യുവാക്കളായ തടവുകാര്‍ക്ക് യോഗ, മെഡിറ്റേഷന്‍, പ്രാണായാമം തുടങ്ങിയവയില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിക്ക് സാമ്പത്തിക സഹായവുമായി ചാള്‍സ് രാജകുമാരന്‍. ചാള്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വെയില്‍സ് ചാരിറ്റിയാണ് ഫണ്ടിംഗ് നടത്തുക. തടവുകാരില്‍ പ്രതീക്ഷയും പ്രത്യാശയും വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് യോഗയും മെഡിറ്റേഷനും ഉള്‍പ്പെടെയുള്ള വ്യായാമ മുറകള്‍ ഇവരെ പരിശീലിപ്പിക്കുന്നത്. ചെറുപ്പക്കാരായ കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിന് യോഗ ഉപയോഗിക്കുന്ന പദ്ധതിക്കായി പ്രിന്‍സസ് ഫൗണ്ടേഷനും ഫണ്ടിംഗ് നടത്തുന്നുണ്ട്. യോഗയുടെ ഗുണഫലങ്ങളെക്കുറിച്ച് ഡച്ചസ് ഓഫ് കോണ്‍വാള്‍ നേരത്തേ സംസാരിച്ചിട്ടുണ്ട്. ഡച്ചസ് ഓഫ് സസെക്‌സ് യോഗയുടെ ആരാധികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തടവുകാരുടെ ആത്മീയോന്നതിക്കായി യോഗ പരിശീലിപ്പിക്കുന്ന പ്രിസണ്‍ ഫീനിക്‌സ് ട്രസ്റ്റിന് പ്രിന്‍സ് ഓഫ് വെയില്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ (പിഡബ്ല്യുസിഎഫ്) 5000 പൗണ്ട് 2018ല്‍ നല്‍കിയിട്ടുണ്ട്. തടവുശിക്ഷ യുവാക്കളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കാറുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. യോഗ പരിശീലനത്തിലൂടെ ഇവരില്‍ പ്രത്യാശ വളര്‍ത്താനും ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ കാണാനും അതിലൂടെ കുറ്റകൃത്യങ്ങളില്‍ വീണ്ടും എത്താനുള്ള സാഹചര്യം ഇല്ലാതാക്കാനുമാണ് ഉദ്ദേശിക്കുന്നത്. തടവുകാരുടെ താല്‍പര്യത്തിന് അനുസരിച്ച് മെഡിറ്റേഷനും ശ്വസനവുമായി ബന്ധപ്പെട്ട പ്രാണായാമവും മറ്റുമാണ് പരിശീലിപ്പിക്കുക.

88 ജയിലുകളിലാണ് പ്രിസണ്‍ ഫീനിക്‌സ് ട്രസ്റ്റ് യോഗ ക്ലാസുകള്‍ നടത്തുന്നത്. ഫെല്‍റ്റ്ഹാം, ഹൈഡ്ബാങ്ക് വുഡ്, പോര്‍ട്ട്‌ലാന്‍ഡ്, വെറിംഗ്ടണ്‍ യംഗ് ഒഫെന്‍ഡേഴ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങിയവയിലെ കുട്ടിക്കുറ്റവാളികള്‍ക്കും യോഗ പരിശീലനം നല്‍കി വരുന്നു.