മലയാളം യു.കെ ന്യൂസ് സ്‌പെഷ്യല്‍
എക്‌സിറ്റ് പോളുകള്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുമ്പോഴും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസും ബദല്‍ സംവിധാനങ്ങളെക്കുറിച്ച് തിരിക്കിട്ട ആലോചനയിലാണ്. ബി.ജെ.പിയുടെ സീറ്റുനില 200 കൂടുതല്‍ കടക്കില്ലെന്നും തൂക്ക് പാര്‍ലമെന്റ് വരുമെന്നുമുള്ള പ്രതീക്ഷയില്‍ സര്‍വ്വ സമ്മതരായ പൊതുസ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരളത്തില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും സാധ്യതാ പട്ടികയില്‍ മുന്‍നിരയിലാണ്. അഴിമതി വിരുദ്ധ പ്രതിച്ഛായയും, ഗാന്ധി കുടുംബവുമായുള്ള അടുപ്പവും, പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി സൂക്ഷിക്കുന്ന അടുത്ത ബന്ധവും ആന്റണിയുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നണ്ടെങ്കിലും ന്യൂനപക്ഷ സമുദായക്കാരണാന്നുള്ളച് അദ്ദേഹത്തിന് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്ന ഘടകമാണ്. കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്ന മറ്റൊരു നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. ഖാര്‍ഗെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിച്ചത്.
എ.കെ ആന്റണിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കൂടാതെ തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനും തൂക്ക ്പാര്‍ലമെന്റ് വരുന്ന സാഹചര്‌യത്തില്‍ സാധ്യതകളുണ്ട്. ചന്ദ്ര ബാബു നായിഡു തന്നെയാണ് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താന്‍ ഏറ്റവും പ്രയത്‌നിച്ച നേതാക്കളിലൊരാള്‍.
ഹൃദയത്തിന്റെ സ്‌കാനിംഗിലൂടെ കുഴഞ്ഞുവീണ് പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ ഒഴിവാക്കാനാകുമെന്ന് പഠനം. പുതിയ സ്‌കാനിംഗ് സാങ്കേതികവിദ്യ ഇതിന് ഉപകരിക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കുന്നത്. ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി എന്ന അവസ്ഥയുള്ളവരിലുണ്ടാകുന്ന ഹൃദയത്തിന്റെ രൂപ വ്യതിയാനങ്ങള്‍ മിക്കപ്പോഴും മരണത്തിനു ശേഷമായിരിക്കും മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ ഇത് നേരത്തേ മനസിലാക്കാന്‍ മൈക്രോസ്‌കോപ്പിക് ഇമേജിംഗ് സാങ്കേതികവിദ്യയിലൂടെ കഴിയുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. യുവാക്കളില്‍ വളരെ വേഗത്തിലുണ്ടാകുന്ന ഹൃദ്രോഗ മരണങ്ങള്‍ക്ക് പ്രധാന കാരണമാണ് ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി.

യുകെയില്‍ 500ല്‍ ഒരാള്‍ക്ക് വീതം ഈ രോഗാവസ്ഥയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വളരെ സാധാരണവും പാരമ്പര്യമായി ലഭിക്കുന്നതുമായ ഈ അസുഖം കുറച്ചു പേരുടെ ജീവനെടുക്കുകയും ചെയ്യുന്നു. ഫുട്‌ബോള്‍ മാച്ചിനിടയില്‍ ഫാബ്രിക് മുവാംബയ്ക്ക് ഉണ്ടായതും ജോഗിംഗിനിടെ ഡേവിഡ് ഫ്രോസ്റ്റിന്റെ മകന്‍ മൈല്‍സ് കുഴഞ്ഞുവീണ് മരിച്ചതും ഈ രോഗം മൂലമാണ്. ഈ രോഗമുള്ളവര്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. മിക്കയാളുകളും സാധാരണ ജീവിതം നയിക്കുന്നവരായിരിക്കും. ഈ അസുഖമുള്ളയാളുകളുകളുടെ ഹൃദയത്തില്‍ അസാധാരണമായ ഒരു ഫൈബര്‍ പാറ്റേണ്‍ ഉള്ളതായി കണ്ടെത്തി. ഇത് പഠിച്ചതിലൂടെ ഹൃദയ സ്പന്ദനത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായും വ്യക്തമായി.

ഒരു ശതമാനം ആളുകളിലാണ് ഈയവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. സ്പന്ദനത്തില്‍ വ്യതിയാനമുണ്ടായാല്‍ ഉദ്ദീപനം നല്‍കുന്നതിനായി ഒരു ഉപകരണം ഗവേഷകര്‍ ഹൃദയത്തില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. അത്യധികം അപായ സാധ്യതയുള്ള രോഗികളില്‍ ഈ സംവിധാനം വളരെയേറെ ഫലപ്രദമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.റീന അറിഗ പറഞ്ഞു.
കാലിഫോര്‍ണിയ: ചൈനീസ് ടെക് ഭീമന്‍ വാവെയുമായി വാണിജ്യ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഗൂഗിളിന് തിരിച്ചടി. ഓഹരി വിപണിയില്‍ ഏതാണ്ട് 2.5 ശതമാനമാണ് ഗൂഗിളിന് തകര്‍ച്ചയുണ്ടായിരിക്കുന്നത്. ഇനി മുതല്‍ വാവെ ഫോണുകളില്‍ ജി-മെയില്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാവുകയില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് യുഎസ് കമ്പനിയായ ഗൂഗിള്‍ വാവെയുമായി വാണിജ്യ ബന്ധം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക-ചൈന ടെക്‌നോളജി ശീതയുദ്ധം ഇതോടെ ശക്തി പ്രാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഗൂഗിളില്‍ നിന്നുള്ള ഒഎസ് സേവനം നില്‍ക്കുന്നതിനൊപ്പം പ്ലേ സ്റ്റോര്‍, ഗൂഗിള്‍ മാപ്പ്, യുട്യൂബ് ഉള്‍പ്പടെ ഗൂഗിള്‍ സര്‍വീസുകളെല്ലാം വാവെയ്, ഓണര്‍ ഫോണില്‍ നിന്ന് വൈകാതെ അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി മറികടക്കാനുള്ള ഒരു വഴി ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് പ്രോജക്ടിലൂടെ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. എന്നാല്‍ ഈ വഴിക്ക് ആന്‍ഡ്രോയ്ഡ് സര്‍വീസ് സ്വീകരിക്കുമ്പോള്‍ പരിമിതമായ ഫീച്ചറുകള്‍ മാത്രാമണ് ലഭിക്കുക. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാവെയ് ഡിവൈസുകളെ ഇത് ബാധിക്കില്ലെങ്കിലും പുതിയ അപ്‌ഡേഷനുകളും പ്ലേസ്റ്റോറില്‍ നിന്നുള്ള ആപ്പുകളും ലഭിച്ചേക്കില്ല. അതേസമയം, സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റവും ടെക്നോളജിയും കണ്ടെത്തി അമേരിക്കന്‍ വെല്ലുവിളി നേരിടാന്‍ തന്നെയാണ് വാവെയ് നീക്കം.

എന്നാല്‍ നിലവിലെ പ്രതിസന്ധി കമ്പനിയെ കാര്യമായി ബാധിക്കില്ലെന്ന് ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വാവെയ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനുമായ റെന്‍ സെംഗ്ഫീ പറഞ്ഞു. കമ്പനിയുടെ വരുമാനത്തില്‍ നേരിയ ഇടിവു നേരിടും. ഇതെല്ലാം മറികടക്കാന്‍ വേണ്ട പദ്ധതികള്‍ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റും യുഎസ് വാണിജ്യവകുപ്പും മേയ് 15 ന് ചേര്‍ന്ന യോഗത്തിലാണ് വാവെയ് കമ്പനിക്കെതിരെ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്. കമ്പനിക്ക് വേണ്ട ചിപ്പുകള്‍ അമേരിക്കയില്‍ നിന്ന് ലഭിച്ചില്ലെങ്കിലും പ്രതിസന്ധി ഉണ്ടാവില്ലെന്നും ഈ സാഹചര്യത്തെ നേരിടാന്‍ കമ്പനി സജ്ജമായിരുന്നെന്നും വാവെയ് വക്താവ് അറിയിച്ചു.
വിദേശ ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് നൈജല്‍ ഫരാഷ് നേതാവായ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങി ഇലക്ടറല്‍ കമ്മീഷന്‍. പാര്‍ട്ടി ആസ്ഥാനത്ത് കമ്മീഷന്‍ പരിശോധന നടത്തും. ഇന്നു നടത്തുന്ന പരിശോധനയില്‍ പാര്‍ട്ടിയുടെ വിവാദമായ ഫണ്ട് റെയ്‌സിംഗ് രീതികളായിരിക്കും പ്രധാനമായും അന്വേഷണ വിധേയമാക്കുക. പാര്‍ട്ടിയുടെ പേയ്പാല്‍ അക്കൗണ്ടിലേക്ക് ജനങ്ങള്‍ വിദേശ കറന്‍സിയിലാണോ നിക്ഷേപിക്കുന്നത് എന്ന കാര്യം അറിയില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയതോടെയാണ് വിവാദം ആരംഭിച്ചത്. അനധികൃതമായി ലഭിക്കുന്ന പണം സ്വീകരിക്കുന്നതിലൂടെ ബ്രെക്‌സിറ്റ് പാര്‍ട്ടി ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുകയാണെന്ന വിമര്‍ശനം ഉയര്‍ത്തി ഗോര്‍ഡന്‍ ബ്രൗണാണ് ആദ്യം രംഗത്തെത്തിയത്.

ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ ഇന്ന് പരിശോധന നടത്തുമെന്ന് ഇലക്ടറല്‍ കമ്മീഷന്‍ വക്താവാണ് അറിയിച്ചത്. 500 പൗണ്ടിനു മേലുള്ള സംഭാവനകളെ സംബന്ധിച്ചും അവ ഏതു വിധത്തിലാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളതെന്നും പരിശോധിക്കുമെന്ന് വക്താവ് പറഞ്ഞു. നിയമലംഘനം നടന്നതായി വ്യക്തമായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. ശരിയായ വിധത്തില്‍ അംഗങ്ങളുടെ പിന്‍ബലമില്ലാത്ത ബ്രെക്‌സിറ്റ് പാര്‍ട്ടി ദാതാക്കളുടെ വ്യക്തിവിവരങ്ങള്‍ ആവശ്യമില്ലാത്ത പേയ്പാല്‍ അക്കൗണ്ടിലൂടെയാണ് സംഭാവനകള്‍ സ്വീകരിച്ചത്. ഇത് പുറത്തു വന്നതോടെ വിവാദവും ആരംഭിക്കുകയായിരുന്നു. 2016ല്‍ ഹിതപരിശോധനാ സമയത്ത് ഫരാഷിന്റെ ക്യാംപെയിന്‍ ഗ്രൂപ്പായിരുന്ന ലീവ്.ഇയുവിനെക്കുറിച്ചും അതിന്റെ സ്ഥാപകനായ ആരോണ്‍ ബാങ്ക്‌സിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ലേബറിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ ഗോര്‍ഡന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്ന് ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാവായ റിച്ചാര്‍ഡ് ടൈസ് പറഞ്ഞു. അസൂയയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയ സാധ്യതയുമാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഭാവനകള്‍ സ്വീകരിക്കുന്നത് ഇലക്ടറല്‍ കമ്മീഷന്‍ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.
ലണ്ടന്‍: ബ്രെക്‌സിറ്റ് കരട് രേഖയ്ക്ക് എംപിമാരുടെ പിന്തുണ തേടാന്‍ അവസാന ശ്രമവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യവാരത്തില്‍ വോട്ടെടുപ്പിനിടുന്നത് പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറായിരിക്കുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പിന്മാറുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരാറിന്റെ കരടില്‍ ഇതു നാലാമത്തെ വോട്ടെടുപ്പാണു നടക്കാന്‍ പോകുന്നത്. ഇത്തവണ എം.പിമാരുടെ പിന്തുണ ഉറപ്പിക്കാന്‍ കണ്‍സര്‍വേറ്റിവിലെ മുതിര്‍ന്ന നേതാക്കളുടെ സഹായം മേ തേടിയേക്കും. കരട് രേഖ അംഗീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും വോട്ടെടുപ്പിന് ശേഷം മേ രാജിവെക്കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടായിരിക്കുന്ന അഭിപ്രായം.

കരാറില്‍ ഒത്തുതീര്‍പ്പിനു പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പാളിയ പശ്ചാത്തലത്തിലാണ് മേ പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാര്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ പരാജയപ്പെട്ടത് മേയ്ക്ക് കൂടുതല്‍ പ്രതികൂല സാഹചര്യമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിയുന്നിടത്തോളം ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ലേബര്‍പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു. തെരേസാ മേയ് സര്‍ക്കാരിന്റെ ദുര്‍ബലതയും അസ്ഥിരതയും വര്‍ധിച്ചുവരുന്നതിനാല്‍ കരാറില്‍ വിശ്വാസമര്‍പ്പിക്കാനാവില്ലെന്നും മേയുടെ കരാറിനെ എതിര്‍ക്കുന്ന നിലപാടുമായിത്തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രെക്‌സിറ്റ് വിഷയത്തില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നതില്‍ ലേബര്‍പാര്‍ട്ടിക്കുള്ളില്‍ ധാരണയാകാത്തതാണ് ചര്‍ച്ചയ്ക്ക് തടസ്സമായതെന്നാണ് മേ പ്രതികരിച്ചത്. കരാര്‍ പാര്‍ലമെന്റംഗങ്ങളുടെ തീരുമാനത്തിന് വിടുകയെന്ന സാധ്യതയാണ് ഇനി പരിഗണിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എംപിമാരുടെ വിവിധ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പിന്മാറ്റ നടപടികളാണ് പുതുക്കിയ കരാറില്‍ നിര്‍ദേശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നത്. വിവാദ വിഷയങ്ങളില്‍ മെച്ചപ്പെട്ട നിലപാടോടെ തയാറാക്കുന്ന കരാര്‍ എംപിമാര്‍ ‘പുതിയ കണ്ണോടെ’കാണണമെന്നു മേ അഭ്യര്‍ഥിച്ചു. വിവാദ കരാര്‍ പാസാക്കുന്ന കാര്യത്തില്‍ സ്വന്തം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍നിന്നു വരെ എതിര്‍പ്പു നേരിടുന്ന മേ, താന്‍ സ്ഥാനമൊഴിയുന്നതിന്റെ വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തുവിടുമെന്നാണു പറഞ്ഞിരിക്കുന്നത്. പാര്‍ലമെന്റില്‍ കരാര്‍ പാസാക്കി ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണു യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്.
ലണ്ടന്‍: ഹാക്കിംഗിനെക്കുറിച്ച് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇന്റര്‍നെറ്റ് യുഗത്തില്‍ ഹാക്കിംഗ് ഒരു പ്രധാനപ്പെട്ട ഭീഷണിയായി ഓരോരുത്തരെയും പിന്തുടരുന്നുണ്ട്. ബാങ്കുകള്‍, മെയില്‍ അകൗണ്ടുകള്‍, ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സാപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഹാക്കിംഗ് ഒരു നിത്യ സംഭവമാണ്. സാദ്രശ്യം തോന്നുന്ന പേജുകള്‍ നിര്‍മ്മിച്ച് അത് അയച്ചുകൊടുത്ത് ഉപഭോക്താക്കളെ കെണിയിലാക്കുന്ന പരിപാടിയാണ് ഫിഷിങ്ങ്(phishing).ഒരു ഉപഭോക്താവിന്റെ സെഷന്‍ കൃത്രിമമായി നിര്‍മ്മിച്ച് അതുപയോഗിച്ച് അവന്റെ അക്കൗണ്ടില്‍ നുഴഞ്ഞുകയറുന്ന രീതിയും വ്യാപകമാണ്. എന്നാല്‍ ഹാക്കര്‍മാരുടെ പുതിയ രീതികള്‍ മറ്റു പലതുമാണ്. സ്മാര്‍ട്ട് കോഫി മെഷീന്‍ മുതല്‍ വീട്ടില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ടി.വിയിലൂടെയും ഒക്കെ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്റര്‍നെറ്റ് സെക്യൂരിറ്റി സോഫ്റ്റ് വെയറായ അവാസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് വിന്‍സ് സ്റ്റാക്ക്‌ലറും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തി വിവരങ്ങള്‍ ചോരാന്‍ സാധ്യതകളേറെയാണെന്ന് അദ്ദേഹം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെ വാട്‌സാപ്പിന് സുരക്ഷാ പിഴവ് സംഭവിച്ചതായി കമ്പനി തന്നെ നേരിട്ട് സമ്മതിച്ചിരുന്നു. ഇന്ന് ഹാക്കര്‍മാര്‍ രണ്ട് തരമാണ്, കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെ ആക്രമിച്ച് രേഖകള്‍ മോഷ്ടിക്കുന്ന ബ്ലാക്ക് ഹാറ്റ്സ് അഥവാ ക്രാക്കേഴ്സ്, മറ്റൊന്ന് വൈറ്റ് ഹാറ്റ്സ് അഥവാ ഹാക്കേഴ്സ്. വൈറ്റ് ഹാറ്റ്സ് എന്ന ഹാക്കിങ് സമൂഹം നിയമവിധേയമായ ഹാക്കിങ് നടത്തുന്നവരാണ്. നെറ്റ്വര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ നിയമിക്കുന്ന ഹാക്കര്‍മാരാണിവര്‍.

സ്മാര്‍ട്ട് ഗൃഹോപകരണങ്ങളുടെ എണ്ണം കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ബ്ലാക്ക് ഹാറ്റ്സ് അഥവാ ക്രാക്കേഴ്സിന് കൂടുതല്‍ അനുകൂല സാഹചര്യമാണ് ഒരുക്കി നല്‍കുന്നത്. കോഫി മെഷീന്‍ ഹാക്ക് ചെയ്ത് കഴിഞ്ഞാല്‍ അത് കണക്ട് ചെയ്തിരിക്കുന്ന എല്ലാ ഡിവൈസിലേക്കും ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ കഴിയും. അത്തരത്തിലുള്ള സുരക്ഷയെക്കുറിച്ച് ഉപഭോക്താവ് ബോധവാനല്ലെന്നതാണ് ഹാക്കര്‍മാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതും.
മാഞ്ചസ്റ്റര്‍: ഇന്ധന വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടേണ്ട ഡസനിലധികം വിമാനങ്ങള്‍ റദ്ദാക്കി. വിമാനത്താവള അധികൃതരുടെ നടപടി നൂറിലധികം യാത്രക്കാരെയാണ് വലച്ചത്. നിലവില്‍ 69 വിമാനങ്ങളാണ് റദ്ദാക്കിയതായി ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ഇന്ധന വിതരണത്തിലുണ്ടായി അപാകത പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. എന്താണ് സാങ്കേതിക തകരാറിന് കാരണമായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഞായറാഴ്ച്ച ഉച്ചയോടെയാണ് യു.കെയിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലയ്ക്കുന്നത്. ഇല്ക്ട്രിസിറ്റി വിതരണത്തിലുണ്ടായ തടസം കാരണം ഇന്ധന വിതരണം നിലയ്ക്കുകയായിരുന്നു. എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ദ്ധര്‍ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്കായി സമാന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിക്കാതെ വന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കി.

വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ 2 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിരുന്നു. വിമാനം നിലത്തിറങ്ങിയിട്ടും രണ്ട് മണിക്കൂറോളം പുറത്തിറങ്ങാന്‍ കാത്തിരിക്കേണ്ടി വന്നത് പ്രതിഷേധത്തിനും കാരണമായി. സാങ്കേതിക തകരാര്‍ തുടരുന്നതിനാല്‍ ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ട്. ലിവര്‍പൂളിലേക്ക് ഉള്‍പ്പെടെ അന്താരാഷ്ട്ര വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമാന യാത്രകള്‍ മിക്കവാറും വളരെ ടെന്‍ഷന്‍ ഫ്രീയായിരിക്കും മിക്കയാളുകള്‍ക്കും, ചിലപ്പോള്‍ വിമാനത്താവള അറൈവലുകളിലെ ബാഗേജുകള്‍ എത്തുന്ന കാരൗസലിന് അടുത്തെത്തുന്നതു വരെ. ഒട്ടുമിക്ക യാത്രക്കാര്‍ക്കും തങ്ങളുടെ ലഗേജുകള്‍ കൃത്യമായി ലഭിക്കാറുണ്ടെങ്കിലും ചിലര്‍ക്ക് ലഗേജുകള്‍ നഷ്ടമാകാറുണ്ടെന്നതാണ് വാസ്തവം. ട്രാന്‍സിറ്റുകളിലായിരിക്കും മിക്കവാറും ഇപ്രകാരം സംഭവിക്കുക. ക്യാബിന്‍ ബാഗുകളുമായി മാത്രം സഞ്ചരിക്കുന്നവര്‍ക്ക് ഈ ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുന്നില്ലെന്നതും വാസ്തവം. ഇത്തരത്തില്‍ ബാഗേജുകള്‍ ഏറ്റവും കൂടുതല്‍ നഷ്ടമാകുന്നത് യൂറോപ്പ് യാത്രകളിലാണെന്ന് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ പറയുന്നു.

ആയിരം യാത്രക്കാരില്‍ ശരാശരി 7.3 ബാഗുകള്‍ യൂറോപ്പിലേക്കുള്ള യാത്രകള്‍ക്കിടയില്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. നോര്‍ത്ത് അമേരിക്കയില്‍ ഇത് 2.85ഉം ഏഷ്യയില്‍ 1.8 മാണ് നിരക്ക്. ബജറ്റ് എയര്‍ലൈനുകള്‍ ഏറെയുള്ളതിനാല്‍ യൂറോപ്പിന്റെ ഏറ്റവു വിദൂര മേഖലകളില്‍ പോലും യാത്രികര്‍ക്ക് എത്താന്‍ സാധിക്കുന്നുണ്ട്. യാത്രക്കാര്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പതിനായിരക്കണക്കിനാളുകളാണ് ഈ വിധത്തില്‍ എത്തുന്നത്. എന്നാല്‍ അത്രയും സൗകര്യങ്ങള്‍ മിക്കയിടങ്ങളിലും ഇല്ല എന്നതാണ് വാസ്തവം. പലയിടങ്ങളിലും ബാഗേജ് ജീവനക്കാര്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുന്നത്.

ഒന്നിലേറെ ലഗേജുകളുമായാണ് മിക്കയാളുകളും യാത്ര ചെയ്യുന്നത്. ട്രാന്‍സ്ഫര്‍ ഫ്‌ളൈറ്റുകളില്‍ ഈ വിധത്തില്‍ ബാഗേജുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും ഡെസ്റ്റനേഷനുകള്‍ മാറിപ്പോകാറുണ്ട്. പുതിയ സാങ്കേതികവിദ്യയും യൂറോപ്യന്‍ മാനദണ്ഡങ്ങളും ഇത്തരം സംഭവങ്ങളുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിലും യൂറോപ്പിന് ലഭിച്ച ദുഷ്‌പേര് അടുത്തെങ്ങും മാറുമെന്ന് തോന്നുന്നില്ല.
വന്‍ തുക നഷ്ടം രേഖപ്പെടുത്തിയ തോമസ് കുക്ക് എയര്‍ലൈന്‍ കമ്പനി അടച്ചു പൂട്ടുമോ എന്ന ആശങ്കയില്‍ ഹോളിഡേകള്‍ ബുക്ക് ചെയ്തവര്‍. കമ്പനി 1.5 ബില്യന്‍ പൗണ്ട് നഷ്ടം രേഖപ്പെടുത്തിയതിനു പിന്നാലെ യാത്രകള്‍ക്കായി ബുക്ക് ചെയ്തവരാണ് ആശങ്കകള്‍ രേഖപ്പെടുത്തുന്നത്. സമ്മര്‍ ഹോളിഡേകള്‍ക്കായി നേരത്തേ ബുക്ക് ചെയ്തവരാണ് തങ്ങളുടെ പണവും യാത്രയും നഷ്ടമാകുമെന്ന ഭീതിയില്‍ എത്തുന്നത്. യുകെയിലെ ഏറ്റവും പഴക്കമുള്ള എയര്‍ലൈന്‍ കമ്പനിയായ തോമസ് കുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കമ്പനി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനായി എയര്‍ലൈന്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്.

തോമസ് കുക്കിന്റെ ഒഫീഷ്യല്‍ ഫെയിസ്ബുക്ക് പേജില്‍ നിരവധി പേരാണ് ചോദ്യങ്ങളും ആശങ്കകളും കുറിക്കുന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുമോ എന്നാണ് ഇവരുടെ ആശങ്ക. മെനോര്‍ക്കയിലേക്ക് ആറാഴ്ച ഹോളിഡേക്കായി തിരിക്കുകയാണ് താനെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഒരു യാത്രക്കാരന്‍ പറഞ്ഞു. നിങ്ങള്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് നീങ്ങുകയാണോ, ഒക്ടോബറില്‍ ഒരു ഹോളിഡേയ്ക്കായി ബുക്ക് ചെയ്തിട്ടുള്ളതിനാലാണ് ചോദിക്കുന്നത് എന്നാണ് മറ്റൊരു യാത്രക്കാരന്‍ കുറിച്ചത്. അതേസമയം സാമ്പത്തിക പ്രതിസന്ധി യാത്രകളെയും ഭാവി ബുക്കിംഗുകളെയും യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് തോമസ് കുക്ക് അറിയിക്കുന്നത്.

ബുക്കിംഗുകള്‍ക്ക് എടിഒഎല്‍ സംരക്ഷണമുള്ളതിനാല്‍ യാത്രക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എയര്‍ലൈന്‍ അറിയിക്കുന്നു. തോമസ് കുക്കിന് കമ്പനിയുടെ മൂല്യത്തേക്കാള്‍ നാലിരട്ടി ബാധ്യതകളുണ്ടെന്ന വാര്‍ത്തകളാണ് യാത്രക്കാര്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയത്. കഴിഞ്ഞ ആറു മാതസത്തിനിടെ 1.4 ബില്യന്‍ പൗണ്ടാണ് കമ്പനി രേഖപ്പെടുത്തിയ നഷ്ടം.
അടുത്ത മാസം പാര്‍ലമെന്റില്‍ വോട്ടിനിടുന്ന ബ്രെക്‌സിറ്റ് പിന്‍മാറ്റക്കരാറില്‍ ഒരു പബ്ലിക് വോട്ട് കൂടി ഉള്‍പ്പെടുത്തണമെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍. പ്രതിസന്ധി മാറണമെങ്കില്‍ ബ്രെക്‌സിറ്റില്‍ ഒരു രണ്ടാം ഹിതപരിശോധന അത്യാവശ്യമാണെന്ന് ലേബര്‍ നേതാവ് പറഞ്ഞുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രെക്‌സിറ്റില്‍ സമവായത്തിനായി ലേബറും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മില്‍ നടന്നു വന്ന ചര്‍ച്ചകള്‍ പരാജയമായിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഒരു വ്യത്യസ്തമായ ബ്രെക്‌സിറ്റ് ഓപ്ഷന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഭൂരിപക്ഷാഭിപ്രായത്തിന് വിടുമെന്ന് തെരേസ മേയ് പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു.

സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുകയോ ഒരു തെരഞ്ഞെടുപ്പ് നടത്തുകയോ ആണ് ലേബര്‍ മുന്നോട്ടു വെക്കുന്ന മാറ്റങ്ങള്‍. ഇവയൊന്നും പ്രാവര്‍ത്തികമായില്ലെങ്കില്‍ ഒരു ഹിതപരിശോധനയെന്ന ആവശ്യമാണ് ലേബറിനുള്ളത്. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധനയെന്ന ആവശ്യം മറ്റു പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏതു കരാറിനും സമ്മതം മൂളണോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണ വോട്ട് എന്ന ആശയവും ഉയരുന്നുണ്ട്. യാതൊരു വിധ ഉടമ്പടികളുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനുള്ള ഓപ്ഷനും പുതിയ ഹിതപരിശോധനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നു.

ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ചുള്ള രാഷ്ട്രീയ പ്രഖ്യാപനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സ്റ്റാമര്‍ പറഞ്ഞു. നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കണ്‍ഫര്‍മേറ്ററി വോട്ട് ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും സ്റ്റാമര്‍ വ്യക്തമാക്കി.