Main News

ബിനോയ് ജോസഫ്

1984 ഒക്ടോബർ 31. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിലെ ഒരു സാധാരണ ദിനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അന്ന് രണ്ട് പ്രധാന ഔദ്യോഗിക പരിപാടികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ആക്ടറും ടെലിവിഷൻ അവതാരകനുമായ പീറ്റർ ഉത്സിനോവുമായുള്ള അഭിമുഖം രാവിലെയും പ്രിൻസസ് ആൻ ഓഫ് ബ്രിട്ടന്റെ ബഹുമാനാർത്ഥം ഒരുക്കിയിരിക്കുന്ന ഡിന്നർ വൈകുന്നേരവും. ടിവി ഇന്റർവ്യൂവിനുള്ള മേക്ക് അപ്പിനായായി ഡ്രെസ്സിംഗ് ടേബിളിൻറെ മുന്നിൽ ഇരുന്നു കൊണ്ട് ഡിന്നറിനുള്ള ഗസ്റ്റ് ലിസ്റ്റിൽ ചില മാറ്റങ്ങൾ വരുത്താൻ ഇന്ദിരാഗാന്ധി തൻറെ പ്രൈവറ്റ് സെക്രട്ടറി ആർ.കെ ധവാന് നിർദ്ദേശങ്ങൾ നല്കി.

സമയം രാവിലെ 9 മണി കഴിഞ്ഞിരിക്കുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള സാരിയും കറുത്ത പാദരക്ഷയും അണിഞ്ഞ് ചുവപ്പ് കളറിലുള്ള ഒരു ബാഗും കൈയിലേന്തി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയുടെ ഔദ്യോഗി വസതിയായ 1, സഫ്ദർജംഗ് റോഡിൽ നിന്നും ഓഫീസായ 1, അക്ബർ റോഡിലേയ്ക്ക് പുറപ്പെട്ടു. ഇൻറർവ്യൂവിനായി പീറ്റർ ഉത്സിനോവ് അവിടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാത്ത് നിൽപ്പുണ്ടായിരുന്നു. സൂര്യരശ്മികളിൽ നിന്ന് തണലേകാൻ ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗ്  കുട ചൂടിച്ച് പ്രധാനമന്ത്രിയ്ക്ക് ഒപ്പം നടന്നു. ഗാർഡനിലൂടെ ഇന്റർവ്യൂ സ്ഥലത്തേക്ക് നടക്കവേ, ഉത്സിനോവുമായി നടത്തുന്ന ഇന്റർവ്യൂ ടേബിളിൽ ആ സമയം വയ്ക്കാനുള്ള ടീ സെറ്റുമായി നിൽക്കുന്ന സെർവ്വൻറിനെ കണ്ടു. അതു മാറ്റി മനോഹരമായ മറ്റൊന്ന് കൊണ്ടുവരാൻ ഇന്ദിരാഗാന്ധി നിർദ്ദേശിച്ചു. മനോഹരമായ പുൽത്തകിടിയുള്ള ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലെ നടപ്പാതയിലൂടെ 20 മീറ്ററോളം നടന്ന് ഒദ്യോഗിക വസതിയെയും ഓഫീസിനെയും വേർതിരിക്കുന്ന ഗേറ്റിൽ എത്തി.

സമയം രാവിലെ 9.09. ഗേറ്റിൽ സുരക്ഷയൊരുക്കി കാത്തു നിന്നിരുന്നത്  പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിയങ്കരനായ സബ് ഇൻസ്പെക്ടർ ബിയാന്ത് സിംഗ്. ഇന്ദിരാജിക്ക് ബിയന്ത് സിംഗിനെ പത്തു വർഷമായി നേരിട്ടറിയാം. ബിയന്തിനൊപ്പം ഗാർഡ് സത് വന്ത് സിംഗ്. പ്രധാന മന്ത്രിയുടെ സുരക്ഷാ ടീമിൽ ഈ 22 വയസുകാരൻ ചേർന്നിട്ട് അഞ്ചുമാസം മാത്രം. ഗേറ്റിൽ എത്തിയ ഇന്ദിരാഗാന്ധി ഗാർഡുകൾക്ക് നമസ്തേ പറഞ്ഞ് കരങ്ങൾ കൂപ്പി… ബിയാന്ത് സിംഗിൻറെ കൈയിലിരുന്ന റിവോൾവർ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേരെ ഉയർന്നു… 0.38 റിവോൾവർ മൂന്നു റൗണ്ട് വെടിയുതിർത്തു… ഒപ്പമുണ്ടായിരുന്ന സത് വന്ത് സിംഗിൻറെ കൈയിലെ സബ് മെഷീൻ ഗണ്ണും ഇന്ദിരാജിയുടെ നേരെ 30 റൗണ്ട് തീ തുപ്പി… ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാ ഗാർഡുകൾ തന്നെ വെടിവച്ചു വീഴ്ത്തിയ നിമിഷങ്ങൾ…  ഭാരതാംബയുടെ നെഞ്ചിലേക്ക് ഇന്ത്യയുടെ വീരപുത്രി വെടിയേറ്റു വീണു…

വെടിയൊച്ച സഫ്ദർജംഗ് റോഡിൽ മാറ്റൊലി കൊണ്ടു. ബിയാന്ത് സിംഗും സത് വന്ത് സിംഗ് തോക്കുകൾ വലിച്ചെറിഞ്ഞു. “ഞാൻ ചെയ്യേണ്ടത് ചെയ്തിരിക്കുന്നു. ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്യാം”. ബിയാന്ത് സിംഗ് വിളിച്ചു പറഞ്ഞു. ഇൻഡോ-ടിബറ്റൻ പോലീസിലെ ഉദ്യോഗസ്ഥരായ ടാർസീൻ സിംഗ് ജാംവാലും രാം സരണും ചേർന്ന് ബിയാന്ത് സിംഗിനെ വെടിവച്ചു കൊന്നു. സത് വന്ത് സിംഗിനെയും സഹായി കേഹാർ സിംഗിനെയും മറ്റു സുരക്ഷാ ഗാർഡുകൾ ചേർന്ന് കീഴ്പ്പെടുത്തി.

വെടിയൊച്ച കേട്ട് സോണിയാ ഗാന്ധി സഫ്ദർജംഗ് റോഡിലെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് ഓടിയെത്തി. ഇന്ദിരാജിയുടെ സുരക്ഷാ ടീമിനെ ഡോക്ടറും ഉടനെയെത്തി. ആംബുലൻസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ വെടിയേറ്റു വീണ ഇന്ദിരാ ഗാന്ധിയെ ഓദ്യോഗിക കാറിൽ കയറ്റി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്ക് പാഞ്ഞു. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മടിയിൽ കിടത്തി മരുമകൾ സോണിയ വെളുത്ത അംബാസഡർ കാറിൽ എയിംസിലേക്ക്. വെസ്റ്റ് ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു  മകൻ രാജീവ് ഗാന്ധി.

രാവിലെ 9.30. വെടിയേറ്റു വീണ ഇന്ദിരാഗാന്ധിയെ എയിംസിലെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. 33 വെടിയുണ്ടകൾ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയിൽ 30 ഉം ശരീരത്തിൽ തറച്ചു. 23 എണ്ണം ശരീരത്തെ തുളച്ച്  കടന്നു പോയി. ഏഴ് എണ്ണം ശരീരത്തിൽ തങ്ങി. 40 കുപ്പി രക്തം നല്കിയെങ്കിലും കരളും ശ്വാസകോശവും കിഡ്നിയും വെടിയുണ്ടയേറ്റ് തകർന്നതിനാൽ രക്ത സ്രാവം നിയന്ത്രിക്കാനായില്ല. രാവിലെ 11.25. ഹെഡ് കോൺസ്റ്റബിൾ നരേൻ സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടു.

ഇന്ത്യയുടെ പ്രസിഡന്റ് സെയിൽ സിംഗിനെയും ലോക്സഭാ സ്പീക്കർ, സൈന്യാധിപന്മാർ, രാജീവ് ഗാന്ധി എന്നിവർക്ക് ഇന്ദിരാഗാന്ധി വെടിയേറ്റതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു കഴിഞ്ഞിരുന്നു. ഓൾ ഇന്ത്യാ റേഡിയോയും ദൂരദർശനും വാർത്താ പ്രക്ഷേപണം നിറുത്തി വച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ അരുതാത്തത് എന്തോ നടന്നെന്നും ഇന്ദിരാഗാന്ധി എയിംസിൽ ആണെന്നും ഉള്ള വാർത്ത ഡൽഹിയിലെങ്ങും പരന്നിരുന്നു. ഉച്ചയ്ക്ക് 2.20 ന് ഇന്ദിരാഗാന്ധിയുടെ മരണം ഔദ്യോഗികമായി എയിംസിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ത്യാ മഹാരാജ്യം ആ വാർത്തയിൽ നടുങ്ങി. BBC ഇന്ത്യൻ സമയം ഒരു മണിയോടെ തന്നെ വാർത്ത പുറത്തു വിട്ടിരുന്നു. രാജീവ് ഗാന്ധി ഉച്ചയോടെ ഡൽഹിയിൽ തിരിച്ചെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി രാജീവ് ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി നിർദ്ദേശിച്ചു. യെമനിൽ സന്ദർശനത്തിലായിരുന്ന രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് തിരിച്ചെത്തിയതിനു ശേഷം വൈകുന്നേരം 6.30 ന് ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

ഇന്ത്യയുടെ യശസ്സുയർത്തിയ ധീരവനിത അറുപത്തി ആറാം വയസിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായി. 1917 നവംബർ 19 ന് ജവഹർലാൽ നെഹ്റുവിന്റെയും കമലാ നെഹ്റു വിന്റെയും മകളായി ജനിച്ച ഇന്ദിരാ പ്രിയദർശിനി ഗാന്ധി ചരിത്രത്താളുകളിൽ മറഞ്ഞു. ഡൽഹിയിലെ റോഡുകളിൽ തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഇന്ദിരാജിയുടെ ഭൗതിക ശരീരം ഗൺ കാര്യേജിൽ നവംബർ ഒന്നിന് തീൻ മൂർത്തി ഭവനിൽ എത്തിച്ചു. നവംബർ 3ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിക്കടുത്ത് ശക്തിസ്ഥലിൽ ഇന്ദിരാഗാന്ധിയുടെ ഭൗതികദേഹം ഭാരതാംബയിൽ അലിഞ്ഞു ചേർന്നു.

ഇന്ദിരാജി വെടിയേൽക്കുന്നതിന്റെ തലേന്ന് ഒറീസയിലെ സെക്രട്ടറിയേറ്റിൻറെ മുൻപിലുള്ള പരേഡ് ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു. “ഞാനിന്ന് ജീവനോടെയിരിക്കുന്നു. നാളെ അങ്ങനെ ആവണമെന്നില്ല. എൻറെ അവസാനശ്വാസം വരെ ഞാൻ സേവനം ചെയ്യും. മരിച്ചു വീഴുമ്പോൾ എനിക്ക് പറയാൻ സാധിക്കും, എൻറെ ഓരോ രക്തത്തുള്ളിയും ഇന്ത്യയെ പുഷ്ടിപ്പെടുത്തിയെന്നും ശക്തിപ്പെടുത്തിയെന്നും. രാജ്യ സേവനത്തിനിടെ മരിച്ചാൽ അതിൽ ഞാനഭിമാനിക്കും. ഏൻറെ ഓരോ തുള്ളി രക്തവും… രാജ്യത്തിൻറെ വളർച്ചയ്ക്കായി ഉപയോഗിക്കപ്പെടുകയും ശക്തിയും ഊർജ്ജസ്വലതയും നല്കുകയും ചെയ്യും”. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി… ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ചത് 14 വർഷങ്ങൾ.

ഇന്ത്യയുടെ പ്രിയങ്കരിയായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ സ്മരണയിൽ ആദരാഞ്ജലികൾ.

ജനപ്രിയ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അവതരിപ്പിച്ച ബജറ്റില്‍ ഒളിച്ചുകടത്തിയിരിക്കുന്നത് ആരും കാണാതെയുള്ള വെട്ടിച്ചുരുക്കലുകള്‍. ഒരു ബില്യന്‍ പൗണ്ടോളം വരുന്ന തുകയാണ് വെട്ടിക്കുറച്ചിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. 2023ഓടെ എന്‍എച്ച്എസ് ബജറ്റിന് 20 ബില്യന്‍ പൗണ്ടിന്റെ ഉത്തേജനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്‍എച്ച്എസിന് സാമ്പത്തിക ഉത്തേജനം നല്‍കുമെന്ന് അവകാശപ്പെടുമ്പോളും പബ്ലിക് ഹെല്‍ത്ത് സര്‍വീസിനും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പരിശീലനത്തിന് നല്‍കി വന്നിരുന്ന ഫണ്ടില്‍ നിന്ന് ഭീമമായ തുക വെട്ടിക്കുറച്ചിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിന് ഈ നീക്കം വീണ്ടും പ്രതിസന്ധിയുണ്ടാക്കുമെന്ന് എന്‍എച്ച്എസ് ഫിനാന്‍സ് വിദഗ്ദ്ധയും ഹെല്‍ത്ത് ഫൗണ്ടേഷന്റെ ഇക്കണോമിക്‌സ് ആന്‍ജ് റിസര്‍ച്ച് ഡയറക്ടറുമായ പ്രൊഫ. അനിറ്റ ചാള്‍സ് വര്‍ത്ത് പറയുന്നു.

ഒരാളില്‍ നിന്ന് കൊള്ളയടിച്ച് മറ്റൊരാള്‍ക്ക് നല്‍കുന്ന നയമാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇത് തെറ്റായ സാമ്പത്തിക ശാസ്ത്രമാണെന്നും അവര്‍ വിശദീകരിച്ചു. 2019-20 വര്‍ഷത്തിലായിരിക്കും ഈ ബജറ്റ് വെട്ടിക്കുറയ്ക്കലിന്റെ പ്രതികൂല ഫലങ്ങള്‍ അനുഭവിച്ചു തുടങ്ങുക. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനും ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കാനായി നല്‍കുന്ന എന്‍എച്ച്എസ് മൂലധന നിക്ഷേപത്തിലും കുറവുണ്ടാകുമെന്ന് ഇവര്‍ പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ബജറ്റിലേക്ക് പണമനുവദിക്കുന്നതിലുള്ള നിയന്ത്രണം സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് ഇത് നല്‍കുന്ന സൂചനയെന്നും പ്രൊഫ.ചാള്‍സ് വര്‍ത്ത് വ്യക്തമാക്കി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ബജറ്റിലെ ചില ഘടകങ്ങള്‍ക്ക് തെരേസ മേയ് എന്‍എച്ച്എസ് ബര്‍ത്ത്‌ഡേ സമ്മാനമായി നല്‍കിയ 20 ബില്യന്‍ സഹായ ഫണ്ടിന്റെ സംരക്ഷണം ലഭിക്കില്ല. ഈ മേഖലകളെ ഫണ്ടി വെട്ടിച്ചുരുക്കല്‍ പ്രതികൂലമായി ബാധിക്കും. എന്‍എച്ച്എസ് ബജറ്റില്‍ അടുത്ത വര്‍ഷം കേവലം 3.3 ശതമാനത്തിന്റെ വര്‍ദ്ധന മാത്രമേ ഉണ്ടാകാന്‍ ഇടയുള്ളുവെന്നും ചാള്‍സ് വര്‍ത്ത് പറയുന്നു. നിലവിലുള്ള 3.6 ശതമാനത്തേക്കാള്‍ താഴെയാണ് ഈ നിരക്കെന്നും അവര്‍ വിലിയിരുത്തി.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുന്നതിന് മുമ്പായി അവതരിപ്പിച്ച അവസാന ബജറ്റില്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കൊണ്ടുവന്നിരിക്കുന്നത് ജനപ്രിയ നിര്‍ദേശങ്ങള്‍. എന്‍എച്ച്എസിനും മെന്റല്‍ ഹെല്‍ത്ത് മേഖലയ്ക്കും പ്രതിരോധ മേഖലയ്ക്കും കൂടുതല്‍ വിഹിതം അനുവദിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. 32 മില്യന്‍ തൊഴിലാളികള്‍ക്ക് വരുമാന നികുതിയില്‍ ഇളവ് അനുവദിച്ചതാണ് ഏറ്റവും പ്രധാന നിര്‍ദേശം. പേഴ്‌സണല്‍ അലവന്‍സ് നിരക്കില്‍ വര്‍ദ്ധനയും പ്രഖ്യാപിച്ചിട്ടുണ്ട്. ടെക് ഭീമന്‍മാരായ ആമസോണ്‍, ഫെയിസ്ബുക്ക് എന്നിവയില്‍ നിന്ന് നികുതിയിനത്തില്‍ കൂടുതല്‍ നികുതി ഈടാക്കാനുള്ള നീക്കവും ബജറ്റിലുണ്ട്.

വെബ് ഭീമന്‍മാരില്‍ നിന്ന് ദശലക്ഷക്കണക്കിന് പൗണ്ട് ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ടെക് കമ്പനികള്‍ അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള ലെവിയോ കോര്‍പറേഷന്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള നികുതികളോ നല്‍കുന്നില്ലെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും അടുത്ത അഞ്ചു വര്‍ഷത്തേക്ക് വകയിരുത്തിയിരിക്കുന്ന 100 ബില്യന്‍ പൗണ്ടിന്റെ ചെലവ് ആഢംബരമാണെന്ന് വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍, മെന്റല്‍ ഹെല്‍ത്ത്, ഡിഫന്‍സ് എന്നീ മേഖലകളില്‍ വന്‍തുകകളാണ് വകയിരുത്തിയിരിക്കുന്നത്. യൂണിവേഴ്‌സല്‍ ക്രെഡിറ്റിനും വര്‍ക്ക് അലവന്‍സുകള്‍ക്കും കൂടുതല്‍ തുകയും വകയിരുത്തിയിരിക്കുന്നു.

ജനപ്രിയ നിര്‍ദേശങ്ങള്‍ ഇവയാണ്

1. പേഴ്‌സണല്‍ അലവന്‍സ് നിരക്ക് ടോറി തെരഞ്ഞെടുപ്പ് വാഗ്ദാനമനുസരിച്ച് 12,500 പൗണ്ടാക്കി ഉയര്‍ത്തി. വരുമാന നികുതി പരിധി 2019 ഓടെ 50,000 പൗണ്ടായി ഉയരും.

2. ഗവണ്‍മെന്റിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് പരിഷ്‌കരണത്തിനായി രക്ഷാ പാക്കേജ്. ട്രാന്‍സിഷണല്‍ പ്രൊട്ടക്ഷനായി 1 ബില്യന്‍ പൗണ്ടും വര്‍ക്ക് അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ 1.7 ബില്യന്‍ പൗണ്ടും വകയിരുത്തി.

3. മോട്ടോര്‍വേകളും മറ്റു പ്രധാന റോഡുകളും വികസിപ്പിക്കുന്നതിനായി 30 ബില്യന്‍

4. ഇന്ധന ഡ്യൂട്ടി മരവിപ്പിച്ചത് ഒമ്പതാമത്തെ വര്‍ഷവും തുടരാന്‍ തീരുമാനം. ബിസിനസുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ലക്ഷക്കണക്കിന് പൗണ്ട് ലാഭമുണ്ടാക്കുന്ന ഈ ഇളവിനു പുറമേ റോഡിലെ കുഴികള്‍ ഇല്ലാതാക്കാന്‍ 420 മില്യന്റെ പദ്ധതി.

5. സോഷ്യല്‍ കെയറിന് 800 മില്യന്‍ പൗണ്ടിന്റെ അധിക സഹായം. ബജറ്റ് കട്ടുകള്‍ മൂലം തകര്‍ച്ചയിലേക്ക് നീങ്ങിയ സംവിധാനത്തിന് ഇത് ആശ്വാസമാകും.

6. സായുധ സേനകള്‍ക്കായി ഈ വര്‍ഷം ഒരു ബില്യന്‍ പൗണ്ടിന്റെ സഹായം. പണമില്ലാത്തത് സൈന്യത്തിന്റെ വീര്യമില്ലാതാക്കുന്നുവെന്ന് എംപിമാര്‍ പരാതിപ്പെട്ടിരുന്നു.

7. ഹൈ സ്ട്രീറ്റ് വ്യാപാരികള്‍ക്കായി 1.5 ബില്യന്‍ പൗണ്ടിന്റെ രക്ഷാ പാക്കേജ്. സ്വതന്ത്ര റീട്ടെയിലര്‍മാരുടെ ബിസിനസ് റേറ്റുകള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍.

8. പരിസ്ഥിതി സംരക്ഷണത്തിന് പാക്കേജ്. വൃക്ഷത്തൈകള്‍ നടാന്‍ 60 മില്യന്‍ പൗണ്ട്.

9. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 160 മില്യന്‍ അനുവദിച്ചു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ബുദ്ധിമുട്ടുന്നു എന്ന പരാതിക്ക് പരിഹാരം.

10. ‘പേയ് ഡേ’ ലോണുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പലിശയില്ലാത്ത ഗവണ്‍മെന്റ് ലോണുകള്‍.

11. ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ക്ക് 400 മില്യന്‍ പൗണ്ടിന്റെ സഹായം. പ്രൈമറി സ്‌കൂളുകള്‍ക്ക് ശരാശരി 10,000 പൗണ്ടും സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 50,000 പൗണ്ടും ലഭിക്കും.

12. വിവാഹാഘോഷങ്ങള്‍ പബ്ബുകളിലും ഔട്ട് ഡോറുകളിലും നടത്താന്‍ കഴിയുന്ന വിധത്തില്‍ മാര്യേജ് ലൈസന്‍സിംഗ് റൂളുകളില്‍ ഇളവു വരുത്താനാകുമോ എന്ന് പരിശോധിക്കും.

13. ബിയര്‍, സൈഡര്‍, മറ്റു മദ്യങ്ങള്‍ എന്നിവയുടെ ഡ്യൂട്ടി മരവിപ്പിച്ചു. വൈനിന്റെ ഡ്യൂട്ടി ഉയരും.

14. ലിവിംഗ് വേജ് 4.9 ശതമാനം ഉയര്‍ത്തി 8.21 പൗണ്ടാക്കി മാറ്റി.

ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ പേഴ്‌സണല്‍ അലവന്‍സിന്റെ നിരക്ക് ഉയര്‍ത്തി. 12,500 പൗണ്ടായാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നികുതി കൂടാതെ വ്യക്തികള്‍ക്ക് ലഭിക്കുന്ന മിനിമം വരുമാനമാണ് പേഴ്‌സണല്‍ അലവന്‍സ്. നേരത്തേ ഇത് 11,850 പൗണ്ടായിരുന്നു. വര്‍ഷം 12,500 പൗണ്ടില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍ക്ക് 130 പൗണ്ടിന്റെ അധിക നേട്ടമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 40 ശതമാനം ഇന്‍കം ടാക്‌സ് അടക്കേണ്ട വരുമാന പരിധിയും ഇതിന് അനുസരിച്ച് വര്‍ദ്ധിക്കും. നിലവില്‍ 46,350 പൗണ്ടാണ് ഇന്‍കം ടാക്‌സ് പരിധി. ഇത് 50,000 പൗണ്ടായി ഉയരും. 9.5 ബില്യന്‍ പൗണ്ടിന്റെ ഇന്‍കം ടാക്‌സ് ഇളവ് 2019 ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

32 മില്യന്‍ ആളുകള്‍ക്കാണ് നികുതിയിളവ് നല്‍കിയിരിക്കുന്നത്. അടിസ്ഥാന നിരക്കില്‍ നികുതി നല്‍കുന്ന ഒരാള്‍ക്ക് ഇതിലൂടെ 130 പൗണ്ട് ലാഭിക്കാനാകും. 2015 മുതല്‍ 1.7 ദശലക്ഷം ആളുകളെ നികുതി പരിധിയില്‍ നിന്ന് പുറത്തു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഉയര്‍ന്ന നികുതി നിരക്കില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെയും ഒഴിവാക്കിയിട്ടുണ്ട്. ഓസ്‌റ്റെരിറ്റി യുഗത്തിന് ഈ ബജറ്റോടെ അന്ത്യം കുറിക്കുകയാണെന്നും ബ്രിട്ടന് ശോഭനമായ ഒരു ഭാവിയാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്നും ചാന്‍സലര്‍ പറഞ്ഞു. എന്നാല്‍ തകര്‍ന്ന വാഗ്ദാനങ്ങളുടെ ബജറ്റ് എന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ഇതിനെ വിശേഷിപ്പിച്ചത്. ചാന്‍സലര്‍ എന്തൊക്കെ അവകാശപ്പെട്ടാലും ഓസ്‌റ്റെരിറ്റിക്ക് അന്ത്യമായിട്ടില്ലെന്നും കോര്‍ബിന്‍ പറഞ്ഞു.

ഇന്നലെ അവതരിപ്പിച്ച ഓട്ടം ബജറ്റിനെ പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ദ്ധനായ മാര്‍ട്ടിന്‍ ലൂയിസ് മികച്ചതെന്നാണ് വിശേഷിപ്പിക്കുന്നത്. പേഴ്‌സണല്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചതു തന്നെയാണ് ഏറ്റവും പ്രധാന മാറ്റം. 650 പൗണ്ടിന്റെ വര്‍ദ്ധനയാണ് ഇതില്‍ വരുത്തിയിരിക്കുന്നത്. അതായത് 20 ശതമാനം നിരക്കില്‍ ഈ 650 പൗണ്ട് നികുതിയായി അടക്കാം. അതിലൂടെ 130 പൗണ്ട് ഓരോരുത്തര്‍ക്കും ലാഭിക്കാനാകുമെന്നും ലൂയിസ്‌

ബ്രിട്ടനില്‍ മലേറിയ കണ്ടെത്താന്‍ നായകള്‍ക്ക് പരിശീലനം നല്‍കുന്നു. ഈ രോഗം ബാധിച്ച കുട്ടികളുടെ സോക്‌സില്‍ നിന്നുള്ള ഗന്ധം തിരിച്ചറിഞ്ഞ് രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരെ നായകള്‍ക്ക് സാധിക്കുമെന്ന് വിജയകരമായി തെളിഞ്ഞിരിക്കുകയാണ്. സോക്‌സുകളിലുള്ള രോഗാണുക്കളെ പരിശീലനം നേടിയ നായകള്‍ക്ക് തിരിച്ചറിയാനാകും. ഇത് രോഗത്തിന് നേരത്തേ തന്നെ ചികിത്സ ലഭ്യമാക്കാന്‍ സഹായകമാകുകയും ചെയ്യും. ഓരോ വര്‍ഷവും അര ലക്ഷത്തിലേറെ ആളുകള്‍ മലേറിയ ബാധിച്ച് മരിക്കുന്ന ആഫ്രിക്കയിലെ എയര്‍പോര്‍ട്ടുകളില്‍ ഈ പരിശീലനം നേടിയ നായകളെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ട് ലാബ്രഡോര്‍ നായകളെയാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശീലനം നല്‍കി തയ്യാറാക്കിയിരിക്കുന്നത്. ഒരു സ്പ്രിംഗ് സ്പാനിയല്‍ കൂടി ഈ സംഘത്തിലേക്ക് ഉടന്‍ ചേരും.

വിമാനത്താവളങ്ങളില്‍ മയക്കുമരുന്നുകളും മറ്റും കണ്ടെത്താന്‍ നായകളെ ഉപയോഗിക്കുന്നതു പോലെ മലേറിയ കണ്ടെത്താനും ഇവയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.സ്റ്റീവ് ലിന്‍ഡ്‌സേ പറയുന്നു. മലേറിയ മുക്തമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗം പരത്തുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചതായി നേരത്തേ തിരിച്ചറിയുന്നതിലൂടെ ചികിത്സ തേടാനും സാധിക്കുമെന്ന് പ്രൊഫസര്‍ പറഞ്ഞു. കൊതുകുകളിലൂടെയാണ് മലേറിയ പടരുന്നത്. മരുന്നുകളിലൂടെ രോഗം ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാനാകും. ഗാംബിയയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ യൂണിറ്റും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനും ചേര്‍ന്നാണ് പഠനം നടത്തിയത്.

ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ 175 കുട്ടികളുടെ സോക്‌സുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇവരോട് രാത്രിയില്‍ സോക്‌സുകള്‍ ധരിച്ച് ഉറങ്ങാന്‍ ആവശ്യപ്പെട്ടു. കുട്ടികളില്‍ 30 പേര്‍ക്ക് രോഗബാധയുണ്ടായിരുന്നു. ഈ സോക്‌സുകള്‍ മില്‍ട്ടന്‍ കെയിന്‍സ് ചാരിറ്റി മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗുകള്‍ക്ക് പരിശീലനത്തിനായി എത്തിച്ചു. ലെക്‌സി എന്ന ലാബ്രഡോര്‍-ഗോള്‍ഡന്‍ റെട്രീവര്‍ ക്രോസും സാലി എന്ന ലാബ്രഡോറുമാണ് ആദ്യം പരിശീലനം നേടിയത്. രോഗബാധയുള്ള 70 ശതമാനം സാംപിളുകളും രോഗബാധയില്ലാത്ത 90 ശതമാനം സാംപിളുകളും ഇവ തിരിച്ചറിഞ്ഞു. പിന്നീട് ഫ്രേയ എന്ന സ്പ്രിംഗ് സ്പാനിയലിനു കൂടി ഇതേ പരിശീലനം നല്‍കി. തങ്ങള്‍ പരിശീലിപ്പിച്ച നായകള്‍ നേരത്തേ ക്യാന്‍സറും പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറുന്നതും കണ്ടെത്തിയിരുന്നുവെന്ന് എംഡിഡി തലവന്‍ ഡോ.ക്ലെയര്‍ ഗസ്റ്റ് പറഞ്ഞു.

അടുത്ത ജനറേഷന്‍ മൊബൈല്‍ സേവനമായ 5ജി സേവനങ്ങള്‍ യുകെയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായിത്തുടങ്ങി. വോഡഫോണ്‍ ആണ് യുകെയില്‍ ആദ്യമായി പൂര്‍ണ്ണ തോതില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാല്‍ഫോര്‍ഡിലെ ബിസിനസുകള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് യുകെ സിറ്റികളിലേക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ ആദ്യപടിയായി നല്‍കും. ഭാവിയുടെ ടെക്‌നോളജി എന്ന പേരില്‍ അറിയപ്പെടുന്ന 5ജിയില്‍ നിന്ന് ഉപഭോക്താവിന് എന്തൊക്കെയായിരിക്കും ലഭിക്കുക എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

പുതിയ സാങ്കേതികത അവതരിപ്പിക്കുമ്പോള്‍ കമ്പനികള്‍ എന്തൊക്കെ അഭ്യാസപ്രകടനങ്ങളായിരിക്കും കാഴ്ചവെക്കുക എന്നതാണ് മറ്റൊരു ചോദ്യം. 5ജി വേവ്‌ലെങ്തുകളുടെ ലേലത്തില്‍ 1.4 ബില്യന്‍ പൗണ്ടാണ് കമ്പനികള്‍ ചെലവഴിച്ചിരിക്കുന്നത്. ഈ വന്‍തുക തിരിച്ചു പിടിക്കാന്‍ ഉപഭോക്താക്കളെ പിഴിയേണ്ടി വരും. യുകെയില്‍ ആദ്യമായി ഹോളോഗ്രാഫിക് കോളുകള്‍ അവതരിപ്പിക്കാന്‍ ഈ സ്‌പെക്ട്രം വോഡഫോണ്‍ സെപ്റ്റംബറില്‍ ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ട് വനിതാ ഫുട്‌ബോള്‍ ടീമിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ക്യാപ്റ്റനായ സ്റ്റെഫ് ഹൂട്ടന്‍ ഒരു 11കാരിക്ക് ഹോളോഗ്രാം കോളിലൂടെ ഫുട്‌ബോള്‍ ടിപ്പുകള്‍ പറഞ്ഞു കൊടുത്തുകൊണ്ടാണ് ഇതിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തിയത്.

ഇത്തരം ഹോളോഗ്രാഫിക് കോളുകള്‍ മാത്രമല്ല, അതിവേഗ ഇന്റര്‍നെറ്റാണ് 5ജി നല്‍കുന്ന മറ്റൊരു സൗകര്യം. 4ജിയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു മിനിറ്റ് എടുക്കുന്ന വീഡിയോ 5ജിയില്‍ ഒരു സെക്കന്‍ഡില്‍ ലഭിക്കും. നാലാം തലമുറയേക്കാള്‍ 100 ഇരട്ടി വേഗതയാണ് 5ജിയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഉപയോഗം ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിലായിരിക്കും പ്രധാനമായും ലഭിക്കുക. ഡിവൈസുകള്‍ തമ്മില്‍ കണക്ട് ചെയ്യാനും മറ്റും 5ജി ഉപകാരപ്പെടും. ഈ സാങ്കേതിക വിദ്യയിലൂടെ പാല്‍ തീര്‍ന്നാല്‍ അത് തിരിച്ചറിഞ്ഞ് ഫ്രിഡജുകള്‍ അത് ഓര്‍ഡര്‍ ചെയ്യും. ഡ്രൈവര്‍ലെസ് കാറുകള്‍ക്ക് കൂടുതല്‍ വേഗതയില്‍ നിര്‍ണ്ണയങ്ങള്‍ നടത്താനും ഡെലിവറി ഡ്രോണുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കഴിയും.

ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്, ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചൈയ്‌ ശ്രീവദനപ്രഭ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 61 കാരനായ വിചൈയ്‌ക്കൊപ്പം ഹെലികോപ്ടറിന്റെ പൈലറ്റ്, പൈലറ്റിന്റെ ഗേള്‍ ഫ്രണ്ട് കൂടിയായ കോ പൈലറ്റ്, മിസ് തായ്‌ലന്റ് യൂണിവേഴ്‌സ് 2015ല്‍ റണ്ണറപ്പായിരുന്ന നുസാര സുക്‌നമായി, വിഷൈയുടെ സഹായി ഗോള്‍ഫ് എന്ന പേരില്‍ അറിയപ്പെടുന്ന കേവ്‌പോണ്‍ പുന്‍പാരെ തുടങ്ങിയവരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ഹെലികോപ്ടറിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ് സ്ഥിരീകരിച്ചു. ക്ലബ്ബിന്റെ ലെസ്റ്ററിലെ ഹോം ഗ്രൗണ്ടായ കിംങ് പവര്‍ സ്റ്റേഡിയത്തിനോടു ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.

ഹെലികോപ്ടറിന്റെ പൈലറ്റായിരുന്ന എറിക് സ്വാഫറിന്റെ മനഃസാന്നിധ്യം നൂറു കണക്കിന് ആളുകളുടെ മരണത്തിനു കാരണമാകാമായിരുന്ന ഒരു ദുരന്തത്തില്‍ നിന്നാണ് രക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്റ്റേഡിയത്തിന്റെ മീഡിയ കോമ്പൗണ്ടിലേക്ക് ഇടിച്ചിറങ്ങുമായിരുന്ന ഹെലികോപ്ടര്‍ ഇദ്ദേഹം കാര്‍ പാര്‍ക്കില്‍ ഇറക്കുകയായിരുന്നു. കാര്‍പാര്‍ക്കില്‍ ജനങ്ങളുണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലേക്ക് ഹെലികോപ്ടര്‍ ഇടിച്ചിറങ്ങിയിരുന്നെങ്കില്‍ അത് വന്‍ ദുരന്തമായി മാറിയേനെ എന്നാണ് വിലയിരുത്തല്‍. കടുത്ത ഫുട്‌ബോള്‍ പ്രേമിയായ വിചൈയ്‌ ശ്രീവദനപ്രഭ ഇംഗ്ലണ്ടിലെത്തിയാല്‍ ആഭ്യന്തര യാത്രയ്ക്കായി ഉപയോഗിക്കുന്ന സ്ഥിരം ഹെലികോപ്റ്ററാണിത്.

2010ലാണ് വിചൈയ്‌ ശ്രീവദനപ്രഭയെന്ന തായ്ലന്‍ഡ് കോടീശ്വരന്‍ ലെസ്റ്റര്‍ ഫുട്‌ബോള്‍ ക്ലബ്ബ് സ്വന്തമാക്കിയത്. ചുരുങ്ങിയകാലംകൊണ്ട് അദ്ദേഹം ലെസ്റ്ററിനെ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ പട്ടികയില്‍ മുന്‍നിരയിലെത്തിച്ചു. 2016ലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍ഷിപ്പില്‍ എല്ലാവരെയും ഞെട്ടിച്ചാണ് ലെസ്റ്റര്‍ സിറ്റി ക്ലബ്ബ് ചാംപ്യന്‍പട്ടം നേടിയത്. കോടിക്കണക്കിനു പണം മുടക്കിയാണ് അദ്ദേഹം ലെസ്റ്ററിനെ അഞ്ചുവര്‍ഷം കൊണ്ട് യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയത്. 1-1 സമനിലയില്‍ പിരിഞ്ഞ ഇന്നലത്തെ വെസ്റ്റ്ഹാം ലെസ്റ്റര്‍ സിറ്റി മല്‍സരത്തിനുശേഷം സ്റ്റേഡിയത്തിന്റെ സെന്റര്‍ സര്‍ക്കിളില്‍നിന്നും 8.45ന് ക്ലബ്ബ് ചെയര്‍മാനുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഏതാനും സെക്കന്റുകള്‍ക്കകം പെട്ടെന്ന് താഴേക്കുപതിച്ച് കത്തിയമരുകയായിരുന്നു.

ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന. യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജസ് അഡ്മിഷന്‍ ബോഡിയായ യുകാസ് പുറത്തു വിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളിലെ ഒട്ടുമിക്ക കോഴ്‌സുകളിലേക്കും മെഡിക്കല്‍ കോഴ്‌സുകളിലേക്കും മുമ്പില്ലാത്ത വിധത്തിലാണ് അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. ഇവയില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ഈ വിധത്തില്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകളിലേക്കും മെഡിസിന്‍, ഡെന്റിസ്ട്രി, വെറ്ററിനറി പോലെയുള്ള കോഴ്‌സുകളിലേക്കും റെക്കോര്‍ഡ് അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതിനേക്കാള്‍ 7 ശതമാനം വര്‍ദ്ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 15 ആയിരുന്നു ഇവയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി.

എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി ഗവണ്‍മെന്റ് മെഡിക്കല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചു വര്‍ഷത്തിനിടെ മെഡിസിന്‍ കോഴ്‌സുകള്‍ക്ക് ലഭിച്ച റെക്കോര്‍ഡ് ആപ്ലിക്കേഷനുകളാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 22,340 പേര്‍ ഈ വര്‍ഷം മെഡിസിന് അപേക്ഷിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനം വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. 2020 ഓടെ 1500 അധികം ഡോക്ടര്‍മാരെ പരിശീലിപ്പിക്കുമെന്ന് മുന്‍ ഹെല്‍ത്ത് മിനിസ്റ്ററായിരുന്ന ജെറമി ഹണ്ട് 2016ല്‍ പ്രഖ്യാപിച്ചിരുന്നു. ബ്രെക്‌സിറ്റിനു ശേഷം ഡോക്ടര്‍മാരുടെ കാര്യത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടുന്നതിനായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 500 അധിക സീറ്റുകള്‍ ഈ വര്‍ഷം അനുവദിച്ചു.

ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മേഖലകളായ സന്‍ഡര്‍ലാന്‍ഡ്, ലങ്കാഷയര്‍, കാന്റര്‍ബറി, ലിങ്കണ്‍, ചെംസ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ സ്‌കൂളുകളും ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളാണ് യൂണിവേഴ്‌സിറ്റി കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷം. 25,670 പെണ്‍കുട്ടികള്‍ ആകെ അപേക്ഷകരായുണ്ട്. 12 ശതമാനം വര്‍ദ്ധനയാണ് ഇതില്‍ മുന്‍ വര്‍ഷത്തേക്കാള്‍ രേഖപ്പെടുത്തിയത്. 19,980 ആണ്‍കുട്ടികളും കോഴ്‌സുകള്‍ക്കായി അപേക്ഷ നല്‍കി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 6 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രധാന സിറ്റി റോഡുകളില്‍ കുറഞ്ഞ വേഗപരിധിയുള്ള സോണുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമെന്ന് മോട്ടോറിംഗ് ക്യാംപെയിനര്‍മാര്‍. സെയിഫര്‍ 15 മൈല്‍ പെര്‍ അവര്‍ സോണുകള്‍ വോഗ പരിധി കൂടിയ റോഡുകളേക്കാള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. റോഡ് സുരക്ഷയും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സോണുകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ ആദ്യ സോണ്‍ ലണ്ടനിലെ ഒരു സ്‌ക്വയര്‍ മൈല്‍ പ്രദേശത്ത് ഈയാഴ്ച ആരംഭിക്കും. സിറ്റി ഓഫ് ലണ്ടന്‍ കോര്‍പറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 20 മൈല്‍ സോണുകള്‍ സ്ഥാപിച്ചതിലൂടെ ലണ്ടന്‍ നഗരത്തിലെ സൈക്കിള്‍ യാത്രക്കാരുടെയും മറ്റും അപകട മരണങ്ങളും ഗുരുതരമായ പരിക്കുകളും കുറച്ചിട്ടുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ലെന്നും സൂചനയുണ്ട്.

കോര്‍പേറേഷന്റെ ഈ നീക്കം അപകടങ്ങള്‍ കുറക്കില്ലെന്ന് മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ത്തുകയും ചെയ്യുമെന്ന് മോട്ടോറിംഗ് ഗ്രൂപ്പായ ഐഎഎം റോഡ്‌സ്മാര്‍ട്ടും ഓട്ടോമൊബൈല്‍ അസോസിയേഷനും പറയുന്നു. വാഹനങ്ങളുടെ എന്‍ജിനുകള്‍ ഇടക്കിടെ നിര്‍ത്തുകയും സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ കൂടുതല്‍ വിഷവാതകങ്ങള്‍ പുറത്തു വരികയും അത് പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമാണെന്നും ക്യാംപെയിനര്‍മാര്‍ വ്യക്തമാക്കുന്നു. 15 മൈല്‍ വേഗ പരിധിയുള്ള സോണുകള്‍ ഏര്‍പ്പെടുത്തിയതു കൊണ്ട് നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഐഎഎം റോഡ്‌സ്മാര്‍ട്ട് വക്താവ് റോഡ്‌നി കുമാര്‍ പറയുന്നു. 20 മൈല്‍ മേഖലകളില്‍ ഡ്രൈവര്‍മാര്‍ 25 മൈല്‍ വേഗതയിലാണ് പോകുന്നത്. അതുതന്നെയായിരിക്കും 15 മൈല്‍ സോണുകളിലും നടക്കാന്‍ പോകുന്നത്.

ലണ്ടന്‍ റോഡുകളിലെ ഗതാഗതം കുതിരവണ്ടികളേക്കാള്‍ അധികം വേഗതയിലൊന്നുമല്ല. ഇത് മലിനീകരണം കുറയ്ക്കുമെന്ന് കരാതാനാകില്ലെന്നും കുമാര്‍ പറഞ്ഞു. ക്രോസിംഗുകള്‍, പിഞ്ച് പോയിന്റുകള്‍, സ്പീഡ് ഹംപുകള്‍ എന്നിവ സ്ഥാപിച്ച് സ്പീഡ് ലിമിറ്റിനുള്ളില്‍ നില്‍ക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും ക്യാംപെയിനര്‍മാര്‍ പറയുന്നു. 15 മൈല്‍ സോണുകള്‍ സ്ഥാപിക്കുന്നതിലൂടെ ലണ്ടന്‍ റോഡുകളിലെ അപകട മരണങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് സിറ്റി ഓഫ് ലണ്ടന്‍ ഭരിക്കുന്ന കോര്‍പറേഷന്‍ കരുതുന്നത്. ഇത്തരം വേഗ നിയന്ത്രണ മേഖലകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അംഗീകരിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആദ്യ സോണാണ് ആരംഭിക്കാനിരിക്കുന്നത്. 2022ഓടെ ഈ സമ്പ്രദായം വ്യാപകമാക്കാനും കോര്‍പറേഷന്‍ ലക്ഷ്യമിടുന്നു.

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചായി ശ്രീവധനപ്രഭയുടെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു. ഹെലികോപ്റ്ററില്‍ വിചായി ശ്രീവധനപ്രഭ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്റ്ററിലുള്ള മറ്റു വ്യക്തികളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്റ്റേഡിയത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉഗ്രശബ്ദത്തോടെ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ചതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച രാത്രി നടന്ന വെസ്റ്റ്ഹാം-ലെസ്റ്റര്‍ സിറ്റി മത്സരത്തിന് പിന്നാലെയാണ് അപകടമുണ്ടായത്. മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചിരുന്നു. ഹെലിക്കോപ്റ്ററിന് തീ പിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കിങ് പവര്‍ സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിലേക്കാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് കൈമാറാന്‍ പോലീസ് തയ്യാറായിട്ടില്ല. തായ് കോടീശ്വരനായ ശ്രിവധനപ്രഭ ലെസ്റ്ററിന്റെ എല്ലാ ഹോം മത്സരങ്ങളിലും പങ്കെടുക്കുന്നതിനായി ബന്ധുക്കള്‍ക്കൊപ്പം ഹെലികോപ്ടറിലാണ് സ്റ്റേഡിയത്തിലെത്താറുള്ളത്. സ്വന്തം ടീമിന്റെ എല്ലാ ഹോം മത്സരങ്ങള്‍ക്കും അദ്ദേഹം പങ്കെടുക്കാറുമുണ്ട്.

ഫുട്‌ബോള്‍ ലോകത്തിന്റെ കറുത്ത ദിനമായിരുന്നു ഇന്നലെയെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തായ്‌ലന്റിലെ ഏറ്റവും വലിയ പണക്കാരില്‍ നാലാമനാണ് ലെസ്റ്റര്‍ ഉടമയായ ശ്രിവധനപ്രഭ. 2010ല്‍ 39 മില്യന്‍ പൗണ്ടിനാണ് ഇദ്ദേഹം ക്ലബ് വാങ്ങുന്നത്. തുടര്‍ന്ന് 2015-16 സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടുകയും ചെയ്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിലൊന്നായിരുന്നു അത്. 1894ലാണ് ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ലീഗിന് യോഗ്യത നേടുന്നത്. 1928-29 സീസണില്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ക്ലബ്ബിന്റെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കിയിരുന്നത്. എന്നാല്‍ 2015-16ല്‍ അത് മറികടന്നു. ശ്രിവധനപ്രഭ ഉടമസ്ഥതയിലെത്തിയതിന് ശേഷം ക്ലബിന്റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved