Main News

മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍

ബ്രിട്ടണില്‍ താക്കോലുകളില്ലാത്ത കാറുകളുടെ മോഷണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലയാളം യുകെ കഴിഞ്ഞ ദിവസം വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. വെറും മുപ്പത് സെക്കന്റുകള്‍ കൊണ്ട് വിദഗ്ധരായ മോഷ്ടാക്കള്‍ക്ക് വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന താക്കോലുകളുടെ സിഗ്നല്‍ പിടിച്ചെടുത്ത് കാറുകള്‍ മോഷ്ടിക്കാന്‍
സാധിക്കും. കീലെസ് കാറുകളില്‍ കാറ് ഡ്രൈവ് ചെയ്യുന്നതിന് കീ പോക്കറ്റില്‍ സൂക്ഷിച്ചാല്‍ മതിയാകും. കീയില്‍ നിന്നു വരുന്ന സിഗ്നലുകള്‍ പിടിച്ചെടുത്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഈ ഒരു പഴുതാണ് മോഷ്ടാക്കള്‍ കാറുകള്‍ മോഷ്ടിക്കാന്‍ വിനിയോഗിക്കുന്നത്. ഇപ്പോള്‍ മാര്‍ക്കറ്റിലിറങ്ങുന്ന വിലയേറിയ കാറുകളില്‍ കൂടുതലും കീലെസ് ആണ്. ഇതുതന്നെയാണ് മോഷ്ടാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.

എന്നാല്‍ കഴിഞ്ഞ ആഴ്ച കീലെസ് കാറിന്റെ മോഷണം പെരുകുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ഷയര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന ബിജു ചാണ്ടി മലയാളം യുകെയുമായി ബന്ധപ്പെട്ടിരുന്നു. കീലെസ് കാറുകളുടെ മോഷണം തടയുന്നതിനായി ലെസ്റ്റര്‍ഷയര്‍ പോലീസ് പ്രത്യേകമായി ഒരു കാമ്പയിന്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന വിവരം അറിയിച്ചു.

കാമ്പയിന്റെ ഭാഗമായി കീലെസ് കാറുകളുടെ മോഷണം തടയുന്നതിനുള്ള സിഗ്നല്‍ ഡിഫന്‍ഡര്‍ സിസ്റ്റം ഡിസ്‌കൗണ്ട് പ്രൈസായ വെറും രണ്ട് പൗണ്ടിന് നല്‍കുന്നുണ്ട്. യുകെയില്‍ താമസിക്കുന്ന ആര്‍ക്കും ലെസ്റ്റര്‍ഷയര്‍ പോലീസുമായി ബന്ധപ്പെടുകയാണെങ്കില്‍ സിഗ്നല്‍ ഡിഫന്‍ഡര്‍ സിസ്റ്റം ലഭിക്കുന്നതാണ്. മലയാളികള്‍ പരമാവധി ഈ അവസരം വിനിയോഗിക്കണമെന്ന് ബിജു ചാണ്ടി ആവശ്യപ്പെന്നു. ലെസ്റ്റര്‍ഷയറിലെ വീടുകളില്‍ പോലീസ് നേരിട്ടെത്തി ഡിഫന്‍ഡര്‍ സിസ്റ്റം നല്‍കുന്നുണ്ട്.

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് വനിതാ ജീവനക്കാര്‍ക്ക് സഹപ്രവര്‍ത്തകരായ പുരുഷന്മാരെക്കാളും കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാളും ഏതാണ്ട് 23 ശതമാനം കുറവ് വേതനമാണ് വനിതകള്‍ക്ക് ലഭിക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയില്‍ ജോലിയെടുക്കുന്ന ഡോക്ടര്‍മാരിലും മാനേജര്‍മാരിലും തുടങ്ങി നഴ്‌സുമാരുടെയും ക്ലീനിംഗ് തൊഴിലാളികളുടെയും കാര്യത്തില്‍ വേതന അസമത്വം നിലനില്‍ക്കുന്നുണ്ട്. ഏതാണ്ട് ഒരു മില്യണ്‍ ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചാണ് കണക്കുകള്‍ പ്രസ്താവിച്ചിരിക്കുന്നത്. ശരാശരി ഫുള്‍ടൈം വനിതാ ജീവനക്കാരിക്ക് വര്‍ഷം ലഭിക്കുന്നത് 28,702 പൗണ്ടാണ്. പുരുഷന്മാരുടെ കാര്യത്തിലിത് 37,470 പൗണ്ടുമാണ്. ഇരുവിഭാഗത്തിന്റെയും വേതനത്തില്‍ 23 ശതമാനത്തിന്റെ അന്തരം നിലനില്‍ക്കുന്നുണ്ട്.

ബേസിക് സാലറിക്ക് പുറമെ നല്‍കുന്ന ഓവര്‍ടൈം, ബോണസ് എന്നീ വരുമാനങ്ങള്‍ ഒഴിവാക്കിയാണ് വേതന അസമത്വം സംബന്ധിച്ച കണക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ കണ്ടെത്തലുകള്‍ അങ്ങേയറ്റം നിരാശാജനകമാണെന്നും എന്നാല്‍ അതൊരു പുതുമയായി തോന്നുന്നില്ലെന്നും മെഡിക്കല്‍ വുമണ്‍സ് ഫെഡറേഷന്‍ അംഗം ഡോ. സാലി ഡേവിസ് പറഞ്ഞു. ആരോഗ്യ മേഖലയിലെ മുന്‍നിര സ്ഥാനങ്ങള്‍ പുരുഷന്‍മാര്‍ കൈയടക്കി വെച്ചിരിക്കുകയാണെന്ന് പുറത്ത് വരുന്ന കണക്കുകളിലൂടെ മനസ്സിലാവുന്നത്. സമ്പദ്ഘടനയുടെ മറ്റു മേഖലകളിലും സമാന പ്രശ്‌നങ്ങളുണ്ടെന്നും ഡോ. സാലി പറയുന്നു. അസമത്വം ഇല്ലാതാക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാരും എന്‍എച്ച്എസ് സ്വീകരിക്കുക എന്നതായിരിക്കും ഈ ഘട്ടത്തില്‍ ഉന്നയിക്കേണ്ട പ്രധാന ചോദ്യമെന്ന് സാലി കൂട്ടിച്ചേര്‍ത്തു.

ലിംഗവിവേചനമില്ലാതെ ന്യായമായ വേതനം എല്ലാ ജീവനക്കാര്‍ക്കും ഉറപ്പു വരുത്തുന്നിന് ഞങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വക്താവ് പറഞ്ഞു. ജീവനക്കാരുടെ കഠിനപ്രയത്‌നത്തിന് നീതിപൂര്‍വ്വമായ തുല്യവേതനം നല്‍കുമെന്നും വക്താവ് വ്യക്തമാക്കുന്നു. എന്‍എച്ച്എസ് സ്ഥാപനങ്ങളുമായി യോജിച്ച് വേതന അസമത്വം പരിഹരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഡിപാര്‍ട്ട്‌മെന്റ് റിവ്യു നടത്തും. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രെക്‌സിറ്റ് പശ്ചാത്തലത്തില്‍ ബ്രിട്ടനുമായി ഉഭയകക്ഷി വ്യാപാരക്കരാറിലേര്‍പ്പെടാന്‍ തിടുക്കമില്ലെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ യശ്‌വര്‍ദ്ധന്‍ സിന്‍ഹ. ഒരു രാത്രികൊണ്ട് തയ്യറാക്കാവുന്ന കരാറല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റിനോടനുബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ഉടലെടുക്കാന്‍ സാധ്യതയുള്ള ഉരസലുകള്‍ക്ക് പരിഹാരമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകള്‍ സ്ഥാപിക്കുന്നതിനാണ് ബ്രിട്ടനും ബ്രെക്‌സിറ്റ് അനുകൂലികളും ശ്രമിക്കുന്നത്. ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന നിലപാട്.

അതേസമയം ബ്രിട്ടീഷ് ആശയത്തിന് പ്രതീക്ഷ പകരുന്ന ഒരു നിര്‍ദേശവും ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. കരാറിനൊപ്പം ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനിലേക്കുള്ള സഞ്ചാരത്തിലെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യക്ക് തിരക്കുകളൊന്നുമില്ല. ഒരു മികച്ച കരാറിലെത്തിച്ചേരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുതന്നെയായിരിക്കും ബ്രിട്ടന്റെ പ്രതീക്ഷയെന്നും സിന്‍ഹ പൊളിറ്റിക്കോ യൂറോപ്പ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി 2007 മുതല്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.

രാജ്യത്തിന്റെ മുഖ്യ വ്യാപാര പങ്കാളിയും ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനാണ്. യൂറോപ്യന്‍ യൂണിയനുമായി കരാറിലേര്‍പ്പെടുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം ജപ്പാനും അറിയിച്ചിരുന്നു. ഇതു കൂടാതെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരുമായും കരാറുളിലേര്‍പ്പെടാനുള്ള നീക്കത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. ബ്രിട്ടനേക്കാള്‍ മുന്നില്‍ ഇവരുമായി ചര്‍ച്ചകള്‍ക്കും യൂണിയന്‍ തുടക്കമിട്ടു കഴിഞ്ഞു.

അക്വേറിയത്തില്‍ സൂക്ഷിച്ചിരുന്ന ആകര്‍ഷകമായ കോറല്‍ ഇങ്ങനെയൊരു പണി തരുമെന്ന് ക്രിസ് മാത്യൂസ് ഒരിക്കലും വിചാരിച്ചിരുന്നില്ല. അക്വേറിയം വൃത്തിയാക്കാനായി പുറത്തെടുത്ത കോറല്‍ പുറപ്പെടുവിച്ച വിഷവാതകം ശ്വസിച്ച് ഇയാളുടെ കുടുംബാംഗങ്ങളെല്ലാവരും ആശുപത്രിയിലായി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫൈറ്റര്‍മാര്‍ക്കും മെഡിക്കല്‍ സഹായം തേടേണ്ടിവന്നു. പിന്നീട് വീട്ടിലേക്കുള്ള വഴിയടച്ചിട്ടാണ് പോലീസ് രക്ഷാപ്രവര്‍ത്തനത്തിനുള്ള സാഹചര്യമൊരുക്കിയത്. വീട്ടില്‍ മീനുകളെ വളര്‍ത്തുന്നത് ഏറെ ഇഷ്ടപ്പെടുന്നയാളാണ് ക്രിസ്. കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി ക്രിസിന്റെ വീട്ടില്‍ പലവിധങ്ങളായ അക്വേറിയം മീനുകളുടെ ശേഖരമുണ്ട്. പതിവ് പോലെ അന്നൊരു ദിവസം അക്വേറിയം വൃത്തിയാക്കിയ ക്രിസിനെയും വീട്ടുകാരെയും കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു. അക്വേറിയം വൃത്തിയാക്കി കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ മുതല്‍ ക്രിസിന്റെ വീട്ടിലുണ്ടായിരുന്ന 6 പേര്‍ക്കും പതിവില്ലാത്ത തരത്തില്‍ ശരീര താപനില ഉയരുകയും ഒരി തരം ഫ്‌ളൂ പിടിപിട്ട അവസ്ഥയുണ്ടാവുകയും ചെയ്തു.

വീട്ടുകാര്‍ക്ക് മാത്രമായിരുന്നില്ല ആരോഗ്യ പ്രശ്‌നങ്ങള്‍. വളര്‍ത്തു നായകള്‍ക്ക് വരെ സമാന അനുഭവമുണ്ടായി. പ്രശ്‌നങ്ങളുടെ കാരണം ആദ്യഘട്ടത്തില്‍ ഇവര്‍ക്കാര്‍ക്കും തന്നെ മനസിലായിട്ടുണ്ടായിരുന്നില്ല. അക്വേറിയം വൃത്തിയാക്കുന്ന സമയത്ത് പുറത്തെടുത്ത പവിഴപ്പുറ്റില്‍ നടന്ന രാസപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിഷ വാതകം പുറത്ത് വന്നതാണ് ക്രിസിനെയും കുടുബത്തെയും അപായപ്പെടുത്തിയത്. ചുമയും ശ്വാസ തടസവും ശക്തമായതോടെ എമര്‍ജന്‍സി സേവനത്തിനായി വീട്ടുകാര്‍ 999ല്‍ വിളിച്ചു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുടുംബത്തിനാകെ വിഷബാധയേറ്റതാകാമെന്നായിരുന്നു ക്രിസ് ഉള്‍പ്പെടെയുള്ളവര്‍ കരുതിയിരുന്നത്. സ്ഥലത്ത് ആദ്യമെത്തിയ നാല് ഫയര്‍ഫൈറ്റേഴ്‌സും വിഷവാതകം ശ്വസിച്ചിരിക്കാമെന്നതിന്റെ അടിസ്ഥാനത്തില്‍ അവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കുടുംബത്തിലെ മൂന്ന് പേരെയും ഫയര്‍ഫൈറ്റേഴ്‌സിനെയും ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ മറ്റുള്ളവരുടെ രക്തപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിട്ടയച്ചത്.

വീട്ടില്‍ ഒരു ദിവസം കൂടുതല്‍ കഴിഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാകുമായിരുന്നെന്ന് ക്രിസ് പറയുന്നു. വീട്ടിലെ നായകളുടെ ആരോഗ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്ന് മൃഗഡോക്ടര്‍ അറിയിച്ചതായി ക്രിസ് പറയുന്നു. സംഭവ സമയത്ത് വീട്ടില്‍ ചെറിയ കുട്ടികളോ വയോധികരോ ഉണ്ടായിരുന്നെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു. കടലില്‍ നിന്ന് ലഭിക്കുന്ന ചില പവിഴപ്പുറ്റുകള്‍ വിഷ വാതകങ്ങള്‍ പുറത്ത് വിടുന്ന ഗണത്തില്‍ പെടുന്നവയാണ്. ചിലപ്പോള്‍ ജീവഹാനിവരെ സംഭവിക്കാന്‍ ഇവ കാരണമായേക്കും. ഓണ്‍ലൈനില്‍ ഇത്തരം പവിഴപ്പുറ്റുകളെപ്പറ്റി വിവരങ്ങള്‍ കൂടുതല്‍ ലഭ്യമല്ലെന്നും ഇവ വാങ്ങിക്കുന്ന സമയത്ത് കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ കെമിക്കല്‍ ടീമിന്റെയും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതരുടെയും ശ്രമഫലമായിട്ടാണ് വീട്ടില്‍ ശേഷിച്ചിരുന്ന അപകടകാരിയായ പവിഴപ്പുറ്റ് മാറ്റിയത്.

യുകെ കാര്‍ വിപണിയില്‍ ഡീസല്‍ കാറുകള്‍ക്ക് ജനപ്രീതി കുറയുന്നു. ഒരു വര്‍ഷത്തിനിടെ 37.2 ശതമാനം ഇടിവാണ് ഡീസല്‍ കാറുകളുടെ വില്‍പനയില്‍ നേരിട്ടത്. സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഒരു കാലത്ത് മുന്‍നിരയിലായിരുന്ന ഡീസല്‍ കാറുകളുടെ വിപണി ഇപ്പോള്‍ വെറും 32 ശതമാനം കാറുകളുടെ വില്‍പനയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ലോക്കല്‍ അതോറിറ്റികളും സിറ്റികളും പഴയ ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുന്നത്.

നിരോധനത്തിനുള്ള നിര്‍ദേശങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡീസല്‍കാറുകള്‍ പൂര്‍ണ്ണമായും നിരോധിക്കപ്പെടുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. അതുകൊണ്ടുതന്നെ പുതിയ ഡീസല്‍ കാറില്‍ പണം മുടക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഈ മാസം തന്നെയാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതികള്‍ പ്രാബല്യത്തിലായത്. ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന ഈ ഇന്ധനത്തില്‍ നിന്ന് മുക്തിനേടുന്നത് ലക്ഷ്യമിട്ടാണ് ഗവണ്‍മെന്റ് നീക്കം. അതേസമയം ഗവണ്‍മെന്റിന്റെ പുതിയ നികുതി നിര്‍ദേശം പഴയ ഡീസല്‍ വാഹനങ്ങള്‍ മാറ്റി പുതിയ ലോ എമിഷന്‍ വാഹനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് എസ്എംഎംടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് പറഞ്ഞു.

ഇലക്ട്രിക്ക്, ഹൈബ്രിഡ് കാറുകളുടെ വില്‍പനയില്‍ മാര്‍ച്ചില്‍ 5.7 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് 200 മില്യന്‍ പൗണ്ടാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനും ഇലക്ട്രിക് കാറുകളുടെ വിലയില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതിനുമായി കൂടുതല്‍ പണവും ഗവണ്‍മെന്റ് വകയിരുത്തിയിട്ടുണ്ടെന്നും എസ്എംഎംടി കണക്കുകള്‍ പറയുന്നു. മാര്‍ച്ച് മാസം കാര്‍ വിപണിയില്‍ ഉണര്‍വുള്ള മാസമാണ്. ഡീസല്‍ കാറുകളുടെ വില്‍പനയില്‍ കുറവുണ്ടായിട്ടും കാര്‍ വില്‍പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായ നാലാമത്തെ മാര്‍ച്ചാണ് കഴിഞ്ഞു പോയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബ്രിട്ടനില്‍ ഷുഗര്‍ ടാക്‌സ് പ്രാബല്യത്തിലായി. അമിതമായി പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ കുട്ടികളിലുള്‍പ്പെടെ അമിതവണ്ണവും ഇതര ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലെവി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നിശ്ചിത അളവില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ക്കാണ് നികുതി വര്‍ദ്ധനവ് ബാധകമാവുക. 2016 മാര്‍ച്ചിലാണ് ലെവി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. പുതിയ നികുതി വര്‍ദ്ധനവിന് അനുസരിച്ച് സോഫ്റ്റ് ഡ്രിങ്ക് റെസിപ്പികളില്‍ മാറ്റം വരുത്താനുള്ള സമയം കമ്പനികള്‍ക്ക് അനുവദിക്കപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ വര്‍ഷം 240 മില്യണ്‍ പൗണ്ടിന്റെ ലെവി വര്‍ധനവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ ഏതാണ്ട് 520 മില്യണ്‍ പൗണ്ടിന്റെ നികുതി വരുമാന വര്‍ദ്ധനവാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. വിലയില്‍ മാറ്റം ഉണ്ടാകുന്നതോടെ ഉപഭോക്താക്കള്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഡ്രിങ്കുകള്‍ കൂടുതല്‍ തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.

സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരോ വര്‍ഷം കൂടുന്തോറും ഗണ്യമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം ഡ്രിങ്കുകള്‍ പൊണ്ണത്തടി ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമാക്കുകയെന്ന് ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പഞ്ചസാരയുടെ അളവ് കൂടിയ ഡ്രിങ്കുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ പ്രമുഖരായ സോഫ്റ്റ് ഡ്രിങ്ക് നിര്‍മ്മാതാക്കളെ പുതിയ നികുതി വര്‍ധനവ് ബാധിക്കും. കൂടാതെ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഡ്രിങ്കുകള്‍ കൂടുതലായി വിപണിയിലെത്താന്‍ പുതിയ ഭേദഗതി സഹായിക്കുമെന്നാണ് കരുതുന്നത്.

നമ്മുടെ രാജ്യത്തെ കൗമാര പ്രായക്കാര്‍ ഓരോരുത്തരും വര്‍ഷത്തില്‍ ഒരു ബാത്ത് ടബ്ബോളം ഷുഗറി ഡ്രിങ്കുകള്‍ കുടിച്ചു തീര്‍ക്കുന്നതായും ഈ പ്രവണത പൊണ്ണത്തടിയും ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും പബ്ലിക് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീവ് ബ്രൈന്‍ പറഞ്ഞു. ഷുഗര്‍ ടാക്‌സ് നിലവില്‍ വരുന്നതോടെ ഷുഗറിയായിട്ടുള്ള ഡ്രിങ്കുകളില്‍ നിയന്ത്രണം സാധ്യമാകും. രാജ്യത്തെ കുട്ടികള്‍ക്കായി കായിക മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പോഷകാഹാര ബ്രേക്ക്ഫാസ്റ്റ് ക്ലബുകള്‍ നിര്‍മ്മിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ക്കാണ് പുതിയ ലെവി ബാധകമാവുക. ഡോ. പെപ്പര്‍, ഫാന്റ, സ്പ്രൈറ്റ് തുടങ്ങിയവയുടെ നികുതി നിരക്ക് കുറവായിരിക്കും. എന്നാല്‍ കോക്കകോള, പെപ്സി, അയണ്‍ബ്രൂ തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉയര്‍ന്ന നികുതിയുള്ള വിഭാഗത്തിലായിരിക്കും. 100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത്തരം ഡ്രിങ്കുകളുടെ വില 18 പെന്‍സ് വര്‍ധിപ്പിക്കും. 8 ഗ്രാമില്‍ കൂടുതലാണ് ഷുഗറിന്റെ അളവെങ്കില്‍ 24 പെന്‍സിന്റെ വര്‍ധനവും ഉണ്ടാകും. സാധാരണ ഗതിയില്‍ 70 പെന്‍സിന് ലഭിക്കുന്ന കോക്കിന്റെ ക്യാനിന്റെ വിലയില്‍ 8 പെന്‍സിന്റെ വര്‍ധനവുണ്ടാകും. പെപ്സി, അയണ്‍ ബ്രു എന്നിവയുടെ ക്യാനിന് 8 പെന്‍സിന്റെ വര്‍ധനവും ഫാന്റ സ്പ്രൈറ്റ് എന്നിവയുടെ ബോട്ടിലിന് 6 പെന്‍സിന്റെയും വര്‍ധനവുണ്ടാകും. 1.75 മില്ലിലിറ്ററിന്റെ കോക്കിന്റെ വിലയില്‍ 1.25 പൗണ്ട് മുതല്‍ 1.29 പൗണ്ട് വരെ വര്‍ധനവ് ഉണ്ടായേക്കും.

ഡെസ്‌കിനടിയില്‍ നിരീക്ഷണോപകരണം സ്ഥാപിച്ച നടപടിയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം. ഹള്‍ റോയല്‍ ഇന്‍ഫേമറിയിലാണ് പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ ഡെസ്‌കുകള്‍ക്ക് അടിയില്‍ ഒക്യുപ്പൈ ഓട്ടോമേറ്റഡ് വര്‍ക്ക്‌സ്‌പേസ് യൂട്ടിലൈസേഷന്‍ അനാലിസിസ് ഡിവൈസ് എന്ന ഉപകരണമായിരുന്നു സ്ഥാപിച്ചിരുന്നത്. ജോലിസ്ഥലങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായാണ് ഈ ഉപകരണം സ്ഥാപിച്ചതെന്ന് ഹള്‍ ആന്‍ഡ് ഈസ്റ്റ് യോര്‍ക്ക്ഷര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചു. ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്‌സ് ആന്‍ഡ് സ്‌പെഷ്യലിസ്റ്റ്‌സ് അസോസിയേഷനാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം ഉപകരണം സ്ഥാപിച്ചതിനെക്കുറിച്ച് അറിയാമായിരുന്നെന്നും തങ്ങളുടെ അംഗങ്ങള്‍ ഇതേക്കുറിച്ച് ആശങ്കയറിയിച്ചിട്ടില്ലെന്നുമായിരുന്നു യൂണിസണ്‍ പ്രതികരിച്ചത്.

ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കാതെ ഉപകരണം സ്ഥാപിച്ചതില്‍ വിശദീകരണമാവശ്യപ്പെട്ട് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ലോംഗിന് എച്ച്‌സിഎസ്എ കത്തയച്ചു. ഡോക്ടര്‍മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ നിരീക്ഷണോപകരണം സ്ഥാപിച്ചതിലൂടെ ട്രസ്റ്റ് ചെയ്യുന്നതെന്ന് എച്ച്‌സിഎസ്എ നാഷണല്‍ ഓഫീസര്‍ ഫോര്‍ ഈസ്റ്റ് യോര്‍ക്ക്ഷയര്‍, ആന്‍ഡ്രൂ ജോര്‍ദാന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ ജോലിയില്‍ ചാരപ്രവര്‍ത്തനം നടത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡേറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ ലംഘനമാണോ ഇതിലൂടെ നടക്കുന്നതെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ച് വിവേകം കാണിക്കണമെന്നും വല്യേട്ടന്‍ മനോഭാവത്തോടെയുള്ള നിരീക്ഷണം അവസാനിപ്പിക്കണമെന്നുമാണ് ട്രസ്റ്റ് മാനേജ്‌മെന്റിനോട് തങ്ങള്‍ക്ക് പറയാനുള്ളത്. പുതിയ നിയമനങ്ങള്‍ നടത്തുകയും അതിനായി മുതല്‍മുടക്കുകയുമാണ് വേണ്ടത്. അല്ലാതെ നിലവിലുള്ള ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം നടപടികളല്ലെന്നും ജോര്‍ദാന്‍ വ്യക്തമാക്കി. ജോലിയില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു അന്തസുണ്ട്. രോഗികളുടെ കാര്യത്തിലാണ് പരിപൂര്‍ണ്ണ ശ്രദ്ധ ഞങ്ങള്‍ കൊടുക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ മാനേജ്‌മെന്റ് ഈ ഉപകരണത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങളേക്കുറിച്ചാണ് തങ്ങള്‍ കൂടുതല്‍ സമയവും ചിന്തിക്കുന്നതെന്നായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരു ഡോക്ടര്‍ പറഞ്ഞത്.

ബ്രിട്ടനിലെ 10 മില്യനോളം ജീവനക്കാര്‍ റിട്ടയര്‍മെന്റിന് തയ്യാറാകില്ലെന്ന് സൂചന. ശാരീരികാവശതകള്‍ മൂലം ജോല ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരെ ഇവര്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരില്‍ മൂന്ന് മില്യന്‍ ആളുകള്‍ വാര്‍ദ്ധക്യാവശതകളാല്‍ ജോലിയിലിരിക്കെത്തനെന മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് മു തല്‍ നിലവില്‍ വരുന്ന പുതിയ പെന്‍ഷന്‍ സമ്പ്രദായമാണ് റിട്ടയര്‍മെന്റില്‍ നിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കുന്നത്. സമാധാനപരമായ ഒരു റിട്ടയര്‍മെന്റ് ഈ പദ്ധതിയിലെ ആശങ്കകള്‍ മൂലം സാധിക്കില്ലെന്നാണ് ഇവരില്‍ ബഹുഭൂരിപക്ഷവും കരുതുന്നത്.

51 ശതമാനം ജോലിക്കാരും റിട്ടയര്‍മെന്റ് പ്രായത്തിനു ശേഷവും പാര്‍ട്ട് ടൈം ആയി ജോലിയില്‍ തുടര്‍ന്നേക്കും. ഇങ്ങനെ ചെയ്യേണ്ടി വരുന്നതാണെന്ന് 18 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. 65 വയസില്‍ റിട്ടയര്‍ ചെയ്യാന്‍ തയ്യാറാകുക വെറും 25 ശതമാനം ആളുകള്‍ മാത്രമായിരിക്കുമെന്ന് സ്‌കോട്ടിഷ് വിഡോസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. റിട്ടയര്‍മെന്റി സമയത്തേക്കുള്ള സമ്പാദ്യമായി നിര്‍ദേശിക്കപ്പെടുന്ന 12 ശതമാനം സമാഹരിക്കാന്‍ 44 ശതമാനം പേര്‍ക്കും സാധിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പെന്‍ഷന്‍ മിനിമം കോണ്‍ട്രിബ്യൂഷന്‍ തുകയിലാണ് ഇന്ന് മുതല്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. അഞ്ച് ശതമാനമാണ് വരുത്തിയിരിക്കുന്ന വര്‍ദ്ധന. ഇത് ലക്ഷക്കണക്കിന് ജീവനക്കാരെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമ്പാദ്യം നഷ്ടമാകുമെന്ന ഭീതി മൂലം റിട്ടയര്‍ ചെയ്ത് വിശ്രമിക്കാനുള്ള പ്രായത്തിലും കൂടുതല്‍ കാലം ജോലി ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.

റോബോട്ട് ഉപയോഗിച്ച് ഒരേ സമയം കാന്‍സര്‍ രോഗിക്ക് രണ്ട് സര്‍ജറികള്‍ നടത്തി. റോയല്‍ മാര്‍സ്‌ഡെന്‍ ഹോസ്പിറ്റലിന്റെ ചരിത്രത്തിലെ ആദ്യത്തെ റോബോട്ടിക് സര്‍ജറിയാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 63 കാരിയായ ക്രിസ്റ്റീന ലോക്ട്ടനാണ് അപൂര്‍വ്വ ശസ്ത്രക്രിയക്ക് വിധേയയാരിക്കുന്നത്. ഒരേ സമയം നടന്ന രണ്ട് സര്‍ജറിയിലൂടെ ക്രിസ്റ്റീനയുടെ ഗര്‍ഭപാത്രവും വന്‍കുടലിന്റെ ഒരു ഭാഗവും നീക്കം ചെയ്തു. ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് കണ്‍സോള്‍ ഉപയോഗിച്ച് നടത്തിയ സര്‍ജറി പൂര്‍ണ വിജയമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രോഗം ബാധിച്ച ശരീരഭാഗങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് കണ്‍സോള്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. ഇതിന്റെ 3ഡി മാഗ്നിഫൈഡ് ഇമേജുകളാണ് ഉപയോഗിച്ചാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്. റോബോട്ടിക് സര്‍ജറി പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജന്‍ ഷാനവാസ് റഷീദ് അഭിപ്രായപ്പെടുന്നു. ശസ്ത്രക്രിയയില്‍ കൂടുതല്‍ കൃത്യത പാലിക്കുന്നത് മൂലം രോഗികളുടെ ശരീരഭാഗങ്ങളിലുണ്ടാകുന്ന ക്ഷതങ്ങളുടെ തോത് കുറയും. കാന്‍സര്‍ ബാധിച്ച ശരീരഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിന് സമാന ശസ്ത്രക്രിയകള്‍ ഇനിയും ചെയ്യാന്‍ കഴിയുമെന്നും ഡോ. റഷീദ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ലോക്ട്ടണിന് വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചത്. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലായി കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും നടത്തിയിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ആശുപത്രി വിടാന്‍ ലോക്ട്ടണിന് കഴിഞ്ഞു. ഇത്രയും ചുരുങ്ങിയ ദിവസംകൊണ്ട് വീട്ടിലേക്ക് തിരച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലോക്ട്ടന്‍ പ്രതികരിച്ചു. റോയല്‍ മാര്‍സ്‌ഡെന്‍ ഹോസ്പിറ്റലിലാണ് യുകെയിലെ ഏറ്റവും വലിയ റോബോട്ടിക് സര്‍ജറി പ്രോഗ്രാമുള്ളത്.

സൂപ്പര്‍മാര്‍ക്കറ്റ് വമ്പനായ സെയിന്‍സ്ബറീസ് ലോയല്‍റ്റി കാര്‍ഡ് സംവിധാനമായ നെക്ടാറില്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നു. ഉപഭോക്താക്കള്‍ക്ക് നിലവില്‍ പോയിന്റുകള്‍ നല്‍കിവരുന്ന രീതിയില്‍ മാറ്റം വരുത്താനാണ് ശ്രമം. നിലവില്‍ ഉപഭോക്താവ് നല്‍കുന്ന ഓരോ പൗണ്ടിനുമാണ് പോയിന്റുകള്‍ ലഭിക്കുന്നത്. ഇതില്‍ മാറ്റം വരുത്തി കൂടുതല്‍ ഷോപ്പിംഗിന് കൂടുതല്‍ റിവാര്‍ഡുകള്‍ എന്ന രീതി നടപ്പില്‍ വരുത്തും. ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളായ ലിഡില്‍, ആള്‍ഡി എന്നിവയിലേക്ക് ഉപഭോക്താക്കള്‍ തിരിയുന്നത് സെയിന്‍സ്ബറീസിന് കാര്യമായ വരുമാനക്കുറവുണ്ടാക്കുന്നുണ്ട്. ഉപഭോക്താക്കളെ അവയില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ ശ്രമം.

പുതിയ രീതി ഐല്‍ ഓഫ് വൈറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഏപ്രില്‍ 12 മുതലാണ് ട്രയല്‍ ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ നല്‍കാനാണ് ഈ നീക്കമെന്നാണ് സെയിന്‍സ്ബറീസ് അവകാശപ്പെടുന്നത്. പുതിയ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ആപ്പ് ലഭിക്കും. മുന്‍കാല ഷോപ്പിംഗ് റിവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് എന്തൊക്കെ ഓഫറുകളാണ് ലഭ്യമാകുകയെന്ന് ഈ ആപ്പില്‍ നിന്ന് മനസിലാക്കാം. ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പോയിന്റുകള്‍ കരസ്ഥമാക്കാനും ഇതില്‍ സൗകര്യമുണ്ട്.

2002ല്‍ നെക്ടാര്‍ കാര്‍ഡ് ആരംഭിച്ചതു മുതല്‍ സെയിന്‍സ്ബറീസ് ഇതില്‍ അംഗമായിരുന്നു. ഇ ബേ, ബിപി തുടങ്ങിയ കമ്പനികളും ഈ സംവിധാനത്തിന്റെ ഭാഗമാണ്. ഫെബ്രുവരിയില്‍ നെക്ടാറിനെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ സെയിന്‍സ്ബറീസ് വാങ്ങി. ഇതിനു ശേഷമാണ് സംവിധാനങ്ങളില്‍ പൊളിച്ചെഴുത്തിന് കമ്പനി തയ്യാറായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പോയിന്റുകള്‍ നെക്ടാര്‍ വെബ്‌സൈറ്റിലോ സെയിന്‍സ്ബറീസ് സ്റ്റോറുകളിലോ വിനിയോഗിക്കാവുന്നതാണ്.

Copyright © . All rights reserved