Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് ലണ്ടനിൽ 75 വയസ്സുകാരൻ മരിച്ച സംഭവത്തിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ആണ് സെവൻ സിസ്റ്റേഴ്‌സ് റോഡിലേയ്ക്ക് അടിയന്തിര ആംബുലൻസ് സേവനങ്ങൾക്കായി സന്ദേശം എത്തിയത്. 75 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു. ഇതേ തുടർന്ന് ആണ് പോലീസ് കൊലപാതകത്തിനുള്ള അന്വേഷണം ആരംഭിച്ചത്.


വൃദ്ധനെ ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് മൂന്ന് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത്. 14 ,16 ,17 എന്നി വയസ്സുകളിൽ ഉള്ളവരാണ് അറസ്റ്റിലായ പെൺകുട്ടികൾ. പെൺകുട്ടികൾ ഇപ്പോഴും കസ്റ്റഡിയിൽ ആണെന്നാണ് പോലീസ് പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മരിച്ചയാൾ ബൊളീവിയൻ പൗരനാണെന്ന് കരുതുന്നു, ഔപചാരിക തിരിച്ചറിയലും പോസ്റ്റ്‌മോർട്ടം പരിശോധനയും നടന്നതായാണ് പുറത്തു വരുന്നവരെ സൂചിപ്പിക്കുന്നത്.

മൂന്ന് പേർ കസ്റ്റഡിയിൽ ആണെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ മെറ്റ് പോലീസിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്പെഷലിസ്റ്റ് ഉദ്യോഗസ്ഥർ പ്രവർത്തിച്ച് വരികയാണെന്നും കൊലപാതക അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ പോൾ വാലർ പറഞ്ഞു. സാധ്യമായ എല്ലാ അന്വേഷണങ്ങളും നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനകളുടെ ഫലവും ലഭ്യമായ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. ഇതിനകം സംഭവത്തെ കുറിച്ച് തെളിവ് നൽകിയ പൊതുജനങ്ങളോട് നന്ദിയുണ്ടെന്നും ക്രൂരകൃത്യത്തിന് ദൃക്സാക്ഷികളായിട്ടും അവർക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കാത്തവർ മുന്നോട്ടു വരണമെന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അന്താരാഷ്ട്രതലത്തിൽ സഹായം വെട്ടിക്കുറക്കുന്നതിനുള്ള കെയർ സ്റ്റാർമാറിൻ്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഇന്റർനാഷണൽ ഡെവലപ്മെൻറ് മിനിസ്റ്റർ ആനെലീസ് ഡോഡ്സ് രാജിവെച്ചു. പ്രതിരോധ ചിലവുകൾ വർധിപ്പിക്കുന്നതിനായാണ് അന്താരാഷ്ട്ര തലത്തിൽ സഹായം നൽകുന്നതിനുള്ള ബഡ്ജറ്റ് വെട്ടികുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങൾക്ക് സഹായം നൽകുന്ന നടപടികളിൽ നിന്ന് യുകെ പിൻവാങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർദ്ധിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

ഉക്രയിനുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി തിരിച്ചെത്തി മണിക്കൂറുകൾക്ക് അകമാണ് ആനെലീസ് ഡോഡ്സ് രാജിവെച്ചത്. അന്താരാഷ്ട്ര തലത്തിൽ സഹായം വെട്ടികുറയ്ക്കുന്നത് യുകെയുടെ ദേശീയ താൽപര്യങ്ങൾക്ക് വിഘാതമാകുമെന്ന് രാജിവച്ച മന്ത്രിയുടെ ആരോപണം പ്രധാനമന്ത്രിക്ക് കടുത്ത പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. ചിലവ് വെട്ടി കുറയ്ക്കാനുള്ള തീരുമാനം ഗാസ, സുഡാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളെ പിൻതുണയ്ക്കാനുള്ള കെയർ സ്റ്റാർമറിൻ്റെ പ്രതിബന്ധതയ്ക്കും തിരിച്ചടിയാകും.

കുറഞ്ഞ ബഡ്ജറ്റ് കൊണ്ട് ഉക്രയിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് അസാധ്യമാണെന്ന് ആനെലീസ് ഡോഡ്സ് പ്രവചിച്ചു. 2027 ഓടെ ഈ ബഡ്ജറ്റിൽ ഏകദേശം 6 ബില്യൺ പൗണ്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്രതിരോധ ചിലവ് വർദ്ധിപ്പിക്കുന്നതിനുള്ള സ്റ്റാർമറിന്റെ തീരുമാനത്തെ പടിയിറങ്ങിയ മന്ത്രി പിൻതാങ്ങി. റഷ്യയുടെ ഉക്രയിൻ അധിനിവേശത്തിനു ശേഷം രാജ്യം നേരിടുന്ന വെല്ലുവിളികളാണ് ഇതിനു പ്രധാന കാരണം. ആനെലീസ് ഡോഡ്സ് രാജി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം പുറത്തുവിട്ട പ്രസ്താവനയിൽ സ്റ്റാർമർ മന്ത്രിയെ പ്രശംസിച്ചുവെങ്കിലും സഹായ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള തൻ്റെ തീരുമാനത്തെ ന്യായീകരിച്ചു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിലെ ഒരു ഫ്ലാറ്റിൽ നായയുടെ ആക്രമണത്തിൽ കൗമാരക്കാരി കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. മോർഗൻ ഡോർസെറ്റ് എന്നാണ് പെൺകുട്ടിയുടെ പേര്. 19 വയസ്സുകാരിയായ പെൺകുട്ടിയുടെ സ്വദേശം ഷ്രോപ്‌ഷെയറിൽ ആണ്. സൗത്ത് ബ്രിസ്റ്റോളിലെ കോബോൺ ഡ്രൈവിലെ ഒരു ഫ്ലാറ്റിൽ ആണ് ദാരുണമായ സംഭവം നടന്നത്. നിരോധിത ഇനത്തിൽപ്പെട്ട നായയെ കൈവശം വച്ചതിനും സുരക്ഷിതമല്ലാത്ത വിധം വളർത്തി ഒരാൾ മരിക്കാനിടയായതിനും 20 വയസ്സുകാരിയായ ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്ത് സോപാദിക ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.

ആക്രമണത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. സംഭവത്തെ അവശ്വസനീയമായ വിധം അപൂർവ്വം എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. വരും ദിവസങ്ങളിൽ പ്രദേശത്ത് കാര്യമായ രീതിയിൽ പോലീസ് സാന്നിധ്യം വർധിപ്പിക്കുമെന്ന് സോമർസെറ്റ് പോലീസിൽ നിന്നുള്ള ഇൻസ്പെക്ടർ ടെറി മർഫി അറിയിച്ചു. മരിച്ച യുവതി ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് അപകടം നടന്ന സ്ഥലത്ത് താമസിക്കാൻ എത്തിയതെന്ന് സംഭവം നടന്നതിന്റെ അടുത്ത് താമസിക്കുന്ന ഒരാൾ വെളിപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് യുവതിയുടെ കുടുംബത്തെ വിവരം അറിയിക്കുകയും പ്രത്യേക പരിശീലനം ലഭിച്ച ഒരു ഉദ്യോഗസ്ഥൻ അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട് . കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും വെയിൽസിലും നായയുടെ ആക്രമണത്തിൽ ഏഴ് പേർ മരിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ഒഎൻഎസ്) കണക്കുകൾ വ്യക്തമാക്കുന്നു. 2023-2024 വർഷത്തെ എൻഎച്ച്എസ് കണക്കുകൾ പ്രകാരം ഏകദേശം 11,000 പേരെ ആണ് നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ നടപ്പിലാക്കി തുടങ്ങിയതായി വിഎഫ്എസ് ഗ്ലോബൽ അറിയിച്ചു. യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് വിസ അപേക്ഷാ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയാണ് വിഎഫ്എസ് ഗ്ലോബൽ. ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ മറ്റ് പല രാജ്യങ്ങളിൽ നിന്നോ യുകെ വിസയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ വിഎഫ്എസ് ഗ്ലോബൽ വഴിയായിരിക്കും അപേക്ഷിക്കേണ്ടത്.

നിർമ്മിത ബുദ്ധി ഉപയോഗിച്ച് അപേക്ഷ പ്രക്രിയയെ കുറിച്ച് കാര്യമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് കാര്യമായ പ്രയോജനം ചെയ്യുമെന്ന് വിഎഫ്എസ് ഗ്ലോബൽ ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജെൻ വിഡ്‌ലർ പറഞ്ഞു. നിർമ്മിത ബുദ്ധിയിൽ അടിസ്ഥാനമായ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുക എന്നതാണ് ഏറ്റവും വലിയ നേട്ടം. മനുഷ്യതുല്യമായ തുടർച്ചയായ സംശയനിവാരണവും സഹായവുമാണ് ഇനിമുതൽ വിസ അപേക്ഷകർക്ക് ലഭിക്കുന്നത്.

വിസ അപേക്ഷാ അനുഭവം ചാറ്റ്‌ബോട്ട് ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് VFS ഗ്ലോബൽ സ്ഥാപകനും സിഇഒയുമായ സുബിൻ കർകരിയ പറഞ്ഞു. ആഗോളതലത്തിൽ വിസ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി AI അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. VFS ഗ്ലോബലിന്റെ വെബ്‌സൈറ്റുകളിൽ നിന്നുള്ള ലഭ്യമായ ഡാറ്റയിൽ പരിശീലനം നേടിയ നൂതന ജനറേറ്റീവ് AI സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചാറ്റ്‌ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏത് സമയവും വിസയ്ക്കായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്നതിന് തടസ്സമില്ലാത്തതും സുരക്ഷിതവുമായ മാർഗം വാഗ്ദാനം ചെയ്യുന്നതിലൂടെ ഉപഭോക്തൃ സംതൃപ്തി കൂട്ടുകയും കാര്യക്ഷമമായ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് കമ്പനി പുതിയ സാങ്കേതികവിദ്യയിലൂടെ ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിൽ നായയുടെ ആക്രമണത്തിൽ 19 വയസ്സുകാരിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സൗത്ത് ബ്രിസ്റ്റോളിലെ കോബോൺ ഡ്രൈവിലെ ഒരു ഫ്ലാറ്റിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നായയെ പിടികൂടിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ 20 വയസ്സുകാരായ പുരുഷനും സ്ത്രീയും ആണ് പിടിയിലായത്. അപകടകരമായ രീതിയിൽ നായയെ വളർത്തിയതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേർക്കും ജാമ്യം ലഭിച്ചതായാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിരോധിത ഇനം നായയെ കൈവശം വച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട് . എന്നിരുന്നാലും നായയുടെ ഇനം ഏതാണെന്നതിനെ കുറിച്ച് കൃത്യമായി വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

മരിച്ച യുവതി ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് അപകടം നടന്ന സ്ഥലത്ത് താമസിക്കാൻ എത്തിയതെന്ന് സംഭവം നടന്നതിന്റെ അടുത്ത് താമസിക്കുന്ന ഒരാൾ വെളിപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് യുവതിയുടെ കുടുംബത്തെ വിവരം അറിയിക്കുകയും പ്രത്യേക പരിശീലനം ലഭിച്ച ഒരു ഉദ്യോഗസ്ഥൻ അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട് . കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും വെയിൽസിലും നായയുടെ ആക്രമണത്തിൽ ഏഴ് പേർ മരിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ഒഎൻഎസ്) കണക്കുകൾ വ്യക്തമാക്കുന്നു. 2023-2024 വർഷത്തെ എൻഎച്ച്എസ് കണക്കുകൾ പ്രകാരം ഏകദേശം 11,000 പേരെ ആണ് നായ കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഗാസയിലെ ആക്രമണങ്ങളെ സംബന്ധിച്ച് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയെ സംബന്ധിച്ചുള്ള വിവാദത്തിൽ അധികൃതർ മാപ്പ് പറഞ്ഞിരിക്കുകയാണ്. 400,000 പൗണ്ടിലധികം ചിലവാക്കി പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി ബിബിസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. “ഗാസ: ഹൗ ടു സർവൈവ് എ വാർസോണ്‍” എന്നതായിരുന്നു ഡോക്യുമെന്ററിയുടെ തലക്കെട്ട്. എന്നാൽ അതിനോടനുബന്ധിച്ച് ഉണ്ടായ വിവാദങ്ങളെ തുടർന്ന് ബിബിസി ക്ഷമാപണം നടത്തുകയും ഐപ്ലേയറിൽ നിന്ന് പ്രോഗ്രാം പിൻവലിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ഹമാസ് വിരുദ്ധ പ്രതിഷേധക്കാർ ബിബിസിയുടെ ബ്രോഡ്കാസ്റ്റിംഗ് ഹൗസ് ആസ്ഥാനത്തിന് പുറത്ത് എത്തിയതോടെ സംഘർഷം തെരുവുകളിലേക്കും വ്യാപിച്ചു. ബിബിസിയിൽ നിന്നുള്ള ഒരു അപ്‌ഡേറ്റ് പ്രകാരം, ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിട്ടുള്ള അബ്ദുല്ല അൽ-യസൂരി എന്ന കുട്ടിയുടെ പിതാവ് ഹമാസ് സർക്കാരിൽ കൃഷി ഡെപ്യൂട്ടി മന്ത്രിയായിരുന്ന അയ്മാൻ അൽ-യസൂരി ആണെന്നും, അതോടൊപ്പം തന്നെ ഇത്തരത്തിൽ ചിത്രീകരിക്കാൻ കുട്ടിയുടെ അമ്മയ്ക്ക് പണം ലഭിച്ചതായും വ്യക്തമാക്കുന്നു. ലണ്ടൻ ആസ്ഥാനമായുള്ള സ്വതന്ത്ര നിർമ്മാണ കമ്പനിയായ ഹോയോ ഫിലിംസ് ആണ് ബിബിസിക്ക് വേണ്ടി ഈ ഡോക്യുമെന്ററി നിർമ്മിച്ചത്. ചിത്രീകരണത്തിൽ ഉൾപ്പെട്ട കുട്ടിയുടെ കുടുംബവും ഹമാസ് നേതാക്കളുമായുള്ള ബന്ധവും ഇവർ ബിബിസിയോട് മറച്ചുവെച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഡോക്യുമെന്ററി ട്രാൻസ്മിഷന് ശേഷം മാത്രമാണ് ഈ ബന്ധം അവർക്കറിയാമായിരുന്നുവെന്ന് നിർമ്മാണ കമ്പനി അംഗീകരിച്ചത്. നിർമ്മാണ കമ്പനി സ്വതന്ത്രമാണെന്ന് ബിബിസി ഊന്നിപ്പറഞ്ഞെങ്കിലും, ഈ പരിപാടിയുടെ പ്രക്രിയകളും നിർവ്വഹണവും തങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നില്ലയെന്ന് അവർ അംഗീകരിച്ചു. പരിപാടി നിർമ്മിക്കാൻ ഉപയോഗിച്ച 400,000 പൗണ്ട് ബജറ്റിൽ പണമൊന്നും തന്നെ ഒരു ഹമാസ് അംഗത്തിനും നൽകിയിട്ടില്ലെന്ന് ഹോയോ ഫിലിം ഉറപ്പുനൽകിയിട്ടും, ബിബിസി പരിപാടിയുടെ പൂർണ്ണ ഓഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയെ കുറിച്ച് ഉന്നയിക്കപ്പെടുന്ന ഏതൊരു പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിനായി ബിബിസിയുടെ ഡയറക്ടർ ജനറൽ ഒരു പൂർണ്ണ വസ്തുതാന്വേഷണ അവലോകനം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഭവന വില ഈ വർഷം മുൻപ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയരുമെന്ന് വിദഗ്ദ്ധർ. എന്നാൽ ഉയർന്ന ഡിമാൻഡും പരിമിതമായ വിതരണവും കാരണം വാടക ചെലവുകൾ വർദ്ധിക്കുന്നതിലൂടെ വർദ്ധനവ് മറികടക്കുമെന്ന് കണക്കുകൾ പറയുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് വിപണിക്ക് സഹായം ലഭിച്ചേക്കാം, വർഷാവസാനത്തോടെ ബാങ്ക് നിരക്ക് 75 ബേസിസ് പോയിൻ്റ് കുറച്ച് 3.75% ആക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 14 – 25 തീയതികളിൽ 20 ഹൗസിംഗ് മാർക്കറ്റ് വിദഗ്ധരുമായി നടത്തിയ വോട്ടെടുപ്പിൽ ഇംഗ്ലണ്ടിലെ ഭവന വില 2025 ൽ 4.0% ആയി വർദ്ധിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

ഭവനം വാങ്ങാനുള്ള വിലയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടും, സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഉള്ളവർ നേരിടേണ്ടി വരുന്നത് നിരവധി വെല്ലുവിളികളാണ്. താഴ്ന്ന മോർട്ട്ഗേജ് നിരക്കുകളും ഉയർന്ന ശമ്പളവും ആദ്യമായി വീട് വാങ്ങുന്നവരെ സഹായിച്ചേക്കാം. ഉയർന്ന പ്രോപ്പർട്ടി വില, പരിമിതമായ ഭവന വിതരണം, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ പലർക്കും വിപണിയിൽ പ്രവേശിക്കുന്നത് ബുദ്ധിമുട്ടാക്കും. വാടക ചെലവ് വീടിൻ്റെ വിലയേക്കാൾ വേഗത്തിൽ വർദ്ധിക്കുന്നതിനാൽ, നിലവിൽ വാടകയ്‌ക്ക് കഴിയുന്നവർക്ക് വെല്ലുവിളിയായിരിക്കുകയാണ്. ഉയർന്ന നികുതിയും ദുർബലമായ സാമ്പത്തിക പശ്ചാത്തലവും സ്വത്ത് മൂല്യങ്ങൾ പരിമിതപ്പെടുത്തുമെന്ന് എസ്റ്റേറ്റ് ഏജൻസിയായ ഹാംപ്ടൺസിലെ അനീഷ ബെവറിഡ്ജ് പറയുന്നു. ലണ്ടനിലെ വാടകയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് ലേബർ ഗവൺമെൻ്റ് വാഗ്‌ദാനം ചെയ്തിരുന്നു. കൂടാതെ ഈ വർഷം വാടകക്കാരുടെ അവകാശ ബിൽ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

കുറഞ്ഞ മോർട്ട്ഗേജ് നിരക്കുകൾ, കുറഞ്ഞ സമ്മർദ്ദ നിരക്കുകൾ തുടങ്ങിയ കൂടുതൽ ആളുകൾക്ക് ഭവനം വാങ്ങാനുള്ള അവസരം ഉണ്ടാക്കുമെന്ന് റിയൽ എസ്റ്റേറ്റ് സേവന സ്ഥാപനമായ സിബിആർഇയിൽ നിന്നുള്ള സ്കോട്ട് കാബോട്ട് പറഞ്ഞു. ഈ വർഷത്തേയും അടുത്ത വർഷത്തേയും പണപ്പെരുപ്പ പ്രവചനങ്ങളിൽ വർദ്ധനവ് ഉണ്ടായെങ്കിലും ജനുവരി മുതൽ സാമ്പത്തിക വിദഗ്ധർ തങ്ങളുടെ പലിശ നിരക്ക് പ്രവചനങ്ങളിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഫെബ്രുവരിയിൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്ക് നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചുകൊണ്ട് 4.50% ആയി കുറച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിൽ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളായ ബീന മാത്യു അകാലത്തിൽ അന്തരിച്ചു. 53 വയസു മാത്രം പ്രായമുള്ള ബീന മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലിൽ ക്യാൻസർ രോഗത്തിന് ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോപിറ്റലിൽ
നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു . കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ് പരേത.

ബീനയുടെ ഭർത്താവ് മാത്യു ചുമ്മാർ മാഞ്ചസ്റ്റർ എം ആർ ഐ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. ലിസബത്, ആൽബെർട്ട്, ഇസബെൽ എന്നിവരാണ് മക്കൾ. പരേത കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു – മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.

2003 ലാണ് ബീനയും കുടുംബവും യുകെയിൽ എത്തിയത്. ആദ്യകാല മലയാളി കുടിയേറ്റക്കാർ എന്ന നിലയിൽ പുതിയതായി വരുന്ന മലയാളികൾക്ക് താങ്ങും തണലുമായിരുന്നു ബീനയുടെ കുടുംബം. ട്രാഫൊർഡിലെ മലയാളി സമൂഹത്തിൻ്റെ മത , സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തുന്നതിൽ ബീന എന്നും മുൻനിരയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബീനയുടെ അകാലത്തിൽ ഉള്ള മരണം ഒരു സമൂഹത്തിൻറെ തന്നെ തീരാ വേദനയായി മാറുകയാണ്. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം. പൊതു ദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ബീന മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട ദുരൂഹ രോഗത്തിൻ്റെ ലക്ഷണങ്ങൾ പുറത്ത് വിട്ടു. ഇതിനോടകം തന്നെ ഈ രോഗം ബാധിച്ച് 50 പേർ മരിച്ചു. മിക്കവർക്കും രോഗം പിടിപെട്ട് 48 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമാകുകയായിരുന്നു. ഇതുവരെ 413 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 21 ന് ബോലോകോ പട്ടണത്തിലാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്‌തത്‌. അഞ്ച് വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികൾ ചത്ത വവ്വാലിനെ തിന്നതിനെ തുടർന്ന് രോഗബാധിതരാകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പനി, ഛർദ്ദി, കഠിനമായ ആന്തരിക രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ച രോഗികൾക്ക്, രക്തസ്രാവം പോലുള്ള അസുഖം ബാധിച്ചതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ഒരു പ്രാദേശിക ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടിൽ, ചത്ത വവ്വാലിനെ ഭക്ഷിച്ച അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ രോഗം കണ്ടെത്തിയ കേസിൽ വയറിളക്കവും ക്ഷീണവും അനുഭവിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കഴുത്തിലും സന്ധികളിലും വേദന, വിയർപ്പ്, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളും രോഗികളിൽ റിപ്പോർട്ട് ചെയ്തിരുന്നു. 59 വയസ്സിന് താഴെയുള്ള രോഗികൾക്ക് തീവ്രമായ ദാഹം അനുഭവപ്പെടാറുണ്ട്.

ദുരൂഹ രോഗത്തിന്റെ പകർച്ച ആശങ്കാജനകമാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു. പരിശോധനയിൽ എബോള, മാർബർഗ് വൈറസ് പോലുള്ള രോഗങ്ങൾക്ക് നെഗറ്റീവ് ഫലം വന്നതിനാൽ രോഗത്തിന് പിന്നിലുള്ള വൈറസിനെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. കഴിഞ്ഞ വർഷം ഉണ്ടായ പകർച്ചവ്യാധിക്ക് സമാനമായി പരിശോധനയിൽ രോഗികളിൽ പകുതിയോളം പേർക്ക് മലേറിയ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. പല രോഗികളും പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞ വർഷം കണ്ടെത്തിയ മലേറിയ അണുബാധകളിൽ നിന്ന് ഈ പൊട്ടിത്തെറിയുടെ ലക്ഷണങ്ങൾ വ്യത്യസ്തമാണെന്ന് ബർമിംഗ്ഹാം സർവകലാശാലയിലെ രോഗപ്രതിരോധ ശാസ്ത്രജ്ഞനായ ഡോ.സാനിയ സ്റ്റാമാറ്റാക്കി പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിന് 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കേരളത്തിൽ പ്ലസ് ടു പഠനത്തിനുശേഷം നേഴ്സിംഗ് പാസ്സായി യുകെയിലേയ്ക്ക് പറക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കണ്ടുവരുന്ന പ്രവണത. കോവിഡിന് ശേഷമുള്ള പ്രതിസന്ധി തരണം ചെയ്യുവാൻ വിമാന ടിക്കറ്റ് താമസ സൗകര്യവും ഉൾപ്പെടെ നൽകിയാണ് എൻ എച്ച് എസ് യുകെ നേഴ്സുമാരെ റിക്രൂട്ട് ചെയ്തത്.ഇതോടെ കേരളത്തിൽ മറ്റ് കോഴ്സുകളെക്കാൾ കുട്ടികൾ നേഴ്സിങ്ങിന് പഠിക്കുന്ന അവസ്ഥ വന്നിരുന്നു. നേഴ്സിങ് മെറിറ്റ് വിഭാഗത്തിൽ പ്രവേശനം ലഭിക്കാനായി 99% മാർക്ക് വരെ ആവശ്യമാണെന്ന സാഹചര്യം പോലും ഉണ്ടായി. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ അപ്പാടെ മാറിമറിഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിദേശ നേഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്ന എന്‍എച്ച്എസ് യുകെ ഇപ്പോൾ കടുത്ത സാമ്പത്തിക ബാധ്യത മൂലം വിദേശ നേഴ്സിംഗ് റിക്രൂട്ട്‌മെന്റ് ഏകദേശം ഒരു വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 20 ബില്യണ്‍ എന്ന കൂറ്റന്‍ തുക ബ്രിട്ടീഷ് സർക്കാരിന് മുകളിൽ വാൾ പോലെ തൂങ്ങുമ്പോൾ എൻ എച്ച്എസിനു പോലും ഫണ്ടുകൾ മാറ്റിവയ്ക്കാൻ ആകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ തന്നെ വിദേശ റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എൻഎച്ച്എസ്.


ഇതോടൊപ്പം തന്നെ ഇതും കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് യുകെയിൽ എത്തിയ നേഴ്സുമാർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. യുകെയില്‍ 2024 ഡിസംബര്‍ വരെയുള്ള കണക്കുകൾ പ്രകാരം എന്‍എംസി രജിസ്റ്ററില്‍ രണ്ടു ലക്ഷം വിദേശ നേഴ്സുമാരാണ് നിലവിൽ യു കെയിൽ ഉള്ളതെന്ന് വ്യക്തമാക്കുന്നു. ഇതോടെ ഇംഗ്ലണ്ടിലെ ആകെ നേഴ്സിംഗ് വര്‍ക്ക് ഫോഴ്സിന്റെ 23.8 ശതമാനവും വിദേശ വംശജ നേഴ്സുമാര്‍ ആയി മാറിയിരിക്കുകയാണ്. എന്നാൽ മുന്‍വര്‍ഷത്തേക്കാള്‍ 16.6 ശതമാനം കുറവ് വിദേശ നേഴ്സുമാരാണ് 2024 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്തു യുകെയില്‍ എത്തിയത്. എന്നാല്‍ ഇതേ മാസത്തെ കണക്കുകളില്‍ എന്‍എംസി രജിസ്റ്ററില്‍ നിന്നും കൊഴിഞ്ഞു പോയ വിദേശ നേഴ്സുമാരുടെ എണ്ണം 33 ശതമാനമാണ് എന്നതും ആശ്ചര്യമുളവാക്കുന്ന വസ്തുതയാണ്. ഇതില്‍ ഏറിയ പങ്കും മലയാളികള്‍ ആകാനുള്ള സാധ്യതയാണ് ഉള്ളത്. യുകെയിലെത്തി ഒന്നോ രണ്ടോ വർഷം ജോലി ചെയ്തതിനുശേഷം മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി പാർക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു.


ഈ ട്രെൻഡിനോടൊപ്പം കേരളത്തിൽ പടർന്നു പന്തലിച്ച ബിസിനസുകളിൽ ഒന്നായിരുന്നു ഭാഷാ പരീക്ഷകൾക്കായി പരിശീലനം നടത്തുന്ന സ്ഥാപനങ്ങൾ. പതിനായിരങ്ങൾ ഫീസ് വാങ്ങിച്ചാണ് ഇത്തരം സ്ഥാപനങ്ങൾ കേരളത്തിൽ നടന്നു വരുന്നത്. ഒ ഇ റ്റി പാസ്സായാൽ എല്ലാമായി എന്ന പ്രചരണമായിരുന്നു ഇവർ നൽകിയത്. എന്നാൽ ഇന്ന് ഭാഷാ ടെസ്റ്റും പാസായി എന്‍എച്ച്എസ് അഭിമുഖവും നടത്തി ഇപ്പോള്‍ ഓഫര്‍ ലെറ്റര്‍ വരും എന്ന് കരുതി കാത്തിരിക്കുന്ന മലയാളി ചെറുപ്പക്കാര്‍ അനേകരാണ്. എന്നാൽ അടുത്തകാലത്തൊന്നും പഴയ തോതിലുള്ള റിക്രൂട്ട്മെന്റുകൾ ഉണ്ടാവുകയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

RECENT POSTS
Copyright © . All rights reserved