റ്റിജി തോമസ്
ട്യൂബ് ട്രെയിൻ ഇറങ്ങിയ ഞങ്ങൾ ആദ്യ സന്ദർശനത്തിന് തിരഞ്ഞെടുത്തത് ലോകമൊട്ടാകെ നിന്ന് ലണ്ടനിൽ എത്തുന്ന സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നായ മാഡം തുസാഡ്സ് ആണ്. ലണ്ടനിലെ തിരക്കേറിയ മേരി ലിബോൾ റോഡിലാണ് പ്രശസ്തമായ മാഡം തുസാഡ്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകൾ ആണ് മാഡം തുസാഡ്സിലെ ഏറ്റവും വലിയ പ്രത്യേകത. കലയും സംസ്കാരവും ചരിത്രവും സമുന്വയിപ്പിക്കുന്ന വർണ്ണക്കാഴ്ചകളാൽ സമ്പന്നമാണ് മാഡം തുസാഡ്സിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും.
മാഡം തുസാഡ്സിൽ പ്രവേശിക്കുമ്പോൾ മറ്റേതോ ലോകത്ത് ചുവട് വയ്ക്കുന്നത് പോലെയാണ്. ഒരുവേള ലണ്ടനിൽ തന്നെയുള്ള സ്ഥലമാണോ എന്ന് വരെ നമുക്ക് സംശയം തോന്നും. പ്രവേശന കവാടത്തിലെ മാഡം തുസാഡ്സിൻ്റെ പേരെഴുതിയ ഫലകത്തിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്താണ് ഞങ്ങൾ ആ മായിക ലോകത്തിലേയ്ക്ക് പ്രവേശിച്ചത് . സന്ദർശകരെ കാഴ്ചയുടെ പറുദീസയിലേയ്ക്ക് കൊണ്ടു ചെന്നെത്തിക്കുന്ന മാഡം തുസാഡ്സ് മറ്റൊരു ലോകത്തിൻറെ മായിക പ്രപഞ്ചം നമുക്ക് സമ്മാനിക്കും .
സന്ദർശകർ ആദ്യം പ്രവേശിക്കുന്നത് റെഡ് കാർപ്പറ്റിലേയ്ക്കാണ് . ഒരു അവാർഡ് നിശയുടെ എല്ലാ രൂപ ഭംഗിയും ചേർന്നൊരുക്കിയ റെഡ് കാർപെറ്റിൽ വിഐപി നമ്മൾ തന്നെയാണ്. പിന്നീട് കാണാൻ പോകുന്ന കാഴ്ചകളുടെ മായിക ലോകത്തിലേയ്ക്ക് എത്തിച്ചേരാൻ ഓരോ സന്ദർശകരെയും മാനസികമായി ഉത്തേജിപ്പിക്കുന്ന റെഡ് കാർപെറ്റിൽ തുടങ്ങുന്ന യാത്ര ലോകത്തിലെ ഓരോ മേഖലകളിലെയും ഇതിഹാസ തുല്യമായ പ്രശസ്തരായവരുടെ ഒരു കൂട്ടം പ്രതിമകളുടെ വിസ്മയിപ്പിക്കുന്ന ലോകത്തിലേയ്ക്കാണ് നമ്മളെ കൊണ്ടുചെന്ന് എത്തിക്കുന്നത് . സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും ചരിത്രത്തിലെയും സിനിമയിലെയും ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ ഇതിഹാസതാരങ്ങളുമായി നമ്മൾക്ക് ഫോട്ടോ എടുക്കാം. ലോകപ്രശസ്തരായ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ മഹാന്മാരുടെ യാഥാർത്ഥ്യം എന്ന തോന്നിക്കുന്ന മെഴുക് പ്രതിമയുടെ സാമീപ്യം ചരിത്രത്തിന്റെ പല ഏടുകളിലേയ്ക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കും. ഞാനും ജോജിയും വിജോയിയും ജോയലും ലിറോഷും ഞങ്ങളുടെ ഇഷ്ട താരങ്ങൾക്ക് ഒപ്പം നിന്ന് ഫോട്ടോകൾ എടുത്തു.
ബ്രിട്ടീഷ് രാജകുടുംബത്തിനായി തന്നെ ഒരു പ്രത്യേക വിഭാഗം ഉണ്ട്. നിലവിലെ രാജാവായ ചാൾസിനും കാമിലയ്ക്കും ഒപ്പം ഫോട്ടോ എടുക്കുന്നതിന് ചെറിയ ഒരു തുക ഫീസായി നൽകണം. ഞങ്ങൾ എലിസബത്ത് രാജ്ഞിയ്ക്കും ഡയാന രാജകുമാരിയ്ക്കും ഹാരിക്കും മേഗനുമൊപ്പം ഫോട്ടോ എടുത്തു.
സച്ചിൻ ടെൻഡുൽക്കറിൻ്റെയും ഷാരൂഖാന്റെയും പ്രതിമകൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉണ്ട്. പ്രതിമകൾ മാത്രമല്ല നമ്മളെ അത്ഭുതപ്പെടുത്താൻ മാഡം തുസാഡ്സിൽ ഉള്ളത്. ഇരുട്ട് നിറഞ്ഞ ഒരു പാതയിലൂടെ പോകുമ്പോൾ പെട്ടെന്ന് മുന്നിലേയ്ക്ക് ചാടി വീഴുന്ന ഭീകരരൂപത്തെ കണ്ട് ഞങ്ങളൊട്ടാകെ ഞെട്ടി വിറച്ചു. ഇത്തരം ഒട്ടേറെ രസകരമായ അവിചാരിത മുഹൂർത്തങ്ങളാണ് ഓരോ സന്ദർശകരെയും ഇവിടെ കാത്തിരിക്കുന്നത്.
സ്പിരിറ്റ് ഓഫ് ലണ്ടൻ റൈഡ് ആണ് മാഡം തുസാഡ്സിൻ്റെ മറ്റൊരു പ്രധാന ആകർഷണം. ഒരു ടാക്സി കാറിനെ അനുസ്മരിപ്പിക്കുന്ന ചെറിയ ഒരു ക്യാബിനിൽ പ്രവേശിക്കുന്ന നമ്മളെ ഒരു റൈഡിലൂടെ ലണ്ടനിലെ ഭൂതകാല ചരിത്രത്തിലേയ്ക്ക് കൊണ്ടുപോകുന്നു. പഴയകാലത്തെ ലണ്ടൻ ഇവിടെ അതി മനോഹരമായി പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നു. വിവിധ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങളും സംഭവങ്ങളുമാണ് യാത്രയുടെ പ്രധാന ആകർഷണം. ആയിരത്തിഅഞ്ഞൂറാം ആണ്ട് തുടങ്ങിയുള്ള ലണ്ടൻ നഗരത്തിന്റെ പ്രധാന സംഭവവികാസങ്ങൾ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ സന്ദർശകരുടെ മുന്നിൽ അനാവരണം ചെയ്യപ്പെടും. ആധുനിക ലണ്ടനിൽ ആണ് ക്യാബിൻ സവാരി അവസാനിക്കുന്നത്.
18-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജനിച്ച മേരി തുസാഡ്സിന് ചെറുപ്പത്തിലെ തന്നെ മെഴുക് പ്രതിമ ഉണ്ടാക്കുന്നതിൽ അഭിരുചി ഉണ്ടായിരുന്നു. പ്രശസ്തമായ ഫ്രഞ്ച് വിപ്ലവകാലത്തെ വധിക്കപ്പെട്ട ലൂയി പതിനാറാമൻ രാജാവ് ഉൾപ്പെടെയുള്ളവരുടെ മെഴുക് പ്രതിമകൾ നിർമ്മിക്കുന്നതിലൂടെയാണ് മേരി പ്രശസ്തയായത്. 1802 -ൽ മേരി തുസാഡ്സ് ലണ്ടനിലേയ്ക്ക് താമസം മാറി. അവൾ തൻറെ പ്രിയപ്പെട്ട മെഴുകുരൂപങ്ങളുടെ ശേഖരം തന്നോടൊപ്പം ലണ്ടനിലേയ്ക്ക് കൊണ്ടുവന്നിരുന്നു . ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനം നടത്തി വൻ ജനപ്രീതി നേടിയ ശേഷമാണ് ലണ്ടനിൽ ബേക്കർ സ്ട്രീറ്റിൽ അവർ മ്യൂസിയം ആരംഭിച്ചത്.
സന്ദർശകരുടെ എണ്ണവും പ്രശസ്തിയും വർദ്ധിച്ചതോടെയാണ് 1884 ൽ മേരി തുസാഡ്സിൻ്റെ കൊച്ചുമകൾ മ്യൂസിയം ബേക്കർ റോഡിലെ നിലവിലെ സ്ഥലത്തേയ്ക്ക് മാറ്റിയത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് തീപിടുത്തം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിട്ടാണ് മ്യൂസിയം ഇന്നത്തെ നിലയിലെത്തിയത്. ഓരോ വർഷവും പുതിയ രൂപങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി മ്യൂസിയം വിപുലീകരിക്കുന്നത് കൊണ്ട് ഓരോ സന്ദർശനവും സമ്മാനിക്കുന്നത് നമ്മൾക്ക് വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും. ലണ്ടനിൽ ആരംഭിച്ച മാഡം തുസാഡ്സ് മ്യൂസിയം ഇന്ന് ന്യൂയോർക്ക് ഉൾപ്പെടെയുള്ള ലോകത്തിലെ പ്രശസ്തമായ 24 നഗരങ്ങളിലെ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ്
ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവൽ വായനയ്ക്കായി തിരഞ്ഞെടുത്തതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ പ്രശസ്തമായ പുസ്തകം വായിച്ചതിന്റെ സുഖകരമായ ഓർമ്മയായിരുന്നു ഒരു കാരണം. പൊന്നിയിൻ സെൽവത്തിന്റെ തമിഴ് ഭാഷയിലെ തന്നെ മൂലകൃതി വായിച്ച സുഹൃത്തുക്കളുമായുള്ള സംവാദങ്ങൾ വീണ്ടും കൽക്കിയുടെ രചനകൾ വായിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. സിനിമയും നോവലും (പ്രത്യേകിച്ച് രണ്ടാം ഭാഗം) തമ്മിലുള്ള അന്തരങ്ങളും ഞങ്ങളുടെ ചർച്ചകൾക്ക് വിഷയമായിരുന്നു. ശിവകാമി ശപഥത്തിന്റെ മലയാളത്തിലേയ്ക്കുള്ള പരിഭാഷ നിർവഹിച്ചത് സുഹൃത്തായ ശ്രീ ബാബുരാജ് കളമ്പൂരാണ്. ശിവകാമി ശപഥം തിരഞ്ഞു പിടിച്ച് വായിക്കാനുള്ള പ്രധാന കാരണം അതായിരുന്നു.
പല്ലവ രാജവംശത്തിലെ രണ്ട് രാജാക്കന്മാരുടെ കഥ പറയുന്ന ചരിത്രാഖ്യായിയയ്ക്ക് കൽക്കി അവലംബമാക്കിയത് കലയെത്തന്നെയാണ്. മഹാബലിപുരത്തിലെ ശിൽപ ഭംഗിയിൽ നിന്നാണ് തന്റെ നോവലിൻറെ ബീജവാപം നടന്നതെന്ന് കൽക്കി തന്നെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട് . ശില്പിയായ അയനാരും മകളും നർത്തകിയുമായ ശിവകാമിയും തങ്ങളുടെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി സമർപ്പിച്ചവരാണ്.
യുവരാജാവ് നരസിംഹവർമനും നർത്തകിയുമായ ശിവകാമിയും തമ്മിലുള്ള പ്രണയവും വിരഹവും അതിമനോഹരമായി ഒരു രാജവംശത്തിന്റെ ചരിത്രവുമായി കൽക്കി ഇണക്കി ചേർത്തിരിക്കുന്നു.
ആയിരത്തി മൂന്നിറിലപ്പുറം വർഷങ്ങൾക്കപ്പുറം നടന്ന സംഭവങ്ങളാണ് നോവലിലെ പ്രമേയമെങ്കിലും പല കാര്യങ്ങളും ഇന്നും കാലിക പ്രസക്തിയുള്ളതാണ്. പ്രത്യേകിച്ച് ബുദ്ധ ജൈന പുരോഹിതന്മാരുടെ രാജഭരണ കാര്യങ്ങളിലുള്ള ഇടപടെലിനെ കുറിച്ച് മഹേന്ദ്ര വർമ്മ രാജാവിന്റെ പരാമർശങ്ങൾ മതത്തിന്റെ രാഷ്ട്രീയത്തിലെ എക്കാലത്തെയും ഇടപെടലുകളെ കുറിച്ചുള്ള മുന്നറിയിപ്പായി വായനക്കാർക്ക് അനുഭവപ്പെടും.
മലയാളം തർജ്ജിമയ്ക്ക് 1102 പേജുകളാണ് ഉള്ളത്. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് വായിച്ചുതീർത്ത പുസ്തകങ്ങളിൽ ഒന്നാണ് ശിവകാമിയുടെ ശപഥം. അതിന് ഒരു കാരണം കൽക്കിയുടെ കഥ പറയുന്ന രീതിയും മറ്റൊരു കാരണം ബാബുരാജ് കളമ്പൂരിന്റെ മലയാളം തർജ്ജിമയുടെ മനോഹാരിതയുമാണ്.
ബുദ്ധ ഭിഷുവായി തുടക്കത്തിൽ പ്രത്യക്ഷപ്പെട്ട് അവസാനം വരെ നിറഞ്ഞാടിയ നാഗനന്ദി എന്ന പ്രതിലോമ സ്വഭാവമുള്ള കഥാപാത്രവും ശ്രദ്ധേയമാണ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ പലപ്പോഴും മനസ്സിലേയ്ക്ക് ഉയർന്നുവന്ന മലയാള പുസ്തകം സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയാണ്. നോവലിന്റെ ആദ്യ അധ്യായത്തിൽ കാഞ്ചിയിൽ വിദ്യ അഭ്യസിക്കുന്നതിനായി എത്തുന്ന പരം ജ്യോതിയുടെ കൂടെ കഥയാണ് ശിവകാമിയുടെ ശപഥം എന്ന നോവൽ . പലപ്പോഴും പരം ജ്യോതി മാർത്താണ്ഡവർമ്മയിലെ അനന്തപത്മനാഭനെന്ന കഥാപാത്രത്തെ നമ്മെ ഓർമ്മിപ്പിക്കും. പല്ലവ വംശത്തിന്റെ സർവ്വസൈനാധിപനായി പിന്നീട് യുദ്ധത്തോടും രാജ്യ ഭരണത്തിൽ നിന്നും പിന്മാറുന്ന പരം ജ്യോതി എന്ന പാത്രസൃഷ്ടിയിലൂടെ വിജ്ഞാന ദാഹത്തിന്റെയും ആധ്യാത്മികതയിലേക്കുള്ള ഒരു മനുഷ്യൻറെ പരിവർത്തനത്തിന്റെ അപൂർവ്വ മാതൃകയാണ് കൽക്കി വരച്ചു കാണിക്കുന്നത് .
ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവലിന് അതിമനോഹരമായ വിവർത്തനം നിർവഹിച്ചിരിക്കുന്ന ശ്രീ ബാബുരാജ് കളമ്പൂർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. മലയാളം യുകെയുടെ ഓണപ്പതിപ്പിൽ അദ്ദേഹം എഴുതിയ രചനകളിൽ കൂടിയാണ് എനിക്ക് ശ്രീ ബാബുരാജ് കളമ്പൂരിനെ പരിചയം. മലയാളം തമിഴ് ഭാഷകളിലായി എഴുതുന്ന ബാബുരാജ് കളമ്പൂർ ഇരു ഭാക്ഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ ചരിത്രത്തിൽ നിന്ന് എടുത്തവ ഏത് കൽക്കിയുടെ ഭാവനയിൽ വിരിഞ്ഞവ ഏത് എന്ന് വിവിധ കഥാപാത്രങ്ങളെ കുറിച്ച് വായനക്കാർക്ക് സന്ദേഹം ഉണ്ടാകും. അത്രമാത്രം ജീവസുറ്റവയാണ് കൽക്കിയുടെ പാത്രസൃഷ്ടി.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
സുജാതാ അനിൽ
പ്രണയിക്കുന്നുവെങ്കിൽ
ഒരു കറുത്തവനെത്തന്നെ
പ്രണയിക്കണം.
കാക്കക്കറുപ്പിലും
വെളുത്ത ചിരിയോടെ
കരിമഷിക്കണ്ണിൽ
നിറസ്നേഹം ചാലിച്ച്
കാറധരത്തിൽ
നറുമധു നിറച്ച്
അവൻ നിന്നിലേക്കുറ്റു നോക്കും.
മറ്റാർക്കും മനസിലാകാത്ത
ഭാഷയിലാപ്രണയം നട്ടുനനയ്ക്കണം.
പ്രണയദലങ്ങൾതുടുക്കുമ്പോൾ
പവിഴമല്ലിപ്പൂക്കളെപ്പോലെ ചിരിക്കണം.
ഇള വെയിലിനെപ്പോലെ
നൃത്തം ചെയ്യണം.
വേനൽ മഴപോലെ കുളിരണം.
സ്നിഗ്ദ്ധമായ അവന്റെ മുഖനൈർമല്യം മറ്റാർക്കും കാണാൻ കഴിയില്ല :
നിനക്കല്ലാതെ.
വേരോടിയ പ്രണയത്തെ
മണ്ണിളക്കത്താൽ തഴപ്പിക്കണം…
തായ് വേരുണങ്ങാതെ അവൻ നിങ്ങളെ ചേർത്തു നിർത്തും…
ഒരു വെയിലിലുംവാടാതെ
അവൻ തണലൊരുക്കും.
നീയൊരു മലർവസന്തമായ്
അവന്റെതണലിൽ ചിരിതൂകും.
നീയും അവനും ഒരേ സമയം പൂത്തു തളിർക്കും .
കാനന നിഗൂഢതയൊളിപ്പിക്കുന്ന
അവന്റെ കണ്ണുകളിൽ
വന്യമെങ്കിലും നിർമ്മല
സ്നേഹം ഒളിച്ചു കളിക്കും.
കാട് ചതിക്കില്ല :കറുപ്പും.
അവൻ പറയാതെ മന്ത്രിക്കും.
പുതു മണ്ണും പുതുമലരും സുഗന്ധവാഹിയായി
അവന്റെ ചുണ്ടുകളിലടയിരിക്കും.
ആ ചൂടിൽ കുഞ്ഞുനക്ഷത്രങ്ങൾ ഒന്നുമറിയാതെ കൺചിമ്മും..
നിന്റെ പ്രണയത്തെപ്പോലെ…
സുജാതാ അനിൽ
ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക. ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി.കൊല്ലം.
ഭർത്താവ്-അനിൽകുമാർ
മക്കൾ -വിദ്യാർത്ഥികളായ ഗൗതം എ എസ് , ഗൗരി കല്യാണി.
റ്റിജി തോമസ്
മോട്ടോർ വേയിൽ നിന്ന് ബാർനെറ്റിലെ താമസസ്ഥലത്ത് എത്തിച്ചേരാൻ ഏകദേശം 20 മിനിറ്റ് യാത്ര ഉണ്ടായിരുന്നു. മോട്ടോർ വേയിൽ നിന്ന് മാറിയുള്ള ആ യാത്ര ഒരു പ്രത്യേക അനുഭവമായിരുന്നു. ഇടതൂർന്ന് നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെയുള്ള വഴി. കാടിൻറെ മധ്യത്തിലൂടെയുള്ള യാത്ര പോലെ. ലണ്ടൻ പോലെ ഒരു സ്ഥലത്ത് ഇത്ര ഹരിതാഭമായ വഴി എനിക്ക് അത്ഭുതമായിരുന്നു. വഴികളായ വഴികളുടെ ഇരുവശത്തും വീടുകളും കടകളും തിങ്ങിനിറഞ്ഞു നിൽക്കുന്ന നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ അത് ഒരു പ്രത്യേകതയായി എനിക്ക് തോന്നി .
ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേ രണ്ട് നില ബിൽഡിംഗ് ആണ്. താഴെയും മുകളിലുമായി രണ്ടുകൂട്ടർക്ക് താമസിക്കാം. മുകളിലെ അപ്പാർട്ട്മെൻറ് ആണ് ഞങ്ങൾക്കായി അനുവദിച്ചിരുന്നത്. വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം കോമ്പൗണ്ടിന് അകത്ത് ഇല്ലാത്തതുകൊണ്ട് റോഡിൽ കാറ് പാർക്ക് ചെയ്യേണ്ടതായി വന്നു. കാർ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനു പകരം വീടിൻറെ മുൻപിലായി സാമാന്യം ഭേദപ്പെട്ട ഒരു പൂന്തോട്ടം ഒരുക്കിയിരുന്നു. ഗ്രേറ്റർ ലണ്ടനിലെ ബാർനെറ്റിലെ കോനാട്ട് റോഡിലാണ് ഞങ്ങൾ താമസിക്കാനായി തിരഞ്ഞെടുത്ത ഹോംസ്റ്റേ.
ഹോംസ്റ്റേയുടെ താക്കോൽ കൈമാറാൻ ഉടമയായ ബെഞ്ചമിൻ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. 2000- ൽ നൈജീരിയയിൽ നിന്ന് കുടുംബസമേതം ലണ്ടനിൽ എത്തിയതാണ് ബെഞ്ചമിൻ. തുടക്കത്തിൽ പല ജോലികളും ചെയ്തെങ്കിലും അധികം താമസിയാതെ ഹോംസ്റ്റേയുടെ ബിസിനസ് ആരംഭിച്ചു. ഒന്നിൽ തുടങ്ങി പലതായി ഇന്ന് ലണ്ടനിൽ പല ഭാഗത്തായി 11 ഓളം ഹോംസ്റ്റേകളാണ് ബെഞ്ചമിൻ നടത്തുന്നത്.
കസ്റ്റമറിനെ കണ്ടെത്താൻ സമൂഹമാധ്യമങ്ങൾ വഴി പരസ്യം ചെയ്യും. ആവശ്യക്കാർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. രണ്ട് ബെഡ്റൂം വിശാലമായ ഹാളും കിച്ചനും ബാത്റൂമും അടങ്ങിയ വീടിന്റെ ഉൾവശം ബെഞ്ചമിൻ ഞങ്ങൾക്കായി കാണിച്ചുതന്നു. വീടിന്റെ ഉള്ളിലെ താപനില ക്രമീകരിക്കാനുള്ള സംവിധാനം ഉൾപ്പെടെ അദ്ദേഹം ഞങ്ങൾക്ക് പരിചയപ്പെടുത്തി. താമസക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ഹോംസ്റ്റയുടെ എല്ലാ മുറികളിലും പതിപ്പിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ചില നിർദ്ദേശങ്ങളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. യുകെ സ്മൃതിയിൽ വീടുകളുടെ നിർമ്മാണ രീതിയെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നത് പോലെ ബാത്റൂമിലുള്ള കുളിക്കുന്നതിനുള്ള ബാത്ത് ടബ്ബിന് വെളിയിൽ വെള്ളം വീണാൽ അത് താഴത്തെ നിലയിലേയ്ക്ക് പനച്ചിറങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ട് പല കാര്യങ്ങളിലും താമസക്കാർ നല്ല രീതിയിൽ അച്ചടക്കം പാലിച്ചിരിക്കണം.
20 മിനിറ്റുകൊണ്ട് ബെഞ്ചമിൻ എല്ലാം പറഞ്ഞ് വിടവാങ്ങി. ഇനി ഹോംസ്റ്റേ വെക്കേറ്റ് ചെയ്യുമ്പോൾ ബെഞ്ചമിനെ കാണേണ്ട ആവശ്യമില്ല. രണ്ട് ദിവസം കഴിഞ്ഞ് മടങ്ങുമ്പോൾ താക്കോൽ എവിടെ വെയ്ക്കണമെന്ന് അദ്ദേഹം ഞങ്ങൾക്ക് കാണിച്ചു തന്നിരുന്നു.ഇപ്പോൾ സമയം ഉച്ച കഴിഞ്ഞു .ഒട്ടും സമയം കളയാതെ ഞങ്ങൾ ലണ്ടനിലേക്ക് തിരിച്ചു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
എം. ജി.ബിജുകുമാർ
” കമല നീ എന്തായാലും വരണേ…. മുപ്പത് വർഷത്തിനുശേഷം നമ്മൾ പഴയ ചങ്ങാതിമാർ ഒത്തുകൂടാൻ പോകുന്നു. ആ നല്ല നാളുകളുടെ ഓർമ്മകൾ അയവിറക്കാൻ ഒരു അവസരം. മറക്കണ്ട മെയ് 15ന് നമ്മുടെ പഴയ സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമവുമായി പഴയ സ്വർഗലോകത്തേക്ക് ഒരു മടങ്ങിപ്പോക്ക്…..” വാട്സാപ്പിൽ വന്ന മെസ്സേജും വായിച്ചിരിക്കവേ കമലയുടെ മനസ്സിലൂടെ സ്കൂൾ പഠനകാലത്തെക്കുറിച്ച് ഒരു വെള്ളിവെളിച്ചം പതിയെ കടന്നുപോയി. ശരിയാണ് എത്ര മനോഹരമായിരുന്നു ആ കാലഘട്ടം. ഇനിയൊരു മടങ്ങിപ്പോകില്ലാത്ത സുവർണ്ണകാലം.
ഉച്ചയുടെ നീളുന്ന വെയിൽപ്പടർപ്പുകളിൽ തളർന്ന് മീനച്ചൂടും കഴിഞ്ഞ് കർക്കിടകമാരിയും കാത്തിരിക്കുമ്പോൾ
അടർന്നു വീഴുന്ന മഴയിലും തണുപ്പിലും ഓർമ്മകളുടെ വഞ്ചി പിന്നിലേക്ക് തുഴഞ്ഞ് പോകുവാൻ കൊതിച്ചിരിന്നിട്ടുണ്ട്.
വല്ലപ്പോഴും മാത്രം മിന്നുന്ന, തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന വഴിവിളക്കുകളുള്ള നാട്ടുവഴിയിലൂടെ നടക്കാനും തുറന്നിട്ട ജാലകത്തിനപ്പുറം തെളിയുന്ന തിരിയുടെ വെളിച്ചത്തിൽ
അക്ഷരങ്ങളെ മനസ്സിൽ ചേർത്തു വച്ചിരുന്ന, പുസ്തകങ്ങളെ ചേർത്തു പിടിച്ചുറങ്ങിപ്പോയ കാലത്തിലേക്ക്
ഒന്നു തിരിച്ചു പോകാനും വളരെയേറെ ആഗ്രഹിച്ചിട്ടുണ്ട്. അത്തരം ഓർമ്മകൾ അയവിറക്കാൻ ഒരു അവസരം വന്നുചേർന്നതായി അവൾക്ക് തോന്നി.
കമല അടുക്കളയിലെ ഭിത്തിയിൽ ചാരി നിന്ന് ഓർമ്മകളുടെ പിറകേ പായുമ്പോൾ നിരവധി മുഖങ്ങൾ അവളുടെ മനസ്സിലേക്ക് ഇരച്ചെത്തി. ”കിച്ചു , നന്ദു,മായ, ഹരീഷ് സാർ, സുനന്ദ, രാജശ്രീ, മഹേഷേട്ടൻ, മേഘ…..”
ഇവരുമായിട്ടൊക്കെ ഓർത്തിരിക്കത്തക്കതും അത്ര സുഖകരമല്ലാത്തതുമായ സംഭവങ്ങൾ ഉള്ള ആ പഴയ വിദ്യാലയകാലം അവരുടെയെല്ലാം ഉള്ളിൽ ഉണ്ടാവുമെന്നും അതിൻ്റെയൊക്കെ പ്രതിഫലനം ഒത്തുചേരലിനായി ചെല്ലുമ്പോൾ അവരിൽ നിന്നുണ്ടാകുമെന്ന് കമല ഭയപ്പെട്ടു.
വിവാഹത്തിനുശേഷം മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ടതിൽപ്പിന്നെ ആരെയും കാണുവാനോ ബന്ധം പുതുക്കുവാനോ സാധിച്ചിരുന്നില്ല. ഈ അടുത്തിടെയാണ് പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചതും അതുവഴി സൗഹൃദം പുതുക്കാൻ അവസരം കിട്ടുന്നതും.
അടുക്കളയിലെ അത്യാവശ്യ പണികൾക്ക് ശേഷം കമല ഹാളിലെ ദിവാൻ കോട്ടിൽ ചാരിക്കിടന്നു സ്കൂൾ കാലത്തേക്ക് മനസ്സിനെ പറത്തി വിട്ടു. ബാല്യകാല ഓർമ്മകളുടെ ചിതലരിക്കാത്ത
ചില അദ്ധ്യായങ്ങൾ മനസിനെ കുത്തിനോവിക്കുമ്പോൾ
പടർന്ന അക്ഷരങ്ങളെ മായിച്ചു കളയാൻ കഴിയാതെ നിശബ്ദമായി
ഭൂതകാലം മഷി പടർത്തിയ ഏടുകളിലൂടെ മിഴിനീർ പായിച്ചു കൊണ്ടിരിക്കുന്നതായി കമലയ്ക്ക് തോന്നി.
അഞ്ചാം ക്ലാസ് വരെയും കിച്ചുവിനോടൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് അവൾ ഓർത്തു. അവന്റെ വിരൽത്തുമ്പിൽ പിടിച്ചു പഠിക്കാൻ പോവുകയും വരികയും ചെയ്യുമ്പോൾ അസൂയയോടെ ഞങ്ങളെ നോക്കിയിരുന്നത് കിച്ചുവിന്റെ അടുത്ത ചങ്ങാതിയായ നന്ദുവായിരുന്നു. കിച്ചുവിന്റെ ആത്മാർത്ഥ സുഹൃത്ത് ആയിരുന്നു നന്ദു. പക്ഷേ താൻ നന്ദുവിനോട് നീരസത്തോടെ മാത്രമേ പെരുമാറിയിരുന്നുള്ളുവെന്നും അവനോടൊപ്പം കളിക്കാൻ കൂടുമായിരുന്നില്ലെന്നും അവൾ ഓർത്തു.
പഠനത്തിനു ശേഷം കിച്ചുവിനോടൊപ്പം സ്കൂൾ വിട്ടുപോകുമ്പോൾ ചീനിയിലത്തണ്ട് ഒടിച്ചെടുത്ത് മാലയുണ്ടാക്കി പരസ്പരം അണിയുമായിരുന്നു. അറിവില്ലാത്ത പ്രായത്തിലെ പ്രവർത്തികൾ എന്നും കൗതുകത്തോടെയാണ് താൻ ഓർമ്മിക്കാറുള്ളത്. അടുത്തകാലത്താണ് അറിയുന്നത് കിച്ചുവിനും നന്ദുവിനും ഒരുപോലെ തന്നെ ഇഷ്ടമായിരുന്നുവെന്നും എന്റെ അവഗണന നന്ദുവിനെ വളരെ വിഷമിപ്പിച്ചിട്ടുണ്ടെന്നും.
ഒരിക്കൽ അവൻ്റെ അമ്മ ക്ഷേത്രദർശനത്തിനിടയിൽ ഇക്കാര്യം വെളിപ്പെടുത്തിയത് താനിന്നും ഓർക്കുന്നു. രണ്ടുപേരും ഇപ്പോൾ വിദേശത്താണെന്നും പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് വരുമെന്നും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും അറിഞ്ഞപ്പോൾ മുതൽ ഒരുമിച്ചെത്തുന്ന ഇവരെ എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്തയും അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
” വാകപ്പൂവോർമ്മകൾ -2024 ” എന്ന പേരിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ പോസ്റ്റർ തയ്യാറാക്കി ഗ്രൂപ്പിൽ ഇട്ടപ്പോൾ മുതൽ മനസ്സ് തുടിക്കുന്നതിനോടൊപ്പം ചിലരെയൊക്കെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചിന്തയും കമലയെ അലട്ടിക്കൊണ്ടിരുന്നു.
എട്ടാം ക്ലാസിൽ ഓണാഘോഷ പരിപാടികൾക്കിടയിൽ നീഡിൽ സ്പൂൺ മത്സരത്തിൽ തന്നെ തോൽപ്പിച്ച മായയുടെ ചെവിയിൽ കട്ടുറുമ്പിനെ പിടിച്ചിട്ടതും അതിന് കൃഷ്ണകുമാരി സാറിന്റെ കയ്യിൽ നിന്നും ഇഷ്ടം പോലെ അടി കിട്ടിയതും ഇന്നും മറന്നിട്ടില്ല. അന്ന് അടി കിട്ടിയതിന്റെ ചൂട് ഇപ്പോഴും കയ്യിലുള്ളതായി തോന്നാറുണ്ട്. പിന്നെ തമ്മിൽ മിണ്ടിയിട്ടില്ല. ഇനി തന്നെ കാണുമ്പോൾ അവൾ തന്നോട് മിണ്ടുമോയെന്ന് അറിയില്ല.
കുളിരായി പെയ്തിറങ്ങിയ മഴ പകലിനെ നനച്ചു നീങ്ങി. സന്ധ്യയെ വിഴുങ്ങിയ നിലാത്തൂവലില്ലാത്ത രാവിന്റെ കുട നിവരുമ്പോൾ, ശലഭങ്ങളുടെ കൂട്ടിൽ വസന്തം പൂക്കും പോലെയുള്ള ചിറകുകളുടെ നിറങ്ങളാസ്വദിച്ച് ഒരു ചിത്രശലഭമായ് പൂവിന്റെ കാതുകളിൽ കിന്നാരം ചൊല്ലുന്നത്
കനവു കണ്ടുറങ്ങാൻ കൊതിച്ച് കിടക്കയിലേക്ക് വീഴുമ്പോഴും സ്കൂളോർമ്മകൾ അവളിൽ തികട്ടി വന്നുകൊണ്ടേയിരുന്നു..
മായയുടെ അടുത്ത ചങ്ങാതിയായിരുന്നു രാഹുൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് രാഹുലിന് മറക്കാൻ പറ്റാത്ത ഒരു സംഭവം താൻ മൂലമുണ്ടാകുന്നത്. വഴിവക്കിൽ മൈനയെ കണ്ടാൽ പത്ത് മരം വരെ എണ്ണണം എന്നതായിരുന്നു കൂട്ടുകാർക്കിടയിൽ പറഞ്ഞു കേട്ടിരുന്നത്. ഒരു ദിവസം വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽ ഒരു മൈനയെ കാണുകയും പത്ത് വരെ എണ്ണണമെന്ന് രാഹുലിനോട് പറയുകയും ചെയ്തു. അവനത് പറഞ്ഞു കളിയാക്കിക്കൊണ്ട് ഓടിപ്പോവുകയും കൂടെയുള്ള മറ്റു കുട്ടികൾ തന്നെ കളിയാക്കി ചിരിക്കുകയും ചെയ്തപ്പോൾ അന്ന് സങ്കടത്തോടെ താൻ നടന്നു പോയ രംഗം കമലയുടെ ഓർമ്മകളിൽ തെളിഞ്ഞു
തിരി കത്തിത്തീരാറായ റാന്തൽ വിളക്കിന്റെ ചുവട്ടിൽ ഓർമ്മകളുടെ ചുരമിറക്കത്തിൽ
മിഴിയിലും നിഴലിലും മഴത്തുള്ളികൾ ചിതറി വീഴുമ്പോൾ പോയ കാലത്തിന്റെ പോറലുമായി
തുറന്നിരുന്ന പുസ്തകത്തിൽ ചില ചിത്രങ്ങൾ വിശ്രമിക്കുന്നുണ്ടെന്ന് കമല നെടുവീർപ്പോടെ ഓർത്തു.
രാമഴയുടെ സംഗീതം കാതുകളിലേക്ക് ഒഴുകുമ്പോൾ തിരിച്ചു പോക്കില്ലാത്ത കാലത്തിൻ്റെ ഓർമ്മകൾ അയവിറക്കുന്നതിനായി അവളുടെ മനസ് വെമ്പി.
ദിവസങ്ങൾ കൊഴിഞ്ഞു വീഴവേ ഒരിക്കൽ കരിമ്പ് ആട്ടിയെടുത്ത് ശർക്കര ഉണ്ടാക്കുന്ന മില്ലിന് അടുത്തുകൂടി പോകുമ്പോൾ ‘നമുക്ക് അല്പം ശർക്കര വാങ്ങാം’ എന്ന് പറഞ്ഞ് രാഹുലും കിച്ചുവും കൂട്ടുകാരുമെല്ലാം മില്ലിലേക്ക് കയറിപ്പോയി. അടുപ്പിനടുത്ത് ആരുമില്ല. ചൂട് ശർക്കര എടുക്കാൻ തവിയോ പാത്രമോ ഉണ്ടായിരുന്നില്ല. അപ്പോഴാണ് രാഹുൽ കാരണം എല്ലാവരും തന്നെ കളിയാക്കിച്ചിരിച്ച മൈനയുടെ സംഭവം മനസ്സിലെത്തിയത്.
എല്ലാവരും തിക്കും പക്കും നോക്കിനിൽക്കെ താൻ അടുപ്പിന്റെ അടുത്തു നിന്ന രാഹുലിന്റെ അടുത്തേക്ക് ചെന്ന് അവൻ്റെ കൈപിടിച്ച് തിളച്ച ശർക്കര കിടന്ന വാർപ്പിന്റെ അരികത്ത് മുക്കി ശർക്കര വടിച്ചെടുത്തു. രാഹുൽ കൈപൊള്ളി വേദനയോടെ നിലവിളിച്ചു. മായയും കിച്ചുവും നന്ദുവും ഒക്കെ ഓടിപ്പോയി.
അന്ന് സന്ധ്യയ്ക്ക് രാഹുലിനെയും കൂട്ടി അവന്റെ അച്ഛൻ വീട്ടിൽ വന്ന് വലിയ വഴക്കുണ്ടാക്കിയതൊന്നും തന്നെപ്പോലെ അവരും മറന്നിട്ടുണ്ടാവില്ല. പഴയ നായർ തറവാട്ടിലെ പ്രമാണിയായി വിലസിയിരുന്ന അച്ഛൻ ആ പ്രശ്നം എങ്ങനെയോ പരിഹരിച്ചു.
രാഹുലിന്റെ അച്ഛൻ രാഘവനായിരുന്നു സ്ഥിരമായി വീട്ടിലെ കൃഷിപ്പണികൾ ചെയ്തിരുന്നത്. കാലങ്ങൾ കടന്നുപോയി രാഹുൽ പട്ടാളത്തിൽ ചേർന്നു. ആദ്യം ലീവിന് എത്തിയപ്പോൾ അവൻ കൊണ്ടുവന്ന മദ്യം ആസ്വദിച്ചു കുടിച്ചിരിക്കുന്നതിനിടയിൽ രാഘവൻ ഒറ്റ ചോദ്യമായിരുന്നു.
“പണ്ട് ശർക്കരയിൽ കൈ മുക്കിയ ഒരു സംഭവമൊക്കെ ഉണ്ടായിട്ടുണ്ട് എങ്കിലും ഇപ്പോൾ എന്റെ മകൻ പട്ടാളക്കാരനായി മാറി. ഗോപാലകൃഷ്ണൻ നായരേ.,,, നിങ്ങളുടെ മകളെ അവനു കെട്ടിച്ചു കൊടുക്കരുതോ? ”
ഈ ചോദ്യം കേട്ടതും ദേഷ്യത്തോടെ അച്ഛൻ കൈവീശി ഒറ്റയടിയായിരുന്നു. അടി കൊണ്ട രാഘവൻ ചക്ക വീണത് പോലെ താഴെ കിടക്കുന്നു.
“എന്റെ മകളെ പെണ്ണ് ചോദിക്കാൻ മാത്രം വളർന്നോടാ നീ ??? ”
അത് ഒരു അലർച്ചെയായിരുന്നു അതിനുശേഷം രാഹുലുമായി സംസാരിച്ചിട്ടില്ല. ഒന്ന് രണ്ട് പ്രാവശ്യം എതിരെ വന്നപ്പോഴും പരസ്പരം മുഖം കുനിച്ചു നടന്നിട്ടേയുള്ളൂ.
സൗഹൃദസംഗമത്തിൽ പോയാൽ അവന്റെ പ്രതികരണം എന്താവും എന്നറിയാതെ അവൾ കുഴഞ്ഞു.
താനന്ന് ആൺപിള്ളാരെ പോലെ കുരുത്തക്കേടുകൾ കാണിച്ചിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. “പൂരം പിറന്ന പുരുഷനാകേണ്ടതായിരുന്നു, പക്ഷേ പെണ്ണായി പോയതാ ” എന്ന് ചിറ്റപ്പൻ എല്ലാവരോടും പറയുമായിരുന്നു.
ഓരോ ദിവസം കഴിയുന്തോറും കമലയുടെ ആശങ്ക കൂടിക്കൂടി വരുന്നുണ്ടായിരുന്നു.
താൻ ദ്രോഹിച്ചിട്ടുള്ള കൂട്ടുകാരൊക്കെ തന്നെ കാണുമ്പോൾ എങ്ങനെയാവും പ്രതികരിക്കുക എന്ന് ചിന്തിച്ച് അവൾ കുഴങ്ങി.
വേനൽച്ചൂടിൽ ചുട്ടുപൊള്ളലുകൾക്കിടയിൽ തണൽതേടുന്ന പക്ഷിയുടെ മനസ്സുമായ്
ജാലക വാതിലിൽ മിഴി പാർക്കവേ, ഇരച്ചെത്തി നിറഞ്ഞു പെയ്ത മഴയുടെ മടക്കത്തിൽ പൊഴിഞ്ഞ രാജമല്ലിപ്പൂവുകൾ ഒഴുകാൻ മടിച്ച് മുറ്റത്ത് കിടക്കുന്നതും നോക്കി കമല നെടുവീർപ്പിട്ടു.
എല്ലാവരും നീരസം കാണിച്ചാലും ഒരാൾ മാത്രം തന്നോടത് കാണിക്കില്ലെന്ന് കമല ചിന്തിച്ചു. രാജശ്രീ ആയിരുന്നു ആ കൂട്ടുകാരി. അന്നൊക്കെ കൂട്ടുകാർ എല്ലാവരുടെയും ഇൻഷ്യൽ ചേർത്തായിരുന്നു പേര് വിളിക്കാറുണ്ടായിരുന്നത്. രാജശ്രീ.ഒ എന്നായിരുന്നു അവളുടെ പൂർണമായ പേര്. ഞങ്ങളെല്ലാവരും അങ്ങനെ തന്നെയായിരുന്നു വിളിച്ചിരുന്നത്. അഞ്ചാം ക്ലാസിൽ കണക്ക് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ സമചതുരത്തിന് നാല് മൂലകൾ ഉണ്ട് എന്ന് രാജശ്രീ എഴുതിയതിൽ മൂല എന്നതിനു പകരം മുല എന്ന തെറ്റ് കടന്നു കൂടി. അടുത്തിരുന്ന സുനന്ദ ഇത് കണ്ട് പൊട്ടിച്ചിരിച്ചു. അപ്പോഴാണ് രാജശ്രീയുടെ വലതുവശത്തിരുന്ന ഞാൻ ആ ബുക്കിലേക്ക് നോക്കിയത്. അപ്പോഴേക്കും ടീച്ചർ സുനന്ദയോട് കാര്യം തിരക്കി.
“എന്താ സുനന്ദേ എന്തിനാ ബഹളം വെക്കുന്നത്..?
ടീച്ചറിൻ്റെ ശബ്ദമുയർന്നു.
” രാജശ്രീ ബുക്കിൽ തെറ്റ് എഴുതി വെച്ചിരിക്കുന്നു.. ”
അവൾ ഉറക്കെ ചിരിച്ചുകൊണ്ടു പറഞ്ഞു.
എന്നാൽ ഈ തെറ്റ് വന്നത് രാജശ്രീ അറിഞ്ഞിരുന്നില്ല.
രണ്ടുപേരെയും ടീച്ചർ എഴുന്നേൽപ്പിച്ചു നിർത്തി.
”എന്ത് തെറ്റാണ് രാജശ്രീ എഴുതിയത്, ?”
കയ്യിലിരുന്ന് ചൂരൽ ചൂണ്ടി കൊണ്ടാണ് ടീച്ചർ ചോദിച്ചത്.
” സമചതുരത്തിന് നാല് മുലകൾ ഉണ്ട് എന്നാണ് അവൾ എഴുതി വെച്ചിരിക്കുന്നത്..”
ഇതു പറഞ്ഞിട്ട് സുനന്ദ ഉറക്ക ചിരിച്ചു. കുട്ടികൾ എല്ലാവരും ഇത് കേട്ട് ആർത്തു ചിരിച്ചു.
താൻ പെട്ടെന്ന് പേന എടുത്ത് ” മു, ‘ എന്നത് ” മൂ”എന്നു തിരുത്തി.
ടീച്ചർ വന്ന് ബുക്ക് നോക്കിയപ്പോഴേക്കും അതിൽ തെറ്റ് കണ്ടതുമില്ല. സുനന്ദയ്ക്ക് ടീച്ചർ രണ്ട് അടിയും കൊടുത്തു.
തെറ്റ് താനാണ് തിരുത്തിയതെന്ന് മനസ്സിലായ സുനന്ദ അന്നുമുതൽ എപ്പോഴും ശത്രുതയോടെയാണ് തന്നോട് പെരുമാറിയിട്ടുള്ളത്. എന്നാൽ രാജശ്രീ ആകട്ടെ അവളെ നാണക്കേടിൽ നിന്ന് രക്ഷിച്ചതിനാൽ അന്നു മുതൽ കൂടുതൽ സ്നേഹത്തോടെയാണ് തന്നോട് പെരുമാറിയുന്നത്. പക്ഷേ രാജശ്രീ തെറ്റാണ് എഴുതിയതെന്നും കമല തിരുത്തിയതാണെന്നും സുനന്ദ കൂട്ടുകാരെ എല്ലാം ബോധ്യപ്പെടുത്തി. കാര്യം മനസ്സിലാക്കിയ സഹപാഠികൾ എല്ലാം മിക്കപ്പോഴും അവളെ കളിയാക്കുകയും ചെയ്യുമായിരുന്നു.
അന്നൊക്കെ ഫ്രീ പിരീഡിൽ മുഴങ്ങി കേൾക്കുന്ന ഒരു ചോദ്യമായിരുന്നു “രാജശ്രീ.ഓ പറയൂ, സമചതുരത്തിന് എത്ര മൂലകൾ ഉണ്ട് ” എന്നത്.
ഇത് കേട്ട് അവൾ കുനിഞ്ഞിരുന്ന് കരയുമായിരുന്നു.അന്നും അവളെ ആശ്വസിപ്പിച്ചിട്ടുള്ളത് താനാണ്.
പിന്നീട് പറഞ്ഞു പറഞ്ഞ് ഇതിലെ രസം ഇല്ലാതാവുകയും ക്രമേണ ഇത് എല്ലാവരും മറന്നതു പോലെ തങ്ങളുടെ ഇടയിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
ഉച്ചയൂണ് കഴിഞ്ഞ് ജനാലയ്ക്കരികിൽ ഓരോന്നോർത്തിരുന്ന് ചെറുതായൊന്നു മയങ്ങിയ കമല തുടർച്ചയായി ഹോണടിക്കുന്നത് കേട്ടാണ് ഉണർന്നത്. അവൾ ജനാലയിലൂടെ വെളിയിലേക്ക് നോക്കി. പെട്ടിവണ്ടിയിൽ മീൻ കച്ചവടം ചെയ്യുന്നവരാണ്. അതിലൊരാളെ കണ്ടപ്പോൾ നല്ല മുഖപരിചയം തോന്നി. പുറത്ത് മങ്ങിയ വെയിലുണ്ട്.
പെട്ടെന്നാണ് അവളുടെ ഉള്ളിൽ ഹരീഷ് സാറിനെപ്പറ്റിയുള്ള ചിന്തയുണ്ടായത്. അപ്പോഴേക്കും അദ്ദേഹത്തിൻ്റെ മുഖസാദൃശ്യമുള്ള മീൻകാരൻ വാഹനവുമായി മുന്നോട്ട് കടന്ന് പോയിരുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിന് വന്ന ഹരീഷ് സാറിനോട് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു. അദ്ദേഹം തന്നോട് കൂടുതൽ വാത്സല്യം കാണിച്ചതു കൊണ്ടാവും വല്ലാത്ത ആരാധനയായിരുന്നു. എന്നാൽ ടീച്ചിംഗ് പ്രാക്ടീസ് കഴിഞ്ഞ് പിന്നീട് അദ്ദേഹത്തെ ഒന്നു രണ്ടു വർഷത്തേക്ക് കണ്ടിരുന്നില്ല. പിന്നീട് പത്താം ക്ലാസിലായപ്പോൾ ട്യൂഷൻ ക്ലാസിൽ പോകവേ ” കുഞ്ഞേ നീ ഇത്ര വളർന്നോ..? ” എന്ന് അത്ഭുതത്തോടെ ചോദിച്ചപ്പോഴാണ് തന്റെ ചിന്തകളെല്ലാം തെറ്റായിരുന്നു എന്ന ബോധോദയം ഉണ്ടാകുന്നത്. തന്നോടുള്ളത് വാത്സല്യമായിരുന്നുവെന്നും താനത് പ്രണയമായി കണ്ടത് തെറ്റായിപ്പോയെന്നും മനസ്സിലായപ്പോൾ അത് മായയോട് പറഞ്ഞു. അവൾ മറ്റു കൂട്ടുകാരോട് എല്ലാം പറയുകയും ഹരീഷ് സാറിതറിയുകയും ചെയ്തു. കൂട്ടുകാരെല്ലാവരും തന്നെ കളിയാക്കിയതിന്റെ വിഷമം ഇന്നും മനസ്സിലുണ്ട്. അത് കാരണം പിന്നീട് ട്യൂഷൻ ക്ലാസിൽ പോയിട്ടില്ല. ഹരീഷ് സാർ കുറേക്കാലത്തിനുശേഷം ടീച്ചറായി ഗവൺമെന്റ് സർവീസിൽ കയറി. ഇപ്പോൾ ആ സ്കൂളിൽ തന്നെയാണ് പഠിപ്പിക്കുന്നത്. അപ്പോൾ തീർച്ചയായും സംഗമത്തിന് അദ്ദേഹമുണ്ടാകുമെന്നും എങ്ങനെ സാറിൻ്റെ മുന്നിലേക്ക് ചെല്ലുമെന്നും ചിന്തിച്ച് കമല അസ്വസ്ഥയായി. സംഗമത്തിന് ഹരീഷ് സാറും ഉണ്ടാകുമെന്ന യാഥാർത്ഥ്യം അവളെ മ്ളാനവതിയാക്കി.
പ്രീഡിഗ്രി പഠനത്തിന് ചേർന്നതിനുശേഷമാണ് ബന്ധുവായ മഹേഷേട്ടൻ തന്നോട് പ്രണയമാണെന്ന് എഴുതിയ കത്ത് മേഘയുടെ കയ്യിൽ കൊടുത്തുവിട്ടത്. ആദ്യമൊന്നും തനിക്ക് പ്രണയം തോന്നിയിരുന്നില്ലെങ്കിലും വീണ്ടും വീണ്ടും പ്രണയലേഖനങ്ങൾ കൊടുത്തു വിടുകയും മേഘയോടൊപ്പം അത് വായിക്കുകയും അവൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ അറിയാതെ താനും മഹേഷേട്ടനെ പ്രണയിച്ചു തുടങ്ങി.
നീലാകാശത്തിന്റെ പ്രണയം കുളിർമഴത്തുള്ളികളായ് പൊഴിഞ്ഞ് വരണ്ടമണ്ണിനെ പുൽകിത്തുടങ്ങുന്നതായി തോന്നിയ കാലം. മഞ്ഞിലലിയാനും മഴയിൽ നനഞ്ഞു കുതിരാനും കൊതിക്കുന്ന എന്റെയുള്ളിൽ ആനന്ദം നിറച്ചു കൊണ്ട് ഞങ്ങളുടെ പ്രണയം മുന്നോട്ട് നീങ്ങി. ക്ഷേത്രങ്ങളിൽ, വഴിയരികിൽ, ഉത്സവപ്പറമ്പുകളിൽ വിവാഹ ആഘോഷങ്ങളിൽ.. എന്നുവേണ്ട എവിടെയും തന്റെ നിഴലായി മഹേഷേട്ടൻ ഉണ്ടാകുമായിരുന്നു. ബൈക്കിലെ യാത്രകളിൽ കഥ പറഞ്ഞു നീങ്ങിയ തങ്ങൾക്കിടയിലെ പ്രണയം തകർന്നുവീഴുന്ന സംഭവം ഇന്നും തന്നിൽ അസ്വസ്ഥത നിറയ്ക്കാറുണ്ട്.
ഒരു തണുത്ത പ്രഭാതത്തിൽ മനസ്സിൽ പ്രണയത്തിൻ്റെ ഓർമ്മകൾ അലതല്ലവേ ജാലകത്തിനു വെളിയിൽ അമൃതകണങ്ങൾ പൊഴിച്ച് ചെമ്പകപ്പൂക്കൾ പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. അപ്പോഴാണ് മഹേഷേട്ടൻ അടുത്തു തന്നെ ജോലിക്കായി ഡൽഹിയിലേക്ക് പോകുന്നുവെന്ന വിവരം മേഘ വന്നറിയിച്ചത്. പോകുന്നതിൻ്റെ തലേദിവസം യാത്ര പറയാനായി വീട്ടിലെത്തിയ മഹേഷേട്ടൻ തന്നെ ചേർത്തുപിടിച്ച് ചുംബിക്കുകയും ശരീരഭാഗങ്ങളിൽ അമർത്തുകയും ചെയ്തു പെട്ടെന്ന് താൻ കുതറി മാറി. സിഗരറ്റിൻ്റെ മനംപുരട്ടുന്ന മണം തന്റെ നാസികയിൽ നിറഞ്ഞു അനുവാദമില്ലാതെ തന്നെ കടന്നുപിടിച്ചതിനാൽ വെറുപ്പ് നിറഞ്ഞ മുഖത്തോടെയാണ് താനന്ന് പ്രതികരിച്ചത്. ആ പ്രണയത്തിന് അന്ന് താൻ തിരശ്ശീല ഇടുകയാണുണ്ടായത്.
പിന്നീട് മഹേഷേട്ടൻ കെഞ്ചി പറഞ്ഞിട്ടും തുടർന്നുവന്ന വിവാഹാലോചനയിൽ നിന്ന് താൻ പിന്മാറിയില്ല. തൻ്റെ വിവാഹത്തിന് ശേഷം മഹേഷേട്ടൻ തൻ്റെ ക്ളാസ്മേറ്റായിരുന്ന മായയെ വിവാഹം കഴിച്ചു.
കുറച്ച് വർഷങ്ങൾക്ക് ശേഷം ഒരു വിവാഹ സത്കാരത്തിനിടയിൽ മായ കൊത്തും കോളും വെച്ച് ഓരോന്ന് സംസാരിക്കുകയും അതിൻ്റെ പേരിൽ അവളുമായി വഴക്കുണ്ടാകുകയും അത് കയ്യാങ്കളിയിലെത്തുകയും ആകെ നാണക്കേടുണ്ടാവുകയും ചെയ്തത് ഇന്നലെ നടന്നതു പോലെ മനസ്സിലുണ്ട്. അവൾ എന്തായാലും വരുമെന്ന് ഉറപ്പാണ്. അവളുടെ മുന്നിൽ പോയി നിന്ന് പുഞ്ചിരിക്കാൻ തനിക്കു കഴിയില്ലെന്ന് കമലയ്ക്ക് തോന്നി.
തന്റെ വിവാഹത്തിനുശേഷം പൂർവ്വകാല സംഭവങ്ങളെപ്പറ്റി ഭർത്താവായ മനുവേട്ടനോട് പറഞ്ഞപ്പോൾ കളിയാക്കിപ്പറഞ്ഞ ഒരു ഡയലോഗ് ആണ് ആദ്യം ഓർമ്മ വരിക. “അടി നൽകി വളർത്തേണ്ടതിന് പകരം ആ അവസരങ്ങളിൽ അപ്പം വാങ്ങി നൽകി വളർത്തിയത് കൊണ്ടാണ് ഇങ്ങനെയൊക്കെ കുരുത്തക്കേടുകൾ ഒപ്പിച്ചു കൊണ്ടിരുന്നത് ” എന്നാണ് മനുവേട്ടൻ പറയാറുള്ളത്.
ദിവസങ്ങൾ കഴിയുന്തോറും പഠനകാല ഓർമ്മകളിലെ വ്യത്യസ്തങ്ങളായ സംഭവങ്ങൾ കമലയെ മഥിച്ചു കൊണ്ടിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പോകണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഇതേപോലെ എന്തെങ്കിലും കുഴയ്ക്കുന്ന കാര്യങ്ങളുണ്ടായാൽ സുഹൃത്തായ മണികണ്ഠനോടാണ് അഭിപ്രായമാരായുക. കപ്പലിലെ ജോലിയായതിനാൽ അവനോടെപ്പോഴും സംസാരിക്കാൻ സാധിക്കുകയില്ല. എട്ടും പത്തും ദിവസം കൂടുമ്പോഴാണ് അവൻ കപ്പലിനു വെളിയിൽ വരുന്നതും ഫോണിൽ സംസാരിക്കുന്നതും. എന്തായാലും അത്യാവശ്യമായി വിളിക്കണമെന്ന് അവന് മെസേജിട്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ അവനെന്തായാലും ഒരു നല്ല തീരുമാനമുണ്ടാക്കിത്തരും എന്ന് അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.
രണ്ടു ദിവസം കടന്നു പോയി.സായാഹ്നത്തിൽ പലവിധ ചിന്തകളുമായി കമല വീട്ടുമുറ്റത്തെ വാകമരച്ചോട്ടിലിരിക്കുകയായിരുന്നു. അപ്പോഴും മണികണ്ഠൻ്റെ മറുപടിയ്ക്കായി അവൾ കാത്തിരിക്കുകയായിരുന്നു. പൊഴിഞ്ഞു കിടക്കുന്ന വാകപ്പൂക്കൾ കണ്ടപ്പോൾ കമലയുടെ ഓർമ്മകൾ കാറ്റിനെക്കാൾ വേഗതയിൽ പുറകിലേക്കോടൻ കൊതിക്കുന്നുണ്ടായിരുന്നു. അതറിഞ്ഞിട്ടെന്നോണം വീശിയെത്തിയ കാറ്റിൽ വാകമരം കമലയുടെ ദേഹത്തേക്ക് പൂക്കൾപൊഴിക്കുന്നുണ്ടായിരുന്നു.
മെട്രിസ് ഫിലിപ്പ്
ശോ, എന്തൊരു ചൂടാണ്. ഏഷ്യൻ രാജ്യങ്ങളിലെ, കഴിഞ്ഞ ഒരു മാസകാലമായി 40 ഡിഗ്രിക്കു മുകളിൽ ആണ് താപ നില. ഒരിക്കലും ഇല്ലാത്ത ചൂട് ആണ് ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.
പച്ച പുതച്ചു നിൽക്കുന്ന സിങ്കപ്പൂരിലെ താപ നില പോലും 35-38 ഡിഗ്രി ആണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 45-50 ഡിഗ്രി വരെയുള്ള അതി ശക്തമായ ചൂട് അനുഭവപ്പെടുന്നു. ചൂടിന്റെ കാഠിന്യ മൂലം പുഴകളിലും തോടുകളിലും കിണറുകളിലും വെള്ളം ഇല്ലാതെ വറ്റി വരണ്ടണങ്ങി കിടക്കുന്ന ഭീകരമായ കാഴ്ചകൾ ആണ് കാണുവാൻ സാധിക്കുന്നത്. ഇടുക്കി ഡാമിന്റെ റിസേർവ്‌യറിലെ വെള്ളം വറ്റികൊണ്ടിരിക്കുന്നു. കുടിവെള്ളം തേടി ആളുകൾ അലയേണ്ടി വരുന്നു.
ചൂടിന്റെ കാഠിന്യം മൂലം സൂര്യഘാതം ഉണ്ടാകുന്നു. വീടിനുള്ളിൽ ഇരിക്കുന്നവർക്ക് വരെ സൂര്യഘാതം ശരീരത്തിൽ ഏൽക്കപ്പെടുന്നു എന്നത് വളരെ ഭയാനകം ആണ്. അത് കൊണ്ട് തന്നെ കേരളത്തിൽ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്നവരുടെ ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട് . ചില സ്ഥലങ്ങളിൽ യെല്ലോ , ഓറഞ്ച് അലേർട്ടുകൾ സർക്കാർ പ്രഖ്യപിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ കഴിയുന്നതും, ആളുകൾ 11-3 മണി വരെ എങ്കിലും പുറത്തിറങ്ങാതെ സൂക്ഷിക്കുക.
രാജ്യങ്ങളിലെ കാലാവസ്ഥകൾ എല്ലാം മാറി കൊണ്ടിരിക്കുന്നു. ഗ്ലോബൽ വാർമിംഗ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിൽ വർഷകാലത്ത് പെയ്യുന്ന വെള്ളം ഒഴുകി കടലിൽ ചെന്ന് ചേരുന്നു. പുഴകളിൽ മണൽ അടിഞ്ഞത് കൊണ്ട് വെള്ളം അധികമായി സംഭരിക്കപ്പെടുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയം ആണ്. മണൽ ലോബി ഈ വിഷയത്തിൽ ഇടപെടുന്നത് കൊണ്ട് സർക്കാർ വളരെ കരുതലോടെ വേണം തീരുമാനം എടുക്കുവാൻ.
വനത്തിൽ, വെള്ളത്തിന്റെ കുറവ് കൊണ്ട്, ആന ഉൾപ്പടെ ഉള്ള വന്യ മൃഗങ്ങൾ, കാട് വിട്ട് നാട്ടിലേക്ക് ഇറങ്ങി കൊണ്ടിരിക്കുന്നു. പുതിയ റിപ്പോർട്ട് പ്രകാരം അറബി കടൽ ചൂട് കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് കൊണ്ട് കാലാവസ്ഥ വ്യതിയാനമുണ്ടാകുവാൻ സാധ്യത ഉണ്ട് എന്നുള്ള റിപ്പോർട്ട് ഉണ്ട്.
യൂറോപ്പ്, യുകെ, അയർലൻഡ്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങിൽ, തണുപ്പ് കൊണ്ട് ആളുകൾ ബുദ്ധിമുട്ടുന്നു. ചൂടായാലും തണുപ്പ് ആയാലും, മനുഷ്യർ സഹിച്ചു കൊണ്ട് ജീവിതം തള്ളി നീക്കുന്നു. AC കാറിലിരുന്ന് കൊണ്ട് ചൂടുള്ള വഴിയിലൂടെ, ചൂടിനെ കുറ്റം പറഞ്ഞു കൊണ്ട് പോകുന്നവർ, വഴി അരുകിൽ, കൺസ്ട്രക്ഷൻ ജോലി ചെയുന്ന ആളുകളെ നോക്കി മനസലിവുണ്ടാകില്ല എന്നത് സത്യമായ കാര്യം. അവരോടും കരുണ ഉള്ളവർ ആയിരിക്കണം. അത് പോലെ AC റൂമിൽ ഇരുന്നു ജോലി ചെയ്തിട്ടും, അൽപനേരം, തണുപ്പ് കുറഞ്ഞാൽ, കുറ്റം പറയുന്നവർ ആണ് നമ്മളൊക്കെ എന്ന് ഓർക്കുക.
ഇനിയും ചൂട് കൂടി കൊണ്ടിരിക്കും. അതിനാൽ സഹിച്ചു മുന്നോട്ട് പോകുക. ആരെയും കുറ്റപ്പെടുത്താതെ. എല്ലാം കാലാവസ്ഥയുടെ മാറ്റങ്ങൾ ആണെന്ന് ചിന്തിച്ചു കൊണ്ട്, മഴ നോക്കിയിരിക്കുന്ന വേഴാമ്പലിനെ പോലെ, ഒരു കുളിർ നിറഞ്ഞ മഴക്കായി കത്തിരിക്കാം.
ആശംസകൾ….
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore
എബി ജോൺ തോമസ്
ചെരുപ്പിന് പാകമാകുന്ന
കാലായി
ഒരുവൻ
മാറുന്നത്
ആത്മപ്രതിരോധത്തിൻ്റെ
അടയാളമാണ്…
വിരലുകൾ
അക്ഷരങ്ങൾക്ക്
വശപ്പെടുന്നത്
പക്ഷേ,
സ്വത്വത്തിൻ്റെ
ആത്മപ്രഖ്യാപനമാകും..
മൗനത്തിലേക്ക്
ചിറക് പൊഴിച്ച
നമ്മുടെ
രാപ്പക്ഷികൾ
പാതിവെന്ത
ഒരു
ചുംബനത്തിന്
ഇന്നും
കാവലിരിക്കുന്നുണ്ട്.
സന്ധ്യകളൊക്കെയും
ദുർമരണത്തിൻ്റെ
പേക്കിനാവുകളായി
രൂപാന്തരപ്പെട്ട്,
തലച്ചോറിനെ
ആകെയും
കാർന്നുതിന്നുമ്പോഴാണ്
ആത്മാവ്
നിൻ്റെ
ആകാശത്തിലേയ്ക്ക്
ഒളിച്ചു കയറുന്നത്…
മറ്റാർക്കും
വെളിപ്പെടാത്ത
വെയിലിൽ
ഒറ്റക്ക്
ഉരുകി വേകുമ്പോൾ
നീയെന്ന
ഒറ്റയിലയുടെ
നിഴൽവട്ടം
മാത്രമാണ്
ജീവിതമെന്ന്
എപ്പോഴാണ്
നീ
തിരിച്ചറിയുക…
ഉറപ്പാണ്,
മൗനത്തിന്റെ
ഇരുപുറങ്ങളിൽ
ഒറ്റയായവർക്കിടയിൽ
വാക്കുത്സവത്തിൻ്റെ
ഓർമ്മപ്പുഴ
നിലയ്ക്കാതെ
ഒഴുകുന്നുണ്ടാകും…
എബി ജോൺ തോമസ് : കവി,മാധ്യമ പ്രവർത്തകൻ. കോട്ടയം ഇരവിമംഗലത്ത് ജനനം. ‘നിലാവിൽ മുങ്ങിച്ചത്തവൻ്റെ ആത്മാവ്’ , ‘ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ’ എന്നി രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ജീവൻ, ജെയ് ഹിന്ദ്, മീഡിയവൺ, തുടങ്ങിയ ചാനലുകളിൽ റിപ്പോർട്ടർ ആയിരുന്നു. ഇപ്പോൾ കേരള വിഷൻ ന്യൂസിൽ ചീഫ് സബ് എഡിറ്റർ ആയി ജോലി നോക്കുന്നു
റ്റിജി തോമസ്
സാൻവിച്ചിലെ നാലാമത്തെ പ്രഭുവായിരുന്ന ജോൺ മൊണ്ടാഗു. കടുത്ത ചീട്ടുകളി പ്രേമിയായിരുന്ന അദ്ദേഹത്തിൻറെ പേരിൽ നിന്നാണ് സാൻവിച്ചിൻ്റെ ഉത്ഭവം എന്നാണ് പൊതുവെ കരുതുന്നത്. കളിയുടെ ആവേശം ചോരാതെ ഭക്ഷണം കഴിക്കുന്നതിനായി മൊണ്ടാഗു പ്രഭുവാണ് ആദ്യമായി ബ്രെഡിന്റെ പാളികൾക്ക് ഇടയിൽ മാംസം വെച്ച് തരാൻ ആവശ്യപ്പെട്ടത് . M 1 മോട്ടോർ വേയിലെ സർവീസ് സ്റ്റേഷൻ ആയ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇന്നിൽ ബേക്കൺ സാൻഡ്‌വിച്ചും മറ്റും ഓർഡർ ചെയ്ത് ഞങ്ങൾ കാത്തിരുന്നപ്പോഴാണ് സാൻഡ്‌വിച്ചിന്റെ ഉത്ഭവത്തെക്കുറിച്ചും സാൻഡ്‌വിച്ചും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജോജി പറഞ്ഞത്. ഇന്ന് ലോകമെങ്ങും സാൻവിച്ച് ഒരു ജനകീയ ഭക്ഷണമാണ്. ജോൺ മൊണ്ടാഗു ഒരു കൈയിൽ ചീട്ടുപിടിച്ച് സാൻഡ്‌വിച്ച് കഴിച്ച സ്ഥാനത്ത് തിരക്കിൻ്റെ ലോകത്ത് ഒരു കൈയ്യിൽ കമ്പ്യൂട്ടർ കീബോർഡും മറുകയ്യിൽ സാൻഡ്‌വിച്ചുമായി ജോലി ചെയ്യുന്നവരുടേതാണ് ഇന്ന് ലോകം.
ബേക്കൺ സാൻഡ്‌വിച്ചിലെ പ്രധാനഭാഗം പന്നിമാംസം ആണ് . നൂറ്റാണ്ടുകളായി പന്നിമാംസം ഇംഗ്ലീഷ് ഭക്ഷണ ക്രമത്തിന്റെ പ്രധാന ഭാഗമാണ് . തണുപ്പിനെ പ്രതിരോധിക്കുന്നതും പോഷകാംശവും പന്നിയിറച്ചിയുടെ ഉപയോഗം ഇംഗ്ലണ്ടിൽ കൂടിയതിന് ഒരു പ്രധാന കാരണമാണ്. ഇംഗ്ലീഷുകാരുടെ ഇടയിൽ പന്നി മാംസത്തിൽ നിന്നുള്ള വിവിധതരം വിഭവങ്ങൾ പല പ്രധാന ആഘോഷങ്ങളിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഭക്ഷണമാണ്. ഇംഗ്ലണ്ടിന്റെ സമ്പദ് വ്യവസ്ഥയിലും പന്നിഫാമുകൾക്കും അനുബന്ധ വ്യവസായങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്.
രണ്ടര മണിക്കൂറോളം നീണ്ട നിർത്താതെയുള്ള യാത്രയ്ക്ക് ശേഷമാണ് ഞങ്ങൾ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇൻ സർവീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. തിരക്കേറിയ മോട്ടോർ വേകളിൽ നിർത്താതെ യാത്ര ചെയ്യേണ്ടതായി വരുമ്പോൾ വിശ്രമത്തിനായുള്ളവയാണ് സർവീസ് സ്റ്റേഷനുകൾ. വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കാനും ഇന്ധനം നിറയ്ക്കാനും ഷോപ്പിങ്ങിനുമൊക്കെ വിപുലമായ സജ്ജീകരണങ്ങൾ സർവീസ് സ്റ്റേഷനുകളിൽ ഉണ്ട്.
സർവീസ് സ്റ്റേഷനുകളിൽ നിശ്ചിത സമയത്തേയ്ക്ക് വാഹനം ഫ്രീ ആയി പാർക്ക് ചെയ്യാമെങ്കിലും സമയപരിധി കഴിഞ്ഞാൽ ഉടമയിൽ നിന്ന് പണം ഈടാക്കും. എയർപോർട്ടിൽ സുഹൃത്തിനെ യാത്ര അയക്കാൻ പോയ മലയാളി തിരിച്ചുവന്നപ്പോൾ സർവീസ് സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്ത് ഉറങ്ങിപ്പോയത് മൂലം ഫൈനായി വലിയ ഒരു തുക നൽകേണ്ടി വന്നതിനെ കുറിച്ച് ഇടയ്ക്ക് ജോജി പറഞ്ഞു.
ഏകദേശം 40 മിനിറ്റോളം ഡേയ്സ് ഇന്നിൽ ഞങ്ങൾ ചിലവഴിച്ചു . രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷമുള്ള മനോഹരമായ ഇടവേളയായിരുന്നു ഫോറസ്റ്റ് ഇന്നിൽ ലഭിച്ചത്. മോട്ടോർ വേയിൽ നിന്ന് അൽപം മാറിയായതുകൊണ്ടു തന്നെ യാതൊരു ശല്യവുമില്ലാതെ സുഖകരമായ വിശ്രമം സർവീസ് സ്റ്റേഷനുകൾ യാത്രക്കാർക്ക് പ്രധാനം ചെയ്യും. വിശാലമായ പാർക്കിംഗ് ഏരിയയും അതിനപ്പുറം ദൃശ്യമാകുന്ന മരങ്ങളുടെ പച്ചപ്പും തണുത്ത കാറ്റും എല്ലാം ചേർന്ന് യാത്രയുടെ ക്ഷീണത്തെ പമ്പകടത്തും.
ഇവിടെ നിന്നും ലണ്ടനിൽ ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന താമസസ്ഥലത്തേയ്ക്ക് ഇനിയും 100 മൈലോളം (160 കിലോമീറ്റർ) ദൂരമുണ്ട് . വീണ്ടും ഞങ്ങൾ യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കോനാട്ട് റോഡിലെ ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോം സ്‌റ്റേയിൽ എത്തിച്ചേർന്നു. അവിടെ ഹോംസ്റ്റേയുടെ ഉടമ ബെഞ്ചമിൻ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
മോഹൻദാസ്
ജീവിതം വിജയകരമാക്കാൻ വേണ്ട ടിപ്സുകൾ സുലഭമായി വിരൽത്തുമ്പിൽ വിടരുന്ന കാലമാണ് സമൂഹമാധ്യമ കാലം. ശല്യമാകുന്ന പൂച്ചയെ കളയുന്നതു മുതൽ വൃദ്ധയായ അമ്മയെ എങ്ങനെ വിജയകരമായി ഉപേക്ഷിക്കാം എന്നു വരെ ഗൈഡൻസ് തരുന്ന സക്സസ്ഫുൾ ടിപ്സ് ഇന്ന് ലഭ്യമാണ്. തമാശയുടെ ആവരണമണിഞ്ഞ നീറുന്ന സത്യങ്ങളാണ് വിനോദ് ‘നായർ മിണ്ടാട്ടം എന്ന പുതിയ പുസ്തകത്തിലൂടെ പറയുന്നത്.
ഈ കുറിപ്പിൻ്റെ ശീർഷകത്തിന് ഉള്ളുപൊള്ളിക്കുന്ന ചൂടുണ്ട്.
ഗുരുവായൂരമ്പലനടയിലെ വഴിപാട് കൗണ്ടറിനു സമീപം വൃദ്ധയായ അമ്മയെ ഇരുത്തുക. ഇപ്പോൾ വരാമെന്നു പറഞ്ഞ ശേഷം മുങ്ങുക. ക്രൂരമായ ഒരു കറുത്ത ഫലിതം പോലെ അമ്മ.
വൃദ്ധമാതാവിനെ ഉപേക്ഷിക്കൽ എന്ന ലളിതമായ ടിപ്പ് വായിക്കുമ്പോൾ മന:സാക്ഷി മരിച്ചു പോയ സമൂഹത്തിൻ്റെ കാപട്യത്തിനും പൊങ്ങച്ചത്തിൻ്റെയും മുഖത്തിനുള്ള ഒരടി തന്നെയാണ്.
മനസ്സിൽ നന്മയുള്ളവർക്കേ കരയാൻ പറ്റു എന്നൊരു വരി മിണ്ടാട്ടത്തിന് അവതാരികയെഴുതിയ സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്.
ഋഷിരാജ് സിങ്ങ് മൂലം കല്യാണദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ശില്പയും കള്ളിയങ്കാട്ട് നീലിയുമൊക്കെ വായനയ്ക്കു ശേഷവും മനസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ മടിക്കുന്ന കഥാപാത്രങ്ങളാണ്.
നാൽപ്പത്തിരണ്ടോളം ഓർമ്മക്കുറിപ്പുകൾ , (ഓർമ്മശലഭങ്ങൾ എന്നു പറയാനാണ് എനിക്കിഷ്ടം) മിണ്ടാട്ടത്തിലുണ്ട്.
ജീവിതം തൊട്ടറിഞ്ഞ അനുഭവങ്ങളാണ് വിനോദ് നായർ നമുക്കു മുന്നിൽ വയ്ക്കുന്നത്. വായന കഴിഞ്ഞാലും ഈ ഓർമ്മശലഭങ്ങൾ നമ്മുടെ ഓർമ്മകളോടു മിണ്ടാട്ടം നിർത്തില്ല.
മിണ്ടാട്ടം : വിനോദ് നായർ
ഓർമ്മ
പ്രസാ: ഡി. സി ബുക്സ്
വില : 230 രൂപ
കോട്ടയം ജില്ലയിലെ അരീപ്പറമ്പിൽ ജനിച്ച വിനോദ് നായർ ഇപ്പോൾ മലയാള മനോരമ കോട്ടയം യൂണിറ്റിൽ ചീഫ് ന്യൂസ് എഡിറ്റർ ആണ് .. പിതാവ്: പി.ജി. പരമേശ്വരൻ നായർ. മാതാവ്: എൻ. രാധമ്മ. കോട്ടയം സി.എം.എസ്. കോളേജിലും ബസേലിയസ് കോളേജിലും കൊച്ചി മീഡിയ അക്കാദമിയിലുമായിരുന്നു വിദ്യാ ഭ്യാസം.
മോഹൻദാസ് : കോട്ടയം മുട്ടമ്പലം സ്വദേശി. കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.
റ്റിജി തോമസ്
2022 ഒക്ടോബർ 10-ാം തീയതി രാവിലെ ഞങ്ങൾ ലണ്ടനിലേക്ക് യാത്രതിരിച്ചു. യുകെയിലെത്തിയ അന്നുമുതൽ എൻറെ യാത്രകളെല്ലാം നിർണ്ണയിച്ചിരുന്നത് ജോജിയും മിനിയും ചേർന്നായിരുന്നു. സാധാരണഗതിയിൽ ഒരു യാത്രയ്ക്കായി ഒത്തിരി ഒരുക്കങ്ങൾ നടത്തുന്ന വ്യക്തിയാണ് ഞാൻ. ഇവിടെ എൻറെ എല്ലാ യാത്രകൾക്കുമുള്ള ഒരുക്കങ്ങൾ എനിക്ക് പകരം ജോജിയും മിനിയും ചെയ്യുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് എന്റെ യുകെ യാത്രയിൽ സന്ദർശിക്കാൻ ഞാൻ ഏറ്റവും കൂടുതൽ മുൻഗണന കൊടുത്ത സ്ഥലം . വെയ്ക്ക് ഫീൽഡിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിൻ മാർഗവും യാത്ര ചെയ്യാമെങ്കിലും കാറിൽ പോകാമെന്നാണ് ജോജി തീരുമാനിച്ചത്.
ഞങ്ങളുടെ യാത്ര സംഘത്തിൽ 5 പേർ ഉണ്ടായിരുന്നു. ജോജിയും ഞാനും പിന്നെ ജോജിയുടെ സുഹൃത്തായ വിജോയിയും അദ്ദേഹത്തിൻറെ ഭാര്യ ജോസ്‌നയുടെ സഹോദരൻ ജോയലും ബന്ധുവായ ലിറോഷും . മൂന്ന് ദിവസത്തെ ലണ്ടൻ യാത്ര ഇത്ര മനോഹരമായതിനെ ഒരു കാരണം വിജോയിയും ജോയലും ലിറോഷും ഞങ്ങളോടൊപ്പം ചേർന്നതായിരുന്നു. വിജോയിയുടെ സ്വദേശം തൃശൂർ ഒല്ലൂർ ആണ്. കാനഡയിൽ പഠനം നടത്തുന്ന ജോയലും ലിറോഷും അവധി ആഘോഷിക്കാൻ യുകെയിൽ എത്തിയതാണ്.
ജോജിയുടെ കാറിൽ നാവിഗേറ്റർ ക്രമീകരിച്ചു യാത്ര ആരംഭിച്ചു . വെയ്ക്ക് ഫീൽഡിൽ നിന്ന് 297 കിലോമീറ്ററുകളാണ് ലണ്ടനിലേയ്ക്കുള്ളത്. ഞങ്ങളുടെ യാത്ര M1 മോട്ടോർ വേയിലൂടെയാണ് . മോട്ടോർ വേകളുടെ പ്രത്യേകതകളെ കുറിച്ച് ജോജിയും വിജോയും കാര്യമായി തന്നെ പറഞ്ഞു തന്നു.
വേഗത നിയന്ത്രണവും തിരക്ക് ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായിട്ടാണ് മോട്ടോർവേകളിൽ ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ പ്രധാനപ്പെട്ട നഗരങ്ങളിൽ പോലും നിശ്ചിത സമയമാണ് വിവിധ സിഗ്നലുകൾക്കായി ക്രമീകരിച്ചിരിക്കുന്നത് . ഇതിന്റെ ഫലമായി ഒരു വാഹനം പോലും പോകാനില്ലെങ്കിലും പച്ച ലൈറ്റ് തെളിയാത്തതിനാൽ കാത്തു കിടേക്കണ്ടി വരുന്ന ദുരവസ്ഥ നമ്മൾ പലപ്പോഴും നേരിട്ടിട്ടുണ്ടാവും.
എന്നാൽ മോട്ടോർവേകളിൽ തികച്ചും വ്യത്യസ്തമാണ് കാര്യങ്ങൾ. മോട്ടോർവേകളിൽ സാധാരണ വേഗ പരിധി 70 മൈൽ ആണ്. ചുവപ്പ് , മഞ്ഞ, പച്ച എന്നീ സിഗ്നലുകൾക്ക് പകരം വാഹനങ്ങളുടെ തിരക്ക് അനുസരിച്ചുള്ള വേഗ നിയന്ത്രണമാണ് മോട്ടോർവേകളിൽ ഉള്ളത് .
യുകെയിലെ എന്റെ യാത്രയെ അടിസ്ഥാനമാക്കി മലയാളം യുകെയിൽ പംക്തി പ്രസിദ്ധീകരിക്കണമെന്ന ആശയം നേരത്തെ മനസ്സിലുണ്ടായിരുന്നതുകൊണ്ട് പലകാര്യങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാൻ ഞാൻ ശ്രമിച്ചിരുന്നു. ഞാൻ ചോദിക്കാതെ തന്നെ പല കാര്യങ്ങളും ജോജിയും വിജോയിയും എനിക്ക് വിശദീകരിച്ചു തന്നു. മോട്ടോർ വേകളിൽ ഇന്ധന ക്ഷമത (Energy Efficiency ) ലെയ്നുകളെ കുറിച്ച് പറഞ്ഞത് ജോജിയാണ്. മോട്ടോർ വേയ്സിൽ തന്നെ പല ലെയ്നുകൾക്കും വിവിധ സ്പീഡിൽ സഞ്ചരിക്കുന്നവർക്കും വേണ്ടിയാണ് നിർമിച്ചിരിക്കുന്നത് . വേഗത കുറഞ്ഞ് പോകുന്ന മോട്ടോർ വേ ഭാഗങ്ങളിൽ മിനുസമുള്ളവയും കൂടുതൽ വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗങ്ങളിൽ അപകടം കുറയ്ക്കാൻ പരുപരുത്തതായുമാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അമിതവേഗത്തിൽ യാത്ര ചെയ്യുന്ന ലെയ്നുകളെക്കാൾ എനർജി എഫിഷ്യൻസി കിട്ടുന്നത് വേഗത കുറഞ്ഞ ലെയ്നുകളിൽ യാത്ര ചെയ്യുമ്പോഴായിരിക്കും. എമർജൻസി സർവീസിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഹാൻഡ് ഷോൾഡർ എന്ന് അറിയപ്പെടുന്ന ലെയ്നുകൾ ഗതാഗത കുരുക്ക് കൂടുമ്പോൾ തുറന്നു കൊടുക്കുന്ന സംവിധാനവും മോട്ടോർ വേകളുടെ പ്രത്യേകതയാണ്.
ഫ്രീ എയർ സോണുകളുടെ പ്രത്യേകമേഖല എന്ന ആശയവും എന്നെ വളരെ ആകർഷിച്ചു. ടോൾ നൽകേണ്ടതും അല്ലാത്തവയുമായ ഫ്രീ എയർ സോണുകൾ മോട്ടോർ വേയിലുണ്ട്. വാഹനങ്ങളുടെ മലിനീകരണതോത് അനുസരിച്ചാണ് തുക നിർണ്ണയിക്കപ്പെടുന്നത്. വായു മലിനീകരണം കുറയ്ക്കുക എന്നതാണ് ഫ്രീ എയർ സോണുകളുടെ ലക്‌ഷ്യം .
മോട്ടോർ വേയിലെ യാത്രയിൽ മൾട്ടി നാഷണൽ കമ്പനികളുടെ കൂറ്റൻ വെയർഹൗസുകൾ , വിലയേറിയ ലക്ഷ്വറി കാറുകൾ വഹിച്ചു കൊണ്ടുള്ള കണ്ടെയ്നർ വാഹനങ്ങൾ തുടങ്ങി ഇംഗ്ലണ്ടിന്റെ വ്യവസായ വളർച്ചയുടെ ചില നേർ ചിത്രങ്ങൾ നമ്മൾക്ക് കാണാൻ സാധിക്കും. എന്തെങ്കിലും കാരണത്താൽ വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയാൽ കരുതേണ്ട കാര്യങ്ങളെ കുറിച്ച് മോട്ടോർ വേ അതോറിറ്റി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതിൽ പ്രധാനമാണ് തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള വസ്ത്രങ്ങളും അത്യാവശ്യ ഭക്ഷണവും വെള്ളവും.
മാഞ്ചസ്റ്ററിൽ എയർപോർട്ടിൽ നിന്ന് വെയ്ക്ക് ഫീൽഡിലേയ്ക്കും അവിടെനിന്ന് വെസ്റ്റ് യോർക്ക് ഷെയറിലേയ്ക്കും ലീഡ്‌സിലേക്കും ഒക്കെ സ്മാർട്ട് മോട്ടോർ വേയിൽ കൂടി യാത്ര ചെയ്തിരുന്നെങ്കിലും സ്മാർട്ട് മോട്ടോർ വേകൾ ഇത്ര സ്മാർട്ട് ആണെന്ന് മനസ്സിലായത് എന്റെ ലണ്ടൻ യാത്രയിലാണ്.
രാവിലെ യാത്ര തിരിച്ച ഞങ്ങൾ ഒൻപത് മണിയോടെ M1 മോട്ടോർ വേയിലെ സർവീസ് സ്റ്റേഷൻ ആയ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇന്നിൽ എത്തിച്ചേർന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.