ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഞ്ച് പതിറ്റാണ്ടിലേറെ ബ്രിട്ടീഷ് ടെലിവിഷൻ, ചലച്ചിത്ര മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന നടൻ റേ ബ്രൂക്സ് (86) അന്തരിച്ചു. ചെറിയ രോഗത്തെ തുടർന്നാണ് റേ ബ്രൂക്സ് ലോകത്തോട് വിടപറഞ്ഞത്. ബ്രൈറ്റണിൽ ജനിച്ച ബ്രൂക്സ്, യുകെയിലെ ഏറ്റവും പ്രശസ്തമായ ടെലിവിഷൻ പരിപാടികളിലെ അഭിനയത്തിനും വ്യത്യസ്തമായ ശബ്ദത്തിനും പ്രശസ്‌തനായിരുന്നു. 1970-കളിലെ കുട്ടികളുടെ പ്രിയപ്പെട്ട ഷോയായ ‘മിസ്റ്റർ ബെന്നിന്റെ’ കഥ പറഞ്ഞതിലൂടെയാണ് അദ്ദേഹത്തെ ലോകം അറിഞ്ഞ് തുടങ്ങിയത് എന്ന് അദ്ദേഹത്തിൻെറ മക്കൾ പറയുന്നു.

1960-കളിൽ ബ്രിട്ടന്റെ ഭവന പ്രതിസന്ധിയെ ഉയർത്തി കാട്ടുന്ന ഒരു ബിബിസി നാടകമായ കെൻ ലോച്ചിന്റെ ‘കാത്തി കം ഹോം’ എന്ന വിപ്ലവകരമായ നാടകത്തിലെ റെഗ് എന്ന കഥാപാത്രത്തിലൂടെ ബ്രൂക്സ് പ്രശസ്തിയിലേക്ക് ഉയർന്നു. ഡേഞ്ചർ മാൻ, ഡിക്സൺ ഓഫ് ഡോക്ക് ഗ്രീൻ, ദി അവഞ്ചേഴ്‌സ്,’റാൻഡാൽ ആൻഡ് ഹോപ്കിർക്ക് (ഡീസഡ്), ഇസഡ് കാർസ് എന്നിവയുൾപ്പെടെ അക്കാലത്തെ ഹിറ്റ് ടിവി ഷോകളിൽ എല്ലാം അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

1980-കളിൽ, ബ്രൂക്സ് രണ്ട് പ്രധാന പ്രൈംടൈം വേഷങ്ങളിലൂടെ ഏവർക്കും സുപരിചിതനായി. ബിബിസിയുടെ ‘ബിഗ് ഡീൽ’ എന്ന പരമ്പരയിൽ, ഷാരോൺ ഡ്യൂസിനൊപ്പം റോബി ബോക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം ടിവിയിലെ ഏറ്റവും പ്രിയപ്പെട്ട തൊഴിലാളിവർഗ കഥാപാത്രങ്ങളിലൊന്നായി മാറി. പിന്നീട് ഐടിവിയിലെ സിറ്റ്കോം ‘റണ്ണിംഗ് വൈൽഡ്’ എന്ന പരമ്പരയിൽ മാക്സ് വൈൽഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അവസാന നാളുകളിൽ ഡിമെൻഷ്യ ബാധിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കോടതികൾ ശിക്ഷിച്ച ഒട്ടു മിക്ക വിദേശ കുറ്റവാളികളെയും ഉടൻ നാടുകടത്തും. സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രകാരം അവരുടെ ജയിൽ ശിക്ഷയുടെ 30% ന് പകരം അവരെ യുകെയിൽ നിന്ന് ഉടൻ നാടുകടത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക വിദേശ തടവുകാരെയും ശിക്ഷിക്കപ്പെട്ട് ജയിലിലടച്ച ഉടൻ തന്നെ നാടുകടത്താൻ സർക്കാരിന് അധികാരം നൽകുന്ന നിയമനിർമ്മാണത്തിന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് നിർദ്ദേശിച്ചിരുന്നു.

എന്നിരുന്നാലും അനിശ്ചിതകാല ശിക്ഷ ലഭിച്ച വിദേശ തീവ്രവാദികൾ, കൊലപാതകികൾ, മറ്റ് ഗുരുതരമായ കുറ്റവാളികൾ എന്നിവർ നാടുകടത്തലിന് പരിഗണിക്കപ്പെടുന്നതിന് മുമ്പ് യുകെയിൽ തന്നെ അവരുടെ ശിക്ഷ തുടരും എന്നാണ് അറിയാൻ സാധിച്ചത്. ഒരു വിദേശ കുറ്റവാളിയെ നാടുകടത്തുന്നതിനുള്ള തീരുമാനം എടുക്കാനുള്ള അധികാരം ഇനി മുതൽ ജയിൽ ഗവർണർമാർക്ക് ഉണ്ടായിരിക്കും. അതായത് കുറ്റവാളി യുകെയുടെ താൽപ്പര്യങ്ങൾക്കോ ദേശീയ സുരക്ഷയ്‌ക്കോ ഗുരുതരമായ ഭീഷണി ഉയർത്തുന്ന ആളാണെങ്കിൽ അവർ ബ്രിട്ടീഷ് ജയിലിൽ തന്നെ തുടരേണ്ടിവരും. നാടുകടത്തപ്പെടുന്ന കുറ്റവാളികൾക്ക് യുകെയിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കും ഉണ്ടായിരിക്കും.

ജയിലിൽ കഴിയുന്ന വിദേശ കുറ്റവാളികൾക്ക് വേണ്ടി രാജ്യം ചിലവഴിക്കുന്ന പണം കുറയ്ക്കാൻ ഈ നടപടികൾ ഉതകുമെന്നാണ് സർക്കാർ കരുതുന്നത്. മൊത്തം ജയിലിലുള്ളവരുടെ 12 ശതമാനം വിദേശ കുറ്റവാളികളാണ്. ക്രിമിനൽ കുറ്റങ്ങളിൽ ജയിലിൽ കഴിയുന്ന യുകെ മലയാളികളെയും പുതിയ നടപടികൾ ബാധിക്കും. നിയമ നിർമ്മാണം സെപ്റ്റംബറിൽ നടന്നാൽ ഇത്തരക്കാരെ ഉടനെ തന്നെ മടക്കി അയക്കാനാണ് സാധ്യത. ജയിലിൽ കുറ്റവാളികളുടെ എണ്ണം കൂടിയതും ഈ നടപടിക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2024 കെയർ സ്റ്റാർമാർ അധികാരമേറ്റതിനുശേഷം ചില കുറ്റവാളികളെ അവരുടെ ശിക്ഷയുടെ 40 ശതമാനം അനുഭവിച്ചതിനുശേഷം ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്‌ഗോയ്ക്കടുത്തുള്ള കൂൾപോർട്ടിലുള്ള യുകെയുടെ ആണവായുധ താവളത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ചോർന്നതായുള്ള വിവരങ്ങൾ പുറത്ത്. ആണവായുധ താവളത്തിൽ റേഡിയോ ആക്ടീവ് വെള്ളം മോശം അറ്റകുറ്റപ്പണികൾ കാരണം പഴയ പൈപ്പുകൾ ആവർത്തിച്ച് പൊട്ടിയതിനെ തുടർന്നാണ് കടലിലേക്ക് ചോർന്നത്. ബേസിലെ പകുതിയോളം ഘടകങ്ങൾ അവയുടെ രൂപകൽപന കാലാവധി കഴിഞ്ഞതാണെന്ന് സ്കോട്ടിഷ് പരിസ്ഥിതി സംരക്ഷണ ഏജൻസി (സെപ) കണ്ടെത്തി.

സമീപത്തുള്ള ഫാസ്‌ലെയ്‌നിൽ ആസ്ഥാനമായുള്ള റോയൽ നേവിയുടെ ട്രൈഡന്റ് അന്തർവാഹിനി കപ്പലിനായി ആണവ വാർഹെഡുകൾ സൂക്ഷിക്കുന്ന കൂൾപോർട്ട് ആയുധ ഡിപ്പോ, സിവിലിയൻ മലിനീകരണ നിയമങ്ങളിൽ നിന്ന് സൈനിക ഇളവ് നൽകിയാണ് പ്രവർത്തിക്കുന്നത്. ഇവിടെ 2010 ലും 2019 ൽ രണ്ടുതവണയും പൈപ്പ് പൊട്ടിത്തെറിച്ചതായി സെപയുടെ ഫയലുകൾ കാണിക്കുന്നു. റേഡിയേഷൻ വളരെ കുറവായ ഘടകങ്ങളാണ് ചോർന്നതെന്ന് സെപ പറയുന്നു. അതോടൊപ്പം പ്രതിരോധ മന്ത്രാലയത്തിൻെറ സൂക്ഷ്‌മത കുറവും പരിഹാര നടപടികൾക്കായുള്ള താമസത്തേയും സെപ വിമർശിച്ചു.

2020 മാർച്ചിൽ, കൂടുതൽ ചോർച്ചകൾ തടയുന്നതിന് 23 നടപടികൾ പ്രതിരോധ മന്ത്രാലയം വാഗ്ദാനം ചെയ്‌തിരുന്നു. ഈ സമയം മോശം ആശയവിനിമയം, അപകട നിയന്ത്രണത്തിലെ വീഴ്ചകൾ എന്നിവ മന്ത്രാലയം സമ്മതിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾക്ക് വിപരീതമായി 2021 ൽ കൂടുതൽ പൈപ്പ് പൊട്ടിത്തെറികൾ ഉണ്ടായി. 2022 ഓടെ വാഗ്ദാനം ചെയ്ത പരിഹാരങ്ങൾ പൂർത്തിയാക്കുന്നതിലെ കാലതാമസവും ഇവ നോക്കി പരിപാലിക്കുന്നതിലുള്ള പിഴവുകളും സെപയുടെ ശ്രദ്ധയിൽ പെട്ടു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിരോധിത ഗ്രൂപ്പായ പാലസ്തീൻ ആക്ഷനെ പിന്തുണച്ച് ലണ്ടനിൽ നടന്ന പ്രകടനത്തിൽ 474 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തെ പിന്തുണച്ചതിന് 466 പ്രതിഷേധക്കാരെയും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് അഞ്ച് പേരെയും, പൊതു ക്രമസമാധാന ലംഘനങ്ങൾക്ക് രണ്ട് പേരെയും, വംശീയമായ കുറ്റകൃത്യത്തിന് ഒരാളെയും അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. വെസ്റ്റ്മിൻസ്റ്ററിലെ പാർലമെന്റ് സ്‌ക്വയറിൽ ഡിഫൻഡ് ഔർ ജൂറിസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഞാൻ വംശഹത്യയെ എതിർക്കുന്നു. ഞാൻ പാലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നു എന്ന സന്ദേശമുള്ള പോസ്റ്ററുകളുമായാണ് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തത് .

2000-ലെ ഭീകരവാദ നിയമപ്രകാരം ജൂലൈയിൽ സർക്കാർ ഈ സംഘടനയെ നിരോധിച്ചിരുന്നു. ഇതേ തുടർന്ന് ഇതിൽ അംഗത്വമോ പിന്തുണയോ നൽകുന്നത് 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ് . നിലവിലെ പ്രതിഷേധ പ്രകടനത്തിൽ ഉദ്യോഗസ്ഥർക്ക് ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ ഒരു ദിവസം സേന നടത്തിയ ഏറ്റവും വലിയ അറസ്റ്റാണിതെന്ന് മെറ്റ് പോലീസ് പറഞ്ഞു. പോലീസിന്റെ പ്രവർത്തങ്ങൾക്ക് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നന്ദി പറഞ്ഞു. അതേ സമയം ആംനസ്റ്റി ഇന്റർനാഷണൽ എന്ന ചാരിറ്റി കൂട്ട അറസ്റ്റുകളെ ആശങ്കാജനകമാണ് എന്നാണ് വിശേഷിപ്പിച്ചത് . പ്രതിഷേധം ആരംഭിച്ചപ്പോൾ ഏകദേശം 500 മുതൽ 600 വരെ ആളുകൾ പാർലമെന്റ് സ്‌ക്വയറിൽ ഉണ്ടായിരുന്നുവെന്ന് മെറ്റ് പോലീസ് പറഞ്ഞിരുന്നു. എന്നാൽ പലരും കാഴ്ചക്കാരോ മാധ്യമങ്ങളോ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്ലക്കാർഡുകൾ കൈവശം വയ്ക്കാത്ത ആളുകളോ ആയിരുന്നു.

ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭാര്യ അവധിക്ക് പോയ സമയത്ത് മലയാളി യുവാവിനെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് യോർക്ക് ഷെയറിന് സമീപമുള്ള റോഥർ ദാമിലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ വൈഷ്ണവ് വേണുഗോപാലിനെ (26) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെയർ ഹോമിൽ ഹെൽത്ത് അസിസ്റ്റൻറ് ആയി ജോലി ചെയ്തു വരുകയായിരുന്നു.
വൈഷ്ണവ് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ ആണ് വിവരം പുറത്തറിഞ്ഞത്. 2021- ൽ ഭാര്യ അഷ്ടമി സതീഷ് വിദ്യാർത്ഥി വിസയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവ് യുകെയിൽ എത്തിയത്. രണ്ടുവർഷം മുൻപാണ് വൈഷ്ണവ് കെയർ ഹോമിൽ ജോലിക്ക് പോയി തുടങ്ങിയത്. ചിറയിൻകീഴ് ഞാറയിൽകോണം കുടവൂർ വടക്കേവീട്ടിൽ വേണുഗോപാൽ, ബേബി ദമ്പതികളുടെ മകനാണ്. വിഷ്ണുവാണ് ഏക സഹോദരൻ .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ആഴ്ച താപനില 30°C ന് മുകളിൽ ഉയരും എന്ന് അറിയിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ ഹീറ്റ് അലേർട്ട് പുറപ്പെടുവിച്ചു. വടക്കുകിഴക്കും വടക്കുപടിഞ്ഞാറും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ഈ അലേർട്ടുകൾ ബാധകമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 മുതൽ ബുധനാഴ്ച വൈകിട്ട് ആറുമണി വരെയായിരിക്കും അലേർട്ടുകൾ ബാധകമെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസി അറിയിച്ചു.

സതേൺ യുകെയിലെ ഉയർന്ന മർദ്ദവും അറ്റ്ലാന്റിക് സമുദ്രത്തിലെ താഴ്ന്ന മർദ്ദവും കാരണം തെക്ക് നിന്ന് മുകളിലേക്ക് ചൂടുള്ള വായു നീങ്ങുന്നതാണ് താപനില വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ആയിരിക്കും ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുക, എന്നാൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടി മഴ പെയ്യാൻ സാധ്യതയുണ്ട്. സ്കോട്ട് ലൻഡിലും വടക്കൻ അയർലൻഡിലും കൂടുതലും മഴ ആയിരിക്കും ലഭിക്കുക.

ഞായറാഴ്ച മധ്യ, തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ താപനില 26-28°C വരെ എത്തുമെന്നാണ് പ്രവചനം. അതേസമയം പടിഞ്ഞാറ് നിന്നുള്ള ന്യൂനമർദ്ദം പടിഞ്ഞാറൻ സ്കോട്ട് ലൻഡിലേയ്ക്കും വടക്കൻ അയർലൻഡിലേയ്ക്കും മഴയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും പല ഭാഗങ്ങളിലും താപനില 27-31°C വരെ എത്താം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ വില കൽപിക്കുന്ന രാജ്യമാണ് യുകെ. വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തി പാർട്ട് ടൈം ജോലിയ്ക്കിടെ പരിചയപ്പെട്ട സഹപ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത മലയാളി യുവാവിന് പണി കിട്ടി. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ആശിഷ് ജോസഫാണ് യുവതി പ്രണയാഭ്യർത്ഥന നിരസിച്ചിട്ടും നിരന്തരം ശല്യം തുടർന്നത്. ഇതേ തുടർന്ന് യുവതിയുടെ പരാതിയിന്മേൽ സൗത്ത്വാർക്ക് ക്രൗൺ കോടതി ആശിഷ് ജോസ് പോളിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതായാണ് വിവരം. ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന വിദേശ വനിതയാണ് ആശിഷിന് എതിരെ പരാതി നൽകിയത്.
നാട്ടിൽനിന്ന് ബികോം ഡിഗ്രിയുമായാണ് ആശിഷ് ഉപരിപഠനത്തിനായി യുകെയിൽ എത്തിയത്. യുവതിയുടെ പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷവും ഇയാൾ ശല്യം തുടരുകയായിരുന്നു. ഏകദേശം ആറുമാസ കാലയളവിൽ തനിക്ക് താത്‌പര്യം ഇല്ലാതിരുന്നിട്ടും ഇയാൾ ശല്യം തുടരുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത് . പാർട്ട് ടൈം ആയി ലണ്ടൻ സൂവിലെ കഫേയിൽ ജോലി ചെയ്യുമ്പോഴാണ് ആശിഷ് യുവതിയെ പരിചയപ്പെട്ടത്.
ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനാണ് ഇയാൾ പഠിക്കുന്നത് . ശിക്ഷ ലഭിച്ചതിനുശേഷവും ഇരയെ ശല്യപ്പെടുത്തിയതിനാൽ ആശിഷ് പോളിനെ നാടുകടത്താൻ സാധ്യതയുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഇനി ശല്യം തുടർന്നാൽ അഞ്ച് വർഷം വരെ തടവിന് ശിക്ഷിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സറേയിലെ ഒരു ആഡംബര ഹോട്ടലിൽ മുൻ പങ്കാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷമാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത് . 61 കാരനായ ജെയിംസ് കാർട്ട്‌റൈറ്റ് ആണ് പ്രതി. 54 കാരിയായ സാമന്ത മിക്കിൾബർഗ് ആണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്.

തൻറെ 60-ാം ജന്മദിനത്തിൽ പങ്കെടുക്കാനാണ് ഇയാൾ മുൻ പങ്കാളിയെ ക്ഷണിച്ചത്. എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു . ഹോട്ടലിൽ വച്ച് ഇയാൾ തൻറെ മുൻപങ്കാളിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ പ്രതി കൊലപാതകം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു . മിക്കിൾബർഗ് കിടക്കയിൽ നിന്ന് വീണതിനെ തുടർന്ന് മരിച്ചുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

വിചാരണയിൽ ഒരിക്കലും ഇയാൾക്ക് മനംമാറ്റം ഉണ്ടാവുകയോ കുറ്റം സമ്മതിക്കുകയോ ചെയ്തില്ല. ഇയാൾക്ക് കുറഞ്ഞത് 28 വർഷം തടവ് അനുഭവിക്കേണ്ടിവരും. തനിക്ക് ജന്മദിനം ആഘോഷിക്കാൻ ആരുമില്ലെന്നും തന്റെ ഒറ്റപ്പെടലും പറഞ്ഞാണ് ജെയിംസ് കാർട്ട്‌റൈറ്റ് തന്റെ മുൻ പങ്കാളിയെ തന്ത്രപൂർവ്വം ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ വിരുന്നിനിടെ കാർട്ട്‌റൈറ്റ് അവളെ ബലാത്സംഗം ചെയ്യുകയും കഴുത്തു ഞെരിച്ച് കൊല്ലുകയും തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ തന്റെ അടുത്തുള്ള കിടക്കയിൽ അവളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹം ആംബുലൻസ് വിളിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിലെ ഒരു ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് നടന്ന നാല് വയസ്സുള്ള ആൺകുട്ടി ബസ് ഇടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഏകദേശം 4 മണിക്കാണ് ദുരന്തം സംഭവിച്ചത്. മാർഗേറ്റിലെ ക്വീൻ എലിസബത്ത് ദി ക്വീൻ മദർ ആശുപത്രിക്ക് പുറത്ത് ഒരു അപകടം നടന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സാഹിർ ജാൻ എന്നാണ് മരിച്ച ആൺകുട്ടിയുടെ പേര്. കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും അൽപ സമയത്തിനുശേഷം മരിച്ചതായി സ്ഥിരീകരിച്ചു. അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള സിംഗിൾ ഡെക്കർ വാഹനമായ ബസ് എ & ഇ വകുപ്പിന്റെ പ്രവേശന കവാടത്തിനടുത്താണ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇന്നലത്തെ ദാരുണമായ സംഭവത്തിൽ ഞങ്ങൾ വളരെ ദുഃഖിതരാണെന്നും കുടുംബത്തിനെ ഞങ്ങളുടെ ആത്മാർത്ഥ അനുശോചനം അറിയിക്കുന്നുവെന്നും ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ട്രേസി ഫ്ലെച്ചർ പറഞ്ഞു. അപകടത്തിന് സാക്ഷിയായ ആരെങ്കിലും അല്ലെങ്കിൽ സംഭവത്തിന്റെ സിസിടിവി, ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹോംലെസ്സ്നെസ്സ് മന്ത്രി സ്ഥാനം രാജി വച്ച് റുഷനാര അലി. കിഴക്കൻ ലണ്ടനിൽ തന്റെ ഉടമസ്ഥതയിലുള്ള ഒരു വാടക വസ്തു കൈകാര്യം ചെയ്‌തതിലുള്ള വീഴ്ചയ്ക്ക് പിന്നാലെയാണ് രാജി. വീട് വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ട് വാടകക്കാരുടെ സ്ഥിരകാല കരാർ മന്ത്രി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ആറ് മാസത്തിനുള്ളിൽ ഉയർന്ന വിലയ്ക്ക് വാടകയ്ക്ക് വീണ്ടും ലിസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് പ്രശ്‌നം ഉടലെടുത്തത്.

ഇത് പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദം ആക്കുകയായിരുന്നു. പാർലമെന്റിൽ മുൻപ് റുഷനാര അലി പാസാക്കാൻ സഹായിച്ച വാടകക്കാരുടെ അവകാശ ബില്ലിന് എതിരായിരുന്നു മന്ത്രിയുടെ ഈ നീക്കം. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന് നൽകിയ രാജി കത്തിൽ, താൻ എപ്പോഴും നിയമങ്ങൾ പാലിക്കുകയും ഉത്തരവാദിത്തങ്ങൾ ഗൗരവമായി എടുക്കുകയും ചെയ്തിരുന്നുവെന്ന് റുഷനാര അലി പറയുന്നു. എന്നിരുന്നാലും താൻ ആ സ്‌ഥാനത്ത് തുടരുന്നത് അനാവശ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ സ്ഥാനമൊഴിയാൻ തീരുമാനിച്ചുവെന്നും മുൻ മന്ത്രി പറയുന്നു.

2024 നവംബറിൽ റുഷനാര അലി തനിക്കും മറ്റ് മൂന്ന് വാടകക്കാർക്കും അവരുമായുള്ള കരാർ പുതുക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള നാല് മാസത്തെ നോട്ടീസ് നൽകിയതായി ഒരു മുൻ വാടകക്കാരൻ വെളിപ്പെടുത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. അവർ താമസം മാറിയതിന് തൊട്ടുപിന്നാലെ, 700 പൗണ്ട് അധികം ചേർത്തുള്ള വാടകയ്ക്ക് അതേ വീട് വീണ്ടും വാടകയ്ക്ക് നൽകുമെന്ന് പരസ്യം ചെയ്‌തതായി കണ്ടെത്തി. റുഷനാര അലി പിന്തുണച്ച വാടകക്കാരുടെ അവകാശ ബിൽ അനുസരിച്ച്, ഒരു വീടിൻെറ വാടക കരാർ അവസാനിപ്പിച്ചതിന് പിന്നാലെ ആറ് മാസത്തിനുള്ളിൽ ഭൂവുടമകൾക്ക് അവരുടെ സ്വത്തുക്കൾ വീണ്ടും വാടകയ്ക്ക് നൽകാൻ സാധിക്കുകയില്ല. ഈ ബിൽ ഇതുവരെ നിയമമായിട്ടില്ലെങ്കിലും, ഇതിനെ മുൻ മന്ത്രി പിന്തുണച്ചിരുന്നു എന്നായിരുന്നു ആരോപണം ഉന്നയിച്ചവർ ചൂണ്ടിക്കാട്ടിയത്.