ലണ്ടന്‍: പലിശനിരക്കില്‍ 2 ശതമാനമോ അതിനു മുകളിലേക്കോ വര്‍ദ്ധന വരുത്തിയാല്‍ അത് ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് സൃഷ്ടിക്കുക വലിയ തിരിച്ചടിയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.മോര്‍ട്ട്‌ഗേജ് ബാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്നതാണ് ഇതിന് കാരണം. നിലവിലുള്ള 0.5 ശതമാനമെന്ന അടിസ്ഥാന നിരക്കില്‍ ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും തങ്ങളുടെ ലോണുകള്‍ കൈകാര്യം ചെയ്യാനാകുമെന്ന്‌ന ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ പോളിസി കമ്മിറ്റി പറയുന്നു. സാമ്പത്തികമാന്ദ്യത്തിനു മുമ്പ് അനുഭവപ്പെട്ട വിധത്തിലുള്ള ഒരു സാമ്പത്തികഞെരുക്കം അനുഭവപ്പെടുന്നുണ്ടെന്നും സമിതി വിലയിരുത്തുന്നു.
നവംബറിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കില്‍ 0.25 ശതമാനം വര്‍ദ്ധന വരുത്തിക്കൊണ്ട് 0.5 ശതമാനമാക്കിയത്. മെയ് മാസത്തില്‍ ഇത് 0.75 ശതമാനമാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ വിധത്തില്‍ പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് കുടുംബങ്ങളെ സാരമായി ബാധിക്കുമെന്ന് കമ്മിറ്റി അധ്യക്ഷനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുമായ മാര്‍ക്ക് കാര്‍ണി പറയുന്നു. മോര്‍ട്ട്‌ഗേജ് പലിശനിരക്കുകളുടെ പലിശനിരക്കുകളില്‍ 150 അടിസ്ഥാന പോയിന്റുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. 1.5 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്.
വരുമാനത്തില്‍ യാതൊരു മാറ്റവും ഇല്ലാത്തതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കുടുംബ വരുമാനത്തിന്റെ 40 ശതമാനം മോര്‍ട്ട്‌ഗേജുകള്‍ തിരിച്ചടക്കുന്നതിനായി ചെലവാകുന്നുവെന്ന് എഫ്പിസി വിലയിരുത്തി. ഇത് സാമ്പത്തിക മാന്ദ്യകാലത്തിന് മുമ്പുള്ള ശരാശരിയാണെന്നും സമിതി മിനുറ്റ്‌സില്‍ രേഖപ്പെടുത്തി. യുകെയിലെ മൊത്തം മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വരുമാനത്തിന്റെ 7.6 ശതമാനം വരുമെന്നാണ് കണക്ക്. സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന 9 ശതമാനത്തിനേക്കാള്‍ കുറവാണ് ഈ നിരക്ക്. വരുമാനത്തിന്റെ 40 ശതമാനം വായ്പകള്‍ തിരിച്ചടക്കാനായി ഉപയോഗിക്കുന്ന കുടുംബങ്ങള്‍ 1.4 ശതമാനം വരും. പ്രതിസന്ധിക്കു മുമ്പ് 1.9 ശതമാനമായിരുന്നു ശരാശരി നിരക്ക്.
ഷോപ്പിംഗ് കാര്‍ഡുകളും ഡിസ്‌കൗണ്ട് ഓഫറുകളും ഉപയോഗപ്പെടുത്തി ബ്രിട്ടനിലെ ഉപഭോക്താക്കള്‍ വര്‍ഷത്തില്‍ ലാഭിക്കുന്നത് 10 ബില്യണ്‍ പൗണ്ട്. ശരാശരി 108 പൗണ്ടെന്ന കണക്കില്‍ ആകെ ഏതാണ്ട് 9.8 ബില്യണ്‍ പൗണ്ടിന്റെ ലാഭമാണ് വിവേകികളായ ഉപഭോക്താക്കള്‍ ഒരു വര്‍ഷത്തില്‍ ഉണ്ടാക്കുന്നത്. വര്‍ഷത്തില്‍ 120,000 പൗണ്ട് സമ്പാദിക്കുന്ന ബ്രിട്ടിഷ് ഉപഭോക്താവ് ഷോപ്പിംഗ് നടത്തുമ്പോള്‍ വിലപേശിയും ഡിസ്‌കൗണ്ട് വൗച്ചറുകള്‍ ഉപയോഗപ്പെടുത്തിയും ഏതാണ്ട് 408 പൗണ്ട് വരെ ലാഭിക്കുന്നതായി കണ്‍സ്യൂമര്‍ റിസര്‍ച്ച് വിവരങ്ങള്‍ വ്യക്തമാക്കുന്നു. 10000 മുതല്‍ 20000 വരെ വര്‍ഷത്തില്‍ വരുമാനം ലഭിക്കുന്ന തൊഴിലാളികള്‍ വര്‍ഷത്തില്‍ ഇത്തരത്തില്‍ ലാഭിക്കുന്ന തുക ഏതാണ്ട് 144 പൗണ്ടോളം വരും.
ആഴ്ച്ചയില്‍ ഒരിക്കല്‍ നടത്തുന്ന ഔട്ടിംഗിലാണ് ഇത്തരം വിവേകപൂര്‍ണമായ ഷോപ്പിംഗ് ഉപഭോക്താക്കള്‍ നടത്തുന്നത്. ആഴ്ച്ചയിലൊരിക്കല്‍ സന്ദര്‍ശിക്കുന്ന സ്പാ, മസാജ് അല്ലെങ്കില്‍ റെസ്റ്റോറന്റുകള്‍ ബില്ലുകള്‍ തുടങ്ങിയവയാണ് ഓഫറുകള്‍ ഉപയോഗപ്പെടുത്തുന്ന പ്രധാന മേഖലകള്‍. ഏതാണ്ട് 2000ത്തോളം ഉപഭോക്താക്കളിലാണ് കണ്‍സ്യൂമര്‍ സര്‍വ്വേ നടത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ വലിയൊരു ശതമാനവും ഇത്തരത്തില്‍ ലാഭമുണ്ടാക്കുന്നതായി സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 35 മുതല്‍ 54 വയസ്സുവരെയുള്ള ഉപഭോക്താക്കളാണ് വിലപേശി സാധനങ്ങള്‍ വാങ്ങിക്കുന്നതില്‍ ഏറ്റവു മിടുക്ക് കാണിക്കുന്ന ആളുകള്‍. ഈ പ്രായക്കാരില്‍ നടത്തിയ സര്‍വ്വേ ഫലങ്ങളില്‍ 91 ശതമാനം പേരും വില പേശി സാധനങ്ങള്‍ വാങ്ങിക്കുന്നവരാണ്. 18 മുതല്‍ 34 വയസ്സുവരെ പ്രായമുള്ളവരില്‍ 88 ശതമാനം പേരും 55 വയസ്സിന് മുകളില്‍ പ്രായമുള്ള 81 ശതമാനം പേരും വിലപേശുന്നവരാണ്.
ലണ്ടനില്‍ താമസിക്കുന്ന ആളുകള്‍ വര്‍ഷത്തില്‍ ഡിസ്‌കൗണ്ട് വൗച്ചറുകളിലൂടെ ലാഭിക്കുന്നത് 216 പൗണ്ടാണ്. ഷെഫീല്‍ഡിലെ ഉപഭോക്തൃ ലാഭം 204 പൗണ്ടും നോട്ടിംഗ്ഹാം, ലിവര്‍പൂള്‍, ലീഡ്‌സ്, ബ്രിസ്‌ടോള്‍ എന്നിവടങ്ങളിലെ ഉപഭോക്താക്കള്‍ 180 പൗണ്ടും ലാഭിക്കുന്നു. ഡിസ്‌കൗണ്ട് വൗച്ചറുകള്‍ക്ക് പ്രിയമേറിയ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് സൗത്ത് ഇഗ്ലണ്ടിലാണ്. ബ്രിസ്‌ടോളിലെ 93 ശതമാനം പേര്‍ക്കും ഡിസ്‌കൗണ്ട് വൗച്ചറുകള്‍ വിലപ്പെട്ടതാണ്. സിനിമാ കാണുന്നതിനായിട്ടാണ് ഇവിടുത്തെ 44 ശതമാനം പേരും ഡിസ്‌കൗണ്ട് വൗച്ചറുകള്‍ ഉപയോഗിക്കുന്നത്. ഓഫറുകള്‍ക്ക് പ്രിയമേറയുള്ള മറ്റൊരു നഗരം പ്ലൈമൗത്താണ്. ആഴ്ച്ചകളില്‍ നടത്തുന്ന ഫുഡ് ഷോപ്പിംഗിനായിട്ടാണ് ഇവര്‍ ഏറ്റവും കൂടുതല്‍ ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിക്കുന്നത്.
ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനി ചോര്‍ത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഡാറ്റ ചോര്‍ന്ന ഉപഭോക്താക്കള്‍ക്ക് ഫെയിസ്ബുക്ക് 12,500 പൗണ്ട് വീതം നഷ്ടപരിഹാരം നല്‍കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മീഡിയ സൈറ്റില്‍ ഉണ്ടായിരിക്കുന്ന ഡാറ്റ ബ്രീച്ചിന് ശേഷം ഡാറ്റകള്‍ ചോര്‍ന്ന അക്കൗണ്ട് ഉടമകള്‍ ഫെയിസ്ബുക്കിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നാണ് യുകെയിലെ മുന്‍നിര നിയമ വിദ്ഗദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്നാണ് സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഫെയിസ്ബുക്കിന് ഓഹരി വിപണിയില്‍ ഉള്‍പ്പെടെ വന്‍നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് ശേഷം ഇവ അമേരിക്കന്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കപ്പെട്ടുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഓരോ ഉപഭോക്താവിന്റെയും വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച് അയാള്‍ക്ക് അനുയോജ്യമായ പരസ്യങ്ങള്‍ നല്‍കി രാഷ്ട്രീയമായ സ്വാധീനിക്കുകയായിരുന്നു ഡാറ്റ ചോര്‍ത്തിയവരുടെ ലക്ഷ്യം. ഏതാണ്ട് 50 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ലോ പ്രൊഫസര്‍ ഡോ. മൗറീന്‍ മാപ് വ്യക്തമാക്കുന്നു. ഡാറ്റ ബ്രീച്ച് ക്ലേശമുണ്ടാക്കിയെന്ന അവകാശവാദമുന്നയിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്നും ഇതുവഴി ഒരോരുത്തര്‍ക്കും 12,500 പൗണ്ട് നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. ഇങ്ങനൊരു കോടതി വിധിയുണ്ടാവുകയാണെങ്കില്‍ 625 ബില്യന്‍ പൗണ്ട് ഫെയിസ്ബുക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. മിറര്‍ ന്യൂസ്‌പേപ്പര്‍ 5 ബ്രിട്ടിഷ് പൗരന്മാരുടെ ഫോണ്‍ ഹാക്ക് ചെയ്ത സംഭവുമായി ബന്ധപ്പെട്ട് 12,500 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ നേരത്തേ കോടതി വിധിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ക്ലേശമുണ്ടായി എന്ന ഒറ്റ കാരണത്താലാണ് വിധി.
ഒരോ ഫെയിസ്ബുക്ക് ഉപഭോക്താക്കളും അനുഭവിച്ചിരിക്കുന്ന ബുദ്ധമുട്ടിന്റെ തോതനുസരിച്ചായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. ഡാറ്റ ബ്രീച്ചിനെ തുടര്‍ന്ന് തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള ക്ലേശത്തെക്കുറിച്ച് വിവരിക്കാന്‍ കഴിയുന്ന ഫെയിസ്ബുക്ക് യൂസേര്‍സിന് 500 പൗണ്ട് വരെ ഫെയിസ്ബുക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായി വന്നേക്കാം. ഫെയിസ്ബുക്ക് യുകെ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടിന് കീഴില്‍ വരുന്നതാണെന്ന് അവകാശവാദം ഉന്നയിക്കുകയോ ഡാറ്റ ബ്രീച്ച് ഉപഭോക്താവ് എന്ന നിലയില്‍ ക്ലേശമുണ്ടാക്കിയതായി തെളിയിക്കുകയോ ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ബ്രിട്ടിഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക ഡാറ്റ ചോര്‍ത്തിയ സംഭവത്തില്‍ ഉപഭോക്താക്കളോട് മാപ്പ് അപേക്ഷിച്ച് ഫെയിസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്ത് വന്നിരുന്നു. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥനാണെന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫെയിസ്ബുക്ക് കമ്യൂണിറ്റിയെ വിശ്വാസത്തിലെടുക്കുന്നതില്‍ നന്ദി അറിയിക്കുകയും കൂടുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനില്‍ കൗണ്‍സില്‍ ടാക്‌സ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. പതിനാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ വര്‍ദ്ധന കൗണ്‍സില്‍ ടാക്‌സ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. അക്കൗണ്ടന്റ് ഗ്രൂപ്പായ സിപ്ഫ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്. 95 ശതമാനം കൗണ്‍സിലുകളും നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ടാക്‌സ് ബില്ലുകളില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് എന്ന തിങ്ക്ടാങ്ക് നടത്തിയ 2018 സ്‌റ്റേറ്റ് ഓഫ് ലോക്കല്‍ ഗവണ്‍മെന്റ് ഫിനാന്‍സ് റിസര്‍ച്ച് പറയന്നു.
ഈ സര്‍വേ അനുസരിച്ച് നിലവില്‍ നല്‍കിവരുന്ന കൗണ്‍സില്‍ ടാക്‌സിന്റെ 6 ശതമാനം അധികം തുക ഇനി മുതല്‍ നല്‍കേണ്ടി വരും. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്തിന്റെ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് അനുസരിച്ചായിരിക്കും നല്‍കേണ്ടി വരുന്ന തുക നിശ്ചയിക്കുന്നത്. ശരാശരി 2074 പൗണ്ടാണ് ഇ ബാന്‍ഡ് വീടുകളില്‍ നിന്ന് ഈടാക്കുന്ന കൗണ്‍സില്‍ ടാക്‌സ്. ഇത് 2198 പൗണ്ടായി ഉയരും. 124 പൗണ്ടിന്റെ വര്‍ദ്ധനയാണ് ഈ ബാന്‍ഡില്‍ വരുത്തിയിരിക്കുന്നത്. പ്രോപ്പര്‍ട്ടിയുടെ മൂല്യത്തിനനുസരിച്ചാണ് ടാക്‌സ് ബാന്‍ഡ് കണക്കാക്കുന്നത്.
തങ്ങളുടെ സാമ്പത്തിക സ്ഥിരതയേക്കുറിച്ചുള്ള ആശങ്കയിലാണ് രാജ്യത്തെ 80 ശതമാനം ലോക്കല്‍ കൗണ്‍സിലുകളെന്നും എല്‍ഐജിയു സര്‍വേ പറയുന്നു. മാലിന്യ സംസ്‌കരണം, സ്ട്രീറ്റ് ലൈറ്റിംഗ്, സ്‌കൂളുകളുടെ നടത്തിപ്പ് മുതലായ സേവനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് ലോക്കല്‍ ഗവണ്‍മെന്റുകള്‍ കൗണ്‍സില്‍ ടാക്‌സ് ഈടാക്കുന്നത്. ഇത്തരത്തിലുള്ള സേവനങ്ങള്‍ ഒരുമിച്ച് നടത്തണമെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ട സ്ഥിതിയിലാണ് കൗണ്‍സിലുകള്‍. ഇപ്പോള്‍ അവ പ്രതിസന്ധിയിലാണെന്ന് സര്‍വേ പറയുന്നു. ടാക്‌സ് നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടു മാത്രമേ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ അവയ്ക്ക് സാധിക്കുകയുള്ളുവെന്നും എല്‍ഐജിയു പറയുന്നു.
തൊഴിലിടങ്ങളില്‍ ബ്രിട്ടീഷുകാരേക്കാള്‍ മികവ് പ്രകടിപ്പിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ഗവണ്‍മെന്റിന്റെ മൈഗ്രേഷന്‍ അഡ്വൈസര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് കുടിയേറ്റത്തില്‍ വരുത്താനിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ബ്രിട്ടീഷ് തൊഴിലുടമകള്‍ക്ക് ആശങ്കയുണ്ടെന്ന് ഹോംഓഫീസിന്റെ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. ബിസിനസുകളില്‍ ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതം ഏതുവിധത്തിലായിരിക്കുമെന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
തൊഴിലിടങ്ങളില്‍ വിദഗ്ദ്ധരായ തൊഴിലാളികളുടെ കുറവ് നിയന്ത്രണങ്ങള്‍ മൂലമുണ്ടാകുമെന്നും മികച്ച തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കാതെ വരുമെന്നും ബിസിനസ് ഉടമകള്‍ ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ തൊഴിലുടമകളുടെ അവകാശവാദം സാഹചര്യങ്ങളെ പെരുപ്പിച്ചു കാണിക്കുന്നതാണെന്നും നല്ല ശമ്പളം നല്‍കിയാല്‍ ഇത്തരം ഒഴിവുകളിലേക്ക് ബ്രിട്ടീഷുകാരെത്തന്നെ നിയമിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് വിലിയിരുത്തുന്നുണ്ട്. തൊഴിലുടമകളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും കുടിയേറ്റത്തില്‍ വരുത്താനിരിക്കുന്ന നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന വ്യവസായികളുടെ ആവശ്യത്തിന് ഈ റിപ്പോര്‍ട്ട് ശക്തി പകരുമെന്നാണ് കരുതുന്നത്.
ബ്രിട്ടീഷുകാരേക്കാള്‍ യൂറോപ്യന്‍ പൗരന്‍മാര്‍ കഠിനാദ്ധ്വാനികളാണെന്നാണ് തൊഴിലുടമകള്‍ പറയുന്നത്. ഈ വാദത്തിനും റിപ്പോര്‍ട്ട് പിന്തുണ നല്‍കും. ജോലിക്ക് ഹാജരാകാതിരിക്കുന്നതിന്റെ നിരക്കും യൂറോപ്യന്‍ ജീവനക്കാര്‍ക്കിടയില്‍ കുറവാണ്. ലോ-സ്‌കില്‍ ജോലികളില്‍ പോലും ബ്രിട്ടീഷ് ജീവനക്കാര്‍ എടുക്കുന്നതിന്റെ 40 ശതമാനം അവധി മാത്രമേ ഈസ്റ്റ് യൂറോപ്പില്‍ നിന്നുള്ള ജീവനക്കാര്‍ എടുക്കാറുള്ളുവെന്നും പഠനം പറയുന്നു.
മനുഷ്യ ശരീരത്തില്‍ ഒളിച്ചിരുന്ന ഒരു അവയവം കൂടി ശാസ്ത്രത്തിന്റെ ദൃശ്യപരിധിയില്‍. ത്വക്കിനടിയിലും ശ്വാസകോശങ്ങള്‍ക്കും കുടലുകള്‍ക്കും രക്തക്കുഴലുകള്‍ക്കും മുകളിലായി ആവരണം പോലെ കാണപ്പെടുന്ന ശരീരകലകളുടെ ലെയറായ ഇന്റര്‍സ്റ്റീഷ്യത്തിനാണ് ഇപ്പോള്‍ അവയവം എന്ന പദവി കൈവന്നിരിക്കുന്നത്. കട്ടിയുള്ള പരസ്പര ബന്ധിതമായ ഈ ടിഷ്യൂകള്‍ ദ്രാവകത്താല്‍ നിറഞ്ഞ കമ്പാര്‍ട്ട്‌മെന്റുകളുടെ ശൃംഖലയാണ്. ശക്തവും വഴങ്ങുന്നതുമായ പ്രോട്ടീനുകളാണ് ഇവയുടെ നിലനില്‍പ്പിനെ സഹായിക്കുന്നത്. ഈ കലകളേക്കുറിച്ച് നേരത്തേ തന്നെ അറിവുള്ളതാണെങ്കിലും ഒരു അവയവമെന്ന പരിഗണന നല്‍കിയതിലൂടെ ഇതിന്റെ പ്രവര്‍ത്തനത്തേക്കുറിച്ച് കൂടുതല്‍ പഠനം നടത്താനാണ് ശാസ്ത്രം ശ്രമിക്കുന്നത്.
ശരീരം ആകമാനം പടര്‍ന്നു കിടക്കുന്നതിനാല്‍ ഏറ്റവും വലിയ അവയവങ്ങളിലൊന്നായി വേണമെങ്കിലും ഇതിനെ കണക്കാക്കാം. എങ്കിലും ഇത്രയും കാലം ശാസ്ത്രം ഇതിന് കാര്യമായ ശ്രദ്ധ കൊടുത്തിരുന്നില്ല. ഇന്റര്‍സ്റ്റീഷ്യം ശരീരാവയവങ്ങള്‍ക്ക് ഒരു ഷോക്ക് അബ്‌സോര്‍ബറായി പ്രവര്‍ത്തിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. മൗണ്ട് സിനായി ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ഡോ.ഡേവിഡ് കാര്‍ ലോക്ക്, ഡോ.പെട്രോസ് ബെനിയാസ് എന്നിവരുടെ നിരീക്ഷണമാണ് ഇന്റര്‍സ്റ്റീഷ്യത്തിന് അവയവത്തിന്റെ പദവി നല്‍കിയത്. ഒരു രോഗിയുടെ പിത്തനാളിയില്‍ അര്‍ബുദമുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെ മുമ്പ് മനുഷ്യശരീരത്തിന്റെ അനാട്ടമിയില്‍ കാണാത്ത വിധത്തിലുള്ള ദ്വാരങ്ങള്‍ ഇവര്‍ ശ്രദ്ധിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പാത്തോളജിസ്റ്റ് ഡോ.നീല്‍ തെയ്‌സുമായി ഇക്കാര്യം ഇവര്‍ ചര്‍ച്ച ചെയ്തു.
അപ്പോഴാണ് ശരീരാവയങ്ങളും കലകളും പരിശോധിക്കുന്ന പരമ്പരാഗത രീതി ഈ അവയവങ്ങളെ കണ്‍മുന്നില്‍ നിന്ന് മറച്ചുപിടിച്ചിരിക്കുകയായിരുന്നെന്ന് വ്യക്തമാത്. മെഡിക്കല്‍ മൈക്രോസ്‌കോപ്പ് സ്ലൈഡുകള്‍ തയ്യാറാക്കുമ്പോള്‍ അവയവങ്ങളില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം മുഴുവനായി ഊറ്റിക്കളയും. ദ്രാവകത്താല്‍ നിറഞ്ഞ ഘടനയായതിനാല്‍ ഇന്റര്‍സ്റ്റീഷ്യം ഇതേവരെ കാര്യമായ ശ്രദ്ധ നേടുകയും ചെയ്തിരുന്നില്ല. ആന്തരികാവയങ്ങളെയെല്ലാം പൊതിഞ്ഞ് ഈ കലകളുടെ സാന്നിദ്ധ്യമുണ്ടെന്നും വ്യക്തമായി. മറ്റു ചില രോഗികളുടെ ബയോപ്‌സി സ്ലൈഡുകളും കൂടി പരിശോധിച്ച് ഇന്റര്‍സ്റ്റീഷ്യത്തിന്റെ അനാട്ടമി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ക്യാന്‍സര്‍ ചികിത്സയിലാണ് ഈ കണ്ടുപിടിത്തത്തിന് വളരെയേറെ പ്രാധാന്യമുള്ളത്. അവയവങ്ങളെ സംരക്ഷിക്കുന്ന കുഷ്യന്‍ എന്നതിനൊപ്പം തന്നെ ട്യൂമറുകളില്‍ നിന്ന് അര്‍ബുദകോശങ്ങള്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഇന്റര്‍സ്റ്റീഷ്യം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പരസ്പരം ബന്ധിതമായിക്കിടക്കുന്ന, ദ്രാവകത്താല്‍ നിറഞ്ഞ ഈ അവയവം ക്യാന്‍സര്‍ കോശങ്ങളുടെ സഞ്ചാരപാതയാണെന്ന് വ്യക്തമായതിനാല്‍ ഈ മാരകരോഗം ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നത് തടയാനുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമിടാനും ശാസ്ത്രത്തിന് കഴിയും.
ലണ്ടന്‍: കുട്ടികളെ ബാധിക്കുന്ന സ്‌കാര്‍ലെറ്റ് ഫീവര്‍ ബ്രിട്ടനില്‍ ശക്തിപ്രാപിക്കുന്നു. രോഗബാധിതരുടെ എണ്ണം അരനൂറ്റാണ്ടിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 11,981 കുട്ടികള്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചു. അതിനു മുമ്പുള്ള അഞ്ചു വര്‍ഷങ്ങളില്‍ 4480 പേര്‍ക്ക് മാത്രമായിരുന്നു ഈ രോഗം ബാധിച്ചതായി കണ്ടെത്തിയത്. കുട്ടികള്‍ക്ക് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ജിപിയെ സമീപിക്കണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള റാഷുകള്‍ ശരീരത്ത് പ്രത്യക്ഷപ്പെടുക, ചുമ, തലവേദന, പനി മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
പത്ത് വയസിനു താഴെ പ്രായമുള്ളവരാണ് ഈ രോഗം ബാധിച്ച 89 ശതമാനം പേരും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ രോഗം പടര്‍ന്ന നിരക്കിന്റെ സമീപത്തൊന്നും ഇപ്പോഴത്തെ നിരക്കുകള്‍ എത്തുന്നില്ലെങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വ്യാപ്തി ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ഡോ.തെരേസ ലാമാഗ്നി പറഞ്ഞു. ഒരിക്കല്‍ മാരകമായിരുന്ന ഈ രോഗം ഇപ്പോള്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതായി മാറിയിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. 1967ലായിരുന്നു ഇതിനു മുമ്പ് ഈ രോഗം കൂടുതലായി പടര്‍ന്നു പിടിച്ചത്. 19,305 പേര്‍ക്ക് ആ വര്‍ഷം രോഗം ബാധിച്ചു.
രോഗബാധിതര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ പടരുന്ന രോഗാണുക്കളാണ് രോഗം പരത്തുന്നത്. 2014 മുതല്‍ സ്‌കാര്‍ലെറ്റ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇതിന് കാരണമെന്താണെന്നത് വ്യക്തമായിട്ടില്ലെങ്കിലും മോശം ജീവിത നിലവാരവും അനാരോഗ്യകരമായ ചുറ്റുപാടുകളുമായിരിക്കാം കാരണമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു.
മെയ് മാസത്തിലെ കാലാവസ്ഥ ഓഗസ്റ്റ് മാസത്തിലേതിന് തുല്യമായിരിക്കുമെന്ന് പ്രവചനം. മെയ് മാസത്തില്‍ 194 മണിക്കൂറോളം സൂര്യ പ്രകാശം ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം ബ്രിട്ടനില്‍ അനുഭവപ്പെട്ട അതിശൈത്യത്തില്‍ നിന്നും ശീതക്കാറ്റില്‍ നിന്നും മോചനം കൂടിയായിരിക്കും പുതിയ കാലാവസ്ഥാ മാറ്റങ്ങള്‍. 19 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് മുകളില്‍ താപനില ഉയരുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 60 ദിവസത്തോളം ചൂടുള്ള കാലാവസ്ഥ തുടരുകയും ചെയ്യും. കാലാവസ്ഥയുടെ ക്രമത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. മെയില്‍ 16 ശതമാനം മഴ ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഓഗസ്റ്റില്‍ ഇതിന് 8 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകും.
കടുത്ത ശൈത്യകാലത്തിന്റെ ആലസ്യത്തിനു ശേഷം ബീച്ചുകളിലേക്ക് ആളുകള്‍ അവധിയാഘോഷത്തിന് എത്തുന്ന സമയമാണ് മെയ്. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മാസം കൂടിയാണ് ഇത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ബീച്ചുകളിലെ ആഘോഷങ്ങളും അവധിക്കാല യാത്രകളും നേരത്തെ ആസൂത്രണം ചെയ്തില്ലെങ്കില്‍ നിരാശപ്പെടേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ 40 വര്‍ഷത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മെയ് മാസത്തിലെ ശരാശരി സണ്‍ഷൈന്‍ മണിക്കൂറുകള്‍ 194 ആണെന്ന് മനസ്സിലാക്കാം. ജൂലൈയില്‍ 183ഉം ജൂണില്‍ 180ഉം ഓഗസ്റ്റില്‍ 172മാണ് ശരാശരി സണ്‍ഷൈന്‍ മണിക്കൂറുകള്‍. ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ആ സമയത്ത് സണ്‍ഷൈന്‍ കുറയുകയും ചെയ്യും.
മെയില്‍ ലഭിക്കുന്ന മഴയുടെ അളവ് 54 മില്ലി മീറ്ററാണ്. ജൂലൈയില്‍ 58ഉം ജൂണില്‍ 60ഉം ഓഗസ്റ്റില്‍ 67 മില്ലി മീറ്ററും ശരാശരി മഴ ലഭിക്കും. വരുന്ന ഏപ്രില്‍ 16 മുതല്‍ ബ്രിട്ടനില്‍ അനൗദ്യോഗിക സമ്മറിന് തുടക്കമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മെയ് മാസത്തില്‍ പരമാവധി വെയില്‍ കായാനുള്ള ശ്രമം നാം നടത്തേണ്ടതുണ്ടെന്നും വരുന്ന രണ്ട് ബാങ്ക് അവധി ദിനങ്ങളും ബാര്‍ബിക്യൂ ദിനങ്ങളായി ഉപയോഗപ്പെടുത്താമെന്നും കാലാവസ്ഥാ നിരീക്ഷകനായ സിയാന്‍ ലോയിഡ് പറഞ്ഞു. ഞങ്ങള്‍ നടത്തിയ പഠനത്തില്‍ മെയ് മാസം കൂടുതല്‍ വരണ്ടതും ചൂടുള്ളതുമായിരിക്കുമെന്നും ഓഗസ്റ്റ് മാസത്തില്‍ സാധാരണഗതിയില്‍ ലഭിക്കുന്ന സൂര്യ പ്രകാശം ലഭിച്ചുകൊള്ളണമെന്നില്ലെന്നും കാലാവസ്ഥാ വിദഗ്ദ്ധന്‍ ജിം ബാകോണ്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക്
സ്വന്തം കുട്ടികളെ പഠിപ്പിച്ച് ഡോക്ടറോ അതല്ലെങ്കിൽ മറ്റേതെങ്കിലും ഉന്നത പദവിയിലോ എത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവാറും മലയാളികൾ. എന്നാൽ എല്ലാ കുട്ടികൾക്കും അതിനുള്ള അവസരങ്ങൾ കിട്ടിയെന്നു വരില്ല. അതല്ലെങ്കിൽ അതിനുള്ള യോഗ്യത നേടിയെടുക്കാൻ എല്ലാ കുട്ടികൾക്കും കഴിയണമെന്നുമില്ല. കുട്ടികളുടെ അഭിരുചി ചിലപ്പോൾ മറ്റു വിഷയങ്ങളിലാകാം. തിയറിയെക്കാൾ പ്രാക്ടിക്കലായ ജോലികളോടാണ് പല കുട്ടികൾക്കും താത്പര്യം. ടെക്നിക്കൽ ഫീൽഡുകളിൽ എന്നും ധാരാളം വേക്കൻസികൾ യുകെയിലുണ്ട്. റിട്ടയർ ചെയ്യുന്നവരുടെ എണ്ണത്തിനനുസരിച്ച് പുതിയ ട്രെയിനികൾ ടെക്നിക്കൽ സെക്ടറിൽ വരുന്നില്ല എന്നതാണ് സ്ഥിതി. നല്ല രീതിയിൽ എക്സ്പീരിയൻസ് ആയിക്കഴിഞ്ഞാൽ 20,000 മുതൽ 60,000 വരെ പൗണ്ട് വർഷം നേടാൻ ഈ സെക്ടറിലെ സാധാരണ ജോലികൾ ട്രെയിനികളെ പ്രാപ്തരാക്കുന്നു. അപ്രന്റീസ്ഷിപ്പ് സ്കീമുകൾ വഴിയാണ് ഇതിനുള്ള അവസരം ലഭിക്കുക.
നെറ്റ്‌വര്‍ക്ക് റെയിലില്‍ 150 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഏതു കോണില്‍ നിന്നും പുതിയ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ട്രെയിനിംഗ് പ്രോഗ്രാമിലേക്കാണ് പുതിയ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ നെറ്റ്‌വര്‍ക്ക് റെയില്‍ ട്രെയിനിംഗ് ഫസിലിറ്റിയില്‍ 21 ആഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.
നെറ്റ്‌വര്‍ക്ക് റെയില്‍ ട്രെയിനിംഗ് ഫസിലിറ്റി സ്ഥിതി ചെയ്യുന്നത് വെസ്റ്റ്‌വുഡിലാണ്. പരിശീലനത്തിനു ശേഷം ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള ഡിപ്പോയില്‍ നിയമനം ലഭിക്കും. ട്രെയിനികള്‍ക്ക് ഇലക്ട്രിഫിക്കേഷന്‍, പ്ലാന്റ്, ഓവര്‍ഹെഡ് ലൈനുകള്‍, സിഗ്നലിംഗ്, ടെലികമ്യൂണിക്കേഷന്‍, ട്രാക്ക് അല്ലെങ്കില്‍ ഓഫ് ട്രാക്ക് എന്നിവയില്‍ പ്രത്യേക പരിശീലനം ഇക്കാലയളവില്‍ ലഭിക്കും. വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഒരോരുത്തരും തെരഞ്ഞെടുത്ത വിഷയങ്ങളില്‍ വിദഗ്ദ്ധ പരിശീലനമായിരിക്കും ഈ ഘട്ടത്തില്‍ ലഭിക്കുക.
അപ്രന്റീസ്ഷിപ്പിന്റെ ആദ്യ വര്‍ഷം 9,479 പൗണ്ടായിരിക്കും ലഭിക്കുക. ഇതുകൂടാതെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1265 പൗണ്ടും ലഭിക്കും. 21 ആഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ താമസവും മൂന്ന് നേരമുള്ള ഭക്ഷണവും സൗജന്യമായിരിക്കും. കൂടാതെ ജോലി ചെയ്യുന്ന സമയത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളും സുരക്ഷ ഉപകരണങ്ങളും സൗജന്യമായി നല്‍കും. അപ്രന്റീസ്ഷിപ്പിന്റെ രണ്ടാമത്തെ വര്‍ഷം ഉദ്യോഗാര്‍ത്ഥിയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലാിരിക്കും വേതനം നിശ്ചയിക്കുക. 18 മുതല്‍ 20 വരെ പ്രായമുള്ളവര്‍ക്ക് 12,525 പൗണ്ടും 21 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്ക് 13,431 പൗണ്ടും 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 14,250 പൗണ്ടുമാണ് ലഭിക്കുക. അഡ്വാന്‍സ്ഡ് അപ്രന്‍ഡിഷിപ്പിന്റെ മൂന്നാം വര്‍ഷം ട്രെയിനികള്‍ക്ക് 14,925 പൗണ്ട് ലഭിക്കും.
ഈ വര്‍ഷം സെപ്റ്റബര്‍ 29ഓടെ 18 വയസ്സ് തികയുന്ന ആര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. ജിസിഎസ്ഇ പരീക്ഷയില്‍ മാത്സ്, ഇംഗ്ലീഷ്, സയന്‍സ് അല്ലെങ്കില്‍ എഞ്ചിനിയറിംഗ് തുടങ്ങി നാല് വിഷയങ്ങളില്‍ എ സ്റ്റാര്‍ മുതല്‍ സി ഗ്രേഡ് വരെ കരസ്ഥമാക്കിയവര്‍ക്ക് അപേക്ഷിക്കാം. 20,000 മൈല്‍ ദൂരമുള്ള റെയില്‍ വേ ട്രാക്കുകളുടെയും 40,000 ത്തോളം പാലങ്ങളുടെയുംം വയാഡക്ടുകളുടെയും സിഗ്നലുകളുടെയും ലെവല്‍ ക്രോസുകളുടെയും മേല്‍നോട്ടം നെറ്റ്‌വര്‍ക്ക് റെയിലിനാണ്.
2018 സെപ്റ്റബര്‍ 29 മുതലാണ് അപ്രന്റീസ്ഷിപ്പ് ആരംഭിക്കുക. അപേക്ഷര്‍ എല്ലാവരും പ്രസ്തുത സമയത്ത് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നവരായിരിക്കണം. ആദ്യത്തെ 21 ആഴ്ച്ചകളിലെ ട്രെയിനിംഗ് സമയത്ത് അവധി ദിനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും കമ്പനി പ്രസിദ്ധികരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
അപ്രന്റീസ്ഷിപ്പിനായി അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വില റോയല്‍ മെയില്‍ വര്‍ദ്ധിപ്പിച്ചു. ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വിലയില്‍ 2പെന്‍സ് മുതല്‍ 3 പെന്‍സ് വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള തപാല്‍ സേവനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിരക്ക് വര്‍ദ്ധനവെന്ന് റോയല്‍ മെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
സൂക്ഷ്മ വിശകലനത്തിന് ശേഷമാണ് പുതിയ നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഉപഭോക്താക്കളെ വലിയ രൂപത്തില്‍ ബാധിക്കാത്ത വിധത്തിലാണ് വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നതെന്നും റോയല്‍ മെയില്‍ പറഞ്ഞു. പുതുക്കിയ സ്റ്റാമ്പ് നിരക്കുകള്‍ മാര്‍ച്ച് 26ഓടെ നിലവില്‍ വരും.
യുറോപ്പിലെ മറ്റേതു തപാല്‍ സര്‍വ്വീസുകള്‍ നല്‍കുന്ന സ്റ്റാമ്പുകളേക്കാളും റോയല്‍ മെയില്‍ സ്റ്റാമ്പുകള്‍ക്കാണ് മൂല്യം കൂടുതലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. കൂടാതെ യൂറോപ്പിലെ ഏറ്റവും മികച്ചു നില്‍ക്കുന്ന തപാല്‍ സര്‍വ്വീസുകളിലൊന്നാണ് യുകെയ്ക്ക് സ്വന്തമായുള്ളതെന്നും റോയല്‍ മെയില്‍ കൂട്ടിച്ചേര്‍ത്തു. 2006നു ശേഷം ഫസ്റ്റ് ക്ലാസ് സ്റ്റാമ്പുകളുടെ വില ഏതാണ്ട് ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്.
പുതുക്കിയ നിരക്കുകള്‍
ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 2 മുതല്‍ 67 പെന്‍സ് വരെ
സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 2 മുതല്‍ 58 പെന്‍സ് വരെ
ലാര്‍ജ് ലെറ്റര്‍ ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 3 മുതല്‍ 101 പെന്‍സ് വരെ
ലാര്‍ജ് ലെറ്റര്‍ സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 3 മുതല്‍ 79 പെന്‍സ് വരെ