ബാറ്ററി ശേഷി കുറയുന്നതിന് അനുസരിച്ച് ഫോണിന്റെ പ്രവര്‍ത്തനം കുറയ്ക്കാനുള്ള ഫീച്ചര്‍ പുതിയ ഐഒഎസ് അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയ ആപ്പിളിനെതിരെ ഉപഭോക്താക്കള്‍. ഐഒഎസ് 12.1 അപ്‌ഡേറ്റിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഫോണ്‍ വേഗത കുറയ്ക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സ് മാനേജര്‍ നേരത്തേ ഉണ്ടായിരുന്നു. ഇത് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്ന വിധത്തിലായിരുന്നു ഐഒഎസ് 11.3ല്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ഈ സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് നല്‍കിയിരിക്കുന്നത്. അതായത് ബാറ്ററി ശേഷി കുറയുമ്പോള്‍ ഫോണിന്റെ വേഗത കുറയുകയും ചിലര്‍ പുതിയ ഫോണ്‍ വാങ്ങാന്‍ പോലും തയ്യാറാകുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്‌സ് എന്നീ മോഡലുകളിലും ഈ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. അതായത് ഒരു വര്‍ഷമാകുന്നതിനു മുമ്പു തന്നെ ഈ ഫീച്ചര്‍ പുതിയ ഫോണ്‍ വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന ഐഫോണ്‍ മോഡലുകളില്‍ ഈ സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്ന വിധത്തിലായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഉപയോക്താക്കളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് ഐഒഎസ് 11.3 മുതല്‍ ഇത് ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാവുന്ന വിധത്തിലാക്കി മാറ്റിയത്. പുതിയ അപ്‌ഡേറ്റില്‍ ഇത് വീണ്ടും ഓട്ടോമാറ്റിക്കായി മാറ്റിയെന്ന് ആപ്പിള്‍ വ്യക്തമാക്കി.
ഫോണ്‍ അപ്രതീക്ഷിതമായി ഷട്ട് ഡൗണ്‍ ആകുമ്പോളാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തക്ഷമമാകുക. സിപിയു, ഡിപിയു എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് ബാറ്ററി ചോരുന്നത് തടയുകാണ് ഇതില്‍ ചെയ്യുന്നത്. ഇതോടെ ഫോണിന്റെ വേഗം സാരമായി കുറയും. എന്നാല്‍ പുതിയ മോഡലുകളില്‍ ഈ പ്രശ്‌നം കാര്യമായി ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.
ലണ്ടന്‍: 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിവരുന്ന ‘ഫ്രീ ടി.വി ലൈസന്‍സ് ഫീസ്’ വര്‍ധിപ്പിക്കാനൊരുങ്ങി ബി.ബി.സി. ഫ്രോണ്‍ട്ടിയര്‍ എക്കണോമിക്‌സ് നേരത്തെ മുന്നോട്ട് വെച്ച നാല് നിര്‍ദേശങ്ങളിലൊന്നാണ് ഫീസ് വര്‍ധന. ഇത് സ്ഥാപനത്തിന് വര്‍ഷം 300 മില്യണ്‍ പൗണ്ടിന്റെ നേട്ടമുണ്ടാക്കുമെന്നാണ് നിരീക്ഷണം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സാമ്പത്തിക കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബി.ബി.സി നടപ്പിലാക്കി വരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സൂചന.
മുന്‍കാലങ്ങളെക്കാള്‍ വാര്‍ദ്ധക്യത്തില്‍ കഴിയുന്നവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി ഫ്രോണ്‍ട്ടിയര്‍ എക്കണോമിക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫീസ് വര്‍ദ്ധനവ് യാതൊരുവിധ പ്രതികൂല സാഹചര്യവും സൃഷ്ടിക്കുകയില്ലെന്നാണ് റിപ്പോര്‍ട്ട് നിരീക്ഷിച്ചിരിക്കുന്നത്. സാമ്പത്തികവും ആരോഗ്യവും സാമൂഹികപരവുമായി വര്‍ദ്ധക്യത്തിലിരിക്കുന്നവര്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫീസ് വര്‍ധനവ് അവര്‍ക്ക് സാമ്പത്തിക പ്രയാസം സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാപനം ടി.വി ചെലവുകള്‍ വഹിക്കേണ്ട സാഹചര്യം മാറിയെന്നും റിപ്പോര്‍ട്ട് നിരീക്ഷിച്ചിട്ടുണ്ട്. അതേസമയം പുതിയ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.കെ എയ്ജ് ചാരിറ്റി ഡയറക്ടറായ കരോളിന്‍ എബ്രഹാം രംഗത്ത് വന്നു.
പുതിയ പരിഷ്‌കാരത്തിന് പിന്നില്‍ ബി.ബി.സിയുടെ സാമ്പത്തിക ലക്ഷ്യങ്ങളാണെന്ന് മനസിലാക്കാന്‍ കഴിയും. എന്നാല്‍ വയോധികരുടെ കണ്ണിലൂടെ പുതിയ നീക്കത്തെ നോക്കാന്‍ ശ്രമിക്കണമെന്നും കരോളിന്‍ പറഞ്ഞു. 75 വയസിന് മുകളില്‍ പ്രായമുള്ള മില്യണിലധികം ആളുകള്‍ രാജ്യത്തുണ്ട്. ഇവരില്‍ പകുതിപേര്‍ക്കും വാര്‍ധക്യ സഹജമായ രോഗങ്ങളോ അംഗവൈകല്യങ്ങളോ ബാധിച്ചവരാണ്. ലോകത്തെ നോക്കികാണാന്‍ അവര്‍ക്ക് മുന്നിലുള്ള ഏക കണ്ണാടിയാണ് ടെലിവിഷന്‍. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വളരെ ചെറിയ തുക മാത്രമുള്ള കുറേയേറെ ആളുകള്‍ ഇവിടെയുണ്ട് അവരെയാണ് പുതിയ തീരുമാനം ബാധിക്കാന്‍ പോകുന്നതെന്നും കരോളിന്‍ വ്യക്തമാക്കി.
ആധുനിക ശാസ്ത്ര ഗവേഷണ വിജയങ്ങള്‍ക്കായി മനുഷ്യരും പരീക്ഷണ വസ്തുക്കളാക്കപ്പെടുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഗുരുതര രോഗ ബാധിതരായവര്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കാവശ്യമായ ‘ഗിനിപ്പന്നികള്‍’ ആയേക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. യു.കെയില്‍ തന്നെ നിലനില്‍ക്കുന്ന ‘കംപാഷനേറ്റ് യൂസ്’ എന്ന നിയമത്തിന്റെ ആനുകൂല്യം മുതലെടുത്താണ് ഇത്തരം ശാസ്ത്ര ഗവേഷണങ്ങള്‍ സാധ്യമാകുന്നത്. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം രോഗിയുടെ സമ്മതമുണ്ടെങ്കില്‍ സര്‍ക്കാര്‍ അംഗീകൃതമല്ലാത്ത ചികിത്സാരീതികള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
ജീവിതത്തിലേക്ക് ഒരിക്കലും തിരികെ വരില്ലെന്ന് ഏതാണ്ട് ഉറപ്പായ രോഗികളിലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നത്. ജീവന്‍ ഭീഷണി നിലനില്‍ക്കുന്ന രോഗികളില്‍ സമ്മതമുണ്ടെങ്കില്‍ ഇത്തരം അംഗീകൃതമല്ലാത്ത ചികിത്സരീതികള്‍ ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിയമ തടസവുമില്ല. എന്നാല്‍ രോഗികളോടുള്ള ഇത്തരം സമീപനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. ഗവേഷണത്തിലും ചികിത്സയിലും ഒരേപോലെ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ചികിത്സാ രീതികള്‍ പ്രയോഗിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ല. രോഗികളെ ഗിനിപ്പന്നികളാക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഗവേഷണ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
മുന്‍ ഹെല്‍ത്ത് മിനിസ്റ്ററും എംപിയുമായ നോര്‍മാന്‍ ലാംപ് ‘കംപാഷനേറ്റ് യൂസ്’ നിയമത്തില്‍ റിവ്യൂ ആവശ്യപ്പെട്ടിരുന്നു. അപകടരമായ രീതിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റിവ്യു. വിഷയത്തില്‍ റിവ്യു വളരെ അത്യാവശ്യമാണ്. നിയമം കൃത്യതയോടെയാണോ ഉപയോഗിക്കപ്പെടുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതില്‍ ചില അപകട സാധ്യതകള്‍ ഉള്ളതായി വളരെ വ്യക്തമാണെന്നും സയന്‍സ് ആന്റ് ടെക്‌നോളജി ഹെല്‍ത്ത് കമ്മറ്റി ചെയര്‍ കൂടിയായ ലാംപ് വ്യക്തമാക്കി.
ലണ്ടന്‍: ബാഗേജ് പോളിസിയില്‍ വിവാദ മാറ്റങ്ങളുമായി റെയാനെയര്‍. ഇനിമുതല്‍ റെയാനെയര്‍ വിമാനങ്ങളില്‍ സ്യൂട്ട്‌കേസുകളും മീഡിയം വലിപ്പമുള്ള ബാഗുകളും സൗജന്യമായി കൊണ്ടുപോകാന്‍ കഴിയില്ല. യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാതെ ആയിരുന്നു അധികൃതരുടെ അപ്രതീക്ഷിതമായ പോളിസി മാറ്റം. പലരും വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് പുതിയ പോളിസി മാറ്റത്തെക്കുറിച്ച് അറിയുന്നത്. കാര്യങ്ങളില്‍ അവ്യക്തത നിലനിന്നിരുന്നതിനാല്‍ യാത്രക്കാര്‍ ബാഗുകള്‍ ധൃതിയില്‍ മാറ്റുകയായിരുന്നു. അതേസമയം യാത്രക്കാരില്‍ ചിലര്‍ ബോര്‍ഡിംഗിനായി എത്തുന്നതിന് തൊട്ടുമുന്‍പാണ് ബാഗേജ് പോളിസി മാറിയ കാര്യം അറിഞ്ഞത്. യാത്രക്കാര്‍ക്ക് ലഗേജ് ഒഴിവാക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വിമാനത്തിനുള്ളിലെ സീറ്റിനടയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന 40*20*25 സൈസിലുള്ള ചെറിയ ബാഗുകള്‍ മാത്രമാണ് ഇനിമുതല്‍ യാത്രക്കാരന് കൈയ്യില്‍ കരുതാനാവുക. അധികമായി വരുന്ന ബാഗുകളുടെ ഭാരത്തിന് അനുസരിച്ച് പണം നല്‍കേണ്ടി വരും. നിലവില്‍ 10 കിലോ ഭാരമുള്ള ബാഗുകള്‍ക്ക് 8 പൗണ്ടും 25 കിലോ വരെ ഭാരമുള്ള ബാഗുകള്‍ക്ക് 25 പൗണ്ടുമാണ് റെയാനെയര്‍ ഈടാക്കുന്നത്. എയര്‍ലൈന്‍ അധികൃതരുടെ അപ്രതീക്ഷിത നീക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്. വിമാനക്കമ്പനിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും യാത്രക്കാരുടെ കൈയ്യില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും ചിലര്‍ പ്രതികരിച്ചു.
റെയാനെയര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പോലും സ്ഥാപനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് ഇനത്തില്‍ ചെറിയ തുക ഈടാക്കുകയും മറ്റു മാര്‍ഗങ്ങളിലൂടെ ഇതിന്റെ ഇരട്ടി കമ്പനി വസൂലാക്കുകയും ചെയ്യുന്നതായി ചില യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും അപ്രതീക്ഷിതമായ ചില തീരുമാനങ്ങളെടുത്ത് വിവാദത്തില്‍പ്പെട്ട സ്ഥാപനമാണ് റെയാനെയര്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി യാത്രക്കാരെ വലയ്ക്കുകയാണ് കമ്പനിയെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. റെയാനെയര്‍ യാത്രക്കാരനായ ഒരാളുടെ ടിക്കറ്റ് വില 78 പൗണ്ടായിരുന്നു എന്നാല്‍ അധിക ചാര്‍ജുകള്‍ ഇതിനോടപ്പം ചേര്‍ന്നപ്പോള്‍ ആകെ 200 പൗണ്ട് നല്‍കേണ്ടി വന്നു.
ജോജി തോമസ്
ഇന്ത്യയുടെ 15-ാമത് പ്രധാനമന്ത്രിയായി 2014-ല്‍ നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളാണ്. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ അഴിമതികള്‍ വോട്ടാക്കി അധികാരത്തിലെത്തിയ മോഡി ഗവണ്‍മെന്റ് ഇന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ പ്രതിക്കൂട്ടിലാണ്. ഇന്ത്യാ ചരിത്രം ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള സ്വജനപക്ഷപാതത്തിന്റെ കഥകളാണ് ഒരോ ദിനവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണം ഏതാനും വ്യവസായിക കുത്തകള്‍ക്കും കോടീശ്വരന്മാര്‍ക്കുമായി ചുരുങ്ങിയതായി ഇന്ത്യന്‍ ജനത ചിന്തിക്കാന്‍ പ്രേരകമാകുന്ന തരത്തിലുള്ളതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പലതീരുമാനങ്ങളും. നാളെയുടെ അധികാരത്തിന്റെ നാള്‍വഴികള്‍ നിശ്ചയിക്കുന്നതിൽ പണാധിപത്യത്തിനുള്ള സ്വാധീനമെന്തെന്ന തിരിച്ചറിവാണ് അധികാര രാഷ്ട്രീയത്തില്‍ പണമെറിയാന്‍ കഴിവുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വഴിവിട്ട് സഹായമെത്തിക്കാനുള്ള മോഡിയുടെ വെമ്പലിന് പിന്നിലുള്ള ചേതോവികാരം. നോട്ടു നിരോധനമുള്‍പ്പെടെയുള്ള മോഡിയുടെ പല തീരുമാനങ്ങള്‍ക്കും പിന്നില്‍ മറഞ്ഞിരുന്ന രാഷ്ട്രീയ അജണ്ടകളുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട പല കോടീശ്വരമാരുമായിട്ട് മോദി ഗവൺമെന്റിലെ ഉന്നതർക്കുള്ള ബന്ധം അടുത്തിടെ സി.ബി.ഐയുമായി ബന്ധപ്പെട്ട് നടന്ന പൊട്ടിത്തെറികളില്‍ കൂടി വ്യക്തമായതാണ്.
മോഡി ഗവണ്‍മെന്റ് സ്വജനപക്ഷപാതത്തിന്റെ പേരില്‍ ഏറ്റവുമധികം പഴികേട്ടത് അംബാനി സഹോദരന്മാരിലെ അനില്‍ അംബാനിയുമായി ബന്ധപ്പെട്ടാണ്. അംബാനിമാര്‍ക്കായി സൃഷ്ടിക്കപ്പെട്ടതാണോ മോഡി സര്‍ക്കാര്‍ എന്ന് സംശയമുളവാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഒരു ഗുജറാത്തിക്ക് മറ്റൊരു ഗുജറാത്തിയോടുള്ള സ്‌നേഹത്തിലുപരിയായി രാജ്യ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ളതാണ് മോഡിയുടെ പല നടപടികളും. റഫേല്‍ യുദ്ധവിമാന ഇടപാടില്‍ പൊതുമേഖല സ്ഥാപനങ്ങളെ അവഗണിച്ച് അടുത്ത കാലത്ത് ആരംഭിച്ച അനില്‍ അംബാനിയുടെ സ്ഥാപനത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ ബിസിനസ് ആണ് സമ്മാനിച്ചത്.
നരേന്ദ്ര മോഡി ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ്സിന്റെ എതിര്‍പ്പുകളെപ്പോലും അവഗണിച്ച് ഇ.എസ്.ഐ ഫണ്ട കൈകാര്യം ചെയ്യാനുള്ള ചുമതല അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പിന് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇ.എസ്.ഐ കോര്‍പ്പറേഷന്‍ സഞ്ചിത നിധിയിലെ പകുതിയോളം തുകയായ 35,000 കോടി രൂപയുടെ ഫണ്ട് മാനേജരായിട്ടാണ് അനില്‍ അംബാനിയുടെ കമ്പനിയെ നിയോഗിച്ചിരിക്കുന്നത്. ഫണ്ട് മാനേജറായി പൊതുമേഖല സ്ഥാപനങ്ങളെ നിയോഗിക്കണമെന്ന പെന്‍ഷന്‍ ഫണ്ട് അതോറിറ്റിയുടെ നിര്‍ദേശം മറികടന്നാണ് റിലയന്‍സിനോടുള്ള മോഡിയുടെ അതിര് കടന്ന പ്രേമം. ബി.എം.എസ് ഉള്‍പ്പെടെ എല്ലാ തൊഴിലാളി സംഘടനകളും റിലയന്‍സിനെ ഫണ്ട് മാനേജറായി നിയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇ.എസ്.ആ കോര്‍പ്പറേഷന് കീഴില്‍ വരുന്ന 11 കോടിയോളം തൊഴിലാളികളുടെ വാര്‍ദ്ധക്യ കാലത്തെ കച്ചിതുരുമ്പാണ് മോഡി റിലയന്‍സിന് ചൂതാടാന്‍ നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന കുറ്റാന്വേണ ഏജന്‍സിയായ സി.ബി.ഐയില്‍ അടുത്തകാലത്ത് നടന്ന സംഭവവികാസങ്ങള്‍ മോഡി ഗവണ്‍മെന്റിന്റെ വിശ്വാസ്യതയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതാണ്. അര്‍ധരാത്രിയില്‍ ഫോഴ്‌സിനെ ഉപയോഗിച്ച് സിബിഐ ആസ്ഥാനം വളഞ്ഞ് ഡയറക്ട്‌റുടെ ഓഫീസ് സീല്‍ ചെയ്ത ഗവണ്‍മെന്റ് നടപടി അകത്തളങ്ങളില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. റാഫോല്‍ ഇടപാടു സംബന്ധിച്ച പല വിലപ്പെട്ട വിവരങ്ങളും സിബിഐ ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മയുടെ കൈവശം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വര്‍മയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന നാല് ഐബി ഓഫീസര്‍മാരെ അലോക് വര്‍മയുടെ സുരക്ഷാ ഭടന്‍മാര്‍ പിടികൂടിയത് ഗവണ്‍മെന്റ് ഈ വിഷയത്തില്‍ എത്രമാത്രം പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കുന്നു. അലോക് വര്‍മയുമായി അടുപ്പം സൂക്ഷിച്ചിരുന്ന പന്ത്രണ്ടോളം ഉദ്യോഗസ്ഥരെയാണ് സിബിഐയില്‍ കൂട്ടസ്ഥലമാറ്റത്തിന് വിധേയമാക്കിയത്.
വിമര്‍ശനങ്ങളോടും എതിര്‍ ശബ്ദങ്ങളോടും കടുത്ത അസഹിഷ്ണുത വെച്ചു പുലര്‍ത്തുന്ന നരേന്ദ്ര മോഡിയുടെ അതിരുകടന്ന സ്വജനപക്ഷപാതം ഇന്ത്യയിലെ ജനകോടികളുടെ താല്‍പ്പര്യങ്ങളെ കുഴിച്ചു മുടുന്നതാണ്. സമ്പത്ത് ഏതാനും വ്യക്തികളിലേക്ക് കേന്ദ്രീകരിക്കുകയും പാവപ്പെട്ടവന്റെ ജീവിത മാര്‍ഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദുഷ്‌കരമാക്കുന്നതുമാണ് മോഡിയുടെ പല നയങ്ങളും. ഇന്ത്യയിൽ അടുത്ത കാലത്ത് ഏറ്റവുമധികം വിമര്‍ശന വിധേയമായ പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിലവാരം അതിന് ഉദാഹരണമാണ്. മോഡി ഗവണ്‍മെന്റിന്റെ ഇന്നത്തെ നയങ്ങള്‍ക്കെതിരെ മറ്റ് ഭിന്നതകൾ മാറ്റിവെച്ച് ജനാതിപത്യ ശക്തികള്‍ ഒരുമിച്ചില്ലെങ്കില്‍ ഒരുപക്ഷേ ഇന്ത്യയെന്ന രാഷ്ട്രം ഒരുപറ്റം കോടീശ്വരന്മാരുടെ മാത്രമായിത്തീരും.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ബ്രിട്ടീഷ് കുട്ടികള്‍ ശരിയായ വിധത്തിലല്ല വളര്‍ത്തപ്പെടുന്നതെന്ന് എന്‍എച്ച്‌സ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ്. കുട്ടികള്‍ക്ക് മികച്ച ഭാവി വാഗ്ദാനം ചെയ്യുന്നതിനായി മൗലികമായ ചുവടുവെയ്പ്പുകള്‍ സമൂഹം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികളെന്നു തന്നെ വിശേഷിപ്പിക്കാവുന്ന കുട്ടികളിലെ അമിത വണ്ണം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ മൂല കാരണം കണ്ടെത്തണമെന്നും എംപിമാരോട് സ്റ്റീവന്‍സ് ആവശ്യപ്പെട്ടു. ഇന്നത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം. സോഷ്യല്‍ മീഡിയ ഉദ്പാദിപ്പിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം ബ്രിട്ടീഷ് യുവത്വത്തില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സ്റ്റീവന്‍സ്. സോഷ്യല്‍ മീഡിയ മൂലം യുവാക്കളിലുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്‍എച്ച്എസ് സംവിധാനത്തെ സജ്ജമാക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്ന് ലെവി ഈടാക്കണമെന്ന് നേരത്തേ സ്റ്റീവന്‍സ് ആവശ്യപ്പെട്ടിരുന്നു. സ്തന വലിപ്പം കൂട്ടുന്നതു സംബന്ധിച്ചുള്ള പരസ്യങ്ങള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഈ പരസ്യങ്ങള്‍ നിരോധിക്കുകയും ചെയ്തു. ഓണ്‍ലൈനില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഇത് വളരെ ഗുരുതരമായ ഒന്നാണ്. കുട്ടികളിലെ മാനസിക പ്രശ്‌നങ്ങള്‍ മുമ്പില്ലാത്ത വിധത്തില്‍ വളര്‍ന്നിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള കണക്കുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ക്ക് ആരോഗ്യകരമായ ഒരു കുട്ടിക്കാലം നല്‍കാതെ മറ്റു പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും നീളമേറിയ ഡിഎന്‍എ സീക്വന്‍സ് ഡീകോഡ് ചെയ്തതായി യുകെ ശാസ്ത്രജ്ഞര്‍. സാധാരണ ഡിഎന്‍എ സീക്വന്‍സുകളേക്കാള്‍ 10,000 ഇരട്ടി ദൈര്‍ഘ്യമുള്ള ഡിഎന്‍എ സീക്വന്‍സാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. നിലവില്‍ ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ക്കാണ് ഇതില്‍ ലോക റെക്കോര്‍ഡ്. ഈ സീക്വന്‍സിന്റെ ഇരട്ടിയുള്ളതാണ് തങ്ങള്‍ ചുരുളഴിച്ചിരിക്കുന്നതെന്നാണ് യുകെ ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ മാറ്റ് ലൂസും സംഘവുമാണ് പുതിയ റെക്കോര്‍ഡിന് ഉടമകളായത്. ഈ ഗവേഷണ ഫലം പുതിയൊരു മത്സരത്തിനും തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു ക്രോമസോമിനെ മുഴുവനായി ഡീകോഡ് ചെയ്യാന്‍ കഴിയുമോ എന്ന വിധത്തിലുള്ള പഠനങ്ങളും ആരംഭിച്ചിട്ടുണ്ട്.
മനുഷ്യ ഡിഎന്‍എയാണ് ശാസ്ത്രജ്ഞര്‍ ഡീകോഡ് ചെയ്തത്. നിലവില്‍ ഡിഎന്‍എയെ ചെറിയ കഷണങ്ങളായി മുറിച്ച് പിന്നീട് സീക്വന്‍സിംഗില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഈ രീതി ജനറ്റിക് ഇന്‍ഫര്‍മേഷന്‍ സീക്വന്‍സിംഗിനെ കൂടുതല്‍ എളുപ്പവും വേഗത്തിലുമാകകുമെന്ന് പ്രതീക്ഷിക്കുന്നു. കൈപ്പത്തിക്കുള്ളില്‍ ഒതുങ്ങുന്ന നാനോപോര്‍ സീക്വന്‍സിംഗ് മെഷീന്‍ ഉപയോഗിച്ച് പൂര്‍ണ്ണരൂപത്തിലുള്ള മനുഷ്യ ജീനോം സീക്വന്‍സിംഗ് നടത്താനും ഡോ. മാറ്റ് ലൂസിന്റെ സംഘത്തിന് സാധിച്ചു. ഈ ഉപകരണം ഡിഎന്‍എ സീക്വന്‍സിംഗിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും. ഏറ്റവും ദൈര്‍ഘ്യമേറിയ സീക്വന്‍സ് കണ്ടെത്താന്‍ ആര്‍ക്കു കഴിയും എന്നതില്‍ ഒരു സൗഹാര്‍ദ്ദപരമായ മത്സരം നിലവിലുണ്ടെന്ന് ഡോ.ലൂസ് പറഞ്ഞു.
ഡിഎന്‍എ സീക്വന്‍സിംഗില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ വികസനമാണ് ഉണ്ടായത്. ഇപ്പോള്‍ വളരെ ചെലവു കുറഞ്ഞ രീതിയായി ഇത് മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വ്യക്തിപരമായ ഡിഎന്‍എ സീക്വന്‍സിംഗ് അത്ര വിദൂരമായ ലക്ഷ്യമല്ല. ഒരു ഡോക്ടറുടെ അടുത്തെത്തിയാല്‍ ഡിഎന്‍എ വിവരങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ സാങ്കേതികത വളരുകയാണ്. അതായത്, ഒരു കുട്ടി ജനിക്കുന്നതിനു മുമ്പു തന്നെ ജനിതക വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് മനസിലാകുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
മൊബൈല്‍ ഷോപ്പ് ജീവനക്കാര്‍ സിം കാര്‍ഡ് തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി കണ്ടെത്തല്‍. ഐഡി രേഖകള്‍ ദുരുപയോഗം ചെയ്ത് റീപ്ലേസ്‌മെന്റ് സിമ്മുകള്‍ ക്രിമിനലുകള്‍ക്ക് നല്‍കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സിമ്മുകളില്‍ വരുന്ന എസ്എംഎസുകളിലൂടെ ബാങ്ക് വിവരങ്ങളും സെക്യൂരിറ്റി കോഡുകളും ചോര്‍ത്താന്‍ ഇവര്‍ക്ക് കഴിയുന്നുവെന്നാണ് വാച്ച്‌ഡോഗ് ലൈവ് വെളിപ്പെടുത്തുന്നത്. ഒ2, വോഡഫോണ്‍ ജീവനക്കാരില്‍ നടത്തിയ ഒളിക്യാമറ പരിശോധനയിലാണ് ഈ വന്‍ തട്ടിപ്പ് പുറത്തു വന്നിരിക്കുന്നത്. തട്ടിപ്പുകാര്‍ ആയിരക്കണക്കിന് പൗണ്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്നും വാച്ച്‌ഡോഗ് പറയുന്നു.
പ്രതിമാസ കോണ്‍ട്രാക്ടില്‍ റീപ്ലേസ്‌മെന്റ് സിം നല്‍കുന്നതിന് ഫോട്ടോ ഐഡി ആവശ്യപ്പെടാറുണ്ടെന്ന് ഒ2 ബിബിസിയോട് പറഞ്ഞു. മറ്റാരെങ്കിലും ഒരേ നമ്പര്‍ ഉപയോഗിച്ചാല്‍ പേയ് ആസ് യു ഗോ ഉപഭോക്താക്കള്‍ക്ക് ഒരു ഓതറൈസേഷന്‍ കോഡ് അലര്‍ട്ട് ലഭിക്കുമെന്നും കമ്പനി അവകാശപ്പെട്ടു. എന്നാല്‍ റീപ്ലേസ്‌മെന്റ് സിം സ്വന്തമാക്കിയ തങ്ങളുടെ സംഘത്തിന് അത്തരം മെസേജുകളൊന്നും ലഭിച്ചില്ലെന്ന് വാച്ച്‌ഡോഗ് ലൈവ് പറയുന്നു. റീപ്ലേസ്‌മെന്റ് സിം കിട്ടുന്നതിന് വലിയ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കി. കോഡുകള്‍ അയച്ചിരുന്നുവെന്നും അവ ഒറിജിനല്‍ സിം കാര്‍ഡ് ഉടമയുടെ ഫോണില്‍ ലഭിച്ചില്ലെന്നുമായിരുന്നു ഒ2വിന്റെ പ്രതികരണം.
സിം കാര്‍ഡ് തട്ടിപ്പ് ഗുരുതരമായ സംഭവമെന്നായിരുന്നു വോഡഫോണ്‍ പ്രതികരിച്ചത്. തങ്ങളുടെ പരിശീലനം ലഭിച്ച രണ്ടു ജീവനക്കാരാണ് സുരക്ഷാ പരിശോധനകള്‍ വേണ്ട വിധത്തില്‍ നടത്താതെ റീപ്ലേസ്‌മെന്റ് സിമ്മുകള്‍ നല്‍കിയതെന്നും കമ്പനി അറിയിച്ചു. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നോ മോഷ്ടിക്കപ്പെട്ടുവെന്നോ കാട്ടിയായിരിക്കും മിക്കവാറും തട്ടിപ്പുകാര്‍ റീപ്ലേസ്‌മെന്റ് സിമ്മുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനുവേണ്ടി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി വ്യാജ ഐഡന്റിറ്റി രേഖകളും തയ്യാറാക്കും. സൈബര്‍, മാല്‍വെയര്‍ ആക്രമണങ്ങളിലൂടെ ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ കുറ്റവാളികള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷത്തെ ഗ്രേറ്റ് ബ്രിട്ടീഷ് ബേക്ക് ഓഫ് റിയാലിറ്റി ഷോയില്‍ വിജയിയായത് ഇന്ത്യന്‍ വംശജനായ യുവ ശാസ്ത്രജ്ഞന്‍. റോത്തര്‍ഹാമില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി ഡോ.രാഹുല്‍ മണ്ഡല്‍ ആണ് ബേക്ക് ഓഫില്‍ വിജയിയായത്. സമ്മറില്‍ നടന്ന സീരീസിന്റെ ഫലങ്ങള്‍ ഇപ്പോളാണ് പ്രഖ്യാപിച്ചത്. റൂബി ഭോഗല്‍, കിം-ജോയ് എന്നിവരെ പിന്തള്ളിയാണ് രാഹുല്‍ ചാംപ്യനായത്. ഡോനട്ട് ഉണ്ടാക്കാനും ഓപ്പണ്‍ ഫയറില്‍ ബ്രെഡ് ഉണ്ടാക്കാനും ഒരു എഡിബിള്‍ ലാന്‍ഡ്‌സ്‌കേപ്പ് നിര്‍മിക്കാനുമായിരുന്നു രാഹുലിനോട് അവസാന റൗണ്ടില്‍ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന താനിക്ക് ഡോനട്ട് കഴിക്കാനോ മുമ്പ് അത് തയ്യാറാക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ ചാലഞ്ച് വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ തനിക്ക് ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ജെ.കെ.റൗളിംഗ് ഉള്‍പ്പെടെയുള്ളവരാണ് തനിക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് എത്തിയ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഇരുന്നാണ് താന്‍ ഫൈനല്‍ കണ്ടതെന്നും രാഹുല്‍ പറഞ്ഞു. ബേക്ക് ഓഫ് തനിക്ക് പുതിയ കുടുംബത്തെയാണ് നല്‍കിയിരിക്കുന്നതെന്നും ഷോയില്‍ എല്ലാവരും തനിക്ക് പിന്തുണ നല്‍കിയെന്നും രാഹുല്‍ വ്യക്തമാക്കി. ഏഴു വര്‍ഷം മുമ്പാണ് ലോഗ്ബറോ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി സ്‌കോളര്‍ഷിപ്പോടെ രാഹുല്‍ യുകെയില്‍ എത്തിയത്. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീല്‍ഡിന്റെ ന്യൂക്ലിയര്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് റിസര്‍ച്ച് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു.
ഒരു ശാസ്ത്രജ്ഞന്‍ എന്ന ജോലിയെ താന്‍ ഇഷ്ടപ്പെടുന്നു. അതേസമയം ബേക്കിംഗ് എന്നത് ഫിസിക്‌സിന്റെയും കെമിസ്ട്രിയുടെയും എന്‍ജിനീയറിംഗിന്റെയും സമ്മേളനമാണ്. അനുപാതങ്ങള്‍ കൃത്യമാക്കിയാലേ ഫലം മികച്ചതാകൂ. അതു തന്നെയാണ് ശാസ്ത്രത്തിലും സംഭവിക്കുന്നതെന്ന് രാഹുല്‍ പറയുന്നു. ബിബിസിയില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന ഈ ഷോ 2016 മുതല്‍ ചാനല്‍ 4 ആണ് സംപ്രേഷണം ചെയ്യുന്നത്. ചാനലിന്റെ ഏറ്റവും വലിയ ഷോയാണ് ബേക്ക് ഓഫ്.
ലണ്ടന്‍: സമീപകാലത്ത് ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന രക്ഷാപ്രവര്‍ത്തനമായിരുന്നു തായ്‌ലന്റിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട 13 പേര്‍ക്ക് വേണ്ടി നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ മുങ്ങല്‍ വിദഗ്ദ്ധരുള്‍പ്പെടെ നിരവധി പേര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഏതാണ്ട് 17 ദിവസത്തോളം ഗുഹയ്ക്കകത്ത് 12 കുട്ടികളും ഫുട്‌ബോള്‍ കോച്ചും ഭക്ഷണം പോലുമില്ലാതെ കഴിച്ചുകൂട്ടി. കുട്ടികളെ കണ്ടെത്തുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ബ്രിട്ടീഷ് കെയ്‌വ് റെസ്‌ക്യൂ കൗണ്‍സില്‍ ടീം കുട്ടികളെ കണ്ടെത്തുന്നത്. കാര്യമായി പരിക്കുകളോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാതെ കുട്ടികളെ പുറത്തെത്തിക്കുകയും ചെയ്തു.
ലോകം ഒറ്റുനോക്കിയ രക്ഷാപ്രവര്‍ത്തനം നയിച്ചത് 5 ബ്രിട്ടീഷ് ഡൈവേഴ്‌സായിരുന്നു. കുട്ടികളെ ആദ്യമായി കണ്ടെത്തിയതും ഈ ടീം അംഗങ്ങള്‍ തന്നെ. ജോണ്‍ വോളാന്‍ഥന്‍, ജെയ്‌സണ്‍ മലിസണ്‍, റിക് സ്റ്റാന്റണ്‍, ജോഷ് ബ്രാച്ച്‌ലി, കോണര്‍ റോ, ക്രിസ് ജ്യൂവല്‍ എന്നിവരായിരുന്നു രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ആ രക്ഷാപ്രവര്‍ത്തകര്‍. ഇത്തവണത്തെ ഡെയ്‌ലി മിറര്‍ പ്രൈഡ് ബ്രിട്ടന്‍ അവാര്‍ഡും ഈ ധീരന്മാരായ ഡൈവേഴ്‌സിനായിരുന്നു. അവാര്‍ഡ് നല്‍കാനായി അവര്‍ രക്ഷപ്പെടുത്തിയ ഫുട്‌ബോള്‍ ടീം വൈല്‍ഡ് ബോര്‍സിനെയും ക്ഷണിച്ചു. തങ്ങളുടെ ജീവന്‍ രക്ഷിച്ചവര്‍ക്ക് നന്ദി പറയാനായി ഈ അവസരം വിനിയോഗിക്കുന്നതായി ടീമംഗങ്ങളായ കുട്ടികള്‍ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നതിന് ശേഷം കുട്ടികള്‍ ഡൈവേഴ്‌സിനൊപ്പം കൂടിച്ചേരുന്നത് ഇത് ആദ്യമായിട്ടാണ്.
‘ഞങ്ങളുടെ ജീവന്‍ രക്ഷിച്ച ഇവരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഈ അവസരത്തില്‍ ആത്മാര്‍ത്ഥമായി നന്ദി പറയുകയാണ്. ജീവിതകാലം മുഴുവനും നന്ദി പറഞ്ഞാലും മതിയാകില്ല. എന്നും മനസില്‍ ഒരായിരം തവണ ഒരോരുത്തരോടും നന്ദി പറയുന്നുണ്ട്’ വൈല്‍ഡ് ബോര്‍സിന്റെ കോച്ച് പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ബ്രിട്ടനിലെത്തിയ സന്തോഷവും തായ് കുട്ടികള്‍ പങ്കുവെച്ചു. ബ്രിട്ടനിലെ നിരത്തുകള്‍ തങ്ങളുടേതിനേക്കാള്‍ കൂടുതല്‍ നല്ലതാണെന്നായിരുന്നു ഒരു കുട്ടിയുടെ കമന്റ്. ബൈക്കുകള്‍ കാണാനില്ലെന്ന് മറ്റൊരുവന്‍ പരാതിയും പറയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ സാക്ഷാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വൈല്‍ഡ് ബോര്‍സിനെ ക്ഷണിച്ചിട്ടുണ്ട്. തങ്ങളുടെ യൂത്ത് ടീമിനൊപ്പം പരിശീലനം മത്സരത്തിനായി കുട്ടികളെ ക്ഷണിക്കുന്നതായി ടീം മാനേജര്‍ അറിയിച്ചു.