Main News

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ : – കൺസർവേറ്റീവ് പാർട്ടിയുടെ ഇലക്ഷൻ വിജയത്തോടെ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന എല്ലാ വിവാദങ്ങൾക്കും അവസാനമായെന്നും, ഇനി പരിഹാരമാർഗ്ഗങ്ങൾക്കുള്ള സമയം ആണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ലേബർ പാർട്ടി അംഗങ്ങൾ പലരും തനിക്ക് വേണ്ടി വോട്ട് ചെയ്തതായി അദ്ദേഹം പറയുന്നു. അവർ തന്നിൽ അർപ്പിച്ച വിശ്വാസത്തെ താൻ ഒരിക്കലും കളങ്കപ്പെടുത്തില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1987 ന് ശേഷമുള്ള കൺസർവേറ്റീവ് പാർട്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായത്. 80 എംപിമാരുടെ ഭൂരിപക്ഷത്തോടെയാണ് കൺസർവേറ്റീവ് പാർട്ടി വിജയം കൈവരിച്ചത് .

ബോറിസ് ജോൺസൻ അധികാരത്തിലെത്തിയതോടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിടവാങ്ങൽ അടുത്ത മാസം അവസാനത്തോടെ തന്നെ നടക്കുമെന്ന് ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ കോൺസ്ബെർഗ് അഭിപ്രായപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിക്ക് 365 എംപിമാരും, ലേബർ പാർട്ടിക്ക് 203 എംപിമാരുടെയും പിന്തുണയാണ് ലഭിച്ചത്. സ്കോട്ടിഷ് നാഷണൽ പാർട്ടി – 48, ലിബറൽ ഡെമോക്രാറ്റിക്‌ പാർട്ടി -11, ഡെമോക്രാറ്റിക്‌ യൂണിയണിസ്റ്റ് പാർട്ടി – 8 എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്ക് ലഭിച്ചത്.ബ്രെക്സിറ്റ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. കഴിഞ്ഞ ഇലക്ഷനിൽ ലേബർ പാർട്ടിക്ക് ലഭിച്ച പല തെറ്റുകളും ഇത്തവണ ടോറികൾക്ക് അനുകൂലമായി. മിഡ്ലാൻഡ്, ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങൾ, വെയിൽസ്‌ എന്നിവ കൺസർവേറ്റീവ് പാർട്ടിയെ അനുകൂലിച്ചു.

തനിക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാവരോടുമുള്ള നന്ദി പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ബ്രെക്സിറ്റിനെ എതിർക്കുന്നവരുടെ അഭിപ്രായങ്ങളെയും താൻ മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഇലക്ഷനിൽ ലേബർ പാർട്ടിയുടെ വോട്ട് വിഹിതം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇനിയൊരു ഇലക്ഷന് താൻ മത്സരിക്കില്ലെന്ന് ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ പറഞ്ഞു.

 ശ്രീജിത്ത് എസ് വാരിയർ , മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ :- ഇലക്ഷനിൽ ലേബർ പാർട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാവുന്നത് എല്ലാം ചെയ്തു എന്ന് ജെർമി കോർബിൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷനിൽ ബ്രക്സിറ്റിനാണ് മുൻതൂക്കം ലഭിച്ചത്. പാർട്ടിക്ക് ഏറ്റ പരാജയത്തിൽ വിഷമമുണ്ടെന്നും, എന്നാൽ തന്റെ പാർട്ടി മുന്നോട്ട് വച്ച വാഗ്ദാനങ്ങളിൽ താൻ ഉറച്ചു വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇലക്ഷനിലെ പരാജയത്തിനുശേഷം ലേബർ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾ ഉടലെടുത്തിട്ടുണ്ട്. പാർട്ടിയുടെ പരാജയത്തിന് കാരണം ജെർമി കോർബിന്റെ നേതൃത്വം ആണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

മുൻ ലേബർ എംപി ജോൺ മാൻ കോർബിനെതിരെ പരസ്യമായി പ്രതികരിച്ചു. കോർബിന്റെ ജനസമ്മതി ഇല്ലായ്മയാണ് പാർട്ടിക്കേറ്റ പരാജയത്തിന് മുഖ്യ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടിയുടെ മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന ലോർഡ് ബ്ലങ്കെറ്റ്, ഇലക്ഷനിലേറ്റ പരാജയത്തിന് പാർട്ടിനേതൃത്വം മാപ്പ് പറയണമെന്ന് അഭിപ്രായപ്പെട്ടു. ലേബർ പാർട്ടിയുടെ വോട്ട് വിഹിതം 33 ശതമാനത്തോളമാണ് കുറഞ്ഞിരിക്കുന്നത്. 1992 – ൽ നീൽ കിന്നോക്കിന് ലഭിച്ചതിനേക്കാൾ കുറവാണ് ഇപ്രാവശ്യം ലഭിച്ച ഭൂരിപക്ഷം.

താൻ നേതൃസ്ഥാനത്തുനിന്ന് മാറണമോ എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കട്ടെ എന്ന ജെർമി കോർബിൻ പ്രതികരിച്ചു. എന്നാൽ താൻ രാജിവെക്കുക ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും പാർട്ടി ഇത്തരം ഒരു പരാജയഘട്ടത്തിൽ കൈവിടുകയില്ല. പാർട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടെ പരാജയത്തിന് ശേഷം പല എംപിമാരും ആരോപണങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്

അനുപമ എസ് ബട്ട്,  മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടൻ :- ക്രിസ്മസ് സമയത്ത് എല്ലാവരും തിരക്കാണ്. എന്നാൽ മറ്റ് എല്ലാവരെക്കാളും എൻഎച്ച്എസ് സ്റ്റാഫുകൾ കൂടുതൽ തിരക്കിലാണ്. അതിനാൽ അവരോടുള്ള നന്ദിസൂചകമായി സൗജന്യമായി യാത്രയും ഭക്ഷണവും ഒരുക്കുകയാണ് ഊബർ. ഡിസംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ എൻ എച്ച് എസ് സ്റ്റാഫുകൾക്ക് രണ്ട് സൗജന്യയാത്രകളോ, അല്ലെങ്കിൽ സൗജന്യഭക്ഷണമോ കഴിക്കാവുന്നതാണ് എന്ന് ഊബർ. തങ്ങളുടെ ഇമെയിൽ അഡ്രസ്സുകൾ നൽകി സ്റ്റാഫുകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് വെബ്സൈറ്റിൽ പറയുന്നു. ഊബർ ആപ്പ് ഇല്ലാത്തവർ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്.

ഊബർ ആപ്പ് ഡൗൺലോഡ് ചെയ്ത്, രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച്, തങ്ങളുടെ ഇമെയിൽ അഡ്രസ്സുകൾ നൽകിയാൽ 18 വയസ്സിന് മുകളിലുള്ള ഏത് സ്റ്റാഫിനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 10 പൗണ്ട് വിലമതിക്കുന്ന യാത്രകളും, ഭക്ഷണവുമാണ് ഊബർ ഒരുക്കുന്നത്. എന്നാൽ അതിനുമുകളിൽ ചെലവാകുന്നതിന് സ്റ്റാഫുകൾ പണം മുടക്കേണ്ടതാണ്. ഇതിന് ആവശ്യമായ രജിസ്ട്രേഷൻ ഫോമുകൾ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇന്ത്യയിൽ പൗരത്വബില്ലിനോട് ബന്ധപ്പെട്ട വളരെയധികം പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ പ്രവാസികളും ആശങ്കയിലാണ്. പ്രവാസികളുടെ ഒസിഐ കാർഡ് റദ്ദു ചെയ്യാനായിട്ട് പല കാരണങ്ങളും പൗരത്വബിൽ ഉണ്ട് എന്നുള്ളതാണ് പ്രധാനപ്പെട്ട കാരണം. പൗരത്വ ബില്ലിൽ ഒസിഐ കാർഡ് റദ്ദു ചെയ്യാനുള്ള കാരണങ്ങളും പല വകുപ്പുകളും കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. പൗരത്വബിൽ പ്രവാസികൾക്ക് പ്രശ്നങ്ങൾ ആകാൻ സാധ്യതയുള്ള നാല് വ്യവസ്ഥകളാണുള്ളത് .

ഒന്നാമതായി രജിസ്ട്രേഷൻ വ്യാജമാണെന്ന് കണ്ടെത്തിയാൽ കാർഡ് റദ്ദു ചെയ്യപ്പെടും. രണ്ടാമത്തെ വ്യവസ്ഥ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി അഞ്ചുവർഷത്തിനുള്ളിൽ രണ്ടോ അതിലധികമോ വർഷം ജയിൽ ശിക്ഷ അനുഭവിച്ചാലും കാർഡ് റദ്ദു ചെയ്യപ്പെടാം. മൂന്നാമത്തെ വകുപ്പ് രാജ്യത്തിൻെറ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായിട്ട് ഏതെങ്കിലും പ്രവാസി പ്രവർത്തിച്ചു എന്ന് തോന്നിയാൽ ഒസിഐ കാർഡ് റദ്ദു ചെയ്യപ്പെടാം. ഇവയ്‌ക്കെല്ലാം പുറമേ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായി പ്രവർത്തിച്ചാലും ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള വകുപ്പും എഴുതിച്ചേർത്തിട്ടുണ്ട്. പ്രവാസികളെ കൂടുതൽ ആശങ്കയിലാക്കുന്ന ഒരു വസ്തുത എന്ന് പറയുന്നത്ഒസിഐ കാർഡ് റദ്ദു ചെയ്യാൻ ചേർക്കപ്പെട്ടിരിക്കുന്ന പല വകുപ്പുകളും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കപ്പെടാനും ആരെയെങ്കിലും മനഃപൂർവം ഉപദ്രവിക്കണമെന്നുണ്ടെങ്കിൽ ഈ വകുപ്പുകൾ അവരുടെ മേൽ ചുമത്തപ്പെടാനും എന്നുള്ളതാണ്. ഉദാഹരണത്തിന് ഫേസ്ബുക്കിലോ വാട്ട്സ് ആപ്പിലോ പോസ്റ്റ് ചെയ്യുന്ന ഫോർവേഡ് മെസ്സേജുകളോ കമന്റുകളോ ഒക്കെ ഏതെങ്കിലും രീതിയിൽ രാജ്യ താത്പര്യത്തിന് എതിരാണ് എന്ന് വരുത്തിതീർക്കുവാനിയിട്ട് നിസ്സാരമായി സാധിക്കാവുന്നതേയുള്ളൂ . ചുരുക്കത്തിൽ വിദേശത്ത് സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഭീഷണി ഉയർത്തുന്ന ഒന്നാണ് പൗരത്വബിൽ.

ഒസിഐ. കാർഡ് റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ പിന്നീട് സന്ദർശന വീസയിൽ ഇന്ത്യയിലേക്കുള്ള യാത്രയും ദുഷ്കരമാകും. ഇന്ത്യയിൽ വസ്തുവകകളും ബന്ധുക്കളുമൊക്കെയുള്ള പ്രവാസികൾക്ക് ഇത് വലിയ ബുദ്ധുമുട്ടുണ്ടാക്കും. ഇന്ത്യയിലായിരിക്കെയാണു കാർഡ് റദ്ദാക്കപ്പെടുന്നതെങ്കിൽ ഉടൻതന്നെ രാജ്യം വിടേണ്ടിയും വരും.

വിദേശത്തിരുന്നു സർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിക്കുകയും സർക്കാർ നയങ്ങള്‍ക്കെതിരെ സഭ്യമല്ലാതെ സംസാരിക്കുകയും ചെയ്യുന്നവർക്കെല്ലാം വേണ്ടിവന്നാൽ കൂച്ചുവിലങ്ങിടാൻ ഇതിലൂടെ സാധിക്കും.

 

ജോഷി സിറിയക്

ബിർമിംഗ്ഹാം: . യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ ക്രിസ്‌മസ്‌ കരോൾ മത്സരത്തിന്റെ മൂന്നാം സീസൺ ഡിസംബർ14 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. യുകെ ക്രോസ് കൾച്ചർ മിനിസ്ട്രിസ് ഡയറക്ടർ ഡോ. ജോ കുര്യൻ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റെവ. ഫാ. ടോമി എടാട്ട്, ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് ടൌൺ മേയർ ടോം ആദിത്യ, എന്നിവർ വിശിഷ്ടാഥികളായിരിക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ്‌ സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്‌കൂളിൽ ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചു ഗായകസംഘങ്ങൾ മത്സരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് നിറം പകരാൻ ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.

നീണ്ട പരിശീലനത്തിനു ശേഷം എത്തുന്ന ഗായകസംഘങ്ങൾ അത്യന്തം വാശിയോടെ മത്സരത്തെ സമീപിക്കുമ്പോൾ വിജയികളാകുന്നർക്ക് ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും, ഗർഷോം ടിവി നൽകുന്ന ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും ലണ്ടൻ അസാഫിയൻസ് നൽകുന്ന ട്രോഫിയും , മൂന്നാം സമ്മാനമായി പ്രൈം മെഡിടെക് നൽകുന്ന 250 പൗണ്ടും ട്രോഫിയും ലഭിക്കും. നാലും അഞ്ചും സ്ഥാനങ്ങളിലെത്തുന്ന ക്വയർ ഗ്രൂപ്പിന് ട്രോഫികൾ സമ്മാനിക്കും

ജോയ് ടു ദി വേൾഡ് ഈ വർഷം കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബിർമിംഗ്ഹാം കിംഗ് എഡ്‌വേഡ്‌ ഗ്രാമർ സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി ആയിരത്തിലധികം പേരെ ഉൾക്കൊള്ളും. കുട്ടികൾക്കും മുതിർന്നവർക്കുമായി അന്നേദിവസം ഉച്ച മുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ജാതിമത ഭേദമന്യേ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേൾഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.

പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: King Edward VI Five Ways School, Scotland Ln, Birmingham B32 4BT

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം 
ബ്രിട്ടൻ :- ബ്രിട്ടന്റെ വിധിയെ നിർണ്ണയിക്കുന്ന ജനറൽ ഇലക്ഷൻ ഫലം പുറത്തു വന്നു. കൺസർവേറ്റീവ് പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം.  ഇതുവരെ എണ്ണിയ  വോട്ടുകളിൽ, കൺസർവേറ്റീവ് പാർട്ടിക്ക് 326 സീറ്റുകൾ ലഭിച്ചു. ഇനിയും ഫലങ്ങൾ പുറത്ത് വരാനുണ്ട്. ബോറിസ് ജോൺസൺ,  74 എംപിമാരുടെ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയായി തിരിച്ചുവരുമെന്ന് ബിബിസി അഭിപ്രായപ്പെട്ടു. ഇതോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകുമെന്നത് ഉറപ്പായി.
 ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. ഇനിയൊരു ഇലക്ഷന് താൻ മത്സരിക്കില്ലെന്ന് ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ പ്രഖ്യാപിച്ചു. 2016 ൽ ലേബർ പാർട്ടിക്ക് ലഭിച്ച നോർത്തിലെയും, മിഡ്‌ലാൻഡിലെയും മറ്റും പല സീറ്റുകൾ ഇപ്രാവശ്യം അവർക്ക് നഷ്ടമായി.ബ്രെക്സിറ്റ് നടപ്പിലാക്കുക തന്റെ ഉത്തരവാദിത്തമാണെന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താ സമ്മേളനത്തിൽ പ്രസ്താവിച്ചു. ലേബർ പാർട്ടി മുന്നോട്ട് വച്ച വാഗ്ദാനങ്ങളെ ജനങ്ങൾ പാടെ തള്ളിക്കളഞ്ഞു. എന്നാൽ സ്കോട്ടിഷ് നാഷണൽ പാർട്ടി  പ്രതീക്ഷിച്ചതിൽ അധികം സീറ്റുകൾ നേടി. ബോറിസ് ജോൺസൺ ഭൂരിപക്ഷം കൂടുമ്പോഴും,  സ്കോട്‌ലൻഡിന്റെ  ഭാഗത്ത് നിന്നുള്ള എതിർപ്പുകൾ ആണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
 ഫലം പുറത്തുവന്നതോടെ ലേബർ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾ ഉടലെടുത്തിട്ടുണ്ട്. ജെർമി കോർബിൻ ജനസമ്മതി ഇല്ലായ്മയാണ് പാർട്ടിയെ പരാജയത്തിലേക്ക് നയിച്ചത് എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളിൽ നടത്തപ്പെടുന്ന മൂന്നാമത്തെ ജനറൽ ഇലക്ഷൻ ആണ് ഇപ്രാവശ്യം  ബ്രിട്ടനിൽ നടന്നത്. അടുത്ത വർഷം ജനുവരി 31 ഓടെ ബ്രെക്സിറ്റ് നടപ്പിലാക്കാനുള്ള എല്ലാ തയ്യാറെടുപ്പിലുമാണ്  പ്രധാനമന്ത്രി ബോറിസ് ജോൺസൺ.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബിബിസി, ഐറ്റിവി, സ്കൈ ന്യൂസ്‌ പോലെയുള്ള പ്രമുഖ മാധ്യമങ്ങൾ നടത്തിയ സർവ്വേ ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ വിജയമാണ് പ്രവചിക്കുന്നത്. എൺപ്പത്തിയാറിന്റെ ഭൂരിപക്ഷത്തോടെ കൺസർവേറ്റീവ് പാർട്ടി വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 2017-ൽ നടന്ന ഇലക്ഷനിൽ 50 എംപിമാർ അധികം കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ അഭിപ്രായപ്പെടുന്നത്. ഇങ്ങനെ മൊത്തം 368 എംപിമാർ കൺസർവേറ്റീവ് പാർട്ടിക്ക് ഉണ്ടാകും. ലേബർ പാർട്ടിക്ക് 191, ലിബറൽ ഡെമോക്രാറ്റുകൾക്കു 13, സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 55 എന്നിങ്ങനെ ലഭിക്കുമെന്നാണ് നിഗമനം. എന്നാൽ ബ്രെക്സിറ്റ്‌ പാർട്ടിക്ക് ഒന്നുംതന്നെ ലഭിക്കുകയില്ലെന്നാണ് സർവേകൾ പറയുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഇലക്ഷൻ ഫലം പൂർണ്ണമായി പുറത്തുവരും.

ഇലക്ഷൻ കഴിഞ്ഞ് പുറത്തിറങ്ങി വരുന്ന ആളുകളെ കൊണ്ട് ഒരു മാതൃക ബാലറ്റ് പേപ്പർ പൂരിപ്പിച്ചാണ് എക്സിറ്റ് പോൾ നടത്തുന്നത്. ഇപ്‌സോസ് മോറി എന്ന മാർക്കറ്റ് റിസർച്ച് കമ്പനി ആണ് ഇത്തവണ എക്സിറ്റ്പോൾ നടത്തിയത്. എക്സിറ്റ് പോളുകളുടെ ഫലം സാധാരണയായി ശരിയാവാനുള്ള സാധ്യത അധികമാണ്. എക്സിറ്റ് പോളുകളുടെ ഫലം ശരിയാവുകയാണെങ്കിൽ കൺസർവേറ്റീവ് പാർട്ടി ഒരിക്കൽകൂടി വിജയിക്കുകയും, ബോറിസ് ജോൺസൺ അധികാരത്തിലെത്തുകയും ചെയ്യും. ഇതോടൊപ്പം ഉടൻതന്നെ ബ്രെക്സിറ്റ് നടപ്പിലാക്കുകയും ചെയ്യും.

ബ്രെക്സിറ്റ് നടപ്പിലാക്കും എന്നതായിരുന്നു ബോറിസ് ജോൺസന്റെ പ്രചാരണത്തിന്റെ മുഖമുദ്ര. എന്നാൽ വീണ്ടുമൊരു റഫറണ്ടം നടത്തുമെന്ന വാഗ്ദാനമായിരുന്നു ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ നൽകിയത്. ജനങ്ങളെല്ലാം ആകാംക്ഷയോടെ ഫലത്തിനായി കാത്തിരിക്കുകയാണ്. പ്രമുഖ ചാനലുകൾ എല്ലാം തന്നെ ഇലക്ഷൻ ഫലങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

മൂടൽമഞ്ഞാണ്.. കനത്ത മൂടൽമഞ്ഞ്. പരസ്പരം ആരെയും കാണാൻ സാധിക്കാത്ത വിധം പടരുന്ന മഞ്ഞ്. എന്നാൽ മഞ്ഞ് മാറി അവിടെ സൂര്യരശ്മികൾ വരുന്ന കാഴ്ച ആലോചിച്ചുനോക്കൂ…. ജീവിതവും അതുപോലെ തന്നെ.. 2019 ഐ എഫ് എഫ് കെയിലെ അതിമനോഹര ചിത്രങ്ങളിൽ ഒന്ന്, ഡെസ്പൈറ്റ് ദി ഫോഗ്. ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം. Goran Paskaljevic സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം 110 മിനിറ്റിൽ കഥ പറഞ്ഞവസാനിക്കുന്നു.

അഭയാർഥിയായി ഇറ്റലിയിൽ എത്തുന്ന ഏഴു വയസ്സുകാരൻ മുഹമ്മദിന്റെ കഥയാണ് ചിത്രം പറയുന്നത്. ആരോരുമില്ലാതെ തണുത്തുവിറച്ച് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന മുഹമ്മദിനെ കണ്ടില്ലെന്ന് നടിക്കാൻ പൗലോയ്ക്ക് ആവുന്നില്ല. അദ്ദേഹം അവനെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. പൗലോയുടെ ഭാര്യ വലേറിയ ആദ്യമേ തന്റെ ഇഷ്ടക്കുറവ് പ്രകടിപ്പിക്കുന്നെങ്കിലും അവളുടെ ഉള്ളിലെ അമ്മമനസ്സ് ഉണരുന്നു. തന്റെ മരിച്ചുപോയ മകന്റെ സ്ഥാനത്തു ദൈവം കൊണ്ടുവന്ന ഒരു അത്ഭുതമായി മുഹമ്മദിനെ അവൾ കാണുന്നു. എങ്കിലും ആ വീട്ടിൽ നില്കാൻ അവനു മനസ്സുവരുന്നില്ല. സ്വീഡനിലേക്ക്‌ പോകണമെന്നും തന്റെ മാതാപിതാക്കൾ അവിടെയാണെന്നും അവൻ പറയുന്നു, ബോട്ട് അപകടത്തിൽ അവർ മരിച്ചതറിയാതെ… അറബി മാത്രം അറിയാവുന്ന മുഹമ്മദിനെ സംരക്ഷിക്കാനുള്ള ഇറ്റലിക്കാരായ പൗലോയുടെയും വലേറിയയുടെയും ശ്രമങ്ങളാണ് പിന്നീട് ചിത്രം പറയുന്നത്.

മുഹമ്മദിനുവേണ്ടി സ്വന്തം ബന്ധുക്കളെ അകറ്റുന്ന ആ ദമ്പതികൾ അവനെ നെഞ്ചോട് ചേർത്തുപിടിക്കുന്നുണ്ട്. എന്നാൽ മതം അതിനു തയ്യാറാവുന്നില്ല. അവന്റെ പേര് ഇറ്റലിയിലെ ക്രൈസ്തവ സമൂഹത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ആർക്കും കൊടുക്കാതെ ചേർത്ത് പിടിക്കുന്ന മുഹമ്മദിനെയുമായി ആ അമ്മ, കരോൾ ഗാനങ്ങളുടെ സ്വരമാധുരിയിൽ അലിഞ്ഞുചേർന്ന് മഞ്ഞ് പുതച്ചു കിടക്കുന്ന വഴിയിലൂടെ യാത്രയാവുകയാണ്. എവിടേക്കാണെന്ന് ചിത്രം പറയുന്നില്ല. എന്നാൽ ഒന്ന് തീർച്ച…. അത് മനുഷ്യത്വത്തിലേക്കുള്ള യാത്രയാണ്.

സ്നേഹവും വാത്സല്യവും കൂടിക്കലരുന്ന മനസ്സുകളുടെ ചേർച്ച. ഒരു ചിത്രം കണ്ട് മനസ്സ് നിറയുമെങ്കിൽ ഈ ഇറ്റാലിയൻ സിനിമ കാണണം. ഗംഭീര ആശയവും അഭിനയ മികവും നിറഞ്ഞു നിൽക്കുന്ന ചിത്രം. കാഴ്ചയുടെ വസന്തമാണ് ഡെസ്പൈറ്റ് ദി ഫോഗ്… ഉൾകാഴ്ചയുടെ.. മനുഷ്യത്വത്തിന്റെ….

ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം

കോട്ടയം:2020 ലും കേരളത്തിൽ ഭയാനകമായ പ്രളയമുണ്ടാകുമെന്നും മുൻകരുതലെടുത്തില്ലെങ്കിൽ സ്ഥിതി പ്രവചനാതീതമായിരിക്കുമെന്നും കാലാവസ്ഥാ പ്രവചന വിദഗ്ദ്ധൻ ക്യാപ്റ്റൻ നോബിൾ പെരേര. കോട്ടയം പ്രസ് ക്ലബ്ബിന്റെയും നാട്ടകം ഗവണ്മെന്റ് കോളേജ് ഭൗമശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ‘കാലാവസ്ഥാ വ്യതിയാനവും കേരളവും’ എന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തവേയാണ് നാവികസേനാ ക്യാപ്റ്റൻ കൂടിയായ പെരേരയുടെ മുന്നറിയിപ്പ്. സമുദ്രങ്ങളിലെ ചൂട് ക്രമാതീതമായി വർദ്ധി ക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമല്ല, കാലാവസ്ഥാ അടിയന്തിരാവസ്ഥയാണ് ഇന്നുള്ളത്.

മരങ്ങൾ നടുന്നതോടൊപ്പം കുളങ്ങൾ കൂടി നിർമ്മിക്കാൻ മലയാളി ശ്രമിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം മണ്ണിനു ജലം ഉൾക്കൊള്ളാനാകാതെ പ്രളയസമാന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും. കാലാവസ്ഥാ പഠന കോൺക്ലേവുകളിൽ സിനിമ താരങ്ങളെയല്ല കൂടുതൽ കാലാവസ്ഥാ നിരീക്ഷകരെ ഉൾപ്പെ ടുത്തേണ്ടതുണ്ട്. മതിയായ അവബോധം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടത് അതാതു സർക്കാരിന്റെ കടമയാണ്. വിദേശ രാജ്യങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുള്ള പ്രകൃതി സുരക്ഷയിലൂന്നിയുള്ള കെട്ടിടനിർമ്മാണ രീതികളും സാധ്യതകളും കേരളത്തിലും കൊണ്ടു വരേണ്ടതുണ്ട്.

വേണ്ട നടപടികൾ കൈക്കൊണ്ടു വരും വർഷത്തെ പ്രളയത്തെ തടയാൻ കേരളത്തിനു കഴിയും. ക്യാപ്റ്റൻസ് വെതർ ഫോർകാസ്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ എല്ലാ വിധ കാലാവസ്ഥാ അപ്ഡേറ്റുകളും ലഭ്യമാക്കുന്ന നോബിൾ പെരേര കേരള ഗവണ്മെന്റുമായി ചേർന്ന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കാനും ലക്ഷ്യമിടുന്നു. അതിലേക്കുള്ള ചുവടുവയ്പ്പുകൾ തുടങ്ങിയതായും അദ്ദേഹം മലയാളം യുകെ പ്രതിനിധികളോടു കൂട്ടിച്ചേർത്തു.

കാന്റര്‍ബറി: മരണങ്ങൾ വിട്ടൊഴിയാതെ യുകെയിലെ പ്രവാസിമലയാളികൾ. ഇന്ന് മരിച്ചത് കാന്റര്‍ബറിയില്‍ താമസിക്കുന്ന മലയാളിയാണ്. എറണാകുളം സ്വദേശിയായ ലാല്‍ജിത് വി കെയാണ് ഹൃദയസംബന്ധമായ അസുഖം മൂലം മരണമടഞ്ഞത്. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. കാന്റര്‍ബറിയിലെ വില്യം ഹാര്‍വി ആശുപത്രിയില്‍ ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് ലാല്‍ജിത് മരണത്തിന് കീഴടങ്ങിയത്.

എന്‍ എച്ച് എസില്‍ സ്റ്റാഫ് നേഴ്‌സായ ഭാര്യ ഉഷ ലാല്‍ജിത്തിനും ഏകമകള്‍ ലച്ചു ലാല്‍ജിത്തിനുമൊപ്പം കാന്റര്‍ബാറിയിലായിരുന്നു താമസം. അറുപത്തിനാല് വയസ്സായിരുന്നു ലാല്‍ജിത്തിന്. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. ലാൽജിത്തിന്റെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Copyright © . All rights reserved