ലണ്ടന്‍: വിന്റര്‍ അടുക്കുന്നതോടെ സീസണല്‍ രോഗങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ് എന്‍.എച്ച്.എസ്. കഴിഞ്ഞ വിന്ററില്‍ റെക്കോര്‍ഡ് എണ്ണം ആള്‍ക്കാര്‍ക്കാണ് ഫ്‌ളു ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ പടര്‍ന്നു പിടിച്ചത്. അതുകൊണ്ടു തന്നെ സമീപകാലത്തുണ്ടായ ഏറ്റവും കൂടുതല്‍ തിരക്കേറിയ മണിക്കൂറുകളായിരുന്നു എന്‍.എച്ച്.എസ് ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വിന്റര്‍. എന്നാല്‍ ഇത്തവണ അപാകതകള്‍ പരിഹരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി വാക്‌സിനുകള്‍ കൂടുതലായി നല്‍കാനും തീരുമാനമെടുത്തിരിക്കുന്നത്.

വിന്ററില്‍ പ്രധാനമായും ബാധിക്കുന്നത് ഇന്‍ഫ്‌ളുയന്‍സ വൈറസുകളാണ്. ചുമ, ശരീര വേദന, ക്ഷീണം, പനി തുടങ്ങിയവയാണ് വൈറസ് ബാധയേറ്റവര്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍. ചിലര്‍ക്ക് വൈറസ് ബാധ ന്യുമോണിയക്കും കാരണമായേക്കാം. ഇത് അടിയന്തരമായി ചികിത്സ ലഭ്യമാക്കേണ്ട അസുഖമാണ്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രണ്ട്, മുന്ന്, വയസ് പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ ജി.പി മാരുടെ അടുത്ത് നിന്ന് തന്നെ ലഭ്യമാകും. അഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് സ്‌കൂളുകളിലും സൗകര്യമുണ്ടാകും. ഇവ സൗജന്യ സേവനങ്ങളാണ്. മുകളില്‍ പറഞ്ഞ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഫാര്‍മസികളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കും ഇതിനായി 10 മുതല്‍ 12 പൗണ്ട് വരെയായിരിക്കും ചിലവ്. ആസ്ഡ, ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ജാബ് ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും ഫ്‌ളു പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുകളുണ്ട്. അതിനാല്‍ വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കാനാണ് എന്‍.എച്ച്.എസ് ശ്രമിക്കുക. കഴിഞ്ഞ തവണ വാക്‌സിന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായത് രോഗം പടരാന്‍ കാരണമായിരുന്നു. പ്രസ്തുത വാക്‌സിനുകള്‍ പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞവയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വളരെ ചെറിയ ശതമാനം പേര്‍ക്ക വാ്കസിന്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ പരമാവധി ഒരു മണിക്കൂര്‍ മാത്രമെ നിലനില്‍ക്കൂ. ഇതിന് ചികിത്സയും ലഭ്യമാണ്.
ഹഡേര്‍സ്ഫീല്‍ഡിലും പരിസര പ്രദേശങ്ങളിലുമായി പ്രവര്‍ത്തിച്ചിരുന്ന കുറ്റവാളിസംഘത്തിലെ 20 പേര്‍ക്ക് ജയില്‍ ശിക്ഷ. ബാലപീഢനം ഉള്‍പ്പെടെയുള്ള 54 ലേറെ കേസുകളാണ് ഗ്യാംഗ് ലീഡര്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. സംഘത്തലവന്‍ 34കാരനായ അമര്‍ സിംഗ് ദാലിവാലിന് ജീവപര്യന്ത്യം ശിക്ഷിക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. കുറഞ്ഞത് 18 വര്‍ഷങ്ങളെങ്കിലും ഇയാളെ ജയിയിലടക്കണമെന്ന് കോടതി പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പിന്നീട് കോടതി നിരോധനം നീക്കി.

ബ്രിട്ടനില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ വളര്‍ന്നുവരുന്ന ഗുണ്ടാ സംഘങ്ങളിലൊന്നാണിത്. ഹഡേര്‍സ്ഫീല്‍ഡിലാണ് കുറ്റവാളിസംഘത്തിലെ അംഗങ്ങളില്‍ മിക്കവരും താമസിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ മദ്യവും ഇതര മയക്കുമരുന്നുകളും നല്‍കി പീഡിപ്പിക്കുന്നതാണ് സംഘത്തിന്റെ പ്രധാന വിനോദങ്ങളിലൊന്ന്. അംഗങ്ങള്‍ എല്ലാവരും അറിയപ്പെടുന്നത് ഇരട്ടപ്പേരുകളിലാണ്. ഒരോരുത്തരുടെയും സ്വഭാവത്തിനും ശരീരത്തിനും അനുസരിച്ച് വ്യത്യ്സ്ഥ പേരുകളാണ്. ഡ്രാക്കുള, കിഡ്, ബോയി, ലിറ്റില്‍ മാനി, ഫാജ്, ബീസ്റ്റീ, ഫിന്നി തുടങ്ങിയവരാണ് സംഘത്തിലെ പ്രധാനികളുടെ ഇരട്ടപേരുകള്‍. സ്ത്രീകളെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുന്നതും കുറ്റവാളികള്‍ തുടര്‍ന്നതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്.

2004 മുതല്‍ 2011 വരെയാണ് സംഘം പെണ്‍കുട്ടികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നത്. ഹൗസ് പാര്‍ട്ടികളിലെത്തുന്ന സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയ ശേഷം സംഘം കൂട്ട ബലാത്സംഗം നടത്താറുണ്ടായിരുന്നു. പ്ലാസ്റ്റിക് ബാഗുകള്‍ കോണ്ടമായി ഉപയോഗിക്കുന്നതായിരുന്നു ഇവരുടെ രീതി. കുട്ടികളെ വ്യഭിചാരത്തിനായി ഉപയോഗിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സംഘത്തലവനെതിരെ ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷം സ്ത്രീകളോട് ഇയാള്‍ കാണിച്ച അതിക്രമങ്ങള്‍ മനുഷ്യത്വരഹിതമാണെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. അതിക്രമങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതും ഇവരുടെ ശീലങ്ങളിലൊന്നായിരുന്നു.
മലേഷ്യയില്‍ വെച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബ്രിട്ടീഷ് വനിതയ്ക്ക് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മലേഷ്യന്‍ വിനോദസഞ്ചാര കേന്ദ്രമായ ലങ്കാവിയില്‍ വെച്ച് ബ്രിട്ടീഷുകാരനായ ജോണ്‍ വില്യം ജോണ്‍സ് എന്ന 62കാരന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യയായ സമാന്ത (62) പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയാണ് ജോണ്‍സിനെ കുത്തേറ്റ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്കുതര്‍ക്കത്തിനിടെ ഇവര്‍ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നതെന്ന് ലോക്കല്‍ പോലീസ് ചീഫ് മുഹമ്മദ് ഇക്ബാല്‍ എഎഫ്പിയോട് പറഞ്ഞു. ലങ്കാവിയില്‍ ഈ ദമ്പതികള്‍ കഴിഞ്ഞ 11 വര്‍ഷമായി താമസിച്ചു വരികയായിരുന്നു.

പിടിയിലായ സമാന്തയെ റിമാന്‍ഡ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും സമാന്ത അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ജോണ്‍സിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയുമായിരുന്നുവെന്ന് മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. രക്തക്കറകളുമായി 12 ഇഞ്ച് നീളമുള്ള കത്തി ഇവരുടെ ബെഡ്‌റൂമില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും. സാധാരണ വിസാ കാലാവധിക്കു മേല്‍ താമസത്തിന് അനുമതി ലഭിക്കുന്ന മൈ സെക്കന്‍ഡ് ഹോം പ്രോഗ്രാം അനുസരിച്ചാണ് ഇവര്‍ മലേഷ്യയില്‍ ഇത്രയും കാലം താമസിച്ചു വന്നിരുന്നത്.

സംഭവത്തില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ മലേഷ്യന്‍ നിയമം അനുസരിച്ച് സമാന്തയെ തൂക്കിലേറ്റാന്‍ വിധിച്ചേക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊലക്കുറ്റത്തിന് വധശിക്ഷയാണ് മലേഷ്യ നിയമം അനുശാസിക്കുന്നത്. വധശിക്ഷ ഒഴിവാക്കുമെന്ന് അടുത്ത കാലത്ത് മലേഷ്യന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.
സംഗീത പഠനം സ്റ്റേറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് അന്യമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ സ്‌കൂളുകളുടെ പാഠ്യപദ്ധതിയില്‍ നിന്ന് മ്യൂസിക് പുറത്തായതായി ഹൗസ് ഓഫ് ലോര്‍ഡ്‌സ് വിലയിരുത്തുന്നു. മ്യൂസിക് എന്ന പാഠ്യവിഷയം ഇപ്പോള്‍ ഒരു അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് മ്യൂസിക് അധ്യക്ഷന്‍ ലോര്‍ഡ് ബ്ലാക്ക് ബ്രെന്റ് വുഡ് പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സംഗീതത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ ലോര്‍ഡ്‌സില്‍ സംസാരിക്കുമ്പോളാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ സ്‌കൂളുകളില്‍ നിന്ന് സംഗീതം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ മൗലികാവകാശമാണെന്നിരിക്കെ ഈ വിഷയം ഇപ്പോള്‍ ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകളിലെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റേറ്റ് സെക്ടറില്‍ ഇത് ഇല്ലാതായി. രാജ്യത്ത് സംഗീതം ഒരു അസ്തിത്വ പ്രതിസന്ധിയെ നേരിടുകയാണ്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് മൗലികമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോയല്‍ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഗ്രാജ്വേഷന്‍ സെറിമണിയില്‍ പങ്കെടുത്ത നിരവധി പേര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ സംഗീതത്തിനുള്ള പ്രാധാന്യം കുറയുന്നതായി പരാതിപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഞ്ചിലൊന്ന് സ്‌കൂളുകളിലെ ജിസിഎസ്ഇ പാഠ്യപദ്ധതിയില്‍ നിന്ന് മ്യൂസിക് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഈ സമ്മറില്‍ ഇംഗ്ലണ്ടില്‍ ജിസിഎസ്ഇയില്‍ സംഗീതം പഠിച്ചിറങ്ങിയത് 35,000 കുട്ടികള്‍ മാത്രമാണ്. 2010നെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
യുകെയിലെ പ്ലാസ്റ്റിക് റീസൈക്കിളിംഗ് ഇന്‍ഡസ്ട്രിക്കെതിരെ അന്വേഷണം. പ്ലാസ്റ്റിക് മാലിന്യം വേണ്ടവിധത്തില്‍ സംസ്‌കരിക്കുന്നില്ലെന്ന ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് എന്‍വയണ്‍മെന്റ് ഏജന്‍സി ഈ വ്യവസായ മേഖലയില്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. മൂന്ന് റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ ഇഎ നിയോഗിച്ചു. സംഘടിത കുറ്റവാളികളും മാഫിയ സംഘങ്ങളും ഈ വ്യവസായത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുന്‍ പോലീസ് ഉദ്യോസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഇഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിത്ത് ആറ് പ്ലാസ്റ്റിക് വെയിസ്റ്റ് കയറ്റുമതിക്കാരുടെ ലൈസന്‍സ് കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

ഒരു സ്ഥാപനത്തിന്റെ 57 കണ്ടെയ്‌നറുകള്‍ മാലിന്യഭീതി മൂലം യുകെ തുറമുഖങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമാണ് ഇതാണ് സ്ഥിതി. പുതുതായി നിയോഗിക്കപ്പെട്ട സമിതിക്കു മുന്നില്‍ ഒട്ടേറെ ആരോപണങ്ങളാണ് അന്വേഷണത്തിനായി എത്തിയിരിക്കുന്നത്. കമ്പനികള്‍ പതിനായിരക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അത്രയും മാലിന്യം വാസ്തവത്തില്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്. പ്ലാസ്റ്റിക് മാലിന്യം വേണ്ട വിധത്തില്‍ സംസ്‌കരിക്കാതെ നദികളിലും സമുദ്രത്തിലും ഉപേക്ഷിക്കുകയാണ് കമ്പനികള്‍ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

നെതര്‍ലാന്‍ഡ്‌സ് വഴി കിഴക്കന്‍ നാടുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയമവിരുദ്ധമായി കയറ്റി അയക്കുന്നു, അണുബാധയുള്ള പ്ലാസ്റ്റിക് മാലിന്യം കയറ്റുമതി ചെയ്യുന്നത് അനുസ്യൂതം തുടരുന്നു തുടങ്ങിയ ആക്ഷേപങ്ങളും കമ്പനികള്‍ക്കെതിരെ ഉയരുന്നുണ്ട്. യുകെയിലെ വീടുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്തെത്തിയത് 11 മില്യന്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. ഇവയില്‍ 75 ശതമാനം പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യവും കയറ്റുമതി ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 50 മില്യന്‍ പൗണ്ടിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇപ്‌സ്‌വിച് (ലണ്ടൻ): ഹൈസ്കൂൾ വിദ്യാർത്ഥിയായ മലയാളി ബാലനെ മോഷ്ടിച്ചുകൊണ്ട് പോകുകയായിരുന്ന കാറിടിച്ച് ഗുരുതര പരിക്കുപറ്റി. പതിനൊന്നു വയസുള്ള ഇപ്‌സ്‌വിച് സ്വദേശിയായ വിദ്യാർത്ഥിയെയാണ് പോലീസ് പിന്തുടർന്ന് വന്ന വാഹനം ഇടിച്ചത്. അപകടത്തിൽ പെട്ട വിദ്യാർത്ഥിയുടെ രണ്ട് കാലുകൾക്ക് ഒടിവും മുഖത്തും പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടര മണിയോട് കൂടിയാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ ആംബുലൻസ് സ്ഥലത്തെത്തി ബാലനെ ആശുപതിയിൽ എത്തിച്ചു. നാളെ ഓപ്പറേഷന് വിധേയമാകും എന്നാണ് സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. അപകടത്തിൽ പെട്ട കുട്ടി ഉൾപ്പെടുന്ന മലയാളി സമൂഹത്തോട് പ്രാർത്ഥനാ സഹായം തേടിയിരിക്കുകയാണ് കുട്ടിയുടെ കുടുംബം.
സംഭവത്തെ തുടർന്ന് മോഷ്ട്ടിച്ചത് എന്ന് സംശയിക്കുന്ന വാഹനം ഓടിച്ചിരുന്ന ഇരുപത്തേഴ് വയസുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താത്തതും, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ്, മയക്കുമരുന്നുകളുടെ വിപണനം തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. മലയാളി ബാലന് അപകടം സംഭവിച്ച ഗോറി റോഡും സമീപ സ്ഥലങ്ങളിലും വാഹന ഗതാഗതം നിരോധിച്ച പോലീസ്, സംഭവം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്. പോലീസ് പിന്തുടർന്ന കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയത് ഗൗരവമായാണ് അധികൃതർ എടുത്തിരിക്കുന്നത്.
ലോകത്തെ ഏറ്റവും പരിസ്ഥിതി സൗഹൃദ വാഹനം യുകെയില്‍. ലണ്ടനിലെ മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തെ ശുചിയാക്കാന്‍ സഹായിക്കുന്ന ഫ്യുവല്‍ സെല്‍ കാറുകളാണ് ഇനി റോഡുകള്‍ കയ്യടക്കാന്‍ തയ്യാറെടുക്കുന്നത്. ഹ്യുണ്ടായിയുടെ നെക്‌സോ ഫ്യുവല്‍ സെല്‍ മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വായു ശുചീകരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന യാത്രയിലാണ് കാര്‍. യൂണിവേഴ്‌സിറ്റി കോളേഡ് ലണ്ടന്‍ നടത്തിയ പഠനമനുസരിച്ച് ലണ്ടനിലെ റോഡുകളില്‍ നൈട്രജന്‍ ഓക്‌സൈഡിന്റെയും അന്തരീക്ഷത്തിലെ ധൂളികളുടെ അംശവും അപകടകരമായ തോതിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഹീറ്റ് മാപ്പുകള്‍ അവലോകനം ചെയ്താണ് ഇത് സ്ഥിരീകരിച്ചത്. ഹ്യുണ്ടായിയുമായി ചേര്‍ന്ന് ഈ മലിനീകരണത്തിന്റെ തോത് വ്യക്തമാക്കാനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് യൂണിവേഴ്‌സിറ്റി.

ഹ്യുണ്ടായി നെക്‌സോയുടെ പുതിയ എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനം വലിച്ചെടുക്കുന്ന അന്തരീക്ഷ വായുവില്‍ അടങ്ങിയിട്ടുള്ള 99.9 ശതമാനം പൊടിയുടെ അംശവും ശുദ്ധീകരിക്കുന്നു. ഒരു മണിക്കൂര്‍ വാഹനമോടിച്ചാല്‍ 26.9 കിലോഗ്രാം അന്തരീക്ഷവായു ഈ വിധത്തില്‍ ശുദ്ധിയാക്കപ്പെടുന്നുണ്ട്. പ്രായപൂര്‍ത്തിയായ 42 പേര്‍ ഒരു മണിക്കൂറില്‍ ശ്വസിക്കുന്ന വായുവിന്റെ അളവാണ് ഇത്. സീറോ എമിഷന്‍ വാഹനങ്ങളുടെ ഒരു വലിയ നിര അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോടികള്‍ നിക്ഷേപിച്ച് ഇത്തരമൊരു വാഹനം പുറത്തിറക്കിയതെന്ന് ഹ്യുണ്ടായിയുടെ സീനിയര്‍ പ്രോഡക്ട് മാനേജര്‍ സില്‍വി ചൈല്‍ഡ്‌സ് വ്യക്തമാക്കി.

നെക്‌സോ പോലെയുള്ള ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള ഉത്തരവാദിത്തം കമ്പനിക്കു മാത്രമല്ല ഉള്ളത്. ഇന്‍സെന്റീവുകളിലും ഇന്‍ഫ്രാസ്ട്രക്ചറിലും ഗവണ്‍മെന്റ് നിക്ഷേപം നടത്തുകയും ബ്രിട്ടീഷുകാര്‍ക്ക് കൂടുതല്‍ ചോയ്‌സുകള്‍ ലഭിക്കാനുള്ള അവസരം നല്‍കുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യുകെ ഹൗസ് പ്രൈസ് നിരക്കിലെ വളര്‍ച്ച അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഓഗസ്റ്റിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ പറയുന്നു. താരതമ്യേന മന്ദമായ ലണ്ടന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റും മറ്റു പ്രദേശങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി നിരക്കുകളും തമ്മിലുള്ള താരതമ്യമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓഗസ്റ്റില്‍ അവസാനിച്ച വര്‍ഷത്തില്‍ യുകെയിലെ ശരാശരി ഹൗസ് പ്രൈസ് 3.2 ശതമാനമാണ് വര്‍ദ്ധിച്ചത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ലാന്‍ഡ് രജിസ്ട്രി കണക്കുകള്‍ അനുസരിച്ച് ഇത് 232,797 പൗണ്ടായിട്ടുണ്ട്. 2013 ഓഗസ്റ്റിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

വാര്‍ഷികാടിസ്ഥാനത്തില്‍ പ്രോപ്പര്‍ട്ടി വില ഇടിഞ്ഞ ഏക പ്രദേശം ലണ്ടനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാലയളവില്‍ 0.2 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. എങ്കിലും ശരാശരി പ്രോപ്പര്‍ട്ടി വില 486,304 പൗണ്ടില്‍ നില്‍ക്കുന്ന ലണ്ടന്‍ തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രോപ്പര്‍ട്ടി വിലയുള്ള പ്രദേശം. ഹൗസ് പ്രൈസ് വളര്‍ച്ചയില്‍ കുറവുള്ള രണ്ടാമത്തെ പ്രദേശം ഈസ്റ്റ് ഇംഗ്ലണ്ടാണ്. 1.6 ശതമാനം മാത്രമായിരുന്നു ഒരു വര്‍ഷത്തിനിടെ ഇവിടെയുണ്ടായ വര്‍ദ്ധന. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി വില 292,107 പൗണ്ടാണെന്ന് വിലിയിരുത്തപ്പെടുന്നു.

വിലവര്‍ദ്ധനവില്‍ ഏറ്റവും മുന്നിലുള്ളത് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പ്രദേശമാണ്. 6.5 ശതമാനം വളര്‍ച്ച നേടിയ ഇവിടത്തെ പ്രോപ്പര്‍ട്ടി വില 194,718 പൗണ്ടിലെത്തി നില്‍ക്കുന്നു. സാധാരണക്കാര്‍ക്ക് വീടുകള്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിധത്തിലുള്ള വിലവര്‍ദ്ധനയായിരുന്നു അടുത്ത കാലത്ത് ലണ്ടനില്‍ രേഖപ്പെടുത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് വില വര്‍ദ്ധനവിന്റെ നിരക്കില്‍ അല്‍പമെങ്കിലും കുറവ് രേഖപ്പെടുത്തുന്നതെന്ന് മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.
ഒമ്പത് വീടുകള്‍ നിര്‍മിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 11 വീടുകള്‍ നിര്‍മിച്ച ഡെവലപ്പര്‍ക്ക് തിരിച്ചടി. എല്ലാ വീടുകളും പൊളിച്ചു മാറ്റണമെന്ന് കൗണ്‍സില്‍ ഉത്തരവിട്ടു. കോടീശ്വരനായ ഹിക്മത്ത് കാവേയുടെ ഉടമസ്ഥതയിലുള്ള ക്രിസ്റ്റലൈറ്റ് എന്ന കമ്പനിയോടാണ് എല്ലാ വീടുകളും പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്ലോസ്റ്റര്‍ഷയറിലെ ന്യൂവെന്റിലാണ് സംഭവം. വീടുകള്‍ക്ക് അനുമതി ലഭിച്ചതിനേക്കാള്‍ ഏറെ ഭൂമി ഈ വീടുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീടുകളുടെ നിര്‍മാണത്തിന് താന്‍ നിയോഗിച്ച ബില്‍ഡര്‍മാര്‍ക്ക് സംഭവിച്ച അബദ്ധമാണ് ഇതെന്നാണ് ഹിക്മത്ത് കാവേ അവകാശപ്പെടുന്നത്. അനുമതിയില്ലാത്ത ഭൂമിയില്‍ നിര്‍മാണം നടത്തിയെന്നു മാത്രമല്ല, ഏറെ ഉയരത്തിലുമാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

കണ്‍സര്‍വേഷന്‍ സോണില്‍ വരുന്ന പ്രദേശത്ത് ഒമ്പത് വീടുകള്‍ നിര്‍മിക്കാനുള്ള അനുമതി ഗവണ്‍മെന്റ് പ്ലാനിംഗ് ഇന്‍സ്‌പെക്ടര്‍ നല്‍കിയതു പോലും നിരവധി നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അനുമതി നല്‍കിയ എസ്‌റ്റേറ്റ് അല്ല അവിടെ നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫ് ഡീന്‍ കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ആക്ഷന്‍ മാത്രമാണ് മുന്നിലുള്ളതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തങ്ങള്‍ കരാര്‍ ഏല്‍പ്പിച്ച ബില്‍ഡറാണ് രണ്ട് അധിക വീടുകള്‍ നിര്‍മിച്ചതെന്നും ഇയാളെ കാണാനില്ലെന്നുമാണ് ഡെവലപ്പര്‍ കൗണ്‍സിലിനെ അറിയിച്ചിരിക്കുന്നത്. അധികമായി നിര്‍മിച്ച വീടുകള്‍ പൊളിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധരാണെന്നും കമ്പനി അറിയിച്ചു.

എന്നാല്‍ അനുമതിയില്ലാത്ത ഭൂമിയില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനം നിലവിലുള്ള പെര്‍മിഷന്‍ അസാധുവാക്കിയിരിക്കുകയാണെന്ന് പ്ലാനിംഗ് കമ്മിറ്റി വിലയിരുത്തുന്നു. ഇത്തരമൊരു നിര്‍മാണത്തെക്കുറിച്ച് ഒരു പ്ലാനിംഗ് ആപ്ലിക്കേഷന്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു അനധികൃത നിര്‍മാണമായേ കണക്കാക്കാനാകൂ എന്നും എന്‍ഫോഴ്‌സ്‌മെന്റ് മാത്രമേ ഇനി മുന്നിലുള്ളുവെന്നും പ്ലാനിംഗ് കമ്മിറ്റി വ്യക്തമാക്കി.
തന്റെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ ക്യാന്‍സര്‍ ചികിത്സ വേണ്ടെന്നു വെച്ച അമ്മ മരിച്ചു. അഞ്ചു വര്‍ഷം ക്യാന്‍സറുമായി മല്ലിട്ടതിനു ശേഷമാണ് 29കാരിയായ ലങ്കാഷയര്‍ സ്വദേശിനി ജെമ്മ നട്ടാല്‍ മരിച്ചത്. അണ്ഡാശയ ക്യാന്‍സര്‍ രോഗിയായിരുന്ന ഇവര്‍ തന്റെ കുഞ്ഞിനു വേണ്ടി ചികിത്സയില്‍ നിന്ന് പിന്തിരിയുകയായിരുന്നു. ഇപ്പോള്‍ നാലു വയസുള്ള ഇവരുടെ കുട്ടി പെനിലോപ്പിനെ ഗര്‍ഭം ധരിച്ചതിനു ശേഷമാണ് തനിക്ക് അണ്ഡാശയ ക്യാന്‍സര്‍ ഉണ്ടെന്ന് ജെമ്മ തിരിച്ചറിയുന്നത്. കുഞ്ഞിനെ രക്ഷിക്കുന്നതിനായി കീമോതെറാപ്പി ചെയ്യാനുള്ള നിര്‍ദേശം ഇവര്‍ നിരസിക്കുകയായിരുന്നു. കുട്ടിയുടെ ജനനത്തിനു ശേഷം ക്യാന്‍സര്‍ ചികിത്സിച്ചു മാറ്റിയെങ്കിലും രോഗം തിരികെയെത്തി.

ജെമ്മയുടെ ത്യാഗത്തിന്റെ കഥ ടൈറ്റാനിക് സിനിമയിലെ താരങ്ങളായ ലിയോനാര്‍ഡോ ഡികാപ്രിയോയുടെയും കെയിറ്റ് വിന്‍സ്ലറ്റിന്റെയും ശ്രദ്ധയിലെത്തിയിരുന്നു. ഇവര്‍ ജെമ്മയുടെ ചികിത്സക്കായി മൂന്ന് ലക്ഷം പൗണ്ട് സമാഹരിച്ചു. ജര്‍മനിയില്‍ വിദഗ്ദ്ധ ചികിത്സ ഇതിലൂടെ ജെമ്മക്ക് നല്‍കാനും സാധിച്ചു. മൂന്ന് ജാക്ക് ആന്‍ഡ് റോസ് ഡേറ്റ് നൈറ്റുകള്‍ ലേലം ചെയ്താണ് താരങ്ങള്‍ ഈ തുക സമാഹരിച്ചു നല്‍കിയത്. എന്നാല്‍ എല്ലാ പ്രയത്‌നങ്ങളും വിഫലമാക്കിക്കൊണ്ട് രണ്ടാമതെത്തിയ ക്യാന്‍സര്‍ ജെമ്മയുടെ ജീവനെടുത്തു.


ജെമ്മയുടെ മരണത്തെ ദുരന്തമെന്നാണ് കെയിറ്റ് വിശേഷിപ്പിച്ചത്. ധൈര്യത്തിന്റൈയും ശക്തിയുടെയും പ്രതീകമായിരുന്നു ജെമ്മയെന്നും അമ്മയ്ക്കും മകള്‍ക്കും നേരിട്ട ദുര്യോഗത്തില്‍ തന്റെ ഹൃദയം തകരുന്നുവെന്നും താരം പറഞ്ഞു. ജെമ്മയുടെ പേരില്‍ അവരുടെ അമ്മ തുടങ്ങിയ ഫെയിസ്ബുക്ക് പേജില്‍ അനുശോചന സന്ദേശങ്ങള്‍ ഒഴുകുകയാണ്.