Main News

ലണ്ടന്‍: ‘കഴിഞ്ഞ തലമുറയിലെ ആളുകള്‍ക്ക് ധാരാളം സമയമുണ്ടായിരുന്നു, എന്നാല്‍ ഇന്ന് കാര്യങ്ങളൊക്കെ മാറി എല്ലാവരും ജീവിത സാഹചര്യത്താല്‍ തിരക്കിലാണ്’ ഇതൊരു സ്ഥിരം അഭിപ്രായമാണ്. ഏത് രാജ്യത്ത് ചെന്നാലും സംസാക്കാരത്തെ അറിഞ്ഞാലും ഈ അഭിപ്രായം നിലനില്‍ക്കുന്നുവെന്നതാണ് സത്യം.  ബ്രിട്ടനില്‍ ചില കാര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് വണ്‍പോള്‍.കോം നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. പൗരന്മാര്‍ക്കിടയില്‍ വീട്ടുജോലികള്‍ നിര്‍വ്വഹിക്കുന്നതിനായി സമയം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സര്‍വ്വേ. നിരവധി പേര്‍ വിഷയത്തില്‍ സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി. പഠനത്തിന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന് പകുതിയിലേറെ വരുന്ന ബ്രിട്ടിഷുകാരും വീട്ടുജോലികള്‍ നിര്‍വ്വഹിക്കാന്‍ കൃത്യമായി സമയം കണ്ടെത്തുന്നവരെന്നാണ്. എന്നാൽ ചിലർ സമയത്തെ മാനദണ്ഡമാക്കി ഇത്തരം കാര്യങ്ങളിൽ വീഴ്ച്ച വരുത്തുന്നതായും സർവ്വേ പറയുന്നു.

കഴിഞ്ഞ തലമുറയ്ക്ക് സമാനമോ അതിന് മുകളിലോ മോഡേണ്‍ കാലഘട്ടങ്ങളില്‍ ചില ആളുകള്‍ സമയം കണ്ടെത്തുകയും അത് കൃത്യനിഷ്ടമായി ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. ചില കാര്യങ്ങളില്‍ വ്യത്യാസമുണ്ടെന്നത് തീര്‍ച്ചയാണ്. അതിലേറ്റവും പ്രധാനം ടെക്‌നോളജിയുടെ വളര്‍ച്ചയാണ്. ഇന്ന് സ്വന്തമായി ക്ലീന്‍ ചെയ്യാന്‍ കഴിവുള്ള നിരവധി ഹൗസ്‌ഹോള്‍ഡ് ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. നിലം വൃത്തിയക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആധുനിക ലോകത്ത് കഴിയും. പലര്‍ക്കും സമയം ലാഭം ലഭിക്കുന്ന കാര്യങ്ങള്‍ വ്യത്യസ്തമാണ്. പാത്രങ്ങള്‍ കഴുകുന്നത് മുതല്‍ നിലം വൃത്തിയാക്കുന്നതുവരെ എത്തിനില്‍ക്കുന്നു സമയം ലാഭത്തിന്റെ കണക്കുകള്‍. എന്നാല്‍ ജനവാതിലുകള്‍ വൃത്തിയാക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമയത്തിന്റെ പരിമിതികള്‍ ഉണ്ടെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

അടുക്കളിയിലാണ് വൃത്തിയാക്കല്‍ ജോലികള്‍ ഏറ്റവും കൂടുതലുള്ളതെന്നാണ് മിക്കവരുടെയും അഭിപ്രായം. എന്തായാലും ഇതൊരു നല്ല തുടക്കവും കാര്യങ്ങളെ കൃത്യമായ വീക്ഷണത്തോടെ സമീപിക്കുന്നതിന്റെയും ഭാഗമായിട്ടുള്ള മാറ്റമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. 36 ശതമാനം ബ്രിട്ടീഷുകാരും ടെക്‌നോളജിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹൗസ്‌ഹോള്‍ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് സമയം ലാഭിക്കുന്നതിനായി ഫലപ്രദമാണെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

ലണ്ടന്‍: ‘റൗണ്ട്എബൗട്ട്’ ചലഞ്ച് വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല കൗമാര പ്രായക്കാര്‍ക്കിടയിലും ‘റൗണ്ട്എബൗട്ട്’ ചലഞ്ച് ഇന്ന് വലിയ പ്രചാരം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിക്കുന്ന ചലഞ്ചിന് എന്നാല്‍ മറ്റൊരു വശം കൂടിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുട്ടികള്‍ ഇത്തരം അപകടകരമായ ചലഞ്ചുകള്‍ ഏറ്റെടുക്കുന്നത് മാതാപിതാക്കള്‍ ഇടപെട്ട് തടയണമെന്നും ഇവയുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെപ്പറ്റി അവരെ ബോധവല്‍ക്കരിക്കണമെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചലഞ്ചിന് ശേഷം കുട്ടികള്‍ക്ക് ചിലപ്പോള്‍ സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കളിസ്ഥലത്തെ കുട്ടികള്‍ കളിക്കാന്‍ (കറങ്ങിത്തിരിയുന്ന മനുഷ്യ നിയന്ത്രിത ചെറുയന്ത്രം) ഉപയോഗിക്കുന്ന റൗണ്ട്എബൗട്ടുകള്‍ വെച്ചാണ് ചലഞ്ച്. ഏറ്റവും വേഗത്തില്‍ ഇതിലിരുന്ന കറങ്ങുകയെന്നതാണ് ചലഞ്ച്. കേട്ടാല്‍ തമാശയായും രസകരമായി തോന്നുമെങ്കിലും ചലഞ്ചില്‍ പങ്കെടുത്തവര്‍ പുറത്തുവിടുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാവും. ഇത്തരം അപകടകരമായ ചലഞ്ചുകള്‍ പല രാജ്യത്തും നിരോധിച്ചിട്ടുണ്ട്. യൂ ടൂബ്, ഫെയിസ്ബുക്ക്, സ്‌നാപ് ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇവ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. റൗണ്ട്എബൗട്ട് വേഗതയില്‍ കറക്കുന്നത് എല്ലാ സമയങ്ങളിലും മനുഷ്യരല്ല. വേഗത കൂടാന്‍ വേണ്ടി ചിലര്‍ ബൈക്കുകല്‍ വരെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

റൗണ്ട്എബൗട്ടില്‍ കറങ്ങുന്നത് തലച്ചോറിലേക്ക് അമിത വേഗത്തില്‍ രക്തമെത്തുകയും ഇത് സ്‌ട്രോക്കിലേക്ക് വഴിതെളിയുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണഗതിയില്‍ ഒരു മനുഷ്യന്‍ കറങ്ങാന്‍ സാധ്യതയുള്ള വേഗതയിലല്ല ചലഞ്ച് ചെയ്യുന്നവര്‍ കറങ്ങാന്‍ ശ്രമിക്കുന്നത്. തലയ്ക്ക് മാരകമായ പരിക്കേല്‍ക്കുക കൂടാതെ, നേത്രപടലത്തിന് കേടുപാട് സംഭവിക്കാനും ഈ ചലഞ്ച് കാരണമാകും. ചലഞ്ച് ചെയ്തയാള്‍ക്ക് ഭാവിയില്‍ കടുത്ത തലവേദന അനുഭവപ്പെടാനും അത് പിന്നീട് മറ്റേതെങ്കിലും രോഗമായി മാറാനും സാധ്യതയുണ്ട്. രാജ്യത്തുടനീളം ചലഞ്ച് ഏറ്റെടുത്ത് പരിക്കേറ്റ കുട്ടികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ലിങ്കണ്‍ഷെയര്‍ സ്വദേശിയായ ഒരു ആണ്‍കുട്ടിക്ക് ചലഞ്ചിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമെ കുട്ടികളെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനാവൂ.

കമ്പ്യൂട്ടര്‍ കലന്‍ഡറിലെ പിഴവു മൂലം ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തില്‍ അടുത്ത മാസം തകരാറുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. വൈ2കെ മാതൃകയിലുള്ള തകരാറായിരിക്കും ഉണ്ടാകുകയെന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ആര്‍എസ്എ 2019 സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഒരു വിദഗ്ദ്ധന്‍ മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 6നായിരിക്കും ജിപിഎസിനെ ഈ തകരാറ് ബാധിക്കുക. പഴയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജിപിഎസ് ഉപകരണങ്ങള്‍ ഏപ്രില്‍ 6ന് പൂജ്യത്തിലേക്ക് സെറ്റ് ചെയ്യപ്പെടുമെന്നും കമ്പ്യൂട്ടര്‍ കലന്‍ഡറുകള്‍ തകരാറിലാകുമെന്നുമാണ് പ്രവചനം. 1999 അര്‍ദ്ധരാത്രിയില്‍ സംഭവിക്കുമെന്ന് കരുതിയിരുന്ന വൈടുകെ പ്രതിഭാസത്തിന് സമാനമായ അവസ്ഥയാണ് ഇത്.

തായ്‌വാനീസ് ബഹുരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് കമ്പനിയായ ട്രെന്‍ഡ് മൈക്രോയുടെ വൈസ് പ്രസിഡന്റായ ബില്‍ മാലിക്ക് ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വൈടുകെയേക്കാള്‍ കൂടുതല്‍ അപകടകാരിയായ എററായിരിക്കും ഇതെന്നും അതിനാല്‍ ഏപ്രില്‍ 6ന് താന്‍ വിമാനയാത്ര ചെയ്യില്ലെന്നും മാലിക് പറഞ്ഞു. ഒട്ടേറെ ഡിവൈസുകള്‍ ജിപിഎസുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഈ പിഴവിന്റെ അനന്തരഫലം ലോകമൊട്ടാകെ ബാധിക്കും. തുറമുഖങ്ങളില്‍ കണ്ടെയിനറുകള്‍ ഓട്ടോമാറ്റിക്കായി ലോഡ് ചെയ്യാനും അണ്‍ലോഡ് ചെയ്യാനും പോലും ജിപിഎസ് ബന്ധിതമായ ക്രെയിനുകളാണ് ഉപയോഗിക്കുന്നത്. പബ്ലിക് സേഫ്റ്റി സംവിധാനങ്ങളും ട്രാഫിക് മോണിറ്ററിംഗ് സംവിധാനങ്ങളും ജിപിഎസിനെ ആശ്രയിക്കുന്നു.

20 വര്‍ഷം മുമ്പ് ആരംഭ ദശയിലായിരുന്ന ഈ സംവിധാനങ്ങള്‍ ഇപ്പോള്‍ എംബെഡഡ് ആണ്. അതിനാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ കടുത്തതായിരിക്കും. അതിനാല്‍ത്തന്നെ സാങ്കേതികവിദ്യ അപ്‌ഡേറ്റ് ചെയ്യാന്‍ സ്വകാര്യ പൊതുമേഖലാ സെക്ടറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാരുകള്‍. അപ്കമിംഗ് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം വീക്ക് നമ്പര്‍ റോളോവര്‍ ഇവന്റ് എന്ന പേരില്‍ 2018 ഏപ്രിലില്‍ തന്നെ അമേരിക്കന്‍ ഗവണ്‍മെന്റ് പ്രൈവറ്റ് ടെക്‌നോളജി കമ്പനികള്‍ക്കും നിര്‍മാണ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലണ്ടന്‍: തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് താരതമ്യേന ശരീരം ഭാരം കൂടി വരുന്നതായി ഗവേഷണം. യു.കെയില്‍ സമീപകാലത്ത് പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് പുതിയ ഗവേഷണഫലവും പുറത്തുവന്നിരിക്കുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജാണ് ഗവേഷണം നടത്തിയിരിക്കുന്നത്. ജോലിയെടുക്കുന്ന മാതാപിതാക്കള്‍ മക്കളുടെ ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗവേഷണ റിപ്പോര്‍ട്ട്. തൊഴിലെടുക്കുന്ന അമ്മമാരുള്ള കുട്ടികളുടെ ശരീരഭാരം താരതമ്യേന കൂടുതലാണെന്നും ഇവരുടെ ഡയറ്റ് വളരെയധികം അശ്രദ്ധയോടെ ക്രമീകരിക്കപ്പെട്ടതാണെന്നും പഠനത്തില്‍ വ്യക്തമായതായി പ്രൊഫസര്‍ എംല ഫിറ്റ്‌സിമന്‍സ് ചൂണ്ടിക്കാണിച്ചു.

തൊഴിലെടുക്കുന്ന ‘സിംഗിള്‍ മദറുള്ള’ (Single Mother) കുടുംബങ്ങളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായും കണ്ടുവരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം അച്ഛനും അമ്മയും കൂടെയുള്ള കുട്ടികളിലും അമിതഭാരമുണ്ടാക്കുന്ന തരത്തിലുള്ള ഡയറ്റുകള്‍ കണ്ടുവരുന്നുണ്ട്. ഇത്തരം കുട്ടികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും താരതമ്യേന കുറഞ്ഞ നിരക്കില്‍ മാത്രമാണെന്ന് പഠനം വ്യക്തമാക്കുന്നു. തൊഴിലെടുക്കുന്ന അമ്മമാരുടെ കൂടെ ജിവിക്കുന്ന കുട്ടികളില്‍ 29ശതമാനം പേര്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരോ അല്ലെങ്കില്‍ കഴിക്കുന്നവരോ അല്ലെന്ന് പഠനം വ്യക്തമാക്കുന്നു. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് സ്‌കൂളിലെ കുട്ടികളുടെ പ്രകടനത്തെ വരെ ബാധിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് വിദഗ്ദ്ധരുടെ നിഗമനം.

പാര്‍ട് ടൈം, ഫുള്‍ ടൈം ജോലികള്‍ ചെയ്യുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ ഏതാണ്ട് സമാന അളവിലാണ്. കൃത്യമായ കണക്കുകള്‍ നോക്കിയാല്‍ ഫുള്‍ടൈം തൊഴിലെടുക്കുന്ന അമ്മമാരുടെ കുട്ടികള്‍ക്കാണ് കൂടുതലായി ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. യു.കെയില്‍ സമീപകാലത്ത് പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത് ആശങ്കയുണ്ടാക്കുന്ന സംഭവവികാസമാണ്. തൊഴിലെടുക്കുന്ന അമ്മമാരുടെ മക്കളില്‍ ഏതാണ്ട് 19 ശതമാനം പേരും 3 മണിക്കൂറില്‍ കൂടുതല്‍ സമയം ടെലിവിഷന് മുന്നില്‍ ചെലവഴിക്കുന്നവരാണ്. കുട്ടികള്‍ക്ക് അനുവദിനീയമായതിലും കൂടുതല്‍ ഷുഗര്‍ ഇവര്‍ കഴിക്കുന്നതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

അപൂര്‍വ്വ ക്യാന്‍സറിനോട് പൊരുതുന്ന അഞ്ചു വയസുകാരന് ചികിത്സക്കായി വിത്തു കോശങ്ങള്‍ വേണം. ഓസ്‌കാര്‍ സാക്‌സെല്‍ബി-ലീ എന്ന വോസ്റ്റര്‍ഷയര്‍ സ്വദേശിയായ ബാലന് ക്യാന്‍സറില്‍ നിന്ന രക്ഷനേടാന്‍ സ്‌റ്റെം സെല്‍ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ടി-സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദമാണ് ഓസ്‌കാറിന് ബാധിച്ചിരിക്കുന്നത്. കുട്ടിക്ക് ചേരുന്ന വിത്തുകോശങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 6000ത്തോളം ആളുകളാണ് ഇതിനോടകം വിത്തുകോശങ്ങള്‍ ചേരുമോ എന്നറിയാന്‍ പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. കഴിഞ്ഞയാഴ്ച 5000 ആളുകള്‍ പരിശോധന നടത്തി. ഇന്നലെ ഒരു ദിവസം മാത്രം വൂസ്റ്ററിലെ ഗില്‍ഡ് ഹാളില്‍ 1090 പേരാണ് പരിശോധനയ്ക്കായി എത്തിയത്.

മൂന്നു മാസത്തിനുള്ളില്‍ വിത്തുകോശ ചികിത്സ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ക്യാന്‍സര്‍ കണ്ടെത്തിയതിനു ശേഷം ഓസ്‌കാര്‍ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. എന്നാല്‍ പൂര്‍ണ്ണ രോഗമുക്തി നേടണമെ ങ്കില്‍ കൂടുതല്‍ മികച്ച ചികിത്സ ആവശ്യമാണ്. കുട്ടിയുടെ ശരീരത്തില്‍ ചതവു പോലെയുള്ള പാടുകള്‍ കണ്ടെത്തിയതോടെയാണ് മാതാപിതാക്കളായ ഒലീവിയ സാക്‌സെല്‍ബിയും ജാമീ ലീയും ഡോക്ടറെ സമീപിച്ചത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് കുട്ടിക്ക് അപൂര്‍വ്വ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഓസ്‌കാറിന് ചേരുന്ന സ്െറ്റം സെല്‍ ദാതാക്കളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിത്തുകോശ പരിശോധനയ്ക്ക് 4855 പേരാണ് എത്തിയത്. പിറ്റമാസ്റ്റണ്‍ പ്രൈമറി സ്‌കൂളില്‍ നടന്ന പരിശോധനയ്ക്ക് മഴയെയും അവഗണിച്ച് ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നു.

ഡികെഎംഎസ് എന്ന ചാരിറ്റിയാണ് സ്വാബ് ശേഖരണം നടത്തിയത്. ഇതിനു മുമ്പ് സ്വാബ് ശേഖരണത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് 2200 ആളുകള്‍ മാത്രമായിരുന്നു. വൂസ്റ്റര്‍ഷയര്‍ എംപി റോബിന്‍ വോക്കര്‍, വൂസ്റ്റര്‍ മേയര്‍ ജബ്ബ റിയാസ് തുടങ്ങിയവരും സ്വാബ് പരിശോധനയ്ക്ക് എത്തി. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബ്രിട്ടനില്‍ ഓരോ വര്‍ഷവും 650 പേരെ ബാധിക്കാറുണ്ട്. അവരില്‍ പകുതിയും കുട്ടികളാണ്.

ഡോർസെറ്റ് കൗണ്ടിയിലെ പൂളിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി പഴുക്കായിൽ റോബിൻസിൻ്റെയും സ്മിതയുടെയും (അമ്മഞ്ചേരി ഓണശ്ശേരിൽ കുടുംബാംഗം )പുത്രൻ റെയ്സ് (9) ആണ് ബന്ധുമിത്രാദികളുടെയും യു കെ മലയാളി സമൂഹത്തിൻ്റെയും ഒരാഴ്ച നീണ്ട പ്രാർത്ഥനകൾ വിഫലമാക്കി മാലാഖമാർക്കൊപ്പം യാത്രയായത് . ഇന്ന്10/03/2019 പുലർച്ചെ 2 മണിക്ക് സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം .

പൂ ൾ സെൻ്റ് മേരീസ് കാത്തലിക് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു . കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വച്ച് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും സൗതാംപ്റ്റൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തി ചികിത്സ നൽകി വരികയുമായിരുന്നു . റൊക്സാൻ(7) റഫാൽ (3) എന്നിവർ സഹോദരങ്ങൾ ആണ് .

പൂളിലെയും ബോൺമൗത്തിലെയും മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായ റോബിൻസിൻ്റെയും സ്മിതയുടെയും കുടുംബത്തിനുണ്ടായ തീരാദുഖത്തിൽ നിറകണ്ണുകളുമായ് ഒരു സമൂഹമൊന്നായ് ഒപ്പമുണ്ട് . റെയ്സിൻ്റെ ഭൗതിക ശരീരം കാണുന്നതിന് പൂളിലെ ജൂലിയാസ് ഹൗസ് ഹോസ്പീസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.സംസ്കാര ചടങ്ങുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്

ന്യൂസ് ഡെസ്ക്

യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്റെ (യുക്മ) പ്രസിഡൻറായി മനോജ് പിള്ള തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വോട്ടിനാണ് മനോജ് പിള്ള എതിർ സ്ഥാനാർത്ഥി റോജിമോൻ വറുഗീസിനെ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റുമാരായി എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ജനറൽ സെക്രട്ടറിയായി അലക്സ് വർഗീസ്, ജോയിൻറ് സെക്രട്ടറിമാരായി സാജൻ സത്യൻ, സെലീനാ സജീവ്, ട്രഷററായി അനീഷ് ജോൺ, ജോയിന്റ് ട്രഷററായി ടിറ്റോ തോമസ് എന്നിവരെയും തെരെഞ്ഞെടുത്തു. ഇന്നലെ ബിർമ്മിങ്ങാമിൽ നടന്ന ഇലക്ഷനിൽ നൂറിലേറെ വരുന്ന അസോസിയേഷനുകളിൽ നിന്ന് എത്തിയ പ്രതിനിധികളാണ് അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഓരോ സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകൾ

പ്രസിഡൻറ്
മനോജ് പിള്ള 120
റോജിമോൻ വറുഗീസ് 118

വൈസ് പ്രസിഡൻറ്
എബി സെബാസ്റ്റ്യൻ 133
ലോറൻസ് പെല്ലിശ്ശേരി 103

വൈസ് പ്രസിഡന്റ് (വനിത)
ലിറ്റി ജിജോ 122
ഡോ. ശീതൾ ജോർജ് 115

ജനറൽ സെക്രട്ടറി
അലക്സ് വർഗീസ് 121
ഓസ്റ്റിൻ അഗസ്റ്റിൻ 114

ജോയിന്റ് സെക്രട്ടറി
സാജൻ സത്യൻ 118
കിരൺ സോളമൻ 118
നറുക്കെടുപ്പിലൂടെ സാജൻ സത്യൻ വിജയിച്ചു.

ജോയിന്റ് സെക്രട്ടറി (വനിത)
സെലീന സജീവ് 138
രശ്മി മനോജ് 100

ട്രഷറർ
അനീഷ് ജോൺ 119
ജയകുമാർ നായർ 118

ജോയിന്റ് ട്രഷറർ
ടിറ്റോ തോമസ് 120
അജിത്ത് വെൺമണി 117

ബ്രെക്‌സിറ്റ് അന്തിമ തിയതി അടുത്തിട്ടും ധാരണയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയനെതിരെ ഹൗസ് ഓഫ് കോമണ്‍സ് ലീഡര്‍ ആന്‍ഡ്രിയ ലീഡ്‌സം. യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഗെയിം കളിക്കുകയാണെന്നും ഇതു മൂലം ബ്രസല്‍സും ലണ്ടനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ചര്‍ച്ചകളില്‍ ഓരോ പ്രശ്‌നങ്ങളായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയന്‍ എന്തുതരം ‘കളിയാണ്’ നടത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു. തെരേസ മേയ് അവതരിപ്പിക്കുന്ന പുതിയ ഉടമ്പടിയില്‍ അടുത്ത ദിവസം വോട്ടെടുപ്പ് നടക്കാനിരിക്കെ യൂറോപ്പില്‍ നിന്ന് കേള്‍ക്കുന്നത് നിരാശാജനകമായ വാര്‍ത്തകളാണെന്നും അവര്‍ വ്യക്തമാക്കി.

ജനുവരിയില്‍ പാര്‍ലമെന്റ് വോട്ടിനിട്ടു തള്ളിയ ഉടമ്പടിയില്‍ മാറ്റങ്ങള്‍ക്കായി ശ്രമിക്കുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ മാറ്റങ്ങള്‍ വരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പിലായിരുന്നു ഭരണപക്ഷ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്‍ മേഖലയായ അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ച പദ്ധതികള്‍ മേയ് അംഗീകരിക്കുകയായിരുന്നു. ഇതില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടാണ് പാര്‍ലമെന്റ് വോട്ടിനു ശേഷം മേയ് യൂറോപ്യന്‍ യൂണിയനെ വീണ്ടും സമീപിച്ചത്. പ്രദേശത്ത് യൂറോപ്യന്‍ നിയമങ്ങള്‍ ബാധകമാക്കിക്കൊണ്ട് അതിര്‍ത്തി തുറന്നിടാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ വെള്ളിയാഴ്ച ഒരു നിര്‍ദേശം അവതരിപ്പിച്ചെങ്കിലും ലണ്ടന്‍ അത് നിരസിച്ചു.

വിഷയത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ലീഡ്‌സം റോയിട്ടേഴ്‌സിനോട് പറഞ്ഞു. എങ്കിലും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കേള്‍ക്കുന്ന കാര്യങ്ങളില്‍ കടുത്ത നിരാശയാണുള്ളത്. അവര്‍ എന്തു ഗെയിമാണ് കളിക്കുന്നതെന്ന കാര്യം ഞാന്‍ സ്വയം ചോദിക്കുകയാണെന്നും അവര്‍ പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിലും മേയ് പരാജയപ്പെട്ടാല്‍ ആരായിരിക്കും കുറ്റക്കാര്‍ എന്ന ചോദ്യത്തിന് യൂറോപ്യന്‍ യൂണിയനെയായിരിക്കും താന്‍ ചൂണ്ടിക്കാട്ടുകയെന്നും അവര്‍ വ്യക്തമാക്കി.

സ്‌കൂളുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഹെഡ്ടീച്ചര്‍മാര്‍. 7000ത്തോളം ഹെഡ്ടീച്ചര്‍മാരാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വീടുകളിലേക്ക് ഇക്കാര്യമറിയിച്ചു കൊണ്ട് കത്തയച്ചിരിക്കുകയാണ് ഇവര്‍. വിഷയം അറിയിക്കാന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അനുമതി ലഭിച്ചില്ലെന്നും സ്‌കൂളുകളുടെ പ്രതിസന്ധി അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഹെഡ്ടീച്ചര്‍മാര്‍ ആരോപിക്കുന്നു. വര്‍ത്ത്‌ലെസ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കത്തയക്കല്‍ പ്രതിഷേധ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ 3.5 മില്യന്‍ വീടുകളിലേക്ക് കഴിഞ്ഞ ദിവസം സംഘടന കത്തുകള്‍ അയച്ചു. സ്‌കൂളുകളില്‍ തങ്ങള്‍ക്ക് എല്ലാ വിധ ജോലികളും ചെയ്യേണ്ടി വരുന്നുണ്ടെന്ന് പ്രധാനാധ്യാപകര്‍ പരാതിപ്പെടുന്നു.

ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സറേയിലെ സേര്‍ബിറ്റണില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചറായ സിയോബാന്‍ ലോവ് പറഞ്ഞു. കാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നിട്ടുണ്ട്. ഒരു ഡെപ്യൂട്ടി ഹെഡ്ടീച്ചറെ നിയമിക്കാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് 10 പൗണ്ട് എന്ന നിരക്കില്‍ പണം നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. പുസ്തകങ്ങള്‍ ഉള്‍പ്പെടെയുളളവ വാങ്ങുന്നതിനായാണ് ഇത്. സയന്‍സ് വിഷയങ്ങളില്‍ പഠനത്തിനായി ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് 1.50 പൗണ്ടാണ് ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

നാലോ അഞ്ചോ വര്‍ഷം മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ ഫണ്ടിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണെന്ന് സ്‌കൂള്‍ വാച്ച്‌ഡോഗ് ഓഫ്‌സ്റ്റെഡ് ചീഫ് ഇന്‍സ്‌പെക്ടര്‍ അമാന്‍ഡ സ്പീല്‍മാന്‍ പറഞ്ഞു. ലോക്കല്‍ അതോറിറ്റികള്‍ നടത്തുന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂന്നിലൊന്നും കമ്മി ബജറ്റിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

കുടിവെള്ള പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടോ എന്ന് കണ്ടെത്താന്‍ വ്യത്യസ്തമായ മാര്‍ഗ്ഗം ആവിഷ്‌കരിച്ച് വാട്ടര്‍ കമ്പനി. പൈപ്പുകള്‍ ചോരുന്നുണ്ടോ എന്ന് അറിയിക്കാന്‍ ഊബര്‍ ടാക്‌സി ഡ്രൈവര്‍മാരെ നിയോഗിച്ചിരിക്കുകയാണ് സെവേണ്‍ ട്രെന്റ് എന്ന കമ്പനി. ഇത് വളരെ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടാഴ്ചക്കുള്ളില്‍ 50 റിപ്പോര്‍ട്ടുകള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയെന്ന് കമ്പനി അറിയിച്ചു. വിര്‍ച്വല്‍ ഫീല്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായി വീഡിയോ എടുത്ത് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രതിദിനം 400 മില്യന്‍ ലിറ്റര്‍ വെള്ളം പാഴാകാതെ സംരക്ഷിക്കുമെന്നാണ് കമ്പനി പ്രതിജ്ഞ ചെയ്തിരിക്കുന്നത്. എന്നാല്‍ തകരാറുകള്‍ കണ്ടെത്താന്‍ വിദഗ്ദ്ധരെ അയക്കുന്നതിനു പകരം ടാക്‌സി ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നതില്‍ കമ്പനിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

വാട്ടര്‍ എന്‍ജിനീയര്‍മാര്‍ പരിശീലനം നേടിയ സ്‌പെഷ്യലിസ്റ്റുകളാണെന്നും വെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടോയെന്നും അത് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണോയെന്നും മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും യൂണിയന്‍ നേതാവായ സ്റ്റുവര്‍ട്ട് ഫേഗാന്‍ പറഞ്ഞു. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലീക്ക് എവിടെയാണെന്ന് കൃത്യമായി മനസിലാക്കാനും അവര്‍ക്ക് സാധിച്ചെന്നു വരില്ല. അതിനാല്‍ റിപ്പയര്‍ ചെയ്യാനെത്തുന്നവര്‍ ഹൈവേകളില്‍ അനാവശ്യമായി കുഴികള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ചോര്‍ച്ച കണ്ടെത്താന്‍ സെവേണ്‍ ട്രെന്റ് ടാക്‌സി ഡ്രൈവര്‍മാരെ നിയോഗിച്ചിരിക്കുന്ന എന്ന വാര്‍ത്ത കേട്ടപ്പോള്‍ തമാശായായിരിക്കും എന്നാണ് കരുതിയതെന്നും ഫേഗാന്‍ പറഞ്ഞു.

എന്നാല്‍ ഉപഭോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള വിഷയമായതിനാല്‍ ആരും ഈ തമാശ കേട്ട് ചിരിക്കുന്നില്ല. സെവേണ്‍ ട്രെന്റ് വിവേകത്തോടെ പെരുമാറണമെന്നും പ്രോഗ്രാം അടിയന്തരമായി റദ്ദാക്കണമെന്നും ജിഎംബി ദേശീയ നേതാവായ അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനിയുടെ ഈ പദ്ധതിയെ ഊബര്‍ ലീക്ക്‌സ് എന്നാണ് ജീവനക്കാര്‍ തന്നെ പരിഹസിക്കുന്നത്.

Copyright © . All rights reserved