Main News

ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തെ ഭീമന്മാരായ സെയിന്‍സ്‌ബെറീസും ആസ്ഡയും ലയിക്കാനൊരുങ്ങുന്നു. പുതിയ നീക്കം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് ബില്യണ്‍ പൗണ്ടിന്റെ ലയന ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ടെസ്‌കോ, സെയിന്‍സ്‌ബെറീസ്, ആസ്ഡ, മോറിസണ്‍ എന്നിവരാണ് യുകെയിലെ മികച്ച സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആദ്യ നാല് സ്ഥാനങ്ങളിലുള്ളവര്‍. സെയിന്‍സ്‌ബെറീസും ആസ്ഡയും ഒന്നിക്കുന്നതോടെ ടെസ്‌കോയെ മറികടന്ന് ഇവര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. പുതിയ നീക്കം ഇരു കമ്പനികള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു. എന്നാല്‍ ഇരുവരും ലയിച്ചാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും സാധ്യതയുണ്ട്.

ഇരു സ്ഥാപനങ്ങള്‍ക്കും കൂടി നിലവില്‍ സമാന തസ്തികകള്‍ ഉണ്ട്. ഒരു കമ്പനിയായി മാറിക്കഴിഞ്ഞാല്‍ ഇതിന്റെ ആവശ്യമുണ്ടാവുകയില്ല. അങ്ങനെയാകുമ്പോള്‍ നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആള്‍ഡി, ലിഡില്‍ തുടങ്ങിയ ബജറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ വിപണിയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ശക്തമായ മത്സരത്തെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും ശക്തമായ മത്സരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്.

യുഎസ് റിട്ടൈല്‍ ഭീമന്‍ വാള്‍മാര്‍ട്ട് 1999ലാണ് ആസ്ഡ ഏറ്റെടുക്കുന്നത്. യുകെയുടെ വിപണി കീഴടക്കാനുള്ള പുതിയ നീക്കത്തിന് മുന്‍കൈ എടുത്തിരിക്കുന്നതും വാള്‍മാര്‍ട്ടാണ്. വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ വ്യക്തമാക്കുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തെ കമ്പനികള്‍ എങ്ങനെ നേരിടുമെന്ന് വ്യക്തമല്ല. സെയിന്‍സ്‌ബെറീസ് ശൃംഖലയ്ക്ക് രാജ്യത്താകമാനം 1400 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വന്തമായുണ്ട്. ആസ്ഡയ്ക്ക് 600ലധികവും. ലയനം സാധ്യമായാല്‍ ഇവരുടെ ബിസിനസില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലക്ഷക്കണക്കിന് ഫോണ്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളെ പിഴിയുന്ന ഫോണ്‍ കമ്പനികളെ പിടികൂടാന്‍ പദ്ധതിയുമായി റെഗുലേറ്റര്‍ ഓഫ്‌കോം. ഒറിജിനല്‍ കോണ്‍ട്രാക്ടുകള്‍ അവസാനിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി ഉയര്‍ന്ന താരിഫിലേക്ക് ഉപഭോക്താക്കളെ മാറ്റിക്കൊണ്ടുള്ള കൊള്ളയ്ക്ക് തടയിടാനാണ് നീക്കം. ഇക്കാര്യം അറിയിക്കാനായി ഒരു ടെക്സ്റ്റ് മെസേജ് അയക്കുക മാത്രമാണ് കമ്പനികള്‍ ചെയ്യാറുള്ളത്. കോണ്‍ട്രാക്ട് അവസാനിക്കുന്നുവെന്ന് കാട്ടി കമ്പനികള്‍ അയക്കുന്ന നോട്ടിഫിക്കേഷനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഓഫ്‌കോം അറിയിച്ചു.

ഇത്തരത്തിലുള്ള ചെറിയ പരിശോധന പോലും സാധാരണകാര്‍ക്ക് നൂറ് കണക്കിന് പൗണ്ട് അധികം ചെലവാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മിക്ക സേവനദാതാക്കളും കോണ്‍ട്രാക്ടുകള്‍ അവസാനിക്കുന്നതിനേക്കുറിച്ചുള്ള അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കാറില്ല. ഉയര്‍ന്ന താരിഫിലേക്ക് ഇവര്‍ മാറ്റപ്പെടുകയും ചെയ്യും. ഉയര്‍ന്ന ബില്ലുകള്‍ കണ്ട് അന്തംവിടുന്ന ഉപഭോക്താക്കള്‍ അന്വേഷിക്കുമ്പോള്‍ മാത്രമായിരിക്കും വിവരം മനസിലാക്കുക. ഓഫ്‌കോമിന്റെ വിവരങ്ങള്‍ അനുസരിച്ച് 60 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ ഒരിക്കല്‍ പണം നല്‍കിയ ഹാന്‍ഡ്‌സെറ്റുകള്‍ക്കായി വീണ്ടും പണം നല്‍കേണ്ടതായി വന്നിട്ടുണ്ട്.

വിഷയത്തേക്കുറിച്ച് അറിവില്ലാത്ത ഉപഭോക്താക്കള്‍ കോളുകള്‍ക്കും മെസേജുകള്‍ക്കും ഡേറ്റയ്ക്കുമായി ആവശ്യമില്ലാതെ പണം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ഓഫ്‌കോം ഡേറ്റ പറയുന്നു. പ്രതിമാസം ശരാശരി 22 പൗണ്ടെങ്കിലും ഒരു വീടിന് അധികമായി ചെലവാകുന്നുണ്ടെന്നാണ് കണക്ക്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പണമടക്കുന്നവര്‍ക്ക് ഈ തുക 38 പൗണ്ടായി ഉയരും. ആറു മാസത്തിനു ശേഷം മാത്രമാണ് അഞ്ചിലൊന്ന് ഉപഭോക്താക്കള്‍ തങ്ങളുടെ കോണ്‍ട്രാക്ട് കാലാവധി കഴിഞ്ഞതായി മനസിലാക്കുന്നത്. ഈ അശ്രദ്ധ മൂലം ഇവര്‍ക്ക് 228 പൗണ്ടെങ്കിലും ഇക്കാലയളവില്‍ നഷ്ടമായിട്ടുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു.

ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് തുല്യമായ ഇളവുകള്‍ നല്‍കാനൊരുങ്ങി ബ്രിട്ടന്‍. ഭാവി ഇമിഗ്രേഷന്‍ നയങ്ങള്‍ ഇതനുസരിച്ചായിരിക്കുമെന്നാണ് സൂചന. ഇത് നടപ്പിലായാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ബ്രിട്ടിനിലേക്ക് വിസ രഹിത യാത്രകള്‍ നടത്താന്‍ കഴിയും. ജൂണില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടിയില്‍ യുകെ നെഗോഷ്യേറ്റര്‍മാര്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ പ്രതിസന്ധിയിലായിരിക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും സൂചനയുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ വന്‍തോതില്‍ ബ്രിട്ടനിലെത്താന്‍ ഈ നീക്കം വഴിതെളിക്കുമെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് അധികാരം നല്‍കാനും വ്യവസ്ഥയുണ്ട്. കടുത്ത ബ്രെക്‌സിറ്റ് വാദികളെ രോഷാകുലരാക്കുന്ന നീക്കമായിരിക്കും ഇതെന്നും വിലയിരുത്തപ്പെടുന്നു. 2016ലെ ഹിതപരിശോധനാഫലത്തെ വഞ്ചിക്കുന്ന നടപടിയായിരിക്കും ഫ്രീ മൂവ്‌മെന്റ് പോലെയുള്ള വിഷയങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ചെറിയ ഇളവ് പോലുമെന്ന നിലപാടുകാരാണ് ഇവര്‍. നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന കാരണത്താല്‍ ബ്രെക്‌സിറ്റ് വാദിയായ ക്യാബിനറ്റ് മിനിസ്റ്റര്‍ ഡേവിഡ് ഡേവിസ് രാജിക്കൊരുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബെല്‍ഫാസ്റ്റില്‍ നിയമവിദഗ്ദ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ന്നത്. അയര്‍ലന്‍ഡ് അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രങ്ങളേര്‍പ്പെടുത്താന്‍ തെരേസ മേയ് തയ്യാറായില്ലെങ്കില്‍ മറ്റിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ സ്വതന്ത്രമായി പ്രവേശിക്കുന്നതിനെ തടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാന്‍ ബ്രിട്ടനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് കഴിഞ്ഞയാഴ്ചയുണ്ടായത്.

15 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ട ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വികാരിയെ കാണാനില്ല. ഈ മാസം ആദ്യവാരം ചെന്നൈ ഹൈക്കോടതി വികാരി ജോനാഥന്‍ റോബിണ്‍സണ് 3 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. എന്നാല്‍ ശിക്ഷാവിധിയുണ്ടായതിന് ശേഷം ഇയാളെയും ഭാര്യയെയും കാണാനില്ല. ചെന്നൈ എയര്‍പോര്‍ട്ട് വഴി ഇയാള്‍ ലണ്ടനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഇംഗ്ലണ്ടിലെ വസതിയില്‍ വികാരിയും ഭാര്യയും എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ജാമ്യത്തിലായിരുന്ന ഇയാള്‍ ജാമ്യ വ്യവസ്ഥ അനുസരിച്ച് പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ശിക്ഷാവിധി പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ നാടുവിട്ടതാണെന്നാണ് പോലീസ് നിഗമനം. വികാരിയെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്ത്യ ഇന്റര്‍പോളിനെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചില്‍ഡ്രന്‍സ് ഹോം ആന്റ് ചാരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു ജോനാഥന്‍ റോബിന്‍സണ്‍. കുട്ടികളുമായി തലസ്ഥാന നഗരയില്‍ വിനോദ യാത്രയ്‌ക്കെത്തിയ വികാരി കുട്ടികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ച് 15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വികാരി തന്നെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 15കാരന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ ശേഷം ലോക്കല്‍ അതോറിറ്റി അധികൃതരുടെ സഹായത്തോടെ കുട്ടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വികാരി അറസ്റ്റിലാകുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസുമായി സഹകരിക്കാന്‍ റോബിന്‍സണ്‍ തയ്യാറായില്ല. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഇന്ത്യയിലെത്തി കേസിനെ നേരിടാന്‍ തയ്യാറല്ലെന്നും ഇയാള്‍ വാദിച്ചു. ഇതേതുടര്‍ന്ന് ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടി. നാല് വര്‍ഷം ഇയാള്‍ ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിട്ടും ഇന്ത്യയിലേക്ക് തിരികെ വന്നില്ല. എന്നാല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടു കൂടി 2015ല്‍ വികാരിക്ക് ഇന്ത്യയിലേക്ക് വരേണ്ടി വന്നു. തമിഴ്‌നാട് പോലീസ് റോബിന്‍സണെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. നീണ്ട 7 വര്‍ഷത്തെ നിയമ യുദ്ധത്തിന് ഒടുവില്‍ ഇയാളെ ചെന്നൈ ഹൈക്കോടതി 3 വര്‍ഷത്തിന് ശിക്ഷിക്കുകയും ചെയ്തു. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് റോവാന്‍ വില്യംസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് റോബിന്‍സണ്‍. എന്നാല്‍ വിഷയത്തില്‍ ബിഷപ്പ് പ്രതികരിച്ചിട്ടില്ല.

കാലടി: കാലടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടിക്കടുത്ത് കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങൽ ആറാട്ടുകടവിൽ ശ്രീമൂലനഗരം സ്വദേശികളായ മണിയന്തറ സലാം മകൻ റിസ്വാൻ (23), കാനാപ്പിള്ളി പീറ്റർ – ജിഷ ദമ്പതികളുടെ മകൻ ഐബിൻ (21) എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്ന് (ഏപ്രിൽ 28 ശനി) വൈകീട്ട് 3.45നാണ് അപകടം ഉണ്ടായത്. ഐരാപുരം ശങ്കര കോളജ് വിദ്യാര്‍ഥിയാണ് മരിച്ച ഐബിന്‍. ഐബിന്റെ പിതാവിന്‍റെയും മാതാവിന്‍റെയും സഹോദരങ്ങള്‍ യുകെയിലാണ് താമസം. അത് കൊണ്ട് തന്നെ ഈ ദുരന്തം യുകെ മലയാളികളെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സോഫി  നൈജോയുടെ സഹോദരി പുത്രനാണ് അപകടത്തിൽ മരിച്ച ഐബിന്‍. ഐബിന്റെ പിതാവിന്‍റെ അനുജന്‍ ഫെലിക്സ് ആന്റണി സ്വാന്‍സിയിലെ മോറിസ്ടനില്‍ ആണ് താമസം. ദുരന്ത വാര്‍ത്തയറിഞ്ഞ ഫെലിക്സ് നാളെ നാട്ടിലേക്ക് തിരിക്കും.

സുഹൃത്തുക്കളുമൊത്ത് ഇരുവരും ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയതാണ്. നീന്തുന്നതിനിടയില്‍ അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. ശ്രീമൂലം മൂലേപ്പടവില്‍ രാമചന്ദ്രന്റെ മകന്‍ മൃദുല്‍ (23) നെ നാട്ടുകാര്‍ രക്ഷിച്ചു. ഇരുവരുടെയും മൃതദേഹം കാഞ്ഞൂര്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരി പുത്രന് പറ്റിയ അപകട വർത്തയറിഞ്ഞ സോഫിയും കുടുംബവും നാട്ടിലേക്ക് നാളെയാണ് പുറപ്പെടുക. പോലീസിന്റെ നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം ശവസംസ്ക്കാരം നടക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ജീവന്‍ രക്ഷിക്കാന്‍ ലോകത്തിന്റെ ഏത് കോണിലും കൊണ്ടുപോകാന്‍ തയ്യാറായിരുന്ന മാതാപിതാക്കളെയും പിന്തുണയുമായെത്തിയവരെയും കണ്ണീരിലാഴ്ത്തി ആല്‍ഫി ഇവാന്‍സ് ജീവന്‍ വെടിഞ്ഞു. ലൈഫ് സപ്പോര്‍ട്ട് കുട്ടിക്ക് തുടര്‍ന്ന് നല്‍കാന്‍ വേണ്ടിയുള്ള നിയമയുദ്ധത്തില്‍ പിതാവ് ടോം ഇവാന്‍സും അമ്മ കെയ്റ്റ് ജെയിംസും പരാജയപ്പെട്ടതോടെ ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കുകയായിരുന്നു. 23 മാസം പ്രായമായ ആല്‍ഫിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത വിധത്തിലുള്ള മസ്തിഷ്‌ക രോഗമായിരുന്നു. ”എന്റെ പോരാളി അവന്റെ പടച്ചട്ട താഴെ വെച്ച് ചിറകുകള്‍ സ്വീകരിച്ചു” എന്ന് ടോം ഇവാന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.’

തിങ്കളാഴ്ച രാത്രിയാണ് കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ട് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 2.30ന് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. ഉപകരണങ്ങള്‍ നീക്കിയെങ്കിലും 9 മണിക്കൂറോളം കുട്ടി ഇവയുടെ സഹായമില്ലാതെ ശ്വസിച്ചുവെന്ന് ടോം അറിയിച്ചിരുന്നു. റോമിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നതിന് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം അനുവദിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇടപെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കുഞ്ഞിന് തുടര്‍ ചികിത്സ നല്‍കിയതുകൊണ്ട് ഫലമില്ലെന്ന് ആശുപത്രിയധികൃതര്‍ കോടതിയെ അറിയിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യാന്‍ കോടതി ആശുപത്രിക്ക് അനുമതി നല്‍കിയെങ്കിലും ടോം ഇവാന്‍സിന്റെ അപ്പീലുകളുടെ പശ്ചാത്തലത്തില്‍ നടപടി നീളുകയായിരുന്നു.

ആള്‍ഡര്‍ ഹേയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സക്കായി രാജ്യത്തിനു പുറത്തു കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ടോം ഇവാന്‍സ്. ഇതിനായി ഇയാള്‍ പല തവണ കോടതിയെ സമീപിച്ചെങ്കിലും കുട്ടിയെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് അപകടകരമായിരിക്കുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെത്തുടര്‍ന്ന് കോടതി അനുമതി നിഷേധിച്ചു. എയര്‍ ആംബുലന്‍സ് കൊണ്ടുവന്ന് കുട്ടിയെ മാറ്റാനുള്ള ശ്രമം പോലും കോടതി തടഞ്ഞിരുന്നു. ആശുപത്രിക്കു മുന്നില്‍ കുഞ്ഞിനു വേണ്ടി നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി എത്തിയത്.

ലണ്ടന്‍: ബ്രിട്ടനിലെ പ്രശസ്തമായ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കീ നോട്ട് സ്പീക്കറായി (Keynote speaker) സംസാരിക്കാന്‍ ക്ഷണം ലഭിച്ച് മലയാളിയായ യുവ ബിസിനസ് സംരംഭകന്‍. ബ്രിട്ടനിലെ ഏറ്റവും മികച്ച പത്ത് യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്ന് നടക്കുന്ന സെമിനാറിലാണ് യുകെയിലെ പ്രമുഖ മലയാളി ബിസിനസുകാരനും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ സര്‍വ്വകലാശാല അധികൃതര്‍ ക്ഷണിച്ചിരിക്കുന്നത്. ടൈംസ് മാഗസിന്‍ ഈ വര്‍ഷം ‘യൂണിവേഴ്‌സിറ്റി ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുത്തിരിക്കുന്ന ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക രംഗത്ത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ പ്രസക്തി എന്ന വിഷയത്തിലാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ സംസാരിക്കുന്നത്.

അതിവേഗം വളര്‍ച്ച കൈവരിച്ച് കൊണ്ടിരിക്കുന്ന ടെക്‌നോളജി രംഗത്ത് ഉണ്ടായ വിപ്ലവകരമായ കണ്ടുപിടുത്തമായ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഇന്ന് ലോകമാസകലം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങള്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയെ എങ്ങനെ വിവിധ മേഖലകളില്‍ ഉപയോഗിക്കാം എന്ന കാര്യത്തില്‍ പഠനം നടത്തുന്നതിനായി കോടിക്കണക്കിന് പണമാണ് നീക്കി വച്ചിരിക്കുന്നത്. ഈ രംഗത്ത് വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തി എന്ന നിലയിലും ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ബിസിനസ് സംരംഭത്തിന്റെ സിഇഒ എന്ന നിലയിലും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നേടിയെടുത്ത ഒരംഗീകാരമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്ന് ലഭിച്ചിരിക്കുന്ന ഈ ക്ഷണം.

നവംബറില്‍ ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റില്‍ നടന്ന പാനല്‍ ഡിസ്‌കഷനില്‍ പങ്കെടുത്ത് ആയിരുന്നു ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ക്രിപ്‌റ്റോ കറന്‍സിയില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് കൂടിയായ സുഭാഷ് ജോര്‍ജ്ജ് ഇതിന് മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും ബിസിനസ് പ്രമുഖരും സാമ്പത്തിക വിദഗ്ദരും പങ്കെടുത്ത ഈ പ്രോഗ്രാമില്‍ പാനല്‍ ഡിസ്‌കഷനില്‍ പങ്കെടുത്ത് സംസാരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്ന് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കീനോട്ട് സ്പീക്കറായി ക്ഷണം ലഭിക്കുന്ന ആദ്യത്തെ മലയാളി ആണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ എന്നത് യുകെയിലെ മുഴുവന്‍ മലയാളി സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്. ബ്രിട്ടനിലെ പുതിയ തലമുറ മലയാളി കുടിയേറ്റക്കാരില്‍ ഇത്രയും ശ്രദ്ധേയമായ നേട്ടം കൈവരിച്ച വ്യക്തികള്‍ വിരലിലെണ്ണാന്‍ പോലുമില്ല എന്നുള്ളിടത്ത് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് ലഭിച്ച ഈ അവസരം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം കൂടിയാണ്.

ബ്രിട്ടനിലെ ഇന്ധനവിലയില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവുണ്ടായതായി പഠനം. യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കൂടിയ ഇന്ധന വിലയുള്ള രാജ്യങ്ങളില്‍ ബ്രിട്ടന്‍ മുന്നിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ധനവിലയിലെ വര്‍ദ്ധനവ് വാഹന ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദ്ഗദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ധനവിലക്കയറ്റത്തിന് അനുസരിച്ച് വിപണിയിലും മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. യുറോപ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില നിലവാരപ്പട്ടികയില്‍ യുകെ 19-ാം സ്ഥാനത്താണ്. ഡീസലിന്റെ കാര്യത്തില്‍ ഇതിലും ശോചനീയമാണ് കാര്യങ്ങള്‍. 29 അംഗ പട്ടികയില്‍ 25-ാം സ്ഥാനത്താണ് ബ്രിട്ടന്‍. വിലക്കയറ്റം ഗതാഗതമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

ക്രൂഡ് ഓയിലിന് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയ്ക്ക് ബാരലിന് 72 ഡോളറാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതാണ് യുകെ ഇന്ധന വിപണിയെ പ്രതികൂലമായി ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 41 ലിറ്റര്‍ പെട്രോളിന്റെ വില 50 പൗണ്ടാണ്. ഇതേ വില നല്‍കിയാല്‍ 40.3 ലിറ്റര്‍ ഡീസലും ലഭിക്കും. ഏറ്റവും വിലക്കുറവില്‍ ഡീസല്‍ ലഭിക്കുന്നത് ലക്‌സെംബര്‍ഗിലാണ്. ഇവിടെ 50 പൗണ്ടിന് 53.3 ലിറ്റര്‍ ഡീസല്‍ ലഭിക്കും. അതേസമയം നോര്‍വെയിലുള്ളവരുടെ സ്ഥിതി ശോചനീയമാണ്. 50 പൗണ്ടിന് 35 ലിറ്റര്‍ പെട്രോളും 37 ലിറ്റര്‍ ഡീസലുമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ലഭിക്കുന്നത്.

രണ്ട് പെട്രോള്‍ പമ്പുകളെങ്കിലുമുള്ള യുകെയിലെ ടൗണുകളിലും സിറ്റികളിലെയും വിവരങ്ങള്‍ പരിശോധിച്ചാണ് വിലനിലവാരം സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. നോര്‍ത്ത് ഡെവണിലെ വൂളാകോമ്പ് എന്ന സ്ഥലത്താണ് ഡീസലിന് ഏറ്റവും വിലകൂടുതലുള്ളത്. പ്രദേശിക തലത്തില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിക്കുന്നതിന് പല കാരണങ്ങളുണ്ട്. റിഫൈനറിയില്‍ നിന്ന് എത്ര ദൂരത്താണ് പെട്രോള്‍ സ്‌റ്റേഷന്‍ നിലനില്‍ക്കുന്നത്, സിറ്റികളില്‍ നിന്നുള്ള അകലം, മാര്‍ക്കറ്റിന്റെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങള്‍ വില നിര്‍ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ ഓഫ് പെട്രോള്‍ പ്രൈസസ് ജേയ്‌സണ്‍ ലോയ്ഡ് വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ പുതിയ കീരീടാവാകാശി പ്രിന്‍സ് ലൂയിസ് ഓഫ് കേംബ്രിഡ്ജ് ഭരണാവകാശികളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. പ്രിന്‍സ് ജോര്‍ജിനും പ്രിന്‍സസ് ഷാര്‍ലെറ്റിനും ശേഷം ലൂയിസിന് ആയിരിക്കും കിരീടത്തിന് അവകാശമുണ്ടാകുക. വില്യമിന്റെയും കെയിറ്റിന്റെയും മൂന്നാമത്തെ കുട്ടിയാണ് ലൂയിസ്. രാജ്ഞിയുടെയും ഡ്യൂക്ക് ഓഫ് എഡിന്‍ബെര്‍ഗിന്റെയും പാദങ്ങള്‍ പിന്തുടര്‍ന്നാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ വില്യമും കെയിറ്റും തീരുമാനിക്കുന്നത്. ഡ്യൂക്ക് ഓഫ് എഡിന്‍ബെര്‍ഗിന് നാല് കുട്ടികളാണുള്ളത്. സഹോദരങ്ങളായ ജോര്‍ജിനും ഷാര്‍ലെറ്റിനും ശേഷമായിരിക്കും പ്രിന്‍സ് ലൂയിസ് പരാമാധികാരമുള്ള കിരീടാവകാശിയാവുക. പ്രിന്‍സ് ലൂയിസ് ഓഫ് കേംബ്രിഡ്ജ് കിരീടാവകാശികളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയതോടെ പ്രിന്‍സ് ഹാരി ആറാം സ്ഥാനത്തേക്ക് താഴ്ന്നു.

ആദ്യ ആറ് സ്ഥാനത്തുള്ള കിരീടാവകാശികള്‍ വിവാഹത്തിനായി രജ്ഞിയുടെ അനുവാദം വാങ്ങേണ്ടതുണ്ട്. ഈ രാജനിയമം അനുസരിച്ച് ചാള്‍സ്, വില്യം, ജോര്‍ജ്, ഷാര്‍ലെറ്റ്, ഹാരി എന്നിവര്‍ വിവാഹത്തിന് മുന്‍പ് രാജ്ഞിയുടെ അനുമതി തേടണം. പ്രിന്‍സ് ലൂയിസ് വന്നതോടെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പ്രിന്‍സ് ആന്‍ഡ്രൂവിന് ഇനിമുതല്‍ വിവാഹം കഴിക്കാന്‍ രാജ്ഞിയുടെ അനുവാദം ആവശ്യമുണ്ടാകില്ല. 2013ലെ സക്‌സെഷന്‍ ടു ദി ക്രൗണ്‍ ആക്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. രാജകുടുംബത്തില്‍ ഒരു കുട്ടി ജനിക്കുമ്പോള്‍ അവന്‍/അവള്‍ വെറും സാധാരണക്കാരനായിട്ടാണ് ജനിക്കുക. പരമാധികാരമുള്ള വ്യക്തിയും ഡ്യൂക്ക്, ഏള്‍, വിസ്‌കൗണ്ട്, ബാരണ്‍ തുടങ്ങിയ അധികാരങ്ങള്‍ അലങ്കരിക്കുന്നവരൊഴികെ എല്ലാവരും കോമണേഴ്‌സ് ആയിരിക്കുമെന്ന് റോയല്‍ ചരിത്രകാരന്‍ മര്‍ലീന്‍ കോയിങ് വ്യക്തമാക്കുന്നു. ഇത് സങ്കീര്‍ണമാണെന്ന് തോന്നിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരാതന രാജനിയമം നിലനില്‍ക്കുന്ന സമയത്ത് കിരീടാവകാശികളുടെ പട്ടികയില്‍ പുരുഷന്മാര്‍ക്ക് മുന്‍ഗണന ലഭിച്ചിരുന്നു. മുതിര്‍ന്ന സഹോദരികളേക്കാള്‍ മുന്‍പിലായിരുന്നു സഹോദരന്റെ സ്ഥാനം. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് മാറ്റം വന്നു. ഈ മാറ്റം കാരണമാണ് ഷാര്‍ലെറ്റ് പട്ടികയില്‍ പ്രിന്‍സ് ലൂയിസിന് മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. പുരുഷ മേധാവിത്വമുള്ള രാജനിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നത് 2015 മാര്‍ച്ചിലാണ്. 2011ന് ഒക്ടോബറിന് ശേഷം ജനിച്ച കുട്ടികള്‍ക്ക് ബാധകമാവുന്ന വിധത്തിലായിരുന്നു ഈ മാറ്റങ്ങള്‍ നിലവില്‍ വന്നത്.

നട്ട് അലര്‍ജിയുള്ള സഹോദരങ്ങള്‍ക്ക് എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാരില്‍ നിന്ന് നേരിട്ടത് മോശം അനുഭവം. ഏഴര മണിക്കൂര്‍ നീണ്ട യാത്രയില്‍ ഇവര്‍ക്ക് തലയുള്‍പ്പെടെ മൂടിപ്പുതച്ച് വിമാനത്തിന്റെ പിന്‍ സീറ്റില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. ബര്‍മിംഗ്ഹാമില്‍ നിന്ന് ദുബായിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ഷാനന്‍ സഹോത, സഹോദരന്‍ സന്ദീപ് എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ കശുവണ്ടിയുണ്ടായിരുന്നെന്ന് മനസിലായപ്പോള്‍ ഇവര്‍ ജീവനക്കാരെ വിവരമറിയിച്ചു. നിങ്ങള്‍ ടോയ്‌ലെറ്റിലേക്ക് മാറിയാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നായിരുന്നു ഒരു ജീവനക്കാരന്‍ അറിയിച്ചതെന്ന് ഇവര്‍ പറയുന്നു. ഇത് നിരസിച്ചതോടെയാണ് പിന്‍സീറ്റില്‍ തലയിലൂടെ പുതപ്പിട്ട്, മൂക്ക് പൊത്തിയിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്.

ടിക്കറ്റ് ബുക്ക് ചെയ്തപ്പോളും ചെക്ക് ഇന്‍ ചെയ്തപ്പോളും പിന്നീട് ബോര്‍ഡിംഗിനിടയിലും തങ്ങള്‍ക്ക് നട്ട് അലര്‍ജിയുള്ള കാര്യം എയര്‍ലൈന്‍ ജീവനക്കാരോട് പറഞ്ഞിരുന്നതാണെന്ന് സഹോത പറയുന്നു. മൂന്ന് തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഫ്‌ളൈറ്റില്‍ നല്‍കിയ ഡിന്നറിലെ ചിക്കന്‍ വിഭവത്തില്‍ കശുവണ്ടി അടങ്ങിയിട്ടുണ്ടെന്നത് തങ്ങളെ അതിശയിപ്പിച്ചു. ഇതോടെ കശുവണ്ടിയുടെ അംശം എയര്‍വെന്റിലൂടെ തങ്ങള്‍ ശ്വസിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രൂവിനെ അറിയിച്ചു. അലര്‍ജി ഭീതിയില്‍ എപ്പിപെന്‍ ജാബുകള്‍ ഇവര്‍ കയ്യില്‍ കരുതാറുണ്ട്. അപ്പോളാണ് ഇവര്‍ ടോയ്‌ലെറ്റിലേക്ക് മാറുന്നത് ഉചിതമായിരിക്കുമെന്ന് ഒരു ജീവനക്കാരന്‍ പറഞ്ഞത്.

ഇതോടെ ഹോളിഡേയ്ക്കായി നടത്തിയ യാത്രതന്നെ ദുരിതം നിറഞ്ഞതായി മാറുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. കടുത്ത അലര്‍ജിയുള്ള തങ്ങള്‍ വിമാന ജീവനക്കാരുടെ അശ്രദ്ധമായ പെരുമാറ്റത്തിലൂടെ മരണപ്പെടാനുള്ള സാധ്യത പോലുമുണ്ടായിരുന്നു. എപ്പിപെന്നുകള്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ മാത്രമുള്ളതാണ്. അലര്‍ജിയുണ്ടായാല്‍ ആശുപത്രിയിലേക്ക് മാറ്റുകയെന്നത് മാത്രമാണ് മുന്നിലുള്ള വഴിയെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ എമിറേറ്റ്‌സിന് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.

RECENT POSTS
Copyright © . All rights reserved