ഹോം സെക്രട്ടറി സാജിദ് ജാവീദ് യുകെയെ അപകടകരമായ മാര്ഗ്ഗത്തിലൂടെയാണ് മുന്നോട്ടു നയിക്കുന്നതെന്ന് വിമര്ശനം. ഇരട്ട പൗരത്വമുള്ളവരുടെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയാനുള്ള തീരുമാനത്തിലാണ് ഒരു മുന്നിര മനുഷ്യാവകാശ സംഘടന ഈ വിമര്ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്സര്വേറ്റീവ് കോണ്ഫറന്സിലാണ് ഇരട്ട പൗരത്വമുള്ള കുറ്റവാളികളുടെയും കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചവരുടെയും ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുമെന്ന് ജാവീദ് പറഞ്ഞത്. വിദേശത്തെത്തി തീവ്രവാദികളെന്ന് സ്ഥിരീകരിക്കപ്പെട്ടവരുടെ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുന്ന സമ്പ്രദായം നിലവിലുണ്ട്. ഇതിനായി നോട്ടീസ് പോലും നല്കേണ്ടതില്ല. ഈ രീതി കൂടുതല് മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

ലിബര്ട്ടി എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ തീരുമാനത്തില് ഹോം സെക്രട്ടറിക്കെതിരായി രംഗത്തെത്തിയിരിക്കുന്നത്. സര്ക്കാര് തങ്ങളുടെ ഉത്തരവാദിത്തങ്ങളില് നിന്ന് ഒഴിയാനുള്ള നീക്കമാണ് ഇതിലൂടെ നടത്തുന്നതെന്ന് ലിബര്ട്ടിയുടെ ആക്ടിംഗ് ഡയറക്ടറായ കോറി സ്റ്റോട്ടണ് പറഞ്ഞു. ഹോം സെക്രട്ടറി വളരെ അപകടകരമായ മാര്ഗത്തിലൂടെയാണ് നമ്മെ നയിക്കുന്നത്. പുതിയ തീരുമാനത്തിന് ഇരയാകുന്നവര്ക്കു നേരെ ആരുടെയും സഹതാപം ഉയരില്ല. എന്നാല് നമ്മുടെ രാജ്യത്തെ കുറ്റവാളികളെ മറ്റു രാജ്യങ്ങളുടെ ബാധ്യതയാക്കി മാറ്റാനുള്ള തീരുമാനം ഉത്തരവാദിത്തമില്ലായ്മയാണെന്ന് അവര് പറഞ്ഞു. സര്ക്കാര് കൈ കഴുകുകയാണ് ഇത്തരമൊരു നയരൂപീകരണത്തിലൂടെ ചെയ്യുന്നതെന്നും അവര് കുറ്റപ്പെടുത്തി.

ആളുകളെ രാജ്യത്തു നിന്നു തന്നെ ഉപരോധിക്കുന്നത് ഒരു പഴയ ശിക്ഷാ സമ്പ്രദായമാണ്. 2018ല് അതിന് ഇടമില്ല. പൗരത്വം എടുത്തു കളയുന്നത് ഒരു ശിക്ഷാരീതിയായി സ്വീകരിക്കുന്നത് നാമെല്ലാം ഭാവിയിലേക്ക് നിദ്രാടനം നടത്തുന്നതിന് തുല്യമാണ്. ഇനിയും കൂടുതല് കുറ്റകൃത്യങ്ങള്ക്ക് പൗരത്വം എടുത്തു കളയുന്നത് ശിക്ഷയായി മാറാന് സാധ്യതയുണ്ടെന്നും അവര് പറഞ്ഞു. 2010 മുതല് 2015 വരെ 33 പേരുടെ ബ്രിട്ടീഷ് പൗരത്വം ഹോം ഓഫീസ് എടുത്തു കളഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.
കാര്ഡിഫ് ഹാഫ് മാരത്തോണ് ഫിനിഷിംഗിനു ശേഷം കേട്ടത് ദുരന്തവാര്ത്ത. മത്സരത്തില് പങ്കെടുത്ത രണ്ട് അത്ലറ്റുകള് ഫിനിഷിംഗ് പോയിന്റിൽ കാർഡിയാക് അറസ്റ്റ് മൂലം മരിച്ചു. ഭാര്യയുടെയും ഒരു വയസുള്ള കുട്ടിയുടെയും മുന്നിലാണ് 30കാരനായ യുവാവ് വീണത്. 20 വയസിനടുത്ത് പ്രായമുള്ള യുവാവ് ഗേള്ഫ്രണ്ടിനൊപ്പമായിരുന്നു മാരത്തോണില് പങ്കെടുത്തത്. ഇരുവരെയും ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കി ലും ജീവന് രക്ഷിക്കാനായില്ല. മാരത്തോണില് പങ്കെടുത്ത എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് നടന്നതെന്ന് മാര്ത്തോണ് സംഘാടകര് പറഞ്ഞു. കാര്ഡിയാക് അറസ്റ്റാണ് മരണ കാരണമെന്നാണ് കരുതുന്നത്.

13 മൈല് നീളുന്ന കാര്ഡിഫ് ഹാഫ് മാരത്തോണില് 25000 ലേറെയാളുകള് പങ്കെടുത്തിരുന്നു. മാരത്തോണില് പങ്കെടുത്ത ചിലരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞിരുന്നു. പിന്നീട് അവരുടെ മരണവാര്ത്തയാണ് കേട്ടതെന്ന് മത്സരത്തില് പങ്കെടുത്ത ഒരാള് പറഞ്ഞു. വാര്ത്ത തന്നെ ഞെട്ടിച്ചുവെന്നും പേരു ഇയാള് പറഞ്ഞു. മാരത്തോണിന്റെ സംഘാടനം മികച്ചതായിരുന്നു. വൈദ്യസഹായം നല്കാനുള്ള സംവിധാനങ്ങളും മികച്ചതായിരുന്നുവെന്നും അദ്ദഹം വ്യക്തമാക്കി. റണ്4വീല്സ് എന്ന സംഘടനയാണ് മാരത്തോണ് സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് കാര്ഡിഫ് കാസിലില് നിന്ന് ആരംഭിച്ച മാരത്തോണ് സിവിക് സെന്ററിന് പുറത്താണ് അവസാനിച്ചത്.

മാരത്തോണിന്റെ കഴിഞ്ഞ 15 വര്ഷത്തെ ചരിത്രത്തിനിടയില് ഇങ്ങനെയൊരു ദുരന്തം ആദ്യമാണെന്ന് റണ്4വീല്സ് ചീഫ് എക്സിക്യൂട്ടീവ് മാറ്റ് ന്യൂമാന് പറഞ്ഞു. വെയില്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാരത്തോണ് എന്ന് അറിയപ്പെടുന്ന കാര്ഡിഫ് ഹാഫ് മാരത്തോണ് 2003ലാണ് ആരംഭിച്ചത്.
റഷ്യ വന് ആക്രമണങ്ങള് നടത്താന് സാധ്യതയുണ്ടെന്ന് മുന് എംഐ 6 മേധാവി സര് റിച്ചാര്ഡ് ഡിയര്ലവ്. സാലിസ്ബറി നെര്വ് ഏജന്റ് ആക്രമണം പോലെയുള്ള വന്യമായ ശ്രമങ്ങള് റഷ്യ നടത്തുന്നതിനാല് ആ രാജ്യത്തെ ഒരിക്കലും വിലകുറച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു. റഷ്യന് ഡബിള് ഏജന്റ് സെര്ജി സ്ക്രിപാലിനു നേരെയുണ്ടായ നെര്വ് ഏജന്റ് ആക്രമണം പോലെ റഷ്യക്കു പങ്കുള്ള ആക്രമണങ്ങള് ഭാവിയിലും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വന്യ സ്വഭാവം വ്ളാഡിമിര് പുടിന്റെ രാജ്യത്തിന്റെ ജനിതകത്തിലുണ്ടെന്നും സോവിയറ്റ് ചാരപ്രവര്ത്തനത്തിന്റെ തുടര്ച്ചയായ റഷ്യന് ചാരപ്രവര്ത്തനം തുടര്ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുടിനെ അധികാരത്തില് നിലനിര്ത്തുക എന്നതാണ് ഇപ്പോള് റഷ്യയുടെ ദേശീയ താല്പര്യം. അതിനായി നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവര് ശ്രമിക്കുന്നത്. റഷ്യയുടെ ഡിഎന്എയില് ഇത്തരം ഛിദ്രതയ്ക്കുള്ള കഴിവുകളുണ്ടെന്നും അത് വ്യപകമായി ആ രാഷ്ട്രം ഉപയോഗിച്ചു വരികയാണെന്നും സര് റിച്ചാര്ഡ് വ്യക്തമാക്കി. ചരിത്രം പരിശോധിച്ചാല് കൊലപാതകങ്ങളും അതിനുള്ള ശ്രമങ്ങളും റഷ്യ ആയുധമാക്കി വരികയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സാലിസ്ബറി ആക്രമണത്തിലെ രണ്ടാം പ്രതിയെക്കുറിച്ചുള്ള വിവരങ്ങള് പാര്ലമെന്റില് അവതരിപ്പിക്കാനിരിക്കെയാണ് ഈ മുന്നറിയിപ്പ് പുറത്തു വന്നിരിക്കുന്നത്.

ചൊവ്വാഴ്ച നടക്കുന്ന കോമണ്സ് കമ്മിറ്റി യോഗത്തില് ഇന്വെസ്റ്റിഗേറ്റീവ് വെബ്സൈറ്റായ ദി ബെല്ലിംഗ്ക്യാറ്റ് റഷ്യന് ജിആര്യു മിലിട്ടറി ഇന്റലിജന്സ് ഓഫീസര്മാരെക്കുറിച്ചുള്ള വിവരങ്ങള് നല്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്ക്രിപാലിനെ ആക്രമിച്ച രണ്ട് റഷ്യന് ചാരന്മാര് റുസ്ലാന് ബോഷിറോവ്, അലക്സാന്ഡര് പെട്രോവ് എന്നിവരാണെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല് ഇവ വ്യാജപ്പേരുകളാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഒരു മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് 2004-2008 കാലയളവില് റഷ്യന് അംബാസഡറായിരുന്ന സര് ടോണി ബ്രെന്റണും ശനിയാഴ്ച പറഞ്ഞിരുന്നു.
മാതാപിതാക്കളുടെ ആവശ്യപ്രകാരം 14 കാരനെ ജയിലിലടക്കാന് ജഡ്ജിയുടെ ഉത്തരവ്. മയക്കുമരുന്നിന് അടിമായി കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ഇറങ്ങാന് തുടങ്ങിയതോടെയാണ് തങ്ങളുടെ മകനെ ജയിലിലടക്കണമെന്ന് മാതാപിതാക്കള് ജഡ്ജിയോട് ആവശ്യപ്പെട്ടത്. ഡിസ്ട്രിക്ട് ജഡ്ജ് ഡാനിയല് കേര്ട്ടിസിനാണ് ആശയറ്റ മാതാപിതാക്കള് ഇത്തരമൊരു കത്തയച്ചത്. അവനെ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് തങ്ങളെന്നും മറ്റു മാര്ഗ്ഗങ്ങളില്ലാത്തതിനാലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും രക്ഷിതാക്കള് പറഞ്ഞുവെന്ന് സണ്ഡേ മിറര് റിപ്പോര്ട്ട് ചെയ്യുന്നു. മകനെ നിയന്ത്രിക്കാന് വാതിലിന് രണ്ടു ലോക്കുകള് വെച്ചു നോക്കി. എന്നിട്ടും അവന് രക്ഷപ്പെട്ടു. ജനാല അടച്ചിട്ടാല് അത് പൊട്ടിച്ചിട്ടായാലും അവന് പുറത്തു കടന്ന അതിക്രമങ്ങള് ചെയ്യുമായിരുന്നു.

അയല്ക്കാര്ക്കാണ് കുട്ടി ഏറ്റവും ശല്യക്കാരനായത്. കഞ്ചാവ് ഉപയോഗിക്കുമായിരുന്ന ഇവന് അടുത്ത വീടുകളില് നിന്നും മോഷണങ്ങള് നടത്തുമായിരുന്നു. കഴിഞ്ഞ ഒന്നര വര്ഷത്തിനിടെ പന്ത്രണ്ടിലേറെത്തവണ ഇവനെ അറസ്റ്റ് ചെയ്തു. എന്നാല് അതൊന്നും ഫലം ചെയ്തില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. വീടിനു മുകളില് കയറി ഇവന് നടത്തിയ പ്രതിഷേധമാണ് ഏറ്റവും ഒടുവിലുണ്ടായ സംഭവം. താഴെ പാര്ക്ക് ചെയ്തിരുന്ന കാറിന്റെ വിന്ഡ്ഷീല്ഡ് അവന് കല്ലെറിഞ്ഞ് തകര്ക്കുകയും ചെയ്തു. ഇതോടെയാണ് ജഡ്ജിക്ക് കത്തെഴുതി മകനെ അകത്താക്കാന് രക്ഷിതാക്കള് തീരുമാനമെടുത്തത്. ലോകെമെന്താണെന്ന് കാണണമെങ്കില് അവന് കുറച്ചുകാലം ശിക്ഷയനുഭവിച്ചേ മതിയാകൂ എന്നാണ് മാതാപിതാക്കള് പറയുന്നത്.

അവന് ചെയ്യുന്നത് എന്താണെന്നും അതിന്റെ അനന്തരഫലങ്ങള് എന്താണെന്നും മനസിലാകണം. ഇപ്പോള് അത് മനസിലായില്ലെങ്കില് പ്രായമാകും തോറും അവന് കൂടുതല് കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴും. അവനെ നേര്വഴിക്ക് നടത്തണമെന്നും കോടതിയോട് മാതാപിതാക്കള് അഭ്യര്ത്ഥിച്ചു. ഇത് അംഗീകരിച്ച ജഡ്ജി പതിനാലുകാരന് ആറു മാസത്തെ തടവാണ് വിധിച്ചിരിക്കുന്നത്. ഒരു വര്ഷത്തെ ഡിറ്റെന്ഷന് ഓര്ഡറിന്റെ ഭാഗമായാണ് ആറുമാസത്തെ ജയില് ശിക്ഷ നല്കിയിരിക്കുന്നത്.
ലണ്ടന്: വിന്റര് അടുക്കുന്നതോടെ എല്ലാവരും വീടുകളില് കൂടുതല് സമയം ചിലവിടാന് തുടങ്ങുകയാണ്. റൂം ഹീറ്ററുകള് ശീതകാലത്ത് അനുഗ്രഹമാണെങ്കിലും അവ നമ്മുടെ ചര്മ്മത്തെ വരണ്ടതാക്കി മാറ്റുന്നുവെന്നത് അനുഭവമുള്ള കാര്യവുമാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് റോയല് ഹോര്ട്ടികള്ച്ചര് സൊസൈറ്റിയുടെ (ആര്.എച്ച്.എസ്) പുതിയ പഠനം. രാസവസ്തുക്കള് അടങ്ങിയ ക്രീമുകളും മറ്റുമാണ് ഇപ്പോള് വരണ്ട ചര്മ്മത്തിന് പ്രതിവിധിയായി പലരും ഉപയോഗിക്കുന്നത്. എന്നാല് ഇവയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുകയെന്നതാണ് വാസ്തവം. എന്നാല് ആര്.എച്ച്.എസിലെ ചീഫ് ഹോര്ട്ടികള്ച്ചര് ശാസ്ത്രജ്ഞയായ ടിജാന ബ്ലാനുസ ചര്മ്മം വരണ്ടുണങ്ങുന്നതിന് പ്രകൃതിദത്തമായ ഒരു പരിഹാരമാണ് കണ്ടെത്തിയിരിക്കുന്നത്.

യാതൊരുവിധ കെമിക്കലുകളോ ക്രീമുകളോ ഉപയോഗിക്കാതെ തോലി വരുണ്ടണങ്ങുന്നത് തടയാമെന്ന് ഡോ. ടിജാന ചൂണ്ടിക്കാണിക്കുന്നു. അതിനായി ചെയ്യേണ്ടത് നമ്മുടെ വീടിനുള്ളില് ഹൗസ്പ്ലാന്റുകള് ധാരാളമായി വളര്ത്തുകയെന്നതാണ്. വീടിനുള്ളിലെ പച്ചപ്പ് ത്വക്കിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാന് പ്രാപ്തിയുള്ളതെന്ന് ഡോ. ടിജാനയുടെ പഠനം തെളിയിക്കുന്നു. മുറിയിലെ ആര്ദ്രത കൃത്യമായാല് ത്വക്ക് വരണ്ടുണങ്ങുന്ന പ്രശ്നത്തില് നിന്ന് മോചനം നേടാന് എളുപ്പം സാധിക്കും. വീടിനുള്ളില് വളരെ പോസീറ്റീവായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന് ഈ പ്ലാന്റുകള്ക്ക് കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഹൗസ് പ്ലാന്റുകളിലെ ഇലകളിലൂടെ ബാഷ്പീകരിച്ച് പുറത്തെത്തുന്ന ജലാംശമാണ് മുറിക്കുള്ളിലെ ആര്ദ്രത നിലനിര്ത്തുന്നതെന്ന് ഡോ. ടിജാനയുടെ പഠനം വ്യക്തമാക്കുന്നു. ഹൗസ്പ്ലാന്റുകള് ചെലവ് കുറഞ്ഞ രീതിയില് വീടുകളില് സ്ഥാപിക്കാന് പറ്റുന്നവയാണ്. ചര്മ്മം വരണ്ടുണങ്ങുന്നത് ഇല്ലാതാക്കാന് പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണിത്. മുനഷ്യരുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് ഇവ സഹായിക്കുമെന്നും ടിജാന പറഞ്ഞു. പീസ് ലില്ലി, അരേക്കാ പാം, റബര് പ്ലാന്റ് എന്നിവയാണ് തൊലിക്ക് ഗുണം ചെയ്യുന്ന ഹൗസ്പ്ലാന്റുകളില് പ്രധാനപ്പെട്ടവ.
ലണ്ടന്: നൂറ് കണക്കിന് ആശുപത്രി മാലിന്യങ്ങള് നശിപ്പിക്കാതെ സംഭരിച്ചുവെച്ചിരിക്കുന്നതായി വെളിപ്പെടുത്തല്. എന്.എച്ച്.എസ് ട്രസ്റ്റുകളില് നിന്ന് മാലിന്യങ്ങള് ശേഖരിച്ച് സംസ്ക്കരിക്കുന്ന പ്രധാന കോണ്ട്രാക്ട് കമ്പനികളിലൊന്നായ ഹെല്ത്ത് കെയര് സര്വീസസ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്ന്നിരിക്കുന്നത്. കമ്പനിക്ക് സംഭരിക്കാന് അധികൃതര് അനുമതി നല്കിയിട്ടുള്ളതിന്റെ എത്രയോ മടങ്ങ് കൂടുതല് മാലിന്യങ്ങള് നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്ട്ടില് പറയുന്നു.

അതേസമയം ജനങ്ങള്ക്ക് അപകടമുണ്ടാക്കുന്ന തരത്തില് യാതൊരുവിധ പ്രശ്നങ്ങളും ഇത് മൂലമുണ്ടാകില്ലെന്ന് ഡിപ്പാര്ട്ട്മെന്റ് ഓഫ് ഹെല്ത്ത് ആന്റ് സോഷ്യല് കെയര് പ്രതിനിധി അറിയിച്ചു. വാര്ത്ത പുറത്തുവന്നതോടെ വിശദമായ അന്വേഷണം നടത്തുമെന്നും ഹെല്ത്ത് ഡിപാര്ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ സമാന കാരണത്തിന് നിരവധി മുന്നറിയിപ്പ് നോട്ടീസുകള് ലഭിച്ചിട്ടുള്ള കമ്പനിക്കെതിരെയാണ് വീണ്ടും ആരോപണങ്ങള് ഉയര്ന്നിരിക്കുന്നത്. കമ്പനി സംഭരിക്കുന്ന മാലിന്യങ്ങളില് മനുഷ്യശരീര ഭാഗങ്ങളും നീക്കം ചെയ്ത അവയവങ്ങളും ടോക്സിക് കീമോ തെറാപ്പി കെമിക്കല്സ് കൂടാതെ അപകടകാരിയായ മറ്റു മെഡിക്കല് കെമിക്കലുകളും ഉള്പ്പെടും. ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കാന് സാധ്യതയുള്ളവയാണ്.

നിലവില് മാലിന്യ സംസ്കരണത്തിലുണ്ടായിരിക്കുന്ന അപാകത ജനങ്ങളെ ബാധിക്കില്ലെന്ന് അധികൃതര് ഉറപ്പു നല്കുന്നുണ്ട്. എന്നാല് ഇത് പരിസ്ഥിതിക്ക് അങ്ങേയറ്റം ദോഷകരമാണെന്ന് വിദഗ്ദ്ധര് ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് 50 ഓളം എന്.എച്ച്.എസ് ട്രസ്റ്റുകളില് നിന്നാണ് ഹെല്ത്ത് കെയര് സര്വീസസ് ലിമിറ്റഡ് മാലിന്യം ശേഖരിക്കുന്നത്. ഇവരുടെ വിവിധ സൈറ്റുകളിലായിട്ടാണ് ഇവ നിര്മാര്ജനം ചെയ്യുന്നത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് യു.കെയുടെ പോളിസികള് പാലിക്കാതെയാണ് ഇവര് മാലിന്യം സൂക്ഷിച്ചിരിക്കുന്നതെന്ന് റിപ്പോര്ട്ടില് പറയുന്നു. കമ്പനിക്കെതിരെ നിരവധി പരിസ്ഥിതി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
കേരള കത്തോലിക്കാ മെത്രാൻ സമിതിയ്ക്ക് (കെസിബിസി) മാവോയിസ്റ്റ് ഭീഷണി. പി.ഒ.സിയുടെ പാലാരിവട്ടം ഓഫീസിലാണ് കത്ത് എത്തിയത്. ദി ചീഫ് കെസിബിസി എന്ന വിലാസത്തിൽ ഉള്ള കത്ത് ചുവന്ന അക്ഷരത്തിലാണ് വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്കി.
കത്ത് ഇങ്ങനെ
“ഞങ്ങൾ ഇതുവരെ നിങ്ങൾക്കെതിരേ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ് ആദിവാസികളും കന്യാസ്ത്രീകളും. ഞങ്ങൾ കാമാത്തിപ്പുരകളല്ല. കുറച്ചുപേർ നിങ്ങളുടെ ഇഷ്ടത്തിനൊത്ത് തുള്ളുന്നവരും തുണിയുരിയുന്നവരുമായി ഉണ്ടായിരിക്കാം.
ഞങ്ങൾക്ക് മാനന്തവാടി എന്നല്ല കേരളത്തിലെ ഏതു സ്ഥലത്തും കൈയെത്തും ദൂരത്താണ്. മെത്രാൻമാരും ബിഷപ്പുമാരും അച്ചന്മാരും ബാവാമാരും ആത്മീയതയിലേക്കാണെങ്കിൽ ഞങ്ങൾ മാറി നിൽക്കാം. സാമ്പത്തിക ചൂഷണവും ശാരീരിക ചൂഷണവും ഇനിയും കണ്ടു നിൽക്കാനാവില്ല. ഞങ്ങളെ തടയാൻ നിങ്ങൾക്കാവില്ല. നിലമ്പൂർക്കാട്ടിലെ ചോരയ്ക്കു പകരം അരമനകളിലാകാതിരിക്കാനാണ് ഈ കത്ത്”….. മാവോയിസ്റ്റുകൾ
നിലമ്പൂരിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സീലിൽ നിന്ന് മനസിലാകുന്നത്. കത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.
1981 ഒക്ടോബറിലാണ് ഞാന് ഉഴവൂര് കോളജില് ചേര്ന്നത്. അന്ന് ഗോരേത്തിയമ്മയാണ് ഉഴവൂര് കോളജിന്റെ പ്രിന്സിപ്പല്. കരിസ്മാറ്റിക് ധ്യാനങ്ങള് കേരളത്തില് സജീവമാകുന്ന കാലഘട്ടം. കോളജിലും കരിസ്മാറ്റിക് ധ്യാനങ്ങള് നടത്തിയിരുന്നു. ആ കരിസ്മാറ്റിക് ധ്യാനത്തില് പങ്കെടുത്ത ജോസഫ് കൊച്ചുതാഴം എന്ന ബോട്ടണി ലക്ചറര് ദൈവവിളി ഉണ്ടായതിന്റെ ഫലമായി അപ്പോള് പൂനാ പേപ്പല് സെമിനാരിയില് വൈദിക വിദ്യാര്ത്ഥിയാണ്. കോളജില് നിന്നും അദ്ദേഹത്തിന് ദീര്ഘകാല അവധിയാണ് നല്കിയിരിക്കുന്നത്. ഒരു ഇളയ സഹോദരനോട് എന്നപോലെ ഉള്ള സ്നേഹവാത്സല്യങ്ങളാണ് ഗോരേത്തിയമ്മ എന്നോട് കാട്ടിയിരുന്നത്. സ്വകാര്യ സംഭാഷണങ്ങളില് ബ്രദര് കൊച്ചുതാഴത്തിനെപ്പറ്റി എന്നോട് ഉത്സാഹത്തോടെ സംസാരിക്കുമായിരുന്നു. 1982 ഫെബ്രുവരി മാസത്തില് സിസ്റ്റര് എന്റെ കൈയ്യില് ഒരു സര്ക്കുലര് തരികയുണ്ടായി. സേവ്യര് ബോര്ഡ് ഓഫ് ഹയര് എഡ്യുക്കേഷന്റെ ആഭിമുഖ്യത്തില് കൊടൈക്കനാലില് ഒരാഴ്ച നീണ്ടുനില്ക്കുന്ന കോളജ് അധ്യാപകര്ക്കുവേണ്ടിയുള്ള കരിസ്മാറ്റിക് ധ്യാനത്തെക്കുറിച്ചുള്ള അറിയിപ്പായിരുന്നു അത്. അങ്ങനെ സിസ്റ്ററിന്റെ പ്രേരണയാല് ഞങ്ങള് നാലുപേര് ഷെമ്പഗനൂരിലെ സേക്രട്ട് ഹാര്ട്ട് കോളജില് നടക്കുന്ന കരിസ്മാറ്റിക് ധ്യാനത്തില് പങ്കെടുക്കുവാന് തീരുമാനിച്ചു. മലയാളം ഡിപ്പാര്ട്ടുമെന്റില് നിന്ന് ഞാനും ചാക്കോസാറും. ഇംഗ്ലീഷ് ഡിപ്പാര്ട്ടുമെന്റില് നിന്ന് തോമസ് വെട്ടിക്കല്, ബോട്ടണി ഡിപ്പാര്ട്ടുമെന്റില് നിന്നും ജോസ് കോരക്കുടിലില്.
ഏപ്രില് മാസത്തിന്റെ ആദ്യ ആഴ്ചയില് ഒരു ദിനം കോട്ടയത്ത് ആനന്ദ് തീയേറ്ററില് സെക്കന്റ് ഷോ കണ്ട് വെളുപ്പിനുള്ള മധുര ബസില് കയറി ഞങ്ങള് തേനിയില് ഇറങ്ങി. തേനിയില് നിന്നും പെരിയകുളം ബത്ലിഗുണ്ടാ വഴി തണുപ്പുള്ള ഒരു സായാഹ്നത്തില് ഷെമ്പകനൂര് കോളജിന്റെ മുന്പില് ഞങ്ങള് ബസ് ഇറങ്ങി. വിശാലമായ ഒരു പ്രദേശത്ത് തല ഉയര്ത്തി നില്ക്കുന്ന ഒരു കെട്ടിട സമുച്ചയം. അങ്ങ് അകലെ മഞ്ഞണിഞ്ഞ കൊടൈമലകള്. ജസ്യൂട്ട് വൈദികരുടെ കോളജാണത്. പല കാരണങ്ങള്കൊണ്ട് ആ കോളജ് ഇന്ന് നിര്ത്തിയിരിക്കുകയാണ്. ഇപ്പോള് ഇതുപോലെ ക്യാമ്പുകളും സെമിനാറുകളുമൊക്കെയാണ് അവിടെ നടന്നുവരുന്നത്. ദക്ഷിണേന്ത്യയിലെ പല കോളജുകളില് നിന്നായി 50ഓളം അധ്യാപകര്. പുരുഷന്മാരും സ്ത്രീകളും കന്യാസ്തീകളുമുണ്ട്. റെജിസ്ട്രേഷന് കഴിഞ്ഞ് എല്ലാവരും തമ്മില് പരിചയപ്പെട്ടു. കേരളത്തില് നിന്നും കുറെപ്പേരുണ്ട്. ബി.സി.എം. കോളജില് നിന്ന് സിസ്റ്റര് ഫ്ളെവര്ലിറ്റിന്റെ നേതൃത്വത്തില് രണ്ടു അധ്യാപികമാര്. മംഗലാപുരം കോളജിലെ പ്രസിന്സിപ്പലായിരുന്ന സിസ്റ്റര് എഡ്വിച്ച് ആയിരുന്നു ക്യാമ്പിന്റെ കോഓര്ഡിനേറ്റര്. സേവ്യര് ബോര്ഡ് ഓഫ് ഹയര് എഡ്യുക്കേഷന്റെ ഭാരവാഹി കൂടിയായിരുന്നു അവര്. ഒരു കന്യാസ്ത്രീയുടെ ഭാവശുദ്ധിയോടുകൂടി അവര് എപ്പോഴും ഞങ്ങള്ക്ക് ഉപേദശങ്ങള് നല്കിയിരുന്നു. ഗോരേത്തിയമ്മയുടെ സുഹൃത്തും കൂടിയായിരുന്നു അവര്. നിശബ്ദരായിക്കുവാന് അവര് എപ്പോഴും ഞങ്ങളെ പ്രേരിപ്പിച്ചുെകാണ്ടിരുന്നു.
ഫാദര് ജിനോ ഹെന്ട്രിക്കസ് എന്ന മംഗലാപുരംകാരന് വൈദികനായിരുന്നു ധ്യാനഗുരു. ശുദ്ധമായ ഇംഗ്ലീഷില് അദ്ദേഹം തന്റെ ധ്യാനപ്രസംഗങ്ങള് നടത്തി. ഇടയ്ക്കിടയ്ക്ക് ആരാധനകളും മറ്റു ശുശ്രൂഷകളും സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്. ചെന്നതിന്റെ പിറ്റേന്ന് ഞാന് ഗോരേത്തിയമ്മയ്ക്ക് അവിടെനിന്നൊരു കത്തയച്ചു. ആ കത്തില് ധ്യാനത്തിന്റെ നല്ല വശങ്ങളാണ് ഞാന് എഴുതിയിരുന്നത്. ആ കത്തിനെക്കുറിക്ക് സിസ്റ്റര് പലരോടും സംസാരിച്ചുവത്രേ!. ബ്രദര് കൊച്ചുതാഴത്തിനെപ്പോലെ മറ്റൊരു ബ്രദര് പൂഴിക്കുേന്നലിനെ സിസ്റ്റര് സങ്കല്പിച്ചുകാണും! പരിശുദ്ധാാവിന്റെ കൃപയ്ക്കുവേണ്ടിയുള്ള അഭിഷേക പ്രാര്ത്ഥനകളും രോഗശാന്തി ശുശ്രൂഷകളും ഒക്കെയായി അഞ്ചുദിവസം നീണ്ടുനിന്ന ആ ധ്യാനം അവസാനിച്ചു. ഒരു ദിവസം ഉപവാസവും ഉണ്ടായിരുന്നു. ധ്യാനം കഴിഞ്ഞതിന്റെ പിറ്റേദിവസം കൊടൈക്കനാല് കാഴ്ചകള്ക്കായി സിസ്റ്റര് ഞങ്ങളെ കൊണ്ടുപോയി. എല്ലാവരും അവരവരുടെ കോളജുകളില് പ്രയര് ഗ്രൂപ്പുകളുണ്ടാക്കി ധ്യാനത്തിന്റെ അരൂപി നിലനിര്ത്തണെമന്ന് ഉപേദശിച്ച് സിസ്റ്റര്
എഡ്വിച്ച് ഞങ്ങളെ യാത്രയാക്കി. പിറ്റെ വര്ഷം മാര്ച്ചുമാസത്തില് ഗൊരേത്തിയമ്മ വീണ്ടും വിളിച്ച് ഫോളോ അപ്പ് ധ്യാനത്തിന്റെ സര്ക്കുലര് കാട്ടിത്തന്നു. വീണ്ടും ഷെമ്പഗനൂര്ക്ക് പോകാനുള്ള ഉത്സാഹം. ഈ സമയം പ്രാല്സാറും ഹിന്ദിയിലെ എം. ജെ. തോമസ് സാറുമായി ഞാന് വലിയ സൗഹൃദത്തിലായിരുന്നു. ഇത്തരം കാര്യങ്ങളില് കടുത്ത വിമര്ശകരായിരുന്നെങ്കിലും കൊടൈക്കനാലില് ഒരാഴ്ച താമസിക്കാമെന്നുള്ള എന്റെ പ്രേരണയ്ക്ക് വഴങ്ങി അവരും പോരുവാന് സമ്മതിച്ചു. ചാക്കോസാറും ജോസ് കോരക്കുടിയും ഒഴിഞ്ഞുമാറി. അങ്ങനെ 1983 ഏപ്രില് മാസത്തിന്റെ ആദ്യവാരത്തില് പ്രാല്ജി, ഗുരുജി, വെട്ടിക്കന്, പിന്നെ ഞാനും മധുര ബസില് തേനിയില് ഇറങ്ങി. പെരിയകുളം ബത്ലിഗുണ്ടാവഴി കൊടൈക്കനാലില് എത്തി. ഇത്തവണ ക്യാമ്പില് പകുതിയോളം പഴയ ആള്ക്കാരും പകുതിയോളം പുതിയ ആള്ക്കാരുമാണ്. സിസ്റ്റര് എഡ്വിച്ച് വീണ്ടും ഉപദേശങ്ങള് നിരത്തി. പ്രാല്ജിയും ഗുരുജിയും ഉപേദശങ്ങളെ ഹാസ്യഭാവങ്ങേളാടെ സ്വീകരിച്ചു. പ്രാല്ജിയുടെ ചില ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടാതെ വന്നപ്പോള് അദ്ദേഹത്തിന്റെ തലയില് കൈവച്ച് ”ഓ ജീസസ്! ഹാവ് മേഴ്സി ഓണ് യുവര് സണ്” എന്നു വിലപിച്ചു. പ്രാല്ജിയും ഗുരുജിയും ഒരു മുറിയിലും ഞാനും വെട്ടിക്കനും മറ്റൊരു മുറിയിലുമാണ് കരിമ്പടം പുതച്ച് ഉറങ്ങിയിരുന്നത്.
സായാഹ്നങ്ങളില് ഞങ്ങള് പൂന്തോട്ടങ്ങളിലൂടെ നടന്നു. യൂക്കാലി മരത്തണലില് വിശ്രമിച്ചു. പ്രകൃതിഭംഗി ആസ്വദിച്ചു. സന്ധ്യകളില് അത്താഴത്തിനു മുന്പ് ചില കുസൃതികളില് മുഴുകി. ഫ്രിറ്റ്സ് എന്ന സഹോദരനാണ് ആദ്യ ദിവസത്തെ ക്ലാസ്സുകള് നയിച്ചത്. മര്ച്ചന്ട് നേവിയില് കപ്പിത്താനായിരുന്ന ഫ്രിറ്റ്സ് ജോലി ഉപേക്ഷിച്ച് ഇപ്പോള് സുവിശേഷപ്രഘോഷണത്തിലാണ്. വെളുത്ത പാന്റ്സും മുട്ടോളമെത്തുന്ന ജുബ്ബയും കഴുത്തില് വലിയ കുരിശുമാലയുമായി ഫാദര് ജിനോ ഹെന്ട്രിക്കസ് പിന്നെ ധ്യാനത്തിന്റെ നിയ്രന്തണം ഏറ്റെടുത്തു. ശുദ്ധമായ ഇംഗ്ലീഷില് വശ്യസുന്ദരമായ സ്വരത്തില് അവതരണ ഭംഗിയോടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള് ആകര്ഷകമായിരുന്നു. ഹോളിസ്പിരിറ്റിനു വേണ്ടിയുള്ള പ്രാര്ത്ഥനകളും രോഗശാന്തി ശുശ്രൂഷകളും വീണ്ടും ആവര്ത്തിച്ചു. രോഗശാന്തി ശുശ്രൂഷയില് ദീര്ഘകാലമായി ഉണ്ടായിരുന്ന കാല്മുട്ടിലെ വേദന അപ്രത്യക്ഷമായതില് ഗുരുജിസാര് ആഹ്ലാദിക്കുകയും അല്ലേലുയ്യ വിളിച്ച് ‘പ്രയ്സ് ദ ലോഡ്’ ഏറ്റുപറയുകയും ചെയ്തു. എന്നാല് പിറ്റെദിവസം കാല്മുട്ടിലെ വേദന വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള് അല്ലേലുയ്യ വിളിക്കാതെയും പ്രയ്സ് ദ ലോഡ് പറയാതെയും ഞങ്ങളോടു ദേഷ്യപ്പെട്ടു.
ധ്യാനം സമാപിച്ച സായാഹ്നത്തില് കൊടൈക്കനാല് തടാകത്തില് ഞങ്ങള് ബോട്ടുയാത്ര നടത്തി. പാട്ടുകള് പാടി. തടാകത്തോടു ചേര്ന്നുള്ള ഒരു ചെറിയ റസ്റ്റോറന്റില് പൊരിച്ച കോഴിയും മൊരിച്ച ചപ്പാത്തിയും കഴിച്ചു. പിറ്റേദിവസം രാവിലത്തെ ബസില് ഞങ്ങള് തിരികെ യാത്രയായി. കുമളിയില് വച്ച് ഞങ്ങളെ കയറ്റാതെ പോയ പച്ചനിറത്തിലുള്ള കെ.എസ്.ആര്.റ്റി.സി. എക്സ്പ്രസ് ബസിനെ നോക്കി ചീത്തവിളിച്ചു. കുറെ മുന്നോട്ടുപോയ ബസ് ഇതാ തിരികെ പുറകോട്ടുവരുന്നു. ഞങ്ങളെ ഭയപ്പെട്ടിട്ട് കണ്ടക്ടര് മണിയടിച്ച് ബസ് പുറകോട്ടു കൊണ്ടുവരുന്നത് ഞങ്ങളെ കയറ്റാനാണെന്നു കരുതി. എന്നാല് ബസിന്റെ ഡോര് തുറക്കാതെ അവന് ഞങ്ങളെ പരസ്യമായി ചീത്തവിളിച്ചു. ഞങ്ങളുടെ അപ്പനും അമ്മയ്ക്കുമെല്ലാം അവന് വിളിച്ചുകൊണ്ടേയിരുന്നു. അപ്രതീക്ഷിതമായ ചീത്തവിളിയുടെ മുന്പില് ഞങ്ങള് പാവം അധ്യാപകര് സ്തബ്ധരായി നിന്നു. ഞങ്ങളെ കയറ്റാതെ മണിയടിച്ച് അവന് ബസ് വീണ്ടും മുന്നോട്ടെടുത്തപ്പോള് ഗുരുജി കൈ ഉയര്ത്തി പറഞ്ഞു ‘പ്രയ്സ് ദ ലോഡ്’! അടുത്ത ബസിനായി ഞങ്ങള് കാത്തുനിന്നു.
ന്യൂസ് ഡെസ്ക്
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉൾപ്പെട്ട പീഡനാരോപണക്കേസിൽ കെസിബിസിയുടെ നിലപാടുകൾ പ്രസിഡന്റ് ഡോ. സൂസൈ പാക്യം ഔദ്യോഗികമായി വിശദീകരിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കെ സി ബി സിക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിബിസി അധ്യക്ഷൻ നേരിട്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുറവിലങ്ങാട്ട് കോൺവന്റിലെ കന്യാസ്ത്രീ നല്കി പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ ജയിലിലാണ്. പാലാ സബ് ജയിലിൽ കഴിയുന്ന ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനു മുമ്പ് രണ്ട് തവണ കെ സി ബി സി ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വക്താവ് വഴി നിലപാട് വെളിപ്പെടുത്തിക്കൊണ്ട് സർക്കുലർ ഇറക്കിയിരുന്നു.
“ആനുകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസിയെ തെറ്റിദ്ധരിക്കുകയും വിമർശനം ഏറ്റുവാങ്ങേണ്ടിയും വന്ന അവസരമാണിത്. ജലന്ധർ രൂപതാദ്ധ്യക്ഷനെതിരെ ഒരു സന്യാസിനി ഉന്നയിച്ച ലൈംഗികാരോപണമാണ് ചർച്ചാ വിഷയം. വർഷങ്ങളായി ഈ സന്യാസിസിനി അടിച്ചമർത്തലും ഭീഷണിയും അപമാനവും സഹിക്കുന്നു എന്നതാണ് പരാതി. ഡൽഹിയിലെ നുൺഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും റോമിലെ ഉത്തരപ്പെട്ടവർക്കും കേരളത്തിലെ ചില മെത്രാൻമാർക്ക് വ്യക്തിപരമായും ഇതുമായി ബന്ധപ്പെട്ട് പരാതി കൊടുത്തിരുന്നുവെന്നും എന്നാൽ സഭയുടെ ഭാഗത്തു നിന്നും പരിഹാരത്തിനായുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോൾ പോലീസിന് പരാതി നല്കി എന്നുമാണ് സമർപ്പിതയുടെ വിശദീകരണം”. ഡോ. സൂസൈ പാക്യം പറഞ്ഞു.
“വളരെയേറെ ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമാണിത്. കെസിബിസി അദ്ധ്യക്ഷൻ എന്ന നിലയിൽ പ്രശ്ന പരിഹാരത്തിൽ നിന്നും നിലപാട് വ്യക്തമാക്കുന്നതിൽ നിന്നും ഞാനൊഴിഞ്ഞു മാറുന്നു എന്നതാണ് എനിക്കെതിരായ ആക്ഷേപം”. സൂസൈ പാക്യം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ചില വസ്തുതകൾ എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
“പീഡനാരോപണം സംബന്ധിച്ച് കെസിബിസിക്ക് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. കർദ്ദിനാൾ ആലഞ്ചേരിയ്ക്ക് ലഭിച്ച പരാതി വ്യക്തിപരവും സ്വകാര്യ സ്വഭാവമുള്ളതാകയാൽ ആ രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടു എന്നാണ് അറിയുന്നത്. ഇവയിലൊന്നും ലൈംഗികാരോപണം ഉള്ളതായി സൂചനയില്ല. ജൂൺ മാസം അവസാനം പോലീസിൽ നല്കപ്പെട്ട പരാതിയേക്കുറിച്ച് കെസിബിസി അറിയുന്നതു പത്രമാധ്യമങ്ങളിൽ നിന്നാണ്. ന്യായം നിഷേധിക്കപ്പെട്ടുവെന്ന് തോന്നുന്ന അവസരങ്ങളിൽ പോലീസിൽ പരാതിപ്പെടുവാനുള്ള സന്യാസിനിയുടെ അവകാശത്തെയും സ്വാതന്ത്യത്തെയും കെസിബിസി മാനിക്കുന്നു. സഭയുടെ ഭാഗത്ത് നിന്ന് പരാതി സ്വീകരിച്ചവർ മുറപോലെ അന്വേഷണം നടത്തുകയും തക്ക സമയത്ത് തീരുമാനങ്ങളും തിരുത്തലുകളും ശിക്ഷണ നടപടികൾ ഉണ്ടാവുകയും ചെയ്യും. പോലീസ് അന്വേഷണം ആരംഭിച്ചതുകൊണ്ടും അതിന് മുൻഗണന നല്കാനുള്ളതുകൊണ്ടും സമാന്തരമായി പരസ്യമായ അന്വേഷണം സഭയുടെ ഭാഗത്തു നിന്ന് ഉണ്ടാവില്ല”.
“സത്യം അറിയാനും നീതി നടപ്പാക്കാനുള്ള പോലീസിന്റെ അന്വേഷണവുമായി സഭ അങ്ങേയറ്റം സഹകരിക്കും. പ്രശ്നത്തിന്റെ വാദിയും പ്രതിയും സഭാംഗങ്ങളാണ്. രണ്ടിലൊരാൾ കള്ളം പറയുന്നു. ആരു ജയിച്ചാലും ആരു തോറ്റാലും അതിന്റെ അപമാനവും വേദനയും മുറിവും സഭാ കുടുംബം മുഴുവൻ ഏറ്റെടുത്തേ മതിയാവൂ”.
അന്വേഷണം പൂർത്തിയായി വിധി വരുന്നതുവരെ ചിലർ വേട്ടക്കാരായും ചിലരെ ഇരകളായും നിശ്ചയിക്കുന്ന സമീപനത്തോട് കെസിബിസിക്ക് യോജിപ്പില്ല. ഇതിന്റെ മറവിൽ സഭയെ അടച്ചാക്ഷേപിക്കുന്നതിനെ കെസിബിസി അപലപിക്കുന്നു. പീഡനാരോപണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശ്നം വളരെ സങ്കീർണ്ണമാണെന്നും സാധിക്കുകയാണെങ്കിൽ ജലന്ധർ ബിഷപ്പ് സ്ഥാനത്തു നിന്ന് മാറി നിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന നിലപാട് നുൺഷ്യോയെയും സിബിസിഐയും അറിയിച്ചിരുന്നു എന്നും ഡോ. സൂസൈ പാക്യം പറഞ്ഞു. സെപ്റ്റംബർ 8 ന് സന്യാസിനികളുടെ സമരം ആരംഭിക്കുകയും മാധ്യമ വിചാരണ ശക്തമാവുകയും നിക്ഷിപ്ത താത്പര്യക്കാർ സഭയെ പ്രതികൂട്ടിൽ നിർത്തി ആക്ഷേപിക്കുന്ന അവസ്ഥ ഉണ്ടായി.
“സെപ്റ്റംബർ 12 ന് അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ടും സഹകരണം ഉറപ്പു നല്കിക്കൊണ്ടു കെസിബിസി പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ചില രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും സംസ്ക്കാരിക പ്രവർത്തകരും സമരത്തെ അനുകൂലികുകയും കെസിബിസിയുടെയും സിബിസിഐയുടേയും ശവപ്പെട്ടി ഉണ്ടാക്കി സംസ്കാരം നടത്തുകയും ചെയ്തപ്പോൾ വളരെയേറെ വേദന തോന്നി”.
“കെസിബിസി ആരോടും പക്ഷഭേദം കാണിച്ചിട്ടില്ല. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും നിശ്ചയമില്ല. സന്യാസിനി നല്കിയ പരാതിയുടെ വിവരങ്ങൾ നല്കാനഭ്യർത്ഥിച്ച് നുൺഷ്യോയ്ക്കും സിബിസിഐയ്ക്കും കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്കാൻ പ്രത്യേക രേഖകൾ ഒന്നുമില്ല എന്നും വത്തിക്കാനെ യഥാസമയം വിവരങ്ങൾ അറിയിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നുമാണ് നൂൺഷ്യോ അറിയിച്ചത്. കെസിബിസിയ്ക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് എനിക്ക് അറിയില്ല. ആരേയും വിധിക്കാനോ ന്യായീകരിക്കാനോ സമയമായിട്ടില്ല. മെത്രാനെ അനുകൂലിച്ചതായും സന്യാസിനിയെ എതിർത്തതായും ഉള്ള വ്യാഖ്യാനങ്ങൾ ശരിയല്ല. അന്വേഷണത്തിന്റെ ഘട്ടത്തിൽ കെസിബിസി രണ്ടു കൂട്ടരേയും ഒരു പോലെ ഉൾക്കൊള്ളാനും സമദൂരം പാലിക്കാനുമാണ് ശ്രമിക്കുന്നത്. കെസിബിസിയെ ഇന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. കിട്ടാത്ത ഒരു പരാതിയിന്മേൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇതിനപ്പുറം എന്താണ് ചെയ്യേണ്ടിയിരുന്നത് എന്ന് അറിയില്ല”. ഡോ. സൈ പാക്യം തുടര്ന്നു.
ലണ്ടന്: യു.കെയിലെ ഫാമിലി ഡോക്ടര്മാരുടെ വര്ദ്ധിച്ചു വരുന്ന ജോലി ഭാരം കുറയ്ക്കാനുള്ള പദ്ധതികള് കൊണ്ടുവരാനൊരുങ്ങി എന്.എച്ച്.എസ്. സമീപകാലത്ത് ജി.പിമാരുടെ എണ്ണത്തിലുണ്ടായ കുറവ് ഡോക്ടര്മാരുടെ ജോലിഭാരം ഇരട്ടിയായി വര്ദ്ധിപ്പിച്ചതായി റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. മിക്കവരും അധിക സമയം ജോലിയെടുക്കുന്നവരാണെന്നും ചിലര് വെളിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തില് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് എന്.എച്ച്.എസ് പുതിയ നീക്കങ്ങള് ആരംഭിച്ചിരിക്കുന്നത്. പത്ത് മുതല് പതിനഞ്ച് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളാക്കി രോഗികളെ പരിശോധിക്കാനുള്ള നിര്ദേശമാണ് ഇപ്പോള് പരിഗണിക്കുന്നത്.

എന്.എച്ച്.എസ് പത്ത് വര്ഷത്തെ പ്രവര്ത്തനങ്ങളോടപ്പം ഗ്രൂപ്പ് കണ്സള്ട്ടേഷന് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്ഷം അവസാനമാണ് എന്.എച്ച്.എസ് പത്ത് വര്ഷത്തെ പദ്ധതി റിപ്പോര്ട്ട് സമര്പ്പിക്കാന് ഉദ്ദേശിക്കുന്നത്. പുതിയ നീക്കത്തെ ജി.പിമാര് സ്വാഗതം ചെയ്തിട്ടുണ്ട്. ജോലിഭാരം കുറയ്ക്കാന് ഇത് സഹായിക്കുമെന്നാണ് പലരുടെയും പ്രതീക്ഷ. ലണ്ടന്, ന്യൂകാസില്, മാഞ്ചസ്റ്റര് തുടങ്ങി നിരവധി സ്ഥലങ്ങളില് ഗ്രൂപ്പ് കണ്സള്ട്ടേഷന് സംബന്ധിച്ച പൈലറ്റ് സ്റ്റഡി നടന്നു കഴിഞ്ഞു. സമാന രോഗാവസ്ഥയുള്ള പത്ത് മുതല് പതിനഞ്ച് വരെ രോഗികളെയാണ് ഗ്രൂപ്പുകളാക്കി തിരിച്ച് പരിശോധിച്ചത്.

സമാന നിര്ദേശങ്ങള് നിരവധി പേര്ക്ക് മുന്നില് ആവര്ത്തിക്കേണ്ട അവസ്ഥ ഗ്രൂപ്പ് കണ്സള്ട്ടേഷന് സമയത്തുണ്ടാകുന്നില്ലെന്ന് ഡോക്ടര്മാര് പറയുന്നു. ഗ്രൂപ്പ് കണ്സള്ട്ടേഷന് തികച്ചും ക്രിയാത്മകവും ഫലപ്രദവുമാണെന്ന് കഴിഞ്ഞ ദിവസം റോയല് കോളേജ് ഓഫ് ജി.പി ആന്യുല് കോണ്ഫറന്സ് വ്യക്തമാക്കി. അതേസമയം പുതിയ നീക്കം മിക്ക രോഗികളിലും എതിര്ത്തു. പത്ത് മുതല് പതിനഞ്ച് വരെ അപരിചതരായ ആളുകള്ക്കിടയില് ഇരുന്ന് തങ്ങളുടെ രോഗാവസ്ഥ വിവരിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് രോഗികള് ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊണ്ണത്തടി, ഡയബെറ്റിസ്, ഇറക്ടൈല് ഡിസ്ഫങ്ഷന് തുടങ്ങിയ രോഗങ്ങള്ക്ക് ഗ്രൂപ്പ് കണ്സള്ട്ടേഷന് ഗുണം ചെയ്യുമെന്ന് നിരീക്ഷകര് പറയുന്നു.