Main News

ന്യൂസ് ഡെസ്ക്.

ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ ഡീസെൻട്രലൈസ്ഡ്  ബിസിനസ് മോഡലിന് സ്വീകാര്യതയേറുന്നു. വിവേകത്തോടെ സമീപിച്ചാൽ വരും കാലങ്ങളിൽ ലോക സാമ്പത്തിക രംഗം നിയന്ത്രിക്കാൻ കഴിയുന്ന വൻ ശക്തിയായി ക്രിപ്റ്റോ കറൻസി മാറുമെന്ന് പുതിയ സംഭവ വികാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ബിറ്റ്കോയിനിന്റെയും മറ്റു ഡിജിറ്റൽ കറൻസികളുടെയും വിലയിൽ വന്ന വൻ ഏറ്റക്കുറച്ചിലുകൾ ഒരു താത്കാലിക പ്രതിഭാസം മാത്രമെന്ന സാമ്പത്തിക വിദഗ്ദരുടെ പ്രവചനം ശരിവച്ചുകൊണ്ടാണ് ലോകം പുതിയ പുതിയ ബിസിനസ് മോഡലിനെ പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്.

യുകെയിൽ പ്രചാരത്തിലുള്ള ബിറ്റ്കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കാർബൺ ലോകമെമ്പാടും ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ഡിജിറ്റൽ കറൻസി എന്നതിലുപരിയായി കൺസ്യൂമർ ഓറിയൻറഡ് ആയിട്ടുള്ള ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ. ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ  ഗ്ലോബൽ ലിമിറ്റഡ് ആണ് ഈ ഡിജിറ്റൽ കറൻസി ലോഞ്ച് ചെയ്തിരിക്കുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല. 70 മില്യൺ ക്രിപ്റ്റോ കാർബണാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. പ്രധാനമായും ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം. ടെസ്കോ, സെയിൻസ്ബറി, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം എന്നത് ഈ ഡിജിറ്റൽ കറൻസിയെ കൂടുതൽ ജനകീയമാക്കുന്നു. ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.cccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.

ഇതിനിടെ ഡിജിറ്റൽ കറൻസി മാർക്കറ്റിൽ വൻ കുതിച്ചു ചാട്ടത്തിന് നാന്ദി കുറിച്ച് 22 യൂറോപ്യൻ രാജ്യങ്ങൾ ബ്ലോക്ക് ചെയിൻ പാർട്ട്ണർഷിപ്പ് രൂപീകരിച്ചു. യൂറോപ്യൻ കമ്മീഷന്റെ “ഹൊറൈസോൺ 2020” എന്ന പ്രോജക്ടിന്റെ ഭാഗമായി 300 മില്യൺ യൂറോയാണ് ബ്ലോക്ക് ചെയിൻ റിസർച്ചിനായി ഉപയോഗിക്കുന്നത്. സാമൂഹിക, സാമ്പത്തിക, ടെക്നിക്കൽ മേഖലകളിൽ ബ്ലോക്ക് ചെയിൻ ടെക്നോളജി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിന്റെ പ്രാരംഭ നടപടിയായി 80 മില്യൺ യൂറോ ഈ പ്രോജക്ടിനായി വകയിരുത്തിക്കഴിഞ്ഞു. ബൃഹത്തായ സിംഗിൾ ഡിജിറ്റൽ മാർക്കറ്റ് എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് 22 യൂറോപ്യൻ രാജ്യങ്ങളുടെ പാർട്ണർഷിപ്പ് വഴി ശ്രമിക്കുന്നത്.

യൂറോപ്യൻ യൂണിയനിൽപ്പെട്ട മാൾട്ട ക്രിപ്റ്റോ കറൻസിയും ബ്ലോക്ക് ചെയിൻ ടെക്നോജിയും വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസിനെ മാൾട്ട തങ്ങളുടെ സാമ്പത്തിക മേഖലയിലേയ്ക്ക് ക്ഷണിച്ചു കഴിഞ്ഞു. രാജ്യത്തെ നിയമങ്ങൾ ക്രിപ്റ്റോ കറൻസിയുടെ ഉപയോഗത്തിന് അനുസരണമായ രീതിയിൽ ഭേദഗതി ചെയ്യാനും മാൾട്ട നീക്കം തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ മുഴുവനായിത്തന്നെ ക്രിപ്റ്റോ കറൻസിയ്ക്കും ബ്ലോക്ക് ചെയിൻ ടെക്നോളജിയ്ക്കും സുതാര്യത വരുത്താനുള്ള കൂട്ടായ പരിശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

യൂറോപ്യൻ നിയമങ്ങൾക്ക് അനുസൃതമായി കൃത്യമായി നിർവ്വചിക്കപ്പെട്ട മാതൃകകളിലൂടെ ബ്ലോക്ക് ചെയിൻ ടെക്നോളജി വഴിയുള്ള സേവനങ്ങൾ യൂറോപ്പിലെങ്ങും ലഭ്യമാകുന്ന അനുകൂലാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് യൂറോപ്യൻ യൂണിയൻ പാർട്ണർഷിപ്പിന്റെ ഉദ്ദേശ്യമെന്ന് വിദഗ്ദർ പറഞ്ഞു. അനന്ത സാധ്യതകളുള്ള, വിശ്വാസ്യതയുള്ളതും വികേന്ദ്രീകൃതമായ, ഉപഭോക്താവിന് പ്രാധാന്യം നല്കുന്ന ബ്ലോക്ക് ചെയിൻ ബിസിനസ് മോഡൽ സാമ്പത്തിക മേഖലയിലും സാമൂഹിക രംഗത്തും ഉത്തേജനം പകരുന്നതാണെന്ന് പാർട്ണർഷിപ്പിന്റെ പ്രസ്താവന പറയുന്നു.

 

ലണ്ടനില്‍ നിന്ന് ബ്രിസ്‌റ്റോള്‍ വരെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ പീക്ക് സമയങ്ങളില്‍ നല്‍കേണ്ട തുക ഏതാണ്ട് 218 പൗണ്ടോളം വരും. പക്ഷേ 340 മൈലുകള്‍ നീളുന്ന യാത്രക്ക് അത്രയൊന്നും തുക ആവശ്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 27കാരനായ ടോം ചര്‍ച്ച്. ട്രെയിന്‍ ടിക്കറ്റിന്റെ നിരക്ക് അല്‍പ്പം കൂടുതലാണെന്ന് തിരിച്ചറിഞ്ഞ ചര്‍ച്ച് തന്റെ യാത്ര കാറിലാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ ഒരു സെക്കന്റ് ഹാന്റ് ഹോണ്ട സിവിക് കാര്‍ സ്വന്തമാക്കി. കാറിന്റെ റോഡ് ടാക്‌സും പെട്രോളിന്റെ പണവും ഉള്‍പ്പെടെ എല്ലാം കൂടി 218 പൗണ്ടിന്റെ താഴെ മാത്രമെ ചര്‍ച്ചിന് ചെലവഴിക്കേണ്ടി വന്നുള്ളു. ഇത്രയും ചെലവു ചുരുങ്ങിയ യാത്ര സാധ്യമാകുമെന്ന് ഒരുപക്ഷേ ചര്‍ച്ച് പോലും കരുതിക്കാണില്ല.

ട്രെയിന്‍ ടിക്കറ്റിന് വേണ്ടി ഒരാള്‍ റെഡിറ്റില്‍ അന്യായമായ തുകയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ചര്‍ച്ചിനെ യാത്രക്കായി മറ്റു മാര്‍ഗങ്ങള്‍ തെരഞ്ഞടുക്കാന്‍ പ്രേരിപ്പിച്ചത്. അത്രയും തുകയ്ക്ക് ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി കാരണം ആ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന അതേ സ്ഥലത്തേക്കായിരുന്നു എനിക്കും പോകേണ്ടിയിരുന്നത് ചര്‍ച്ച് പറയുന്നു. ഗംട്രീയില്‍ (Gumtree) യില്‍ നിന്ന് സെക്കന്റ് ഹാന്റ് കാര്‍ വാങ്ങി യാത്ര ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വെബ്‌സൈറ്റില്‍ നിന്നും 1997 മോഡല്‍ ഒരു ഹോണ്ട സിവിക് കാര്‍ കണ്ടെത്തി. ഇതിനായി വെറും 80 പൗണ്ടാണ് അദ്ദേഹം മുടക്കിയത്. റോഡ് ടാക്‌സ് ഇനത്തില്‍ 81.38ഉം പെട്രോളിനായി 25 പൗണ്ടും ചെലവായി. ഇത് ട്രെയിന്‍ ടിക്കറ്റിനേക്കാള്‍ വളരെ കുറവാണ്. കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും ലേറ്റസ്റ്റ്ഡീല്‍സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ കൂടിയായ ചര്‍ച്ചിന് സ്വന്തമായി ഒരു കാര്‍ ലഭിക്കുകയും ചെലവ് കുറഞ്ഞ യാത്ര നടത്താനും കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്.

1997 മോഡല്‍ ഹോണ്ട സിവിക് കുറച്ച് പഴയതാണെന്ന കാര്യം മാറ്റിവെച്ചാല്‍ ഉപയോഗിക്കാന്‍ സുഖമുള്ള വാഹനമാണെന്ന് ചര്‍ച്ച് പറയുന്നു. വളരെ ചെറിയ എഞ്ചിന്‍ ആയതുകൊണ്ട് റോഡ് ടാക്‌സിന്റെ കാര്യത്തിലും വലിയ ഇളവുണ്ടാകും. ആറ് മാസം വെറും 82.38 പൗണ്ടാണ് ഈ കാറിന് റോഡ് ടാക്‌സ് ഇനത്തില്‍ നല്‍കേണ്ടി വരിക. യാത്രയ്ക്കായി എനിക്ക് ആകെ ചെലവായ തുക 206.81 കൂടാതെ ഇപ്പോള്‍ ഒരു കാറും സ്വന്തമായുണ്ട് ചര്‍ച്ച് പറയുന്നു. ചില സമയങ്ങളില്‍ പണം ലാഭിക്കാന്‍ മാറി ചിന്തിക്കേണ്ടതുണ്ടെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ പീക്ക് സമയത്തിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കില്‍ കുറഞ്ഞ തുകയ്ക്ക് ട്രെയിന്‍ യാത്ര സാധ്യമാകുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. കാര്‍ വാങ്ങിക്കുന്നതിനും മറ്റുമായി ഉണ്ടായ സമയനഷ്ടം ട്രെയിനില്‍ യാത്ര ചെയ്താല്‍ ഒഴിവാക്കാമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാനുള്ള സമയമാണ് ടോമിന് നഷ്ടമായിരിക്കുന്നതെന്നും ലണ്ടനില്‍ നിന്നും ബ്രിസ്‌റ്റോള്‍ വരെ സര്‍വീസ് നടത്തുന്ന ഗ്രേറ്റ് വെസ്‌റ്റേണ്‍ റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു.

ബിനോയി ജോസഫ്

ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വ്യക്തിത്വവുമായി പ്രസരിപ്പോടെ പാറി നടന്ന ആ മാലാഖ യാത്രയാവുകയാണ്.. സ്വർഗ്ഗീയാരാമത്തിലെ വിശിഷ്ട പുഷ്പമായി വിരാജിക്കുവാൻ.. നോട്ടിംങ്ങാമിലെ സമൂഹത്തെ തീരാ ദു:ഖത്തിലാഴ്ത്തി ഏപ്രിൽ അഞ്ചാം തിയതി വ്യാഴാഴ്ചയാണ് ആൽഫിൻ എലിസബത്ത് എബ്രാഹാം അകാലത്തിൽ വേർപിരിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നോട്ടിംങ്ങാം ക്വീൻസ് മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. നോട്ടിംങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൽട്ടന്റായ ഡോ.അബ്രാഹാം നെടുവംകുന്നേലിന്റെയും മേരിയുടെയും മകളാണ് ആൽഫിൻ. നോട്ടിംങ്ങാം ദി ബെക്കറ്റ് സ്കൂൾ സിക്ത്  ഫോം വിദ്യാർത്ഥിനിയായ ആൽഫിന് ഒരു സഹോദരനുണ്ട് ആഷ് ലി.

പഠന രംഗത്തും കലാ സാമൂഹ്യ രംഗങ്ങളിലും പ്രതിഭ തെളിയിച്ച ആൽഫിന്റെ വേർപാട് നോട്ടിംങ്ങാം സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി. തങ്ങളോട് കളി പറഞ്ഞും ചിരിച്ചുല്ലസിച്ചും നടന്ന പ്രിയപ്പെട്ടവളായ ആൽഫിന്റെ വേർപാട് അദ്ധ്യാപകർക്കും  കൂട്ടുകാർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.   സംഗീതത്തെ ജീവനോളം സ്നേഹിച്ച ആൽഫിന് പിയാനോയും വയലിനും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ കൂട്ടുകാരോടൊപ്പം എന്നും പങ്കെടുത്തിരുന്ന ആൽഫിൻ നോട്ടിംങ്ങാമിലെ ഇംഗ്ലീഷ് കമ്യൂണിറ്റിയിലും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.

നോട്ടിംങ്ങാമിലെ സെന്റ് ബർണാബാസ് കത്തീഡ്രലിലെ അൾത്താര സർവീസിലെ ടീമംഗമായിരുന്ന ആൽഫിൻ എലിസബത്ത് എബ്രഹാം, കമ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. താൻ ശുശ്രൂഷ ചെയ്ത ബലിപീഠം സാക്ഷിയാക്കി  തന്റെ ഉറ്റവരോടും സ്നേഹിതരോടും ആൽഫിൻ യാത്ര പറയും. ഏപ്രിൽ 14 ശനിയാഴ്ച രണ്ടു മണിക്ക്  ആൽഫിന്റെ സംസ്കാര ശുശ്രൂഷകൾ സെന്റ് ബർണാബാസ് കത്തീഡ്രലിൽ നടക്കും. തുടർന്ന് ഭൗതിക ശരീരം ബ്രാംകോട്ട് ക്രെമറ്റോറിയത്തിലേയ്ക്ക് കൊണ്ടു പോകും. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ പുഷ്പങ്ങൾ അർപ്പിക്കേണ്ടതില്ലെന്നും ചാരിറ്റബിൾ ഡൊണേഷനുകൾ AW Lymn ഫ്യൂണറൽ സർവീസിന് കൈമാറാവുന്നതാണെന്നും ആൽഫിന്റെ കുടുംബം അറിയിച്ചു. ആൽഫിന്റെ ഇഷ്ട നിറമായിരുന്ന റെഡ് തീമിലുള്ള വസ്ത്രങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർ അണിയുന്നത് അഭികാമ്യമാണെന്നും കുടുംബം പറഞ്ഞു.

ആൽഫിൻ എലിസബത്ത് എബ്രാഹാമിന്റെ ആകസ്മിക വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ മലയാളം യുകെ ന്യൂസ് ടീമും പങ്കുചേരുന്നു.

 

സംസ്കാര ശുശ്രൂഷ നടക്കുന്ന നോട്ടിങ്ങാം സെന്റ് ബർണാബാസ് കത്തീഡ്രലിന്റെ അഡ്രസ്

Cathedral Church of St. Barnabas, Derby Road, Nottingham, NG1 5AE

സിറിയയില്‍ ജനങ്ങള്‍ക്കു മേലുണ്ടാകുന്ന രാസായുധാക്രമണങ്ങളില്‍ തിരിച്ചടിക്കൊരുങ്ങി ബ്രിട്ടന്‍ സൈനികനീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സിറിയയിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് മുങ്ങിക്കപ്പലുകള്‍ തയ്യാറായതായി ഗവണ്‍മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടോമഹോക്ക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ള സബ്മറൈനുകള്‍ സിറിയന്‍ ലക്ഷ്യങ്ങളുടെ പരിധിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് സൂചന. റോയല്‍ നേവി ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് ആക്രമണം തുടങ്ങാനുള്ള ഉത്തരവ് പ്രധാനമന്ത്രി തെരേസ മേയ് പുറപ്പെടുവിക്കുമെന്നാണ് സൂചന. ഒരു അസാധാരണ ക്യാബിനറ്റ് യോഗം ഇന്ന് വിളിച്ചിട്ടുള്ളതായി പ്രധാനമന്ത്രിയുടെ വക്താവും അറിയിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്വന്തം പൗരന്‍മാര്‍ക്കു നേരെ രാസായുധപ്രയോഗം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബ്രിട്ടന്‍ അടുത്ത സഖ്യകക്ഷികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മേയ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ അമേരിക്കയ്ക്കുള്ള പിന്തുണയാണ് ഇതിലൂടെ മേയ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായുള്ള രാസായുധ പ്രയോഗങ്ങള്‍ എതിര്‍ക്കപ്പെടാതെ പോകരുതെന്നും അവര്‍ പറഞ്ഞു.

എംപിമാരോട് ചോദിക്കാതെ തന്നെ ആക്രമണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടേക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.റോയല്‍ നേവിക്ക് നാല് വാന്‍ഗാര്‍ഡ് ക്ലാസ് ബാലിസ്റ്റിക് മിസൈല്‍ ആണവ മുങ്ങിക്കപ്പലുകളാണ് ഉള്ളത്. ഇവ സിറിയ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്. ഇത്തരമൊരു ആക്രമണം ഉണ്ടായാല്‍ അത് പ്രതിപക്ഷത്തില്‍ നിന്ന് കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തുമെന്നത് ഉറപ്പാണ്. തീരുമാനം പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ എടുക്കാവൂ എന്ന് ജെറമി കോര്‍ബിന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

22കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ അവാസന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ലൂസി ഡി ഒലിവേറയാണ് ആത്മഹത്യ ചെയ്തത്. ജോലി നേടുന്നതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ഒലിവേറയെന്ന് അമ്മ ലിസ് പറഞ്ഞു. നഴ്‌സിംഗ് ജോലിയില്‍ അതീവ താല്‍പ്പര്യം കാണിച്ചിരുന്ന വിദ്യാര്‍ത്ഥിനി പഠനം പൂര്‍ത്തീകരിക്കുന്നതിനായി രണ്ട് ജോലികള്‍ ചെയ്തിരുന്നു. അമിതമായി പെയിന്‍ കില്ലറുകള്‍ കഴിച്ചാണ് ഒലിവേറ മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നഴ്‌സിംഗ് ട്രെയിനിംഗ് പൂര്‍ത്തീകരിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആത്മഹത്യ. എന്‍എച്ച്എസ് ജോലി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മകള്‍ക്ക് കടുത്ത് സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ മകളെ പ്രേരിപ്പിച്ചതും അതായിരിക്കുമെന്ന് ലിസ് വ്യക്തമാക്കുന്നു.

പഠനച്ചെലവുകള്‍ കണ്ടെത്തുന്നതിനായി ഒലിവേറ രണ്ട് ജോലികള്‍ ചെയ്തിരുന്നു. ഇത് കൂടാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ആശുപത്രി സേവനവും അവള്‍ ചെയ്തിരുന്നു. ഇത്തരം സേവനങ്ങള്‍ക്ക് പ്രതിഫലമൊന്നും ലഭിക്കുകയില്ല. മകളെ നഷ്ടപ്പെട്ട ലിസും കുടുംബവും അതീവ ദുഖത്തിലാണ്. ഒലിവേറയുടെ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളുള്ള കുടുംബത്തെ അനാഥമാക്കിയാണ് അവള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ബിരുദപഠനം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ജോലി നേടുന്നതിനായി വലിയ കടമ്പകള്‍ കടക്കേണ്ടതുണ്ട്. വളരെയധികം മത്സരം നടക്കുന്ന തൊഴില്‍ മേഖലയാണ് നഴ്‌സിംഗ് മേഖലയെന്നും മുന്‍ ബാരിസ്റ്റര്‍ കൂടിയായ ലിസ് പറയുന്നു. പ്ലേസ്‌മെന്റിന്റെ ഭാഗമായി ലഭിച്ചിട്ടുള്ള ജോലിയുടെ ഫുള്‍ടൈം ഷിഫ്റ്റുകളെടുത്തിരുന്ന അവള്‍ക്ക് മറ്റു നിരവധി ഉത്തരവാദിത്വങ്ങളും നിറവേറ്റാനുണ്ടായിരുന്നതായും ലിസ് പറയുന്നു.

പഠനം പൂര്‍ത്തികരിച്ച മേഖലയില്‍ ജോലി നേടിയെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഒരുപക്ഷേ അവള്‍ക്ക് തോന്നിക്കാണും. ജോലി ലഭിക്കില്ലെന്ന് ചിന്തകള്‍ മാനസികമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതാകാം ഈ കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചെതെന്നും ലിസ് പറയുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒലിവേറ യൂണിവേഴിസിറ്റിയില്‍ നിന്നും വീട്ടിലെത്തിയിരുന്നു. യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചുപോകണമെന്നും വീണ്ടുമൊരു ശ്രമം നടത്തി നോക്കട്ടെയെന്നും ലൂസി അമ്മയോട് പറഞ്ഞിരുന്നു. ഏതാണ്ട് ആറ് മാസം മുന്‍പ് തന്നെ ലൂസി തന്റെ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയിരുന്നു.

ഭരണത്തിലെത്തിയാല്‍ ബ്രിട്ടനിലെ 25 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ബസുകളില്‍ സൗജന്യയാത്ര നല്‍കാനുള്ള പദ്ധതിയുമായി ലേബര്‍. പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പണം മിച്ചം പിടിക്കാനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും ഇത് യുവതലമുറയെ പ്രേരിപ്പിക്കുമെന്ന് കോര്‍ബിന്‍ പറഞ്ഞു. 13 മില്യന്‍ ആളുകള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക. പ്രതിവര്‍ഷം ഓരോരുത്തര്‍ക്കും 1000 പൗണ്ട് വീതം ഇതിലൂടെ മിച്ചംപിടിക്കാന്‍ കഴിയുമെന്ന് ലേബര്‍ അവകാശപ്പെടുന്നു. വാഹന എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇതിനുള്ള ധനം കണ്ടെത്താനാകുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.

ലണ്ടനിലെ മാതൃകയില്‍ പൊതു ഉടമസ്ഥതയിലുള്ള ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ കൗണ്‍സിലുകള്‍ തയ്യാറായാല്‍ ആ സര്‍വീസുകളിലും സൗജന്യ യാത്രാ സൗകര്യം 25 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ലഭിക്കും. ഈ പദ്ധതി സ്വന്തമായി ബസ് കമ്പനികള്‍ ആരംഭിക്കാന്‍ കൗണ്‍സിലുകളെ പ്രേരിപ്പിക്കുമെന്നും ലേബര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് 276 മില്യന്‍ പൗണ്ട് പ്രതിവര്‍ഷം ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും. ഡെര്‍ബിയില്‍ വെച്ച് ഇതിന്റെ പ്രഖ്യാപനം കോര്‍ബിന്‍ നടത്തുമെന്നാണ് കരുതുന്നത്. എട്ട് വര്‍ഷമായി ടോറികള്‍ നടപ്പില്‍ വരുത്തിയിരിക്കുന്ന നടപടികള്‍ മൂലം യുവജനതയുടെ വരുമാനം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല. വീടുകള്‍ വാങ്ങാനും കഴിയാത്ത അവസ്ഥയാണ്. ഇതില്‍ നിന്ന് ഒരു മാറ്റം ആവശ്യമാണെന്ന് കോര്‍ബിന്‍ പ്രഖ്യാപനത്തില്‍ പറയും.

ഈ വാഗ്ദാനം ട്രഷറിക്ക് പ്രതിവര്‍ഷം 1.4 ബില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ലേബറിന്റെ കണക്കുകള്‍ അനുസരിച്ചു തന്നെ ഇത് വര്‍ഷത്തില്‍ 13 ബില്യന്റെ ബാധ്യതയുണ്ടാക്കുമെന്ന് വ്യക്തമാണെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പ്രതികരിച്ചത്. വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചിലൊന്ന് ഇതിനായി ചെലവഴിക്കേണ്ടി വരും. 2022ഓടെ ഈ റവന്യൂ 6.7 ബില്യനായി ഉയരുമെന്നാണ് കരുതുന്നത്. റോഡുകള്‍ നിര്‍മിക്കാനും മറ്റും വകയിരുത്തിയിരിക്കുന്ന ഈ ഫണ്ട് മറ്റു വിധത്തില്‍ ഉപയോഗിക്കുന്നത് ഗവണ്‍മെന്റിന്റെ കടം വര്‍ദ്ധിപ്പിക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

നാല് വയസുകാരായ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് പുതിയ ബേസ്‌ലൈന്‍ മൂല്യനിര്‍ണയ പരിപാടി നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് സര്‍ക്കാര്‍. കുട്ടികളുടെ ആശയവിനിമയം, ഗണിതശാസ്ത്രം, ഭാഷ, സാക്ഷരത തുടങ്ങിയവയിലുള്ള പരിജ്ഞാനം മനസിലാക്കുകയാണ് പുതിയ ടെസ്റ്റിന്റെ ലക്ഷ്യം. ഇരുപത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ടെസ്റ്റിന് തയ്യാറെടുപ്പുകള്‍ ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ ആദ്യ ആഴ്ചയില്‍ത്തന്നെ ഇത് നടത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ മൂല്യനിര്‍ണയ രീതിക്കെതിരെ കടുത്ത എതിര്‍പ്പുകളുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പുതിയ മൂല്യനിര്‍ണയ സംവിധാനമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. സ്്കൂള്‍ വിദ്യഭ്യാസത്തിന്റെ ആരംഭം മുതല്‍ തന്നെ കുട്ടികളെ കഴിവില്ലാത്തവരെന്ന് മുദ്രകുത്താന്‍ ഒരുപക്ഷേ പുതിയ രീതി കാരണമായേക്കാം. പിന്നീടുള്ള കുട്ടിയുടെ പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് അധ്യാപകര്‍ പറയുന്നു.

നിരവധി അധ്യാപകര്‍ പുതിയ സര്‍ക്കാര്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. പദ്ധതി കുട്ടികളുടെ സര്‍ഗാത്മകതയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ പറയുന്നു. അതേസമയം കുട്ടികള്‍ക്ക് നൈസര്‍ഗികമായി എത്രത്തോളം കഴിവുകളുണ്ടെന്ന് മനസ്സിലാക്കാന്‍ പുതിയ ടെസ്റ്റിന് കഴിയുമെന്ന് സര്‍ക്കാര്‍ പറയുന്നു. കുട്ടികളുടെ നിലവാരം മനസ്സിലാക്കുന്നത് വഴി സ്‌കൂളുകള്‍ക്ക് കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നും മിനിസ്റ്റര്‍മാര്‍ പറയുന്നു. വേഗത്തിലും ലളിതവുമായ പുതിയ മൂല്യനിര്‍ണയ രീതി പ്രൈമറി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുണ്ടായ കുട്ടികളുടെ വളര്‍ച്ചയെ മനസിലാക്കാന്‍ സഹായിക്കുമെന്നും സ്‌കൂളിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഉപകരിക്കുമെന്നും സ്‌കൂള്‍ സ്റ്റാന്‍ഡേര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ് പറഞ്ഞു. നാല് വയസ് മാത്രം പ്രായമുള്ളവരുടെ കഴിവിനെ ടെസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് യാതൊരു ഗവേഷണങ്ങളും ഇതുവരെ നടന്നിട്ടെല്ലന്ന് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.

നാഷണല്‍ എജ്യൂക്കേഷന്‍ യൂണിയന്‍ (എന്‍ഇയു) ടെസ്റ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മാനസിക ബുദ്ധിമുട്ടുകളോ അല്ലെങ്കില്‍ ഭിന്നശേഷിക്കാരോ ആയിട്ടുള്ള കുട്ടികളെയും ചെറിയ കുട്ടികളെയും ടെസ്റ്റ് പ്രതികൂലമായി ബാധിക്കും. ഇത്തരം കുട്ടികളെ കഴിവില്ലാത്തവരെന്ന് മുദ്രകുത്താന്‍ ടെസ്റ്റ് വഴിയൊരുക്കും. ഇത് കുട്ടികളുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസത്തെ തന്നെ ബാധിക്കുമെന്നും എന്‍ഇയു ജോയിന്റ് സെക്രട്ടറി മേരി ബൗസ്റ്റഡ് വ്യക്തമാക്കുന്നു. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യൂക്കേഷണല്‍ റിസര്‍ച്ചാണ് പുതിയ മൂല്യനിര്‍ണയ രീതി വികസിപ്പിച്ചെടുത്തത്. ഇത് സംബന്ധിച്ച 10 മില്യണ്‍ പൗണ്ടിന്റെ കരാറില്‍ ഫൗണ്ടേഷന്‍ ഒപ്പുവെച്ചു കഴിഞ്ഞു. 2020 അവസാനത്തോടെ ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളിലും പുതിയ രീതി കൊണ്ടുവരാനാണ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്റെ തീരുമാനം.

അഞ്ച് മാസത്തിനുള്ളില്‍ ജിപിയാകാന്‍ യോഗ്യത ലഭിക്കുന്ന സിംഗപ്പൂര്‍ പൗരനെ ഡീപോര്‍ട്ട് ചെയ്യാനൊരുങ്ങി ഹോം ഓഫീസ്. 10 വര്‍ഷം മുമ്പ് യുകെയിലെത്തിയ ലൂക്ക് ഓങ് എന്ന ഡോക്ടറാണ് ഡീപോര്‍ട്ടേഷന്‍ ഭീഷണി നേരിടുന്നത്. മാഞ്ചസ്റ്ററില്‍ ജീവിക്കുന്ന ഓങ് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും 18 ദിവസം താമസിച്ചാണ് നല്‍കിയതെന്ന കാരണമുന്നയിച്ച് ഹോം ഓഫീസ് അത് നിരസിക്കുകയായിരുന്നു. ഇതിനെതിരെ ഡോക്ടര്‍ നല്‍കിയ അപ്പീലില്‍ ഇദ്ദേഹത്തെ പുറത്താക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഇമിഗ്രേഷന്‍ ജഡ്ജ് വ്യക്തമാക്കിയിരുന്നു. ഡോക്ടറെ അനുകൂലിച്ച് അരലക്ഷത്തോളം ആളുകളാണ് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പെര്‍മനന്റ് റസിഡന്‍സി നല്‍കണമെന്ന അപേക്ഷയില്‍ എംപിമാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സെന്‍ട്രല്‍ പ്രദേശത്താണ് ഡോക്ടര്‍ താമസിക്കുന്നത്. ഇവിടുത്തെ എംപി ലൂസി പവല്‍ പെറ്റീഷനില്‍ ഇദ്ദേഹത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ എന്നിവരും ഇദ്ദേഹത്തിന് പിന്തുണ നല്‍കുന്നു. കോടതിവിധിയുടെയം സമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ ഹോം ഓഫീസിന് തീരുമാനം മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്. ഡോക്ടര്‍മാരുടെ ക്ഷാമം മൂലം 3000 ജിപിമാരെ 100 മില്യന്‍ പൗണ്ട് ചെലവഴിച്ച് വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹോം ഓഫീസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ബിഎംഎ ചെയര്‍മാന്‍ ഡോ.ചാന്ദ് നാഗ്‌പോള്‍ പറഞ്ഞു.

തനിക്കു കിട്ടുന്ന പിന്തുണ വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് ഡോ.ഓങ് പറഞ്ഞു. ഡോക്ടര്‍ക്കെതിരായുള്ള നടപടി പരിഹാസ്യമാണെന്ന് എംപി ലൂസി പവല്‍ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ അനുവാദമില്ല. അതുമൂലം താമസ സൗകര്യം പോലും നഷ്ടമാകുമെന്ന സ്ഥിതിയാണ്. താന്‍ ഹോം സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായെന്ന് കണക്കുകള്‍. 2016 ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം 6555 ബ്രിട്ടീഷുകാര്‍ യൂറോപ്യന്‍ നാടുകള്‍ തേടി പോയിട്ടുണ്ട്.2015ല്‍ ഇത് 2478 പേര്‍ മാത്രമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി യൂറോസ്റ്റാറ്റാണ് ഈ വിവരം പുറത്തു വിട്ടത്. പൗരത്വത്തിനായി ജര്‍മനിയെയാണ് ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. 2702 പേര്‍ ജര്‍മനിയില്‍ താമസിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഫ്രാന്‍സിലേക്ക് 517 പേരും ബെല്‍ജിയം പൗരത്വം സ്വീകരിച്ച് 506 പേരും പോയിട്ടുണ്ട്.

സൈപ്രസ്, അയര്‍ലന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും ബ്രിട്ടീഷുകാര്‍ ചേക്കേറിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സോഡസ് എന്നാണ് ഈ കൂട്ടപ്പലായനത്തിന് നല്‍കിയിരിക്കുന്ന പേര്. ബ്രെക്‌സിറ്റ് അടുക്കുന്നതോടെ പലായനം ചെയ്യുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ അനുകൂല സംഘടനയായ ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ ക്യാംപെയിന്‍ വക്താവ് പോള്‍ ബട്ടേഴ്‌സ് പറഞ്ഞു. ബ്രെക്‌സിറ്റോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് ജനങ്ങള്‍ രാജ്യം വിടുന്നതെന്നും ഡേവിഡ് ഡേവിസ് ഇക്കാര്യത്തില്‍ ലജ്ജിക്കണമെന്നും ബട്ടേഴ്‌സ് പറഞ്ഞു.

തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായാണ് തങ്ങളുടെ സ്വത്വത്തിന്റെ പാതിയായ പൗരത്വം ഉപേക്ഷിച്ച് അപരദേശങ്ങള്‍ തേടുന്നത്. ഇവരുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും പതിനായിരക്കണക്കിന് ഇമിഗ്രേഷന്‍ ടാര്‍ജറ്റുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബട്ടേഴ്‌സ് കുറ്റപ്പെടുത്തി. ബ്രെക്‌സിറ്റിനു ശേഷം മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നഷ്ടപ്പെടുമെന്നതിനാലാണ് യൂറോപ്യന്‍ പൗരത്വം നിലനിര്‍ത്തുന്നതിനായി ബ്രിട്ടീഷ് പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.

സ്മാര്‍ട്ട് ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തി ഉപഭോക്താക്കളുടെ സ്വാഭാവം പ്രവചിക്കാനുള്ള ടെക്‌നോളജി വികസിപ്പിച്ചെടുത്ത് ഫെയിസ്ബുക്ക്. പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നതിനായുള്ള പേറ്റന്റിനായി ഫെയിസ്ബുക്ക് അപേക്ഷ നല്‍കി കഴിഞ്ഞു. സ്മാര്‍ട്ട് ഫോണിലെ ക്യാമറ, സെന്‍സറുകള്‍, മൈക്രോഫോണുകള്‍ തുടങ്ങിയവയില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഉപഭോക്താവിന്റെ സ്വഭാവം മനസ്സിലാക്കുക. സെന്‍സറുകള്‍ ഓഫ് ചെയ്തിരിക്കുന്ന സമയത്ത് പോലും വിവരങ്ങള്‍ ചോര്‍ത്താന്‍ പുതിയ ടെക്‌നോളജി വഴി കഴിയും. ഉപഭോക്താവ് ഓഫ് ചെയ്തിരിക്കുന്ന സെന്‍സറുകള്‍ അനുമതിയില്ലാതെ തന്നെ ഓണ്‍ ചെയ്യാന്‍ പുതിയ സിസ്റ്റത്തിന് കഴിയും.

ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യത ഹനിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ടെക്‌നോളജിക്കെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്. മുഖം തിരിച്ചറിയുന്ന സംവിധാനം ഉപയോഗിപ്പെടുത്തിയും ശബ്ദ തിരിച്ചറിയല്‍ സംവിധാനം ഉപയോഗിച്ചും ഉപഭോക്താവിന് പരിസരത്ത് നില്‍ക്കുന്ന ആളുകളെ സ്വഭാവത്തെ തിരിച്ചറിയുന്നതിനും പുതിയ ടെക്‌നോളജിക്ക് കഴിവുണ്ട്. പുതിയ ടെക്‌നോളജിയുടെ ഏറ്റവും അപ്‌ഡേറ്റഡ് വേര്‍ഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് 2018 മാര്‍ച്ചിലാണ്. ഇതിന് സമാനമായ വിവിധ വേര്‍ഷനുകളുടെ പേറ്റന്റ് 5 വര്‍ഷത്തിനിടെ ഫയല്‍ ചെയ്തിട്ടുണ്ട്. ഉപഭോക്താവിന്റെ സ്വകാര്യതയെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ളതാണ് പുതിയ സംവിധാനമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനിരിക്കുന്നതേയുള്ളു.

മൊബൈല്‍ ഡിവൈസുകള്‍ ഉപഭോക്താവിന്റെ ഇംഗിതത്തിനും സ്വഭാവത്തിനും അനുസരിച്ച് ക്രമീകരിക്കുകയെന്ന തലവാചകത്തോടെയാണ് പുതിയ പേറ്റന്റിന് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രത്യക്ഷത്തില്‍പ്രശ്‌നങ്ങളൊന്നും തോന്നില്ലെങ്കിലും ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള അനുവാദം നല്‍കുന്നതാണ് ടെക്‌നോളജി. ഉപഭോക്താവ് ഒരു കാര്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ അക്കാര്യത്തെക്കുറിച്ച് പ്രവചിക്കുക നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ കൃത്യത പാലിക്കുകയെന്ന ഉദ്യേശത്തോടെയാണ് ഫെയിസ്ബുക്ക് പുതിയ ടെക്‌നോളജി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ സൗഹൃദ വലയത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാനും ഈ ടെക്‌നോളജിക്ക് കഴിയും.

Copyright © . All rights reserved