ന്യൂഡല്‍ഹി: കരസേനാ മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ റോഡരികില്‍ കണ്ടെത്തി. മൃതദേഹത്തില്‍ വാഹനം കയറിയിറങ്ങിയ പാടുകളുമുണ്ട്. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ഫിസിയോതെറാപ്പിക്കായി ആശുപത്രിയിലേക്ക് പോയ 30 കാരിയായ വീട്ടമ്മയെ അര മണിക്കൂറിനുശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫിസിയോതെറാപ്പിക്കായി മേജറുടെ ഔദ്യോഗിക വാഹനത്തിലാണ് ഭാര്യ ആശുപത്രിയിലെത്തിയത്. ആശുപത്രിക്ക് പുറത്തുനിന്ന് അവര്‍ മറ്റൊരു കാറില്‍ കയറിയതായി വിവരം ലഭിച്ചിട്ടുണ്ട്.
30 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും പ്രതിയെപ്പറ്റി വ്യക്തമായ സൂചനകള്‍ ലഭിച്ചുകഴിഞ്ഞുവെന്നും പോലീസ് പറഞ്ഞു.
അപകടം നടന്നുവെന്ന വിവരമാണ് ആദ്യം പോലീസിന് ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘമാണ് കൊലപാതകം സ്ഥിരീകരിച്ചത്. ഉടന്‍തന്നെ മേജറെ പോലീസ് വിവരം അറിയിച്ചു.
തൃശൂര്‍/കൊടുങ്ങല്ലൂര്‍: ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക് തമീം ബിന്‍ അല്‍താനിയുടെ പൂര്‍ണകായ ചിത്രം സ്വര്‍ണം പൂശി വരപ്പിക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെന്ന വ്യാജ ഇമെയില്‍ അയച്ച് ഖത്തര്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ അഞ്ചു കോടി രൂപ തട്ടിയെടുത്ത മലയാളി പോലീസ് പിടിയിലായി. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളയ്ക്കല്‍ സുനില്‍ മേനോനെ (47)യാണ് കൊടുങ്ങല്ലൂര്‍ സി.ഐ: പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നാണു പിടികൂടിയത്.
വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. സ്വയം ഉണ്ടാക്കിയ ആപ്പ് ഉപയോഗിച്ച് കൊടുങ്ങല്ലൂരിലെ വീട്ടിലിരുന്നായിരുന്നു തട്ടിപ്പ്. ഖത്തര്‍ ഭരണാധികാരിയായ ഷെയ്ക് തമീം ബിന്‍ അല്‍താനിയുടെ പൂര്‍ണകായ ചിത്രം േലാകത്തെ വിഖ്യാത ചിത്രകാരന്‍മാരെക്കൊണ്ട് സ്വര്‍ണം പൂശി വരപ്പിക്കാന്‍ അമേരിക്കന്‍ ഓണ്‍െലെന്‍ കമ്പനിയായ ജെറോം നെപ്പോളിനെ എല്‍പ്പിച്ചിട്ടുണ്ടെന്നും പത്തു ചിത്രങ്ങള്‍ വരയ്ക്കാന്‍ 10.40 കോടി രൂപയാണു പ്രതിഫലമെന്നും മുന്‍കൂറായി 5.20 കോടി കൈമാറണമെന്നും പറഞ്ഞ് ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരിലുള്ള വ്യാജ ഇമെയിലിലൂടെ ഖത്തര്‍ മ്യൂസിയം വകുപ്പിന് ഇ-മെയില്‍ സന്ദേശം അയച്ചു.
രാജകുടുംബത്തിന്റെ പേരിലുള്ള സന്ദേശമായതിനാല്‍ ഖത്തര്‍ മ്യൂസിയത്തിലെ ധനകാര്യ ഉദ്യോഗസ്ഥന്‍ സംശയിച്ചില്ല. മെയിലില്‍ പറഞ്ഞിരുന്ന അക്കൗണ്ടിലേക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ പണം കൈമാറി. പിന്നീട് അമേരിക്കന്‍ കമ്പനിയുമായി ഇമെയില്‍ മുഖേന ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിക്കാതായതോടെയാണു തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഖത്തര്‍ ഐ.ടി. വകുപ്പിലെ ഉദ്യോഗസ്ഥന്‍ കൊടുങ്ങല്ലൂരിലെത്തി പോലീസിന് പരാതി നല്‍കിയിരുന്നു. എസ്.ബി.ഐയുടെ കൊടുങ്ങല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് അക്കൗണ്ട് വഴിയാണു പണം സ്വീകരിച്ചത്. 5.20 കോടി രൂപയില്‍ നാലരക്കോടി സുനില്‍ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചു. 23 ലക്ഷം രൂപയ്ക്ക് പുതിയ ജീപ്പ് വാങ്ങി. 15ലക്ഷത്തോളം രൂപ ബന്ധുക്കള്‍ക്ക് വായ്പ നല്‍കുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
സുനില്‍ ദീര്‍ഘകാലം ഖത്തറിലെ കമ്പനികളില്‍ അക്കൗണ്ടന്റായിരുന്നു. നാട്ടില്‍ വന്ന ശേഷം ഓണ്‍െലെന്‍ ബിസിനസുകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഖത്തറിലെ ചില സൂഹൃത്തുക്കളുടെ സഹായത്തോടെ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെയും ഖത്തര്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥരുടെയും ഇ-മെയില്‍ വിലാസം കണ്ടെത്തി. പിന്നീട് ജെറോം നെപ്പോളിന്‍ എന്ന പേരില്‍ വ്യാജ ഇ-മെയില്‍ വിലാസം ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. രണ്ടു വര്‍ഷത്തോളം ഗവേഷണം നടത്തിയാണു തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ഇ-മെയില്‍ ഐഡിയില്‍നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് അനധികൃതമായി ഇ-മെയില്‍ അയയ്ക്കണമെങ്കില്‍ സ്ഥാപനത്തിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്യണം. അതിനു പകരം ഒരു ആപ്പ് വഴിയാണു സുനില്‍ തട്ടിപ്പ് നടത്തിയത്. ഈ ആപ്പ് ഉപയോഗിച്ച് ആരുടെ പേരില്‍ വേണമെങ്കിലും ഇ-മെയില്‍ അയയ്ക്കാം. ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരിലുള്ള സന്ദേശം ഈ ആപ്പ് ഉപയോഗിച്ച് ഖത്തര്‍ മ്യൂസിയത്തിന്റെ ഇ-മെയിലിലേക്ക് അയച്ചായിരുന്നു തട്ടിപ്പ്.
ലണ്ടന്‍: ബ്രക്‌സിറ്റ് നിലവില്‍ വരുന്നതോടെ യുകെയിലെ വിപണി കമ്പനികള്‍ക്ക് പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇ്കാര്യത്തില്‍ വ്യക്തതയാവശ്യപ്പെട്ട് എയര്‍ബസിന് പിന്നാലെ ബി.എം.ഡബ്യൂയും രംഗത്ത് വന്നു. ബ്രക്‌സിറ്റ് നിലവില്‍ വരുന്നതോടെ യൂറോപ്യന്‍ വിപണിയില്‍ വമ്പന്‍ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജ്യവിടുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് ബി.എം.ഡബ്യൂ രംഗത്ത് വന്നിരിക്കുന്നത്. വിപണിയിലെ മാറ്റങ്ങള്‍ സംബന്ധിച്ച കൃത്യമായി വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ബി.എം.ഡബ്യൂ യൂകെ മേധാവി ഇയാന്‍ റോബര്‍ട്ട്‌സണ്‍ ആവശ്യപ്പെട്ടു. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട അരക്ഷിതാവസ്ഥ തുടരുകയാണെങ്കില്‍ രാജ്യവിടുമെന്ന് എയര്‍ബസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ വിപണിയെ ബ്രക്‌സിറ്റ് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടി കാണിച്ചായിരുന്നു കമ്പനിയുടെ മുന്നറിയിപ്പ്.
ഏതാണ്ട് 14,000ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് എയര്‍ബസ്. യുകെയില്‍ നിന്ന് കമ്പനി മാറ്റി സ്ഥാപിച്ചാല്‍ രാജ്യത്തെ തൊഴില്‍ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ വിപണിയെയും വ്യാവസായിക മേഖലയേയും യാതൊരുവിധത്തിലും ബ്രക്‌സിറ്റ് പ്രതികൂലമായി ബാധിക്കില്ലെന്ന നിലപാടിലാണ് യുകെ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ യാതൊരുവിധ അവ്യക്തതയുമില്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ബ്രക്‌സിറ്റ് പ്രത്യാഘാതങ്ങളെക്കുറിച്ച് വന്‍കിട കമ്പനികള്‍ ആശങ്കയിലാണെന്നാണ് ബി.എം.ഡബ്യൂവിന്റെ മുന്നറിയിപ്പിലൂടെ വ്യക്തമാവുന്നത്. യൂറോപ്യന്‍ യൂണിയനിലെ 28 അംഗങ്ങള്‍ക്കും ഡ്യൂട്ടി ഫ്രീ വിപണന സാധ്യത ബ്രക്‌സിറ്റിന് ശേഷം ഇല്ലാതാകും. നിലവില്‍ യൂറോപ്പിന് പുറത്തുള്ള വിപണിക്ക് സമാനമായി 27 അംഗരാജ്യങ്ങളില്‍ നിയമങ്ങള്‍ വരാന്‍ സാധ്യതയുള്ളതായി സാമ്പത്തിക വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു.
യൂകെയില്‍ ബി.എം.ഡബ്യൂ നിര്‍മ്മിക്കുന്നത് റോള്‍സ് റോയിസ് കാറുകളാണ്. കമ്പനിയില്‍ ഏതാണ്ട് 8000ത്തോളം തൊഴിലാളികളുമുണ്ട്. ബ്രക്‌സിറ്റ് നയമാറ്റത്തിലുണ്ടാകുന്ന കാര്യങ്ങളില്‍ വ്യക്തത നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ കമ്പനി രാജ്യവിടുമെന്നാണ് സൂചന. എന്നാല്‍ ഇക്കര്യം സംബന്ധിച്ച് യാതൊരു ഔദ്യോഗിക വിശദീകരണങ്ങളും വന്നിട്ടില്ല. സര്‍ക്കാരിന്റെ ട്രേഡ് നയങ്ങളെക്കുറിച്ചും നികുതി നിരക്കുകളെക്കുറിച്ചും കൃത്യമായി വിവരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാണം. ഒരുമാസത്തിനുള്ള ഇതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ കമ്പനി ഇതര മാര്‍ഗങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്ന് ബി.എം.ഡബ്യൂ യൂകെ മേധാവി ഇയാന്‍ റോബര്‍ട്ട്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹേയ് ഫീവര്‍ പ്രതിരോധ മരുന്ന് കഴിച്ച് നിരത്തിലിറങ്ങുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യപ്പെടുമെന്ന് സൂചന. പ്രതിരോധ മരുന്ന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഹെറോയിന്‍, കഞ്ചാവ് തുടങ്ങിയവ ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോള്‍ ലഭിക്കുന്ന കേസിന് സമാനമായിരിക്കും പ്രതിരോധ മരുന്നെടുക്കുന്ന ഡ്രൈവര്‍മാരും ചാര്‍ജ് ചെയ്യപ്പെടുക. 20 മില്യണിലധികം ഡ്രൈവര്‍മാരാണ് സ്ഥിരമായി ആന്റിഹിസ്തമിന്‍ എന്ന പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ മരുന്ന്. ഉറക്കമില്ലാഴ്മ, ക്ഷീണം, തലച്ചോറിന്റെ സ്ഥിരതയില്ലാഴ്മ തുടങ്ങിയവയാണ് ആന്റിഹിസ്തമിന്‍ സൃഷ്ടിക്കുന്ന പ്രധാന പാര്‍ശ്വഫലങ്ങള്‍.
ഈ മരുന്ന് ഉപയോഗിച്ച് കഴിഞ്ഞാല്‍ നിരത്തില്‍ കൃത്യതയോടെ വാഹനമോടിക്കാന്‍ കഴിയില്ല. അത് അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും. ആന്റിഹിസ്തമിന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഭൂരിഭാഗം ഡ്രൈവര്‍മാരും ഇവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ്. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ടാബ്‌ലെറ്റുകള്‍ വാഹനമോടിക്കുമ്പോള്‍ ഉപയോഗിക്കരുതെന്ന് വിദഗ്ദ്ധര്‍ കര്‍ശന നിര്‍ദേശം നല്‍കുന്നു. ആന്റിഹിസ്തമിന്‍ പ്രധാനമായും തടസപ്പെടുത്തുന്നത് മനുഷ്യന്‍ റിയാക്ട് ചെയ്യാനുള്ള കഴിവിനെയാണ്. റിയാക്ഷന്‍ സമയം വര്‍ദ്ധിക്കുമ്പോള്‍ നിരത്തില്‍ കൃത്യതയുണ്ടാവില്ല. അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാല്‍ മദ്യത്തിന്റെ സ്വാധീത്തെക്കാള്‍ അപകടം നിറഞ്ഞതായി മാറാനും സാധ്യതയുണ്ട്.
സമീപകാലത്തെ ഏറ്റവും തെളിച്ചമുള്ള സമ്മറാണ് യുകെയില്‍ ലഭ്യമായിട്ടുള്ളത്. ഇത് അന്തരീക്ഷത്തിലെ പോളണ്‍ കണങ്ങളുടെ അളവും ഗണ്യമായി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഹേയ് ഫീവര്‍ ഭീതിയില്‍ നിന്ന് മുക്തി നേടുകയെന്ന ഉദ്ദേശത്തോടെയാണ് പലരും ഇത്തരം ടാബ്‌ലെറ്റുകള്‍ കഴിക്കുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തവണ ഹേയ് ഫീവര്‍ നിരവധി ഡ്രൈവര്‍മാരെ പിടികൂടിയതായി മോട്ടോറിംഗ് എഡിറ്ററായ അമാന്റാ സ്‌റ്റ്രേട്ടണ്‍ വ്യക്തമാക്കുന്നു. ഫീവറിനെ പ്രതിരോധിക്കാന്‍ എടുക്കുന്ന മരുന്നുകളെക്കുറിച്ച് കൃത്യതയില്ല. ഇതിനായി ഡ്രൈവര്‍മാര്‍ വിദഗ്ദ്ധരായ ആളുകളെ സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 1,106 ഡ്രൈവര്‍മാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളാണ്.
ലണ്ടന്‍: എന്‍.എച്ച്.എസിന്റെ നേതൃത്വത്തില്‍ യുകെയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ക്ലിനിക്ക് സ്ഥാപിതമാകുന്നു. ലണ്ടന്‍ ആശുപത്രിയിലായിരിക്കും പുതിയ സംവിധാനം നിലവില്‍ വരിക. സംരഭത്തിന്റെ മേല്‍നോട്ടവും ഫണ്ടിംഗും കൈകാര്യം ചെയ്യുക എന്‍.എച്ച്.എസായിരിക്കും. സമീപകാലത്ത് യുകെയിലെ കൗമാര പ്രായക്കാര്‍ക്കിടയില്‍ ഗെയിമിംഗ് ഡിസോഡറുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇത്തരം ഡിസോഡറുകളെ ഫലപ്രദമായി നേരിടാനും സൗജന്യ ചികിത്സാ ലഭ്യമാക്കുന്നതിനും പുതിയ പദ്ധതി ഗുണകരമാവും. ഗെയിമിംഗ് ഡിസോഡറുകള്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന അസുഖമാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ചിരുന്നു.
ക്ലിനിക്കിന്റെ മേല്‍നോട്ടം സെന്‍ഡ്രല്‍ ആന്റ് നോര്‍ത്ത്‌വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഗെയിമിംഗ് ഡിസോഡറുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുക. എന്നാല്‍ പിന്നീട് ഇന്റര്‍നെറ്റ് സംബന്ധിയായ അഡിക്ഷനുകള്‍ക്കും ചികിത്സ ക്ലിനിക്കില്‍ ലഭ്യമാക്കുമെന്നാണ് വിവരം. നിലവില്‍ ഗെയിമിംഗ് അഡിക്ഷനുകള്‍ക്ക് ചില സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ ലഭ്യമാണ് എന്നാല്‍ ഇതിന് വലിയ തുക ചെലവഴിക്കേണ്ടി വരും. എന്‍എച്ച്എസ് സ്ഥാപനം നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നം മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പോണ്‍ വീഡിയോ അഡിക്ഷന്‍ പോലുള്ള രോഗങ്ങള്‍ക്കും ഭാവിയില്‍ ക്ലിനിക്കില്‍ ചികിത്സാ സൗകര്യം ലഭ്യമാകും. ലോകത്തിലെ മിക്ക രാജ്യങ്ങളും ഇത്തരം ഇന്റര്‍നെറ്റ്, ഗെയിമിംഗ് അഡിക്ഷനുകള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു എന്‍എച്ച്എസ് ക്ലിനിക്ക് യാഥാര്‍ത്ഥ്യമാകുന്നത്. ഈ രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയെന്നത് എന്‍എച്ച്എസിനെ സംബന്ധിച്ചടത്തോളം ധാര്‍മിക ഉത്തരവാദിത്വം ഉണ്ടായിരുന്നു. കൗമാരാക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ പുതിയ പദ്ധതി ഗുണകരമാവുമെന്നത് തീര്‍ച്ചയാണെന്നും സൈക്യാര്‍ട്ടിസ്റ്റായ ഹെന്റിറ്റ ബോവ്ഡന്‍-ജോണ്‍സ് വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ്, ഗെയിമിംഗ് അഡിക്ഷന്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയും കൗമാര പ്രായക്കാരെയുമാണ്. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും വിഷയത്തിലുള്ള അറിവില്ലാഴ്മ മാതാപിതാക്കളെ ആശയകുഴപ്പത്തിലാക്കുന്നു. പുതിയ ക്ലിനിക്ക് വരുന്നതോടെ ഇത്തരം അഡിക്ഷനുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാകുമെന്നാണ് എന്‍എച്ച്എസ് കരുതുന്നത്.
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ജൂണ്‍ 23-ാം തിയതി സൗത്ത്‌ലാന്‍ഡ് ഹൈസ്‌കൂളില്‍ (തകഴി ശിവശങ്കരപ്പിള്ള നഗര്‍) നടക്കുന്ന കുട്ടനാട് സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാള്‍ റവ.ഫാ.ഡോ.മാത്യു ചൂരപ്പൊയ്കയില്‍ സംഗമം ഉദ്ഘാടനം ചെയ്യും. അവയവദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്ന് മുഖ്യ പ്രഭാഷണം നടത്തും. കുട്ടനാട്ടില്‍ നിന്ന് വന്ന ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ഡോ.ജോസ് പയ്യനാട്ട് കുട്ടനാടിന്റെ സ്‌നേഹ സന്ദേശം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കുട്ടനാട് മുന്‍ എംഎല്‍എ ഡോ.കെ.സി.ജോസഫ് എന്നിവര്‍ തല്‍സമയം ആശംസകളുമായെത്തും, രജിസ്‌ട്രേഷന്‍ നടപടികള്‍ 9.30 ആരംഭിക്കും.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം കുടുംബങ്ങള്‍ കുട്ടനാട് സംഗമം 2018ല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലും സിന്നി കാനാച്ചേരിയും അറിയിച്ചു. ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടനാടന്‍ മക്കള്‍ക്ക് കുട്ടനാട് ബ്രില്യന്‍സ് അവാര്‍ഡായ റോണി ജോണ്‍ സ്മാരക എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.
കുട്ടനാടിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന കലാരൂപങ്ങളായ ഞാറ്റ്പാട്ട്, കൊയ്ത്ത് പാട്ട്, തേക്കുപാട്ട്, കുട്ടനാടന്‍ നാടന്‍ പാട്ടുകള്‍ എന്നിവ സ്റ്റേജില്‍ പുനരവതരിപ്പിക്കപ്പെടും. വഞ്ചിപ്പാട്ട്, ഒരു കുട്ടനാടന്‍ കവിത, വള്ളംകളി കമന്‍ട്രി, ഒരു കുട്ടനാടന്‍ സെല്‍ഫി ഈ മനോഹര തീരം (മൊബൈല്‍ ഫോട്ടോഗ്രഫി), കുട്ടനാട് യംഗ് ടാലന്റ് അവാര്‍ഡ്, കുട്ടനാട് സംഗമത്തിനും വള്ളംകളിക്കും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡും കുട്ടനാടന്‍ മക്കളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള അനേകം കലാപരിപാടികളും ചരിത്രപ്രസിദ്ധമായ കുട്ടനാടന്‍ സദ്യയുമൊക്കെയായി കുട്ടനാട് സംഗമം വര്‍ണ്ണാഭവും ദൃശ്യമനോഹരവുമായിരിക്കുമെന്ന് പ്രോഗ്രാം റിസപ്ഷന്‍മാരായ മോനിച്ചന്‍ കിഴക്കേച്ചിറ, സിനി, സിന്നി, പൂര്‍ണ്ണിമ ജയകൃഷ്ണന്‍, ഷൈനി ജോണ്‍സണ്‍, മെറ്റി സജി, ബിന്‍സി പ്രിന്‍സ് എന്നിവര്‍ അറിയിച്ചു. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാനുള്ള അവസരം ഈ വര്‍ഷം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.
Venue
Southland High School
Clover Road
Chorley
PR7 2NJ
യുകെ മലയാളി സമൂഹത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച് വിടവാങ്ങിയ അബ്രഹാം ജോര്‍ജ്ജിന് നാളെ യുകെ മലയാളി സമൂഹം യാത്രാമൊഴി ചൊല്ലും. നാളെ രാവിലെ ഒന്‍പതു മുതല്‍ 11.30 വരെ ഷെഫീല്‍ഡിലെ സെന്റ് പാട്രിക്സ് കാത്തോലിക് ചര്‍ച്ചിലാണ് പൊതു ദര്‍ശനം നടക്കുക. പൂക്കള്‍, പൂച്ചെണ്ട്, റീത്തുകള്‍ എന്നിവയ്ക്കു പകരം നിങ്ങളുടെ സംഭാവനകള്‍ ദേവാലയത്തില്‍ സ്ഥാപിക്കുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ യുകെയുടെ ഡോണേഷന്‍ ബോക്സിലേക്ക് നിക്ഷേപിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും.
യുകെ മലയാളികളുടെ മുഴുവന്‍ അപ്പിച്ചായനായിരുന്ന അബ്രഹാം കഴിഞ്ഞ ഞായറാഴ്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലം മരണത്തിനു കീഴടങ്ങിയത്. രണ്ടാം കുടിയേറ്റ കാലത്ത് യുകെയിലെത്തി പിന്നീടെത്തിയ മലയാളികള്‍ക്ക് മുഴുവന്‍ വഴികാട്ടിയായ വ്യക്തിത്വമായിരുന്നു അബ്രഹാമിന്റേത്. മലയാളികളുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സജീവമായി ഒപ്പമുണ്ടായിരുന്ന ഈ മനുഷ്യ സ്നേഹിയുടെ വിടവാങ്ങല്‍ ഷെഫീല്‍ഡ് മലയാളി സമൂഹത്തിനും യുകെ മലയാളികള്‍ക്കും തീരാ നഷ്ടമാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അബ്രഹാമിനെ പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ പിടികൂടിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സകളെല്ലാം നടന്നു വരികെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ ഷെഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ച് മരിച്ചത്. 64 വയസായിരുന്നു പ്രായം. അസുഖം കണ്ടെത്തിയ ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ കാലാവധിയെയും രോഗത്തെയും തന്റെ മനോബലം കൊണ്ടു പുറകിലാക്കിയായിരുന്നു അപ്പിച്ചായന്റെ ജീവിതം. തന്റെ അസുഖത്തെ ഗൗനിക്കാതെ സാമൂഹിക സാംസ്‌കാരിക ആത്മീയ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു.
ഷെഫീല്‍ഡ് മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും യുക്മയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു അബ്രഹാം ജോര്‍ജ്ജ്. 2005ല്‍ തുടങ്ങിയ ഷെഫീര്‍ഡ് അസോസിയേഷനില്‍ രണ്ടു പ്രാവശ്യം പ്രസിഡണ്ട് ആവുകയും അന്നുമുതല്‍ ഇന്നുവരെ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. യുക്മയുടെ ദേശീയ കമ്മറ്റിയില്‍ നാലുപ്രാവശ്യം അംഗമായിരുന്നു. അസുഖമായ കാലഘട്ടങ്ങളില്‍ പോലും അസോസിയേഷന്‍ പരിപാടികളില്‍ പങ്കെടുക്കാനും നേതൃസ്ഥാനങ്ങള്‍ വഹിക്കാനുമുള്ള ചങ്കൂറ്റം കാട്ടിയ ഉറച്ച മനസിന് ഉടമയായിരുന്നു അബ്രഹാം.
ഏതൊരു യോഗത്തിലും ഒരു കാരണവരുടെ സ്ഥാനമായിരുന്ന അപ്പിച്ചായന്‍ മറ്റുള്ളവര്‍ക്ക് നല്ലൊരു മാര്‍ഗ്ഗദര്‍ശിയും ഉപദേശകനും ആയിരുന്നു. കേരളത്തിലെ റോട്ടറി ക്ലബ്ബില്‍ തുടങ്ങിയ സംഘടനാ പാടവവും അസാമാന്യ പ്രഭാഷണ പാടവവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സൗമ്യമായ പെരുമാറ്റവും സരസമായ സംഭാഷണങ്ങളും രാഷ്ട്രീയപരമായും സാഹിത്യപരമായും കലാപരമായുമുള്ള ആഴമായ അറിവും മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയിരുന്നു. യുകെയിലെ മാഞ്ചസ്റ്റര്‍ മാര്‍ത്തോമ്മാ സഭ ഇടവകയുടെ വൈസ് പ്രസിഡന്റും ആയിരുന്നു.
കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകാംഗമായ അപ്പിച്ചായന്‍ അവിടുത്തെ പ്രമുഖമായ തെക്കേമലയിലെ വരാമണ്ണില്‍ കുടുംബാംഗമാണ്. ഭാര്യ സൂസന്‍ ജോര്‍ജ്ജ് തെക്കേമല പാലാംകുഴിയില്‍ കുടുംബാംഗമാണ്. ഡോ. സുജിത്ത് അബ്രഹാം (ജിപി), സിബിന്‍ എബ്രഹാം എന്നിവരാണ് മക്കള്‍. ഷെറിന്‍, അനു എന്നിവര്‍ മരുമക്കളാണ്.
ദേവാലയത്തിന്റെ വിലാസം
St. Patrick’s Catholic Church,
Sheffield Lane Top,
Barnsley Road, Sheffield S5 0QF
അപകടകരമായി വാഹനമോടിച്ച് യാത്രക്കാരിയായിരുന്ന റഷ്യന്‍ യുവതിക്ക് ശാരീരിക വൈകല്യമുണ്ടാക്കിയതിന് ശിക്ഷയ്ക്ക് വിധേയനായ ഡോക്ടര്‍ക്ക് ജോലിയില്‍ തുടരാന്‍ അനുമതി. അച്ചടക്ക സമിതിയാണ് ഈ തീരുമാനം എടുത്തത്. എകറ്ററീന നൂസ് എന്ന 20കാരിയായ യുവതിക്ക് അപകടത്തില്‍ നട്ടെല്ലിനേറ്റ് ക്ഷതം മൂലം പക്ഷാഘാതമുണ്ടായിരുന്നു. എന്നാല്‍ തന്റെ ജീവിതം വീല്‍ചെയറിലാക്കിയ ഡോ. റവാഫിന് കൂടുതല്‍ ശിക്ഷ നല്‍കേണ്ടതില്ലെന്ന് എകറ്ററീന പറയുന്നു. അപകടത്തിനു ശേഷം ഇവരുടെ ചലനശേഷി തിരിക ലഭിക്കുന്നതിനായി എല്ലാ സഹായവുമായി ഡോക്ടര്‍ ഒപ്പം നില്‍ക്കുന്നതിനാലാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കേണ്ടതില്ലെന്ന് അച്ചടക്ക സമിതിയും തീരുമാനിച്ചത്.
ഒരു റെസ്‌റ്റോറന്റില്‍ ഡിന്നറിനു ശേഷം ഡോ.റവാഫ് എകറ്ററീനയെ വീട്ടിലേക്ക് തന്റെ കാറില്‍ കൊണ്ടുപോകുകയായിരുന്നു. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ സൗത്ത് ലണ്ടനിലെ വാന്‍ഡ്‌സ് വര്‍ത്തില്‍ വെച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം. 40 മൈലിനു മേല്‍ വേഗതയിലെത്തിയ കാര്‍ ഒരു റൗണ്ടെബൗട്ടില്‍ കരണം മറിയുകയും പോസ്റ്റുകളില്‍ ഇടിക്കുകയുമായിരുന്നു. റവാഫിന് കാര്യമായ പരിക്കുകള്‍ ഉണ്ടായില്ലെങ്കിലും എകറ്റെറീനയുടെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റിരുന്നു. ഇതു മൂലം അരയ്ക്ക് താഴേക്ക് ശരീരത്തിന് സ്വാധീനം നഷ്ടമായി. അപകടകരമായി വാഹനമോടിച്ച് സാരമായ പരിക്കുകള്‍ക്ക് കാരണമായതിന് കഴിഞ്ഞ ഒക്ടോബറില്‍ റവാഫിന് 16 മാസത്തെ ജയില്‍ശിക്ഷ കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതി വിധിച്ചു.
പിന്നീട് 80 മണിക്കൂര്‍ വേദനരഹിത ജോലി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ജയില്‍ ശിക്ഷ രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം മിക്ക ദിവസങ്ങളിലും റവാഫ് എകറ്ററീനയെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ചികിത്സ നല്‍കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്തതായി പാനല്‍ വിലയിരുത്തി. ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ ട്രോമ ആന്‍ഡ് ഓര്‍ത്തോപീഡിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലിനിക്കല്‍ എജ്യുക്കേഷന്‍ ഫെല്ലോ ആയ റവാഫ് നട്ടെല്ലിലുണ്ടാകുന്ന ക്ഷതങ്ങള്‍ ചികിത്സിക്കുന്ന വിദഗ്ദ്ധരുമായി നിരന്തരം ബന്ധപ്പെടുകയും അമേരിക്കയില്‍ ലഭിച്ച ജോലി പോലും വേണ്ടെന്ന് വെച്ച് എകറ്ററീനയുടെ ചികിത്സക്കായി തുടരുകയും ചെയ്തതോടെയാണ് ഡോക്ടറായി തുടരാന്‍ പാനല്‍ ഇയാള്‍ക്ക് അനുമതി നല്‍കിയത്.
എന്‍എച്ച്എസ് ആശുപത്രികളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബെഡ് ക്ഷാമത്തിന്റെ രൂക്ഷമുഖം വെളിപ്പെടുത്തുകയാണ് എസെക്‌സിലെ ബാസില്‍ഡന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലുണ്ടായ സംഭവം. ഗുരുതരാവസ്ഥയില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ എത്തിച്ച സോഫി ബ്രൗണ്‍ എന്ന സ്ത്രീക്ക് നിലത്ത് കിടത്തിയാണ് ചികിത്സ നല്‍കിയത്. കടുത്ത വേദനയുമായി എത്തിയ ഇവര്‍ക്ക് ഒരു ബെഡ് ലഭിക്കുന്നതിനായി അഞ്ചര മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഇവര്‍ ബോധരഹിതയായി വീഴുമെന്ന ഭീതിയില്‍ നിലത്ത് കിടക്കുകയായിരുന്നു.
ആശുപത്രിയിലെത്തുമ്പോള്‍ തന്റെ ഹൃദയമിടിപ്പ് ഉയര്‍ന്ന നിലയിലായിരുന്നു. സാധാരണ നിലയിലെത്താന്‍ അര മണിക്കൂറിനു മേല്‍ വേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. അതിനു മേല്‍ താന്‍ ജീവിച്ചിരിക്കില്ലെന്നാണ് കരുതിയതെന്ന് സോഫി പറയുന്നു. എക്‌സ് റേ എടുക്കുന്നതിനായി കൊണ്ടുപോയ തന്നോട് പിന്നീട് ക്ലിനിക്കല്‍ ഡിസിഷന്‍ യൂണിറ്റില്‍ ഇരിക്കാന്‍ നിര്‍ദേശിച്ചു. അവിടെ ഒരു കസേരയില്‍ തനിക്ക് മണിക്കൂറുകളോളം ഇരിക്കേണ്ടതായി വന്നു. തല കറങ്ങുന്നതു പോലെ തനിക്ക് തോന്നി. ബാഗില്‍ നിന്ന് ഒരു ബ്ലാങ്കറ്റ് വലിച്ചെടുത്ത് താന്‍ അതുമായി തറയിലേക്ക് വീഴുകയായിരുന്നു.
ഇതോടെ ഓടിയെത്തിയ നഴ്‌സുമാര്‍ വെയിറ്റിംഗ് റൂമില്‍ത്തന്നെ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എത്തിക്കുകയും രക്തപരിശോധന നടത്തുകയും ചെയ്തു. നെഞ്ചു വേദനയും കാലുകളില്‍ നീര്‍വീക്കവുമായി ജിപിയെ കാണാനെത്തിയ ഇവരെ എ ആന്‍ഡ് ഇയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
യുകെയില്‍ ബ്രെക്‌സിറ്റിനു ശേഷം തുടരുന്നതിനും അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിനുമായി യൂറോപ്യന്‍ പൗരന്‍മാര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഹോം ഓഫീസില്‍ സമര്‍പ്പിക്കേണ്ടി വരും. ഇന്നലെ അവതരിപ്പിച്ച പദ്ധതിയനുസരിച്ചാണ് ഇത്. സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കുന്നതിനായി 3.5 മില്യനോളം യൂറോപ്യന്‍ പൗരന്‍മാര്‍ ഇത്തരത്തില്‍ തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കേണ്ടി വരും. എന്നാല്‍ നിരവധി പേര്‍ക്ക് ഡിജിറ്റലായി ചെയ്യുന്ന ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും വിലയിരുത്തലുണ്ട്. നടപടിക്രമങ്ങള്‍ക്കായി 65 പൗണ്ട് ഫീസും നല്‍കേണ്ടതായി വരും. കുട്ടികള്‍ക്ക് ഇത് 32 പൗണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
മൂന്ന് തലങ്ങളിലായുള്ള പരിശോധനകളാണ് നടക്കുന്നത്. ആദ്യം ഐഡന്റിറ്റി പരിശോധന നടത്തും. രണ്ടാമതായി ഇവയോഗ്യതയാായിരിക്കും പരിശോധിക്കുക. മൂന്നാമതായി ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെയുള്ളവ പരിശോധിച്ച് രാജ്യത്ത് തുടരാന്‍ യോഗ്യരാണോ എന്ന കാര്യവും ഹോം ഓഫീസ് പരിശോധിക്കും. നിലവില്‍ എല്ലാ അവകാശങ്ങളോടെയും യുകെയില്‍ താമസിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ സ്റ്റാറ്റസ് പുനര്‍നിര്‍ണയിക്കുന്നതിനായി 300 മില്യന്‍ പൗണ്ടാണ് മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ തുക ആവശ്യമായി വന്നേക്കുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. ബ്രെക്‌സിറ്റിനു ശേഷം യുകെയിലുള്ള യൂറോപ്യന്‍ പൗരന്‍മാരെ ഏതു വിധത്തിലായിരിക്കും പരിഗണിക്കുക എന്ന വിഷയത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം പറയവെ ഹോം സെക്രട്ടറി സാജിദ് ജാവിദാണ് പദ്ധതികളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചത്.
ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഏറെ സംവാദങ്ങള്‍ക്ക് ഇടനല്‍കുന്ന പ്രശ്‌നമാണ് യൂറോപ്യന്‍ പൗരന്‍മാരുടെ സ്റ്റാറ്റസ്. യുകെയില്‍ തുടരാനുദ്ദേശിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ കാര്യത്തില്‍ മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ വോട്ടവകാശം പോലും നല്‍കിയിരുന്നില്ല. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇവരുടെ അവസ്ഥ എന്താകുമെന്ന കാര്യത്തിലും സംശയങ്ങള്‍ ഉയരുന്നുണ്ട്.