ന്യൂസ് ഡെസ്ക്
സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് അച്ഛന്‍ ഉണ്ണി ആവശ്യപ്പെട്ടിരുന്നത്. അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി തീരുമാനിക്കും. നിലവില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ നടന്ന അന്വേഷണത്തില്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പോലീസ് സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്ന് ബാലഭാസ്കറിന്റെ പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ സാമ്പത്തിക ഇടപാടിലും മരണത്തിലും ദുരൂഹത ഉണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ. ഉണ്ണി ഉറച്ചുനില്‍ക്കുകയായിരുന്നു. അന്വേഷണ സംഘത്തെ മാറ്റണമെന്ന് അവശ്യപ്പെട്ട് അദ്ദേഹം പരാതി നല്‍കുകയും ചെയ്തിരുന്നു. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇദ്ദേഹം സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
രാജ്യത്ത് ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. സൗത്ത് ഈസ്റ്റ് പ്രദേശങ്ങള്‍ മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ടേക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. വാഹനങ്ങള്‍ വഴിയില്‍ കുരുങ്ങാനും വിമാനങ്ങളും ട്രെയിനുകളും താമസിക്കാനോ സര്‍വീസുകള്‍ തന്നെ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. കനത്ത കാറ്റില്‍ വൈദ്യുതി വിതരണത്തിനും തടസമുണ്ടാകാനിടയുണ്ട്. റോഡുകളിലും നടപ്പാതകളിലും മറ്റും മഞ്ഞിന്റെ പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈക്കിള്‍ യാത്രക്കാര്‍ക്കും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.

അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള മഴമേഘങ്ങള്‍ ചൊവ്വാഴ്ച യുകെയില്‍ എത്തും. യുകെയിലെ തണുത്ത കാലാവസ്ഥയുമായി ഇത് ചേരുന്നതോടെ കനത്ത മഞ്ഞുവീഴ്ചയായിരിക്കും ഉണ്ടാകുക. ഉച്ചക്കു ശേഷം മഞ്ഞുവീഴ്ച ആരംഭിക്കും. വൈകുന്നേരത്തോടെ ഇത് ലണ്ടനിലും സൗത്ത് ഈസ്റ്റിലും എത്തുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും കുറഞ്ഞത് 1 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയെങ്കിലും ഉണ്ടാകും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് 5 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റീമീറ്റര്‍ വരെയാകാം.
❄️ A yellow severe weather warning for #snow has been issued for Tuesday night and Wednesday morning for southeast England. 1-3 cm of #uksnow are expected widely. Stay #weatheraware ❄️ pic.twitter.com/FYEzwUo2Aq
— Met Office (@metoffice) January 27, 2019
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സതേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വ്യാഴാഴ്ച രാത്രിയില്‍ വീണ്ടും ഇതേ കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. രാജ്യത്തൊട്ടാകെ പൂജ്യത്തിലും താഴെയായിരിക്കും താപനില. ഇത് സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാമ പ്രദേശങ്ങളില്‍ മൈനസ് 7 വരെ പോകാനിടയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.
അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് സ്മൃതിനാശം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. അള്‍ഷൈമേഴ്‌സ് സാധ്യത അഞ്ച് മടങ്ങ് കുറയ്ക്കാന്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. 9000 പേരില്‍ നടത്തിയ പഠനത്തിലാണ് വളരെ സുപ്രധാനമായ ഈ കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. ഡിമെന്‍ഷ്യയിലേക്ക് നയിക്കുന്ന മൈല്‍ഡ് കോഗ്നിറ്റീവ് ഇംപെയര്‍മെന്റ് (എംസിഐ) സാധ്യത ഇല്ലാതാക്കാനുള്ള ഇടപെടല്‍ നടത്താനാവുമെന്ന് ഇതാദ്യമായാണ് കണ്ടെത്തുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 140 എന്നത് 120 ആയി കുറച്ചവരില്‍ എംസിഐ സാധ്യത 19 ശതമാനം കുറവായെന്ന് പഠനത്തില്‍ നിരീക്ഷിക്കപ്പെട്ടു.

ഇവരുടെ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ പരിശോധനകളില്‍ തകരാറുകളുടെ ലക്ഷണം കുറവായിരുന്നുവെന്നും വ്യക്തമായി. ഹൈപ്പര്‍ ടെന്‍ഷന്‍, അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ നിരക്ക് 140 എംഎംജിഎച്ചില്‍ നിന്ന് 130 എംഎംജിഎച്ചായി അമേരിക്കന്‍ അധികൃതര്‍ കഴിഞ്ഞ വര്‍ഷം കുറച്ചിരുന്നു. അമിത രക്തസമ്മര്‍ദ്ദത്തിന് കൂടുതലാളുകള്‍ ചികിത്സ തേടുന്നതിനു വേണ്ടിയാണ് നിരക്കില്‍ കുറവു വരുത്തിയത്. അടുത്ത വര്‍ഷം യുകെയിലും ഇതേ മാനദണ്ഡം നടപ്പിലാക്കുമോ എന്ന കാര്യം ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് വാച്ച്‌ഡോഗായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ കെയര്‍ എക്‌സലന്‍സ് പ്രഖ്യാപിക്കും.

മാറ്റം വരുത്തുകയാണെങ്കില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം പേര്‍ ചികിത്സ തേടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 50 വയസിനു മേല്‍ പ്രായമുള്ള പകുതിയോളം പേര്‍ക്കും 65 വയസിനു മേല്‍ പ്രായമുള്ള 75 ശതമാനം പേര്‍ക്കും 80 വയസിനു മുകളിലുള്ള ആറില്‍ ഒരാള്‍ക്ക് വീതവും അമിത രക്തസമ്മര്‍ദ്ദം അല്‍ഷൈമേഴ്‌സിന് കാരണമാകുമെന്നാണ് നിഗമനം.
ടേം ടൈമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വകവെയ്ക്കാതെ കുട്ടികളെ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. വിലക്ക് ലംഘിച്ചതിന് പിഴശിക്ഷ ലഭിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ടേം ടൈമുകളില്‍ ഹോളിഡേ യാത്രകള്‍ താരതമ്യേന ചെലവു കുറഞ്ഞതായിരിക്കുമെന്നതാണ് 60 പൗണ്ട് പിഴ അവഗണിച്ച് യാത്രകള്‍ നടത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് രക്ഷിതാക്കള്‍ ഈ രീതി അനുവര്‍ത്തിക്കുകയാണ്. സോമര്‍സെറ്റ് കൗണ്ടി കൗണ്‍സില്‍ 2016-17 വര്‍ഷത്തില്‍ 760 പെനാല്‍റ്റി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ ഇത് 1491 ആയി ഉയര്‍ന്നു. ലങ്കാഷയര്‍ കൗണ്ടി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം 7575 നോട്ടീസുകളാണ് നല്‍കിയത്. മുന്‍ വര്‍ഷം ഇത് 6876 ആയിരുന്നു.

ടേം ടൈം ഹോളിഡേകള്‍ക്കായി കുട്ടികളെ കൊണ്ടുപോകുന്ന രക്ഷിതാക്കളില്‍ നിന്ന് 1000 പൗണ്ടെങ്കിലും പിഴയീടാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ലങ്കാഷയറിലെ ബാലാഡെന്‍ കമ്യൂണിറ്റി പ്രൈമറി പെനാല്‍റ്റി വര്‍ദ്ധിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അനുവാദമില്ലാതെ കുട്ടികളെ ടേം ടൈമില്‍ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന രക്ഷിതാക്കള്‍ക്ക് പിഴ ശിക്ഷ നല്‍കാനും വേണമെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയരാക്കാനും നിയമം അനുവദിക്കുന്നുണ്ട്. 60 പൗണ്ട് വരെ പിഴയീടാക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ട്. 21 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ഇത് 120 പൗണ്ടായി ഉയരും. 28 ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ കുട്ടി ഹാജരാകാത്തതിന് നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനും നിയമം അനുവദിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നു.

ഹെഡ്ടീച്ചറോട് നേരത്തേ അനുവാദം ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളുണ്ടെങ്കില്‍ അവ വിശദീകരിക്കാനും സാധിക്കും. എന്നാല്‍ അവധി അനുവദിക്കുന്നത് ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണ്. ഗൗരവമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവധി നല്‍കാറുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നു. ഫാമിലി ഹോളിഡേകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാറില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അനധികൃതമായി വിദ്യാര്‍ത്ഥികള്‍ അവധിയെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ 40 ലക്ഷം സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബ്രെക്‌സിറ്റ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി തെരേസ മേയ് കൊണ്ടുവന്ന ഉടമ്പടി പാര്‍മെന്റ് തള്ളുകയും ഒരു നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയുമാണ്. ബ്രെക്‌സിറ്റ് ഡീല്‍ രണ്ടാമത് വോട്ടെടുപ്പ് നാളെ നടക്കും. ഈ വോട്ടിലും മേയ് പരാജയപ്പെട്ടാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റായിരിക്കും നടപ്പാകുക എന്ന ആശങ്ക ശക്തമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിനൊപ്പം യുകെയില്‍ സൈനിക നിയമം കൂടി നടപ്പാക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നുവെന്നാണ് പുതിയ വിവരം. നോ ഡീല്‍ നടപ്പായാല്‍ ഉണ്ടാകാവുന്ന എതിര്‍പ്പുകളും അരാജകത്വവും കൈകാര്യം ചെയ്യാന്‍ സൈനിക നിയമം നടപ്പാക്കാന്‍ 2004ലെ സിവില്‍ കണ്ടിന്‍ജെന്‍സീസ് ആക്ട് അനുവദിക്കുമോ എന്ന് വൈറ്റ്ഹാള്‍ അധികൃതര്‍ പരിശോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

കര്‍ഫ്യൂ, ഗതാഗത നിരോധനം, സ്വത്ത് കണ്ടുകെട്ടല്‍, കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിക്കല്‍ തുടങ്ങിയവയ്ത്ത് ഈ നിയമം അനുമതി നല്‍കുന്നുവെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു കൂടാതെ മനുഷ്യാവകാശ സംരക്ഷണ നിയമം ഒഴികെയുള്ള പാര്‍ലമെന്റിന്റെ ഏത് ആക്ടും 21 ദിവസത്തേക്ക് മരവിപ്പിക്കാനും ഈ നിയമം അനുമതി നല്‍കുന്നു. രാജ്യത്തെ ജനങ്ങള്‍ക്കു മേല്‍ സൈന്യത്തിന് നിയന്ത്രണം നല്‍കുന്ന നിയമമാണ് സൈനിക നിയമം. അടിയന്തരാവസ്ഥകള്‍, സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുക, വലിയ ദുരന്തങ്ങള്‍ സംഭവിക്കുക തുടങ്ങിയ ഘട്ടങ്ങളിലാണ് ഈ നിയമം നടപ്പാക്കാറുള്ളത്.

2000ത്തിലുണ്ടായ പ്രളയം, 2001ലുണ്ടായ ഫുട്ട് ആന്‍ഡ് മൗത്ത് രോഗ വ്യാപനം തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പഴയ നിയമം മതിയാകാതെ വന്നതോടെ 2004ല്‍ ടോണി ബ്ലെയര്‍ ഗവണ്‍മെന്റ് നടപ്പാക്കിയതാണ് സിവില്‍ കണ്ടിന്‍ജന്‍സീസ് ആക്ട് 2004. നോ ഡീല്‍ ബ്രെക്‌സിറ്റില്‍ ഉണ്ടാകാനിടയുള്ള മരുന്ന്, ഭക്ഷ്യ ക്ഷാമത്തില്‍ മരണങ്ങള്‍ സംഭവിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. അത്തരമൊരു ഘട്ടത്തില്‍ സൈനിക നിയമം നടപ്പാക്കേണ്ടി വരുമെന്നാണ് ആശങ്ക. നോ ഡീല്‍ സാഹചര്യം കൈകാര്യം ചെയ്യാന്‍ തയ്യാറാക്കിയ ഓപ്പറേഷന്‍ യെല്ലോഹാമര്‍ പ്ലാനിംഗുകളുടെ ഭാഗമായാണ് സൈനിക നിയമം നടപ്പാക്കുന്ന കാര്യം പരിഗണിക്കുന്നത്.
സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റ് അപകടത്തില്‍ പരിക്കേറ്റ സ്ത്രീകളോട് മാപ്പു പറഞ്ഞ് ഫിലിപ്പ് രാജകുമാരന്‍. താന്‍ ഡ്രൈവ് ചെയ്തിരുന്ന ലാന്‍ഡ് റോവര്‍ കൂട്ടിയിടിച്ച കിയ കാറിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും എഴുതിയ കത്തിലാണ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് ഖേദപ്രകടനം നടത്തിയത്. എല്ലി ടൗണ്‍സെന്‍ഡ്, എമ്മ ഫെയര്‍വെതര്‍ എന്നീ സ്ത്രീകളായിരുന്നു അപകടത്തില്‍പ്പെട്ട കിയ കാരെന്‍സ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. 97 കാരനായ ഫിലിപ്പ് രാജകുമാരനെ വാഹനമോടിക്കാന്‍ അനുവദിച്ചതില്‍ ബക്കിംഗ്ഹാം കൊട്ടാരവും കേസ് കൈകാര്യം ചെയ്ത രീതിയില്‍ പോലീസും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അപകടത്തിന് രണ്ടു ദിവസം മുമ്പ് അപകടത്തില്‍പ്പെട്ട ലാന്‍ഡ് റോവറില്‍ പ്രിന്‍സ് ഫിലിപ്പ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

തന്റെ വാഹനത്തിനു നേരെ വരികയായിരുന്ന കാര്‍ കാണുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് കിയയുടെ ഡ്രൈവറായിരുന്ന ഫെയര്‍വെതറിന് എഴുതിയ കത്തില്‍ ഫിലിപ്പ് പറഞ്ഞു. വിന്റര്‍ വെയിലിന്റെ തീക്ഷ്ണതയാണ് തന്റെ കാഴ്ചയെ ബാധിച്ചതെന്നും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് വാദിക്കുന്നു. ഈ ദുരനുഭവത്തില്‍ നിന്ന് എത്രയും വേഗത്തില്‍ മുക്തിയുണ്ടാകട്ടെയെന്നും കഴിഞ്ഞുപോയ സംഭവത്തില്‍ അഗാധമായ ദുഃഖം തനിക്കുണ്ടെന്നും അദ്ദേഹം കത്തില്‍ എഴുതി. അപകടത്തില്‍ കരണം മറിഞ്ഞ ലാന്‍ഡ് റോവറിന്റെ സണ്‍റൂഫില്‍ കൂടിയാണ് ഫിലിപ്പ് രാജകുമാരനെ പുറത്തെടുത്തത്. അപകടത്തിന്റെ ഞെട്ടലിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 17നായിരുന്നു അപകടം. ഇതില്‍ ഫിലിപ്പ് രാജകുമാരന്‍ പോലീസിന് തന്റെ മൊഴി എഴുതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

അശ്രദ്ധമായ ഡ്രൈവിംഗിന് ഇദ്ദേഹത്തിനെതിരെ കേസെടുക്കാനാകുമോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ജനുവരി 21ന് പുറത്തുവിട്ട കത്ത് സണ്‍ഡേ മിററാണ് പ്രസിദ്ധീകരിച്ചത്. തന്നെ കാറിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയ വഴിയാത്രക്കാര്‍ക്കും അദ്ദേഹം പ്രത്യേകം കത്തുകള്‍ എഴുതിയിട്ടുണ്ട്. കിയ ഓടിച്ചിരുന്ന ഫെയര്‍വെതറിന്റെ കയ്യുടെ അസ്ഥി അപകടത്തില്‍ പൊട്ടിയിരുന്നു. അപകടത്തിനു ശേഷം ഫിലിപ്പ് രാജകുമാരന് പുതിയ ലാന്‍ഡ്‌റോവര്‍ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചിരുന്നു. ഇതുമായി അദ്ദേഹം റോഡിലിറങ്ങിയതിനെ ഫെയര്‍വെതര്‍ വിമര്‍ശിച്ചിരുന്നു.
ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 19 കാരി മരിച്ചു. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് മരണമെന്നാണ് സംശയിക്കുന്നത്. ലിവര്‍പൂള്‍ ബാള്‍ട്ടിക് ട്രയാംഗിളിലെ ഗ്രീന്‍ലാന്‍ഡ് സ്ട്രീറ്റിലുള്ള ഹാംഗര്‍ 34 ക്ലബ്ബില്‍ നിന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. പെണ്‍കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായി സംശയമുണ്ട്. ആദ്യം കുട്ടിയുടെ അവസ്ഥ ഗുരുതരം എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് പെണ്‍കുട്ടി മരിച്ചുവെന്ന് മെഴ്‌സിസൈഡ് പോലീസ് സ്ഥിരീകരിച്ചതായി ലിവര്‍പൂള്‍ എക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉച്ചക്കു ശേഷമാണ് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും കൊറോണര്‍ക്കു വേണ്ടിയുള്ള ഫയലുകള്‍ തയ്യാറാക്കുകയാണെന്നും പോലീസ് അറിയിച്ചു. ഹാംഗര്‍ 34 ക്ലബ് പക്ഷേ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പുലര്‍ച്ചെ 2.30നാണ് ഒരു സ്ത്രീക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്ന് ക്ലബ് അറിയിച്ചതെന്നും പോലീസ് റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയുടെ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടി ഉപയോഗിച്ചതെന്നു കരുതുന്ന അതേ മയക്കുമരുന്ന് ഉപയോഗിച്ച മറ്റൊരാളെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്. ഈ മരുന്ന് ഉപയോഗിച്ച ആരെങ്കിലും ഗുരുതരാവസ്ഥയിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ലോക്കല്‍ ആശുപത്രികളിലും ക്ലബ്ബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും മറ്റും ഇതിനായി അന്വേഷണങ്ങള്‍ നടന്നു വരികയാണ്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവര്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: മെഡിക്കല്‍ രംഗത്ത് ലോകത്തെമ്പാടും നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും പ്രധാന്യത്തോടെ ശാസ്ത്രലോകം നോക്കി കാണുന്ന ജീന്‍ പഠനത്തിനായി മാര്‍ഗങ്ങള്‍ തേടി എന്‍.എച്ച്.എസ്. ഡി.എന്‍.എ ടെസ്റ്റ് വിവരങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജീന്‍ പരീക്ഷണങ്ങള്‍ക്ക് കഴിയുമെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. ഈ പഠനങ്ങളെ സഹായിക്കാനായി വളണ്ടിയേഴ്‌സിനെ ആവശ്യമുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരിട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഡി.എന്‍.എ ടെസ്റ്റ് വിവരങ്ങളായിരിക്കും ഗവേഷണത്തിന് ആവശ്യമായി വരിക. വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ കഴിയുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാവാന്‍ സാധിക്കും.

ഡി.എന്‍.എ വിവരങ്ങള്‍ പങ്കുവെക്കുന്നത് ആരോഗ്യപരമായ മറ്റൊരു ഭാവിയിലേക്കുള്ള സഹായമായി മാറുമെന്ന് മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. അതേസമയം പദ്ധതിയെക്കുറിച്ച് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും രോഗികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ ജെനറ്റിക് മെഡിസിന്‍ ചെയര്‍വുമണ്‍ ചൂണ്ടിക്കാണിച്ചു. സുതാര്യമല്ലാത്ത രീതിയില്‍ രോഗികളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. യു.കെയില്‍ ഇത്തരമൊരു പരീക്ഷണ രീതികള്‍ ഇതാദ്യമായിട്ടാണ്. ടെസ്റ്റ് വിവരങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കുമെന്നത് സംബന്ധിച്ചും അവ്യക്തതകളുണ്ട്.

അതേസമയം വലിയ പ്രതീക്ഷകള്‍ തരുന്നതാണ് ഗവേഷണ ലക്ഷ്യങ്ങള്‍. ഡി.എന്‍.എ പരിശോധനയിലൂടെ ഒരാള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചുള്ള സൂചനകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ അനുമാനം. രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍പേ ആരംഭിക്കാന്‍ ഇതുവഴി സാധിക്കും. ആരോഗ്യരംഗത്തെ വലിയ മാറ്റത്തിന് പുതിയ ഗവേഷണം വഴിയൊരുക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ആളുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഗവേഷണ സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍: യു.കെയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ ടെസ്‌കോ ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിക്കുന്നു. 1.5 ബില്യണ്‍ പൗണ്ട് അധിക ചെലവുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഇറച്ചി, മീന്‍, ‘ഡെലി’ കൗണ്ടറുകള്‍ അടച്ചുപൂട്ടാനാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്‍മാരുടെ തീരുമാനം. തൊഴില്‍ മേഖലയെ അതിരൂക്ഷമായ രീതിയില്‍ പുതിയ പദ്ധതി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഏതാണ്ട് 15,000ത്തോളം തൊഴിലാളികള്‍ക്കാവും ഈ കൗണ്ടറുകള്‍ അടുച്ചുപൂട്ടിയാല്‍ ജോലി നഷ്ട്ടപ്പെടുക. ഇത് വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ നിരീക്ഷണം. 2014ല്‍ ഡേവ് ലൂയിസ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഏതാണ്ട് 10,000 തസ്തികകളാണ് കമ്പനി ഒഴിവാക്കിയത്.

ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖല കൂടിയായ ടെസ്‌കോയുടെ ഏതാണ്ട് 732 സ്‌റ്റോറുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സാധാരണ സ്റ്റോറുകളിലെല്ലാം തന്നെ മത്സ്യം, ഇറച്ചി, ‘ഡെലി’ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യം, ഇറച്ചി വില്‍പ്പന നടത്തുന്ന കൗണ്ടറുകളില്‍ 5 വീതവും, ഡെലി, ചീസ് കൗണ്ടറുകളിലും കൂടി 6ധികവും പേരാണ് നിലവില്‍ തൊഴിലെടുക്കുന്നത്. ചെലവ് ചുരുക്കല്‍ നടപടി പ്രാവര്‍ത്തികമാവുന്നതോടെ ഇവരുടെ തൊഴില്‍ നഷ്ടപ്പെടും. ആകെ 15,000ത്തിലധികം തൊഴിലാളികള്‍ വഴിയാധാരമാകുമെന്നാണ് വ്യവസായിക മേഖലയിലെ വിദഗ്ദ്ധരുടെ നിരീക്ഷണം.

ജോലി നഷ്ടപ്പെടാന്‍ പോകുന്ന തൊഴിലാളികളെ മറ്റു മേഖലകളിലേക്ക് മാറ്റുന്ന കാര്യത്തില്‍ കമ്പനി തീരുമാനമൊന്നും അറിയിച്ചിട്ടില്ല. 2020 ഓടെ 1.5 ബില്യണ്‍ ചെലവ് ചുരുക്കല്‍ പദ്ധതികളാണ് ടെസ്‌കോ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കാനായി കൂടുതല്‍ തസ്തികകള്‍ എടുത്തു കളയുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ബിസിനസ് സുതാര്യവും കാര്യക്ഷമവുമായി മുന്നോട്ട് കൊണ്ടുപോവാനാണ് കമ്പനി ശ്രമിക്കുന്നത്. എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടെങ്കില്‍ അക്കാര്യം ആദ്യം അറിയിക്കുന്നത് തൊഴിലാളികളെ ആയിരിക്കുമെന്ന് ടെസ്‌കോ വക്താവ് പ്രതികരിച്ചു.
ലണ്ടന്‍: റെക്കോര്‍ഡ് മുന്തിരി വിളവ് ലഭിച്ചതിന് പിന്നാലെ ലോകവിപണി ലക്ഷ്യമിട്ട് ഇംഗ്ലീഷ് സ്പാര്‍ക്കിലിംഗ് വൈന്‍ ബ്രാന്‍ഡുകള്‍. ഏഷ്യയിലെ വിപണികളാണ് പ്രധാനമായും ഇംഗ്ലീഷ് ബ്രാന്‍ഡുകള്‍ ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് മുന്തിരി വിളവ് സ്പാര്‍ക്കിലിംഗ് വൈന്‍ ഉത്പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. വിളെവടുപ്പിന് പിന്നാലെ ക്വാളിറ്റിയിലും ശ്രദ്ധ നേടിയതോടെ ലോകവിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇംഗ്ലീഷ് സ്പാര്‍ക്കിലിംഗ് വൈനുകള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ഷാംപെയ്ന്‍ ബ്രാന്‍ഡുകളുടെയും ക്വാളിറ്റിയുടെയും കാര്യത്തില്‍ ലോകപ്രസിദ്ധി നേടിയിട്ടുള്ള ഫ്രഞ്ച് ഷാംപെയ്‌നിനെ ‘രുചി’ പരിശോധനയില്‍ ഇതിനോടകം ഇംഗ്ലീഷ് സ്പാര്‍ക്കിലിംഗ് വൈന്‍ തോല്‍പ്പിച്ചു കഴിഞ്ഞു.

യു.കെയിലെ പ്രമുഖ ബ്രാന്‍ഡായ ‘നെയ്റ്റിംബര്‍'(Nyetimber) ഏഷ്യയിലേക്കുള്ള വിപണിയിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ എത്തിക്കുന്ന കാര്യം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിലേക്കും വ്യാപാരം വര്‍ധിപ്പിക്കാനാണ് ‘നെയ്റ്റിംബര്‍’ പദ്ധതിയിടുന്നത്. സമീപകാലത്ത് ലോക ബ്രാന്‍ഡുകളില്‍ പ്രശ്‌സ്തമായവയെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത് വന്നിരുന്നു. കേരളം ഉള്‍പ്പെടെ ലോകത്തര മദ്യ ബ്രാന്‍ഡുകളെ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സ്പാര്‍ക്കിലിംഗ് വൈനുകള്‍ കൂടിയെത്തുന്നതോടെ സീസണിയില്‍ ഏഷ്യന്‍ വിപണി സജീവ മാറ്റങ്ങള്‍ക്ക് വിധേയമാകും.

കഴിഞ്ഞ വര്‍ഷം 14 മില്യണ്‍ മുന്തിരികുലകളാണ് രാജ്യത്ത് ഉത്പാദിപ്പിച്ചിരിക്കുന്നത്. ഇതോടെ 1 മില്യണലധികം ബോട്ടില്‍ ഉത്പാദനം നടത്തിയിരുന്നു. വിളവെടുപ്പിലെ വര്‍ധനവാണ് വിപണിയെ വിപുലീകരിക്കാന്‍ പ്രധാനമായും സഹായകമായിരിക്കുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും വിപണിയെ കൂടുതല്‍ സജീവമാക്കി. വൈന്‍ രംഗത്ത് നിരവധി അവാര്‍ഡുകളും ഇംഗ്ലീഷ് സ്പാര്‍ക്കിലിംഗ് മേഖലയ്ക്ക് ലഭിച്ചതോടെ ഉപഭോക്താക്കളുടെ പ്രീതിയും വര്‍ധിച്ചു. കാലവസ്ഥയിലുണ്ടായ വ്യതിയാനമാണ് മുന്തിര വിളവെടുപ്പില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ സഹായിച്ചിരിക്കുന്നത്. മണ്ണിന്റെ പോഷകഗുണം വര്‍ധിക്കാന്‍ കാലാവസ്ഥ വ്യതിയാനം കാരണമായി എന്നാണ് കാര്‍ഷിക മേഖയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.