞാല്‍ അത് നടപ്പുളള കാര്യമല്ല. ഇങ്ങനെയുളള വികാര-വിചാരങ്ങളുണ്ടാക്കുന്നത് അധികാരമുളളവരാണ്. ആ അധികാരമാണ് ദുര്‍ബലരെ ധൈര്യപ്പെടുത്തുന്നത്. അവര്‍ നേടുന്ന ആ ധൈര്യം പിശാചിന്റേതാണ്, ഈശ്വന്റേതല്ല. ഈശ്വര വിശ്വാസികള്‍ക്ക് മാനസീകപീഡനങ്ങള്‍ ഉണ്ടായാലും അവരില്‍ നിന്നു പുറത്തു വരിക സ്‌നേഹവും കാരുണ്യവുമായിരിക്കും.

മാളവിക നഗറിലേക്കുളള യാത്രക്കിടയില്‍ ഡല്‍ഹിയിലെ ഓരോ സ്ഥലങ്ങളെപ്പറ്റിയും രാമേട്ടന്‍ വിവരിച്ചു. അതില്‍ എനിക്ക് ഏറെ ആകര്‍ഷകമായി തോന്നിയത് കനോട്ട് പ്ലെയ്‌സാണ്. നിലാവു പോലെ ശോഭയാര്‍ന്ന കെട്ടിടങ്ങള്‍ റോഡരികില്‍ വൃക്ഷങ്ങള്‍ നിരനിരയായി നില്‍ക്കുന്നതു കാണാന്‍ എന്തഴകാണ്. ഞാന്‍ കണ്ടിട്ടുളള ചെറിയ നഗരങ്ങളൊക്കെ പൊടിപടലമേറ്റതാണ്. ഇതുപോലെ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച റാഞ്ചിയിലെ കോളജുകളും മറ്റ് കെട്ടിടങ്ങളും ശിരസ്സ് കുനിച്ചല്ല, ഉയര്‍ത്തി നില്‍ക്കന്നതായി എനിക്കു തോന്നി. സുന്ദരമായ കുഞ്ചിരോമങ്ങള്‍ ചലിപ്പിച്ചുകൊണ്ട് കുതിര വണ്ടി വീടിനു മുന്നില്‍ നിന്നു. വീടിന്റെ മുറ്റത്ത് പുഞ്ചിരി തൂകിനില്‍ക്കുന്ന നിറമാര്‍ന്ന റോസ്സാപ്പൂക്കളുണ്ട്.
രണ്ടു മുറിയും ഒരടുക്കളയുമുളള ഒരു ചെറിയ വീട്. എന്നെ അകത്തെ മുറിയിലേക്ക് കൊണ്ടു പോയിട്ടു പറഞ്ഞു, ഇതാണ് സോമന്റെ മുറി. ഞാനിപ്പോള്‍ വരാം. രാമേട്ടന്‍ പുറത്തേക്കു പോയി. എന്റെ മനസ്സിലെ ആദിയും വ്യാധിയും അകന്നു. കഴിഞ്ഞ രാത്രിയില്‍ ട്രെയിനില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഞാന്‍ ഏതോ കൊടുങ്കാറ്റില്‍പ്പെട്ടുഴലുന്ന പായ്ക്കപ്പലിലായിരുന്നു. കാറ്റും കോളും ഇരുളും നിറഞ്ഞ ആ കപ്പലില്‍ നിന്ന് ഞാനിപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നു. രാമേട്ടന്‍ എനിക്കായി ആവിപറക്കുന്ന ചായ തന്നിട്ട് അറിയിച്ചു. ഞാന്‍ രണ്ടു മണിക്കൂര്‍ അവധിയെടുത്താണ് ഓഫിസ്സില്‍ നിന്നു വന്നത്. ഭക്ഷണം കിച്ചനിലുണ്ട്. എന്തായാലും വെറുതേ ഇരിക്കാന്‍ പറ്റില്ലല്ലോ, ഒരു ബയോ എഴുതി തരിക. ഞാനൊന്നു ശ്രമിക്കാം.പുറത്തേക്ക് തിരിഞ്ഞപ്പോള്‍ ആ ഗൗരവ് ശര്‍മ്മയുടെ കാര്യമൊന്ന് തിരക്കണം എന്നു പറഞ്ഞു. അതിനു സമ്മതം മൂളിക്കൊണ്ട് അദ്ദേഹം മുറി വിട്ടുപോയി.

ദിനങ്ങള്‍ വിരിഞ്ഞും കൊഴിഞ്ഞം കടന്നുപോയി. എനിക്ക് കസ്തൂര്‍ബാ ഗാന്ധിനഗറിലുളള ഹിന്ദുസ്ഥാന്‍ റ്റൈംസ് ഓഫിസ്സില്‍ രാമേട്ടന്റെ ശുപാര്‍ശപ്രകാരം ജോലി ലഭിച്ചു. രാമേട്ടന്റെ വീട്ടഡ്രസ്സില്‍ ഓമനയുടെ കത്തുകള്‍ വന്നുകൊണ്ടിരുന്നു. ഞാന്‍ ഇവിടെ വരുന്നതിനു മുമ്പു തന്നെ ജ്യേഷ്ഠന്‍ അമ്പാലയിലേക്ക് ട്രാന്‍സ്ഫറായി പോയിരുന്നു. ശശിയില്‍നിന്നും ഗൗരവിന്റെ കാര്യം ഞാനറിഞ്ഞുകൊണ്ടിരുന്നു. അയാള്‍ ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നു. ഇപ്പോള്‍ ഒരു വടിയില്ലാതെ നടക്കാന്‍ കഴിയില്ല. എന്നെ തിരഞ്ഞ് അയാളുടെ ഗുണ്ടകള്‍ നടക്കുന്നുണ്ട്. കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ആരോ ഉപദേശിച്ചു. കേസ്സ് പിന്‍വലിച്ചില്ലെങ്കില്‍ തിരിഞ്ഞു കൊത്തുമെന്ന്. വടി കൊടുത്ത് അടി വാങ്ങിയിട്ട് ഇനി കോടതിയുടെ അടിയും കൂടി വാങ്ങണോ?. ആ കേസ്സ് അയാള്‍ പിന്‍വലിച്ചു. അതോടെ എന്റെ മനസ്സിന് ഒരാശ്വാസമായി. ഡല്‍ഹി ജീവിതം ഞാനിഷ്ടപ്പെട്ടു. ഞാനിവിടെ സുഖമായിരിക്കുന്നുവെന്നു മാത്രം റാഞ്ചിയിലുള്ളവരെ അറിയിച്ചു. എനിക്ക് പുതിയൊരു ജോലിക്കുള്ള കത്തു കിട്ടി.

അദ്ധ്യായം – 21
ഇറച്ചിക്കറിയും പോലീസ്സും

ജ്യേഷ്ഠന്‍ പാപ്പച്ചന്‍ എന്‍. സി.സി. ട്രെയിനിംഗ് നേടിയത് ചാരുംമൂട്ടില്‍ നിന്നാണ്. അത് ചാരുംമൂട് ചന്തയുടെ തെക്ക് ഭാഗത്തുളള വലിയവിളക്കാരുടെ സ്ഥലത്തുവച്ചായിരുന്നു. ട്രെയിനിംഗില്‍ പങ്കെടുക്കുന്നവരുടെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ പഞ്ചസാര, ഗോതമ്പ്, അരി, മൈദ ഇതൊക്കെ കൊടുത്തിരുന്നു. റാഞ്ചിയിലെ മലയാളികളില്‍ ഒരു പ്രത്യേകത അവര്‍ പരസ്പരം സഹകരണമുളളവരാണ്. മാത്രവുമല്ല മതത്തിനതീതമായി മനുഷ്യത്വമുളളവരായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ കലാപമെന്നപേരില്‍ കൊളളയും കൊലയും നടക്കുമ്പോള്‍ മലയാളികളായ താമരക്കുളം വാസ്സുപിളള, കോന്നിക്കാരന്‍ ജോസഫ്, ചങ്ങനാശേരിക്കാരന്‍ പത്മനാഭന്‍, പാലക്കാട്ടുകാരന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജ്യേഷ്ഠനടക്കമുളളവര്‍ എച്ച്. ഇ. സിയില്‍ ജോലി ചെയ്തിരുന്ന ഹിന്ദിക്കാരായ മുസ്ലീങ്ങളെ ഇവരുടെ വീടുകളില്‍ ഒളിപ്പിച്ചു പാര്‍പ്പിച്ചത്. അവരെല്ലാം അടുത്ത ക്വര്‍ട്ടറുകളില്‍ താമസ്സിക്കുന്നവരായിരുന്നു. അതു പോലെ പല സെക്ടറുകളിലും സംഭവിച്ചിട്ടുണ്ട്. അവരെയെല്ലാം എനിക്ക് നേരിട്ടറിയാം.
പഴയ സംഭവങ്ങമൊക്കെ ചോദിച്ചപ്പോള്‍ അവരുടെ മുഖത്തുളള ഭീതി ഞാന്‍ ശ്രദ്ധിച്ചു. ആരെങ്കിലും ഇവരെ ഒളിപ്പിച്ചുവച്ചുവെന്നറിഞ്ഞാല്‍ ആ കൊലക്കത്തി അവരുടെ മേലാണ് വീഴുക. മത-വര്‍ഗ്ഗീയ വിഷപ്പാമ്പുകള്‍ക്ക് മദ്രാസ്സിയെന്നോ ബിഹാറിയെന്നോ ഭേദമില്ല. എവിടെയെങ്കിലും ജോലിയുണ്ടെങ്കില്‍ അവര്‍ പരസ്പരം സംസാരിക്കും,സഹകരിക്കും. അതിനനുസരിച്ച് നാട്ടിലെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ആരെങ്കിലും ജോലിക്കായി കാത്തിരിപ്പുണ്ടെങ്കില്‍ ഇവരുടെ കത്ത് ലഭിച്ചാല്‍ അവരെത്തും.

റാഞ്ചി രത്തന്‍ ടാക്കീസ്സിനടുത്ത് ഒരു മിലിട്ടറി ക്യാമ്പുണ്ടായിരുന്നു. അവിടെ ജോലിയുളള ഒരു ഉയര്‍ന്ന ഉദ്ദ്യോഗസ്ഥനാണ് ഹിനുവില്‍ താമസ്സിക്കുന്ന തൃശൂര്‍ക്കാരനായ ബാലകൃഷ്ണപിളള. റാഞ്ചി മലയാളി അസ്സോസ്സിയേഷന്‍ അംഗം കൂടിയായ ഇദ്ദേഹമാണ് ജ്യേഷ്ഠനോട് ജോലിയെപ്പറ്റി പറയുന്നത്. എന്‍ജിനീയറിംഗ് ബിരുദമുളളവര്‍ക്കാണ് മുന്‍ഗണന. അങ്ങനെയാണ് കുറ്റാനത്തുകാരന്‍ മാത്തനൊപ്പം ജ്യേഷ്ഠന്‍ പാപ്പച്ചന്‍ റാഞ്ചിയിലേക്ക് ട്രെയിന്‍ കയറുന്നത്. ജ്യേഷ്ഠനങ്ങനെ ജോലി ലഭിച്ചു.
ഞാനും അച്ചന്‍കുഞ്ഞും ഈ പാത പിന്തുടര്‍ന്നു. അതിനു സഹായകമായത് റാഞ്ചി ലയണ്‍സ് ക്ലബാണ്. അവിടുത്തെ വന്‍കിട വ്യവസായികളൊക്കെ ഇതിലെ അംഗങ്ങളാണ്. എന്റെ കമ്പനിയും ഇതില്‍പ്പെടും. അച്ചന്‍കുഞ്ഞ് എല്ലാദിവസവും അവിടെ പാര്‍ട്ട് ടൈം ആയി ആറു മുതല്‍ ഒമ്പതു വരെ ജോലി ചെയ്തു. അച്ചന്‍കുഞ്ഞ് അവധിക്കു പോകുമ്പോഴൊക്കെ ഞാനാണ് ആ ജോലി ഏറ്റെടുക്കുന്നത്. അതിനാല്‍ പലരേയും പരിചയമുണ്ട്. മിക്ക ഞായറാഴ്ച്ചകളിലും അവര്‍ ഒന്നിച്ച് കൂടി വിനോദ- വിജ്ഞാന പരിപാടികള്‍ അവതരിപ്പിക്കും. സാമൂഹിക, സാംസ്‌കാരിക, കാരുണ്യ പ്രവ്യര്‍ത്തികള്‍ക്ക് അവര്‍ ഏറെ മുന്നിലാണ്. ജോലി കൂടുതലുളളപ്പോള്‍ അച്ചന്‍കുഞ്ഞ് എന്നെ വിളിക്കാറുണ്ട്.

റാഞ്ചിയിലെ ഊടുവഴികളില്‍ ഒരു ജോലിക്കായി ഞാന്‍ ധാരാളം അലഞ്ഞിട്ടുണ്ട്. അതിനാല്‍ തൊഴില്‍ ലഭിക്കാതെ അലയന്നവര്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കായി ശ്രമിക്കും. പുതുതായി വരുന്ന മലയാളിക്കും തമിഴനും വലിയ ബന്ധങ്ങള്‍ ഒന്നും ഇവിടെ ഇല്ലാത്തതു കാരണം പറഞ്ഞ് പല ജോലികളും നഷ്ടപ്പെട്ടിട്ടുണ്ട്. ആ സമയം എന്റെ ബോസായ സുബാഷ് ബാബുവുമായി ഞാന്‍ ബന്ധപ്പെടുത്തും. ഈ വ്യക്തിയെ എനിക്കറിയാം ആള് കുഴപ്പക്കാരനൊന്നുമല്ല എന്നൊക്കെ സുബാഷ് ബാബു പറഞ്ഞതനുസരിച്ച് ചിലര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്. ഫാക്ടറി ജോലിക്ക് ഹിന്ദിക്കാരേയും ഞാന്‍ സഹായിച്ചിട്ടുണ്ട്.

അനുജന്‍ കുഞ്ഞുമോന് എന്റെ കമ്പനിയുടെ എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് ജോലി ലഭിച്ചത്. ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലാണ് താമസ്സം. ബസ്സില്‍ നിത്യവും വന്നു പോകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ജോലിയില്‍ അലസനായി. ഉച്ചയ്ക്കു ഭക്ഷണ സമയത്ത് പോയാല്‍ പിന്നീട് ആളെ കാണില്ല. അതിനാല്‍ ഇവന്റെ കീഴിലുളള ജോലിക്കാരും ഇവനെപ്പോലെ പെരുമാറാന്‍ തുടങ്ങി. ഈ കാര്യം അവിടുത്തെ മാനേജര്‍ എന്റെ ശ്രദ്ധയില്‍പെടുത്തി. ഞാനും ഇവനെ നിരീക്ഷിക്കാന്‍ തുടങ്ങി. എന്നോടുളള അടുപ്പം കൊണ്ടാണ് മാനേജര്‍ വിക്രം സിംഗ് ഇത് ആരോടും പറയാതിരുന്നത്. എന്റെ അനുജനായതു കൊണ്ട് ഒരല്പം ഇളവ് അദ്ദേഹം കൊടുത്തതാണ്. അത് എന്റെ വിശ്വാസത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് എനിക്കും തോന്നി. സ്വന്തം വീട്ടിലായിരുന്നപ്പോഴും ഇവന്‍ ഒരു പണിയും ചെയ്തു കണ്ടിട്ടില്ല, സുഖജീവിതമായിരുന്നു.

ഒരു ദിവസം ഉച്ചകഴിഞ്ഞിട്ട് ഞാന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലേക്ക് ചെന്നു. എല്ലാവരും ജോലിയില്‍ ബദ്ധശ്രദ്ധരാണ്. ഇവനെ അവിടെയെങ്ങും കണ്ടില്ല. ഞാന്‍ നിരനിരയായി കിടന്ന ചെറുതും വലുതുമായ പൈപ്പുകളുടെ ഇടയിലൂടെ നടന്നു. ഞാനറിയാതെ പുറത്തുപോകില്ലെന്നറിയാം. നടക്കുന്നതിനിടയില്‍ കണ്ടത് ഒരു പൈപ്പിനുളളില്‍ ഇവന്‍ ഗാഢമായി ഉറങ്ങുന്നതാണ് ഇത് ജോലിസ്ഥലത്ത് ന്യായീകരിക്കാന്‍ കഴിയാത്തതാണ്. സംരക്ഷിക്കാന്‍ ആളുണ്ടെന്നു കരുതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. എന്നെക്കാള്‍ ശമ്പളം വാങ്ങുന്നവന്‍ സത്യത്തിനു നേരെ മുഖം തിരിക്കുന്നത് എന്താണ്. വിളിച്ചുണര്‍ത്തി കുറ്റപ്പെടുത്തി. നീ രാത്രിയില്‍ ഉറങ്ങാറില്ലേ, നിനക്കു ചുറ്റും മറ്റുളളവര്‍ ഇതെല്ലാം കാണുന്നുണ്ട്. ഒരു ജോലിയില്‍ പ്രാവീണ്യം നേടാനാണ് ശ്രമിക്കേണ്ടത്. മറ്റുളളവരോട് പണിയെടുക്കാന്‍ പറഞ്ഞിട്ട് വന്നു കിടന്നുറങ്ങുക. എഴുന്നേറ്റു വരിക. ഒന്നും പ്രതികരിക്കാതെ എന്റെ ഒപ്പം ഭൂതബാധയുളളവനെ പോലെ നടന്നു. ഏതു ജോലി ചെയ്താലും അതില്‍ ജാഗ്രത വേണമെന്നു പറഞ്ഞിട്ട് ഞാന്‍ മടങ്ങി.

പുതുവര്‍ഷമായപ്പോള്‍ എനിക്ക് ശമ്പളത്തില്‍ നൂറുരൂപ വര്‍ദ്ധനവുണ്ടായി. കിട്ടുന്ന ശമ്പളമെല്ലാം പത്തു ദിവസത്തിനുളളില്‍ തീരും. വാടകയ്ക്കും ചെലവിനുമുളള പണം മാറ്റിവച്ചിട്ട് ബാക്കി തുക നാട്ടിലെ ആവശ്യക്കാര്‍ക്കായി അയയ്ക്കും. എന്റെ ഒപ്പം നാടകത്തില്‍ അഭിനയിച്ചവര്‍ വരെ ആവശ്യങ്ങള്‍ പറഞ്ഞ് കത്തയയ്ക്കും. എന്നാലും രോഗത്തില്‍ കഴിയുന്നവര്‍, കുട്ടികള്‍ക്കുളള ഫീസ്സ് ഇതിനാണ് മുന്‍ഗണന കൊടുത്തത്. ചില മാസങ്ങളില്‍ പലരോടും കടം വാങ്ങിയാണ് ഞാന്‍ ഫീസടച്ചതും ചെലവുകള്‍ നടത്തിയതും. ഓരോ മാസവും ആവശ്യക്കാരുടെ എണ്ണം കൂടുകയും ഞാന്‍ കടക്കാരനാവുകയും ചെയ്തു.
എന്റെ നാടകങ്ങള്‍ കല്‍ക്കട്ടയിലും റാഞ്ചിയിലും അരങ്ങേറി. റാഞ്ചിയില്‍ കാണാന്‍ പോകും കല്‍ക്കട്ടയിലേക്ക് എന്നെ ക്ഷണിച്ചു എങ്കിലും സമയക്കുറവുമൂലം പോകാന്‍ സാധിച്ചില്ല. റാഞ്ചിയിലും കല്‍ക്കട്ടയിലും ഞാന്‍ ബന്ധപ്പെട്ടിട്ടുളള വ്യക്തികള്‍ മലയാള ഭാഷയെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരും നന്മയുളളവരുമായിരുന്നു. ഒരു സാഹിത്യകാരന്‍ അല്ലെങ്കില്‍ നാടകകൃത്ത് സമൂഹത്തില്‍ ചുട്ടുപൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലെത്തിക്കുമ്പോഴാണ് മിഴിവുറ്റവനാകുന്നതെന്ന് അവര്‍ പറഞ്ഞത് ഓര്‍ക്കും. ഓരോ ജീവിതത്തിന്റെയും സൂഷ്മതലങ്ങള്‍ പഠിക്കാന്‍ എത്രയോ കാലങ്ങള്‍, ജന്മങ്ങള്‍ വേണ്ടി വരുമെന്ന് എനിക്കു തോന്നി. സാഹിത്യം സിനിമയല്ല. അതിന് വെളിച്ചമുണ്ടാകണമെങ്കില്‍ അറിവും അനുഭവങ്ങളും ധാരാളമായി വേണം. റാഞ്ചി എയ്ഞ്ചല്‍ തിയേറ്റേഴ്‌സ്, സി. എല്‍ ജോസ്, കടവൂര്‍ ചന്ദ്രന്‍പിളള തുടങ്ങിയവരുടെ നാടകങ്ങള്‍ അവതരിപ്പിച്ചപ്പോഴും കാണാന്‍ പോകുമായിരുന്നു. ഒരിക്കല്‍ എനിക്കൊപ്പം റാഞ്ചി ടെക്സ്റ്റയില്‍സില്‍ ഞാന്‍ ജോലി വാങ്ങിക്കൊടുത്ത മുരളീധരനുമുണ്ടായിരുന്നു.

അളിയനും കുടുംബവും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഞ്ചാബിലേക്ക് ട്രന്‍സ്ഫറായി പോയി. കുഞ്ഞുമോന്‍ ഒരു വര്‍ഷമാകുന്നതിനു മുന്നേ അവധിയെടുത്ത് നാട്ടിലേക്കു പോയി. ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. ഞാന്‍ ദുര്‍വ്വയില്‍ നിന്ന പോയതിനു ശേഷം അധികമാരും എന്നെപ്പറ്റി സംസാരിച്ചിട്ടില്ല. പലരും കരുതിയത് ഞാന്‍ മറ്റെങ്ങോ ജോലിയായി പോയിക്കാണുമെന്നാണ്. നാടകം കഴിഞ്ഞു തീരുമ്പോള്‍ എല്ലാവരേക്കാളും മുന്നേ ഞാന്‍ സ്ഥലം വിടും. രാത്രി കാലമായതിനാല്‍ ആരും ആരേയും അധികം ശ്രദ്ധിക്കാറില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് പത്രപ്രവര്‍ത്തന പഠനത്തിനു സര്‍ട്ടിഫിക്കേറ്റ് കിട്ടി. കോളജ് പഠനം തുടര്‍ന്നു.

ഒരു രാത്രി ഭക്ഷണം കഴിച്ചിട്ട് വീട്ടിലെത്തുമ്പോള്‍ അടുത്ത മുറിയിലുളള അബ്ദുല്ലയും ശശിധരനും അടുത്ത വീട്ടിലെ ഗൗരവ് ശര്‍മ്മയുമായി വഴക്കാണ്. അയാള്‍ക്കൊപ്പം അയാളുടെ വീട്ടില്‍ വാടകയ്ക്കു താമസ്സിക്കുന്ന മൂന്നു ഹിന്ദിക്കാരും സ്ത്രീകളും കുട്ടികളും കാഴ്ച്ചക്കാരായി നില്പുണ്ട്. അവരുടെ വഴക്കു കേട്ട് അതുവഴി പോകുന്നവരും അവിടേക്കു വന്നു. ഞാനും അവരുടെ പിറകിലായി നിലയുറപ്പിച്ചു. ഗൗരവിന്റെ വായില്‍ നിന്ന് വരുന്നത് നല്ല ഭാഷയല്ല. ഒപ്പം ജാതിഭൂതവുമുണ്ട്.
പശു ഇറച്ചി വേവിച്ചതിന്റെ മണം പുറത്തു വന്നതാണ് പ്രശ്‌നം. പലപ്പോഴും ബീഹാറിന്റെ പലഭാഗങ്ങളില്‍ പശുക്കളെ കശാപ്പു ചെയ്യുന്നതിന്റെ പേരില്‍ ഹിന്ദു-മുസ്ലീം കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. ഒരുത്തന്റെ ഭവനത്തില്‍ ഭക്ഷണമുണ്ടാക്കുന്നത് നിരീക്ഷിക്കാന്‍ മറ്റുളളവര്‍ക്ക് എന്തു കാര്യമെന്ന് എനിക്കും തോന്നി. ഇവര്‍ മുറിക്കുളളില്‍ മറ്റ് അസന്മാര്‍ഗ്ഗിക കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ഇറച്ചിയുടെ മണം മറ്റളളവര്‍ക്ക് ദുര്‍ഗ്ഗന്ധമുണ്ടാക്കുന്നുണ്ടെങ്കില്‍ അതു പാടില്ലെന്ന് പറഞ്ഞാല്‍ പോരേ?. അതിന് മറ്റൊരാളുടെ മുറിയില്‍ അതിക്രമിച്ച് കടക്കുന്നത് നിയമലംഘനമല്ലേ?. അവരുടെ വഴക്കു തുടരുന്നതിനിടയില്‍ ശശി പറഞ്ഞു, ഇതു പശു ഇറച്ചിയല്ല, പോത്തിറച്ചിയാണ്.

അബ്ദുളിന്റെ വാദം മറ്റൊന്നാണ്. എന്റെ മുറിയില്‍ നിങ്ങള്‍ എന്തിനു കയറി. ഗൗരവിന്റെ നോട്ടം സാധാരണ നോട്ടമല്ല. ചോര പകയുടെ നോട്ടമാണ്. സദാചാരഗുണ്ടകളെ പോലെ ഗൗരവിനു ചുറ്റും മതമൗലീക വാദികളും നിന്നു. അതിലൊരാള്‍ ഇറച്ചിപാത്രത്തിന്റെ അടപ്പ് തറന്നു മണപ്പിച്ചു നോക്കി. അവന്റെ മുഖത്ത് മിന്നിമറഞ്ഞത് പുച്ഛവും ഓക്കാനവുമായിരുന്നു. അവന്‍ ശശിയുടെ നേര്‍ക്കു നോക്കി അമര്‍ഷത്തോടെ ചോദിച്ചു, തും ജൂട്ട് ബോല്‍ത്താ കെ കുത്തേ, ഈ തോ ഗായിക്കാ മീറ്റേ, (നീ കളളം പറയുന്നോടാ നായേ, ഇത് പശുവിന്റെ ഇറച്ചിയാ) പറഞ്ഞു തീരുകയും മറ്റൊരുത്തന്‍ ശശിയുടെ കരണത്ത് ആഞ്ഞടിച്ചു. ആ അടി വേദനയോടെ ഞാന്‍ കണ്ടു. ശശി രോഷത്തോടെ പറഞ്ഞു, ഇറങ്ങി പോടാ ഞങ്ങളുടെ മുറിയില്‍ നിന്ന്. മറ്റൊരുത്തന്‍ ആ ഇറച്ചിപ്പാത്രം പുറത്തേക്ക് എറിഞ്ഞു. അടുക്കളയിലുളള ഉരുളന്‍ കിഴങ്ങും, പച്ചക്കറികളും കണ്‍മുന്നില്‍ കണ്ടതെല്ലാം അവര്‍ തട്ടി തെറുപ്പിച്ചു. ഗൗരവ്വ് ശര്‍മ്മയെ അബ്ദുള്‍ തളളിയിട്ട് ആക്രോശിച്ചു. ഇറങ്ങെടാ പുറത്ത്.

അതിനുളളില്‍ അടിയും ഉന്തും തളളും തുടര്‍ന്നു. അബ്ദുല്ല മേശപ്പുറത്തിരുന്ന കത്തിയെടുത്ത് ഗൗരവിന്റെ നേര്‍ക്കു ചൂണ്ടി. കത്തി കയ്യിലിരുന്ന് വിറച്ചു. ഗൗരവും മറ്റു രണ്ടു പേരും കൂടി കത്തി വാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു പേരുടേയും കൈകള്‍ മുറിഞ്ഞു രക്തമൊഴുകി. ശശിയും മറ്റൊരുത്തനുമായി പിടിവലി നടന്നു. ശശിയെ ഇടിച്ചു വീഴ്ത്തുന്നതില്‍ എതിരാളി വിജയിച്ചു. വീണ്ടും മുകളിലേക്കുയര്‍ത്തി അടിക്കുന്നതു കണ്ടപ്പോള്‍ എന്റെ മാംസപേശികളും വലിഞ്ഞുമുറുകി. ഇതു കണ്ടു നില്‍ക്കാന്‍ മനസ്സനുവദിക്കുന്നില്ല. അബ്ദുല്ലയെ ഭിത്തിയോടു ചേര്‍ത്തു പിടിച്ച് ഇടിക്കുന്നു. അയാളും പൊരുതുന്നുണ്ട്. എന്റെ രക്തവും തിളച്ചു. അകത്തേക്കു കയറി ശശിയെ ഇടിച്ചവനെ ആദ്യം ചവിട്ടി. അവന്‍ മലര്‍ന്നടിച്ചു വീണു. അബ്ദുല്ലയെ ഇടിച്ചുകൊണ്ടിരുന്നവരേയും മാറി മാറി ചവിട്ടി. അവര്‍ മൂന്നുപേരും ഭിത്തിയില്‍ ഇടിച്ചു നിന്നിട്ട് എന്റെ നേരെ തിരിഞ്ഞു. ആറു കൈകള്‍ പല ഭാഗത്തു നിന്നും എന്റെ മേല്‍ പതിഞ്ഞ് ഞാന്‍ നിലം പരിശ്ശായി. മുറിക്കുളളില്‍ നിന്നുതിരിയാന്‍ സ്ഥലമില്ല. മുകളിലേക്ക് ഉയര്‍ന്നു ചവിട്ടാന്‍ കഴിയുന്നില്ല. ഞാന്‍ തറയില്‍നിന്ന് എഴുന്നേറ്റു. ഓരോരുത്തരുടേയും നെഞ്ചത്തും, പുറത്തും ചവിട്ടു തുടര്‍ന്നു. ഓരോ ചവിട്ടിലും ഭിത്തിയിലിടിച്ച് ഓരോരുത്തര്‍ വീഴുന്നുണ്ട്. എന്നിട്ടും ആക്രോശിച്ചു കൊണ്ടവര്‍ എഴുന്നേറ്റു വരും.

ആളുകള്‍ ഓടി കൂടിക്കൊണ്ടിരുന്നു. ശശി അവശനായി മാറിയതു കണ്ട് ഞാന്‍ ശശിയെ പിറകോട്ടു മാറ്റി അവരെ നേരിട്ടു. എന്റെ ഇടതു കൈകൊണ്ടുളള ഇടിയില്‍ ഒരുത്തന്റെ മൂക്കില്‍ നിന്നു ചോര വന്നു. അവന്‍ ചോര തുടച്ചുകൊണ്ട് ഭയപ്പെട്ട് പുറത്തേക്ക് നടന്നു. ഒരുത്തന്‍ എന്റെ കഴുത്തില്‍ പിടിമുറുക്കി. ശശി അവന്റെ കഴുത്തില്‍ പിടിച്ചു. മുന്നില്‍ ഇടിക്കാന്‍ വന്നവനെ ഞാന്‍ ചവിട്ടി. കഴുത്തില്‍ പിടി മുറുക്കിയവനേയും മുന്നോട്ടു തളളി ആഞ്ഞു ചവിട്ടി. ആ ചവിട്ടില്‍ അയാള്‍ വാതിലിലൂടെ പുറത്തേക്കു വീണു. ഒരുത്തന്‍ ഭയന്നോടി. അബ്ദുല്ലയെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ടിരുന്ന ഗൗരവിനെ മുന്നോട്ടു തളളി; വിറച്ചു നിന്നവന്റെ അടിവയറ്റില്‍ ആഞ്ഞു ചവിട്ടി. ആ ചവിട്ടില്‍ വേദനകൊണ്ടയാള്‍ നാഭിയില്‍ അമര്‍ത്തിപ്പിടിച്ചു ഒരലര്‍ച്ചയോടെ വീണു. അവിടെ നിന്നവര്‍ ഇതിനകം സൈക്കിള്‍ റിക്ഷയില്‍ രണ്ടു പേരെ ആശുപത്രിയില്‍ കൊണ്ടുപോയി. മറ്റൊരുത്തന്‍ മുന്നോട്ടു നടക്കാന്‍ നിവര്‍ത്തിയില്ലാതെ കിടന്നു. ശശിയോടു പറഞ്ഞിട്ട് ഞാന്‍ സൈക്കിള്‍ റിക്ഷ വിളിക്കാനായി റോഡിലേക്കോടി. അബ്ദുളിന്റെ ശരീരവും മുറിഞ്ഞ് രക്തമൊഴുകുന്നുണ്ട്. ഗൗരവിന്റെ ആള്‍ക്കാര്‍ അയാളെ എടുത്ത് പുറത്തേക്ക് കൊണ്ടുപോയി. ശശി അബ്ദുളിന്റെ കൈ തുണികൊണ്ട് കെട്ടി. ഞാന്‍ കുതിര റിക്ഷയുമായിട്ടെത്തി. അടുക്കള തുറന്നിട്ടിട്ട് അടുത്ത മുറിയില്‍ നിന്ന് പഴ്‌സ് എടുത്തിട്ട് തുണി മാറാതെ ആശുപത്രിയിലേക്ക് തിരിച്ചു. ശശിയും അബ്ദുളും യാത്രക്കിടയില്‍ എന്നോട് ആപത്തില്‍ സഹായിച്ചതിന് അതിരറ്റ നന്ദി അറിയിച്ചു.

അവര്‍ ശാരീരികമായും മാനസ്സികമായും തളര്‍ന്ന അവസ്ഥയിലായിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത് ചികിത്സയാണ്. ശശി ഭീതിയോടെ പറഞ്ഞു. ”നമ്മുടെ മുറിയില്‍ കയറി ഇത്ര ക്രൂരമായി പെരുമാറാന്‍ അവര്‍ക്ക് എങ്ങനെ കഴിഞ്ഞു”. ഞാന്‍ ശശിയെ ധൈര്യപ്പെടുത്തി. ഈ മതഭ്രാന്തന്മാരെ പ്രതിരോധിക്കാന്‍ ഭഗവാന്‍ നമുക്ക് ശക്തി തരാതിരിക്കുമോ?. ആശുപത്രിയിലെ എമര്‍ജന്‍സിയിലാണ് ആദ്യം ചെന്നത്. അടി കൊണ്ടു വീണവര്‍ അവര്‍ക്കു മുന്നേ അവിടെ എത്തിയിരുന്നു. രണ്ടു പേരേയും അകത്തേക്കു കൊണ്ടുപോയി. ഡോക്ടര്‍ അവരെ പരിശോധിച്ചു. രണ്ടു പേരോടും യാത്രയില്‍ പ്രത്യേകം പറഞ്ഞു, ഇത് പോലീസ് കേസ്സാണ്. എത്ര ദിവസം കൂടുതല്‍ നിങ്ങള്‍ ആശുപത്രിയില്‍ കിടക്കുന്നോ അത്രയും കേസ്സിന് ബലമാണ്. സുഖമുണ്ടെങ്കിലും സുഖമില്ലെന്ന് അഭിനയിച്ചു കൊളളണം. വീടു കയറി അക്രമിച്ചു എന്നത് നമുക്കറിയാം. നീതി നമ്മുടെ ഭാഗത്താണ്. നീതിനിഷേധം നടക്കുന്ന സ്ഥലമാണിതെന്ന് മറക്കരുത്.

അവരില്‍ ആരൊക്കെ ആശുപത്രിയില്‍ കിടക്കുമെന്ന് നമുക്കറിയില്ല.ശശി പരിഭ്രമത്തോടെ എന്നെ നോക്കിയിട്ട് പറഞ്ഞു, സോമന്റെ ചവിട്ടില്‍ ആ ഗൗരവ് ചത്തവനെ പോലെയാണ് കിടന്നത്. എന്റെ മനസ്സിലും ആ ഭയമുണ്ട്. എങ്കിലും അവരെ ധൈര്യപ്പെടുത്തി പറഞ്ഞു. നിങ്ങള്‍ പറയേണ്ടത് എപ്പോഴും ഓര്‍ത്തിരിക്കണം. ക്രൂരമായ ആക്രമണമാണ് അവര്‍ ഏഴുപേര്‍ ഞങ്ങളുടെ മുറിയില്‍ നടത്തിയത്. അടി കൊണ്ട് ഞങ്ങള്‍ വീഴുകയായിരുന്നു. പോക്കറ്റില്‍ കിടന്ന പണം അപഹരിച്ചു. മുറിയിലെ സാധനങ്ങളും,കറികളും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞങ്ങള്‍ ആരേയും കൊല്ലാന്‍ ശ്രമിച്ചില്ല. അവര്‍ രക്ഷപ്പെടാന്‍ വേണ്ടി ഞങ്ങളുടെ മേല്‍ കളളകേസ്സുണ്ടാക്കുകയാണ്. ശശിയുടെ കണ്ണുകള്‍ ഒന്നു തിളങ്ങി. അബ്ദുളിലും ആത്മവിശ്വാസം വളര്‍ന്നു. അവരെ ധൈര്യപ്പെടുത്തുമ്പോള്‍ എന്റെ മനസ്സില്‍ നിരാശ മാത്രമായിരുന്നു. എന്റെ ചവിട്ട് നാഭിയില്‍ പതിച്ചാല്‍ മരണം ഉറപ്പല്ലേ. അതിന് എന്താണ് തെളിവെന്നു ചോദിച്ചാല്‍ അവിടെ കണ്ടു നിന്നവര്‍ ധാരാളമാണ്. മനുഷ്യര്‍ പ്രതികാര വാഞ്ചയുളളവരായി തീര്‍ന്നാല്‍ അവന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നല്ലേ. അവിടെ ബുദ്ധിയുപയോഗിച്ചാല്‍ അപകടങ്ങള്‍ മാറിപ്പോകും. ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ഇങ്ങനെ ഒരവസരത്തില്‍ ഞാന്‍ എന്തു ചെയ്യണമായിരുന്നു?. കണ്ടിട്ടും കാണാതെ പോകണമായിരുന്നോ. അതോ അത്യുത്സാഹത്തോടെ കണ്ടുനിന്ന് രസിക്കണമായിരുന്നോ? അന്ധകാര ശക്തിക്കെതിരെ അന്ധനായി മാറണമായിരുന്നോ. ഓരോരോ ചോദ്യങ്ങള്‍ എന്നെ ചുറ്റി വരിഞ്ഞു കൊണ്ട് നില്‍ക്കമ്പോഴാണ് അകത്തേക്കു പോയ ശശിയും അബ്ദുളും പുറത്തേക്ക് വന്നത്. അബ്ദുളിന്റെ മുറിവുളള കൈ വെളളത്തുണികൊണ്ട് കെട്ടിവച്ചിരിക്കുന്നു. ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു, എന്തുണ്ടായി, അഡ്മിറ്റാകുന്നില്ലേ. ശശി പറഞ്ഞു, നമ്മള്‍ വിചാരിച്ചതുപോലെ നടക്കില്ല. ഞങ്ങളെ പരിശോധിച്ചു, ഓരോ ഇന്‍ജക്ഷന്‍ തന്നിട്ട് പറഞ്ഞു. രണ്ടു ദിവസം വിശ്രമിക്ക് വേദനയെല്ലാം മാറും. അകത്തുവച്ച് ഒരു കാര്യമറിഞ്ഞു ആ ഗൗരവിനെ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തരിക്കുകയാണ്. പോലീസ്സിനെ വിവരമറിയിച്ചു അവര്‍ വരും. സോമന്‍ ഒന്നു മാറി നില്‍ക്കുന്നത് നല്ലതാണ്. എനിക്കും തോന്നി പോലീസ്സിന് പിടി കൊടുക്കരുത്. പോലീസ് പിടിച്ചാല്‍……

ആരും കാണാതെ പുറം വാതിലിലൂടെ പുറത്തേക്ക് നടന്നു. മെയിന്‍ റോഡിലെത്തി കുതിര റിക്ഷയില്‍ കയറി മുരളിയുടെ മുറിക്കു മുന്നിലെത്തി. മുരളി ഉറങ്ങാനായി കണ്ണടച്ചു കിടക്കുമ്പോഴാണ് കതകില്‍ മുട്ടിയത്. ആരെന്നറിയാന്‍ ലൈറ്റിട്ടിട്ട് കതക് തുറന്നു എന്നെ തുറിച്ചുനോക്കി. എന്റെ മുഖത്തെ ഭയാശങ്കകള്‍ കണ്ടിട്ട് ചോദിച്ചു. എന്താ സാറെ ഈ രാത്രിയില്‍. മുരളിയോട് കതകടയ്ക്കാന്‍ പറഞ്ഞു. മുരളി ആകാംക്ഷയോടെ കതകടച്ചിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ നടന്ന കാര്യം വിവരിച്ചു. എല്ലാം കേട്ടതിനു ശേഷം ഒരു രാത്രിയല്ല എത്ര രാത്രി വേണമെങ്കിലും ഇവിടെ കഴിയാമെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. രാവിലെ തന്നെ ഓഫീസ്സിലെത്തി സുബാഷ് ബാബുവിന് കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു. അദ്ദേഹം ദയനീയമായി എന്നെ നോക്കിയിരുന്നു. അത്യാവശ്യം ഒരു മാസത്തെ അവധി വേണം സാര്‍. എന്റെ അവധിക്ക് അംഗീകാരവും ശമ്പളവും തന്നിട്ട് പറഞ്ഞു, ആവശ്യങ്ങള്‍ പറയാന്‍ മടിക്കേണ്ട. മനുഷ്യ ശരീരത്തില്‍ കുടിയേറിയിരിക്കുന്ന ഭൂതങ്ങളാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി കാണണം.
ഓഫിസ്സിലെ ഗുപ്താജിയോടും യാത്രപറഞ്ഞിട്ട് കുറുക്കു വഴികളിലൂടെ നടന്ന് ബസ്സ് സ്റ്റാന്‍ഡില്‍ എത്തി ഓമനയെ കാണാന്‍ യാത്ര തിരിച്ചു. ബസ്സിലിരിക്കുമ്പോഴും മനസ്സില്‍ യാതൊരു കുറ്റബോധവുമുണ്ടായില്ല.

മറ്റൊന്ന് മനസ്സിനെ മഥിച്ചത് മനഷ്യനെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അറിഞ്ഞും അറിയാതെയും ചാടിക്കുന്നത് ഏതു ഭൂതമാണ്. ഹസാരിബാഗില്‍ നിന്ന് സൈക്കിള്‍ റിക്ഷയില്‍ ആശുപത്രിയിലെത്തി. സെക്യൂരിറ്റിക്കാരനെ ഗേറ്റില്‍ കണ്ടില്ല. അകത്തേക്കു നടന്നു അടുത്തുകൂടി പോയ ഒരു ഹിന്ദിക്കാരി നഴ്‌സിനോട് ഓമനയെപ്പറ്റി ചോദിച്ചു. ആ സ്ത്രീ എനിക്കൊപ്പം നടന്ന് ഓമന ജോലി ചെയ്യുന്ന വാര്‍ഡ് കാട്ടിത്തന്നിട്ട് പോയി. ഭാഗ്യത്തിന് ആ സമയം പുറത്തുളളവര്‍ക്ക് രോഗികളെ കാണാനുളള സമയമായിരുന്നു. ഈ പ്രാവശ്യം ഒരു മുന്നറിയിപ്പുമില്ലാതെയാണ് വരവ്. പരസ്പരം കാണണമെന്ന് കത്തിലെഴുതി സ്വയം ആശ്വസിക്കുമെങ്കിലും അത് നടക്കാറില്ല. മാനത്ത് തിളങ്ങി നില്‍ക്കുന്ന സൂര്യനെപ്പോലെ എന്റെ മനസ്സും തിളങ്ങിനിന്നു. വാതില്‍ക്കല്‍ ചെന്ന് അകത്തേക്ക് ഒളിഞ്ഞുനോക്കി. അവള്‍ ആശ്ചര്യപ്പെട്ട് മന്ദഹാസം പൊഴിച്ചുകൊണ്ട് എന്നെ നോക്കി.

Copyright © . All rights reserved