ലണ്ടന്‍: ബ്രെക്‌സിറ്റ് വിലവര്‍ധനവ് യു.കെയിലെ ആരോഗ്യമേഖലയെ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വീറ്റാബിക്‌സ്, ബ്രാന്‍ ഫ്‌ളേക്‌സ് എന്നിവയുടെ വിതരണം എന്‍.എച്ച്.എസ് ഉടന്‍ നിര്‍ത്തിവെക്കും. കമ്പനികള്‍ ഉത്പ്പന്നത്തിന്റെ വില ഗണ്യമായി വര്‍ധിപ്പിച്ചതോടെയാണ് വീറ്റാബിക്‌സ്, ബ്രാന്‍ ഫ്‌ളേക്‌സ് എന്നിവ വാങ്ങുന്നത് നിര്‍ത്താന്‍ എന്‍.എച്ച്.എസ് നിര്‍ബന്ധിതരായിരിക്കുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിലവര്‍ധനവ് പെട്ടന്നുണ്ടായതോടെ വീറ്റാബീക്‌സിന് സമാന ഉത്പ്പന്നങ്ങളുെട വിസ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരുന്നു. ഇതോടെ കമ്പനിയുമായുള്ള കോണ്‍ട്രാക്ടില്‍ നിന്ന് പിന്‍വാങ്ങാന്‍ ഹെല്‍ത്ത് ചീഫുമാര്‍ തീരുമാനിച്ചിരിക്കുന്നത്.

യു.കെയിലെ ഏറ്റവും പ്രചാരത്തിലുള്ള രണ്ട് ബ്രേക്ക്ഫാസ്റ്റ് മെനുവും എന്‍.എച്ച്.എസ് രോഗികള്‍ക്ക് ലഭ്യമാവില്ലെന്ന് വ്യക്തമായതോടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ കൂടാതെ ആല്‍ഫന്‍ സെറീല്‍ ബാറുകളും മെനുവില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് ഉത്പ്പന്നങ്ങളുടെയും നിലവിലുള്ള എന്‍.എച്ച്.എസ് സ്റ്റോക്കുകള്‍ ഒരാഴ്ച്ചക്കുള്ളില്‍ തീരുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ രോഗികള്‍ക്ക് പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റുകള്‍ ഇനിമുതല്‍ എന്‍.എച്ച്.എസിന് നല്‍കാന്‍ കഴിയാതെ വരും. അതേസമയം ബ്രേക്ക്ഫാസ്റ്റിന് മറ്റു സമാന്തര ഉത്പ്പന്നങ്ങള്‍ എത്തിക്കാനാവും എന്‍.എച്ച്.എസ് ശ്രമിക്കുക. നിലവിലെ സാമ്പത്തിക നിലയില്‍ അധികഭാരം സൃഷ്ടിക്കാത്ത എതെങ്കിലും മെനു തയ്യാറാക്കാനാവും ഹെല്‍ത്ത് ചീഫ് നിര്‍ദേശം നല്‍കുക.

ബ്രെക്‌സിറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ യു.കെയിലെ ആരോഗ്യരംഗത്ത് കൂടുതല്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. കൂടുതല്‍ നിയന്ത്രണങ്ങളും, രോഗികള്‍ക്ക് കൂടുതല്‍ അസൗകര്യങ്ങളുമുണ്ടാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. മൂന്ന് തവണ ബ്രെക്‌സിറ്റ് നയരേഖ പാര്‍ലമെന്റില്‍ എത്തിയെങ്കിലും ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. അവസാനമായി ജൂണ്‍ 30 വരെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള കാലയളവ് അനുവദിക്കണമെന്ന് മേയ് ഇ.യു നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ തെരേസ മേയ്ക്ക് അനുകൂലമായി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.