Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പാരിസ് ഒളിമ്പിക്സിന്റെ അഞ്ചാം ദിവസം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അഭിമാന നേട്ടങ്ങളുടെ ദിവസമായിരുന്നു. 15 മിനിറ്റുകൾക്കുള്ളിൽ 2 സ്വർണ്ണ മെഡലുകൾ നേടിയ ബ്രിട്ടീഷ് താരങ്ങൾ രാജ്യത്തിന്റെ അഭിമാനത്തെ വാനോളം ഉയർത്തി. അഞ്ചാം ദിവസമായ ഇന്നലെ ട്രയാത്‌ലറ്റ് അലക്‌സ് യീയും, വനിതാ ക്വാഡ് സ്‌കൾസ് തുഴച്ചിൽക്കാരും ബ്രിട്ടന്റെ മെഡൽ പട്ടികയിലെ അഞ്ചാമത്തെയും ആറാമത്തെയും സ്വർണ്ണ മെഡലുകൾ നേടി. ഇതോടൊപ്പം തന്നെ പുരുഷന്മാരുടെ ബി എം എക്സ് ഫൈനലിൽ വെള്ളിയും,ഡൈവിംഗിലും സ്ത്രീകളുടെ ട്രയാത്ലോണിലുമായി രണ്ട് വെങ്കലം മെഡലുകളും ബ്രിട്ടീഷ് താരങ്ങൾ അഞ്ചാം ദിവസം നേടി. അലിസ്റ്റർ ബ്രൗൺലിക്ക് ശേഷം ബ്രിട്ടൻ്റെ രണ്ടാമത്തെ ഒളിമ്പിക് ട്രയാത്ത്‌ലൺ ചാമ്പ്യനായി മാറിയ അലക്സ്‌ യിയുടെ നേട്ടം അപ്രതീക്ഷിതമായിരുന്നു. തുടക്കത്തിൽ ന്യൂസിലൻഡിന്റെ ഹേയ്ഡൻ വിൽഡന്റെ പുറകിലായിരുന്ന അലക്സ്‌ വെള്ളി നേടുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന ലാപ്പിൽ തന്റെ എതിരാളിയെ പിന്നിലാക്കി അലക്സ്‌ സ്വർണ്ണ നേട്ടം കൈവരിക്കുകയായിരുന്നു.

വനിതകളുടെ റോയിങ് ക്വാഡ്രപ്പിൾ സ്കൾസ് ടീം വിജയിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു യീയുടെ ഐതിഹാസിക സ്വർണ്ണ നേട്ടം. ലോറൻ ഹെൻറി, ഹാനാ സ്‌കോട്ട്, ലോല ആൻഡേഴ്സൺ, ജോർജിന ബ്രെഷോ എന്നിവർ ഉൾപ്പെട്ട വനിതാ തുഴച്ചിൽ സംഘം ഭൂരിഭാഗം സമയവും നെതർലൻഡ്സ് ടീമിന് പിന്നിലായിരുന്നുവെങ്കിലും, ഫോട്ടോ ഫിനിഷിലൂടെ സ്വർണ്ണ നേട്ടത്തിലേക്ക് എത്തുകയായിരുന്നു. പുരുഷന്മാരുടെ ബിഎംഎക്‌സ് ഫ്രീസ്റ്റൈൽ ഫൈനലിന്റെ ആവേശകരമായ സമാപനത്തിൽ ബ്രിട്ടന്റെ കീറൻ റെയ്‌ലി വെള്ളി മെഡൽ നേടിയപ്പോൾ, ഡൈവിംഗ് ജോഡിയായ ആൻഡ്രിയ സ്പെൻഡോളിനി-സിറിയിക്സ്, ലോയിസ് ടൗൾസൺ എന്നിവർ വെങ്കല മെഡലുകൾ നേടി. ഇതോടൊപ്പം തന്നെ, വനിതകളുടെ ട്രയാത്ലോണിൽ ബ്രിട്ടന്റെ ബെത്ത് പൊട്ടർ വെങ്കല മെഡൽ നേടിയതും രാജ്യത്തിന് അഭിമാന നിമിഷമായിരുന്നു. ഗ്രേറ്റ് ബ്രിട്ടന് ഇപ്പോൾ ആകെ 17 മെഡലുകളാണ് മെഡൽ പട്ടികയിൽ ഉള്ളത്. ഒളിമ്പിക് ഗെയിംസിന്റെ ചരിത്രത്തിൽ തങ്ങളുടെ എക്കാലത്തെയും മികച്ച നേട്ടമാണ് ബ്രിട്ടൻ ഈ അവസരത്തിൽ തന്നെ കൈവരിച്ചിരിക്കുന്നത്.

പുരുഷന്മാരുടെ ട്രയാത്ത്‌ലൺ ചൊവ്വാഴ്ച നടക്കേണ്ടതായിരുന്നുവെങ്കിലും സെയ്ൻ നദിയിലെ ജലത്തിൻ്റെ ഗുണനിലവാരം മോശമായതിനാൽ ബുധനാഴ്ചത്തെ വനിതകളുടെ മത്സരം വരെ പുനഃക്രമീകരിക്കുകയായിരുന്നു. വെള്ളത്തിൻ്റെ കൂടുതൽ ഗുണനിലവാര പരിശോധനകൾക്ക് ശേഷം രണ്ട് മത്സരങ്ങൾക്കും ബുധനാഴ്ച പുലർച്ചെ അനുമതി നൽകിയത്. എന്നാൽ പാരിക്സ് ഒളിമ്പിക്സിൽ ജനങ്ങളുടെ മനം കവർന്നത് ലിയോൺ മർചാൻഡ് എന്ന ഫ്രഞ്ചുകാരനായ താരമായിരുന്നു. അഞ്ചാം ദിവസം നീന്തൽ കുളത്തിൽ മർചാൻഡ് നേടിയത് രണ്ട് സ്വർണ്ണ മെഡലുകൾ ആയിരുന്നു. നാലു ദിവസങ്ങൾക്കുള്ളിൽ മൂന്നു മെഡലുകളാണ് മർചാൻഡ് വാരിക്കൂട്ടിയത്. ഒളിമ്പിക്സിൽ ഇനിയും നേരം ദിനങ്ങൾ വരാനിരിക്കെ, ബ്രിട്ടീഷ് താരങ്ങൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ? വീട് വാങ്ങാനും വാഹനം മേടിക്കുവാനും ആഗ്രഹിക്കുന്ന യു കെ മലയാളികളുടെ മനസ്സിലുള്ള ചോദ്യമാണ് ഇത് . നിലവിൽ പലിശ നിരക്ക് 16 വർഷത്തെ ഏറ്റവും കൂടിയ നിരക്കിലാണ്. പണപ്പെരുപ്പം ഉയർന്നതാണ് പലിശ നിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ച ഘടകം. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.


എന്നാൽ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നേക്കാമെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധരും കുറവല്ല. ജൂണിൽ പൊതു തിരഞ്ഞെടുപ്പിന് മുൻപ് അടുത്ത അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയിലേയ്ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിരൽ ചൂണ്ടിയിരുന്നു. അതിനു ശേഷമുള്ള അടുത്ത അവലോകനയോഗം ഇന്ന് ആഗസ്റ്റ് ഒന്നാം തീയതി ആണ് ചേരുന്നത്. പണപ്പെരുപ്പം ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞ് 2 ശതമാനമായതാണ് പലിശ നിരക്ക് കുറയ്ക്കുമെന്നുള്ള പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നത്.


ഇന്ന് പലിശ നിരക്കുകൾ കുറച്ചാൽ മോർട്ട്ഗേജുകളുടെയും സേവിംഗുകളുടെയും നിരക്കുകളിൽ മാറ്റം വരും. ഇത് വീടുകൾ ഉൾപ്പെടെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാവും എന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും പലിശ നിരക്കുകൾ കുറയുകയും കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും ചെയ്യുന്നത് ഡിമാൻഡ് ഉയർത്തുന്നതിനും അതുവഴി ഭവന വില ഉയരുന്നതിനും കാരണമായേക്കാമെന്നുമുള്ള അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. പലിശ നിരക്ക് 0.25% വെട്ടി കുറച്ചാൽ അര ദശലക്ഷത്തിലധികം ഭവന ഉടമകൾക്ക് എങ്കിലും പ്രതിമാസ തിരിച്ചടവിൽ 28 പൗണ്ട് കുറവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ തിങ്കളാഴ്ച നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ച സംഭവം കടുത്ത സാമൂഹിക സംഘർഷത്തിന് വഴിവച്ചതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ 17 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗമാരക്കാരനായ ആക്രമിയെ കുറിച്ച് വിവരങ്ങൾ പുറത്തു വിടുന്നത് പോലീസിന് നിയമപരമായ നിയന്ത്രണമുണ്ട്. ഇയാൾ തീവ്ര ഇസ്ലാമിസ്റ്റ് കുടിയേറ്റക്കാരനാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിച്ചതാണ് ചൊവ്വാഴ്ച സൗത്ത് പോർട്ടിൽ സംഘർഷം ഉണ്ടായതിന് പിന്നിലെ കാരണമെന്നാണ് കരുതപ്പെടുന്നത്.


ആക്രമികൾ പോലീസ് വാനുകൾക്ക് തീയിടുകയും മോസ്കിന് നേരെ ഇഷ്ടികകളും കുപ്പികളും പടക്കങ്ങളും എറിയുകയും ചെയ്തു. വലതുപക്ഷ ഇസ്ലാം വിരുദ്ധ ഗ്രൂപ്പിൻറെ പിന്തുണക്കാരാണ് പ്രതിഷേധങ്ങൾക്ക് പിന്നില്ലെന്നാണ് പോലീസ് കരുതുന്നത്. പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ 53 പോലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അതിൽ എട്ടുപേരുടെ പരുക്ക് ഗുരുതരമാണ്. മൂന്ന് പോലീസ് നായ്ക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്ന നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ തിരിച്ചറിയാൻ പോലീസ് പരിശ്രമിക്കുകയാണ്.


ഇതിനിടെ ഇന്നലെ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിന് സമീപം തടിച്ചുകൂടിയ ആയിരങ്ങൾ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. ഞങ്ങളുടെ കുട്ടികളെ രക്ഷിക്കൂ, ഞങ്ങൾക്ക് നമ്മുടെ രാജ്യം തിരികെ വേണം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. സൗത്ത് പോർട്ടിലെ ആക്രമണങ്ങളിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രദേശവാസികൾ അല്ലെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിനിടെ ആസൂത്രിതമായി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു. അക്രമകാരികൾ നിയമത്തിന്റെ ശക്തി തിരിച്ചറിയുമെന്ന് അദ്ദേഹം താക്കീത് നൽകി .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- എൻഎച്ച്എസുമായുള്ള നിയമപോരാട്ടത്തിനിടെ മരിച്ച യുവതിയുടെ രക്ഷിതാക്കൾക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിരിക്കുകയാണ്. അപൂർവമായ മൈറ്റോകോൺഡ്രിയൽ ഡിസോർഡർ ബാധിച്ച സുദീക്ഷ തിരുമലേഷ് എന്ന ഇന്ത്യൻ വംശജയായ 19 കാരി പെൺകുട്ടിയുടെ ചികിത്സയെ സംബന്ധിച്ചുള്ള തർക്കമാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റുമായുള്ള നിയമ യുദ്ധത്തിലേക്ക് രക്ഷിതാക്കളെ നയിച്ചത്. തന്റെ അപൂർവ്വ ജനിതക വൈകല്യത്തെ നേരിടുവാൻ കാനഡയിൽ ലഭ്യമാകുന്ന പരീക്ഷണാത്മക ചികിത്സയ്ക്ക് പോകുവാൻ സുദീക്ഷ തിരുമലേഷ് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിനു പകരമായി, പെൺകുട്ടിയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റുന്ന തീരുമാനമാണ് ആശുപത്രി അധികൃതർ കൈക്കൊണ്ടത്. ഇതിനെതിരെ കോടതിയിൽ സുദീക്ഷ നിയമ പോരാട്ടം നടത്തിയെങ്കിലും, തന്റെ ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള മാനസികശേഷി പെൺകുട്ടിക്ക് ഇല്ലെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്.

കഴിഞ്ഞവർഷം സെപ്റ്റംബർ 12ന് ഹൃദയാഘാതത്തെ തുടർന്ന് സുദീക്ഷ മരണത്തിന് കീഴടങ്ങി. എന്നാൽ പിന്നീട് കേസിലെ സുപ്രധാനമായ നിയമ തത്വങ്ങൾ കണക്കിലെടുത്ത്, തികച്ചും അപൂർവമായ ഒരു നീക്കത്തിൽ നിലവിലെ കോടതി വിധിക്കെതിരെ മരണാനന്തര അപ്പീൽ നൽകാൻ കോടതി സുദീക്ഷയുടെ മാതാപിതാക്കൾക്ക് അനുമതി നൽകിയിരുന്നു. ഈ അപ്പീലിൽ വാദം കേട്ട കോടതി, പെൺകുട്ടിക്ക് തന്റെ ചികിത്സയുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള മാനസികശേഷി ഉണ്ടായിരുന്നില്ല എന്നുള്ള വിധി റദ്ദാക്കി.

കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സുദീക്ഷയുടെ മാതാപിതാക്കളായ തിരുമലേഷ് ചെല്ലമൽ ഹേമചന്ദ്രനും രേവതി മലേഷ് തിരുമലേഷും വ്യക്തമാക്കി. സുദീക്ഷയുടെ മരണശേഷം ആണെങ്കിൽ പോലും, കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവസരം നൽകിയതിനും, തെറ്റായ തീരുമാനങ്ങൾ റദ്ദാക്കിയതിനും തങ്ങൾ നന്ദിയുള്ളവരാണെന്ന് അവർ വ്യക്തമാക്കി. ആശുപത്രി ട്രസ്റ്റും അധികൃതരും തങ്ങളോട് പെരുമാറിയ രീതി തങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയെന്നും അവർ തുറന്നു പറഞ്ഞു. തങ്ങളുടെ വായ മൂടിക്കെട്ടി നിശബ്ദരാക്കുകയും വിദേശത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിൽ നിന്ന് തടയുകയും ചെയ്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. ചികിത്സ തേടാൻ അനുവദിച്ചിരുന്നെങ്കിൽ സുദീക്ഷ ഇപ്പോഴും ചിലപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഒരു രോഗിക്ക് ഡോക്ടർമാരോട് വിയോജിക്കുവാനും തന്റെ ചികിത്സാ കാര്യത്തിൽ അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് സുദീക്ഷയുടെ മരണം നമ്മെ ഓർമിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് പേ റിവ്യൂ ബോഡിയുടെ ശുപാർശകൾ മന്ത്രിമാർ അംഗീകരിച്ചതിനെ തുടർന്ന് നേഴ്സുമാർ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. എൻഎച്ച്എസിലെ വിവിധ ബാൻഡുകളിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് 5.5 ശതമാനം ഏകീകൃത ശമ്പള വർദ്ധനവ് 2024 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തിലാണ് ലഭിക്കുന്നത്. എൻഎച്ച്എസ് ജീവനക്കാരെ കൂടാതെ അധ്യാപകർ, സായുധ സേന, പോലീസ്, ജയിൽ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കും ശമ്പള വർദ്ധനവ് നടപ്പിലാക്കുമെന്ന് ചാൻസിലർ റെയ്ച്ചൽ റീവ്സ് അറിയിച്ചു.

ശമ്പള വർദ്ധനവ് സർക്കാരിന് 9.4 ബില്യൺ പൗണ്ടിന്റെ അധിക ബാധ്യത സൃഷ്ടിക്കും . നേഴ്സുമാർക്ക് 5.5 ശതമാനം മാത്രം ശമ്പള വർദ്ധനവ് ലഭിക്കുമ്പോൾ ജൂനിയർ ഡോക്ടർമാർക്ക് അതിൻറെ നാല് ഇരട്ടിയിലേറെ വർദ്ധനവ് ആണ് നടപ്പിലാക്കാൻ പോകുന്നത് . ജൂനിയർ ഡോക്ടർമാർക്കായി 22% വരെ ശമ്പള വർദ്ധനവിന്റെ പാക്കേജ് ആണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യത കാരണം മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ച 40 എൻ എച്ച് എസ് ആശുപത്രികൾ നിർമ്മിക്കാനുള്ള പദ്ധതികളും റദ്ദാക്കിയതിൽ ഉൾപ്പെട്ടിട്ടുണ്ട്.

മലയാളികളിൽ ഭൂരിഭാഗവും ജോലി ചെയ്യുന്ന നേഴ്സിംഗ് മേഖലയിലെ ശമ്പള വർദ്ധനവിൽ നിരാശരാണ് മിക്ക മലയാളി നേഴ്സുമാരും. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായ ശമ്പള വർധനവ് ലഭിച്ചില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ജൂനിയർ ഡോക്ടർമാർക്ക് കൈയ്യയച്ച്‌ ശമ്പള വർദ്ധനവ് നടപ്പിലാക്കിയ സർക്കാർ നേഴ്സുമാരുടെ കാര്യത്തിൽ ചിറ്റമ്മ നയമാണ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ പരിചരണത്തിന് നിർണ്ണായക സ്ഥാനം വഹിക്കുന്നവരാണ് നേഴ്സുമാർ എന്നും എന്നാൽ തങ്ങളുടെ ശമ്പളം ഇത് പ്രതിഫലിക്കുന്നില്ലെന്നും ആർസിഎൻ ജനറൽ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രൊഫസർ നിക്കോള റേഞ്ചർ പറഞ്ഞു. വരുംദിവസങ്ങളിൽ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ശമ്പള വർദ്ധനവിനെ കുറിച്ച് അഭിപ്രായ സർവേ നടത്തുമെന്ന് ആർസിഎൻ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ നടന്ന കത്തിയാക്രമണത്തിൽ മൂന്ന് കുരുന്നുകൾ മരിക്കുകയും ഒൻപതോളം പേർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ആകുകയും ചെയ്ത സംഭവം വൻ പ്രതിഷേധത്തിന് വഴി വെച്ചതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും സമീപത്തെ മോസ്ക് ആക്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ 39 ഓളം പോലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ കുറ്റക്കാരായ 17 കാരനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ആണ് പുറത്ത് പ്രചരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇയാളെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചതാണ് അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായതിന് പിന്നിലെന്ന് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ അനുയായികളെന്ന് കരുതുന്ന ഒരു വലിയ സംഘം ആളുകൾ പള്ളിയിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞതോടെയാണ് കലാപം ആരംഭിച്ചതെന്ന് മെർസിസൈഡ് പോലീസ് പറഞ്ഞു. കുപ്പികൾ, ഇഷ്ടികകൾ എന്നിവ പള്ളിയിലേയ്ക്ക് വലിച്ചെറിഞ്ഞതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾ കത്തിക്കുകയും ഒരു കട കൊള്ളയടിക്കുകയും ചെയ്തു.

സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ബെബെ കിംഗ് (6 ), എൽസി ഡോട്ട് സ്റ്റാൻകോംബ് (7 ) , ആലീസ് ദസിൽവ അഗ്വിയർ(9 ) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പേര് വെളിപ്പെടുത്താത്ത പ്രതി വെയിൽസിലാണ് ജനിച്ചതെന്ന് മെഴ്‌സിസൈഡ് പോലീസ് നേരത്തെ പറഞ്ഞിരുന്നു എന്നാൽ ഇയാൾ അനധികൃതമായി യുകെയിലെത്തിയ അഭയാർത്ഥിയാണെന്ന തെറ്റായ വാർത്തകളും പ്രചരിക്കുന്നുണ്ടായിരുന്നു . അവധി കാലത്ത് കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു ഡാൻസ് പ്രാക്ടീസ് ക്ലാസിൽ ആണ് ദുരന്ത സംഭവങ്ങൾ അരങ്ങേറിയത്. സംഭവങ്ങളെ കടുത്ത ഭാഷയിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തി മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലുമുള്ള തീവ്രവാദ ഭീഷണി വളരെ വലിയ തോതിൽ വർദ്ധിച്ചിരിക്കുന്ന സമയമാണിതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുതിർന്ന യു എസ് – എസ് പോലീസ് ഉദ്യോഗസ്ഥർ. യുകെ ഭീകര നിയമപ്രകാരം നിരോധിക്കപ്പെട്ട ഒരു സംഘടനയെ നയിക്കുകയും, ഓൺലൈൻ വഴി ആവശ്യമായ പിന്തുണ നൽകുകയും ചെയ്ത കിഴക്കൻ ലണ്ടനിൽ നിന്നുള്ള ഇസ്ലാമിസ്റ്റ് മതപ്രഭാഷകനായ അഞ്ജെം ചൗധരിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചതിന് പിന്നാലെയാണ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നത്. തീവ്ര ചിന്തകൾ ഉള്ളവരും അവർ പിന്തുണയ്ക്കുന്ന അക്രമാസക്തമായ ഗ്രൂപ്പുകളും ഉയർത്തുന്ന തുടർച്ചയായ അപകടത്തെ ചൗധരിയുടെ കേസ് ശക്തമായി വെളിവാക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. തീവ്രവാദ വിരുദ്ധസേനകൾ ഇപ്പോൾ വൈവിധ്യമാർന്ന തരത്തിലുള്ള ഭീഷണികളുമായാണ് പോരാടുന്നത് . അടിസ്ഥാനപരമായ ഒരു പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കാത്ത, എന്നാൽ അക്രമത്തിലേക്ക് ആകർഷിക്കപ്പെടുന്ന നിരവധി ആളുകൾ ഉണ്ടെന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യുവാക്കൾ ഓൺലൈൻ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതും ആശങ്കാജനകമായ വസ്തുതയാണ്.


ചൗധരിയുടെ വിചാരണയ്ക്ക് ശേഷം, ബ്രിട്ടനിലെ തീവ്രവാദ വിരുദ്ധ പോലിസ് മേധാവി മാറ്റ് ജൂക്‌സ്, ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഇൻ്റലിജൻസ് ആൻഡ് കൗണ്ടർ ടെററിസം ഡെപ്യൂട്ടി കമ്മീഷണർ റെബേക്ക വെയ്‌നർ എന്നിവരുമായി ബിബിസി നടത്തിയ അഭിമുഖത്തിലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ അവർ നൽകുന്നത്. ഏറ്റവും ഭീകരമായ സാഹചര്യം ഓൺലൈൻ തീവ്രവാദ പ്രവർത്തനങ്ങൾ ആണെന്ന് ഇരുവരും വ്യക്തമാക്കുന്നു. ഇസ്രായേൽ – ഗാസ, റഷ്യ – ഉക്രൈൻ എന്നിവിടങ്ങളിൽ നടക്കുന്ന രണ്ട് യുദ്ധങ്ങൾ ആളുകളിലേക്ക് നിരവധി തെറ്റായ ധാരണകൾ എത്തുന്നതിന് കാരണമാകുന്നു. ഇതിൽ സത്യം ഏത് കള്ളം ഏത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് പലരെയും തെറ്റായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തോടുള്ള താൽപര്യം കാരണമല്ലാതെ, അക്രമത്തോടുള്ള അഭിനിവേശം കാരണം തീവ്രവാദത്തിലേക്ക് തിരിയുന്നവരുടെ എണ്ണം വർദ്ധിക്കുന്നതാണ് അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുതയെന്ന് മാറ്റ് ജൂക്‌സ് ബിബിസിയോട് വ്യക്തമാക്കി.

തൻ്റെ ഉദ്യോഗസ്ഥർ ഇപ്പോൾ കൈകാര്യം ചെയ്യുന്ന 20 ശതമാനം കേസുകളിലും ഭീകരവാദികൾക്ക് ലോകത്തെ കുറിച്ച് സ്ഥിരമായ കാഴ്ചപ്പാട് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും മനുഷ്യത്വമില്ലാത്ത, തീവ്രമായ വീഡിയോകൾ പലപ്പോഴും യുവാക്കളെ ഹരം കൊള്ളിക്കുന്നു. ഓൺലൈൻ ഗെയ്മുകളെ പലപ്പോഴും തീവ്രവാദം പ്രചരിപ്പിക്കുന്നതിനുള്ള ചവിട്ടുപടിയായി പലരും ഉപയോഗിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണത്തിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ പ്രായം കുറഞ്ഞു വരുന്നത് തികച്ചും ആശങ്കയുളവാക്കുന്ന വസ്തുതയാണ്. കഴിഞ്ഞവർഷം യുകെയിൽ തീവ്രവാദികൾ എന്ന് സംശയിച്ച് അറസ്റ്റിലായവരിൽ അഞ്ചിൽ ഒരാൾ 18 വയസ്സിന് താഴെയുള്ള കുട്ടികളാണ്. സാഹചര്യത്തെ കൂടുതൽ ഗൗരവമായി കാണണമെന്ന ആവശ്യമാണ് ഇരു ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ നടന്ന കത്തിയാക്രമണത്തിൽ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി ഉയർന്നു. സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് 9 പേർ ആശുപത്രിയിൽ ആയിരുന്നു. കുത്തേറ്റ ഒമ്പതു വയസ്സുകാരി ചൊവ്വാഴ്ച പുലർച്ചെ ആശുപത്രിയിൽ ആണ് മരിച്ചത്. അഞ്ച് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.


നേരത്തെ ആറ്, ഏഴ് വയസ്സുള്ള രണ്ട് കുട്ടികൾ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. കത്തിയാക്രമണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 2 മുതിർന്നവർക്കും ഗുരുതരമായ പരുക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ. അവധി കാലത്ത് കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു ഡാൻസ് പ്രാക്ടീസ് ക്ലാസിൽ ആണ് ദുരന്ത സംഭവങ്ങൾ അരങ്ങേറിയത്.

ലങ്കാഷെയറിലെ ബാങ്കിൽ നിന്നുള്ള 17 വയസ്സുള്ള ആൺകുട്ടിയെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. ഇത് തീവ്രവാദവുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ചാൾസ് രാജാവും പ്രധാനമന്ത്രി കെയർ സ്റ്റാർമറും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ആറ് മുതൽ 10 വരെ വയസ്സുള്ള കുട്ടികൾക്കായി ആണ് ഇവിടെ ഡാൻസ് ക്ലാസുകൾ നടന്നിരുന്നത് . അറസ്റ്റിലായ 17 വയസ്സുകാരൻ്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പേര് തെറ്റാണെന്ന് പോലീസ് വക്താവ് പറഞ്ഞു. അന്വേഷണം നടക്കുന്ന സംഭവത്തെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഫോൺ ചോർത്തൽ വിവാദത്തിന്റെ തെളിവുകളെന്ന് സംശയിക്കുന്ന ദശലക്ഷക്കണക്കിന് ഇമെയിലുകൾ ഇല്ലാതാക്കിയതിനെ ന്യായീകരിക്കാൻ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിനെയും ലേബർ പാർട്ടി നേതാവായ ടോം വാട്‌സണെയും വ്യാജ സുരക്ഷാ ഭീഷണിയിൽ ഉൾപ്പെടുത്തിയെന്ന വാദത്തിൽ റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള മീഡിയ കമ്പനിയുടെ പക്കലുള്ള തെളിവുകൾ ശേഖരിക്കാമെന്നു വ്യക്തമാക്കി കോടതി. ലോകത്തെമ്പാടും വിവിധ പത്രങ്ങളും, ബ്രിട്ടനിൽ സൺ പത്രവും ഉൾപ്പെടെ പബ്ലിഷ് ചെയ്യുന്ന “ന്യൂസ്‌ ഗ്രൂപ്പ്‌ ന്യൂസ്‌പേപ്പഴ്സ് ” എന്ന മീഡിയ കമ്പനിയാണ് ആരോപണങ്ങൾ നേരിടുന്നത്. ലേബർ നേതാവ് ടോം വാട്സൺ മുൻ പ്രധാനമന്ത്രിയുമായി ഗൂഢാലോചന നടത്തി ഡാറ്റ മോഷ്ടിച്ചു എന്ന ആരോപണമായിരുന്നു മീഡിയ കമ്പനി മുന്നോട്ടു വെച്ചത്. എന്നാൽ പല പ്രമുഖരുടെയും ഫോൺ ചോർത്തുന്ന ആരോപണം നേരിടുന്ന സൺ പത്രത്തിന്റെ ഉൾപ്പെടെ പ്രസാധകരായ, “ന്യൂസ്‌ ഗ്രൂപ്പ്‌ ന്യൂസ്‌പേപ്പേഴ്സ് ” (എൻ ജി എൻ ). തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ മറച്ചുവെക്കാനാണ് ഇത്തരത്തിൽ ഒരു വാദം മുന്നോട്ടുവെച്ചതെന്ന് നിലവിൽ നടക്കുന്ന വാദത്തിൽ കോടതി കേട്ടു.

നിലവിൽ വാഷിംഗ്ടൺ പോസ്റ്റിൻ്റെ സിഇഒ ആയ വിൽ ലൂയിസ് ആയിരുന്നു, 2011-ൽ ഫോൺ ഹാക്കിംഗിനെ കുറിച്ചുള്ള മെട്രോപോളിറ്റൻ പോലീസ് അന്വേഷണമായ ഓപ്പറേഷൻ വീറ്റിംഗ് നടന്നപ്പോൾ അന്ന് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ‘ന്യൂസ് ഇന്റർനാഷണലിന്റെ’ ജനറൽ മാനേജർ. അന്ന് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന എന്നാൽ പിന്നീട് നിർത്തലാക്കിയ, ഇതേ മീഡിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പത്രമായിരുന്നു ‘ന്യൂസ്‌ ഇന്റർനാഷണൽ’. അന്ന് ന്യൂസ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന റബേക്ക ബ്രൂക്സിന്റെ ഈമെയിലുകൾ ലേബർ എംപി ആയിരുന്നു ടോം വാട്സന് ലഭിച്ചു എന്ന ആരോപണമാണ്, ജനറൽ മാനേജർ ആയിരുന്ന വിൻ ലൂയിസ് മെട്രോപൊളിറ്റൻ പോലീസിനോട് വ്യക്തമാക്കിയത്. തങ്ങളുടെ ഒരു മുൻ സ്റ്റാഫ് അംഗം തങ്ങൾ അറിയാതെ ഇത്തരത്തിൽ ഈമെയിലുകൾ എംപിക്ക് കൈമാറിയെന്നും, ഈ കൈമാറലുകൾ നിയന്ത്രിച്ചത് ഗോർഡൻ ബ്രൗൺ ആയിരുന്നുവെന്നുമാണ് വിൽ ലൂയിസ് പോലീസിനോട് വ്യക്തമാക്കിയത്.

ബ്രൂക്‌സിൻ്റെ ഇമെയിലുകൾ മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന 2011-ലെ സുരക്ഷാ ഭീഷണി തങ്ങളുടെ തെറ്റ് മറച്ചുവെക്കാനായി നടത്തിയ നാടകമാണെന്ന ആരോപണങ്ങൾ എൻ ജി എൻ നിഷേധിച്ചു. തങ്ങൾ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും, തങ്ങളുടെ ഒരു ജീവനക്കാരൻ ഇത്തരത്തിൽ ഡാറ്റ തങ്ങൾ അറിയാതെ തെറ്റായ കരങ്ങളിൽ എത്തിച്ചുവെന്ന കൃത്യമായ വിവരം തങ്ങൾക്ക് ലഭിച്ചു എന്നും എൻ ജി എന്നിനുവേണ്ടി ആന്റണി ഹഡ്സൺ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് രഹസ്യം ഡാറ്റകൾ വിവിധ സിസ്റ്റങ്ങളിൽ ഒന്നിലധികം കോപ്പികൾ സൂക്ഷിക്കരുതെന്ന് എൻ ജി എൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കത്തിൽ വിൽ ലൂയിസ്, മുൻ എക്സിക്യൂട്ടീവ് ചെയർ ആയിരുന്ന ജെയിംസ് മർഡോക്ക് എന്നിവരുമായി ബന്ധപ്പെട്ട പ്രസക്തമായ തെളിവുകൾക്കായുള്ള അന്വേഷണത്തിൽ എതിർപ്പ് പ്രകടിപ്പിച്ച മീഡിയ കമ്പനി, ഇപ്പോൾ അന്വേഷണത്തോട് സഹകരിക്കാമെന്ന് കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. ടോം വാട്സണും, മുൻ ലിബറൽ ഡെമോക്രാറ്റ് ബിസിനസ് സെക്രട്ടറി വിൻസ് കേബിളും എൻ ജി എന്നിനെതിരെ കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ വാദം കേട്ടുകൊണ്ടിരിക്കുന്നത്. എൻ ജി എൻ തങ്ങളുടെ വോയിസ് മെയിലുകൾ തങ്ങൾ അറിയാതെ ചോർത്തിയെടുക്കുകയും, അതോടൊപ്പം തന്നെ സ്വകാര്യ ഇൻവെസ്റ്റിഗേറ്റർമാരെ ഉപയോഗിച്ച് തങ്ങളുടെ വിവരങ്ങൾ കണ്ടെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതുമായാണ് ഇരുവരും കോടതിയിൽ കേസ് നൽകിയിരിക്കുന്നത്. നിലവിൽ ഇവരുടെ കേസിൽ കോടതി വാദം കേട്ടു കൊണ്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തടവുകാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കുറ്റത്തിന് അറസ്റ്റിലായ വനിതാ ഓഫീസർ കുറ്റം സമ്മതിച്ചതായുള്ള വാർത്തകൾ പുറത്തുവന്നു. 30 കാരിയായ ലിൻഡ ഡി സൗസ അബ്രു ആണ് സൗത്ത് ലണ്ടൻ ജയിലിൽ ഡ്യൂട്ടിയിൽ ഇരിക്കെ തടവുകാരുടെ സെല്ലിൽ പ്രവേശിച്ച് ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. മറ്റൊരു അന്തേവാസി ദൃശ്യങ്ങൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിലാണ് സംഭവം നടന്നത്. സംഭവം പുറത്ത് വന്നതിനെ തുടർന്ന് ലിൻഡ ഡി സൗസ അബ്രുവിനെ ഹീത്രു എയർപോർട്ടിൽ വച്ച് മെട്രോപോളിറ്റൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാമിൽ നിന്നുള്ള അവർ ഐൽവർത്ത് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ ഒരു പൊതു ഓഫീസർ എന്ന നിലയിൽ മോശമായി പെരുമാറിയതായി കുറ്റം സമ്മതിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തൻറെ ജയിൽ ഓഫീസർ പദവി ലിൻഡ ഡി സൗസ അബ്രു ദുരുപയോഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ അവളുടെ മേൽ ചുമത്തിരിക്കുന്ന കുറ്റം.


പോർച്ചുഗീസ് പാസ്പോർട്ട് കൈവശമുള്ള ലിൻഡ ഡി സൗസ അബ്രു, രക്ഷപ്പെടാൻ വിമാനത്തിലേയ്ക്ക് പോകുന്ന സമയത്താണ് പിടിക്കപ്പെട്ടത്. ജാമ്യം ലഭിച്ച ലിൻഡ ഡി സൗസ അബ്രു തുടർ നടപടികൾക്കായി നവംബർ 7 ന് ഐൽവർത്ത് ക്രൗൺ കോടതിയിൽ ഹാജരാകണം. പൊതുജനങ്ങളുടെ വിശ്വാസത്തിൽ ഞെട്ടിക്കുന്ന ലംഘനമാണ് നടന്നതെന്ന് സംഭവത്തെ കുറിച്ച് ക്രൗൺ പ്രോസിക്യൂഷൻ സർവീസിൽ (സിപിഎസ്) നിന്നുള്ള ടെറ്റെ ടർക്‌സൺ പറഞ്ഞു. വ്യക്തമായ തെളിവുകൾ ഉള്ള സംഭവമായതിനാൽ അവൾക്ക് കുറ്റം സമ്മതിക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലെന്ന് സംഭവത്തിൽ നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved