അര്‍ദ്ധരാത്രിയിലും രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത് തുടരുന്നു. ഈ വിധത്തില്‍ ഒഴിവാക്കപ്പെടുന്ന രോഗികഴളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് വിവരം. രാത്രിയില്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന രീതി നിര്‍ത്തലാക്കുമെന്ന വാഗ്ദാനങ്ങള്‍ നിലവിലുള്ളപ്പോളാണ് ഇത് ഇപ്പോഴും തുടരുന്നത്. രാത്രി 11 മണിക്കും പുലര്‍ച്ചെ 6 മണിക്കുമിടെ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഞ്ചു മടങ്ങ് വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സുരക്ഷിതമല്ലാത്തതും മനുഷ്യത്വ രഹിതവുമായ ഹെല്‍ത്ത് സര്‍വീസിനെയാണ് ഇത് കാണിക്കുന്നതെന്ന് ചാരിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു.

ഡിമെന്‍ഷ്യ രോഗികളായ പ്രായമായ ചിലര്‍ ഈ വിധത്തില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് തെരുവില്‍ അലഞ്ഞു തിരിയുകയും മരണപ്പെടുക പോലും ഉണ്ടായിട്ടുണ്ടെന്നും ചാരിറ്റികള്‍ അറിയിച്ചു. ഈ സമ്പ്രദായം നിര്‍ത്തണമെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ആവശ്യപ്പെട്ടതിനു ശേഷം അവയുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകളും വ്യക്തമാക്കുന്നു. 2012ല്‍ എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടറായിരുന്ന സര്‍ ബ്രൂസ് കിയോ ആണ് രാത്രി ഡിസ്ചാര്‍ജ് ഒഴിവാക്കണമെന്ന നിര്‍ദേശം ആദ്യമായി നല്‍കിയത്. പ്രായമായവരെ രാത്രിയില്‍ തണുത്ത കാലാവസ്ഥയില്‍ ഒറ്റയ്ക്ക് വീടുകളിലേക്ക് പറഞ്ഞയക്കുന്നതിനേക്കുറിച്ച് പിന്നീട് ഒട്ടേറെ ഹെല്‍ത്ത് വാച്ച്‌ഡോഗുകള്‍ മുന്നറിയിപ്പുകളും നല്‍കിയിരുന്നു.

2017-18 കാലയളവില്‍ 258,698 പേര്‍ രാത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. അവയില്‍ 25 ശതമാനത്തോളം പ്രായമായ രോഗികളാണ്. 75 വയസിനു മേല്‍ പ്രായമുള്ള പതിനായിരക്കണക്കിന് രോഗികള്‍ ഇവരിലുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 109 എന്‍എച്ച്എസ് അക്യൂട്ട് ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകളില്‍ നിന്നുള്ള കണക്കുകളാണ് ഇതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
2018 അവസാനിച്ചു. പുതുവര്‍ഷം ആരംഭിച്ചിരിക്കുകയാണ്. 2018ല്‍ എട്ട് ബാങ്ക് അവധി ദിനങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. 2019ല്‍ എത്ര ദിവസം ബാങ്ക് അവധികള്‍ ലഭിക്കുമായിരിക്കും? ബാങ്ക് അവധികള്‍ക്കനുസരിച്ച് പ്ലാനിംഗ് നടത്താന്‍ അവധികളുടെ പട്ടിക ഇതാ. 2019ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും എട്ട് അവധി ദിനങ്ങളും സ്‌കോട്ട്‌ലന്‍ഡില്‍ 9 ദിനങ്ങളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 10 ദിവസങ്ങളും ലഭിക്കും. അടുത്ത 12 മാസങ്ങളില്‍ ഏതൊക്കെ ദിവസങ്ങളിലായിരിക്കും ആ അവധികള്‍ വരിക എന്നറിയാനുള്ള ഗൈഡ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ബാങ്ക് അവധികള്‍ 2019
ന്യൂ ഇയര്‍ ദിനം: ജനുവരി 1 ചൊവ്വ
ന്യൂ ഇയര്‍ അവധി: ജനുവരി 2 ബുധന്‍ (സ്‌കോട്ട്‌ലന്‍ഡ്)
സെയിന്റ് പാട്രിക്‌സ് ഡേ: മാര്‍ച്ച് 18 തിങ്കള്‍ (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്)
ദുഃഖ വെള്ളി: ഏപ്രില്‍ 19 വെള്ളി
ഈസ്റ്റര്‍ തിങ്കള്‍: ഏപ്രില്‍ 22 (ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്)
ഏര്‍ലി മെയ് ബാങ്ക് അവധി: മെയ് 6 തിങ്കള്‍
സ്പ്രിംഗ് ബാങ്ക് അവധി: മെയ് 27 തിങ്കള്‍
ബാറ്റില്‍ ഓഫ് ദി ബോയ്ന്‍: ജൂലൈ 12 വെള്ളി (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്)
സമ്മര്‍ ബാങ്ക് അവധി: ഓഗസ്റ്റ് 5 തിങ്കള്‍ (സ്‌കോട്ട്‌ലന്‍ഡ്)
സമ്മര്‍ ബാങ്ക് അവധി: ഓഗസ്റ്റ് 26 (ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്)
സെയിന്റ് ആന്‍ഡ്രൂസ് ഡേ: ഡിസംബര്‍ 2 തിങ്കള്‍ (സ്‌കോട്ട്‌ലന്‍ഡ്)
ക്രിസ്തുമസ്: ഡിസംബര്‍ 5 ബുധന്‍
ബോക്‌സിംഗ് ഡേ: ഡിസംബര്‍ 26 വ്യാഴം

ബാങ്ക് അവധി ജീവനക്കാര്‍ക്ക് സാധാരണ ഗതിയില്‍ ശമ്പളത്തോടു കൂടിയുള്ളതാണ്. എന്നാല്‍ ഇത് തൊഴിലുടമയെ ആശ്രയിച്ചിരിക്കും. ബാങ്ക് അവധി ദിനങ്ങളില്‍ അവധി നല്‍കുന്ന തൊഴിലുടമ അത് നിങ്ങളുടെ വാര്‍ഷിക ലീവില്‍ പെടുത്താനും സാധ്യതയുണ്ട്. എന്നാല്‍ ചിലര്‍ പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധിയും അനുവദിക്കാറുണ്ട്.
ഡിമന്‍ഷ്യ രോഗത്തിന് സാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നതിനും അത് തടയുന്നതിനുമായി എന്‍എച്ച്എസ് നടത്തുന്ന പരിശോധന 40 വയസ് കഴിഞ്ഞ പകുതിയോളം പേര്‍ക്ക് മാത്രമേ നടത്താന്‍ കഴിയുന്നുള്ളുവെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ചീഫുമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 40 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി നടത്തുന്ന 20 മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന പരിശോധനയാണ് ഇത്. ഈ പരിശോധനയില്‍ ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, വൃക്കരോഗങ്ങള്‍, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും വിലയിരുത്തുന്നു. സ്‌ട്രോക്ക്, പ്രമേഹം, രണ്ടു തവണയോളം ഹൃദ്രോഗം തുടങ്ങിയവ വന്നിട്ടുള്ളവര്‍ക്ക് ഡിമന്‍ഷ്യയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. നിലവില്‍ കണക്കാക്കപ്പെടുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് ഇതെന്നും ഹെല്‍ത്ത് ചീഫുമാര്‍ പറയുന്നു.

അനാരോഗ്യത്തിനും അകാല മരണങ്ങള്‍ക്കും കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളെയാണ് ഈ പരിശോധന പരിഗണിക്കുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ജാമി വാട്ടര്‍ഫോള്‍ പറയുന്നു. സാധ്യത കണ്ടെത്തിയാല്‍ ഒഴിവാക്കാന്‍ കഴിയുന്ന രോഗങ്ങളാണ് ഡിമെന്‍ഷ്യയും ഹൃദ്രോഗവും. അതിന് ജനങ്ങളെയ സഹായിക്കുകയാണ് ഈ പരിശോധനയെന്നും വാട്ടര്‍ഫോള്‍ പറഞ്ഞു. 40നും 74നുമിടയില്‍ പ്രായമുള്ള അനാരോഗ്യമുള്ളവര്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 15 മില്യന്‍ ആളുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരിശോധന നടത്തേണ്ടതായിരുന്നുവെങ്കിലും അവരില്‍ 50 ശതമാനം മാത്രമേ ഇതിനായി തയ്യാറായിട്ടുള്ളു.

ഈ പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ക്ക് ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ അലിസ്റ്റര്‍ ബേണ്‍സ് പറഞ്ഞു. ജനങ്ങള്‍ക്ക് തങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ഇത്. ഹൃദ്രോഗങ്ങളിലും സട്രോക്കിലും 2 ശതമാനം കുറവുണ്ടാകുമ്പോള്‍ 10,000 പേരിലെങ്കിലും ഡിമെന്‍ഷ്യ സാധ്യതയും ഇല്ലാതാകുന്നുവെന്ന് എന്‍എച്ച്എസ് അറിയിക്കുന്നു. ബ്രിട്ടനില്‍ ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന് അല്‍ഷിമേഴ്‌സ് സൊസൈറ്റി ഒക്ടോബറില്‍ അറിയിച്ചിരുന്നു.
ബ്രിട്ടീഷ് വൈദ്യുതോല്‍പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കിയിരുന്ന ഗവണ്‍മെന്റ് സബ്‌സിഡികള്‍ നിര്‍ത്തലാക്കാന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് നിര്‍ദേശം. ഇത് ബ്രിട്ടനെ ഇരുട്ടിലാക്കുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറിയാലും നവംബറില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് അനുസരിച്ച് പവര്‍ സ്റ്റേഷനുകള്‍ക്ക് ലഭിച്ചിരുന്ന സബ്‌സിഡികള്‍ ഇല്ലാതാകും. കപ്പാസിറ്റി മാര്‍ക്കറ്റ് സ്‌കീം അനുസരിച്ച് ലഭിച്ചുകൊണ്ടിരുന്ന 1 ബില്യന്‍ പൗണ്ടിന്റെ സബ്‌സിഡികളായിരിക്കും ഇല്ലാതാകുക. ഇത് പവര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ബ്രിട്ടന്റെ നല്ലൊരു ശതമാനം പ്രദേശങ്ങളിലെ വൈദ്യുതി വിതരണത്തെ ബാധിക്കുമെന്നുമാണ് ആശങ്ക ഉയരുന്നത്. ഇതേക്കുറിച്ച് ഗവണ്‍മെന്റ് സെലക്ട് കമ്മിറ്റി പഠനം നടത്തി വരികയാണ്.

വിന്റര്‍ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസമുണ്ടാകുന്നത് വീടുകളുടെ ഹീറ്റിംഗിനെ ബാധിക്കുമെന്നും കരുതുന്നു. 2014ലാണ് കപ്പാസിറ്റി മാര്‍ക്കറ്റ് സ്‌കീം അവതരിപ്പിച്ചത്. ഇതിലൂടെ ചെറുകിട വൈദ്യുതോല്‍പാദന സംരംഭങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇത് വൈദ്യുതി വിതരണത്തെയും സഹായിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ സ്റ്റേറ്റ് എയിഡ് സ്‌കീമിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് നിരോധിക്കാന്‍ യൂറോപ്യന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ ചെറുകിട ഉദ്പാദകര്‍ പൂര്‍ണ്ണമായും തകരും. വന്‍കിട ഉദ്പാദകരായ ഡ്രാക്‌സ്, എസ്എസ്ഇ, സ്‌കോട്ടിഷ് പവര്‍ എന്നിവര്‍ക്കും ഈ സബ്‌സിഡി ലഭിക്കുന്നുണ്ട്. ഈ കമ്പനികളും കോടതിയുടെ ഉത്തരവില്‍ ആശങ്കാകുലരാണ്.

എനര്‍ജി സപ്ലയര്‍മാരാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സബ്‌സിഡി പദ്ധതി എനര്‍ജി ബില്ലുകളില്‍ നിന്ന് പിരിക്കുന്ന ലെവികളിലൂടെയും നികുതിപ്പണത്തില്‍ നിന്നുമാണ് നല്‍കി വന്നിരുന്നത്. ഇത് ഇല്ലാതാകുമ്പോളുള്ള നഷ്ടം പരിഹരിക്കാന്‍ നിരക്കു വര്‍ദ്ധന ഏര്‍പ്പെടുത്തേണ്ടി വരുമോ എന്നാണ് ഇവരുടെ ആശങ്ക. എനര്‍ജി ബില്ലുകളില്‍ നിന്ന് ഈടാക്കിയ 11 ബില്യനാണ് ഈ വര്‍ഷം പദ്ധതിക്കായി വിനിയോഗിച്ചത്. അടുത്തയാഴ്ചയോടെ ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്നാണ് എനര്‍ജി മിനിസ്റ്റര്‍ ക്ലെയര്‍ പെറിക്ക് ബിസിനസ് സെലക്ട് കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇംഗ്ലീഷ് ചാനല്‍ കടന്ന് അഭയാര്‍ത്ഥികള്‍ എത്തുന്നതിന് തടയിടാന്‍ ഒരുക്കിയ ‘കനത്ത സുരക്ഷ’ പരാജയം. നിരീക്ഷണം തുടരുന്നതിനിടെ ആറ് ഇറാനിയന്‍ അഭയാര്‍ത്ഥികള്‍ കെന്റ് തീരത്തെത്തി. കഴിഞ്ഞ മൂന്നാഴ്ചകളിലായി ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്താന്‍ അഭയാര്‍ത്ഥികള്‍ നടത്തിയ ഡസന്‍ കണക്കിന് ശ്രമങ്ങള്‍ ബോര്‍ഡര്‍ ഫോഴ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ സായുധ സേനയെ നിയോഗിച്ചത്. ക്രിസ്തുമസ് ദിവസം മാത്രം 66 അഭയാര്‍ത്ഥികളാണ് ഇഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തിയത്. അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനാണ് സേനയെ നിയോഗിച്ചിരിക്കുന്നതെന്നായിരുന്നു ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസ് പ്രതികരിച്ചത്.

ഇന്നലെ രാവിലെയാണ് സുരക്ഷാ സന്നാഹങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട് ആറ് ഇറാന്‍ പൗരന്‍മാര്‍ കെന്റിലെ കിംഗ്‌സ്ഡൗണില്‍ ഒരു ഡിങ്കിയില്‍ വന്നിറങ്ങിയത്. തീരത്തെത്തിയ ശേഷമാണ് ഇവരെ ബോര്‍ഡര്‍ ഫോഴ്‌സ് ഓഫീസര്‍മാര്‍ പിടികൂടിയത്. അഭയാര്‍ത്ഥി വിഷയത്തില്‍ ഹോം സെക്രട്ടറിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഡാഡ്‌സ് ആര്‍മി നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. ഇതേത്തുടര്‍ന്ന് സൗത്ത് ആഫ്രിക്കയില്‍ സഫാരിക്കു പോയ സാജിദ് ജാവീദ് യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയിട്ടുണ്ട്. സുരക്ഷിതമായ സ്ഥലം തേടുന്നവരെയും അപകടത്തില്‍ പെടുന്നവരെയും സഹായിക്കാനും സൗഹൃദഹസ്തം നീട്ടാനും മനുഷ്യത്വം കാട്ടാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അഭയാര്‍ത്ഥി വിഷയത്തില്‍ ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്.

ചാനല്‍ കടന്ന് യുകെയില്‍ എത്തിയാലും അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സൗകര്യമൊരുക്കില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ ജാവീദിന് അടുത്ത പ്രധാനമന്ത്രിയാകാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മുന്‍ യുകിപ് നേതാവ് നിഗല്‍ ഫരാഷും പ്രതികരിച്ചു. അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിന് ഫ്രാന്‍സില്‍ നിന്നുള്ള ബോട്ടുകള്‍ തടയാനാണ് നീക്കം നടക്കുന്നത്. അനധികൃത ബോട്ടുകളിലും ഡിങ്കികളിലുമാണ് ഫ്രാന്‍സില്‍ നിന്ന് അഭയാര്‍ത്ഥികള്‍ യുകെയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
മെറ്റേണിറ്റി സര്‍വീസുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്ന വാഗ്ദാനവുമായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. കൂടുതല്‍ വിദഗ്ദ്ധരായ നിയോനേറ്റല്‍ നഴ്‌സുമാരെയും സ്‌പെഷ്യലിസ്റ്റുകളെയും റിക്രൂട്ട് ചെയ്യുമെന്നും വാഗ്ദാനമുണ്ട്. എന്‍എച്ച്എസിനെ ശിശു ജനനങ്ങള്‍ക്ക് ലോകത്തെ ഏറ്റവും മികച്ചയിടമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഹാന്‍കോക്ക് പറയുന്നത്. ഇതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. എന്‍എച്ച്എസിനു വേണ്ടി തയ്യാറാക്കിയ പത്തു വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുക. പത്തു വര്‍ഷ പദ്ധതി ജനുവരി പകുതിയോടെ അവതരിപ്പിക്കും. ഇംഗ്ലണ്ടിലെ മെറ്റേണിറ്റി സര്‍വീസുകളില്‍ ഡിജിറ്റല്‍ വിപ്ലവം കൊണ്ടുവരുന്നതാണ് മറ്റൊരു നിര്‍ദേശം. ഇതിലൂടെ ഓരോ കുട്ടിയുടെയും ആരോഗ്യ റെക്കോര്‍ഡ് റെഡ് ബുക്ക് എന്ന പേരില്‍ മാതാപിതാക്കളുടെ ഫോണില്‍ ലഭ്യമാക്കും.

ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലം മുഴുവന്‍ ഒരു മിഡൈ്വഫിന്റെ സേവനം ലഭ്യമാക്കാനുള്ള പദ്ധതിയും നിര്‍ദേശങ്ങളിലുണ്ട്. പ്രസവത്തിലും കുട്ടിയുമായി വീട്ടില്‍ എത്തുന്നതു വരെയും ഇവരുടെ സേവനം ഗര്‍ഭിണികള്‍ക്ക് ലഭിക്കും. മുന്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് നേരത്തേ ഈ പദ്ധതിയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. എന്‍എച്ച്എസിനു വേണ്ടി തയ്യാറാക്കിയിരിക്കുന്ന ദീര്‍ഘകാല ഫണ്ടിംഗ് പരിപാടികളില്‍ ഒന്നാണ് ഈ പ്രഖ്യാപനം. ബ്രെക്‌സിറ്റ് രാഷ്ട്രീയ പോരാട്ടത്തിനിടെ ഇവയുടെ പ്രഖ്യാപനം വൈകുകയായിരുന്നു. ജനുവരിയിലും ബ്രെക്‌സിറ്റിന് തന്നെയായിരിക്കും മേല്‍ക്കൈ. എന്നാല്‍ എന്‍എച്ച്എസിന് ഗുണകരമാകുന്ന പദ്ധതികളുടെ പ്രഖ്യാപനം ഗവണ്‍മെന്റിന് അല്‍പമെങ്കിലും അനുകൂലമായിത്തീരുമെന്ന പ്രതീക്ഷയാണ് ടോറി കേന്ദ്രങ്ങള്‍ക്കുള്ളത്.

വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ വന്‍ ഫണ്ടിംഗാണ് എന്‍എച്ച്എസിനു വേണ്ടി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവ നടപ്പാകുന്ന കാര്യത്തില്‍ ചില ആശങ്കകളും നിലവിലുണ്ട്. നാണ്യപ്പെരുപ്പം ഇവയുടെ സാധ്യമാകലിനെ ബാധിക്കുമോ എന്നതാണ് പ്രധാന സംശയം. അടുത്ത ഒരു വിന്റര്‍ പ്രതിസന്ധിയിലേക്ക് എന്‍എച്ച്എസ് നീങ്ങിക്കൊണ്ടിരിക്കെയാണ് ഈ പ്രഖ്യാപനങ്ങള്‍ വരുന്നത്. വിന്റര്‍ ക്രൈസിസ് നേരിടാന്‍ ആശുപത്രികള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വാര്‍ഡുകള്‍ തുറക്കുകയും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ വികസിപ്പിക്കുകയും ജീവനക്കാരുടെ കുട്ടികള്‍ക്ക് ഡേ കെയര്‍ സൗകര്യം ഏര്‍പ്പെടുത്തുകയുമൊക്കെയാണ് ചെയ്യുന്നത്.
ജോജി തോമസ്
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഠിനാധ്വാനവും വാഗ്വിലാസവും കൊണ്ട് രൂപപ്പെടുത്തിയ കരിസ്മയും, കഴിഞ്ഞ കാല ചെയ്തികളുടെ പ്രത്യേകിച്ച് അഴിമതിയുടെ പ്രേതം വേട്ടയാടുന്ന ദുര്‍ബലമായ പ്രതിപക്ഷം കൂടിയായപ്പോള്‍ സമീപകാല ഇന്ത്യയില്‍ മറ്റൊരു നേതാവ് ഉയര്‍ന്ന് വരാന്‍ സാധ്യത ഇല്ലെന്നുള്ള അഹംഭാവമായികുന്നു നരേന്ദ്ര മോഡിയുടെയും ഭരണപക്ഷത്തിന്റെയും മുഖമുദ്ര. ആ ഒരു സാധ്യതയില്ലായ്മ തന്നെയാണ് കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന അടിസ്ഥാന വര്‍ഗങ്ങളെയും ബി.ജെ.പിയുടെ അടിത്തറയായ മധ്യവര്‍ഗത്തെയും മറന്ന് കോടീശ്വരന്മാര്‍ക്ക് മാത്രമായുള്ള ഒരു ഭരണം നടത്താന്‍ മോഡിക്ക് ധൈര്യം പകര്‍ന്നത്.

നൂറ് കോടിയിലേറെ വരുന്ന സാധാരണക്കാരെ മറന്ന് നൂറില്‍ താഴെ വരുന്ന ശതകോടീശ്വരന്മാര്‍ക്കായി ഭരണയന്ത്രം ചലിപ്പിച്ചതിനുള്ള തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടി. വികസനമെന്ന് പറയുന്നത് ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കൈയ്യില്‍ സമ്പത്ത് കുന്നുകൂടുന്നതില്‍ ഉപരിയായി സാധാരണക്കാരന്റെ ജീവിത നിലവാരത്തിലുള്ള ഉയര്‍ച്ചയാണ് എന്നത് മോഡിയെന്ന സമീപകാല ഇന്ത്യ കണ്ട് ഏറ്റവും വലിയ നേതാവിന് സംഭവിച്ച വലിയ മറവിയുടെ പ്രതിഫലനമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍.

രാജ്യത്തിന്റെ ഭരണചക്രം റിലയന്‍സിനും അദാനിമാര്‍ക്കുമായി ചുരുങ്ങിയപ്പോള്‍ മോഡിയുടെ കണക്കുകൂട്ടല്‍ ജനവിധിയില്‍ പണാധിപത്യത്തിനുള്ള സ്വാധീനം തനിക്ക് രാഷ്ട്രീയ രക്ഷയാകുമെന്നായിരുന്നു. ഇവിടെയാണ് ഇന്ത്യന്‍ ജനാതിപത്യത്തിന്റെ ശക്തി തിരിച്ചറിയാന്‍ മോഡി പരാജയപ്പെട്ടത്. പണക്കൊഴുപ്പും ആധുനിക സാങ്കേതികതയുടെ സഹായത്തോടെയുള്ള പ്രചാരണ കോലാഹലങ്ങളും മാത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആരുടെയും രക്ഷക്കെത്തില്ലെന്നുള്ളതിന്റെ നേര്‍ക്കാഴ്ച്ചയാണ് കഴിഞ്ഞുപോയ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍. 2019-ലെ പൊതുതെരഞ്ഞെടുപ്പിന് 5 മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ മോഡിയും ബി.ജെ.പിയും നന്നായി ക്ലേശിക്കണ്ടി വരും. നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും നല്‍കുന്ന ആത്മവിശ്വാസവും ഉയര്‍ത്തെഴുന്നേല്‍പ്പും നിസാരമല്ല. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവെന്ന പദവി പാര്‍ട്ടി പ്രതിനിധിക്ക് ലഭിക്കാന്‍ പോലും ആവശ്യമായ അംഗങ്ങളെ ലോക്‌സഭയില്‍ എത്തിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസിനെ സംബന്ധിച്ചത്തിടത്തോളം ഇത് തിരിച്ചുവരവിന്റെ നാളുകളാണ്.

പ്രതിപക്ഷത്തും ഭരണപക്ഷത്തും ശക്തമായ പ്രതിയോഗിയുടെ അഭാവമാണ് മോഡിയുടെ പല തെറ്റായ തീരുമാനങ്ങള്‍ക്കും കാരണമായത്. എന്തു ചെയ്താലും ആരാലും ചോദ്യം ചെയ്യപ്പെടില്ലെന്ന വികാരം പല തീരുമാനങ്ങളിലും പ്രതിഫലിച്ചു. ആരോഗ്യകരമായ ഒരു ജനാതിപത്യ വ്യവസ്ഥിതിക്ക് പ്രതിപക്ഷത്തിനുള്ള സ്ഥാനം വിസ്മരിച്ചുകൊണ്ടാണ് മോഡി അമിതാ ഷാ കൂട്ടുക്കെട്ട് പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്. 2014-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് ഒരു കക്ഷിക്കും അര്‍ഹതയില്ലായിരുന്നുവെങ്കിലും പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയുടെ നേതാവിന് പദവി നല്‍കുന്നതിലൂടെ ജനാതിപത്യ വ്യവസ്ഥിതിയോടുള്ള ആദരവ് പ്രകടമാക്കാനുള്ള അവസരമായിരുന്നു മോഡിക്കും ബി.ജെ.പിക്കും കൈവന്നത്. ഇന്ത്യയില്‍ ജനാതിപത്യം കരുപ്പിടിപ്പിച്ച ജവഹര്‍ ലാല്‍ നെഹ്‌റുവിനെപ്പോലുള്ളവര്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനം അറിഞ്ഞ് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്രയധികം വേരോട്ടമുണ്ടായത്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പെട്രോള്‍ വിലവര്‍ധനവ് തുടങ്ങിയ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ജനരോഷത്തിന് കാരണമാക്കിയ ഘടകങ്ങള്‍ പലതാണ്. ഇതില്‍ ഏറ്റവുമധികം വിവാദമായത് കോടീശ്വരന്‍മാര്‍ക്കായുള്ള ഭരണവും നയരൂപീകരണങ്ങളുമാണ്. റഫേല്‍ യുദ്ധവിമാന ഇടപാട്, 30,000 കോടിയോളം മൂല്യമുള്ള ഇ.എസ്.ഐ ഫണ്ട് കൈകാര്യം ചെയ്യാന്‍ അനില്‍ അംബാനിയെ ചുമതലപ്പെടുത്തിയതുമെല്ലാം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണത്തിന്റെ തെളിവാണ്. ഇവിടെയെല്ലാ യോഗ്യതയുമുള്ള പൊതുമേഖലാ സ്ഥാപനളെയും ഒഴിവാക്കിയായിരുന്നു മോഡിയുടെ പ്രിയപ്പെട്ടവര്‍ക്കായുള്ള സ്വജന പക്ഷപാതം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയുടെ പ്രധാന ഗുണഭോക്താവും അംബാനി കുടുംബം തന്നെയാണെന്നുള്ളത് വിസ്മരിച്ചു കൂടാ.

കഠിനാധ്വാനിയായ രാഷ്ട്രീയക്കാരനായി അറിയപ്പെടുന്ന മോഡിയുടെ തന്ത്രങ്ങള്‍ ഹിറ്റലറും മുസോളിനിയും ഉള്‍പ്പെടുന്ന ഫാഷിസ്റ്റുകള്‍ പിന്തുടര്‍ന്ന ദേശസ്‌നേഹവും വര്‍ഗ, ജാതി ചിന്തകളും പ്രത്യേക അനുപാതത്തില്‍ ചേര്‍ന്ന ചേരുവയാണ്. ലോകമാകെ വലതുപക്ഷ ചിന്താഗതിക്ക് 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു മോഡിയുടെ വിജയവും. യു.പി.എ ഗവണ്‍മെന്റിന്റെ അഴിമതികള്‍ ആ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മോഡിയുടെ എതിരാളിയാകണമെങ്കില്‍ വളരെയധികം കഠിനാധ്വാനം ചെയ്യുകയും മുന്നേറുകയും ചെയ്യേണ്ടി വരും. നിര്‍ണായക സമയത്ത് ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാന്‍ സാധിച്ചെങ്കിലും കോണ്‍ഗ്രസിന്റെ നില ഒട്ടും ആശാവഹമല്ല. ഇതില്‍ പ്രധാനപ്പെട്ട രണ്ട് സംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലും വോട്ടിംഗ് ശതമാനത്തില്‍ വളരെ നേരിയ വ്യത്യാസമേ കോണ്‍ഗ്രസിനുള്ളു. മധ്യപ്രദേശിലാവാട്ടെ വോട്ട് ശതമാനത്തില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. മൊത്തം പോള്‍ ചെയ്തതിന്റെ 41 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ 40.9 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 39.3 ശതമാനം ബി.ജെ.പിക്ക് 38.8 ശതമാനവുമാണ് വോട്ടുവിഹിതം. ഡി.എം.കെ ഒഴികെ പ്രതിപക്ഷ കക്ഷികളൊന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നില്ലെന്നുള്ളത് കോണ്‍ഗ്രസിന്റെ പാത കൂടുതല്‍ ദുര്‍ഘടമാക്കുന്നു.

ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമെങ്കിലും 2019-ലെ തെരെഞ്ഞെടുപ്പില്‍ മോഡിക്ക് വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. കാരണം ഭരണനേട്ടങ്ങള്‍ എത്രയധികം ഊതിപ്പെരുപ്പിച്ചാലും തൊഴിലില്ലായ്മ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായതും കര്‍ഷകന്റെയും സാധാരണക്കാരന്റെയും ജീവിത സമരങ്ങളുമാണ് പണക്കൊഴുപ്പിന്റെ മേളത്തേക്കാള്‍ ഉപരിയായി പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക.
ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 36 മണിക്കൂര്‍ നിര്‍ത്തിവെയ്പ്പിച്ച ഡ്രോണ്‍ പോലീസിന്റെയെന്ന് സൂചന. സസെക്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. എയര്‍ഫീല്‍ഡില്‍ 115 തവണ ഡ്രോണുകള്‍ കണ്ടുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അവയില്‍ 92 എണ്ണം വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ളവയാണെന്ന് സസെക്‌സ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ഗൈല്‍സ് യോര്‍ക്ക് പറഞ്ഞു. ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് സംശയാസ്പദമായ വിധത്തില്‍ ഡ്രോണുകള്‍ റണ്‍വേയില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി റണ്‍വേ അടച്ചിട്ടു. റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് സംശയിക്കുന്ന അജ്ഞാത ഡ്രോണിനെ കണ്ടെത്തുന്നതിനായാണ് പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

അജ്ഞാത ഡ്രോണുകള്‍ റണ്‍വേയില്‍ പറന്നിട്ടുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പോലീസും ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും യോര്‍ക്ക് ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റണ്‍വേയില്‍ ഡ്രോണുകള്‍ കണ്ടുവെന്നത് വ്യാജ വിവരമാകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജെയ്‌സണ്‍ ടിംഗ്ലി പറഞ്ഞിരുന്നു. അതേസമയം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണം അനധികൃതമായി പറന്ന ഡ്രോണ്‍ ആണെന്നും പോലീസ് ഡ്രോണുകള്‍ക്ക് ഇതില്‍ പങ്കില്ലെന്നും സസെക്‌സ് പോലീസ് വക്താവ് അറിയിച്ചു.

ഡ്രോണുകള്‍ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ പോലീസ് ഡ്രോണുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. വിമാനത്താവളം അടച്ചതിനു ശേഷമാണ് പോലീസിന്റെ ഡ്രോണുകള്‍ ഉപയോഗിച്ചതെന്നും വക്താവ് പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് തകര്‍ന്ന രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു.ഇവയ്ക്കും സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്ന സംഭവവുമായി ബന്ധമില്ലെന്നാണ് സ്ഥിരീകരണം. ഡ്രോണുകള്‍ പറത്താന്‍ സാധ്യതയുള്ള 26 പ്രദേശങ്ങള്‍ പോലീസ് പരിശോധിച്ചുവെന്നും അവിടങ്ങളില്‍ നിന്ന് റണ്‍വേയിലേക്ക് ഡ്രോണുകള്‍ പറത്തിയിരിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നും യോര്‍ക്ക് വ്യക്തമാക്കി.
ആശുപത്രികളിലെ പാര്‍ക്കിംഗ് ചാര്‍ജുകളെച്ചൊല്ലിയുള്ള പരാതികള്‍ തുടരുന്നതിനിടെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പാര്‍ക്കിംഗ് ചാര്‍ജുകള്‍ പൂര്‍ണ്ണമായും ഇളവു ചെയ്ത് എന്‍എച്ച്എസ് ആശുപത്രി. എസെക്‌സിലെ കോള്‍ചെസ്റ്റര്‍ ജനറലിലാണ് ജീവനക്കാരുടെ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ ഇളവു വരുത്തിയത്. മൂന്നു മാസത്തേക്കാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലാവധിക്കു ശേഷം 1.50 പൗണ്ട് നിരക്കില്‍ ഒരു ദിവസത്തെ പാര്‍ക്കിംഗിന് സൗകര്യമൊരുക്കും. ഇപ്പോള്‍ വാങ്ങുന്നതിന്റെ പകുതി നിരക്കാണ് ഇത്. ആശുപത്രി പാര്‍ക്കിംഗിനായി എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈടാക്കുന്നത് വലിയ നിരക്കാണെന്ന പരാതി നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. ഇംഗ്ലണ്ടിലെ 10 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഈടാക്കിയത് 200 മില്യന്‍ പൗണ്ട് വരും. പാര്‍ക്കിംഗ് ഫീസ് എടുത്തു കളയണമെന്ന ആവശ്യവും ശക്തമാണ്.

കോള്‍ചെസ്റ്ററിലെ പാര്‍ക്ക് ആന്‍ഡ് റൈഡ് ബസ് രാത്രി 9 മണി വരെയാണ്. ശനിയാഴ്ചകളില്‍ ഇത് 7 മണിക്ക് അവസാനിക്കും. ഞായറാഴ്ചകളില്‍ ഈ ഇളവ് അനുവദിക്കുന്നില്ല. മൂന്നു മാസത്തേക്ക് ആശുപത്രി ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കാനുള്ള നീക്കം പബ്ലിക് സെക്ടര്‍ യൂണിയനായ യൂണിസണ്‍ സ്വാഗതം ചെയ്തു. ഈ ഇളവ് ദീര്‍ഘിപ്പിക്കണമെന്നാണ് യൂണിസണ്‍ ആവശ്യപ്പെടുന്നത്. സാധ്യമാകുമെങ്കില്‍ രോഗികളുടെയും ജീവനക്കാരുടെയും പാര്‍ക്കിംഗം പൂര്‍ണ്ണമായും സൗജന്യമാക്കാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ശ്രമിക്കണമെന്ന് യൂണിസണ്‍ ഹെല്‍ത്ത് വിഭാഗം മേധാവി സാറ ഗോര്‍ട്ടന്‍ പറഞ്ഞു. പാര്‍ക്ക് ആന്‍ഡ് റൈഡ് സ്‌കീമുകള്‍ ഉപകാരപ്രദമാണ്. എന്നാല്‍ വീക്കെന്‍ഡില്‍ ജോലി ചെയ്യുന്നവരെയും പുലര്‍ച്ചെയും മറ്റും ജോലി അവസാനിപ്പിക്കുന്നവരെയും പരിഗണിക്കമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഈസ്റ്റ് സഫോള്‍ക്ക് ആന്‍ഡ് നോര്‍ത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍സൈറ്റ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ വളരെ കുറച്ചു മാത്രം അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. 3000 ജീവനക്കാര്‍ക്കു വേണ്ടി 1000 പെര്‍മിറ്റുകള്‍ മാത്രമേ നല്‍കാനാകൂ എന്നാണ് ട്രസ്റ്റ് ആദ്യം നിലപാടെടുത്തത്. പാര്‍ക്ക് ആന്‍ഡ് റൈഡ് ഡിസ്‌കൗണ്ട് നല്‍കുന്നതിനായി പെര്‍മിറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രണാതീതം. ചെറിയ ബോട്ടുകളിലായി നൂറുകണക്കിനാളുകളാണ് യുകെ തീരം ലക്ഷ്യമാക്കി നീങ്ങിയത്. ക്രിസ്മസ് ഈവിന് നൂറോളം പേര്‍ ചാനല്‍ കടക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നവംബറിനു ശേഷം നൂറോളം പേര്‍ ഇത്തരത്തില്‍ കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശരാശരി വിന്റര്‍ താപനിലയും ശാന്തമായ സമുദ്രവുമാണ് അഭയാര്‍ത്ഥികളെ ഇത്തരത്തില്‍ ചാനല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നത്. സുരക്ഷിതമായി കടല്‍ കടക്കാമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ക്രിസ്മസ് വൈകുന്നേരം നൂറോളം പേര്‍ ചാനല്‍ കടക്കാന്‍ എത്തിയത് മേജര്‍ ഇന്‍സിഡന്റായാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിന് ഒരു ഗോള്‍ഡ് കമാന്‍ഡറെ നിയോഗിച്ചു. ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നാഷണല്‍ ക്രൈം ഏജന്‍സി എന്നിവരുടെ കോണ്‍ഫറന്‍സ് വിളിച്ചിരിക്കുകയാണ് സാജിദ് ജാവീദ്. അഭയാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നതിനു മുമ്പ് നടപടിയെടുക്കുകയാണ് ഉദ്ദേശിക്കുന്നത്. അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ഫ്രഞ്ച് ഹോം സെക്രട്ടറിയുമായി അടിയന്തര ചര്‍ച്ചയ്ക്കും സാജിദ് ജാവീദ് സന്നദ്ധത അറിയിച്ചു. പ്രശ്‌നം ഇരു രാജ്യങ്ങളും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ബോര്‍ഡര്‍ ഫോഴ്‌സിന് കൂടുതല്‍ കപ്പലുകള്‍ അനുവദിക്കുന്ന കാര്യവും ഹോം സെക്രട്ടറിയുടെ പരിഗണനയിലാണെന്ന് ഹോം ഓഫീസ് അറിയിക്കുന്നു.

ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റനറുമായി ഈ വാരാന്ത്യത്തില്‍ ജാവീദ് ചര്‍ച്ചകള്‍ നടത്തും. ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സിറിയയില്‍ നിന്നു ഇറാനില്‍ നിന്നുമുള്ള 12 പേരടങ്ങിയ ബോട്ട് കഴിഞ്ഞ ദിവസം പട്രോള്‍ ഫോഴ്‌സുകള്‍ തടഞ്ഞിരുന്നു. ഫ്രാന്‍സ് തീരത്തു നിന്നാണ് ഇവര്‍ ചാനല്‍ കടക്കാന്‍ പുറപ്പെട്ടത്.