Main News

താന്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഡീലിനെ പിന്തുണച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തെരേസ മേയ്. നമ്മുടെ രാജ്യത്തിനും പാര്‍ട്ടിക്കും ഹിതകരമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്നാണ് മേയ് ബാക്ക്‌ബെഞ്ച് എംപിമാരെ അറിയിച്ചത്. അടുത്ത ഘട്ടം ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ താന്‍ നയിക്കേണ്ടെന്നാണ് ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെ അഭിപ്രായമെന്ന് തനിക്ക് അറിയാമെന്നും ഒരിക്കലും ഈ അഭിപ്രായത്തിന് എതിരായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ എംപിമാരുടെ യോഗത്തില്‍ പറഞ്ഞു. അതേസമയം ഡീലിനെ പിന്തുണക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ടോറി സഖ്യകക്ഷിയായ ഡിയുപി പ്രതികരിച്ചത്.

മേയുടെ പ്രഖ്യാപനം റിബല്‍ എംപിമാരുടെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഡിയുപിയുടെ നിലപാട് നമ്പര്‍ 10ന് വന്‍ തിരിച്ചടിയാണെന്ന് ബിബിസിയിലെ ലോറ ക്വേന്‍സ്‌ബെര്‍ഗ് പറയുന്നു. ഡിയുപി കടുത്ത നിലപാടില്‍ നിന്ന് പിന്മാറുമോ എന്നാണ് യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ജേക്കബ് റീസ് മോഗ് അടക്കമുള്ള ബ്രെക്‌സിറ്റ് അനുകൂലികളായ ടോറികള്‍ ഉറ്റുനോക്കുന്നത്. അറ്റകൈ പ്രയോഗമെന്ന നിലയില്‍ രാജി സന്നദ്ധത പ്രധാനമന്ത്രി അറിയിച്ചെങ്കിലും ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താതെയുള്ള ഡീലിന് പിന്തുണ നല്‍കാനാണ് മേയ് ആവശ്യപ്പെടുന്നതെന്ന് ഡിയുപി നേതാവ് ആര്‍ലീന്‍ ഫോസ്റ്റര്‍ പറഞ്ഞു. യുകെയുടെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന ഒന്നാണ് ബാക്ക്‌സ്റ്റോപ്പ് എന്നാണ് ഫോസ്റ്റര്‍ അഭിപ്രായപ്പെട്ടത്.

ഐക്യം ഇല്ലാതാക്കുന്ന ഒരു നടപടിക്കും ഡിയുപി പിന്തുണ നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഡീലിന് പാര്‍ലമെന്റ് പിന്തുണ നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് പറഞ്ഞു. അതിനുള്ള ലക്ഷണങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡീല്‍ പാസായാല്‍ പുതിയ ബ്രെക്‌സിറ്റ് തിയതിയായ മെയ് 22നു ശേഷം രാജി സമര്‍പ്പിക്കാമെന്നും പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നതു വരെ തുടരുമെന്നുമാണ് മേയ് 1922 കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്.

ഇന്‍ഹേലറുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാത്തതിനാല്‍ ആസ്ത്മ രോഗികളില്‍ അപായ സാധ്യത ഉയര്‍ന്ന നിരക്കിലെന്ന് ചാരിറ്റി. ആസ്തമ രോഗികളില്‍ പകുതിയോളം പേരും ഇന്‍ഹേലര്‍ ശരിയായ വിധത്തിലല്ല ഉപയോഗിക്കുന്നതെന്ന് ഗവേഷണങ്ങളില്‍ വ്യക്തമായിരുന്നു. ഇന്‍ഹേലര്‍ ഉപയോഗവും അവയുടെ കാര്യക്ഷമതയും പരിശോധിക്കാനുള്ള അവസരങ്ങള്‍ രോഗികളില്‍ അഞ്ചിലൊരാള്‍ക്ക് വീതം ലഭ്യമാകുന്നില്ലെന്നും ആസ്തമ യുകെ നടത്തിയ പഠനത്തില്‍ വ്യക്തമായി. 10,000 രോഗികളിലാണ് പഠനം നടത്തിയത്. 21 വിവിധ തരത്തിലുള്ള ഇന്‍ഹേലറുകളും സ്‌പേസറുകളും നേസല്‍ സ്‌പ്രേകളും എങ്ങനെയാണ് ശരിയായ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന മൂന്നു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള വീഡിയോകളും ചാരിറ്റി പുറത്തു വിട്ടു. ആസ്തമ രോഗികള്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചികിത്സയാണ് ഇന്‍ഹേലര്‍ എന്ന് ജിപിയും ചാരിറ്റിയുടെ ക്ലിനിക്കല്‍ തലവനുമായ ഡോ.ആന്‍ഡി വിറ്റമോര്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ രോഗികള്‍ ഇന്‍ഹേലറുകളുടെ പ്രാധാന്യം മനസിലാക്കി അവ പരിശോധനാ വിധേയമാക്കാന്‍ ശ്രമിക്കാത്തത് ഗുരുതരമായ സാഹചര്യമാണ്. ഒരു ജിപിയെയൊ ആസ്തമ നഴ്‌സിനെയോ സന്ദര്‍ശിച്ചാണ് ഇത് ചെയ്യേണ്ടത്. പല വിധത്തിലുള്ള ഇന്‍ഹേലറുകള്‍ ലഭ്യമാണ്. അവയുടെ ഉപയോഗ രീതികളും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗ രീതികള്‍ മനസിലാക്കുക എന്നത് രോഗികള്‍ക്കും ആരോഗ്യ വിദഗ്ദ്ധര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഇന്‍ഹേലര്‍ വാങ്ങുമ്പോള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്ന രീതികള്‍ രോഗികള്‍ മറക്കുന്ന ദുശ്ശീലവും കണ്ടു വരുന്നുണ്ട്. ഇന്‍ഹേലര്‍ ശരിയായ വിധത്തിലല്ല പിടിക്കുന്നതെങ്കില്‍ മരുന്ന് പൂര്‍ണ്ണമായും ഉള്ളിലെത്തില്ല. വായില്‍ മരുന്ന് പറ്റിപ്പിടിക്കുന്നത് മറ്റു പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

മരുന്ന് അകത്തേക്ക് വലിക്കുന്ന ശക്തി കുറയുന്നതും കൂടിപ്പോകുന്നതും മറ്റു തരത്തിലുള്ള പിഴവുകളാണ്. അതുപോലെ മറ്റൊരു തകരാറാണ് ഉപയോഗത്തിനു മുമ്പ് ഇന്‍ഹേലര്‍ കുലുക്കാത്തത്. വര്‍ഷത്തിലൊരിക്കല്‍ രോഗികള്‍ ഇന്‍ഹേലര്‍ ടെക്‌നിക്ക് ജിപിയുടെ അടുത്തോ ആസ്തമ നഴ്‌സിന്റെ അടുത്തോ എത്തി പരിശോധിക്കണമെന്നാണ് ദേശീയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പറയുന്നത്. ഇന്‍ഹേലര്‍ ഉപയോഗത്തിലെ പിഴവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ആസ്തമ അറ്റാക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും ചാരിറ്റി പുറത്തിറക്കുന്ന വീഡിയോകള്‍ രോഗികള്‍ ശ്രദ്ധാപൂര്‍വ്വം കാണണമെന്നും ഡോ.വിറ്റമോര്‍ പറഞ്ഞു.

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് എംപിമാര്‍ നിര്‍ദേശിച്ച പരിഹാര മാര്‍ഗ്ഗങ്ങള്‍ക്ക് ഒന്നിനും കോമണ്‍സ് വോട്ടെടുപ്പുകളില്‍ ഭൂരിപക്ഷ പിന്തുണയില്ല. യൂറോപ്യന്‍ യൂണിയന്‍ വിടുന്ന വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ എട്ടു മാര്‍ഗ്ഗങ്ങളായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയനുമായുള്ള കസ്റ്റംസ് യൂണിയന്‍ തുടരുക, ഉടമ്പടിയില്‍ ഹിതപരിശോധന നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടക്കമുള്ള ഇവയില്‍ വോട്ടെടുപ്പു പരമ്പര തന്നെയാണ് കോമണ്‍സില്‍ നടന്നത്. പാര്‍ലമെന്റില്‍ ഇത്തരമൊരു ഫലമുണ്ടായത് മന്ത്രിമാര്‍ നിര്‍ദേശിച്ച ഡീലാണ് മികച്ചതെന്ന് വ്യക്തമാക്കുന്നുവെന്ന് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലേയ് പ്രതികരിച്ചു. തന്റെ ഡീലിന് പിന്തുണ നല്‍കിയാല്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്ന് തെരേസ മേയ് പ്രഖ്യാപിച്ചതിനു ശേഷമാണ് വോട്ടെടുപ്പുകളില്‍ ഈ വിധത്തിലുള്ള ഫലം ഉണ്ടായത്. യൂറോപ്യന്‍ യൂണിയനുമായുള്ള പിന്‍മാറ്റ കരാറിന് അംഗീകാരം നല്‍കിയാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പായി താന്‍ സ്ഥാനംമൊഴിയാന്‍ തയ്യാറാണെന്ന് ടോറി എംപിമാരുടെ യോഗത്തിലാണ് മേയ് അറിയിച്ചത്.

ഇതേത്തുടര്‍ന്ന് വിരുദ്ധ ചേരിയിലായിരുന്ന പല കണ്‍സര്‍വേറ്റീവ് എംപിമാരും മേയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഡീലിനെ പിന്തുണക്കില്ലെന്ന് ടോറി സഖ്യ കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റുകള്‍ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന അപ്രതീക്ഷിത വോട്ടെടുപ്പുകള്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റിലുണ്ടായ തടസ്സങ്ങള്‍ നീക്കുമെന്നായിരുന്നു എംപിമാര്‍ പ്രതീക്ഷിച്ചത്. ബ്രെക്‌സിറ്റ് ഡീലില്‍ ഹിതപരിശോധന, കസ്റ്റംസ് യൂണിയന്‍, ലേബര്‍ നിര്‍ദേശിച്ച ബ്രെക്‌സിറ്റ് പ്ലാന്‍, പൊതു വിപണി, ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കി നോ ഡീല്‍ ഒഴിവാക്കാനുള്ള നിര്‍ദേശം, ഏപ്രില്‍ 12ഓടെ നോ ഡീല്‍, മാള്‍ട്ട്ഹൗസ് പ്ലാന്‍ ബി, ഇഎഫ്ടിഎ, ഇഇഎ എന്നിവയില്‍ അംഗത്വം തുടങ്ങിയ നിര്‍ദേശങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ഇവയെല്ലാം പാര്‍ലമെന്റ് തള്ളുകയായിരുന്നു.

ഇവയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച നിര്‍ദേശം താരിഫ് രഹിത വ്യാപാരം തുടരുന്നതിനായി യുകെയും യൂറോപ്യന്‍ യൂണിയനും പുതിയ കസ്റ്റംസ് യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ കെന്‍ ക്ലാര്‍ക്ക് അവതരിപ്പിച്ച ക്രോസ് പാര്‍ട്ടി പദ്ധതിയായിരുന്നു ഇത്. 264നെതിരെ 272 വോട്ടുകള്‍ക്കാണ് ഇത് തള്ളിയത്. മാര്‍ക്ക് ഫീല്‍ഡ്, സ്റ്റീഫന്‍ ഹാമണ്ട്, മാര്‍ഗറ്റ് ജെയിംസ്, ആന്‍ മില്‍ട്ടണ്‍, റോറി സ്റ്റുവര്‍ട്ട് എന്നീ കണ്‍സര്‍വേറ്റീവ് മന്ത്രിമാരും ഈ നിര്‍ദേശത്തെ പിന്തുണച്ചു. ക്യാബിനറ്റ് മന്ത്രിമാരൊഴികെ എല്ലാ കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കും സ്വതന്ത്ര വോട്ട് അവകാശം നല്‍കിയിരുന്നു.

കാറുകളില്‍ സ്പീഡ് ലിമിറ്ററുകള്‍ വെക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിബന്ധനക്കെതിരെ ഓട്ടോമൊബൈല്‍ അസോസിയേഷന്‍. ഈ നിര്‍ദ്ദേശം നടപ്പായാല്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ അറിയിച്ചു. ശരിയായ സമയത്ത് ശരിയായ വേഗത നിര്‍ണ്ണയിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയും. എന്നാല്‍ അതിനായി സ്ഥാപിക്കുന്ന സാങ്കേതികത ഒട്ടും സുരക്ഷിതമായിരിക്കില്ലെന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. ഏറ്റവും മികച്ച സ്പീഡ് ലിമിറ്റര്‍ ഡ്രൈവറുടെ വലതുകാലാണ്. ഇത് ശരിയായ സമയത്ത് ശരിയായ സ്പീഡ് നിര്‍ണ്ണയിക്കും. ശരിയായ വേഗമെന്നത് സ്പീഡ് ലിമിറ്റിന്റെ താഴെയായിരിക്കും മിക്ക സമയങ്ങളിലും. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ ഏറെയുള്ളപ്പോള്‍ വേഗം കുറച്ചായിരിക്കും വാഹനങ്ങള്‍ പോകുന്നത്. എന്നാല്‍ സ്പീഡ് ലിമിറ്റര്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ ഓടാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ചിലപ്പോള്‍ കുറച്ചു വേഗതയെടുക്കുന്നത് റോഡിലെ സുരക്ഷയ്ക്ക് അത്യാവശ്യമായിരിക്കും. ഗ്രാമപ്രദേശങ്ങളില്‍ ട്രാക്ടറുകളെ ഓവര്‍ടേക്ക് ചെയ്യാനും മോട്ടോര്‍വേയില്‍ കയറാനുമൊക്കെ ഇത് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2022 മുതല്‍ കാറുകളില്‍ സ്പീഡ് ലിമിറ്റര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് എന്ന ഈ ബ്ലാക്ക് ബോക്‌സ് ജിപിഎസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും സ്പീഡ് ലിമിറ്റ് കടന്നു പോകാതെ വാഹനത്തെ നിയന്ത്രിക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കാറുകളുടെ എല്ലാ പുതിയ മോഡലുകളിലും ഇത് സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ബ്രെക്‌സിറ്റ് പ്രാവര്‍ത്തികമായാലും ബ്രിട്ടനിലെ കാറുകളിലും ഇത് സ്ഥാപിക്കേണ്ടി വരും.

ഇത് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ തുടരുന്നതിനു സമമായിരിക്കുമെന്ന് യുകെയുടെ വെഹിക്കിള്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി പറയുന്നു. ഐഎസ്എ സ്ഥാപിക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ അംഗ രാജ്യങ്ങളുടെയും അംഗീകാരത്തിനായി സെപ്റ്റംബറില്‍ എത്താനിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കണമെന്ന ആവശ്യമുന്നയിക്കുന്ന പെറ്റീഷന്‍ ഗവണ്‍മെന്റ് തള്ളി. ബ്രെക്‌സിറ്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് 57.5 ദശലക്ഷം ആളുകള്‍ ഒപ്പുവെച്ച പെറ്റീഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ ഒന്നിന് ഈ പെറ്റീഷനില്‍ എംപിമാര്‍ ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഇ-പെറ്റീഷന്‍സ് വെബ്‌സൈറ്റില്‍ വരുന്ന നിവേദനങ്ങളില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ ഒപ്പുവെച്ചാല്‍ അത് കോമണ്‍സ് ചര്‍ച്ച ചെയ്യും. ഇത്തരത്തില്‍ എത്തിയ പരാതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്താങ്ങിയ പെറ്റീഷന്‍ എന്ന റെക്കോര്‍ഡും ഈ നിവേദനത്തിനാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനം ജനങ്ങളുടേതാണെന്ന് സര്‍ക്കാര്‍ വാദം തെറ്റാണെന്ന് വാദിക്കുന്ന നിവേദനം പിന്‍മാറ്റത്തിന് സന്നദ്ധത അറിയിച്ചുകൊണ്ട് യൂറോപ്യന്‍ കൗണ്‍സിലില്‍ നല്‍കിയ ആര്‍ട്ടിക്കിള്‍ 50 കത്ത് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കാനാകില്ലെന്നാണ് ഇതിനോട് പ്രതികരിച്ചു കൊണ്ട് പാര്‍ലമെന്ററി പെറ്റീഷന്‍സ് വെബ്‌സൈറ്റില്‍ നല്‍കിയ കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. യുകെയ്ക്ക് ഏകപക്ഷീയമായി പിന്‍വലിക്കാവുന്ന ഒന്നല്ല അതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സിറ്റിംഗ് ദി യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക പ്രതികരണത്തില്‍ പിന്നീട് അറിയിക്കുകയും ചെയ്തു. 2016ലെ ഹിതപരിശോധനാ ഫലത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും എല്ലാവര്‍ക്കും ഗുണകരമായ ഒരു പിന്‍വാങ്ങലിനായാണ് തങ്ങള്‍ ശ്രമിക്കുന്നത്. ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കുകയും യൂറോപ്യന്‍ യൂണിയനില്‍ ഇനി തുടരുകയും ചെയ്യുന്നത് ജനാധിപത്യത്തോടും സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷങ്ങളോടുമുള്ള അവഹേളനമായിരിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇത്രയും ആളുകള്‍ പെറ്റീഷനെ പിന്തുണച്ചിട്ടുണ്ടെങ്കിലും ഹിതപരിശോധനാ ഫലം മാനിക്കപ്പെടണം. ഹിതപരിശോധനയുടെ ഫലം എന്തുതന്നെയായാലും അത് നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തേ അറിയിപ്പ് നല്‍കിയതാണ്. 17.4 ദശലക്ഷം ആളുകള്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ആവശ്യപ്പട്ടവരാണ്. യുകെയില്‍ ഇതുവരെ നടന്ന ജനാധിപത്യ പ്രക്രിയകളില്‍ ഏറ്റവും വലിയ ഫലമായിരുന്നു ഇത്. അതിനാല്‍ത്തന്നെ വോട്ടര്‍മാരുടെ തീരുമാനം തന്നെ നടപ്പാകുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

ദരിദ്ര സാഹചര്യങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് കളിക്കാന്‍ പുല്‍ത്തകിടിയുള്ള പ്ലേ ഗ്രൗണ്ട് നിഷേധിച്ച് റെസിഡന്‍സ് ഏരിയ. സൗത്ത് ലണ്ടനിലെ ബെയ്‌ലിസ് ഓള്‍ഡ് സ്‌കൂള്‍ കോംപ്ലക്‌സിലെ ഗ്രൗണ്ടിലാണ് ധനികരും ദരിദ്രരുമായ കുട്ടികളെ വേര്‍തിരിച്ചു കാണുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ദരിദ്രരായ കുട്ടികള്‍ക്ക് പ്രദേശത്തെ പച്ചപ്പു നിറഞ്ഞ ഗ്രൗണ്ടില്‍ കളിക്കാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഫ്‌ളാറ്റുകളില്‍ നിന്ന് മാത്രമാണ് ഈ ഗ്രൗണ്ടിലേക്ക് പ്രവേശനമുള്ളത്. സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്നവര്‍ക്ക് ഈ ഗ്രൗണ്ടിലേക്ക് കയറാന്‍ കഴിയാത്ത വിധത്തില്‍ മൂന്നടി ഉയരത്തില്‍ വേലി സ്ഥാപിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. സൗത്ത് ലണ്ടനിലെ ലോലാര്‍ഡ് സ്ട്രീറ്റിലുണ്ടായിരുന്ന സ്‌കൂളിന്റെ സ്ഥാനത്ത് ഫ്‌ളാറ്റുകളുടെ നിര്‍മാണം 2016ലാണ് പൂര്‍ത്തിയായത്.

ലാംബെത്ത് കൗണ്‍സില്‍ അംഗീകാരം നല്‍കിയ പ്ലാനിംഗ് രേഖകള്‍ അനുസരിച്ച് പ്രധാന പ്ലേയിംഗ് ഏരിയയിലേക്ക് എല്ലാ പ്രദേശത്തു നിന്നും ഗെയിറ്റുകളുണ്ട്. എന്നാല്‍ നിര്‍മാണത്തിന് അനുമതി ലഭിച്ചതിനു ശേഷം ഇത് പണക്കാര്‍ക്കു മാത്രം പ്രവേശനം ലഭിക്കുന്ന വിധത്തിലാക്കി മാറ്റുകയായിരുന്നു. റെന്‍ മ്യൂസ് എന്ന പ്രദേശത്താണ് ഗ്രൗണ്ടില്‍ വേലി സ്ഥാപിച്ചിരിക്കുന്നത്. വാടക നല്‍കി താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുല്ലു നിറഞ്ഞ ഗ്രൗണ്ടില്‍ പ്രവേശനം വിലക്കിക്കൊണ്ടാണ് ഡെവലപ്പര്‍ ഇത് നിര്‍മിച്ചിരിക്കുന്നയത്. ഈ കുട്ടികള്‍ക്ക് സമീപത്തു തന്നെയുള്ള മോശം ഗ്രൗണ്ടാണ് നല്‍കിയിരിക്കുന്നത്. ഉയരമുള്ള വേലി വലിയ കുട്ടികള്‍ ചാടിക്കടക്കുമെങ്കിലും പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് അതിനു സാധിക്കില്ലെന്ന് റെന്‍ മ്യൂസിലെ താമസക്കാരിയായ ക്ലോഡിയ സിഫ്യുവെന്തസ് പറഞ്ഞു.

എന്നാല്‍ ഒരിക്കല്‍ ഈ ഗ്രൗണ്ടില്‍ ചാടിക്കടന്നെത്തിയ തന്റെ മകനോട് ഇത് നിങ്ങള്‍ക്ക് കളിക്കാനുള്ള പ്രദേശമല്ലെന്ന് കെയര്‍ ടേക്കര്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കി. സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്ന മറ്റു ചിലരും സ്‌കൂള്‍ കാട്ടുന്ന വിവേചനത്തില്‍ അതൃപ്തി അറിയിച്ചു. സോഷ്യല്‍ ഹൗസിംഗിലുള്ള കുട്ടികള്‍ക്കായി നല്‍കിയിരിക്കുന്ന കളി സ്ഥലത്ത് പുല്‍ത്തകിടിയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പരിക്കുകള്‍ പറ്റാറുണ്ട്. വളരെ ചെറിയ പ്രദേശമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ കുരുക്കഴിക്കാനാവാതിരിക്കുന്ന പ്രധാനമന്ത്രി തെരേസ മേയ്ക്ക് മൂന്നാം വോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാന്‍ കഴിയുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കൃത്യമായ മാറ്റങ്ങളില്ലാത്ത പുതിയ നയരേഖ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മേയ്ക്ക് കഴിയില്ല. വലിയ മാറ്റങ്ങള്‍ വരുത്തിയാലും വിമത നീക്കങ്ങള്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന സൂചന. തെരേസ മേയ് സമര്‍പ്പിക്കുന്ന കരട് രേഖ അംഗീകരിക്കുകയെന്നതാണ് പാര്‍ലമെന്റിന് മുന്നിലെ ആദ്യത്തെ സാധ്യത. എന്നാല്‍ കൃത്യമായ മാറ്റങ്ങളില്ലെങ്കില്‍ ഇത് അംഗീകരിക്കാന്‍ എം.പിമാര്‍ തയ്യാറായേക്കില്ല. മേയുടെ കരട് രേഖ അംഗീകരിക്കപ്പെട്ടാല്‍ യു.കെ കൃത്യമായ കരട് രേഖയോടപ്പം യു.കെ വിടും. രണ്ടാമത്തെ സാധ്യത നോ ഡീല്‍ ബ്രെക്‌സിറ്റാണ്. നിലവില്‍ രണ്ട് തവണ നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരായി കോമണ്‍സ് വോട്ട് ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നോ ഡീല്‍ ബ്രെക്‌സിറ്റ് യു.കെ കാണുന്നത്.

ബ്രിട്ടന് മുന്നിലുള്ള മൂന്നാമത്തെ മാര്‍ഗം ബാക്ക്‌സ്‌റ്റോപ്പ് നയങ്ങളില്‍ നിന്ന് പിന്നോക്കം പോവുകയെന്നതാണ്. ഐറിഷ് ബോര്‍ഡറുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ സാധ്യതകളുണ്ടാകും ബാക്‌സ്റ്റോപ് എലിമിനേറ്റ് ചെയ്താലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ മേ അത്തരമൊരു നീക്കത്തിന് ശ്രമിക്കില്ല. നാലാമത്തെ സാധ്യത സ്വതന്ത്ര വ്യാപര ബന്ധം സ്ഥാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നതാണ്. ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നവരുടെ ഇടയില്‍ ഈ നയരേഖയ്ക്ക് സ്വീകാര്യത ഏറെയാണ്. സാമ്പത്തികപരമായ പിന്നോക്കാവസ്ഥയ്ക്കും ഇ.യു ബന്ധത്തിന് വിള്ളലേക്കാനും ഇത് കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

രണ്ടാമതും ഹിത പരിശോധന നടത്തുകയെന്ന് വലിയൊരു സാധ്യത കൂടി വേണമെങ്കില്‍ യു.കെയ്ക്ക് ഉപയോഗിക്കാം. എന്നാല്‍ തെരേസ മേയ് സര്‍ക്കാരിന് ഇത് വലിയ ബാധ്യതയായി മാറാനാണ് സാധ്യത. സര്‍ക്കാര്‍ പ്രതികൂല അവസ്ഥയിലേക്ക് കൂപ്പുകുത്തും. മാത്രമല്ല, വരും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കാന്‍ ഇത് കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മേയ് സ്ഥാനത്ത് മാറി നിന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് കരുതുന്ന ഒരു വിഭാഗവും പാര്‍ട്ടിക്കുള്ളില്‍ ഉള്ളതിനാല്‍. മേയ്ക്ക് വ്യക്തിപരമായ തിരിച്ചടിയാവും രണ്ടാം ഹിത പരിശോധ.

ലണ്ടന്‍: പാര്‍ലമെന്റിന് സമീപത്തുള്ള ‘ട്യൂബ് ടണലില്‍’ അഭയം പ്രാപിച്ചിരുന്ന വീടില്ലാത്തവരെ ഒഴിപ്പിച്ച് പോലീസ്. തങ്ങളെ ഒഴിപ്പിക്കാന്‍ എം.പിമാരാണ് നിര്‍ദേശം നല്‍കിയതെന്ന് ടണലില്‍ വിശ്രമിക്കുകയായിരുന്നു ഒരാള്‍ പറഞ്ഞു. പോലീസ് ഇവിടെയെത്തിയപ്പോള്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയത് എം.പിമാരാണെന്ന് വ്യക്തമാക്കിയിരുന്നതായി ഇയാള്‍ പറുന്നു. ടണലില്‍ യാചക വേഷത്തില്‍ കഴിയുന്നവര്‍ തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നതായി എം.പിമാര്‍ പരാതിയ പറഞ്ഞതായും പോലീസ് ഇവരോട് പറഞ്ഞു. പാര്‍ലമെന്റിന് സമീപത്തുള്ള ഈ ടണലില്‍ വീടില്ലാത്ത അനവധി പേര്‍ക്ക് വലിയ ആശ്രയമാണ്. തണുത്ത കാലാവസ്ഥയോട് മല്ലടിച്ച് ജീവിക്കുന്നവരില്‍ പലര്‍ക്കും ഈ ടണലില്‍ വിശ്രമിക്കാന്‍ കഴിയും. യാത്രക്കാരെയോ സമീപ പ്രദേശത്ത് കൂടി സഞ്ചരിക്കുന്നവരെയോ ഇവര്‍ ബുദ്ധിമുട്ടിക്കാറുമില്ല.

ഏതാണ്ട് 195 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടനില്‍ ഭിക്ഷാടനവും തെരുവില്‍ അലസമായി കിടന്നുറങ്ങുന്നതും നിരോധിച്ച് നിയമം കൊണ്ടുവരുന്നത്. ഇതേ നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇവരെ മെട്രോപോലീസ് ഒഴിപ്പിച്ചിരിക്കുന്നത്. പ്രസ്തുത നിയമം മനുഷ്യത്വ വിരുദ്ധമാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ലിബറള്‍ ഡെമോക്രാറ്റിക് എം.പി ലൈല മോറണ്‍ ഇത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം ഉണ്ടായില്ല. യു.കെയില്‍ മാത്രം ആയിരങ്ങള്‍ തെരുവില്‍ താമസിക്കുന്നതായിട്ടാണ് കണക്കുകള്‍. യൂറോപ്പിലെ മൊത്തം കണക്ക് പരിശോധിച്ചാല്‍ ഇതിന്റെ നാലിരട്ടി വരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍.

60കാരനായ പീറ്റര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം മുതല്‍ ടണലിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. അതിശൈത്യത്തെയും മറ്റു പ്രതിസന്ധികളെയും മറികടക്കാന്‍ പീറ്ററിന് സഹായകമായതും ടണലിലെ ജീവിതമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ ഏതാണ്ട് 8 മണിയോടെ പീറ്ററിനെ പോലീസ് ടണലില്‍ നിന്ന് ഇറക്കിവിട്ടു. 22കാരനായ എലിയറ്റിനും സമാന അനുഭവമാണ്. 16 വയസുമുതല്‍ തെരുവില്‍ ജീവിക്കേണ്ടി വന്നയാളാണ് എലിയറ്റ്. ടണലില്‍ താന്‍ ബൈബിള്‍ വായിച്ചിരിക്കുമ്പോളാണ് പോലീസെത്തിയതെന്നും തെറ്റൊന്നും ചെയ്യാത്ത ഞങ്ങളെ പോലീസ് ഇറക്കിവിട്ടെന്നും എലിയറ്റ് പറയുന്നു.

ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേഴ്‌സ് വിമാനത്തില്‍ ജര്‍മ്മനിയിലേക്ക് പറന്ന യാത്രക്കാര്‍ എത്തിച്ചേര്‍ന്നത് എഡിന്‍ബറോ വിമാനത്താവളത്തില്‍. വിമാനം എഡിന്‍ബറോയില്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് യാത്രക്കാര്‍ക്ക് തെറ്റായ സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്ന് മനസിലായത്. ആദ്യഘട്ടത്തില്‍ തങ്ങള്‍ക്ക് ഒന്നും മനസിലായില്ലെന്നും ലക്ഷ്യം സ്ഥാനം മാറിയത് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബ്രിട്ടീഷ് എയര്‍വേഴ്‌സിന്റെ ഡബ്ല്യു.ഡി.എല്‍ എവിയേഷന്‍ ഓപ്പറേറ്റഡ് വിമാനത്തിനാണ് അബദ്ധം പിണഞ്ഞത്. പൈലറ്റിന് നല്‍കിയ മാര്‍ഗ നിര്‍ദേശ രേഖയിലെ തെറ്റാണ് അബദ്ധത്തിന് കാരണം. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. പ്രശ്‌നം പരിഹരിച്ച ശേഷം വിമാനം ജര്‍മ്മനിയിലേക്ക് പറക്കുകയും ചെയ്തു.

ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെ 7.47 ജര്‍മ്മനിയിലേക്ക് പറന്ന ബി.എ3271 വിമാനമാണ് ലക്ഷ്യ സ്ഥാനം മാറി ലാന്‍ഡ് ചെയ്തത്. ഏതാണ്ട് 1.13 മണിക്കൂറിന് ശേഷം വിമാനം എഡിന്‍ബറോയില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം അനുസരിച്ച് വിമാനം ജര്‍മ്മനിയിലാണ് ഇറങ്ങുന്നതെന്നാണ് ഏവരും ധരിച്ചിരുന്നത്. ലാന്‍ഡിംഗിന് ശേഷമാണ് ക്രൂ അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അബദ്ധം മനസിലായതെന്നാണ് സൂചന. ലാന്‍ഡിംഗിന് ശേഷം എഡിന്‍ബറോ വിമാനത്താവളം നിങ്ങളെ സ്വാഗതം ചെയ്യുന്നതായി അനൗണ്‍സ്‌മെന്റ് എത്തി. അപ്പോള്‍ മാത്രമാണ് അബദ്ധം പിണഞ്ഞ കാര്യം യാത്രക്കാര്‍ തിരിച്ചിറയുന്നത്. വീണ്ടും ഇന്ധനം നിറച്ച ശേഷം വിമാനം യഥാര്‍ത്ഥ ലക്ഷ്യസ്ഥാനത്തേക്ക് പറക്കുകയും ചെയ്തു.

ജര്‍മ്മനിയിലേക്ക് പറന്ന ഞാന്‍ എങ്ങനെയാണ് എഡിന്‍ബറോയില്‍ എത്തിച്ചേര്‍ന്നതെന്ന് ബ്രിട്ടീഷ് എയര്‍വേഴ്‌സ് അധികൃതര്‍ വിശദീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് യാത്രക്കാരില്‍ ഒരാള്‍ ട്വീറ്റ് ചെയ്തു. പലരും ഞെട്ടല്‍ രേഖപ്പെടുത്തിയാണ് സംഭവം സോഷ്യല്‍ മീഡയയില്‍ വിശദീകരിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസിലായതില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ പറയുന്നു.

യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 23 ശനിയാഴ്ച ലിവിംഗ് സ്റ്റണിലുള്ള ഇന്‍വെറാള്‍ മോണ്ട് കമ്യൂണിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ഒന്നാമത് യുസ്മാ കലാമേള 2019  ബഹുജന പങ്കാളിത്തം കൊണ്ടും സംഘടനാപാടവം കൊണ്ടും നീതിപൂര്‍വമായ വിധി നിര്‍ണ്ണയം കൊണ്ടും സമയനിഷ്ഠമായ അവതരണംകൊണ്ടും സര്‍വ്വോപരി മത്സരാര്‍ത്ഥികളുടെ മികവാര്‍ന്ന കലാ പ്രകടനങ്ങള്‍ക്കൊണ്ടും സമൂഹമധ്യത്തില്‍ വേറിട്ടൊരനുഭവമായി മാറി.

മാര്‍ച്ച് 23 ശനിയാഴ്ച്ച രാവിലെ 11 മണിമുതല്‍ മത്സരത്തിനൊരുക്കമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍, ചെസ്റ്റ് നമ്പര്‍ വിതരണങ്ങള്‍ നടത്തി. തുടര്‍ന്ന് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ഉദ് ഘാടന സമ്മേളനത്തില്‍ യുസ്മ ജനറല്‍ സെക്രട്ടറി അനില്‍ തോമസ് ഏവരെയും സ്വാഗതം ചെയ്തു.കലാമേള കോര്‍ഡിനേറ്റര്‍മാരായ റീന സജി, ഷിബു സേവ്യര്‍, ജെയിംസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സംഘടനാ ഭാരവാഹികള്‍ നിലവിളക്കു കൊളുത്തി ഒന്നാമത് യുസ്മ കലാമേള ഔപചാരികമായി ഉദ് ഘാടനം ചെയ്തു . തുടര്‍ന്ന് 2 സ്‌റേറജുകളിലായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി സിംഗിള്‍ ഡാന്‍സ്, സിംഗിള്‍ സോംഗ്, ഉപകരണസംഗീതം, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോംഗ് ,സ്‌കിറ്റ് എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ അരങ്ങേറി.

അത്യന്തം മികവുറ്റതും, മിഴിവാര്‍ന്നതുമായ കലാപ്രകടനങ്ങള്‍ ആണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്.ഏറ്റവും മത്സര പ്രിയ ഐറ്റം ആയി മാറിയത് 10 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സിംഗിള്‍ സോംഗ് മത്സരങ്ങള്‍ ആയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനങ്ങളായിരുന്നു ഡാന്‍സ് ഫ്‌ലോറില്‍ അരങ്ങേറിയത്.
കീ ബോര്‍ഡ്, ഗിത്താര്‍ വിഭാഗം ഉപകരണസംഗീത മത്സരത്തില്‍ 15 ഓളം കലാപ്രതിഭകള്‍ മാറ്റുരച്ചു. സ്‌കോട് ലാന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും  എഡിന്‍ബര്‍ഗ്ഗ്, ഗ്ലാസ് ഗോ, കിര്‍ക്കാള്‍ഡി, ഫാല്‍കിര്‍ക്ക്, സ്റ്റെര്‍ലിംഗ് ,ലിവിംഗ് സ്റ്റണ്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും അസോസിയേഷനുകളെ പ്രതിനിധീകരിച്ചും വ്യക്തിഗത അടിസ്ഥാനത്തിലുമായി 75 ലധികം കലാപ്രതിഭകള്‍ മാറ്റുരച്ച അവിസ്മരണീയമായ മുഹൂര്‍ത്തത്തിനാണ് ലിവിംഗ് സ്റ്റണ്‍ ഇന്‍വെറാള്‍ മോഡ് ഹൈസ്‌കൂള്‍ കമ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചത്.

മത്സരാര്‍ത്ഥികള്‍ക്കും അനുവാചകര്‍ക്കും വിധികര്‍ത്താക്കള്‍ക്കുമായി പാചക നൈപുണ്യതയില്‍ പ്രശസ്തനായ രാജു ക്ലൈഡ് ബാങ്ക് നടത്തിയ ഫുഡ് സ്റ്റാളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മത്സരത്തില്‍ വിജയികളായ എല്ലാവര്‍ക്കും ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്‌കോകോട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ മറ്റൊരു തിലകക്കുറി ചാര്‍ത്തി കൊണ്ട് സ്‌കോട്‌ലാന്‍ഡ് മലയാളീ കുടിയേറ്റ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട കലാമേള ഇന്നേവരെ സ്‌കോട് ലാന്‍ഡ് മലയാളികള്‍ക്ക് പരിചിതമല്ലാത്ത കലോത്സവമാമാങ്കത്തിന്റെ പുതുവസന്ത വര്‍ണ്ണ വിസ്മയ കാഴ്ചകള്‍ വാരി വിതറി. പരാതികള്‍ക്കിടം നല്കാതെയുള്ള വിധി നിര്‍ണ്ണയവും, സംഘടനാ പ്രവര്‍ത്തകരുടെ തോളോടുതോള്‍ചേര്‍ന്ന പ്രവര്‍ത്തനവും, മത്സരാര്‍ത്ഥികളുടെ മികവും, കാണികളുടെ നിര്‍ലോഭമായ പ്രോത്സാഹനവും കൂടി ചേര്‍ന്നപ്പോള്‍ ഒന്നാമത് യുസ്മാ കലാമേള സ്‌കോട്‌ലാന്‍ഡ് മലയാളി കുടിയേറ്റ ചരിത്ര താളുകളില്‍ രജതരേഖ രചിച്ചു.

യുസ് മാ കലാമേള കഴിഞ്ഞ്  മണിക്കൂറുകള്‍ക്കുള്ളില്‍ വരും വര്‍ഷങ്ങളിലെ യുസ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകന്‍ സന്നദ്ധത പ്രകടിപ്പിച്ച് യുകെ സമുഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവര്‍ മുന്നോട്ട് വരുന്നത് ഞങ്ങളുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗവും ഊര്‍ജ്ജവും പകരും എന്നതില്‍ സംശയമില്ല.

യുസ്മാ കലാമേളയുടെ വിജയത്തിനു ശേഷം സെപ്തംബറില്‍ യുസ്മാ കായികമേള നടത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും സംഘാടകര്‍ അറിയിച്ചു. കലാമേള 2019 ന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സംഘടനാ ട്രഷറര്‍ ഡോ.രാജ് മോഹന്‍ നന്ദി അറിയിച്ചു.

കലാമേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

https://www.facebook.com/groups/622486761500847/permalink/680840392332150/

https://drive.google.com/folderview?id=111P8gelCqgySBl-AZYBlmJmVk6ewlv3P

Copyright © . All rights reserved