മരണപ്പെടുന്നയാളുടെ പേരിലുള്ള സ്വത്തുക്കളില്‍ ബന്ധുക്കള്‍ക്ക് അവകാശം ലഭിക്കാന്‍ ആവശ്യമായ പ്രൊബേറ്റിനായുള്ള നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മരണം സാക്ഷ്യപ്പെടുത്താനുള്ള നിരക്ക് അടുത്ത ഏപ്രില്‍ മുതല്‍ 6000 പൗണ്ടായിരിക്കും. നിലവില്‍ 215 പൗണ്ട് മാത്രമാണ് നിരക്ക്. 280,000 കുടുംബങ്ങള്‍ക്ക് 215 പൗണ്ടിനു മുകളിലുള്ള തുക നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. 56,000 കുടുംബങ്ങള്‍ക്ക് 2500 പൗണ്ടിനും 6000 പൗണ്ടിനും ഇടയിലുള്ള തുക നല്‍കേണ്ടി വന്നേക്കും. ഡെത്ത് ടാക്‌സ് എന്ന പേരിലാണ് വിമര്‍ശകര്‍ ഈ അദൃശ്യ നികുതിയെ വിശേഷിപ്പിക്കുന്നത്. വര്‍ദ്ധിപ്പിക്കുന്ന നിരക്കുകളില്‍ നിന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് 2022-23 വര്‍ഷത്തോടെ 185 മില്യന്‍ പൗണ്ട് സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്.

ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു അധിക നികുതി കൂടി ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍ എന്ന് ചാരിറ്റികളും ലീഗല്‍ ഗ്രൂപ്പുകളും ക്യാംപെയിനര്‍മാരും ആരോപിക്കുന്നു. കുടുംബാംഗങ്ങളുടെ മരണത്തില്‍ ദുഖിതരായ ബന്ധുക്ക ള്‍ക്ക് മറ്റൊരു ആഘാതം കൂടി നല്‍കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ വിന്‍സ് കേബിള്‍ കുറ്റപ്പെടുത്തി. റോഡിലെ കുഴി മുതല്‍ ടോയ്‌ലെറ്റുകള്‍ വരെ നന്നാക്കാന്‍ കഴിഞ്ഞയാഴ്ച ചാന്‍സലറുടെ കയ്യില്‍ ആവശ്യത്തിലേറെ പണമുണ്ടായിരുന്നു. എന്നാല്‍ ഈയാഴ്ച മരിച്ചവരുടെ പേരില്‍ ബന്ധുക്കളില്‍ നിന്ന് നികുതിയീടാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഗവണ്‍മെന്റെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്ററും റോയല്‍ ലണ്ടന്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പോളിസി ചീഫുമായ സ്റ്റീവ് വെബ്ബ് പറഞ്ഞു.

മരണപ്പെട്ടവരുടെ സ്വത്തുക്കളില്‍ അവകാശികള്‍ക്ക് നിയന്ത്രണം ലഭിക്കണമെങ്കില്‍ പ്രൊബേറ്റ് ലഭിക്കേണ്ടതുണ്ട്. നിലവില്‍ 215 പൗണ്ടാണ് ഇതിനായുള്ള നിശ്ചിത ഫീസ്. സോളിസിറ്ററെ ഉപയോഗിക്കുന്നവര്‍ക്ക് 155 പൗണ്ടാണ് ഫീസ്. സ്വത്തിന്റെ വലിപ്പം അനുസരിച്ച് ഈ ഫീസില്‍ വര്‍ദ്ധനവ് വരുത്താനാണ് പുതിയ നീക്കം. 250 പൗണ്ട് മുതല്‍ 6000 പൗണ്ട് വരെ ഈ ഫീസ് ഉയര്‍ന്നേക്കാം. 50,000 പൗണ്ട് വരെ മാത്രമേ അവകാശപ്പെടാനുള്ളുവെങ്കില്‍ ഫീസ് ഒഴിവാക്കും. നിലവില്‍ ഇതിന്റെ പരിധി 5000 പൗണ്ടാണ്. സ്വത്തിന്റെ 0.5 ശതമാനത്തില്‍ കൂടുതലാകില്ല ഈ ഫീസെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് വ്യക്തമാക്കി.
ബ്രിട്ടനിലെ ഏറ്റവും വലിയ കെയര്‍ പ്രൊവൈഡിംഗ് കമ്പനികളിലൊന്നായ അലൈഡ് ഹെല്‍ത്ത്‌കെയര്‍ തകര്‍ച്ചയുടെ വക്കില്‍. കെയര്‍ ക്വാളിറ്റി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസത്തിനു ശേഷം കമ്പനിയുടെ സേവനങ്ങള്‍ തുടരാന്‍ സാധ്യതയില്ലെന്ന് വാച്ച്‌ഡോഗ് അറിയിച്ചു. പതിനായിരത്തോളം പ്രായമായവരാണ് കമ്പനിയുടെ സേവനം തേടുന്നത്. ഇവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സിക്യുസി അറിയിച്ചു. ഇംഗ്ലണ്ടിലെ പകുതിയിലേറെ കൗണ്‍സിലുകളില്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത് ഈ കമ്പനിയാണ്. സേവനം തേടുന്ന വൃദ്ധര്‍ക്ക് അവ തുടര്‍ന്ന് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് 84 ലോക്കല്‍ കൗണ്‍സിലുകള്‍ അറിയിച്ചു. കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഈ ലോക്കല്‍ അതോറിറ്റികളുടെ സോഷ്യല്‍ കെയര്‍ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.

9300 പെന്‍ഷനര്‍മാര്‍ക്ക് വാഷിംഗ്, ഡ്രെസിംഗ്, ഷോപ്പിംഗ്, ക്ലീനിംഗ്, ഭക്ഷണം നല്‍കല്‍ തുടങ്ങിയ സഹായങ്ങളാണ് കമ്പനി നല്‍കി വരുന്നത്. അലൈഡ് ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇവര്‍ക്ക് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിവരം നല്‍കണമെന്ന് സിക്യുസി ലോക്കല്‍ അതോറിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ കമ്പനി വോളണ്ടറി അറേഞ്ച്‌മെന്റിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് സിക്യുസി വെളിപ്പെടുത്തി. അതിനു ശേഷം കമ്പനിയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അലൈഡ് ഹെല്‍ത്ത്‌കെയറിന്റെ അവകാശവാദം. വാച്ച്‌ഡോഗിന്റെ പ്രവൃത്തി മുന്നറിയിപ്പില്ലാതെയും അപക്വവുമാണെന്നും കമ്പനി അറിയിച്ചു. ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ ഡിസംബര്‍ മുതല്‍ സുഗമമായി പ്രവര്‍ത്തിക്കാനാകുമെന്ന യാതൊരു ഉറപ്പും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് സിക്യുസി അറിയിച്ചു. നവംബര്‍ 30 വരെയുള്ള ഫണ്ടിംഗില്‍ മാത്രമേ അലൈഡ് ഹെല്‍ത്ത്‌കെയര്‍ ഉറപ്പു നല്‍കിയിട്ടുള്ളുവെന്ന് സിക്യുസി, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഹോസ്പിറ്റല്‍സ്, ആന്‍ഡ്രിയ സറ്റ്ക്ലിഫ് വ്യക്തമാക്കി.
ലണ്ടനില്‍ അത്യാഢംബര ജീവിതം നയിച്ച അസര്‍ബൈജാന്‍ സ്വദേശിനിയായ സ്ത്രീ അറസ്റ്റില്‍. സമീറ ഹാജിയേവ എന്ന 55 കാരിയാണ് പിടിയിലായത്. അണ്‍എക്‌സ്‌പ്ലെയിന്‍ഡ് വെല്‍ത്ത് ഓര്‍ഡര്‍ എന്ന കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്. സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പരാജയപ്പെടുന്ന കുറ്റമാണ് ഇത്. ഇതില്‍ യുകെയില്‍ പിടിയിലാകുന്ന ആദ്യത്തെ ആളാണ് സമീറ എന്നാണ് വിവരം. ഇവരെ മാതൃരാജ്യമായ അസര്‍ബൈജാന് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണാപഹരണത്തിന് പിടിയിലായി അസര്‍ബൈജാനില്‍ 15 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ബാങ്കറുടെ ഭാര്യയാണ് സമീറ. ലക്ഷ്വറി സൂപ്പര്‍മാര്‍ക്കറ്റായ ഹാരോഡ്‌സില്‍ ഇവര്‍ 16 മില്യന്‍ പൗണ്ടാണ് ചെലവഴിച്ചത്. ഹാരോഡ്‌സിന്റെ ലണ്ടന്‍ സ്‌റ്റോറിന് സമീപത്തായി 15 മില്യന്‍ മൂല്യമുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ മാസമാണ് നാഷണല്‍ ക്രൈം ഏജന്‍സി ഇവരുടെ മേല്‍ യുഡബ്ല്യുഒ ചുമത്തിയത്. ഇവര്‍ തട്ടിപ്പുകാരിയല്ലെന്നാണ് സമീറയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയത്. അസര്‍ബൈജാന്‍ ഇവരെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞയാഴ്ച ഇവരെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപോളിറ്റന്‍ പോലീസ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വ്യക്തമാക്കി. പണാപഹരണത്തിന് രണ്ടു കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ കടന്നുകളയാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. എന്നാല്‍ ധൂര്‍ത്തടിക്കുന്ന സ്വഭാവമുണ്ടെങ്കിലും ഇവര്‍ തട്ടിപ്പുകാരിയല്ലെന്നും രാജ്യം വിടാന്‍ യാതൊരു സാധ്യതയുമില്ലെന്നും പ്രതിഭാഗം വാദിച്ചു.

അസര്‍ബൈജാനില്‍ ഒരു തട്ടിക്കൊണ്ടു പോകലില്‍ നിന്ന് രക്ഷപ്പെട്ട ശേഷമാണ് ഇവര്‍ യുകെയില്‍ എത്തിയതെന്നും കഴിഞ്ഞ പത്തു വര്‍ഷമായി ഇവിടെത്തന്നെയാണ് താമസിച്ചു വരുന്നതെന്നും സമീറയുടെ അഭിഭാഷകര്‍ വാദിച്ചു. കുട്ടികളും യുകെയിലാണ് ഉള്ളതെന്ന് ക്യുസി ഹ്യൂഗോ കെയ്ത്ത് പറഞ്ഞു. 5 ലക്ഷം പൗണ്ട് കെട്ടിവെച്ചാല്‍ ജാമ്യം അനുവദിക്കാമെന്ന് സീനിയര്‍ ഡിസ്ട്രിക്ട് ജഡ്ജ് എമ്മ ആബത്ത്‌നോട്ട് പറഞ്ഞെങ്കിലും പ്രോസിക്യൂട്ടര്‍മാര്‍ അപ്പീല്‍ നല്‍കി. നൈറ്റ്‌സ്‌ബ്രൈഡിലെ വീട്ടില്‍ത്തന്നെ തുടരണമെന്നും എം25 വിട്ട് യാത്ര ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു മറ്റു ജാമ്യ വ്യവസ്ഥകള്‍. അപ്പീലില്‍ വ്യാഴാഴ്ച ഹൈക്കോര്‍ട്ട് വാദം കേള്‍ക്കും. സമീറയുടെ വീട്ടില്‍ നിന്ന് കണ്ടുകെട്ടിയ 4 ലക്ഷം പൗണ്ടിന്റെ ആഭരണങ്ങള്‍ ലേലത്തിന് വെച്ചിരിക്കുകയാണ്.
ലോറന്‍സ് പെല്ലിശ്ശേരി
ഗ്ലോസ്റ്റര്‍ : സംഘടനാ പ്രവര്‍ത്തനങ്ങളിലെ മികവ് കൊണ്ട് എന്നും വ്യത്യസ്ഥരായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ യുകെയിലെ ഒരു മലയാളി കൂട്ടായ്മയ്ക്കും കഴിയാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോക മലയാളികള്‍ക്ക് മാതൃകയാകുന്നു . ജി എം എയുടെ കാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായ ഭവന നിര്‍മ്മാണ പദ്ധതിക്ക് ചെങ്ങന്നൂരിലെ പുലിയൂര്‍ ഗ്രാമത്തില്‍ ഐതിഹാസിക തുടക്കം . സഹജീവികളോടുള്ള സഹാനുഭൂതി ഫേസ്ബുക്കിലും വാട്സപ്പിലുമായി ഒതുങ്ങി പോകുന്ന ഇക്കാലത്ത് പ്രളയത്തിൽ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയർത്തിക്കൊണ്ട് ക്രിയാത്‌മകമായ പ്രവർത്തനങ്ങളിൽ കൂടി ഗ്ലോസ്റ്റർഷെയർ മലയാളികൾ വീണ്ടും യുകെ മലയാളികൾക്ക് അഭിമാനവും മാതൃകയുമായി മാറുന്നു.

അതിന്റെ നേർക്കാഴ്‌ച്ചയായി മാറി ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരിൽ ജി എം എയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ ഭവന നിര്‍മ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം . വളർത്തി വലുതാക്കിയ സ്വന്തം നാട് , നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടപ്പോൾ വെറും കാഴ്ചക്കാരായി മാറിനിൽക്കാതെ നാടിനോടൊപ്പമെന്ന നിലപാടിലെത്താൻ ജി എം എയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു . ഓണാഘോഷപരിപാടികൾ പോലും നിര്‍ത്തലാക്കികൊണ്ട് , പ്രളയ ദിനങ്ങളിൽ തന്നെ 25000 പൗണ്ട് പിരിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് കേരള വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിന് രൂപം നൽകുകയും , ജി എം എയിലെ യുവ തലമുറയടക്കം ഓരോ അംഗങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി രംഗത്ത് വരികയും ചെയ്തു.

ജി എം എയിലെ അംഗങ്ങളുടെ സംഭാവനയായും , ജോലിസ്ഥലങ്ങളിൽ ഇന്ത്യൻ ഭക്ഷണങ്ങള്‍ ഉണ്ടാക്കി വിറ്റഴിച്ചും , മുസ്ലിം – ക്രിസ്ത്യൻ പള്ളികളിലെ സഹായങ്ങള്‍ വഴിയും , തെരുവുകളിലെ ബക്കറ്റ് പിരുവുകളിലൂടെയും , ഫേസ്ബുക്ക് പേജിലെ സഹായ അഭ്യര്‍ത്ഥനകളിലൂടെയുമെല്ലാം സഹജീവികളോടുള്ള സഹാനുഭൂതി നാണയത്തുട്ടുകളായും പൗണ്ടുകളായും ഒഴുകിയെത്തുകയായിരുന്നു . ചുരുക്കം ചിലർക്കെങ്കിലും അപ്രാപ്യമെന്നു തോന്നിയിരുന്ന 25000 പൗണ്ട് എന്ന ലക്ഷ്യം വെറും മൂന്ന് ആഴ്ചകൾക്കുള്ളിൽ സമാഹരിച്ചുകൊണ്ട് ഇപ്പോൾ 28000 പൗണ്ടിൽ എത്തിനിൽക്കുന്നു എന്നുള്ളത് , വെറും 175 കുടുംബങ്ങൾ അംഗങ്ങളായുള്ള ജി എം എ ഒരു കമ്മ്യൂണിറ്റി അസോസിയേഷൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ ചൂണ്ടുപലക ആയി മാറുന്നു .

പ്രളയത്തിൽ കിടപ്പാടം തന്നെ നഷ്ടപെട്ട് , സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്ന നാല് കുടുംബങ്ങൾക്ക് പൂർണ്ണമായും ജി എം എയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ആറായിരം പൌണ്ടിന് തത്തുല്ല്യമായ പുതിയ വീട് നിർമ്മിച്ച് നൽകുകയാണ് ജി എം എ ചെയ്യുന്നത് . കേരളാ ഗവണ്മെന്റിന്റെ ലൈഫ് മിഷനും , യുക്മയുടെ സ്നേഹക്കൂട് പദ്ധതിയുമായി സഹകരിച്ചാണ് ജി എം എ ഇത് പ്രാവർത്തികമാക്കുന്നത് . ഈ പദ്ധതിയിൽ കൂടി നിർമ്മിക്കുന്ന ആദ്യ ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരിൽ കൂലിപ്പണിക്കാരനായ സജി കാരാപ്പള്ളിയിൽ എന്ന വ്യക്തിക്കും കുടുംബത്തിനുമായി തുടക്കം കുറിച്ചിരിക്കുന്നു.

പ്രളയത്തിൽ അവരുടെ കൊച്ചു വീട് പൂർണ്ണമായും ഇല്ലാതായിരുന്നു . കാലങ്ങളായി മാറാ രോഗങ്ങൾ അലട്ടിയിരുന്ന സജിയുടെ ഭാര്യക്കും കുഞ്ഞുങ്ങൾക്കും മുമ്പിൽ വിധി പ്രളയരൂപത്തിൽ വീണ്ടും കോമാളി വേഷം കെട്ടിയപ്പോൾ ജി എം എയുടെ സഹായഹസ്തം അവരെ തേടി ചെല്ലുകയായിരുന്നു . ജി എം എ എക്സിക്യൂട്ടീവ് അംഗം ശ്രീ തോമസ് ചാക്കോയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു പുലിയൂരിലെ സജി കാരാപ്പള്ളിയുടെ കുടുംബത്തെ കണ്ടെത്താനും , നിർമ്മാണ തുടങ്ങുന്നതിനാവശ്യമായ ഏകോപനം ഇത്രയും വേഗത്തിൽ സാധ്യമാക്കാനും കഴിഞ്ഞത് .
തറക്കല്ലിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സജിക്കും കുടുംബത്തിനുമൊപ്പം പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി . ടി . ഷൈലജ , വാർഡ് മെമ്പർമാരായ മുരളീധരൻ നായര്‍ , ബാബു കല്ലോത്തറ , ജി എം എ പ്രതിനിധി ഷാജി എബ്രഹാം , പൊതു പ്രവർത്തകരായ ബിനു മുട്ടാർ , രാജീവ് പള്ളത്ത് , അജേഷ് പുലിയൂര്‍ തുടങ്ങി പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിശിഷ്ട അതിഥികൾ സന്നിഹിതരായിരുന്നു . ചെങ്ങന്നൂരിലെ പല സന്നദ്ധ സംഘടനകള്‍ക്കും വേണ്ടി അനേകം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ള അജേഷ് പുലിയൂരാണ് ജി എം എയുടെ സ്വപ്നക്കൂട് സജി കാരാപ്പള്ളിയ്ക്കായി നിര്‍മ്മിക്കുന്നത് .

യൂകെയിൽ ഇരുന്നു കൊണ്ട് കേരളത്തിൽ ഇങ്ങനെയൊരു നിർമ്മാണ പദ്ധതി ഏറ്റെടുത്തു സാക്ഷാൽക്കരിക്കുക എന്നുള്ളത് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും , ജി എം എ കമ്മിറ്റിയുടെ നിശ്ചയദാർഢ്യവും മുഴുവൻ അംഗങ്ങളുടെ നിസ്വാർത്ഥ സഹകരണവും ഈയൊരു മിഷന്റെ മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നു . വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അങ്ങേയറ്റം സുതാര്യമായും , അഴിമതി രഹിതവുമായി അര്‍ഹരായവരില്‍ മാത്രം എത്തിക്കുന്നതിനായി സുനില്‍ കാസ്സിം , വിനോദ് മാണി , ജില്‍സ് പോള്‍ , വിന്‍സെന്റ് സ്കറിയ , ലോറന്‍സ് പെല്ലിശ്ശേരി , ഡോ : ബിജു പെരിങ്ങത്തറ , തോമസ് ചാക്കോ എന്നിവര്‍ അടങ്ങുന്ന ഒരു പ്രത്യേക കമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട് . ഇതിനൊപ്പം പ്രളയത്തില്‍ വീട്ടിലെ സാധന സാമഗ്രികളെല്ലാം നഷ്ട്ടപ്പെട്ടുപോകുകയോ ഉപയോഗശൂന്യമാകുകയോ ചെയ്ത , സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 20 കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വരെ മൂല്യമുള്ള അവശ്യ വസ്തുക്കൾ നൽകി സഹായിക്കുകയും ചെയ്യുന്നു.


ചാരിറ്റി രംഗത്തെ ജി എം എ യുടെ ഓരോ ചുവടുവയ്പ്പും കാലപ്രയാണത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടുന്നതിന്റെ ആൽമനിർവൃതിയിലാണ് ഗ്ലോസ്റ്റർഷെയർ മലയാളികൾ . അടുത്ത മൂന്നു വീടുകൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുമ്പോൾ , ജി എം എ പ്രസിഡന്റ് വിനോദ് മാണിയും , സെക്രട്ടറി ജിൽസ് പോളും , ട്രഷറർ വിൻസെന്റ് സ്കറിയയും ഇതിനെല്ലാം നേതൃത്വം നൽകുന്നതോടൊപ്പം ഇതുമായി സഹകരിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും ഒത്തിരി സ്നേഹത്തോടെ രേഖപ്പെടുത്തുന്നു
ഡാവിഞ്ചി എന്ന പേരില്‍ അറിയപ്പെടുന്ന പ്രോക്ടര്‍ റോബോട്ട് ഉപയോഗിച്ച് നടത്തിയ ഹൃദയ വാല്‍വ് ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിക്കാന്‍ കാരണം ഡോക്ടര്‍ക്ക് വേണ്ടത്ര പരിചയമില്ലാത്തതിനാലെന്ന് റിപ്പോര്‍ട്ട്. ഡാവിഞ്ചിയില്‍ പരിശീലനം നിരസിക്കപ്പെട്ട ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. സങ്കീര്‍ണ്ണമായ ഈ ഉപകരണത്തില്‍ കൂടുതല്‍ പരിശീലനം താന്‍ നടത്തേണ്ടതായിരുന്നുവെന്ന് മുന്‍നിര കാര്‍ഡിയാക് സര്‍ജനായ സുകുമാരന്‍ നായര്‍ തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞിരുന്നതായി കൊറോണര്‍ക്ക് മൊഴി ലഭിച്ചു. സ്റ്റീഫന്‍ പെറ്റിറ്റ് എന്ന 69 കാരനായ രോഗിയാണ് ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചത്. 2015ല്‍ ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സംഭവം. ട്രസ്റ്റില്‍ ആദ്യമായി നടത്തിയ ഡാവിഞ്ചി റോബോട്ട് ഉപയോഗിച്ചുള്ള ഹൃദയ വാല്‍വ് ശസ്ത്രക്രിയയായിരുന്നു ഇത്.

സ്റ്റീഫന്‍ പെറ്റിറ്റിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെ സര്‍ജിക്കല്‍ ടീമിനെ സഹായിച്ചുകൊണ്ടിരുന്ന റോബോട്ടിക് വിദഗ്ദ്ധര്‍ അറിയിപ്പ് നല്‍കാതെ സ്ഥലം വിട്ടുവെന്നും മൊഴി ലഭിച്ചിട്ടുണ്ട്. പെറ്റിറ്റിന്റെ മരണത്തെത്തുടര്‍ന്ന് ന്യൂകാസില്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ അന്വേഷണം നടന്നിരുന്നു. പോലീസ് അന്വേഷണവും ഇതൊടൊപ്പം നടന്നു. രോഗികളുടെ റിക്കവറി സമയം പരമാവധി കുറയ്ക്കുന്നതിനായാണ് കീഹോള്‍ ശസ്ത്രക്രിയകള്‍ക്കായി ഡാവിഞ്ചി പോലെയുള്ള റോബോട്ടുകളെ ഉപയോഗിക്കുന്നത്. സ്റ്റീഫന്‍ പെറ്റിറ്റിന്റെ മൈട്രല്‍ വാല്‍വിനായിരുന്നു തകരാറ്. ഇത് പരിഹരിക്കാനായി ഡാവിഞ്ചി ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയക്കിടെ ഹൃദയത്തിന്റെ മേലറകളെ വിഭജിക്കുന്ന ഭിത്തിക്ക് തകരാറുണ്ടായി.

ഹൃദയ ഭിത്തിക്കുണ്ടായ തകരാര്‍ പരിഹരിക്കാന്‍ പിന്നീട് ഓപ്പണ്‍ സര്‍ജറി നടത്തേണ്ടി വന്നു. ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടും ഹൃദയത്തിന്റെ പ്രവര്‍ത്തനം വളരെ മോശമായിരുന്നു. മരുന്നുകളും ഉപകരണങ്ങളുടെ സഹായവും നല്‍കിയിട്ടും രോഗിയുടെ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തന രഹിതമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. പദ്ധതിയിട്ടതനുസരിച്ച് ശസ്ത്രക്രിയ വിജയകരമായി നടത്താന്‍ കഴിഞ്ഞില്ലെന്ന് ഇതിനു ശേഷം ഡോ.സുകുമാരന്‍ നായര്‍ ഫ്രീമാന്‍ ഹോസ്പിറ്റലിലെ റോബോട്ടിക്‌സ് വിഭാഗം കോഓര്‍ഡിനേറ്റര്‍ പോള്‍ റെന്‍ഫോര്‍ത്തിനെ ഫോണില്‍ അറിയിച്ചിരുന്നു. റോബോട്ടില്‍ കൂടുതല്‍ പരീശീലനം ലഭിച്ചിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും റെന്‍ഫോര്‍ത്ത് പറഞ്ഞു. ഈ സംഭവത്തിന് ഒരു മാസം മുമ്പ് ഡാവിഞ്ചി ഉപയോഗിച്ച് വാല്‍വ് ശസ്ത്രക്രിയ നടത്താന്‍ ഡോ.സുകുമാരന്‍ നായര്‍ സമീപിച്ചിരുന്നുവെന്ന് ട്രസ്റ്റിന്റെ കാര്‍ഡിയോ തൊറാസിക് ക്ലിനിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ സൈമണ്‍ ഹെയിന്‍സും മൊഴി നല്‍കിയിട്ടുണ്ട്.
700ലേറെ വിദേശ കൊലയലാളികള്‍ യുകെയില്‍ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ക്രിമിനല്‍ റെക്കോര്‍ഡ്‌സ് ഓഫീസിന്റെ കമ്പ്യൂട്ടര്‍ പരിശോധനയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷക്കാലയളവിലെ ഡേറ്റയാണ് വിശകലനം ചെയ്തത്. ബലാല്‍സംഗക്കേസുകളിലും കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളിലും പ്രതികളായവരും യുകെയില്‍ സൈ്വര്യമായി താമസിച്ചു വരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റേണ്‍ യൂറോപ്പ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കോടതികള്‍ കൊലപാതകത്തിനും നരഹത്യാക്കേസുകളിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ 700 പേര്‍ യുകെയിലുണ്ടെന്നാണ് വ്യക്തമായത്. 2015നും 2017നുമിടയിലെ കണക്കുകളാണ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് പുറത്തു വന്നത്.

വിദേശത്ത് ബലാല്‍സംഗക്കേസുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 741 പേരും കുട്ടികള്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമക്കേസുകളില്‍ കുറ്റക്കാരായ 362 പേരും യുകെയിലുണ്ട്. ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് എത്ര സുഗമമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്താന്‍ കഴിയുന്നു എന്നതാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്. 2015-17 കാലയളവില്‍ യുകെയില്‍ എത്തിയ ക്രിമിനലുകളില്‍ റൊമേനിയക്കാരാണ് ഏറ്റവും കൂടുതല്‍. 510 റൊമേനിയന്‍ ക്രിമിനലുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. പോളണ്ട് ഇതിന് തൊട്ടു പിന്നാലെയുണ്ട്. 301 പേരാണ് പോളണ്ടില്‍ നിന്നും എത്തിയത്. 98 ലിത്വാനിയന്‍ ക്രിമിനലുകളും രാജ്യത്ത് തുടരുന്നു.

ബ്രെക്‌സിറ്റ് സാധ്യമാകുന്നതോടെ യുകെയിലേക്ക് ക്രിമിനലുകളുടെ ഒഴുക്കിന് തടയിടാന്‍ കഴിയുമെന്നാണ് കരുതുന്നത്. ബ്രെക്‌സിറ്റ് നടപ്പായാല്‍ അതിര്‍ത്തികളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. ഇപ്പോള്‍ യുകെയിലുള്ള യൂറോപ്യന്‍ ക്രിമിനലുകളെ കണ്ടെത്തി ഡീപോര്‍ട്ട് ചെയ്യാനും സാധിക്കും. ഇത്തരം ക്രിമിനലുകള്‍ യുകെയില്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്ത് പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് പരിശോധനകള്‍ നടക്കാറുള്ളത്. അതുകൊണ്ടു തന്നെ കുറ്റവാളികളുടെ എണ്ണം എത്രയോ അധികമായിരിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.
കൂട്ടുകാരുമൊത്ത് ദുബായിലേക്ക് ഹോളിഡേ യാത്ര നടത്തിയ 30 കാരിയായ നഴ്‌സ് മരിച്ചു. ഷാര്‍ലറ്റ് കാര്‍ട്ടര്‍ എന്ന മെന്റല്‍ ഹെല്‍ത്ത് നഴ്‌സാണ് മരിച്ചത്. ഇവര്‍ക്ക് വിമാനത്തിനുള്ളില്‍ വെച്ചു തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പിന്നീട് വിമാനമിറങ്ങി ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയും ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു. ഒക്ടോബര്‍ 29നായിരുന്നു ഇവര്‍ രണ്ട് സുഹൃത്തുക്കളുമൊത്ത് ഗാറ്റ്വിക്കില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ടത്. ടേക്ക് ഓഫിനു മുമ്പ് ഇവര്‍ ഷാംപെയിന്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഏഴു മണിക്കൂര്‍ നീളുന്ന യാത്രക്കിടെ ഷാര്‍ലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രക്കായി ഷാര്‍ലറ്റ് ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്നില്ല. അതുകൊണ്ടു തന്നെ ആശുപത്രി ബില്ലുകള്‍ നല്‍കാനും മൃതദേഹം യുകെയില്‍ എത്തിക്കാനും 30,000 പൗണ്ട് നല്‍കേണ്ട അവസ്ഥയിലാണ് ഇവരുടെ കുടുംബം.

ഷാര്‍ലറ്റിന്റെ സുഹൃത്തായ മേഗന്‍ ബോയ്‌സ് പണം സമാഹരിക്കുന്നതിനായി ഒരു ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. യുഎഇയില്‍ താമസിക്കുന്ന കെയ്റ്റ് ജോര്‍ജ് എന്ന സുഹൃത്തിന്റെ അടുത്തേക്കായിരുന്നു ഷാര്‍ലറ്റ് വിമാനമിറങ്ങിയ ശേഷം പോയത്. ഈ യാത്രക്കിടെയാണ് ഇവര്‍ കുഴഞ്ഞു വീണത്. തന്നെ കാണാനാണ് അവള്‍ വന്നതെന്ന് കെയ്റ്റ് പറഞ്ഞു. വിമാനത്തില്‍ വെച്ചു തന്നെ അവള്‍ തനിക്ക് കാണാന്‍ തിടുക്കമായെന്ന മെസേജുകള്‍ അയച്ചിരുന്നു. അത്രയും ആകാംക്ഷാ ഭരിതമായ യാത്രയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ മറന്നതായിരിക്കുമെന്നും കെയ്റ്റ് പറഞ്ഞു. ഫൈവ് പാം ജുമൈറാ ഹോട്ടലിലായിരുന്നു ഇവര്‍ താമസിക്കാനിരുന്നത്. അതിന്റെ ആവേശത്തിലുമായിരുന്നു സംഘം.

സൗത്ത് വെയില്‍സിലെ സ്വാന്‍സീ സ്വദേശിയാണ് ഷാര്‍ലറ്റ്. മൃതദേഹം യുകെയില്‍ എത്തിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണകാരണം സ്ഥിരീകരിക്കുന്നതിനായാണ് ഇത്. കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഫോറിന്‍ ഓഫീസ് കോമണ്‍വെല്‍ത്ത് വക്താവ് പറഞ്ഞു. എമിറേറ്റ് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും വക്താവ് പറഞ്ഞു. ജസ്റ്റ്ഗിവിംഗ് പേജില്‍ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗില്‍ ഇതുവരെ 17,000 പൗണ്ട് എത്തിയിട്ടുണ്ട്.
ലണ്ടൻ: ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക ഉൾപ്പെടെയുള്ള കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് അവർ ബ്രിട്ടനിൽ താമസിച്ചിട്ടില്ലെങ്കിലും ബ്രിട്ടീഷ് സായുധസേനയിൽ ചേരാൻ അനുമതി നൽകും. പ്രതിരോധമന്ത്രാലയം തയാറാക്കിയ പുതിയ റിക്രൂട്ട്മെന്റ് നടപടിക്രമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നല്ല ശമ്പളത്തോടൊപ്പം ഫാമിലി വിസയും ലഭിക്കുന്നതാണ്. എന്നാൽ ഫാമിലിയുടെ എല്ലാചെലവുകളും വഹിക്കാനുള്ള നിയമാനുസൃതമായ സാമ്പത്തിക ശേഷി ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. എങ്കിൽ മാത്രമേ കുടുംബത്തെ കൂടെ കൂട്ടുവാൻ സാധിക്കുകയുള്ളു.
പുതിയ നയമനനുസരിച്ചു 1350 പേര് വീതമാണ് ഓരോ വർഷവും ചേരുമെന്നു പ്രതീക്ഷിക്കുന്നത്. ഇതുവരെ 8200 ഓളം ഭടൻമാരുടെ കുറവാണ് കണക്കാക്കിയിരിക്കുന്നത്. മുൻ ബ്രിട്ടീഷ് കോളനികളായിരുന്ന 53 രാജ്യങ്ങളാണു കോമൺവെൽത്തിലുള്ളത്. ഇടുന്നുള്ളവർക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹതയുള്ളൂ. അഞ്ചുവർഷമെങ്കിലും ബ്രിട്ടനിൽ താമസിച്ചവർക്കേ കര, നാവിക, വ്യോമസേനയിൽ റിക്രൂട്ട്മെന്റിന് അർഹതയുള്ളുവെന്ന നിബന്ധന എടുത്തുകളഞ്ഞതുകൊണ്ടത് ഇങ്ങനെ ഒരു അവസരം വന്നു ചേർന്നിരിക്കുന്നത്.
അപേക്ഷിക്കേണ്ടവർ താഴത്തെ ലിങ്കിൽ ക്ലിക് ചെയ്യുക.
https://apply.army.mod.uk/how-to-join/can-i-join/nationality
ലണ്ടന്‍: ന്യൂസിലാന്റ് സ്വദേശിയായ യുവാവിന് ഹോം ഓഫീസ് അധികൃതരുടെ പിഴവ് മൂലം വിസ നിഷേധിക്കപ്പെട്ടതായി പരാതി. 29 കാരനായ ലൂക്ക് തോമസാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അധികൃതര്‍ വിസ നിഷേധിച്ചത് മൂലം തന്റെ അഞ്ച് മാസം പ്രായമായ മകനെ ഇതുവരെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ലൂക്ക് തോമസ് പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തോമസും പാര്‍ട്ണറും ന്യൂസിലാന്റിലാണ് താമസം. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് ബ്രിട്ടനിലേക്ക് താമസം മാറാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വിസയ്ക്ക് ഹോം ഓഫീസിനെ സമീപിക്കുകയും ചെയ്തു. തോമസിന്റെ കേസില്‍ വിസ നിഷേധിക്കേണ്ടതായ യാതൊരു നിയമപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. ഹോം ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നഷ്ടമായതാണ് ഈ ഉരുണ്ടുകളിക്ക് കാരണമെന്ന് ദമ്പതികളുടെ സോളിസിറ്റര്‍ പറയുന്നു.

ഏപ്രില്‍ മാസത്തിലാണ് 573 പൗണ്ട് നല്‍കി പ്രീമിയം സര്‍വ്വീസ് ഉപയോഗിച്ച് അണ്‍മാരീഡ് പാര്‍ട്ണര്‍ വിസയ്ക്ക് തോമസ് അപേക്ഷ നല്‍കിയത്. ഹോം ഓഫീസ് അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ ഏതാണ്ട് 5 മാസത്തോളം തോമസിന്റെ യു.കെ സന്ദര്‍ശനം മുടങ്ങി. നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഹോം ഓഫീസ് അധികൃതര്‍ തയ്യാറായില്ലെന്ന് തോമസിന്റെ പാര്‍ട്ണര്‍ പറയുന്നു. പിന്നീടാണ് തോമസിന്റെ പാസ്‌പോര്‍ട്ട് കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ആദ്യം പാസ്‌പോര്‍ട്ട് ഹോം ഓഫീസില്‍ കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു വിവരം ലഭിച്ചത്. എന്നാല്‍ ഡെലിവറി രേഖകള്‍ പ്രകാരം പാസ്‌പോര്‍ട്ട് ഹോം ഓഫീസിലെത്തിയതായി വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വിസ നിഷേധിച്ചതായി വ്യക്തമാക്കികൊണ്ട് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു. എന്നാല്‍ അത് അബദ്ധം സംഭവിച്ചതാണെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.

നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ശേഷം തോമസിന് സെപ്റ്റംബര്‍ അവസാനത്തോടെ വിസയും പാസ്‌പോര്‍ട്ടും ലഭിച്ചു. എന്നാല്‍ പതിപ്പിച്ചിരുന്ന എന്‍ട്രി സ്റ്റാമ്പ് കാലാവധി കഴിഞ്ഞതായിരുന്നു. എനിക്ക് 4 മാസത്തിലധികം പ്രായമായ ഒരു മകനുണ്ട്, അധികൃതരുടെ അനാസ്ഥമൂലം എനിക്ക് അവനെ ഒരു നോക്ക് കാണാനുള്ള അവസരമാണ് അനന്തമായ നീളുന്നതെന്ന് തോമസ് പറയുന്നു. തോമസിന്റെ മൂന്ന് മക്കളും നിലവില്‍ മാതാവിനൊപ്പം യു.കെയിലാണ് താമസിക്കുന്നത്. തോമസിന്റെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി പാട്ണറായ സിമോണ്‍ ബ്രൂക്ക്‌സ് പറഞ്ഞു. മൂന്ന് കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നത് വിഷാദരോഗമുണ്ടാക്കുന്നതായും ബ്രൂക്ക്‌സ് പറയുന്നു.
വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനു മുമ്പ് പണം നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നേക്കും. ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ കടന്നു കളയുന്ന പതിവിന് വിരാമമിടാന്‍ ലക്ഷ്യം വെച്ചാണ് നീക്കം. ഈ വിധത്തിലുള്ള കുറ്റങ്ങള്‍ക്കു പിന്നാലെ നടക്കാതെ വലിയ തോതിലുള്ള കുറ്റകൃത്യങ്ങളില്‍ ശ്രദ്ധയൂന്നാനാണ് പുതിയ നിര്‍ദേശമെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലിലെ സൈമണ്‍ കോള്‍ പറയുന്നു. പണം നല്‍കാതെ കടന്നുകളയുന്ന രീതി ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു ബിസിനസ് മോഡല്‍ വികസിപ്പിക്കാന്‍ കഴിയാത്തതില്‍ പെട്രോളിയം കമ്പനികളെ അദ്ദേഹം വിമര്‍ശിച്ചു. ഒട്ടേറെ രാജ്യങ്ങളില്‍ നിലവിലുള്ള ആദ്യം പണം നല്‍കുന്ന സമ്പ്രദായം നടപ്പില്‍ വരുത്തണമെന്ന് അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു.

പണം നല്‍കാതെ കടന്നുകളയുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലീസ് മേധാവിമാര്‍ ഈ നീക്കം അവതരിപ്പിക്കുന്നത്. വര്‍ഷത്തില്‍ 25000 സംഭവങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പെട്രോള്‍ വില കൂടിയതിനു ശേഷം 40 ശതമാനം വര്‍ദ്ധനവും ഇവയില്‍ ഉണ്ടായിട്ടുണ്ട്. 50 പൗണ്ടില്‍ താഴെയുള്ള തുക നല്‍കാതെ പോകുന്ന സംഭവങ്ങള്‍ ചില പോലീസ് സേനകള്‍ അന്വേഷിക്കാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം കേസുകളില്‍ ക്രിമിനല്‍ ലക്ഷ്യമോ ക്രിമിനല്‍ പ്രവര്‍ത്തനമോ നടക്കുന്നതായി തെളിവില്ലാത്തതിനാലാണ് അന്വേഷണം വേണ്ടെന്നു വെക്കുന്നത്.

ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ വിലയേറിയ വസ്തുക്കള്‍ ഡോറുകള്‍ക്ക് അരികില്‍ വെക്കുന്നത് കൊള്ളയടിക്ക് കാരണമാകുന്നതായും സൈമണ്‍ കോള്‍ പറഞ്ഞു. മൊത്തം കുറ്റകൃത്യങ്ങളില്‍ 12 ശതമാനവും ഇത്തരത്തിലുള്ളവയാണ്. ഇത് അന്വേഷണോദ്യോഗസ്ഥരുടെ ജോലി കൂട്ടുകയും മറ്റു ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇവ ഇല്ലാതാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.