Main News

ആശുപത്രികളില്‍ നഴ്‌സിംഗ് ജീവനക്കാരുടെ കുറവ് അപകടകരമായ അവസ്ഥയിലെത്തി നില്‍ക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. നഴ്‌സിംഗ് ജീവനക്കാരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയാണ് പ്രതിസന്ധിയുടെ കാഠിന്യം വെളിപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ അപര്യാപ്തത മുലം രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കാന്‍ കഴിയുന്നില്ലെന്ന് നഴ്‌സുമാര്‍ തന്നെ സമ്മതിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. പത്തില്‍ നാല് പേര്‍ പരിചരണം നല്‍കുന്നതില്‍ അപാകതയുണ്ടെന്ന് സമ്മതിക്കുന്നു. സമീപകാലത്ത് ഉണ്ടായിരിക്കുന്നതില്‍ വെച്ച് ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് ആശുപത്രികള്‍ കടന്നു പോകുന്നത്. പല ജീവനക്കാരും ജോലിഭാരത്താല്‍ മാനസികമായി ബുദ്ധിമുട്ടുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

30,865 നഴ്‌സുമാരില്‍ നടത്തിയ സര്‍വ്വേയില്‍ പകുതിയിലേറെ പേരും രോഗികളുടെ പരിചരണത്തില്‍ കൃത്യത പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് പ്രതികരിച്ചു. അധികൃതര്‍ പ്രശ്‌നം ഗൗരവത്തോടെ കാണുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ ദൗര്‍ലഭ്യം ചൂണ്ടി കാണിച്ചപ്പോള്‍ അധികൃതര്‍ യാതൊരുവിധ പരിഹാരവും കാണാന്‍ തയ്യാറായില്ലെന്ന് ഭുരിഭാഗം നഴ്‌സുമാരും വ്യക്തമാക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് പ്രശ്‌ന പരിഹാരം കാണേണ്ടതുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ജെനറ്റ് ഡേവിസ് പ്രതികരിച്ചു. കാര്യങ്ങള്‍ ഇത്രയധികം വഷളാവുന്നത് ഒഴിവാക്കാമായിരുന്നു. കുറേ മുന്‍പ് തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും നയതന്ത്രജ്ഞരുടെയും പരാജയത്തെയാണ് പുതിയ പ്രതിസന്ധി ചൂണ്ടി കാണിക്കുന്നതെന്നും ജെനറ്റ് ഡേവിസ് പറഞ്ഞു.

2016ല്‍ വെയില്‍സില്‍ നടപ്പിലാക്കിയ സേഫ് സ്റ്റാഫിംഗ് ലെജിസ്ലേഷന്‍ യുകെയില്‍ മുഴുവന്‍ നടപ്പിലാക്കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആവശ്യപ്പെട്ടു. നഴ്‌സിംഗ് ജീവനക്കാരുടെ ദൗര്‍ലഭ്യതയും ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും അഭിമൂഖീകരിക്കാനുള്ള അധികാരികളുടെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് കാര്യങ്ങള്‍ ഇത്രയും അപകടത്തിലാക്കിയത്. സര്‍വീസ് സെക്ടറില്‍ ജോലി ചെയ്യുന്നവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മുതല്‍ 25 ശതമാനം നഴ്‌സിംഗ് സ്റ്റാഫിനെ അധികം നിയമിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് പ്രതികരിച്ചു. നഴ്‌സിംഗ് സ്റ്റാഫിന്റെ ജോലിഭാരം കുറയ്ക്കുന്നതും ശമ്പള വര്‍ദ്ധനവും പരിഗണനയിലാണെന്നും ജീവനക്കാര്‍ക്ക് നല്ല സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബാധ്യസ്ഥരാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: ഡെയിം സാറാ മലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. സെയ്ന്റ് പോള്‍സ് കത്തീഡ്രലില്‍ ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറില്‍ നിയമനം ലഭിച്ച ഈ 56-കാരി ലണ്ടനിലെ 133-ാമത് ബിഷപ്പാണ്.

2017 ഫെബ്രുവരിയില്‍ വിരമിച്ച ഡോ. റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ തുടര്‍ച്ചയായാണ് മലാലി സ്ഥാനമേല്‍ക്കുന്നത്. നഴ്‌സുകൂടിയായ ഇവര്‍ക്ക് ആതുരസേവനരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ 2005-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഡെയിം കമാന്‍ഡര്‍ പദവി നല്‍കിയിരുന്നു.

1992 മുതല്‍തന്നെ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടില്‍ പുരോഹിതരാകാനുള്ള അവസരമുണ്ടായിരുന്നു. നിലവിലെ പുരോഹിതസമൂഹത്തിലെ മൂന്നിലൊന്നും സ്ത്രീകളാണ്. എന്നാല്‍, 2014-ലാണ് സ്ത്രീകളെ ബിഷപ്പുമാരാക്കാമെന്ന നിയമം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുന്നത്. 2015 ജനുവരിയില്‍ ആദ്യ വനിതാബിഷപ്പിനെ നിയമിക്കുകയും ചെയ്തു. 1989-ല്‍ അമേരിക്കയിലാണ് ലോകത്തെ ആദ്യ വനിതാബിഷപ്പ് സ്ഥാനമേല്‍ക്കുന്നത്.

കൊച്ചി: പ്രമുഖ സിനിമാ നടൻ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച അർദ്ധരാത്രി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.

പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻനായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.ലളിതയാണ് ഭാര്യ. ശ്രീദേവി(അമേരിക്ക), വിശ്വനാഥൻ(അയർലണ്ട്)  എന്നിവർ മക്കളാണ്. മരുമകൻ: ദീപു(കമ്പ്യൂട്ടർ എഞ്ചിനീയർ,അമേരിക്ക).

സഹോദരങ്ങൾ: ശ്രീദേവി രാജൻ (നൃത്തക്ഷേത്ര,എറണാകുളം), കലാ വിജയൻ(കേരള കലാലയം, തൃപ്പൂണിത്തുറ), അശോക് കുമാർ, ശ്രീകുമാർ, ശശികുമാർ. തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷന്നടുത്ത് റോയൽ ഗാർഡൻസിലായിരുന്നു താമസം. നാടകാഭിനയത്തിൽ തുടങ്ങി  സീരിയൽ രംഗത്ത് എത്തിയ ബാബു സിനിമയിലേക്ക് തിരിയുകയായിരുന്നു.

ടു കൺട്രീസ് , റൺവേ, ബാലേട്ടൻ, കസ്തൂരിമാൻ, പെരുമഴക്കാലം, തുറുപ്പുഗുലാൻ, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു.

ഫെയിസ്ബുക്ക് സ്വന്തമായി ക്രിപ്‌റ്റോകറന്‍സി നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതിയ നീക്കം ബില്യണിലധികം വരുന്ന ഫെയിസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ സഹായകമാകും. ഫെയിസ്ബുക്കിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമ സ്ഥാപനങ്ങളാണ് ക്രിപ്‌റ്റോകറന്‍സി നിര്‍മ്മിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫോക്‌സ് ബിസിനസിന് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ ക്രിപ്‌റ്റോകറന്‍സി നിര്‍മ്മിക്കുമെന്നത് സംബന്ധിച്ച സ്ഥിരീകരണം നല്‍കാന്‍ ഫെയിസ്ബുക്ക് അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കാനും ഫെയിസ്ബുക്ക് വക്താവ് തയ്യാറായിട്ടില്ല.

മറ്റു പല കമ്പനികളെയും പോലെ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുടെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും വിഷയത്തില്‍ മറ്റൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഫെയിസ്ബുക്ക് വക്താവ് അറിയിച്ചു. ഫെയിസ്ബുക്ക് എക്‌സിക്യൂട്ടീവ് ഡേവിഡ് മാര്‍ക്കസ് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ഒരു ടീമിനെ നിര്‍മ്മിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സി കൊണ്ടുവരുന്നതിന്റെ പ്രാരംഭ നീക്കമായിട്ടാണ് ഇതിനെ ബിസിനസ് ലോകം വിലയിരുത്തുന്നത്. അതേസമയം ക്രിപ്‌റ്റോകറന്‍സി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡേവിഡ് പ്രതികരിച്ചിരുന്നു. ഇത്തരം ഡിജിറ്റല്‍ ഇടപാടുകളുടെ വേഗതക്കുറവും ചെലവുമാണ് പ്രശ്‌നമായി അദ്ദേഹം ചൂണ്ടി കാണിക്കുന്നത്.

ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ടീമിനെ നിര്‍മ്മിച്ചു കഴിഞ്ഞതായി ഡേവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെസഞ്ചറില്‍ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് സംബന്ധിച്ച കാര്യങ്ങളായിരിക്കും പുതിയ ടീം പഠനവിധേയമാക്കുക. ഇത്തരം കാര്യങ്ങള്‍ പഠിച്ച ശേഷം ഭാവിയില്‍ ചില കാര്യങ്ങള്‍ ചെയ്യാനിടയുണ്ടെന്ന് ഡേവിഡ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഫെയിസ്ബുക്ക് ഡിജിറ്റല്‍ അസറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വന്തമായി ക്രിപ്‌റ്റോകറന്‍സി വരുന്നതോടെ ഡിജിറ്റല്‍ പണമിടപാടുകളിലും ഫെയിസ്ബുക്കിന് കുത്തക കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

മലയാളം യുകെ സ്‌പെഷ്യല്‍, ജോജി തോമസ്

ഇന്ത്യക്കാരന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണ് ക്രിക്കറ്റെന്ന് വികാരം. ദേശവും ഭാഷയും മാറിയാലും ക്രിക്കറ്റിനെ മറക്കാനില്ലെന്നാണ് യോര്‍ക്ക്ഷയറിലെ ഒരുപറ്റം മലയാളികളുടെ ഉറച്ച തീരുമാനം. അതിന്റെ ഏറ്റവും വലിയ ഉദാഹരമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ്. യോര്‍ക്ക്ഷയറില്‍ ഇനി രണ്ടരമാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റിന്റെ ഉത്സവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങളില്‍ 6 ടീമുകളാണ് മാറ്റുരയ്ക്കുക. മൊത്തം 30 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ടീമുകളും രണ്ട് തവണ വീതം മുഖാമുഖം കാണും. നാളെ നടക്കുന്ന ഉദ്ഘാടന മത്സരങ്ങളില്‍ ലീഡ്‌സ് ഗ്ലാഡിയേറ്റേഴ്‌സും സണ്‍റൈസ് ബ്ലൂവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഷെഫിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നത് സണ്‍റൈസേഴ്‌സ് റെഡ് ആണ്. മറ്റൊരു മത്സരം കീത്തില് സ്‌പോര്‍ട്‌സും ലീഡ്‌സ് സൂപ്പര്‍ കിംഗും തമ്മിലാണ്.

വരാന്‍ പോകുന്ന ക്രിക്കറ്റ് മാമാങ്കത്തെ യോര്‍ക്ക്ഷയറിലെയും സമീപ പ്രദേശങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് ലീഡ്‌സ് ഗ്ലാഡിയേറ്റേഴ്‌സിന്റെ ക്യാപ്റ്റനും മുഖ്യ സംഘാടകരില്‍ ഒരാളുമായ ജേക്കബ് കളപ്പുരക്കല്‍ മലയാളം യുകെയോട് പറഞ്ഞു. സൗത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ മത്സരങ്ങളില്‍ അണിനിരക്കുന്നുണ്ടെങ്കിലും കളിക്കാരും ടീമുകളും പ്രധാനമായും മലയാളി സമൂഹത്തില്‍ നിന്നാണ്. ഇത്തരത്തിലൊരു സംരഭത്തിന്റെ സംഘാടനത്തിനും മുന്നിട്ടിറങ്ങിയത് മലയാളികള്‍ തന്നെയായിരുന്നു.

ക്രിക്കറ്റിനെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുകയും കായിക വിനോദങ്ങള്‍ പുതുതലമുറയ്ക്ക് താത്പ്പര്യം ജനിപ്പിക്കുകയുമാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗിന്റെ ഉദ്ദേശം. പൊതുവെ ജോലിയും വീടുമായി കഴിയുന്ന യുകെയിലെ മലയാളി സമൂഹത്തിന് മൊത്തത്തില്‍ മാതൃകയാവുകയാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗ്. ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ ഷെഫിന്‍സ് ബ്ലാസ്റ്റേഴ്‌സിനെ വിഷ്ണുവും കീത്തലി സ്പാര്‍റ്റന്‍സിനെ നിഖിലും ലീഡ്‌സ് ഗ്ലാസിയേറ്റേഴ്‌സിനെ ജേക്കബ് കളപ്പുരയ്ക്കലും ലിഡ്‌സ് സൂപ്പര്‍ കിംഗ്‌സിനെ ഡോ. പ്രവുവും ലിഡ്‌സ് സണ്‍റൈസേഴ്‌സ് റെഡിനെ സുരേഷും സണ്‍റൈസേഴ്‌സ് ബ്ലുവിനെ രാജീവും നയിക്കും.

ലീഡ്‌സ് പ്രീമിയര്‍ ലീഗ് യുകെ മലയാളികളുടം ഇടയില്‍ തികച്ചും പുതുമയാര്‍ന്ന പരീക്ഷണമാണ്. ടീമുകള്‍ക്കെല്ലാം അവരുടെ പരിശീലനത്തിനും മറ്റുമുള്ള ചിലവുകള്‍ക്കായി സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചതുതന്നെ ലീഡ്‌സ് പ്രീമിയര്‍ ലീഗിന് സമൂഹത്തില്‍ ലഭിച്ച അംഗീകാരത്തിന് തെളിവാണ്. ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ ഒരോ മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കുന്നവരെ മികച്ച സമ്മാനങ്ങളാണ് തേടിയെത്തുക.

റോഡില്‍ കാര്‍ റേസിംഗ് നടത്തിയുണ്ടായ അപകടത്തെത്തുടര്‍ന്ന് 18കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് തടവുശിക്ഷ. ജോഷ്വ ചെറുകര (20), ഹാരി കേബിള്‍ (18) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ടൈനിസൈഡിലെ വിറ്റ്‌ലി ബേയിലൂടെ ഇവര്‍ മത്സരിച്ച് കാറുകള്‍ ഓടിക്കുന്നതിനിടെ ജോഗിംഗ് നടത്തുകയായിരുന്ന വില്യം ഡോറി എന്ന കൗമാരക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. രണ്ട് പേരും കുറ്റം ചെയ്തതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ചെറുപ്പക്കാരായ കുറ്റവാളികളെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റി. ജോഷ്വ ചെറുകരയ്ക്ക് ആറ് വര്‍ഷവും ഒമ്പത് മാസവും കേബിളിന് നാലര വര്‍ഷവും തടവാണ് ലഭിച്ചിരിക്കുന്നത്.

ഇവര്‍ ജയില്‍ മോചിതരായാലും നാല് വര്‍ഷത്തേക്ക് ഡ്രൈവിംഗ് വിലക്കും നേരിടേണ്ടി വരും. ഇവര്‍ രണ്ടുപേരും വിറ്റ്‌ലി ബേയിലൂടെ ജോയ് റൈഡിംഗ് നടത്തുന്നതിന്റെയും വില്യം ഡോറിയെ ഇടിച്ചു വീഴ്ത്തുന്നതിന്റെയും സിസിടിവി ദൃശ്യം തെളിവായി ലഭിച്ചിരുന്നു. എ ലെവല്‍ വിദ്യാര്‍ത്ഥിയായിരുന്ന ഡോറിയെ ഇടിക്കുന്നതിന് തൊട്ടു മുമ്പായി വീഡിയോ ക്ലിപ്പ് നില്‍ക്കുന്നുണ്ടെങ്കിലും അതിനു ശേഷമുള്ള ഭാഗത്ത് പോലീസ് കാറിനു പിന്നില്‍ വിറച്ചുകൊണ്ടിരിക്കുന്ന ജോഷ്വയുടെ ദൃശ്യങ്ങളും കാണാം.

ജോഷ്വ ഓടിച്ചിരുന്ന റെനോ മെഗാന്‍ ഇടിച്ചാണ് വില്യം ഡോറി കൊല്ലപ്പെട്ടത്. കേബിള്‍ ഒരു വോക്‌സ്‌ഹോള്‍ കോഴ്‌സയായിരുന്നു ഓടിച്ചിരുന്നത്. അപകടത്തോടെ തങ്ങളുടെ ജീവിതം ശിഥിലമായെന്ന് വില്യം ഡോറിയുടെ പിതാവ് ഹ്യൂഗ് ഡോറി പറഞ്ഞു. അല്‍പ നേരത്തെ പക്വതയില്ലാത്ത പെരുമാറ്റം ഇല്ലാതാക്കിയത് തങ്ങളുടെ ജീവിതമാണ്. ഈ നഷ്ടം അളക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ ഹോളിഡേകള്‍ വരികയാണ്. ജനങ്ങള്‍ ഹോളിഡേ ആഘോഷങ്ങള്‍ക്കായി ദീര്‍ഘദൂര യാത്രകള്‍ക്കും തയ്യാറായിക്കൊണ്ടിരിക്കുന്നു. ബജറ്റ് വിമാന സര്‍വീസുകളെയാണ് മിക്കയാളുകളും യാത്രക്കായി ആശ്രയിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളില്‍ സ്‌കൂള്‍ അവധിയായതിനാല്‍ വിന്ററിലേതിനേക്കാള്‍ വിമാന ടിക്കറ്റ് നിരക്കുകളും അധികമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. റയന്‍ എയര്‍, ബ്രിട്ടീഷ് എയര്‍വേയ്‌സ് തുടങ്ങിയ എയര്‍ലൈനുകള്‍ ഈ സീസണില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈസിജെറ്റ് പോലെയുള്ള എയര്‍ലൈനുകളില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭിക്കാനുള്ള ചില മാര്‍ഗങ്ങള്‍ അവതരിപ്പിക്കുകയാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റിലെ മാര്‍ട്ടിന്‍ ലൂയിസ്.

1. തെറ്റായ തിയതിയില്‍ ബുക്ക് ചെയ്യുക

ഈസിജെറ്റിന്റെ ഫ്‌ളെക്‌സിഫെയേഴ്‌സ് പദ്ധതി പീക്ക് സീസണുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സഹായിക്കും. ഇതിനായി ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞിരിക്കുന്ന സമയങ്ങളില്‍ ബുക്ക് ചെയ്ത് വെക്കുക. നിരക്കുകള്‍ ഉയരുന്ന അവസരങ്ങളില്‍ ഈ സൗകര്യം ഉപയോഗിച്ച് നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. ബുക്ക് ചെയ്ത തിയതിയേക്കാള്‍ ഒരാഴ്ച മുമ്പോ മൂന്നാഴ്ചയ്ക്ക് ശേഷമോ വരെ മാത്രമേ യാത്ര മാറ്റിവെക്കാന്‍ കഴിയൂ എന്ന നിബന്ധന ഇതിനുണ്ട്.

2. ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുക

കുടുംബവുമൊത്തോ അല്ലെങ്കില്‍ സംഘമായോ യാത്ര ചെയ്യുകയാണെങ്കില്‍ ആവശ്യമായ ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുന്നത് കൂടുതല്‍ ചാര്‍ജുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഓരോ ബുക്കിംഗിനും ഈസിജെറ്റ് 15 പൗണ്ട് വീതം അഡ്മിന്‍ ഫീ ഈടാക്കാറുണ്ട്. യാത്രക്കാരുടെ എണ്ണമല്ല, ഓരോ ബുക്കിംഗിനുമാണ് ഈ ഫീസ് ഈടാക്കുന്നതെന്നതിനാല്‍ ഒരു തവണ ബുക്ക് ചെയ്യുന്നതിലൂടെ പണം ലാഭിക്കാന്‍ സാധിക്കും.

3. 30 ദിവസം മുമ്പ് ചെക്കിന്‍ ചെയ്യുക

മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് ചെക്കിന്‍ ചെയ്യാന്‍ ചില പ്രത്യേക സൗകര്യങ്ങള്‍ ഈസിജെറ്റ് അനുവദിക്കുന്നുണ്ട്. 30 ദിവസം മുമ്പു തന്നെ ചെക്ക് ഇന്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഇതിനായി പണം നല്‍കേണ്ടെന്ന് മാത്രമല്ല, നല്ല സീറ്റുകള്‍ നേരത്തേതന്നെ ലഭിക്കുമെന്ന സൗകര്യവുമുണ്ട്. സീറ്റുകള്‍ക്കായി അവസാന നിമിഷം വരെ കാത്തിരിക്കരുത്. കാരണം നല്ല സീറ്റുകള്‍ നേരത്തേ തന്നെ ആളുകള്‍ ബുക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് ഓര്‍മിപ്പിക്കുന്നു.

4. ലഗേജ് ചെക്ക് ഇന്‍ സൗജന്യമാക്കാന്‍ ശ്രദ്ധിക്കുക

ലഗേജുകള്‍ സൗജന്യമായി ചെക്ക് ഇന്‍ ചെയ്യാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. തിരക്കുള്ള വിമാനങ്ങളില്‍ ഓവര്‍ഹെഡ് ലോക്കറുകള്‍ വളരെ വേഗത്തില്‍ നിറയാറുണ്ട്. അതുകൊണ്ടുതന്നെ ലഗേജുകള്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാര്‍ ആവശ്യപ്പെടാറുണ്ട്. ഈ സൗകര്യം ചെക്ക് ഇന്നിലോ ഗേറ്റിലോ ലഭിക്കുമോ എന്ന് അന്വേഷിക്കുക. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഹാന്‍ഡ് ബാഗേജ് എന്ന നിലയില്‍ സൗജന്യമായി ലഗേജുകള്‍ കൊണ്ടുപാകാന്‍ സാധിച്ചേക്കും.

5. നിരക്കുകള്‍ ശ്രദ്ധിക്കുക, എക്‌സ്ട്രാകള്‍ ഒഴിവാക്കുക

വിമാനം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ചില എക്‌സ്ട്രാ സേവനങ്ങള്‍ ഈസി ജെറ്റ് നിങ്ങള്‍ക്കു മുന്നിലേക്ക് നീട്ടും. ഹോട്ടല്‍ സേവനം, കാര്‍ ഹയര്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവയായിരിക്കും അവ. ട്രാവര്‍ ഇന്‍ഷുറന്‍സുകള്‍ എടുക്കേണ്ടവയാണെങ്കിലും എയര്‍ലൈനുകളിലൂടെയോ ഹോളിഡേ ഏജന്റുമാരിലൂടെയോ അവ എടുക്കുന്നത് അമിത ചെലവായിരിക്കും ഉണ്ടാക്കുക. നിരക്കുകള്‍ കുറഞ്ഞ സേവനങ്ങള്‍ നേരത്തേ തന്നെ എടുക്കുന്നതായിരിക്കും നല്ലത്.

6. അമിത ലഗേജുകള്‍ ഒഴിവാക്കുക

ഈസിജെറ്റ് ഫ്‌ളെക്‌സിഫെയര്‍ യാത്രയാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഹാന്‍ഡ് ബാഗേജിന് നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു ഹാന്‍ഡ് ബാഗേജ് മാത്രമേ അനുവദിക്കുകയുള്ളു. അപ്പോള്‍ ചെറിയതും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടെങ്കില്‍ അവ സ്വന്തമായി സൂക്ഷിക്കേണ്ടി വരും.

7. നിരക്കുകള്‍ താരതമ്യം ചെയ്യുക

ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനാണെങ്കിലും എല്ലാ സമയത്തും ഈസി ജെറ്റ് അത്ര നിരക്കു കുറഞ്ഞതാവില്ല. ചിലപ്പോള്‍ മറ്റു സര്‍വീസുകളില്‍ കുറഞ്ഞ നിരക്കുകള്‍ കാണാന്‍ സാധ്യതയുണ്ട്. ഇത് മനസിലാക്കുന്നതിനായി നിരക്കുകള്‍ താരതമ്യം ചെയ്യാവുന്നതാണ്.

8. വിമാനം വൈകലിന് മുമ്പ് ഇരയായിട്ടുണ്ടോ? നിങ്ങള്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം

ആറു വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് മണിക്കൂറിലേറെ നീളുന്ന ഫ്‌ളൈറ്റ് ഡിലേയ്‌ക്കോ, റദ്ദാക്കലിനോ ഇരയായിട്ടുണ്ടെങ്കില്‍ 110 മുതല്‍ 550 പൗണ്ട് വരെ നഷ്ടപരിഹാരത്തിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. വിമാനം പുറപ്പെടുന്ന സ്ഥലം, എത്തിയ സ്ഥലം, താമസത്തിന്റെ കാരണം തുടങ്ങിയ കാരണങ്ങളനുസരിച്ച് നഷ്ടപരിഹാരത്തുകയിലും വ്യത്യാസമുണ്ടാകും.

ന്യൂദല്‍ഹി: അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി എതിരായാലും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് വി.എച്ച്.പി നേതാവിന്റെ ഭീഷണി. വിശ്വ ഹിന്ദു പരിഷത്തിന്റെ പുതിയ പ്രസിഡന്റായ വി.എസ് കോക്‌ജെയാണ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.കോടതി വിധി വിശ്വാസത്തിന് എതിരായാല്‍ നിയമം നിര്‍മ്മിക്കാനായി ഹിന്ദുക്കള്‍ പ്രാദേശിക എം.പിമാര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹരിദ്വാര്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യ വിഷയത്തില്‍ ആറേഴ് മാസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷത്തിനിടെ എന്തുകൊണ്ടാണ് ഇത്തരമൊരു നിയമം ഉണ്ടാക്കാതിരുന്നത് എന്ന ചോദ്യത്തിന് എല്ലാ ശ്രമങ്ങളും സര്‍ക്കാറിന് എടുക്കാന്‍ കഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ പതുക്കെയാണെങ്കിലും ആവശ്യമായ നടപടികള്‍ എടുക്കും. കുറഞ്ഞത് കാവി ഭീകരതയുടെ പേരില്‍ പാവപ്പെട്ട ഹിന്ദു യുവാക്കള്‍ക്കുമേല്‍ അതിക്രമങ്ങളെങ്കിലും നടക്കാതിരിക്കണം.’

അയോധ്യക്കേസില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മെയ് 15നാണ് കോടതിയില്‍ ഈ ഹര്‍ജിയിന്മേല്‍ അടുത്ത വാദം നടക്കുക. ഈ സാഹചര്യത്തിലാണ് വി.എച്ച്.പി നേതാവിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ഹിമാചല്‍ മുന്‍ പ്രദേശ് ഗവര്‍ണറും മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജിയുമായ കോക്‌ജെ കഴിഞ്ഞമാസമാണ് വി.എച്ച്.പി ഇന്റര്‍നാഷണല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാര്‍ക്ക് ബ്രെക്‌സിറ്റിനുശേഷം എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. പ്രതിവര്‍ഷം 600 പൗണ്ട് വീതം ഇവര്‍ അടക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഈ നീക്കം സ്റ്റാഫിംഗ് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് എന്‍എച്ച്എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പില്‍ നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു. നഴ്‌സുമാരുടെ കുടുംബങ്ങള്‍ ഈ സര്‍ചാര്‍ജ് മൂലം ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലായാണ് കഴിയുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു.

കുട്ടികളെ സ്വന്തം രാജ്യത്ത് ഉപേക്ഷിച്ചാണ് മിക്ക നഴ്‌സുമാരും ഇവിടെ ജോലി ചെയ്യുന്നതെന്ന ആര്‍സിഎന്‍ വിശദീകരിച്ചു. കെനിയയില്‍ നിന്നുള്ള ഈവലിന്‍ ഒമോന്‍ഡി എന്ന നഴ്‌സ് രണ്ട് മുതിര്‍ന്നവര്‍ക്കും നാല് കുട്ടികള്‍ക്കുമായി 3600 പൗണ്ടാണ് നല്‍കി വരുന്നത്. ഈ ഫീസ് താങ്ങാനാവാത്തതിനാല്‍ ഇവര്‍ ആറും എട്ടും വയസുള്ള ഇളയ കുട്ടികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചിരിക്കുകയാണെന്ന് ആര്‍സിഎന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2015ലാണ് ഈ സര്‍ചാര്‍ജ് അവതരിപ്പിച്ചത്. കുടിയേറ്റക്കാര്‍ക്ക് വരാന്‍ സാധ്യതയുള്ള മെഡിക്കല്‍ ചെലവുകള്‍ പരിഗണിച്ചാണ് ഇത് ഈടാക്കുന്നത്. ഒരാള്‍ക്ക് 200 പൗണ്ട് എന്ന നിലയിലാണ് വര്‍ക്ക് പെര്‍മിറ്റിനു വേണ്ടി ഈ തുക നല്‍കേണ്ടതായി വരുന്നത്.

ഈ സര്‍ചാര്‍ജുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇനി കൂടുതല്‍ രൂക്ഷമാകുമെന്ന് ആര്‍സിഎന്‍ ചീഫ് ജാനറ്റ് ഡേവിസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ പറയും. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ നഴ്‌സുമാരിലേക്ക് കൂടി ഈ ഫീസ് ബാധകമാക്കിയാല്‍ അതുകൊണ്ടുണ്ടാകുന്ന നഷ്ടം വിശദീകരണങ്ങള്‍ക്ക് അപ്പുറമായിരിക്കുമെന്നും അവര്‍ സൂചിപ്പിക്കും. എന്‍എച്ച്എസിന് നിലവില്‍ 43,000 നഴ്‌സുമാരുടെ കുറവാണുള്ളത്. 1,40,000 യൂറോപ്യന്‍ നഴ്‌സുമാര്‍ നിലവില്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ട്. അതിരൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധിക്കിടയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുകയേയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിനോയ് ജോസഫ്, മലയാളം യുകെ ന്യൂസ്‌ അസോസിയേറ്റ് എഡിറ്റര്‍

“ആരോഗ്യമുള്ള ഒരു വ്യക്തിയെ ലോകത്തിന് ലഭിക്കണമെങ്കിൽ ആരോഗ്യകരമായ ഒരു ജീവിതാന്തരീക്ഷവും സാഹചര്യവും ഉണ്ടാവണം. രോഗിയുടെ ചുറ്റുപാടുകൾ അവരുടെ രോഗവിമുക്തിയ്ക്ക് സഹായകരമാകുന്ന രീതിയിൽ തയ്യാറാക്കണം. മാനസികവും ശാരീരികവുമായ ഉത്തേജനത്തിന് നാം പ്രകൃതിയെത്തന്നെ ഒരുക്കണം. ശുദ്ധമായ വായുവും ജലവും പ്രകാശവും ശുചിത്വവും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്ന പ്രകൃതിദത്തമായ ഘടകങ്ങളാണ്. ശബ്ദമലിനീകരണമില്ലാത്ത, മിതോഷ്ണമുള്ള അന്തരീക്ഷവും രോഗവിമുക്തി ത്വരിതപ്പെടുത്തും. ആരോഗ്യ വിദ്യാഭ്യാസവും ശരിയായ പരിശീലന പ്രക്രിയകളും രോഗാവസ്ഥയുടെ നിരന്തരമായ വിശകലനവും  വഴി രോഗിയെ ആരോഗ്യത്തിലേക്ക് നയിക്കാൻ കഴിയും”. 1800 കളിൽ ഫ്ളോറൻസ് നൈറ്റിംഗേൽ രൂപപ്പെടുത്തിയ ഈ സിദ്ധാന്തം പിന്നീട് ലോകമെമ്പാടുമുള്ള ആരോഗ്യ ശുശ്രൂഷാ രംഗത്തെ അടിസ്ഥാന തത്വമായി മാറി.

ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ പോരാളികളെ ശുശ്രൂഷിക്കാനായി ഇറങ്ങിത്തിരിച്ച ഫ്ളോറൻസ് നൈറ്റിംഗേൽ നയിച്ച വഴിയിലൂടെ, ലോകത്തെ ആരോഗ്യ ശുശ്രൂഷാ രംഗം അത്യധികം മുന്നേറിയിരിക്കുന്നു. അതെ, ആധുനിക നഴ്സിംഗ് പ്രസ്ഥാനത്തിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പാത പിന്തുടർന്ന് 20 മില്യണിലധികം ആളുകളാണ് ഇന്ന് ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നത്. റാന്തൽ വിളക്കിന്റെ പ്രകാശത്തിൽ, വേദനയുടെ ലോകത്തിൽ സമാശ്വാസത്തിന്റെയും അനുകമ്പയുടെയും സ്നേഹ സന്ദേശവുമായി കടന്നു വന്ന ദി ലേഡി വിത്ത് ദ ലാംപ് ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ  മെയ് 12,  അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു.

വരും തലമുറയ്ക്കായി ജീവനെ കാത്തുസൂക്ഷിക്കുന്ന ഭൂമിയിലെ മാലാഖാമാരാണ് നഴ്സുമാർ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന പ്രകാശവാഹകർ.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. ജീവന്റെ തുടിപ്പുകൾക്ക് നിദ്രയിലും കാവലിരിക്കുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയിലൂടെ.. ആശ്വാസവാക്കുകളിലൂടെ സന്തോഷത്തിന്റെ ലോകത്തിലേയ്ക്ക് നയിയ്ക്കുന്നവർ.. ആതുരശുശ്രൂഷയെ സേവനത്തിന്റെ മുഖമുദ്രയാക്കുന്നവരാണ് ഈ അഭിമാനതാരങ്ങൾ.. കർത്തവ്യ നിർവ്വഹണത്തിൽ ഉണ്ടാകാവുന്ന സമ്മർദ്ദങ്ങളേയും മാറി വരുന്ന സാഹചര്യങ്ങളെയും സംയമനത്തോടെ നേരിട്ട് ജീവിതപാത തെളിയിക്കുന്നവർ..

നഴ്സുമാർ – നയിക്കുന്ന ശബ്ദം – ആരോഗ്യം മനുഷ്യാവകാശവും എന്നതാണ് 2018 ലെ അന്താരാഷ്ട്ര നഴ്സസ് ദിന സന്ദേശം. ആരോഗ്യ സംരക്ഷണം ഓരോരുത്തരുടെയും മൗലിക അവകാശമെങ്കിൽ അതു പോലെ നഴ്സുമാരും അവരുടെ അവകാശ സംരക്ഷണത്തിന് അർഹരാണ് എന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് എടുത്തു പറയുന്നു. സുരക്ഷിതമായ ജോലി സ്ഥലം, തൃപ്തികരമായ പ്രതിഫലം, ട്രെയിനിംഗിനുള്ള സൗകര്യങ്ങൾ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാനുള്ള സാഹചര്യം, തീരുമാനങ്ങളിൽ ഇടപെടാനുള്ള അവസരം എന്നിവയും നഴ്സുമാർക്ക് ലഭിക്കണമെന്ന് കൗൺസിൽ വ്യക്തമാക്കുന്നു.

നൂറുകണക്കിന് ഉത്തരവാദിത്വങ്ങളാണ് തങ്ങളുടെ ജോലി സ്ഥലത്ത് നഴ്സുമാർ നിറവേറ്റുന്നത്. പിറന്നു വീഴുന്ന കുഞ്ഞു മുതൽ മരണക്കിടക്കയിലുള്ള രോഗികൾ വരെ നീളുന്ന ഒരു വലിയ ലിസ്റ്റ് നഴ്സുമാർക്കായി എവിടെയുമുണ്ട്. ഏത് അടിയന്തിര സാഹചര്യവും സംയമനത്തോടെ കൈകാര്യം ചെയ്ത് രോഗിയുടെ സുരക്ഷിതത്വയും രോഗവിമുക്തിയും ലക്ഷ്യമാക്കുന്ന ആതുരശുശ്രൂഷാ രംഗത്തെ ജീവനാഡികളാണ് നഴ്സുമാർ. ജോലിയുടെ വ്യഗ്രതയിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാർ പലപ്പോഴും അവർക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും പരിഭവങ്ങളുടെ ഒരു കണക്ക് അവർ പുറത്തെടുക്കാറില്ല. സങ്കീർണമായ നിരവധി പ്രശ്നങ്ങളുടെ ഇടയിലാണ് ഇവരുടെ ഓരോ ദിനവും കടന്നു പോവുന്നത്.

സ്റ്റാഫ് ഷോർട്ടേജ് മൂലം പല ഹോസ്പിറ്റലുകളുടെയും പ്രവർത്തനം കാര്യക്ഷമമാകുന്നില്ല. അതിനെ മറികടക്കുവാൻ നഴ്സുമാർ അത്യദ്ധ്വാനം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത് അവരുടെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്നു. 12 മണിക്കൂറുകൾ നീണ്ട ഷിഫ്റ്റുകളും ഓവർടൈം വർക്കും നൈറ്റ് ഡ്യൂട്ടിയും ചെയ്യുന്ന നഴ്സുമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നു. രോഗികൾക്ക് വേണ്ട തൃപ്തികരമായ പരിചരണം കൊടുക്കാൻ വേണ്ട സൗകര്യങ്ങളുടെ അഭാവവും നഴ്സുമാരുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ജോലി സ്ഥലങ്ങളിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങളും പീഡനങ്ങളും അവരുടെ ജീവിതം തന്നെ ദുസഹമാക്കുന്നു.

ലക്ഷക്കണക്കിന് നഴ്സുമാരാണ് ഇന്ത്യയിൽ നിന്ന് ലോകത്തെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും മലയാളി നഴ്സുമാർ എത്തിച്ചേരാത്ത ഇടങ്ങൾ ഉണ്ടാവില്ലെന്നു വേണം കരുതാൻ. ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ആരംഭിച്ച നഴ്സുമാരുടെ കുടിയേറ്റം പിന്നീട് അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. പലരും നല്ല ജോലികൾ നേടിയെടുത്തെങ്കിലും കുറെപ്പേരെങ്കിലും റിക്രൂട്ട്മെൻറ് തട്ടിപ്പിന്റെയും രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും ഇരകളായി.

കൂടുതലും വനിതകൾ ജോലി ചെയ്യുന്ന മേഖല എന്ന നിലയ്ക്ക് സംഘടിത ശക്തിയുടെ അഭാവം നഴ്സിംഗ് രംഗത്തെ ചൂഷണത്തിന് ആക്കം കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പോലും തുല്യ ജോലിയ്ക്ക് തുല്യ ശമ്പളം എന്ന ന്യായമായ അവകാശത്തിനായി  സമരരംഗത്തേയ്ക്ക് നയിക്കപ്പെടുന്ന നഴ്സിംഗ് സമൂഹത്തെയാണ് കാണാൻ കഴിയുന്നത്. അവകാശങ്ങൾക്കായി തെരുവിൽ മുദ്രാവാക്യം വിളിക്കേണ്ട സ്ഥിതിയിലേയ്ക്ക് നഴ്സുമാരെ തള്ളി വിടുന്ന പ്രവണത നാടിന്റെ ധാർമ്മിക നിലവാരത്തിന്റെ അധ:പതനത്തിന്റെ സൂചനയാണ്. നഴ്സുമാർക്ക്‌ അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷിതമായ ജോലി സാഹചര്യവും ഒരുക്കുക എന്നത് ഓരോ സർക്കാരിന്റെയും കടമയും ഉത്തരവാദിത്വവുമാണ്. നഴ്സിംഗ് എന്നത് ഒരു വെറും ജോലിയല്ല, അത് ഒരു സേവനം കൂടിയാണ്. അതിന് വിലയിടാൻ ആർക്കും അധികാരമില്ല. മഹത്തായ നഴ്സിംഗ് പ്രഫഷനെ അംഗീകരിക്കുകയും ആദരിക്കുകയും ആണ് പ്രബുദ്ധമായ സമൂഹവും അധികാരികളും ചെയ്യേണ്ടത്.

അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകൾ.

RECENT POSTS
Copyright © . All rights reserved