യുകെയില്‍ മൂന്ന് ലക്ഷത്തിലേറെ നഴ്‌സറി കുട്ടികളെ പഠിപ്പിക്കുന്നത് യോഗ്യതയില്ലാത്തവരെന്ന് വെളിപ്പെടുത്തല്‍. സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് എഴുതാനോ വായിക്കാനോ കഴിയുന്നില്ലെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്. സേവ് ദി ചില്‍ഡ്രന്‍ എന്ന ചാരിറ്റിയാണ് ഈ വിവരം നല്‍കുന്നത്. 10,000ത്തിലേറെ നഴ്‌സറികളും പ്ലേഗ്രൂപ്പുകളും ചില്‍ഡ്രന്‍സ് സെന്ററുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ മിക്കവയിലും ജോലി ചെയ്യുന്നവര്‍ക്ക് അവശ്യ യോഗ്യതയില്ലെന്നാണ് ചാരിറ്റി വ്യക്തമാക്കുന്നത്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇംഗ്ലണ്ടില്‍ 11,000 പ്രീ സ്‌കൂള്‍ ടീച്ചര്‍മാരുടെ കുറവുണ്ട്.
കുട്ടികള്‍ സ്‌കൂളിലെത്തുന്നത് ഒരു വാചകം പൂര്‍ണ്ണമായി സംസാരിക്കാനോ സാധാരണ വാക്കുകള്‍ പോലും വായിക്കാനോ കഴിയാത്ത അവസ്ഥയിലാണെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഈ പിഴവ് പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ഹിന്‍ഡ്‌സ് പറഞ്ഞിരുന്നു. വിദ്യാഭ്യാസ യോഗ്യത നേടിയ ടീച്ചര്‍മാരെ നിയോഗിച്ച് കുട്ടികളെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സജ്ജരാക്കാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനങ്ങളൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏര്‍ലി ഇയര്‍ അധ്യാപനത്തില്‍ യോഗ്യതയുള്ള പലരും ജോലിയുപേക്ഷിക്കുകയും വലിയൊരു ഭൂരിപക്ഷം റിട്ടയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പരിശീലനത്തിനെത്തുന്നവരുടെ എണ്ണത്തിലും ആനുപാതികമായ കുറവനുഭവപ്പെടുന്നുണ്ട്. ഈ വിഭാഗത്തിലുള്ള അധ്യാപകരുടെ പരിശീലനത്തിനായി നിക്ഷേപിക്കപ്പെടുന്ന തുകയും സ്‌കൂള്‍ അധ്യാപകര്‍ക്ക് വേണ്ടി ചെലവാക്കുന്നതിന്റെ ഒരു ശതമാനത്തില്‍ താഴെയാണ്.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നു. ഡാമിലെ ജലനിരപ്പ് 2399.58 അടിയിലെത്തി. ഇടുക്കി ഡാമിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മൂലമറ്റത്ത് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഏതാണ് അഞ്ചിരട്ടി വെള്ളമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നാണ് ചട്ടം. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്.
സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ ജീവന്‍ ബാബു അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.
ഡാമില്‍ നിന്നും നാല് മണിക്കൂര്‍ കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും. ലോവര്‍പെരിയാറില്‍ 4.55 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ശേഷി. നേരത്തേ പറഞ്ഞിരുന്ന കണക്ക് പ്രകാരം നാലു മണിക്കൂര്‍ കൊണ്ട് ഇടുക്കിയില്‍ നിന്ന് തുറന്ന് വിടുന്നത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അത്രയും ജലമാണ്. ഇതുവഴി മണിക്കൂറിന് പത്ത് ലക്ഷം എന്ന നിലയിലുള്ള നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടാകുക. ഇതിന് മുമ്പ് 1992 ലാണ് ഡാം തുറന്നത്. അന്ന് ഒക് ടോബറില്‍ ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് അഞ്ചാം ദിവസമായ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു.
രോഗികള്‍ക്ക് ബൈബിള്‍ നല്‍കി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞതിന് പുറത്താക്കപ്പെട്ട ക്രിസ്ത്യന്‍ നഴ്‌സിനെ തിരിച്ചെടുക്കാന്‍ തീരുമാനം, മുതിര്‍ന്ന നഴ്‌സായ സിസ്റ്റര്‍ സാറ കുറ്റേയ്ക്ക് നഴ്‌സിംഗ് പ്രാക്ടീസിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനാണ് ട്രൈബ്യൂണല്‍ തീരുമാനിച്ചത്. തനിക്കുണ്ടായ വീഴ്ചയെക്കുറിച്ച് ഇവര്‍ക്ക് ബോധ്യം വന്നുവെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. കെന്റിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ രോഗികള്‍ക്ക് ബൈബിള്‍ നല്‍കുകയും പ്രാര്‍ത്ഥനയിലൂടെ ജീവിക്കാന്‍ പുതിയ അവസരം ലഭിക്കുമെന്നും പറഞ്ഞുവെന്നായിരുന്നു ആരോപണം. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ നടപടിയെടുക്കുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ക്കെതിരെ എന്‍എംസി നടപടിയെടുത്തത്. ജനങ്ങള്‍ക്കിടയിലെ സമത്വത്തെയും വിശ്വാസ വൈവിധ്യത്തെയും ബഹുമാനിക്കാത്തതിനാല്‍ ഇവരുടെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് ഇംപയറായി എന്ന് എന്‍എംസി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവരുടെ പേരില്‍ ക്ലിനിക്കല്‍ പരാജയമോ മറ്റു പിഴവുകളോ ആരോപിക്കപ്പെട്ടിരുന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷം തിരികെ പ്രവേശിക്കപ്പെട്ടാലും കുറച്ചു കാലത്തേക്ക് ഇവരുടെ ജോലി കര്‍ശന നിരീക്ഷണത്തിലായിരിക്കും. കടുത്ത നിയന്ത്രണത്തിലായിരിക്കും ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വരിക.
2016ലാണ് ഒരു രോഗിയുമായി ഇവര്‍ മതവിശ്വാസം സംബന്ധിച്ച് സംസാരിച്ചതായി എന്‍എംസിക്ക് പരാതി ലഭിച്ചത്. ശസ്ത്രക്രിയക്കു മുമ്പായി നല്‍കുന്ന ചോദ്യാവലി രോഗികളുമായി സംസാരിച്ച് പൂരിപ്പിക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കുണ്ടായിരുന്നു. അതില്‍ രോഗികളുടെ വിശ്വാസം സംബന്ധിച്ചുള്ള ചോദ്യവും ഉള്‍പ്പെടുന്നുണ്ട്. അത്തമൊരു സംഭാഷണത്തിനിടെ ഒരു രോഗിയോടും ബന്ധുവിനോടും പള്ളിയില്‍ പോയിരുന്നോ എന്നും ഇല്ലെങ്കില്‍ പോകണമെന്നും പറഞ്ഞതായാണ് ഇവര്‍ക്കെതിരായി ഉയര്‍ന്ന ഒരു ആരോപണം. ഇതു കൂടാതെ മറ്റൊരു രോഗിക്ക് ബൈബിള്‍ നല്‍കുകയും മറ്റു ചിലരോട് മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ആരോപണമുണ്ട്.
അദ്ധ്യായം 9
മാടാനപൊയ്കയും പോലീസ് അറസ്റ്റും
ഒമ്പതിലെ മോഷണം പത്തിലെത്തിയപ്പോള്‍ വിജയിച്ചില്ല. വിജയിക്കാഞ്ഞത് ഹെഡ്മാസ്റ്ററുടെ ഓഫിസ് കെട്ടുറപ്പുള്ള പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കു മാറ്റിയുതു മൂലം. ഞാനും ചന്ദ്രനും നല്ല കുട്ടികളായി പാഠങ്ങള്‍ പഠിച്ചു. സ്‌കൂളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നിത്യവും കാണുന്ന കാഴ്ചയാണ് വഴിയരികിലുള്ള അമ്മച്ചിയുടെ പുരയിടത്തില്‍ കുട്ടികള്‍ കയറി മാമ്പഴം പറിക്കുന്നത്. ഞാനും ഒപ്പം ചേരും. ഒരു ദിവസം അമ്മച്ചി കതകുതുറന്ന് തെറി വിളിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നതുകണ്ട ഞാന്‍ മരത്തില്‍ നിന്ന് ചാടി. അമ്മച്ചിയുടെ ഭര്‍ത്താവ് ഡോക്ടറായിരുന്നു. റബറിനകത്ത് പുല്ല് പറിക്കുന്നവരെയും അമ്മച്ചി ചീത്ത പറഞ്ഞ് ഓടിക്കാറുണ്ട്. ജോലിക്കാരൊപ്പമാണ് അമ്മച്ചി വലിയ വീട്ടില്‍ താമസിക്കുന്നത്. രണ്ട് ആണ്‍മക്കള്‍ ജോലിസ്ഥലത്തുനിന്ന് ഇടയ്ക്കിടെ വരാറുണ്ട്. ഒരു ദിവസം മാങ്കൂട്ടത്തിലെ ഒരു നായ കടിക്കാന്‍ വന്നപ്പോള്‍ റോഡരികിലുള്ള പോസ്റ്റില്‍ ഞാന്‍ കയറി.
എട്ടാംക്ലാസുമുതല്‍ വിനോദയാത്രയ്ക്ക് ഞാനും പോകുമായിരുന്നു. കയ്യില്‍ കാശില്ലാതെ വരുമ്പോള്‍ ഒന്നുകില്‍ കോഴിയെ വില്ക്കും അല്ലെങ്കില്‍ ആടിനെ. ക്ലാസില്‍ പഠിച്ചിരുന്ന പല കുട്ടികളും എന്നില്‍ നിന്ന് അകലം പാലിച്ചിരുന്നു. ഞങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ എല്ലാം തന്നെ അറിവിനൊപ്പം ആത്മവിശ്വാസവും ഞങ്ങള്‍ക്ക് തന്നവരാണ്. സയന്‍സ് പഠിപ്പിച്ചിരുന്ന കരുണന്‍സാര്‍ നാടകത്തെ അത്യധികം പ്രോത്സാഹിപ്പിച്ച ആളാണ്. സ്‌കൂള്‍ വാര്‍ഷികത്തിന് അദ്ദേഹമാണ് നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. അതിനിടയില്‍ തുരുത്തിയില്‍ അമ്പലത്തിലും എന്റെ നാടകം അരങ്ങേറി. കരിമുളയ്ക്കലെ ബാലന്റെ വീട്ടിലായിരുന്നു റിഹേഴ്‌സല്‍. അഭിനയിക്കുന്നതിനൊപ്പം സംവിധാനവും ഞാന്‍ തന്നെ. റിഹേഴ്‌സല്‍ കഴിഞ്ഞ് പാതിരാത്രിയാണ് വീട്ടിലേക്ക് കയറി വരുന്നത്. ഞാന്‍ ആദ്യമായി ഒരു ഏകാങ്കനാടകം ‘കാര്‍മേഘം’ എഴുതിയത് കരിമുളയ്ക്കലുണ്ടായിരുന്ന ന്യു ഇന്ത്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബിന്റെ പ്രതിഭ എന്ന കയ്യെഴുത്തു മാസികയിലായിരുന്നു. അന്നത്തെ അതിന്റെ ഭാരവാഹികള്‍ മന്ത്രി ജി. സുധാകരന്റെ അനുജന്‍ മധുസൂദനന്‍ നായരും ജ്വോഷ്വയുമായിരുന്നു. പിന്നീട് ഈ നാടകവും മറ്റൊരു നാടകമായ ‘കര്‍ട്ടനിടൂ’ എന്നതും തിരുവനന്തപുരം, തൃശൂര്‍ റേഡിയോ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്തിരുന്നു.
ഒരു വെള്ളിയാഴ്ച ഞങ്ങള്‍ പാലക്കലെ ചാലില്‍ നീന്താന്‍ പോയി. സ്‌കൂളില്‍ വെള്ളിയാഴ്ച രണ്ട് മണിക്കൂര്‍ കിട്ടും. സഹപാഠി രാമചന്ദ്രനാണ് ഒപ്പമുണ്ടായിരുന്നത്. ഞങ്ങള്‍ വസ്ത്രം അഴിച്ചു വച്ച് നീന്തി വരുമ്പോള്‍ അവന്‍ ക്ഷീണിച്ചു. നീന്താനുള്ള ശക്തിയില്ലാതായി. അവിടേക്ക് നീന്താന്‍ വന്ന മറ്റു കുട്ടികള്‍ ആ കാഴ്ച കണ്ട് ഉച്ചത്തില്‍ ബഹളമുണ്ടാക്കി. അവനെക്കാള്‍ വളരെ മുന്നിലാണ് ഞാന്‍. ബഹളം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ രാമചന്ദ്രന്‍ വെള്ളത്തിലേക്ക് താഴ്ന്നുപോകുന്ന കാഴ്ചയാണ് കണ്ടത്. ഞാന്‍ ഭയപ്പെട്ട് തിരികെ നീന്തി. അവനെ ഉയര്‍ത്തി വെള്ളപ്പരപ്പിലൂടെ തലമുടിയില്‍ പിടിച്ച് കരയ്‌ക്കെത്തിച്ചു. അവന്‍ അബോധാവസ്ഥയിലായിരുന്നു. വെള്ളം പുറത്തുപോകാനായി വയറില്‍ അമര്‍ത്തി. വെള്ളമെല്ലാം പുറത്തുചാടി. ആ വിവരം അറിഞ്ഞ ഹെഡ്മാസ്റ്റര്‍ എന്നെ അഭിനന്ദിച്ചു.
എല്ലാവര്‍ഷവും പരീക്ഷകഴിയുമ്പോള്‍ ജയിക്കുമോ തോല്‍ക്കുമോ എന്ന ആധിയിലാണ് കുട്ടികളെല്ലാവരും. പലപ്പോഴും പരീക്ഷയില്‍ കണക്ക് ഞാന്‍ കോപ്പി അടിച്ചാണ് എഴുതാറുള്ളത്. എന്തോ കണക്ക് എന്റെ തലയില്‍ കേറില്ലായിരുന്നു. മനസ്സില്‍ വെറുപ്പു തോന്നിയാല്‍ കണക്കല്ല മറ്റെല്ലാ കണക്കിലും തോല്‍ക്കുമെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. എന്തിനേയും നേരിടാനുള്ള ചങ്കൂറ്റമാണ് വേണ്ടതെന്ന് മനസ്സിലായി. എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളതാണ് മാടാനപൊയ്ക. പകല്‍ സമയം ഒറ്റയ്ക്കാരും അതുവഴി നടക്കാറില്ല. കാട്ടുനായ്ക്കള്‍ ധാരാളമുണ്ട്. വലിയൊരു കാട്ടുപ്രദേശം. അതിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കുവടക്കായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒറ്റയടിപ്പാത. ഞങ്ങളുടെ വസ്തുവിന്റെ ഒരതിര്‍ത്തി മാടാനപൊയ്കയാണ്. ഞാന്‍ രാവിലെ പൂക്കള്‍ കാണാന്‍പോകും. വളരെ ഭയപ്പെട്ട് അതില്‍ ഏതാനും എണ്ണം പറിച്ചുകൊണ്ട് ഓടും. കാരണം കാട്ടുനായ്ക്കളും മാടാനപൊയ്കയുടെ അധിപനായ കാടനും വരുമോന്ന് സംശയം. പൊയ്കയുടെ നടുവില്‍ അധികം താഴ്ചയില്ലാത്ത ഒരു കിണറുണ്ട്. മഴ പെയ്തുതുടങ്ങിയാല്‍ പൊയ്കയുടെ രൂപം മാറും. കായല്‍പോലെ വെള്ളം നിറയും. ആദ്യമായി നീന്തല്‍ പഠിച്ചത് ആ വെള്ളത്തിലാണ്. പൊയ്കയിലെ മാടനെ തളയ്ക്കാന്‍ പല മന്ത്രവാദികളും ശ്രമിച്ചതായി കേട്ടിട്ടുണ്ട്.
ഒരിക്കല്‍ പേരുകേട്ട ഒരു നമ്പൂതിരി മാടനെ തളയ്ക്കാന്‍ വന്നത് ഇങ്ങനെ. ധാരാളം മാടന്മാരെയും മറുതമാരെയും ഗന്ധര്‍വ്വന്മാരെയും കിന്നരന്മാരെയും ചെപ്പിലാക്കിയ നമ്പൂതിരി രാത്രിയുടെ ഏഴുയാമങ്ങള്‍ കഴിഞ്ഞപ്പോള്‍ മാടാനപൊയ്കയില്‍ പൊന്നുകെട്ടിയ മാന്ത്രികവടിയുമായി വന്നു. ആദ്യംതന്നെ കഴുത്തില്‍നിന്ന് രുദ്രാക്ഷം പൊട്ടിവീണു. തൊണ്ടയില്‍ ഉമി നീര്‍ വറ്റിയ അവസ്ഥ. മന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. മന്ത്രതാപത്തിന്റെ ഉഗ്രശക്തിയില്‍ തന്റെ വലതുകാലിന്റെ പെരുവിരല്‍ പൊള്ളാന്‍ തുടങ്ങി. ആകാശത്ത് ഒരു വെള്ളിടി വെട്ടി. മാടാനപൊയ്ക മുഴുവന്‍ വെള്ളിവെളിച്ചത്തില്‍ തെളിഞ്ഞു. അപ്പോള്‍ പൊയ്കയ്ക്ക് നടുവിലെ കിണറ്റില്‍ നിന്ന് ഒരു ഭയാനകരൂപം. ബാഹുക്കളില്‍ തീ ചുറ്റി ജടപിടിച്ച തലമുടിക്കെട്ടുകള്‍ അഗ്നിനാളം പോലെ ഉയരുന്നു. ശരീരമാകെ രോമക്കെട്ടുകള്‍. അതിനുമുകളില്‍ തലയോട്ടി തിളങ്ങുന്നു. നമ്പൂതിരി ഒന്നേ നോക്കിയുള്ളു. മന്ത്രം ചൊല്ലാനാവാതെ നാവില്‍ കെട്ടുവീണു. കയ്യിലെ ദണ്ഡിലെ പൊന്നിന്റെ തിളക്കം കെട്ടു. കൊടുങ്കാറ്റുപോലെ നമ്പൂതിരി മുന്നോട്ടോടി. മാടനെ തളയ്ക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് മനസ്സിലായി. മന്ത്രവാദിയെ കാത്ത് പൊയ്കയ്ക്ക് പുറത്ത് ചില നാട്ടുവാസികള്‍ ഉണ്ടായിരുന്നു. അവരും ജീവനുംകൊണ്ടോടി. ഇതാണ് കഥ.
ഹൈസ്‌കൂള്‍ പഠനകാലത്ത് ഞാന്‍ നാടകവും കവിതയും എഴുതി തുടങ്ങിയിരുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍, കായംകുളം എം എസ് എം, പന്തളം എന്‍ എസ് എസ് കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിലേക്ക് ഏകാങ്കനാടകങ്ങള്‍ എഴുതിക്കൊടുത്താല്‍ രണ്ടു രൂപ തരുമായിരുന്നു. ഞാന്‍ പത്താംക്ലാസ് പാസ്സായി. എന്റെ ബന്ധം എല്ലാവരില്‍ നിന്നും അകന്നു. എന്റെ നാടകം ‘ഇരുളടഞ്ഞ താഴ്‌വര’ ലെപ്രസിയില്‍ അവതരിപ്പിക്കണമെന്ന് അവിടുത്തെ സെക്രട്ടറി പറഞ്ഞുവെന്ന് സുഹൃത്ത് പറഞ്ഞു. റഹിം പറഞ്ഞതനുസരിച്ച് ഞാന്‍ സെക്രട്ടറിയെ കണ്ടു. നാടകം അരങ്ങേറുന്ന തീയതിയും സമയവും അദ്ദേഹം നല്കി. അതിന്‍പ്രകാരം പാലൂത്തറ സ്‌കൂളിന്റെ കിഴക്ക് ഭാഗത്തുള്ള പാലയ്ക്കലെ തോട്ടത്തില്‍ ഉച്ച കഴിഞ്ഞ് റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കെ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു പോലീസുകാരന്‍ എന്നെ തിരഞ്ഞെത്തി. ദേവപ്രസാദിനോട് ചോദിച്ചു. ”ആരാണ് സോമന്‍?”. അവന്‍ എന്നെ കാണിച്ചു കൊടുത്തു. അയാള്‍ എന്റടുത്തു വന്ന് പറഞ്ഞു നിന്നെ മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ വിളിക്കുന്നു. അവിടെവരെ വന്നിട്ട് പോരുക. എനിക്ക് ആകെ പരിഭ്രമം. എന്തിനാണ് പോലീസ് വിളിപ്പിക്കുന്നത്. നാടകത്തിനു വേണ്ടിയാണോ എന്ന് ചോദിച്ചു.
”നിന്റെ നാടകത്തിന് ഒന്നാം സമ്മാനം തരാനാ” പോലീസുകാരന്റെ ഒച്ച ഉയര്‍ന്നു.
നീ പോലീസിനെതിരായ നാടകം അവതരിപ്പിക്കുമോടാ ….മോനേ…വാടാ…. അയാള്‍ എന്റെ കൈക്ക് പിടിച്ച് മുന്നോട്ടു നടന്നു.
അഭിനയിക്കാന്‍ വന്നവര്‍ വിഷണ്ണരായി. അപ്പോഴാണ് പണിക്കര്‍ സാര്‍ അവിടേക്ക് വടിയും കുത്തി വന്നത്.”എവിടെ സോമന്‍, ഇന്ന് ഫൈനല്‍ റിഹേഴ്‌സസല്‍ കാണാന്‍ വരണമെന്നു എന്നോടു പറഞ്ഞിരിന്നു” അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കള്‍ അവിടെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു. വിഷമിക്കേണ്ട. ഞാന്‍ വിവരം തിരക്കിക്കൊള്ളാം. ഞാന്‍ പോലീസിനൊപ്പം ബസില്‍ കയറി മാവേലിക്കരയിലെ സ്റ്റേഷനിലെത്തി. ”ഇന്‍സ്‌പെക്ടര്‍ പത്തനാപുരംകാരനാണ്. ആദ്യം സ്‌നേഹത്തോടെ സംസാരിച്ചു. പിന്നെ രൂക്ഷമായ ഭാഷയില്‍ ചോദിച്ചു ”നീ ആരാടാ, ഷേക്‌സിപിയറിന്റെ കൊച്ചുമോനോ? പോലീസിനെതിരെ എഴുതും? അല്ലേടാ” പറഞ്ഞുതീര്‍ന്നതും കരണം പൊട്ടുന്ന അടി വീണു. ഭയവും ദുഃഖവും എന്നില്‍ ആഴ്ന്നിറങ്ങി. കുറെ നേരം ഞാന്‍ വേദനയോടു ഭിത്തിയില്‍ ചാരി നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ പൊലീസുകാരന്‍ എന്തോ പറഞ്ഞു. അകത്തേക്ക് വന്നത് പണിക്കര്‍ സാറായിരുന്നു. ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി.
എന്തിനാണ് ഈ കുട്ടിയെ ഇവിടെ കൊണ്ടുവന്നത്. സാര്‍ ശാന്തനായി ചോദിച്ചു. സാറെ ഇവന് നക്‌സലൈറ്റുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടുണ്ട്. അത് ചോദ്യം ചെയ്യാനാ കൊണ്ടുവന്നത്. അങ്ങനെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ? ഇവനെ എനിക്കറിയാം. ഇന്നുവരെ അങ്ങനെയൊരുബന്ധം ഉള്ളതായി അറിയില്ല. പെട്ടെന്ന് മുഖഭാവത്തന് മാറ്റമുണ്ടായി. കേസ് എടുക്കുന്നില്ല സാര്‍. പണിക്കര്‍ സാര്‍ നന്ദി പറഞ്ഞിട്ട് എനിക്കൊപ്പം പുറത്തേക്കു നടന്നു. നടക്കുന്നതിനിടയില്‍ അവിടെ നടന്ന സംഭവം ഞാന്‍ വിവരിച്ചു. എന്നെ അടിച്ചു എന്ന് കേട്ടപ്പോള്‍ അദ്ദേഹം പെട്ടെന്ന് നിന്നു. ആ കാട്ടിയത് അനാവശ്യമാണ് ആ കുപ്പായത്തിന് ചേര്‍ന്നതല്ല. ഈ കാര്യം ഞാന്‍ സര്‍ക്കിളിനെ അറിയിക്കാം. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം അതില്‍ നിന്ന് പിന്മാറി. ഈ വിവരം അറിഞ്ഞതോടെ വീട്ടില്‍ ഞാന്‍ താമസിക്കാന്‍ പാടില്ല എന്ന പിടിവാശിയില്‍ അച്ഛന്‍ ഉറച്ചു നിന്നു. നാടകം ‘ലെപ്രസി’യില്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് പോലീസിന്റെ നോട്ടപ്പുള്ളിയായി. വീണ്ടും പോലീസ് തിരക്കിവന്നു. അത് അച്ഛന്റെ മുന്നിലായിരുന്നു. ഞാന്‍ പാലൂത്തറ സ്‌കൂളിലായിരുന്നു ആ സമയം. ആ നാടകം പോലീസിന്റെ ക്രൂരതയ്‌ക്കെതിരെയായിരുന്നു. ഇവിടെ നിന്നാല്‍ അച്ഛനും ഇഷ്ടമല്ല, പോലീസിന്റെ നോട്ടപ്പുള്ളിയും. നാടുവിടാന്‍ അമ്മയും പറഞ്ഞു. എയര്‍ഫോഴ്‌സുകാരന്‍ ചേട്ടന്‍ ഡല്‍ഹിയിലുണ്ട്. മറ്റൊരാള്‍, കെ എസ് ജി വര്‍ഗ്ഗീസ് റാഞ്ചിയിലെ എച്ച് ഈ സി ആശുപത്രിയില്‍ ജോലിയിലുണ്ട്. എത്രയും വേഗം എങ്ങോട്ടെങ്കിലും പോയി രക്ഷപെടുക. ഒടുവില്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ചു.
തൊടുപുഴന്മ കാത്തിരിപ്പുകള്‍ക്കൊടുവില്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം വീതം നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.
ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കി. ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.
എച്ച്എസ് 2 എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന ഹൈസ്പീഡ് റെയില്‍വേ പദ്ധതിയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് വന്‍ ശമ്പളം. ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും വര്‍ഷം ഒരു ലക്ഷത്തിലേറെ പൗണ്ട് ശമ്പളമായി ലഭിക്കുന്നുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രം ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ വന്‍ ശമ്പളം നല്‍കിക്കൊണ്ടുള്ള ധൂര്‍ത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. നേരത്തേ തന്നെ വിവാദമായ പദ്ധതിയില്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
1346 ജീവനക്കാരാണ് എച്ചഎസ് 2വിലുള്ളത്. ഇവരില്‍ 318 പേര്‍ക്ക് ഒരു ലക്ഷത്തിലേറെ പൗണ്ട് ശമ്പളയിനത്തില്‍ ലഭിക്കുന്നുണ്ട്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ച് ലഭിച്ച വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. 2015-16 വര്‍ഷത്തില്‍ 155 പേര്‍ക്ക് മാത്രമായിരുന്നു ഇത്രയും തുക ലഭിച്ചിരുന്നതെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 112 പേര്‍ക്ക് ഒന്നര ലക്ഷത്തിലേറെ പൗണ്ട് ലഭിക്കുമ്പോള്‍ 15 പേര്‍ 251,000 പൗണ്ടാണ് വാര്‍ഷിക ശമ്പളമായി കമ്പനിയില്‍ നിന്ന് വാങ്ങുന്നത്. അങ്ങേയറ്റം സാങ്കേതികവും സങ്കീര്‍ണ്ണവുമായ പദ്ധതിയായതിനാലാണ് ജീവനക്കാര്‍ക്ക് ഇത്രയും ശമ്പളം നല്‍കേണ്ടി വരുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.
പദ്ധതി വിജയകരമായി നടപ്പാക്കണമെങ്കില്‍ അത്രയും വിദഗ്ദ്ധരുടെ സേവനം ആവശ്യമാണ്. നിര്‍മാണത്തിലേക്ക് അടുക്കുന്നതനുസരിച്ച് വൈദഗ്ദ്ധ്യമുള്ള കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമായി വരും. ചെലവു ചുരുക്കുന്നതിലും ജനങ്ങളുടെ നികുതിപ്പണം ഗൗരവകരമായി ഉപയോഗിക്കുന്നതിലും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് പറഞ്ഞു. ശമ്പളം, ബോണസുകള്‍, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ എന്നിവയുള്‍പ്പെടുന്ന കണക്കുകളാണ് പുറത്തു വന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലീഡ്‌സ്, ബര്‍മിംഗ്ഹാം എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പ്പാതയാണ് എച്ച്എസ്2
ഒന്നര വര്‍ഷമായി ഗ്രേറ്റ് യാര്‍മൗത്ത് തുറമുഖത്ത് കപ്പലില്‍ കുടുങ്ങിയിരിക്കുകയാണ് ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ നികേഷ് രസ്‌തോഗി. മാളവ്യ ട്വന്റി എന്ന ഇന്ത്യന്‍ കപ്പലിലാണ് രസ്‌തോഗി ഇത്രയും കാലമായി കാത്തിരിക്കുന്നത്. കപ്പല്‍ കമ്പനി തകര്‍ന്നതോടെയാണ് ഈ തുറമുഖത്തു നിന്ന് പുറപ്പെടാന്‍ കഴിയാതെ കപ്പല്‍ നങ്കൂരമിടേണ്ടി വന്നത്. കമ്പനി തകര്‍ന്നതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തതിന്റെയും പോര്‍ട്ട് ഫീസ് നല്‍കുന്നതിന്റെയും നിയമ പ്രശ്‌നങ്ങളും പ്രതിസന്ധിയായി. ഇതേത്തുടര്‍ന്ന് തുറമുഖം വിടാന്‍ കപ്പലിന് അനുവാദം ലഭിച്ചില്ല. 2017 മുതല്‍ ശമ്പളം പോലും ലഭിക്കാതെയാണ് രസ്‌തോഗി കപ്പലില്‍ കഴിയുന്നത്.
കപ്പല്‍ ഉപേക്ഷിച്ചു പോയാല്‍ കിട്ടാനുള്ള ശമ്പളം പോലും നഷ്ടമാകുമെന്നും ഇദ്ദേഹത്തിന് ആശങ്കയുണ്ട്. രസ്‌തോഗിക്കൊപ്പം മൂന്ന് ജീവനക്കാര്‍ കൂടി കപ്പലിലുണ്ട്. ഇത് ഉപേക്ഷിച്ചാല്‍ മറ്റാരെങ്കിലും കപ്പല്‍ എടുത്തുകൊണ്ടുപോകുമെന്ന ഭയവും ഇവര്‍ക്കുണ്ട്. ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ഹൈക്കോടതിയിലെ അഡ്മിറാലിറ്റി മാര്‍ഷലിനെ സമീപിച്ചിരുന്നു. ഇവരുടെ പരാതിയില്‍ ഇപ്പോള്‍ കപ്പല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതനുസരിച്ച് കപ്പല്‍ വിറ്റ് ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കോടതിക്ക് ഉത്തരവിടാം. ഈ തീരുമാനം വന്നതോടെ ആഴ്ചകള്‍ക്കുള്ളില്‍ സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങാനാകുമെന്നാണ് രസ്‌തോഗി പ്രതീക്ഷിക്കുന്നത്.
കോടതി നിയോഗിക്കുന്ന ഒരു സര്‍വേയര്‍ കപ്പലിലെത്തി അതിന്റെ മൂല്യം നിര്‍ണ്ണയിക്കും. അതിനു ശേഷം സെപ്റ്റംബറോടെ കപ്പല്‍ വില്‍ക്കാനാകുമെന്ന് ജീവനക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ ലോ ഫേം ബേര്‍ക്കറ്റ്‌സ് പറഞ്ഞു. 7 ലക്ഷം മുതല്‍ 8 ലക്ഷം പൗണ്ട് വരെ മൂല്യമുള്ളതാണ് കപ്പലെന്ന് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഇന്‍സ്‌പെക്ടര്‍ പോള്‍ കീനാന്‍ വിലയിരുത്തുന്നു. ഈ പണം ശമ്പള കുടിശികയും പോര്‍ട്ട് ഫീ കുടിശികയും അഡ്മിറാലിറ്റി മാര്‍ഷല്‍ ചെലവുകളും നെഗോഷ്യേഷന്‍, വക്കീല്‍ ഫീസുകളും നല്‍കാന്‍ മതിയാകുമെന്നാണ് കരുതുന്നത്.
ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് ഈ വാരാന്ത്യത്തില്‍ തണ്ടര്‍സ്റ്റോം എത്തുന്നു. മഴയ്‌ക്കൊപ്പം രാത്രിയില്‍ താപനില കൂടുതല്‍ താഴുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3 മണി വരെ ഈസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും യെല്ലോ വാര്‍ണിംഗ് നല്‍കിയിരിക്കുകയായിരുന്നു. കനത്ത മഴയും ഇടിമിന്നലും പലയിടങ്ങളിലും ഉണ്ടായി. 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴ പലയിടങ്ങളിലും ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥ ഞായറാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.
മുന്നറിയിപ്പിനെത്തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡ് വിമാനത്തില്‍ നിന്നുള്ള 14 ഡിപ്പാര്‍ച്ചറുകളും 13 അറൈവലുകളും റയന്‍എയര്‍ റദ്ദാക്കി. മോശം കാലാവസ്ഥ മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായി റയന്‍എയര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. രാത്രി താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് സൗത്ത് ഈസ്റ്റില്‍ കുറച്ച് സൂര്യപ്രകാശം ലഭിച്ചേക്കും. ബുധനാഴ്ച യുകെയിലെ താപനില കാര്യമായി ഉയരാന്‍ സാധ്യതയില്ല. സൗത്ത് ഈസ്റ്റില്‍ 24 ഡിഗ്രിയായിരിക്കും പരമാവധി രേഖപ്പെടുത്താന്‍ ഇടയുള്ള താപനില.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സൗത്ത് ഈസ്റ്റില്‍ മഴയുണ്ടാകും. ശക്തമായ കാറ്റും ഇതോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച 30 ഡിഗ്രിയായിരുന്നു പരമാവധി ചൂട്. യൂറോപ്യന്‍ ഹീറ്റ് വേവാണ് ഈ ചൂട് കാലാവസ്ഥ കൊണ്ടുവന്നത്. സ്‌പെയിനിലും പോര്‍ച്ചുഗലിലും കടുത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. ഓട്ടമിലും ഏകദേശം വരണ്ട കാലാവസ്ഥ തന്നെയായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്.
അദ്ധ്യായം 8
പരീക്ഷപേപ്പര്‍ മോഷണം
മിക്ക ദിവസങ്ങളിലും സ്‌കൂള്‍ വിട്ടതിന് ശേഷം ജാവലിന്‍, ഡിസ്‌കസ്, ഷോട്ട്പുട്ട്, ലോംഗ്ജംപ്, ഹൈജംപ് എന്നിവയില്‍ പരിശീലനം നേടാറുണ്ട്. അത് കഴിഞ്ഞാല്‍ ബാഡ്മിന്റന്‍ കളിക്കും. ഇതെല്ലാം ഒരു മണിക്കൂറിനുള്ളിലാണ് നടത്തുന്നത്. പിന്നെ വീട്ടിലേക്ക് ഒരോട്ടമാണ്. സ്‌കൂളില്‍ അന്ന് പച്ചക്കറികള്‍ നട്ടുവളര്‍ത്തുമായിരുന്നു. പലതിന്റെയും മേല്‍നോട്ടം എനിക്കായിരുന്നു. തെക്കുള്ള കുളത്തില്‍ നിന്ന് ഞാനാണ് ഇവയ്ക്ക് വെള്ളം കോരിയൊഴിച്ചിരുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ കൃഷിയില്‍ സഹായിച്ചിരുന്നു. സ്‌കൂളില്‍ ഒരിക്കല്‍ നടന്ന സയന്‍സ് എക്‌സിബിഷന്‍ ടീം ലിഡര്‍ ഞാനായിരുന്നു. സയന്‍സ് പഠിപ്പിക്കുന്ന കരുണന്‍ സാറാണ് അതിന് നേതൃത്വം കൊടുത്തത്. കുട്ടികളുടെ പുതിയ കണ്ടുപിടിത്തങ്ങളാണ് അന്ന് അവതരിപ്പിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നാട്ടുകാര്‍ കുട്ടികളുടെ പുതിയ കണ്ടുപിടിത്തങ്ങള്‍ കാണാന്‍ വന്നിരുന്നു.
ഒരു വര്‍ഷം സ്‌കൂള്‍ ലീഡറായി മത്സരിച്ചു. എനിക്കെതിരെ മത്സരിച്ചത് പാല്‍ത്തടത്തിലെ സെയിനു ആയിരുന്നു. അവന്‍ തോറ്റതിന്റെ ദേഷ്യം എന്നോട് തീര്‍ത്തത് കുറെ തെറി പറഞ്ഞാണ്. എന്റെ ദേഷ്യം ഞാന്‍ തീര്‍ത്തത് അവനെ അടിച്ചിട്ടായിരുന്നു. എന്നെ പിടിച്ചുമാറ്റാന്‍ വന്ന ജമാലിനെയും ഞാന്‍ തല്ലി. സെയിന്‍ എന്നോടുള്ള വൈരാഗ്യം തീര്‍ത്തത് ഓട്ടത്തിലാണ്. എല്ലാവര്‍ഷവും നൂറ്, നാന്നൂറ് മീറ്റര്‍ ഓട്ടത്തില്‍ എനിക്കാണ് ഒന്നാം സ്ഥാനമുള്ളത്. അതുപോലെ ലോംഗ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയിലും ഒന്നാം സ്ഥാനം. എല്ലാറ്റിലും പ്രധാന എതിരാളിയായി വരുന്നത് സെയിനുവാണ്. അത് നാടകമത്സരത്തിലും കണ്ടിട്ടുണ്ട്. ഞങ്ങള്‍ നൂറുമീറ്റര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ പിറകില്‍ ഓടിവന്ന സെയിനു എന്റെ കാലില്‍ തട്ടുകയും ഞാന്‍ മണ്ണില്‍ മലര്‍ന്നടിച്ച് വീഴുകയും ചെയ്തു. ഫിനീഷിംഗ് പോയിന്റില്‍ നിന്ന ഡ്രില്‍മാസ്റ്റര്‍ അത് കണ്ട് വിസില്‍ അടിച്ചു. എന്റെ കാല്‍മുട്ടില്‍ നിന്നു രക്തം വാര്‍ന്നൊഴുകി. ആരാണ് കാലില്‍ തട്ടിയതെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് കൂട്ടത്തില്‍ ഓടിയ ഒരു കുട്ടി പറഞ്ഞപ്പോഴാണ് സത്യം മനസ്സിലായത്.
മാവേലിക്കര താലൂക്കിലെ സ്‌കൂള്‍തല ബാഡ്മിന്റന്‍ മത്സരത്തില്‍ ആദ്യമായി സ്‌കൂളിന് ഒരു ട്രോഫി കൊണ്ടുവന്നത് ഞാന്‍ ക്യാപ്റ്റനായി ചന്ദ്രന്‍, വിശ്വനാഥന്‍, ചെറിയാന്‍, അബ്ദുല്‍ സലാം എന്നിവര്‍ കളിച്ച ടീമാണ്. അന്ന് മറ്റം സെന്റ് ജോണ്‍സ്, ചത്തിയറ, പ്രയാര്‍ ഹൈസ്‌കൂളുകളെ തോല്‍പിച്ചാണ് ട്രോഫി നേടിയത്. വള്ളിക്കുന്നം ഹൈസ്‌കൂളിനോടാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. വൈകിട്ട് പാലൂത്തറ സ്‌കൂളില്‍ നിന്ന് ചാരുംമൂട്ടിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളക്കം ട്രോഫിയുമായി വിജയാഹ്ലാദപ്രകടനമുണ്ടായിരുന്നു.
പഠനകാലത്ത് ഇംഗ്ലീഷ്-മലയാളം കവിതകള്‍ കാണാപാഠം ചൊല്ലാത്തതിന് അതൊക്കെ നൂറു പ്രാവശ്യം എഴുതി ശിക്ഷകള്‍ വാങ്ങിച്ചിട്ടുണ്ട്. ഞങ്ങളുടെ പഠനകാലത്ത് അധികം സിനിമകള്‍ ഇല്ലായിരുന്നു. നൂറനാട് ‘ജനത’യിലാണ് സിനിമ കാണിക്കുന്നത്. ഒരു പ്രാവശ്യം സ്‌കൂള്‍ കുട്ടികളുമായി ടീച്ചേഴ്‌സ് ദോസ്തി എന്ന ഹിന്ദി സിനിമ കാണാന്‍ നടന്നുപോയി. ഞാന്‍ പോകാതെ കിഴക്കേ റബര്‍ തോട്ടത്തിലൊളിച്ചു. അതിന്റെ പ്രധാന കാരണം വിശപ്പായിരുന്നു. വീട്ടില്‍ നിന്ന് പലദിവസവും ഭക്ഷണം കഴിക്കില്ലായിരുന്നു. വീട്ടിലെ പണികള്‍ ചെയ്യാതെ ഭക്ഷണമില്ല അതാണ് ചട്ടം. എല്ലാവരും സിനിമ കാണാന്‍പോയതക്കം ഞാന്‍ ക്ലാസ് മുറിയില്‍ പ്രവേശിച്ചു. അതിനകത്തുനിന്ന് ശശിയുടെ ചോറെടുത്തു കഴിച്ചു. വാതില്‍ അടച്ചിട്ടിരുന്നു.
നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെത്തി. റഹിമിനെയും രാമചന്ദ്രന്‍പിള്ളയെയും കണ്ട് സംസാരിക്കുകയും അവരില്‍ നിന്ന് പാറപ്പുറം മത്തായിയുടെ അരനാഴികനേരം എന്ന നോവല്‍ വാങ്ങുകയും ചെയ്തു. കുട്ടികള്‍ ഉച്ചയോടെ സ്‌കൂളിലേക്ക് നടന്നുവരുന്ന വഴിയില്‍ ഞാനും ഒപ്പം ചേര്‍ന്ന് അവര്‍ക്കൊപ്പം നടന്നു. ക്ലാസുമുറിയില്‍ എല്ലാവരും ചോറ്റുപാത്രങ്ങളുമായി പുറത്തേക്ക് പോയി. ശശി പാത്രം തുറന്നപ്പോള്‍ ആരോ കഴിച്ചതായി മനസ്സിലാക്കി. അപ്പോള്‍ അവന്റെ മുഖത്ത് ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് അറിയില്ല. അവന്റെ മനസ്സിനെ ചൂടു പിടിപ്പിച്ചിട്ടുണ്ട്. അവന്റെ ഓരോ ചലനങ്ങളും ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവന്‍ പുറത്തിറങ്ങി ഗേറ്റിന് പുറത്തേക്ക് നടക്കുന്നതും നോക്കി ഞാന്‍ പുഞ്ചിരിയോടെ നിന്നു. അവന്റെ വീട് കരിമുളയ്ക്കലാണ്. അവിടെ പോയി ഭക്ഷണം കഴിക്കാവുന്നതേയുള്ളെന്ന് എന്റെ മനസ് പറഞ്ഞു. അവന്റെ വീട്ടില്‍ ഭക്ഷണത്തിന് വിലക്കൊന്നും കാണില്ല. ശശി ഇന്ന് റിട്ടയേര്‍ഡ് ബാങ്ക് മാനേജരാണ്.
ആ ദിവസമാണ് ചന്ദ്രന്‍ ഒരു മരപ്പട്ടിയെ പിടിച്ചത്. ചില ക്ലാസ് മുറികള്‍ക്ക് മുകളില്‍ കുട്ടികള്‍ മരപ്പട്ടിയെ കണ്ടിട്ടുണ്ട്. പക്ഷേ, പകല്‍ സമയം വരാന്തയിലൂടെ ഓടുന്നത് ആദ്യമാണ്. കുട്ടികള്‍ ഭയന്ന് മാറിയെങ്കിലും ചന്ദ്രന്‍ അതിന്റെ പിന്നാലെയോടി. അതിന്റെ വാലില്‍ പിടിച്ച് വരാന്തയിലെ സിമന്റ് തറയില്‍ ആഞ്ഞടിച്ചു. ആദ്യത്തെ അടിയില്‍ തന്നെ അതിന്റെ വായില്‍ നിന്ന് ചോര വാര്‍ന്നൊഴുകി അത് ചത്തു. ഞാനും മരപ്പട്ടിയെ പിടിക്കാന്‍ ഓടിച്ചെങ്കിലും കിട്ടിയില്ല. അവന്റെ മുന്നിലാണ് അത് ചെന്നുപെട്ടത്.
ഞാനും അവനുംകൂടി പരീക്ഷപേപ്പര്‍ രാത്രിയില്‍ മോഷ്ടിക്കാന്‍ പരിപാടിയിട്ടിരുന്നു. രാത്രിയില്‍ ഇവന്‍ ഞങ്ങളെ ഉപദ്രവിച്ചാലോ. രാത്രികാലങ്ങളിലാണ് മരപ്പട്ടികള്‍ പുറത്തിറങ്ങി സഞ്ചരിക്കുന്നത്. രാത്രിയില്‍ ഇരയെ പിടിക്കാന്‍ തേടിയിറങ്ങി നേരം വെളുക്കുന്നതിന് മുമ്പേ അതിന്റെ മാളത്തില്‍ വന്നൊളിക്കും. സാധാരണ വീടിന്റെ തട്ടിന്‍പുറങ്ങളിലും ഉയരത്തില്‍ കെട്ടിയിട്ടുള്ള കെട്ടിടങ്ങളിലും ഇരിക്കുന്നത് കാണാം. അച്ഛന്‍ എന്നെ മരപ്പട്ടി എന്ന് വിളിച്ചിരുന്നുവെങ്കിലും അതിനെ കാണുന്നത് ആദ്യമായിട്ടാണ്. ചില കുട്ടികള്‍ ജനാലയ്ക്കരികില്‍ വന്ന് നോക്കുന്നുണ്ട്. പിറകില്‍ നിന്ന ഹെഡ്മാസ്റ്ററുടെ ശബ്ദം കേട്ടു, എല്ലാരും ക്ലാസില്‍ പോകണം. കുട്ടികള്‍ ക്ലാസിലേക്ക് പോയി.
ഞാന്‍ സ്‌കൂളിന്റെ പറമ്പിലുള്ള പച്ചക്കറികളുടെ ഇടയ്ക്കുള്ള പുല്ലു പറിച്ചുകൊണ്ടുനിന്നപ്പോള്‍ ലളിത പുല്ലുപറിക്കാനെന്ന ഭാവത്തില്‍ എന്റെ അടുത്തു വന്നു. നല്ല നിറമുള്ള ഹാഫ് സാരിയാണവള്‍ അണിഞ്ഞിരുന്നത്. മുടിയില്‍ മുല്ലപ്പൂക്കള്‍. ഹാഫ് സാരിയുടെ അതേ കളറില്‍ മുടിയുടെ റിബണ്‍. അവള്‍ ചോദിച്ചു. ഈ നാടകവും കവിതയുമൊക്കെ ഞാന്‍ തന്നെയാണൊ എഴുതുന്നത്. ”കവിതയിലെ തെറ്റൊക്കെ തിരുത്തി തരുന്നത് പണിക്കര്‍ സാറാണ്.” ഞാന്‍ പറഞ്ഞു അവളുടെ നോട്ടത്തിലും പുഞ്ചിരിയിലും എന്തോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. മറ്റു കുട്ടികള്‍ മുറ്റത്തും ഗ്രൗണ്ടിലും കളിക്കുന്നുണ്ട്. ലളിത കുനിഞ്ഞ് എന്നോടൊപ്പം പുല്ലു പറിക്കാന്‍ തുടങ്ങി. അവളുടെ മനസ് നിറയെ ഏദന്‍തോട്ടവും ആദവും ഹവ്വായുമായിരുന്നു. അവിടേക്ക് പാമ്പിന്റെ രൂപത്തില്‍ സൂസന്‍ വന്നു. അവള്‍ക്കും എന്നോട് വലിയ ഇഷ്ടമാണ്. എന്റെ ഒപ്പമാണ് വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് നടക്കുന്നത്.
ഒരു ദിവസം അവളുടെ മുന്നിലൂടെ ഒരു പാമ്പ് ഇഴഞ്ഞുപോകുന്നതു കണ്ട് പേടിച്ച് പാമ്പ് -പാമ്പ് എന്ന് പറഞ്ഞ് പിറകോട്ടോടി. ഞാന്‍ അടുത്തു കിടന്ന കല്ലെടുത്ത് അതിനെ എറിഞ്ഞു. ആദ്യത്തെ ഏറ് അതിന്റെ തലയ്ക്ക് തന്നെയാണ് കൊണ്ടത്. അത് പുളയാന്‍ തുടങ്ങി. മുന്നോട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു കമ്പ് എടുത്ത് അടിച്ചുകൊന്നു. എല്ലാം കണ്ട് അവള്‍ പകച്ചുനിന്നു. അതിനെ കൊല്ലണ്ടായിരുന്നു അവള്‍ പറഞ്ഞു. ”അത് സൂസമ്മെ കടിച്ചിരുന്നെങ്കില്‍ സൂസമ്മ ചാകില്ലാരുന്നോ?” ഈ പാമ്പുകള്‍ രാത്രിയില്‍ എത്തിയാല്‍ മനുഷ്യര് കാണില്ലല്ലോ.
സ്‌കൂളില്‍ മലയാളം പഠിപ്പിക്കുന്ന കമലമ്മ, ശങ്കര്‍ എന്നീ ടീച്ചര്‍മാരുമായി ക്ലാസുമുറിയില്‍ വച്ചുതന്നെ മലയാള പദങ്ങളുടെ അര്‍ത്ഥങ്ങളെ ചൊല്ലി, അല്ലെങ്കില്‍ ഈശ്വരനുണ്ടോ ഉണ്ടെങ്കില്‍ ഈശ്വരനും മനുഷ്യനുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയവയില്‍ തര്‍ക്കിച്ചിരുന്നു. ഞങ്ങളുടെ സംസാരം മറ്റു കുട്ടികള്‍ കാതുകൂര്‍പ്പിച്ചു കേള്‍ക്കും. ബ്രഹ്മം എന്ന വാക്കിന് എത്ര അര്‍ത്ഥങ്ങളുണ്ട് എന്ന ചോദ്യം ടീച്ചര്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. കണക്കില്‍ തോല്‍ക്കുമെങ്കിലും മലയാളത്തിന് എല്ലാവരേക്കാളും മാര്‍ക്ക് വാങ്ങുന്നത് ഞാനാണെന്ന് അവര്‍ക്കറിയാം. മലയാളം ബി.എ. പാസായിട്ടുള്ള ശങ്കര്‍ സാറിനെ വരാന്തയില്‍ കണ്ടപ്പോള്‍ പറഞ്ഞു. സാറെ എനിക്കറിയാവുന്നത് ഞാന്‍ സാറിനോട് പറയാം. ബ്രഹ്മത്തിന് പല അര്‍ത്ഥതലങ്ങളുണ്ട്. ആത്മാവ്, പരമാത്മാവ്. പ്രപഞ്ചത്തിന്റെ പരമകാരണമാണ് ബ്രഹ്മം. എന്താണ് പരമകാരണം? ഈ കാണപ്പെടുന്ന പ്രപഞ്ചം എവിടുന്നുണ്ടായി, എവിടെ നില്ക്കുന്നു. അതാണ് ബ്രഹ്മത്തെ അന്വേഷിക്കൂ എന്ന് പറയുന്നത്. ബ്രഹ്മസ്വരൂപം പോലും ആനന്ദം, സത്ത്, ചിന്ത, കാരുണ്യം മുതല്‍ അമീബ വരെയുള്ള എല്ലാ ജീവികളിലും ഉണ്ട് എന്നതും ബ്രഹ്മത്തിന് അര്‍ത്ഥം കൊടുക്കാം. ശങ്കരന്‍ സാര്‍ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു. നിന്നെ മറ്റ് ആരെങ്കിലും മലയാളം പഠിപ്പിക്കുന്നുണ്ടോ? ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു. പണ്ഡിതനായ കവി കെ.കെ. പണിക്കര്‍ സാറാണ് ബ്രഹ്മം ബോധമെന്നു പഠിപ്പിച്ചിട്ടുള്ളത്. ആത്മാവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ബ്രഹ്മം അത്യന്തം ശക്തിയാര്‍ജിച്ചതെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. അത്രയും കേട്ടപ്പോള്‍ ശങ്കര്‍സാറിന് സന്തോഷമായി. അവര്‍ക്ക് രണ്ടുപേര്‍ക്കും ഉള്ളില്‍ എന്നോട് സ്‌നേഹമുണ്ടായിരുന്നു. എട്ടാം ക്ലാസുമുതലാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകള്‍ തുടങ്ങിയത്. ഞാന്‍ പഠിക്കുന്ന കാലത്ത് കുട്ടികള്‍ മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിക്കുന്നത് ഒരിക്കലും കണ്ടിരുന്നില്ല. സ്‌കൂളില്‍ ഒരു പാര്‍ട്ടികളുടെയും യൂണിയനും ഇല്ലായിരുന്നു. ഞങ്ങള്‍ക്കെല്ലാം അധ്യാപകരോട് സ്‌നേഹവും ബഹുമാനവുമായിരുന്നു. അതുപോലെ അവര്‍ക്കും അന്നത്തെ അദ്ധ്യാപകരോ രക്ഷിതാക്കളോ വിദ്യാഭ്യാസത്തില്‍ കളങ്കം ചാര്‍ത്തുന്നവരായിരുന്നില്ല.
ഹൈസ്‌കൂള്‍ പഠനകാലത്താണ് കായികരംഗത്ത് ഞാന്‍ ശ്രദ്ധിച്ചത്. എട്ടാംക്ലാസില്‍ കെ മുരളീധരന്‍ സാറായിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്നതില്‍ വളരെ സമര്‍ത്ഥന്‍. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളിലെ ചോദ്യപ്പേപ്പര്‍ മോഷ്ടിക്കുന്നത്. എന്റെ പഠനകാലത്ത് എനിക്ക് ജോലികളുടെ ആധിക്യം മൂലം വളരെ കുറച്ചേ പഠിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എല്ലാ ദിവസങ്ങവും കുട്ടികള്‍ പോയിക്കഴിഞ്ഞാല്‍ സ്‌കൂളിലെ വാതിലും ജനലും പ്യൂണായ പാപ്പന്‍ അടച്ചിട്ടാണ് പോകുന്നത്. ആ ദിവസം വൈകിട്ട് ഞങ്ങള്‍ പോകാതെ മുറിക്കുള്ളില്‍ ഇരുന്നു പഠിച്ചു. പ്യൂണ്‍ വന്നു പറഞ്ഞു എല്ലാം അടച്ചിട്ടേ പോകാവൂ എന്ന്. ഞങ്ങള്‍ കുറ്റിയിടാതെ ഒരു ജനാലയുടെ കതകടച്ചിട്ടു പോയി. രാത്രി പതിനൊന്ന് കഴിഞ്ഞപ്പോള്‍ ഞാനും ചന്ദ്രനും മെഴുകുതിരിയും തീപ്പെട്ടിയുമായി എത്തി ബെഞ്ചുകള്‍ നിരത്തി അതിന് മുകളില്‍ കയറി ഭിത്തിയുമായി ബന്ധിച്ചിട്ടുള്ള തടിക്കഷണത്തിലൂടെ തൂങ്ങി നടന്നു. താഴേയ്ക്കുപോയാല്‍ നടുവൊടിയുമെന്നുള്ളതുകൊണ്ട് മുറുകെ പിടിച്ചിരുന്നു. ഒരു വിധത്തില്‍ താഴെ ചാടി ചോദ്യപ്പേപ്പര്‍ തപ്പി. അത് അലമാരയിലാണെന്ന് മനസ്സിലാക്കി. ചന്ദ്രന്‍ കയ്യില്‍ കരുതിയ ചെറിയ കമ്പി വളച്ച് അലമാര തുറന്നു. അതില്‍ നിന്ന് രണ്ടെണ്ണം എടുത്ത് ഒരു സംശയവും കൂടാതെ കെട്ടിവച്ചു. ഒമ്പതാംക്ലാസ് പരീക്ഷ ആരുമറിയാതെ നല്ല മാര്‍ക്കോടെ ഞങ്ങള്‍ പാസ്സായി. ഞങ്ങളുടെ ഉയര്‍ന്നമാര്‍ക്കില്‍ പലരും അത്ഭുതപ്പട്ടു.
ലണ്ടന്‍: സ്ത്രീകളിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ കണ്ടെത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എളുപ്പം സാധിക്കുമെന്ന് പഠനം. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ച സ്ത്രീകളുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീ ശരീരത്തിലെ രോഗലക്ഷണങ്ങള്‍ കൃത്യതയോടെ മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നതായി ബോധ്യപ്പെട്ടുവെന്ന് ഗവേഷണസംഘം വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയാതിരിക്കുന്നതോടെ പുരുഷ ഡോക്ടര്‍മാര്‍ക്ക് ചികിത്സയും നിര്‍ദേശിക്കാന്‍ കഴിയാതെ വരുന്നു.
പുരുഷ ഡോക്ടര്‍മാരുടെ അടുക്കല്‍ ഹൃദയരോഗത്തിന് ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് രോഗം മൂര്‍ച്ഛിക്കാനോ അപകടം സംഭവിക്കാനോ കൂടുതല്‍ സാധ്യതയുള്ളതായി പഠനം വ്യക്തമാക്കുന്നു. പുരുഷ ഡോക്ടര്‍മാര്‍ ചികിത്സിച്ച 13.3 ശതമാനം സ്ത്രീകളായ ഹൃദയ രോഗികളും മരണത്തിന് കീഴടങ്ങിയിട്ടുള്ളവരാണ്. എന്നാല്‍ വനിതാ ഡോക്ടര്‍മാരുടെ അടുക്കല്‍ ചികിത്സ തേടിയെത്തിയവരില്‍ 12 ശതമാനം പേര്‍ക്ക് മാത്രമെ മരണം സംഭവിച്ചിട്ടുള്ളുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാഷ്വാലിറ്റിയില്‍ അഡ്മിറ്റ് ചെയപ്പെടുന്ന സ്ത്രീകളെ പരിശോധിക്കുന്ന മിക്ക ഡോക്ടര്‍മാരിലും അവരിലെ അപകട സാധ്യത വ്യക്തമാക്കുന്ന അടയാളങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതായി ഗവേഷകര്‍ പറയുന്നു.
ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്ന പുരുഷനും സ്ത്രീക്കും വ്യത്യസ്ഥമായ വേദനയും ശരീര ചലനങ്ങളുമാണ് ഉണ്ടാകുന്നത്. ഇത് കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ രോഗിക്ക് മരണം വരെ സംഭവിച്ചേക്കാം. സ്ത്രീയുടെ ശരീരഘടനയെ കൃത്യമായി മനസിലാക്കാന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നുവെന്നതാണ് ഗവേഷണം ഫലം വ്യക്തമാക്കുന്നതെന്ന് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്ക ആസ്ഥാനമായിട്ടുള്ള ഒരു സ്ഥാപനം നടത്തിയ പഠനത്തിനായി ഏതാണ്ട് 582,000 മെഡിക്കല്‍ റെക്കോഡുകളാണ് പരിശോധിച്ചത്. 1991 മുതല്‍ 2010 വരെ ഫ്‌ളോറിഡയില്‍ സംഭവിച്ചിട്ടുള്ള ഹാര്‍ട്ട് അറ്റാക്ക് കേസുകളാണ് ഗവേഷണത്തിനായി തെരെഞ്ഞെടുത്തത്.