Main News

ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ നാളെ വിന്റർടൈമിന് തുടക്കമാകും. ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് സമയമാറ്റം ഉണ്ടാകുന്നത്. ഇതനുസരിച്ച് നാളെ ഒക്ടോബർ 28 ഞായറാഴ്ച രാവിലെ രണ്ടു മണിക്ക് സമയം മാറും. രണ്ടു മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർ ഒരു മണിക്കൂർ അധിക ഡ്യൂട്ടി ചെയ്യേണ്ടി വരും. ഡ്യൂട്ടിയില്ലാത്തവർക്ക് ഒരു മണിക്കൂർ അധിക ഉറക്കം ലഭിക്കുകയും ചെയ്യും. ഡേ ലൈറ്റ് സേവിംഗ്  സമ്പ്രദായമനുസരിച്ചുള്ള ഈ സിസ്റ്റം നിലവിൽ വന്നത് നൂറോളം വർഷങ്ങൾക്ക് മുമ്പാണ്.

1916 ലാണ് ബ്രിട്ടിഷ് പാർലമെൻറ് സമ്മർ ടൈം ആക്ട് പാസാക്കിയത്. 1907ൽ വില്യം വില്ലറ്റ് ആരംഭിച്ച കാമ്പയിനിന്റെ വിജയമായിരുന്നു ഈ സമയമാറ്റം. രാവിലെയും വൈകുന്നേരങ്ങളിലും സൂര്യപ്രകാശം ലഭിക്കുന്നതിലെ വ്യതിയാനമനുസരിച്ച് ജോലി സമയം ക്രമീകരിക്കുന്നതിനായാണ് പ്രധാനമായും സമയമാറ്റം നടപ്പാക്കിയത്. സമ്മർ ടൈം ആരംഭിക്കുന്ന മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ച സമയം ഒരു മണിക്കൂർ മുന്നോട്ടാക്കും. ഇതനുസരിച്ച് 2019 മാർച്ച് 31 ഞായറാഴ്ച രാവിലെ ഒരു മണിക്ക് സമയം രണ്ടു മണിയാക്കും.

മലയാളം യുകെ ന്യൂസ് ടീം
ഒൻപതാമത് യുക്മ ദേശീയ കലാമേളയ്ക്ക് യോര്‍ക്ഷയറില്‍ തിരി തെളിഞ്ഞു. സൗത്ത് യോര്‍ക്ഷയറിലെ ഷെഫീല്‍ഡിലുള്ള പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍ രാവിലെ പതിനൊന്നു മണിക്ക് സീനിയേഴ്‌സിന്റെ ഭരതനാട്യ മത്സരത്തോടെ 2018ലെ ദേശീയകലാമേള ആരംഭിച്ചു. അഞ്ചു സ്റ്റേജുകളിയാട്ടാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ 8 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രതികൂലമായ കാലവസ്ഥയെ മറികടന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750തോളം മത്സരാര്‍ത്ഥികളടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കം അര്‍ത്ഥരാത്രി വരെ നീളും. കേരള സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പ്രതീതിയാണ് പെനിസ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍. അഞ്ചു സ്റ്റേജിലും മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. കലാമേളയുടെ ഔദ്യോഗീകമായ ഉദ്ഘാടനം പിന്നീട് നടക്കും. എം ജി രാജമാണിക്യം IAS ആയിരിക്കും കലാമേളയുടെ മുഖ്യാതിഥി.
കലാമേളയുടെ ഫോട്ടോകളുമായി കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

See More images from the UUKMA National Kalamela below.

വരാനിരിക്കുന്നത് കടുത്ത മഞ്ഞുകാലമാണെന്നതിന് സൂചന നല്‍കി താപനില താഴുന്നു. ഒക്ടോബര്‍ അവസാന ദിവസങ്ങള്‍ തണുപ്പേറിയതായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 25 വര്‍ഷത്തിനിടെ ഒക്ടോബര്‍ മാസത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില ഈ വീക്കെന്‍ഡില്‍ ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ വിന്ററില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാക്കിയ ബീസ്റ്റ് ഓഫ് ദി ഈസ്റ്റിനു ശേഷം ആദ്യമായി ഐസ് വാണിംഗും നല്‍കിക്കഴിഞ്ഞു. വിന്റര്‍ തുടങ്ങുന്നതിനു മുമ്പു തന്നെ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് രാജ്യം. രാജ്യത്തെ പല പ്രദേശങ്ങളിലും മൈനസ് 14 ഡിഗ്രി വരെയായിരിക്കും താപനിലയെന്നാണ് മുന്നറിയിപ്പ്.

തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. റഷ്യ, ഗ്രീന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ താപനിലയായിരിക്കും മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുക. ശീതക്കാറ്റ് ചില മേഖലകളെ ആര്‍ട്ടിക്കിനേക്കാള്‍ തണുത്തുറഞ്ഞതാക്കും. അടുത്തയാഴ്ചയോടെ കടുത്ത ശീത കാലാവസ്ഥയിലേക്ക് രാജ്യം നീങ്ങും. അതിനു ശേഷം മെഡിറ്ററേനിയനില്‍ നിന്ന് ഒരു കൊടുങ്കാറ്റ് രാജ്യത്തെ ലക്ഷ്യമാക്കി വരാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ ഇതിനോടനുബന്ധിച്ച് കനത്ത മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വെള്ളിയാഴ്ചയോടെ പോളാര്‍ വിന്‍ഡ് രാജ്യത്തേക്ക് എത്തും. ഇതു മൂലം താപനില സാരമായി താഴുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് ഉച്ചയോടെ സ്‌കോട്ട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. മുന്നറിയിപ്പും ഇതിനോടനുബന്ധിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് -6 വരെ താപനില താഴ്‌ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഒഴിവു സമയങ്ങള്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് സ്‌ക്രീനുകള്‍ക്ക് മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. സാധാരണയായ പുറത്തുപോയി കൂട്ടുകാരുമായി കളിക്കുന്നതിന്റെ ഇരട്ടി സമയം ഇവര്‍ സ്‌ക്രീനുകള്‍ക്ക് മുന്നിലാണ് ചെലവഴിക്കുന്നതെന്ന് പഠനം പറയുന്നു. ഏഴ് വയസാകുമ്പോഴേക്കും സ്‌ക്രീന്‍ കാഴ്ച്ചകള്‍ക്ക് മുന്നില്‍ ഏതാണ്ട് 456 ദിസങ്ങള്‍ കുട്ടി ചെലവഴിച്ചിട്ടുണ്ടാകും. ശരാശരി ഒരു ദിവസം നാല് മണിക്കൂറാണ് ഒരു കുട്ടി സ്‌ക്രീനിന് മുന്നിലിരിക്കുന്നത്. ആദ്യകാലങ്ങളില്‍ കമ്പ്യൂട്ടറുകളും ടെലിവിഷനും മാത്രമായിരുന്നു വിനോദോപാധികള്‍. എന്നാല്‍ പിന്നീടത് മൊബൈല്‍ ഫോണുകളിലേക്കും ഐപാഡുകളിലേക്ക് മാറിയെന്നും പഠനം നിരീക്ഷിക്കുന്നു.

പഠനത്തിന് വിധേയരായ കുട്ടികളില്‍ പകുതിയും സ്‌ക്രീനിന് മുന്നില്‍ ചെലവഴിക്കുന്ന സമയങ്ങളില്‍ പൂര്‍ണമായും അതിലേക്കു മാത്രം ശ്രദ്ധ ചെലുത്തുന്നവരാണ്. സുഹൃത്തുക്കളെയും കുടുംബത്തിലുള്ളവരെയും വരെ പൂര്‍ണമായും ആ സമയങ്ങളില്‍ ഇവര്‍ മാറ്റി നിര്‍ത്തും. 7 വയസ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ഏതാണ്ട് 1000ത്തോളം ബ്രിട്ടീഷ്-ഐറിഷ് മാതാപിതാക്കള്‍ ഈ പഠനത്തില്‍ പങ്കെടുത്തു. പത്തില്‍ ആറ് മാതാപിതാക്കളും അമിതമായി സ്‌ക്രീനുകള്‍ക്ക് മുന്നിലിരിക്കുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. ഈ ശീലം കുട്ടികളിലെ സര്‍ഗാത്മകത ഇല്ലാതാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് മാറി പുറത്തുപോയി കളിക്കുന്നതും ഇതര ക്രിയാത്മക പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതും ഒരു കുട്ടിയുടെ ജീവിതത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഗുഡ് ചൈല്‍ഡ് ഡെവല്പ്‌മെന്റ് അഡൈ്വസറി ബോര്‍ഡ് അംഗവും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധനുമായ സര്‍ കെന്‍ റോബിന്‍സണ്‍ പറയുന്നു. ഒരു കൗമാരക്കാരന്‍ കുട്ടിക്കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ ജീവിതത്തില്‍ വളരെ ക്രിയാത്മകമായി ഇടപെട്ട സമയം കുട്ടിക്കാലമാണെന്ന് വ്യക്തമാവും. കുട്ടികള്‍ കൂട്ടുകാരോടൊത്ത് കളിക്കുക, സ്വന്തമായി കളികളുണ്ടാക്കുക, ഓടിക്കളിക്കുക തുടങ്ങിയവ നിര്‍ബന്ധമായും ശീലിക്കേണ്ടതുണ്ടെന്നും റോബിന്‍സണ്‍ വ്യക്തമാക്കി.

സാലിസ്ബറിയിലെ വില്‍റ്റ്ഷയര്‍ കത്തീഡ്രലില്‍ നിന്ന് 1215ല്‍ തയ്യാറാക്കിയ മാഗ്ന കാര്‍ട്ടയുടെ ഒറിജിനല്‍ മോഷ്ടിക്കാന്‍ ശ്രമം. മാഗ്ന കാര്‍ട്ട ഉടമ്പടിയുടെ രേഖ സൂക്ഷിച്ചിരിക്കുന്ന ഗ്ലാസ് ബോക്‌സ് മോഷ്ടാവ് തകര്‍ത്തു. ഇതോടെ അലാമുകള്‍ മുഴങ്ങുകയും മോഷണത്തിന് ശ്രമിച്ചയാള്‍ പിടിയിലാകുകയും ചെയ്തു. സന്ദര്‍ശകനായി എത്തിയ 45 കാരനാണ് ചരിത്ര രേഖ മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. ഒരു ചുറ്റിക ഉപയോഗിച്ചാണ് ഇയാള്‍ രേഖയുടെ സംരക്ഷണ കവചം തകര്‍ക്കാന്‍ ശ്രമിച്ചത്. കത്തീഡ്രലില്‍ നിന്ന് സുരക്ഷാ അലാം മുഴങ്ങുന്നത് കേട്ടുവെന്നും നിമിഷങ്ങള്‍ക്കകം ഒരാളെ പിടികൂടിയത് കണ്ടുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ചിലര്‍ തമ്മില്‍ തല്ലുന്നതായാണ് തോന്നിയതെന്നും എന്നാല്‍ സംഘട്ടനം തുടര്‍ന്നപ്പോള്‍ ഒരാളുടെ കയ്യില്‍ നിന്ന് ചുറ്റിക താഴെ വീഴുന്നത് കണ്ടുവെന്നും പിന്നീട് ഇയാളെ മറ്റുള്ളവര്‍ കീഴ്‌പ്പെടുത്തുന്നത് കണ്ടുവെന്നും ദൃക്‌സാക്ഷിയായ സ്ത്രീ സാലിസ്ബറി ജേണലിനോട് പറഞ്ഞു.

ദൃക്‌സാക്ഷികള്‍ വിവരിച്ച ലക്ഷണങ്ങളോടു കൂടിയ ഒരു 45കാരനാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇയാളെ മെല്‍ക്ക്ഷാമില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും മാഗ്ന കാര്‍ട്ടയ്ക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു. സംഭവത്തിനു ശേഷം ഈ ചരിത്ര രേഖ കത്തീഡ്രലില്‍ പൊതു പ്രദര്‍ശനത്തില്‍ നിന്നു മാറ്റി. കത്തീഡ്രലിന്റെ ചാപ്റ്റര്‍ ഹൗസിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. മാഗ്ന കാര്‍ട്ട ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി പ്രദര്‍ശിപ്പിക്കുമെന്ന് കത്തീഡ്രല്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇംഗ്ലീഷ് ചരിത്രത്തിലെ ഏറ്റവും സുപ്രധാന രേഖയാണ് മാഗ്ന കാര്‍ട്ട എന്ന ലാറ്റിന്‍ പേരില്‍ അറിയപ്പെടുന്ന ഉടമ്പടി. ഗ്രേറ്റ് ചാര്‍ട്ടര്‍ എന്നാണ് ഇതിന്റെ പരിഭാഷ. മധ്യകാല ഇംഗ്ലണ്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കിയത് ഈ ഉടമ്പടിയാണ്. 1215ല്‍ തയ്യാറാക്കിയ ഇതിന്റെ നാലു പ്രതികള്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. ഇവയില്‍ കേടുപാടുകളൊന്നുമില്ലാതെ സംരക്ഷിക്കപ്പെടുന്ന ഏക പ്രതിയാണ് സാലിസ്ബറി കത്തീഡ്രലില്‍ ഉള്ളത്.

കുടിയേറ്റക്കാര്‍ നിര്‍ബന്ധിത ഡിഎന്‍എ പരിശോധന നടത്തണമെന്ന ഹോം ഓഫീസ് നിര്‍ദേശത്തില്‍ ഖേദപ്രകടനം നടത്തി സാജിദ് ജാവീദ്. ഹോം ഓഫീസ് റിവ്യൂവിന്റെ ഭാഗമായാണ് ഡിഎന്‍എ പരിശോധന നടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 449 പേര്‍ക്ക് പരിശോധന നടത്താനുള്ള കത്തുകള്‍ അയച്ചു. യുകെ ഗവണ്‍മെന്റ് ജീവനക്കാരായ ഗൂര്‍ഖ, അഫ്ഗാന്‍ വംശജര്‍ക്കും ഇത്തരത്തില്‍ കത്തുകള്‍ പോയി. ഇത് അംഗീകരിക്കാനാകാത്ത പിഴവാണെന്ന ഹോം സെക്രട്ടറി ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞു. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തെറ്റും അവ്യക്തവുമാണെന്നും അദ്ദേഹം പറഞ്ഞു. നാലു മാസം മുമ്പാണ് ഹോം ഓഫീസ് ഇന്റേണല്‍ റിവ്യൂ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ക്ക് നിര്‍ബന്ധിത ഡിഎന്‍എ ടെസ്റ്റുകള്‍ നിര്‍ദേശിച്ചതായി ഹോം ഓഫീസ് പിന്നീട് സമ്മതിച്ചിരുന്നു.

ഡിഎന്‍എ തെളിവുകള്‍ ഹാജരാക്കുക എന്നത് ഒരിക്കലും നിര്‍ബന്ധിതമായിരുന്നില്ല. താല്‍പര്യമുള്ളവര്‍ മാത്രം അത് നല്‍കിയാല്‍ മതിയാകും. യുകെ ഗവണ്‍മെന്റ് നിയമിച്ച അഫ്ഗാന്‍ വംശജര്‍ക്കു വേണ്ടി 2013ലാണ് നിര്‍ബന്ധിത ഡിഎന്‍എ ടെസ്റ്റ് നടപ്പാക്കിയത്. എന്നാല്‍ ഇത് പിന്നീട് എടുത്തു കളഞ്ഞിരുന്നു. 2015 ജനുവരിയില്‍ നേപ്പാള്‍ വംശജരായ ഗൂര്‍ഖകളുടെ പരമ്പരയിലുള്ളവര്‍ക്കു വേണ്ടി ഈ പരിശോധന ഏര്‍പ്പാടാക്കി. 200 വര്‍ഷത്തിലേറെയായി സൈന്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്നവരാണ് ഗൂര്‍ഖകള്‍. ഇതും തെറ്റായ സമീപനമായിരുന്നു. ഈ നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയരായവരോട് ക്ഷമ ചോദിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി.

തട്ടിപ്പ് കണ്ടെത്തുന്നതിനായി 398 പേര്‍ക്ക് ഡിഎന്‍എ ടെസ്റ്റ് നടത്താനായിരുന്നു പദ്ധതിയെന്ന് ഹോം ഓഫീസ് റിപ്പോര്‍ട്ട് പറയുന്നു. 2016ല്‍ അവതരിപ്പിച്ച ഈ പദ്ധതിയില്‍ ഡിഎന്‍എ തെളിവുകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ 83 അപേക്ഷകള്‍ നിരസിച്ചു. 51 പേരോട് ബന്ധുക്കളായ ഗൂര്‍ഖ വംശജരുടെ ഡിഎന്‍എ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. നമ്മുടെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ ആരോടും ഡിഎന്‍എ തെളിവുകള്‍ ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇക്കാരണത്താല്‍ ആരു ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നും ജാവീദ് വ്യക്തമാക്കി.

ഗര്‍ഭസ്ഥരായ രണ്ട് ശിശുക്കളുടെ നട്ടെല്ലിന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ബ്രിട്ടീഷ് സര്‍ജന്‍മാര്‍. ലണ്ടന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ 30 അംഗ സംഘമാണ് സ്‌പൈന ബിഫിഡ ഓപ്പറേഷന്‍ വിജയകരമായി നടത്തിയത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ ഈ ശസ്ത്രക്രിയ ബ്രിട്ടനില്‍ ആദ്യമായാണ് നടത്തപ്പെടുന്നത്. ശിശുക്കളുടെ നട്ടെല്ലിനുണ്ടാകുന്ന തകരാറുകള്‍ സാധാരണ ഗതിയില്‍ ജനനത്തിനു ശേഷമാണ് പരിഹരിക്കാറുള്ളത്. സ്‌പൈന ബിഫിഡ എന്ന് അറിയപ്പെടുന്ന ഈ വൈകല്യത്തിന് ഗര്‍ഭാവസ്ഥയില്‍ തന്നെ ചികിത്സ നടത്തുന്നത് ഏറെ ഫലപ്രദമാണെന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇതനുസരിച്ചാണ് രണ്ട് ഗര്‍ഭസ്ഥ ശിശുക്കളില്‍ ശസ്ത്രക്രിയക്ക് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ തയ്യാറായത്.

ഓരോ വര്‍ഷവും സ്‌പൈന ബിഫിഡയുമായി 200 കുട്ടികള്‍ യുകെയില്‍ ജനിക്കുന്നുണ്ടെന്ന് ഷൈന്‍ എന്ന ചാരിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നട്ടെല്ലിലെ അസ്ഥികള്‍ ശരിയായി രൂപം പ്രാപിക്കാതെ വരുന്ന അവസ്ഥയാണ് ഇത്. ഇതു മൂലം നട്ടെല്ലിന്റെ കശേരുക്കള്‍ക്കിടയില്‍ വിടവുകള്‍ വരികയും ഇതിലൂടെ സ്‌പൈനല്‍ ഫ്‌ളൂയിഡ് നഷ്ടമാകുകയും ചെയ്യും. മസ്തിഷ്‌ക വളര്‍ച്ചയ്ത്ത് പ്രതിസന്ധിയുണ്ടാക്കുന്ന അവസ്ഥാവിശേഷമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഈ പ്രശ്‌നവുമായി ജനിക്കുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങളും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. കുട്ടിക്കാലത്തു തന്നെ ഇവ പരിഹരിക്കുന്നതിനായി ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടി വരികയും ചെയ്‌തേക്കാം.

ഗര്‍ഭാവസ്ഥയില്‍ ശിശുക്കള്‍ക്ക് ഇതിനായുള്ള ശസ്ത്രക്രിയകള്‍ നടത്തിയാല്‍ സ്‌പൈനല്‍ ഫ്‌ളൂയിഡ് നഷ്ടമാകുന്നത് തടയാന്‍ കഴിയും. കുട്ടിയുടെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇതിലൂടെ ഇല്ലാതാക്കാം. ഗര്‍ഭസ്ഥ ശിശുക്കളില്‍ ഈ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനം യുകെയില്‍ ഇതിനു മുമ്പ് ഇല്ലായിരുന്നു. അമേരിക്ക, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളിലേക്ക് ഈ ശസ്ത്രക്രിയക്കായി ബ്രിട്ടീഷുകാര്‍ പോകുകയായിരുന്നു പതിവ്. ഇപ്പോള്‍ യുകെയിലും ഇതിനായുള്ള സൗകര്യങ്ങള്‍ ലഭ്യമായതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പ്രൊഫ.ആന്‍ ഡേവിഡ് പറഞ്ഞു.

അംബരചുംബികളായ കെട്ടിടങ്ങളുടെ ചുമരുകളിലൂടെ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ അള്ളിപ്പിടിച്ചു കയറി വാര്‍ത്തകളും റെക്കോര്‍ഡുകളും സൃഷ്ടിച്ചിട്ടുള്ളയാളാണ് അലെയ്ന്‍ റോബര്‍ട്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയും ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ കീഴടക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാള്‍ കീഴടക്കിയത് ലണ്ടന്‍ നഗരത്തിലെ 660 അടി ഉയരമുള്ള ഹെറോണ്‍ ടവറാണ്. 56 കാരനായ ഇയാള്‍ വെറു കയ്യുമായാണ് കെട്ടിടത്തിനു മുകളിലേക്ക് കയറിയത്. ജീവന്‍ പണയം വെച്ചുകൊണ്ട് സാഹസികമായ കാര്യങ്ങള്‍ ചെയ്യുമ്പോളാണ് ജീവിച്ചിരിക്കുന്നു എന്ന ബോധ്യം തനിക്കുണ്ടാകുന്നതെന്ന് റോബര്‍ട്ട് പറഞ്ഞു. അല്‍പം ഭീതിജനകമാണെന്ന് തോന്നാമെങ്കിലും ഇങ്ങനെ മാത്രമേ ഇത് സാധ്യമാകൂ എന്നും 56കാരനായ റോബര്‍ട്ട് വിശദീകരിച്ചു.

കയറോ സേഫ്റ്റി ബെല്‍റ്റോ പോലെയുള്ള യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെയായിരുന്നു ഇയാള്‍ 202 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തില്‍ കയറിയത്. അതുകൊണ്ടുതന്നെ ഈ ഉദ്യമം നിയമവിരുദ്ധമാണ്. ലണ്ടന്‍ പോലീസ് അല്‍പ സമയത്തിനകം സ്ഥലത്തെത്തുകയും കെട്ടിടത്തിനു സമീപത്തുള്ള ഗതാഗതം നിര്‍ത്തുകയും ചെയ്തു. ഫ്രഞ്ച് സ്‌പൈഡര്‍മാന്റെ പ്രകടനം കാണാനെത്തിയ ആള്‍ക്കൂട്ടത്തെയും പിന്നിലേക്ക് മാറ്റി. സാഹസിക പ്രകടനത്തിനു ശേഷം ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌പൈഡര്‍മാന്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്.

5 അടി 5 ഇഞ്ച് ഉയരവും 50 കിലോ മാത്രം ശരീരഭാരവുമുള്ള ഇയാളുടെ കൊഴുപ്പ് കുറഞ്ഞ ശരീരഘടനയാണ് ഈ പ്രത്യേക കഴിവുകള്‍ നല്‍കുന്നത്. കെട്ടിടങ്ങളില്‍ നിയമവിരുദ്ധമായി കയറുന്നത് പതിവാക്കിയതിനാല്‍ അത്തരം ഉദ്യമങ്ങള്‍ക്കു ശേഷം അറസ്റ്റിലാകുന്നതും സ്ഥിരമാണ്. അതുകൊണ്ട് സ്വന്തം പാസ്‌പോര്‍ട്ട് ഇയാള്‍ എപ്പോഴും കൂടെ കരുതാറുണ്ട്. കെട്ടിടങ്ങളില്‍ കയറാന്‍ ഇയാള്‍ ഉപയോഗിക്കാറുള്ളത് വളരെ കനം കുറഞ്ഞ ഗ്ലൗസും ചോക്ക് പൊടിയുമാണ്. ഈ ചോക്ക് സൂക്ഷിക്കുന്ന ബാഗിലാണ് പാസ്‌പോര്‍ട്ടും സൂക്ഷിക്കുന്നത്. ഇന്നലെ ഉച്ചക്കു ശേഷം 1.59നാണ് ഇയാള്‍ കെട്ടിടത്തില്‍ കയറാന്‍ തുടങ്ങിയത്. 2.14ന് മുകളില്‍ എത്തുകയും ചെയ്തു.

ന്യൂസ് ഡെസ്ക്

ശബരിമലയെ കലാപഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി. കർശനമായി നേരിടാനുറച്ച് സർക്കാർ നടപടികൾ ആരംഭിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ 1407 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. 258 കേസുകളാണ് ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

എറണാകുളത്തുനിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ നിന്ന് 75 പേരെയും തൃപ്പൂണിത്തുറയില്‍ നിന്ന് 51 പേരേയും ഇന്നലെ രാത്രി മുതല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരും നിരോധനാജ്ഞ ലംഘിച്ചവരുമാണ്. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പോലീസ് പുറത്തു വിട്ടിരുന്നു. കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു.

സുപ്രീംകോടതിവിധി എന്തായാലും അത് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നും നടപ്പാക്കിയില്ലെങ്കിൽ സർക്കാരിന് നിലനിൽപ്പുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും അവർക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതും തടയാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി 1991-ലാണ് വന്നത്. ആചാരത്തിന്റെ പേരിൽ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്ന ഈ വിധി എൽ.ഡി.എഫിന് സ്വീകാര്യമായിരുന്നില്ല. ഇതിനുശേഷം മൂന്നുതവണ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നിട്ടും ആ വിധിക്കെതിരേ അപ്പീൽ പോകാതെ വിധി നടപ്പാക്കുകയാണ് ചെയ്തത്. ഒരുതരത്തിലും ഇക്കാര്യത്തിൽ എൽ.ഡി.എഫ്. ഇടപെട്ടിട്ടില്ല.

എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് 12 വർഷംമുൻപ്‌ സുപ്രീംകോടതിയെ സമീപിച്ച യങ്‌ ലോയേഴ്സ് അസോസിയേഷൻ പ്രതിനിധികൾ സംഘപരിവാറുമായി ബന്ധമുള്ളവരായിരുന്നു. ഇത്രയും കാലമായിട്ടും കോൺഗ്രസോ ബി.ജെ.പി.യോ കേസിൽ കക്ഷി ചേർന്നിരുന്നില്ല. കോടതി ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ എൽ.ഡി.എഫ്. സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ആവശ്യപ്പെട്ടത് എല്ലാ സ്ത്രീകൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നായിരുന്നു. അതുകൊണ്ടാണ് വിധിക്കെതിരേ സുപ്രീംകോടതിയിൽ സർക്കാർ പുനഃപരിശോധനാ ഹർജി കൊടുക്കാത്തത്. മുൻ നിലപാടിനെതിരേ പുനഃപരിശോധനാ ഹർജി കൊടുത്താൽ പറഞ്ഞവാക്കിന് വിലയില്ലാത്ത സർക്കാരാണിതെന്ന് കോടതി വിലയിരുത്തും.

ഡെബെന്‍ഹാംസിന്റെ നഷ്ടം 500 മില്യന്‍ പൗണ്ടെന്ന് സൂചന. ഇന്ന് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. യുകെയിലെ 165 സ്‌റ്റോറുകളില്‍ 50 എണ്ണം അടച്ചുപൂട്ടാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ഇത് ആയിരക്കണക്കിനാളുകളുടെ തൊഴിലിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ചെയിനായ ഡെബെന്‍ഹാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക നഷ്ടമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. വെറും 33 മില്യന്‍ പൗണ്ടിന്റെ ലാഭം മാത്രമാണ് ഈ വര്‍ഷം കമ്പനിക്കുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുകെയിലെ മൂന്നിലൊന്ന് സ്റ്റോറുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം. പത്ത് സ്റ്റോറുകള്‍ മാത്രമേ അടച്ചുപൂട്ടുന്നുള്ളു എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

യുകെയില്‍ മാത്രം കമ്പനിക്ക് 27,000 ജീവനക്കാരുണ്ട്. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്റ്റോറുകളുടെ എണ്ണം കുറയ്ക്കുന്നതോടെ 5000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കരുതുന്നത്. 2003ല്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനികളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഏറ്റെടുത്ത 300 മില്യന്‍ പൗണ്ടിന്റെ ഗുഡ് വില്‍ ചാര്‍ജ് അതേപടി നിലനില്‍ക്കുന്നതിനാല്‍ സാമ്പത്തികമായി കമ്പനിക്ക് പ്രശ്‌നങ്ങളൊന്നും നേരിടാന്‍ സാധ്യതയില്ല. ഇതിന്റെ ഡിവിഡന്റുകള്‍ പക്ഷേ റദ്ദാകും. ക്യാപ്പിറ്റല്‍ എക്‌പെന്‍ഡിച്ചറിനായി മാറ്റിവെച്ചിരിക്കുന്ന 70 മില്യന്‍ പൗണ്ടും റദ്ദായേക്കും. സ്റ്റോറുകള്‍ അടച്ചു പൂട്ടാനുള്ള ഡെബെന്‍ഹാംസിന്റെ ശ്രമത്തിനു തിരിച്ചടിയേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

സ്റ്റോറുകള്‍ക്കായി രൂപമാറ്റം വരുത്തിയ പ്രോപ്പര്‍ട്ടികള്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഉടമസ്ഥരുടെ പ്രതികരണം മോശമാകാന്‍ സാധ്യതയില്ല. ബ്രിട്ടീഷ് ഹൈസ്ട്രീറ്റ് സ്‌റ്റോറുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ചിത്രമാണ് ഡെബന്‍ഹാംസ് നേരിടുന്ന നഷ്ടവും നല്‍കുന്നത്. വന്‍കിട ചെയിനുകളായിരുന്ന കാര്‍പ്പറ്റ്‌റൈറ്റ്, മദര്‍കെയര്‍, ന്യൂലുക്ക് എന്നിവ കമ്പനി വോളന്ററി അറേഞ്ച്‌മെന്റിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നഷ്ടത്തിലായ കമ്പനികള്‍ക്ക് മറ്റു ധാരണകളില്‍ എത്തിച്ചേര്‍ന്ന് നഷ്ടം നികത്താനുള്ള സമയം അനുവദിക്കുന്ന സംവിധാനമാണ് സിവിഎ. എന്നാല്‍ ഈ മാര്‍ഗ്ഗത്തില്‍ നീങ്ങുന്നില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ഡെബെന്‍ഹാംസ് വ്യക്തമാക്കിയിരുന്നു.

Copyright © . All rights reserved