Main News

ലണ്ടന്‍: നികുതി പിരിവുകാരുടെ വേഷം കെട്ടി ബ്രിട്ടീഷ് പൗരന്മാരുടെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡെയില്‍ മെയില്‍ ‘ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്’ വ്യക്തമാക്കുന്നു. നികുതി ദായകരെ പേടിപ്പിച്ചും ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് വ്യജന്മാര്‍ പണം തട്ടിയെടുക്കുന്നത്. റവന്യൂ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് വ്യാജന്മാര്‍ പണം തട്ടുന്നത്. ഫോണില്‍ നികുതി സംബന്ധിയായ കാര്യം വിളിച്ച് അന്വേഷിച്ച ശേഷം പണം നല്‍കാന്‍ ആവശ്യപ്പെടും. ഉടന്‍ പണം നല്‍കിയില്ലെങ്കില്‍ 25,000 പൗണ്ട് വരെ പിഴയൊടുക്കേണ്ടി വരുമെന്നും ജയില്‍ ശിക്ഷ ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരുമെന്നും വ്യാജന്മാര്‍ നികുതി ദായകരെ ഭീഷണിപ്പെടുത്തും.

നിലവില്‍ ഇത്തരം 330 കേസുകളാണ് യു.കെയില്‍ ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിലര്‍ക്ക് 20,000 പൗണ്ട് വരെ നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ചാണ് പ്രസ്തുത തട്ടിപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ മാനേജര്‍ ഉള്‍പ്പെടെ പത്തിനടുത്ത് തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വെറുമൊരു ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉപയോഗിച്ച് ലക്ഷക്കണക്കിന് പൗണ്ടാണ് ഇവര്‍ തട്ടിയെടുക്കുന്നത്. അമേരിക്കയിലെയും ഓസ്‌ട്രേലിയിയിലെയും നികുതി ദായകരില്‍ നിന്ന് ഇവര്‍ പണം തട്ടുന്നതായിട്ടാണ് സൂചന. അഹമ്മദാബാദ് പോലീസിന് വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഉടന്‍ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചതായിട്ടാണ് മെയില്‍ അധികൃതര്‍ നല്‍കുന്ന സൂചന.

ഇരകളെ കണ്ടെത്തുന്നത് വളരെ സെലക്ടീവായിട്ടല്ല. ഫോണ്‍ നമ്പരുകള്‍ കണ്ടുപിടിച്ചതിന് ശേഷം വിളിക്കുകയും വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ പണം തട്ടുകയുമാണ് ഇവരുടെ രീതി. യു.കെ ഫോണ്‍ നമ്പരുകളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പണം കൈമാറാന്‍ ആവശ്യപ്പെടുന്ന ബാങ്ക് വിവരങ്ങളും പരമാവധി സുതാര്യമായിട്ടാണ് സൂക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ലേബര്‍ എം.പി ജോണ്‍ മാന്‍ വ്യക്തമാക്കി.

ലണ്ടന്‍: യു.കെയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ‘വര്‍ക്കിംഗ് ക്ലാസ് വെളുത്ത വര്‍ഗക്കാരുടെ’ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ആണ്‍കുട്ടികളുടെ വിദ്യഭ്യാസകാര്യത്തിലാണ് വലിയ അന്തരം നിലനില്‍ക്കുന്നത്. സമൂഹത്തിന്റെ താഴെ തട്ടില്‍ ജീവിക്കുന്ന വെളുത്ത വര്‍ഗക്കാരായ കൗമാര പ്രായക്കാരെ ഉന്നത വിദ്യഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. അതേസമയം മറുവശത്ത് കുടിയേറ്റക്കാരായ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും വിദ്യഭ്യാസപരമായി വലിയ ഉയര്‍ച്ചയുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറുന്നു. ചില മേഖലകളില്‍ എതിനിക് ന്യൂനപക്ഷങ്ങളും ഏഷ്യന്‍ വംശജരുമാണ് എണ്ണത്തില്‍ തന്നെ മുന്നില്‍. കണ്ണുമായി ബന്ധപ്പെട്ട് പഠന മേഖയിലേക്ക് എത്തുന്നവരില്‍ കൂടുതല്‍ പേരും ഏഷ്യന്‍ വംശജരാണ്.

‘വര്‍ക്കിംഗ് ക്ലാസുകാരായ’ വെള്ളക്കാരുടെ(ആണ്‍കുട്ടികള്‍ മാത്രം) വിദ്യഭ്യാസത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഉന്നത വിദ്യഭ്യാസ രംഗത്ത് നിലവില്‍ യു.കെയില്‍ നിരവധി യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയൊക്കെ എല്ലാവര്‍ക്കും വിദ്യഭ്യാസം നല്‍കാന്‍ കഴിവുള്ളവയാണോയെന്നത് വലിയ ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടിയാലും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം പഠനം സാധ്യമാകാത്ത അവസ്ഥ പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്.

ആണ്‍കുട്ടികളായ വെളുത്ത വര്‍ഗക്കാരുടെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശരിവെക്കുന്നതാണ് പുതി റിപ്പോര്‍ട്ടുകള്‍. വര്‍ക്കിംഗ് ക്ലാസുകാരായ ഇത്തരക്കാര്‍ക്ക് ജീവിത പ്രാരാബ്ദങ്ങള്‍ ഉന്നത വിദ്യഭ്യാസ മേഖലയിലേക്ക് ചേക്കേറുന്നതിന് തടസമാകുന്നു. എജ്യുക്കേഷന്‍ സ്റ്റാറ്റിറ്റ്ക്‌സ് എജന്‍സി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ 20 യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും കറുത്ത വര്‍ഗക്കാരോ അല്ലെങ്കില്‍ മറ്റു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ആണ്. ചില വിഷയങ്ങളില്‍ വെള്ളക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവാണ്. ഉദാഹരണത്തിന് 60 ശതമാനം കണ്ണുസംബന്ധിയായ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത് ഏഷ്യന്‍ വംശജരാണ്.

ലണ്ടന്‍: യു.കെയിലെ മില്യണിലധികം വരുന്ന സാധാരണക്കാരുടെ കുടുംബച്ചെലവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായേക്കും. എനര്‍ജി ബില്ലുകള്‍ മാത്രമായി വര്‍ഷത്തില്‍ 117 പൗണ്ടിന്റെ വര്‍ദ്ധവുണ്ടാകുമെന്നാണ് കരുതുന്നത്. പുതുക്കിയ എനര്‍ജി നിരക്കുകള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മധ്യവര്‍ഗ്ഗ കുടുംബങ്ങളെയാണ് പുതിയ നികുതി വര്‍ദ്ധനവ് കാര്യമായി ബാധിക്കുകയെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് നടത്തിയ ഗവേഷണത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ കൗണ്‍സിലുകള്‍ നികുതി വര്‍ധനവിന് ഉത്തരവിടുമെന്ന് വ്യക്തമായിട്ടുണ്ട്. 97 ശതമാനം കൗണ്‍സിലുകളും 2019-20 കാലഘട്ടങ്ങളില്‍ കൗണ്‍സില്‍ ടാക്‌സ് വര്‍ധനവ് നടപ്പിലാക്കും. ഇതില്‍ 75 ശതമാനം കൗണ്‍സിലുകളും 2.5 ശതമാനം നികുതി വര്‍ധനവാണ് ലക്ഷ്യമിടുന്നത്. ഇത് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കും.

നിലവില്‍ കൗണ്‍സില്‍ നികുതി വര്‍ധനവ് മാത്രമായി കാര്യങ്ങള്‍ ഒതുങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രോഡ് ബാന്റ് ആന്റ് ഫോണ്‍ ബില്ലുകള്‍, വാട്ടര്‍ ബില്ല് തുടങ്ങി സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയിലേക്കാണ് ഒരോ വര്‍ഷത്തെ ചെലവുകളും വര്‍ധിക്കുന്നത്. ഏപ്രില്‍ 1-ാം തിയതിയോടെ പല ഹൗസ്‌ഹോള്‍ഡ് ബില്ലുകളിലും മാറ്റം വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. എനര്‍ജി മേഖലയില്‍ നില്‍ക്കുന്ന ഭീമന്‍ കമ്പനികളും ഉടന്‍ നിരക്ക് വര്‍ധനവ് നടപ്പിലാക്കും. ഇയോണ്‍(Eon), ഇഡിഎഫ്(EDF), എന്‍പവര്‍(Npower) തുടങ്ങി കമ്പനികളാണ് എനര്‍ജി താരിഫില്‍ വര്‍ധനവ് നടപ്പിലാക്കാനൊരുങ്ങുന്നത്. വര്‍ധനവ് നടപ്പിലായാല്‍ വര്‍ഷം 1,254 പൗണ്ട് എനര്‍ജി ബില്ലുകള്‍ക്ക് മാത്രമായി നല്‍കേണ്ടി വരും.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ശരാശരി വാട്ടര്‍ ബില്ല് വര്‍ഷത്തില്‍ 8 മുതല്‍ 415 പൗണ്ട് വരെ വര്‍ധിച്ചേക്കും. പുതിയ നിരക്ക് ഏപ്രിലിലാണ് പ്രാബല്യത്തിലാവുക. ബ്രോഡ്ബാന്റ്, ഫോണ്‍ ബില്ലുകളിലും ഗണ്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സ്‌കൈ(SKY) നെറ്റ്‌വര്‍ക്ക് മാസം 5.1 ശതമാനം വര്‍ധനവുണ്ടാകും. അല്ലെങ്കില്‍ ശരാശരി 3.50 പൗണ്ട് വര്‍ധനവ്. വെര്‍ജിന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും വലിയ തിരിച്ചടിയുണ്ടാകും. വര്‍ഷത്തില്‍ 150 പൗണ്ട് വരെയാണ് വെര്‍ജിന്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരിക. ഒ2(O2) ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ കമ്പനികളുടെ താരിഫില്‍ 2.5 ശതമാനം വര്‍ധനവുണ്ടാകും.

മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടന്നില്ലെങ്കില്‍ പ്രതിഷേധിക്കാനൊരുങ്ങി ബ്രെക്‌സിറ്റ് അനുകൂല സംഘടന. ലോറി ഡ്രൈവര്‍മാരെ ഉപയോഗിച്ച് യുകെ ഒട്ടാകെ ഹൈവേകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് നീക്കം. ബ്രെക്‌സിറ്റ് നടപ്പായില്ലെങ്കില്‍ അത് വഞ്ചനയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ബ്രെക്‌സിറ്റ് ഡയറക്ട് ആക്ഷന്‍ എന്ന ഗ്രൂപ്പാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബ്രിട്ടന്റെ പ്രധാന ഹൈവേകള്‍ എല്ലാം തന്നെ ലോറികള്‍ ഉപയോഗിച്ച് തടയാനാണ് പദ്ധതി. ബ്രെക്‌സിറ്റ് ഇല്ലാതാക്കാനോ തടയാനോ ശ്രമിക്കുന്നവര്‍ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഈ നടപടിയെന്ന് സംഘടന വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റ് മാറ്റിവെക്കണമെന്ന് കോമണ്‍സ് പ്രമേയം പാസാക്കിയതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തു.

ലോറികള്‍ ഉപയോഗിച്ചുള്ള പ്രതിഷേധത്തിന് പിന്തുണ തേടി ഒട്ടേറെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്രൂപ്പ് വ്യക്തമാക്കി. ബ്രിട്ടന്റെ ആവശ്യമനുസരിച്ച് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ നേരിട്ടുള്ള ആക്ഷനും പ്രതിഷേധവും സംഘടിപ്പിക്കുമെന്നാണ് ഗ്രൂപ്പ് പറയുന്നത്. ഇതിനായി രാജ്യമൊട്ടാകെയുള്ള ബ്രെക്‌സിറ്റ് അനുകൂലികള്‍ ഒരുമിക്കണമെന്നും രാജ്യത്തെ മുട്ടുകുത്തിക്കണമെന്നുമാണ് ആഹ്വാനം. പ്രധാന ഹൈവേകളായ M1, M6 M25, M62, A1, A55, M5, M4, M42, M55, M61, A66 തുടങ്ങിവ തടഞ്ഞുകൊണ്ടായിരിക്കണം ശക്തി കാട്ടേണ്ടതെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ ഗ്രൂപ്പ് പറഞ്ഞു.

പ്രധാന ഹൈവേകള്‍ക്ക് അടുത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ ഏതു നിമിഷവും റോഡ് തടയാന്‍ തയ്യാറായിരിക്കണമെന്ന് ഗ്രൂപ്പ് നിര്‍ദേശിക്കുന്നു. ഇതുമൂലമുണ്ടാകുന്ന നിയമ നടപടികളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അവ ദേശീയ സംഘാടകര്‍ കൈകാര്യം ചെയ്യുമെന്നുമാണ് അറിയിപ്പ്. സന്ദേശത്തിന് ട്വിറ്ററില്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. നിരവധി ബ്രെക്‌സിറ്റ് അനുകൂലികള്‍ ഇതിന് പിന്തുണയുമായി രംഗത്തെത്തി.

ന്യൂസിലാന്‍സില്‍ നടന്ന വൈറ്റ് ടെററിസ്റ്റ് ആക്രമണത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലാണ് 24 കാരനായ യുവാവ് അറസ്റ്റിലായത്. ക്രൈസ്റ്റ്ചര്‍ച്ച് സംഭവത്തില്‍ അക്രമിയെ അനുകൂലിച്ചുകൊണ്ടാണ് ഓള്‍ഡ്ഹാം സ്വദേശിയായ യുവാവ് പോസ്റ്റിട്ടത്. വിദ്വേഷം നിറഞ്ഞ ആശയങ്ങള്‍ പങ്കുവെച്ചു എന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഷമകരമായ ഒരു സമയത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെന്ന് പോലീസ് വക്താവ് പറഞ്ഞു. ന്യൂസിലാന്‍ഡ് സംഭവത്തിന്റെ അലകള്‍ ലോകത്തെങ്ങും മുഴങ്ങിക്കൊണ്ടിരിക്കുന്നു. പലയാളുകളും നടുങ്ങിയിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഒരു സമൂഹമെന്ന നിലയില്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണ് ഇത്. അതിനിടെ നിയമം അനുവദിക്കുന്ന സീമകള്‍ ലംഘിക്കുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും പ്രോസിക്യൂഷനെ നേരിടേണ്ടി വരികയും ചെയ്യുമെന്നും വക്താവ് പറഞ്ഞു.

ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ബ്രെന്റണ്‍ ടാറന്റ് എന്ന 28 കാരനായ ഓസ്‌ട്രേലിയക്കാരനാണ് വെടിവെയ്പ്പ് നടത്തിയത്. തോക്കില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയില്‍ കൂടി സോഷ്യല്‍ മീഡിയയില്‍ ലൈവ് നടത്തിക്കൊണ്ടായിരുന്നു ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. 50 ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. അഭയാര്‍ത്ഥി, കുടിയേറ്റ വിരുദ്ധ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്.

സംഭവത്തോട് അനുബന്ധിച്ച് മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ആക്രമണത്തില്‍ മസ്ജിദ് അല്‍ നൂറില്‍ 41 പേര്‍ തല്‍ക്ഷണം മരിച്ചു. സെന്‍ട്രല്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ ഡീന്‍സ് അവന്യൂവിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ലിന്‍വുഡ് മസ്ജിദില്‍ ഏഴു പേരും പരിക്കേറ്റ് ചികിത്സയിലിരിക്കെ ക്രൈസ്റ്റ്ചര്‍ച്ച് ഹോസ്പിറ്റലില്‍ വെച്ച് ഒരാളുമാണ് മരിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആയുധ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു.

ബ്രെക്‌സിറ്റില്‍ രണ്ടാമതൊരു ഹിതപരിശോധന ആവശ്യമാണോ എന്ന വിഷയത്തില്‍ ബ്രിട്ടീഷ് ജനത രണ്ടു തട്ടിലെന്ന് സര്‍വേ. ഹിതപരിശോധന വേണമെന്നും അത് ആവശ്യമില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഒരേ അനുപാതത്തിലാണെന്ന് ഒബ്‌സര്‍വറിനു വേണ്ടി നടത്തിയ ഒപീനിയം പോള്‍ പറയുന്നു. ബ്രെക്‌സിറ്റ് വൈകിപ്പിച്ചുകൊണ്ട് രണ്ടാമതൊരു ഹിതപരിശോധന നടത്തണമെന്ന് 43 ശതമാനം ആളുകള്‍ ആവശ്യപ്പെടുമ്പോള്‍ മറ്റൊരു 43 ശതമാനം യാതൊരുവിധ ഉടമ്പടികളും കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമെന്നാണ് ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ അതോ തെരേസ മേയുടെ ഡീലിനെ പിന്തുണക്കണോ എന്ന വിഷയത്തില്‍ ജനാഭിപ്രായം തേടിയാല്‍ യൂണിയനില്‍ തുടരണമെന്ന് വോട്ടു ചെയ്യുമെന്ന് 46 ശതമാനം പേര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഡീല്‍ അനുസരിച്ച് യൂണിയന്‍ വിടണമെന്ന് ആവശ്യപ്പെടുമെന്ന് 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റില്‍ നാടകീയമായ വോട്ടെടുപ്പുകള്‍ കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് ഈ സര്‍വേ ഫലങ്ങള്‍ പുറത്തു വരുന്നത്. പ്രധാനമന്ത്രിയുടെ ഡീല്‍ രണ്ടാം വട്ടവും കോമണ്‍സ് വോട്ടിനിട്ടു തള്ളി. 149 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എതിര്‍പക്ഷം ഡീലിനെതിരായ തങ്ങളുടെ വികാരം അറിയിച്ചത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കരുതെന്നും ആര്‍ട്ടിക്കിള്‍ 50 മൂന്നു മാസത്തേക്ക് നീട്ടണമെന്നുമുള്ള ആവശ്യങ്ങള്‍ എംപിമാര്‍ പിന്നാലെ നടന്ന രണ്ടു വോട്ടിംഗുകളില്‍ പാസാക്കി. ഇത് റിമെയിന്‍ പക്ഷക്കാര്‍ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ച് 23 ശനിയാഴ്ച റിമെയിന്‍ പക്ഷക്കാര്‍ വലിയൊരു പ്രകടനം നടത്താനിരിക്കുകയാണ്. ലണ്ടനിലായിരിക്കും മാര്‍ച്ച് നടക്കുക.

ബ്രെക്‌സിറ്റ് വിഷയത്തില്‍ ഗവണ്‍മെന്റില്‍ പ്രതിസന്ധിയും ക്യാബിനറ്റില്‍ ഭിന്നതയുമുണ്ടെങ്കിലും നിലവില്‍ പാര്‍ട്ടികള്‍ക്കിടയില്‍ കണ്‍സര്‍വേറ്റീവിനു തന്നെയാണ് ലീഡ്. 38 ശതമാനം സ്‌കോര്‍ ടോറികള്‍ക്കുണ്ട്. ലേബറിന് 34 ശതമാനമാണ് ലീഡ്. 8 ശതമാനം ലീഡുമായി യുകിപ്പും ലിബറല്‍ ഡെമോക്രാറ്റുകളും മൂന്നാം സ്ഥാനത്തുണ്ട്.

ന്യൂസ് ഡെസ്ക്

ന്യൂസിലൻഡിലെ വെടിവയ്പ്പിൽ മലയാളി യുവതിയും കൊല്ലപ്പെട്ടു. ന്യൂസിലൻഡിലെ ലിൻകൺ യുണിവേഴ്സിറ്റിയിൽ അഗ്രിബിസിനസ് മാനേജ്മെന്റിൽ വിദ്യാർത്ഥിനിയായ തൃശൂർ കൊടുങ്ങല്ലൂർ മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ 23 കാരിയായ അൻസിയാണ് മരണമടഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി ന്യൂസിലൻഡിൽ താമസിക്കുന്ന ആൻസി കരിപ്പാക്കുളം അലി ബാവയുടെ മകളാണ്.

ന്യൂസിലൻഡിൽ നടന്ന കൂട്ടക്കുരുതിയിൽ 49 പേർ മരിക്കുകയും 20 അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അൽപം മുമ്പാണ് മരണവിവരം വീട്ടുകാരെ അറിയിക്കുന്നത്. ആക്രമണ സമയത്ത് അൻസിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന ഭർത്താവ് നാസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഇരുവരും ന്യൂസിലൻഡിലേക്ക് പോയത്. നാസർ ന്യൂസീലൻഡിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.

അൻസിയെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നായിരുന്നു ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. ആക്രമണ സമയത്ത് ഇവർ ഡീൻസ് അവന്യുവിലുള്ള മോസ്ക്കിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്ക്രോസ് പറയുന്നു. റെഡ്ക്രോസ് നൽകിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുണ്ടായിരുന്നത്.

വെടിവെപ്പിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലൻഡിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവർക്ക് വെടിയേറ്റതായി സംശയവും അവർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശിയും മലയാളിയായ അൻസിയും കൊല്ലപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നത്.

ബ്രിട്ടനില്‍ നിന്നുള്ള എംഇപിമാരെ തെരഞ്ഞെടുക്കാതെ ബ്രെക്‌സിറ്റ് വൈകിപ്പിക്കല്‍ സാധ്യമാകില്ലെന്ന് ലീക്കായ രേഖകള്‍. എംഇപിമാരെ തെരഞ്ഞെടുത്ത് അയച്ചില്ലെങ്കില്‍ യുകെയുടെ നീട്ടിയ അംഗത്വ കാലാവധി ബ്രസല്‍സ് റദ്ദാക്കിയേക്കുമെന്നാണ് വിവരം. മാര്‍ച്ച് 29ന് അപ്പുറത്തേക്ക് മൂന്നു മാസത്തേക്ക് ബ്രെക്‌സിറ്റ് നീട്ടിവെച്ചാല്‍ അത് ഉപാധി രഹിതമായിരിക്കും. എന്നാല്‍ അതിനു ശേഷം കാലാവധി നീട്ടേണ്ടി വന്നാല്‍ യൂറോപ്യന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ പങ്കെടുക്കേണ്ടി വരും. എംഇപിമാര്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ നടപടികളില്‍ പങ്കെടുക്കേണ്ടി വരുമെന്നതിനാലാണ് ഇത്. അംബാസഡര്‍മാരെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞുവെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ദീര്‍ഘിപ്പിക്കാന്‍ ഒന്നിലേറെത്തവണ ആവശ്യപ്പെടാന്‍ ബ്രിട്ടന് കഴിയില്ലെന്നാണ് വിവരം. യൂറോപ്യന്‍ യൂണിയന്‍ അത് അംഗീകരിക്കാന്‍ ഇടയില്ലെന്ന് രേഖ പറയുന്നു.

മെയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ പങ്കെടുക്കാതിരിക്കുകയും നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ യുകെ ശ്രമിക്കുകയും ചെയ്താല്‍ അതിന് അംഗീകാരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ജൂലൈ 1ന് അപ്പുറം ഒരു കാലാവധി നീട്ടല്‍ സാധ്യമല്ലെന്നു തന്നെയാണ് വിവരം. അല്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ച തിയതിയില്‍ നടക്കാതിരിക്കണം. അതായത് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലെങ്കില്‍ ബ്രിട്ടന് ബ്രെക്‌സിറ്റ് നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധ്യമാകാതെ വരും. ശരിയായ രൂപമോ പ്രാതിനിധ്യമോ ഇല്ലാത്ത പാര്‍ലമെന്റിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്നാണ് വിവരം.

അടുത്ത വ്യാഴാഴ്ച നടക്കുന്ന യൂറോപ്യന്‍ സമ്മിറ്റില്‍ യൂകെ നല്‍കാനിരിക്കുന്ന ബ്രെക്‌സിറ്റ് എക്‌സ്റ്റെന്‍ഷന്‍ അപേക്ഷ സംബന്ധിച്ച് 27 യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ ചര്‍ച്ച ചെയ്യും. തെരേസ മേയുടെ ഡീല്‍ മൂന്നാം വട്ടവും പരാജയപ്പെട്ടാല്‍ ജൂണ്‍ 30 വരെ ബ്രെക്‌സിറ്റ് നീട്ടാന്‍ യൂണിയനോട് ആവശ്യപ്പെടാന്‍ കോമണ്‍സ് വോട്ട് ചെയ്‌തേക്കും. തന്റെ ഡീല്‍ പരാജയപ്പെടുകയാണെങ്കില്‍ കൂടുതല്‍ നീളുന്ന എക്‌സ്റ്റെന്‍ഷന്‍ ആവശ്യമായേക്കുമെന്നാണ് തെരേസ മേയ് തന്റെ പാര്‍ട്ടിയിലെ റിബല്‍ എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ സ്ലീപ്പിംഗ് പോഡില്‍ അല്‍പ സമയം മയങ്ങുകയായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ഉണര്‍ന്നപ്പോള്‍ ലഭിച്ചത് വിദ്വേഷം നിറഞ്ഞ കുറിപ്പ്. വിദേശിയാണെന്ന് തെറ്റിദ്ധരിച്ച് ആരോ സ്ലീപ്പിംഗ് പോഡില്‍ കുറിപ്പ് നിക്ഷേപിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സ്വദേശിനിയായ ഷാര്‍ലറ്റ് ബ്രിയന്‍ എന്ന 21കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ഈ കുറിപ്പു കണ്ടപ്പോള്‍ ആദ്യമുണ്ടായത് ആശ്ചര്യമായിരുന്നു. ‘ആദ്യം നിങ്ങള്‍ ഞങ്ങളുടെ ജോലികള്‍ തട്ടിയെടുത്തു. ഇപ്പോള്‍ ഞങ്ങളുടെ പോഡുകള്‍ പോലും തട്ടിയെടുക്കുകയാണ്. ബ്രെക്‌സിറ്റെന്നാല്‍ ബ്രെക്‌സിറ്റ് എന്നുതന്നെയാണ് അര്‍ത്ഥമെന്നും നിങ്ങള്‍ വീട്ടില്‍പ്പോയി കിടന്നുറങ്ങൂ എന്നുമാണ് പേപ്പര്‍ തുണ്ടില്‍ എഴുതിയ കുറിപ്പിലുണ്ടായിരുന്നത്.

യൂണിവേഴ്‌സിറ്റിയില്‍ തനിക്കൊപ്പം ഒട്ടേറെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് പഠിക്കുന്നുണ്ടെന്നും അവര്‍ക്ക് ഈ കുറിപ്പ് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഷാര്‍ലറ്റ് പറഞ്ഞു. ഇത് കണ്ടപ്പോള്‍ തനിക്ക് വലിയ ദേഷ്യമാണ് തോന്നിയത്. അത് മറ്റുള്ളവര്‍ കണ്ടാലും ഇതേ വികാരമായിരിക്കും തോന്നുകയെന്നും ഷാര്‍ലറ്റ് വ്യക്തമാക്കി. ഒരു മന്‍കൂണിയനായ തനിക്കു വേണ്ടിയാണ് ഈ കുറിപ്പ് തയ്യാറാക്കിയതെന്ന് തനിക്ക് തോന്നുന്നില്ല. എന്നാല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ താന്‍ യൂണിഫോമിലായിരുന്നു. കുറിപ്പില്‍ തൊഴിലുകള്‍ മോഷ്ടിക്കുന്നതായാണ് പറഞ്ഞിരിക്കുന്നതും. ഇത്തരം കുറിപ്പുകള്‍ എഴുതുന്നവര്‍ മാസം 80 പൗണ്ട് ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ ധൈര്യമായി ചെയ്‌തോളൂ എന്നും ഷാര്‍ലറ്റ് പറയുന്നു.

ഒട്ടേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയിലുണ്ട്. ഈ കുറിപ്പ് മറ്റാര്‍ക്കും ലഭിക്കാതെ എനിക്കു മാത്രമാണ് ലഭിച്ചതെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഷാര്‍ലറ്റ് വ്യക്തമാക്കി. ലൈബ്രറി ഉപയോഗിക്കുന്നതിനിടെ ക്ഷീണം തീര്‍ക്കുന്നതിനായി 20 മിനിറ്റ് സമയം വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കുന്നതിനായാണ് സ്ലീപ്പിംഗ് പോഡ് സ്ഥാപിച്ചിരിക്കുന്നത്.

വൂള്‍വര്‍ഹാംപ്ടണില്‍ സ്ട്രീറ്റ് റേസ് നടത്തിയ കാര്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിലിടിച്ച് രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. രണ്ടു വയസുകാരനായ പവന്‍വീര്‍ സിങ്, സഹോദരന്‍ 10 വയസുകാരനായ സഞ്ജയ് സിങ് എന്നിവരാണ് മരിച്ചത്. ഇരുവരും അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇവരുടെ അമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃത റേസുകള്‍ക്ക് കുപ്രസിദ്ധി നേടിയ ബര്‍മിംഗ്ഹാം ന്യൂ റോഡില്‍ ട്രാഫിക് സിഗ്നലിലായിരുന്നു സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറിലേക്ക് ഒരു ഓഡി എ3 കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഒരു ബെന്റ്‌ലി ജിറ്റിസി കാറുമായി മത്സരിച്ച് ഓടിക്കുകയായിരുന്നു അപകടമുണ്ടാക്കിയ കാര്‍. വ്യാഴാഴ്ച രാത്രി 9 മണിക്കായിരുന്നു സംഭവം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരന്‍മാര്‍ക്ക് ഓടിയെത്തിയവര്‍ പ്രഥമശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ഓഡി കാറിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബെന്റ്‌ലി ഡ്രൈവര്‍ കാറുമായി രക്ഷപ്പെട്ടെങ്കിലും പിന്നീട് അപകട സ്ഥലത്ത് വീണ്ടുമെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്ത കുറ്റത്തിനാണ് 31 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.

രണ്ടു കാറുകള്‍ മത്സരിച്ച് ഓടിക്കുന്നത് കണ്ടെന്ന് തന്റെ മകന്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് അപകടമുണ്ടായതെന്ന് സമീപത്ത് താമസിക്കുന്ന ഒരാള്‍ പറഞ്ഞു. അപകടത്തിന്റെ വലിയ ശബ്ദമാണ് താന്‍ കേട്ടതെന്നും പേരു വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നിരവധി അപകടങ്ങള്‍ ഈ ജംഗ്ഷനില്‍ നടന്നിട്ടുണ്ടെന്നാണ് ഒരു ലോക്കല്‍ കെയര്‍ വര്‍ക്കര്‍ പറഞ്ഞത്. പല വാഹനങ്ങളും റെഡ് ലൈറ്റ് ഭേദിച്ച് പോകുന്നതിനാലാണ് അപകടങ്ങളുണ്ടാകുന്നതെന്നും അവര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved