“ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ” ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അദ്ധ്യായം -6

“ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ”  ജോൺ കുറിഞ്ഞിരപ്പള്ളി എഴുതിയ നോവൽ അദ്ധ്യായം -6
August 02 15:59 2019 Print This Article

ജോൺ കുറിഞ്ഞിരപ്പള്ളി

ടെലിഫോൺ വീണ്ടും വീണ്ടും റിംഗ് ചെയ്തുകൊണ്ടിരുന്നു.ഞാൻ ആകെക്കൂടി വിഷമത്തിലായി എന്നുവേണം പറയാൻ .ടെലിഫോൺ എടുക്കാൻ ഞാൻ ഒന്നു മടിച്ചു.ശ്രുതി എന്നോടുപറഞ്ഞു.”ആരാണെങ്കിലും നീ ടെലിഫോൺ എടുക്ക്” .

ഞാൻ ടെലിഫോൺ എടുത്തു.അപ്പച്ചനാണ് വിളിക്കുന്നത് എന്ന് എനിക്കറിയാമായിരുന്നു.
ഒരിക്കൽപോലും അപ്പച്ചൻ ടെലിഫോണിൽ എന്നെ വിളിച്ചതായിട്ട് ഓർമ്മയില്ല.അത് അമ്മച്ചിയുടെ ജോലിയാണ്.അമ്മച്ചി വിളിക്കുമ്പോൾ അപ്പച്ചൻ അടുത്ത് കേൾക്കാവുന്ന അകലത്തിൽ ഉണ്ടാകും.
ഉത്കണ്ഠ സഹിക്കവയ്യാതെ ചോദിച്ചു “എന്താ അപ്പച്ചാ?ആർക്കെങ്കിലും എന്തെങ്കിലും…………? അമ്മച്ചി എവിടെ?”
“ആർക്കും ഒന്നും പറ്റിയിട്ടില്ല.”.
“പിന്നെ?”
“നിൻ്റെ അടുത്ത് ആരാ ഉള്ളത്?”
“ശ്രുതി .എൻ്റെ കോളേജിൽ പഠിച്ച കുട്ടിയാണ്.ഇവിടെ വന്ന് പരിചയപ്പെട്ടതാണ്.”
” പ്രസാദ്‌ നാട്ടിൽ വന്നിരുന്നു.അവൻ്റെ കല്യാണം നീ ഉഴപ്പി,ആ പെൺകുട്ടിയുമായി നീ ചുറ്റി അടിക്കുന്നു,ലിവിങ് ടുഗെതർ, എന്നൊക്കെ എന്തെല്ലാമോ അവൻ പറഞ്ഞു നടക്കുന്നു.”
അവൻ ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുന്നു.
അപ്പച്ചനോട് എല്ലാം വിശദമായി പറഞ്ഞു.എല്ലാംകേട്ടതിനുശേഷം ഒന്നും പറഞ്ഞില്ല.ഒന്ന് മൂളി.അതുകൊണ്ട് അപ്പച്ചൻ്റെ മനസ്സിൽ എന്താണ് എന്ന് മനസ്സിലായില്ല.ശ്രുതി എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
എങ്കിലും അവളോടുപറഞ്ഞു.”അപ്പച്ചനാണ്.പ്രസാദ് നാട്ടിൽ പോയിരുന്നു.അവൻ ഒരു പുതിയ കഥ മെനഞ്ഞു ഉണ്ടാക്കിയിരിക്കുന്നു.”
“മാത്തു നിനക്കു വിഷമമായോ?”
“ചെറിയ വെയിലത്തു വാടുന്നവനല്ല ഈ മത്തായി. വരൂ,ഞാൻ നിന്നെ ഹോസ്റ്റലിൽ കൊണ്ടുപോയി വിടാം”.ഹോസ്റ്റലിലേക്കുള്ള യാത്രയിൽ അവൾ ഒന്നും സംസാരിക്കാതെ തികച്ചും നിശ്ശബ്ദയായിരുന്നു.എന്തെങ്കിലും സംസാരിപ്പിക്കാനുള്ള എൻ്റെ ശ്രമം പരാജയപെട്ടു എന്ന് വേണം പറയാൻ.അവൾ ഹോസ്റ്റലിലേക്ക് നടക്കുന്നത് ഞാൻ ഗേറ്റിൽ നിന്ന് നോക്കികൊണ്ടിരുന്നു.എപ്പോഴെങ്കിലും അവൾ തിരിഞ്ഞു നോക്കുമെന്നും കൈ വീശി കാണിക്കുമെന്നും ഞാൻ വിചാരിച്ചതു തെറ്റി.

എൻ്റെ പുതിയ ജോലി സ്ഥലം അത്ഭുതങ്ങളുടെ ഒരു കലവറയായിരുന്നു .അക്കൗണ്ട് ചെക്ക് ചെയ്യുന്നതിനിടെ സൂത്രത്തിൽ എല്ലാവരുടെയും സാലറി സ്റ്റേയ്റ്റ്‌മെൻറ്സ് കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തിനോക്കി. അതിൻ്റെ യാതൊരുവിധ റെക്കോർഡുകളും കാണാൻ കഴിഞ്ഞില്ല.ആരും ഒന്നും പറയുന്നുമില്ല.ഏതായാലും മാസാവസാനം വരെ കാത്തിരിക്കാം എന്നു തീരുമാനിച്ചു.
രണ്ടു മൂന്ന് ദിവസത്തേക്ക് തിരക്കായിരുന്നു.ഇടക്ക് ഒന്ന് രണ്ടു തവണ ശ്രുതിയെ വിളിച്ചു വർത്തമാനം പറഞ്ഞിരുന്നു.ജോലി സ്ഥലത്തെ കഥകൾ കേട്ട് അവൾ ചിരിച്ചു.ടെൻഷൻ മാറിയെന്നു തോന്നുന്നു.വീക്ക് എൻഡ് കാണാം എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു,അമ്മയുടെ അടുത്ത് പോകുന്നു.രണ്ടാഴ്ച ലീവ് എടുത്തു എന്ന്.
അവൾ നേരത്തെ അത് എന്നോട് പറഞ്ഞില്ലല്ലോ എന്നു തോന്നാതിരുന്നില്ല.
മാസാവസാനം ആയതുകൊണ്ട് ഓഫിസിൽ തിരക്കായിരുന്നു.അങ്ങിനെ സാലറി ദിവസം വന്നു.
സേട് ജി രണ്ടുമണിയായപ്പോൾ എന്നെ കാബിനിലേക്കു വിളിപ്പിച്ചു.അവിടെ കുറച്ചു കാർഡ് ബോർഡ് പെട്ടികൾ അടച്ചു വച്ചിരുന്നു.അതിൽ ഒന്ന് തുറന്നു.നൂറുരൂപയുടെ കെട്ടുകൾ അടുക്കിവച്ചിരുന്നത് കെട്ടഴിച്ച നിരത്തിയിട്ടു.എന്നോട് ലെഡ്ജറിലെ പേരുകൾ ഓരോന്നായി വിളിക്കാൻ പറഞ്ഞു.
ഞാൻ ആദ്യത്തെ പേര് വിളിച്ചു.സേട് ജി പെട്ടിയിലേക്കു കയ്യിട്ടു, കയ്യിൽ കിട്ടിയ അത്രയും നോട്ടുകൾ വാരിയെടുത്തു ആദ്യത്തെ ആൾക്ക് കൊടുത്തു. ഞാൻ രണ്ടാമത്തെ പേര് വിളിച്ചു.പെട്ടിയിലേക്ക് കയ്യിട്ടു ഒരു കയ്യിൽ വാരി കിട്ടിയ അത്രയും കറൻസി അയാൾക്കും കൊടുത്തു.അങ്ങിനെ ഓരോരുത്തരായി ശമ്പളം വാങ്ങി പുറത്തുപോയി.
ഇനി എൻ്റെ ചാൻസാണ്
അവസാനത്തെ പെട്ടിയിൽ ഉണ്ടായിരുന്ന ക്യാഷ് എടുത്തോ എന്നു പറഞ്ഞിട്ട് അയാൾ പോയി .ഞാൻ ശരിക്കും ത്രില്ലടിച്ചു.ഈ ജോലി കൊള്ളാം .
വെറുതെയല്ല പെൺകുട്ടികൾ സേട് ജി നെയിം ഷീൽഡിൽ പിടിക്കുമ്പോൾ അനങ്ങാതെ ഇരിക്കുന്നത്.
അവസാനം അയാൾ ഒരു എമൗണ്ട് ടോട്ടൽ സാലറി ആയി എഴുതാൻ പറഞ്ഞു.ഞാൻ എഴുതി.
നല്ല അക്കൗണ്ടിംഗ് സിസ്റ്റം.
എല്ലാം ശ്രുതിക്ക് വിശദീകരിച്ചു കൊടുത്തു.അവൾ പറഞ്ഞു,എപ്പോൾ ജയിലിൽ പോകുമെന്ന് നോക്കിയിരുന്നോളു എന്ന്.
രണ്ടാഴ്ചത്തെ ലീവ് കഴിഞ്ഞു ശ്രുതി വന്നു.അവളെ കാണാൻ വൈകുന്നേരം ഹോസ്റ്റലിൽ ചെന്നു.ഇരുത്തം വന്ന ഒരു യുവതിയെപ്പോലെ അവൾ സംസാരിക്കുന്നു.ഒരു പുതിയ ശ്രുതി .അവളുടെ പഴയ കളിയും ചിരിയും കുറഞ്ഞിരുന്നു.ഇടയ്ക്കിടെയുള്ള മാത്തു എന്ന വിളിയും കുറഞ്ഞിരിക്കുന്നു. ആകെ കൂടി ഒരു മാറ്റം.കുറെ അധികനേരം സംസാരിച്ചിരുന്നു.അമ്മയുടെ ജോലി, അവളുടെ ജോലിസ്ഥലത്തെ കാര്യങ്ങൾ, എല്ലാം.എങ്കിലും എന്തോ ഒന്ന് മിസ്സിംഗ് എന്ന് മനസ്സുപറയുന്നു.എന്താണ് എന്ന് പിടികിട്ടുന്നില്ല.
“നിനക്ക് ആകെ കൂടി ഒരു മാറ്റം എന്തുപറ്റി ശ്രുതി?”
“ഹേയ്,ഒന്നുമില്ല.പിന്നെ……….”
“പിന്നെ ?”
“കൂടെകൂടെ പ്രസാദ് വിളിക്കുന്നു,അയാൾ ഒരുതരം ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നു.”
“അതോർത്തു നീ വിഷമിക്കണ്ട.അത് നിർത്തിത്തരാൻ എനിക്ക് സാധിക്കും.”
“എങ്ങിനെ?”
“അത് നീ അറിയണ്ട”.
അവൾ ശബ്ദം താഴ്ത്തി പതുക്കെ പറഞ്ഞു,”മാത്തു ,നിൻ്റെ പഴയ കക്ഷിയെ ഞാൻ നാട്ടിൽ പോയപ്പോൾ കണ്ടിരുന്നു.പാർട്ടി ഇപ്പോൾ സ്റ്റേറ്റ്സിൽ ആണ് ആറുമാസം പ്രായമായ ഒരു കുട്ടിയും ഉണ്ട്.”
“അത് വിട്ടുകള ശ്രുതി.കോളേജി വിട്ടതിനുശേഷം അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു.ഒഴിഞ്ഞുമാറുകയാണെന്ന് മനസ്സിലായപ്പോൾ ഞാൻ വിട്ടുകളഞ്ഞു”
അല്പസമയത്തെ നിശബ്ദതക്ക് ശേഷം അവൾ പറഞ്ഞു,”ഞാൻ ബാംഗ്ലൂർ മടുത്തുകഴിഞ്ഞു.അമ്മയോട് എല്ലാം പറഞ്ഞു.ജോലി രാജിവച്ചു തിരിച്ചുപോരാനാണ് ‘അമ്മ പറയുന്നത്”
“നീ എന്ത് തീരുമാനിച്ചു?”
“അമ്മയെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല”
“എന്നിട്ടു എന്തുചെയ്യാൻ പോകുന്നു?”
“നീ മറ്റൊന്നും വിചാരിക്കരുത് ,നീ കാരണം ഞാൻ ഒരു വലിയ ആപത്തിൽ നിന്നും രക്ഷപെട്ടു.ഞാൻ ഒരു സ്‌കോളർഷിപ്പിന് ശ്രമിക്കുന്നുണ്ട്,സ്റ്റേറ്റ്സിൽ .കിട്ടിയാൽ പോകും ”
“അത് വേണോ?”
“അല്ലാതെ എന്തുചെയ്യാൻ?”
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഓട്ടോ റിക്ഷയിൽ മൂന്ന്‌പേർ ഗെയ്റ്റിൽ വന്നിറങ്ങിയത് ഞാൻ ശ്രദ്ധിച്ചു.എന്തുകൊണ്ടോ ഒരു പന്തികേട് എനിക്ക് തോന്നി.അവർ മൂന്നുപേരും അല്പസമയം ഗേറ്റിനു ചുറ്റും നടന്നു.രണ്ടു പേർ ഒരു സൈഡിലും ഒരാൾ മറു സൈഡിലും നിലയുറപ്പിച്ചു.ഗേറ്റിൽ ഉണ്ടായിരുന്ന വാച്ചുമാനുമായി എന്തോ സംസാരിച്ചു , അവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.അതിനുശേഷം അവർ കുറച്ചകലേക്കു മാറിനിന്നു.മിക്കവാറും അവർ ആരോ പറഞ്ഞുവിട്ട ഗുണ്ടകളാണെന്ന് എനിക്ക് തോന്നി.അവരുടെ കണ്ണുവെട്ടിച്ചു പുറത്തിറങ്ങുക അസാദ്ധ്യമാണ്. ഹോസ്റ്റലിൽനുചുറ്റും ഉയർന്ന മതിലാണ്.മെയിൻ ഗേറ്റിൽ കൂടിയേ പുറത്തിറങ്ങാൻ കഴിയു.
ഞാൻ പറഞ്ഞു,”ശ്രുതി,ഇത് കാര്യങ്ങൾ നമ്മൾ പ്രതീക്ഷിച്ചതിലും വഷളായിരിക്കുന്നു .ആ മണ്ടൻ പ്രസാദ് ഞാൻ ഇവിടെയുണ്ട് എന്ന് മനസ്സിലാക്കി പറഞ്ഞുവിട്ട ഗുണ്ടകളാണ് അവർ”
“എന്ത് ചെയ്യും?”
അവൻ ഇവിടെ പരിസരത്തു എവിടെയെങ്കിലും കാണും എന്ന് എനിക്ക് തോന്നി.
“എന്ത് ചെയ്യാൻ?നോക്കാം “.ഞാൻ മലബാർ ലോഡ്ജിലെ ജോൺ സെബാസ്റ്റിയനെ വിളിച്ചു.അത്തരം ഒരു ചാൻസ് കിട്ടാൻ കാത്തിരുന്നപോലെ അവൻ പറഞ്ഞു,”ദാ വെറും പത്തുമിനിറ്.ഞങ്ങൾ എത്തി.”പത്തു മിനിറ്റായില്ല,അതിനുമുൻപ് നാലു ബൈക്ക് കളിലായി എട്ടുപേർ ഹോസ്റ്റൽ ഗേറ്റിൽ വന്നു.ഞാൻ ഇറങ്ങി ചെന്നു.ജോൺ സെബാസ്റ്റ്യൻ ഗുണ്ടാ സെറ്റിൽ ഒരാളെ തിരിച്ചറിഞ്ഞു,
“ഭായ് എന്താ ഇവിടെ?”
ഫയാസ് ,ഒരു ലോക്കൽ ദാദയാണ്.”ഒരു ചെറിയ വർക്ക്.രണ്ടു പൊട്ടിക്കണം.അത്രേ ഉള്ളു.”
“ഭായ്,ഇങ്ങുവന്നെ.”
അവർ രണ്ടുപേരും അല്പം മാറി നിന്ന് സംസാരിച്ചു.
രണ്ടു മിനിറ്റ് , ഫയാസും കൂട്ടുകാരും വന്നപോലെ തിരിച്ചുപോയി.
ഞാൻ പ്രസാദിൻ്റെ നമ്പർ ഡയല് ചെയ്തു.ടെലിഫോൺ എടുത്ത ഉടനെ ഞാൻ പറഞ്ഞു “പൈസ റെഡി ആണല്ലോ അല്ലെ?”
“എടാ മത്തായി.”അവന് എന്നെ മനസ്സിലായി.
“കൊള്ളാം, നന്നായിരിക്കുന്നു നീ മത്തായിയെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ എന്നൊരു സംശയം.ഏതായാലും നീ വാ നമുക്ക് കാണാം”
മറുഭാഗത്തു പരിപൂർണ നിശബ്ദത.
അല്പം കഴിഞ്ഞു. “മത്തായി……………”അവൻ വിളിച്ചു.
ഞാൻ ടെലിഫോൺ ഡിസ്‌കണക്ട് ചെയ്തു.
ശ്രുതി ഗേറ്റിലേക്കുവന്നു.അവൾ ആകെക്കൂടി അപ്സെറ്റ് ആയിരിക്കുന്നു.” നീ പേടിക്കണ്ട,എല്ലാം കഴിഞ്ഞു.” ഞങ്ങൾ സംസാരിച്ചുകൊണ്ടുനിൽക്കുമ്പോൾ സേട് ജിയുടെ ഫോണിൽനിന്നും ഒരു കാൾ വന്നു.അടിയന്തിരമായി ഓഫീസിലേക്ക് ചെല്ലാൻ .പതിവില്ലാത്തതാണ്.അതും ഇന്ന് ഞായറാഴ്ച ആണല്ലോ.എന്തോ സംഭവിച്ചിരിക്കുന്നു.സേട് ജിയുടെ ടെലിഫോണിൽനിന്ന് മറ്റാരോ ആണ് വിളിച്ചത് എന്ന് എനിക്ക് മനസ്സിലായി.ഏതായാലും രാത്രി പത്തുമണിക്ക് ഓഫീസിൽ എന്തുചെയ്യാനാണ്?പോകുന്നില്ല എന്ന് തീരുമാനിച്ചു.
പതിവുപോലെ കാലത്തു ഒമ്പതുമണിക്ക് ഓഫിസിൽ ചെന്നു.അപ്പോഴാണ് അറിയുന്നത് സേട് ജിക്ക് രാത്രി സ്ട്രോക്ക് ആയി ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്നു ,കാലത്തു മരിച്ചു എന്ന്.ഇടക്ക് ബോധം വന്നപ്പോൾ എന്നെ അന്വേഷിച്ചിരുന്നു എന്ന് ഒരു മകൻ പറഞ്ഞു. മനസ്സിലാക്കാൻ പറ്റാത്ത നിഗൂഢമായ എന്തോ ഒന്ന് സേട് ജിയിലും അദ്ദേഹത്തിന്റെ ബിസിനസ്സ് ഇടപാടുകളിലും ഉണ്ട് എന്ന് ഞാൻ നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു.ഞാൻ വെറും ഒരു ഡമ്മിയാണെന്നും ശരിക്കുള്ള അക്കൗണ്ട്സ് മറ്റാരോ ആണ് നോക്കുന്നത് എന്നും രണ്ടുമാസംകൊണ്ട് എനിക്ക് വ്യക്തമായിരുന്നു.പക്ഷേ എന്തിനാണ് ഈ നാടകങ്ങളിൽ എന്നെ വലിച്ചിട്ടത് എന്നതായിരുന്നു എൻ്റെ സംശയം.
രണ്ടു ഭാര്യമാരിലായി ആറുമക്കളാണ് സേട് ജിക്ക്.ആറുപേരും ആൺകുട്ടികൾ.
ഡെഡ് ബോഡി കൽക്കട്ടക്ക് കഴിവതും നേരത്തെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ മക്കളിൽ ഒരാൾ വന്ന് എന്നെ വിളിച്ചുമാറ്റിനിർത്തി ഒട്ടും മയമില്ലാത്ത സ്വരത്തിൽ ഒരു ചോദ്യം,”കഴിഞ്ഞ ആഴ്ചത്തെ കളക്ഷൻ പതിനെട്ടുകോടി രൂപ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?”
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളിവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles