ചെറുപ്പകാലത്ത് ക്രിസ്മസ് അപ്പൂപ്പനാണ് കുട്ടികള്‍ക്ക് ക്രിസ്മസ്. ആഘോഷങ്ങള്‍ക്കും ദൈവികമായ ചരിത്രത്തിനും അപ്പുറം കുട്ടികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന സമ്മാനങ്ങളും സാന്റയുടെ സന്ദര്‍ശനവുമെല്ലാമാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം ക്രിസ്മസ്. സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്മസ് അപ്പൂപ്പന്‍ ഇല്ലെന്ന് കുട്ടികളോട് ആരെങ്കിലും പറഞ്ഞാല്‍ സ്വഭാവികമായും കണ്ണീരണഞ്ഞായിരിക്കും അവര്‍ പ്രതികരിക്കുക. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ലിങ്കണ്‍ഷെയറിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്നത്. ഒരു ക്രിസ്ത്യന്‍ ചാരിറ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഒരു വളണ്ടിയര്‍ ക്രിസ്മസ് സാന്റ യഥാര്‍ത്ഥത്തില്‍ കെട്ടുകഥയാണെന്ന് കുട്ടികളോട് പറയുന്നത്. സംഭവം കേട്ടയുടന്‍ തന്നെ വിശ്വസിക്കാനാവാതെ സങ്കടപ്പെടുകയാണ് കുട്ടികള്‍ ചെയ്തത്. പലരും വീണ്ടും ആവര്‍ത്തിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തു.

ക്രിസ്മസിന് പിന്നിലെ ഐത്യഹ്യവും യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ചരിത്രവും വിശദീകരിക്കുന്നതിനിടെയിലാണ് ഒരു വളണ്ടിയര്‍ ക്രിസ്മസ് അപ്പൂപ്പന്‍ യഥാര്‍ത്ഥമല്ലെന്ന് കുട്ടികളോട് പറഞ്ഞത്. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളായതിനാല്‍ തങ്ങളുടെ പ്രിയങ്കരനായ സാന്റ ഇല്ലെന്ന് അറിഞ്ഞത് വലിയ ഞെട്ടലുളവാക്കി. പലരും അതീവ ദുഃഖിതരായിട്ടാണ് വീടുകളിലേക്ക് മടങ്ങിയത്. യേശുവുമായി ബന്ധപ്പെട്ടതാണ് ക്രിസ്മസ് അല്ലാതെ സാന്റയുടേതല്ലെന്ന് കുട്ടികളെ മനസിലാകാനായിരുന്നു ക്രിസ്ത്യന്‍ ചാരിറ്റി പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ ഇത് വിപരീത ഫലമാണ് ഉണ്ടാക്കിയത്.

തന്റെ കുട്ടി വീട്ടിലേക്ക് തിരികെയത്തിയത് കണ്ണീരണഞ്ഞാണെന്ന് ഒരു മാതാവ് പ്രതികരിച്ചു. കാര്യം അന്വേഷിച്ചപ്പോയാണ് സാന്റയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നിന്ന് കേട്ട കഥയാണ് സങ്കടത്തിന് പിന്നലെന്ന് മനസിലായതെന്നും അവര്‍ പ്രതികരിച്ചു. സാന്റയുടേത് ഒരുകഥ മാത്രമാണെന്ന് ഉറപ്പിക്കാന്‍ കുട്ടികളോട് ചാരിറ്റി പ്രവര്‍ത്തകര്‍ സാന്റയുടെ ചോക്ലേറ്റ് പ്രതിമ ഉടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചോക്ലേറ്റ് സാന്റ വീട്ടിലേക്ക് കൊണ്ടുപോയി ഉടയ്ക്കാനും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തന്റെ കുട്ടി വീട്ടിലെത്തി ചോക്ലേറ്റ് സാന്റയെ ഉടച്ചതിന് ശേഷം അതിന് പിന്നിലെ കഥ പറഞ്ഞതായി മറ്റൊരു മാതാവ് പറയുന്നു. തനിക്ക് വളരെ അസ്വസ്ഥമായിട്ടാണ് കുട്ടിയുടെ മാറ്റത്തെ കാണാന്‍ കഴിഞ്ഞതെന്ന് ഇവര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചാരിറ്റി ഗ്രൂപ്പിനോട് വിശദീകരണം ചോദിക്കുമെന്നും സ്‌കൂള്‍ ഹെഡ് ടീച്ചര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രിസ്തു കഴിഞ്ഞാല്‍ ദൈവമാതാവിനെ നമ്മള്‍ വണങ്ങും. മാതാവിനെ അംഗീകരിക്കാത്തവരുമായി നമുക്കൊരു ബന്ധവുമില്ല. ആള്‍ക്കാര് മോശമായിട്ടല്ല. ബൈബിള്‍ പാരമ്പര്യത്തിത് വിരുദ്ധമാണ് ഇത്. കാപ്പിപ്പൊടിയച്ചന്‍ എന്ന് കേരള കത്തോലിക്കാ സമൂഹം ഒന്നടങ്കം വിശേഷിപ്പിക്കുന്ന ഫാ. ജോസഫ് പുത്തന്‍പുരയയ്ക്കലിന്റെ ഈ പ്രസംഗം വീണ്ടും പെന്തക്കൊസ്തുകാര്‍ക്കിടയില്‍ ആശയക്കുഴപ്പമായി.. പേട്ടു പാസ്റ്ററുമാരെ നോക്കി സുവിശേഷം പറഞ്ഞു പോകാന്‍ നമുക്ക് പറ്റില്ല. അന്തസ്സുള്ള പാരമ്പര്യം നമ്മുടെ സഭയ്ക്കുണ്ട്. അതിനപ്പുറം നമുക്ക് പോകാനും പറ്റില്ല. തങ്കുവിനും സ്വര്‍ഗ്ഗീയ വിരുന്നുകാരനും പാരമ്പര്യമില്ല. മെത്രാന്റെ വണ്ടിക്കും പള്ളി മുറിക്കും കമന്റ് പറഞ്ഞവന്റെ വീട് മുപ്പത്തിമൂന്ന് കോടി മുപ്പത്തി രണ്ട് ലക്ഷം രൂപതയുടേത്. വളരെ ശക്തമായ ഭാഷയിലായിരുന്നു അച്ചന്റെ പ്രസംഗം.
പെന്തക്കൊസ്താക്കാരേ പേപ്പട്ടിയെപ്പോലെ നേരിടണം എന്ന ഫാ. പുത്തന്‍പുരയ്ക്കലിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെന്തെക്കൊസ്താ വിശ്വാസികള്‍ അതിനെതിരായി ശക്തമായി മുന്നോട്ടുവന്നിരുന്നു. എങ്കിലും ഫലമുണ്ടായില്ല. അതിനു പിന്നാലെയാണ് അച്ചന്റെ രണ്ടാമത്തെ പ്രസംഗം. ഇക്കുറിയും അച്ചന്റെ പ്രസംഗത്തിനെതിരായി നിരവധി പാസ്റ്ററുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അച്ചന്റെ പ്രസംഗം വീണ്ടും വൈയറലാവുകയാണ്. വീഡിയോ കാണുക.
[ot-video][/ot-video]
ലണ്ടന്‍: എന്‍.എച്ച്.എസ് ജീവനക്കാര്‍ വംശീയാധിക്ഷേപങ്ങള്‍ ഇരകളാകേണ്ടി വരുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. പ്രൊഫസര്‍ ഡന്‍കാന്‍ ലൂയിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഏതാണ്ട് 1500 ഓളം എന്‍.എച്ച്.എസ് ജീവനക്കാരില്‍ നടത്തിയ സര്‍വ്വേയില്‍ ഭൂരിഭാഗം പേരും വംശീയാധിക്ഷേപത്തിനും മാനസിക പീഢനത്തിനും ഇരയായതായി വ്യക്തമാകുന്നു. യു.കെയുടെ പൊതു ആരോഗ്യ രംഗത്ത് നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്ന് പ്രൊഫ. ലൂയീസ് വ്യക്തമാക്കുന്നു. ഇത്തരം പ്രവണതകള്‍ എന്ത് വിലകൊടുത്തും തടയണം. ആശുപത്രികളില്‍ മാനസിക പീഡനം അനുഭവിക്കുന്നവരുടെ എണ്ണം വളരെക്കൂടുതലാണെന്ന് ലൂയിസ് പറയുന്നു

ജീവനക്കാരുടെ ഇടയില്‍ ഇത്തരം പ്രവൃത്തികള്‍ വര്‍ധിച്ചു വരുന്നത് ആശങ്കജനകമാണെന്നും ലൂയിസ് ചൂണ്ടിക്കാണിച്ചു. സമീപകാലത്ത് മാനസിക പീഡന സഹിക്ക വയ്യാതെ ആത്മഹത്യ ശ്രമങ്ങള്‍ വരെയുണ്ടായതായി റിപ്പോര്‍ട്ടില്‍ പ്രൊഫ. ലൂയിസ് പറയുന്നു. പോര്‍ട്‌സ്മൗത്തിലെ ക്വീന്‍ അലക്‌സാണ്ടര്‍ ഹോസ്പിറ്റല്‍ ജീവനക്കാരനാണ് തനിക്ക് നേരിട്ട അപമാനത്തില്‍ മനംനൊന്ത് ആത്മഹത്യ ശ്രമം നടത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റാനായിരുന്നു ശ്രമം നടത്തിയത്. എന്നാല്‍ അശുഭകരമായി ഒന്നും സംഭവിക്കാതെ ജീവനക്കാരന്‍ രക്ഷപ്പെടുകയായിരുന്നു. ജീവനക്കാര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് വംശീയ അധിക്ഷേപത്തിലേക്കും ഭീഷണിയിലേക്കും വഴിമാറുന്നത്. ഇത് പിന്നീട് വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന രീതിയിലേക്ക് ആശുപത്രിയിലെ ജോലി മാറുന്നത് ഭൂരിഭാഗം ജീവനക്കാരെയും ആശങ്കയിലാഴ്ത്തുകയാണ്. ജോലി ഉപേക്ഷിച്ച് പോകാന്‍ ചിലരെ ഇത് നിര്‍ബന്ധിതരാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇത്തരം വംശീയവും മാനസികവുമായി അധിക്ഷേപങ്ങളോട് പെരുത്തപ്പെട്ട് പോകുന്നതായും ചിലര്‍ പ്രതികരിച്ചു. സ്ഥിര സംഭവങ്ങളായി ഇവ മാറിയെന്നും മാനസിക ബുദ്ധിമുട്ടുകള്‍ സ്ഥിരിത കൈവരിച്ചെന്നുമായിരുന്നു ചിലരുടെ പ്രതികരണം. ഇവ നേരിടാനായി 15 നിര്‍ദേശങ്ങള്‍ പ്രൊഫ. ലൂയിസ് സമര്‍പ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിസം, ഫാവറേറ്റിസം തുടങ്ങിയവ ഇല്ലാതാക്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കുടിയേറ്റ ജനതയെക്കുറിച്ച് നല്ല അഭിപ്രായം സൂക്ഷിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ കുടിയേറ്റ ജനതയ്ക്ക് അനിവാര്യമായ പങ്കുണ്ടെന്നും സാമ്പത്തിക മേഖലയ്ക്ക് കുടിയേറ്റക്കാര്‍ ഗുണം ചെയ്യുന്നുവെന്നുമാണ് സര്‍വ്വേയില്‍ മിക്കവരും അഭിപ്രായപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2017 ന്റെ പകുതിയോടെ ആരംഭിച്ച സര്‍വ്വേ ഏതാണ്ട് അമ്പതിനായിരത്തിലധികം പേരില്‍ നിന്ന് വിവരം ശേഖരണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 47 ശതമാനം ആളുകള്‍ കുടിയേറ്റക്കാര്‍ യു.കെയുടെ സാമ്പത്തിക ചുറ്റുപാടിന് ഗുണം ചെയ്യുന്നതായി വ്യക്തമാക്കുന്നു.

കൂടാതെ 43 ശതമാനം ആളുകള്‍ കുടിയേറ്റക്കാര്‍ യു.കയുടെ സാംസ്‌കാരിക രംഗത്ത് ഗുണപ്രദമാണെന്നും പ്രതികരിച്ചു. കുടിയേറ്റ ജനതയെപ്പറ്റി ഇത്തരമൊരു പോസീറ്റീവ് അഭിപ്രായം രേഖപ്പെടുത്തിയ സര്‍വ്വേ ആദ്യമായിട്ടാണ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആളുകളുടെ അഭിപ്രായത്തിന് സമാന പ്രതികരണമാണ് സ്‌കോട്ട്‌ലണ്ടിലെയും ജനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 46 ശതമാനം പേര്‍ കുടിയേറ്റ ജനത സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നതായി വ്യക്തമാക്കിയപ്പോള്‍ 43 ശതമാനം പേര്‍ കുടിയേറ്റക്കാരുടെ സാംസ്‌കാരികമായ സംഭാവനകള്‍ രാജ്യത്തിന് ഗുണം ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചു. സാംസ്‌കാരികവും സാമൂഹികവുമായി രാജ്യത്തിന് സംഭാവന നല്‍കുന്ന കുടിയേറ്റ ജനതയോട് വളരെ പോസിറ്റീവ് മനോഭാവമാണ് എല്ലാവരും സൂക്ഷിക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു.

അതേസമയം ഇംഗ്ലീഷ് എന്ന സ്വത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേഫലം വിപരീത പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍ എന്ന ഏകീകൃത സ്വത്വത്തില്‍ വിഭിന്നമായി ഇംഗ്ലീഷ് എന്ന് സ്വയം അഭിസംഭോദന ചെയ്യുന്നവരാണ് വിപരീത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 43 ശതമാനം പേരും കുടിയേറ്റ ജനത സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നില്ലെന്നും വിപരീത ഫലമാണ് അവരുണ്ടാക്കുന്നതെന്നും പ്രതികരിച്ചു. 32 ശതമാനം പേര്‍ ശതമാനം പേര്‍ കുടിയേറ്റക്കാരുടെ സാംസ്‌കാരികമായ ഇടപെടല്‍ രാജ്യത്തിന് ദോഷമാണെന്നും വാദിക്കുന്നു.
ലണ്ടന്‍: യു.കെയില്‍ പകുതിയിലേറെ മോഷണങ്ങളും നടക്കുന്നത് വീട്ടുകാര്‍ സ്ഥലത്തുള്ളപ്പോഴാണെന്ന് റിപ്പോര്‍ട്ട്. വീടുകളില്‍ ആളുകള്‍ ഉണ്ടായിട്ടും മോഷ്ടാക്കള്‍ വീട് കുത്തിതുറന്ന് മോഷണം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോഷണം പെരുകുന്നതിന് പിന്നാലെ പോലീസിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കുറ്റകൃത്യം തടയിടുന്നതിലും മോഷ്ടാവിന് പിടികൂടുന്നതിലും പോലീസ് ജാഗ്രത കുറവ് കാണിക്കുന്നതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മോഷ്ടാക്കള്‍ വീടിനകത്തുണ്ടെന്ന് പോലീസിനെ അറിയിച്ചു കഴിഞ്ഞാല്‍ അവരെത്താന്‍ ഉണ്ടാകുന്ന താമസം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നു.

പോലീസിന്റെ അനാസ്ഥ മോഷ്ടാക്കള്‍ക്ക് കുറ്റകത്യങ്ങള്‍ തുടരാന്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി ക്യാംപെയ്‌നേഴ്‌സ് കുറ്റപ്പെടുത്തുന്നു. അധികൃതരുടെ ഇത്തരം അനാസ്ഥകളാണ് പ്രധാനമായും രാജ്യത്ത് മോഷണ നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും ക്യാംപെയ്‌നേഴ്‌സ് ചൂണ്ടിക്കാണിച്ചു. പോലീസില്‍ പിടിക്കപ്പെടുമെന്നും നിയമനടപടിക്കിരയാകേണ്ടി വരുമെന്നുള്ള പേടി കുറ്റവാളികള്‍ക്ക് നഷ്ടപ്പെട്ടതായും ക്യാംപെയ്‌നേഴ്‌സ് പറയുന്നു. 58 ശതമാനം മോഷണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വീട്ടുകാര്‍ അകത്തുള്ളപ്പോയാണ്. മോഷണവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസുകള്‍ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് 77കാരിയായ മൗറീന്‍ വെയില്‍ മോഷണം തടയാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ് മരണപ്പെടുന്നത്. ഇതിന് പിന്നാലെ യു.കെയില്‍ നടക്കുന്ന മോഷണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിരുന്നു. വീടിനുള്ളിലേക്ക് അക്രമി അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നതായി മൗറീന്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം കാര്യമായി എടുത്തില്ലെന്നാണ് ആരോപണം. മൗറീന്‍ അയല്‍വീടുകളിലും സമാന മോഷണം ചൊവ്വാഴ്ച്ച നടന്നിരുന്നു. തന്റെ വീടിന് സമീപത്തായി ഗ്യാംഗുകള്‍ വളരുന്നതായി മൗറീന്‍ നേരത്തെ പോലീസിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബ്രെക്‌സിറ്റില്‍ ലഭിച്ച രഹസ്യ നിയമോപദേശം പുറത്തു വിട്ട് പ്രധാനമന്ത്രി തെരേസ മേയ്. കോമണ്‍സില്‍ കഴിഞ്ഞ ദിവസം നേരിട്ട വന്‍ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് അറ്റോര്‍ണി ജനറല്‍ നല്‍കിയ നിയമോപദേശം മേയ് പുറത്തു വിട്ടത്. എന്നാല്‍ ഇതിനും കോമണ്‍സില്‍ കടുത്ത വിമര്‍ശനങ്ങളായിരുന്നു തെരേസ മേയെ കാത്തിരുന്നത്. ഈ നിയമോപദേശം അനുസരിച്ചുള്ള ബ്രെക്‌സിറ്റ് ഡീല്‍ ‘സാമ്പത്തികശാസ്ത്രപരമായ ഭ്രാന്ത്’ എന്നാണ് ഭരണ സഖ്യകക്ഷിയായ ഡിയുപി വിശേഷിപ്പിച്ചത്. പാര്‍ലമെന്റില്‍ ഡിയുപിയുടെ നേതാവായ നിഗല്‍ ഡോഡ്‌സ് ഈ ധാരണയെ നാശകാരിയെന്നാണ് വിശേഷിപ്പിച്ചത്.

അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സ് നല്‍കിയ നിയമോപദേശത്തില്‍ ഐറിഷ് ബോര്‍ഡര്‍ സംബന്ധിച്ചുള്ള നിര്‍ദേശമാണ് അതൃപ്തിക്ക് കാരണമായത്. ഇതനുസരിച്ച് ചില വിഷയങ്ങളില്‍ ബ്രിട്ടനെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മറ്റൊരു രാജ്യമായി പരിഗണിക്കേണ്ടി വരും. ഐറിഷ് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മൂലം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കുള്ള ചരക്കു നീക്കത്തില്‍ പരിശോധനകള്‍ ആവശ്യമായി വരും. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഈ നിയന്ത്രണങ്ങള്‍ തുടരണമെന്നായിരുന്നു മേയ്ക്ക് ലഭിച്ച നിയമോപദേശം. ഇത് അവതരിപ്പിച്ചതോടെ പ്രധാനമന്ത്രി കോമണ്‍സിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു.

വസ്തുതകളെ മറച്ചുവെക്കുകയാണ് ഈ നിയമോപദേശമെന്ന ആരോപണവുമായി എസ്എന്‍പി നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡ് രംഗത്തെത്തി. ഇതേത്തുടര്‍ന്ന് അംഗങ്ങള്‍ പരസ്പരം നുണ പറയുന്നുവെന്ന ആരോപണമുയര്‍ത്തുന്നതിനെതിരെ സ്പീക്കര്‍ രംഗത്തു വരികയും ചെയ്തു. രഹസ്യ രേഖയില്‍ പുതുതായി യാതൊന്നും ഇല്ലെന്നും അന്തിമ ധാരണയിലെത്തിയില്ലെങ്കില്‍ മാത്രമേ നിയന്ത്രണങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീളുകയുള്‌ളുവെന്ന് കോക്‌സും തെരേസ മേയും വ്യക്തമാക്കിയിരുന്നു.
എന്‍എച്ച്എസ് നേരിടുന്നത് അപകടകരമായ ഒരു അവസ്ഥയെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടെന്ന് റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുമൂലം രോഗികളുടെ സുരക്ഷയാണ് അപകടത്തിലാകുന്നത്. എന്‍എച്ച്എസിനു മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യാനും ഇതു മൂലം ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു മൂലം ജീവനക്കാര്‍ക്ക് ട്രെയിനിംഗിലും കെയറിലും അപായകരമായ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരികയാണെന്നും ജിഎംസി വെളിപ്പെടുത്തുന്നു. രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്ന പരിധിയിലാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണം. കൂടുതല്‍ ഡോക്ടര്‍മാര്‍ ജോലിയുപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അതിന്റെ നിരക്ക് വിചാരിക്കുന്നതിലും കൂടുതലാണെന്നും മുന്നറിയിപ്പില്‍ ജിഎംസി വ്യക്തമാക്കുന്നു.

മെഡിക്കല്‍ ട്രെയിനിംഗ്, പ്രാക്ടീസ് എന്നിവയിലുള്ള റിപ്പോര്‍ട്ടിലാണ് ജിഎംസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2600 ഡോക്ടര്‍മാരില്‍ നടത്തിയ ഒരു സര്‍വേയില്‍ അഞ്ചിലൊന്നു പേര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ വിടാന്‍ തയ്യാറെടുക്കുകയാണെന്ന് വെളിപ്പെടുത്തി. വിദേശങ്ങളില്‍ ജോലി തേടാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. അത്രയും തന്നെ ഡോക്ടര്‍മാര്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും അതിലുമേറെപ്പേര്‍ നേരത്തേ റിട്ടയര്‍ ചെയ്യാനൊരുങ്ങുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കരിയറിന്റെ മധ്യത്തില്‍ നില്‍ക്കുന്നവരാണ് നേരത്തേ വിരമിക്കാന്‍ ഒരുങ്ങുന്നത്.

ഈ വിധത്തില്‍ ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും നമുക്കു മുന്നില്‍ സമയമില്ലെന്നും ജിഎംസി ഓര്‍മിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ രോഗങ്ങളും അനുഭവ സമ്പന്നരായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും അപ്രതീക്ഷിതമായുണ്ടായ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലുകളും എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദം ഉയര്‍ത്തിയിട്ടുണ്ട്.
അപൂര്‍വ ജനിതക രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കാനുള്ള ഗവേഷണങ്ങളില്‍ സുപ്രധാന ചുവടുവെച്ച് ശാസ്ത്രലോകം. ജനിതക രോഗങ്ങള്‍ നേരത്തേ തിരിച്ചറിയാനുള്ള സാങ്കേതികതയിലേക്ക നയിക്കുന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കേംബ്രിഡ്ജിലെ ശാസ്ത്രജ്ഞന്‍മാര്‍. ഹെല്‍ത്ത് കെയറില്‍ ലോകത്തെ ഏറ്റവും വലിയ ജീന്‍ സീക്വന്‍സിംഗാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ഈ പരീക്ഷണങ്ങളില്‍ അപൂര്‍വ രോഗമുള്ളവരും അവരുടെ കുടുംബാംഗങ്ങളും ക്യാന്‍സര്‍ രോഗികളും പങ്കെടുത്തു. മനുഷ്യരാശിയെയും സമൂഹത്തെയും മാറ്റിമറിക്കാന്‍ പോന്ന കണ്ടെത്തലാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നതെന്ന് ജീനോമിക്‌സ് ഇംഗ്ലണ്ട് വിശദീകരിക്കുന്നു.

പങ്കെടുത്ത ജനിതക രോഗികളില്‍ നാലിലൊന്നു പേര്‍ക്ക് ആദ്യമായാണ് അവരുടെ രോഗത്തന് ചികിത്സ ലഭിക്കുന്നത്. ഇത്തരം ജനിതക രോഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇത് ഒരു അപൂര്‍വ ജനിതക രോഗമാണെന്ന് മനസിലാക്കാനും അതിന്റെ കാരണങ്ങള്‍ സ്ഥിരീകരിക്കാനും വര്‍ഷങ്ങള്‍ വേണ്ടിവരുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. 100,000 ജീനോം പ്രോജക്ട് എന്ന ഈ പദ്ധതിയിലൂടെ നിരവധി പേരിലെ ജനിതകരോഗങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചു. അതിലൂടെ ഒട്ടേറെപ്പേര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാനും കഴിഞ്ഞു. ദിവസത്തില്‍ ഒട്ടേറെത്തവണ അപസ്മാരം വരികയും നടക്കാനുള്ള ശേഷി പോലും നഷ്ടമാകുകയും ചെയ്ത ടില്ലി എന്ന ആറു വയസുകാരിക്ക് ഈ പ്രോജക്ടിലൂടെ ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിഞ്ഞു. കുട്ടിയുടെ ആരോഗ്യനിലയിലുണ്ടായിരിക്കുന്ന മാറ്റം അതിശയിപ്പിക്കുന്നതാണെന്ന് മാതാവ് ഹന പറഞ്ഞു.

ടില്ലിയുടെ രോഗം നേരത്തേ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവള്‍ക്കുണ്ടായ ഒട്ടേറെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നും ഹന പറഞ്ഞു. 85,000 ആളുകളുടെ മൊത്തം ജനറ്റിക് കോഡുകളാണ് സീക്വന്‍സ് ചെയ്തിരിക്കുന്നത്. അതിനൊപ്പം ക്യാന്‍സര്‍ രോഗികളുടെ ട്യൂമര്‍ ഡിഎന്‍എയും മാപ്പ് ചെയ്തിട്ടുണ്ട്. അതു കൂടി ചേര്‍ത്താല്‍ ആകെ 1000,000 പേരുടെ ജീനോം സീക്വന്‍സ് ചെയ്തിട്ടുണ്ട്. ഡിഎന്‍എയിലെ മാറ്റങ്ങളുമായി അടുത്ത ബന്ധമുള്ളതിനാലാണ് അപൂര്‍വ രോഗമുള്ളവരെയും ക്യാന്‍സര്‍ രോഗികളെയും പ്രോജക്ടിനായി തെരഞ്ഞെടുത്തത്.
ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടി. വിഷയവുമായി ബന്ധപ്പെട്ട് തെരേസ മേയ്ക്ക് മൂന്ന് പരാജയങ്ങളാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നേരിടേണ്ടി വന്നത്. ടോറി അംഗങ്ങള്‍ ഉള്‍പ്പെടെ മേയ്‌ക്കെതിരെ തിരിയുന്ന കാഴ്ചയ്ക്കാണ് കോമണ്‍സ് സാക്ഷ്യം വഹിച്ചത്. ബ്രെക്‌സിറ്റിലെ നിയമോപദേശം പൂര്‍ണ്ണമായി പുറത്തു വിടാത്ത ഗവണ്‍മെന്റ് പാര്‍ലമെന്റിനെ അധിക്ഷേപിക്കുകയാണെന്ന പ്രമേയം എംംപിമാര്‍ പാസാക്കി. ഇതോടെ ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് അഞ്ചു ദിവസം നീളുന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ വൈകി. ഈ പ്രമേയത്തിന്റെ വിജയം സര്‍ക്കാരിന് നാണക്കേടാണെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍ പറഞ്ഞു. സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷവും സഭയോടുള്ള ബഹുമാനവും നഷ്ടമായെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും സ്റ്റാമര്‍ വ്യക്തമാക്കി.

പാര്‍ലമെന്റിനെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാമെന്നും വിഷയത്തില്‍ സൂക്ഷ്മപരിശോധന ഒഴിവാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പിനെതിരെ പാര്‍ലമെന്റ് വോട്ട് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കു മുമ്പിലാണ് ഇത് ഇപ്പോളുള്ളത്. മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ധാരണയ്ക്ക് ശേഷമായിരിക്കും ഇത് പരിഗണിക്കുക. ഡൊമിനിക് ഗ്രീവ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അവതരിപ്പിച്ച ഒരു ഭേദഗതിയാണ് പ്രധാനമന്ത്രിക്കേറ്റ മൂന്നാമത്തെ തിരിച്ചടി. ഈ നീക്കത്തിന് എല്ലാ പാര്‍ട്ടികളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. ധാരണ വോട്ടിനിട്ട് പരാജയപ്പെട്ടാല്‍ പാര്‍ലമെന്റിന് നിയന്ത്രണാധികാരം ലഭിക്കുന്നതിനുള്ള ഭേദഗതിയാണ് പാസായത്.

ഒരു സോഫ്റ്റ് ബ്രെക്‌സിറ്റ് അല്ലെങ്കില്‍ മേയുടെ ധാരണയില്‍ ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്ന എംപിമാര്‍ ഈ നീക്കത്തിന് പിന്തുണ നല്‍കി. പകരം സംവിധാനങ്ങള്‍ നിര്‍ദേശിക്കപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ പിന്തുണയുണ്ടാകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. 26 ടോറി റിബലുകളും ടോറി സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും ഗ്രീവിന്റെ ഭേദഗതിക്ക് പിന്തുണ നല്‍കി.
കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് കുറഞ്ഞ ഗ്രേഡുകള്‍ ലഭിക്കാന്‍ കാരണം വംശീയാതിക്രമങ്ങള്‍ ആകാമെന്ന് വെളിപ്പെടുത്തല്‍. ഇക്വാളിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യൂണിവേഴ്‌സിറ്റികളിലുണ്ടാകുന്ന വംശീയാധിക്ഷേപങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ബ്ലാക്ക്, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്ന് മുമ്പുള്ളതിലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റികളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും വെളുത്ത വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളേക്കാള്‍ കുറഞ്ഞ ഗ്രേഡുകളാണ് കരസ്ഥമാക്കുന്നത്. ബ്ലാക്ക് വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നതിന്റെ നിരക്കും കൂടുതലാണ്.

ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രാപ്തിയില്ലെന്നും യൂണിവേഴ്‌സിറ്റികള്‍ തങ്ങളെപ്പോലുള്ളവര്‍ക്കുള്ളതല്ലെന്നുമുള്ള തോന്നലാണ് പ്രധാനമായും ബ്ലാക്ക്, വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ഇഎച്ച്ആര്‍സി പറയുന്നു. ക്യാംപസുകളില്‍ വംശീയാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി അധ്യാപകരും വിദ്യാര്‍ത്ഥികളും ആശങ്കകള്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലെ കറുത്തവരും ന്യൂനപക്ഷക്കാരുമായ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് ഇഎച്ച്ആര്‍സി വിലയിരുത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സംഭവങ്ങള്‍ മാത്രമാണ് പുറത്തു വരുന്നത്. അല്ലാത്തവ യൂണിവേഴ്‌സിറ്റികള്‍ മറച്ചു വെക്കുകയാണെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു. നോട്ടിംഗ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ഒരു ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ശിക്ഷിക്കപ്പെട്ടത് ഈ വര്‍ഷം ആദ്യമാണ്. ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നടപടിയുണ്ടായത്.