Main News

നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാലുണ്ടാകുന്ന പ്രതിന്ധികള്‍ പരിഹരിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. പ്രധാന ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലെല്ലാം മിലിട്ടറി പ്ലാനര്‍മാരെ നിയമിക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്, ഹോം ഓഫീസ്, ഫോറിന്‍ ഓഫീസ്, ബ്രെക്‌സിറ്റ് പ്ലാനിംഗിന്റെ കേന്ദ്രമായ ക്യാബിനറ്റ് ഓഫീസ് തുടങ്ങി സുപ്രധാന മന്ത്രാലയങ്ങളിലെല്ലാം മിലിട്ടറി പ്ലാനര്‍മാരെ നിയോഗിച്ചു. 14 പേരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ രേഖകള്‍ ഉദ്ധരിച്ച് ദി ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോര്‍ഡര്‍ ഫോഴ്‌സില്‍ നാല് പ്ലാനര്‍മാരെയും ഫോറിന്‍ ഓഫീസില്‍ മൂന്ന് പേരെയും ഫോറിന്‍ ഓഫീസില്‍ ആറ് പേരെയുമാണ് നിയമിച്ചിരിക്കുന്നത്.

അതിര്‍ത്തികളിലുണ്ടാകാനിടയുള്ള പ്രതിസന്ധി തരണം ചെയ്യുകയാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള അനായാസ വ്യാപാര ബന്ധം ഇല്ലാതായാല്‍ ഡോവര്‍ പോലെയുള്ള തുറമുഖങ്ങളിലും അതിര്‍ത്തികളിലും വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. ലോറികളുടെ വലിയ നിരതന്നെ രൂപപ്പെട്ടേക്കും. അതിനൊപ്പം ചരക്കുകള്‍ കെട്ടിക്കിടക്കാനുള്ള സാധ്യതയും ഏറെയാണ്. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ഫെറികള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സ്വകാര്യ കമ്പനിയുമായി 14 മില്യന്‍ പൗണ്ടിന്റെ കരാറില്‍ ഏര്‍പ്പെട്ടതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു കപ്പല്‍ പോലും സ്വന്തമായില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നാണ് വിമര്‍ശനം. ലോറികള്‍ അതിര്‍ത്തികളില്‍ കൂട്ടമായെത്തിയാലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഒരു റിഹേഴ്‌സല്‍ നടത്തിയിരുന്നു.

ഉപയോഗിക്കാതെ കിടക്കുന്ന ഒരു എയര്‍ഫീല്‍ഡില്‍ 150ഓളം ലോറികള്‍ ഉപയോഗിച്ച് ട്രയല്‍ നടത്താനായിരുന്നു നീക്കം. എന്നാല്‍ കെന്റിലെ മാന്‍സ്റ്റണില്‍ നടന്ന റിഹേഴ്‌സലില്‍ 89 ലോറികള്‍ മാത്രമേ പങ്കെടുത്തുള്ളു. ഈ റിഹേഴ്‌സല്‍ സമയം മെനക്കെടുത്തലാണെന്ന വിമര്‍ശനവുമായി ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ രംഗത്തെത്തുകയും ചെയ്തു. തയ്യാറെടുപ്പുകള്‍ വളരെ വൈകിയെന്നും അവ കുറഞ്ഞ തോതില്‍ മാത്രമേ നടത്തുന്നുള്ളുവെന്നും ഇവര്‍ പരാതിപ്പെടുന്നു.

തെരേസ മേയ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ലേബര്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇതിനായുള്ള നീക്കമുണ്ടാകുമെന്നാണ് സൂചന. എംപിമാരോട് തയ്യാറായിരിക്കാന്‍ ലേബര്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈയാഴ്ചയാണ് ബ്രെക്‌സിറ്റ് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുന്നത്. ഇതില്‍ മേയ്ക്ക് വന്‍ പരാജയമായിരിക്കും നേരിടേണ്ടി വരിക. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചുമതലയൊഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയാണ് ലേബര്‍ പാര്‍ട്ടി. ചൊവ്വാഴ്ചയും ബുധനാഴ്ചയും പാര്‍ലമെന്റിലെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ലേബര്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. അസുഖ ബാധിതരായവര്‍ക്കും പാര്‍ട്ടി സന്ദേശം നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ചയാണ് ബ്രെക്‌സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ ബില്ലില്‍ സര്‍ക്കാരിന് മേല്‍ക്കൈ നഷ്ടമായാല്‍ ഉടന്‍ തന്നെ അവിശ്വാസം അവതരിപ്പിക്കുമെന്ന് എംപിമാര്‍ക്ക് നല്‍കിയ വിപ്പില്‍ ലേബര്‍ അറിയിച്ചു. കോമണ്‍സില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരുടെയുള്‍പ്പെടെ എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോളാണ് രണ്ടാമത്തെ തവണയും ബ്രെക്‌സിറ്റ് ബില്‍ അംഗീകാരത്തിനായി തെരേസ മേയ് സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും പ്രക്ഷുബ്ധമായ 24 മണിക്കൂറുകളായിരിക്കും ഈ ദിവസങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ഇനിയും കൂടുതല്‍ കാത്തിരിക്കാനാകില്ല, വോട്ടെടുപ്പില്‍ മേയ് പരാജയപ്പെടുകയും അവര്‍ രാജി വെക്കാതിരിക്കുയും ചെയ്യുകയാണെങ്കില്‍ നമുക്ക് വെറുതെയിരിക്കാന്‍ കഴിയില്ലെന്നാണ് ഒരു മുതിര്‍ന്ന ലേബര്‍ അംഗം പറഞ്ഞത്.

വോട്ടെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്ലെന്ന അഭിപ്രായമാണ് മുതിര്‍ന്ന ടോറികളും പ്രകടിപ്പിക്കുന്നത്. 100 വോട്ടില്‍ കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള പരാജയം മാത്രമേ ഇക്കാര്യത്തില്‍ മേയ്ക്ക് അനുകൂലമായി എന്നു കരുതാനുള്ള സാധ്യതയെങ്കിലും നല്‍കുന്നുള്ളുവെന്നാണ് ഇവര്‍ പറയുന്നത്. 200 വോട്ടില്‍ കൂടുതല്‍ വോട്ടിന് ബില്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ നല്ലൊരു ഡീലുമായി മേയ് തിരിച്ചെത്തണമെന്നാണ് ടോറികളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ജനുവരി പകുതി വരെ സാധാരണ വിന്റര്‍ അനുഭവിച്ച ബ്രിട്ടനെ കാത്തിരിക്കുന്നത് അതി ശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുകയെന്ന് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ മഞ്ഞുവീഴ്ചയുണ്ടാകുമോയെന്നും ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ അടുത്ത പതിപ്പ് രാജ്യത്ത് ആഞ്ഞടിക്കുമോ എന്നും സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. ഇന്നുകൂടി ശരാശരി 9 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരിക്കും രേഖപ്പെടുത്തുക. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ജനുവരിയില്‍ രേഖപ്പെടുത്തിയ ശരാശരിയേക്കാള്‍ 3.5 ഡിഗ്രി കുറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പുകള്‍ വ്യക്തമാക്കുന്നത്. ഈ വാരാന്ത്യത്തിനു ശേഷം കാലാവസ്ഥയില്‍ കാര്യമായ വ്യത്യാസമുണ്ടായേക്കുമെന്നാണ് വിവരം.

ഇന്ന് രാത്രിയോടെ താപനില ഗണ്യമായി കുറയും. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് തണുത്ത കാറ്റ് എത്തും. ഈ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. തിങ്കളാഴ്ചയും തണുത്ത കാലാവസ്ഥ തുടരും. എന്നാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഈ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടാകുമെന്നാണ് പ്രവചനം. പിന്നീട് തണുത്ത കാലാവസ്ഥ തന്നെ തുടരാനാണ് സാധ്യത. ഇടയ്ക്ക് ചില ദിവസങ്ങളില്‍ തണുപ്പിന് ശമനമുണ്ടായേക്കും. ഈ മാസം അവസാനത്തോടെ കടുത്ത ശൈത്യം എത്തുമെന്നത് ഉറപ്പാണെങ്കിലും അത് എത്ര ദിവസത്തോളം നീണ്ടു നില്‍ക്കും എന്ന് പറയാന്‍ കഴിയില്ലെന്ന് സ്‌കൈ വെതര്‍ പ്രൊഡ്യൂസര്‍ ജോവാന റോബിന്‍സണ്‍ പറഞ്ഞു.

അടുത്ത ആഴ്ചയോടെ തണുത്ത കാലാവസ്ഥ എത്തുമെങ്കിലും അത് ഈ വര്‍ഷത്തെ ഏറ്റവും തണുപ്പേറിയതായിരിക്കാന്‍ ഇടയില്ലെന്നാണ് മെറ്റ് ഓഫീസ് വക്താവ് പറയുന്നത്. ജനുവരിയുടെ രണ്ടാം പകുതി തണുത്തതായിരിക്കുമെന്നും മഞ്ഞുവീഴ്ചയുണ്ടാകുമോ എന്ന് പറയാന്‍ കഴിയില്ലെന്നും വക്താവ് പറഞ്ഞു. 21-ാം തിയതി ആരംഭിക്കുന്ന ആഴ്ചയില്‍ കടുത്ത ശൈത്യമായിരിക്കും ബ്രിട്ടന്‍ അഭിമുഖീകരിക്കുകയെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഡബ്ലിന്‍: ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹെലന്‍ സാജുവിന്റെ(43) നിര്യാണം ഡബ്ലിനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏതാനം നാളുകളായി ചികിത്സയിലായിരുന്ന ഹെലന്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ജെയിംസ് കൊണോലി ഹോസ്പിറ്റലില്‍ വെച്ച് അന്ത്യയാത്ര പറഞ്ഞത്. തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി സ്വദേശിനി ആണ് ഹെലന്‍ സാജു.

പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹെലനും കുടുംബവും അയര്‍ലണ്ടിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തോളം നാവനിലെ നേഴ്‌സിങ് ഹോമില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഡബ്ലിനില്‍ ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കാന്‍ തുടങ്ങി. ഡബ്ലിനിലെ തദ്ദേശിയരുടെയും വിദേശികളുടെയും ഉറ്റ മിത്രമായിരുന്ന ഹെലന്‍ സാജുവിന്റെ നിര്യാണം ഏവരേയും സങ്കടത്തിലാക്കിയിരിക്കുകയാണ്. പരേതയുടെ കുടുബത്തിന് സാന്ത്വനമേകാന്‍ സഹപ്രവര്‍ത്തകരും പ്രിയപെട്ടവരുമായി അനേകര്‍ ലൂക്കനിലുള്ള ഭവനത്തിലേക്ക് എത്തുന്നുണ്ട്.

അയര്‍ലന്‍ഡ് മലയാളികള്‍ക്ക് അവസാനമായി ഹെലന്‍ സാജുവിനെ കാണാനും അന്ത്യയാത്ര നല്‍കാനും അടുത്ത ആഴ്ച ലൂക്കന്‍ സീറോ മലബാര്‍ സഭയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർ നടപടികൾ പൂര്‍ത്തിയാക്കി അടുത്ത ശനിയാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു. സംസ്‌കാരം രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ലൂക്കനിലെ എല്‍സ് ഫോര്‍ട്ടില്‍ താമസിക്കുന്ന സാജു ഉഴുന്നാലിന്റെ ഭാര്യ ആണ് അന്തരിച്ച ഹെലന്‍.

മക്കള്‍ :സച്ചിന്‍ ( മെഡിക്കല്‍ വിദ്യാര്‍ത്ഥി), സബീന്‍ (തേര്‍ഡ് ക്ലാസ് ).

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുമെന്ന പ്രതീക്ഷ നശിച്ചതായി ബ്രെക്‌സിറ്റ് അനുകൂലികളും ലീവ് പക്ഷത്തിനു വേണ്ടി ലക്ഷങ്ങള്‍ നല്‍കിയവരുമായ കോടീശ്വരന്‍മാര്‍. 2016ലെ ബ്രെക്‌സിറ്റി ക്യാംപെയിനില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയവരില്‍ പ്രധാനികളായ പീറ്റര്‍ ഹാര്‍ഗ്രീവ്‌സും ക്രിസ്പിന്‍ ഓഡേയുമാണ് ബ്രെക്‌സിറ്റില്‍ പ്രതീക്ഷയില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്. പീറ്റര്‍ ഹാര്‍ഗ്രീവ്‌സ് ഡോണര്‍മാരില്‍ രണ്ടാം സ്ഥാനക്കാരനാണ്. പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റിന് നേരിടുന്ന പ്രതിബന്ധങ്ങള്‍ തെരേസ മേയുടെ ഉടമ്പടി പരാജയപ്പെടുമെന്നതിന്റെ സൂചനകളാണെന്നും 2016ലെ ഹിതപരിശോധനാ ഫലം മറികടന്ന് എംപിമാര്‍ ബ്രെക്‌സിറ്റ് തന്നെ റദ്ദാക്കിയേക്കുമെന്നും ഇവര്‍ പറയുന്നു. ബ്രെക്‌സിറ്റ് ഡീല്‍ പരാജയപ്പെടുത്തുന്നത് ബ്രെക്‌സിറ്റിനെത്തന്നെ ഇല്ലാതാക്കുമെന്ന ജെറമി ഹണ്ടിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് ഇവര്‍ ഇങ്ങനെ പറഞ്ഞത്.

ഉപാധി രഹിത ബ്രെക്‌സിറ്റിലേക്ക് നീങ്ങാതിരിക്കാനാണ് എംപിമാര്‍ ശ്രമിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി കൊണ്ടുവന്ന ഉടമ്പടി പാര്‍ലമെന്റ് അംഗീകരിക്കാനുള്ള സാധ്യതകളും വിരളമാണ്. ഈ സാഹചര്യത്തിലാണ് ബ്രെക്‌സിറ്റ് ഇല്ലാതാകുമെന്ന പ്രസ്താവനയുമായി ഫോറിന്‍ സെക്രട്ടറി രംഗത്തെത്തിയത്. ഗവണ്‍മെന്റിനെ നിരാശയിലാഴ്ത്തുന്ന പ്രചാരണത്തിനാണ് സ്പീക്കര്‍ ജോണ്‍ ബെര്‍കൗ അനുമതി നല്‍കിയിരിക്കുന്നതെന്നും രാജ്യം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ യാതൊരു സാധ്യതയും താന്‍ കാണുന്നില്ലെന്നും ഹണ്ട് കുറ്റപ്പെടുത്തിയിരുന്നു. ഹിതപരിശോധനാ ഫലത്തിന് വിപരീതമായി ബ്രെക്‌സിറ്റ് സാധ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുജനങ്ങളുടെ വിശ്വാസം നശിപ്പിക്കലായിരിക്കും അതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റ് കടമ്പ കടത്താനുള്ള പരമാവധി ശ്രമങ്ങളിലാണ് പ്രധാനമന്ത്രി തെരേസ മേയ്. ഇതിനായി ലേബര്‍ നേതൃത്വത്തെയും യൂണിയന്‍ നേതാക്കളെയും ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബില്ലിന്റെ പരാജയം ഒഴിവാക്കുകയെന്നത് അസാധ്യമാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുന്നത്. ലേബറും പ്രതിപക്ഷ കക്ഷികളും ഉയര്‍ത്തുന്ന വെല്ലുവിളിക്കു പുറമേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അടിയൊഴുക്കുകളും മേയ്ക്ക് വിപരീതമാണ്.

ലണ്ടന്‍: യു.കെയിലെ ാേറോഡുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സ്പീഡ് ക്യാമറകള്‍ വരുന്നു. നിയമലംഘകരെ കൈയ്യോടെ പിടികൂടാന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് സ്പീഡ് ക്യാമറകളാണ് യു.കെയിലെ റോഡുകളില്‍ ഇനി സ്ഥാപിക്കുക. സാധാരണ സ്പീഡ് ക്യാമുകളില്‍ നിന്ന് വ്യത്യസ്ഥമായി വാഹനമോടിക്കുമ്പോള്‍ പുകവലിക്കുക, ഭക്ഷണം കഴിക്കുക, മദ്യപാനം, ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ ഇന്‍ഫ്രാറെഡ് ക്യാമറയില്‍ കുടുങ്ങും. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, അമിത വേഗം തുടങ്ങിയ നിയമലംഘനം നടത്തുന്നവരെയും ഈ ക്യാമറകള്‍ പിടികൂടും.

പുതിയ ക്യാമറകളുടെ മറ്റൊരു പ്രത്യേകത നിയമലംഘനം നടത്തിയത് കണ്ടുപിടിച്ചതായി ഡ്രൈവര്‍മാര്‍ക്ക് അറിയാന്‍ കഴിയില്ല. ഫ്‌ളാഷിംഗ് ലൈറ്റോ ഇതര സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ യാതൊരുവിധേനെയും ഡ്രൈവര്‍മാര്‍ക്ക് ക്യാമറയില്‍ കുടുങ്ങിയ കാര്യം മനസിലാക്കാന്‍ കഴിയില്ല. കമ്പ്യൂട്ടറിന്റെ സഹായത്തോടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനും നിയമലംഘന പരിധി മനസിലാക്കാനും ക്യാമറകള്‍ക്ക് കഴിയും. ഒരു കാര്‍ കടന്നുപോകുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ക്യാമറയില്‍ പതിയുമെന്ന് ചുരുക്കം. വാഹനത്തിന് ഉള്ളില്‍ വെച്ച് ഡ്രൈവര്‍ കാണിക്കുന്ന നിയമലംഘനങ്ങള്‍ വരെ ക്യാമറയില്‍ പതിയുകയും ചെയ്യും.

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് 200 പൗണ്ട് പിഴയും ലൈസന്‍സില്‍ 6 പോയിന്റ്‌സും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതും ക്രിമിനല്‍ കുറ്റവും. ഇത്തരം ചെറുതും വലുതുമായി നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ ക്യാമറകള്‍ക്ക് കഴിയും. മോശം കാലവസ്ഥയിലും രാത്രികാലങ്ങളിലും തുടങ്ങി ഏതൊരു സമയത്തും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണ് ഇന്‍ഫ്രാറെഡ് ക്യാമറകള്‍. നോര്‍മല്‍ സ്പീഡ് ക്യാമറകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത നിരവധി നിയമലംഘനങ്ങള്‍ പുതിയ ക്യാമുകള്‍ പിടികൂടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ലണ്ടന്‍: ‘യെല്ലോ ഫീവര്‍’ പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യു.കെയിലെ പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ അന്തരിച്ചു. പ്രൊഫസര്‍ മാര്‍ട്ടിന്‍ ഗോര്‍(67) ആണ് മരണപ്പെട്ടത്. യെല്ലോ ഫീവറിനെ പ്രതിരോധിക്കുന്നതിനായി സാധാരണയായി എടുക്കുന്ന വാക്‌സിന്‍ കുത്തിവെച്ച ഡോക്ടറെ ദേവാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴായ്ച്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചതോടെ മരണം സംഭവിക്കുകയായിരുന്നു. കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായിട്ടാണ് സാധാരണായായി ഇത്തരം വാക്‌സിനുകള്‍ ഉപയോഗിക്കുന്നത്. സൗത്ത് അമേരിക്ക, കരീബിയന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരം വാക്‌സിനുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

അതേസമയം ഡോക്ടര്‍ ഗോറിയുടെ മരണം അശ്രദ്ധമൂലമാണെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. സാധാരണയായി 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രസ്തുത വാക്‌സിന്‍ നല്‍കാറില്ല. അതീവ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണ് 60 വയസിന് മുകളിലുള്ളവര്‍ക്കും എച്ച്.ഐ.വി/എയ്ഡ്‌സ് തുടങ്ങിയവ ബാധിച്ചവര്‍ക്കും ഈ വാക്‌സിന്‍ നല്‍കാത്തത്. 60 വയസിന് മുകളില്‍ പ്രായമുണ്ടായിരുന്നിട്ടും ഡോ. ഗോര്‍ വാക്‌സിന്‍ എടുക്കാന്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

യു.കെയില്‍ തന്നെ വളരെ പ്രമുഖനായ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനാണ് ഡോ. ഗോര്‍. പ്രിന്‍സ് വില്യം അദ്ദേഹത്തെ ഒരിക്കല്‍ വിശേഷിപ്പിച്ചത് ‘ഇന്‍സിപിരേഷണല്‍’ എന്നാണ്. കഴിഞ്ഞ 30 ലേറെ വര്‍ഷങ്ങളായി റോയല്‍ മാര്‍സ്ഡന്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ആശുപത്രിക്ക് അദ്ദേഹത്തിന്റെ വിടവാങ്ങല്‍ തീരാ നഷ്ടമാണെന്ന് മാനേജ്‌മെന്റ് പ്രതികരിച്ചു. നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഡോ. ഗോര്‍. 2015ല്‍ ലൈഫ് ടൈം അച്ച്വീവ്‌മെന്റ് അവാര്‍ഡ് നല്‍കി ഡ്യൂക് ഓഫ് ക്രേംബ്രിഡ്ജ് അദ്ദേഹത്തെ ആദരിച്ചിരുന്നു.

ലണ്ടന്‍: യൂറോപ്പിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ‘ഫോര്‍ഡിന്’ പിന്നാലെ ‘ജാഗ്വാര്‍ ലാന്‍ഡ് റോവറും’ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങുന്നു. ഏതാണ്ട് 4,500 തൊഴിലാളികളെ പിരിച്ചുവിടാനാണ് ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’ തീരുമാനിച്ചിരിക്കുന്നത്. യു.കെയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനികളിലൊന്നാണ് ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’. ജോലി നഷ്ടപ്പെടുന്ന 4,500 പേരില്‍ ഭൂരിഭാഗം പേരും യു.കെയില്‍ നിന്ന് തന്നെയായിരിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം യു.കെയിലെ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചെങ്കിലും ചൈനയിലെ കമ്പനിയുടെ പ്ലാന്റുകളില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം മാത്രം ചൈനയില്‍ 4000 തൊഴിലാളികളെയാണ് കമ്പനി പുതയതായി നിയമിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് പ്രതിസന്ധി ഉള്‍പ്പെടെ കമ്പനിയുടെ തസ്തിക വെട്ടിച്ചുരുക്കലിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയധികം തൊഴിലാളികളെ ഒഴിവാക്ക്ുന്നതിലൂടെ കമ്പനിക്ക് ഒരു വര്‍ഷം 2.5 ബില്യണ്‍ പൗണ്ട് വര്‍ഷം ലാഭിക്കാന്‍ കഴിയും. ബ്രിട്ടീഷ് കാര്‍ വ്യവസായത്തിന് കഴിഞ്ഞ വര്‍ഷം മുതല്‍ തിരിച്ചടിയേറ്റിരുന്നു. ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’ മാത്രം 1,500 ലധികം പേരെ 2018ല്‍ പിരിച്ചുവിട്ടിട്ടുണ്ട്. ‘ഫോര്‍ഡിന്’ യൂറോപ്പില്‍ ഏതാണ്ട് 50,000 തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ നല്ലൊരു ശതമാനം പേരെ പിരിച്ചുവിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പുതിയ നീക്കം വലിയ ആഘാതമാകും തൊഴിലാളികള്‍ക്ക്.

പിന്നാലെ ‘ജാഗ്വാര്‍ ലാന്‍ഡ് റോവറും’ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത് വലിയ തിരിച്ചടിയായി. യു.കെയിലെ ഇലക്ടോണിക് കാറുകളുടെ പാര്‍ട്‌സ് നിര്‍മ്മാണ പ്ലാന്റുകളില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളെ ഒന്നിച്ച് പിരിച്ചുവിടില്ലെന്നാണ് കമ്പനി നല്‍കുന്ന സൂചന. വിവിധ സമയങ്ങളിലായി ചില തസ്തികകള്‍ നീക്കം ചെയ്യാനാവും കമ്പനി ശ്രമിക്കുക.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ പിന്തുണയ്ക്കായി തെരേസ മെയ് യൂണിയന്‍ ലീഡേഴ്‌സിനെ സമീപിച്ചു. അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി മെയ് നടത്തുന്ന നീക്കങ്ങള്‍ നിര്‍ണായകമാണ്. തൊഴിലാളി അവകാശങ്ങളുമായി ബന്ധപ്പെട്ട് ലേബര്‍ മു്‌ന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് മെയ് എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വിമത നീക്കത്തെയും സ്വന്തം പാര്‍ട്ടിയിലുള്ള ചോര്‍ച്ചയും വിനയാകുമെന്ന് വ്യക്തമായതോടെയാണ് പുതിയ നീക്കത്തിനായി മെയ് ഒരുങ്ങുന്നത്. ബ്രെക്സിറ്റ് രാജ്യത്തുണ്ടാക്കിയ ആഴമേറിയ മുറിവുകള്‍ ഇല്ലാതാക്കാന്‍ പൊതു തെരഞ്ഞെടുപ്പാണ് ഏക മാര്‍ഗ്ഗമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അധികാരത്തിലെത്തിയാല്‍ യൂറോപ്യന്‍ യൂണിയനുമായി ഗുണകരമായ ഒരു ഉടമ്പടി സാധ്യമാക്കാന്‍ ലേബര്‍ ശ്രമിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ലേബറിന്റെ പിന്തുണ നേടാനുള്ള കരുനീക്കങ്ങള്‍ തെരേസ മേയ് ആരംഭിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് കുരുക്ക് അഴിക്കാന്‍ ഒരു പൊതുതെരഞ്ഞെടുപ്പിനായി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ലേബര്‍ പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലേബറിന്റെ പിന്തുണ പൂര്‍ണമായും ഉറപ്പാക്കാന്‍ മെയ്ക്ക് കഴിയില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കണ്‍സര്‍വേറ്റീവ് എംപിമാര്‍ ഷാഡോ മിനിസ്‌റ്റേഴ്‌സുമായി ചര്‍ച്ചകള്‍ നടത്തുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. യു.കെയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായക രാഷ്ട്രീയ നിക്കങ്ങളാകും വരാന്‍ പോകുന്നത്.

ജെറമി കോര്‍ബനുമായി അടുത്ത് നില്‍ക്കുന്ന നേതാക്കളുമായി മെയ് സംസാരിച്ചു കഴിഞ്ഞിട്ടുണ്ട്. കോര്‍ബിന്റെ അഭിപ്രായം കൂടി വ്യക്തമായാല്‍ ബ്രെക്‌സിറ്റിന്റെ ഭാവിയെക്കുറിച്ച് ഏകദേശം ധാരണയാകും. നോ-ഡീല്‍ ബ്രെക്സിറ്റിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നത് ഗവണ്‍മെന്റിന്റെ പരാജയമാണെന്ന് ടോറി വിമത എംപിമാര്‍ ആരോപിച്ചിരുന്നു. ഇതിനെ സുപ്രധാന നീക്കമെന്നാണ് ലേബര്‍ വിശേഷിപ്പിച്ചത്. വിമതരുടെ അഭിപ്രായങ്ങള്‍ക്ക് ലേബര്‍ പിന്തുണ നല്‍കിയ സാഹചര്യത്തില്‍ ലേബര്‍ എം.പിമാര്‍ മെയ്‌ക്കൊപ്പം നില്‍ക്കുമോയെന്ന് വ്യക്തമല്ല. മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ 20 ടോറി വിമതരാണ് നിലവില്‍ സര്‍ക്കാരിനെ പഴിചാരുന്നത്. നോ-ഡീല്‍ ബ്രെക്സിറ്റുണ്ടായാല്‍ നികുതികള്‍ വര്‍ദ്ധിക്കുന്നത് തടയാനുള്ള ഫിനാന്‍സ് ബില്ലിലെ ഭേദഗതി കഴിഞ്ഞ ദിവസം എംപിമാര്‍ പാസാക്കിയിരുന്നു.

ലണ്ടന്‍: ബ്രിട്ടീഷ് കൗമാരത്തിന് മേല്‍ യൂണിവേഴ്‌സിറ്റി പഠനം അടിച്ചേല്‍പ്പിക്കുന്നതായി പഠനം. മാതാപിതാക്കാളും സ്‌കൂള്‍ ടീച്ചേഴ്‌സും യൂണിവേഴ്‌സിറ്റി തലത്തില്‍ ഉപരിപഠനം നടത്താനാണ് മിക്ക കുട്ടികളെയും ഉപദേശിക്കുന്നത്. ചിലരെ നിര്‍ബന്ധപൂര്‍വ്വം യൂണിവേഴ്‌സിറ്റികളിലേക്ക് പറഞ്ഞയക്കുന്നതായും പഠനം വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റികളല്ലാതെ മറ്റൊരു പഠന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോ അറിയുന്നതിനോ കുട്ടികള്‍ക്ക് കഴിയാതെ വരുന്നതിലെ പ്രധാന കാരണവും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇത്തരം നിര്‍ബന്ധങ്ങളാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 1500 വിദ്യാര്‍ത്ഥികളിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം 3ല്‍ 2 വിദ്യാര്‍ത്ഥികളോടും അധ്യാപകര്‍ യൂണിവേഴ്‌സിറ്റികളിലേക്ക് ചേക്കേറാന്‍ ഉപദേശം നല്‍കിയിരുന്നതായി വ്യക്തമാകുന്നു.

10ല്‍ 6 വിദ്യാര്‍ത്ഥികളോടും മാതാപിതാക്കള്‍ യൂണിവേഴ്‌സിറ്റി പഠനം സ്വീകരിക്കാനാണ് ആവശ്യപ്പെടുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. അഞ്ചില്‍ ഒരാളെ മതാപിതാക്കള്‍ വളരെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് യൂണിവേഴ്‌സിറ്റി പഠനത്തിനായി അയച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റൊരു സാധ്യതയും പ്രയോജനപ്പെടുത്താന്‍ കഴിയാത്ത വിധത്തിലാണ് മാതാപിതാക്കളുടെ ഇടപെടല്‍. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ വരെ ബാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സര്‍വ്വേ പ്രകാരം പത്ത് പേരില്‍ 6 പേരും മാതാപിതാക്കളുടെ അല്ലെങ്കില്‍ ഇതര സോഷ്യല്‍ ഏജന്‍സികളുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യൂണിവേഴ്‌സിറ്റികളില്‍ എത്തുന്നത്. ഇത് വലിയ ആഘതാമുണ്ടാക്കും.

സ്‌കൂള്‍ പഠനത്തിന് ശേഷം വീട്ടുകാരോട് ജിവിതത്തില്‍ ഇനി എന്ത് ചെയ്യാമെന്ന് ഉപദേശം ചോദിക്കുന്നവരും വളരെക്കൂടുതലാണ്. പത്തില്‍ 6 പേരും മാതാപിതാക്കളില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നത്. വലിയൊരു ശതമാനം പേര്‍ പ്രിയ്യപ്പെട്ട അധ്യാപകരില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നവരാണ്. ഇതൊന്നും കൂടാതെ കരിയര്‍ അഡൈ്വവസിംഗ് ഏജന്‍സികളെയും വ്യക്തികളെയും സമീപിക്കുന്നവരുമുണ്ട്. വിവിധ തലങ്ങളില്‍ നിരവധി സാധ്യതകളുണ്ടായിട്ടും നേരിട്ട് യൂണിവേഴ്‌സിറ്റികളിലേക്ക് പോകേണ്ടി വരുന്നതില്‍ വലിയൊരു ശതമാനം യുവതലമുറ അസംതൃപ്തരാണെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

Copyright © . All rights reserved